Friday, 19 June 2020

കണ്ടമ്പററി ഹിറ്റ്മേക്കർ

ഒന്നര ദശാബ്ദത്തിനിടെ മലയാള സിനിമയിൽ ഏറ്റവുമധികം ഹിറ്റുകൾ തീർത്ത തിരക്കഥാകൃത്താണ് സച്ചി. സേതുവുമായി ചേർന്നെഴുതിയതും തനിച്ചെഴുതിയതും സംവിധാനം ചെയ്തതു മായ സിനിമകളെല്ലാം ഹിറ്റുകൾ. അതുകൊണ്ടുതന്നെ സച്ചിയെ കണ്ടമ്പററി ഹിറ്റ്മേക്കർ എന്നു വിളിക്കുന്നതിൽ തെറ്റില്ല.

     സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള  തിരക്കഥാകൃത്തായിരുന്നു സച്ചി. സംവിധാന രംഗത്തേക്ക് കടന്നപ്പോൾ സച്ചിയുടെ മികവ് പിന്നെയും ഏറുകയായിരുന്നു. സംവിധായകൻ്റെ ക്രാഫ്റ്റ് ഉള്ളിലുള്ള സച്ചിയുടെ തിരക്കഥകൾ മറ്റു സംവിധായകർക്ക്  മിനിമം ഗാരൻ്റി ഉറപ്പുനൽകി.

       2007 ൽ ഷാഫിയുടെ ചോക്ലേറ്റിന് സച്ചിയുമൊത്ത് തിരക്കഥ നിർവ്വഹിച്ചുകൊണ്ടാണ് അഭിഭാഷകനായിരുന്ന സച്ചി സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ക്ലാസ്മേറ്റ്സിൻ്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് തിയറ്ററുകളിലെത്തിയ കാമ്പസ് ചിത്രമായ ചോക്ലേറ്റും വൻ വിജയം നേടി. പൃഥ്വിരാജിനെക്കൊണ്ട് ഹ്യൂമർ ചെയ്യിച്ച് വിജയിക്കാനും സച്ചി -സേതു - ഷാഫി കൂട്ടുകെട്ടിനായി. പൃഥ്വിരാജിൻ്റ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായും ചോക്ലേറ്റ് മാറി.

    

ചോക്ലേറ്റിൻ്റെ വൻവിജയത്തിനു പിന്നാലെയാണ് മുതിർന്ന സംവിധായകൻ ജോഷിക്കൊപ്പം സച്ചിയും സേതുവും ചേരുന്നത്. എ.ടി.എം മെഷിനിൽ നിന്നും പണം തട്ടുന്ന കള്ളൻ്റെ കഥ പറഞ്ഞ റോബിൻഹുഡ് പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വേഗം കൊണ്ടും തിയറ്ററുകളിൽ തരംഗമായി. പൃഥ്വിരാജിന് മറ്റൊരു വിജയം കൂടി. ഇതോടെ സച്ചി -സേതു കൂട്ടുകെട്ടിൻ്റെ വിജയം യാദൃശ്ചികമല്ലെന്ന് ഉറപ്പായി.

     വലിയ ഹിറ്റുകളില്ലാതെ നിന്ന ജയറാമിന് മേക്കപ്പ് മാനിലൂടെ ആശ്വാസ വിജയം നേടിക്കൊടുക്കാനും സച്ചിക്കും സേതുവിനുമായി. ചോക്ലേറ്റിനു ശേഷം ഷാഫി വീണ്ടും വിജയ തിരക്കഥാകൃത്തുക്കളിൽ വിശ്വാസമർപ്പിച്ചപ്പോൾ മേക്കപ്പ് മാൻ തിയറ്റർ വിജയമായി. വൈശാഖിനൊപ്പം ചേർന്ന സീനിയേഴ്സ് സച്ചി -സേതു കൂട്ടുകെട്ടിൽ തുവരെ ഉണ്ടായതിൽ വലിയ വിജയമായി. ഹ്യൂറും ഡ്രാമയും ചേർന്ന സീനിയേഴ്സിൻ്റെ പുതുമയുള്ള സ്ക്രിപ്റ്റിംഗും അഭിനന്ദനം നേടി. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ.ജയൻ എന്നിവരുടെ കോമ്പോയും ഏറെ ശ്രദ്ധ നേടി. തുടർച്ചയായ നാലു വിജയങ്ങളോടെ സച്ചി -സേതു കൂട്ടുകെട്ട് ഇൻഡസ്ട്രിയുടെ ഹിറ്റ് സമവാക്യമായി. ഇവരുടെ തിരക്കഥയ്ക്കായി സംവിധായകരും കാത്തിരിക്കാൻ തുടങ്ങി.

     തുടർന്ന് കരിയറിലെ വലിയ പ്രൊജക്ട്. മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡബിൾസ്. പക്ഷേ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയിൽ നിന്ന് ഹിറ്റ് തിരക്കഥാകൃത്തുക്കൾക്ക് ആദ്യ പരാജയം രുചിക്കേണ്ടിവന്നു. നദിയാ മൊയ്തുവിൻ്റെ തിരിച്ചുവരവും മമ്മൂട്ടി- നദിയാ മൊയ്തു വിൻ്റേജ് ജോഡിയെ സ്ക്രീനിൽ കാണുന്നതിലെ കൗതുകവും വിജയത്തിലെത്തിയില്ല. ഇതോടെ ഇരട്ട തിരക്കഥാകൃത്തുക്കൾ സോളോ റൈറ്റേഴ്സ് ആകാൻ തീരുമാനിച്ചു.

   

റൺ ബേബി റൺ എന്ന 2012 ലെ വലിയ ക്രൗഡ് പുള്ളർ ഒരുക്കിക്കൊണ്ടായിരുന്നു സച്ചിയുടെ ഒറ്റയ്ക്കുള്ള രംഗപ്രവേശം. ജോഷിയുടെ പുതുമയുള്ള ട്രീറ്റ്മെൻറും സച്ചിയുടെ പഴുതടച്ച സ്ക്രിപ്റ്റിംഗും ചേർന്നപ്പോൾ മോഹൻലാൽ ചിത്രം തിയറ്ററിൽ തരംഗമായി. ഹാസ്യവും ത്രില്ലറും ഡ്രാമയും കൈകാര്യം ചെയ്ത മുൻ സ്ക്രിപ്റ്റുകളിൽ നിന്നു വ്യത്യസ്തമായി മീഡിയ പൊളിറ്റിക്സിൽ കൈവച്ച സച്ചിയിൽ ഈ ജോണറും ഭദ്രമെന്ന് റൺ ബേബി റൺ തെളിയിച്ചു.

      വീണ്ടും ഹ്യൂമറിലേക്ക് പോയ സച്ചിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ചേട്ടായീസും ഹിറ്റായി. മുൻ തിരക്കഥകളുടെ കെട്ടുറപ്പില്ലായിരുന്നെങ്കിൽ പോലും എഴുത്തിലെ സച്ചിയുടെ പരിചയവും ആത്മവിശ്വാസവും ചേട്ടായീസിനെ വിജയത്തിലെത്തിച്ചു.

      നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നതിനു ശേഷം ദിലീപിന് ഇൻഡസ്ട്രിയിലേക്കുള്ള തിരിച്ചുവരവ് ഒരുക്കിയതും സച്ചിയായിരുന്നു. രാമലീലയെന്ന ഈ അരുൺ ഗോപി ചിത്രത്തിൻ്റെ വൻവിജയത്തിനു പിന്നിൽ സച്ചിയിലെ പ്രേക്ഷകൻ്റെ പൾസറിയുന്ന തിരക്കഥാകൃത്തായിരുന്നു. കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട തിരക്കഥയൊരുക്കുന്നതിൽ സച്ചിയുടെ മിടുക്ക് ഒരിക്കൽകൂടി വിജയിച്ചതോടെ ദിലീപിന് തിരിച്ചു വരവായി. രാമലീല തിയറ്ററിൽ കോടികൾ കൊയ്തു. ബിജുമേനോനെ നായകനാക്കിയ ഷെർലക്ക് ഹോംസും പൃഥിരാജ് -സുരാജ് നായക - പ്രതിനായക കോമ്പോയിൽ ആവേശം കൊള്ളിച്ച ഡ്രൈവിംഗ് ലൈസൻസും തിയറ്ററിൽ വിജയം നേടി.

   

ഇതിനിടെ സംവിധാന വേഷത്തിലേക്കുംടന്ന സച്ചിയുടെ അനാർക്കലി സുന്ദരമായ പ്രണയകാവ്യമായി പ്രേക്ഷകർ ഹൃദയത്തോടു ചേർത്തു. സംവിധായകൻ്റെയും താരങ്ങളുടെയും മനസ്സും കഴിവുമറിഞ്ഞ് തിരക്കഥയൊരുക്കുന്നതിൽ മിടുക്കനായിരുന്ന സച്ചി സംവിധായകനായപ്പോൾ അതുവരെ പരീക്ഷിക്കാതിരുന്ന പ്രമേയമാണ് സ്വീകരിച്ചത്. ലക്ഷദ്വീപിൻ്റെ പശ്ചാത്തലത്തിൽ സുന്ദരമായൊരു പ്രണയകഥ. സച്ചിയുടെ തിരക്കഥയിൽ വീണ്ടും പൃഥ്വിരാജ് നായകൻ. സച്ചിയുടെ സിനിമകളിലെ ഹ്യൂമറും ഡ്രാമയും ത്രില്ലിംഗ് എക്സ്പീരിയൻസും തിരിച്ചറിഞ്ഞിരുന്ന കാണികൾക്ക് അനാർക്കലി സുഖമുള്ളൊരു നോവായി അനുഭവപ്പെട്ടു. സച്ചിയിൽ തികഞ്ഞ ഒരു ക്രാഫ്റ്റ്മാൻ ഉണ്ടെന്നും പ്രേക്ഷകർ തിരിച്ചറിഞ്ഞു. സച്ചിയുടെ ക്രാഫ്റ്റ് പൂർണമായി തിരിച്ചറിയുന്ന സിനിമ പിന്നീടാണ് വന്നത്. അയ്യപ്പനും കോശിയും. ഡ്രൈവിംഗ് ലൈസൻസിൻ്റെ തുടർച്ച പോലെ രണ്ടു മനുഷ്യരുടെ ഈഗോയുടെയും അവർക്കിടയിലെ സംഘർഷവും വിഷയമാക്കിയ സിനിമ 2020 ലെ ആദ്യ സൂപ്പർ ഹിറ്റായി. നായക - പ്രതിനായക സംഘർഷത്തിനപ്പുറത്ത് തികഞ്ഞ സാമൂഹികമാനം കൂടി സൂക്ഷിച്ച അയ്യപ്പനും കോശിയും എല്ലാം തികഞ്ഞ എൻ്റർടെയ്നറർ എന്ന നിലയ്ക്കാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

      

തിരക്കഥയിൽ മാന്ത്രികത കാണിച്ച സച്ചി സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള ഫിലിം മേക്കർ എന്ന നിലയിലേക്കു കൂടി ഉയരുന്നതിനിടെയായാരുന്നു അപ്രതീക്ഷിതമായ അന്ത്യം. വെറും 13 വർഷം മാത്രം സിനിമയിലുണ്ടായിരുന്ന മനുഷ്യൻ ആ കാലം കൊണ്ട് സൃഷ്ടിച്ചത് അധികമാർക്കും കഴിയാതിരുന്ന അത്ഭുത വിജയങ്ങളാണ്. അതു തന്നെയാണ് സച്ചിയെന്ന ചലച്ചിത്രകാരൻ്റെ വലുപ്പവും മൂല്യവും ഏറ്റുന്നതും.

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 19

മഹാമാരി പ്രവചിച്ച ഫ്ലൂവും കണ്ടേജിയനും

* കോവിഡ് പശ്ചാത്തലത്തിൽ ഫ്ലൂ, കണ്ടേ ജിയൻ എന്നീ സിനിമകളിലൂടെയുള്ള അന്വേഷണം


ണ്ടേജിയ എന്ന ഹോളിവുഡ് സിനിമ ഒരു പതിറ്റാണ്ട് മുമ്പുണ്ടായ പ്രവചനമാണ്. ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കെടുതികളും ആശങ്കകളും അതേപടി പങ്കുവയ്ക്കുന്ന ഈ സിനിമ തെല്ല് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. കണ്ടേജിയനു പിന്നിലെ ക്രാന്തദർശിയായ എഴുത്തുകാരനും സംവിധായകനും അത്രമേൽ സുവ്യക്തമായാണ് വൈറസ് വ്യാപനവും രോഗത്തിൻ്റെ കെടുതികളും പ്രവചിച്ചിരിക്കുന്നത്. 

      2011 ലാണ് സ്റ്റീവൻ സോഡൻബർഗിൻ്റെ ഈ ചിത്രം പുറത്തിറങ്ങുന്നത്. പത്തു വർഷത്തിനിപ്പുറം കണ്ടേജിയൻ കാണുന്നൊരാൾക്ക് ഒരു വേള കോവിഡ് വ്യാപനത്തിൻ്റെ നേർക്കാഴ്ച തന്നെയല്ലേ ഇതെന്നു തോന്നിയേക്കാം. നിലവിൽ വൈറസ് വ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിൽ ലോകരാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുൻകരുതൽ നടപടികളെല്ലാം സ്കോട്ട് ബേൺസ് എന്ന തിരക്കഥാകാരൻ കണ്ടേജിയനിൽ എഴുതിയിരിക്കുന്നുവെന്നത് അതിശയകരമായി മാത്രമേ കാണാനാകൂ. 

