Friday, 16 May 2025

ഷാജി എന്‍ കരുണ്‍: മലയാള സിനിമയുടെ അന്താരാഷ്ട്ര ഔന്നത്യം


ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഓര്‍മ്മയായി. ഛായാഗ്രാഹണ കലയിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കുകയും സമാന്തര സിനിമാ ധാരയില്‍ വേറിട്ട വഴി വെട്ടിത്തുറക്കുകയും ചെയ്ത മഹാനായ ചലച്ചിത്രകാരനെയാണ് ഷാജി എന്‍ കരുണിന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്. അഞ്ചു പതിറ്റാണ്ട് കാലം ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിനായി. സര്‍ഗാത്മക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ടു പോകുമ്പോഴും മലയാള സിനിമയുടെ മികവിനും പുരോഗതിക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിലും ഷാജി എന്‍ കരുണ്‍ മുന്നില്‍ നിന്നു. 

സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമയായ പിറവി, തുടര്‍ന്ന് സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകളിലൂടെയാണ് ഷാജി മലയാളത്തിന്റെ വിതാനം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിയത്. സംവിധായകനാകുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ജി. അരവിന്ദന്റെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഷാജിയുടെ ഛായാഗ്രാഹണ മികവ് പതിഞ്ഞിരുന്നു. 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത പിറവി, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വം, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ ഷാജി എന്‍. കരുണിനായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ ഒരുക്കുകയും ഒട്ടേറെ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഷാജി എന്‍ കരുണ്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രാഹണത്തില്‍ സ്വര്‍ണ മെഡലോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ജോലി ചെയ്യവേയാണ് ജി. അരവിന്ദനൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ഒരിടത്ത്, ചിദംബരം തുടങ്ങിയ വിഖ്യാത സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷാജി ആയിരുന്നു. മലയാള സിനിമയിലെ ഛായാഗ്രാഹണ കലയെ വേറിട്ട വിതാനത്തില്‍ പ്രതിഷ്ഠിക്കാനും കലാപരമായ ഔന്നത്യം നല്‍കാനും ഷാജിയുടെ ക്യാമറക്കായി. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ കവിഞ്ഞ് അതിന് മിഴിവും ആഴവും നല്‍കാനും അതിലൂടെ സിനിമയുടെ ആസ്വാദന തലത്തിന്റെ മികവ് കൂട്ടാനും ഷാജിക്കായി. കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, മീനമാസത്തിലെ സൂര്യന്‍, മംഗളം നേരുന്നു, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒന്നുമുതല്‍ പൂജ്യം വരെ, സര്‍ഗം തുടങ്ങിയ ശ്രദ്ധേയ സിനിമകളും ഷാജിയുടെ ഛായാഗ്രാഹണ മികവിന് ദൃഷ്ടാന്തമാണ്. 


1970 കളില്‍ മലയാള സിനിമ നവതരംഗത്തിലേക്ക് പ്രവേശിക്കുകയും ശക്തമായ സമാന്തരധാര വെട്ടിത്തുറക്കുകയും ചെയ്ത കാലത്ത് ഛായാഗ്രാഹണ കലയിലൂടെ അതിന് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നയാളായിരുന്നു ഷാജി എന്‍ കരുണ്‍. ഫ്രെയിമില്‍ കടുംചായങ്ങള്‍ക്കു പകരം മിതത്വമുള്ളതും പ്രമേയം ആവശ്യപ്പെടുന്നതുമായ ദൃശ്യപരിചരണ രീതിയായിരുന്നു ഷാജിയുടേത്. ഹരിഹരന്‍, കെ.ജി ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടേത് ഉള്‍പ്പെടെ 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ഷാജി പ്രവര്‍ത്തിച്ചു. 

ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച പിറവി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ലോക ചലച്ചിത്ര ഭൂപടത്തില്‍ മലയാളത്തെ പ്രതിഷ്ഠിച്ച ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. പിറവിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഷാജിയെ തേടിയെത്തി. പിറവിക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളായി ഷാജി എന്‍ കരുണ്‍ മാറി. 

പ്രമേയ സ്വീകരണത്തിലെയും ആവിഷ്‌കാരത്തിലെയും പുതുമയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനെ വേറിട്ടു നിര്‍ത്തിയത്. പൂര്‍വ്വമാതൃകകള്‍ ഇല്ലാത്തതും അനുകരിക്കാന്‍ സാധിക്കാത്തതുമായ ശൈലി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലെ സമാന്തര സിനിമാ ധാരയിലെ പ്രഥമ ഗണനീയരിലൊരാളായി അദ്ദേഹത്തെ വിലയിരുത്തുന്നു. ഓരോ സിനിമയ്ക്കുമിടയില്‍ കൃത്യമായ ഇടവേള സൂക്ഷിക്കുകയും പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുന്നതായിരുന്നു ഷാജിയുടെ രീതി. ദീര്‍ഘമായ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 


കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിറവിക്ക് ഇതിവൃത്തമായപ്പോള്‍ ഏകാകിയായ സ്ത്രീയുടെ സംഘര്‍ഷങ്ങളായിരുന്നു സ്വമ്മില്‍ പ്രമേയമായത്. കഥകളി കലാകാരനായ കുഞ്ഞികുട്ടന്റെ ആത്മസംഘര്‍ഷങ്ങളാണ് വാനപ്രസ്ഥത്തില്‍ ആവിഷ്‌കരിക്കുന്നത്. ഘടനാപരമായി നാല് വ്യത്യസ്ത പശ്ചാത്തലങ്ങളായി തിരിച്ചിരിക്കുന്ന ആഖ്യാനമായിരുന്നു കുട്ടിസ്രാങ്കിന്റേത്

പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്നുതവണയും ഷാജിയെ തേടിയെത്തി. സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

പത്മശ്രീ ബഹുമതിക്കും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരത്തിനും ഈ സംവിധായക പ്രതിഭ അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍.കരുണിനെ തേടിയെത്തിയത് 2023 ലാണ്.


1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975 ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ച ഷാജി 1976 ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. 1998 ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എന്‍ കരുണ്‍. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മല്‍സരവിഭാഗം ആരംഭിച്ചത്.

മലയാള സിനിമയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും ചെയ്തുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം.

ഷാജി എന്‍ കരുണിന്റെ വിടവാങ്ങലിലൂടെ കലാമൂല്യമുള്ള സൃഷ്ടികളുടെ പ്രബലമായ കണ്ണിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. മലയാള സിനിമയുടെ ഔന്നത്യം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വളര്‍ത്തിയ അനശ്വര ചലച്ചിത്രകാരന് ആകാശവാണിയുടെ പ്രണാമം.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഏപ്രില്‍ 30

Wednesday, 14 May 2025

വായനയുടെ മധുരം പകര്‍ന്ന് നിയമസഭ പുസ്തകോത്സവം; മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം അവലോകനം

 


വായനയാണ് ലഹരിയെന്ന പ്രമേയം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവാര്‍ന്ന അനുഭവമായി മാറി. വായനക്കാരുടെയും എഴുത്തുകാരുടെയും പ്രസാധകരുടെയും സജീവ സാന്നിധ്യം കൊണ്ടും സമകാലിക വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ കൊണ്ടുമാണ് ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേള ശ്രദ്ധേയമായത്. ജനുവരി ഏഴ് മുതല്‍ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയമാണ് പുസ്തകോത്സവത്തിന് വേദിയായത്. 

സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറി. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കെ എല്‍ ഐ ബി എഫിനായി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പുസ്തകസ്‌നേഹികളും പൊതുജനങ്ങളും പുസ്തകോത്സവത്തെ ആവേശത്തോടെ ഏറ്റെടുത്തു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയമസഭ ഇത്രയും ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കുന്നത്.

250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും ഈ വേദികളില്‍ നടന്നു. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ജനുവരി 7 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തലസ്ഥാനത്തിന് യുനെസ്‌കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലോക സാഹിത്യ നഗരമായതു പോലെ തിരുവനന്തപുരം യുനെസ്‌കോയുടെ ബുക്ക് ക്യാപിറ്റല്‍ ആകണം. ലോകത്ത് വായന മരിക്കുന്നു എന്നു കേള്‍ക്കുമ്പോഴും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജക ചിന്തകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് നിയമസഭ രാജ്യാന്തര പുസ്തകോത്സവമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള നിയമസഭയുടെ മാതൃകയില്‍ കര്‍ണാടക നിയമസഭയും അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് വ്യക്തമാക്കി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനമര്‍പ്പിച്ചാണ് മൂന്നാമത് നിയമസഭാ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളാണ് പുസ്തകോത്സവത്തിന് പ്രധാന വേദിയായത്. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകരുടെ പരിപാടികള്‍ക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ 7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, പ്രഭാഷണം, മീറ്റ് ദ ഓതര്‍, സാഹിത്യ - നാടക സംവാദം, പുസ്തക ചര്‍ച്ചകള്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, ഏകപാത്ര നാടകം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും, മാജിക് ഷോ, പപ്പറ്റ് ഷോ, വിദ്യാര്‍ത്ഥികളുടെയും നിയമസഭാ ജീവനക്കാരുടെയും കലാപരിപാടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ എഴുപതിലധികം പരിപാടികള്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു.

പ്രഭാവര്‍മയുടെ അംഗാര നൂപുരം, ബൃന്ദാ കാരാട്ടിന്റെ ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും സ്ത്രീകളും, ജി കാര്‍ത്തികേയന്റെ രാഷ്ട്രീയജീവിതം, ഡോ. ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ: നിയോ ലിബറല്‍ കാലത്തെ സാമ്പത്തിക നീതി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പറയാതെ വയ്യ, നജീബ് കാന്തപുരം എം.എല്‍.എയുടെ പച്ച ഇലകള്‍, പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികള്‍ക്കായുളള 14 സാഹിത്യ രചനകള്‍ ഉള്‍പ്പെടെ നിരവധി സര്‍ഗരചനകളാണ് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തത്.

വിവിധ വിഷയങ്ങളില്‍ നടന്ന പ്രഭാഷണങ്ങള്‍ പുസ്തകോത്സവത്തിന്റെ സവിശേഷതയായിരുന്നു. ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദന്‍, യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കിട്ടു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി പി ഐ എം നേതാവ് എം. സ്വരാജും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും പങ്കെടുത്തു. പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടവും, വായനയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും പ്രഭാഷണം നടത്തി.


