'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല' ഇത് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ വലിയ പ്രദര്‍ശനവിജയത്തെ സൂചിപ്പിക്കുന്ന നിരവധി പോസ്റ്ററുകളിലൊന്നില്‍ വന്ന പരസ്യവാചകമായിരുന്നു. പ്രേക്ഷകരെ തങ്ങളുടെ സിനിമയിലേക്ക് അടുപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരസ്യവാചകങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത് പതിവാണ്. സിനിമയുടെ റിലീസിന് മുമ്പും തിയേറ്റര്‍ വിജയം നേടുമ്പോഴും തിയേറ്ററില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുമ്പോള്‍ കാണികളെ തിയേറ്ററിലെത്തിക്കാനും ഇത്തരം പരസ്യവാചകങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. റിലീസിനു മുമ്പ് സിനിമയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി വലിയ വാചകശകലങ്ങളോടെ മുഴുവന്‍ പേജ് പത്രപ്പരസ്യങ്ങള്‍ നല്‍കുന്ന പതിവ് മലയാളസിനിമയുടെ പ്രാരംഭ ദശകങ്ങളിലുണ്ടായിരുന്നു. എന്തു തന്നെയായിരുന്നാലും ഈ പരസ്യവാചകങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം പരമാവധി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുക എന്നതു തന്നെയായിരുന്നു. എന്നാല്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ 'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ....' എന്നു തുടങ്ങുന്ന വാചകം കേവലമൊരു പരസ്യാകര്‍ഷണ തന്ത്രത്തിനപ്പുറത്തെ വാസ്തവമായിരുന്നു. അത്യപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ് മണിച്ചിത്രത്താഴ് എന്ന അത്ഭുതസൃഷ്ടിക്കു പിന്നില്‍ സംഭവിച്ചത്. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞ് വിസ്മയമായിത്തീര്‍ന്ന ഈ സിനിമ പിറവിയുടെ മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്നു.
മേല്‍സൂചിപ്പിച്ച പോലെ ആരും കുറ്റം പറയാത്ത ഈ സിനിമ പണിക്കുറ തീര്‍ന്ന ശില്‍പ്പം എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന സൃഷ്ടിയാണ്. ഒരു സിനിമയുടെ എല്ലാ യൂണിറ്റും ഒരുപോലെ വിജയിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിക്കുകയും അതേ ഉള്‍ക്കാമ്പോടെ കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായും ഈ സിനിമയെ കാണാം. ഇങ്ങനെയൊരു സിനിമ പിന്നീട് ആവര്‍ത്തിക്കാനിടയില്ല. അതിന്റെ അണിയറശില്‍പ്പികള്‍ക്കു പോലെ ഈ സിനിമയെ ഇതുപോലെ പുന:സൃഷ്ടിക്കാനുമായേക്കില്ല. മലയാളി സിനിമാസ്വാദന ശീലത്തിലും അഭിരുചിയിലും മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടാക്കിയ സ്വാധീനം അത്രകണ്ട് വലുതാണ്.
മൂന്ന് പതിറ്റാണ്ട് കുറച്ചിലില്ലാതെ ഏറ്റം മാത്രം ശീലമാക്കിയ അപൂര്‍വ്വമായ ഒരു ആസ്വാദനാനുഭവമാണ് മണിച്ചിത്രത്താഴ് മലയാളി ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ കണ്ട അതേ പുതുമയോടെ പ്രേക്ഷകര്‍ ഇപ്പോഴും ഈ സിനിമ കാണുന്നു. 1993 ല്‍ ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുട്ടികളായിരുന്നവര്‍ ഇപ്പോള്‍ മറ്റൊരു തലമുറയുടെ രക്ഷകര്‍തൃത്വമേറ്റവരായി മാറി. ആ പുതിയ തലമുറയും ഏറ്റവും പുതുമയോടെ മണിച്ചിത്രത്താഴ് കണ്ടാസ്വദിക്കുന്നുവെന്നതാണ് ഇതിലെ സവിശേഷത. പ്രായഭേദമന്യേ എല്ലാവരിലേക്കുമെത്തുന്ന ആസ്വാദനത്തിന്റെ ഒരു രസച്ചരട് മണിച്ചിത്രത്താഴിലുടനീളം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ കണ്ടുതീര്‍ന്നാല്‍ വീണ്ടും കാണാന്‍ തോന്നുന്നത്ര അടുപ്പമാണ് ഈ സിനിമയോട് കാണികള്‍ക്കുള്ളത്. പലതവണ കണ്ട് ഇതിലെ ഓരോ രംഗങ്ങളും കാണാപാഠമാണ് മലയാളിക്ക്. അടുത്ത രംഗം എന്തെന്ന് അറിയാമെങ്കിലും ആകാംക്ഷ കുറയ്ക്കാതെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന മാന്ത്രികത മണിച്ചിത്രത്താഴ് മുപ്പതു വര്‍ഷത്തിനിപ്പുറവും അവശേഷിപ്പിക്കുന്നു.
