Wednesday, 23 August 2017


കവിതയിലെ ക്ഷുഭിതയൗവനത്തിന് 60 വയസ്

ചുള്ളിക്കാടും എന്നിലെ ആരാധകനും

പത്തൊന്‍പത്-ഇരുപത് വയസ്സുള്ളപ്പോള്‍ കവിതയെഴുത്തും വായനയും തലയ്ക്കുപിടിച്ച പട്ടാമ്പി കോളേജിലെ ഡിഗ്രി പഠനകാലത്താണ് കോളേജ് ലൈബ്രറിയില്‍നിന്ന് ആ പുസ്തകം എന്റെ കൈയ്യിലെത്തുന്നത്. ചിദംബരസ്മരണ! എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അന്നുവരെ കേട്ടുപരിചയിച്ച കവിയുടെ ജീവിതം പുസ്തകത്തിലൂടെ വായിച്ചറിയുന്നു. കവി വീടുവിട്ടിറങ്ങുന്നതും അലയുന്നതും ചെന്നെത്തുന്നിടം വാസവും കിട്ടുന്നത് ഭക്ഷണവുമെന്ന പതിവും അതിന്റെ സ്വാഭാവിക പരിണതിയെന്നോണം ഉരുത്തിരിയുന്ന കവിതകളും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതവും തീക്ഷ്ണതയുമറിഞ്ഞ് ഒരെഴുത്തുകാരനോട് ആദ്യാരാധന തോന്നുന്നു.
അതില്‍പ്പിന്നെ കോളേജിലെയും നാട്ടിലെയും ലൈബ്രറികളില്‍ തേടിയതും വായന ശീലമാക്കിയ അടുപ്പക്കാരോട് അന്വേഷിച്ചതുമെല്ലാം ചുള്ളിക്കാടിന്റെ കവിതകളായിരുന്നു. അങ്ങനെ 18 കവിതകളും ഗസലും അമാവാസിയും മാനസാന്തരവുമെല്ലാം കൈയ്യില്‍ത്തടഞ്ഞു. അതുകൊണ്ടൊന്നും മതിയായില്ല. ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകളുടെ സമ്പൂര്‍ണസമാഹാരം പട്ടാമ്പി കോളേജിലെ എച്ച്.കെ.സന്തോഷ് സാറില്‍നിന്ന് വായിക്കാന്‍ കിട്ടിയപ്പോള്‍ സ്വന്തം കണ്ണിലുണ്ടായ തിളക്കം അതു കാണാതെ തന്നെ എനിക്കറിയാനായി. ഒരു രാത്രിയും പിറ്റേന്നു പകലും പുസ്തകം കൈയ്യിലുണ്ടായിരുന്നു. അതിലെ എഴുപത്തൊമ്പത് കവിതകളും ആമുഖക്കുറിപ്പുമെല്ലാം പലയാവര്‍ത്തി വായിച്ചു. അടുപ്പം തോന്നിയ വരികളെല്ലാം എഴുതിവച്ചു. പല കവിതകളും കാണാപ്പാഠമാക്കി.

ആയിടയ്ക്കാണ് എന്നിലെ കവി മരിച്ചുവെന്നും ഞാന്‍ ഇനി കവിതയെഴുതുന്നില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഖ്യാപിച്ചത്. ചുള്ളിക്കാടിന്റെ കവറോടുകൂടി കവിത നിലച്ച വാചകവുമെഴുതി അന്നത്തെ ആനുകാലികങ്ങള്‍ പുറത്തിറങ്ങി. എന്തേ കവി ഇനിയുമെഴുതാത്തതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. പിന്നെ ആലോചിച്ചപ്പോള്‍ മനസ്സിലായി. എന്തിന് കൂടുതല്‍ എഴുതുന്നു! എന്നെന്നേക്കുമുള്ളതാണ് കവി നാലഞ്ച് പുസ്തകങ്ങളിലായി എഴുതിവച്ചിട്ടുള്ളത്. അതെ, അതുമതി. അതിനു മരണമില്ല. കവിതകളുടെ തുടര്‍വായനകളില്‍ കൂടുതല്‍ ആഴവും പരപ്പും കണ്ടെത്തി ചങ്ങമ്പുഴയ്ക്കുശേഷം മലയാളം ഏറ്റവുമധികം ആഘോഷിച്ച കവിയെ എന്റെ കലാലയകാലത്തില്‍ ഞാനുമെന്റെ സഹവായനാതത്പരരും വീണ്ടുമാഘോഷിച്ചു.

'ആദ്യാനുരാഗ പരവശനായി ഞാന്‍/
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍/
ചുറ്റുമിരിക്കും സഖികളെ കാണിച്ചു/
പൊട്ടിച്ചിരിച്ചു രസിച്ച പെണ്‍കുട്ടിയെ'/
-ഓര്‍മകളുടെ ഓണം എന്ന കവിതയിലെ ഈ വരികളാണ് ഞാനും അന്നത്തെയും എന്നത്തെയുമെന്റെ പ്രിയ കൂട്ടുകാരന്‍ കെ.സി.വിപിനും ചേര്‍ന്ന് ആദ്യം മുഖാമുഖമിരുന്നു ചൊല്ലിയത്. പിന്നെ ആനന്ദധാരയും, എവിടെ ജോണും, സന്ദര്‍ശനവും, പിറക്കാത്ത മകനും, സഹശയനവും, താതവാക്യവും, പലതരം കവികളും, അമാവാസിയുമെല്ലാം മലയാള വിഭാഗത്തിലെ ഇടനാഴികളിലും കലാലയമുറ്റത്തെ മരച്ചുവടുകളിലും ഒരുമിച്ചിരുന്നുള്ള ബസ് യാത്രകളിലും നിളയുടെ രാത്രിനിലാമണലിലും ഞങ്ങള്‍ക്കൊപ്പം കൂടി. കവിതയെഴുതുകയും കവിയാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ക്കുമുന്നില്‍ ചുള്ളിക്കാട് വല്ലാത്തൊരുയര്‍ച്ചയിലങ്ങനെ ബിംബമായി നിലകൊണ്ടു.

വീട്ടില്‍നിന്ന് തനിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട് ആലുവയിലെയും ഇടപ്പള്ളിയിലെയും പറവൂരിലെയും എറണാകുളത്തെയും തെരുവുകളിലൂടെ നടക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചുള്ളിക്കാടിനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം നടന്ന തെരുവുകളിലൂടെയാണല്ലോ നടക്കുന്നതെന്നോര്‍ത്ത് അന്നത്തെ ഞാന്‍ അഭിമാനം കൊണ്ടു. അതെല്ലാം ഡയറിയില്‍ കുറിച്ചിട്ട് ആവര്‍ത്തിച്ചെടുത്തുവായിക്കുന്നത് ഇഷ്ടപ്രവൃത്തിയായി കണ്ടുപോന്നു.
കഴിഞ്ഞ നാല്‍പ്പതാണ്ടിനിടെ മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ യൗവനാരംഭത്തിലുള്ള ഏതൊരാളും ചുള്ളിക്കാടിന്റെ കവിതയിലെ സമ്പന്ന ബിംബാവലിയിലൂടെയും തീക്ഷ്ണ പദസ്വീകരണങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഉരുകിയൊലിച്ച ലാവപോലെ പൊള്ളുന്ന ആ ഭാഷയില്‍ കൈ നനയാതെ ഒരാള്‍ അക്ഷരമെഴുതുന്നതെങ്ങനെ! ഇന്നും കലാലയത്തിലെ ഒരു തുടക്കക്കാരന്‍ കവി ചുള്ളിക്കാടിനെ വായിച്ച് ഉള്‍ത്തീക്ഷ്ണത അനുഭവിക്കുന്നുണ്ടാകണം. ചുള്ളിക്കാടിന്റെ കവിതയിലെ ഈ യുവത്വം കാരണമായിരിക്കണം കവിയുടെ പ്രായം അറുപതിലെത്തിയിട്ടും നമുക്കത് ഉള്‍ക്കൊള്ളാനാകാത്തത്. പതിനെട്ടുമുതല്‍ മുപ്പതു വയസ്സുവരെയുള്ള പ്രായത്തിലാണ് ചുള്ളിക്കാട് ഏറ്റവുമധികം കവിതകളെഴുതിയത്. അതിനുശേഷം എഴുത്തു കുറയുകയും പിന്നീട് ദീര്‍ഘകാലം എഴുതാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ അത്യപൂര്‍വമായി ആനുകാലികങ്ങളില്‍ വരുന്ന ചുള്ളിക്കാടിന്റെ കവിതകളില്‍പോലും മുപ്പതാണ്ടുമുമ്പ് ഉപയോഗിച്ച, അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന ബിംബകല്‍പനകളും വാക്പ്രയോഗങ്ങളും കടന്നുവരുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. എഴുതാതിരിക്കുമ്പോഴും അദ്ദേഹത്തിന്റെയുള്ളിലെ തിരയനക്കം പിന്‍വലിഞ്ഞിട്ടുണ്ടാകില്ല. മണല്‍ത്തരിയിലുറങ്ങുന്ന കടല്‍പോലെ ആവാഹിച്ചുവച്ചിട്ടുള്ള കവിതയുടെ മുഴക്കം തന്നെയാണ് ഇടയ്ക്കിടെ കവിയില്‍ നിന്നുണ്ടാകുന്നത്.

കലാലയം വിട്ട് മലയാള അധ്യാപകനായപ്പൊഴും ചുള്ളിക്കാട് പിടിവിട്ടിരുന്നില്ല. അന്നു സിലബസില്‍ അമൃതവും മനുഷ്യന്റെ കൈകളും പഠിപ്പിക്കാന്‍ കിട്ടിയപ്പോള്‍ നേരത്തെ ലൈബ്രറിയില്‍നിന്ന് ചുള്ളിക്കാടിന്റെ പുസ്തകങ്ങള്‍ ആദ്യമായി വായിക്കാന്‍ കൈയ്യില്‍ത്തടഞ്ഞ സന്തോഷം തന്നെ വീണ്ടും അനുഭവിച്ചു. യു.പി. ക്ലാസിലെയും ഹൈസ്‌കൂളിലെയും കുട്ടികള്‍ക്ക് ആവശ്യമില്ലെങ്കില്‍പ്പോലും ചുള്ളിക്കാടിനെപ്പറ്റിയും അദ്ദേഹത്തിന്റെ മറ്റു കവിതകളെയും പറ്റി ഞാന്‍ ക്ലാസില്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവര്‍ അതെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ! യാതൊരുറപ്പുമില്ല. എങ്കിലും വലിയൊരു സദസ്സിലെ കേവലം ഒരാളിലെങ്കിലും ഞാന്‍ പ്രതീക്ഷ കാത്തുവയ്ക്കുന്നു.
വായനയുടെ തുടര്‍കാലങ്ങളില്‍ ഇഷ്ടകവിപ്പട്ടികയുടെ മുന്‍പന്തിയില്‍ വൈലോപ്പിള്ളിയും ഇടശ്ശേരിയും ആറ്റൂരും കെ.ജി.എസും സച്ചിദാനന്ദനും ഇടം തേടിയപ്പൊഴും ആദ്യാരാധന തോന്നിയ കവിയോടുള്ള അടുപ്പത്തില്‍ കുറവുണ്ടായില്ല.
കവി നടനാവുകയും വാര്‍പ്പുമാതൃകയില്‍ അഭിനയിച്ച് പരാജയപ്പെടുന്നതും കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ അഭിനയം തനിക്ക് അത്രമേല്‍ വഴങ്ങുന്ന കലയല്ലെന്നും അതു ജീവനോപാധി മാത്രമാണെന്നും ചുള്ളിക്കാട് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തി അദ്ദേഹം ഒന്നുകൂടി പറഞ്ഞിട്ടുണ്ട്; കവിതയെഴുതിയിരുന്ന കാലം കവി ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് ആരും അന്വേഷിച്ചിട്ടില്ല. എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയശേഷം തനിക്ക് കൃത്യമായി കൂലി കിട്ടുന്നുണ്ട്. അല്ലലില്ലാതെ ജീവിക്കാന്‍ പറ്റുന്നുണ്ടെന്ന്. അത് ഒരു വലിയ ശരിയും സത്യവുമാണെന്നിരിക്കെ നമ്മുടെ കേവല ആവലാതിക്ക് അവിടെ ഇടമില്ല. എങ്കിലും എനിക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് അസാധ്യമായ കവിതകളെഴുതിയ കവിയാണ്; നടനല്ല.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഒരു സാഹിത്യ പരിപാടിയുടെ വേദിയിലാണ് ചുള്ളിക്കാടിനെ ആദ്യമായി നേരില്‍ കാണുന്നത്. ആരാധനകൊണ്ട് ഒന്നും മിണ്ടാനാകാതെ സദസ്സിലൊരാളായിത്തന്നെ ഇരുന്നു. കവി പ്രസംഗിക്കാനെത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നു. ആ ശബ്ദം മുഴങ്ങിയപ്പോള്‍ കാതു കൂര്‍പ്പിച്ച് ഒരു വാക്കുപോലും പുറത്തുപോകല്ലേ എന്നുറപ്പിച്ച് ഞാന്‍ അദ്ദേഹത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രസംഗം കഴിഞ്ഞ് പലരും അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഓട്ടോഗ്രാഫ് വാങ്ങുന്നുണ്ട്. ഞാനതെല്ലാം കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. സാഹിത്യസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത സെഷന്‍ കഴിഞ്ഞു. കവി മടങ്ങി. സദസ്സ് പിരിഞ്ഞു. ഞാനുമിറങ്ങി.
പിന്നീട് തിരുവനന്തപുരത്ത് കനകക്കുന്നില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കുറേക്കൂടി അടുത്തുകണ്ടു കവിയെ. അപ്പോഴേക്കും സിനിമയിലൊക്കെ അഭിനയിച്ച് കവി ഒരു നടന്റെ ഗ്ലാമറോടെ കുറേക്കൂടെ ചുവന്നു വെളുത്തിരുന്നു. അദ്ദേഹം മാറിനിന്ന് ഫോണില്‍ സംസാരിക്കുകയാണ്. സംസാരിച്ചുതീരുന്നതുവരെ നോക്കിനിന്നു. ഇത്തവണയും മിണ്ടിയില്ല. പിന്നീട് നാലോ അഞ്ചോ തവണ പല ചടങ്ങുകളിലും അദ്ദേഹത്തെ കണ്ടു. ഇതുവരെയും മിണ്ടിയിട്ടില്ല. അദ്ദേഹത്തെ കാണുമ്പോള്‍ എന്റെ കാലുകള്‍ മുന്നോട്ടു ചലിക്കാത്തതിന്റെ കാരണമെന്താണെന്നാണ് എനിക്കിപ്പൊഴുമറിയാത്തത്.


