Friday, 29 January 2021

അന്നത്തെ സീതയുടെ കളക്ഷന് ഇന്നത്തെ 50 കോടി ക്ലബ്ബിന്റെ മൂല്യം


ഇന്ത്യന്‍ സിനിമയുടെ പ്രാരംഭ കാലത്ത് പുണ്യപുരാണ കഥകള്‍ ഇതിവൃത്തമാക്കിയ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹിന്ദിയില്‍ തുടക്കമിട്ട ഈ ശൈലി അന്ന് സിനിമ നിര്‍മ്മിക്കപ്പെട്ടിരുന്ന മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളും അനുകരിച്ചു. പുരാണ, ഇതിഹാസ ചലച്ചിത്രങ്ങള്‍ക്ക് എല്ലായിടത്തും വലിയ രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുമായി. അതുവരെ കഥകളില്‍ കേട്ടും നാടകങ്ങളില്‍ കണ്ടും മാത്രം അറിഞ്ഞിരുന്ന പുരാണ കഥാപാത്രങ്ങളെ സിനിമയുടെ വിശാലതയില്‍ കാണാനായി പ്രേക്ഷകര്‍ കൂട്ടമായി കൊട്ടകകളിലേക്ക് എത്താന്‍ തുടങ്ങി. അങ്ങനെ പുരാണ കഥകള്‍ പറഞ്ഞ സിനിമകളെല്ലാം കാണികളുടെ മനസ്സില്‍ ഭക്തിയും ആനന്ദവും നിറച്ച് വലിയ വാണിജ്യ വിജയങ്ങളായി.

     മലയാളത്തില്‍ വര്‍ഷത്തില്‍ പത്തില്‍ താഴെ മാത്രം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന കാലത്താണ് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച പുരാണ ചിത്രമായ സീത റിലീസ് ചെയ്യുന്നത്. 1943 ല്‍ പുറത്തിറങ്ങിയ രാമരാജ്യം എന്ന ഹിന്ദി ചിത്രത്തെ ആധാരമാക്കിയായിരുന്നു ജെ.ശശികുമാര്‍ സീത എഴുതിയത്. 1960 സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററിലെത്തിയ സീത നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും കുഞ്ചാക്കോയാണ്. ഉത്തര രാമായണ കഥ പ്രമേയമാക്കിയ സിനിമയില്‍ പ്രേംനസീര്‍ ശ്രീരാമനും കുശലകുമാരി സീതയുമായി. വാത്മീകി മഹര്‍ഷിയുടെ വേഷമായിരുന്നു അന്നത്തെ സൂപ്പര്‍ താരമായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക്.

     യുദ്ധത്തിനു ശേഷം ശ്രീരാമന്‍ അശ്വമേധ യാഗം നടത്താനൊരുങ്ങുന്നതും സീത മക്കളുമൊത്ത് കാട്ടില്‍ വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വസിക്കുന്നതും സീതയുടെ അന്തര്‍ദ്ധാനവുമടങ്ങുന്ന ഉത്തരകാണ്ഡമായിരുന്നു സിനിമയില്‍ ചിത്രീകരിച്ചത്. തിയേറ്റര്‍ സ്‌ക്രീനിന്റെ വെളളിവെളിച്ചത്തില്‍ കാണികള്‍ ഏറെ കൗതുകത്തോടെ രാമായണം കഥ കണ്ടു. വി.ദക്ഷിണാമൂര്‍ത്തി ഈണമിട്ട 13 പാട്ടുകളാണ് സിനിമയിലുണ്ടായിരുന്നത്. അതില്‍ പി.സുശീല ആലപിച്ച 'പാട്ടു പാടിയുറക്കാം' എന്ന ഗാനം കേരളം ഏറ്റു പാടി.

     


കണ്ടവര്‍ പറഞ്ഞുകേട്ടും സിനിമയിലെ ഇമ്പമാര്‍ന്ന പാട്ടുകള്‍ കേട്ടും ആളുകള്‍ സീത കാണാന്‍ കൂട്ടത്തോടെ തിയേറ്ററിലെത്തി. അതിനു മുന്‍പ് 1951 ല്‍ പുറത്തിറങ്ങിയ ജീവിതനൗകയും 1954 ല്‍ റിലീസായ നീലക്കുയിലും കാണാനാണ് കേരളത്തില്‍ ഇത്രയധികം ജനങ്ങള്‍ തിയേറ്ററിലെത്തിയത്. പ്രധാന കേന്ദ്രങ്ങളിലും പിന്നീട് ഗ്രാമപ്രദേശത്തെ ഓലക്കൊട്ടകകളിലും സീത ദിവസങ്ങളോളം പ്രദര്‍ശിപ്പിച്ചു. 40 ലക്ഷം രൂപ കളക്ഷനാണ് സീത തിയേറ്ററില്‍ നിന്നു നേടിയത്. ഇന്നത്തെ 50 കോടിക്കുമേല്‍ മൂല്യം കണക്കാക്കാവുന്ന വിജയമാണ് സീത ബോക്‌സ് ഓഫീസില്‍ നേടിയത്. പിന്നീട് 1963ല്‍ എന്‍.എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രമാണ് സീതയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തത്.

       സീതയുടെ വന്‍ വിജയത്തോടെ ഒട്ടേറെ പുരാണ, ചരിത്ര സിനിമകളാണ് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. അതില്‍ ഭൂരിഭാഗവും ഉദയാ സ്റ്റുഡിയോയില്‍ നിന്നായിരുന്നു. അന്നത്തെ പ്രമുഖ താരങ്ങളെല്ലാം പുരാണ കഥാപാത്രങ്ങളുടെ വേഷത്തില്‍ അഭിനയിക്കുകയും അതെല്ലാം കരിയറില്‍ വഴിത്തിരിവാകുകയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുകയും ചെയ്തു.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, ആഗസ്റ്റ് 23

Thursday, 28 January 2021

മാര്‍ച്ചില്‍ വിരുന്നുവന്ന മലയാളത്തിന്റെ നിത്യഹരിത മ്യൂസിക്കല്‍ ട്രിലെജി


സിനിമയില്‍ പാട്ട് വരുന്ന നേരം സീറ്റില്‍ നിന്ന് എഴുന്നേറ്റ് പുറത്തുപോകുന്ന ഒരു ശീലമുണ്ടായിരുന്നു മലയാളി പ്രേക്ഷകര്‍ക്ക്. ഹിറ്റായ പാട്ടാണെങ്കില്‍ കേട്ടിരിക്കും. അല്ലെങ്കില്‍ എണീറ്റ് ടാക്കീസിനു പുറത്തുപോയി പാട്ട് തീരുന്ന നേരം നോക്കി അകത്തു കയറി ബാക്കി പടം കാണും. ഇങ്ങനെയൊരു സിനിമ കാണല്‍ ശീലം സൂക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്കാണ് സിബിമലയിലും ലോഹിതദാസും ചേര്‍ന്ന് ഒരു സമ്പൂര്‍ണ സംഗീത സിനിമയുമായി വരുന്നത്. അതുവരെയുള്ള ഫോര്‍മുലകളെ മാറ്റിമറിച്ച ഈ സിനിമ വന്‍ വിജയമായി. ഈ ആവേശത്തില്‍ തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു സംഗീത സിനിമയുമായി ഇതേ കൂട്ടുകെട്ട് വീണ്ടുമെത്തി. ആ സിനിമയും വിജയം. തീര്‍ന്നില്ല, കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സംഗീത സിനിമ. അതും കാണികള്‍ ഏറ്റെടുത്തു.

