Thursday, 7 March 2024

ജോസഫ് അലക്‌സാണ്ടര്‍, നിരഞ്ജന്‍, നരേന്ദ്രന്‍.. വെറുതേ വന്നുപോകുന്ന അതിഥികളല്ലാത്തവര്‍


ജയറാം ടൈറ്റില്‍ കഥാപാത്രമായ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയായ എബ്രഹാം ഓസ്‌ലറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമാണ്. അഞ്ചാം പാതിരയ്ക്കു ശേഷമുള്ള മിഥുവന്‍ മാനുവലിന്റെ ത്രില്ലര്‍, ജയറാമിന്റേ മേക്ക് ഓവര്‍ കഥാപാത്രം എന്നിവയ്‌ക്കൊപ്പം ഈ സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാകാന്‍ സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന മമ്മൂട്ടിയുടെ ഈ അതിഥി വേഷത്തിനാകുന്നു. ഇത് സിനിമയുടെ ആകെ കാഴ്ചയെ തന്നെ മറ്റൊരു വിതാനത്തിലെത്തിക്കുകയും ചെയ്യുന്നുണ്ട്. 

സിനിമയിലെ 'കാമിയോ അപ്പിയറന്‍സുകള്‍' കേവലം വന്നുപോകുന്നവരും കേന്ദ്ര പ്രമേയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുന്നവരുമുണ്ട്. രണ്ടും ഒരു സിനിമയുടെ കേവലാസ്വാദനത്തിനപ്പുറത്തേക്ക് പ്രേക്ഷകന് അധിക ആസ്വാദനതലം നല്‍കാന്‍ പോന്നവയാണ്. സിനിമകള്‍ ഇങ്ങനെ സര്‍പ്രൈസ് കാമിയോകളെ അവതരിപ്പിക്കുന്നത് മിക്കവാറും അതത് ഇന്‍ഡസ്ട്രിയിലെ ഫാന്‍ബേസ് ഉള്ള താരങ്ങളുടെ ജനപ്രിയത മുന്നില്‍ കണ്ടുകൊണ്ടാണ്. 1980 കളുടെ തുടക്കത്തില്‍ ശങ്കര്‍ താരപദവിയില്‍ വിരാജിക്കവേ മറ്റ് താരങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സര്‍പ്രൈസ് കാമിയോ വേഷത്തില്‍ രക്ഷകനായും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. പിന്നീട് നാല് പതിറ്റാണ്ടായി താരപദവിയില്‍ തുടരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇൗ മാതൃകയില്‍ പോപ്പുലര്‍ കാമിയോ വേഷങ്ങളില്‍ ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ എത്തിയതിനു ശേഷം കാമിയോ വേഷങ്ങളിലാണ് അധികവും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണുന്നത്. സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് ആരാധകരില്‍ ഉളവാക്കുന്ന ആവേശം കണക്കിലെടുത്താണ് ഇത്തരം സീക്വന്‍സുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്. 


സൂപ്പര്‍താര പദവി കൈവന്ന ശേഷം ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ഡെന്നിസ് ജോസഫിന്റെ മനു അങ്കിളില്‍ ആണ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍' ആയി തന്നെയാണ് ഒരു സവിശേഷ ഘട്ടത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ നായക കഥാപാത്രമായ മമ്മൂട്ടിയുമായി മോഹന്‍ലാല്‍ കണ്ടുമുട്ടുന്നില്ല എന്നതും മനു അങ്കിളിലെ പ്രത്യേകതയാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ജോഷി സിനിമയില്‍ മമ്മൂട്ടി സിനിമാനടന്‍ തന്നെയായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടോണി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി കൂട്ടുകൂടുന്നത്. സിനിമാ നടന്‍ മമ്മൂട്ടി എന്ന കൗതുകം ഉടനീളം ചേര്‍ത്തുവച്ചാണ് മമ്മൂട്ടിയുടെ ഈ പാത്രസൃഷ്ടി ഡെന്നിസ് ജോസഫും ജോഷിയും ചേര്‍ന്ന് നമ്പര്‍ 20 മദ്രാസ് മെയിലില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. 

ഷാജി കൈലാസിന്റെ ദി കിംഗില്‍ തന്നെ സൂപ്പര്‍താരമാക്കിയ ഏകലവ്യനിലെ മാധവന്‍ എന്ന ഐപിഎസ് ഓഫീസര്‍ ആയിട്ടാണ് സുരേഷ് ഗോപിയുടെ കാമിയോ വേഷം ഒരു ഘട്ടത്തില്‍ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് എത്തുന്നത്. കമ്മീഷണറിലൂടെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച വേളയിലാണ് സുനിലിന്റെ മാനത്തെ കൊട്ടാരം പോലുള്ള സിനികളില്‍ സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ താരപദവി ഈ ചെറിയ സിനിമയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നരസിംഹത്തിനു ശേഷം സൂപ്പര്‍താര പദവിയുടെ മറ്റൊരു ഔന്നത്യത്തില്‍ എത്തിയ മോഹന്‍ലാലിന്റെ അമാനുഷിക നായക പരിവേഷമാണ് ഉന്നതങ്ങളില്‍, അച്ഛനെയാണെനിക്കിഷ്ടം പോലുള്ള സിനിമകളിലെ അതിഥി വേഷങ്ങളില്‍ പ്രയോജനപ്പെടുത്തുന്നത്. 


ഒരു മുന്‍നിര നായകന്റെ സിനിമയില്‍ മറ്റൊരു പ്രമുഖ നായകന്‍ അതിഥി വേഷത്തിലെത്തുമ്പോള്‍ അയാളുടെ കരിസ്മയാണ് പ്രയോജനപ്പെടുത്തുന്നത്. കേവലമൊരു ആകര്‍ഷണം എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പലപ്പോഴും ഈ കാമിയോ പ്രത്യക്ഷപ്പെടലുകള്‍ക്ക് ഉണ്ടാകാറില്ല. നിര്‍ണായകമായൊരു രംഗത്ത് പ്രത്യക്ഷപ്പെട്ട് അയാളുടെ സൂപ്പര്‍താര കരിസ്മ ഒന്നോ രണ്ടോ സീക്വന്‍സുകളില്‍ നിറച്ച് അപ്രത്യക്ഷമാകുന്നതാണ് ഈ അതിഥി വേഷങ്ങളിലെ പതിവ്. എന്നാല്‍ അപൂര്‍വ്വം അവസരങ്ങളില്‍ ഈ ചെറു പ്രത്യക്ഷപ്പെടല്‍ സിനിമയുടെ കേന്ദ്രപ്രമേയവുമായി ഇഴചേരുന്നതും കാണികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതുമായി മാറാറുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇത്തരത്തിലൊന്നാണ്. ഈ പ്രത്യക്ഷപ്പെടലിന് ദൈര്‍ഘ്യം കുറവാണെങ്കിലും കഥാപാത്രത്തിന്റെ ആഴവും അതിലുപരി അതുണ്ടാക്കുന്ന സ്വാധീനവും വലുതാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം നിരഞ്ജനെ ഒരു നോവോടെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നു.

പത്മരാജന്റെ 'ഇന്നലെ'യിലെ ക്ലൈമാക്‌സില്‍ എത്തുന്ന സുരേഷ് ഗോപിയുടെ നരേന്ദ്രന്‍ നിരഞ്ജനും മുമ്പേ മലയാളിയുടെ ഉള്ളുലച്ച കഥാപാത്രമാണ്. മായയുടെയും ശരത്തിന്റെയും ജീവിതം സന്തോഷകരമായ ഒരു തുരുത്തിലേക്ക് എത്തവേയാണ് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായുള്ള നരേന്ദ്രന്റെ വരവ്. ഗൗരി തന്നെ തിരിച്ചറിയാതെ വരുമ്പോഴത്തെ നിസ്സഹായതയും അതുണ്ടാക്കുന്ന തിക്കുമുട്ടലും ഇനിയൊരിക്കലും അവള്‍ തനിക്ക് സ്വന്തമല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുമായി നരേന്ദ്രന്‍ തിരിച്ചിറങ്ങുമ്പോഴത്തെ നഷ്ടബോധം അയാള്‍ക്കൊപ്പം പ്രേക്ഷകനിലും കനത്ത ശൂന്യത നിറയ്ക്കുകയായിരുന്നു. ഹൈറേഞ്ച് ഇറങ്ങി അകന്നുപോകുന്ന നരേന്ദ്രന്റെ കാറിന്റെ പശ്ചാത്തലത്തിലാണ് പത്മരാജന്റെ ഇന്നലെ അവസാനിക്കുന്നത്. ഒരു സിനിമ കണ്ടുതീര്‍ന്നിട്ടും എഴുന്നേല്‍ക്കാനാകാതെ നമ്മളെയത് കെട്ടിവരിഞ്ഞിടുന്ന അവസ്ഥയാണ് ഇന്നലെ കാഴ്ചക്കാരനില്‍ ഉളവാക്കുക. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ കാണിക്കുമ്പോള്‍ അതില്‍ ഒന്നിലെങ്കിലും ഗൗരി തന്നെ ഓര്‍മ്മിച്ചിരുന്നെങ്കിലെന്ന നരേന്ദ്രന്റെ പ്രതീക്ഷയും അതു പരാജയപ്പെടുമ്പോഴത്തെ നഷ്ടബോധവും അത്രയെളുപ്പം കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകില്ല. എല്ലാ പ്രതീക്ഷകളും അവസാനിച്ച് തനിച്ചായിപ്പോകുന്ന നരേന്ദ്രനെ നമ്മള്‍ പിന്തുടരും. അയാളുടെ തീരാവേദനയെ ഇടയ്ക്കിടെ അയവിറക്കും. എന്നെങ്കിലും ഗൗരിയിലേക്ക് ഓര്‍മ്മയുടെ നനുത്ത നൂലിഴകള്‍ തിരിച്ചെത്തുമെന്നും ആ വേളയില്‍ അവള്‍ ഉറപ്പായും ആദ്യം ഓര്‍മ്മിക്കുക നരേന്ദ്രനെ തന്നെയായിരിക്കുമെന്നും വെറുതെയെങ്കിലും കാണികള്‍ പ്രതീക്ഷ വയ്ക്കും.


നരസിംഹത്തിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍ വേഷം നിര്‍ണായക വേളയില്‍ നായകനു വേണ്ടി എത്തുന്നയാളാണ്. മറ്റാര്‍ക്കെങ്കിലും ചെയ്യാവുന്ന വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കരിസ്മ ഈ കഥാപാത്രത്തെ മറ്റൊരു വിതാനത്തിലെത്തിക്കാന്‍ പോന്നതാകുന്നു. ഇതേ കരിസ്മ തന്നെയാണ് രജനീകാന്തിന്റെ ജയിലറില്‍ മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നീ സൂപ്പര്‍താരങ്ങളെ നിര്‍ണായക ഘട്ടങ്ങളില്‍ നായകന് സഹായവുമായി എത്തുന്ന സുഹൃദ് കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിനു പിന്നിലും. ഈ കഥാപാത്രങ്ങളെല്ലാം നായക കഥാപാത്രവുമായി സവിശേഷമായ അടുപ്പം സൂക്ഷിക്കുന്നവരായിട്ടാണ് കാണിക്കുന്നത്. അത്ര താരപ്പകിട്ടില്ലാത്ത ഒരു നടന് ചെയ്യാവുന്ന കഥാപാത്രങ്ങളിലേക്ക് സൂപ്പര്‍താരങ്ങളെ പരിഗണിക്കുന്നത് സിനിമയുടെ വിപണിസാധ്യത കൂടി ലക്ഷ്യം വച്ചാണ്. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ ഹിന്ദി, കന്നട, മലയാളം വിപണികളിലെ കാണികളെ കൂടിയാണ് പരിഗണിക്കുന്നത്. 

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകളില്‍ ഈ മാതൃകയില്‍ പരസ്പരബന്ധിതമായ സൂപ്പര്‍താര കഥാപാത്രങ്ങള്‍ നിര്‍ണായക ഘട്ടങ്ങളിലും ടെയ്ല്‍ എന്‍ഡ് സീക്വന്‍സുകളിലും കടന്നുവരുന്നതും തുടര്‍ സിനിമകളിലെ പ്രധാന സാന്നിധ്യമാണെന്ന സൂചനകള്‍ അവശേഷിപ്പിക്കുന്നതായും കാണാം. കാര്‍ത്തി നായകനായ കൈദി, വിജയിന്റെ ലിയോ, കമല്‍ഹാസന്റെ വിക്രം എന്നീ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകള്‍ സൂപ്പര്‍താര കഥാപാത്രങ്ങളുടെ സൂചനകള്‍ പരാമര്‍ശ വിധേയമാക്കിയാണ് അവസാനിക്കുന്നത്. വിക്രത്തില്‍ സൂര്യയുടെ റോളക്‌സ്, കാര്‍ത്തിയുടെ ദില്ലി, ലിയോയില്‍ കമല്‍ഹാസന്റെ ഏജന്റ് വിക്രം എന്നീ കഥാപാത്രങ്ങള്‍ കടന്നുവരുന്നു. ദില്ലി കേവലം ഒരു സാധാരണ തടവുപുള്ളി മാത്രമല്ലെന്ന സൂചനയാണ് യൂണിവേഴ്‌സിലെ ആദ്യ സിനിമയായ കൈദിയുടെ ടെയ്ല്‍ എന്‍ഡിലുള്ളത്. 


ഓസ്‌ലറില്‍ ജയറാമിന്റെ ടൈറ്റില്‍ കഥാപാത്രം അന്വേഷിക്കുന്ന കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സൂപ്പര്‍താര പദവിയില്ലാത്ത മറ്റൊരു നടന് ചെയ്യാവുന്ന കഥാപാത്രമാണിത്. മമ്മൂട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കഥാപാത്രവുമല്ല അലക്‌സാണ്ടറിന്റേത്. എന്നാല്‍ മമ്മൂട്ടിയുടെ അപാരമായ കരിസ്മയും സാന്നിധ്യവും സിനിമയുടെ മുന്നോട്ടുപോക്കിനാകെ ഗുണം ചെയ്യുന്നു. ഓസ്‌ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തിലും അയാളുടെ ഗാര്‍ഹിക, തൊഴില്‍ ചുറ്റുപാടുകളുമായും ചുറ്റപ്പെട്ട് മുന്നോട്ടുപോയിരുന്ന കഥാഗതിക്ക് പെട്ടെന്ന് വഴിമാറ്റം സംഭവിക്കുന്നത് അലക്‌സാണ്ടറിന്റെ വരവോടെയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒരു കഥാപാത്രം മമ്മൂട്ടിയെ പോലെയൊരു സൂപ്പര്‍താരം ഏറ്റെടുക്കുന്നതോടെ ആഖ്യാനഗതിയില്‍ തന്നെ മാറ്റം വരുന്നതായി കാണാം. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന 'പൂമാനമേ' എന്ന ഗാനം പോലും കാണികളുടെ ചിന്തയെ നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മുന്‍നിരയിലല്ലാത്ത മറ്റൊരു നടന്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് സിനിമയുടെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഓസ്‌ലറിലെ അതിഥി വേഷം സ്വീകരിച്ചതിനെക്കുറിച്ച് കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറയുന്നുണ്ട്. ' ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത് കഥാപാത്രം തന്നെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യം ഇല്ലേ. ഞാന്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്നുണ്ട്. ആ ആഗ്രഹം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല എന്നേ ഉള്ളൂ. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല.' മമ്മൂട്ടിയുടെ വാക്കുകളിലുണ്ട് ഈ കാമിയോ കഥാപാത്രത്തിന്റെ ഉള്‍ക്കനം.


സിദ്ധാര്‍ഥ് ആനന്ദിന്റെ പത്താനില്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും റോ ഏജന്റ് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ?, അല്ല മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരെ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍ മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്. സിനിമയില്‍ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഷാരൂഖ് ഖാന്റെ നായക കഥാപാത്രത്തിന് സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന അവിനാഷ് ടൈഗര്‍ സിംഗ് റാത്തോറിനെ രക്ഷകനായി അവതരിപ്പിക്കുന്നത്. ഒരു സൂപ്പര്‍താരം തന്നെ രക്ഷകനായി അവതരിക്കുന്നതും രണ്ട് സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നുള്ള തുടര്‍ സീക്വന്‍സുകളും പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു.

നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രം ചിത്രത്തിന്റെ വിപണിമൂല്യം ഏറെ വലുതാക്കി. നായകനേക്കാളും അതിഥി കഥാപാത്രത്തിന് സ്വീകാര്യത കൈവരുന്ന അപൂര്‍വ്വ സാഹചര്യത്തിനാണ് ഇത്തിക്കര പക്കിയെന്ന കഥാപാത്രം നിമിത്തമായത്. സജി സുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സില്‍ കമല്‍ഹാസന്റെ കാമിയോ വേഷം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.


പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹന്‍ലാലിന്റെ അച്യുതക്കുറുപ്പ്, കുഞ്ഞിരാമായണത്തിലെ ബിജുമേനോന്റെ മനോഹരന്‍, ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ പവിത്രന്‍, മുന്നറിയിപ്പിലെ പൃഥ്വിരാജിന്റെ ചാക്കോ, മനു അങ്കിളിലെ സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപന്‍ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന അതിഥി കഥാപാത്രങ്ങളാണ്. നായക നിരയിലേക്ക് ഉയര്‍ന്നതിനു ശേഷം അതിഥി വേഷങ്ങളില്‍ ഏറ്റവുമധികമെത്തിയ നടന്‍മാരിലൊരള്‍ ആസിഫ് അലി ആണ്. ഡോക്ടര്‍ ലൗ, ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍, മല്ലുസിങ്, വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ഉണ്ട, മോഹന്‍കുമാര്‍ ഫാന്‍സ്, റോഷാക്ക് തുടങ്ങിയ സിനിമകളില്‍ ആസിഫ് കാമിയോ വേഷങ്ങളിലെത്തി. ഇതില്‍ ഉസ്താദ് ഹോട്ടലിലും മോഹന്‍കുമാര്‍ ഫാന്‍സിലും സിനിമാതാരം ആയി തന്നെയാണ് എത്തുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജനുവരി 22, ഷോ റീല്‍-49

Monday, 4 March 2024

മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവര്‍ഗ്രീന്‍. എന്താവും മണിച്ചിത്രത്താഴിന്റെ അത്ഭുത രസക്കൂട്ട്?


'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല' ഇത് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ വലിയ പ്രദര്‍ശനവിജയത്തെ സൂചിപ്പിക്കുന്ന നിരവധി പോസ്റ്ററുകളിലൊന്നില്‍ വന്ന പരസ്യവാചകമായിരുന്നു. പ്രേക്ഷകരെ തങ്ങളുടെ സിനിമയിലേക്ക് അടുപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരസ്യവാചകങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത് പതിവാണ്. സിനിമയുടെ റിലീസിന് മുമ്പും തിയേറ്റര്‍ വിജയം നേടുമ്പോഴും തിയേറ്ററില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുമ്പോള്‍ കാണികളെ തിയേറ്ററിലെത്തിക്കാനും ഇത്തരം പരസ്യവാചകങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. റിലീസിനു മുമ്പ് സിനിമയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി വലിയ വാചകശകലങ്ങളോടെ മുഴുവന്‍ പേജ് പത്രപ്പരസ്യങ്ങള്‍ നല്‍കുന്ന പതിവ് മലയാളസിനിമയുടെ പ്രാരംഭ ദശകങ്ങളിലുണ്ടായിരുന്നു. എന്തു തന്നെയായിരുന്നാലും ഈ പരസ്യവാചകങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം പരമാവധി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുക എന്നതു തന്നെയായിരുന്നു. എന്നാല്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ 'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ....' എന്നു തുടങ്ങുന്ന വാചകം കേവലമൊരു പരസ്യാകര്‍ഷണ തന്ത്രത്തിനപ്പുറത്തെ വാസ്തവമായിരുന്നു. അത്യപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ് മണിച്ചിത്രത്താഴ് എന്ന അത്ഭുതസൃഷ്ടിക്കു പിന്നില്‍ സംഭവിച്ചത്. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞ് വിസ്മയമായിത്തീര്‍ന്ന ഈ സിനിമ പിറവിയുടെ മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്നു.