1993 ലെ ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച മണിച്ചിത്രത്താഴിന്റെ ആസ്വാദനം പിന്നീടുള്ള ഓരോ പതിറ്റാണ്ടിലും നിലയ്ക്കാതെ തുടര്‍ന്നുപോന്നു. ഒരു വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടര്‍ന്ന ആസ്വാദനം പിന്നീട് ടെലിവിഷന്‍ സ്‌ക്രീനിനു വഴിമാറി. തിയേറ്ററില്‍ മണിച്ചിത്രത്താഴ് ഓടിയ ഒരു വര്‍ഷക്കാലം കൊണ്ട് ഒട്ടുമിക്ക മലയാളികളും ഈ സിനിമ കണ്ടു. എ ക്ലാസിലെ എല്ലാ തിയേറ്ററുകളിലും 100, 150 ദിവസങ്ങള്‍. ചിലയിടങ്ങളില്‍ അത് 200 ഉം 300 ഉം ദിവസങ്ങള്‍ മറികടന്നു. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ചാണ് മണിച്ചിത്രത്താഴ് റെക്കോര്‍ഡിട്ടത്. എ ക്ലാസിലെ ഓട്ടം കഴിഞ്ഞ് ബി ക്ലാസിലെ 75- 100 ദിവസങ്ങളിലേക്കും സി ക്ലാസിലെ 50- 60 ദിവസങ്ങളിലേക്കും മണിച്ചിത്രത്താഴിന്റെ സഞ്ചാരം തുടര്‍ന്നു. പ്രദര്‍ശനം അവസാനിപ്പിച്ച തിയേറ്ററുകളില്‍ പ്രേക്ഷകാഭ്യാര്‍ഥന മാനിച്ച് വീണ്ടും റിലീസ് ചെയ്യുന്നതും കണ്ടു. ഈ റീ റിലീസിംഗിലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കായി. മലയാള സിനിമയില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മണിച്ചിത്രത്താഴ് തകര്‍ത്തു. സി ക്ലാസിലും ഓടിത്തീര്‍ന്ന് സിയുടെ അവാന്തര വിഭാഗമെന്നോ വേണമെങ്കില്‍ ഡി ക്ലാസെന്നോ വിളിക്കാവുന്ന ഗ്രാമപ്രദേശത്തെ ഓലക്കൊട്ടകകളില്‍ ഒരു വര്‍ഷത്തിനു ശേഷമാണ് മണിച്ചിത്രത്താഴിന്റെ പ്രദര്‍ശനത്തിന് അവസരം ലഭിച്ചതെന്നത് ഈ സിനിമയുണ്ടാക്കിയ ജനപ്രിയതയുടെ ആഴം വെളിവാക്കുന്നു.
