ജയറാം ടൈറ്റില്‍ കഥാപാത്രമായ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയായ എബ്രഹാം ഓസ്‌ലറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമാണ്. അഞ്ചാം പാതിരയ്ക്കു ശേഷമുള്ള മിഥുവന്‍ മാനുവലിന്റെ ത്രില്ലര്‍, ജയറാമിന്റേ മേക്ക് ഓവര്‍ കഥാപാത്രം എന്നിവയ്‌ക്കൊപ്പം ഈ സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാകാന്‍ സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന മമ്മൂട്ടിയുടെ ഈ അതിഥി വേഷത്തിനാകുന്നു. ഇത് സിനിമയുടെ ആകെ കാഴ്ചയെ തന്നെ മറ്റൊരു വിതാനത്തിലെത്തിക്കുകയും ചെയ്യുന്നുണ്ട്.
സിനിമയിലെ 'കാമിയോ അപ്പിയറന്‍സുകള്‍' കേവലം വന്നുപോകുന്നവരും കേന്ദ്ര പ്രമേയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുന്നവരുമുണ്ട്. രണ്ടും ഒരു സിനിമയുടെ കേവലാസ്വാദനത്തിനപ്പുറത്തേക്ക് പ്രേക്ഷകന് അധിക ആസ്വാദനതലം നല്‍കാന്‍ പോന്നവയാണ്. സിനിമകള്‍ ഇങ്ങനെ സര്‍പ്രൈസ് കാമിയോകളെ അവതരിപ്പിക്കുന്നത് മിക്കവാറും അതത് ഇന്‍ഡസ്ട്രിയിലെ ഫാന്‍ബേസ് ഉള്ള താരങ്ങളുടെ ജനപ്രിയത മുന്നില്‍ കണ്ടുകൊണ്ടാണ്. 1980 കളുടെ തുടക്കത്തില്‍ ശങ്കര്‍ താരപദവിയില്‍ വിരാജിക്കവേ മറ്റ് താരങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സര്‍പ്രൈസ് കാമിയോ വേഷത്തില്‍ രക്ഷകനായും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. പിന്നീട് നാല് പതിറ്റാണ്ടായി താരപദവിയില്‍ തുടരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇൗ മാതൃകയില്‍ പോപ്പുലര്‍ കാമിയോ വേഷങ്ങളില്‍ ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ എത്തിയതിനു ശേഷം കാമിയോ വേഷങ്ങളിലാണ് അധികവും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണുന്നത്. സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് ആരാധകരില്‍ ഉളവാക്കുന്ന ആവേശം കണക്കിലെടുത്താണ് ഇത്തരം സീക്വന്‍സുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്.
സൂപ്പര്‍താര പദവി കൈവന്ന ശേഷം ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ഡെന്നിസ് ജോസഫിന്റെ മനു അങ്കിളില്‍ ആണ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍' ആയി തന്നെയാണ് ഒരു സവിശേഷ ഘട്ടത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ നായക കഥാപാത്രമായ മമ്മൂട്ടിയുമായി മോഹന്‍ലാല്‍ കണ്ടുമുട്ടുന്നില്ല എന്നതും മനു അങ്കിളിലെ പ്രത്യേകതയാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ജോഷി സിനിമയില്‍ മമ്മൂട്ടി സിനിമാനടന്‍ തന്നെയായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടോണി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി കൂട്ടുകൂടുന്നത്. സിനിമാ നടന്‍ മമ്മൂട്ടി എന്ന കൗതുകം ഉടനീളം ചേര്‍ത്തുവച്ചാണ് മമ്മൂട്ടിയുടെ ഈ പാത്രസൃഷ്ടി ഡെന്നിസ് ജോസഫും ജോഷിയും ചേര്‍ന്ന് നമ്പര്‍ 20 മദ്രാസ് മെയിലില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്.
ഷാജി കൈലാസിന്റെ ദി കിംഗില്‍ തന്നെ സൂപ്പര്‍താരമാക്കിയ ഏകലവ്യനിലെ മാധവന്‍ എന്ന ഐപിഎസ് ഓഫീസര്‍ ആയിട്ടാണ് സുരേഷ് ഗോപിയുടെ കാമിയോ വേഷം ഒരു ഘട്ടത്തില്‍ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് എത്തുന്നത്. കമ്മീഷണറിലൂടെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച വേളയിലാണ് സുനിലിന്റെ മാനത്തെ കൊട്ടാരം പോലുള്ള സിനികളില്‍ സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ താരപദവി ഈ ചെറിയ സിനിമയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നരസിംഹത്തിനു ശേഷം സൂപ്പര്‍താര പദവിയുടെ മറ്റൊരു ഔന്നത്യത്തില്‍ എത്തിയ മോഹന്‍ലാലിന്റെ അമാനുഷിക നായക പരിവേഷമാണ് ഉന്നതങ്ങളില്‍, അച്ഛനെയാണെനിക്കിഷ്ടം പോലുള്ള സിനിമകളിലെ അതിഥി വേഷങ്ങളില്‍ പ്രയോജനപ്പെടുത്തുന്നത്.