       രോഗവ്യാപനത്തിൻ്റെ ഭീതിദമോ ഭീകരമോ ആയ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ടോ അമാനുഷിക ചെയ്തികൾ കൊണ്ടോ അല്ല ഈ സർവൈവൽ ത്രില്ലർ ശ്രദ്ധേയമാകുന്നത്. ദിനംപ്രതി നിരവധി രാജ്യങ്ങളിലേക്ക് പടരുകയും ജീവനെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈറസിൻ്റെ മൂലകേന്ദ്രമെന്തെന്നും എവിടെയെന്നും എങ്ങനെ രോഗവ്യാപനം തടയാമെന്നുമുള്ള ആവലാതിയുടെയും ഭയത്തിൻ്റെയും ഗൗരവമാർന്ന അന്വേഷണമാണ് കണ്ടേജിയൻ.

    

  കോവിഡിൻ്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ നഗരമായിരുന്നുവെങ്കിൽ കണ്ടേജിയനിൽ വൈറസിൻ്റെ ഉത്ഭവം ചൈനീസ് അധിനിവേശ പ്രദേശമായ ഹോങ്കോങ് ആണ്. തുടർന്ന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വൈറസ് പ്രസരണം സംഭവിക്കുന്നു. വൈറസ് ബാധയേൽക്കുന്നവരുടെയും മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണം ദിവസവും കൂടുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്ന വൈദ്യശാസ്ത്ര ഗവേഷക സംഘം വൈറസ് വ്യാപനം തടയാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ്. ഗവേഷണ ഫലമായി വൈറസിനെ ചെറുക്കാനുള്ള മെഡിസിൻ കണ്ടെത്തുകയും പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെങ്കിലും തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിച്ചില്ലെങ്കിൽ ഇത്തരമൊരു മഹാമാരിയെ അതിജീവിക്കുക പ്രയാസകരമാണെന്നൊരു ഓർമപ്പെടുത്തൽ കൂടി കണ്ടേജിയൻ നൽകുന്നുണ്ട്. ഈ ഓർമപ്പെടുത്തൽ തന്നെയാണ് കോവിഡ് കാലത്ത് കണ്ടേജിയൻ എന്ന ഹോളിവുഡ് സിനിമ നൽകുന്ന വലിയ സന്ദേശവും.

      റിലീസ് വേളയിൽ ലോകമറിയുന്ന തരത്തിൽ വൻ വിജയമായില്ലെങ്കിലും നിരൂപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രലോകത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കണ്ടേ ജിയൻ. സിനിമയ്ക്കു വേണ്ടിയുള്ള മെഡിക്കൽ ഡാറ്റാ കളക്ഷനും ആരോഗ്യ വിശകലനങ്ങളും ഗൗരവമാർന്ന ഗവേഷണങ്ങളും ആരോഗ്യവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിനന്ദനം നേടി. യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, സ്ഥിരം ഹോളിവുഡ് സർവൈവൽ ത്രില്ലർ ക്ലിഷേകൾ ഒഴിഞ്ഞുപോയ ഗൗരവതരമായ ട്രീറ്റ്മെൻറ് എന്നാണ് ആരോഗ്യവിദഗ്ധർ കണ്ടേജിയനെ വിശേഷിപ്പിച്ചത്.

      കോവിഡ് മഹാമാരി ഉടലെടുത്ത ശേഷം ലോകം എറ്റവുമധികം തിരയുകയും കാണുകയും ചെയ്ത സിനിമയായി കണ്ടേജിയൻ മാറിയെന്ന് എച്ച്.ബി.ഒ, വാർണർ ബ്രോസ്, ഐ ടൂൺസ് തുടങ്ങിയവയുടെ റേറ്റിംഗും കാറ്റലോഗും വെളിപ്പെടുത്തുന്നു.

    

   കിം സംഗ് സുവിന്റെ കൊറിയൻ ചിത്രമായ 'ദി ഫ്ലൂ' വൈറസ് വ്യാപനവും മനുഷ്യൻ്റെ അതിജീവനവുമാണ് പ്രമേയമാക്കുന്നതെങ്കിലും കണ്ടേജിയനിൽ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെൻ്റാണ്. വൈറസ് വ്യാപനത്തിനിടെയുള്ള വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കുറേക്കൂടി വൈകാരികപരമായാണ് കിം സംഗ് സു സിനിമയെ സമീപിച്ചിട്ടുള്ളത്. ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനവും കാണികളെ ആകർഷിക്കും. വലിയ തോതിൽ ലോകം കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് 2013 ൽ തിയേറ്ററിലെത്തിയ ഫ്ലൂ. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സിനിമയെപ്പറ്റി പറഞ്ഞുകേട്ട് കാണാത്തവർ വീണ്ടും ഫ്ലൂ തേടിപ്പിടിച്ച് കണ്ടുതുടങ്ങി. ഇതോടെ സിനിമയുടെ ജനപ്രീതി വീണ്ടും കൂടിയിരിക്കുകയാണ്.

      അനധികൃതമായി ഷിപ്പിംഗ് കണ്ടെയ്നറിലാക്കി ദക്ഷിണ കൊറിയയിലേക്ക് കടത്തപ്പെട്ട ആളുകൾ സിയോളിൽ എത്തുന്നതോടെയാണ് വൈറസ് വ്യാപനം ആരംഭിക്കുന്നത്. രണ്ടു പേരിൽ നിന്ന് പകർന്ന് ഒരു നഗരമാകെ ചുമച്ചും ഛർദ്ദിച്ചും വീഴുന്നു. വൈറസിന് പ്രതിവിധിയില്ലെന്നും ബാധിക്കുന്നവർ 36 മണിക്കൂറിനുള്ളിൽ മരണപ്പെടുമെന്നും മെഡിക്കൽ റിപ്പോർട്ട് വരുന്നതോടെ അതിജീവനത്തിനായുള്ള സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമങ്ങളാണ് പിന്നീട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതിനു സമാനമായി നഗരം ക്വാറന്റൈന് വിധേയമാക്കുന്നു. രോഗബാധിതരെ പട്ടാളക്കാർ കൊന്നുതീർക്കുകയാണെന്ന് പരാതി ഉയരുന്നതോടെ ക്വാറൻ്റെെൻ കേന്ദ്രങ്ങളും തെരുവും കലാപബാധിതമാകുന്നു. 

      

  കണ്ടേജിയനെക്കാൾ ചലനാത്മകമാണ് ഫ്ലൂ. എന്നാൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാറ്റിക് ഘടകങ്ങൾ മാറ്റിവച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിൻ്റെതിനു സമാനമായ രോഗാതുരമായ അന്തരീക്ഷവും രാജ്യങ്ങൾ ലോക്ക് ഡൗൺ ആകുന്നതിൻ്റെ ഭീതിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഫ്ലൂവിലേതിനെക്കാൾ സാമ്യപ്പെടുത്താനാകുക കണ്ടേജിയനിലാണ്. 