മണിച്ചിത്രത്താഴ് ആദ്യമായി ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമെത്തിയ ദിവസം ഒരു പുതിയ സിനിമയുടെ തിയേറ്റര്‍ റിലീസിനോളം തന്നെ കൗതുകം കാണികളില്‍ അവശേഷിപ്പിക്കാനായിരുന്നു. തിയേറ്ററില്‍ കാണാന്‍ അവസരം ലഭിക്കാത്ത കാണികളും ആവര്‍ത്തനകാഴ്ച ആഗ്രഹിച്ച കാണികളും ചേര്‍ന്ന് ഈ ടെലിവിഷന്‍ പ്രീമിയറിനെ ഉത്സവമാക്കി. മലയാളികള്‍ ഇത്രത്തോളം തുടര്‍ച്ചയായി ഏറ്റെടുത്ത മറ്റൊരു സിനിമാകാഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ടെലിവിഷനിലെ ഈ ആദ്യപ്രദര്‍ശനങ്ങള്‍ക്കു ശേഷം മണിച്ചിത്രത്താഴിന്റെ പിന്നീടുള്ള ഓരോ പുന:സംപ്രേഷണവും തീര്‍ക്കുന്നത് ആദ്യമായി കാണുന്നുവെന്ന അനുഭവം തന്നെയാണ്. ഈ ജനപ്രീതി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ മൂന്നു പതിറ്റാണ്ടിലെത്തുമ്പോഴും ഈ സിനിമയുടെ സംപ്രേഷണാവകാശമുള്ള ഏഷ്യാനെറ്റ് വൈകുന്നേരത്തെ പ്രൈം ടൈം സ്‌ക്രീനിംഗ് ഷെഡ്യൂള്‍ മണിച്ചിത്രത്താഴിനു വേണ്ടി മാറ്റിവയ്ക്കുന്നു. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഈ സിനിമ സംപ്രേഷണം ചെയ്യുമ്പോഴത്തെ വ്യൂവര്‍ഷിപ്പ് ചാനല്‍ പരിശോധിക്കാറുണ്ട്. അത് ഒരു പുതിയ ഹിറ്റ് സിനിമയുടെ ടെലിവിഷന്‍ പ്രീമിയറിനെ മറികടക്കുന്നതാണെന്നതാണ് ആസ്വാദനത്തിലെ ജനപ്രിയതയുടെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തല്‍. വര്‍ഷത്തില്‍ 10-12 തവണയെങ്കിലും ചാനലില്‍ മണിച്ചിത്രത്താഴ് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളി ആസ്വാദനശീലത്തില്‍ ഈ സിനിമ ഉണ്ടാക്കിയ ജനകീയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ മാസം കേരളീയം പരിപാടിയിലെ ചലച്ചിത്രമേളയില്‍ മണിച്ചിത്രത്താഴിന്റെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങള്‍. ഒരു സിനിമയ്ക്ക് ഒറ്റ സ്‌ക്രീനിംഗ് മാത്രം അനുവദിച്ചിരുന്ന ഈ ചലച്ചിത്ര മേളയില്‍ കാണികളുടെ ബാഹുല്യം നിമിത്തം തുടര്‍ച്ചയായി മൂന്ന് പ്രദര്‍ശനമാണ് മണിച്ചിത്രത്താഴിനായി സംഘടിപ്പിക്കേണ്ടി വന്നത്.
വിവിധ ഘടകങ്ങളുടെ സങ്കല്‍പ്പനമായ സിനിമയുടെ എല്ലാ യൂണിറ്റുകളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ അത് ആ സിനിമയ്ക്കാകെ ഗുണം ചെയ്യുന്നു. ഇതാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചത്. അതുവരെ ഏതെങ്കിലും ഒരു സിനിമ വാണിജ്യ, കലാമൂല്യങ്ങള്‍ ഇത്രയും പരിപൂര്‍ണമായി ഒത്തിണങ്ങി എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കും വിധം ചിട്ടപ്പെടുത്തിയതായി മലയാളത്തില്‍ പുറത്തു വന്നിട്ടില്ലെന്നു പറയാം. പുതുമയുള്ള മികച്ച തിരക്കഥ, കഥപറച്ചില്‍ രീതി, സംവിധാന മികവ്, അഭിനേതാക്കളുടെ പ്രകടനം, ഗാനങ്ങള്‍ എന്നിവയെല്ലാം മണിച്ചിത്രത്താഴിനെ മികവുറ്റ സൃഷ്ടിയാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി.