ഒരു മുന്‍നിര നായകന്റെ സിനിമയില്‍ മറ്റൊരു പ്രമുഖ നായകന്‍ അതിഥി വേഷത്തിലെത്തുമ്പോള്‍ അയാളുടെ കരിസ്മയാണ് പ്രയോജനപ്പെടുത്തുന്നത്. കേവലമൊരു ആകര്‍ഷണം എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പലപ്പോഴും ഈ കാമിയോ പ്രത്യക്ഷപ്പെടലുകള്‍ക്ക് ഉണ്ടാകാറില്ല. നിര്‍ണായകമായൊരു രംഗത്ത് പ്രത്യക്ഷപ്പെട്ട് അയാളുടെ സൂപ്പര്‍താര കരിസ്മ ഒന്നോ രണ്ടോ സീക്വന്‍സുകളില്‍ നിറച്ച് അപ്രത്യക്ഷമാകുന്നതാണ് ഈ അതിഥി വേഷങ്ങളിലെ പതിവ്. എന്നാല്‍ അപൂര്‍വ്വം അവസരങ്ങളില്‍ ഈ ചെറു പ്രത്യക്ഷപ്പെടല്‍ സിനിമയുടെ കേന്ദ്രപ്രമേയവുമായി ഇഴചേരുന്നതും കാണികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതുമായി മാറാറുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇത്തരത്തിലൊന്നാണ്. ഈ പ്രത്യക്ഷപ്പെടലിന് ദൈര്‍ഘ്യം കുറവാണെങ്കിലും കഥാപാത്രത്തിന്റെ ആഴവും അതിലുപരി അതുണ്ടാക്കുന്ന സ്വാധീനവും വലുതാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം നിരഞ്ജനെ ഒരു നോവോടെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നു.
പത്മരാജന്റെ 'ഇന്നലെ'യിലെ ക്ലൈമാക്‌സില്‍ എത്തുന്ന സുരേഷ് ഗോപിയുടെ നരേന്ദ്രന്‍ നിരഞ്ജനും മുമ്പേ മലയാളിയുടെ ഉള്ളുലച്ച കഥാപാത്രമാണ്. മായയുടെയും ശരത്തിന്റെയും ജീവിതം സന്തോഷകരമായ ഒരു തുരുത്തിലേക്ക് എത്തവേയാണ് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായുള്ള നരേന്ദ്രന്റെ വരവ്. ഗൗരി തന്നെ തിരിച്ചറിയാതെ വരുമ്പോഴത്തെ നിസ്സഹായതയും അതുണ്ടാക്കുന്ന തിക്കുമുട്ടലും ഇനിയൊരിക്കലും അവള്‍ തനിക്ക് സ്വന്തമല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുമായി നരേന്ദ്രന്‍ തിരിച്ചിറങ്ങുമ്പോഴത്തെ നഷ്ടബോധം അയാള്‍ക്കൊപ്പം പ്രേക്ഷകനിലും കനത്ത ശൂന്യത നിറയ്ക്കുകയായിരുന്നു. ഹൈറേഞ്ച് ഇറങ്ങി അകന്നുപോകുന്ന നരേന്ദ്രന്റെ കാറിന്റെ പശ്ചാത്തലത്തിലാണ് പത്മരാജന്റെ ഇന്നലെ അവസാനിക്കുന്നത്. ഒരു സിനിമ കണ്ടുതീര്‍ന്നിട്ടും എഴുന്നേല്‍ക്കാനാകാതെ നമ്മളെയത് കെട്ടിവരിഞ്ഞിടുന്ന അവസ്ഥയാണ് ഇന്നലെ കാഴ്ചക്കാരനില്‍ ഉളവാക്കുക. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ കാണിക്കുമ്പോള്‍ അതില്‍ ഒന്നിലെങ്കിലും ഗൗരി തന്നെ ഓര്‍മ്മിച്ചിരുന്നെങ്കിലെന്ന നരേന്ദ്രന്റെ പ്രതീക്ഷയും അതു പരാജയപ്പെടുമ്പോഴത്തെ നഷ്ടബോധവും അത്രയെളുപ്പം കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകില്ല. എല്ലാ പ്രതീക്ഷകളും അവസാനിച്ച് തനിച്ചായിപ്പോകുന്ന നരേന്ദ്രനെ നമ്മള്‍ പിന്തുടരും. അയാളുടെ തീരാവേദനയെ ഇടയ്ക്കിടെ അയവിറക്കും. എന്നെങ്കിലും ഗൗരിയിലേക്ക് ഓര്‍മ്മയുടെ നനുത്ത നൂലിഴകള്‍ തിരിച്ചെത്തുമെന്നും ആ വേളയില്‍ അവള്‍ ഉറപ്പായും ആദ്യം ഓര്‍മ്മിക്കുക നരേന്ദ്രനെ തന്നെയായിരിക്കുമെന്നും വെറുതെയെങ്കിലും കാണികള്‍ പ്രതീക്ഷ വയ്ക്കും.