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 17

Monday, 15 June 2020

ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് മുപ്പത്

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഡ്രാമ ത്രില്ലര്‍


ആക്ഷന്‍ സിനിമകള്‍ക്ക് സംഗീതവും സംഗീത സിനിമകള്‍ക്ക് ആക്ഷനും വര്‍ജ്ജ്യമായിരുന്ന കാലത്താണ് 30 വര്‍ഷം മുമ്പ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ പിറവി കൊണ്ടത്. സിബിമലയില്‍ -ലോഹിതദാസ് കൂട്ടുകെട്ടില്‍ ഉരുവംകൊണ്ട ഹിസ് ഹൈനസ് അബ്ദുള്ള മുഖ്യധാരാ സിനിമയില്‍ അതുവരെ നിലനിന്ന കഥപറച്ചില്‍ രീതികളെ പാടേ മാറ്റിമറിക്കുകയായിരുന്നു. ബോംബെ അധോലോകവും കേരളത്തിലെ ഒരു രാജകുടുംബവും പശ്ചാത്തലമായ സിനിമയില്‍ മോഹന്‍ലാലിന്റെ ഇരട്ടമുഖമുള്ള നായകവേഷം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഹിസ് ഹൈനസ് അബ്ദുള്ള മാറി. 1990 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയുമായി. വേനലവധിയും വിഷുവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത സിനിമ മേജര്‍ സെന്ററുകളിലെല്ലാം 100 ദിവസം പിന്നിട്ടു. ബി, സി ക്ലാസുകളിലായി ആ വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടരാനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കായി.
      ഒരേസമയം സംഗീതത്തിനും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ക്കും ഡ്രാമയ്ക്കും പ്രാധാന്യം നല്‍കിയ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാനായി. സിനിമയുടെ പേരില്‍ തൊട്ടു തുടങ്ങിയ കൗതുകം ഉടനീളം കാത്തുസൂക്ഷിക്കാനായി. കഥപറച്ചിലിലെ പുതുമയും കെട്ടുറപ്പുമായിരുന്നു അബ്ദുള്ളയിലേക്ക് കാണികളെ ആകര്‍ഷിച്ചത്. ഇരുപതാം നൂറ്റാണ്ടും രാജാവിന്റെ മകനും ആര്യനും മൂന്നാം മുറയും നാടുവാഴികളുമടക്കമുള്ള മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ കണ്ടുശീലിച്ച കാണികള്‍ക്ക് അബ്ദുള്ള തീര്‍ത്തും പുതിയ അനുഭവമായി. 1980കളുടെ അവസാനത്തോടെ ബോംബെ പശ്ചാത്തലമായ ഒട്ടേറെ ആക്ഷന്‍ - ഡ്രാമ സിനിമകള്‍ മലയാളത്തിലുണ്ടായി. ഇതില്‍ നിന്ന് അബ്ദുള്ളയെ വേറിട്ടു നിര്‍ത്തിയത് നായക കഥാപാത്രത്തിന്റെ ഇരട്ട മുഖവും സിനിമ സംഗീതത്തിന് നല്‍കിയ പ്രാധാന്യവുമായിരുന്നു.
       ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ പാട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. അതുകൊണ്ടുതന്നെ അനാവശ്യമായ ഏച്ചുകെട്ടലുകളോ രസംകൊല്ലികളോ ആയില്ല ഈ പാട്ടുകള്‍. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി.
        ബോംബെ നഗരത്തില്‍ നിന്ന് വാടകക്കൊലയാളിയായ അബ്ദുള്ള കേരളത്തിലെ ഒരു രാജകുടുംബാംഗത്തെ വധിക്കാന്‍ എത്തുന്നതും കൊലയാളി രക്ഷകനായി മാറുന്നതുമായിരുന്നു സിനിമയുടെ കേന്ദ്ര പ്രമേയം. അബ്ദുള്ളയും അനന്തന്‍ നമ്പൂതിരിയുമായി മോഹന്‍ലാല്‍ സിനിമയിലുടനീളം നിറഞ്ഞുനിന്നപ്പോള്‍ തുല്യപ്രാധാന്യമുള്ള ഉദയവര്‍മ്മ എന്ന രാജകുടുംബാംഗത്തിന്റെ വേഷത്തില്‍ നെടുമുടി വേണുവും തിളക്കമാര്‍ന്ന പ്രകടനം നടത്തി. നെടുമുടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. തമിഴില്‍ മുന്‍നിര നായികയായി നിറഞ്ഞുനിന്ന ഗൗതമിയുടെ ആദ്യ മലയാള ചിത്രവുമായിരുന്നു ഇത്.
           മഹാഭാരതത്തിലെ ശകുനിയുടെ മാതൃക സ്വീകരിച്ചായിരുന്നു ചിത്രത്തില്‍ തിക്കുറിശ്ശിയുടെ മതിലകത്ത് ചെറിയച്ഛന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. മലയാളത്തിലെ ഏറെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണിത്. വലിയ പ്ലോട്ടില്‍ ഒട്ടേറെ കഥാപാത്രങ്ങളുമായി ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. പിന്നീട് ഏറെ വെട്ടിയൊരുക്കലിന് ശേഷമാണ് 156 മിനിറ്റിലേക്ക് ഒതുക്കിയത്.  
        'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' തുടങ്ങി സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
          പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു അബ്ദുള്ള. ചിത്രത്തിന്റെ വന്‍വിജയത്തോടെ സിബിമലയില്‍ - ലോഹിതദാസ് -മോഹന്‍ലാല്‍ - പ്രണവം ആര്‍ട്സ് കൂട്ടുകെട്ടില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു മ്യൂസിക്കല്‍ ഡ്രാമ കൂടി പുറത്തുവന്നു, ഭരതം. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1992 ല്‍ കമലദളം വരുന്നത്. മലയാളത്തിന്റെ മ്യൂസിക്കല്‍ ട്രിലെജി എന്ന് പില്‍ക്കാലത്ത് ഈ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു.
            ഹിസ് ഹൈനസ് അബ്ദുള്ളയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഇതേ കഥാപശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകളാണ് ഉണ്ടായത്. മോഹന്‍ലാലിന്റെ തന്നെ ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങിയ സിനിമകള്‍ക്ക് അബ്ദുള്ളയെന്ന കഥാപാത്രം പ്രചോദകമായി. തമിഴില്‍ മേട്ടുക്കുടി, ആദവന്‍, കന്നടയില്‍ രാജ രാജേന്ദ്ര, ബംഗാളിയില്‍ ശിക്കാരി എന്നിവ അബ്ദുള്ളയുടെ പ്രമേയം കടംകൊണ്ട് പുറത്തിറങ്ങിയവയാണ്. ടെലിവിഷന്‍ സ്‌ക്രീനിംഗ് വഴിയും മറ്റും മലയാളി ആവര്‍ത്തിച്ചു കാണുന്ന സിനിമകളിലൊന്നായി നിലനില്‍ക്കുന്നുവെന്നതാണ് മുപ്പതു വര്‍ഷത്തിനു ശേഷവും അബ്ദുള്ളയുടെ കലാമൂല്യം ഏറ്റുന്നത്.


ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ജൂണ്‍ 11

Saturday, 18 April 2020

ആളുകൾ മരിക്കുമ്പോൾ എങ്ങനെ സമാധാനിക്കാനാകും

"ഏറെക്കാലം കൂടിയാണ് ഇങ്ങനെ വീട്ടിലിരിക്കുന്നത്. തിരക്കുപിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളുകളില്ല, യാത്രകളില്ല. സ്വസ്ഥം. എന്നാലും ഒരു സന്തോഷം കിട്ടുന്നില്ല. ഇതൊരു അവധിക്കാലമായൊന്നും തോന്നുന്നില്ല. ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. ഒട്ടനവധി ആളുകൾ മരിച്ചു. ഇപ്പോഴും രോഗഭീതി വിട്ടൊഴിഞ്ഞിട്ടില്ല. പിന്നെങ്ങനെ സമാധാനിക്കാനാകും?" തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലിരുന്ന് ഇന്ദ്രൻസ് കൊവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചുള്ള തൻ്റെ ആശങ്ക പങ്കുവയ്ക്കുന്നു.
    ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് അട്ടപ്പാടിയിൽ ഷൂട്ടിംഗിലായിരുന്നു ഇന്ദ്രൻസ്. അപ്പോൾ തന്നെ കേരളത്തിൽ കൊവിഡ് ആശങ്കകൾ കേട്ടു തുടങ്ങിയിരുന്നു. അട്ടപ്പാടിയിലെ ഷൂട്ടിംഗ് തീർത്ത് തൊടുപുഴയിൽ മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തു. അപ്പോഴേക്ക് കൊവിഡ് വ്യാപനം തുടങ്ങി. അതോടെ ഷൂട്ടിംഗ് പെട്ടെന്ന് നിർത്തി. അങ്ങനെ ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു മുമ്പു തന്നെ ഇന്ദ്രൻസും വീട്ടിലെത്തി. പിന്നെ കഴിഞ്ഞ ഒരു മാസത്തോളമായി ഭാര്യക്കും മകനും മരുമകൾക്കുമൊപ്പം വീട്ടിൽ.

ആധി വിട്ടുപോകുന്നില്ല

ലോകം മുഴുവൻ കീഴടക്കുന്ന ഒരു മഹാവ്യാധി. കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായതുകൊണ്ട് എന്താകും, എവിടെ ചെന്നവസാനിക്കും എന്നെല്ലാം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാം കീഴടക്കാമെന്നുള്ള മനുഷ്യൻ്റെ അഹങ്കാരം ഇത്തരമൊരു രോഗത്തിനു മുന്നിൽ തകർന്നടിയുകയാണ്. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി പോകുന്നു. അതുകൊണ്ടു തന്നെ വീണുകിട്ടിയ വിശ്രമവേളയിൽ പോലും ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കാനോ സന്തോഷം കണ്ടെത്താനോ ആകുന്നില്ല. അവധി ദിവസങ്ങൾ എങ്ങനെ ആഘോഷിക്കുന്നു എന്നൊക്കെ പലരും ചോദിച്ചു കേൾക്കാറുണ്ട്. ആഘോഷമെന്നൊക്കെ ഈ സമയത്തെ വിളിക്കാമോ? എനിക്കങ്ങനെ ചിന്തിക്കാനേ ആകുന്നില്ല. ഒരു തരം നിസ്സംഗത വന്നു കൂടിയിട്ടുണ്ട്.

വായനയുണ്ട് ; പഴയ തയ്യൽ മെഷീൻ നേരെയാക്കി

വായന തന്നെയാണ് പ്രധാന നേരംപോക്ക്. രാവിലെ പത്രം വായിക്കും. പിന്നെ മറ്റു പുസ്തകങ്ങൾ. ഗുരുസാഗരം ഒന്നുകൂടി വായിച്ചു. എം.എൻ വിജയൻ മാഷിൻ്റെ ലേഖന സമാഹാരങ്ങൾ, അഴീക്കോട് മാഷിൻ്റെ തത്വമസി എന്നിവയുടെയും പുനർവായന കഴിഞ്ഞു. അജയ് പി. മങ്ങാട്ടിൻ്റെ സൂസന്നയുടെ ഗ്രന്ഥപ്പുരയാണ് ഒടുവിൽ വായിച്ചത്. നല്ല പുസ്തകമാണ്. പുതുമയുള്ള ആഖ്യാനം. ഇപ്പോൾ വായിക്കുന്നത് ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന പുസ്തകമാണ്. കണ്ണൂർ ഭാഷയായതുകൊണ്ട് ചില വാക്കുകളൊക്കെ വായിച്ചു മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. പക്ഷേ നല്ല രസമാണ്. ഒഴുക്കോടെ വായിച്ചുപോകാം.
       വീട്ടിൽ പഴയ രണ്ടു തയ്യൽ മെഷീൻ ഉണ്ടായിരുന്നു. കുറേക്കാലമായി ഉപയോഗിച്ചിട്ട്. തുരുമ്പ് വന്നു. എണ്ണയിട്ട് ശരിയാക്കി. ഇപ്പോൾ അതിൽ ഇരുന്ന് അല്ലനേരം തയ്ക്കും. മാസ്ക്കാണ് തയ്ക്കുന്നത്. കൊവിഡ് വിട്ടുപോയാലും ഇനി ചിലപ്പോൾ നമ്മൾ മാസ്ക്ക് ഉപയോഗിക്കുമായിരിക്കും. തയ്ക്കുന്നത് സ്കൂൾ കുട്ടികൾക്കോ മറ്റ് ആവശ്യക്കാർക്കോ കൊടുക്കാം.
    പിന്നെ അല്പം കൃഷിയുണ്ട്. കൃഷിഭവനിൽ നിന്ന് കിട്ടിയ വെണ്ടയും പച്ചമുളകും തക്കാളിയുമൊക്കെ വളർന്നിട്ടുണ്ട്. കുറേ സമയം ചെടികൾക്കൊപ്പം പോകും.
        പാചകം ഇല്ല. വലിയ ഭക്ഷണത്തോട് വലിയ താത്പര്യമില്ലാത്തതു കൊണ്ട് പാചക പരീക്ഷണങ്ങളും ഇല്ല.
       ടീവിയിൽ സിനിമ കാണുന്നതിൽ വലിയ താത്പര്യമില്ല. തിയേറ്ററിൽ പോയി സിനിമ കാണുന്നതാണ് ഇഷ്ടം. ടീവിയിൽ വാർത്ത കാണും.

കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം

കൊവിഡ് നിവാരണ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയാണ്. നമ്മുടെ സാമൂഹിക, ആരോഗ്യപ്രവർത്തകരോട് നന്ദി പറയണം. അത്രയും ക്ഷമയോടെയും കരുണയോടെയുമാണ് അവർ രോഗികളെ പരിചരിച്ചത്. നമ്മൾ കാത്തുസൂക്ഷിക്കുന്നൊരു മൂല്യമുണ്ട്. അതാണ് ആരോഗ്യപ്രവർത്തകർ അവരുടെ കർമ്മ മേഖലയിൽ പാലിച്ചത്. നമ്മളെല്ലാം ഇങ്ങനെ സുരക്ഷിതരായി ഇരിക്കുന്നതിനു പിന്നിൽ ആരോഗ്യ വകുപ്പിൻ്റെയും സർക്കാരിൻ്റെയും വലിയ ജാഗ്രതയുണ്ട്. വലിയൊരു പരിധി വരെ ജനങ്ങളും സർക്കാരിനോട് സഹകരിച്ചു. കേരളത്തിൽ ജീവിക്കാനായതിൽ ഈ സമയത്ത് നമ്മൾ അഭിമാനിക്കണം.