മന്ത്രിമാരായ പി. രാജീവ്, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, എഴുത്തുകാരായ എം മുകുന്ദന്‍, ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, പി എഫ് മാത്യൂസ്, ഒ വി ഉഷ, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രൊഫ. ആദിത്യ മുഖര്‍ജി, പി സായ്‌നാഥ് തുടങ്ങി രാഷ്ട്രീയ സാഹിത്യ  കലാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ ഭാഗമായി വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ പങ്കുവെയ്ക്കാന്‍ പുസ്തകാസ്വാദനം, പദ്യപാരായണം, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വനിതാ പാര്‍ലമെന്റ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകളും പുസ്തകോത്സവത്തിന് മികവേറ്റി. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികള്‍ക്ക് സ്റ്റുഡന്റ്‌സ് കോര്‍ണര്‍ ഒരുക്കിയിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു.

സ്ത്രീശാക്തീകരണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തക കലവറ പരിചയപ്പെടുന്നതിനും പുസ്തകങ്ങള്‍ വാങ്ങാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും മൂന്നാം പതിപ്പ് അവസരമൊരുക്കി. 

ജനുവരി 13 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയായി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുമെന്നും പുസ്തക വായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജനുവരി 15

Tuesday, 6 May 2025

ലോകസിനിമയുടെ പുത്തന്‍ കാഴ്ചകളും അനുഭവങ്ങളുമായി കേരളത്തിന്റെ ചലച്ചിത്രോത്സവം. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അവലോകനം


ലോകസിനിമയിലെ പുത്തന്‍ കാഴ്ചകളും പ്രവണതകളും ചര്‍ച്ചചെയ്ത് ഒരാഴ്ചക്കാലം ചലച്ചിത്രാസ്വാദകരുടെ മനം നിറച്ച  29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനമായി. വിവിധ വിഭാഗങ്ങളിലായി വൈവിധ്യവുമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളുമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തത പകരുന്നതായി മേളയുടെ കാഴ്ചാനുഭവം മാറി. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രം 'മാലു'വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സംവിധായകന്‍ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയന്‍ ചിത്രം 'മീ മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സി'ന്റെ സംവിധായകന്‍ ഫര്‍ഷാദ് ഹഷമിക്കാണ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 'ദ ഹൈപ്പര്‍ബോറിയന്‍സ്' എന്ന ചിത്രം സ്വന്തമാക്കി.

മേളയില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ സിനിമയുടെ തിരക്കഥയ്ക്ക് ഫാസില്‍ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.


ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി. സംവിധായിക പായല്‍ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാര്‍ഥ്യങ്ങളേയും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കലാമൂല്യമുള്ള സിനിമകള്‍ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തങ്ങളായ പ്രമേയങ്ങളും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ടാണ് ഇത്തവണ മേളയിലെ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. വ്യക്തിബന്ധങ്ങള്‍, സാമൂഹിക ജീവിതം, സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയര്‍ത്തുന്നവ എന്നിവയെല്ലാം ഇത്തവണ സിനിമകള്‍ക്ക് വിഷയമായി. യുദ്ധം, പലായനം, ആഭ്യന്തര സംഘര്‍ഷം, ചരിത്ര സംഭവങ്ങള്‍ തുടങ്ങിയവയിലേക്ക് കടന്നുചെല്ലുന്ന സിനിമകളും നിരവധിയായിരുന്നു.


കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അര്‍മേനിയന്‍ സിനിമ വിഭാഗത്തിലുള്ള ഏഴ് ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ആഭ്യന്തര യുദ്ധവും വംശഹത്യയും പലായനവുമെല്ലാം ഈ സിനിമകളില്‍ പ്രമേയമായി. മൂന്നാം ലോക സിനിമയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കുന്ന മേളയായിരുന്നു ഇത്തവണത്തേത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥപറയുന്ന ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.

വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ ആന്‍ ഹുയിക്ക് ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിയായാണ് ആന്‍ ഹുയി അറിയപ്പെടുന്നത്. തന്റെ പ്രയത്‌നങ്ങള്‍ക്കു ലഭിച്ച വലിയ അംഗീകാരമാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമെന്ന് ആന്‍ ഹുയി പറഞ്ഞു.

ഇന്ത്യന്‍ സിനിമയേയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളേയും സമ്പന്നമാക്കിയ ശബാന ആസ്മിക്കും മേള ആദരം നല്‍കി. ചലച്ചിത്രാഭിനയ രംഗത്ത് അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തോടുള്ള ആദരവായി അഞ്ചു സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് അവര്‍ പറഞ്ഞു.


അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ദി സബ്സ്റ്റന്‍സ്, അനോറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോണ്‍ക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് തുടങ്ങിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തിലും അഭിനന്ദനം നേടി. ഏറെ പ്രേക്ഷക പ്രശംസ നേടിയ മി മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്‌സ്, മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി, റിഥം ഓഫ് ദമാം, ലിന്‍ഡ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ബോഡി, കോണ്‍ക്ലേവ്, ക്വീര്‍ എന്നിവ ലോകസിനിമാ വിഭാഗത്തിലും ദ റൂം നെക്സ്റ്റ് ഡോര്‍ ഫെസ്റ്റിവല്‍, ഗ്രാന്‍ഡ് ടൂര്‍ തുടങ്ങിയ സിനിമകള്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. മേളയിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളായ അപ്പുറവും ഫെമിനിച്ചി ഫാത്തിമയും മികച്ച പ്രേക്ഷക പ്രതികരണം നേടി. റീസ്റ്റോര്‍ഡ് ക്ലാസിക്‌സ് വിഭാഗത്തില്‍ അകിരാ കുറൊസാവയുടെ സെവന്‍ സമുറായ് കാണികള്‍ക്ക് മികച്ച അനുഭവമായി.

ജാഫര്‍ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്, വനിതകളുടെ അവകാശപോരാട്ടങ്ങള്‍ പറഞ്ഞ സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്, ക്വീര്‍ രാഷ്ട്രീയം പ്രമേയമായ യങ് ഹേര്‍ട്ട്സ്, എമിലിയ പരേസ്, പാരിസ്ഥിതിക വിഷയങ്ങള്‍ പറഞ്ഞ വില്ലേജ് റോക്ക് സ്റ്റാര്‍സ് -2, വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം അങ്കമ്മാള്‍, കൃഷാന്തിന്റെ സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി.


ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, 'ദ ഫീമേല്‍ ഗെയ്സ്' എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്റ്റോര്‍ഡ് ക്ളാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളായിരുന്നു. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് 'ലിറ്റററി ട്രിബ്യൂട്ട്' വിഭാഗത്തില്‍ മൂലധനം, അരനാഴികനേരം, നീലക്കുയില്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

13000 -ല്‍പരം ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തി. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും നടന്നു. ക്രൗഡ് ഫണ്ടിങ് മുതല്‍ നിര്‍മിതബുദ്ധി വരെയുള്ള ഗൗരവകരമായ വിഷയങ്ങള്‍ മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ ചര്‍ച്ചയായി. 50 ലോക ചലച്ചിത്രാചാര്യന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള 'സിനിമ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എക്‌സിബിഷന്‍ പ്രധാന വേദിയായ ടാഗോറില്‍ നടന്നു. ചലച്ചിത്രോത്സവത്തിലെ വ്യത്യസ്തമായ കലാപ്രകടനങ്ങള്‍ക്ക് മാനവീയം വീഥി വേദിയായി.


മേളയോടനുബന്ധിച്ച് മലയാള സിനിമയിലെ മണ്‍മറഞ്ഞ മഹാപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച് നെയ്യാറ്റിന്‍കര മുതല്‍ തിരുവനന്തപുരം വരെ സ്മൃതിദീപ പ്രയാണവും നടത്തി. നെയ്യാറ്റിന്‍കരയില്‍ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിലാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചര്‍ ഫിലിം ഒരുക്കിയത്.

മലയാള സിനിമയുടെ ആദ്യകാലം മുതല്‍ തൊണ്ണൂറുകള്‍ വരെ വെള്ളിത്തിരയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ 'മറക്കില്ലൊരിക്കലും' എന്ന പരിപാടിയിലൂടെ ചലച്ചിത്ര അക്കാദമി മേളയില്‍ ആദരിച്ചു. ടി.ആര്‍. ഓമന, വഞ്ചിയൂര്‍ രാധ, വിനോദിനി, രാജശ്രീ, കെ.ആര്‍. വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുര്‍ഗ, റീന, മല്ലിക സുകുമാരന്‍, ഹേമ ചൗധരി, ഭവാനി, അനുപമ മോഹന്‍, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ഡിസംബര്‍ 23

Sunday, 18 August 2024

കാനില്‍ അഭിമാനമായി ഇന്ത്യയും മലയാളവും


ലോകത്തെ ഏറ്റവും പ്രശസ്ത ചലച്ചിത്ര മേളകളില്‍ ഒന്നായ ഫ്രാന്‍സിലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഖ്യാതി ഉയര്‍ത്തി ഇന്ത്യന്‍ സിനിമയും മലയാളവും. 77-ാമത് കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരമായ 'ഗ്രാന്‍ഡ് പ്രീ' നേടിക്കൊണ്ട് പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രമാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മുപ്പത് വര്‍ഷത്തിനു ശേഷം മേളയിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന സിനിമ എന്ന നിലയില്‍ കൂടി ശ്രദ്ധേയമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 1994 ല്‍ ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തിനാണ് ഒടുവില്‍ പാം ഡി ഓര്‍ നാമനിര്‍ദേശം ലഭിച്ചത്. പായലിന്റെ ചിത്രം ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് 'ഗ്രാന്‍ഡ് പ്രീ' പുരസ്‌കാരം കരസ്ഥമാക്കിയത്. ഈ അഭിമാനകരമായ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഇതോടെ പായല്‍ കപാഡിയ മാറി.