നരസിംഹത്തിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍ വേഷം നിര്‍ണായക വേളയില്‍ നായകനു വേണ്ടി എത്തുന്നയാളാണ്. മറ്റാര്‍ക്കെങ്കിലും ചെയ്യാവുന്ന വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കരിസ്മ ഈ കഥാപാത്രത്തെ മറ്റൊരു വിതാനത്തിലെത്തിക്കാന്‍ പോന്നതാകുന്നു. ഇതേ കരിസ്മ തന്നെയാണ് രജനീകാന്തിന്റെ ജയിലറില്‍ മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നീ സൂപ്പര്‍താരങ്ങളെ നിര്‍ണായക ഘട്ടങ്ങളില്‍ നായകന് സഹായവുമായി എത്തുന്ന സുഹൃദ് കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിനു പിന്നിലും. ഈ കഥാപാത്രങ്ങളെല്ലാം നായക കഥാപാത്രവുമായി സവിശേഷമായ അടുപ്പം സൂക്ഷിക്കുന്നവരായിട്ടാണ് കാണിക്കുന്നത്. അത്ര താരപ്പകിട്ടില്ലാത്ത ഒരു നടന് ചെയ്യാവുന്ന കഥാപാത്രങ്ങളിലേക്ക് സൂപ്പര്‍താരങ്ങളെ പരിഗണിക്കുന്നത് സിനിമയുടെ വിപണിസാധ്യത കൂടി ലക്ഷ്യം വച്ചാണ്. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ ഹിന്ദി, കന്നട, മലയാളം വിപണികളിലെ കാണികളെ കൂടിയാണ് പരിഗണിക്കുന്നത്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകളില്‍ ഈ മാതൃകയില്‍ പരസ്പരബന്ധിതമായ സൂപ്പര്‍താര കഥാപാത്രങ്ങള്‍ നിര്‍ണായക ഘട്ടങ്ങളിലും ടെയ്ല്‍ എന്‍ഡ് സീക്വന്‍സുകളിലും കടന്നുവരുന്നതും തുടര്‍ സിനിമകളിലെ പ്രധാന സാന്നിധ്യമാണെന്ന സൂചനകള്‍ അവശേഷിപ്പിക്കുന്നതായും കാണാം. കാര്‍ത്തി നായകനായ കൈദി, വിജയിന്റെ ലിയോ, കമല്‍ഹാസന്റെ വിക്രം എന്നീ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകള്‍ സൂപ്പര്‍താര കഥാപാത്രങ്ങളുടെ സൂചനകള്‍ പരാമര്‍ശ വിധേയമാക്കിയാണ് അവസാനിക്കുന്നത്. വിക്രത്തില്‍ സൂര്യയുടെ റോളക്‌സ്, കാര്‍ത്തിയുടെ ദില്ലി, ലിയോയില്‍ കമല്‍ഹാസന്റെ ഏജന്റ് വിക്രം എന്നീ കഥാപാത്രങ്ങള്‍ കടന്നുവരുന്നു. ദില്ലി കേവലം ഒരു സാധാരണ തടവുപുള്ളി മാത്രമല്ലെന്ന സൂചനയാണ് യൂണിവേഴ്‌സിലെ ആദ്യ സിനിമയായ കൈദിയുടെ ടെയ്ല്‍ എന്‍ഡിലുള്ളത്.