ദ്വന്ദ്വവ്യക്തിത്വം എന്ന അന്നത്തെ മലയാളം സിനിമയ്ക്ക് പുതുമയുള്ള ആശയം പ്രമേയമായി ഉപയോഗിച്ചുവെന്നതായിരുന്നു മണിച്ചിത്രത്താഴിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സങ്കീര്‍ണമായ പ്രമേയത്തിന് രസകരവും എന്നാല്‍ പിരിമുറുക്കം നിലനിര്‍ത്തിയുമുള്ള അന്തരീക്ഷവും വേറിട്ട ആഖ്യാനത്തിന്റെയും മികവുറ്റ അഭിനയപ്രകടനങ്ങളുടെയും പിന്‍ബലവും നല്‍കി സങ്കീര്‍ണതയെ ലളിതമായി ചുരുളഴിക്കുകയാണ് ഫാസില്‍ മണിച്ചിത്രത്താഴില്‍ പ്രയോജനപ്പെടുത്തിയ ശൈലി. പ്രേതസിനിമ, യക്ഷിപ്പടം എന്നിങ്ങനെയുള്ള പേരുകള്‍ പറഞ്ഞുശീലിച്ച സാധാരണ മലയാളി പ്രേക്ഷകരിലേക്ക് ഭയത്തിന്റെ മാനസികാപഗ്രഥന ശൈലിയുടെ പുതിയ മാനം സന്നിവേശിപ്പിക്കുകയായിരുന്നു ഈ ചിത്രം. അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ആഖ്യാനവും കേട്ടുശീലിച്ചിട്ടില്ലാത്ത ദ്വന്ദ്വവ്യക്തിത്വം എന്ന പ്രയോഗതലത്തിന്റെ സാധ്യതയും കാണികള്‍ക്ക് പുതുമയാര്‍ന്നതായി അനുഭവപ്പെട്ടു. അതിനപ്പുറം അവരുടെ സകല ആസ്വാദന വികാരങ്ങളെയും സദാ പരിഗണിച്ചുകൊണ്ട് എഴുന്നേല്‍പ്പിക്കാതെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുന്ന ഏതോ കാന്തികശേഷി ഈ സിനിമയ്ക്കുണ്ടായിരുന്നു. ഈ കാന്തികബലം തന്നെയാണ് മൂന്നു പതിറ്റാണ്ടായിട്ടും വിട്ടുപോകാതെ ഓരോ പ്രേക്ഷകനെയും പിന്തുടരുന്നതും.
ചാത്തനേറിനെ കുറിച്ചൊരു പടം ചെയ്യാമെന്നാണ് മധു മുട്ടം ഫാസിലുമായി ആദ്യം സംസാരിക്കുന്നത്. ഇത്തരം അന്ധവിശ്വാസം പരത്തുന്ന കഥകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്നായിരുന്നു ഫാസിലിന്റെ പ്രതികരണം. എന്നാല്‍ പല നാടുകളില്‍ പല പേരുകളില്‍ പ്രചാരത്തിലുള്ള ചാത്തനേറ് പോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ് ഇതിന്റെ വലിയ പ്രചാരകരുമാകുന്നതെന്നതാണ് ഇതിലെ സവിശേഷതയെന്നും ഇത് ഒരു തരത്തിലുള്ള ദ്വന്ദ്വവ്യക്തിത്വമാണെന്നും മധു മുട്ടം പറഞ്ഞപ്പോഴാണ് ഇതിലെ സിനിമാസാധ്യത ഫാസിലിന് ബോധ്യപ്പെടുന്നത്. അതുവഴി മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മലയാളത്തിന് വ്യത്യസ്തമായ വിഷയം എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന കഥാന്തരീക്ഷത്തിലേക്ക് പറിച്ചുനടുകയായിരുന്നു ഈ സിനിമ ചെയ്തത്. 'മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും' എന്ന തന്റെ പുസ്തകത്തില്‍ ഈ സിനിമ രൂപപ്പെട്ട വഴികളെക്കുറിച്ച് ഫാസില്‍ വിശദമാക്കുന്നുണ്ട്.