കാനിലെ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ലഭിച്ചത്. പ്രദര്‍ശനത്തിനു ശേഷം എട്ട് മിനിറ്റ് നേരം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദനം കാണികള്‍ രേഖപ്പെടുത്തിയത്. കാവ്യാത്മകം, ലോലം, ഹൃദയാവര്‍ജകം തുടങ്ങിയ വിശേഷണങ്ങളാണ് ചിത്രത്തിന് കാണികളില്‍ നിന്ന് ലഭിച്ചത്. സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയ ആണ്. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നിര്‍മ്മിച്ചത്. പ്രശസ്ത ഹോളിവുഡ് സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സര വിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്‌സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, മാഗ്‌നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ് തുടങ്ങി ലോക സിനിമയിലെ മുന്‍നിര സംവിധായകരുടെ പുതിയ ചിത്രങ്ങളുമായാണ് കപാഡിയയുടെ സിനിമ മത്സരിച്ചത്.


മുംബൈ പശ്ചാത്തലമായി രണ്ട് മലയാളി നഴ്‌സുമാരുടെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. 80 ശതമാനവും മലയാള സംഭാഷണങ്ങളടങ്ങിയ  ഈ ചിത്രത്തില്‍ മലയാളി നടനായ അസീസ് നെടുമങ്ങാടും അഭിനയിച്ചിട്ടുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ)യിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിങ് നത്തിംഗ്' എന്ന ഡോക്യുമെന്ററിക്ക് 2021 ല്‍ കാനിലെ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു. പായലിന്റെ ആഫ്റ്റര്‍ നൂണ്‍ ക്ലൗഡ്‌സ് എന്ന ചിത്രം 70-ാമത് കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യു എസ് സംവിധായകന്‍ സീന്‍ ബേക്കറിന്റെ അനോറയാണ് കാനില്‍ ഇത്തവണ മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്‌കാരം നേടിയത്. ലൈംഗികത്തൊഴിലാളിയായ യുവതിയുടെ വൈകാരികതകളും പ്രണയവും പ്രതിപാദ്യമാകുന്ന ഈ ചിത്രം കാലികപ്രസ്‌കതമായ വിഷയം കൈകാര്യം ചെയ്തുകൊണ്ടു കൂടിയാണ് ശ്രദ്ധേയമാകുന്നത്. മത്സര വിഭാഗത്തിലെ 21 സിനിമകളെ പിന്തള്ളിയാണ് അനോറ ചരിത്രം കുറിച്ചത്. 

കാനില്‍ നവഭാവുകത്വത്തിനും പുതുവഴികള്‍ക്കും പുതുരാജ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന 'അണ്‍ സേര്‍ട്ടന്‍ റിഗാഡ്' വിഭാഗത്തിലെ മികച്ച നടിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അനസൂയ സെന്‍ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് അനസൂയ. ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് സംവിധാനം ചെയ്ത 'ദ ഷെയിംലെസ്'  എന്ന ഹിന്ദി ഭാഷാ ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളും അനാവരണം ചെയ്യുന്ന സിനിമയാണ് 'ദ ഷെയിംലെസ്'. ക്വീര്‍ സമൂഹത്തിനും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അനസൂയ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരിയുടെ സന്തോഷ് എന്ന ചിത്രവും അണ്‍ സേര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


ഛായാഗ്രാഹണ രംഗത്തെ അനുപമമായ സംഭാവനയ്ക്ക് 2013 മുതല്‍ കാന്‍ ചലച്ചിത്ര മേളയില്‍ നല്‍കിവരുന്ന പിയര്‍ അജന്യൂ എക്‌സലന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ കരസ്ഥമാക്കി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവന്‍. ഛായാഗ്രാഹണ രംഗത്തെ ഇതിഹാസങ്ങളായ എഡ്വേഡ് ലാച്മാന്‍, ക്രിസ്റ്റഫര്‍ ഡോയല്‍, റോജര്‍ ഡിക്കിന്‍സ്, ആഗ്നസ് ഗൊദാര്‍ദ്, ബാരി അക്രോയ്ഡ് തുടങ്ങിയവരുടെ നിരയിലേക്കാണ് ഈ ബഹുമതിയിലൂടെ ഇന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സന്തോഷ് ശിവന്‍ പ്രവേശിച്ചത്. സൂം ലെന്‍സുകളുടെ നിര്‍മ്മാതാക്കളായ അജെന്യൂ കാന്‍ ചലച്ചിത്രോത്സവവുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരമാണിത്. 1989 ല്‍ താന്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ച രാഖ് എന്ന ഹിന്ദി ചിത്രത്തില്‍ അജെന്യൂ ലെന്‍സുകള്‍ ഉപയോഗിച്ചത് ചടങ്ങില്‍ തന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് സംസാരിക്കവേ സന്തോഷ് ശിവന്‍ ഓര്‍മ്മിച്ചു. 1980 കളില്‍ ചലച്ചിത്ര രംഗത്ത് എത്തിയ സന്തോഷ് ശിവന്‍ ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലായി 55 സിനിമകളുടെയും 50 ഓളം ഡോക്യുമെന്ററികളുടെയും ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അശോക, അനന്തഭദ്രം, ഉറുമി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

ലോകത്തിലെ ഏറ്റവും പ്രൗഢമായതും പഴക്കമുള്ളതും ശ്രദ്ധേയവുമായ ചലച്ചിത്രോത്സവമായ കാനിലെ ചുവപ്പ് പരവതാനിയില്‍ പ്രവേശിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ ഏറെ വലുതാണ്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്റെ പുരസ്‌കാര നേട്ടത്തിലൂടെ സംവിധായിക പായല്‍ കപാഡിയയക്കും മറാത്തി നടി ഛായ കദമിനുമൊപ്പം മലയാളി അഭിനേതാക്കളായ കനി കുസൃതിയും ദിവ്യപ്രഭയും റെഡ് കാര്‍പ്പറ്റില്‍ പ്രവേശിച്ചത് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന അവസരമായി മാറി. വസ്ത്രധാരണത്തിലെ സവിശേഷതകള്‍ കൊണ്ടും നിലപാടുകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും പ്രഖ്യാപന വേദിയെന്ന നിലയിലും ശ്രദ്ധേയമാണ് കാനിലെ ഈ ചുവപ്പ് പരവതാനി. സംഘര്‍ഷത്തില്‍ മരിച്ചുവീഴുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തണ്ണിമത്തന്‍ കഷണത്തിന്റെ ആകൃതിയിലുള്ള ബാഗ് അണിഞ്ഞുകൊണ്ടാണ് കനി കുസൃതി കാനില്‍ ശ്രദ്ധ നേടിയത്. 2019 ല്‍ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബ്രിക്‌സ് പുരസ്‌കാരവും കനി നേടിയിരുന്നു. 2022 ല്‍ 75-ാമത് ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ ദിവ്യപ്രഭയുടെ ടേക്ക് ഓഫ്, തമാശ എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.


കാനിലെ ഹ്രസ്വ ചലച്ചിത്ര മത്സര വിഭാഗത്തില്‍ ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത 'കൈമിറ'യും ഇടം നേടിയിരുന്നു. രണ്ട് വര്‍ഷമായി മാസം തോറും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത അഞ്ഞൂറോളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മത്സരിക്കുന്ന 'ആന്വല്‍ റിമംബര്‍ ദ ഫ്യൂച്ചര്‍' വിഭാഗത്തിലാണ് കൈമിറ മത്സരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ മികച്ച ചിത്രമെന്ന നിലയിലാണ് കൈമിറ അവസാന റൗണ്ട് മത്സരത്തിനെത്തിയത്.

പുരസ്‌കാര നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതിനൊപ്പം പായല്‍ കപാഡിയ, അനസൂയ സെന്‍ ഗുപ്ത, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദിം തുടങ്ങിയ വനിതകളുടെ പേരുകളിലൂടെ കൂടിയാണ് ഇന്ത്യന്‍ സിനിമാ രംഗം ഇക്കുറി മഹത്തായ കാന്‍ ചലച്ചിത്ര മേളയില്‍ സാന്നിധ്യമറിയിച്ചത്. അങ്ങനെയിത് മുഴുവന്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഉയര്‍ത്താന്‍ പോന്ന നേട്ടം കൂടിയായി മാറുന്നു.

'ലാ സിനിഫ്' വിഭാഗത്തില്‍ കന്നഡ നാടോടിക്കഥയെ അടിസ്ഥാനമാക്കി എഫ്ടിഐഐ വിദ്യാര്‍ത്ഥി ചിദാനന്ദ എസ് നായിക് സംവിധാനം ചെയ്ത 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമായ 'സണ്‍ഫ്‌ളവേഴ്‌സ് വെയര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ' ഒന്നാം സമ്മാനം നേടി. എഫ്ടിഐഐ യുടെ ടിവി വിഭാഗത്തിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചിത്രം നിര്‍മിച്ചത്. ഇന്ത്യന്‍ വംശജയായ മാന്‍സി മഹേശ്വരിയുടെ 'ബണ്ണിഹുഡ്' എന്ന ആനിമേഷന്‍ ചിത്രത്തിന് 'ലാ സിനിഫ്' വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ചു.

ലോകപ്രശസ്ത ഇന്ത്യന്‍ സംവിധായകന്‍ ശ്യാം ബെനഗലിന്റെ സിനിമയുടെ പ്രദര്‍ശനത്തിനും ഇക്കുറി കാന്‍ സാക്ഷ്യം വഹിച്ചു. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുകയും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ വീണ്ടെടുത്തതുമായ ബെനഗലിന്റെ 'മന്ഥന്‍' കാന്‍ ക്ലാസിക് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. എസിഐഡി കാന്‍സ് സൈഡ്ബാര്‍ പ്രോഗ്രാമില്‍ മൈസം അലിയുടെ 'ഇന്‍ റിട്രീറ്റ്' എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു. 1993 ല്‍ ആരംഭിച്ച ഈ വിഭാഗത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. 