മേല്‍സൂചിപ്പിച്ച പോലെ ആരും കുറ്റം പറയാത്ത ഈ സിനിമ പണിക്കുറ തീര്‍ന്ന ശില്‍പ്പം എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന സൃഷ്ടിയാണ്. ഒരു സിനിമയുടെ എല്ലാ യൂണിറ്റും ഒരുപോലെ വിജയിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിക്കുകയും അതേ ഉള്‍ക്കാമ്പോടെ കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായും ഈ സിനിമയെ കാണാം. ഇങ്ങനെയൊരു സിനിമ പിന്നീട് ആവര്‍ത്തിക്കാനിടയില്ല. അതിന്റെ അണിയറശില്‍പ്പികള്‍ക്കു പോലെ ഈ സിനിമയെ ഇതുപോലെ പുന:സൃഷ്ടിക്കാനുമായേക്കില്ല. മലയാളി സിനിമാസ്വാദന ശീലത്തിലും അഭിരുചിയിലും മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടാക്കിയ സ്വാധീനം അത്രകണ്ട് വലുതാണ്. 


മൂന്ന് പതിറ്റാണ്ട് കുറച്ചിലില്ലാതെ ഏറ്റം മാത്രം ശീലമാക്കിയ അപൂര്‍വ്വമായ ഒരു ആസ്വാദനാനുഭവമാണ് മണിച്ചിത്രത്താഴ് മലയാളി ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ കണ്ട അതേ പുതുമയോടെ പ്രേക്ഷകര്‍ ഇപ്പോഴും ഈ സിനിമ കാണുന്നു. 1993 ല്‍ ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുട്ടികളായിരുന്നവര്‍ ഇപ്പോള്‍ മറ്റൊരു തലമുറയുടെ രക്ഷകര്‍തൃത്വമേറ്റവരായി മാറി. ആ പുതിയ തലമുറയും ഏറ്റവും പുതുമയോടെ മണിച്ചിത്രത്താഴ് കണ്ടാസ്വദിക്കുന്നുവെന്നതാണ് ഇതിലെ സവിശേഷത. പ്രായഭേദമന്യേ എല്ലാവരിലേക്കുമെത്തുന്ന ആസ്വാദനത്തിന്റെ ഒരു രസച്ചരട് മണിച്ചിത്രത്താഴിലുടനീളം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ കണ്ടുതീര്‍ന്നാല്‍ വീണ്ടും കാണാന്‍ തോന്നുന്നത്ര അടുപ്പമാണ് ഈ സിനിമയോട് കാണികള്‍ക്കുള്ളത്. പലതവണ കണ്ട് ഇതിലെ ഓരോ രംഗങ്ങളും കാണാപാഠമാണ് മലയാളിക്ക്. അടുത്ത രംഗം എന്തെന്ന് അറിയാമെങ്കിലും ആകാംക്ഷ കുറയ്ക്കാതെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന മാന്ത്രികത മണിച്ചിത്രത്താഴ് മുപ്പതു വര്‍ഷത്തിനിപ്പുറവും അവശേഷിപ്പിക്കുന്നു. 

1993 ലെ ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച മണിച്ചിത്രത്താഴിന്റെ ആസ്വാദനം പിന്നീടുള്ള ഓരോ പതിറ്റാണ്ടിലും നിലയ്ക്കാതെ തുടര്‍ന്നുപോന്നു. ഒരു വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടര്‍ന്ന ആസ്വാദനം പിന്നീട് ടെലിവിഷന്‍ സ്‌ക്രീനിനു വഴിമാറി. തിയേറ്ററില്‍ മണിച്ചിത്രത്താഴ് ഓടിയ ഒരു വര്‍ഷക്കാലം കൊണ്ട് ഒട്ടുമിക്ക മലയാളികളും ഈ സിനിമ കണ്ടു. എ ക്ലാസിലെ എല്ലാ തിയേറ്ററുകളിലും 100, 150 ദിവസങ്ങള്‍. ചിലയിടങ്ങളില്‍ അത് 200 ഉം 300 ഉം ദിവസങ്ങള്‍ മറികടന്നു. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ചാണ് മണിച്ചിത്രത്താഴ് റെക്കോര്‍ഡിട്ടത്. എ ക്ലാസിലെ ഓട്ടം കഴിഞ്ഞ് ബി ക്ലാസിലെ 75- 100 ദിവസങ്ങളിലേക്കും സി ക്ലാസിലെ 50- 60 ദിവസങ്ങളിലേക്കും മണിച്ചിത്രത്താഴിന്റെ സഞ്ചാരം തുടര്‍ന്നു. പ്രദര്‍ശനം അവസാനിപ്പിച്ച തിയേറ്ററുകളില്‍ പ്രേക്ഷകാഭ്യാര്‍ഥന മാനിച്ച് വീണ്ടും റിലീസ് ചെയ്യുന്നതും കണ്ടു. ഈ റീ റിലീസിംഗിലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കായി. മലയാള സിനിമയില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മണിച്ചിത്രത്താഴ് തകര്‍ത്തു. സി ക്ലാസിലും ഓടിത്തീര്‍ന്ന് സിയുടെ അവാന്തര വിഭാഗമെന്നോ വേണമെങ്കില്‍ ഡി ക്ലാസെന്നോ വിളിക്കാവുന്ന ഗ്രാമപ്രദേശത്തെ ഓലക്കൊട്ടകകളില്‍ ഒരു വര്‍ഷത്തിനു ശേഷമാണ് മണിച്ചിത്രത്താഴിന്റെ പ്രദര്‍ശനത്തിന് അവസരം ലഭിച്ചതെന്നത് ഈ സിനിമയുണ്ടാക്കിയ ജനപ്രിയതയുടെ ആഴം വെളിവാക്കുന്നു. 


മണിച്ചിത്രത്താഴ് ആദ്യമായി ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമെത്തിയ ദിവസം ഒരു പുതിയ സിനിമയുടെ തിയേറ്റര്‍ റിലീസിനോളം തന്നെ കൗതുകം കാണികളില്‍ അവശേഷിപ്പിക്കാനായിരുന്നു. തിയേറ്ററില്‍ കാണാന്‍ അവസരം ലഭിക്കാത്ത കാണികളും ആവര്‍ത്തനകാഴ്ച ആഗ്രഹിച്ച കാണികളും ചേര്‍ന്ന് ഈ ടെലിവിഷന്‍ പ്രീമിയറിനെ ഉത്സവമാക്കി. മലയാളികള്‍ ഇത്രത്തോളം തുടര്‍ച്ചയായി ഏറ്റെടുത്ത മറ്റൊരു സിനിമാകാഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ടെലിവിഷനിലെ ഈ ആദ്യപ്രദര്‍ശനങ്ങള്‍ക്കു ശേഷം മണിച്ചിത്രത്താഴിന്റെ പിന്നീടുള്ള ഓരോ പുന:സംപ്രേഷണവും തീര്‍ക്കുന്നത് ആദ്യമായി കാണുന്നുവെന്ന അനുഭവം തന്നെയാണ്. ഈ ജനപ്രീതി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ മൂന്നു പതിറ്റാണ്ടിലെത്തുമ്പോഴും ഈ സിനിമയുടെ സംപ്രേഷണാവകാശമുള്ള ഏഷ്യാനെറ്റ് വൈകുന്നേരത്തെ പ്രൈം ടൈം സ്‌ക്രീനിംഗ് ഷെഡ്യൂള്‍ മണിച്ചിത്രത്താഴിനു വേണ്ടി മാറ്റിവയ്ക്കുന്നു. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഈ സിനിമ സംപ്രേഷണം ചെയ്യുമ്പോഴത്തെ വ്യൂവര്‍ഷിപ്പ് ചാനല്‍ പരിശോധിക്കാറുണ്ട്. അത് ഒരു പുതിയ ഹിറ്റ് സിനിമയുടെ ടെലിവിഷന്‍ പ്രീമിയറിനെ മറികടക്കുന്നതാണെന്നതാണ് ആസ്വാദനത്തിലെ ജനപ്രിയതയുടെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തല്‍. വര്‍ഷത്തില്‍ 10-12 തവണയെങ്കിലും ചാനലില്‍ മണിച്ചിത്രത്താഴ് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളി ആസ്വാദനശീലത്തില്‍ ഈ സിനിമ ഉണ്ടാക്കിയ ജനകീയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ മാസം കേരളീയം പരിപാടിയിലെ ചലച്ചിത്രമേളയില്‍ മണിച്ചിത്രത്താഴിന്റെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങള്‍. ഒരു സിനിമയ്ക്ക് ഒറ്റ സ്‌ക്രീനിംഗ് മാത്രം അനുവദിച്ചിരുന്ന ഈ ചലച്ചിത്ര മേളയില്‍ കാണികളുടെ ബാഹുല്യം നിമിത്തം തുടര്‍ച്ചയായി മൂന്ന് പ്രദര്‍ശനമാണ് മണിച്ചിത്രത്താഴിനായി സംഘടിപ്പിക്കേണ്ടി വന്നത്. 

വിവിധ ഘടകങ്ങളുടെ സങ്കല്‍പ്പനമായ സിനിമയുടെ എല്ലാ യൂണിറ്റുകളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ അത് ആ സിനിമയ്ക്കാകെ ഗുണം ചെയ്യുന്നു. ഇതാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചത്. അതുവരെ ഏതെങ്കിലും ഒരു സിനിമ വാണിജ്യ, കലാമൂല്യങ്ങള്‍ ഇത്രയും പരിപൂര്‍ണമായി ഒത്തിണങ്ങി എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കും വിധം ചിട്ടപ്പെടുത്തിയതായി മലയാളത്തില്‍ പുറത്തു വന്നിട്ടില്ലെന്നു പറയാം. പുതുമയുള്ള മികച്ച തിരക്കഥ, കഥപറച്ചില്‍ രീതി, സംവിധാന മികവ്, അഭിനേതാക്കളുടെ പ്രകടനം, ഗാനങ്ങള്‍ എന്നിവയെല്ലാം മണിച്ചിത്രത്താഴിനെ മികവുറ്റ സൃഷ്ടിയാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി.


ദ്വന്ദ്വവ്യക്തിത്വം എന്ന അന്നത്തെ മലയാളം സിനിമയ്ക്ക് പുതുമയുള്ള ആശയം പ്രമേയമായി ഉപയോഗിച്ചുവെന്നതായിരുന്നു മണിച്ചിത്രത്താഴിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സങ്കീര്‍ണമായ പ്രമേയത്തിന് രസകരവും എന്നാല്‍ പിരിമുറുക്കം നിലനിര്‍ത്തിയുമുള്ള അന്തരീക്ഷവും വേറിട്ട ആഖ്യാനത്തിന്റെയും മികവുറ്റ അഭിനയപ്രകടനങ്ങളുടെയും പിന്‍ബലവും നല്‍കി സങ്കീര്‍ണതയെ ലളിതമായി ചുരുളഴിക്കുകയാണ് ഫാസില്‍ മണിച്ചിത്രത്താഴില്‍ പ്രയോജനപ്പെടുത്തിയ ശൈലി. പ്രേതസിനിമ, യക്ഷിപ്പടം എന്നിങ്ങനെയുള്ള പേരുകള്‍ പറഞ്ഞുശീലിച്ച സാധാരണ മലയാളി പ്രേക്ഷകരിലേക്ക് ഭയത്തിന്റെ മാനസികാപഗ്രഥന ശൈലിയുടെ പുതിയ മാനം സന്നിവേശിപ്പിക്കുകയായിരുന്നു ഈ ചിത്രം. അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ആഖ്യാനവും കേട്ടുശീലിച്ചിട്ടില്ലാത്ത ദ്വന്ദ്വവ്യക്തിത്വം എന്ന പ്രയോഗതലത്തിന്റെ സാധ്യതയും കാണികള്‍ക്ക് പുതുമയാര്‍ന്നതായി അനുഭവപ്പെട്ടു. അതിനപ്പുറം അവരുടെ സകല ആസ്വാദന വികാരങ്ങളെയും സദാ പരിഗണിച്ചുകൊണ്ട് എഴുന്നേല്‍പ്പിക്കാതെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുന്ന ഏതോ കാന്തികശേഷി ഈ സിനിമയ്ക്കുണ്ടായിരുന്നു. ഈ കാന്തികബലം തന്നെയാണ് മൂന്നു പതിറ്റാണ്ടായിട്ടും വിട്ടുപോകാതെ ഓരോ പ്രേക്ഷകനെയും പിന്തുടരുന്നതും.

ചാത്തനേറിനെ കുറിച്ചൊരു പടം ചെയ്യാമെന്നാണ് മധു മുട്ടം ഫാസിലുമായി ആദ്യം സംസാരിക്കുന്നത്. ഇത്തരം അന്ധവിശ്വാസം പരത്തുന്ന കഥകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്നായിരുന്നു ഫാസിലിന്റെ പ്രതികരണം. എന്നാല്‍ പല നാടുകളില്‍ പല പേരുകളില്‍ പ്രചാരത്തിലുള്ള ചാത്തനേറ് പോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ് ഇതിന്റെ വലിയ പ്രചാരകരുമാകുന്നതെന്നതാണ് ഇതിലെ സവിശേഷതയെന്നും ഇത് ഒരു തരത്തിലുള്ള ദ്വന്ദ്വവ്യക്തിത്വമാണെന്നും മധു മുട്ടം പറഞ്ഞപ്പോഴാണ് ഇതിലെ സിനിമാസാധ്യത ഫാസിലിന് ബോധ്യപ്പെടുന്നത്. അതുവഴി മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മലയാളത്തിന് വ്യത്യസ്തമായ വിഷയം എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന കഥാന്തരീക്ഷത്തിലേക്ക് പറിച്ചുനടുകയായിരുന്നു ഈ സിനിമ ചെയ്തത്. 'മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും' എന്ന തന്റെ പുസ്തകത്തില്‍ ഈ സിനിമ രൂപപ്പെട്ട വഴികളെക്കുറിച്ച് ഫാസില്‍ വിശദമാക്കുന്നുണ്ട്.

ബാധ കയറല്‍, ചാത്തനേറ്, ദണ്ണെളക്കം, തുള്ളിപ്പറയല്‍, ഭഗവതി ആവേശിക്കല്‍, തെയ്യക്കോലം എന്നിങ്ങനെ കേരളത്തിലെ ഭിന്ന ഗ്രാമദേശങ്ങളില്‍ പ്രാദേശികമായി വിവിധ പേരുകളില്‍ പ്രചാരമുള്ള ദ്വന്ദ്വവ്യക്തിത്വാവാഹനങ്ങളുണ്ട്. കോലങ്ങള്‍ കെട്ടുന്നവരിലേക്ക് ദൈവം ആവേശിക്കുന്നത് ഒരു തരത്തില്‍ കുറച്ച് നേരത്തേക്കെങ്കിലുമുള്ള ദ്വന്ദ്വവ്യക്തിത്വാവേശം തന്നെയാകുന്നു. 


മൂന്നര വര്‍ഷത്തെ ആലോചനകളും ചര്‍ച്ചകളുമാണ് മണിച്ചിത്രത്താഴിനു വേണ്ടി മധു മുട്ടവും ഫാസിലും നടത്തിയത്. ചാത്തനേറ് എന്ന ഒറ്റവാക്കില്‍ മുളപൊട്ടിയ കഥാംശം പതിയെ പതിയെ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഗംഗയിലേക്കും നകുലനിലേക്കും എത്തി. മാസങ്ങള്‍ പിന്നിട്ടാണ് കാരണവരിലേക്കും തഞ്ചാവൂരില്‍ നിന്ന് വന്ന നര്‍ത്തകിയായ നാഗവല്ലിയിലേക്കും കാമുകന്‍ രാമനാഥനിലേക്കുമെല്ലാം മധു മുട്ടം എന്ന കഥാകൃത്ത് എത്തിച്ചേരുന്നത്. മധു മുട്ടത്തിന്റെ തിരക്കഥാ സ്വാംശീകരണ വേളയില്‍ ഫാസില്‍ എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് എന്നീ സിനിമകളും ചെയ്തു. വിശാലമായ കാന്‍വാസില്‍ സംഗീതം, നൃത്തം, ആര്‍ട്ട്, ഡ്രാമ, പെയിന്റിംഗ് എന്നിവയെല്ലാം വരുന്ന ഹാസ്യവും ഉദ്വേഗവുമടക്കമുള്ള സിനിമാറ്റിക് എലമെന്റുകള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന സിനിമയായിരുന്നു ഇരുവരുടെയും മനസ്സില്‍. ഇത്ര വലിയ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫാസില്‍ പിന്‍വാങ്ങിയില്ല. അദ്ദേഹം മണിച്ചിത്രത്താഴുമായി മുന്നോട്ടുപോയി. 

ഗംഗയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ ആദ്യം സൃഷ്ടിച്ചത്. മാനസിക തകര്‍ച്ച നേരിട്ട മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള കഥാപാത്രം. ഗംഗയുടെ കഥാപാത്രത്തെ പൂര്‍ത്തീകരിക്കാനായാണ് നാഗവല്ലിയെ സൃഷ്ടിച്ചത്. സമാനമായി ഗംഗയുടെ പൂര്‍വ്വകഥയും പറഞ്ഞു. ഈ പൂര്‍വ്വകാലത്തിലാണ് യക്ഷിത്തറയും പുള്ളുവന്‍പാട്ടും ദൈവക്കോലങ്ങളുമെല്ലാമുള്ള ഗംഗയുടെ ബാല്യ, കൗമാരങ്ങളെ അടയാളപ്പെടുത്തുന്നത്. ഈ ഭൂതകാലാവേശങ്ങള്‍ മാടമ്പള്ളിയിലെ വാസകാലത്തെ അനുകൂല സാഹചര്യത്തില്‍ പൊടിതട്ടിയെടുക്കുകയായിരുന്നു ഗംഗ. വ്യക്തിയുടെ ഭൂതകാലത്തിലേക്കുള്ള ഈ അന്വേഷണം പിന്നീട് പല സിനിമകളിലും ആവര്‍ത്തിക്കുന്നതായി കാണാം. ഗംഗയുടെ മലയാളം ഡബ്ബിംഗ് ഭാഗ്യലക്ഷ്മി നിര്‍വ്വഹിച്ചപ്പോള്‍ നാഗവല്ലിക്ക് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് ശബ്ദം നല്‍കിയത്.