സ്ത്രീശബ്ദം, സെപ്തംബര്‍ 2017

Monday, 14 August 2017

മനം കവര്‍ന്ന് നിറങ്ങളുടെ രാജകുമാരന്‍

നിറങ്ങളുടെ രാജകുമാരന് മലയാള സിനിമ നല്‍കുന്ന അംഗീകാരമാണ് ക്ലിന്റ് എന്ന ഹരികുമാര്‍ ചിത്രം. ഈ സിനിമയോടെ ക്ലിന്റിനെ ലോകം കൂടുതല്‍ അടുത്തറിയും. കൂടുതല്‍ സ്‌നേഹിക്കും. ചെറിയൊരു നോവായി ക്ലിന്റ് കാഴ്ചക്കാരനില്‍ അവശേഷിക്കും. 
ബയോഗ്രഫി എന്ന തോന്നല്‍ ഉണ്ടാക്കാതെ പൂര്‍ണമായും പുതിയൊരു സിനിമ കാണുന്ന തരത്തില്‍ ക്ലിന്റ് ആസ്വദിക്കാനാകും. വരകളിലും എഴുത്തുകളിലുമായി ജീവിച്ചിരുന്ന ക്ലിന്റിന് മൂവി ക്യാമറ നല്‍കുന്നത് ഒരു പുതുജന്മമാണ്. 
കാഴ്ചക്കാരോട് പൂര്‍ണമായി സംവദിക്കുന്ന തരത്തിലാണ് ഹരികുമാര്‍ ക്ലിന്റ് ഒരുക്കിയിരിക്കുന്നത്. ക്ലിന്റ് ആരായിരുന്നു എന്ന സ്വതന്ത്രാന്വേഷണമാണ് സംവിധായകന്‍ നടത്തുന്നത്. ക്ലിന്റിന്റെ ജീവിതം അടുത്തറിഞ്ഞ് സംവിധായകന്‍ അതിന് പുതിയ മാനം നല്‍കുമ്പോള്‍ ചിത്രത്തെ ബയോഗ്രഫി എന്ന തരത്തില്‍ ഒതുക്കിനിര്‍ത്താനാവില്ല. സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ബയോഗ്രഫി സിനിമകള്‍ നല്‍കിയ പുതുമയും ജനപ്രിയതയും ക്ലിന്റിനും നിലനിര്‍ത്താനാകുന്നുണ്ട്.
ക്ലിന്റിന്റെ ജീവിതത്തിലെ അവസാനത്തെ ഒന്നര വര്‍ഷക്കാലമാണ് സിനിമയില്‍ കടന്നുവരുന്നത്. ആറുമാസം പ്രായമുള്ളപ്പോള്‍ ആദ്യമായി കമിഴ്ന്നുകിടന്ന സമയത്ത് കരിക്കട്ട കൊണ്ട് ഒരു പൂര്‍ണവൃത്തം നിലത്തു വരച്ചുകൊണ്ടായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ് ചിത്രങ്ങളുടെ ലോകത്തേക്കുവന്നത്. പിന്നീട് ജീവിച്ച ഏഴുവര്‍ഷത്തില്‍ ആ ബാലന്‍ വരകൊണ്ടും വാക്കുകൊണ്ടും ലോകത്തിന് അത്ഭുതമായി മാറി. 1976 മെയ് 19നാണ് എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി എറണാകുളത്ത് ക്ലിന്റ് ജനിച്ചത്. ചുറ്റുപാടില്‍നിന്ന് കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങളെല്ലാം അവന്‍ വരച്ചു. പുതിയ കഥകള്‍ കേള്‍ക്കാനും കാഴ്ചകള്‍ കാണാനും എന്നും അവനില്‍ കൗതുകമുണ്ടായിരുന്നു. ചെറിയ വിരലുകളിലെ വലിയ വരകള്‍ പെട്ടെന്നുതന്നെ ലോകം തിരിച്ചറിഞ്ഞു. അംഗീകാരങ്ങളുടെ ലോകത്തുനിന്ന് വെറും 2541 ദിവസം മാത്രം ജീവിച്ച് 25000ലേറെ ചിത്രങ്ങള്‍ വരച്ച് 1983 ഏപ്രില്‍ 15ന് ക്ലിന്റ് യാത്രപറഞ്ഞു. 'ഈ ലോകത്ത് എന്തുമാത്രം നിറങ്ങളാ, ഇവിടെനിന്നുപോയാല്‍ ഇതൊന്നും കാണാനാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാ..' എന്ന് ക്ലിന്റ് അമ്മയോട് സങ്കടപ്പെടുന്നുണ്ട്. 
ചുരുങ്ങിയ ജീവിതകാലം കൊണ്ട് അത്ഭുതം തീര്‍ത്ത ക്ലിന്റെന്ന പ്രതിഭയുടെ ജീവിതം എക്കാലത്തേക്കുമുള്ള ഒരു പാഠപുസ്തകമാണ്. ആ പുസ്തകത്തിലേക്കു സഞ്ചരിക്കാനുള്ള അവസരമാണ് ഹരികുമാര്‍ നല്‍കുന്നത്. വരകളിലൂടെയും എഴുത്തിലൂടെയും മാത്രമറിഞ്ഞ ക്ലിന്റിന്റെ ജീവിതം സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയിലൂടെ ഇനിയാണ് ലോകം കൂടുതല്‍ അറിയാന്‍ പോകുന്നതെന്ന് നിസ്സംശയം പറയാം. ഹരികുമാറും കെ.വി.മോഹന്‍കുമാറും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുള്ളത്. ക്ലിന്റിന്റെ ജീവിതത്തിലെ കൗതുകങ്ങളും കുസൃതികളും എഴുത്തില്‍ കൗശലപൂര്‍വം കൊണ്ടുവരാന്‍ ഇവര്‍ക്കായി. 
മധു അമ്പാട്ടിന്റെ ക്യാമറ സിനിമയ്ക്കു നല്‍കുന്ന മിഴിവ് വലുതാണ്. ഒരു ചിത്രകാരന്റെ ജീവിതം പശ്ചാത്തലമാകുന്ന സിനിമയുടെ ഫ്രെയിമുകള്‍ ഒരു മികച്ച ഛായാഗ്രാഹകനുമാത്രം കഴിയാവുന്ന കാഴ്ചയിലൂടെ പ്രേക്ഷകനു പകര്‍ന്നുനല്‍കാന്‍ അമ്പാട്ടിനാകുന്നുണ്ട്. പ്രഭാവര്‍മയുടെ വരികളും ഇളയരാജയുടെ സംഗീതവും മികച്ചതായി.
അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും സിനിമ മികച്ചുനില്‍ക്കുന്നു. ഇതില്‍ ഏറ്റവും ഗംഭീരമെന്ന് പറയാവുന്നത് ക്ലിന്റിനെ അവതരിപ്പിച്ച മാസ്റ്റര്‍ അലോക് തന്നെയാണ്. അസാധ്യമായ മികവോടെ ക്ലിന്റിനെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ആവാഹിച്ച അലോക് ഭാവിയുടെ മുതല്‍ക്കൂട്ടാണ്. ഒരു സാധാരണ കുട്ടിയല്ലാതിരുന്ന ക്ലിന്റിനെ അവതരിപ്പിച്ചു ഫലിപ്പിക്കുകയെന്ന വെല്ലുവിളി സ്വാഭാവികമായ അഭിനയമികവുകൊണ്ടാണ് അലോക് മറികടക്കുന്നത്.
ക്ലിന്റിന്റെ അച്ഛന്റെയും അമ്മയുടെയും വേഷങ്ങളവതരിപ്പിച്ച ഉണ്ണി മുകുന്ദന്റെയും റീമാ കല്ലിങ്ങലിന്റെയും പ്രകടനമികവും എടുത്തുപറയണം. സ്ഥിരം അഭിനയിക്കുന്ന വേഷങ്ങളെക്കാള്‍ പ്രായത്തിലും പ്രകടനത്തിലും മിതത്വം പാലിക്കേണ്ട കഥാപാത്രങ്ങള്‍ ഇരുവരുടെയും കൈകളില്‍ സുരക്ഷിതമായിരുന്നു. വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സലിംകുമാര്‍, കെ.പി.എ.സി.ലളിത തുടങ്ങി മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണംചെയ്യുന്നുണ്ട്.

ചിത്രഭൂമി, 2017 ആഗസ്റ്റ് 12

Saturday, 22 July 2017

ഒത്തിരി വെട്ടവുമായി മിന്നാമിനുങ്ങ്

മറ്റുള്ളവര്‍ക്ക് വഴിയും വെട്ടവുമേകാന്‍ സ്വയം എരിഞ്ഞുജീവിക്കുന്ന സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമയാണ് മിന്നാമിനുങ്ങ്. ജീവിതപ്രാരാബ്ധങ്ങളില്‍ നട്ടംതിരിയുമ്പോഴും അവള്‍ മറ്റുള്ളവരുടെ അത്താണിയും പ്രതീക്ഷയുമാണ്. അവള്‍ ആരെയും നിരാശരാക്കുന്നുമില്ല. ഉദാത്തമായ മാതൃത്വത്തിന്റെയും പൊള്ളുന്ന ജീവിതാവസ്ഥകളുടെയും നേര്‍ക്കാഴ്ചയാണ് അനില്‍ തോമസിന്റെ മിന്നാമിനുങ്ങ്. ഒരു പൂര്‍ണ സ്ത്രീകേന്ദ്രീകൃത സിനിമയെന്ന് മിന്നാമിനുങ്ങിനെ വിശേഷിപ്പിക്കാം.
അവാര്‍ഡിനര്‍ഹമായ സിനിമ എന്ന തരത്തില്‍ മിന്നാമിനുങ്ങിനെ വിവേചിച്ചുകാണേണ്ടതില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ ഒട്ടും വിരസതയില്ലാതെയാണ് അനില്‍തോമസ് ചിത്രം ഒരുക്കിയിട്ടുള്ളത്. മനുഷ്യരുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ വിഷയമാക്കുമ്പോള്‍ തന്നെ ജീവിക്കുന്ന കാലത്തോടു നീതിപുലര്‍ത്തിയുള്ള ആവിഷ്‌കരണമാണ് ചിത്രത്തിന്റേത്. മനോജ് രാംസിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. നാടകീയതയില്ലാതെ ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് സംഭാഷണങ്ങള്‍. തിരുവനന്തപുരത്തിന്റെ ഗ്രാമവും നഗരവുമാണ് പശ്ചാത്തലമാകുന്നത്.

ദിവസജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന ഒട്ടേറെ മനുഷ്യര്‍ ചുറ്റിലുമുണ്ട്. അവരുടെ നിറമില്ലാത്ത ജീവിതവും അതേസമയം അവര്‍ക്കുചുറ്റിലുമുള്ള നിറമുള്ള മറ്റൊരു ലോകവും മിന്നാമിനുങ്ങിലൂണ്ട്. രണ്ടു തലമുറയുടെ ജീവിതാന്തരവും അനുഭവങ്ങളുടെ വ്യത്യാസവും സിനിമയില്‍ കടന്നുവരുന്നു. എത്ര കഷ്ടപ്പെട്ടും ആശ്രയിക്കുന്നവര്‍ക്ക് തുണയാകുന്നവരും എന്തു ചെയ്തിട്ടായാലും സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു തലമുറയെയും ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

സുരഭി ലക്ഷ്മിയുടെ പ്രകടനമാണ് ഈ സിനിമയുടെ മുതല്‍ക്കൂട്ട്. ഒരു സാധാരണ സിനിമയിലെ അസാധാരണമായ പ്രകടനം എന്ന് സുരഭിയുടെ പ്രകടനത്തെ വിലയിരുത്താനാകും. കുടുംബം നോക്കാനും മകളെ പഠിപ്പിക്കാനും അച്ഛനെ ശുശ്രൂഷിക്കാനും പെടാപ്പാടുപെടുന്ന സാധാരണക്കാരിയുടെ  പ്രതിനിധിയാണ് സുരഭിയുടെ കഥാപാത്രം. ശാരദയുള്‍പ്പടെയുള്ള പഴയകാല നടിമാര്‍ ഒട്ടേറെത്തവണ ചെയ്തിട്ടുള്ള ഈ മാതൃകയിലുള്ള കഥാപാത്രം പുതിയകാലത്തെ ഒരു നടി എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്നതിലാണ് പുതുമ. നാടകീയതയ്‌ക്കോ അമിതാഭിനയത്തിനോ സാധ്യതയുണ്ടാകുമായിരുന്ന കഥാപാത്രത്തെ അസാധാരണമായ കൈയ്യടക്കം കൊണ്ടാണ് സുരഭി മറികടക്കുന്നത്. ജീവിതപ്രശ്‌നങ്ങളോട് നിരന്തരം ഇടപെടേണ്ടിവരുന്ന ഒരു സാധാരണ വീട്ടമ്മയെ സുരഭി ശരീരംകൊണ്ടും ശബ്ദംകൊണ്ടും ഭാവങ്ങള്‍കൊണ്ടും മികവുറ്റതാക്കി. പ്രത്യേകിച്ചും സിനിമയിലെ ക്ലൈമാക്‌സ് സീനുകളിലും പ്രേംപ്രകാശുമൊത്തുള്ള കോമ്പോ സീനുകളിലും. ദേശീയ പുരസ്‌കാരം തീര്‍ത്തും അര്‍ഹമായ അംഗീകാരമായിരുന്നുവെന്ന് സുരഭി ഓരോ കാഴ്ചക്കാരനെക്കൊണ്ടും പറയിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രേംപ്രകാശും കൃഷ്ണന്‍ ബാലകൃഷ്ണനുമാണ് ശ്രദ്ധേയപ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങള്‍. പ്രേംപ്രകാശ് തഴക്കമുള്ള അഭിനേതാവ് നടത്തുന്ന പ്രകടനം അനായാസം ആവര്‍ത്തിച്ചെങ്കില്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ തനിക്ക് ലഭിക്കുന്ന ചെറിയ കഥാപാത്രങ്ങളില്‍ പോലും വരുത്താറുള്ള പരിപൂര്‍ണത മിന്നാമിനുങ്ങിലെ പ്രഭുവിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്. സുരഭിയുടെ മകളുടെ വേഷം ചെയ്ത റബേക്ക സന്തോഷിന്റെ പ്രകടനവും മികച്ചതായി.
പശ്ചാത്തലസംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഔസേപ്പച്ചന്റെ അനുഭവപരിചയം മിന്നാമിനുങ്ങിന് ഗുണംചെയ്യുന്നുണ്ട്. എന്‍.ഹരികുമാറിന്റെ ശബ്ദമിശ്രണവും കെ.ശ്രീനിവാസിന്റെ എഡിറ്റിങ്ങും സുനില്‍ പ്രേമിന്റെ ക്യാമറയും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റു മികവുകളാണ്.

ചിത്രഭൂമി, ജൂലൈ 22, 2017

Thursday, 13 July 2017



ഫഹദ് ഫാസില്‍ ആഘോഷചിത്രത്തിന്റെ ഭാഗമാകുമ്പോള്‍

ഫഹദ് ഫാസിലിനെ ഒരു നടന്‍ മാത്രമായാണ് മലയാളി പ്രേക്ഷകര്‍ കണ്ടുപോരുന്നത്. മികവുറ്റ അഭിനയേശഷികൊണ്ട് ആസ്വാദകരുടെ ഈ അഭിപ്രായത്തെ ഫഹദ് സാധൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായ ഒരു പ്രധാന നടനെ സംബന്ധിച്ചിടത്തോളം സിനിമകളുടെ വാണിജ്യവിജയം വളരെ പ്രധാനമാണ്. മിക്ക നടന്മാരും ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തി പരിപാലിച്ചുപോരുന്നതും അതുകൊണ്ടുതന്നെ. ഫാന്‍സ് പിന്തുണകൊണ്ടുമാത്രമാണ് പലപ്പൊഴും ശരാശരി നിലവാരത്തിലുള്ള സിനിമകള്‍ തീയേറ്ററില്‍ വലിയ വിജയം നേടുന്നത്. ഈ രീതിയിലുള്ള വിജയക്കണക്ക് മിക്ക നടന്മാര്‍ക്കും പറയാനുണ്ടാകും. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഇത്തരത്തില്‍ നടന്മാരുടെ ഫാന്‍സ് വിജയിപ്പിച്ച ചിത്രങ്ങള്‍ ഏറെയാണ്. സിനിമയുടെ റിലീസ് നാളുകളില്‍ ഇവര്‍ ഉണ്ടാക്കുന്ന വ്യാജ അഭിപ്രായങ്ങളിലും തരക്കേടില്ലാത്തതിനെ വളരെ മികച്ചതെന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളിലും പ്രേക്ഷകര്‍ വീണുപോകുന്നതും സാധാരണം. മുഖ്യധാരാ കച്ചവട സിനിമാരംഗം കാലാകാലങ്ങളായി ശീലിച്ചുപോരുന്ന സ്വഭാവമാണിത്. 



മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഈ താരാധിപത്യത്തിലും താരാരാധന സംഘത്തിലും അഭിരമിക്കാത്തയാളാണ്. അതയാള്‍ പലപ്പൊഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. നല്ല സിനിമകള്‍ കാണാന്‍ ആളുകളെത്തും എന്ന ഒരു വിശ്വാസം തന്നെയാണ് ഈ പറച്ചിലിനുപിന്നില്‍. ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകള്‍ ഫഹദ് ഏറ്റെടുക്കാറുമില്ല. അതിനുപുറത്തെ ഒരു ആരാധകവൃന്ദമാണ് ഫഹദിനു സ്വന്തമായുള്ളത്. ഇത് നടനെന്ന തരത്തില്‍ വിജയവും വാണിജ്യസിനിമയിലെ താരമെന്ന രീതിയില്‍ അയാളുടെ പരാജയവുമാണ്. കോടിക്ലബ്ബുകളുടെ കണക്കില്‍ ഒരിക്കലും നമുക്ക് ഫഹദിനെ കാണാനാകില്ല. ഇടക്കാലത്ത് ഇതയാള്‍ക്ക് വലിയ തിരിച്ചടിയാകുകയും ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്തിരിക്കേണ്ട ഘട്ടം വരെയെത്തുകയുംചെയ്തു. ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം'എന്ന ചിത്രമാണ് ഈ അവസ്ഥയില്‍നിന്ന് ഫഹദിനെ രക്ഷിച്ചത്. മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ് എന്നിങ്ങനെ ഫഹദിലെ നടനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളില്‍നിന്ന് അത്രയൊന്നും അഭിനയിക്കാനില്ലാത്ത ആഘോഷ മൂഡിലുള്ള ഒരു ഉത്സവകാല ചിത്രത്തിലേക്ക് ഫാന്‍സ് മേളങ്ങളുടെയോ സചിത്ര താര ഫഌക്‌സ് ബോര്‍ഡ് ബഹളങ്ങളുടെയോ പിന്തുണയില്ലാത്ത ഒരു നടന്‍ എത്തുമ്പോള്‍ ആ സിനിമ എങ്ങനെ ഏറ്റെടുക്കപ്പെടുമെന്നതിലാണ് പ്രസക്തി.

ആഘോഷസിനിമകളിലേക്കുള്ള ഫഹദ് ഫാസിലിന്റെ പ്രവേശനംകൊണ്ടാണ് റാഫി സംവിധാനം ചെയ്ത പുതിയ ചിത്രമായ റോള്‍ മോഡല്‍സ് ശ്രേേദ്ധയമാകുന്നത്. റോള്‍ മോഡല്‍സ് തീര്‍ത്തും സാധാരണമായ ഒരു റാഫി ചിത്രമാണ്. തീയേറ്ററുകളില്‍ ദിവസങ്ങളോളം ചിരി പടര്‍ത്തി കോടികള്‍ കൊയ്തിട്ടുള്ള റാഫി-മെക്കാര്‍ട്ടിന്‍ സഖ്യത്തിലെ റാഫി ജയറാം, ദിലീപ് തുടങ്ങി തന്റെ വിജയനായകന്മാരെ മാറ്റിനിര്‍ത്തി ഫഹദിനെ നായകനാക്കുമ്പോള്‍ ആഘോഷം എത്രകണ്ട് വിജയിക്കും എന്നതുതന്നെയാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. റാഫിമെക്കാര്‍ട്ടിന്‍ പുതുക്കോട്ടയിലെ പുതുമണവാളനോ, പഞ്ചാബിഹൗസോ, തെങ്കാശിപ്പട്ടണമോ എടുക്കുമ്പോഴുള്ള ആരാധനാകാലമല്ല ഇപ്പോള്‍. പഴയ താരങ്ങള്‍ക്കുപകരം പുതിയ താരങ്ങള്‍ വന്നെങ്കിലും താരാരാധന പുതിയ മേളക്കൊഴുപ്പിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി പുതുതലമുറയില്‍ വിജയിച്ച താരങ്ങളെല്ലാം സിനിമയുടെ പ്രചാരണത്തിന് ഫാന്‍സിനെയും ആഘോഷങ്ങളെയും മാറ്റിനിര്‍ത്താറില്ലെന്ന് ശ്രദ്ധിക്കണം. ഉത്സവകാലത്ത് തീയേറ്ററിലെത്തിയ ഫഹദ് ചിത്രത്തിന് സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാനായിട്ടുണ്ടെങ്കിലും ഓളം സൃഷ്ടിക്കാനായിട്ടില്ല. അമിതമായ ഫാന്‍സ് ബഹളങ്ങളും താരങ്ങളുടെ പേരിലുള്ള മത്സരങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതാണെങ്കില്‍ക്കൂടി സിനിമയുടെ വിജയത്തിന് അത് നല്ല രീതിയില്‍ ഗുണം ചെയ്യുമെങ്കില്‍ മാര്‍ക്കറ്റിങ് എന്ന തരത്തില്‍ അതിനെ സ്വീകരിക്കുകതന്നെ വേണം.

പതിവുരീതിയിലുള്ള ചിരിപ്പടങ്ങളിലെ കാഴ്ചകള്‍ തന്നെയാണ് റോള്‍ മോഡല്‍സിലുമുള്ളത്. പറഞ്ഞുപഴകിയ കെട്ടുറപ്പില്ലാത്ത തിരക്കഥയെ ഹാസ്യംകൊണ്ട് മറച്ച് മുന്നോട്ടുപോകുന്ന പതിവു രീതി. വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിരിതീര്‍ക്കാന്‍ ഫഹദിനൊപ്പമുള്ളത്. ഫഹദ് അവതരിപ്പിക്കുന്ന നായകന് ഈ ചിരിക്കാഴ്ചയില്‍ വലിയ പങ്കില്ലെന്നുവേണം പറയാന്‍. കോളേജ് കാലം മുതല്‍ റോള്‍ മോഡല്‍സ് എന്നു വിളിപ്പേരുള്ള നാലുപേരുടെ സൗഹൃദസംഘത്തിന്റെ കഥയാണിത്. ഗൗതം (ഫഹദ് ഫാസില്‍) എന്ന വ്യക്തിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. ഗൗതമിന്റെ കോളേജ് ജീവിതത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും അയാളെ തിരിച്ചുകൊണ്ടുവരാന്‍ കൂട്ടുകാര്‍ നടത്തുന്ന ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം. 
ആദ്യപകുതിയില്‍ ചിരി തീര്‍ക്കുന്ന ചിത്രത്തിന്റെ രണ്ടാംപകുതി കഥയിലെ വ്യക്തതയില്ലായ്മയും പരസ്പരബന്ധമില്ലായ്മയുംകൊണ്ട് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
ഫഹദിന് 'പെര്‍ഫോം' ചെയ്യാനുള്ള സ്‌പേസ് സിനിമയിലില്ല. തിരക്കഥ ആവശ്യപ്പെടുന്നത് ഫഹദ് മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളും മാനറിസങ്ങളും നോര്‍ത്ത് 24 കാതം, മണിരത്‌നം തുടങ്ങിയ മുന്‍ ഫഹദ് ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്.