അക്ഷരകൈരളി, 2024 ജൂണ്‍

Tuesday, 13 August 2024

കായിക പ്രതിഭകളുടെ പോരാട്ട വീര്യത്തിന് സാക്ഷ്യം വഹിച്ച് പാരീസ് ഒളിമ്പിക്സിന് കൊടിയിറക്കം


ലോക രാജ്യങ്ങളിലെ കായിക പ്രതിഭകളുടെ മാത്സര്യവീര്യത്തിന് സാക്ഷ്യം വഹിച്ച് 33-ാമത് ഒളിമ്പിക്സിന് പാരീസില്‍ സമാപനം. ജൂലൈ 26 ന് നഗരത്തിലെ സീന്‍ നദിയിലെയും തീരത്തെയും തുറന്ന വേദിയിലെ പ്രൗഢോജ്ജ്വല ചടങ്ങോടെ ആരംഭിച്ച ഒളിമ്പിക്സിന് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയോടെയാണ് സമാപനമായത്. നാലു വര്‍ഷത്തിനു ശേഷം ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സിന്റെ ദീപശിഖ തെളിയുക.

അമേരിക്കയാണ് പാരീസ് ഒളിമ്പിക്സിലെ ചാമ്പ്യന്മാര്‍. 126 മെഡലുകളോടെയാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമതെത്തിയത്. തുടര്‍ച്ചയായ നാലം തവണയാണ് അമേരിക്ക ഒളിമ്പിക് ചാമ്പ്യന്മാരാകുന്നത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലെ സുവര്‍ണ നേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും പല മത്സരങ്ങളിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ഇന്ത്യന്‍ കായിക സംഘം പാരീസ് വിട്ടത്. ലോസ് അഞ്ചലസില്‍ മെഡല്‍ നേട്ടം വര്‍ധിപ്പിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ നിലനിര്‍ത്തി നിരവധി ഭാവിതാരങ്ങളെ സംഭാവന നല്‍കാനും ഈ ഒളിമ്പിക്സിലൂടെ ഇന്ത്യക്കായി.


ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ മുതല്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വരെ ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ കണ്ണീരായി. ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ ഒളിമ്പിക്സില്‍ സുവര്‍ണ നേട്ടം സമ്മാനിച്ച നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി.

വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റലിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് മത്സരത്തില്‍ സരബ്‌ജ്യോത് സിങ്ങിനൊപ്പവും വെങ്കല മെഡല്‍ നേട്ടം കൊയ്ത മനു ഭാകറാണ് ഇത്തവണ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിലെ ഏറ്റവും ശ്രദ്ധേയ താരം. പാരീസില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലും മനു ഭാകറിലൂടെയായിരുന്നു. മനു ഭാകറിന് മൂന്നാമതൊരു മെഡല്‍ കൈയെത്തും ദൂരത്ത് നഷ്ടമാകുന്നതിനും പാരീസ് സാക്ഷ്യം വഹിച്ചു.


50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുശാലെയിലൂടെയും പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്തിലൂടെയും പുരുഷ ഹോക്കിയിലൂടെയും ഇന്ത്യ വെങ്കല മെഡലുകള്‍ സ്വന്തമാക്കി. സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. അമന്‍ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്. ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നിലയിലാണ് അമന്‍ ഷെരാവത്ത് ശ്രദ്ധേയനായത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ എട്ടാം മെഡല്‍ നേട്ടമാണിത്.

മെഡല്‍ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയ അമേരിക്കയും ചൈനയും ആദ്യ ദിനം മുതല്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ഒന്നും രണ്ടും സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മാറിമറിഞ്ഞ മുന്നേറ്റം കാഴ്ചവച്ച ഇരു രാജ്യങ്ങളും അവസാന ദിനം വരെ ഇത് തുടര്‍ന്നു. ഫോട്ടോ ഫിനിഷിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും ഉള്‍പ്പെടെയാണ് അമേരിക്ക ആകെ 126 മെഡലുകള്‍ നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ചൈനയ്ക്കും 40 സ്വര്‍ണ മെഡലുകളുണ്ട്. എന്നാല്‍ 27 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടുന്ന ചൈനയുടെ ആകെ മെഡല്‍ നേട്ടം 91 ല്‍ അവസാനിച്ചതോടെയാണ് അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. അവസാന ദിനം നടന്ന നിര്‍ണായക മത്സരങ്ങളിലെ സ്വര്‍ണ നേട്ടമാണ് അമേരിക്കയ്ക്ക് തുണയായത്. അവസാന ദിനത്തെ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ ചൈനയായിരുന്നു മുന്നില്‍.


ചൈനയ്ക്ക് പിന്നില്‍ 39 സ്വര്‍ണവുമായി അമേരിക്ക ഒളിമ്പിക്സ് മെഡല്‍ നേട്ടം അവസാനിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന വേളയിലാണ് വനിതാ ബാസ്‌കറ്റ് ബോള്‍ ടീം അനിവാര്യമായിരുന്ന സ്വര്‍ണമെഡല്‍ കരസ്ഥമാക്കി അമേരിക്കയെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെയാണ് അമേരിക്ക തോല്‍പ്പിച്ചത്.  ഈ ഒളിമ്പിക്സിലെ അവസാന മത്സരമായിരുന്നു ഇത്. ഇതോടെ കപ്പിനും ചുണ്ടിനുമിടയില്‍ ഒളിമ്പിക് ചാമ്പ്യന്‍ പട്ടം ചൈനയ്ക്ക് നഷ്ടമായി. 2008 ല്‍ സ്വന്തം നാട്ടില്‍ നടന്ന ബീജിങ് ഒളിമ്പിക്സിലാണ് അവസാനമായി ചൈന കിരീടം നേടിയത്. അന്ന് അമേരിക്കയായിരുന്നു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പിന്നീട് തുടര്‍ച്ചയായ നാലു വര്‍ഷം അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.

പാരീസില്‍ അത്ലറ്റിക്സിലും നീന്തലിലുമാണ് അമേരിക്ക സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. ഡൈവിങ്, ഷൂട്ടിങ്, ടേബിള്‍ ടെന്നീസ്, ഭാരദ്വേഹനം എന്നിവയില്‍ നിന്നാണ് ചൈനയ്ക്ക് ഭൂരിഭാഗം സ്വര്‍ണ മെഡലുകളും ലഭിച്ചത്. മെഡല്‍ പട്ടികയില്‍ 20 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്ത് എത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി 71-ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ തവണ ടോക്യോയില്‍ സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളുണ്ടായിരുന്നു.


നീന്തലില്‍ നാലു സ്വര്‍ണം നേടി ഫ്രഞ്ച് താരം ലിയോണ്‍ മര്‍ച്ചന്റ് ഈ ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയതാരങ്ങളിലൊരാളായി. ഒളിമ്പിക്സിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഹീറ്റ്സില്‍ അമേരിക്കയുടെ നോവാ ലയേഴ്സ്, വനിതകളില്‍ സെന്റ് ലൂസിയയുടെ ജെ. ആല്‍ഫ്രഡ്, 200 മീറ്ററില്‍ ബോട്സ്വാനയുടെ എല്‍ ടെബോഗോ, വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ഗബ്രിയേലെ തോമസ് എന്നിവര്‍ സുവര്‍ണ താരങ്ങളായി. ഈ ഒളിമ്പിക്സില്‍ ഗബ്രിയേലേയുടെ ആകെ സ്വര്‍ണ നേട്ടം മൂന്നാണ്. 400 മീറ്റര്‍ ഹര്‍ഡ്ലിസില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അമേരിക്കയുടെ സിഡ്നി മക് ലോഗ്ലിന്‍ ലെവോണ്‍ ആണ് പാരീസ് ഒളിമ്പിക്സിന്റെ മറ്റൊരു സുവര്‍ണ താരം. 

കലാ-കായിക-സാങ്കേതിക പ്രകടനങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷങ്ങളോടെയായിരുന്നു ലോക കായിക മേളയ്ക്ക് സമാപനം കുറിച്ചത്. ചരിത്ര പ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സിലായിരുന്നു സമാപന ചടങ്ങുകള്‍ നടന്നത്. 1998 ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ചൂടിയത് ഈ ഗ്രൗണ്ടിലാണ്. എണ്‍പതിനായിരത്തോളം കാണികളാണ് സമാപന ചടങ്ങിന് സ്റ്റേഡിയത്തില്‍ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയും ചടങ്ങില്‍ പങ്കെടുത്തു. ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളുടെയും താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് ലോക കായിക മേളയുടെ പ്രൗഢി വിളിച്ചോതുന്നതായി. ഈ ഒളിമ്പിക്സോടെ വിരമിച്ച ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാകറുമാണ് ഇന്ത്യക്കായി ദേശീയപതാകയേന്തിയത്.


ലോക ഭൂപടത്തിന്റെ മാതൃകയില്‍ തീര്‍ത്ത സ്റ്റേഡിയത്തില്‍ പറന്നിറങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ് സമാപന ചടങ്ങില്‍ ആവേശമായി. തന്റെ പ്രശസ്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ അനുകരിച്ച് ക്രൂസ് സ്റ്റേഡിയത്തിലെ പ്രേക്ഷകരെ അമ്പരപ്പിച്ചു. അമേരിക്കന്‍ റോക്ക് ബാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, ഫ്രഞ്ച് ബാന്‍ഡ് ഫിനിക്സിസ് എന്നിവയുടെ സംഗീത പരിപാടിയായിരുന്നു മറ്റൊരാകര്‍ഷണം. ലോകമെമ്പാടുമുള്ള അനേക ലക്ഷം കായികപ്രേമികള്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെയും ഈ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷികളായി. ലോസ് ആഞ്ചലസ് ബീച്ചുകളില്‍ നിന്നുള്ള തത്സമയ സംപ്രേഷണം സമാപന ചടങ്ങിന് മനോഹാരിത വര്‍ധിപ്പിച്ചു.

പാരീസ് മേയര്‍ ആനി ഹിഡല്‍ഗോയില്‍ നിന്ന് അടുത്ത ഒളിമ്പിക്സ് നടക്കുന്ന ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയര്‍ കരന്‍ ബസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ട്യൂലറികളില്‍ നിന്ന് പ്രയാണം ചെയ്ത ഒളിമ്പിക് ജ്വാല അണഞ്ഞപ്പോള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് ഔദ്യോഗികമായി പാരിസ് ഒളിമ്പിക്സ് അവസാനിച്ചതായി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം ലോസ് ആഞ്ചലസില്‍ ഒത്തുചേരാന്‍ അദ്ദേഹം ലോകത്തെ ക്ഷണിച്ചു.