ഡോ.സണ്ണിയായി ആദ്യം മമ്മൂട്ടിയെ പരിഗണിക്കുകയും ഹാസ്യരംഗങ്ങള്‍ ഫലിപ്പിക്കാനാകുമോ എന്ന സംശയം മോഹന്‍ലാലിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് പിന്നീട് മോഹന്‍ലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായി മാറിയെന്നത് ചരിത്രം. ഈ കഥാപാത്രത്തെ പിന്നീട് പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന സിനിമയില്‍ പുന:സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഡോ.സണ്ണിക്ക് മണിച്ചിത്രത്താഴില്‍ പുറത്തെടുക്കാനായ കരിസ്മ ഗീതാഞ്ജലിയില്‍ ആവര്‍ത്തിക്കാനായില്ല.

ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും കാണികള്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു. നെടുമുടി വേണു, തിലകന്‍, പപ്പു, കെപിഎസി ലളിത, വിനയപ്രസാദ്, ഇന്നസെന്റ്, ശ്രീധര്‍, ഗണേഷ്, സുധീഷ് തുടങ്ങി ഓരോ അഭിനേതാക്കളുടെയും കരിയറിലെ പ്രധാന കഥാപാത്രമായി ഇതിലെ വേഷം മാറി.

നിരവധി സവിശേഷതകളാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു ആന്തോളജി സിനിമ അല്ലെങ്കില്‍ കൂടി ഈയൊരു സിനിമ പല ഭാഗങ്ങളായി വ്യത്യസ്ത സംവിധായകര്‍ ഒരു സംവിധായകന്റെ നേതൃത്വത്തില്‍ ഷൂട്ട് ചെയ്തുവെന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ പുതുമയായി. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധിഖ്, ലാല്‍ എന്നിവരായിരുന്നു മണിച്ചിത്രത്താഴില്‍ ഫാസിലിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍. നാല് യൂണിറ്റുകളായി ഷൂട്ടിംഗ്. എടുക്കേണ്ട ഷോട്ടുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഫാസില്‍ നല്‍കും. സ്‌ക്രിപ്റ്റും വിഭജിച്ചു നല്‍കും. നാല് സംവിധായകര്‍ക്ക് നാല് അസിസ്റ്റന്റുമാരും ഉണ്ടായിരുന്നു. 


മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ രൂപപ്പെട്ട ആശയക്കുഴപ്പം സുരേഷ് ഗോപിയുടെ ഒറ്റ നിര്‍ദേശത്തിലാണ് ഒത്തുതീര്‍പ്പാകുന്നത്. നകുലന്‍ ജീവിക്കുകയും വേണം, കാരണവരെ കൊന്ന് നാഗവല്ലിക്ക് പക തീര്‍ക്കുകയും വേണം. രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് സുരേഷ് ഗോപി. സാങ്കേതികവിദ്യയും ഗ്രാഫിക്‌സുമൊന്നും മലയാള സിനിമയില്‍ അത്രകണ്ട് സാധാരണമല്ലാത്ത കാലത്ത് ഇത് എങ്ങനെ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കണമെന്നതില്‍ മധു മുട്ടത്തിനും ഫാസിലിനും സംശയമുണ്ടായിരുന്നു. തിരക്കഥാകാരന്റെയും സംവിധായകന്റെയും ഈ തലപുകയ്ക്കലിന് ''ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ?'' എന്ന സുരേഷ് ഗോപിയുടെ ചോദ്യമാണ് ആ വലിയ സംശയത്തിന് ഉത്തരമായത്. ആ ക്ലൈമാക്‌സ് ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നതും.

തൃപ്പൂണിത്തുറ ഹില്‍ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്‌നാട്ടിലെ വാസന്‍ ഹൗസും മണിച്ചിത്രത്താഴിനു പശ്ചാത്തലങ്ങളായി. സിനിമയില്‍ കാണുന്ന മാടമ്പള്ളി തറവാടിന്റെ പല ഭാഗങ്ങള്‍ ഈ മൂന്നു കെട്ടിടവും ചേര്‍ന്നതാണ്. സിനിമയുടെ തുടക്ക രംഗങ്ങളിലൊന്നില്‍ ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം തൃപ്പൂണിത്തുറ ഹില്‍പാലസും ക്ലൈമാക്‌സില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസന്‍ ഹൗസുമാണ്. 


മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ് എക്കാലത്തെയും ക്ലാസിക്ക് സൃഷ്ടികളിലൊന്നായ ഈ സിനിമ. മൂന്ന് പതിറ്റാണ്ടായി ഒട്ടനവധി മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ പേര് മണിച്ചിത്രത്താഴ് എന്നാണ്. ഓരോ രംഗവും സംഭാഷണവും കാണാപാഠം എന്നതുപോലെ ഒരു രംഗവും സംഭാഷണവും പാഴായിപ്പോകുന്നില്ലെന്നതും മണിച്ചിത്രത്താഴിന്റെ തിരക്കഥയുടെയും സംവിധാന മികവിന്റെയും ദൃഷ്ടാന്തമാണ്. ഗംഗ നാഗവല്ലിയായി മാറുന്നത് നകുലന്‍ കാണുന്നത്, ഗംഗ തെക്കിനിയില്‍ പ്രവേശിക്കുന്നത്, തെക്കിനിയുടെ വാതിലിനപ്പുറമിപ്പുറം നിന്ന് നാഗവല്ലിയും ഡോ. സണ്ണിയും സംസാരിക്കുന്നത്, മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് സണ്ണി വിശദമാക്കുന്നത്, ആല്‍ത്തറയിലെ അക്ഷരശ്ലോകം, സണ്ണിയും പുല്ലാറ്റുമഠം ബ്രഹ്മദത്തന്‍ നമ്പൂതിരിയും കാണുന്നത്, കാട്ടുപറമ്പന്‍ ബാധയൊഴിപ്പിക്കാനെത്തുന്നത്, ശ്രീദേവിയും ഉണ്ണിത്താനും ഭാസുരയും കാട്ടുപറമ്പനും ചന്തുവുമായുള്ള ഡോ. സണ്ണിയുടെ സംഭാഷണങ്ങള്‍ എന്നിവയെല്ലാം ആവര്‍ത്തിച്ചുള്ള കാഴ്ചയിലും കാണികളുടെ പ്രിയം കൂട്ടുന്ന സീക്വന്‍സുകളാണ്.

ഒരു സിനിമയില്‍ പാട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നതിലെ പാടവവും മണിച്ചിത്രത്താഴിന്റെ മികവേറ്റുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്. ഏറ്റവും ആവശ്യമായ വേളകളിലാണ് ഈ സിനിമയില്‍ പാട്ടുകള്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. 'പഴംതമിഴ് പാട്ടിഴയും' എന്ന പാട്ട് തന്നെയാണ് ഇതിലെ ഏറ്റവും മികച്ച ഉദാഹരണം. മാടമ്പള്ളിയിലെ അവസ്ഥ അത്യധികം സങ്കീര്‍ണമാകുകയും ശ്രീദേവിയെ മനോരോഗിയാണെന്ന് കാണിച്ച് മുറിയിലടയ്ക്കുകയും എന്നാല്‍ യഥാര്‍ഥ മനോരോഗി മറ്റൊരാളാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുകയും ചെയ്യുന്ന അത്യന്തം പിരിമുറുക്കമുള്ള പശ്ചാത്തലത്തെ സംഭാഷണങ്ങള്‍ക്കു പകരം പാട്ടിലൂടെ അതീവഹൃദ്യമായി ആവിഷ്‌കരിക്കുകയായിരുന്നു. പാട്ടിനു പകരം സംഭാഷണങ്ങളായിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ അവസ്ഥയെ ഇത്രമാത്രം നീതീകരിക്കാനായേക്കില്ല. ഓരോരുത്തരും അനുഭവിക്കുന്ന മാനസികസംഘര്‍ഷം സുവ്യക്തമായി ഈ ഗാനരംഗത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു. കല്‍ക്കട്ടയിലെ തിരക്കുകളില്‍ നിന്നു വിട്ടു മാറി മാടമ്പള്ളിയിലെ തറവാട്ടില്‍ ദിവസങ്ങള്‍ ചെലവിടുന്ന ഗംഗയുടെ ഏകാന്ത വേളകളെയും ചിന്തകളെയും പൂര്‍വ്വകാല സ്മൃതികളെയും 'വരുവാനില്ലാരുമി' എന്ന ഗാനത്തിലൂടെ സുവ്യക്തമാകുമ്പോള്‍ നാഗവല്ലിയായുള്ള ഗംഗയുടെ പകര്‍ന്നാട്ടത്തിന്റെ മൂര്‍ത്തിമത് ഭാവവും നാഗവല്ലിയില്‍ നിന്നുള്ള ഗംഗയുടെ വിടുതലിനും സിനിമയുടെ ക്ലൈമാക്‌സിലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന ഗാനം വഴിയൊരുക്കുന്നു. ഇത്തരത്തില്‍ ഒരു സിനിമയിലെ പാട്ടുകള്‍ കേന്ദ്ര കഥാംശത്തോട് ഇഴുകിച്ചേരുന്ന അവസരം തുലോം തുച്ഛമാകു


ന്നു.

മണിച്ചിത്രത്താഴിനു വേണ്ടി ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ പശ്ചാത്തല സംഗീതം പില്‍ക്കാലത്ത് നിരവധി സിനിമകളിലാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കാണികള്‍ക്ക് അത്രയേറെ പരിചിതം എന്നതുകൊണ്ടുതന്നെ ഈ പശ്ചാത്തല സംഗീതത്തിന് ലഭിക്കുന്ന കൈയടിയും സ്വീകാര്യതയും ഏറെ വലുതാണ്. ഈ ജനപ്രിയ പശ്ചാത്തലസംഗീതവും സംഭാഷണവും ഉപയോഗപ്പെടുത്തുന്ന ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയിലെ രംഗം ഇതിലെ ഒരു ഉദാഹരണമാണ്. ഭൂല്‍ ഭുലയ്യ (ഹിന്ദി), ആപ്തമിത്ര (കന്നട), രാജ്‌മൊഹല്‍ (ബംഗാളി), ചന്ദ്രമുഖി (തമിഴ്) എന്നീ റീമേക്കുകളിലൂടെ മലയാള സിനിമകളുടെ റീമേക്കിന് വലിയ സാധ്യതയുണ്ടെന്ന് ഇതരഭാഷാ ചലച്ചിത്രകാരന്മാരില്‍ ബോധ്യമുണ്ടാക്കാനും മണിച്ചിത്രത്താഴിനായി.

ഇന്ത്യന്‍ സിനിമ 100 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 2013 ല്‍ ഐബിഎന്‍ ലൈവ് നടത്തിയ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ രണ്ടാമതായി മണിച്ചിത്രത്താഴിനെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. ഇത് കേരളത്തിനു പുറത്ത് മണിച്ചിത്രത്താഴ് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ ജനപ്രിയതയുടെ തെളിവായി കണക്കാക്കാവുന്നതാണ്. ഈ വോട്ടെടുപ്പില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 100 സിനിമകളുടെ പട്ടികയാണ് ഉണ്ടായിരുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഡിസംബര്‍ 24, ഷോ റീല്‍-48

Monday, 26 February 2024

പുതുമയുള്ള ഹാസ്യം തീര്‍ത്ത എവര്‍ഗ്രീന്‍ എന്റര്‍ടെയ്‌നര്‍; പഞ്ചാബിഹൗസ്; നിറഞ്ഞ ചിരിയുടെ 25 വര്‍ഷങ്ങള്‍


25 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബറിലാണ് ഉണ്ണികൃഷ്ണനും രമണനും ഗംഗാധരന്‍ മുതലാളിയും മലയാളികള്‍ക്കിടയിലേക്ക് വരുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിത പ്രാരാബ്ധങ്ങള്‍ പറഞ്ഞ തീര്‍ത്തും സാധാരണ പ്രമേയമുള്ള ഒരു സിനിമ, അതായിരുന്നു റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസ്. അത്ര കേമപ്പെട്ട താരനിരയുമുണ്ടായിരുന്നില്ല. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിലീപ് അന്ന് സൂപ്പര്‍താര പദവിയില്‍ എത്തിയിട്ടില്ല. സിനിമയിലെ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ലോ ബജറ്റ് സിനിമകളിലെ നായക, ഉപനായക, ചെറുകിട വേഷങ്ങളുമായി കരിയറിലെ 'സര്‍വൈവല്‍' ഘട്ടത്തില്‍ ആയിരുന്നു ദിലീപ്. അതുകൊണ്ടു തന്നെ ദിലീപ് നായകവേഷത്തില്‍ വന്ന പഞ്ചാബിഹൗസ് എന്ന സിനിമയെ തുടക്കത്തില്‍ കാണികള്‍ അത്ര മുഖവിലയ്‌ക്കെടുക്കുകയുണ്ടായില്ല. ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ 1998 ലെ വന്‍കിട ഓണ സിനിമള്‍ക്കു ശേഷം തിയേറ്ററിലെത്തി സാധാരണ കളക്ഷനില്‍ തുടങ്ങിയ പഞ്ചാബിഹൗസിനെ മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. ദിലീപിന് നായകവേഷങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി പഞ്ചാബിഹൗസ്. ഒപ്പമഭിനയിച്ച ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു. കൊച്ചിന്‍ ഹനീഫയ്ക്ക് ഹാസ്യവേഷങ്ങളിലേക്കുള്ള ഉറച്ച ചുവടുമാറ്റത്തിന് ഗംഗാധരന്‍ എന്ന കഥാപാത്രം വഴിത്തിരിവായി. തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍ എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബിഹൗസില്‍ ലഭിച്ചത്.

'അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍. ജീവിതത്തില്‍ രക്ഷപ്പെടാന്‍ പല വഴികള്‍ പരീക്ഷിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. പല ബിസിനസുകള്‍ ചെയ്തു. വീട്ടില്‍ നിന്നുള്ള സഹായങ്ങള്‍ പരിധി വിട്ടപ്പോള്‍ അച്ഛനുമമ്മയും നിസ്സഹായരായി മാറി. അയാള്‍ കടം വാങ്ങിത്തുടങ്ങി. കടം വാങ്ങി ചെയ്ത ബിസിനസ്സുകളും പൊളിഞ്ഞുപോകുന്നു. കടക്കാരുടെ എണ്ണം പെരുകി. ജീവിതത്തില്‍ ഒരു തരത്തിലും രക്ഷപ്പെടുന്നില്ലെന്നു കണ്ട ചെറുപ്പക്കാരന്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നു. ജീവനൊടുക്കാന്‍ കടലില്‍ ചാടുന്ന അയാളെ ഒരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളി രക്ഷപ്പെടുത്തി മറ്റൊരു കരയില്‍ എത്തിക്കുന്നു. ജീവിക്കാന്‍ വേണ്ടി അയാള്‍ക്ക് അവിടെ മറ്റൊരു വേഷം കെട്ടേണ്ടിവരുന്നു. അത് അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു.' ഇതായിരുന്നു പഞ്ചാബിഹൗസിന്റെ വണ്‍ലൈന്‍. വിശേഷിച്ച് വലിയ കൗതുകമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രമേയം. പക്ഷേ തിയേറ്ററില്‍ എത്തിയപ്പോള്‍ അതിന് സംഭവിച്ചത് അത്ഭുതകരമായ പരിവര്‍ത്തനമായിരുന്നു. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിച്ചു. കാണികളെ തീര്‍ത്തും സന്തോഷവാന്‍മാരും തൃപ്തരുമാക്കുന്ന ആസ്വാദനമായിരുന്നു അത്. ഈ ആസ്വാദനത്തിന്റെ മൂല്യം 25 വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും കുറയാതെ അതേപടി തുടരുന്നുവെന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പഞ്ചാബിഹൗസ് എന്ന സിനിമ മലയാളി ജീവിതത്തില്‍ ഉണ്ടാക്കിയ ജനപ്രീതിയും സ്വാധീനവും അത്രകണ്ട് ചെറുതല്ലെന്ന് അനുമാനിക്കാം.


നിറഞ്ഞ ചിരിയായിരുന്നു പഞ്ചാബിഹൗസിന്റെ ആസ്വാദനത്തിനു പിന്നില്‍ വര്‍ത്തിച്ച ഘടകം. ഉണ്ണികൃഷ്ണന്‍ എന്ന പ്രാരാബ്ധക്കാരന്റെ ജീവിതത്തിന് ഒരു മെലോഡ്രാമയായി വികസിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷേ കടലില്‍ ചാടി മരണത്തിന് പിടികൊടുക്കാതെ ഉണ്ണി മറുകരയില്‍ എത്തുന്നതു മുതല്‍ ഈ സിനിമയുടെ പശ്ചാത്തലത്തിലെ വഴിമാറ്റം മറ്റൊരു തലത്തില്‍ ഉള്ള ആസ്വാദനത്തിന് പോന്നതായിരുന്നു. കാണികളില്‍ ചിരി സൃഷ്ടിക്കാനാണ് ഏറ്റവും പ്രയാസം. ഏറ്റവും പുതിയ ഹാസ്യം രൂപപ്പെടുത്തുകയെന്നത് ഹാസ്യരചനയിലെ ഏറ്റവും വലിയ വെല്ലുവിളിയും. ഇവ രണ്ടിലുമാണ് റാഫിയും മെക്കാര്‍ട്ടിനും മുഴുവന്‍ മാര്‍ക്ക് നേടുന്നത്. പഞ്ചാബിഹൗസിനു വേണ്ടി ഇരുവരും എഴുതിയ രംഗങ്ങള്‍ ഓരോന്നും പുതുമയുള്ളതായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ട് തയ്യാറാക്കിയ തിരക്കഥയില്‍ മുമ്പ് കണ്ടതോ കേട്ടതോ ആയ രംഗങ്ങളോ സംഭാഷണങ്ങളോ ഉണ്ടായിരുന്നില്ല. അതുവരെ കേള്‍ക്കാത്ത ഈ തമാശകളാണ് പ്രേക്ഷകരെ തുറന്നു ചിരിപ്പിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ട് സൃഷ്ടിച്ച മാതൃകയുടെ തുടര്‍ച്ചയാണ് റാഫിയും മെക്കാര്‍ട്ടിനും കണ്ടെത്തുന്നത്. റാംജിറാവുവില്‍ സിദ്ധിഖും ലാലും തുടക്കമിട്ടത് ഇത്തരമൊരു പുതുമയുള്ള ചിരിക്കായിരുന്നു. ആ പുതുമയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിരിയുടെ ഈ 'ഫ്രഷ്‌നെസ്' ആണ് അവര്‍ ഇന്‍ ഹരിഹര്‍ നഗറിലും ഗോഡ് ഫാദറിലും വിയറ്റ്‌നാം കോളനിയിലും കാബൂളിവാലയിലും മാന്നാര്‍ മത്തായിയിലും ഹിറ്റ്‌ലറിലും ഫ്രണ്ട്‌സിലുമെല്ലാം തുടരുന്നത്. വിജയിച്ച ഹാസ്യസിനിമകളുടെ മാതൃകയും തമാശ രംഗങ്ങളും അനുകരിക്കാനായിരിക്കും പിന്തുടര്‍ന്നു വരുന്ന മിക്ക സിനിമകളും ശ്രമിക്കുക. എന്നാല്‍ സിദ്ധിഖ്‌ലാലുമാര്‍ ഒരുമിച്ച ഓരോ സിനിമയിലും ഹാസ്യത്തില്‍ പുതുമ സൃഷ്ടിക്കാന്‍ അവര്‍ക്കായി. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പഞ്ചാബിഹൗസില്‍ ചെയ്തു വിജയിക്കുന്നതും അതാണ്. 'ഒരു തിരക്കഥ വര്‍ക്കൗട്ടാകുക' എന്ന സിനിമാ പ്രയോഗം അക്ഷരാര്‍ഥത്തില്‍ പൂര്‍ണതയിലെത്തുകയായിരുന്നു പഞ്ചാബിഹൗസിന്റെ കാര്യത്തില്‍ സംഭവിച്ചത്.