വിനായകന്‍ എന്ന മികച്ച നടന്റെ കാര്യവും മറിച്ചല്ല. ചിരി തീര്‍ക്കാനാകുന്നുണ്ടെങ്കിലും റോള്‍ മോഡല്‍സില്‍ വിനായകന്‍ കൂട്ടത്തിലൊരാള്‍ മാത്രമാണ്. ഇത്തരമൊരു ആഘോഷസിനിമയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനും തരമില്ല. എങ്കില്‍ക്കൂടി കറുപ്പുനിറം, പോരായ്മകള്‍ എന്നിവ ചൂഷണം ചെയ്ത് ചിരിയുണ്ടാക്കുന്ന മലയാള ചലച്ചിത്രകാരന്മാരുടെ പതിവ് ഇവിടെയും തെറ്റിക്കുന്നില്ല. റോള്‍ മോഡല്‍സില്‍ വിനായകനാണ് ഇര. സുന്ദരമായി ഹാസ്യം പറഞ്ഞ് ചിരിപ്പിച്ചിട്ടുള്ള റാഫിക്ക് കുറവുകളും അശ്ലീലവും പറയാതെ തന്നെ ആളുകളെ ചിരിപ്പിക്കാനാവുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള അപകടങ്ങളുടെ ആവര്‍ത്തനങ്ങള്‍. നിറവും തടിയും മെലിച്ചിലുമെല്ലാം കേവലമായി ചിരിപ്പിച്ച് തൃപ്തിപ്പെടുത്തുമെങ്കിലും ജനപ്രിയമായ കലാസൃഷ്ടിയെന്ന രീതിയില്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റിനിര്‍ത്തലുകള്‍ക്കും തരംതിരിക്കലുകള്‍ക്കും വലിയ തോതില്‍ വെള്ളവും വളവുമേകുന്നതാണ് ഇത്തരം പരീക്ഷണങ്ങള്‍.
ഒരു സിനിമയ്ക്കും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല. ഒറ്റവട്ടം കണ്ടുരസിച്ച് തീയേറ്ററില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ യാതൊന്നും കൂടെപ്പോരാത്ത ചില ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോള്‍ മോഡല്‍സിന്റെ സ്ഥാനം. റാഫിക്ക് തന്റെ കോമഡി കിറ്റിലെ രസക്കൂട്ട് മുഴുവന്‍ പുറത്തെടുക്കാനാകാതെ പോയ ഒരു ചിത്രം. എങ്കില്‍ക്കൂടി സാധാരണ പ്രേക്ഷകര്‍ക്ക് താത്കാലിക രസക്കാഴ്ചയൊരുക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും നടനും (റോള്‍ മോഡല്‍സില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി റാഫി ചിരിപടര്‍ത്തുന്നുണ്ട്) എന്ന നിലയില്‍ റാഫി വിജയിച്ചിരിക്കുന്നു. ഒപ്പം ഫഹദ് ഫാസിലിന്റെ വാണിജ്യ താരമുഖത്തെ പരിചയപ്പെടുത്താനായി എന്ന നിലയ്ക്കും.

സ്ത്രീശബ്ദം, ജൂലൈ 2017

Friday, 9 June 2017

പരിചിതനായ സച്ചിനും അപരിചിതനായ സച്ചിനും


ഇന്ത്യക്ക് ആരാണ് സച്ചിന്‍? കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കൊണ്ടാടപ്പെട്ട കായികതാരവും വ്യക്തിയുമാണ് സച്ചിന്‍. ഒരു കായികതാരം ആ നിലയില്‍ മാത്രമല്ലാതെ വ്യക്തിയെന്ന നിലയില്‍ക്കൂടി ആഘോഷിക്കപ്പെടുന്നതും മാതൃകയാക്കപ്പെടുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ് സച്ചിന്റെ കാര്യത്തില്‍ നമ്മള്‍ കണ്ടത്. സച്ചിന്‍ ക്രിക്കറ്റ് മൈതാനത്ത് ഉണ്ടായിരുന്ന കാലയളവില്‍ എത്രപേരാണ് തങ്ങളുടെ കുഞ്ഞിന് സച്ചിനെന്ന പേരിട്ടിട്ടുള്ളതെന്ന ലളിതോദാഹരണം മാത്രമെടുത്താല്‍ ഈ കായികതാരം ഇന്ത്യന്‍ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം എത്ര അടിത്തട്ടില്‍ വരെയാണെന്ന് മനസ്സിലാകും. 
സച്ചിന്‍ ഇന്ത്യക്ക് കേവലമൊരു ക്രിക്കറ്റ് താരം മാത്രമായിരുന്നില്ല. 1990കള്‍ തൊട്ട് ഇന്ത്യന്‍ ജീവിതത്തെയും വിപണിയെയും ടെലിവിഷന്‍ സംസ്‌കാരത്തെയും വലിയ രീതിയില്‍ സ്വാധീനീച്ച സവിശേഷ വ്യക്തിത്വം കൂടിയാണ്. സച്ചിനുമുമ്പും ശേഷവും രാജ്യത്ത് പല കായികമേഖലയില്‍നിന്നായി ഒട്ടേറെ താരങ്ങള്‍ കടന്നുവന്നിട്ടുണ്ടെങ്കിലും ക്രിക്കറ്റെന്ന കായികയിനത്തിന് ആഗോളതലത്തില്‍ത്തന്നെ ഈ മുംബൈക്കാരന്‍ ഉണ്ടാക്കിക്കൊടുത്ത മേല്‍വിലാസവും വിപണിയും വലുതാണ്. തൊണ്ണൂറുകളില്‍ ഏകദിനക്രിക്കറ്റിന് ജനപ്രീതി വര്‍ധിച്ചതും ഇതു മുതലെടുത്ത് വന്‍കിട ബ്രാന്‍ഡുകള്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും മാര്‍ക്കറ്റിങ്ങിനുള്ള വഴിയുമായി ക്രിക്കറ്റ് മത്സരങ്ങള്‍ മാറിയതോടെ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റുകള്‍ ഈ കാലയളവിലെ പ്രത്യേകതയായി. അങ്ങനെ തൊണ്ണൂറുകളില്‍ കൊക്കക്കോള, പെപ്‌സി, എല്‍.ജി. അകായ്, വില്‍സ്, വീഡിയോകോണ്‍, ഹീറോ ഹോണ്ട തുടങ്ങിയ പേരുകളിലുള്ള ടൂര്‍ണമെന്റുകളും ഇന്ത്യ അതില്‍ പങ്കെടുക്കുന്ന പ്രധാന രാജ്യവും സച്ചിന്‍ പ്രധാന ആകര്‍ഷണവുമായി. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കളത്തെ മികവിനെക്കാള്‍ വിപണിയില്‍ വളര്‍ച്ച കണ്ടെത്തിയ കാലം. പരസ്യക്കമ്പനിക്കാരുടെ പ്രധാന മോഡലായി ഈ കാലഘട്ടത്തില്‍ സച്ചിന്‍ മാറുകയും രാജ്യത്തെ ചേരികളിലും പിന്നോക്കപ്രദേശങ്ങളിലും വരെ ക്രിക്കറ്റ് ഇടം കണ്ടെത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവുമടിത്തട്ടിലേക്കുപോലും ഈ കായികമത്സരത്തെ എത്തിച്ച് ജനകീയമാക്കിയതില്‍ സച്ചിനെന്ന ബ്രാന്‍ഡിന്റെ മൂല്യം വിലമതിക്കാനാകാത്തതാണ്. 
തൊണ്ണൂറുകളുടെ അവസാനകാലത്ത് ഒത്തുകളിവിവാദവും കോഴയാരോപണവും ക്രിക്കറ്റിനെ വിവാദക്കളത്തിലേക്കു വലിച്ചിഴക്കപ്പെടുകയും മുഹമ്മദ് അസ്ഹറുദ്ദീനെയും അജയ് ജഡേജയെയും പോലുള്ള വലിയ താരങ്ങള്‍ക്ക് വഞ്ചകരുടെ പരിവേഷം കൈവരികയും ചെയ്തതോടെ രാജ്യത്തെ ഒട്ടു ജനങ്ങള്‍ ക്രിക്കറ്റിനോട് മാനസികമായി അകന്നു. എങ്കിലും ക്രിക്കറ്റിനെ ജീവരക്തമായി കണ്ട വലിയൊരു വിഭാഗം ജനത സച്ചിനെന്ന ഒരേയൊരു പേരിലുള്ള വിശ്വാസംകൊണ്ട് പിന്നെയും ഇതിനെ നെഞ്ചോടുചേര്‍ത്തു. സച്ചിന്‍ കളങ്കിതനാകില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ദേഹത്തിനു രക്ഷിക്കാനാകുമെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. ഈ വിശ്വാസത്തെ അവര്‍ ഇങ്ങനെ വിളിച്ചു. 'ക്രിക്കറ്റ് ഞങ്ങള്‍ക്ക് മതമാണെങ്കില്‍ സച്ചിന്‍ അതിലെ ദൈവമാണ്.' 
മുംബൈയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച് 1989ല്‍ കറാച്ചിയില്‍ പാക്കിസ്ഥാന്റെ വിഖ്യാത പേസ് ബൗളിങ് ത്രയത്തെയും ലോകോത്തര സ്പിന്‍ ബൗളറെയും നേരിട്ടുതുടങ്ങിയ കരിയര്‍ 2013ല്‍ കൊല്‍ക്കൊത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം വിങ്ങിപ്പൊട്ടി. ഇനി സച്ചിന്‍ ക്രീസിലില്ല എന്ന വലിയ സത്യത്തെ ഉള്‍ക്കൊള്ളാനാകാതെ ഈഡനില്‍ വന്നുചേര്‍ന്ന ഒരു ലക്ഷത്തോളം കാണികള്‍ക്കും മത്സരം തത്സമയം ടെലിവിഷനില്‍ കണ്ട കോടിക്കണക്കിനാളുകള്‍ക്കും വികാരത്തള്ളിച്ച അടക്കാനായില്ല. ഒരു ദേശീയദുരന്തം പോലെയുള്ള വിടവാങ്ങല്‍. സകല കായികലോകത്തിനും അമ്പരപ്പും അത്ഭുതവും സമ്മാനിച്ച് ആ അഞ്ചരയടിമനുഷ്യന്റെ യാത്രപറയലില്‍നിന്ന് വിടുതികിട്ടാന്‍ ക്രിക്കറ്റ്‌പ്രേമികള്‍ക്ക് പിന്നെയും നാളുകള്‍ വേണ്ടിവന്നു. സച്ചിനില്ലാത്ത കളിക്കളങ്ങളിലേക്ക് ഇനി കളി കാണാനില്ലെന്നു തീരുമാനിച്ചവര്‍, ഒരു കാലത്ത് സച്ചിന്‍ കളിച്ചിരുന്ന കളിയായതുകൊണ്ടുമാത്രം വീണ്ടും ക്രിക്കറ്റ് കാണുന്നവര്‍, സച്ചിനെപ്പോലെയാകാന്‍ കളിക്കളത്തിലേക്കു വന്നവര്‍.. അങ്ങനെയങ്ങനെ പലതരം ആളുകള്‍. ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഉയരത്തിലുള്ള കായികയിനത്തെയും സച്ചിനെന്ന താരത്തെയും ഇന്ത്യന്‍ ജനത കണ്ടത് ഏറ്റവും വികാരപരമായാണ്. അങ്ങനെയല്ലാതെ കാണാന്‍ അവര്‍ക്കാവുമായിരുന്നില്ല. 
രാജ്യത്തിന് ഇങ്ങനെയൊക്കെയായിരുന്ന, ഇപ്പൊഴുമിങ്ങനെയൊക്കെയായ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ക്രിക്കറ്റ് ഇതിഹാസത്തിന് നല്‍കുന്ന വലിയ അംഗീകാരമാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' എന്ന സിനിമ. ഇന്ത്യയെക്കുറിച്ച് ഏറ്റവും നന്നായി എഴുതിയവര്‍ വിദേശികളാണെന്നു പറയുന്നതുപോലെ സച്ചിനെന്ന ഇന്ത്യക്കാരനെക്കുറിച്ചുള്ള ഈ ചിത്രമൊരുക്കിയത് ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് എസ്‌കെയിനാണ്. സച്ചിന്റെ ക്രിക്കറ്റ് കരിയറിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' സിനിമയുടെ മേലങ്കികളെല്ലാം അഴിച്ചുവച്ച് യഥാതഥമായ ആവിഷ്‌കാരം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. കാണികളെ ആകര്‍ഷിക്കാനുള്ള സിനിമാറ്റിക്ക് എലമെന്റുകളെല്ലാം മാറ്റിവച്ച് സച്ചിനുള്ള ഒരു 'ട്രിബ്യൂട്ട്' അതിന്റെ മുഴുവന്‍ ഗൗരവവും ഉള്‍ക്കൊണ്ട് നല്‍കാനാണ് സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നത്. 
സച്ചിന്റെ ജീവിതം ഇത്തരത്തില്‍ പറയുന്നതു തന്നെയായിരിക്കും ഉചിതം. ചായക്കൂട്ടുകളും മസാലകളും ചേര്‍ക്കുന്നത് സച്ചിനെന്ന വ്യക്തിയോടുചെയ്യുന്ന നീതികേടായിരിക്കും. നോക്കിലും വാക്കിലും പ്രവൃത്തിയിലും അത്രമേല്‍ ശാന്തത പുലര്‍ത്തിപ്പോന്നിരുന്ന സച്ചിന്റെ ജീവിതത്തില്‍ പതിവ് ബോളിവുഡ് രസക്കൂട്ടുകള്‍ ചേര്‍ത്തിരുന്നെങ്കില്‍ ബോക്‌സോഫീസില്‍ വലിയ വിജയചരിത്രം തീര്‍ക്കുന്ന ചിത്രമായി ഇതു മാറിയേനെ. എന്നാല്‍ അങ്ങനെയല്ലാതായത് കാവ്യനീതി.
നമുക്ക് പരിചയമുള്ള സച്ചിനും അപരിചിതനായ സച്ചിനും സിനിമയില്‍ കടന്നുവരുന്നുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയങ്ങള്‍, പവലിയനിയനിലെയും ഡ്രസ്സിങ് റൂമിലെയും ഉല്ലാസ,നിരാശാവേളകള്‍, സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങി അപരിചിതങ്ങളായ കാര്യങ്ങളയിരിക്കും കാണികളില്‍ കൗതുകമുണ്ടാക്കുക. ഒപ്പം സച്ചിന്റെ മികച്ച നേട്ടങ്ങളും അവിസ്മരണീയമായ മത്സരസന്ദര്‍ഭങ്ങളും ആസ്വാദകരില്‍ ഓര്‍മയുടെ വീണ്ടെടുപ്പും ആവേശവുമുണ്ടാക്കും.
സിനിമയെന്ന ലേബലില്‍ പുറത്തിറങ്ങിയെങ്കിലും ഡോക്യുമെന്ററി എന്ന വിശേഷണമാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന് ചേരുക. സച്ചിന്‍ നറേറ്റ് ചെയ്യുന്ന തരത്തില്‍ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതു വരെയുള്ള കാലയളവാണ് ചിത്രീകരിച്ചിട്ടുള്ളത്. കുട്ടിക്കാലത്തെ വികൃതിയായിരുന്ന സച്ചിന്‍, ക്രിക്കറ്റിലേക്ക് എത്തുന്നതിനായുള്ള പരിശ്രമങ്ങളും കഠിനാധ്വാനവും, കവി കൂടിയായ പിതാവ് രമേശ് ടെണ്ടുല്‍ക്കറും അമ്മ രജനിയും ചേട്ടന്‍ അജിത് ടെണ്ടുല്‍ക്കറുമടക്കമുള്ള കുടുംബാംഗങ്ങളടെ പിന്തുണ, ശിവാജി പാര്‍ക്കിലെയും ശാരദാശ്രമം സ്‌കൂള്‍ മൈതാനത്തിലെയും പരിശീലനം, രമാകാന്ത് അച്ചരേക്കര്‍ എന്ന സച്ചിനെ കണ്ടെത്തിയ കോച്ച്, സഹകളിക്കാരുടെ സച്ചിനുമൊത്തച്ചള്ള അനുഭവങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ കടന്നുവരുന്നു.
കുട്ടിക്കാലം കാണിക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് ചിത്രം സിനിമാറ്റിക്ക് രൂപം കൈക്കൊള്ളുന്നത്. എന്നാല്‍ ഒരു സിനിമക്കഥ പോലെ കയറ്റിറക്കങ്ങളും സംഭവവികാസങ്ങളുമുള്ള സച്ചിന്റെ ജീവിതവും കരിയറും കാഴ്ചക്കാരെ വിരസരാക്കില്ല. കുട്ടിക്കാലത്തെ സച്ചിനായി എത്തിയ മിഖായേല്‍ ഗാന്ധി മികച്ച പ്രകടനംകൊണ്ട് നമ്മുടെ ഇഷ്ടം നേടിയെടുക്കുന്നു.
സച്ചിന്‍ കളത്തിലേക്കെത്തിയതുമുതല്‍ക്കുള്ള പ്രധാന രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളും ക്രിക്കറ്റ് ലോകത്തെ സംഭവവികാസങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. രാജീവ് ഗാന്ധിയുടെ മരണം, ആഗോളവത്ക്കരണത്തിന്റെ കടന്നുവരവോടെ ലോകവിപണിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി, അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍, 2008ലെ മുംബൈ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വാധീനിച്ചതെങ്ങനെയെന്നതിലേക്ക് ചിത്രം വിരല്‍ചൂണ്ടുന്നു. 
1990കളില്‍ ലോകവിപണിയെ ഇന്ത്യ സ്വാഗതം ചെയ്തതോടെയാണ് ക്രിക്കറ്റിന്റെ വിപണനസാധ്യതയേറിയത്. ഈ വിപണിയില്‍ ഇന്ത്യ മുന്നോട്ടുവച്ച ഏറ്റവും വിറ്റുപോകുന്ന ഉത്പന്നമായിരുന്നു സച്ചിന്‍. സ്വകാര്യ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യ സ്ഥിരസാന്നിധ്യമായി. പ്രമുഖ പകമ്പനികളുടെയെല്ലാം പരസ്യപ്പലകകളില്‍ സച്ചിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ദൂരദര്‍ശന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുത്തതോടെ ക്രിക്കറ്റിന്റെ ജനകീയമുഖം ഇന്ത്യയില്‍ കൂടുതല്‍ തിളക്കമാര്‍ന്നു. ഇന്നത്തെപ്പോലെ പല സൂപ്പര്‍താരങ്ങളുടെതല്ലായിരുന്നു തൊണ്ണൂറുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ്. സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഒറ്റ താരത്തിനുചുറ്റും ഇന്ത്യന്‍ ക്രിക്കറ്റ് മൈതാനം ചുരുങ്ങുകയും വലുതാകുകയും ചെയ്തു. 
കളിക്കളത്തില്‍ സച്ചിനുണ്ടായ സമ്മര്‍ദ്ദങ്ങള്‍, അഞ്ജലിയുമായുള്ള വിവാഹം, അച്ഛന്റെ മരണം, ക്യാപ്റ്റന്‍സി, ബാറ്റിങ് ഫോം സമ്മര്‍ദ്ദങ്ങള്‍, ലോകകപ്പ് പരാജയങ്ങള്‍, പരാജയങ്ങളില്‍ ഉള്‍വലിയുന്ന സ്വഭാവമുള്ള സച്ചിനെ ഓരോതവണയും ആത്മവിശ്വാസത്തോടെ ക്രിക്കറ്റലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അഞ്ജലിയുടെ പരിശ്രമങ്ങള്‍, സച്ചിനെന്ന പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹകളിക്കാരുടെ മെന്റര്‍ തുടങ്ങിയ തലങ്ങളിലേക്കെല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്. 
 സച്ചിന്റെ സ്വകാര്യശേഖരത്തില്‍നിന്നുള്ള വീഡിയോകളും ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണ ദൃശ്യങ്ങളും സിനിമയുടെ പ്രധാന ഭാഗമാണ്. സച്ചിനുമായി നടത്തിയ അഭിമുഖങ്ങളും വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗാവാസ്‌കര്‍, സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, വി.വി.എസ്.ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, മഹേന്ദ്രസിങ് ധോണി, വിരാട് കോലി തുടങ്ങിയ കളിക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഭാഷണങ്ങളും എഡിറ്റുചെയ്ത് ചേര്‍ത്തിട്ടുണ്ട്.
ക്രിക്കറ്റിനെ ഗൗരവമായി പിന്തുടരുന്നവര്‍ക്ക് ഒരു ക്രിക്കറ്റ് മൈതാനത്തിലേതുപോലുള്ള ആരവവും തെല്ല് നൊമ്പരവും ഉണ്ടാക്കാന്‍ സിനിമയ്ക്കാകും. അതേസമയം മറ്റുള്ളവര്‍ക്ക് സച്ചിനെന്ന വ്യക്തിയെക്കാള്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് അയാള്‍ എന്തായിരുന്നു എന്നറിയാനുള്ള അവസരം കൂടിയാണിത്. കളിച്ച കാലമത്രയും നൂറുകോടി ജനതയുടെ വികാരവും ആശ്വാസവും പ്രതീക്ഷയുമായിരുന്നു അയാള്‍. ആ സാന്നിധ്യംപോലും ടീമിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. 24 വര്‍ഷംനീണ്ട കരിയറില്‍ പല തലമുറയ്ക്കാണ് അയാള്‍ പ്രചോദനമായത്. ഈ കാലയളവില്‍ കപില്‍ദേവ് മുതല്‍ വിരാട് കോലി വരെയുള്ള വലിയ താരങ്ങളും മിന്നിക്കത്തി പെട്ടെന്ന് അപ്രത്യക്ഷരായവരുമായി എത്രയോപേര്‍ക്കൊപ്പം സച്ചിന്‍ കളിച്ചു.
ഇന്ത്യന്‍ കായികസമൂഹം മറ്റൊരു കളിക്കാരന്റെയും വിടവാങ്ങല്‍ ഇത്രമേല്‍ വികാരപരമായി എടുത്തിട്ടുണ്ടാവില്ല. സിനിമയില്‍പോലും ആ വിടവാങ്ങല്‍ പ്രസംഗം ആവര്‍ത്തിച്ചുകേള്‍ക്കുമ്പൊഴും കാണുമ്പൊഴും കാണികള്‍ പൂര്‍ണനിശബ്ദതയില്‍ നെടുവീര്‍പ്പിടുന്നവരായി മാറുന്നു.
മികച്ച കായികസിനിമകളുടെ കൂട്ടത്തില്‍ 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'നെ ഉള്‍പ്പെടുത്താനായേക്കില്ല. എന്നാല്‍ പ്രചോദനാത്മകമായ ഒരു ജീവിതത്തെ അതേപടി കാണിച്ചുതന്ന സിനിമയെന്ന നിലയ്ക്ക് ഇത് എക്കാലത്തേക്കുമുള്ള ഒരു കൂട്ടിവയ്പാണ്. വരാനിരിക്കുന്ന തലമുറയ്ക്കുകൂടി കാണിച്ചുകൊടുക്കാവുന്ന ഉത്തമമായ വിജയമാതൃക. അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലൊരു സിനിമ സംഭവിക്കേണ്ടതായിരുന്നുവെന്നും അത് ഈ മാതൃകയില്‍ത്തന്നെ ചിത്രീകരിച്ചതാണ് ശരിയായ മാര്‍ഗമെന്നും പറയേണ്ടിവരും.