ഇനി നാലു വര്‍ഷത്തെ കാത്തിരിപ്പ്. കായിക താരങ്ങളുടെ പോരാട്ട വീര്യത്തിന്റെ മാറ്റുരയ്ക്കലിനും പുതിയ കായിക പ്രതിഭകളുടെ ഉയിര്‍ത്തേല്‍പ്പിനും ലോസ് ആഞ്ചലസ് നഗരവും ലോകവും സാക്ഷിയാകും.

https://www.youtube.com/watch?v=fiL-666COgg

ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ആഗസ്റ്റ് 12

Wednesday, 31 July 2024

റീ മാസ്റ്റര്‍ പതിപ്പുകളില്‍ വീണ്ടെടുക്കുന്ന കാഴ്ചവസന്തം/ തിരുത്തലോടെ ദേവദൂതന്‍, വല്ല്യേട്ടനും ആറാം തമ്പുരാനുമൊക്കെ കാത്തുവെക്കുന്ന സസ്‌പെന്‍സ് എന്താവും?


പല വിതാനത്തില്‍ സാധ്യമാകുന്നതാണ് സിനിമാസ്വാദനം. പ്രദര്‍ശന നേരം മാത്രം രസിപ്പിക്കുകയും തിയേറ്റര്‍ വിടുന്നതോടെ കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകുന്നതുമായ കേവലാനന്ദം പ്രദാനം ചെയ്യുന്ന സിനിമകളുണ്ട്. ആസ്വാദനത്തെ പാടേ വിരസമാക്കുന്ന സിനിമകളുണ്ട്. ഇത്തരം സിനിമകളെ ഒറ്റക്കാഴ്ച കൊണ്ട് എന്നേക്കുമായി വിസ്മരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായേക്കും. ഇനിയൊരു വിഭാഗമുണ്ട്. ആസ്വാദനത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യം ജനിപ്പിക്കുകയും കാലങ്ങള്‍ക്കു ശേഷവും കാഴ്ചമൂല്യം ശേഷിപ്പിക്കുന്നതുമായവ. അത്തരം സിനിമകളില്‍ തിയേറ്ററില്‍ വിജയിച്ചവയുണ്ട്. അതേസമയം നല്ല സിനിമയായിട്ടു കൂടി റിലീസ് വേളയില്‍ നിശ്ചിത വിഭാഗം കാണികളെ മാത്രം ആകര്‍ഷിക്കുകയും മറഞ്ഞു പോകുകയും ചെയ്തവയുമുണ്ട്. മറിച്ച് ഒരു വിഭാഗം കാണികള്‍ ഈ സിനിമയിലേക്ക് എത്തുന്നത് വളരെ വൈകിയായിരിക്കും. എന്നാല്‍ തിയേറ്ററില്‍ നിന്ന് മറഞ്ഞുപോയ ഈ സിനിമകളെ കുറിച്ച് അധികം വൈകാതെ പ്രേക്ഷകര്‍ വീണ്ടും ചര്‍ച്ച ചെയ്തു തുടങ്ങും. അങ്ങനെ ആ സിനിമയുടെ ഗുണങ്ങളും ആകര്‍ഷണീയ ഘടകങ്ങളെക്കുറിച്ചും കാണികള്‍ പരക്കെ അറിഞ്ഞു തുടങ്ങുന്നു. അതിന് വീണ്ടും കാഴ്ചക്കാരുണ്ടാകുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും അതിന് മൂല്യമുണ്ടാകുന്നു. പലപ്പോഴും ഇപ്രകാരം കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തുന്ന സിനിമകള്‍ ടെലിവിഷന്‍ സ്‌ക്രീനിലോ മൊബൈല്‍ ചതുര വടിവിലോ കണ്ട് തൃപ്തിപ്പെടേണ്ടി വരികയാണ് പതിവ്. തിയേറ്ററില്‍ പരാജയപ്പെട്ട നിരവധി സിനിമകള്‍ ഇങ്ങനെ മിനി സ്‌ക്രീനില്‍ കള്‍ട്ട് പദവിയില്‍ എത്തിയ ചരിത്രമുണ്ട്.

എന്നാല്‍ ഇങ്ങനെ കാണാതെ പോയതും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതുമായ വിജയിച്ചതും വിജയിക്കാതെയും പോയ സിനിമകള്‍ തിയേറ്ററില്‍ തന്നെ പുനരവതരിപ്പിക്കുന്ന പതിവിലേക്ക് മാറുകയാണ് സിനിമാ വിപണി. വിഖ്യാത സിനിമകളും കാണികള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്യുന്ന ഈ രീതി ലോകമെങ്ങും സ്വീകരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഫിലിം ആര്‍ക്കൈവ്‌സുകളും അക്കാദമികളും സ്റ്റുഡിയോകളും വഴി ഇത് മുന്നോട്ടുനീക്കുമ്പോള്‍ വാണിജ്യ സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കളും സംവിധായകരുമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ലോക സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ് ഫാദര്‍, സിനിമയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ല്‍ 4കെയില്‍ റീ റിലീസ് ചെയ്തിരുന്നു. ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കും 4കെയില്‍ റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്തിട്ടുണ്ട്. റീ മാസ്റ്റേര്‍ഡ് സിനിമാ പതിപ്പുകള്‍ക്ക് മലയാളത്തില്‍ തുടക്കമായിട്ട് അധികമായിട്ടില്ല. ജി അരവിന്ദന്റെ കുമ്മാട്ടിയും തമ്പും പോലുള്ള ക്ലാസിക്ക് സിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തിയതും റിസ്‌റ്റോര്‍ പതിപ്പ് ലോകത്തെ വിഖ്യാത ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അരവിന്ദന്റെ കുമ്മാട്ടിയുടെ റീസ്റ്റോര്‍ഡ് 4 കെ പതിപ്പ് കാന്‍ ചലച്ചിത്രമേളയിലും 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ കാലത്തെ സിനിമാസ്വാദകര്‍ക്ക് വലിയ അവസരമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഈ പ്രദര്‍ശനത്തിലൂടെ സാധ്യമായത്. 43 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ചിത്രമാണ് ഇങ്ങനെ വീണ്ടെടുത്തത്. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെയ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് കുമ്മാട്ടിയെ നവരൂപത്തില്‍ സജ്ജമാക്കിയത്.


ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നു അതീവ ജാഗ്രതയും സാവകാശവും പണച്ചെലവുമുള്ള കുമ്മാട്ടിയുടെ ഈ വീണ്ടെടുക്കല്‍ പ്രക്രിയ സാധ്യമാക്കിയത്. പ്രസാദ് ഫിലിം ലാബില്‍ ആയിരുന്നു കുമ്മാട്ടിയുടെ പ്രിന്റ്. അത് കണ്ടെത്തിയപ്പോള്‍ നെഗറ്റീവുകള്‍ എല്ലാം കുഴമ്പ് രൂപത്തില്‍ ആയിരുന്നുവെന്നും പകുതി പ്രിന്റുകള്‍ ഇരുന്ന പെട്ടികള്‍ തുറക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ശോചനീയമായിരുന്നു അതിന്റെ അവസ്ഥയെന്നും ദുംഗര്‍പൂര്‍ പറയുന്നു. ''അരവിന്ദന്റെ സിനിമകളുടെ ഒരു നെഗറ്റീവ് പോലും കാലത്തെ അതിജീവിച്ചില്ല. ആരും അതിനെ കുറിച്ച ആശങ്കാകുലര്‍ ആയിരുന്നില്ല എന്ന് വേണം കരുതാന്‍. പിന്നീട് ഫിലിം ആര്‍കൈവില്‍ നിന്ന് അരവിന്ദന്‍ ചിത്രങ്ങളുടെ യൂട്യൂബ് പതിപ്പ് കാണുകയും, തുടര്‍ന്ന് സ്‌കോര്‍സിസ്സെ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തു.'' ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റൈ വാക്കുകള്‍.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റീഡിസ്‌കവറിങ് ദി ക്ലാസിക്‌സ് വിഭാഗത്തിലാണ് കുമ്മാട്ടി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഐഎഫ്എഫ്‌കെയിലാണ് കുമ്മാട്ടിയുടെ ഈ 4 കെ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്. സെനഗല്‍ ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രം ജിബ്രില്‍ ദിയോപ് മംബെറ്റിയുടെ ദി ജേര്‍ണി ഓഫ് ദി ഹൈന, അര്‍മേനിയന്‍ കവി സയത് നോവയുടെ ജീവിതം പ്രതിപാദിക്കുന്ന ദി കളര്‍ ഓഫ് പൊമേഗ്രനേറ്റ്‌സ്, എഡ്വേര്‍ഡ് യാങ് സംവിധാനം ചെയ്ത തായ്വാന്‍ ചിത്രം തായ്‌പേയ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ റീമാസ്റ്റര്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചു. മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍ സംരക്ഷിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പദ്ധതിയുടെ ഭാഗമായി ഓളവും തീരവും, കാവ്യമേള, യവനിക, വാസ്തുഹാര, ഓര്‍മ്മകളുണ്ടായിരിക്കണം, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകള്‍ റീസ്‌റ്റൊറേഷന്‍ ചെയ്തിട്ടുണ്ട്.


1995 ല്‍ റിലീസ് ചെയ്ത ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം ആണ് മലയാളത്തിലെ വാണിജ്യ സിനിമകളില്‍ റീ മാസ്റ്റേര്‍ഡ് തരംഗത്തിന് തുടക്കമിട്ടത്. 2023 ഫെബ്രുവരി 9 ന് റീ റിലീസ് ചെയ്ത സ്ഫടികം ആദ്യ ദിവസം 77 ലക്ഷം രൂപയാണ് കളക്ഷന്‍ നേടിയത്. രണ്ടാം റിലീസില്‍ 4.85 കോടി രൂപയാണ് ചിത്രം ആകെ നേടിയ കളക്ഷന്‍. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 3.05 കോടി ലഭിച്ചു. ഒരു റീ റിലീസ് ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷനാണിത്. കേരളത്തിലെ 150 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആകെ 500 തിയേറ്ററുകളിലാണ് സിനിമ റീ റിലീസ് ചെയ്തത്.

