Tuesday, 19 January 2021

ഇന്ദുചൂഡന്റെ അമാനുഷികതയില്‍ തകര്‍ന്ന വിനയചന്ദ്രന്‍


മലയാള സിനിമയുടെ തിയേറ്റര്‍ റിലീസിംഗ് രീതിയെയും കളക്ഷന്‍ ചരിത്രത്തെയും മാറ്റിമറിച്ച സിനിമയായിരുന്നു നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000 ജനുവരി 26 ന് റിലീസ് ചെയ്ത നരസിംഹം അതുവരെയുള്ള സകല കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ചു കൊണ്ടാണ് തിയേറ്ററില്‍ മുന്നേറിയത്. 32 തിയേറ്ററുകളിലാണ് നരസിംഹം റിലീസ് ചെയ്തത്. അതുവരെയുള്ളതില്‍ വച്ച് കേരളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ റിലീസ്.

      നായകസങ്കല്പങ്ങളുടെ പരിപൂര്‍ണത എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രം ആദ്യ ദിവസം മുതല്‍ കാണികള്‍ ഏറ്റെടുത്തു. റിലീസ് ചെയ്ത ഒരിടത്തും ടിക്കറ്റ് കിട്ടാനില്ലാത്ത വിധം അഭൂതപൂര്‍വമായ ജനത്തിരക്ക്. ദിവസങ്ങളോളം ശ്രമിച്ചിട്ടും ആളുകള്‍ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. ഒരാഴ്ച കൊണ്ടു തന്നെ നിര്‍മ്മാതാവിന് മുടക്കുമുതലിനു പുറമേ ലാഭവും തിരിച്ചുകിട്ടി. പ്രദര്‍ശനം തുടങ്ങി 35 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചിത്രം 2 കോടി ഷെയര്‍ നേടിയെടുത്തു. എല്ലാ റിലീസിംഗ് സെന്ററിലും 100 ദിവസങ്ങളില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മേജര്‍ സെന്ററുകളില്‍ 200 ദിവസമാണ് നരസിംഹം ഓടിയത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോര്‍ഡ് ഈ സിനിമ സ്വന്തമാക്കി. മൊത്തം കളക്ഷനായി 22 കോടി നേടുകയും നിര്‍മ്മാതാവിന് 10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു. ഇന്നത്തെ നിലയ്ക്കാണെങ്കില്‍ 200 കോടിക്കു മേല്‍ മൂല്യമുള്ള വിജയം. ബി, സി ക്ലാസുകളിലും വന്‍ കളക്ഷനാണ് നരസിംഹം നേടിയത്. ഈ സിനിമയുടെ അത്ഭുത വിജയത്തോടെയാണ് വൈഡ് റിലീസിംഗിന്റെ സാധ്യതയെപ്പറ്റി മലയാള സിനിമാലോകം ആദ്യമായി ചിന്തിച്ചു തുടങ്ങിയത്.

                                                

       നരസിംഹം മലയാള സിനിമയെ ആകെ ഉണര്‍ത്തുകയും മോഹന്‍ലാലിന്റെ താരമൂല്യം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു. അതുവരെ ഏതു റോളുകളിലും മോഹന്‍ലാലിനെ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കാണാകള്‍ നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തോടെ മോഹന്‍ലാലില്‍ ഒരു അമാനുഷിക നായക ബിംബത്തെ പ്രതിഷ്ടിച്ചു. 

        ആ വര്‍ഷത്തെ വിഷുദിനത്തിലാണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ റിലീസ് ചെയ്യുന്നത്. നരസിംഹത്തിനു ശേഷമുള്ള മോഹന്‍ലാല്‍ സിനിമയ്ക്കായി ജനങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സിനിമാ ഇന്‍ഡസ്ട്രിയും മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ വരവിനെ അത്യധികം ആകാംക്ഷയോടെയാണ് കണ്ടത്. മോഹന്‍ലാലുമൊത്ത് മണിച്ചിത്രത്താഴ് ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള ഫാസില്‍ ആയിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍. നരസിംഹം തീര്‍ത്ത അമിത പ്രതീക്ഷ കാരണം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ 40 ല്‍ അധികം തിയേറ്ററിലാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ റിലീസ് ചെയ്തത്. അതുവരെയുണ്ടായതില്‍ വച്ചുള്ള വലിയ റിലീസ്. അന്നത്തെ താരമൂല്യമുള്ള നായിക സംയുക്താ വര്‍മ്മ മോഹന്‍ലാലിന്റെ നായികയായി. രണ്ടാമത്തെ നായികയായി ഗീതു മോഹന്‍ദാസ്. ബാലതാരമായിരുന്ന ഗീതു ആദ്യമായി ചെയ്യുന്ന നായികാവേഷം. വലിയ പ്രതീക്ഷകളോടെ വിഷു - വേനലവധിക്കാല കളക്ഷന്‍ കൂടി ലക്ഷ്യമിട്ട് എത്തിയ ഫാസില്‍ ചിത്രം എന്നാല്‍ തിയേറ്ററില്‍ മൂക്കുകുത്തി. ആദ്യ ദിവസങ്ങളില്‍ മോഹന്‍ലാല്‍ ചിത്രം കാണാന്‍ ആരാധകര്‍ തിയേറ്ററിലേക്ക് ഇരച്ചെത്തിയതായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സൂപ്പര്‍ താര ചിത്രത്തിന് ആളെ കിട്ടിയില്ല. നല്ല ഫാമിലി ഡ്രാമ എന്ന നിലയില്‍ അഭിപ്രായം കിട്ടിയെങ്കിലും പടത്തിന് ആളു കയറുന്നില്ല. മോഹന്‍ലാല്‍ ആരാധകര്‍ കൈവിടുകയും സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി വരികയും ചെയ്തതോടെ കുടുംബ പ്രേക്ഷകരും പരീക്ഷണത്തിന് മുതിര്‍ന്നില്ല.