റാഫിയും മെക്കാര്‍ട്ടിനും എഴുതിവച്ച ഹാസ്യരംഗങ്ങള്‍ പൊലിപ്പിക്കാന്‍ ഒരു തരം മത്സരം തന്നെ അഭിനേതാക്കളില്‍ നിന്നുണ്ടായി. അത് ഊമയായി അഭിനയിക്കേണ്ടി വരുന്ന നായക കഥാപാത്രത്തില്‍ തുടങ്ങി പഞ്ചാബികളുടെ വീട്ടില്‍ ഉയര്‍ത്തിയ പന്തലിന്റെ ഉടമയായ മച്ചാന്‍ വര്‍ഗീസിന്റെ പാസിംഗ് കഥാപാത്രം വരെ നീണ്ടു. നായകനായ ഉണ്ണിയേക്കാള്‍ ഹാസ്യം സൃഷ്ടിക്കുന്നത് രമണനും ഗംഗാധരന്‍ മുതലാളിയും ചേര്‍ന്നാണ്. ഉണ്ണിയുടെ സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബാന്തരീക്ഷത്തിലെ പിരിമുറുക്കങ്ങളും ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നുള്ള ശോകഗാനത്തിനൊപ്പം വരുന്ന ടൈറ്റില്‍ കാര്‍ഡും അവസാനിക്കുന്നതോടെ രമണന്റെയും ഗംഗാധരന്‍ മുതലാളിയുടെയും തീരത്തെത്തുകയാണ് സിനിമ. ബോട്ട് ജെട്ടിയില്‍ ജനാര്‍ദ്ദനന്റെ പഞ്ചാബി കഥാപാത്രത്തോട് 'അതെന്താ എന്റെ കാശിന് ഒരു വിലയുമില്ലേ' എന്നു ചോദിച്ചുകൊണ്ട് ഗംഗാധരനും 'മുതലാളീ ജങ്ക ജഗ ജഗാ' എന്നു വിളിച്ചുകൂവി രമണനും തുടക്കമിടുന്ന ചിരിയല സിനിമയുടെ ക്ലൈമാക്‌സ് എത്തുവോളം തുടരുകയാണ്. തുടക്കത്തിലെയും ഒടുക്കത്തിലെയും മെലോഡ്രാമ സീക്വന്‍സുകള്‍ക്കിടയില്‍ നിറയുന്ന ഈ വലിയ ചിരിയാണ് പഞ്ചാബിഹൗസിനെ രണ്ടര പതിറ്റാണ്ടിനു ശേഷവും പുതുമയുള്ള കാഴ്ചയായി നിലനിര്‍ത്തുന്നത്. 


മലയാളികള്‍ ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ടിട്ടുള്ള സിനിമകളുടെ കൂട്ടത്തിലാണ് പഞ്ചാബി ഹൗസിന്റെ സ്ഥാനം. ടെലിവിഷന്‍ സംപ്രേഷണത്തിലും യൂ ട്യൂബ്, ഡിജിറ്റല്‍ സ്‌ക്രീനിംഗ് പ്ലാറ്റ്‌ഫോമുകളിലും ഈ സിനിമയുടെയും ഇതിലെ ഹാസ്യ രംഗങ്ങളുടെയും 'വ്യൂവേഴ്‌സ്' ലിസ്റ്റിന്റെ വിതാനം ഏറെ വലുതാണ്. തലമുറകളിലേക്ക് പ്രേഷണം ചെയ്യാന്‍ ശേഷിയുള്ള ചിരി ഈ സിനിമയുടെ സവിശേഷതയാണ്. 25 വര്‍ഷം മുമ്പ് സിനിമ ഇറങ്ങുമ്പോള്‍ കുട്ടികളായിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ പഞ്ചാബിഹൗസിന്റെ ആരാധകരാണ്. തലമുറ മാറുമ്പോള്‍ ആസ്വാദന അഭിരുചികളില്‍ മാറ്റം വരും. അപൂര്‍വ്വം സിനിമകള്‍ക്കു മാത്രമേ ഈ തലമുറ മാറ്റത്തെ അതിവര്‍ത്തിച്ച് നിലനില്‍ക്കാനുള്ള ശേഷിയുണ്ടാകൂ. വാണിജ്യ സിനിമകളുടെ കാഴ്ചക്കാരായ ഭൂരിപക്ഷ കാണികളും പിന്‍തലമുറയും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നത് ഹാസ്യസിനിമകളാണ്. അതില്‍ത്തന്നെ മേല്‍ പരാമര്‍ശിച്ച ഏറ്റവും പുതിയ ഹാസ്യരംഗങ്ങളും സംഭാഷണങ്ങളും സൃഷ്ടിച്ച സിനിമകളാണ് ഇങ്ങനെ കാലാതിവര്‍ത്തിയായി നില്‍ക്കാറ്. 

നായകനേക്കാള്‍ തിളങ്ങിയ കഥാപാത്രം എന്ന നിലയിലാണ് രമണനെ പഞ്ചാബിഹൗസ് പില്‍ക്കാലത്ത് പ്രതിഷ്ഠിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെ കള്‍ട്ട് സ്റ്റാറ്റസില്‍ നിലനിര്‍ത്തുന്നതില്‍ ഈ കഥാപാത്രത്തിനുള്ള പങ്കും ചെറുതല്ല. പഞ്ചാബിഹൗസ് എന്നു കേള്‍ക്കുമ്പോഴേ ഭൂരിഭാഗം പ്രേക്ഷകരും ഒരു നിറഞ്ഞ ചിരിയോടെ ഓര്‍മ്മിക്കുന്നത് രമണന്‍ എന്ന കഥാപാത്രത്തെയായിരിക്കും. രമണന്‍ ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനുമൊപ്പം തീര്‍ക്കുന്ന ചിരിയാണ് ഈ സിനിമയുടെ നട്ടെല്ല്. അത്ര സ്വാധീനവും ജനകീയവുമാണ് രമണന്‍ സൃഷ്ടിച്ച ചിരി. അത്യപൂര്‍വ്വമായി മാത്രമായിരിക്കും ഇത്തരം പാത്രസൃഷ്ടികള്‍ സംഭവിക്കാറ്. കഥാപാത്ര സൃഷ്ടി നടത്തുന്ന വേളയില്‍ തിരക്കഥാകാരന് അഭിനേതാവിന്റെ പ്രകടനസാധ്യതയെക്കുറിച്ച് പലപ്പോഴും പൂര്‍ണബോധ്യമുണ്ടാവാന്‍ ഇടയില്ല. ക്യാമറയ്ക്കു മുന്നിലായിരിക്കും തിരക്കഥാകാരന്‍ സൃഷ്ടിച്ച കഥാപാത്രം പൂര്‍ണത പ്രാപിക്കുന്നത്. രമണനിലേക്ക് ഹരിശ്രീ അശോകന്‍ പരകാശപ്രവേശം നടത്തുമ്പോഴാണ് ഇത്രയും തുറന്ന പ്രകടനം സാധ്യമാകുന്നത്. ഒരു അഭിനേതാവിന് തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും ഇത്രകണ്ട് തുറന്ന ഇടപെടല്‍ സാധ്യമായേക്കില്ല. അത് സാധ്യമാകുന്നവയെ ആണ് മാസ്റ്റര്‍പീസ് ആയി പില്‍ക്കാലത്ത് വിലയിരുത്തപ്പെടുന്നത്. രമണന്‍ അത്തരത്തിലൊന്നാണ്. രമണന്‍ സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷത്തിലും ഒരു ചിരിക്ക് സാധ്യതയുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ രമണന്റെ പ്രകടനത്തിന് കൂട്ടു നില്‍ക്കേണ്ട ഉത്തരവാദിത്തമായിരുന്നു ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനും ഉത്തമനുമെല്ലാം ഉണ്ടായിരുന്നത്. റാഫിയും മെക്കാര്‍ട്ടിനും കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത് പകര്‍ത്തുകയാണ് താന്‍ ചെയ്തതെന്നും സംവിധായകര്‍ കഥാപാത്രത്തെ ഇങ്ങനെ വ്യക്തമായ രൂപരേഖ നല്‍കുന്നത് പ്രകടനത്തിന് ഗുണം ചെയ്യുമെന്നും രമണന്റെ വിജയം അതായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞിട്ടുണ്ട്.


പഞ്ചാബിഹൗസും രമണനും മലയാളി ജീവിതത്തിലേക്ക് സംഭാവന ചെയ്ത ശൈലികളും പ്രയോഗങ്ങളും ഭാവങ്ങളുമുണ്ട്. 'മുതലാളീ' എന്ന വിളിക്ക് ഒന്നിലേറെ പ്രകടന, പ്രയോഗ സാധ്യതകള്‍ നല്‍കുന്നത് രമണനാണ്. പഞ്ചാബിഹൗസ് റിലീസ് ചെയ്ത് 25 വര്‍ഷം പിന്നിടുമ്പോള്‍ രമണന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലെയും മീമുകളിലെയും പ്രധാന മുഖമാണ്. ഈ കഥാപാത്രത്തിന്റെ അപാരമായ ജനപ്രിയതയെ തുടര്‍ന്നാണ് റാഫി തന്റെ ചിത്രമായ റോള്‍ മോഡല്‍സില്‍ (2017) രമണനെ വീണ്ടും അവതരിപ്പിക്കുന്നത്. 'നിങ്ങളിലാര്‍ക്കാ നന്നായി തുണിയലക്കാന്‍ കഴിയുന്നത്, ഷൂ പോളിഷ് ചെയ്യാന്‍ കഴിയുന്നത്' എന്നീ പഞ്ചാബിഹൗസിലെ പ്രയോഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ''ജബ ജബ, അതും പറഞ്ഞ് നീ വിശ്രമിക്കാണോ, എന്താടാ ഒരു സൈഡ് വലിവ്, ഈ ഗുളുക്കൂസ് കുപ്പിയാണേ സത്യം, ആ വെറുതെയല്ലാ മിലിട്ടറിയാണ് ഇല്ലാത്ത വെടിയൊച്ചയൊക്കെ കേള്‍ക്കും, കല്ലാസ് അല്ല കള്ളാസ്, മരിച്ചുപോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട്, സ്ലോ മോഷനില്‍ വീഴാന്‍ എനിക്കറിയില്ല സിസ്റ്റര്‍, പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി, എനിക്ക് വേണ്ടി രമണന്‍ ഗോദായിലിറങ്ങും, എല്ലാ മാസവും രണ്ടാം തീയതിയുണ്ടല്ലോ, കല്യാണ ദിവസം കല്യാണം മുടങ്ങ്വാന്നു പറഞ്ഞാല്‍ അന്നുണ്ടാക്കിയ ബിരിയാണിയൊക്കെ എന്തു ചെയ്യും, അതായത് ഉത്തമാ, ഇല്ല ഇല്ല എല്ലാം മനസ്സിലായി, സീരിയസായിട്ടാണോ എങ്കില്‍ കൊള്ളാം ഒരു മാതിരി തമാശ എനിക്ക് ഇഷ്ടമല്ല, വെട്ടൂര് ചോദിക്ക് മുതലാളി' തുടങ്ങി ഈ സിനിമയില്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയ സംഭാഷണങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു സിനിമയില്‍ ഹാസ്യരംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ഇത്രയും ധാരാളിത്തം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഒരു വര്‍ഷത്തോളമെടുത്താണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍ പഞ്ചാബിഹൗസിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി ഊമ കഥാപാത്രമാണ് ആദ്യം രൂപപ്പെട്ടത്. അത് വികസിപ്പിച്ചപ്പോള്‍ മോഹന്‍ലാലായിരുന്നു ഇരുവരുടെയും മനസ്സില്‍. പിന്നീട് ഇപ്പോഴത്തെ കഥാഘടന രൂപപ്പെട്ടപ്പോള്‍ ജയറാമിനെ ആയിരുന്നു നായക കഥാപാത്രമായി കണ്ടത്. റാഫിമെക്കാര്‍ട്ടിന്റെ മുന്‍ചിത്രമായ പുതുക്കോട്ടയിലെ പുതുമണവാളനില്‍ ജയറാമായിരുന്നു നായകന്‍. അന്നത്തെ ജയറാമിന്റെ താരമൂല്യവും അനായാസേന ഹാസ്യം കൈകാര്യം ചെയ്യാനുള്ള മികവും കാരണം പ്രഥമ പരിഗണന അദ്ദേഹത്തിനു തന്നെയായിരുന്നു. എന്നാല്‍ ജയറാമിന്റെ ശരീരഘടന ഉണ്ണിയെന്ന കഥാപാത്രത്തിന് അനുയോജ്യമാണോയെന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. വലിയ ശരീരമുളളവരും കായികശേഷിയുള്ളവരുമായ പഞ്ചാബികള്‍ക്കിടയില്‍പ്പെട്ട് പോവുന്ന കഥാപാത്രമാണ് ഉണ്ണി. ദുര്‍ബലമായ ശരീരമായിരിക്കണം. ഇതോടെയാണ് ഈ കഥാപാത്രം ദിലീപിലേക്ക് എത്തുന്നത്. ജയറാമിനു പുറമേ ജഗതി, ഇന്നസെന്റ്, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായി കണ്ടിരുന്നത്. ഇവരെല്ലാം തിരക്കുകളാലും മറ്റു സിനിമകളുടെ ഭാഗമാകേണ്ടി വന്നതിനാലും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, മോഹിനി, ജോമോള്‍ എന്നിവര്‍ പകരം വരികയായിരുന്നു. 


ചിത്രത്തിനായി രണ്ട് ക്ലൈമാക്സുകള്‍ എഴുതിയിരുന്നു. ആദ്യത്തേത് ഉണ്ണി പൂജയ്ക്കൊപ്പം താമസിക്കുന്നതും രണ്ടാമത്തേത് സുജാതയ്ക്കൊപ്പം പോകുന്നതുമാണ്. രണ്ട് ക്ലൈമാക്സുകളും സിനിമയുടെ യൂണിറ്റിലെ വനിതാ അംഗങ്ങളോട് വിവരിക്കുകയും ക്ലൈമാക്‌സ് തെരഞ്ഞെടുക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ വോട്ട് ചെയ്ത് ആദ്യ ക്ലൈമാക്‌സ് തിരഞ്ഞെടുത്തു. 1998 സെപ്തംബര്‍ നാലിന് ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹരികൃഷ്ണന്‍സും സമ്മര്‍ ഇന്‍ ബത്‌ലഹേമും ഉള്‍പ്പെടെയുള്ള പ്രധാന സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യേണ്ടി വരുമെന്നതിനാല്‍ റിലീസ് മാറ്റിവച്ചു. 

ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തെ പൈറസിയില്‍ നിന്ന് സംരക്ഷിക്കാന്‍ നിര്‍മ്മാതാവായ സാഗ അപ്പച്ചന്‍ റീലുകള്‍ റിലീസ് വരെ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്തത്. ഓണച്ചിത്രങ്ങളുടെ തിരക്കിന് ശേഷം സെപ്തംബര്‍ 25 ന് 27 തീയേറ്ററുകളില്‍ പഞ്ചാബിഹൗസ് റിലീസ് ചെയ്തു. ആറ് തീയറ്ററുകളില്‍ 100 ദിവസം ഓടിയ ചിത്രം ബി, സി ക്ലാസുകളിലും മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഹിന്ദിയില്‍ ചുപ് ചുപ് കേ എന്ന പേരില്‍ പ്രിയദര്‍ശനും തെലുങ്കില്‍ മാ ബാലാജി എന്ന പേരില്‍ കോടി രാമകൃഷ്ണയും പഞ്ചാബിഹൗസ് റീമേക്ക് ചെയ്തു. മലയാളത്തിലെ അതേ പേരിലായിരുന്നു കന്നഡയില്‍ റീമേക്ക് ചെയ്തത്.

പ്രേക്ഷകര്‍ അത്രമാത്രം ആസ്വദിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം പലതവണ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന് മെക്കാര്‍ട്ടിന്‍ പിന്നീട് വ്യക്തമാക്കി. വിജയ സിനിമകളുടെ രണ്ടാംഭാഗം ഒരുക്കുന്നത് ട്രെന്‍ഡ് ആയിരുന്ന സമയത്ത് പഞ്ചാബിഹൗസിന്റെ തുടര്‍ച്ച ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നെങ്കിലും അത് നിരസിച്ചതായി മെക്കാര്‍ട്ടിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥയ്ക്ക് വ്യക്തമായ ഒരു അന്ത്യം സിനിമ നല്‍കിയിട്ടുണ്ടെന്നും അതിനപ്പുറം പഞ്ചാബിഹൗസിനെ പുന:സൃഷ്ടിക്കുന്നത് ശരിയല്ലെന്നുമാണ് മെക്കാര്‍ട്ടിന്‍ പറഞ്ഞുവച്ചത്. പ്രേക്ഷകരെ അത്രയധികം രസിപ്പിച്ച ഒരു ചിത്രത്തിന്റെ കാര്യത്തില്‍ അതുതന്നെയാണ് ശരി. അത് പൂര്‍ണതയുള്ള ഒരു എന്റര്‍ടെയ്‌നര്‍ ആയിരുന്നു. അത് അങ്ങനെ തന്നെ എല്ലാകാലവും നിലനില്‍ക്കും.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഒക്ടോബര്‍ 28, ഷോ റീല്‍-47

Thursday, 22 February 2024

സൂപ്പര്‍താരങ്ങളുടെ ഒരുമിക്കല്‍. ഇരട്ട ക്ലൈമാക്‌സ്, താരാരാധന, ഫാന്‍ ഫൈറ്റ്, ഫാന്‍സ് അസോസിയേഷനുകളുടെ വളര്‍ച്ച- ഹരികൃഷ്ണന്‍സിന്റെ 25 വര്‍ഷങ്ങള്‍


1981 ല്‍ ശങ്കര്‍ നായകനായ ഊതിക്കാച്ചിയ പൊന്നില്‍ തുടങ്ങി 1988 ല്‍ ഡെന്നീസ് ജോസഫിന്റെ മനു അങ്കിള്‍ വരെ 45 സിനിമകളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടത്. തുടക്കകാലത്ത് മറ്റു നായകന്‍മാരുടെ സിനിമകളിലെ ചെറിയ വേഷങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചിരുന്നത്. സോളോ നായകന്‍മാരായി സിനിമകള്‍ ലഭിച്ചു തുടങ്ങുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ശേഷം 1984 ല്‍ അതിരാത്രം, അടിയൊഴുക്കുകള്‍ തുടങ്ങിയ ഐ.വി ശശി സിനിമകളിലൂടെയാണ് ഇരുവരും നായകതുല്യ കഥാപാത്രങ്ങളായി മുഖാമുഖമെത്തുന്നത്. വലിയ വിജയങ്ങളായിരുന്ന ഈ സിനിമകള്‍ക്കു ശേഷം രണ്ട് നായകന്‍മാര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിരവധി സിനിമകളാണ് നിര്‍മ്മിക്കപ്പെട്ടത്. അനുബന്ധം, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, വാര്‍ത്ത, കരിയിലക്കാറ്റുപോലെ, അടിമകള്‍ ഉടമകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയങ്ങളാണ്.