സ്ത്രീശബ്ദം, ജൂണ്‍ 2017

Thursday, 11 May 2017

ഫ്രെയിമില്‍ പടരുന്ന ചെങ്കൊടികള്‍ 


അസഹിഷ്ണുത പെരുക്കപ്പെട്ട്, ഞങ്ങളും നിങ്ങളുമെന്ന ചേരിതിരിവ് പ്രകടമായി, ഭിന്നബിംബങ്ങള്‍ മറനീക്കി തെരുവിലെത്തിയൊരു കാലം. 
ഒന്നിച്ചുനില്‍ക്കുകയും ചേര്‍ന്നിരിക്കുകയും ചെയ്യേണ്ടത് മറ്റെന്തിനെക്കാളും പ്രധാനമാണെന്ന ചിന്ത പ്രവൃത്തിയിലെത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേടിയെടുത്ത മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ടതും ഒന്നിച്ചുനില്‍പ്പിന്റെ സ്വരങ്ങള്‍ ഉയരേണ്ടതും ജനസഞ്ചയത്തിന്റെയാകെ ബാധ്യതയാകുന്ന കാലത്ത് സമൂഹത്തിന്റെ പരിച്ഛേദമെന്ന നിലയില്‍ കലയ്ക്ക് ഉത്തരവാദിത്തമേറെയാണ്. കലയിലേക്കുകൂടി പടര്‍ന്നെത്തുന്ന അസഹിഷ്ണുതയ്ക്ക് എതിര്‍വാക്കു നല്‍കേണ്ടത് കലയിലൂടെ തന്നെ.

...........

നിലനില്‍ക്കുന്ന സമൂഹത്തിന്റെ നേരായ രീതിയിലുള്ള മുന്നോട്ടുപോക്കിനും മനുഷ്യനീതിക്കും വിഘാധമാകുന്ന പ്രവൃത്തികള്‍ ഏതു കോണില്‍നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഏതുകാലത്തും ഏതുലോകത്തും ഏതു ഭൂപ്രദേശത്തും അത്തരം ചെറുത്തുനില്‍പ്പുകള്‍ സാധ്യമായിട്ടുണ്ട്. സംഘടിതരായ ഒരു കൂട്ടമാണ് അത്തരം വിപ്ലവങ്ങള്‍ ഫലവത്താക്കിയത്. ഇതിന്റെ പ്രതിഫലനം കലയ്ക്കുകൂടി പ്രചോദനമായിപ്പോന്നു. ലോകത്താകമാനമുള്ള കലയുടെ മാറ്റത്തിനു തന്നെ വഴിവച്ചത് അതതു കാലത്തുണ്ടായ നവമുതലാളിത്ത രീതികളോടും തൊഴിലാളി ചൂഷണത്തോടും തൊഴിലാളി-മുതലാളി വിവേചനത്തോടുമുള്ള എതിര്‍പ്പുകളായിരുന്നു. ഇതു കലയിലേക്ക് പറിച്ചുനട്ടപ്പോള്‍ തൊഴിലാളികള്‍ കണ്ടത് അവരുടെ ജീവതത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ജനപ്രിയമാധ്യമമായ സിനിമയില്‍. 
ചാര്‍ലി ചാപ്ലിന്‍, ബസ്റ്റര്‍ കീറ്റണ്‍, സെര്‍ജി ഐസന്‍സ്റ്റീന്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്രകാരന്മാര്‍ ഇത്തരം വിഷയങ്ങള്‍ ആദ്യകാലത്ത് കൈകാര്യം ചെയ്തു. വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമായ വന്‍കിട ഫാക്ടറി തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും അനീതിയും നിരന്തരം സിനിമകള്‍ക്ക് വിഷയമായി. ചാപ്ലിന്റെ മോഡേണ്‍ ടൈംസ് പോലുള്ള സിനിമകള്‍ ഇത് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്ത് ജനങ്ങളോട് സംവദിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ സിനിമയിലും ഇത്തരം പരിശ്രമങ്ങളുണ്ടായി.

