മുപ്പതു വര്‍ഷത്തിനു ശേഷവും നെട്ടൂരാന്റെയും ഡി.കെയുടെയും മുദ്രാവാക്യം വിളിയുടെ പുതുമ ചോര്‍ന്നിട്ടില്ല. മാത്രമല്ല, പഴകും തോറും അതിന് വീര്യമേറുന്നുമുണ്ട്. വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കെ.ആര്‍ ഗൗരിയമ്മയുടെയും ജീവിതത്തെ ആധാരമാക്കി 1990 ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാം മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സിനിമകളിലൊന്നാണ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന ലാല്‍സലാമിന് പല തലമുറകളുടെ ഇഷ്ട രാഷ്ട്രീയ സിനിമയെന്നതാണ് പ്രസക്തി. ലാല്‍സലാം തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ജനിച്ചിട്ടില്ലാത്തവരും പില്‍ക്കാലത്ത് ഈ സിനിമയുടെയും ഇതിലെ കഥാപാത്രങ്ങളുടെയും വലിയ ആരാധകരായി മാറി. അങ്ങനെ ലാല്‍സലാമിന് മുപ്പത് വയസ്സാകുമ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. സിനിമാ നവ മാധ്യമങ്ങളോ വെബ്‌സൈറ്റുകളോ മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ കണക്കെടുക്കുമ്പോള്‍ അതിലെ പ്രഥമസ്ഥാനങ്ങളിലൊന്നും ഈ വേണു നാഗവള്ളി ചിത്രത്തിന് അവകാശപ്പെട്ടതാണ്.
ചെറിയാന്‍ കല്പകവാടിയുടെ കഥയ്ക്ക് വേണു നാഗവള്ളി തീര്‍ത്ത തികവുറ്റ തിരക്കഥയാണ് ലാല്‍സലാമിന്റെ ജനപ്രിയതയ്ക്കു കാരണം. ശക്തമായ കഥാപാത്രങ്ങളും കുറിക്കു കൊള്ളുന്ന ഡയലോഗുകളും മികച്ച പാട്ടുകളുമടക്കം പോപ്പുലര്‍ സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്താണ് വേണു നാഗവള്ളി ലാല്‍സലാം ഒരുക്കിയത്. ചരിത്രത്തോടും രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തോടും നീതി പുലര്‍ത്തിയതിനൊപ്പം കലാമൂല്യത്തിലും കച്ചവട സിനിമയെന്ന രീതിയിലും മികവു പുലര്‍ത്തുന്ന സമീപനമായിരുന്നു ലാല്‍സലാമിന്റേത്. രാഷ്ട്രീയ സിനിമയെന്ന മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയപ്പോഴും ശക്തമായ കുടുംബകഥയുടെ അടിത്തറ ലാല്‍സലാമിനുണ്ടായിരുന്നു.
ലാല്‍സലാമിന് മുന്‍പും ശേഷവുമുള്ള രാഷ്ട്രീയ സിനിമകള്‍ ഒന്നുകില്‍ പ്രത്യക്ഷ രാഷ്ട്രീയം മാത്രം പറയുന്ന സമാന്തര സിനിമകളോ അല്ലെങ്കില്‍ വിപണി വിജയം മാത്രം ഉന്നം വയ്ക്കുകയോ ചെയ്തപ്പോള്‍ പണിക്കുറ തീര്‍ന്ന തിരക്കഥയായിരുന്നു ഈ വേണു നാഗവള്ളി ചിത്രത്തിന്റെ നട്ടെല്ല്. ഈ മേന്മ കൊണ്ടു തന്നെയാണ് പല രാഷ്ട്രീയ സിനിമകളും പ്രേക്ഷകര്‍ മറന്നുപോയിട്ടും ലാല്‍സലാമിന് ഇപ്പൊഴും യൂ ട്യൂബിലും ടെലിവിഷന്‍ സ്‌ക്രീനിംഗുകളിലും കാഴ്ചക്കാരുണ്ടാകുന്നത്. രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ എല്ലാ വിഭാഗം കാണികളെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് നന്നായി തിരിച്ചറിയുന്ന വേണു നാഗവള്ളി മികച്ച കുടുംബ കഥ കൂടിയാണ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത്. ആ ഉദ്ദേശം ലക്ഷ്യം കണ്ടു. 1990 ലെ ക്രിസ്മസ് റിലീസായി എത്തിയ ലാല്‍സലാം പ്രധാന കേന്ദ്രങ്ങളിലെല്ലാം 100 ദിവസം ഓടി. ഏഴ് മേജര്‍ സെന്ററുകളില്‍ 150 ദിവസവും പ്രദര്‍ശിപ്പിച്ചു. ബി, സി ക്ലാസുകളിലും വലിയ കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ ഏറ്റവുമധികം വിജയം നേടിയ രാഷ്ട്രീയ സിനിമ എന്ന വിശേഷണവും ലാല്‍സലാമിന് അവകാശപ്പെട്ടതാണ്.
ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ജീവിതങ്ങളായിരുന്നു വേണു നാഗവള്ളി ലാല്‍സലാമിന് പശ്ചാത്തലമാക്കിയത്. സഖാവ് നെട്ടൂര്‍ സ്റ്റീഫന്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ജയില്‍വാസത്തിനു ശേഷം തിരിച്ചെത്തുന്ന നെട്ടൂര്‍ സ്റ്റീഫന്‍ മേടയില്‍ ഇട്ടിച്ചന്‍ എന്ന പ്രമാണിയുടെ മകള്‍ അന്നക്കുട്ടിയെ വിവാഹം കഴിക്കുന്നു. പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ നെട്ടൂരാന്‍ പാര്‍ട്ടിയില്‍നിന്ന് ലീവെടുത്തു മാറി ബിസിനസുകാരനാകുന്നു. അതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് നെട്ടൂരാന്‍ അനഭിമതനാകുന്നു. തുുടര്‍ന്നുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പാര്‍ട്ടിപ്രവര്‍ത്തകനും ബിസിനസുകാരനുമായുള്ള ആത്മസംഘര്‍ഷം നന്നായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. കേവലം 30 വയസ്സ് മാത്രമുള്ളപ്പോള്‍ മോഹന്‍ലാല്‍ ചെയ്ത എറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു ഇത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു തുല്യപ്രാധാന്യമുള്ളതായിരുന്നു മുരളി അവതരിപ്പിച്ച ഡി.കെ ആന്റണി എന്ന പാര്‍ട്ടി പ്രവര്‍ത്തകനും പിന്നീട് മന്ത്രിയുമാകുന്ന കഥാപാത്രം. ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ ഊര്‍ജ്ജസ്വലതയും മത്സരാഭിനയവും കൊണ്ട് കൈയടി നേടിയവയാണ്. ഡി.കെയുമായുള്ള നെട്ടൂരാന്റെ അത്മബന്ധവും ചിത്രത്തിലെ മര്‍മ്മമാണ്. 'ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍, തീപ്പെട്ടിയുണ്ടോ സഖാവെ ബീഡിയെടുക്കാന്‍..' എന്ന നെട്ടൂരാനും ഡി.കെയും തമ്മിലുള്ള സംഭാഷണം സുഹൃത്തുക്കള്‍ തമ്മില്‍ തൊണ്ണൂറുകളിലും പിന്നീടും പലതവണ ആവര്‍ത്തിക്കപ്പെട്ട സംഭാഷണമാണ്. മോഹന്‍ലാലും മുരളിയും തമ്മില്‍ പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച സംഭാഷണം. ചിത്രത്തിലെ ഡയലോഗുകള്‍ മിക്കതും കാണികള്‍ ഏറ്റെടുക്കുകയും പിന്നീട് പല സിനിമകളിലും പരസ്യചിത്രങ്ങളിലും മിമുകളിലും പോസ്റ്ററുകളിലും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ലാല്‍സലാം കാലങ്ങളെ അതിജീവിച്ച സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിക്കുന്നു.
ഗീത അവതരിപ്പിച്ച സഖാവ് സേതുലക്ഷ്മി എന്ന ആഭ്യന്തര മന്ത്രി കഥാപാത്രം, രേഖയുടെ സ്റ്റെല്ല, ഉര്‍വശിയുടെ അന്നക്കുട്ടി എന്നീ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. ഒ.എന്‍.വി എഴുതി രവീന്ദ്രന്‍ ഈണമിട്ട ലാല്‍സലാമിലെ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായി.
ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 14
No comments:
Post a Comment