ബാധ കയറല്‍, ചാത്തനേറ്, ദണ്ണെളക്കം, തുള്ളിപ്പറയല്‍, ഭഗവതി ആവേശിക്കല്‍, തെയ്യക്കോലം എന്നിങ്ങനെ കേരളത്തിലെ ഭിന്ന ഗ്രാമദേശങ്ങളില്‍ പ്രാദേശികമായി വിവിധ പേരുകളില്‍ പ്രചാരമുള്ള ദ്വന്ദ്വവ്യക്തിത്വാവാഹനങ്ങളുണ്ട്. കോലങ്ങള്‍ കെട്ടുന്നവരിലേക്ക് ദൈവം ആവേശിക്കുന്നത് ഒരു തരത്തില്‍ കുറച്ച് നേരത്തേക്കെങ്കിലുമുള്ള ദ്വന്ദ്വവ്യക്തിത്വാവേശം തന്നെയാകുന്നു.
മൂന്നര വര്‍ഷത്തെ ആലോചനകളും ചര്‍ച്ചകളുമാണ് മണിച്ചിത്രത്താഴിനു വേണ്ടി മധു മുട്ടവും ഫാസിലും നടത്തിയത്. ചാത്തനേറ് എന്ന ഒറ്റവാക്കില്‍ മുളപൊട്ടിയ കഥാംശം പതിയെ പതിയെ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഗംഗയിലേക്കും നകുലനിലേക്കും എത്തി. മാസങ്ങള്‍ പിന്നിട്ടാണ് കാരണവരിലേക്കും തഞ്ചാവൂരില്‍ നിന്ന് വന്ന നര്‍ത്തകിയായ നാഗവല്ലിയിലേക്കും കാമുകന്‍ രാമനാഥനിലേക്കുമെല്ലാം മധു മുട്ടം എന്ന കഥാകൃത്ത് എത്തിച്ചേരുന്നത്. മധു മുട്ടത്തിന്റെ തിരക്കഥാ സ്വാംശീകരണ വേളയില്‍ ഫാസില്‍ എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് എന്നീ സിനിമകളും ചെയ്തു. വിശാലമായ കാന്‍വാസില്‍ സംഗീതം, നൃത്തം, ആര്‍ട്ട്, ഡ്രാമ, പെയിന്റിംഗ് എന്നിവയെല്ലാം വരുന്ന ഹാസ്യവും ഉദ്വേഗവുമടക്കമുള്ള സിനിമാറ്റിക് എലമെന്റുകള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന സിനിമയായിരുന്നു ഇരുവരുടെയും മനസ്സില്‍. ഇത്ര വലിയ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫാസില്‍ പിന്‍വാങ്ങിയില്ല. അദ്ദേഹം മണിച്ചിത്രത്താഴുമായി മുന്നോട്ടുപോയി.
ഗംഗയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ ആദ്യം സൃഷ്ടിച്ചത്. മാനസിക തകര്‍ച്ച നേരിട്ട മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള കഥാപാത്രം. ഗംഗയുടെ കഥാപാത്രത്തെ പൂര്‍ത്തീകരിക്കാനായാണ് നാഗവല്ലിയെ സൃഷ്ടിച്ചത്. സമാനമായി ഗംഗയുടെ പൂര്‍വ്വകഥയും പറഞ്ഞു. ഈ പൂര്‍വ്വകാലത്തിലാണ് യക്ഷിത്തറയും പുള്ളുവന്‍പാട്ടും ദൈവക്കോലങ്ങളുമെല്ലാമുള്ള ഗംഗയുടെ ബാല്യ, കൗമാരങ്ങളെ അടയാളപ്പെടുത്തുന്നത്. ഈ ഭൂതകാലാവേശങ്ങള്‍ മാടമ്പള്ളിയിലെ വാസകാലത്തെ അനുകൂല സാഹചര്യത്തില്‍ പൊടിതട്ടിയെടുക്കുകയായിരുന്നു ഗംഗ. വ്യക്തിയുടെ ഭൂതകാലത്തിലേക്കുള്ള ഈ അന്വേഷണം പിന്നീട് പല സിനിമകളിലും ആവര്‍ത്തിക്കുന്നതായി കാണാം. ഗംഗയുടെ മലയാളം ഡബ്ബിംഗ് ഭാഗ്യലക്ഷ്മി നിര്‍വ്വഹിച്ചപ്പോള്‍ നാഗവല്ലിക്ക് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് ശബ്ദം നല്‍കിയത്.