സ്ഫടികത്തിന്റെ വിപണി വിജയം റീ റിലീസിങ് എന്ന പുതിയ പ്രവണതയ്ക്ക് തുടക്കമിടുന്നതായിട്ടാണ് കാണിക്കുന്നത്. സിബി മലയില്‍-മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ ആണ് സ്ഫടികത്തെ തുടര്‍ന്ന് തിയേറ്ററിലെത്തുന്ന ചിത്രം. സ്ഫടികത്തെ പോലെ തിയേറ്റര്‍ വിജയമായിരുന്നില്ല ദേവദൂതന്‍. എന്നാല്‍ പ്രേക്ഷകരുടെ നിരന്തര ചര്‍ച്ചയില്‍ ഇടം നേടിയ ചിത്രമാണിത്. സമൂഹമാധ്യമ കാലത്ത് ഇത്തരം റിപ്പീറ്റ് വാല്യു ഉള്ള സിനിമകളെയും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളെയും കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ദേവദൂതനും മണിച്ചിത്രത്താഴും സ്ഫടികവുമൊക്കെ ഈ പട്ടികയില്‍ സജീവമായി ചര്‍ച്ചയ്‌ക്കെത്താറുള്ള സിനിമകളാണ്. സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി. ദേവദൂതന്‍ എന്തുകൊണ്ട് തിയേറ്ററില്‍ പരാജയപ്പെട്ടുലെന്ന് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടാണ് റീ മാസ്റ്റര്‍ ചെയ്യാന് തീരുമാനിച്ചതെന്ന് സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടിരുന്നു. ആറു മാസമെടുത്താണ് ഈ സിനിമയുടെ റീ മാസ്റ്റര്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 4 കെ ദൃശ്യമികവോടെ ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിസ്മയത്തില്‍ എത്തുന്ന ദേവദൂതന്റെ റീമാസ്‌റ്റേര്‍ഡ് പതിപ്പിന് ഈ സിനിമയുടെ മിസ്റ്ററി-ഹൊറര്‍ പശ്ചാത്തലത്തോട് കൂടുതല്‍ ദൃശ്യ-ശ്രവ്യ നീതി പുലര്‍ത്താനാകും. ഇത് പ്രേക്ഷകര്‍ക്കും പുതിയ അനുഭവമാകും. അങ്ങനെ തിയേറ്ററില്‍ പരാജയമായ ഒരു സിനിമയുടെ പുനരവതരണമെന്ന പ്രത്യേകതയ്ക്കും ദേവദൂതന്‍ നിമിത്തമാകും. 


ഒരു സിനിമ റിലീസ് ചെയ്ത കാലത്ത് അത് തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിച്ചവര്‍ക്കും അതിനു ശേഷം ജനിച്ചവര്‍ക്കും ഒരുമിച്ചിരുന്ന് അതേ സിനിമ വീണ്ടും തിയേറ്ററില്‍ കാണാനുള്ള അവസരമാണ് റീ റിലീസിങ് പ്രവണതയിലൂടെ സാധ്യമാകുന്ന പുതുമ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഫാസിലിന്റെ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. സ്ഫടികത്തേക്കാള്‍ വലിയ റിലീസ് ആയിരിക്കും മണിച്ചിത്രത്താഴ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഈ സിനിമ ആവര്‍ത്തിച്ചു കാണുവാന്‍ താത്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. കഴിഞ്ഞ വര്‍ഷം കേരളീയം പരിപാടിയില്‍ മണിച്ചിത്രത്താഴിന് പ്രദര്‍ശന വേളയില്‍ ലഭിച്ച സ്വീകാര്യതയും ആവര്‍ത്തിച്ചുള്ള സ്‌ക്രീനിങ്ങും ഇത് സാധൂകരിക്കുന്നു. ദൃശ്യ, ശബ്ദ പരിചരണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായേക്കും. ഓഗസ്റ്റ് 17 ന് മാറ്റിനി നൗവും ഇ 4ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് തിയേറ്ററില്‍ എത്തിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി ആവര്‍ത്തന കാഴ്ചയില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കുന്ന സിനിമകളും വന്‍ തിയേറ്റര്‍ വിജയങ്ങളായ സിനിമകളുമാണ് റീ റിലീസിങ് സാധ്യത മുന്നോട്ടു വയ്ക്കുന്നത്. ഇത്തരം സിനിമകളാണ് കാണികള്‍ തിയേറ്ററില്‍ ആവശ്യപ്പെടുന്നതും. ഒരു വടക്കന്‍ വീരഗാഥ, കിരീടം, 1921, ദേവാസുരം, കാലാപാനി, ആറാം തമ്പുരാന്‍, വല്യേട്ടന്‍, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകള്‍ ഈ മാതൃകയില്‍ റീ റിലിസിന് ഒരുങ്ങുകയാണ്.


മലയാള സിനിമയ്ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനായ വര്‍ഷമാണ് 2024. എന്നാല്‍ ഈ വര്‍ഷം പ്രതിസന്ധി നേരിട്ട തമിഴ് സിനിമാ വിപണി പഴയകാല ഹിറ്റുകള്‍ റീ റിലീസ് ചെയ്താണ് മാന്ദ്യത്തെ മറികടക്കാന്‍ ശ്രമിച്ചത്. ഇതില്‍ വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഗില്ലി റെക്കോര്‍ഡ് കളക്ഷനാണ് രണ്ടാം വരവില്‍ നേടിയത്. റീമാസ്റ്റര്‍ ചെയ്ത പതിപ്പ് രണ്ടാഴ്ച കൊണ്ട് 30 കോടി നേടി തമിഴ് സിനിമാ വ്യവസായത്തെ താങ്ങിനിര്‍ത്തി. മുത്തു, ആളവന്താന്‍, ബില്ല, വല്ലവന്‍, പോക്കിരി, മിന്നലെ, വിണ്ണൈത്താണ്ടി വരുവായാ, വാരണം ആയിരം, വേട്ടയാട് വിളയാട്, ബാബ, മങ്കാത്ത, ത്രീ തുടങ്ങിയ സിനിമകളും വീണ്ടും തിയറ്ററിലെത്തി. കമല്‍ഹാസന്‍- മണിരത്‌നം കൂട്ടുകെട്ടിലെ പ്രശസ്ത ചിത്രം നായകന്റെ റി മാസ്റ്റേര്‍ഡ് പതിപ്പ് കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയിരുന്നു. 2012 ലാണ് തമിഴില്‍ റീ റിലീസ് രീതിക്ക് തുടക്കമിട്ടത്. കോവിഡിനു ശേഷം പഴയ പ്രതാപത്തിലേക്ക് പൂര്‍ണമായി തിരിച്ചെത്താന്‍ സാധിക്കാത്ത ബോളിവുഡും പഴയ ഹിറ്റ് സിനിമകളുടെ പരിഷ്‌കരിച്ച പതിപ്പിന്റെ റിലീസുകളിലേക്ക് എത്തിയിട്ടുണ്ട്.

സിനിമയുടെ ലഭ്യമായ ഏറ്റവും നല്ല ഫിലിം പ്രിന്റ് കണ്ടെത്തുകയെന്നതാണ് റീ മാസ്റ്റര്‍ പതിപ്പിനു വേണ്ട പ്രാഥമിക കര്‍ത്തവ്യം. പ്രിന്റിനെ അനലോഗില്‍ നിന്നും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് സ്‌കാന്‍ ചെയ്യുന്നതാണ് ലഘുവായി പറഞ്ഞാല്‍ റീ മാസ്റ്റര്‍ പ്രവര്‍ത്തനം. എന്നാല്‍ ഇത് അതിസങ്കീര്‍ണവുമാണ്. പഴയ മിക്ക സിനിമകളുടെയും പ്രിന്റുകള്‍ ലഭ്യമല്ല. പലതും കാലങ്ങളായി പെട്ടികളിലടഞ്ഞ് തുരുമ്പെടുത്തും കാലപ്പഴക്കത്താലും നശിച്ചവയാണ്. പ്രിന്റിന് കേടുപാട് സംഭവിച്ചാല്‍ റീ മാസ്റ്റര്‍ പ്രവര്‍ത്തനവും അത്രതന്നെ സങ്കീര്‍ണമാകും, ഫിലിമില്‍ ദൃശ്യത്തിനായി ചെയ്ത പോലെത്തന്നെ സിനിമയുടെ ശബ്ദത്തിലും ഈ ഡിജിറ്റല്‍ സ്‌കാനിങ് പ്രക്രിയ നടക്കും. ഒടുവില്‍ കളര്‍ ഗ്രേഡിങ്ങും നടത്തിയാണ് സിനിമയുടെ 4കെ പതിപ്പ് തയ്യാറാക്കുന്നത്. സൈനയും മാറ്റിനി നൗവും പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഈ മാതൃകയില്‍ നിരവധി പഴയ സിനിമകള്‍ യുട്യൂബ് ചാനലിനു വേണ്ടി മികച്ച കാഴ്ചനിലവാരത്തില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്.


കുറേക്കൂടി മികച്ച ശബ്ദ, ദൃശ്യ നിലവാരത്തില്‍, എന്നാല്‍ സിനിമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാനാകുന്നു എന്നതാണ് റി മാസ്റ്ററിങ്ങിന്റെ സാധ്യതകളിലൊന്ന്. സിനിമ റിലീസ് ചെയ്ത കാലഘട്ടത്തിന് ആവശ്യമായതും എന്നാല്‍ ഇപ്പോള്‍ റീ റിലീസിന് ആവശ്യമില്ലെന്നു തോന്നുന്നതുമായ ചില സീക്വന്‍സുകളെങ്കിലും വെട്ടിമാറ്റാനുള്ള സാധ്യതയും ഇത് തുറന്നിടുന്നുണ്ട്. ദേവദൂതന്റെ റീ റിലീസില്‍ അത്തരമൊരു സാധ്യത പ്രയോജനപ്പെടുത്തിയതായി സിബി മലയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കറുപ്പിലും വെളുപ്പിലും ഉള്‍പ്പെടെ വന്ന പഴയ ക്ലാസിക്കുകളില്‍ ചിലതിനെങ്കിലും ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും തനിമ നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയും റീ മാസ്റ്ററിങ്ങില്‍ നിലനില്‍ക്കുന്നു.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജൂലൈ 28, ഷോ റീല്‍ -54