കുട്ടികളുടെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മനു അങ്കിളില്‍ മമ്മൂട്ടി നായകതുല്യ വേഷവും മോഹന്‍ലാല്‍ കാമിയോ വേഷത്തിലുമാണ് എത്തിയത്. കുട്ടികളുടെ ചിത്രമാണെങ്കിലും രണ്ട് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കൊണ്ടു കൂടിയാണ് മനു അങ്കിള്‍ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. 1980 കളുടെ അവസാന പാദത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച വേള കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ ഇവരില്‍ ഒരാള്‍ നായകനായ സിനിമയില്‍ മറ്റൊരാളുടെ അതിഥി വേഷത്തിലൂടെയുള്ള സാന്നിധ്യത്തിനു കൂടി വലിയ പ്രസക്തിയും ആകര്‍ഷണവും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ നായകനായ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധേയവും സിനിമ വലിയ വിജയം നേടുന്നതില്‍ നിര്‍ണായകവുമായിരുന്നു. ഗാന്ധി നഗറിലെയും മനു അങ്കിളിലെയും ശ്രദ്ധേയമായ അതിഥി വേഷങ്ങള്‍ക്കു ശേഷം 1990 ല്‍ ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയിലില്‍ ആയിരുന്നു രണ്ടു താരങ്ങളും വീണ്ടും ഒരുമിച്ചെത്തിയത്. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ മമ്മൂട്ടി സിനിമാനടന്‍ മമ്മൂട്ടി ആയിത്തന്നെയാണ് എത്തിയതെന്നതും മറ്റൊരു സവിശേഷത.

ഇരുവരുടെയും താരപദവിയെയും അഭിനയമികവിനെയും ചൂഷണം ചെയ്യുന്ന നിരവധി സിനിമകളാണ് 1990 കളില്‍ പുറത്തുവന്നത്. മലയാള സിനിമയിലെ അനിഷേധ്യരായ സൂപ്പര്‍താര സാന്നിധ്യങ്ങളെന്ന നിലയില്‍ ഇരുവരും വളര്‍ന്നതോടെ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഏകനായക ഇമേജിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. അത്തരത്തിലുള്ള സിനിമകളാണ് ഇരുവര്‍ക്കും വേണ്ടി കൂടുതല്‍ എഴുതപ്പെട്ടതും. അതുകൊണ്ടു തന്നെ ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ പിന്നീടുള്ള കുറേ വര്‍ഷങ്ങളില്‍ കാണികള്‍ക്കായില്ല. 1998 ല്‍ ഹരികൃഷ്ണന്‍സ് പ്രദര്‍ശനത്തിനെത്തുന്നതു വരെ. ഇക്കാലയളവില്‍ ഇരുവരുടെയും സൂപ്പര്‍സ്റ്റാര്‍ഡവും ആരാധകവൃന്ദവും പതിന്‍മടങ്ങ് വലുതാകുകയും ചെയ്തു. അതിനാല്‍ തന്നെ ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ സിനിമയിലൂടെ ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് സിനിമാ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ആകാംക്ഷയും ആവേശവുമാണ് സൃഷ്ടിക്കാനായത്. ഒരുപക്ഷേ അതുവരെ ഒരു മലയാള സിനിമയുടെ റിലീസിനു വേണ്ടിയും ഇത്രകണ്ട് വലിയ കാത്തിരിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നു പറയാനാകും.


1998 ലെ ഓണക്കാലത്ത് സെപ്റ്റംബര്‍ നാലിനായിരുന്നു ഹരികൃഷ്ണന്‍സിന്റെ റിലീസ്. ആവേശത്തോടെയുള്ള കാത്തിരിപ്പിന്റെ ഓളം സിനിമയുടെ റിലീസ് ദിവസങ്ങളിലും ഉണ്ടായിരുന്നു. വലിയ തള്ളിക്കയറ്റമാണ് ആദ്യനാളുകളില്‍ ഈ ചിത്രത്തിനുണ്ടായത്. ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഹരികൃഷ്ണന്‍സിനായി. പ്രമേയപരമായി വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ, ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ രണ്ട് സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്നു എന്നതു തന്നെയായിരുന്നു ഹരികൃഷ്ണന്‍സിന്റെ ആകര്‍ഷണം. ഹരിയും കൃഷ്ണനും ചേര്‍ന്നുള്ള ഹരികൃഷ്ണന്‍സ് അസോസിയേറ്റ്‌സ് ചുരുളഴിക്കുന്ന കൊലപാതക കേസ് എന്ന കേന്ദ്ര പ്രമേയത്തേക്കാള്‍ ഇരുവരുടെയും കോമ്പോ സീനുകളിലെ കൗതുകങ്ങളും രസങ്ങളുമാണ് പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചതും അവരെ ആകര്‍ഷിച്ചതും. ഈ അര്‍ഥത്തില്‍ ഒരു കുറ്റാന്വേഷണ സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നു വേണം കരുതാന്‍.

സിനിമയ്ക്ക് നായകന്‍മാരുടെ പേര് നല്‍കിയതു മുതല്‍ തുല്യ പ്രാധാന്യത്തിനു വേണ്ടി സിനിമ ശ്രദ്ധിച്ചിരുന്നു. മോഹന്‍ലാലിന്റെ നിര്‍മ്മാണ  കമ്പനിയായ പ്രണവ് ആര്‍ട്‌സിനു വേണ്ടി ആലോചിച്ച സിനിമയാണ് രണ്ടു താരങ്ങളെയും ഒരുമിച്ച് അഭിനയിപ്പിക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചത്. കഥയിലെ സംഭാഷണങ്ങള്‍ ഇരു താരങ്ങള്‍ക്കും വിഭജിച്ചു നല്‍കുകയും അതനുസരിച്ച് സീനുകളും സ്‌ക്രീന്‍ സ്‌പേസും നിശ്ചയിക്കുകയും ചെയ്തു. അതിനു മുമ്പ് ഇരു താരങ്ങളും ഒരുമിച്ചെത്തിയ സിനിമകളിലെല്ലാം എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങള്‍ മാത്രമായി ഇവര്‍ ക്യാമറയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ ഹരികൃഷ്ണന്‍സില്‍ താരങ്ങള്‍ക്ക് പ്രാധാന്യം കുറയാത്ത വിധത്തില്‍ തിരക്കഥയെ ചിട്ടപ്പെടുത്തേണ്ടി വന്നു. താരങ്ങള്‍ക്ക് അനുസൃതമായി തിരക്കഥ മെനയുകയും തിരക്കഥയേക്കാള്‍ താരങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവണതയ്ക്കും ഹരികൃഷ്ണന്‍സ് തുടക്കമിടുകയായിരുന്നു. ആര്‍ക്കും പ്രാധാന്യം കുറയുകയോ കൂടുകയോ ചെയ്യരുതെന്ന നിഷ്‌കര്‍ഷ വച്ചു പുലര്‍ത്തിയാണ് ഫാസില്‍ ഹരികൃഷ്ണന്‍സ് ഒരുക്കിയത്. ഇത് വലിയ വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളിയാണ് ചിത്രത്തിലെ നായികയെ ആരു സ്വന്തമാക്കുമെന്നതിലേക്കും ഇരട്ട ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലെ പുതിയ ആശയത്തിലേക്കും എത്തിക്കുന്നത് എഴുതിവച്ച തിരക്കഥ പ്രകാരം ചിത്രീകരിക്കുന്ന ഒരു സാധാരണ സിനിമയെ സംബന്ധിച്ച് സംഭവിക്കാനിടയില്ലാത്ത ആശയക്കുഴപ്പമാണ് ഹരികൃഷ്ണന്‍സിന്റെ ക്ലൈമാക്‌സിലും റിലീസിനു ശേഷവും ഉണ്ടായത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ ജൂഹി ചൗളയുടെ മീര എന്ന നായിക ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നതും മോഹന്‍ലാലിന്റെ കൃഷ്ണനെ മീര ജീവിതപങ്കാളിയാക്കുന്നതുമായ രണ്ട് ക്ലൈമാക്‌സുകളാണ് ചിത്രീകരിച്ചത്. ഈ ക്ലൈമാക്‌സുകള്‍ വ്യത്യസ്ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും സിനിമയുടെ അണിയറക്കാരിലെ ആശയക്കുഴപ്പം പ്രേക്ഷകരിലേക്ക് വ്യാപിക്കുകയും ചെയ്തു. നിയമാനുമതി ലഭിച്ച ക്ലൈമാക്‌സ് മാത്രം പിന്നീട് പ്രദര്‍ശിപ്പിച്ചാണ് പിന്നീട് വിവാദം വഴിമാറ്റിയത്. 


സൂപ്പര്‍താരങ്ങളുടെ ഒരുമിക്കലെന്ന കൗതുകത്തിനും വിവാദങ്ങള്‍ക്കുമിടെ മികച്ച പ്രദര്‍ശനവിജയം നേടാന്‍ ഹരികൃഷ്ണന്‍സിനായി. ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ആറാം തമ്പുരാന്‍ തൊട്ടു മുന്‍ വര്‍ഷം തീര്‍ത്ത റെക്കോര്‍ഡ് ഹരികൃഷ്ണന്‍സ് തകര്‍ത്തു. 32 പ്രിന്റുകളില്‍ റിലീസ് ചെയ്ത ഈ സിനിമ ബി, സി ക്ലാസുകളിലും മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ബോളിവുഡിലെ താരറാണി ജൂഹി ചൗള മലയാളത്തില്‍ അഭിനയിക്കുന്നു, അനിയത്തിപ്രാവിലൂടെ കേരളത്തില്‍ തരംഗമായ കുഞ്ചാക്കോ ബോബന്റെ സാന്നിധ്യം, ഇടവേളയ്ക്കു ശേഷം ബേബി ശ്യാമിലിയുടെ തിരിച്ചുവരവ് തുടങ്ങി ഹരികൃഷ്ണന്‍സിന്റെ ആകര്‍ഷണങ്ങള്‍ വേറെയുമുണ്ടായിരുന്നു. പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍, പൂജാബിംബം മിഴിതുറന്നു, സമയമിതപൂര്‍വ്വ സായാഹ്നം, പൊന്നേ പൊന്നമ്പിളി, മിന്നല്‍ കൈവള ചാര്‍ത്തി തുടങ്ങിയ പാട്ടുകള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും പ്രബലമായിരുന്ന ഫാന്‍സ് അസോസിയേഷന്‍ സംസ്‌കാരം കേരളത്തിലേക്ക് പടര്‍ത്തുന്നതില്‍ ഹരികൃഷ്ണന്‍സ് വഹിച്ച പങ്ക് ചെറുതല്ല. അതിനു മുമ്പും മറ്റ് സിനിമകള്‍ക്ക് ലഭിക്കാത്ത വരവേല്‍പ്പും ആരവവും സൂപ്പര്‍താര സിനിമകള്‍ നേടിയിരുന്നെങ്കിലും 'ഫാന്‍ ഫൈറ്റ്' എന്ന രീതിയിലേക്ക് അത് വളര്‍ന്നിരുന്നില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരായിരുന്നു തൊണ്ണൂറുകളില്‍ മലയാളത്തില്‍ സൂപ്പര്‍താര പദവികളില്‍ അവരോധിക്കപ്പെട്ടിരുന്നത്. ഇൗ നാല് താരങ്ങള്‍ക്കും മികച്ച ഫാന്‍ ബേസും ഉണ്ടായിരുന്നു. ഹരികൃഷണന്‍സിനൊപ്പം റിലീസ് ചെയ്ത സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ സുരേഷ് ഗോപിയും ജയറാമുമായിരുന്നു നായകന്മാര്‍.  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തലപ്പൊക്കമില്ലാത്ത ഈ സൂപ്പര്‍താരങ്ങളുടെ ചിത്രം വിവാദങ്ങളും ഫാന്‍ ഫൈറ്റുമില്ലാതെ തന്നെ വന്‍വിജയം നേടിയാണ് ശ്രദ്ധേയമായത്. എന്നാല്‍ ഹരികൃഷ്ണന്‍സിനെ തുടര്‍ന്ന് പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ക്ക് ആരാധകരെ കൂടി തൃപ്തിപ്പെടുത്തി വേണം മുന്നോട്ടുപോകാന്‍ എന്ന സ്ഥിതി കൈവന്നു. 2000 ത്തിന്റെ ആദ്യ മാസത്തില്‍ ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രമായ നരസിംഹവും, ഓണക്കാലത്ത് ഷാജികൈലാസ്-മമ്മൂട്ടി ചിത്രമായ വല്ല്യേട്ടനും റിലീസ് ചെയ്തതോടെ താരാരാധന സംസ്‌കാരം കേരളത്തില്‍ പ്രബലമായി. ഫാന്‍സ് അസോസിയേഷനുകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ഫാന്‍ ഫൈറ്റിലും ഈ രണ്ടു സിനിമകളും നിര്‍ണായകമായി.


നരസിംഹത്തിന്റെ റിലീസ് വേളയില്‍ അനുഭവപ്പെട്ട അഭൂതപൂര്‍വ്വമായ ജനത്തിരക്ക് കേരളത്തിലെ തിയേറ്റര്‍ റിലീസ് രീതി വിപുലപ്പെടുത്തുന്നതിലേക്കു കൂടി വഴിവച്ചു. ഈ സിനിമയോടെ മോഹന്‍ലാലിന്റെ താരപരിവേഷം കൂടുതല്‍ വളരുകയും അമാനുഷിക നായക സങ്കല്‍പ്പത്തിലേക്കും സൃഷ്ടികളിലേക്കും മലയാള സിനിമ മാറുകയും ചെയ്തു. ഇത് താരാരാധകരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരുന്നു. നരസിംഹത്തിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മോഹന്‍ലാലിന് വേണ്ടി എഴുതപ്പെട്ടതും അദ്ദേഹം അഭിനയിച്ചതുമായ ഭൂരിഭാഗം സിനിമകളും അമാനുഷിക നായക ബിംബങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. ഇതിന് ബദലെന്നോളം മമ്മൂട്ടിയും വീരാരാധന കഥാപാത്രങ്ങളുടെ പിറകേ പോയി. ഫലത്തില്‍ ഇരുവരുടെയും അഭിനയപ്രതിഭയെ ചൂഷണം ചെയ്യുന്ന സിനിമകള്‍ ഈ കാലയളവില്‍ കുറയുകയും ചെയ്തു. അതിമാനുഷ നായകനല്ലാത്ത പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ മടിച്ചതോടു കൂടി ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ദേവദൂതന്‍ ഉള്‍പ്പെടെ പല മികച്ച സിനിമകളും തിയേറ്ററില്‍ പരാജയപ്പെടുന്നതും കണ്ടു. ഇത്തരം സിനിമകളുടെ പരാജയം വീണ്ടും അമാനുഷിക വേഷങ്ങള്‍ ചെയ്യാന്‍ നായക നടന്മാരെ നിര്‍ബന്ധിതരാക്കി. 

ഹരികൃഷ്ണന്‍സില്‍ തുടങ്ങി ഒന്നര പതിറ്റാണ്ടോളം രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തില്‍ സജീവമായിരുന്നു. താരങ്ങളുടെ പ്രധാന സിനിമകളുടെ റിലീസ് വേളയില്‍ തിയേറ്റര്‍ പരിസരം ഫ്‌ളക്‌സുകളും തോരണവും കൊണ്ട് അലങ്കരിക്കുന്നതു മുതല്‍ ബാന്റ് മേളവും പാലഭിഷേകവും വരെ കേരളം ഇക്കാലയളവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടമെടുത്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ സിനിമ കുറേക്കൂടി റിയലിസ്റ്റിക്ക് പാതയിലേക്ക് മാറുകയും വീരാരാധന കുറയുകയും യുവതാരങ്ങള്‍ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് ഇത്തരം പ്രവണതകള്‍ക്ക് തെല്ല് ആക്കം കുറഞ്ഞത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഒക്ടോബര്‍ 1, ഷോ റീല്‍-46

Sunday, 18 February 2024

ചുരുട്ടു വലിക്കുന്ന നായകന്മാരുടെ ഏക എതിരി ; മാന്ത്രികത്തിലെ ജിപ്‌സിയില്‍ നിന്ന് ജയിലറിലെ വര്‍മ്മനിലേക്കെത്തുന്ന വിനായകന്‍


1995 ല്‍ തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ സിനിമയായ മാന്തികത്തില്‍ മൈക്കല്‍ ജാക്‌സനെ അനുസ്മരിപ്പിക്കുന്ന ചുവടുകളോടെ ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം. മലയാളത്തില്‍ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു മാന്ത്രികം. കൊച്ചിയില്‍ ബ്ലാക്ക് മെര്‍ക്കുറി എന്ന ഡാന്‍സ് ട്രൂപ്പും ഫയര്‍ ഡാന്‍സുമായി കഴിയവേയാണ് മാന്ത്രികത്തിലെ ചെറുവേഷം വിനായകന് ലഭിക്കുന്നത്. ഓര്‍ത്തിരിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നില്ല ഈ കഥാപാത്രത്തിന്. ഡാന്‍സിലേക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടുകളിലേക്കും അയാള്‍ തിരിച്ചുപോയി. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം വിനായകന് സിനിമയില്‍ നിന്നും വീണ്ടും വിളിയെത്തി. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക്. പിന്നീട് സ്റ്റോപ്പ് വയലന്‍സ്, വെള്ളിത്തിര, ചതിക്കാത്ത ചന്തു, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ബിഗ് ബി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ വിനായകനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

വിനായകന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ സിനിമയിലെ നായകനായ മോഹന്‍ലാലിനെ സംബന്ധിച്ച് 1995 കരിയറില്‍ സുപ്രധാന വര്‍ഷമായിരുന്നു. മാന്ത്രികത്തിന്റെ വന്‍ വിജയത്തിനു പുറമേ സ്ഫടികം പോലൊരു നിത്യഹരിത സിനിമയും മോഹന്‍ലാലിനായി ആ വര്‍ഷം പിറവി കൊണ്ടു. അതേ വര്‍ഷം തൊട്ടയല്‍പക്കത്ത് ബാഷയിലൂടെ രജനീകാന്ത് തന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഇന്ത്യന്‍ സിനിമയിലാകമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷറോഫിന് രംഗീലയിലൂടെ താരപദവി മറ്റൊരു തലത്തിലേക്ക് ഉയര്‍ന്ന വര്‍ഷമായിരുന്നു 1995. ഈ വര്‍ഷം തന്നെയാണ് കന്നടനാട്ടില്‍ ശിവ രാജ്കുമാര്‍ ഓം എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.


28 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്ഫടികവും ബാഷയും രംഗീലയും ഓമും ഇക്കാലയളവില്‍ കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തി. ഈ സൂപ്പര്‍താരങ്ങളുടെ മൂല്യം അതത് ഭാഷാ പരിധിയും വിട്ട് ഏറെ വളര്‍ന്നു. അറുപത് പിന്നിട്ടിട്ടും അവരുടെ താരമൂല്യത്തിന് ഒട്ടും ഇടിവ് വന്നില്ല. ഈ നാലു നായകന്‍മാരും ഭാഗമായ ഒരു സിനിമയില്‍ അവരുടെയെല്ലാം ഏക പ്രതിനായകന്‍ എന്ന നിലയിലേക്ക് ആ പഴയ ജിപ്‌സി ഡാന്‍സര്‍ വളരുന്നിടത്താണ് ഒരു നടന്റെ കരിയര്‍ ഗ്രാഫ് ഔന്നത്യത്തിലെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിജയ സിനിമകളിലൊന്നില്‍ നായകനോളം കൈയടി നേടുന്ന പ്രതിനായകന്‍ എന്ന തലത്തിലാണ് വിനായകന്‍ എന്ന മലയാളി നടന്‍ എത്തിനില്‍ക്കുന്നത്. ജയിലര്‍ സിനിമയിലെ വര്‍മ്മന്‍ എന്ന ഈ ഒറ്റ കഥാപാത്രം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിന്റെയും പ്രേക്ഷകരുടെയും സെര്‍ച്ചില്‍ ട്രെന്‍ഡിംഗില്‍ എത്താനും വിനായകനായി.

ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് ജയിലറില്‍ വിനായകന്റേത്. ഇതര ഭാഷകളില്‍ നായക സാന്നിധ്യമായും പ്രതിനായകനായും മലയാള നടന്‍മാര്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ റിലീസിനു ശേഷം ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് ഒരു നടനെക്കുറിച്ച് ഇവ്വിധമൊരു വ്യാപക അന്വേഷണം ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഏതു ഭാഷാ സിനിമയ്ക്കും ഇണങ്ങുന്ന ടൂള്‍ ആണ് വിനായകനിലെ നടന ശരീരമെന്നതാണ് ഈയൊരു അംഗീകാരത്തിന് പിന്നില്‍. മോടി കൂടിയ താരശരീരമല്ല, ഒരു സാധാരണ മനുഷ്യന്റെ ശരീരത്തെ സിനിമയിലെ കഥാപാത്രത്തിനായി സ്‌ക്രീനില്‍ ഏതു വിധം പ്രയോജനപ്പെടുത്താം എന്നതിന് പൂര്‍ണത നല്‍കുന്ന ചില അഭിനേതാക്കളുണ്ട്. സിനിമ അനുവര്‍ത്തിച്ചു പോരുന്ന താരസൗന്ദര്യത്തിളക്കം കൊണ്ടല്ല പ്രേക്ഷകര്‍ അവരെ ഏറ്റെടുക്കുന്നത്. ജയിലറിലെ കഥാപാത്രത്തിലേക്കു നോക്കുക, പാറിപ്പറന്ന മുടിയും താടിയും, അലസമായ വസ്ത്രധാരണവുമുള്ള മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആസുരമായ പ്രതികാരേച്ഛയോടെ മനുഷ്യരെ ക്രൂരമായി കൊല്ലാന്‍ തെല്ലും മടിയില്ലാത്തയാളാണ് പ്രതിനായകന്‍. അയാളുടെ ശരീരഭാഷ വയലന്‍സിന്റേതാണ്. തമാശയിലും ചിരിയിലും പോലും ക്രൗര്യമുണ്ട്. തന്റെ ലക്ഷ്യത്തിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയില്‍ വരുന്ന തടസ്സങ്ങളെയെല്ലാം തട്ടിയെറിയാന്‍ സദാ സന്നദ്ധനാണയാള്‍. ഇരിപ്പിലും നടപ്പിലും നോട്ടത്തിലും വാക്കിലും പ്രവൃത്തിയിലും വിജയിയുടെ ഭാവമുണ്ടയാള്‍ക്ക്.


ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ രജനീകാന്തിന്റെ പ്രതിനായകന്‍ എന്ന നിലയ്ക്കാണ് ജയിലര്‍ സിനിമയിലെ വിനായകന്റെ കഥാപാത്രത്തിന് പ്രാധാന്യമേറുന്നത്. രജനീകാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന നായക വേഷത്തിന് മാത്രമല്ല ഇയാള്‍ എതിരി. ഇന്ത്യന്‍ സിനിമയിലെ വലിയ സൂപ്പര്‍താരങ്ങളായ ജാക്കി ഷറോഫ്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെയും ഉന്നം വര്‍മനാണ്. ഇങ്ങനെ വലിയൊരു സിനിമയുടെ ഭാഗമാകുന്നതിലൂടെ ഒരു മലയാള നടനും അന്യഭാഷാ സിനിമയില്‍ ഇതുവരെ ലഭിക്കാതിരുന്ന തലത്തിലേക്കാണ് വിനായകന്റെ വളര്‍ച്ച. യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രകടനത്തിലൂടെയാണ് വിനായകന്‍ പ്രേക്ഷകാംഗീകാരം നേടുന്നത്. രജനീകാന്തിനോട് നേര്‍ക്കുനേര്‍ വരുന്ന സീനുകളിലെല്ലാം നായകന് ഒത്ത എതിരിയും പലപ്പോഴും പ്രകടനത്തില്‍ നായകനു മുകളിലും നില്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ രജനീകാന്ത് സിനിമകളിലെ പ്രതിനായക വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. നായകനോളം തലപ്പൊക്കമുള്ള പ്രതിനായകന്‍മാരാണ് രജനി ചിത്രങ്ങളിലെ സവിശേഷതകളിലൊന്ന്. വിവിധ ഭാഷകളിലെ പ്രധാന താരങ്ങളായിരിക്കും ഈ വേഷത്തില്‍ എത്തുക. ഒരു രജനീകാന്ത് സിനിമയുടെ വിപണി മൂല്യം എന്തെന്ന ധാരണ ഉള്ളതുകൊണ്ടു തന്നെ ഇതര ഭാഷകളിലെ നായകനടന്‍മാര്‍ വരെ രജനിയുടെ പ്രതിനായകനാകാന്‍ എളുപ്പത്തില്‍ സമ്മതം മൂളും. അപ്പോഴാണ് അത്തരം നായക നടന്‍മാര്‍ക്കു പകരം വിനായകനെ പോലെ മലയാള സിനിമയിലെ ഒരു രണ്ടാം നിര താരത്തെ ഈ വലിയ സിനിമയിലെ സുപ്രധാന കഥാപാത്രമാക്കുന്നത്. അത് ഈ നടന്റെ പ്രകടനസാധ്യതയിലുള്ള വിശ്വാസം കൊണ്ടും അയാള്‍ മുമ്പ് മലയാളത്തില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലെ സ്വാഭാവികത കൊണ്ടുമാണ്. നെല്‍സണും രജനീകാന്തും അര്‍പ്പിച്ച ഈ വിശ്വാസത്തെയാണ് നൂറു ശതമാനം നീതി പുലര്‍ത്തി വിനായകന്‍ മടക്കി നല്‍കുന്നത്.

കരിയറിന്റെ ആദ്യ ദശകത്തില്‍ സ്റ്റോപ്പ് വയലന്‍സ്, കൊട്ടേഷന്‍, ഛോട്ടാ മുംബൈ, ബിഗ് ബി തുടങ്ങി ഒട്ടേറെ സിനിമകളില്‍ നിരവധി ഗുണ്ടകളുടെ കൂട്ടത്തില്‍ ഒരാളായി ഒതുങ്ങിനിന്ന വിനായകനാണ് വലിയ വേരുകളുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായി ജയിലറില്‍ മാറുന്നത്. പാസിംഗ് വേഷങ്ങളിലും ചെറിയ കഥാപാത്രങ്ങളിലും നിന്ന് വിനായകന്റെ വേഷപ്പകര്‍ച്ച കൃത്യമായ ഇടവേളകളിലൂടെയാണ് സംഭവിക്കുന്നത്. പരുക്കന്‍ രൂപം കൊണ്ടും ശരീരഭാഷ കൊണ്ടും പ്രതിനായകത്വത്തില്‍ മാത്രം കാണാന്‍ സാധിച്ചിരുന്ന ഒരു നടനിലെ ഹാസ്യ അഭിനേതാവിന്റെ സാധ്യത പുറത്തുകൊണ്ടുവരുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടറിലെ സംസാര ശേഷിയില്ലാത്ത കഥാപാത്രവും അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയിലെ ഫക്കീറുമാണ്. മസാല റിപ്പബ്ലിക്ക് ബംഗാളി ബാബു ഈ കാലയളവിലെ മറ്റൊരു വേറിട്ട വിനായകന്‍ കഥാപാത്രമായി. അട് ഒരു ഭീകരജീവിയിലെ ഡൂഡ് എന്ന കഥാപാത്രം ഈ ശ്രേണിയുടെ തുടര്‍ച്ചയും വിനായകന്റെ കരിയറിലെ ജനപ്രിയ കഥാപാത്രവുമായി. വ്യത്യസ്ത മാനറിസങ്ങളും ഹാസ്യാത്മക സംസാര ശൈലിയും ഈ കഥാപാത്രത്തിന്റെ രണ്ടു വരവുകളും ജനകീയമാക്കി. 


അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലെ ചെമ്പനിലൂടെയാണ് വിനായകനിലെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്ക് തുടക്കമാകുന്നത്. വിനായകനിലെ കഴിവുറ്റ നടനെ പുറത്തുകൊണ്ടുവരുന്നത് രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗാധരന്‍ എന്ന കഥാപാത്രമാണ്. ഈ സിനിമ നായകനായ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തിലൂടെയല്ല, വിനായകന്റെ ഗംഗയിലൂടെയാണ് അംഗീകരിക്കപ്പെടുന്നത്. തമ്മില്‍ത്തല്ലും തെറിവിളിയും മദ്യവും പീഡകളും മഴയും വെയിലുമറിഞ്ഞ് ജീവിക്കുന്ന കമ്മട്ടിപ്പാടത്തെ സാധാരണ മനുഷ്യന്റെ പ്രതിനിധിയെ വിനായകന്‍ പൂര്‍ണതയിലെത്തിച്ചു. മേല്‍ത്തട്ടുകാരന്റെ ചൂഷണത്തിന് വിധേയനാകാന്‍ വിധിക്കപ്പെടുന്ന ഗംഗയെന്ന സാധാരണക്കാരന്റെ ശരീരഭാഷ വിനായകനെ ആദ്യ സംസ്ഥാന പുരസ്‌കാരത്തില്‍ എത്തിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗവിലെ അയ്യപ്പന്‍ എന്ന വാര്‍ഡ് മെമ്പര്‍ കഥാപാത്രവും മറിച്ചല്ല. ശരീരഭാഷയിലെ വഴക്കം കൊണ്ട് നമ്മുടെ പരിചിത ചുറ്റുപാടിലെ മനുഷ്യനായി എളുപ്പം മാറാന്‍ സാധിക്കുന്ന സ്വാഭാവികതയാണ് ഈ കഥാപാത്രത്തില്‍ വിനായകന്‍ പുറത്തെടുക്കുന്നത്. പരുക്കനും ഉളളില്‍ അലിവിന്റെ വറ്റാത്ത ഉറവയുമുള്ള തൊട്ടപ്പനായി വിനായകന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നാട്യമില്ലാത്ത സ്വാഭാവികാഭിനയത്തിന്റെ പൂര്‍ണത ഒരിക്കല്‍കൂടി നമ്മള്‍ അനുഭവിക്കുന്നു. തുരുത്തിലൂടെ നടന്നുപോകുന്ന, കളള് ഷാപ്പില്‍ ഇരിക്കുന്ന, അടിയുണ്ടാക്കുന്ന, വലിഞ്ഞു മുറുകിയ മുഖവുമായി ബീഡി വലിക്കുന്ന ഈ മനുഷ്യന്‍ ക്യാമറയ്ക്കു മുന്നിലായിരുന്നോ എന്ന് ഒരു വേള നമ്മള്‍ സന്ദേഹിച്ചു പോകുന്നു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സിലെ തോമസ്, കമല്‍ കെ.എമ്മിന്റെ പടയിലെ ബാലു എന്നിവയെല്ലാം വിനായകനിലെ നടനില്‍ ഇനിയുമേറെ അത്ഭുതങ്ങള്‍ ബാക്കിയുണ്ടെന്ന് തോന്നിപ്പിച്ച കഥാപാത്രങ്ങളാണ്. ഈ തോന്നലിന്റെ തുടര്‍ച്ചയാണ് ജയിലറിലെ വര്‍മ്മനിലൂടെ സാധ്യമാകുന്നത്.


സിനിമയ്ക്കു പുറത്ത് പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ പലതു സൃഷ്ടിച്ചിട്ടുള്ളയാളാണ് വിനായകന്‍. സമൂഹത്തിന്റെ ശരികള്‍ പലതും തന്റെ ശരികളുമായി ചേര്‍ന്നു പോകാത്തതു കൊണ്ടാണ് പ്രതികരിച്ചു പോകുന്നതെന്നും നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാനുള്ള അവകാശമുണ്ടെന്നുമാണ് വിനായകന്‍ ഇതിനു മറുപടിയായി പറഞ്ഞിട്ടുള്ളത്. ക്യാമറയ്ക്കു മുന്നില്‍ ഇതല്ലാത്ത മറ്റൊരാളാണ് വിനായകന്‍. പെട്ടെന്ന് അയാള്‍ കൃത്യനിഷ്ടയുള്ള, അടിമുടി പ്രൊഫഷണലായ നടനാകുന്നു. തനിക്ക് അഭിനയത്തില്‍ കുറേ വര്‍ഷത്തേക്കുള്ള കൃത്യമായ പ്ലാനുണ്ടെന്ന് വിനായകന്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചാണ് താന്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നതെന്നും അയാള്‍ പറയുന്നു. ഇത് ശരിയാണെന്നു തോന്നും വിധമാണ് വിനായകന്റെ കരിയര്‍ ഗ്രാഫ് മുന്നോട്ടു പോകുന്നത്. തന്നെത്തേടി വരുന്ന എല്ലാ സിനിമകളും വിനായകന്‍ ചെയ്യാറില്ല. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അത് മികവോടെ അവതരിപ്പിക്കുന്നതിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈയൊരു തെരഞ്ഞെടുപ്പിന്റെയും ശ്രദ്ധയുടെയും പ്രതിഫലനമാണ് വിനായകന്റെ ഇപ്പോഴത്തെ വളര്‍ച്ച. പണ്ട് ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന അധികം സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു നടന്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. ഒരേ സമയം ഒന്നിലേറെ സിനിമകളില്‍ കരാറില്‍ ഏര്‍പ്പെടാത്ത വിനായകന്റെ പുതിയ സിനിമ ഗൗതം മേനോന്റെ ധ്രുവനക്ഷത്രം-യുദ്ധ കാണ്ഡം ചാപ്റ്റര്‍ ഒന്ന് എന്ന മെഗാ പ്രൊജക്ട് ആണെന്നതു കൂടി ഈ വളര്‍ച്ചയോടു ചേര്‍ത്തുവായിക്കാം.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ആഗസ്റ്റ് 22, ഷോ റീല്‍-45

Monday, 12 February 2024

റാംജിറാവുവും തൊണ്ണൂറുകളിലെ കോമഡി തരംഗവും




മലയാളത്തിലെ ഹാസ്യ സിനിമാ ധാരയെ സിദ്ധിഖ്‌ലാലിന്റെ റാംജിറാവ് സ്പീക്കിങ്ങിനു (1989) മുമ്പെന്നും ശേഷമെന്നും വിഭജിക്കാം. സിനിമയില്‍ ചിരി സൃഷ്ടിക്കാന്‍ ഹാസ്യതാരങ്ങള്‍ എന്ന കീഴ്‌വഴക്കമാണ് മറ്റ് ഭൂരിഭാഗം സിനിമാ ഇന്‍ഡസ്ട്രികളെയും പോലെ മലയാളവും പിന്തുടര്‍ന്നു പോന്നിരുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കായി തിരക്കഥയില്‍ പ്രത്യേകം സീക്വന്‍സുകള്‍ തന്നെ സൃഷ്ടിച്ചു. കേന്ദ്രപ്രമേയവുമായി ബന്ധമില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ കാണികളെ രസിപ്പിക്കുക എന്ന ഉദ്ദേശത്താല്‍ മാത്രം ഹാസ്യകഥാപാത്രങ്ങള്‍ക്കായി സീനുകള്‍ സൃഷ്ടിക്കപ്പെടുകയും സംഭാഷണങ്ങള്‍ എഴുതപ്പെടുകയും ചെയ്തുപോന്നു. നായക നടന്മാര്‍ ആക്ഷനും ഡ്രാമയും പ്രണയവും മാത്രം ചെയ്തു പോരുന്നവരായിരുന്നു. 

പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും നായകന്മാരില്‍ ഹാസ്യരസം കൂടി ചേര്‍ന്നിരുന്നുവെന്നല്ലാതെ ഹാസ്യനായകന്മാര്‍ മലയാളത്തില്‍ അത്രകണ്ട് രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് സിദ്ധിഖ്‌ലാല്‍ മുന്‍നിര നായകന്മാരെ ഒഴിവാക്കി രണ്ടാംനിരക്കാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് റാംജിറാവ് സ്പീക്കിങ് ചെയ്യുന്നത്. മണ്ണിലിറങ്ങി നിലകൊണ്ട ജീവസ്സുറ്റ കഥകളിലും ഗൗരവമാര്‍ന്ന അവതരണത്തിലും കലാമേന്മയിലും ശ്രദ്ധ പുലര്‍ത്തി മലയാള സിനിമ അതിന്റെ സുവര്‍ണ കാലത്തിലൂടെ മുന്നോട്ടു പോകുമ്പോഴാണ് ടൈറ്റിലിലും അവതരണത്തിലും തുടങ്ങി അടിമുടി വേറിട്ടൊരു ശൈലിയുമായി റാംജിറാവ് പിറവി കൊള്ളുന്നത്. 

പരുഷമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട അവസ്ഥയ്ക്കായി പൊരുതുന്നതിനിടയിലും ചിരി കണ്ടെത്താനുള്ള ശേഷിയായിരുന്നു റാംജിറാവുവിന്റെ കഥാപരിസരത്തെയും കഥാപാത്രങ്ങളെയും വേറിട്ടു നിര്‍ത്തിയത്. ഈ ശൈലി മലയാളത്തിന് അത്രകണ്ട് പരിചിതമല്ലായിരുന്നു. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും എന്നെങ്കിലും വന്നേക്കാവുന്ന നല്ല കാലത്തിനായി കാത്തിരിക്കുന്നവരാണ്. ഏത് അല്ലലിലും കണ്ണീരിലും ചിരി തീര്‍ക്കാന്‍ ശേഷിയുള്ളവരുമായിരുന്നു. ഗൗരവമാര്‍ന്ന പ്രമേയങ്ങള്‍ ഹാസ്യത്തിന്റെ നിറവോടെ അവതരിപ്പിക്കാമെന്ന് പരീക്ഷിച്ച് വിജയിക്കുകയായിരുന്നു സിദ്ധിഖും ലാലും ഈ സിനിമയിലൂടെ. മുന്‍നിര താരങ്ങളില്ലാത്ത സിനിമയോട് ആദ്യ ദിവസങ്ങളില്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ അകലം പാലിക്കുകയും പിന്നീട് സഹര്‍ഷം ഏറ്റെടുക്കുകയും ചെയ്തു. റാംജിറാവുവിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ മുകേഷ് അതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. 'നായകന്റെ സഹോദരനും സഹായിയുമായി തുടരുകയും അങ്ങനെ തന്നെ ഒടുങ്ങുകയും ചെയ്യുമായിരുന്ന ഞങ്ങളെയെല്ലാം മുന്‍നിരയിലേക്ക് എത്തിച്ചത് സിദ്ധിഖ്‌ലാലും റാംജിറാവുവും ആണ്.' മലയാള സിനിമയില്‍ റാംജിറാവ് ഉണ്ടാക്കിയ മാറ്റവും തുടക്കമിട്ട തരംഗവും ഇതു തന്നെയാണ്. 