തൊഴിലാളിവര്‍ഗ സിനിമകള്‍ മലയാളത്തില്‍

കമ്യൂണിസ്റ്റ് ചിന്തയില്‍ അധിഷ്ഠിതമായ ജീവിതം സിനിമയില്‍ കണ്ടപ്പോള്‍ അതുമായി താദാത്മ്യപ്പെടാന്‍ കേരളജനതയ്ക്ക് പ്രയാസമുണ്ടായില്ല. കമ്യൂണിസ്റ്റ് ആശയങ്ങളോടും ചിന്താഗതിയോടും ഏറെ അടുത്തുനില്‍ക്കുന്ന ഒരു പ്രദേശത്തില്‍നിന്നുണ്ടായ തൊഴിലാളിവര്‍ഗ സിനിമകള്‍ക്ക് വിഷയമായതും ഈ ആശയങ്ങള്‍ തന്നെ. തൊഴിലാളിവര്‍ഗത്തിന്റെ ഉന്നതിയും വളര്‍ച്ചയും സമത്വവും സാര്‍ഥകമാകുമെന്ന പ്രതീക്ഷ പങ്കുവച്ച ധാരാളം നോവലുകളും നാടകങ്ങളും മലയാളത്തില്‍ നിന്നുണ്ടായി. ഇതിനെ ഉപജീവിച്ചായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ജീവിതം പറയുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൂലധനം, അനുഭവങ്ങള്‍ പാളിച്ചകള്‍, പുന്നപ്ര വയലാര്‍ പോലുള്ള സിനിമകള്‍ അറുപതുകളില്‍ ഉടലെടുത്തത്. 
തിളച്ചുമറിഞ്ഞൊരു രാഷ്ട്രീയകാലത്തെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയസിനിമകളായിരുന്നു എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലുമുണ്ടായത്. തൊഴിലാളി പ്രസ്ഥാനങ്ങളെക്കാള്‍ നക്‌സല്‍ പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥക്കാലവും ഇത്തരം സിനിമകള്‍ക്ക് വിഷയമായി. മീനമാസത്തിലെ സൂര്യന്‍, കബനീനദി ചുവന്നപ്പോള്‍, ചുവന്ന വിത്തുകള്‍, മുഖാമുഖം, ആരണ്യകം തുടങ്ങിയ സിനിമകള്‍ ഈ ഗണത്തില്‍ വന്നവയാണ്. 
മലയാള സിനിമ വ്യാവസായികമായി ഉന്നതിയിലേക്കെത്തിയ എണ്‍പതുകളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും മറ്റും ചുവടുപിടിച്ചുള്ള തീരക്കഥകളും വിപണി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ, കമ്യൂണിസ്റ്റ് സിനിമകളുമുണ്ടായി. അങ്ങാടി, ഈ നാട്, അടിമകള്‍ ഉടമകള്‍, വാര്‍ത്ത, ലാല്‍സലാം തുടങ്ങിയവ അവയില്‍ ചിലതാണ്. 
തൊഴിലാളിവര്‍ഗ കഥകളെക്കാള്‍ വിറ്റുപോകുന്നത് കാലിക രാഷ്ട്രീയകഥകളാണെന്ന തിരിച്ചറിവില്‍ ഉണ്ടായ സിനിമകളായിരുന്നു തുടര്‍ന്നുവന്നത്. തൊണ്ണൂറുകളില്‍ വന്‍വിജയങ്ങള്‍ നേടിയ ഇത്തരം സിനിമകള്‍ക്ക് പിന്നീട് വിപണിമൂല്യം കുറയുന്നതാണ് കണ്ടത്. ഇടക്കാലത്തിനുശേഷം വെള്ളിത്തിരയില്‍ വീണ്ടും ചുവന്ന കൊടി പാറുന്ന കാഴ്ചയ്ക്കാണ് മെക്‌സിക്കന്‍ അപാരത, സഖാവ്, കോമ്രേഡ് ഇന്‍ അമേരിക്ക പോലുള്ള സിനിമകള്‍ ഇടനല്‍കുന്നത്.


കമ്യൂണിസ്റ്റ് സിനിമകള്‍ക്കിടയിലെ 'സഖാവ്'

അറുപതുകളിലെ നോവല്‍, നാടക അഡാപ്റ്റഡ് കമ്യൂണിസ്റ്റ് സിനിമകളുടെ കഥാ,കാല,വ്യക്തിപരിസരങ്ങളിലെ വ്യക്തതയോ എഴുപതുകളിലെ തിളച്ചുമറിഞ്ഞ കാലത്തിന്റെ നേര്‍മുദ്രകളായ സമാന്തര സിനിമകളുടെ തീക്ഷ്ണതയോ, എണ്‍പതുകളിലെ ടി.ദാമോദരന്‍ തൊഴിലാളി യൂണിയന്‍ തിരക്കഥകളുടെ കെട്ടുറപ്പോ അവകാശപ്പെടാനില്ലെങ്കിലും പ്രസക്തമായ ചില ഓര്‍മപ്പെടുത്തലുകള്‍ നല്‍കാന്‍ കഴിയുന്നു എന്നിടത്തുതന്നെയാണ് സിദ്ധാര്‍ഥ് ശിവയുടെ സഖാവിന്റെ നിലനില്‍പ്പ്.
സംഘടിത തൊഴിലാളി സമൂഹത്തെ വാര്‍ത്തെടുത്ത ഒരു കാലത്തെയും അതിനുപിന്നിലെ ത്യാഗത്തെയും ഓര്‍ത്തെടുക്കുന്ന സിനിമയ്ക്ക് പുതിയകാലത്ത് പ്രസക്തിയുണ്ട്. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് മുതലാളിത്ത, സവര്‍ണ ചൂഷണത്തിനെതിരെ പൊരുതിയ  കാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട് സഖാവ്. മാറിയ കാലത്തെ രാഷ്ട്രീയത്തിന്റെ ശരികളെ ചോദ്യംചെയ്യുകയും പുതുകാല വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തകനില്‍ എന്തുമാത്രം പ്രത്യയശാസ്ത്ര രാഷ്ട്രീയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന ചോദ്യവും സിനിമ മുന്നോട്ടുവയ്ക്കുന്നു. കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് അതിന് അവസരം കൈവരുന്നത്. കൃഷ്ണകുമാര്‍ വിദ്യാര്‍ഥി സംഘടനാ നേതാവാണ്. അയാള്‍ക്ക് ഭിവിയെപ്പറ്റി വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പാര്‍ട്ടിയിലെ പടിപടിയായുള്ള മുന്നേറ്റവും കിട്ടാവുന്ന സ്ഥാനങ്ങളും ലക്ഷ്യമിട്ടാണ് അയാളുടെ പ്രവര്‍ത്തനം. എന്തു ചെയ്താലും അതിന്റെ പ്രയോജനം തന്റെ ഭാവിക്കൂ കൂടിയാകണമെന്ന നിഷ്‌കര്‍ഷ അയാളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 
ചെറിയ ലോകത്തിലെ കാഴ്ചകളും ഇത്തിരിവട്ടത്തിലെ പ്രവര്‍ത്തനപരിചയവും മാത്രം കൈമുതലായുള്ള അയാള്‍ താനെന്ന ലോകത്തിനുചുറ്റും മാത്രം കറങ്ങിത്തിരിയുമ്പോള്‍ അന്യമാകുന്നത് പുറത്തെ അതിവിശാലമായ ലോകവും വലിയ കാഴ്ചവട്ടങ്ങളുമാണ്. 
കമ്യൂണിസ്റ്റുകാരനാകുകയെന്നാല്‍ സ്വയംത്യജിക്കുകയും നാടിനും തനിക്കുചുറ്റുമുള്ള ജനത്തിനും വേണ്ടി പ്രതിഫല, സ്ഥാനേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടുന്ന കര്‍ത്തവ്യമാണെന്ന വലിയ തിരിച്ചറിവ് ലഭിക്കുമ്പോള്‍ കൃഷ്ണകുമാര്‍ എന്ന വ്യക്തിയിലും സഖാവിലും മാറ്റങ്ങള്‍ കൈവരുന്നു. 
കേരളത്തിന്റെ അതിവിദൂരമല്ലാത്തൊരു ഭൂതകാലത്തില്‍ ഇന്നിത്രയെങ്കിലും സ്വാതന്ത്ര്യത്തോടെയും സമത്വത്തോടെയും ജീവിക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഒരുപാടാളുകളുടെ അതിജീവന പോരാട്ടങ്ങളുടെ കഥയറിയാതെ ഒരാളും വിപ്ലവത്തിനിറങ്ങരുത്. അങ്ങനെയുള്ളൊരാള്‍ക്ക് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാവില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ഇവിടെ കൃഷ്ണകുമാറിന് പ്രചോദനമാകുന്നത് കൃഷ്ണനെന്ന തൊഴിലാളി നേതാവിന്റെ കഥയാണ്.
അസംഘടിതരായ തൊഴിലാളികള്‍ മുതലാളിമാരില്‍നിന്ന് സാമ്പത്തികമായും ശാരീരികമായും തൊഴില്‍പരമായും ചൂഷണം നേരിട്ടിരുന്ന കാലം. സംഘടിച്ചുനില്‍ക്കുക, സംഘടന എന്ന വാക്കുകള്‍പോലും അറിവില്ലാതിരുന്ന ഒരിടത്ത് അത്തരം നവചിന്തകള്‍ക്ക് നാമ്പിടുകയെന്ന കഠിനമായ പ്രവര്‍ത്തനവുമായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്കും ലയങ്ങളിലേക്കും നടന്നുകയറിച്ചെന്നയാളാണ് കൃഷ്ണന്‍. നാലുപേരില്‍നിന്ന് നാല്‍പ്പതും നാനൂറുമെന്ന തരത്തില്‍ തനിക്കൊപ്പം തൊഴിലാളികളെ അണിനിരത്താനും അവരുടെ ആവശ്യങ്ങള്‍ മുതലാളിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ തൊഴിലാളിനേതാവ്. അയാള്‍ക്ക് ജീവിതം സമരമാണ്. വീടും വീട്ടുകാരിയും പോലും രണ്ടാമതാണ്. സ്വന്തം കല്യാണദിവസം പോലും മറന്നുപോകുന്ന കൃഷ്ണനെന്ന തൊഴിലാളി നേതാവിനെ സിനിമയില്‍ കാണാം. അയാളുടെ ജീവിതം തിരിച്ചറിയുമ്പോള്‍ ഇതൊട്ടും അതിശയോക്തിയായി തോന്നുകയുമില്ല.
ഒരുപാട് കൃഷ്ണന്മാരുടെ ഉറച്ച ശബ്ദത്താലും കാല്‍വെയ്പിനാലുമാണ് ഇന്ന് നമുക്കീ മണ്ണില്‍ കാലുറച്ചുനില്‍ക്കാനാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടപ്പെടാത്തതിന്റെ കാരണവും അതുതന്നെ. 
പ്രസ്ഥാനത്തില്‍ കൃഷ്ണകുമാറിനെപ്പോലുള്ള അറിവില്ലാത്തവര്‍ കടന്നുവരുമ്പോള്‍ അവരെ തിരുത്താന്‍ ഒരുപാട് ഉപദേശങ്ങളുടെയോ ശാസനകളുടെയോ ആവശ്യമില്ല. കേവലമൊരു ജീവിതത്തെ പരിചയപ്പെടുത്തുന്നതിലൂടെ പരിവര്‍ത്തനം സംഭവിക്കുന്നത് മറ്റൊരു വ്യക്തിയുടെ ജീവിതത്തിനുതന്നെയാണ്. മുന്‍തലമുറ നിര്‍ത്തിയിടത്തുനിന്ന് പോരാട്ടം തുടങ്ങാന്‍ പ്രാപ്തനായ പുതിയൊരു സഖാവായിട്ടാണ് സിനിമയ്‌ക്കൊടുക്കം നമ്മളയാളെ കാണുക.
നവമുതലാളിമാരും തൊഴിലാളി, പരിസ്ഥിതി, ഭൂമി ചൂഷണങ്ങളും ഉണ്ടാകുമ്പോള്‍ അതിനു തടയിടാന്‍ മറുഭാഗത്തൊരു ശബ്ദമുണ്ടായേ തീരൂ. സഖാവ് സഞ്ചരിക്കുകയും സംവദിക്കുകയും ചെയ്യുന്നത് ഈ ഭൂമികയിലേക്കുതന്നെ. വിപ്ലവപ്രസ്ഥാനങ്ങളുടെ അലയൊലികള്‍ ഈ മണ്ണില്‍ ഒരിക്കലും നിലക്കില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കാന്‍ സിനിമയ്ക്കാകുന്നു. അന്തിമവിജയം ശരിപക്ഷത്തിനായിരിക്കുമെന്നും ഇരുട്ടിനെ തുരത്തി വെളിച്ചത്തിന്റെ ചൂട്ടുകറ്റകള്‍ വാനിലുയരുമെന്ന പ്രത്യാശയും സിനിമ നല്‍കുന്നു.