     1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ള, 1991 ല്‍ ഭരതം, 1992 ല്‍ കമലദളം എന്നിവയായിരുന്നു ആ സിനിമകള്‍. മോഹന്‍ലാല്‍ നായകനായ ഈ സിനിമകളെല്ലാം തിയേറ്ററിലെത്തിയത് മാര്‍ച്ച് അവസാനത്തിലാണ്. വിഷുവും വേനലവധിക്കാലവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത ചിത്രങ്ങള്‍ അണിയറക്കാരുടെ പ്രതീക്ഷ പോലെ തന്നെ ഏറ്റെടുത്തത് കുടുംബ പ്രേക്ഷകര്‍ തന്നെ. മൂന്നു സിനിമകളും തിയേറ്ററില്‍ 100 ദിവസം തികച്ചു. പാട്ടുകളുടെ സമയത്ത് കാണികള്‍ എഴുന്നേറ്റു പോയില്ലെന്നു മാത്രമല്ല, പാട്ടുകള്‍ കാണാനായി ആളുകള്‍ ആവര്‍ത്തിച്ച് ഈ സിനിമകള്‍ക്ക് കയറി. അതോടെ രവീന്ദ്രന്റെ ഈണങ്ങള്‍ കാണികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയായി മാറി.

     


സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദ്യമായ കുടുംബകഥ പറയുകയായിരുന്നു ഈ സിനിമകള്‍. അതുവരെയുള്ള സിനിമകളില്‍ പാട്ടുകള്‍ സ്ഥിരമായി ചിട്ടപ്പെടുത്തി വച്ചിട്ടുള്ള രംഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നവ മാത്രമായിരുന്നെങ്കില്‍ ഹിസ് ഹൈനസ് അബ്ദുളളയിലും ഭരതത്തിലും കമലദളത്തിലും പാട്ടുകള്‍ പ്രധാന കഥാപാത്രങ്ങളെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയായി മാറി. മ്യൂസിക്കല്‍ സിനിമ ജനപ്രിയ ചേരുവയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കാമെന്ന് സിബി മലയിലും ലോഹിതദാസും തെളിയിച്ചു. പിന്നീട് ഈ മാതൃക അനുകരിച്ച് ഒട്ടേറെ സിനിമകള്‍ വരികയുണ്ടായി.

      ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' എന്നീ പാട്ടുകളെല്ലാം വലിയ ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. ഒന്നും അനാവശ്യമായി ചേര്‍ത്തതായി കാണികള്‍ക്ക് അനുഭവപ്പെട്ടില്ല. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

     


രവീന്ദ്രന്റെ ഈണത്തില്‍ ഗോപാംഗനേ ആത്മാവിലേ, ധ്വനിപ്രസാദം, രഘുവംശപതേ , രാമകഥാ ഗാനലയം, ശ്രീവിനായകം എന്നീ ഗാനങ്ങളുമായിട്ടായിരുന്നു ലോഹിതദാസ് - സിബി മലയില്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ സംഗീത സിനിമയായ ഭരതം എത്തിയത്. കല്ലൂര്‍ ഗോപിനാഥന്‍, രാമനാഥന്‍ എന്നീ സംഗീതജ്ഞരായ സഹോദരങ്ങളുടെ മാനസിക വ്യഥകളിലൂടെ പ്രേക്ഷകര്‍ സഞ്ചരിച്ചു. ഹിസ് ഹൈനസ് അബ്ദുള്ള മ്യൂസിക്കല്‍ ഡ്രാമ  ത്രില്ലര്‍ ആയിരുന്നെങ്കില്‍ ഭരതം കുറേക്കൂടി ഇമോഷണല്‍ ആയിരുന്നു. ചേട്ടന്റെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ, ഒന്നു കരയാന്‍ പോലുമാകാതെ ഗോപിനാഥന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നെഞ്ചുപൊട്ടി പാടിയപ്പോള്‍ തകര്‍ന്നത് കാണികളുടെ ഹൃദയങ്ങളായിരുന്നു. ഒരു നോവായി മാത്രമേ ഭരതം ഇപ്പോഴും കണ്ടിരിക്കാനാകൂ. രാമകഥ ഗാനലയം എന്ന പാട്ട് ഒരേ സമയം രവീന്ദ്ര സംഗീതത്തിന്റെയും യേശുദാസിന്റെ ആലാപനത്തിന്റെയും ഉത്തുംഗത കാണിച്ചപ്പോഴും സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ കാണികള്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.

      1991ല്‍ മൂന്നു ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി മോഹന്‍ലാലിന് ലഭിക്കുന്നതും ഭരതത്തിലൂടെയായിരുന്നു. മികച്ച നടന്‍, മികച്ച പിന്നണി ഗായകന്‍, പ്രത്യേക ജൂറി പുരസ്‌കാരം എന്നിങ്ങനെ മൂന്നു ദേശീയ പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ച രണ്ടാമത്തെ ചിത്രം, നടന്‍, നടി, സംഗീത സംവിധാനം, പ്രത്യേക ജൂറി പുരസ്‌കാരം എന്നിവയും ചിത്രത്തിന് ലഭിച്ചു.

   


  സംഗീതത്തില്‍ നിപുണതയുള്ള വാടകക്കൊലയാളിയായ അബ്ദുള്ള, സംഗീതജ്ഞനായ ഗോപിനാഥന്‍ എന്നീ കഥാപാത്രങ്ങളായാണ് മുന്‍ സിനിമകളില്‍ മോഹന്‍ലാല്‍ എത്തിയതെങ്കില്‍ കലാമണ്ഡലത്തിലെ നൃത്താധ്യാപകനായ നന്ദഗോപന്‍ എന്ന വേഷമായിരുന്നു കമലദളത്തില്‍. നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയ ഈ ചിത്രവും കാണികളുടെ സജീവ പ്രശംസ നേടി. 150 ദിവസമാണ് മേജര്‍ സെന്ററുകളില്‍ കമലദളം പ്രദര്‍ശിപ്പിച്ചത്. ഗാനാലാപന രംഗങ്ങള്‍ക്കൊപ്പം നൃത്തത്തിലുമുള്ള മോഹന്‍ലാലിന്റെ അനായാസത കമലദളം കാട്ടിത്തന്നു. ന്യത്ത, സംഗീത വേദികളില്‍ തിളങ്ങി നില്‍ക്കുമ്പോഴും ജീവിതം കൂട്ടിച്ചേര്‍ക്കുന്നതില്‍ താളംതെറ്റുന്ന നന്ദഗോപന്റെ അന്ത്യം അത്യധികം വേദനയോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്.