                                 

                ഫാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനു പിന്നിലെ കാര്യമെന്താണെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നീടാണ് പ്രേക്ഷക പ്രതികരണത്തില്‍ നിന്ന് സത്യാവസ്ഥ പുറത്തുവന്നത്. മോഹന്‍ലാലിന്റെ അതിമാനുഷ കഥാപാത്രം കാണാനാണ് ആരാധകര്‍ എത്തിയത്. അവര്‍ക്ക് താരത്തെ ഫാമിലിമാനായി കാണാന്‍ താത്പര്യമില്ല. അതാണ് നല്ല സിനിമയായിട്ടും അവര്‍ ലൈഫ് ഈസ് ബ്യൂട്ടിഫുളിനെ കൈവിട്ടത്. ശരിയായിരുന്നു, ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ മോഹന്‍ലാലിന്റെ അമാനുഷിക പ്രകടനമില്ല, നരസിംഹത്തിലേതു പോലെ പഞ്ച് ഡയലോഗുകളോ സംഘട്ടനങ്ങളോ ഇല്ല. പക്ഷേ അതിസുന്ദരമായ കുടുംബ ചിത്രമായിരുന്നു ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. ഇതിലെ വിനയചന്ദ്രന്‍ എന്ന അധ്യാപക വേഷം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി പിന്നീട് വിലയിരുത്തപ്പെട്ടു. സ്‌നേഹനിധിയായ ഭര്‍ത്താവും വാത്സല്യനിധിയായ ചേട്ടനും വ്യത്യസ്തനായ അധ്യാപകനുമായി മോഹന്‍ലാലിന്റെ വ്യത്യസ്ത മാനറിസങ്ങള്‍ കണ്ട സിനിമയ്ക്ക് പക്ഷേ തിയേറ്ററില്‍ രണ്ടാഴ്ച പോലും തികയ്ക്കാതെ പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ പിന്നീട് ടെലിവിഷന്‍, ഡി.വി.ഡി സ്‌ക്രീനിംഗുകളില്‍ മികച്ച ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കാന്‍ ചിത്രത്തിനായി. 2015ലെ അധ്യാപക ദിനത്തില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് തെരഞ്ഞെടുത്ത മികച്ച ഏഴ് അധ്യാപക സിനിമകളിലൊന്ന് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആയിരുന്നു. സിലബസില്‍ ഒതുങ്ങിനില്‍ക്കാത്ത, വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്ന മോഹന്‍ലാലിന്റെ അധ്യാപക കഥാപാത്രവും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

      വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അഭിമുഖത്തില്‍ ഫാസില്‍ പറയുകയുണ്ടായി 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ കാലം തെറ്റി പിറന്ന സിനിമയായിരുന്നില്ല. ഏതു കാലത്തും പ്രസക്തമായ വിഷയവും സന്ദേശവുമായിരുന്നു ആ സിനിമ മുന്നോട്ടുവച്ചത്. പക്ഷേ ഓരോ കാലത്തും കാണികള്‍ക്ക് ചില താത്പര്യങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ അതിനു പിറകേ പോകാന്‍ ഇഷ്ടപ്പെടും. ചില സിനിമകള്‍ തീര്‍ക്കുന്ന ഇംപാക്ട് അത്രയും ആയിരിക്കും. നരസിംഹം അങ്ങനെ ഒന്നായിരുന്നു. ഒരു പക്ഷേ നരസിംഹത്തിനു മുമ്പാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ റിലീസ് ചെയ്തതെങ്കില്‍ ഈ സിനിമയുടെ ഭാവി തന്നെ മറ്റൊന്നാകുമായിരുന്നു. പിന്നീട് ടീവിയിലൊക്കെ കണ്ട് ഒരുപാടു പേര്‍ അഭിനന്ദിച്ച സിനിമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. ഇപ്പൊഴും ആളുകള്‍ ഈ പടം കാണുന്നുണ്ട്.  

                നരസിംഹത്തിനു ശേഷം ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ പരാജയത്തോടെ പ്രേക്ഷകാഭിരുചി കണക്കിലെടുത്ത് മോഹന്‍ലാല്‍ വീണ്ടും അതിമാനുഷിക കഥാപാത്രങ്ങളെ തേടി ചെന്നു. എന്നാല്‍ അത്തരം വേഷങ്ങളില്‍ പുറത്തിറങ്ങിയ പ്രജ, ശ്രദ്ധ, താണ്ഡവം, ഒന്നാമന്‍, ചതുരംഗം തുടങ്ങിയ സിനിമകളൊന്നും വലിയ വിജയമായില്ലെന്നതും ശ്രദ്ധേയമാണ്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 10

No comments:

Post a Comment