റാംജിറാവുവിനു പിറ്റേ വര്‍ഷം സിദ്ധിഖ്‌ലാലിന്റെ തന്നെ ഇന്‍ ഹരിഹര്‍ നഗറും സൂപ്പര്‍ഹിറ്റായതോടെ ഈ ഹാസ്യതരംഗത്തിന് മലയാള സിനിമയില്‍ ഒന്നുകൂടി ചുവടുറച്ചു. റാംജിറാവുവിലെ നാടകവും നാട്ടിന്‍പുറവും കലര്‍ന്ന അന്തരീക്ഷത്തില്‍ നിന്നും നഗരത്തിലേക്കും ത്രില്ലര്‍ എലമെന്റുകളിലേക്കും എത്തിയ ഇന്‍ ഹരിഹര്‍ നഗറില്‍ ചിരി കുറേക്കൂടി ഉച്ചസ്ഥായിയിലായി. ഇത് തൊണ്ണൂറുകളിലെ ലോ ബഡ്ജറ്റ് ഹാസ്യസിനിമകള്‍ മികച്ച ആത്മവിശ്വാസവും വളക്കൂറുമായി. ഈ മാതൃക പിന്തുടര്‍ന്ന് വിജിതമ്പി, അനില്‍ബാബു, തുളസീദാസ്, സുനില്‍, ഹരിദാസ്, രാജസേനന്‍, നിസാര്‍, പോള്‍സണ്‍ തുടങ്ങി നിരവധി സംവിധായകര്‍ ഹാസ്യ സിനിമകളൊരുക്കി. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒട്ടേറെ മികച്ച സിനിമകള്‍ തൊണ്ണൂറുകളില്‍ പിറവിയെടുത്തെങ്കിലും ഹാസ്യ സിനിമകളുടെ എണ്ണപ്പെരുക്കത്തിനു കൂടിയാണ് ഈ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ജയറാമും മുകേഷും സിദ്ധിഖും ജഗദീഷും സായ്കുമാറും അശോകനുമെല്ലാം ഈ ഹാസ്യ ജോണര്‍ സിനിമകളിലെ സ്ഥിരം നായക•ാരായി. 

സൂപ്പര്‍താര പരിവേഷമുള്ള നായകന്മാരുടെ സിനിമകളും തൊട്ടു താഴെ നിരയിലുള്ള നായകന്മാരുടെ സിനിമകളും രണ്ടു ധാരകളായി ഈ ദശകത്തില്‍ നിരന്തരം രൂപപ്പെട്ടു. ചെറിയ ബഡ്ജറ്റില്‍ തീര്‍ത്ത രണ്ടാംനിര നായകന്മാരുടെ സിനിമകളില്‍ ഭൂരിഭാഗവും ഹാസ്യരസം പ്രദാനം ചെയ്യുന്നതുകൊണ്ടു തന്നെ നിശ്ചിത ശതമാനം കാണികളെ എപ്പോഴുമത് തിയേറ്ററിലേക്കെത്തിച്ചു. ഈ സിനിമകള്‍ ഭൂരിഭാഗവും നിര്‍മ്മാതാക്കളുടെ കൈ പൊള്ളിച്ചില്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോമഡി തരംഗത്തിന് ഇത് ശക്തമായ അടിത്തറ പാകി. ലോ ബഡ്ജറ്റ് സിനിമകളുടെ വിജയവും ലാഭവും ലക്ഷ്യമിട്ട് നിരവധി പേരാണ് തൊണ്ണൂറുകളില്‍ നിര്‍മ്മാണ സംരംഭവുമായി മലയാള സിനിമാ മേഖലയില്‍ എത്തിയത്. വന്‍കിട നിര്‍മ്മാണ, വിതരണ കമ്പനികളുടെ കുത്തകയായിരുന്ന മേഖലയിലേക്ക് ഒട്ടേറെ പുത്തന്‍ പണക്കാരും വ്യവസായികളും കടന്നുവരാനും ചെറുകിട നിര്‍മ്മാണ കമ്പനികള്‍ രൂപപ്പെടുന്നതിനും ഈ ദശകം സാക്ഷിയായി.


സാധാരണക്കാരായ കഥാപാത്രങ്ങളായിരുന്നു ഈ ലോ ബഡ്ജറ്റ് സിനിമകളുടെയെല്ലാം പൊതുവായ സവിശേഷത. നിത്യ ജീവിതത്തില്‍ നമുക്കു ചുറ്റിലും കാണുന്നവരായിരിക്കും ഈ കഥാപാത്രങ്ങള്‍. വേഷത്തിലും സംസാരത്തിലും പെരുമാറ്റത്തിലും പരിഷ്‌കാരമില്ലാത്തവര്‍. കുടുംബ പ്രശ്‌നങ്ങളിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും പെട്ട് ഉഴന്ന് നാടു വിടുന്നവരെയും വലിയ സ്ഥിതിയില്‍ തിരിച്ചു വരുന്നവരെയുമെല്ലാമാണ് മുന്‍കാല മെലോഡ്രാമകള്‍ പതിവായി അവതരിപ്പിച്ചു പോന്നത്. ഇതിനു വിപരീതമായി തൊഴില്‍ പ്രശ്‌നങ്ങളിലും വീട്ടിലെ ഇല്ലായ്മയിലും മടുത്ത് സ്വന്തം ചുറ്റുപാടിലും സുഹൃത്തുക്കള്‍ക്കിടയിലും തന്നെ ഇക്കാര്യം പങ്കിടുകയും എന്നെങ്കിലും വന്നേക്കാവുന്ന ഭാഗ്യത്തെ അന്വേഷിച്ച് വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ അലയുകയും ചെയ്യുന്നവരാണവര്‍. ഇവര്‍ക്കിടയിലേക്ക് 'മിറാക്കിള്‍' എന്നു വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും സംഭവമോ സാഹചര്യമോ ഉരുത്തിരിയുകയും അവരുടെ ജീവിതം പിന്നെ അതിനു പിറകെ പോകുകയും ചെയ്യുന്നതായിരുന്നു ഇത്തരം സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും പൊതു സ്വഭാവം.

മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് ഈ ദശകം അവരുടെ മികവിന്റെ മാറ്റുരയ്ക്കലിന്റേതായി. ചെറിയ ബഡ്ജറ്റ് സിനിമകള്‍ നിരവധി പേര്‍ക്കാണ് അവസരമൊരുക്കിയത്. ചിലര്‍ നായക വേഷങ്ങളിലും മറ്റുള്ളവര്‍ തുല്യ പ്രാധാന്യമുള്ള ചിരി തീര്‍ക്കുന്ന കഥാപാത്രങ്ങളിലും തിളങ്ങി. തുളസീദാസിന്റെ മിമിക്‌സ് പരേഡ് (1991) എന്ന സിനിമയുടെ വന്‍വിജയം ഉണ്ടാക്കിയ ആത്മവിശ്വാസം അത്ര ചെറുതല്ല. ഉത്സവപ്പറമ്പുകളില്‍ ഏറെ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡ് എന്ന കലാപരിപാടിയുടെ സിനിമാറ്റിക് രൂപം ആളുകള്‍ നിറഞ്ഞ ചിരിയോടെ ഏറ്റെടുത്തു. കൊച്ചിന്‍ കലാഭവന്റേയും ആബേലച്ചന്റേയും മാതൃക അതേപടി സിനിമയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. മിമിക്‌സ് പരേഡും തൊട്ടടുത്ത വര്‍ഷം അതിന്റെ തുടര്‍ച്ചയായി വന്ന കാസര്‍ഗോഡ് കാദര്‍ഭായിയും വിജയമായി. മിമിക്‌സ് ആക്ഷന്‍ 500 (1995), മിമിക്‌സ് സൂപ്പര്‍ 1000 (1996), എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായ് (2010) എന്നീ സിനിമകളും ഈ മാതൃകയില്‍ സൃഷ്ടിക്കപ്പെട്ടു.


പാവം പാവം രാജകുമാരന്‍, മൂക്കില്ലാരാജ്യത്ത്, ചെപ്പ് കിലുക്കണ ചങ്ങാതി, നഗരത്തില്‍ സംസാരവിഷയം, തിരുത്തല്‍വാദി, മാന്യന്മാര്‍, ഭാഗ്യവാന്‍, കാഴ്ചയ്ക്കപ്പുറം, പ്രവാചകന്‍, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, ഇരിക്കൂ എം ഡി അകത്തുണ്ട്, കണ്‍ഗ്രാഞ്ജുലേന്‍സ് മിസ് അനിതാമേനോന്‍, പൂച്ചയ്ക്കാരു മണികെട്ടും, മാന്ത്രികച്ചെപ്പ്, മക്കള്‍ മാഹാത്മ്യം, കുണുക്കിട്ട കോഴി, ഞാന്‍ കോടീശ്വരന്‍, വാരഫലം, മിസ്റ്റര്‍ ആന്റ് മിസിസ്, പ്രിയപ്പെട്ട കുക്കു, അദ്ദേഹം എന്ന ഇദ്ദേഹം, കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ തൊണ്ണൂറുകളുടെ ആദ്യപകുതിയിലും മാന്നാര്‍ മത്തായി സ്പീക്കിങ്, അഞ്ചരക്കല്യാണം, കിണ്ണം കട്ട കള്ളന്‍, കുടുംബകോടതി, കിരീടമില്ലാത്ത രാജാക്ക•ാര്‍, ത്രീമെന്‍ ആര്‍മി, മിസ്റ്റര്‍ ക്ലീന്‍, ശിപായി ലഹള, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടചെക്കന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കല്യാണ്‍ജി ആനന്ദ്ജി, മായപ്പൊ•ാന്‍, അനുരാഗക്കൊട്ടാരം, പഞ്ചാബിഹൗസ്, ഉദയപുരം സുല്‍ത്താന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പുതുക്കോട്ടയിലെ പുതുമണവാളന്‍, ദില്ലിവാല രാജകുമാരന്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, അരമനവീടും അഞ്ഞൂറേക്കറും, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, സൂപ്പര്‍മാന്‍, കിലുകില്‍ പമ്പരം, ദി കാര്‍, പട്ടാഭിഷേകം, ഫ്രണ്ട്‌സ് തുടങ്ങിയ സിനിമകള്‍ രണ്ടാം പകുതിയിലും കോമഡി തരംഗം നിലനിര്‍ത്തി. ഇത്തരം ഹാസ്യ സിനിമകളിലെ നായക വേഷങ്ങളും തുടര്‍വിജയങ്ങളുമാണ് ജയറാമിന് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനും സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയരാനുമായത്.

തൊണ്ണൂറുകളുടെ രണ്ടാംപകുതിയോടെ ദിലീപ്, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, അബി, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ചിരിപ്പിക്കുന്ന ചെറുസിനിമകളിലെ കേന്ദ്ര പ്രാധാന്യമുള്ള സാന്നിധ്യങ്ങളായി. ഒരു വശത്ത് മുന്‍നിര താരങ്ങളുടെ സിനിമകള്‍ ആക്ഷന്‍, ഫാമിലി ഡ്രാമ ജോണറുകളില്‍ നിര്‍മ്മിക്കപ്പെടുമ്പോഴും ജീവിതത്തിലെ ചില്ലറ പ്രശ്‌നങ്ങളും നെട്ടോട്ടങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചെറു സിനിമകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ജീവിതം മെച്ചപ്പെടുത്താനായി നടത്തുന്ന പരിശ്രമങ്ങളും അതിനിടയില്‍ പറ്റുന്ന അമളികളും അതില്‍നിന്ന് കരകയറാനുള്ള അവരുടെ പരിശ്രമങ്ങളുമായി റാംജിറാവ് തുടക്കമിട്ട പ്രമേയപരിസരത്തു നിന്ന് ഈ സിനിമകള്‍ ഒരിക്കലും മുക്തമാകാന്‍ ശ്രമിച്ചില്ല. ഈ സുരക്ഷിത പ്രമേയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ മെനയപ്പെട്ടത്. ചെറിയ വിജയങ്ങള്‍ തൊട്ട് വന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളായ സിനിമകള്‍ വരെ ഈ കഥാതന്തു പിന്തുടരുന്നതായി കാണാം. ചെറിയ ജോലികളുള്ളവരും തൊഴിലന്വേഷകരുമായി നാലോ അഞ്ചോ ചെറുപ്പക്കാര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത് ആവര്‍ത്തിച്ചു വരുന്നത് കാണാനാകും. ഈ തൊഴിലന്വേഷണം കേന്ദ്ര കഥാപാത്രത്തെ സമ്പന്ന വീടുകളിലേക്കും അവിടത്തെ പെണ്‍കുട്ടിയിലേക്കും എത്തിക്കുന്നതായും പ്രമേയ പരിസരത്തില്‍ ആവര്‍ത്തിക്കും. പണത്തിനു പിറകെയുള്ള ഓട്ടവും ഭാഗ്യ പരീക്ഷണവും അവിചാരിതമായി കൈയിലെത്തുന്ന പണമോ സ്വര്‍ണമോ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ഇത്തരം സിനിമകളില്‍ ആവര്‍ത്തിച്ചു കാണാം. ഇന്‍ ഹരിഹര്‍ നഗറിലാണ് ഈ ട്രെന്‍ഡ് രൂപപ്പെടുന്നതെന്നു കാണാം. മിമിക്‌സ് പരേഡ്, ഞാന്‍ കോടീശ്വരന്‍, മൂന്നു കോടിയും മുന്നൂറു പവനും, മാന്ത്രികച്ചെപ്പ് തുടങ്ങിയ സിനിമകളിലെല്ലാം പണവും അതിനെ തുടര്‍ന്ന് രംഗത്തെത്തുന്ന പ്രതിനായകനും നിരപരാധികളായ കേന്ദ്ര കഥാപാത്രങ്ങള്‍ ഈ കുരുക്കഴിക്കുന്നതും ആവര്‍ത്തിക്കുന്നുണ്ട്. നായികയെ പ്രതിനായകനും ഗുണ്ടാസംഘവും തട്ടിക്കൊണ്ടു പോകുന്നതും നായക കഥാപാത്രത്തിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘം മോചിപ്പിക്കുന്നതും അതിനായുള്ള ക്ലൈമാക്‌സിലെ ഹാസ്യാത്മകമായ ആള്‍ക്കൂട്ട സംഘട്ടനവും ഇത്തരം സിനിമകളുടെ സവിശേഷതയാണ്. റാംജിറാവുവാണ് ക്ലൈമാക്‌സിലെ ചിരിപ്പിക്കുന്ന പ്രവൃത്തികളും സംഭാഷണങ്ങളുമുള്ള സംഘട്ടനത്തിന് പ്രചോദനമാകുന്നത്.


ജയറാമിനെ പോലെ മിമിക്രി വേദിയിലെ സ്റ്റാന്‍ഡപ് കൊമേഡിയന്റെ വഴക്കമാണ് ഹാസ്യ വേഷങ്ങളില്‍ തുടര്‍ വിജയങ്ങള്‍ സൃഷ്ടിക്കാനും സൂപ്പര്‍താര പദവിയിലേക്ക് എത്താനും ദിലീപിനെയും സഹായിച്ചത്. ജയറാമിന്റെ നേര്‍തുടര്‍ച്ചയായിരുന്നു ദിലീപിന്റെ ഹാസ്യനായക വേഷങ്ങള്‍. ജയറാം വേണ്ടെന്നുവച്ച റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായി. റാംജിറാവ് സ്പീക്കിങ് തുടക്കമിടുകയും തൊണ്ണൂറുകളില്‍ തരംഗം തീര്‍ക്കുകയും ചെയ്ത മലയാളത്തിലെ ഹാസ്യ സിനിമകള്‍ക്ക് 2000 ല്‍ തുടങ്ങുന്ന പതിറ്റാണ്ടില്‍ തുടര്‍ച്ച കണ്ടെത്തുന്നത് ദിലീപിന്റെ ഹാസ്യനായക കഥാപാത്രങ്ങളാണ്. തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, വെട്ടം, കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്ത്‌പൊട്ട്, വിനോദയാത്ര തുടങ്ങിയ സിനിമകളെല്ലാം തിയേറ്ററില്‍ വന്‍വിജയങ്ങളായി. 

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ആഗസ്റ്റ് 10, ഷോ റീല്‍-44

Tuesday, 7 November 2023

തേവര്‍, ഗൗണ്ടര്‍ നായക നാമങ്ങള്‍ മാമന്നന്‍മാര്‍ക്ക് വഴിമാറുമ്പോള്‍



തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍, നായ്ക്കര്‍ തുടങ്ങി തമിഴ്‌നാട് വോട്ട് ബാങ്കില്‍ നിര്‍ണായക സ്വാധീനമുള്ളവരും ഭൂവുടമകളുമായ ഭൂരിപക്ഷ സമുദായങ്ങളാണ് തമിഴ് ഗ്രാമങ്ങളെ ഇപ്പോഴും പരോക്ഷമായെങ്കിലും നിയന്ത്രിച്ചുപോരുന്നത്. അതത് പ്രദേശങ്ങളില്‍ ജനങ്ങളില്‍ നിര്‍ണായക സ്വാധീനവും നേതൃശേഷിയും പരമ്പരയായി കൈമാറിപ്പോരുന്ന രക്ഷകര്‍തൃത്വവുമുള്ള ഈ നാട്ടുപ്രമാണിമാരെ മാറ്റിനിര്‍ത്തി തമിഴ്‌നാട് കക്ഷിരാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്ക് സാധ്യമല്ല. രാഷ്ട്രീയവും ജാതിസമുദായ സമവാക്യങ്ങളും സിനിമയും ഒന്നിനൊന്ന് വേറിട്ടല്ലാതെ ഇഴചേര്‍ന്നു പോകുന്ന തമിഴ് മണ്ണിന്റെ കീഴ്‌വഴക്കത്തിന് ഒട്ടു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ബ്രാഹ്മണ്യത്തെ എതിര്‍ത്തുകൊണ്ടുള്ള ദ്രാവിഡബോധം വേരുറച്ചതോടെയാണ് ഭൂവുടമകളായ ജാതിവിഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രബലമാകുന്നത്. അങ്ങനെ കൊങ്കുനാട്ടില്‍ ഗൗണ്ടര്‍ വിഭാഗവും തെക്കന്‍ തമിഴ്‌നാട്ടില്‍ തേവരും വടക്കന്‍ ജില്ലകളില്‍ വണ്ണിയരും, മധുര, തേനി പ്രദേശങ്ങളില്‍ നായ്ക്കരും ഭൂരിപക്ഷ സാന്നിധ്യങ്ങളായി. സമൂഹത്തിന്റെ പരിച്ഛേദമെന്നോണം ഭൂരിപക്ഷ നേതൃ സമുദായങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ നിന്ന് തമിഴ് സിനിമ മാറിനില്‍ക്കുകയുണ്ടായില്ല. തത്ഫലമായി ഗൗണ്ടര്‍, തേവര്‍ നാമങ്ങള്‍ സ്വീകരിച്ച നിരവധിയായ സിനിമകളാണ് പ്രാരംഭകാലം തൊട്ട് തമിഴിലുണ്ടായത്. ഇത്തരം സിനിമകളില്‍ മിക്കതും ദ്രാവിഡ, തമിഴ് മക്കള്‍ പ്രാദേശിക വാദത്തെ മുറുകെപ്പിടിക്കുന്നതും ജാതീയതയ്‌ക്കെതിരെ ശബ്ദിക്കുന്നവയുമാണെങ്കില്‍ക്കൂടി ഭൂരിപക്ഷ സമുദായങ്ങളുടെ വാഴ്ത്തുപാട്ടു ശീലത്തില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല.