     


പാട്ടുകളുടെ ഗരിമയില്‍ ഹിസ് ഹൈനസ് അബ്ദുള്ളയോടും ഭരതത്തോടും കിടപിടിക്കുന്ന ഈണങ്ങള്‍ തന്നെയായിരുന്നു രവീന്ദ്രനും കൈതപ്രവും കമലദളത്തിനു വേണ്ടിയും ചിട്ടപ്പെടുത്തിയത്. പ്രേമോദാരനായ്, അലൈപായുതേ, സായന്തനം, ആനന്ദ നടനം, കമലദളം, സുമുഹോര്‍ത്തമാ എന്നീ ഗാനങ്ങളെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 18

Wednesday, 27 January 2021

സ്വതന്ത്ര്യസമര കാഹളം മുഴക്കിയ മലയാള സിനിമകള്‍



ഹിന്ദിയടക്കം മറ്റ് ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്താല്‍ ബ്രീട്ടിഷ് ഭരണവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും പ്രമേയമാക്കിയ ഒട്ടനവധി സിനിമകളൊന്നും മലയാളത്തില്‍ പിറവി കൊണ്ടിട്ടില്ല. പൂര്‍ണമായും സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ പറയുന്നതിനേക്കാളും പ്രധാന പ്രമേയത്തിനു സമാന്തരമായി സ്വാതന്ത്ര്യസമര പ്രസ്ഥാന കാലത്തിലൂടെ കടന്നുപോകുന്ന സിനിമകളായിരുന്നു മലയാളത്തില്‍ കൂടുതലും ഉണ്ടായത്. നൂറുകണക്കിന് സിനിമകളിലാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യസമര കാലം പശ്ചാത്തലവും സ്വാതന്ത്ര്യസമര സേനാനികള്‍ കഥാപാത്രങ്ങളുമായത്. എന്നാല്‍ അപൂര്‍വം സിനിമകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും വീരയോദ്ധാക്കളെയും കേന്ദ്രപ്രമേയമാക്കാനും തയ്യാറായി.

       ഐ.വി.ശശിയുടെ 1921, പ്രിയദര്‍ശന്റെ കാലാപാനി, ഹരിഹരന്റെ കേരളവര്‍മ്മ പഴശ്ശിരാജാ തുടങ്ങിയ സിനിമകളാണ് മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പരിചിതമായ സ്വാതന്ത്ര്യസമര സിനിമകള്‍. ഈ സിനിമകളെല്ലാം വലിയ മുതല്‍മുടക്കില്‍ സ്വാതന്ത്ര്യസമര കാലത്തെ പുനരാവിഷ്‌കരിക്കുകയും  ബോക്‌സോഫീസ് വിജയങ്ങളാകുകയും ചെയ്തവയാണ്.

      മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ക്ക് സ്വാതന്ത്ര്യസമര ചരിത്ര സിനിമകള്‍ക്ക് സവിശേഷ പ്രാധാന്യം നല്‍കി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 1951 ല്‍ വി.കൃഷ്ണന്‍ സംവിധാനം ചെയ്ത കേരളകേസരിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പറഞ്ഞ ആദ്യകാല മലയാള ചിത്രം. ദേശഭക്തന്‍ എന്ന മൊഴിമാറ്റ ചിത്രവും ഇതേ വര്‍ഷം തന്നെ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. 1962 ല്‍ എസ്.എസ്. രാജനും ജി.വിശ്വനാഥനും ചേര്‍ന്ന് സംവിധാനം ചെയ്ത വേലുത്തമ്പി ദളവയും 1964 ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാറും 1988 ല്‍ ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരുവും ചരിത്രപുരുഷന്മാരുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കഥ കൂടി പറഞ്ഞിരുന്നു. 1986 ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യന്‍' സ്വാതന്ത്ര്യസമരകാലത്ത് നടന്ന കയ്യൂര്‍ സംഭവത്തിലേക്കായിരുന്നു വിരല്‍ ചൂണ്ടുന്നത്.

                                              

          മലയാളത്തിലിറങ്ങിയ രണ്ടു വന്‍ ബജറ്റ് സ്വാതന്ത്ര്യസമര ഗാഥകളും രചിച്ചത് ടി.ദാമോദരനായിരുന്നു. ഐ.വി. ശശി ഒരുക്കിയ 1921 ന് തിരക്കഥയൊരുക്കിയ ദാമോദരന്‍ മലബാറിനെ പിടിച്ചു കുലുക്കിയ മലബാര്‍ കലാപമാണ് വിഷയമാക്കിയത്.1988ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 1996ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എഴുതിയതും ടി.ദാമോദരനാണ്. ആന്‍ഡമാന്‍ നിക്കോബര്‍ പോര്‍ട്ട് ബ്ലയര്‍ ജയിലില്‍ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ കഥയായിരുന്നു കാലാപാനിയുടെ പ്രമേയം. ഈ രണ്ട് സിനിമകളും അതതു കാലത്തെ ഏറ്റവും വലിയ ബജറ്റുകളില്‍ പൂര്‍ത്തിയാക്കിയ സിനിമകളായിരുന്നു.

       ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ കഥ കുറേ സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേര്‍ത്ത സ്വതന്ത്രാഖ്യാനമാണ് മണ്ണില്‍ മുഹമ്മദ് നിര്‍മ്മിച്ച 1921 എന്ന ചലച്ചിത്രം. അന്നത്തെ കാലത്ത് ഒരു കോടിക്കു മേല്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, സുരേഷ് ഗോപി, മധു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം തിയേറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കി.

      മലയാളത്തിലെ എക്കാലത്തേയും വലിയ നിര്‍മ്മാണ സംരംഭങ്ങളിലൊന്നായ കാലാപാനി ആന്‍ഡമാന്‍സിലെ സെല്ലുലാര്‍ ജയിലുകളില്‍ വീര്‍സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഒരു സഹനസമര മുന്നേറ്റത്തിന്റെ കഥയാണ് പറഞ്ഞത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ജയിലായിരുന്നു കാലാപാനി എന്നറിയപ്പെട്ടിരുന്നത്. മോഹന്‍ലാല്‍, പ്രഭു, തബു, നെടുമുടി വേണു, അമരീഷ് പുരി, ശ്രീനിവാസന്‍, എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം തിയേറ്റര്‍ വിജയമായിരുന്നു.

       


മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2009 ല്‍ റിലീസിനെത്തിയ എം.ടി- ഹരിഹരന്‍ ചിത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ബ്രീട്ടിഷുകാര്‍ക്കെതിരെ വയനാട് കേന്ദ്രമാക്കി കോട്ടയം രാജവംശത്തിലെ പഴശ്ശിരാജ നടത്തിയ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമാക്കിയത്. 27 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ഈ ചിത്രം അതുവരെയുള്ള മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി. ബോക്സോഫീസിലും പഴശ്ശിരാജ വലിയ ചലനമുണ്ടാക്കി. സിനിമയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.

      പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന സിനിമ സാങ്കല്‍പിക കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും 16 -ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ക്രൂരതകള്‍ ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 2011 ല്‍ പുറത്തിറങ്ങിയ ഉറുമി. 1498ല്‍ കേരളത്തിലേക്കുള്ള കപ്പല്‍പാത കണ്ടെത്തുന്ന വാസ്‌കോ ഡ ഗാമ 1502ല്‍ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാര ബന്ധങ്ങള്‍ വ്യാപിപ്പിക്കാന്‍ പോര്‍ച്ചുഗീസ് സംഘത്തിന്റെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

   


  പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിര്‍വഹിച്ച് 2011 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വീരപുത്രന്‍. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരന്‍ എന്‍.പി. മുഹമ്മദ് രചിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍: ഒരു നോവല്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ചരിത്ര സിനിമ. ഇന്ത്യന്‍ സ്വാതന്ത്ര്യസമര വേളയില്‍ മലബാര്‍ മേഖലയില്‍ നടന്ന സംഭവപരമ്പരകളെയാണ് ചിത്രം പരാമര്‍ശവിധേയമാക്കുന്നത്. മതനിരപേക്ഷ നിലപാടിലൂടെ അറിയപ്പെടുന്ന മലബാറിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യസമര നേതാവുമായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്റെ ജീവിതത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ കെ.കേളപ്പന്‍, കെ.പി. കേശവമേനോന്‍ എന്നിവരേയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

      സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഭീകരവാദവും അതിനെതിരെയുള്ള ചെറുത്തുനില്പും ദേശസ്‌നേഹവും പ്രമേയമാക്കിയ ഒട്ടേറെ സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുളളത്. ജോഷിയുടെ നായര്‍സാബ്, സൈന്യം, രാജീവ് അഞ്ചലിന്റെ കാശ്മീരം, മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, മിഷന്‍ 90 ഡെയ്‌സ്, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകള്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം തുറന്ന് കാണിക്കുന്നവയും ദേശസ്‌നേഹം വിളിച്ചോതുന്നവയുമാണ്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 15

പുതുമ ചോരാതെ നെട്ടൂരാന്റെയും ഡി.കെയുടെയും ഇന്‍ക്വിലാബ് വിളി


മുപ്പതു വര്‍ഷത്തിനു ശേഷവും നെട്ടൂരാന്റെയും ഡി.കെയുടെയും മുദ്രാവാക്യം വിളിയുടെ പുതുമ ചോര്‍ന്നിട്ടില്ല. മാത്രമല്ല, പഴകും തോറും അതിന് വീര്യമേറുന്നുമുണ്ട്. വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കെ.ആര്‍ ഗൗരിയമ്മയുടെയും ജീവിതത്തെ ആധാരമാക്കി 1990 ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാം മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സിനിമകളിലൊന്നാണ്. 

        മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന ലാല്‍സലാമിന് പല തലമുറകളുടെ ഇഷ്ട രാഷ്ട്രീയ സിനിമയെന്നതാണ് പ്രസക്തി. ലാല്‍സലാം തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ജനിച്ചിട്ടില്ലാത്തവരും പില്‍ക്കാലത്ത് ഈ സിനിമയുടെയും ഇതിലെ കഥാപാത്രങ്ങളുടെയും വലിയ ആരാധകരായി മാറി. അങ്ങനെ ലാല്‍സലാമിന് മുപ്പത് വയസ്സാകുമ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. സിനിമാ നവ മാധ്യമങ്ങളോ വെബ്‌സൈറ്റുകളോ മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ കണക്കെടുക്കുമ്പോള്‍ അതിലെ പ്രഥമസ്ഥാനങ്ങളിലൊന്നും ഈ വേണു നാഗവള്ളി ചിത്രത്തിന് അവകാശപ്പെട്ടതാണ്.

      ചെറിയാന്‍ കല്പകവാടിയുടെ കഥയ്ക്ക്  വേണു നാഗവള്ളി തീര്‍ത്ത തികവുറ്റ തിരക്കഥയാണ് ലാല്‍സലാമിന്റെ ജനപ്രിയതയ്ക്കു കാരണം. ശക്തമായ കഥാപാത്രങ്ങളും കുറിക്കു കൊള്ളുന്ന ഡയലോഗുകളും മികച്ച പാട്ടുകളുമടക്കം പോപ്പുലര്‍ സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്താണ് വേണു നാഗവള്ളി ലാല്‍സലാം ഒരുക്കിയത്. ചരിത്രത്തോടും രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തോടും നീതി പുലര്‍ത്തിയതിനൊപ്പം കലാമൂല്യത്തിലും കച്ചവട സിനിമയെന്ന രീതിയിലും മികവു പുലര്‍ത്തുന്ന സമീപനമായിരുന്നു ലാല്‍സലാമിന്റേത്. രാഷ്ട്രീയ സിനിമയെന്ന മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയപ്പോഴും ശക്തമായ കുടുംബകഥയുടെ അടിത്തറ ലാല്‍സലാമിനുണ്ടായിരുന്നു.

       


ലാല്‍സലാമിന് മുന്‍പും ശേഷവുമുള്ള രാഷ്ട്രീയ സിനിമകള്‍ ഒന്നുകില്‍ പ്രത്യക്ഷ രാഷ്ട്രീയം മാത്രം പറയുന്ന സമാന്തര സിനിമകളോ അല്ലെങ്കില്‍ വിപണി വിജയം മാത്രം ഉന്നം വയ്ക്കുകയോ ചെയ്തപ്പോള്‍ പണിക്കുറ തീര്‍ന്ന തിരക്കഥയായിരുന്നു ഈ വേണു നാഗവള്ളി ചിത്രത്തിന്റെ നട്ടെല്ല്. ഈ മേന്മ കൊണ്ടു തന്നെയാണ് പല രാഷ്ട്രീയ സിനിമകളും പ്രേക്ഷകര്‍ മറന്നുപോയിട്ടും ലാല്‍സലാമിന് ഇപ്പൊഴും യൂ ട്യൂബിലും ടെലിവിഷന്‍ സ്‌ക്രീനിംഗുകളിലും കാഴ്ചക്കാരുണ്ടാകുന്നത്. രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ എല്ലാ വിഭാഗം കാണികളെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് നന്നായി തിരിച്ചറിയുന്ന വേണു നാഗവള്ളി മികച്ച കുടുംബ കഥ കൂടിയാണ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത്. ആ ഉദ്ദേശം ലക്ഷ്യം കണ്ടു. 1990 ലെ ക്രിസ്മസ് റിലീസായി എത്തിയ ലാല്‍സലാം പ്രധാന കേന്ദ്രങ്ങളിലെല്ലാം 100 ദിവസം ഓടി. ഏഴ് മേജര്‍ സെന്ററുകളില്‍ 150 ദിവസവും പ്രദര്‍ശിപ്പിച്ചു. ബി, സി ക്ലാസുകളിലും വലിയ കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ ഏറ്റവുമധികം വിജയം നേടിയ രാഷ്ട്രീയ സിനിമ എന്ന വിശേഷണവും ലാല്‍സലാമിന് അവകാശപ്പെട്ടതാണ്.

     ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ജീവിതങ്ങളായിരുന്നു വേണു നാഗവള്ളി ലാല്‍സലാമിന് പശ്ചാത്തലമാക്കിയത്. സഖാവ് നെട്ടൂര്‍ സ്റ്റീഫന്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ജയില്‍വാസത്തിനു ശേഷം തിരിച്ചെത്തുന്ന നെട്ടൂര്‍ സ്റ്റീഫന്‍ മേടയില്‍ ഇട്ടിച്ചന്‍ എന്ന പ്രമാണിയുടെ മകള്‍ അന്നക്കുട്ടിയെ വിവാഹം കഴിക്കുന്നു. പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ നെട്ടൂരാന്‍ പാര്‍ട്ടിയില്‍നിന്ന് ലീവെടുത്തു മാറി ബിസിനസുകാരനാകുന്നു. അതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് നെട്ടൂരാന്‍ അനഭിമതനാകുന്നു. തുുടര്‍ന്നുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

                             



  പാര്‍ട്ടിപ്രവര്‍ത്തകനും ബിസിനസുകാരനുമായുള്ള ആത്മസംഘര്‍ഷം നന്നായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. കേവലം 30 വയസ്സ് മാത്രമുള്ളപ്പോള്‍ മോഹന്‍ലാല്‍ ചെയ്ത എറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു ഇത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു തുല്യപ്രാധാന്യമുള്ളതായിരുന്നു മുരളി അവതരിപ്പിച്ച ഡി.കെ ആന്റണി എന്ന പാര്‍ട്ടി പ്രവര്‍ത്തകനും പിന്നീട് മന്ത്രിയുമാകുന്ന കഥാപാത്രം. ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ഊര്‍ജ്ജസ്വലതയും മത്സരാഭിനയവും കൊണ്ട് കൈയടി നേടിയവയാണ്. ഡി.കെയുമായുള്ള നെട്ടൂരാന്റെ അത്മബന്ധവും ചിത്രത്തിലെ മര്‍മ്മമാണ്. 'ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍, തീപ്പെട്ടിയുണ്ടോ സഖാവെ ബീഡിയെടുക്കാന്‍..' എന്ന നെട്ടൂരാനും ഡി.കെയും തമ്മിലുള്ള സംഭാഷണം സുഹൃത്തുക്കള്‍ തമ്മില്‍ തൊണ്ണൂറുകളിലും പിന്നീടും പലതവണ ആവര്‍ത്തിക്കപ്പെട്ട സംഭാഷണമാണ്. മോഹന്‍ലാലും മുരളിയും തമ്മില്‍ പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച സംഭാഷണം. ചിത്രത്തിലെ ഡയലോഗുകള്‍ മിക്കതും കാണികള്‍ ഏറ്റെടുക്കുകയും പിന്നീട് പല സിനിമകളിലും പരസ്യചിത്രങ്ങളിലും മിമുകളിലും പോസ്റ്ററുകളിലും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ലാല്‍സലാം കാലങ്ങളെ അതിജീവിച്ച സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിക്കുന്നു. 

     ഗീത അവതരിപ്പിച്ച സഖാവ് സേതുലക്ഷ്മി എന്ന ആഭ്യന്തര മന്ത്രി കഥാപാത്രം, രേഖയുടെ സ്റ്റെല്ല, ഉര്‍വശിയുടെ അന്നക്കുട്ടി എന്നീ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. ഒ.എന്‍.വി എഴുതി രവീന്ദ്രന്‍ ഈണമിട്ട ലാല്‍സലാമിലെ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായി. 

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 14

Tuesday, 19 January 2021

കൊറോണക്കാലത്ത് ജനത്തെ തിയേറ്ററിലെത്തിച്ച കൊറിയന്‍ വിസ്മയം


കോവിഡ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച മേഖലകളിലൊന്നാണ് സിനിമ. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ലോകത്തെമ്പാടും തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം മുടങ്ങുകയും ചെയ്തു. മഹാമാരിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ കാണാന്‍ ആളുകള്‍ എത്തുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം. എന്നാല്‍ ഇത്തരം ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഒരു ദക്ഷിണ കൊറിയന്‍ സിനിമ അത്ഭുത വിജയത്തിലേക്ക് കുതിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങി ആഗോള ഹിറ്റാകുകയും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ വിസ്മയപ്പെടുത്തുകയും ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ട്രെയിന്‍ ടു ബുസാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ പെനിന്‍സുലയാണ് കോവിഡ് കാലത്ത് പ്രദര്‍ശനത്തിനെത്തി ആളെക്കൂട്ടുന്നത്. കോവിഡ് അത്ര നാശം വിതയ്ക്കാത്ത ദക്ഷിണ കൊറിയ, തായ്വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് യാന്‍ സാങ് ഹോ സംവിധാനം ചെയ്ത പെനിന്‍സുല റിലീസ് ചെയ്തത്. ആളുകള്‍ വന്‍തോതില്‍ തിയേറ്ററിലെത്തുകയും പല രാജ്യങ്ങളിലും സിനിമ റെക്കോര്‍ഡ് വിജയം നേടുകയും ചെയ്യുന്നത് കോവിഡ് മഹാമാരി കാലത്ത് അത്ഭുതമായി മാറുകയാണ്. ഇതോടെ കോവിഡ് കാലത്തിനു ശേഷമുള്ള ആഗോള സിനിമാ വിപണിക്ക് തന്നെ ആത്മവിശ്വാസം നല്‍കാനും പെനിന്‍സുലയുടെ റിലീസിലുടെ സാധിച്ചിട്ടുണ്ട്.

       ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഫെസ്റ്റിവെല്‍ നടക്കാത്തതു കാരണം സിനിമ തിയേറ്ററില്‍ തന്നെ പ്രീമിയര്‍ പ്രദര്‍ശനം ആരംഭിക്കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൊറിയന്‍ ആഭ്യന്തര ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ജൂലൈ 15ന് റിലീസ് ചെയ്ത ചിത്രം നേടിയത്. സൗത്ത് കൊറിയയില്‍ 2338 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിനം വിറ്റത് 3.53 ലക്ഷം ടിക്കറ്റുകള്‍. അതില്‍ നിന്നു നേടിയത് 2.4 മില്യണ്‍ ഡോളര്‍ (17 കോടി രൂപ). സൗത്ത് കൊറിയയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് 13.2 മില്യണ്‍ ഡോളര്‍ കൊറിയയില്‍ നിന്നും 20.8 മില്യണ്‍ ഡോളര്‍ ആഗോള തലത്തിലും നേടി. തായ്വാനില്‍ ചിത്രം ആദ്യ ദിവസം നേടിയത് 7.99 ലക്ഷം ഡോളറാണ്. സിംഗപ്പൂരില്‍ ചിത്രം റിലീസ് ദിവസം 1.06 ലക്ഷം ഡോളര്‍ നേടി. സിംഗപ്പൂരില്‍ ഒരു കൊറിയന്‍ ചിത്രം നേടുന്ന എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. റിലീസിന്റെ മൂന്നാഴ്ച പിന്നിടുമ്പോള്‍ മലേഷ്യ, വിയറ്റ്‌നാം, തായ്‌ലാന്റ്, മംഗോളിയ എന്നിവിടങ്ങളിലും ബോക്‌സ് ഓഫീസില്‍ പെനിന്‍സുല ഒന്നാം സ്ഥാനത്താണ്. കൊറിയന്‍ ബോക്‌സ് ഓഫീസില്‍ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്തു തുടരുന്ന ചിത്രം രണ്ടാഴ്ച കൊണ്ട് 32 ലക്ഷവും മൂന്നാഴ്ച കൊണ്ട് 45 ലക്ഷവും ടിക്കറ്റുകളാണ് വിറ്റത്. ഓഗസ്റ്റ് 7 വരെയുള്ള കണക്കനുസരിച്ച്  കൊറിയയില്‍ നിന്നു മാത്രം 27 മില്യണ്‍ ഡോളറാണ് ചിത്രം നേടിയിട്ടുള്ളത്. കാനഡയിലാണ് പെനിന്‍സുല ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തിട്ടുള്ളത്. കാനഡയില്‍ 47 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച കളക്ഷനാണ് നേടുന്നത്.