ഡോ.സണ്ണിയായി ആദ്യം മമ്മൂട്ടിയെ പരിഗണിക്കുകയും ഹാസ്യരംഗങ്ങള്‍ ഫലിപ്പിക്കാനാകുമോ എന്ന സംശയം മോഹന്‍ലാലിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് പിന്നീട് മോഹന്‍ലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായി മാറിയെന്നത് ചരിത്രം. ഈ കഥാപാത്രത്തെ പിന്നീട് പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന സിനിമയില്‍ പുന:സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഡോ.സണ്ണിക്ക് മണിച്ചിത്രത്താഴില്‍ പുറത്തെടുക്കാനായ കരിസ്മ ഗീതാഞ്ജലിയില്‍ ആവര്‍ത്തിക്കാനായില്ല.
ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും കാണികള്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു. നെടുമുടി വേണു, തിലകന്‍, പപ്പു, കെപിഎസി ലളിത, വിനയപ്രസാദ്, ഇന്നസെന്റ്, ശ്രീധര്‍, ഗണേഷ്, സുധീഷ് തുടങ്ങി ഓരോ അഭിനേതാക്കളുടെയും കരിയറിലെ പ്രധാന കഥാപാത്രമായി ഇതിലെ വേഷം മാറി.
നിരവധി സവിശേഷതകളാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു ആന്തോളജി സിനിമ അല്ലെങ്കില്‍ കൂടി ഈയൊരു സിനിമ പല ഭാഗങ്ങളായി വ്യത്യസ്ത സംവിധായകര്‍ ഒരു സംവിധായകന്റെ നേതൃത്വത്തില്‍ ഷൂട്ട് ചെയ്തുവെന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ പുതുമയായി. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധിഖ്, ലാല്‍ എന്നിവരായിരുന്നു മണിച്ചിത്രത്താഴില്‍ ഫാസിലിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍. നാല് യൂണിറ്റുകളായി ഷൂട്ടിംഗ്. എടുക്കേണ്ട ഷോട്ടുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഫാസില്‍ നല്‍കും. സ്‌ക്രിപ്റ്റും വിഭജിച്ചു നല്‍കും. നാല് സംവിധായകര്‍ക്ക് നാല് അസിസ്റ്റന്റുമാരും ഉണ്ടായിരുന്നു.
മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ രൂപപ്പെട്ട ആശയക്കുഴപ്പം സുരേഷ് ഗോപിയുടെ ഒറ്റ നിര്‍ദേശത്തിലാണ് ഒത്തുതീര്‍പ്പാകുന്നത്. നകുലന്‍ ജീവിക്കുകയും വേണം, കാരണവരെ കൊന്ന് നാഗവല്ലിക്ക് പക തീര്‍ക്കുകയും വേണം. രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് സുരേഷ് ഗോപി. സാങ്കേതികവിദ്യയും ഗ്രാഫിക്‌സുമൊന്നും മലയാള സിനിമയില്‍ അത്രകണ്ട് സാധാരണമല്ലാത്ത കാലത്ത് ഇത് എങ്ങനെ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കണമെന്നതില്‍ മധു മുട്ടത്തിനും ഫാസിലിനും സംശയമുണ്ടായിരുന്നു. തിരക്കഥാകാരന്റെയും സംവിധായകന്റെയും ഈ തലപുകയ്ക്കലിന് ''ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ?'' എന്ന സുരേഷ് ഗോപിയുടെ ചോദ്യമാണ് ആ വലിയ സംശയത്തിന് ഉത്തരമായത്. ആ ക്ലൈമാക്‌സ് ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നതും.
