കോവിഡ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച മേഖലകളിലൊന്നാണ് സിനിമ. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ലോകത്തെമ്പാടും തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം മുടങ്ങുകയും ചെയ്തു. മഹാമാരിക്കു ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ കാണാന്‍ ആളുകള്‍ എത്തുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം. എന്നാല്‍ ഇത്തരം ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഒരു ദക്ഷിണ കൊറിയന്‍ സിനിമ അത്ഭുത വിജയത്തിലേക്ക് കുതിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങി ആഗോള ഹിറ്റാകുകയും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ വിസ്മയപ്പെടുത്തുകയും ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ട്രെയിന്‍ ടു ബുസാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ പെനിന്‍സുലയാണ് കോവിഡ് കാലത്ത് പ്രദര്‍ശനത്തിനെത്തി ആളെക്കൂട്ടുന്നത്. കോവിഡ് അത്ര നാശം വിതയ്ക്കാത്ത ദക്ഷിണ കൊറിയ, തായ്വാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് യാന്‍ സാങ് ഹോ സംവിധാനം ചെയ്ത പെനിന്‍സുല റിലീസ് ചെയ്തത്. ആളുകള്‍ വന്‍തോതില്‍ തിയേറ്ററിലെത്തുകയും പല രാജ്യങ്ങളിലും സിനിമ റെക്കോര്‍ഡ് വിജയം നേടുകയും ചെയ്യുന്നത് കോവിഡ് മഹാമാരി കാലത്ത് അത്ഭുതമായി മാറുകയാണ്. ഇതോടെ കോവിഡ് കാലത്തിനു ശേഷമുള്ള ആഗോള സിനിമാ വിപണിക്ക് തന്നെ ആത്മവിശ്വാസം നല്‍കാനും പെനിന്‍സുലയുടെ റിലീസിലുടെ സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഫെസ്റ്റിവെല്‍ നടക്കാത്തതു കാരണം സിനിമ തിയേറ്ററില്‍ തന്നെ പ്രീമിയര്‍ പ്രദര്‍ശനം ആരംഭിക്കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൊറിയന്‍ ആഭ്യന്തര ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ജൂലൈ 15ന് റിലീസ് ചെയ്ത ചിത്രം നേടിയത്. സൗത്ത് കൊറിയയില്‍ 2338 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിനം വിറ്റത് 3.53 ലക്ഷം ടിക്കറ്റുകള്‍. അതില്‍ നിന്നു നേടിയത് 2.4 മില്യണ്‍ ഡോളര്‍ (17 കോടി രൂപ). സൗത്ത് കൊറിയയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് 13.2 മില്യണ്‍ ഡോളര്‍ കൊറിയയില്‍ നിന്നും 20.8 മില്യണ്‍ ഡോളര്‍ ആഗോള തലത്തിലും നേടി. തായ്വാനില്‍ ചിത്രം ആദ്യ ദിവസം നേടിയത് 7.99 ലക്ഷം ഡോളറാണ്. സിംഗപ്പൂരില്‍ ചിത്രം റിലീസ് ദിവസം 1.06 ലക്ഷം ഡോളര്‍ നേടി. സിംഗപ്പൂരില്‍ ഒരു കൊറിയന്‍ ചിത്രം നേടുന്ന എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. റിലീസിന്റെ മൂന്നാഴ്ച പിന്നിടുമ്പോള്‍ മലേഷ്യ, വിയറ്റ്‌നാം, തായ്‌ലാന്റ്, മംഗോളിയ എന്നിവിടങ്ങളിലും ബോക്‌സ് ഓഫീസില്‍ പെനിന്‍സുല ഒന്നാം സ്ഥാനത്താണ്. കൊറിയന്‍ ബോക്‌സ് ഓഫീസില്‍ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്തു തുടരുന്ന ചിത്രം രണ്ടാഴ്ച കൊണ്ട് 32 ലക്ഷവും മൂന്നാഴ്ച കൊണ്ട് 45 ലക്ഷവും ടിക്കറ്റുകളാണ് വിറ്റത്. ഓഗസ്റ്റ് 7 വരെയുള്ള കണക്കനുസരിച്ച് കൊറിയയില്‍ നിന്നു മാത്രം 27 മില്യണ്‍ ഡോളറാണ് ചിത്രം നേടിയിട്ടുള്ളത്. കാനഡയിലാണ് പെനിന്‍സുല ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തിട്ടുള്ളത്. കാനഡയില്‍ 47 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച കളക്ഷനാണ് നേടുന്നത്.