       കോവിഡിനു മുമ്പ് അന്തര്‍ദേശീയ വിതരണ കരാറുകള്‍ ഒപ്പിട്ടിരുന്ന പെനിന്‍സുല 185 രാജ്യങ്ങളിലേക്കാണ് വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് കാരണം മുക്കാല്‍ പങ്ക് രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യാനായില്ല. കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച് കരാറില്‍ ഉള്‍പ്പെടുന്ന മറ്റ് രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. അമേരിക്ക, ചൈന, ജപ്പാന്‍, യു.എ.ഇ, ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന തിയേറ്റര്‍ മാര്‍ക്കറ്റുകളിലെ റിലീസും ലാഭവും ആണ് പെനിന്‍സുല ടീമിന്റെ ലക്ഷ്യം. പെനിന്‍സുലയുടെ ആദ്യ ഭാഗമായ ട്രെയിന്‍ ടു ബുസാന്‍ ഈ രാജ്യങ്ങളിലെല്ലാം വന്‍ വിജയമായിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 692 കോടിയാണ് ആദ്യ ഭാഗം നേടിയത്.

      2016ല്‍ റിലീസ് ചെയ്ത ട്രെയിന്‍ ടു ബുസാന്‍ ഒരു കോടിയിലേറെ പ്രേക്ഷകരെ തീയറ്ററില്‍ എത്തിക്കുന്നതില്‍ വിജയിച്ച ചിത്രമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൊറിയന്‍ ചലച്ചിത്രമായിരുന്നു ട്രെയിന്‍ ടു ബുസാന്‍. മനുഷ്യന്‍ സോംബിയായി മാറുകയും ആക്രമിക്കപ്പെടുന്നതുമായിരുന്നു പ്രമേയം. ചിത്രത്തിന്റെ ഇമോഷണല്‍ മൂഡ് പ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നു. നാലു വര്‍ഷത്തിനു ശേഷം കോവിഡ് ലോക്ക് ഡൗണ്‍ കാലത്തും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി ഏറ്റവുമധികം പേര്‍ കണ്ട സിനിമകളിലൊന്നാണ് ട്രെയിന്‍ ടു ബുസാന്‍.

       ബുസാനില്‍ സോംബി ആക്രമണം ഉണ്ടായി നാല് വര്‍ഷത്തിനു ശേഷമുള്ള കഥയാണ് പെനിന്‍സുലയില്‍ പറയുന്നത്. ഡോങ് വോന്‍, ജുങ് ഹ്യുന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആദ്യ ഭാഗങ്ങളിലെ കഥാപാത്രങ്ങളുമായി ബന്ധമില്ല. രണ്ടാം ഭാഗത്തില്‍ പറയുന്നത് മറ്റൊരു കഥയാണ്. ഒരു വീണ്ടെടുക്കല്‍ ദൗത്യത്തില്‍ ഒരു സംഘം ആക്രമണത്തിന് വിധേയരാകുന്നതിലൂടെയാണ് പെനിന്‍സുലയുടെ കഥ ആരംഭിക്കുന്നത്. ട്രെയിന്‍ ടു ബുസാനില്‍ കഥ അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്. സോംബി ഹൊറര്‍ പാറ്റേണിലാണ് കഥാപശ്ചാത്തലം. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 62 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 11

ഇന്ദുചൂഡന്റെ അമാനുഷികതയില്‍ തകര്‍ന്ന വിനയചന്ദ്രന്‍


മലയാള സിനിമയുടെ തിയേറ്റര്‍ റിലീസിംഗ് രീതിയെയും കളക്ഷന്‍ ചരിത്രത്തെയും മാറ്റിമറിച്ച സിനിമയായിരുന്നു നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000 ജനുവരി 26 ന് റിലീസ് ചെയ്ത നരസിംഹം അതുവരെയുള്ള സകല കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ചു കൊണ്ടാണ് തിയേറ്ററില്‍ മുന്നേറിയത്. 32 തിയേറ്ററുകളിലാണ് നരസിംഹം റിലീസ് ചെയ്തത്. അതുവരെയുള്ളതില്‍ വച്ച് കേരളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ റിലീസ്.

      നായകസങ്കല്പങ്ങളുടെ പരിപൂര്‍ണത എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രം ആദ്യ ദിവസം മുതല്‍ കാണികള്‍ ഏറ്റെടുത്തു. റിലീസ് ചെയ്ത ഒരിടത്തും ടിക്കറ്റ് കിട്ടാനില്ലാത്ത വിധം അഭൂതപൂര്‍വമായ ജനത്തിരക്ക്. ദിവസങ്ങളോളം ശ്രമിച്ചിട്ടും ആളുകള്‍ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. ഒരാഴ്ച കൊണ്ടു തന്നെ നിര്‍മ്മാതാവിന് മുടക്കുമുതലിനു പുറമേ ലാഭവും തിരിച്ചുകിട്ടി. പ്രദര്‍ശനം തുടങ്ങി 35 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചിത്രം 2 കോടി ഷെയര്‍ നേടിയെടുത്തു. എല്ലാ റിലീസിംഗ് സെന്ററിലും 100 ദിവസങ്ങളില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മേജര്‍ സെന്ററുകളില്‍ 200 ദിവസമാണ് നരസിംഹം ഓടിയത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോര്‍ഡ് ഈ സിനിമ സ്വന്തമാക്കി. മൊത്തം കളക്ഷനായി 22 കോടി നേടുകയും നിര്‍മ്മാതാവിന് 10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു. ഇന്നത്തെ നിലയ്ക്കാണെങ്കില്‍ 200 കോടിക്കു മേല്‍ മൂല്യമുള്ള വിജയം. ബി, സി ക്ലാസുകളിലും വന്‍ കളക്ഷനാണ് നരസിംഹം നേടിയത്. ഈ സിനിമയുടെ അത്ഭുത വിജയത്തോടെയാണ് വൈഡ് റിലീസിംഗിന്റെ സാധ്യതയെപ്പറ്റി മലയാള സിനിമാലോകം ആദ്യമായി ചിന്തിച്ചു തുടങ്ങിയത്.

                                                

       നരസിംഹം മലയാള സിനിമയെ ആകെ ഉണര്‍ത്തുകയും മോഹന്‍ലാലിന്റെ താരമൂല്യം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു. അതുവരെ ഏതു റോളുകളിലും മോഹന്‍ലാലിനെ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കാണാകള്‍ നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തോടെ മോഹന്‍ലാലില്‍ ഒരു അമാനുഷിക നായക ബിംബത്തെ പ്രതിഷ്ടിച്ചു. 