സിനിമാ ഇൻഡസ്ട്രിയെപ്പറ്റി ആശങ്കയുണ്ട്

കോടികൾ മുടക്കിയ ഒരുപാട് സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഷൂട്ടിംഗ് മുടങ്ങിയതും അതുപോലെ. മരയ്ക്കാർ -അറബിക്കടലിൻ്റെ സിംഹം, മാലിക്ക് പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ റിലീസ് മുടങ്ങിയത് ഇൻഡസ്ട്രിയെ ശരിക്ക് ബാധിക്കും. വേറെയും കുറേ സിനിമകൾ. ഈ സിനിമകളെല്ലാം എന്ന് പുറത്തിറങ്ങും, എന്നു തൊട്ട് പഴയ പോലെ ആളുകൾ തിയേറ്ററിലെത്തി തുടങ്ങും എന്നൊന്നും ഇപ്പോൾ പറയാനാവില്ലല്ലോ. സിനിമാ മേഖല പഴയ പടിയാകാൻ ശരിക്കും സമയമെടുക്കും. ഒരുപാടാളുകൾ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
       മാലിക്ക്, ഹിഗ്വിറ്റ, മെമ്പർ ഗണേശൻ, പടവെട്ട്, അനുഗ്രഹീതൻ ആൻറണി, ജാക്ക് ആൻഡ് ജിൽ, കൊച്ചാൾ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള എൻ്റെ സിനിമകൾ.

എല്ലാവരും വീട്ടിലിരിക്കൂ..

വീട്ടിലിരിക്കുക എന്നതു തന്നെയാണ് ഇപ്പോൾ നമുക്ക് സമൂഹത്തോട് ചെയ്യാനുള്ള എറ്റവും വലിയ സഹായം. നമുക്കും, മറ്റാർക്കും അസുഖം വരാതിരിക്കാൻ അതുകൊണ്ടാകും. ആരോഗ്യപ്രവർത്തകരെയും പൊലിസിനെയും അനുസരിക്കാം.

       ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും സമയമില്ലെന്നായിരുന്നല്ലോ നമ്മുടെ വലിയ പരാതി. ഇപ്പോൾ എല്ലാവർക്കും അതെല്ലാം സാധിക്കുന്നുണ്ട്. അതെല്ലാം നല്ലതിനാകും. കുറേക്കൂടി ദൃഢമായ ബന്ധങ്ങൾ ഉണ്ടാകാനും കൂടെയുള്ളവർക്ക് പരിഗണന നൽകാനും ഈ ദിവസങ്ങൾ ഉപകരിച്ചേക്കും.


വാരാന്ത്യകൗമുദി, 2020 ഏപ്രിൽ 19

സ്ത്രീവിമോചന പോരാട്ടത്തിന്റെ മുഖമായി 'മെയ്ഡ് ഇൻ ബംഗ്ലാദേശ് '


തൊഴിൽരംഗത്തെ മാനേജ്‌മെന്റ് ചൂഷണവും നീതിക്കു വേണ്ടിയുള്ള പോരാട്ടവും പ്രമേയമാകുന്ന ബംഗ്ലാദേശി ചിത്രമാണ് 'മെയ്ഡ് ഇൻ ബംഗ്ലാദേശ്  '. തൊഴിൽമേഖലയിലെ ചൂഷണം തിരിച്ചറിയാതെയും, തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതെയും ഒതുങ്ങിക്കൂടുന്നവരാണ് ഒട്ടുമിക്ക തൊഴിലാളികളും. മെയ്ഡ് ഇൻ ബംഗ്ലാദേശിലെ പ്രധാന കഥാപാത്രങ്ങളായ നെയ്ത്തു തൊഴിലാളി സ്ത്രീകളും അങ്ങനെയുള്ളവരാണ്. തൊഴിലിടത്തിലെ തിക്താനുഭവങ്ങൾ അവരെയും സംഘടിതരാക്കുകയാണ്. ലോകത്തെവിടെയും ഏതു കാലത്തും പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നതിലൂടെയാണ് ബംഗ്ലാദേശി യുവ സംവിധായിക റുബായത്ത് ഹുസൈൻ്റെ ചിത്രത്തിന് ആഗോളമുഖം കൈവരുന്നത്.
      ധാക്ക നഗരത്തിലെ ഒരു തുണിനെയ്ത്ത് സ്ഥാപനവും അവിടത്തെ വനിതാ തൊഴിലാളികളുമാണ് ചിത്രത്തിലെ കേന്ദ്രം. നഗരപ്രാന്തത്തിലെ ചേരിപ്രദേശത്തുള്ളവരാണ് ഈ തൊഴിലാളികളെല്ലാം. തൊഴിലിടത്തിൽ ശമ്പളകാര്യത്തിലും കൂടുതൽ സമയം ജോലി ചെയ്യിച്ചും അതിനുള്ള വേതനം നൽകാതെയും സ്ത്രീകളെന്ന പരിഗണന നൽകാതെയും തൊഴിലെടുപ്പിക്കുകയാണ് മാനേജ്‌മെന്റ്. സഹികെട്ട് ഇതിനെതിരെ പ്രതികരിക്കുകയും യൂണിയൻ രൂപീകരിക്കുകയും ചെയ്യുകയാണ് സ്ത്രീകൾ. തൊഴിലിന്റെ മഹത്വവും ചൂഷണത്തിനെതിരെ തൊഴിലാളികൾ സംഘടിക്കേണ്ട ആവശ്യകതയും ചർച്ചചെയ്യുന്ന സിനിമ സ്ത്രീശക്തിയുടെയും അവകാശ പോരാട്ടത്തിന്റെയും വിളംബരം കൂടിയാണ്. കുടുംബത്തിൽ തളച്ചിടേണ്ടവരല്ല തങ്ങളെന്നുള്ള ബംഗ്ലാദേശി മുസ്ലീം സ്ത്രീകളുടെ പ്രഖ്യാപനം കൂടിയാണ് സിനിമ നടത്തുന്നത്. ലളിതമായ ആഖ്യാനത്തിലൂടെ നഗര ചേരീപ്രദേശത്തിന്റെ നിറമില്ലാത്ത ജീവിത ചിത്രങ്ങൾ സിനിമയിലുടനീളം വിളക്കിച്ചേർത്തിടുന്നതിലും കാണികൾക്ക് അത് അനുഭവവേദ്യമാക്കുന്നതിലും സംവിധായിക വിജയിക്കുന്നു.


