Saturday, 18 April 2020

സ്ത്രീവിമോചന പോരാട്ടത്തിന്റെ മുഖമായി 'മെയ്ഡ് ഇൻ ബംഗ്ലാദേശ് '


തൊഴിൽരംഗത്തെ മാനേജ്‌മെന്റ് ചൂഷണവും നീതിക്കു വേണ്ടിയുള്ള പോരാട്ടവും പ്രമേയമാകുന്ന ബംഗ്ലാദേശി ചിത്രമാണ് 'മെയ്ഡ് ഇൻ ബംഗ്ലാദേശ്  '. തൊഴിൽമേഖലയിലെ ചൂഷണം തിരിച്ചറിയാതെയും, തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതെയും ഒതുങ്ങിക്കൂടുന്നവരാണ് ഒട്ടുമിക്ക തൊഴിലാളികളും. മെയ്ഡ് ഇൻ ബംഗ്ലാദേശിലെ പ്രധാന കഥാപാത്രങ്ങളായ നെയ്ത്തു തൊഴിലാളി സ്ത്രീകളും അങ്ങനെയുള്ളവരാണ്. തൊഴിലിടത്തിലെ തിക്താനുഭവങ്ങൾ അവരെയും സംഘടിതരാക്കുകയാണ്. ലോകത്തെവിടെയും ഏതു കാലത്തും പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നതിലൂടെയാണ് ബംഗ്ലാദേശി യുവ സംവിധായിക റുബായത്ത് ഹുസൈൻ്റെ ചിത്രത്തിന് ആഗോളമുഖം കൈവരുന്നത്.
      ധാക്ക നഗരത്തിലെ ഒരു തുണിനെയ്ത്ത് സ്ഥാപനവും അവിടത്തെ വനിതാ തൊഴിലാളികളുമാണ് ചിത്രത്തിലെ കേന്ദ്രം. നഗരപ്രാന്തത്തിലെ ചേരിപ്രദേശത്തുള്ളവരാണ് ഈ തൊഴിലാളികളെല്ലാം. തൊഴിലിടത്തിൽ ശമ്പളകാര്യത്തിലും കൂടുതൽ സമയം ജോലി ചെയ്യിച്ചും അതിനുള്ള വേതനം നൽകാതെയും സ്ത്രീകളെന്ന പരിഗണന നൽകാതെയും തൊഴിലെടുപ്പിക്കുകയാണ് മാനേജ്‌മെന്റ്. സഹികെട്ട് ഇതിനെതിരെ പ്രതികരിക്കുകയും യൂണിയൻ രൂപീകരിക്കുകയും ചെയ്യുകയാണ് സ്ത്രീകൾ. തൊഴിലിന്റെ മഹത്വവും ചൂഷണത്തിനെതിരെ തൊഴിലാളികൾ സംഘടിക്കേണ്ട ആവശ്യകതയും ചർച്ചചെയ്യുന്ന സിനിമ സ്ത്രീശക്തിയുടെയും അവകാശ പോരാട്ടത്തിന്റെയും വിളംബരം കൂടിയാണ്. കുടുംബത്തിൽ തളച്ചിടേണ്ടവരല്ല തങ്ങളെന്നുള്ള ബംഗ്ലാദേശി മുസ്ലീം സ്ത്രീകളുടെ പ്രഖ്യാപനം കൂടിയാണ് സിനിമ നടത്തുന്നത്. ലളിതമായ ആഖ്യാനത്തിലൂടെ നഗര ചേരീപ്രദേശത്തിന്റെ നിറമില്ലാത്ത ജീവിത ചിത്രങ്ങൾ സിനിമയിലുടനീളം വിളക്കിച്ചേർത്തിടുന്നതിലും കാണികൾക്ക് അത് അനുഭവവേദ്യമാക്കുന്നതിലും സംവിധായിക വിജയിക്കുന്നു.


ബംഗ്ലാദേശിന്റെ  വിശ്വ ചലച്ചിത്രകാരി

2011 മുതൽക്കുള്ള ഒമ്പതു വർഷത്തിനിടെ മൂന്ന് സിനിമകളാണ് റുബായത് ഹുസൈൻ സംവിധാനം ചെയ്തിട്ടുള്ളത്. ജീവിച്ചിരിക്കുന്ന സമൂഹത്തോടുള്ള തന്റെ പ്രതികരണമാണ് റുബായത്തിന്റെ സിനിമകളുടെ ഉള്ളടക്കം. ആദ്യചിത്രമായ മെഹർജാൻ ബംഗാളി യുവതിയും പാക് സൈനികനും തമ്മിലുള്ള പ്രണയമാണ് വിഷയമാക്കിയത്. റിലീസ് വേളയിൽ തന്നെ വിവാദമായ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററിൽനിന്ന് പിൻവലിക്കേണ്ടിവന്നു. രണ്ടാമത്തെ ചിത്രമായ 'അണ്ടർ കൺസ്ട്രക്ഷൻ' മധ്യവർത്തി കുടുംബത്തിലെ അസംതൃപ്തയായ വീട്ടമ്മയെ അടയാളപ്പെടുത്തുന്നതായിരുന്നു. നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടിയ ഈ ചിത്രത്തിനു ശേഷമാണ് മെയ്ഡ് ഇൻ ബംഗ്ലാദേശ് എന്ന സ്ത്രീശാക്തീകരണ ചിത്രവുമായി റുബായത്തിന്റെ വരവ്. ഈ മൂന്നു ചിത്രങ്ങളോടെ ബംഗ്ലാദേശ് അഭിമാനത്തോടെ ലോകത്തിനു മുന്നിൽ എടുത്തുയർത്തിയ ചലച്ചിത്രകാരിയായി റുബായത് മാറിക്കഴിഞ്ഞു. ടൊറോന്റോ അന്താരാഷ്ട ചലച്ചിത്രമേളയിൽ മെയ്ഡ് ഇൻ ബംഗ്ലാദേശ് പുരസ്‌കാരം നേടിയതോടെ  സംവിധായികയെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ തിരിച്ചറിഞ്ഞുകഴിഞ്ഞു.

കേരളകൗമുദി, 2019 ഡിസംബർ 11

No comments:

Post a Comment