        ആ വര്‍ഷത്തെ വിഷുദിനത്തിലാണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ റിലീസ് ചെയ്യുന്നത്. നരസിംഹത്തിനു ശേഷമുള്ള മോഹന്‍ലാല്‍ സിനിമയ്ക്കായി ജനങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സിനിമാ ഇന്‍ഡസ്ട്രിയും മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ വരവിനെ അത്യധികം ആകാംക്ഷയോടെയാണ് കണ്ടത്. മോഹന്‍ലാലുമൊത്ത് മണിച്ചിത്രത്താഴ് ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള ഫാസില്‍ ആയിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍. നരസിംഹം തീര്‍ത്ത അമിത പ്രതീക്ഷ കാരണം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ 40 ല്‍ അധികം തിയേറ്ററിലാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ റിലീസ് ചെയ്തത്. അതുവരെയുണ്ടായതില്‍ വച്ചുള്ള വലിയ റിലീസ്. അന്നത്തെ താരമൂല്യമുള്ള നായിക സംയുക്താ വര്‍മ്മ മോഹന്‍ലാലിന്റെ നായികയായി. രണ്ടാമത്തെ നായികയായി ഗീതു മോഹന്‍ദാസ്. ബാലതാരമായിരുന്ന ഗീതു ആദ്യമായി ചെയ്യുന്ന നായികാവേഷം. വലിയ പ്രതീക്ഷകളോടെ വിഷു - വേനലവധിക്കാല കളക്ഷന്‍ കൂടി ലക്ഷ്യമിട്ട് എത്തിയ ഫാസില്‍ ചിത്രം എന്നാല്‍ തിയേറ്ററില്‍ മൂക്കുകുത്തി. ആദ്യ ദിവസങ്ങളില്‍ മോഹന്‍ലാല്‍ ചിത്രം കാണാന്‍ ആരാധകര്‍ തിയേറ്ററിലേക്ക് ഇരച്ചെത്തിയതായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സൂപ്പര്‍ താര ചിത്രത്തിന് ആളെ കിട്ടിയില്ല. നല്ല ഫാമിലി ഡ്രാമ എന്ന നിലയില്‍ അഭിപ്രായം കിട്ടിയെങ്കിലും പടത്തിന് ആളു കയറുന്നില്ല. മോഹന്‍ലാല്‍ ആരാധകര്‍ കൈവിടുകയും സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി വരികയും ചെയ്തതോടെ കുടുംബ പ്രേക്ഷകരും പരീക്ഷണത്തിന് മുതിര്‍ന്നില്ല.

                                 

                ഫാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനു പിന്നിലെ കാര്യമെന്താണെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നീടാണ് പ്രേക്ഷക പ്രതികരണത്തില്‍ നിന്ന് സത്യാവസ്ഥ പുറത്തുവന്നത്. മോഹന്‍ലാലിന്റെ അതിമാനുഷ കഥാപാത്രം കാണാനാണ് ആരാധകര്‍ എത്തിയത്. അവര്‍ക്ക് താരത്തെ ഫാമിലിമാനായി കാണാന്‍ താത്പര്യമില്ല. അതാണ് നല്ല സിനിമയായിട്ടും അവര്‍ ലൈഫ് ഈസ് ബ്യൂട്ടിഫുളിനെ കൈവിട്ടത്. ശരിയായിരുന്നു, ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ മോഹന്‍ലാലിന്റെ അമാനുഷിക പ്രകടനമില്ല, നരസിംഹത്തിലേതു പോലെ പഞ്ച് ഡയലോഗുകളോ സംഘട്ടനങ്ങളോ ഇല്ല. പക്ഷേ അതിസുന്ദരമായ കുടുംബ ചിത്രമായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. ഇതിലെ വിനയചന്ദ്രന്‍ എന്ന അധ്യാപക വേഷം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി പിന്നീട് വിലയിരുത്തപ്പെട്ടു. സ്‌നേഹനിധിയായ ഭര്‍ത്താവും വാത്സല്യനിധിയായ ചേട്ടനും വ്യത്യസ്തനായ അധ്യാപകനുമായി മോഹന്‍ലാലിന്റെ വ്യത്യസ്ത മാനറിസങ്ങള്‍ കണ്ട സിനിമയ്ക്ക് പക്ഷേ തിയേറ്ററില്‍ രണ്ടാഴ്ച പോലും തികയ്ക്കാതെ പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ പിന്നീട് ടെലിവിഷന്‍, ഡി.വി.ഡി സ്‌ക്രീനിംഗുകളില്‍ മികച്ച ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കാന്‍ ചിത്രത്തിനായി. 2015ലെ അധ്യാപക ദിനത്തില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് തെരഞ്ഞെടുത്ത മികച്ച ഏഴ് അധ്യാപക സിനിമകളിലൊന്ന് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആയിരുന്നു. സിലബസില്‍ ഒതുങ്ങിനില്‍ക്കാത്ത, വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്ന മോഹന്‍ലാലിന്റെ അധ്യാപക കഥാപാത്രവും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

      വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അഭിമുഖത്തില്‍ ഫാസില്‍ പറയുകയുണ്ടായി 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കാലം തെറ്റി പിറന്ന സിനിമയായിരുന്നില്ല. ഏതു കാലത്തും പ്രസക്തമായ വിഷയവും സന്ദേശവുമായിരുന്നു ആ സിനിമ മുന്നോട്ടുവച്ചത്. പക്ഷേ ഓരോ കാലത്തും കാണികള്‍ക്ക് ചില താത്പര്യങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ അതിനു പിറകേ പോകാന്‍ ഇഷ്ടപ്പെടും. ചില സിനിമകള്‍ തീര്‍ക്കുന്ന ഇംപാക്ട് അത്രയും ആയിരിക്കും. നരസിംഹം അങ്ങനെ ഒന്നായിരുന്നു. ഒരു പക്ഷേ നരസിംഹത്തിനു മുമ്പാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ റിലീസ് ചെയ്തതെങ്കില്‍ ഈ സിനിമയുടെ ഭാവി തന്നെ മറ്റൊന്നാകുമായിരുന്നു. പിന്നീട് ടീവിയിലൊക്കെ കണ്ട് ഒരുപാടു പേര്‍ അഭിനന്ദിച്ച സിനിമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. ഇപ്പൊഴും ആളുകള്‍ ഈ പടം കാണുന്നുണ്ട്.  