സഖാവിനെ വില്‍ക്കുന്നതെങ്ങനെ?

എളുപ്പം വിറ്റുപോകുന്ന ഒരു ഉത്പന്നമാണ് കമ്യൂണിസമെന്നത് കലാവിഷ്‌കാരകര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി കമ്യൂണിസവും ചെങ്കൊടിയും വിഷയമാക്കിയ കലാപ്രകടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിനിമയിലും ഇത് ഒട്ടുമേ കുറവല്ല. അറുപതുകള്‍ തൊട്ടേ മലയാളസിനിമയില്‍ കമ്യൂണിസ്റ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് അതിന്റെ വിപണനസാധ്യതയെപ്പറ്റിയാണ് ചലച്ചിത്രകാരന്മാരും നിര്‍മാതാക്കളും ചിന്തിക്കുന്നത്. അപ്പോള്‍ മൂല്യങ്ങളെക്കാള്‍ ആവേശവും ഉപരിപ്ലവ വിപ്ലവവും സാധ്യമാക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നവയാണ് കൂടുതലായുണ്ടാകുന്നത്. 
ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു അടുത്തിടെ പുറത്തിറങ്ങി തീയേറ്ററില്‍ വലിയ വിജയം നേടിയ ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരതെയന്ന ചിത്രം. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയാംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത മെക്‌സിക്കന്‍ അപാരത ഏറ്റെടുത്ത യുവതലമുറയുടെ രാഷ്ട്രീയബോധത്തെപ്പറ്റി സന്ദേഹിക്കേണ്ടതുണ്ട്.
രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ സിദ്ധാര്‍ഥ് ശിവയെന്ന സംവിധായകന്റെ സിനിമയെന്നതിനെക്കാള്‍ നിവിന്‍ പോളിയെന്ന ബ്രാന്‍ഡിന്റെ സിനിമയായിട്ടായിരിക്കും സഖാവ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക. വിറ്റുപോകുന്ന ഒരു ഉത്പന്നം (Commodity) കൈയ്യിലുണ്ടാകുമ്പോള്‍ അതിനെ പരമാവധി ലാഭത്തില്‍ വില്‍ക്കുക എന്ന കച്ചവടക്കാരന്റെ കണ്ണിനു തന്നെയാണ് ഇവിടെ പ്രാധാന്യം. വിപണിസാധ്യത ഉറപ്പുള്ള ഉത്പന്നത്തെ കൂടുതല്‍ ആകര്‍ഷകമാക്കി ആളുകളിലെത്തിക്കുന്ന ഉല്‍പാദകന്റെ മികവുതന്നെയാണ് ഇത്തരമൊരു കച്ചവടത്തില്‍ അളക്കപ്പെടുക. അല്ലെങ്കിലത് കച്ചവടക്കാരന്റെ പരാജയമായിട്ടായിരിക്കും വിലിരുത്തപ്പെടുക. 
അപ്പോള്‍ ആളുകള്‍ (കാഴ്ചക്കാര്‍) ഈ ഉത്പന്നത്തില്‍നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ അതെല്ലാം നല്‍കാന്‍ വിപണി കൈയ്യാളുന്നവര്‍ ബാധ്യസ്ഥരാകുന്നു. ഇങ്ങനെ കാഴ്ച,കേള്‍വിശീലങ്ങളെ തൃപ്തിപ്പെടുത്തുന്നവിധം ഒരുങ്ങിയാണ് സഖാവ് എത്തിയിട്ടുള്ളത്. എന്തെല്ലാം പറഞ്ഞാല്‍ ആളുകള്‍ കൈയ്യടിക്കും, എന്തെല്ലാം കാണിച്ചാല്‍ ആളുകളില്‍ വിപ്ലവവീര്യമുയരും, എന്തെല്ലാം സന്ദേശങ്ങള്‍ നല്‍കണം, ഫ്രെയിമില്‍ വരുത്താവുന്ന കമ്യൂണിസ്റ്റ് ബിംബങ്ങള്‍ എന്നിവയെല്ലാം ആലോചിച്ചുറപ്പിച്ചും ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമാണ് സിനിമയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ അവര്‍ വിജയം കണ്ടിട്ടുമുണ്ട്.
ഈ വിധം കൃത്യമായ മുന്‍ധാരണയോടെ ഒരുക്കിയിട്ടുള്ള ഒരു സിനിമയില്‍ സിദ്ധാര്‍ഥ് ശിവയെന്ന ചലച്ചിത്രകാരന്റെ കഴിവുകളുടെ കൈയ്യൊപ്പുകള്‍ അന്വേഷിച്ചുപോയാല്‍ അതത്രമേല്‍ പ്രകടമായ ഒന്നായി കാണാന്‍ സാധിച്ചേക്കില്ല. വിറ്റുപോകുന്ന താരത്തിനുവേണ്ടിയുള്ള വെട്ടിത്തിരുത്തലുകള്‍ ഏല്‍ക്കപ്പെട്ട് സിനിമയ്ക്കായി തയ്യാറാകുന്ന തിരക്കഥയില്‍ സംവിധായകനും എഴുത്തുകാരനും ഏറെ വിട്ടുവീഴ്ചയ്ക്ക് തയ്യാറേകേണ്ടിവരും. കച്ചവടം ലക്ഷ്യമിട്ട് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ വലിയ ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. 101 ചോദ്യങ്ങള്‍, സഹീര്‍, ഐന്‍ തുടങ്ങിയ സിനിമകളില്‍ കണ്ട സിദ്ധാര്‍ഥ് ശിവയിലെ ക്രാഫ്റ്റ്മാന്റെ കൈയ്യടക്കം സഖാവില്‍ പ്രതീക്ഷിക്കരുതെന്ന് ചുരുക്കം.


നിവിന്‍പോളിയെന്ന സിനിമാ പൊളിറ്റീഷ്യന്‍

സഖാവില്‍ ഒരിടത്ത് നിവിന്‍ പോളിയുടെ കൃഷ്ണകുമാറെന്ന കഥാപാത്രത്തോട് അല്‍ത്താഫിന്റെ കഥാപാത്രം പറയുന്നുണ്ട്, നീ ഭയങ്കര ബോറാണ് ട്ടോ. നിന്റെ അഭിനയം ഓവറാണ്.'. ഇതിനു നിവിന്റെ മറുപടി 'ആക്ടിങ്ങിലല്ല കാര്യം, പ്ലാനിങ്ങിലാണ്'  എന്നാണ്. ഇത് നിവിന്‍ പോളിയെന്ന താരത്തിന്റെ മറുപടി കൂടിയാണ്. അസാധാരണമായ അഭിനയശേഷിയുള്ള നടനല്ല നിവിന്‍. സ്വന്തം പരിമിതി മറ്റാരെക്കാളും തിരിച്ചറിഞ്ഞ് നിരന്തരപരിശ്രമംകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അയാള്‍ മലയാള സിനിമയില്‍ ഒരു മുന്‍നിര ഇടം സ്വന്തമാക്കിയത്. 
നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം വാണിജ്യമൂല്യമുള്ള നടന്മാരില്‍ മുന്‍പന്തിയിലാണ് നിവിന്‍പോളി. കേവലം ഏഴുവര്‍ഷം കൊണ്ടാണ് ഈ നടന്‍ ഇത്തരമൊരു നേട്ടത്തിലേക്കുയര്‍ന്നത്. മറ്റൊരു യുവനടനും സാധിക്കാത്ത തരത്തില്‍ അയാളുടെ സിനിമകള്‍ നിരന്തരം വിജയിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനുപിന്നില്‍ നേരത്തെപ്പറഞ്ഞ പ്ലാനിങ്ങാണ്. ഇന്‍ഡസ്ട്രിയുടെ ഭാഗമായി വര്‍ഷങ്ങളോളം നിലനില്‍ക്കണമെന്ന അത്യധികമായ ആഗ്രഹംകൊണ്ട് അയാള്‍ വളരെ സൂക്ഷിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം ഇമേജിലും ഭാവിയിലും സൂക്ഷ്മതയുള്ള ഒരു രാഷ്ട്രീയക്കാരന്റെ കൂര്‍മതയാണ് നിവിന്‍ പുലര്‍ത്തിപ്പോരുന്നതെന്നു പറയേണ്ടിവരും. നാലുവര്‍ഷത്തിനിടെ നിവിന്‍ പോളി ഭാഗമായ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നതുകൂടി ചിന്തിക്കണം.
സഖാവിലേക്കെത്തുമ്പോള്‍ കുറെക്കൂടി വളര്‍ച്ചചെന്ന പുതിയൊരു നടനെയാണ് കാണാനാകുക. ടൈപ്പ് കാസ്റ്റ് ആകുമോയെന്ന് കാണികള്‍ സംശയിച്ചിടത്തുനിന്നാണ് ഇയാള്‍ ആക്ഷന്‍ ഹീറോ ബിജുവും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവും ഇപ്പോള്‍ സഖാവുമായി സംശയനിവാരണം വരുത്തിയിരിക്കുന്നത്. ഇവിടെയൊന്നും നിവിന്‍ പോളി നടത്തിയത് അസാധാരണമായ പ്രകടനമായിരുന്നില്ല, മറിച്ച് അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും പരിമിതികളുള്ള ഒരു നടന്റെ മിനുക്കിവാര്‍ത്തെടുക്കലിലേക്കുള്ള യാത്രയുടെ ഘട്ടങ്ങളായിരുന്നു. എന്നാല്‍ ഇവിടെയൊന്നും അയാള്‍ പരാജയപ്പെട്ടുപോകുന്നുമില്ല.
സഖാവിലെ കൃഷ്ണകുമാറാകാന്‍ നിവിന്‍ പോളിയിലെ നടന് എളുപ്പം സാധിക്കും. അതയാളുടെ ജനപ്രിയ മാനറിസങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്നതാണ്. അതേസമയം സഖാവ് കൃഷ്ണനാകാന്‍ ഈ നടന്‍ ഏറെ പണിപ്പെട്ടിരിക്കുമെന്നുറപ്പാണ്. മുപ്പതോ നാല്‍പ്പതോ വര്‍ഷം പിറകിലേക്കുപോയി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ശക്തനായൊരു നേതാവിന്റെ ശരീരഭാഷയിലേക്കെത്താന്‍ നിവിന്‍ പോളിയെന്ന നടന്‍ നടത്തുന്ന ഹോംവര്‍ക്കാണ് സഖാവെന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണവും വെല്ലുവിളിയും. 

