മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇറാനിൽ നിന്നും എൺപതുകളിൽ ഉണ്ടായ മിസ്റ്റിക് സിനിമകളുടെ ശൈലിയെ ഓർമ്മപ്പെടുത്തുന്ന സിനിമയാണ് ഷനാബെക് ഷെറ്റിറോവിന്റെ ഡീപ് വെൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ജീവിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്ന മനുഷ്യജീവിതത്തിന്റെ ചാക്രിക സസഞ്ചാരമാണ് നാടോടികളുടെ ജീവിതത്തിലൂടെ ഈ കസാഖ് ചിത്രം പറയുന്നത്.
കസാഖ് എഴുത്തുകാരനായ അഭിഷ് കകിൽബയേവിന്റെ ഡീപ് വെൽ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. ഒരിടത്തും സ്ഥിരതാമസമാക്കാതെ താത്കാലിക കൂടാരങ്ങൾ കെട്ടി ജീവിക്കുന്ന സവിശേഷ ജീവിത ശൈലിക്കുടമകളായ കസാഖിസ്ഥാനിലെ ഒരു വിഭാഗം ഗ്രാമീണ മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. കസാഖിസ്ഥാൻ സമതല, തീരദേശ മേഖലകളാണ് പശ്ചാത്തലം. യെൺസെപ് എന്ന ഗ്രാമീണ കിണറുവെട്ടുകാരനെ കേന്ദ്രീകരിച്ചാണ് ഡീപ് വെലിന്റെ സഞ്ചാരം.
മദ്ധ്യേഷ്യൻ ഭൂപ്രകൃതിയെ വരച്ചിടുന്ന ഛായാഗ്രാഹണ മികവാണ് ഡീപ് വെലിന്റെ കരുത്ത്. മിഴിവുറ്റതും സൂക്ഷ്മവുമാണ് പ്രകൃതിയിലൂടെയുള്ള കാമറയുടെ സഞ്ചാരം. കഥാപശ്ചാത്തലവുമായി കാണികളെ അടുപ്പിക്കുന്നതും റിഫ്കാത്ത് ഇബ്രാഖിമോവിന്റെ കാമറാ മികവ് തന്നെ. കഥയുമായി ഇണക്കിച്ചേർത്തുകൊണ്ടാണ് ആഴക്കിണർ, കടൽ പരിസരം, കുതിരകളുടെ സഞ്ചാരം, മണ്ണിനടിയിലെ പ്രാർത്ഥനാകേന്ദ്രം, താമസ സ്ഥലം എന്നിവ സിനിമയിൽ അടയാളപ്പെടുത്തുന്നത്. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച കാമറയ്ക്കുള്ള പുരസ്‌കാരം ഡീപ് വെൽ നേടിയിരുന്നു.
കേരളകൗമുദി, 2019 ഡിസംബർ 7
No comments:
Post a Comment