                നരസിംഹത്തിനു ശേഷം ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ പരാജയത്തോടെ പ്രേക്ഷകാഭിരുചി കണക്കിലെടുത്ത് മോഹന്‍ലാല്‍ വീണ്ടും അതിമാനുഷിക കഥാപാത്രങ്ങളെ തേടി ചെന്നു. എന്നാല്‍ അത്തരം വേഷങ്ങളില്‍ പുറത്തിറങ്ങിയ പ്രജ, ശ്രദ്ധ, താണ്ഡവം, ഒന്നാമന്‍, ചതുരംഗം തുടങ്ങിയ സിനിമകളൊന്നും വലിയ വിജയമായില്ലെന്നതും ശ്രദ്ധേയമാണ്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 10

സിനിമാ പ്രദര്‍ശനം മുടങ്ങിയിട്ട് അഞ്ച് മാസം


 കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനം മുടങ്ങിയിട്ട് ഈ വെള്ളിയാഴ്ച അഞ്ച് മാസം തികയുന്നു. ജനങ്ങളുടെ ഏറ്റവും വലിയ വിനോദോപാധി വെള്ളിത്തിരയില്‍ നിന്ന് അകന്നുപോയ 150 ദിവസങ്ങള്‍ സിനിമാ വ്യവസായം കണ്ട ഏറ്റവും വലിയ അനിശ്ചിതത്വത്തിന്റെ ദിവസങ്ങള്‍ കൂടിയാണ്. കേരളത്തിലെ തിയേറ്ററുകള്‍ ഇത്രയധികം ദിവസം തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നത് ഇതാദ്യമായിട്ടാണ്. സമാനതകളില്ലാത്ത നഷ്ടമാണ് സിനിമാ വ്യവസായത്തിന് കോവിഡ് വരുത്തിവച്ചത്. തിയേറ്ററുകള്‍ അടഞ്ഞുകിടന്നതോടെ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലില്ലാതായി, തിയേറ്ററിലെ യന്ത്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു, ഷൂട്ടിംഗ് മുടങ്ങിയതോടെ സിനിമ ഉപജീവന മാര്‍ഗമായ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് വരുമാനമില്ലാതായി, സിനിമയ്ക്ക് പണം മുടക്കിയ നിര്‍മ്മാതാക്കള്‍ കനത്ത സാമ്പത്തിക നഷ്ടത്തിലായി, സിനിമാ ഷൂട്ടിംഗ് അനുബന്ധ യൂണിറ്റുകള്‍, വാടകയ്ക്ക് ക്യാമറയും ഷൂട്ടിംഗ് സാമഗ്രികളും എത്തിക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കോവിഡ് ലോക്ക് ഡൗണ്‍ നന്നായി ബാധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അണ്‍ ലോക്ക് മാര്‍ഗനിര്‍ദേശങ്ങളിലും തിയേറ്ററുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ഓഗസ്റ്റ് 31 വരെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഉറപ്പായി. നേരത്തെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക ഇളവുകളോടെ തിയേറ്ററുകള്‍ തുറക്കാമെന്ന് ആലോചിച്ചിരുന്നു. 30 ശതമാനം സീറ്റുകളില്‍ കാണികളെ ഇരുത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. മാത്രമല്ല, തിയേറ്റര്‍ ഉടമകള്‍ക്കും ഇതു സമ്മതമില്ല. 30 ശതമാനം സീറ്റുകളില്‍ ആളെ ഇരുത്തി സിനിമ കളിക്കുന്നത് തിയേറ്ററുകാര്‍ക്ക് നഷ്ടമാണ്. അതേസമയം കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ അടക്കമുള്ള ചൈനീസ് നഗരങ്ങളില്‍ ഈ മാതൃകയില്‍ സിനിമാ പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ചൈനയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ദിനംപ്രതി 50000 ല്‍ അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഉടന്‍ തിയേറ്ററുകള്‍ തുറക്കാനിടയില്ല. മാര്‍ച്ച് 6 നാണ് കേരളത്തില്‍ അവസാനമായി സിനിമ റിലീസ് ചെയ്തത്. അതിനു ശേഷം ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന സിനിമ ജൂണ്‍ 28 ന് ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തു. അതിനിടെ മലയാള സിനിമയുടെ പ്രധാന റിലീസ് കാലമായ പെരുന്നാള്‍ - വിഷു - വേനലവധിക്കാലം കഴിഞ്ഞുപോയി. ഈ കാലത്തെ വിപണിയും ലാഭവും ലക്ഷ്യമിട്ട് റിലീസിന് തയ്യാറെടുത്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മാലിക്ക് ഉള്‍പ്പെടെയുള്ള വന്‍ സിനിമകള്‍ മുടങ്ങി. വേനലവധി കഴിഞ്ഞാല്‍ ഓണക്കാലമാണ് മലയാള സിനിമയുടെ പ്രധാന റിലീസ് കാലം. തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഓണം റിലീസുകളും മുടങ്ങും. ഈ മാസാവസാനമാണ് ഓണം. ഷൂട്ടിംഗ് പൂര്‍ത്തിയായതും പാതിയില്‍ നിന്നു പോയതുമായി 44 സിനിമകളാണ് നിലവില്‍ മുടങ്ങിക്കിടക്കുന്നത്. ഇവയ്ക്കായി മുടക്കിയ 320 കോടി രൂപയാണ് മരവിച്ചിരിക്കുന്നത്. ഇതിന്റെ പലിശ കൂടി ചേര്‍ത്താല്‍ വലിയ ബാധ്യതയാണ് പണം മുടക്കിയവര്‍ക്കുള്ളത്. 42 സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. എട്ട് മാസം കൊണ്ട് നൂറിനടുത്ത് സിനിമകള്‍ റിലീസ് ചെയ്യേണ്ടതാണ്. ശരാശരി 150 സിനിമകളാണ് ഒരു വര്‍ഷം റിലീസ് ചെയ്യുന്നത്. 750-800 കോടിയുടെ നിക്ഷേപമാണ് മുതല്‍മുടക്ക്. മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്താല്‍ ഇത് കുറഞ്ഞ മുതല്‍മുടക്കാണ്. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച് ഇത് ചരിത്രത്തില്‍ ഏറ്റവുമധികം പണം മുടക്കിയ വര്‍ഷമാണ്. അതുകൊണ്ടുതന്നെ നഷ്ടം കണക്കിലെടുത്താല്‍ വന്‍ ബാധ്യതയാകും. ഇതില്‍നിന്ന് മറികടക്കാന്‍ ഏറെക്കാലമെടുക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഈ വര്‍ഷം പൂര്‍ണമായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കാനാണ് സാധ്യതയെന്ന് ചലച്ചിത്രനിര്‍മ്മാണ മേഖലയുമായി ബസപ്പെട്ടവര്‍ പറയുന്നു. സിനിമാ ചിത്രീകരണം തുടങ്ങിയെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ കാരണം സ്വതന്ത്രമായ പ്രവര്‍ത്തനം സാധിക്കാത്ത അവസ്ഥയാണ്. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടിയതോടെ പല സ്ഥലങ്ങളിലും ആരംഭിച്ച ഷൂട്ടിംഗ് നിര്‍ത്തേണ്ടിയും വന്നു. നിലവില്‍ ഔട്ട്‌ഡോര്‍ ഷൂട്ട് പൂര്‍ണമായി നിലച്ച സ്ഥിതിയാണ്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് താത്കാലികമായി സിനിമാ വ്യവസായത്തെ സംരക്ഷിക്കാനായി ജി.എസ്.ടി ഇളവ്, വിനോദ നികുതി ഒഴിവാക്കല്‍, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതു ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത സംഘടനകള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടു മാസങ്ങളായെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. 

  ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 7