കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനം മുടങ്ങിയിട്ട് ഈ വെള്ളിയാഴ്ച അഞ്ച് മാസം തികയുന്നു. ജനങ്ങളുടെ ഏറ്റവും വലിയ വിനോദോപാധി വെള്ളിത്തിരയില്‍ നിന്ന് അകന്നുപോയ 150 ദിവസങ്ങള്‍ സിനിമാ വ്യവസായം കണ്ട ഏറ്റവും വലിയ അനിശ്ചിതത്വത്തിന്റെ ദിവസങ്ങള്‍ കൂടിയാണ്. കേരളത്തിലെ തിയേറ്ററുകള്‍ ഇത്രയധികം ദിവസം തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നത് ഇതാദ്യമായിട്ടാണ്. സമാനതകളില്ലാത്ത നഷ്ടമാണ് സിനിമാ വ്യവസായത്തിന് കോവിഡ് വരുത്തിവച്ചത്. തിയേറ്ററുകള്‍ അടഞ്ഞുകിടന്നതോടെ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലില്ലാതായി, തിയേറ്ററിലെ യന്ത്രങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു, ഷൂട്ടിംഗ് മുടങ്ങിയതോടെ സിനിമ ഉപജീവന മാര്‍ഗമായ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് വരുമാനമില്ലാതായി, സിനിമയ്ക്ക് പണം മുടക്കിയ നിര്‍മ്മാതാക്കള്‍ കനത്ത സാമ്പത്തിക നഷ്ടത്തിലായി, സിനിമാ ഷൂട്ടിംഗ് അനുബന്ധ യൂണിറ്റുകള്‍, വാടകയ്ക്ക് ക്യാമറയും ഷൂട്ടിംഗ് സാമഗ്രികളും എത്തിക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കോവിഡ് ലോക്ക് ഡൗണ്‍ നന്നായി ബാധിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അണ്‍ ലോക്ക് മാര്‍ഗനിര്‍ദേശങ്ങളിലും തിയേറ്ററുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ഓഗസ്റ്റ് 31 വരെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഉറപ്പായി. നേരത്തെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക ഇളവുകളോടെ തിയേറ്ററുകള്‍ തുറക്കാമെന്ന് ആലോചിച്ചിരുന്നു. 30 ശതമാനം സീറ്റുകളില്‍ കാണികളെ ഇരുത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. മാത്രമല്ല, തിയേറ്റര്‍ ഉടമകള്‍ക്കും ഇതു സമ്മതമില്ല. 30 ശതമാനം സീറ്റുകളില്‍ ആളെ ഇരുത്തി സിനിമ കളിക്കുന്നത് തിയേറ്ററുകാര്‍ക്ക് നഷ്ടമാണ്. അതേസമയം കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ അടക്കമുള്ള ചൈനീസ് നഗരങ്ങളില്‍ ഈ മാതൃകയില്‍ സിനിമാ പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ചൈനയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ദിനംപ്രതി 50000 ല്‍ അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഉടന്‍ തിയേറ്ററുകള്‍ തുറക്കാനിടയില്ല.
മാര്‍ച്ച് 6 നാണ് കേരളത്തില്‍ അവസാനമായി സിനിമ റിലീസ് ചെയ്തത്. അതിനു ശേഷം ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന സിനിമ ജൂണ്‍ 28 ന് ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തു. അതിനിടെ മലയാള സിനിമയുടെ പ്രധാന റിലീസ് കാലമായ പെരുന്നാള്‍ - വിഷു - വേനലവധിക്കാലം കഴിഞ്ഞുപോയി. ഈ കാലത്തെ വിപണിയും ലാഭവും ലക്ഷ്യമിട്ട് റിലീസിന് തയ്യാറെടുത്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മാലിക്ക് ഉള്‍പ്പെടെയുള്ള വന്‍ സിനിമകള്‍ മുടങ്ങി. വേനലവധി കഴിഞ്ഞാല്‍ ഓണക്കാലമാണ് മലയാള സിനിമയുടെ പ്രധാന റിലീസ് കാലം. തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഓണം റിലീസുകളും മുടങ്ങും. ഈ മാസാവസാനമാണ് ഓണം.
ഷൂട്ടിംഗ് പൂര്‍ത്തിയായതും പാതിയില്‍ നിന്നു പോയതുമായി 44 സിനിമകളാണ് നിലവില്‍ മുടങ്ങിക്കിടക്കുന്നത്. ഇവയ്ക്കായി മുടക്കിയ 320 കോടി രൂപയാണ് മരവിച്ചിരിക്കുന്നത്. ഇതിന്റെ പലിശ കൂടി ചേര്‍ത്താല്‍ വലിയ ബാധ്യതയാണ് പണം മുടക്കിയവര്‍ക്കുള്ളത്. 42 സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. എട്ട് മാസം കൊണ്ട് നൂറിനടുത്ത് സിനിമകള്‍ റിലീസ് ചെയ്യേണ്ടതാണ്. ശരാശരി 150 സിനിമകളാണ് ഒരു വര്‍ഷം റിലീസ് ചെയ്യുന്നത്. 750-800 കോടിയുടെ നിക്ഷേപമാണ് മുതല്‍മുടക്ക്. മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്താല്‍ ഇത് കുറഞ്ഞ മുതല്‍മുടക്കാണ്. എന്നാല്‍ മലയാള സിനിമയെ സംബന്ധിച്ച് ഇത് ചരിത്രത്തില്‍ ഏറ്റവുമധികം പണം മുടക്കിയ വര്‍ഷമാണ്. അതുകൊണ്ടുതന്നെ നഷ്ടം കണക്കിലെടുത്താല്‍ വന്‍ ബാധ്യതയാകും. ഇതില്‍നിന്ന് മറികടക്കാന്‍ ഏറെക്കാലമെടുക്കുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഈ വര്‍ഷം പൂര്‍ണമായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കാനാണ് സാധ്യതയെന്ന് ചലച്ചിത്രനിര്‍മ്മാണ മേഖലയുമായി ബസപ്പെട്ടവര്‍ പറയുന്നു. സിനിമാ ചിത്രീകരണം തുടങ്ങിയെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ കാരണം സ്വതന്ത്രമായ പ്രവര്‍ത്തനം സാധിക്കാത്ത അവസ്ഥയാണ്. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടിയതോടെ പല സ്ഥലങ്ങളിലും ആരംഭിച്ച ഷൂട്ടിംഗ് നിര്‍ത്തേണ്ടിയും വന്നു. നിലവില്‍ ഔട്ട്‌ഡോര്‍ ഷൂട്ട് പൂര്‍ണമായി നിലച്ച സ്ഥിതിയാണ്.
നിലവിലെ പ്രതിസന്ധിയില്‍ നിന്ന് താത്കാലികമായി സിനിമാ വ്യവസായത്തെ സംരക്ഷിക്കാനായി ജി.എസ്.ടി ഇളവ്, വിനോദ നികുതി ഒഴിവാക്കല്‍, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതു ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത സംഘടനകള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടു മാസങ്ങളായെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ആഗസ്റ്റ് 7
No comments:
Post a Comment