സ്ത്രീശബ്ദം, മെയ്, 2017

Sunday, 9 April 2017

ടേക്ക് ഓഫ്
മലയാള സിനിമയുടെ പുതിയ ആകാശം

മലയാള സിനിമ പുതിയ വിതാനത്തിലേക്ക് എത്തിയിരിക്കുകയാണ് ടേക്ക് ഓഫിലൂടെ. മലയാളം ഇതുവരെ പറയാത്ത ഒരു മേഖലയിലേക്കാണ് ടേക്ക് ഓഫിന്റെ നോട്ടം. ചില പ്രത്യേക കഥകളിലെയും ഭൂമികകളിലെയും അനുകൂല സാഹചര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ താത്പര്യപ്പെടുന്ന മലയാള സിനിമയെ ആഗോളചിന്തയിലേക്ക് ഉയര്‍ത്താനുതകുന്ന തരത്തിലുള്ള ഒരു ചുവടുവെപ്പാണ് ടേക്ക് ഓഫിലൂടെ മഹേഷ് നാരായണന്‍ നടത്തുന്നത്. ആഗോളശ്രദ്ധ നേടിയ ഒരു വിഷയത്തിലേക്കും ചിന്തയിലേക്കും പ്രേക്ഷകനെ എത്തിക്കുക വഴി വലുതാകുന്നത് നമ്മുടെ സിനിമയും കാഴ്ചവട്ടവുമാണ്.
2014ല്‍ ഇറാക്കിലെ തിക്രിതില്‍ ഐ.എസ്. ഭീകരന്മാരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമവും അതിന്റെ വിജയവുമാണ് സിനിമയ്ക്ക് ഇതിവൃത്തമാകുന്നത്. ഇത് അത്രമേല്‍ യഥാര്‍ഥമായും എന്നാല്‍ സിനിമാറ്റിക്ക് എലമെന്റുകള്‍ വിട്ടുപോകാതെയും അവതരിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള മേക്കിങ് എന്ന് ഒറ്റവാക്കില്‍ പറയാവുന്ന സിനിമയുടെ നിലനില്‍പ്പിന് നട്ടെല്ലാകുന്നത് പി.വി.ഷാജികുമാറും സന്തോഷ് നാരായണനും ചേര്‍ന്നെഴുതിയ തിരക്കഥയും സോനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറയും സന്തോഷ് രാമന്റെ കലാസംവിധാനവും ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവുമാണ്. സംഭാഷണങ്ങളും കഥാപാത്രങ്ങളും യഥാര്‍ഥ ജീവിതത്തോട് നൂലിഴയില്ലാതെ അടുത്തുനില്‍ക്കുന്നു.
രാജേഷ് പിള്ളയുടെ ട്രാഫിക്കിനുശേഷം ഒരു ദൗത്യനിര്‍വഹണ (Mission oriented subjects) സിനിമ കൂടി വിജയത്തിലെത്തിയിരിക്കുകയാണ്. സിനിമാറ്റിക്ക് ആകാതെ എളുപ്പം പാളിപ്പോകാവുന്ന വിഷയം ചടുലതയും ഗൗരവവും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചായിരുന്നു ട്രാഫിക്ക് കാണികളെ ആകര്‍ഷിച്ചത്. ട്രാഫിക്കിന്റെ ചുവടുപിടിച്ച് സമയത്തെയും മനുഷ്യരെയും ഇണക്കിച്ചേര്‍ത്ത സിനിമകള്‍ കുറവെങ്കിലും പിന്നെയുമുണ്ടായി. എന്നാല്‍ വേഗവും സൂക്ഷ്മതയും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ഈ ഗണത്തില്‍ ഒരു സമ്പൂര്‍ണ ദൗത്യനിര്‍വഹണവിജയമെന്ന തരത്തിലാണ് ശ്രദ്ധേയമാകുന്നത്. 
ജീവിതത്തില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവങ്ങളും, ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മനുഷ്യര്‍ നടത്തുന്ന പോരാട്ടവും ഹോളിവുഡ് സിനിമകളില്‍ കണ്ടുപരിചയിച്ചിട്ടുണ്ട്. ഇവിടെ യഥാര്‍ഥ സംഭവത്തെ അധികരിച്ചുള്ളതായതുകൊണ്ടുതന്നെ ദൗത്യനിര്‍വഹണം അതീവ യാഥാര്‍ഥ്യബോധത്തോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പിടിയിലകപ്പെട്ട ദിവസങ്ങളില്‍ ആ മനുഷ്യജീവികള്‍ അനുഭവിച്ച ദുരിതങ്ങളും കുടുംബത്തിന്റെ ആവലാതികളും ജീവിതത്തെച്ചൊല്ലിയുള്ള പ്രതീക്ഷകളും ബുദ്ധിപൂര്‍വമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ചടുലതകളും സിനിമയെ ഭിന്നവഴികളിലേക്കുള്ള സഞ്ചാരത്തിന് പ്രാപ്തമാക്കുന്നു. നഴ്‌സുമാരെ മോചിപ്പിക്കാനായി ഔദ്യോഗിക തലത്തില്‍ നടക്കുന്ന ഇടപെടലുകള്‍ യാഥാര്‍ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതായി കാണാം. അമാനുഷികമോ അവിശ്വസനീയമോ ആയ യാതൊന്നും ഈ തലത്തില്‍ സിനിമയെ പിടികൂടുന്നില്ല.
രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മനോജ് എന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ഫഹദ് ഫാസില്‍ ഒരു മികച്ച നടനു മാത്രം സാധിക്കുന്ന അപാരമായ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ടേക്ക് ഓഫിലെ മികച്ച സാന്നിധ്യമാകുന്നു. അനിതരസാധാരണമായ മെയ്യൊതുക്കത്തോടെ ഈ നടന്‍ തന്റെ ഗ്രാഫ് പിന്നെയും വലുതാക്കുകയാണ്. ഒരു കഥയുടെയോ സിനിമയുടെയോ പൂര്‍ണതയ്ക്കും മുന്നോട്ടുപോക്കിനും ഒരു കഥാപാത്രം അത്രമേല്‍ പ്രധാന സാന്നിധ്യമാകുന്ന അവസ്ഥയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഫഹദിന്റെ ഈ കഥാപാത്രം. ഇത് ഈ സിനിമയുടെ രണ്ടാംപകുതിക്ക് നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമല്ല.
പാര്‍വതിയെപ്പോലുള്ള ഒരു നടിയുടെ സാന്നിധ്യം നിലവില്‍ മലയാള സിനിമയില്‍ ലഭ്യമാകുമ്പോള്‍ ഇതിലെ പ്രധാന കഥാപാത്രത്തെ കണ്ടെത്തുന്നതില്‍ ടേക്ക് ഓഫ് ടീമിന് അധികസമയം ചിന്തിക്കേണ്ടി വന്നുകാണില്ല. അസാധാരണമാം വിധം പ്രശംസനീയമാണ് ഈ നടിയുടെ പരകായപ്രവേശങ്ങള്‍. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയല്ല ചാര്‍ലിയിലെ ടെസ. ടേക്ക് ഓഫിലെ സമീറയിലെത്തുമ്പോള്‍ പൂര്‍വ വിജയമാതൃകകളെല്ലാം ഒഴിഞ്ഞുപോയ ഒരു പുതിയ നടിയെയാണ് കാണാനാകുക. പ്രയാസമേറിയ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ഒരു കഥാപാത്രത്തെ പ്രകടനത്തിലെ അനായാസതകൊണ്ടാണ് ഈ നടി ഇത്തവണ മറികടക്കുന്നത്.
പന്ത്രണ്ടുവര്‍ഷം എഡിറ്റര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച മഹേഷ് നാരായണന്‍ ടേക്ക് ഓഫ് പോലെയൊരു സിനിമയിലൂടെ  സംവിധായകനായി അരങ്ങേറിയപ്പോള്‍ സിനിമാലോകത്തിന്റെ മുഴുവന്‍ പ്രശംസയ്ക്കാണ് പാത്രമാകുന്നത്. ഈ സിനിമയുടെ പ്രമോഷനായി മലയാള സിനിമാപ്രവര്‍ത്തകര്‍ മുഴുവനായി സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. സാര്‍വലൗകികമായ ഒരു വിഷയം കൈകാര്യം ചെയ്തതിനുളള അംഗീകാരം കൂടിയായിരുന്നു ഇത്.  
ഇറാക്കിലെ തീവ്രവാദ ഭീകരത നിറഞ്ഞുനില്‍ക്കുന്ന തിക്രിത്, മൊസൂള്‍ നഗരങ്ങള്‍, കിര്‍ഗിസ്ഥാന്‍ അതിര്‍ത്തികള്‍, പട്ടാള, തീവ്രവാദ ക്യാമ്പുകള്‍, യുദ്ധമുഖങ്ങള്‍, ഭരണകൂട ഇടപെടലുകള്‍, മനുഷ്യന്റെ അരക്ഷിതാവസ്ഥ, ജീവിതത്തിനും മരണത്തിനുമിടയിലുളള നൂല്‍പാലവഴികള്‍ തുടങ്ങി സഞ്ചരിക്കുന്ന അനേകവഴികളെ യാഥാര്‍ഥ്യത്തോടെ ചിത്രീകരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. പരിമിതികള്‍ വിട്ട് പുതിയ ആകാശം തേടുന്ന ഒരു സിനിമാപ്രദേശത്തെ കൂടിയാണ് ഇതിലൂടെ കേരളം അടയാളപ്പെടുത്തുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുക്കിയെന്ന് ചിന്തിച്ചേക്കാവുന്ന തരത്തില്‍ ഇറാക്കിലെ വിവിധ പ്രദേശങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സെറ്റ് വലിയ കൈയ്യടിക്ക് അര്‍ഹമാണ്. സിനിമയും സംവിധായകനും ആവശ്യപ്പെടുന്നതിലും ഉയരത്തിലെത്തുന്ന ഒരു കലാസംവിധായകന്റെ സാന്നിധ്യമാണ് ഇവിടെ കാണാനാകുക.
മതബിംബങ്ങളെ അടയാളപ്പെടുത്തുമ്പൊഴും വികാരങ്ങള്‍ വ്രണപ്പെടാതെയും എന്നാല്‍ ജീവിതസ്വാതന്ത്ര്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പും ടേക്ക് ഓഫില്‍ കാണാം. തന്നെ ആശ്രയിക്കുന്നവര്‍ക്ക് തുണയാകാന്‍ ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കേണ്ടിവരുന്നവളാണ് സമീറയെന്ന കഥാപാത്രം. ഈ തീരുമാനങ്ങളെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കുടുംബത്തിനും മതത്തിനും സമൂഹത്തിനും അംഗീകരിക്കേണ്ടിവരുന്നു. അതേസമയം വിശുദ്ധയുദ്ധം നയിക്കാന്‍ ഇറാക്കില്‍ എത്തപ്പെടുന്ന മലയാളിയെയും ചിത്രം കാണിക്കുന്നുണ്ട്. ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനും ഈയവസരത്തില്‍ സിനിമയ്ക്ക് സാധിക്കുന്നു.
നഴ്‌സുമാര്‍ ദൈവത്തിന്റെ മാലാഖമാരാണ്. എന്നാല്‍ ഈ മാലാഖമാരുടെ ജീവിതസ്ഥിതിയെപ്പറ്റി ആരും അന്വേഷിക്കാറില്ലെന്ന് സിനിമ തുറന്നുപറയുന്നു. ആഭ്യന്തരകലാപവും ഭീകരവാദവും തുറന്ന മുഖം കാട്ടുന്ന നാടുകളിലേക്ക് അപകടമറിഞ്ഞിട്ടും കേരളത്തില്‍നിന്നും മറ്റും നഴ്‌സുമാര്‍ പണിയെടുക്കാന്‍ ചെല്ലുന്നത് കഷ്ടപ്പാടുകൊണ്ടുതന്നെയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം പുലരില്ലെന്നും പഠിക്കാനെടുത്ത ലോണുപോലും തിരിച്ചടയ്ക്കാനാവില്ലെന്നുമുള്ള തിരിച്ചറിവില്‍ ഇത്തരം രാജ്യങ്ങളിലെ ആശുപത്രികളുടെ പരസ്യത്തില്‍ കാണുന്ന വലിയ അക്ക ശമ്പളങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കാളേറെ ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷയാണ് നഴ്‌സുമാര്‍ കാണുന്നത്. 2014ല്‍ ഇറാക്കിലകപ്പെട്ട നഴ്‌സുമാരില്‍ ഭൂരിഭാഗവും വിഷമം പിടിച്ച ജീവിതാവസ്ഥയിലുള്ളവരായിരുന്നു. സിനിമയില്‍ ഇറാക്കില്‍ അകപ്പെട്ട ഒരു കഥാപാത്രം പറയുന്നതു നോക്കുക-' ഇവിടെനിന്ന് രക്ഷപ്പെട്ട് തിരിച്ചുചെന്നാല്‍ ഒരു ദിവസത്തെ സന്തോഷമൊക്കെ കാണും. രണ്ടാംദിവസം മുതല്‍ നമ്മള്‍ ജോലിയില്ലാത്തവരാണ്. ശമ്പളമില്ലാത്തവരാണ്. സന്തോഷമെല്ലാം പടിമറയും. ഇതേ വീട്ടുകാര്‍ തന്നെ തിരിച്ചുപറയാന്‍ തുടങ്ങും.' രക്ഷാദൗത്യത്തിനൊപ്പം ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലേക്കും കൂടി ഇതിലൂടെ സിനിമ വിരല്‍ ചൂണ്ടുന്നു. 
രാജ്യസ്‌നേഹം വാനോളം ഉയര്‍ത്തിവിടുന്നതിനുപകരം രാജ്യത്തെ നയതന്ത്ര വിഷയങ്ങളിലെ പാളിച്ചകളും ഉദ്യോഗസ്ഥരുടെ അലംഭാവങ്ങളും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളിലാണ് ചിത്രം കൂടുതല്‍ സത്യസന്ധമാകുന്നത്. തീവ്രദേശീയതയല്ല, ദേശീയതയാണ് വേണ്ടത്. ഭീകരരില്‍നിന്ന് മോചിതരായി എത്തുന്ന നഴ്‌സുമാര്‍ ഇന്ത്യന്‍ പതാക വഹിച്ച് തങ്ങളെ കാത്തുനില്‍ക്കുന്ന ബസ്സിനരികിലെത്തുമ്പോള്‍ പശ്ചാത്തലത്തില്‍ പതിയെ കേള്‍ക്കുന്ന ദേശീയഗാനത്തിന്റെ ഈണം അതുകൊണ്ടുതന്നെ വലിയ തോതില്‍ പ്രചോദിതമാകുന്നു.

സ്ത്രീശബ്ദം, ഏപ്രില്‍ 2017