ഹിന്ദിയടക്കം മറ്റ് ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്താല്‍ ബ്രീട്ടിഷ് ഭരണവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും പ്രമേയമാക്കിയ ഒട്ടനവധി സിനിമകളൊന്നും മലയാളത്തില്‍ പിറവി കൊണ്ടിട്ടില്ല. പൂര്‍ണമായും സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ പറയുന്നതിനേക്കാളും പ്രധാന പ്രമേയത്തിനു സമാന്തരമായി സ്വാതന്ത്ര്യസമര പ്രസ്ഥാന കാലത്തിലൂടെ കടന്നുപോകുന്ന സിനിമകളായിരുന്നു മലയാളത്തില്‍ കൂടുതലും ഉണ്ടായത്. നൂറുകണക്കിന് സിനിമകളിലാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യസമര കാലം പശ്ചാത്തലവും സ്വാതന്ത്ര്യസമര സേനാനികള്‍ കഥാപാത്രങ്ങളുമായത്. എന്നാല്‍ അപൂര്‍വം സിനിമകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും വീരയോദ്ധാക്കളെയും കേന്ദ്രപ്രമേയമാക്കാനും തയ്യാറായി.
ഐ.വി.ശശിയുടെ 1921, പ്രിയദര്‍ശന്റെ കാലാപാനി, ഹരിഹരന്റെ കേരളവര്‍മ്മ പഴശ്ശിരാജാ തുടങ്ങിയ സിനിമകളാണ് മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പരിചിതമായ സ്വാതന്ത്ര്യസമര സിനിമകള്‍. ഈ സിനിമകളെല്ലാം വലിയ മുതല്‍മുടക്കില്‍ സ്വാതന്ത്ര്യസമര കാലത്തെ പുനരാവിഷ്‌കരിക്കുകയും ബോക്‌സോഫീസ് വിജയങ്ങളാകുകയും ചെയ്തവയാണ്.
മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ക്ക് സ്വാതന്ത്ര്യസമര ചരിത്ര സിനിമകള്‍ക്ക് സവിശേഷ പ്രാധാന്യം നല്‍കി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 1951 ല്‍ വി.കൃഷ്ണന്‍ സംവിധാനം ചെയ്ത കേരളകേസരിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പറഞ്ഞ ആദ്യകാല മലയാള ചിത്രം. ദേശഭക്തന്‍ എന്ന മൊഴിമാറ്റ ചിത്രവും ഇതേ വര്‍ഷം തന്നെ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. 1962 ല്‍ എസ്.എസ്. രാജനും ജി.വിശ്വനാഥനും ചേര്‍ന്ന് സംവിധാനം ചെയ്ത വേലുത്തമ്പി ദളവയും 1964 ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാറും 1988 ല്‍ ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരുവും ചരിത്രപുരുഷന്മാരുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കഥ കൂടി പറഞ്ഞിരുന്നു. 1986 ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യന്‍' സ്വാതന്ത്ര്യസമരകാലത്ത് നടന്ന കയ്യൂര്‍ സംഭവത്തിലേക്കായിരുന്നു വിരല്‍ ചൂണ്ടുന്നത്.
മലയാളത്തിലിറങ്ങിയ രണ്ടു വന്‍ ബജറ്റ് സ്വാതന്ത്ര്യസമര ഗാഥകളും രചിച്ചത് ടി.ദാമോദരനായിരുന്നു. ഐ.വി. ശശി ഒരുക്കിയ 1921 ന് തിരക്കഥയൊരുക്കിയ ദാമോദരന്‍ മലബാറിനെ പിടിച്ചു കുലുക്കിയ മലബാര്‍ കലാപമാണ് വിഷയമാക്കിയത്.1988ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 1996ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എഴുതിയതും ടി.ദാമോദരനാണ്. ആന്‍ഡമാന്‍ നിക്കോബര്‍ പോര്‍ട്ട് ബ്ലയര്‍ ജയിലില്‍ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ കഥയായിരുന്നു കാലാപാനിയുടെ പ്രമേയം. ഈ രണ്ട് സിനിമകളും അതതു കാലത്തെ ഏറ്റവും വലിയ ബജറ്റുകളില്‍ പൂര്‍ത്തിയാക്കിയ സിനിമകളായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ അനുഗ്രഹത്തോടെ ആലിമുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിന്റെ കഥ കുറേ സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേര്‍ത്ത സ്വതന്ത്രാഖ്യാനമാണ് മണ്ണില്‍ മുഹമ്മദ് നിര്‍മ്മിച്ച 1921 എന്ന ചലച്ചിത്രം. അന്നത്തെ കാലത്ത് ഒരു കോടിക്കു മേല്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, സുരേഷ് ഗോപി, മധു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം തിയേറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കി.