തൃപ്പൂണിത്തുറ ഹില്‍ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്‌നാട്ടിലെ വാസന്‍ ഹൗസും മണിച്ചിത്രത്താഴിനു പശ്ചാത്തലങ്ങളായി. സിനിമയില്‍ കാണുന്ന മാടമ്പള്ളി തറവാടിന്റെ പല ഭാഗങ്ങള്‍ ഈ മൂന്നു കെട്ടിടവും ചേര്‍ന്നതാണ്. സിനിമയുടെ തുടക്ക രംഗങ്ങളിലൊന്നില്‍ ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം തൃപ്പൂണിത്തുറ ഹില്‍പാലസും ക്ലൈമാക്‌സില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസന്‍ ഹൗസുമാണ്.
മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ് എക്കാലത്തെയും ക്ലാസിക്ക് സൃഷ്ടികളിലൊന്നായ ഈ സിനിമ. മൂന്ന് പതിറ്റാണ്ടായി ഒട്ടനവധി മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ പേര് മണിച്ചിത്രത്താഴ് എന്നാണ്. ഓരോ രംഗവും സംഭാഷണവും കാണാപാഠം എന്നതുപോലെ ഒരു രംഗവും സംഭാഷണവും പാഴായിപ്പോകുന്നില്ലെന്നതും മണിച്ചിത്രത്താഴിന്റെ തിരക്കഥയുടെയും സംവിധാന മികവിന്റെയും ദൃഷ്ടാന്തമാണ്. ഗംഗ നാഗവല്ലിയായി മാറുന്നത് നകുലന്‍ കാണുന്നത്, ഗംഗ തെക്കിനിയില്‍ പ്രവേശിക്കുന്നത്, തെക്കിനിയുടെ വാതിലിനപ്പുറമിപ്പുറം നിന്ന് നാഗവല്ലിയും ഡോ. സണ്ണിയും സംസാരിക്കുന്നത്, മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് സണ്ണി വിശദമാക്കുന്നത്, ആല്‍ത്തറയിലെ അക്ഷരശ്ലോകം, സണ്ണിയും പുല്ലാറ്റുമഠം ബ്രഹ്മദത്തന്‍ നമ്പൂതിരിയും കാണുന്നത്, കാട്ടുപറമ്പന്‍ ബാധയൊഴിപ്പിക്കാനെത്തുന്നത്, ശ്രീദേവിയും ഉണ്ണിത്താനും ഭാസുരയും കാട്ടുപറമ്പനും ചന്തുവുമായുള്ള ഡോ. സണ്ണിയുടെ സംഭാഷണങ്ങള്‍ എന്നിവയെല്ലാം ആവര്‍ത്തിച്ചുള്ള കാഴ്ചയിലും കാണികളുടെ പ്രിയം കൂട്ടുന്ന സീക്വന്‍സുകളാണ്.