Monday, 1 July 2024

നാടോടിക്കഥയുടെ ദൃശ്യചാരുത.. തേന്മാവിന്‍ കൊമ്പത്തിന്റെ 30 വര്‍ഷങ്ങള്‍


മാണിക്യന്‍, കാര്‍ത്തുമ്പി, ശ്രീകൃഷ്ണന്‍, അപ്പക്കാള, യശോദാമ്മ, ഗിഞ്ചിമൂട് ഗാന്ധാരി.. ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍ ഇങ്ങനെ. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പേരുകളായിരുന്നു ഇവയെല്ലാം. ഉപകഥാപാത്രങ്ങളുടെ പേരും വ്യത്യസ്തമല്ലായിരുന്നു. കുയിലി, കണ്ണയ്യന്‍, ചിന്നു, കാര്‍ത്തു, ചാക്കുട്ടി, തിമ്മയ്യന്‍, മല്ലിക്കെട്ട്.. അങ്ങനെ പോകുന്നു അത്. കേള്‍ക്കുന്നവര്‍ക്ക് ഒരു മുത്തശ്ശിക്കഥയിലെയോ സാരോപദേശ കഥയിലെയോ കഥാപാത്രങ്ങളുടെ പേരുകള്‍ പോലെ തോന്നിച്ചു ഇവയെല്ലാം. ഈ പേരുകള്‍ പോലെ കൗതുകമുണര്‍ത്തുന്നതായിരുന്നു കഥയുടെ ആഖ്യാനവും അതിന് ഉപയോഗപ്പെടുത്തിയ ഭൂമികയും. നമ്മള്‍ മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും കഥ കേട്ടുതുടങ്ങിയിട്ട് മുപ്പതാണ്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ പുതുമ തെല്ലും ചോര്‍ന്നിട്ടില്ല. അതിനിപ്പോഴുമാ മുത്തശ്ശിക്കഥയുടെയും നാടോടിക്കഥയുടെയും കൗതുകമുണ്ട്. 'തേന്മാവിന്‍ കൊമ്പത്ത്'. പേരുപോലെ മധുരിക്കുന്ന മലയാളിയുടെ പ്രിയസിനിമ മൂന്നു പതിറ്റാണ്ടിലെത്തിയിരിക്കുന്നു. 

ഇപ്പോഴും കണ്ണിമ വെട്ടാതെ കണ്ടിരിക്കാന്‍ തോന്നുന്നത്രയും പുതുമയുണ്ട് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക്. പറയുന്നതെന്ത് എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞിരിക്കുന്നു എന്ന പ്രമാണത്തിലെ മേന്മ വിലയിരുത്തുകയാണെങ്കില്‍ തേന്മാവിന്‍ കൊമ്പത്തിന് മുഴുവന്‍ മാര്‍ക്കാണ്. ത്രികോണ പ്രണയകഥയും അവിഹിത ഗര്‍ഭവും എല്ലാവരാലും തെറ്റുകാരനാക്കപ്പെട്ട് നിസ്സഹായനാകുന്ന നായകനും ഒടുവില്‍ മറ്റുള്ളവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ട് നായകന്റെ നന്മ തിരിച്ചറിയുന്നതും എല്ലാവരുടെയും സ്‌നേഹവും സഹതാപവും അയാള്‍ക്ക് ലഭിക്കുന്നതുമായ കഥ തന്നെയായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റേതും. എന്നാല്‍ കഥപറച്ചില്‍ രീതിയും അതിനായി തെരഞ്ഞെടുത്ത ഭൂമികയും തൊട്ട് സകലതിലും പുതുമ കൊണ്ടുവരാന്‍ ഈ സിനിമയ്ക്കായി. 


മലയാളവും കന്നടയും ഇഴചേര്‍ന്ന സംസ്‌കാരമുള്ള അതിര്‍ത്തി ഗ്രാമീണ ദേശമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റെ കഥാപശ്ചാത്തലം. പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായിരുന്നു ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. പതിവു കേരളീയ ദേശങ്ങള്‍ വിട്ടുകൊണ്ടുള്ള തേന്മാവിന്‍ കൊമ്പത്തിന്റെ ഭൂമിക മലയാള സിനിമ അത്രകണ്ട് ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നു. ദേശത്തിലെ പുതുമ അവിടത്തെ മനുഷ്യരിലെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും സംസാരത്തിലും അവര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കളിലുമെല്ലാം ഉണ്ടായിരുന്നു. തനി ഗ്രാമീണരായ ഒരു കൂട്ടം മനുഷ്യര്‍. ജാതിയിലും ധനത്തിലും മുന്നിലുള്ള ജന്മിമാരും അവരുടെ കൃഷിയിടങ്ങളില്‍ വേലചെയ്യുന്ന അടിയാളന്മാരും അവിടെയുണ്ടായിരുന്നു. കൃഷിയും ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവവും കാളച്ചന്തയും കാളപൂട്ട് മത്സരവുമെല്ലാം ഈ പ്രദേശത്തിന് തനത് മുഖമേകി. തമിഴ് ഗൗണ്ടര്‍-നായ്ക്കര്‍-തേവര്‍ സിനിമകളില്‍ കണ്ടുപരിചയമുള്ളതാണ് ഇൗ പശ്ചാത്തലം. എന്നാല്‍ മലയാള സിനിമയ്ക്കിത് പുതുമയായിരുന്നു. പില്‍ക്കാലത്ത് കേരളത്തിന്റെ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്ന് കഥപറയുന്ന ഒട്ടേറെ സിനിമകള്‍ക്ക് വിളനിലമേകാന്‍ തേന്മാവിന്‍ കൊമ്പത്തിന്റെ പശ്ചാത്തലം നിമിത്തമായി.


കഥയിലെ മേന്മയേക്കാള്‍ ആവിഷ്‌കാരത്തിന്റെ മികവായിരുന്നു തേന്മാവിന്‍ കൊമ്പത്തിനെ വേറിട്ടു നിര്‍ത്തിയതെന്ന് സൂചിപ്പിച്ചുവല്ലോ. പ്രേക്ഷകന് പുതുമയുള്ള ദൃശ്യാനുഭവം നല്‍കുന്ന സിനിമയെന്ന നിലയില്‍ അതുവരെ നിലനിന്ന കച്ചവട സിനിമകളില്‍ പൊളിച്ചെഴുത്ത് നടത്താനും പുതിയ തരംഗം സൃഷ്ടിക്കാനും തേന്മാവിന്‍ കൊമ്പത്തിനായി. നിശ്ചല പ്രകൃതി ദൃശ്യങ്ങളും പെയിന്റിംഗുകളും പോലെ ആകര്‍ഷണീയമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റെ ഫ്രെയിമുകള്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മനസ്സില്‍ കണ്ടത് കെ.വി ആനന്ദ് എന്ന ഛായാഗ്രാഹകന്‍ പതിന്മടങ്ങ് മികവുറ്റതായി പകര്‍ത്തി നല്‍കി. ഫലം, മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഛായാഗ്രാഹണ മികവുകളിലൊന്നിന് സാക്ഷ്യമായി തേന്മാവിന്‍ കൊമ്പത്ത് മാറി. കാര്‍ത്തുമ്പിയുടെയും മാണിക്യന്റെയും യാത്രയിലുടനീളം ഈ ദൃശ്യചാരുത ആവോളം കൂട്ടിനെത്തി. അതു കാണികള്‍ക്ക് കണ്ണിനു കുളിര്‍മയായി. മാണിക്യനും കാര്‍ത്തുമ്പിയും ആടിപ്പാടിയതിനെല്ലാം ചാരുതയേറ്റിയത് ഈ പ്രകൃതിചിത്രങ്ങള്‍ കൂടിയായിരുന്നു. 'നിലാപ്പൊങ്കലായേലോ' എന്ന മാല്‍ഗുഡി ശുഭയുടെ  വേറിട്ട ആലാപനത്തിനൊപ്പം അരണ്ട വെളിച്ചത്തില്‍ കാളവണ്ടിയുടെ സഞ്ചാരവും റാന്തല്‍ വിളക്കിന്റെ ആട്ടവും തൊട്ട് കാണുന്ന പശ്ചാത്തല സൗന്ദര്യം സിനിമയിലുടനീളം തുടര്‍ന്നുപോരുന്നു. ഉത്സവനാടകത്തിന്റെ രംഗ പശ്ചാത്തലത്തില്‍ 'എന്തേ മനസ്സിനൊരു നാണം' എന്ന പാട്ടിലെ നിഴലും വെളിച്ചവും ഇഴചേരുന്നതിന്റെ ആവിഷ്‌കാരത്തിലെ സൗകുമാര്യമാണ് പിന്നീടു കാണുന്നത്. കാടും കാട്ടരുവികളും പുഴയും വയലും കടന്നുള്ള മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും രാവും പകലും സന്ധ്യയും പുലര്‍കാലവും കടന്നുചെല്ലുന്ന യാത്രയിലുടനീളം നമ്മളും കാഴ്ചകാണാന്‍ ഒരുമ്പെട്ടിറങ്ങുന്നു. നിറങ്ങളുടെ അതിമനോഹരമായ കൂടിച്ചേരല്‍ ഈ കാഴ്ചയ്ക്ക് ഇമ്പമേറ്റുന്നു. ഫ്രെയിമുകളില്‍ ചുവപ്പു നിറത്തിന്റെ പല തരംതിരിവുകള്‍ മുമ്പെങ്ങും കാണാത്ത വിധം നിറയുന്നു. മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും പ്രണയത്തിനൊപ്പം 'കറുത്ത പെണ്ണേ' എന്ന് ആടിപ്പാടമ്പോള്‍ പച്ചപ്പിന്റെ സൗന്ദര്യത്തിനൊപ്പം കാണികളുടെയും ഉള്ളു നിറയുന്നു. അവിടെ കാര്‍ത്തുമ്പിയുടെയും മാണിക്യന്റെയും വേഷഭൂഷകള്‍ പോലും സാധാരണയില്‍ കവിഞ്ഞ് സുന്ദരമായി മാറുന്നു. 'മാനം തെളിഞ്ഞേ വന്നാല്‍' എന്ന ഗാനത്തില്‍ കാണുക നിറങ്ങളുടെയും നിറവിന്റെയും കുറേക്കൂടി സമ്പന്നമായ ഉത്സവാഘോഷമാണ്. ഇങ്ങനെ ദൃശ്യഭംഗി നിറച്ചുവച്ച ഫ്രെയിമുകളുടെ ആകെത്തുകയാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമ. ഇത് സിനിമയുടെ ആകെ കാഴ്ചയെ കുറേക്കൂടി ഉയര്‍ന്ന വിതാനത്തിലെത്തിക്കുന്നു. അന്നത്തെ ഏറ്റവും മികച്ച സാങ്കേതിക നിലവാരത്തില്‍ പണിക്കുറ തീര്‍ത്ത ഈ ദൃശ്യനിറവുകള്‍ തന്നെയാണ് ഈ സിനിമയെ മുപ്പതു വര്‍ഷത്തിനിപ്പുറം സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലത്തിലും പുതുമയുള്ളതായി നിലനിര്‍ത്തുന്നത്. ഇപ്പോഴും ഏറ്റവും പുതിയ സിനിമയെന്നോണം തേന്മാവിന്‍ കൊമ്പത്തിന്റെ ആസ്വാദനം പുതുമയുള്ളതായി നിലകൊള്ളുന്നു. ഈ സിനിമയിലെ ഛായാഗ്രാഹണ കലയിലൂടെ കെ.വി ആനന്ദിന് ലഭിച്ച ദേശീയാംഗീകാരം അങ്ങനെ കാലങ്ങള്‍ക്കിപ്പുറവും ഏറ്റവും തെളിമയുള്ളതായി മാറുന്നു.


