Saturday, 18 April 2020

ഗുഹയ്ക്കുള്ളിൽ അകപ്പെടുന്ന 104 മിനിറ്റുകൾ



ഒന്നര വർഷം മുമ്പ് ലോകം മുഴുവൻ ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ഉറ്റുനോക്കിയ പതിനാറ് ദിവസങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് തായ്ലാന്റ് സംവിധായകനായ ടോം വാലറും സംഘവും. കഴിഞ്ഞ വർഷം ജൂണിൽ ഉത്തര തായ്ലാന്റിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകരെയും പുറത്തെത്തിച്ച അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ സിനിമാവിഷ്‌കാരമാണ് തായ് സിനിമയായ 'ദി കേവ്'.  പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യർ ധീരമായി എടുക്കുന്ന തീരുമാനങ്ങളെയും മനുഷ്യജീവന്റെ മഹത്വത്തെയും ഓർമ്മപ്പെടുത്തുന്നു.
       ആധുനിക കാലത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം എന്നു വിശേഷിപ്പിക്കപ്പെട്ട തായ് സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഉദ്യോഗസ്ഥരും സൈനികരും ഡൈവർമാരും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ അനുഭവത്തിന്റെ തീവ്രത നൽകാൻ സിനിമയ്ക്കാകുന്നു. ഗുഹയ്ക്കകത്ത് പെട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിന്റെ ചലച്ചിത്രഭാഷ്യത്തിന് 104 മിനിറ്റാണ് ദൈർഘ്യം. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളിലേക്കും ഈ സമയം കൊണ്ട് എത്തിപ്പെടാൻ സിനിമയ്ക്കാകുന്നു. മാത്രമല്ല, രക്ഷാപ്രവർത്തനത്തിന്റെ നിമിഷങ്ങളിലെ സകല വികാരങ്ങളെയും കാണികൾക്കു കൂടി അനുഭവവേദ്യമാക്കുന്നതിലും ടോം വാലറും സംഘവും വിജയിക്കുന്നു. ഗുഹയ്ക്കകത്തുവച്ച് ഇരുട്ടിലും വെള്ളത്തിലുമുള്ള സാഹസികമായ ചിത്രീകരണം അല്പം പോലും കൃത്രിമത്വം തോന്നാത്ത വിധം പകർത്തിയിരിക്കുന്നത് വേഡ് മുള്ളറാണ്.
     
  തായ്ലാന്റ് സംഭവത്തെ അധികരിച്ച് ആദ്യമായി പുറത്തിറങ്ങിയ സിനിമയാണ് 'ദി കേവ്. ബുസാൻ, വാൻകുവർ, ബി.എഫ്.ഐ ലണ്ടൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നവംബർ 21ന് തായ്ലാന്റിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

............

'കേവി'ന്റെ ഷൂട്ട് വെല്ലുവിളി നിറഞ്ഞത്: ടോം വാലർ

ലോകം ഇമയടയ്ക്കാതെ വീക്ഷിച്ച ഒരു സംഭവത്തിന് ദൃശ്യാവിഷ്‌കാരം നൽകുന്നതിന്റെ വെല്ലുവിളി 'ദി കേവി'ന്റെ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ടോം വാലർ കേരളകൗമുദിയോട് പറഞ്ഞു. മേളയിൽ ലോകസിനിമ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള 'ദി കേവി'ന്റെ പ്രദർശനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് എത്തിയതായിരുന്നു വാലർ.

യഥാർത്ഥ സംഭവം ആവിഷ്‌കരിക്കുന്നതിലെ വെല്ലുവിളി എത്രത്തോളമുണ്ടായിരുന്നു?
       യഥാർത്ഥ സംഭവം എന്നതിനേക്കാൾ രക്ഷാപ്രവർത്തനം സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. കാരണം ഇതിന്റെ ഓരോ ഘട്ടവും പുരോഗതിയും ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. ആയിരത്തിലേറെ രക്ഷാപ്രവർത്തകരും വിവിധ രാജ്യങ്ങളും ഏജൻസികളും ഉൾപ്പെട്ട സംഭവമാണ്. പല സീനുകളും ഷൂട്ട് ചെയ്തത് തായ്ലാന്റിലെ മറ്റ് പല ഗുഹകളിൽ വച്ചാണ്.

തിരക്കഥ രൂപപ്പെടുത്തൽ എളുപ്പമായിരുന്നോ?

        സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നതിലെ സാദ്ധ്യതകൾ ഉപയോഗിച്ചതല്ലാതെ യാതൊന്നും പുതുതായി കൂട്ടിച്ചേർത്തിട്ടില്ല. രക്ഷാപ്രവർത്തനം കഴിഞ്ഞ ഉടൻ തന്നെ തായ്ലാന്റ് സംഭവം സിനിമയാക്കാൻ പലരും മുന്നോട്ടുവന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി അവകാശം സ്വന്തമാക്കിയപ്പോൾ തന്നെ കൃത്രിമമായി യാതൊന്നും തിരക്കഥയിൽ ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിച്ചിരുന്നു. കത്രീന ഗ്രോസും ഡോൺ ലിൻഡറും ഇതനുസരിച്ചാണ് എനിക്കൊപ്പം എഴുത്തുജോലികൾ പൂർത്തിയാക്കിയത്. രണ്ടു മാസമാണ് തിരക്കഥയ്ക്കായി ഞങ്ങൾ ചെലവിട്ടത്.

അഭിനേതാക്കൾ പലരും തായ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ തന്നെയാണ്?
       അങ്ങനെ സംഭവിച്ചത് ഏറ്റവും നന്നായി എന്നാണ് തോന്നുന്നത്. ഒരു പക്ഷേ യഥാർത്ഥ അഭിനേതാക്കൾക്ക് ഇത്രയും സ്വാഭാവികമായി രക്ഷാപ്രവർത്തനമടക്കമുള്ള രംഗങ്ങളിൽ അഭിനയിക്കാനായേക്കില്ല. ഡൈവർമാരും സൈനികരുമടക്കമുള്ള രക്ഷാപ്രവർത്തകർ ഒരിക്കൽകൂടി ആ സംഭവം വീണ്ടും സൃഷ്ടിച്ചതായി തോന്നി. അവരില്ലായിരുന്നെങ്കിൽ സിനിമയ്ക്ക് ഇത്ര സ്വാഭാവികത അനുഭവപ്പെടില്ല.

'ദി കേവി'ന് അംഗീകാരങ്ങൾക്കൊപ്പംവിമർശനമുണ്ടായി?
         ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വിമർശനങ്ങളാണത്. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തിയില്ലെന്നും ചില വിഭാഗങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവെന്നുമായിരുന്നു പ്രധാന വിമർശനം. ഒരു വെബ് സീരിസായി പ്ലാൻ ചെയ്‌തെങ്കിൽ എല്ലാം ഉൾപ്പെടുത്താമായിരുന്നു. ഇത് 104 മിനിറ്റുള്ള സിനിമയല്ലേ, പരിമിതിയുണ്ട്.

കേരളകൗമുദി, 2019 ഡിസംബർ 8

No comments:

Post a Comment