കോവിഡിനു മുമ്പ് അന്തര്‍ദേശീയ വിതരണ കരാറുകള്‍ ഒപ്പിട്ടിരുന്ന പെനിന്‍സുല 185 രാജ്യങ്ങളിലേക്കാണ് വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് കാരണം മുക്കാല്‍ പങ്ക് രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യാനായില്ല. കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച് കരാറില്‍ ഉള്‍പ്പെടുന്ന മറ്റ് രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. അമേരിക്ക, ചൈന, ജപ്പാന്‍, യു.എ.ഇ, ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന തിയേറ്റര്‍ മാര്‍ക്കറ്റുകളിലെ റിലീസും ലാഭവും ആണ് പെനിന്‍സുല ടീമിന്റെ ലക്ഷ്യം. പെനിന്‍സുലയുടെ ആദ്യ ഭാഗമായ ട്രെയിന്‍ ടു ബുസാന്‍ ഈ രാജ്യങ്ങളിലെല്ലാം വന്‍ വിജയമായിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 692 കോടിയാണ് ആദ്യ ഭാഗം നേടിയത്.
2016ല്‍ റിലീസ് ചെയ്ത ട്രെയിന്‍ ടു ബുസാന്‍ ഒരു കോടിയിലേറെ പ്രേക്ഷകരെ തീയറ്ററില്‍ എത്തിക്കുന്നതില്‍ വിജയിച്ച ചിത്രമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൊറിയന്‍ ചലച്ചിത്രമായിരുന്നു ട്രെയിന്‍ ടു ബുസാന്‍. മനുഷ്യന്‍ സോംബിയായി മാറുകയും ആക്രമിക്കപ്പെടുന്നതുമായിരുന്നു പ്രമേയം. ചിത്രത്തിന്റെ ഇമോഷണല്‍ മൂഡ് പ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നു. നാലു വര്‍ഷത്തിനു ശേഷം കോവിഡ് ലോക്ക് ഡൗണ്‍ കാലത്തും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി ഏറ്റവുമധികം പേര്‍ കണ്ട സിനിമകളിലൊന്നാണ് ട്രെയിന്‍ ടു ബുസാന്‍.
ബുസാനില്‍ സോംബി ആക്രമണം ഉണ്ടായി നാല് വര്‍ഷത്തിനു ശേഷമുള്ള കഥയാണ് പെനിന്‍സുലയില്‍ പറയുന്നത്. ഡോങ് വോന്‍, ജുങ് ഹ്യുന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആദ്യ ഭാഗങ്ങളിലെ കഥാപാത്രങ്ങളുമായി ബന്ധമില്ല. രണ്ടാം ഭാഗത്തില്‍ പറയുന്നത് മറ്റൊരു കഥയാണ്. ഒരു വീണ്ടെടുക്കല്‍ ദൗത്യത്തില്‍ ഒരു സംഘം ആക്രമണത്തിന് വിധേയരാകുന്നതിലൂടെയാണ് പെനിന്‍സുലയുടെ കഥ ആരംഭിക്കുന്നത്. ട്രെയിന്‍ ടു ബുസാനില്‍ കഥ അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്. സോംബി ഹൊറര്‍ പാറ്റേണിലാണ് കഥാപശ്ചാത്തലം. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 62 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 11
No comments:
Post a Comment