Thursday, 28 January 2021

മാര്‍ച്ചില്‍ വിരുന്നുവന്ന മലയാളത്തിന്റെ നിത്യഹരിത മ്യൂസിക്കല്‍ ട്രിലെജി


സിനിമയില്‍ പാട്ട് വരുന്ന നേരം സീറ്റില്‍ നിന്ന് എഴുന്നേറ്റ് പുറത്തുപോകുന്ന ഒരു ശീലമുണ്ടായിരുന്നു മലയാളി പ്രേക്ഷകര്‍ക്ക്. ഹിറ്റായ പാട്ടാണെങ്കില്‍ കേട്ടിരിക്കും. അല്ലെങ്കില്‍ എണീറ്റ് ടാക്കീസിനു പുറത്തുപോയി പാട്ട് തീരുന്ന നേരം നോക്കി അകത്തു കയറി ബാക്കി പടം കാണും. ഇങ്ങനെയൊരു സിനിമ കാണല്‍ ശീലം സൂക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്കാണ് സിബിമലയിലും ലോഹിതദാസും ചേര്‍ന്ന് ഒരു സമ്പൂര്‍ണ സംഗീത സിനിമയുമായി വരുന്നത്. അതുവരെയുള്ള ഫോര്‍മുലകളെ മാറ്റിമറിച്ച ഈ സിനിമ വന്‍ വിജയമായി. ഈ ആവേശത്തില്‍ തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു സംഗീത സിനിമയുമായി ഇതേ കൂട്ടുകെട്ട് വീണ്ടുമെത്തി. ആ സിനിമയും വിജയം. തീര്‍ന്നില്ല, കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു സംഗീത സിനിമ. അതും കാണികള്‍ ഏറ്റെടുത്തു.

     1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ള, 1991 ല്‍ ഭരതം, 1992 ല്‍ കമലദളം എന്നിവയായിരുന്നു ആ സിനിമകള്‍. മോഹന്‍ലാല്‍ നായകനായ ഈ സിനിമകളെല്ലാം തിയേറ്ററിലെത്തിയത് മാര്‍ച്ച് അവസാനത്തിലാണ്. വിഷുവും വേനലവധിക്കാലവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത ചിത്രങ്ങള്‍ അണിയറക്കാരുടെ പ്രതീക്ഷ പോലെ തന്നെ ഏറ്റെടുത്തത് കുടുംബ പ്രേക്ഷകര്‍ തന്നെ. മൂന്നു സിനിമകളും തിയേറ്ററില്‍ 100 ദിവസം തികച്ചു. പാട്ടുകളുടെ സമയത്ത് കാണികള്‍ എഴുന്നേറ്റു പോയില്ലെന്നു മാത്രമല്ല, പാട്ടുകള്‍ കാണാനായി ആളുകള്‍ ആവര്‍ത്തിച്ച് ഈ സിനിമകള്‍ക്ക് കയറി. അതോടെ രവീന്ദ്രന്റെ ഈണങ്ങള്‍ കാണികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയായി മാറി.

     


സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദ്യമായ കുടുംബകഥ പറയുകയായിരുന്നു ഈ സിനിമകള്‍. അതുവരെയുള്ള സിനിമകളില്‍ പാട്ടുകള്‍ സ്ഥിരമായി ചിട്ടപ്പെടുത്തി വച്ചിട്ടുള്ള രംഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നവ മാത്രമായിരുന്നെങ്കില്‍ ഹിസ് ഹൈനസ് അബ്ദുളളയിലും ഭരതത്തിലും കമലദളത്തിലും പാട്ടുകള്‍ പ്രധാന കഥാപാത്രങ്ങളെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയായി മാറി. മ്യൂസിക്കല്‍ സിനിമ ജനപ്രിയ ചേരുവയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കാമെന്ന് സിബി മലയിലും ലോഹിതദാസും തെളിയിച്ചു. പിന്നീട് ഈ മാതൃക അനുകരിച്ച് ഒട്ടേറെ സിനിമകള്‍ വരികയുണ്ടായി.

      ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' എന്നീ പാട്ടുകളെല്ലാം വലിയ ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. ഒന്നും അനാവശ്യമായി ചേര്‍ത്തതായി കാണികള്‍ക്ക് അനുഭവപ്പെട്ടില്ല. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

     


രവീന്ദ്രന്റെ ഈണത്തില്‍ ഗോപാംഗനേ ആത്മാവിലേ, ധ്വനിപ്രസാദം, രഘുവംശപതേ , രാമകഥാ ഗാനലയം, ശ്രീവിനായകം എന്നീ ഗാനങ്ങളുമായിട്ടായിരുന്നു ലോഹിതദാസ് - സിബി മലയില്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ സംഗീത സിനിമയായ ഭരതം എത്തിയത്. കല്ലൂര്‍ ഗോപിനാഥന്‍, രാമനാഥന്‍ എന്നീ സംഗീതജ്ഞരായ സഹോദരങ്ങളുടെ മാനസിക വ്യഥകളിലൂടെ പ്രേക്ഷകര്‍ സഞ്ചരിച്ചു. ഹിസ് ഹൈനസ് അബ്ദുള്ള മ്യൂസിക്കല്‍ ഡ്രാമ  ത്രില്ലര്‍ ആയിരുന്നെങ്കില്‍ ഭരതം കുറേക്കൂടി ഇമോഷണല്‍ ആയിരുന്നു. ചേട്ടന്റെ മരണവിവരം വീട്ടുകാരെ അറിയിക്കാതെ, ഒന്നു കരയാന്‍ പോലുമാകാതെ ഗോപിനാഥന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നെഞ്ചുപൊട്ടി പാടിയപ്പോള്‍ തകര്‍ന്നത് കാണികളുടെ ഹൃദയങ്ങളായിരുന്നു. ഒരു നോവായി മാത്രമേ ഭരതം ഇപ്പോഴും കണ്ടിരിക്കാനാകൂ. രാമകഥ ഗാനലയം എന്ന പാട്ട് ഒരേ സമയം രവീന്ദ്ര സംഗീതത്തിന്റെയും യേശുദാസിന്റെ ആലാപനത്തിന്റെയും ഉത്തുംഗത കാണിച്ചപ്പോഴും സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ കാണികള്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.

      1991ല്‍ മൂന്നു ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി മോഹന്‍ലാലിന് ലഭിക്കുന്നതും ഭരതത്തിലൂടെയായിരുന്നു. മികച്ച നടന്‍, മികച്ച പിന്നണി ഗായകന്‍, പ്രത്യേക ജൂറി പുരസ്‌കാരം എന്നിങ്ങനെ മൂന്നു ദേശീയ പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ച രണ്ടാമത്തെ ചിത്രം, നടന്‍, നടി, സംഗീത സംവിധാനം, പ്രത്യേക ജൂറി പുരസ്‌കാരം എന്നിവയും ചിത്രത്തിന് ലഭിച്ചു.

   


  സംഗീതത്തില്‍ നിപുണതയുള്ള വാടകക്കൊലയാളിയായ അബ്ദുള്ള, സംഗീതജ്ഞനായ ഗോപിനാഥന്‍ എന്നീ കഥാപാത്രങ്ങളായാണ് മുന്‍ സിനിമകളില്‍ മോഹന്‍ലാല്‍ എത്തിയതെങ്കില്‍ കലാമണ്ഡലത്തിലെ നൃത്താധ്യാപകനായ നന്ദഗോപന്‍ എന്ന വേഷമായിരുന്നു കമലദളത്തില്‍. നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയ ഈ ചിത്രവും കാണികളുടെ സജീവ പ്രശംസ നേടി. 150 ദിവസമാണ് മേജര്‍ സെന്ററുകളില്‍ കമലദളം പ്രദര്‍ശിപ്പിച്ചത്. ഗാനാലാപന രംഗങ്ങള്‍ക്കൊപ്പം നൃത്തത്തിലുമുള്ള മോഹന്‍ലാലിന്റെ അനായാസത കമലദളം കാട്ടിത്തന്നു. ന്യത്ത, സംഗീത വേദികളില്‍ തിളങ്ങി നില്‍ക്കുമ്പോഴും ജീവിതം കൂട്ടിച്ചേര്‍ക്കുന്നതില്‍ താളംതെറ്റുന്ന നന്ദഗോപന്റെ അന്ത്യം അത്യധികം വേദനയോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്.

     


പാട്ടുകളുടെ ഗരിമയില്‍ ഹിസ് ഹൈനസ് അബ്ദുള്ളയോടും ഭരതത്തോടും കിടപിടിക്കുന്ന ഈണങ്ങള്‍ തന്നെയായിരുന്നു രവീന്ദ്രനും കൈതപ്രവും കമലദളത്തിനു വേണ്ടിയും ചിട്ടപ്പെടുത്തിയത്. പ്രേമോദാരനായ്, അലൈപായുതേ, സായന്തനം, ആനന്ദ നടനം, കമലദളം, സുമുഹോര്‍ത്തമാ എന്നീ ഗാനങ്ങളെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 18

No comments:

Post a Comment