മലയാളത്തിലെ എക്കാലത്തേയും വലിയ നിര്‍മ്മാണ സംരംഭങ്ങളിലൊന്നായ കാലാപാനി ആന്‍ഡമാന്‍സിലെ സെല്ലുലാര്‍ ജയിലുകളില്‍ വീര്‍സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഒരു സഹനസമര മുന്നേറ്റത്തിന്റെ കഥയാണ് പറഞ്ഞത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ജയിലായിരുന്നു കാലാപാനി എന്നറിയപ്പെട്ടിരുന്നത്. മോഹന്‍ലാല്‍, പ്രഭു, തബു, നെടുമുടി വേണു, അമരീഷ് പുരി, ശ്രീനിവാസന്‍, എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം തിയേറ്റര്‍ വിജയമായിരുന്നു.
മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2009 ല്‍ റിലീസിനെത്തിയ എം.ടി- ഹരിഹരന്‍ ചിത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ബ്രീട്ടിഷുകാര്‍ക്കെതിരെ വയനാട് കേന്ദ്രമാക്കി കോട്ടയം രാജവംശത്തിലെ പഴശ്ശിരാജ നടത്തിയ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമാക്കിയത്. 27 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ഈ ചിത്രം അതുവരെയുള്ള മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി. ബോക്സോഫീസിലും പഴശ്ശിരാജ വലിയ ചലനമുണ്ടാക്കി. സിനിമയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന സിനിമ സാങ്കല്‍പിക കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും 16 -ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ക്രൂരതകള്‍ ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 2011 ല്‍ പുറത്തിറങ്ങിയ ഉറുമി. 1498ല്‍ കേരളത്തിലേക്കുള്ള കപ്പല്‍പാത കണ്ടെത്തുന്ന വാസ്‌കോ ഡ ഗാമ 1502ല്‍ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാര ബന്ധങ്ങള്‍ വ്യാപിപ്പിക്കാന്‍ പോര്‍ച്ചുഗീസ് സംഘത്തിന്റെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.
പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിര്‍വഹിച്ച് 2011 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വീരപുത്രന്‍. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരന്‍ എന്‍.പി. മുഹമ്മദ് രചിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍: ഒരു നോവല്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ചരിത്ര സിനിമ. ഇന്ത്യന്‍ സ്വാതന്ത്ര്യസമര വേളയില്‍ മലബാര്‍ മേഖലയില്‍ നടന്ന സംഭവപരമ്പരകളെയാണ് ചിത്രം പരാമര്‍ശവിധേയമാക്കുന്നത്. മതനിരപേക്ഷ നിലപാടിലൂടെ അറിയപ്പെടുന്ന മലബാറിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യസമര നേതാവുമായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്റെ ജീവിതത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ കെ.കേളപ്പന്‍, കെ.പി. കേശവമേനോന്‍ എന്നിവരേയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഭീകരവാദവും അതിനെതിരെയുള്ള ചെറുത്തുനില്പും ദേശസ്‌നേഹവും പ്രമേയമാക്കിയ ഒട്ടേറെ സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുളളത്. ജോഷിയുടെ നായര്‍സാബ്, സൈന്യം, രാജീവ് അഞ്ചലിന്റെ കാശ്മീരം, മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, മിഷന്‍ 90 ഡെയ്‌സ്, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകള്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം തുറന്ന് കാണിക്കുന്നവയും ദേശസ്‌നേഹം വിളിച്ചോതുന്നവയുമാണ്.
ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 15
No comments:
Post a Comment