ബംഗ്ലാദേശിന്റെ  വിശ്വ ചലച്ചിത്രകാരി

2011 മുതൽക്കുള്ള ഒമ്പതു വർഷത്തിനിടെ മൂന്ന് സിനിമകളാണ് റുബായത് ഹുസൈൻ സംവിധാനം ചെയ്തിട്ടുള്ളത്. ജീവിച്ചിരിക്കുന്ന സമൂഹത്തോടുള്ള തന്റെ പ്രതികരണമാണ് റുബായത്തിന്റെ സിനിമകളുടെ ഉള്ളടക്കം. ആദ്യചിത്രമായ മെഹർജാൻ ബംഗാളി യുവതിയും പാക് സൈനികനും തമ്മിലുള്ള പ്രണയമാണ് വിഷയമാക്കിയത്. റിലീസ് വേളയിൽ തന്നെ വിവാദമായ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററിൽനിന്ന് പിൻവലിക്കേണ്ടിവന്നു. രണ്ടാമത്തെ ചിത്രമായ 'അണ്ടർ കൺസ്ട്രക്ഷൻ' മധ്യവർത്തി കുടുംബത്തിലെ അസംതൃപ്തയായ വീട്ടമ്മയെ അടയാളപ്പെടുത്തുന്നതായിരുന്നു. നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടിയ ഈ ചിത്രത്തിനു ശേഷമാണ് മെയ്ഡ് ഇൻ ബംഗ്ലാദേശ് എന്ന സ്ത്രീശാക്തീകരണ ചിത്രവുമായി റുബായത്തിന്റെ വരവ്. ഈ മൂന്നു ചിത്രങ്ങളോടെ ബംഗ്ലാദേശ് അഭിമാനത്തോടെ ലോകത്തിനു മുന്നിൽ എടുത്തുയർത്തിയ ചലച്ചിത്രകാരിയായി റുബായത് മാറിക്കഴിഞ്ഞു. ടൊറോന്റോ അന്താരാഷ്ട ചലച്ചിത്രമേളയിൽ മെയ്ഡ് ഇൻ ബംഗ്ലാദേശ് പുരസ്‌കാരം നേടിയതോടെ  സംവിധായികയെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ തിരിച്ചറിഞ്ഞുകഴിഞ്ഞു.

കേരളകൗമുദി, 2019 ഡിസംബർ 11

ഗുഹയ്ക്കുള്ളിൽ അകപ്പെടുന്ന 104 മിനിറ്റുകൾ



ഒന്നര വർഷം മുമ്പ് ലോകം മുഴുവൻ ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ഉറ്റുനോക്കിയ പതിനാറ് ദിവസങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് തായ്ലാന്റ് സംവിധായകനായ ടോം വാലറും സംഘവും. കഴിഞ്ഞ വർഷം ജൂണിൽ ഉത്തര തായ്ലാന്റിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകരെയും പുറത്തെത്തിച്ച അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ സിനിമാവിഷ്‌കാരമാണ് തായ് സിനിമയായ 'ദി കേവ്'.  പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യർ ധീരമായി എടുക്കുന്ന തീരുമാനങ്ങളെയും മനുഷ്യജീവന്റെ മഹത്വത്തെയും ഓർമ്മപ്പെടുത്തുന്നു.
       ആധുനിക കാലത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം എന്നു വിശേഷിപ്പിക്കപ്പെട്ട തായ് സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഉദ്യോഗസ്ഥരും സൈനികരും ഡൈവർമാരും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ അനുഭവത്തിന്റെ തീവ്രത നൽകാൻ സിനിമയ്ക്കാകുന്നു. ഗുഹയ്ക്കകത്ത് പെട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിന്റെ ചലച്ചിത്രഭാഷ്യത്തിന് 104 മിനിറ്റാണ് ദൈർഘ്യം. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളിലേക്കും ഈ സമയം കൊണ്ട് എത്തിപ്പെടാൻ സിനിമയ്ക്കാകുന്നു. മാത്രമല്ല, രക്ഷാപ്രവർത്തനത്തിന്റെ നിമിഷങ്ങളിലെ സകല വികാരങ്ങളെയും കാണികൾക്കു കൂടി അനുഭവവേദ്യമാക്കുന്നതിലും ടോം വാലറും സംഘവും വിജയിക്കുന്നു. ഗുഹയ്ക്കകത്തുവച്ച് ഇരുട്ടിലും വെള്ളത്തിലുമുള്ള സാഹസികമായ ചിത്രീകരണം അല്പം പോലും കൃത്രിമത്വം തോന്നാത്ത വിധം പകർത്തിയിരിക്കുന്നത് വേഡ് മുള്ളറാണ്.
     
  തായ്ലാന്റ് സംഭവത്തെ അധികരിച്ച് ആദ്യമായി പുറത്തിറങ്ങിയ സിനിമയാണ് 'ദി കേവ്. ബുസാൻ, വാൻകുവർ, ബി.എഫ്.ഐ ലണ്ടൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നവംബർ 21ന് തായ്ലാന്റിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

............

'കേവി'ന്റെ ഷൂട്ട് വെല്ലുവിളി നിറഞ്ഞത്: ടോം വാലർ

ലോകം ഇമയടയ്ക്കാതെ വീക്ഷിച്ച ഒരു സംഭവത്തിന് ദൃശ്യാവിഷ്‌കാരം നൽകുന്നതിന്റെ വെല്ലുവിളി 'ദി കേവി'ന്റെ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ടോം വാലർ കേരളകൗമുദിയോട് പറഞ്ഞു. മേളയിൽ ലോകസിനിമ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള 'ദി കേവി'ന്റെ പ്രദർശനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് എത്തിയതായിരുന്നു വാലർ.

യഥാർത്ഥ സംഭവം ആവിഷ്‌കരിക്കുന്നതിലെ വെല്ലുവിളി എത്രത്തോളമുണ്ടായിരുന്നു?
       യഥാർത്ഥ സംഭവം എന്നതിനേക്കാൾ രക്ഷാപ്രവർത്തനം സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. കാരണം ഇതിന്റെ ഓരോ ഘട്ടവും പുരോഗതിയും ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. ആയിരത്തിലേറെ രക്ഷാപ്രവർത്തകരും വിവിധ രാജ്യങ്ങളും ഏജൻസികളും ഉൾപ്പെട്ട സംഭവമാണ്. പല സീനുകളും ഷൂട്ട് ചെയ്തത് തായ്ലാന്റിലെ മറ്റ് പല ഗുഹകളിൽ വച്ചാണ്.

തിരക്കഥ രൂപപ്പെടുത്തൽ എളുപ്പമായിരുന്നോ?

        സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നതിലെ സാദ്ധ്യതകൾ ഉപയോഗിച്ചതല്ലാതെ യാതൊന്നും പുതുതായി കൂട്ടിച്ചേർത്തിട്ടില്ല. രക്ഷാപ്രവർത്തനം കഴിഞ്ഞ ഉടൻ തന്നെ തായ്ലാന്റ് സംഭവം സിനിമയാക്കാൻ പലരും മുന്നോട്ടുവന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി അവകാശം സ്വന്തമാക്കിയപ്പോൾ തന്നെ കൃത്രിമമായി യാതൊന്നും തിരക്കഥയിൽ ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിച്ചിരുന്നു. കത്രീന ഗ്രോസും ഡോൺ ലിൻഡറും ഇതനുസരിച്ചാണ് എനിക്കൊപ്പം എഴുത്തുജോലികൾ പൂർത്തിയാക്കിയത്. രണ്ടു മാസമാണ് തിരക്കഥയ്ക്കായി ഞങ്ങൾ ചെലവിട്ടത്.

അഭിനേതാക്കൾ പലരും തായ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ തന്നെയാണ്?
       അങ്ങനെ സംഭവിച്ചത് ഏറ്റവും നന്നായി എന്നാണ് തോന്നുന്നത്. ഒരു പക്ഷേ യഥാർത്ഥ അഭിനേതാക്കൾക്ക് ഇത്രയും സ്വാഭാവികമായി രക്ഷാപ്രവർത്തനമടക്കമുള്ള രംഗങ്ങളിൽ അഭിനയിക്കാനായേക്കില്ല. ഡൈവർമാരും സൈനികരുമടക്കമുള്ള രക്ഷാപ്രവർത്തകർ ഒരിക്കൽകൂടി ആ സംഭവം വീണ്ടും സൃഷ്ടിച്ചതായി തോന്നി. അവരില്ലായിരുന്നെങ്കിൽ സിനിമയ്ക്ക് ഇത്ര സ്വാഭാവികത അനുഭവപ്പെടില്ല.

'ദി കേവി'ന് അംഗീകാരങ്ങൾക്കൊപ്പംവിമർശനമുണ്ടായി?
         ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വിമർശനങ്ങളാണത്. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തിയില്ലെന്നും ചില വിഭാഗങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവെന്നുമായിരുന്നു പ്രധാന വിമർശനം. ഒരു വെബ് സീരിസായി പ്ലാൻ ചെയ്‌തെങ്കിൽ എല്ലാം ഉൾപ്പെടുത്താമായിരുന്നു. ഇത് 104 മിനിറ്റുള്ള സിനിമയല്ലേ, പരിമിതിയുണ്ട്.

കേരളകൗമുദി, 2019 ഡിസംബർ 8

ഇറാനിയൻ മിസ്റ്റിക് സിനിമകളെ ഓർമ്മിപ്പിക്കുന്ന ഡീപ് വെൽ

മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇറാനിൽ നിന്നും എൺപതുകളിൽ ഉണ്ടായ മിസ്റ്റിക് സിനിമകളുടെ ശൈലിയെ ഓർമ്മപ്പെടുത്തുന്ന സിനിമയാണ് ഷനാബെക് ഷെറ്റിറോവിന്റെ ഡീപ് വെൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ജീവിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്ന മനുഷ്യജീവിതത്തിന്റെ ചാക്രിക സസഞ്ചാരമാണ് നാടോടികളുടെ ജീവിതത്തിലൂടെ ഈ കസാഖ് ചിത്രം പറയുന്നത്.
       കസാഖ് എഴുത്തുകാരനായ അഭിഷ് കകിൽബയേവിന്റെ ഡീപ് വെൽ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. ഒരിടത്തും സ്ഥിരതാമസമാക്കാതെ താത്കാലിക കൂടാരങ്ങൾ കെട്ടി ജീവിക്കുന്ന സവിശേഷ ജീവിത ശൈലിക്കുടമകളായ കസാഖിസ്ഥാനിലെ ഒരു വിഭാഗം ഗ്രാമീണ മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. കസാഖിസ്ഥാൻ സമതല, തീരദേശ മേഖലകളാണ് പശ്ചാത്തലം. യെൺസെപ് എന്ന ഗ്രാമീണ കിണറുവെട്ടുകാരനെ കേന്ദ്രീകരിച്ചാണ് ഡീപ് വെലിന്റെ സഞ്ചാരം.
   
  പ്രകൃതിയുമായി ഇഴചേർന്നു ജീവിക്കുന്ന മനുഷ്യരാണ് സിനിമയിലുള്ളത്. ആധുനിക ലോകവുമായി അവർക്ക് യാതൊരു കെട്ടുപാടുകളുമില്ല. വാഹനങ്ങളോ മറ്റ് ആധുനിക സൗകര്യങ്ങളോ ഇല്ല. സിനിമ കണ്ടിരിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ലോകത്തെ മറക്കുകയും മറ്റൊരു മിസ്റ്റിക് ലോകത്ത് എത്തിപ്പെട്ട അനുഭവം കൈവരുകയും ചെയ്യുന്നു. യെൺസേപിന്റെ സംസാരം പോലും പ്രകൃതിയുമായി ഇണക്കിച്ചേർത്താണ്. അത്തരം സ്വഗതാഖ്യാനങ്ങൾക്ക് സിനിമ ഏറെ പ്രാധാന്യം നൽകുന്നുമുണ്ട്. മണ്ണിൽ ചെവി ചേർത്താൽ യെൺസേപിന് ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഉറവയുടെ ഒഴുക്ക് കേൾക്കാം, ആ നനവ് അയാൾക്ക് പകർന്നുകിട്ടും. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അയാൾ പ്രകൃതിയോട് കൂടുതൽ അടുക്കുന്നു. ഒടുവിൽ ആഴങ്ങളിൽ തന്നെ അയാൾ ഇല്ലാതാകുകയും ചെയ്യുന്നു. പ്രകൃതിയിൽ നിന്നുടലെടുത്ത് പ്രകൃതിയിലേക്കു മടങ്ങുന്നുവെന്ന ആദിവചനമാണ് സിനിമയ്ക്ക് കാതലാകുന്നത്.
       മദ്ധ്യേഷ്യൻ ഭൂപ്രകൃതിയെ വരച്ചിടുന്ന ഛായാഗ്രാഹണ മികവാണ് ഡീപ് വെലിന്റെ കരുത്ത്. മിഴിവുറ്റതും സൂക്ഷ്മവുമാണ് പ്രകൃതിയിലൂടെയുള്ള കാമറയുടെ സഞ്ചാരം. കഥാപശ്ചാത്തലവുമായി കാണികളെ അടുപ്പിക്കുന്നതും റിഫ്കാത്ത് ഇബ്രാഖിമോവിന്റെ കാമറാ മികവ് തന്നെ. കഥയുമായി ഇണക്കിച്ചേർത്തുകൊണ്ടാണ് ആഴക്കിണർ, കടൽ പരിസരം, കുതിരകളുടെ സഞ്ചാരം, മണ്ണിനടിയിലെ പ്രാർത്ഥനാകേന്ദ്രം, താമസ സ്ഥലം എന്നിവ സിനിമയിൽ അടയാളപ്പെടുത്തുന്നത്. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച കാമറയ്ക്കുള്ള പുരസ്‌കാരം ഡീപ് വെൽ നേടിയിരുന്നു.


കേരളകൗമുദി, 2019 ഡിസംബർ 7