പാട്ടുകളുടെ മികവും അവയുടെ ദൃശ്യാവിഷ്‌കാരവും ഒരു സിനിമയുടെ ആസ്വാദനം എപ്രകാരം മികവുറ്റതാക്കി മാറ്റുന്നു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു തേന്മാവിന്‍ കൊമ്പത്തിനു വേണ്ടി ബേണി ഇഗ്നേഷ്യസും ഗിരീഷ് പുത്തഞ്ചേരിയും ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങള്‍. ബേണി ഇഗ്നേഷ്യസിന്റെ ആദ്യസിനിമ കൂടിയായിരുന്നു ഇത്. തേന്മാവിന്‍ കൊമ്പത്തിലെ അഞ്ചു ഗാനങ്ങളും ജനപ്രിയമായതിനു പിന്നില്‍ എഴുത്തിനും സംഗീതത്തിനുമപ്പുറം ദൃശ്യാവിഷ്‌കാരത്തിന്റെ മികവ് കൂടിയുണ്ടായിരുന്നു. ഗാനചിത്രീകരണത്തില്‍ മലയാള സിനിമയില്‍ പുതുമകള്‍ കൊണ്ടുവന്ന പ്രിയദര്‍ശന്റെ ഏറ്റവും മികച്ച ഗാനദൃശ്യാവിഷ്‌കാരം കണ്ടത് തേന്മാവിന്‍ കൊമ്പത്തില്‍ ആയിരുന്നു. ഓരോ ഗാനവും പ്രമേയത്തിനും സന്ദര്‍ഭത്തിനും ഉതകും വിധം വ്യത്യസ്തമായി ചിത്രീകരിക്കുന്നതിലെ മികവിനും ഈ സിനിമ പാഠപുസ്തകമായി. ഡാന്‍സ് കൊറിയോഗ്രാഫി മലയാള സിനിമ അത്രകണ്ട് പ്രയോജനപ്പെടുത്തിട്ടില്ലാത്ത കാലത്താണ് 'മാനം തെളിഞ്ഞേ വന്നാല്‍' എന്ന പാട്ടിന് അതിമനോഹരമായ നൃത്തസംവിധാനം ഒരുക്കിയത്. പാട്ടുകള്‍ ഇവ്വിധം മികച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു ചിത്രത്തിലെ പാട്ടില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക് ആ പേര് ലഭിച്ചതെന്നതും കൗതുകമാണ്. തേന്മാവിന്‍ കൊമ്പത്തിന് നാലു മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ഫാസിലിന്റെ മണിച്ചിത്രത്താഴിനു വേണ്ടി മധു മുട്ടം എഴുതിയ 'പലവട്ടം പൂക്കാലം' എന്ന ഗാനത്തിലെ 'നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്  - എന്റെ കരളിലെ തേന്മാവിന്‍ കൊമ്പ്' എന്ന വരികളില്‍ നിന്നായിരുന്നു താന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയതെന്ന് പ്രിയദര്‍ശന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.


ഒരു സിനിമയുടെ മുഴുവന്‍ യൂണിറ്റും ഒരുപോലെ മികച്ചുനില്‍ക്കുമ്പോഴാണ് ഒരു ടോട്ടല്‍ സിനിമ ഉണ്ടാകുന്നത്. മലയാളത്തിലെ സമ്പൂര്‍ണ കൊമേഴ്‌സ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് തേന്മാവിന്‍ കൊമ്പത്തിന്റെ സ്ഥാനം. ഇതിനു കാരണം അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് മുതല്‍ ഓരോ യൂണിറ്റിലും കാണിച്ച മികവാണ്. കെ.വി ആനന്ദിനെ സ്വതന്ത്ര ഛായാഗ്രാഹകനായും ബേണി- ഇഗ്നേഷ്യസുമാരെ സംഗീത സംവിധായകരായും അരങ്ങേറ്റി അത്ഭുതം സൃഷ്ടിച്ച പ്രിയദര്‍ശന്‍ സാബു സിറിളിനെയാണ് തേന്മാവിന്‍ കൊമ്പത്തിന്റെ കലാസംവിധാനം ഏല്‍പ്പിച്ചത്. നാടോടിക്കഥയിലെ ഗ്രാമചിത്രം പോലെ കൗതുകമാര്‍ന്ന ഭൂപ്രദേശവും മനുഷ്യരും ഉള്‍ക്കൊള്ളുന്ന സിനിമയ്ക്ക് അനുയോജ്യമാര്‍ന്ന കലാചാരുത ഒരുക്കുന്നതില്‍ അദ്ദേഹം അതീവ മികവു കാട്ടി. മാണിക്യനും കാര്‍ത്തുമ്പിയുമായുള്ള മോഹന്‍ലാലിന്റെയും ശോഭനയുടെയും കോമ്പോ മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരമായ നായികാനായക കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളിലൊന്നാണ്. അവരിരുവരും പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം സിനിമയിലാകെ പടരുന്നു. കവിയൂര്‍ പൊന്നമ്മയുടെയും നെടുമുടി വേണുവിന്റെയും മികച്ച പ്രകടനങ്ങളിലൊന്നിനും തേന്മാവിന്‍ കൊമ്പത്ത് സാക്ഷ്യം വഹിക്കുന്നു. ശോഭനയ്ക്കു പുറമേ നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, പപ്പു എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ കോമ്പോയും ഈ സിനിമയുടെ സവിശേഷതയാണ്. നെടുമുടി വേണു-കവിയൂര്‍ പൊന്നമ്മ, ശോഭന-നെടുമുടി വേണു കോമ്പോ സീനുകളും തേന്മാവിന്‍ കൊമ്പത്തിലെ ആകര്‍ഷണീയതയായി മാറി. 

പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്ററായിരുന്ന എന്‍ ഗോപാലകൃഷ്ണനാണ് തേന്മാവിന്‍ കൊമ്പത്ത് നിര്‍മ്മിച്ചത്. ഗോപാലകൃഷ്ണന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം വ്യത്യസ്ത പശ്ചാത്തലത്തില്‍ ഒരുക്കാമെന്ന നിര്‍ദേശം പ്രിയദര്‍ശന്‍ മുന്നോട്ടുവച്ചു. സിനിമയുടെ എഴുത്തും പ്രിയദര്‍ശന്‍ തന്നെ ഏറ്റെടുത്തു. മികച്ച സിനിമയായിരുന്നിട്ടും മിഥുനത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യത ലഭിക്കാത്തതിനാല്‍ (പില്‍ക്കാലത്ത് കള്‍ട്ട് സ്റ്റാറ്റസ് നേടിയെങ്കിലും) പുതിയ ചിത്രം വ്യത്യസ്തതയ്‌ക്കൊപ്പം വലിയ വിജയവും നേടണമെന്ന ആഗ്രഹം പ്രിയനുണ്ടായിരുന്നു. കാണികള്‍ക്ക് ഒരു നിമിഷം പോലും വിരസത നല്‍കാത്ത പുതുമയാര്‍ന്ന ആവിഷ്‌കാരം കൊണ്ട് തലമുറകള്‍ കൈമാറി കാണുന്ന സിനിമയായി തേന്മാവിന്‍ കൊമ്പത്തിനെ മാറ്റാന്‍ പ്രിയദര്‍ശനായി.

1994 മേയ് 13 ന് റിലീസ് ചെയ്ത തേന്മാവിന്‍ കൊമ്പത്ത് 250 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയത്. ആ വര്‍ഷം കമ്മീഷണറിനൊപ്പം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി തേന്മാവിന്‍ കൊമ്പത്ത്. 1994 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥന അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു. മലയാളത്തിലെ 'റിപ്പീറ്റ് വാച്ച് വാല്യു' ഉള്ള സിനിമകളുടെ മുന്‍പന്തിയിലാണ് തേന്മാവിന്‍ കൊമ്പത്തിന്റെ സ്ഥാനം.


തേന്മാവിന്‍ കൊമ്പത്തിന്റെ വന്‍ ജനപ്രീതിയെ തുടര്‍ന്ന് 1994 ലെ ഓണക്കാലത്ത് ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടിലെ കോമഡി-പാരഡി കാസറ്റിനു പേര് 'ദേ മാവേലി കൊമ്പത്ത്' എന്നായിരുന്നു. ഈ സീരിസിന് പിന്നീട് വര്‍ഷങ്ങളോളം തുടര്‍ച്ചയുമുണ്ടായി. തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക്ക് ആയ 'മുത്തു' രജനീകാന്തിന്റെ താരപദവിയും വിപണിമൂല്യവും ഉയര്‍ത്തിയ സിനിമയാണ്. ഹിന്ദിയില്‍ സാത് രംഗ് കേ സപ്‌നേ, ബംഗാളിയില്‍ രാജ, കന്നടയില്‍ സഹുകാരാ എന്നീ റീമേക്കുകളും തേന്മാവിന്‍ കൊമ്പത്തിനുണ്ടായി.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജൂണ്‍ 30, ഷോ റീല്‍ -53