ഒരു സിനിമയില്‍ പാട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നതിലെ പാടവവും മണിച്ചിത്രത്താഴിന്റെ മികവേറ്റുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്. ഏറ്റവും ആവശ്യമായ വേളകളിലാണ് ഈ സിനിമയില്‍ പാട്ടുകള്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. 'പഴംതമിഴ് പാട്ടിഴയും' എന്ന പാട്ട് തന്നെയാണ് ഇതിലെ ഏറ്റവും മികച്ച ഉദാഹരണം. മാടമ്പള്ളിയിലെ അവസ്ഥ അത്യധികം സങ്കീര്‍ണമാകുകയും ശ്രീദേവിയെ മനോരോഗിയാണെന്ന് കാണിച്ച് മുറിയിലടയ്ക്കുകയും എന്നാല്‍ യഥാര്‍ഥ മനോരോഗി മറ്റൊരാളാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുകയും ചെയ്യുന്ന അത്യന്തം പിരിമുറുക്കമുള്ള പശ്ചാത്തലത്തെ സംഭാഷണങ്ങള്‍ക്കു പകരം പാട്ടിലൂടെ അതീവഹൃദ്യമായി ആവിഷ്‌കരിക്കുകയായിരുന്നു. പാട്ടിനു പകരം സംഭാഷണങ്ങളായിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ അവസ്ഥയെ ഇത്രമാത്രം നീതീകരിക്കാനായേക്കില്ല. ഓരോരുത്തരും അനുഭവിക്കുന്ന മാനസികസംഘര്‍ഷം സുവ്യക്തമായി ഈ ഗാനരംഗത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു. കല്‍ക്കട്ടയിലെ തിരക്കുകളില്‍ നിന്നു വിട്ടു മാറി മാടമ്പള്ളിയിലെ തറവാട്ടില്‍ ദിവസങ്ങള്‍ ചെലവിടുന്ന ഗംഗയുടെ ഏകാന്ത വേളകളെയും ചിന്തകളെയും പൂര്‍വ്വകാല സ്മൃതികളെയും 'വരുവാനില്ലാരുമി' എന്ന ഗാനത്തിലൂടെ സുവ്യക്തമാകുമ്പോള്‍ നാഗവല്ലിയായുള്ള ഗംഗയുടെ പകര്‍ന്നാട്ടത്തിന്റെ മൂര്‍ത്തിമത് ഭാവവും നാഗവല്ലിയില്‍ നിന്നുള്ള ഗംഗയുടെ വിടുതലിനും സിനിമയുടെ ക്ലൈമാക്‌സിലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന ഗാനം വഴിയൊരുക്കുന്നു. ഇത്തരത്തില്‍ ഒരു സിനിമയിലെ പാട്ടുകള്‍ കേന്ദ്ര കഥാംശത്തോട് ഇഴുകിച്ചേരുന്ന അവസരം തുലോം തുച്ഛമാകു
ന്നു.
മണിച്ചിത്രത്താഴിനു വേണ്ടി ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ പശ്ചാത്തല സംഗീതം പില്‍ക്കാലത്ത് നിരവധി സിനിമകളിലാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കാണികള്‍ക്ക് അത്രയേറെ പരിചിതം എന്നതുകൊണ്ടുതന്നെ ഈ പശ്ചാത്തല സംഗീതത്തിന് ലഭിക്കുന്ന കൈയടിയും സ്വീകാര്യതയും ഏറെ വലുതാണ്. ഈ ജനപ്രിയ പശ്ചാത്തലസംഗീതവും സംഭാഷണവും ഉപയോഗപ്പെടുത്തുന്ന ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയിലെ രംഗം ഇതിലെ ഒരു ഉദാഹരണമാണ്. ഭൂല്‍ ഭുലയ്യ (ഹിന്ദി), ആപ്തമിത്ര (കന്നട), രാജ്‌മൊഹല്‍ (ബംഗാളി), ചന്ദ്രമുഖി (തമിഴ്) എന്നീ റീമേക്കുകളിലൂടെ മലയാള സിനിമകളുടെ റീമേക്കിന് വലിയ സാധ്യതയുണ്ടെന്ന് ഇതരഭാഷാ ചലച്ചിത്രകാരന്മാരില്‍ ബോധ്യമുണ്ടാക്കാനും മണിച്ചിത്രത്താഴിനായി.
ഇന്ത്യന്‍ സിനിമ 100 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 2013 ല്‍ ഐബിഎന്‍ ലൈവ് നടത്തിയ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ രണ്ടാമതായി മണിച്ചിത്രത്താഴിനെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. ഇത് കേരളത്തിനു പുറത്ത് മണിച്ചിത്രത്താഴ് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ ജനപ്രിയതയുടെ തെളിവായി കണക്കാക്കാവുന്നതാണ്. ഈ വോട്ടെടുപ്പില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 100 സിനിമകളുടെ പട്ടികയാണ് ഉണ്ടായിരുന്നത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഡിസംബര്‍ 24, ഷോ റീല്‍-48
No comments:
Post a Comment