ഓസ്‌ലറില്‍ ജയറാമിന്റെ ടൈറ്റില്‍ കഥാപാത്രം അന്വേഷിക്കുന്ന കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സൂപ്പര്‍താര പദവിയില്ലാത്ത മറ്റൊരു നടന് ചെയ്യാവുന്ന കഥാപാത്രമാണിത്. മമ്മൂട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കഥാപാത്രവുമല്ല അലക്‌സാണ്ടറിന്റേത്. എന്നാല്‍ മമ്മൂട്ടിയുടെ അപാരമായ കരിസ്മയും സാന്നിധ്യവും സിനിമയുടെ മുന്നോട്ടുപോക്കിനാകെ ഗുണം ചെയ്യുന്നു. ഓസ്‌ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തിലും അയാളുടെ ഗാര്‍ഹിക, തൊഴില്‍ ചുറ്റുപാടുകളുമായും ചുറ്റപ്പെട്ട് മുന്നോട്ടുപോയിരുന്ന കഥാഗതിക്ക് പെട്ടെന്ന് വഴിമാറ്റം സംഭവിക്കുന്നത് അലക്‌സാണ്ടറിന്റെ വരവോടെയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒരു കഥാപാത്രം മമ്മൂട്ടിയെ പോലെയൊരു സൂപ്പര്‍താരം ഏറ്റെടുക്കുന്നതോടെ ആഖ്യാനഗതിയില്‍ തന്നെ മാറ്റം വരുന്നതായി കാണാം. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന 'പൂമാനമേ' എന്ന ഗാനം പോലും കാണികളുടെ ചിന്തയെ നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മുന്‍നിരയിലല്ലാത്ത മറ്റൊരു നടന്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് സിനിമയുടെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.
ഓസ്‌ലറിലെ അതിഥി വേഷം സ്വീകരിച്ചതിനെക്കുറിച്ച് കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറയുന്നുണ്ട്. ' ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത് കഥാപാത്രം തന്നെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യം ഇല്ലേ. ഞാന്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്നുണ്ട്. ആ ആഗ്രഹം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല എന്നേ ഉള്ളൂ. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല.' മമ്മൂട്ടിയുടെ വാക്കുകളിലുണ്ട് ഈ കാമിയോ കഥാപാത്രത്തിന്റെ ഉള്‍ക്കനം.
സിദ്ധാര്‍ഥ് ആനന്ദിന്റെ പത്താനില്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും റോ ഏജന്റ് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ?, അല്ല മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരെ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍ മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്. സിനിമയില്‍ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഷാരൂഖ് ഖാന്റെ നായക കഥാപാത്രത്തിന് സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന അവിനാഷ് ടൈഗര്‍ സിംഗ് റാത്തോറിനെ രക്ഷകനായി അവതരിപ്പിക്കുന്നത്. ഒരു സൂപ്പര്‍താരം തന്നെ രക്ഷകനായി അവതരിക്കുന്നതും രണ്ട് സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നുള്ള തുടര്‍ സീക്വന്‍സുകളും പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു.
നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രം ചിത്രത്തിന്റെ വിപണിമൂല്യം ഏറെ വലുതാക്കി. നായകനേക്കാളും അതിഥി കഥാപാത്രത്തിന് സ്വീകാര്യത കൈവരുന്ന അപൂര്‍വ്വ സാഹചര്യത്തിനാണ് ഇത്തിക്കര പക്കിയെന്ന കഥാപാത്രം നിമിത്തമായത്. സജി സുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സില്‍ കമല്‍ഹാസന്റെ കാമിയോ വേഷം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹന്‍ലാലിന്റെ അച്യുതക്കുറുപ്പ്, കുഞ്ഞിരാമായണത്തിലെ ബിജുമേനോന്റെ മനോഹരന്‍, ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ പവിത്രന്‍, മുന്നറിയിപ്പിലെ പൃഥ്വിരാജിന്റെ ചാക്കോ, മനു അങ്കിളിലെ സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപന്‍ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന അതിഥി കഥാപാത്രങ്ങളാണ്. നായക നിരയിലേക്ക് ഉയര്‍ന്നതിനു ശേഷം അതിഥി വേഷങ്ങളില്‍ ഏറ്റവുമധികമെത്തിയ നടന്‍മാരിലൊരള്‍ ആസിഫ് അലി ആണ്. ഡോക്ടര്‍ ലൗ, ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍, മല്ലുസിങ്, വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ഉണ്ട, മോഹന്‍കുമാര്‍ ഫാന്‍സ്, റോഷാക്ക് തുടങ്ങിയ സിനിമകളില്‍ ആസിഫ് കാമിയോ വേഷങ്ങളിലെത്തി. ഇതില്‍ ഉസ്താദ് ഹോട്ടലിലും മോഹന്‍കുമാര്‍ ഫാന്‍സിലും സിനിമാതാരം ആയി തന്നെയാണ് എത്തുന്നത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജനുവരി 22, ഷോ റീല്‍-49
No comments:
Post a Comment