ജെമിനി ഗണേശനും ശിവാജി ഗണേശനും എംജിആറും ഉള്‍പ്പെടുന്ന തലമുറ നായകന്‍മാര്‍ ഇത്തരം ജന്‍മ കഥാപാത്രങ്ങളെയും ജന്‍മി കുടുംബത്തിലെ അംഗങ്ങളെ പ്രതിനിധീകരിക്കുന്നവരുമായി നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവാസദനം, ഉത്തമപുത്രന്‍, സഭാപതി, വാഴ്‌കൈ. നല്ല തമ്പി തുടങ്ങി ഒട്ടനവധി സിനിമകളാണ് 1950 കളിലും 60 കളിലും ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. മുഖ്യധാരാ ഇന്ത്യന്‍ സിനിമ തുടര്‍ന്നുപോന്ന കുടുംബ, പ്രണയ സംഘര്‍ഷങ്ങള്‍ പശ്ചാത്തലമായ സ്ഥിരം ഡ്രാമകളായിരുന്നു അക്കാലത്തെ ഭൂരിഭാഗം സിനിമകളുടെയും കേന്ദ്രപ്രമേയമെങ്കിലും സമുദായപ്പേരുകള്‍ പരാമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ തേവര്‍, ഗൗണ്ടര്‍ നാമങ്ങള്‍ ബോധപൂര്‍വ്വം കടന്നുവന്നു. ഈ പതിവ് പതിറ്റാണ്ടുകളോളം തമിഴ് സിനിമ തുടര്‍ന്നു പോന്നു.  


ഈ ഭൂരിപക്ഷ മേല്‍ജാതികളെ പ്രകീര്‍ത്തിച്ചും വണങ്ങിയും പോരുന്നവരാണ് ഇതര കീഴ്ജാതികളെല്ലാം. ഓരോ ഗ്രാമത്തിലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ഈ സമുദായത്തലവന്‍മാര്‍ നേതൃത്വം നല്‍കുന്ന നാട്ടുപഞ്ചായത്തുകളാണ്. തമിഴ്‌നാട്ടില്‍ തലമുറകളായി നിലനിന്നുപോരുന്ന ഈ ബദല്‍ ഭരണ മാതൃകയാണ് സിനിമയും അതേപടി പകര്‍ത്തിയത്. കമല്‍ഹാസനും രജനീകാന്തും വിജയകാന്തുമടക്കം തമിഴ് സിനിമയിലും ജനതയിലും നിര്‍ണായക സ്വാധീനമുള്ള നായക•ാരും സിനിമയുടെ വിജയത്തിനായി ഈ മാതൃക തന്നെയാണ് പിന്തുടര്‍ന്നത്. തമിഴ് സാമുദായിക ജീവിതവും കക്ഷിരാഷ്ടീയവും സിനിമയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ ഇതില്‍നിന്ന് വിട്ടുമാറിയുള്ള പ്രമേയങ്ങളില്‍ സിനിമ നിര്‍മ്മിക്കുന്നതിലുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ മിക്കവരും തയ്യാറായതുമില്ല. 

ഭാരതീരാജയുടെ വേദം പുതിത് (1987) എന്ന ശ്രദ്ധേയ ചിത്രത്തില്‍ സത്യരാജ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ ബാലു തേവര്‍ പുരോഗമന ചിന്താഗതിക്കാരനാണ്. അയാള്‍ ജാതീയതയെ ശക്തമായി എതിര്‍ക്കുകയും തുല്യതയ്ക്കും നീതിക്കും വേണ്ടി വാദിക്കുന്നുമുണ്ട്. എന്നാല്‍ സമുദായത്തിന്റെ ഉള്‍പ്പെടെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്ന തേവര്‍ക്ക് സാമുദായിക സംഘര്‍ഷത്തില്‍ മരണം വരിക്കേണ്ടി വരുന്നു. ഈ മരണം കൊണ്ടെങ്കിലും സമൂഹത്തിന്റെ മേലാള-കീഴാള മനസ്ഥിതിയില്‍ മാറ്റം വരുമോയെന്നും പുതു തലമുറ മാറിച്ചിന്തിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ അവസാനിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ തലമുറകള്‍ കൈമാറിപ്പോരുന്ന സമുദായ - രാഷ്ട്രീയ കൂട്ടുകെട്ടില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. മുതല്‍ മര്യാദൈ, സിവപ്പു മല്ലി, അലൈ ഒസൈ തുടങ്ങി ഇതേ കാലത്തിറങ്ങിയ മറ്റു ചില സിനിമകളും ജാതി അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്തിയവയാണ്. 


സേലം, കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കൊങ്കുനാട്ടില്‍ ഭൂരിപക്ഷമുള്ള ഗൗണ്ടര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സമുദായത്തലവന്റെ കഥയായിരുന്നു വിജയകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്ന ഗൗണ്ടറിന്റെ (1992) പ്രതിപാദ്യം. ഈ ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് നിരവധി ഗൗണ്ടര്‍ അപദാന കഥകള്‍ക്കാണ് തമിഴ് സിനിമ ജന്‍മം നല്‍കിയത്. ഇതേ കാലയളവിലാണ് കമല്‍ഹാസന്റെ തേവര്‍ മകന്‍ തിയേറ്ററിലെത്തുന്നത്. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ഗൗണ്ടര്‍, തേവര്‍ ജന്‍മിത്ത വീര്യത്തെയും നേതൃഗുണത്തെയും നന്‍മയെയും പ്രകീര്‍ത്തിക്കുന്ന സിനിമകളുടെ പരമ്പരയ്ക്കാണ് 1990 കള്‍ സാക്ഷ്യം വഹിച്ചത്. തേവര്‍ മകനിലെ പുരോഗമന ചിന്താഗതിക്കാരനായ ശക്തിവേല്‍ എന്ന നായകന്‍ വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തി സന്ദര്‍ഭവശാല്‍ ആണെങ്കില്‍ പോലും സമുദായത്തിന്റെ രക്ഷകസ്ഥാനം ഏറ്റെടുക്കുകയാണ്. അതോടെ അയാള്‍ക്കും പാരമ്പര്യത്തെയും നാട്ടുനടപ്പിനെയും വിട്ടു സഞ്ചരിക്കാനാകുന്നില്ല. ഇത്തരം സിനിമകളും നായകന്മാരുമാണ് പില്‍ക്കാലത്ത് ജനപ്രിയവും വീരാരാധനയ്ക്ക് പാത്രവുമായി മാറിയത്. രജനീകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി അക്കാലത്തെ മുന്‍നിര നായകന്‍മാരെല്ലാം ഇത്തരം സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളായി. കിഴക്ക് ചീമയിലെ, തേവര്‍ വീട്ട് പൊണ്ണ്, ഭാരതിക്കണ്ണമ്മ, പെരിയ ഗൗണ്ടര്‍ പൊണ്ണ്, യജമാന്‍, നാട്ടാമൈ, മറവന്‍, പെരിയ മരുത്, പശുംപൊന്‍, സൂര്യവംശം, മറുമലര്‍ച്ചി, തിരുനെല്‍വേലി, മായി, വിരുമാണ്ടി തുടങ്ങി നിരവധി സിനിമകളാണ് മേല്‍-കീഴ് ജാതി, അഭിമാന-ദുരഭിമാന, പ്രാമാണിത്ത - അടിമത്ത ദ്വന്ദ്വങ്ങള്‍ മുഖമുദ്രയാക്കി ഇതിനെ തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടത്.

ജാതി സാമൂഹിക യാഥാര്‍ഥ്യമാണ്. സിനിമ ഈ ജാതി സമൂഹത്തിന്റെ പ്രതിഫലനവും. സമൂഹത്തിന്റെ മാറ്റങ്ങളെയും സമൂഹം മാറേണ്ടതിന്റെയും ആവശ്യകത കൂടി ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്തം സിനിമയ്ക്കുണ്ട്. മുഖ്യധാരാ നായകന്‍മാരുടെ സിനിമകള്‍ മുമ്പ് ചെയ്യാതിരുന്നതും ജാതിക്കോയ്മയെ തൊടാതെ അവര്‍ തെരഞ്ഞെടുത്ത സുരക്ഷിതമായ അതിര്‍വരമ്പും ലംഘിച്ചാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ തമിഴ് സിനിമയില്‍ വേറിട്ട വഴി വെട്ടാന്‍ ഒരുമ്പെട്ടത്. അങ്ങനെയാണ് ദളിതന്റെ അവകാശ സംരക്ഷണത്തിനും തുല്യനീതിക്കും വേണ്ടി ചോദ്യങ്ങളെയ്യുന്ന കഥാപാത്രങ്ങളും സിനിമകളും സൃഷ്ടിക്കപ്പെടുന്നത്. മദ്രാസ് (2014), വിസാരണൈ (2015), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019), കര്‍ണന്‍, ജയ് ഭീം (2021) തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ വിജയിക്കുന്നത് വെട്രിമാരനും പാ രഞ്ജിത്തും ജ്ഞാനവേലും മാരി സെല്‍വരാജും ഉള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകര്‍ നേതൃത്വം നല്‍കുന്ന സിനിമയിലെ കീഴാള മുന്നേറ്റം കൂടിയാണ്.


ഇങ്ങനെയൊരു പുതുതലമുറ സിനിമയെ പുതുക്കിപ്പണിയുന്നത് ശ്രദ്ധേയമാണ്. തേവര്‍ മകനില്‍ വടിവേലു അവതരിപ്പിച്ച ഇസൈക്കി എന്ന ഭൃത്യ കഥാപാത്രത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ ആണ് ഒരു തരത്തില്‍ മാരി സെല്‍വരാജിന്റെ മാമന്നന്‍ എന്ന സിനിമയും ടൈറ്റില്‍ കഥാപാത്രവും. തേവര്‍ മകന്‍ ചലച്ചിത്രാവിഷ്‌കാര ഭാഷ എന്ന നിലയില്‍ മികച്ചു നില്‍ക്കുമ്പോഴും അത് തന്നില്‍ വേദനയുണ്ടാക്കിയ ചിത്രം കൂടിയാണെന്ന് മാമന്നന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസന്റെ സാന്നിധ്യത്തില്‍ മാരി സെല്‍വരാജ് പറഞ്ഞിരുന്നു. തേവര്‍ മകന്‍ കണ്ടപ്പോള്‍ മാരി സെല്‍വരാജിന് തോന്നിയ ഈ മനോവിഷമത്തില്‍ നിന്നു കൂടിയാണ് മാമന്നന്റെ പിറവികൊള്ളല്‍. തേവരുടെ ഭൃത്യനും കീഴാളനുമായ ഇസൈക്കി അവരുടെ മുന്നില്‍ തോര്‍ത്ത് അരയില്‍കെട്ടി കുമ്പിട്ടു നില്‍ക്കുകയല്ലാതെ ഇരിക്കുന്നില്ല. മണ്ണ് എന്ന മാമന്നനും കീഴ്ജാതിക്കാരനാണ്. അയാളും കുടുംബവും അയാള്‍ പ്രതിനിധീകരിക്കുന്ന ജാതിയില്‍ ഉള്‍പ്പെട്ടവരും മേല്‍ജാതിക്കാരുടെ പീഡനവും അങ്ങേയറ്റത്തെ നീതിനിഷേധവും അനുഭവിക്കുന്നുമുണ്ട്. ഒരു സവിശേഷ സന്ദര്‍ഭത്തില്‍ രാഷ്ട്രീയത്തിലേക്കും അതുവഴി ജനപ്രതിനിധി എന്ന സ്ഥാനത്തിലേക്കും ഉയരുമ്പോഴും തങ്ങളുടെ പ്രദേശത്ത് കക്ഷിയെ നിയന്ത്രിക്കുന്ന മേല്‍ജാതിക്കാരുടെ മുന്നില്‍ അയാള്‍ ഇരിക്കുന്നില്ല. ഇരിപ്പിടം നിഷേധിച്ചു കൊണ്ടുള്ള ഈ നീതിനിഷേധം അയാളെപ്പോലുള്ള കീഴ്ജാതിക്കാരെ മേല്‍ജാതിക്കാര്‍ കാലങ്ങളായി ശീലിപ്പിച്ചു പോന്നിട്ടുള്ളതാണ്. കുറേക്കാലം കഴിയുമ്പോള്‍ ആ നില്‍പ്പ് അവര്‍ക്ക് ഒരു ശീലമായി മാറുകയും ചെയ്യും. ഒരു വേള മകന്റെ നിര്‍ബന്ധത്താല്‍ മേല്‍ജാതിക്കാരന്റെ മുന്നില്‍ ഇരിക്കുന്നതോടെയാണ് മണ്ണ് തന്നിലെ വിവേചന ശേഷിയുള്ള സ്വതന്ത്ര മനുഷ്യനെ തിരിച്ചറിയുന്നതും മാമന്നനിലേക്ക് വളര്‍ച്ച പ്രാപിക്കുന്നതും.

'ആര്‍ക്കു മുന്നിലും നിന്നുകൊണ്ട് സംസാരിക്കരുത്. ഇരുന്നു സംസാരിക്കണം' എന്നാണ് മാമന്നന്‍ മറ്റുള്ളവരോട് പറയുന്നത്. താന്‍ അനുഭവിച്ച നീതിനിഷേധം മറ്റാര്‍ക്കും വന്നുപോകരുത് എന്ന നിഷ്‌കര്‍ഷ അയാളിലുണ്ട്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിലും ജ്ഞാനവേലിന്റെ ജയ് ഭീമിലും ഈ 'ഇരുത്തം' കടന്നുവരുന്നുണ്ട്. അംബേദ്കറും പെരിയാറും മുന്നോട്ടുവച്ച തുല്യതയെന്ന ആശയമാണ് ഈ പുതുതലമുറ സംവിധായകരെല്ലാം തങ്ങളുടെ സിനിമയിലെ ഇത്തരം ബിംബങ്ങളിലൂടെ ബോധപൂര്‍വ്വം നടപ്പിലാക്കുന്നത്. മുമ്പ് തേവര്‍, ഗൗണ്ടര്‍ വാഴ്ത്തലുകളെ ഒളിച്ചുകടത്തിയിരുന്ന അതേ ഭാഷാ സിനിമയുടെ മറ്റൊരു തലത്തിലും വിതാനത്തിലുമുള്ള കുറേക്കൂടി മെച്ചപ്പെട്ട സമൂഹത്തിനായുള്ള പ്രേരണ നല്‍കലാണ് ഇതിലൂടെ സാധ്യമാകുന്നത്. പരിയേറും പെരുമാളിലും കര്‍ണനിലും ഇതേ രാഷ്ട്രീയമാണ് മാരി സെല്‍വരാജ് മുന്നോട്ടു വയ്ക്കുന്നത്. 


സമൂഹത്തിലെ ജാതി എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നു കൊണ്ടുതന്നെ ജനപ്രിയ കല എന്ന നിലയില്‍ സിനിമ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിലാണ് മാരി സെല്‍വരാജ് ഉള്‍പ്പെടെയുള്ള ദളിത് മുന്നേറ്റവും തുല്യനീതിയും സ്വപ്‌നം കാണുന്ന നവ തമിഴ് സംവിധായകര്‍ പ്രതീക്ഷ വയ്ക്കുന്നത്. തേവര്‍ മകന്‍ പോലുള്ള ഒരു സിനിമ മുപ്പത് വര്‍ഷമായി ആഘോഷിക്കപ്പെടുമ്പോള്‍ ആ സിനിമ ഒളിച്ചുകടത്തുന്ന ഭൂരിപക്ഷ സമുദായ വാഴ്ത്തലുകള്‍ കൂടിയാണ് അതിനൊപ്പം ജനങ്ങളെ സ്വാധീനിച്ചു പോരുന്നത്. ഈ നിശ്ചയം ഒന്നുകൊണ്ടു തന്നെയാണ് 'തേവര്‍ മകന്‍ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ സംവിധായകരും ആ സിനിമയെ മാതൃകയാക്കാറുണ്ട്. അതേസമയം ആ സിനിമയുടെ ഉള്ളടക്കം എന്നിലുണ്ടാക്കിയ വേദന തീവ്രമായിരുന്നു. ഈ പ്ലോട്ടില്‍ എന്റെ അച്ഛന്‍ ഇരുന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. ഇത് എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്.' എന്ന് മാരി സെല്‍വരാജ് മാമന്നനെ കുറിച്ച് പറയുന്നത്. 

ജാതീയമായ ഉച്ചനീചത്വം അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ തീവ്രത കൂടുതല്‍ വ്യക്തമാകൂ. മഹാരാഷ്ട്രയിലെ ജാതിവിവേചനങ്ങളും ദുരഭിമാനക്കൊലയും വിഷയമാക്കി ഫാന്‍ട്രി (2013), സൈറാത്ത് (2016) എന്നീ സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മറാത്തി സംവിധായകന്‍ നാഗ്‌രാജ് മഞ്ജുളെ ഇത് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ സിനിമകള്‍ പ്രേക്ഷകരിലേക്ക് അത്രമേല്‍ തുളച്ചുകയറുന്നതായി മാറുന്നതും നടപ്പ് സാമൂഹിക യാഥാര്‍ഥ്യം എന്നതു കൊണ്ടു തന്നെ. വെട്രിമാരന്റെ വിസാരണൈ, മാരി സെല്‍വരാജിന്റെ കര്‍ണന്‍, ജ്ഞാനവേലിന്റെ ജയ് ഭീം എന്നീ സിനിമകളെല്ലാം യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ളവയാണെന്നു തിരിച്ചറിയുമ്പോഴാണ് നമ്മള്‍ ജീവിക്കുന്ന കാലത്ത് നിലനില്‍ക്കുന്ന ജാതീയതയുടെയും നീതിനിഷേധത്തിന്റെയും ഭീകരത വെളിപ്പെടുന്നത്. അങ്ങനെയാണ് ഈ സിനിമകളും അത് മുന്നോട്ടുയ്ക്കുന്ന ചിന്തകളും കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നത്. ഈ സിനിമകളെല്ലാം മുഖ്യധാരാ, വാണിജ്യ സങ്കല്‍പ്പങ്ങളെ കൂടി തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന നിലയിലാണ് അതിന്റെ വിജയം പൂര്‍ണത നേടുന്നത്. ഈയൊരു നിര്‍മ്മാണരീതിയും മാര്‍ക്കറ്റിംഗും വഴി ഈ സിനിമകള്‍ കൃത്യമായി ജനങ്ങളിലെത്തുന്നു. മേല്‍പ്രസ്താവിച്ച സിനിമകളെല്ലാം നിരൂപക ചര്‍ച്ചകളില്‍ മാത്രമൊതുങ്ങാതെ വാണിജ്യവിജയങ്ങള്‍ കൂടിയായിരുന്നു എന്നതാണ് ഏറ്റവും അഭിമാനകരം. ജീവിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യം സിനിമയില്‍ കൂടി അറിയുമ്പോള്‍ ഒരു വിഭാഗം ജനത അനുഭവിക്കുന്ന വിവേചനത്തിന്റെ പൊള്ളലിന് തീവ്രതയേറും. അതാണ് ഈ സിനിമകള്‍ പ്രാപ്യമാക്കുന്നതും.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ജൂലൈ 14, ഷോ റീല്‍ -43