ഇന്ത്യന്‍ സിനിമയുടെ പ്രാരംഭ കാലത്ത് പുണ്യപുരാണ കഥകള്‍ ഇതിവൃത്തമാക്കിയ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹിന്ദിയില്‍ തുടക്കമിട്ട ഈ ശൈലി അന്ന് സിനിമ നിര്‍മ്മിക്കപ്പെട്ടിരുന്ന മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളും അനുകരിച്ചു. പുരാണ, ഇതിഹാസ ചലച്ചിത്രങ്ങള്‍ക്ക് എല്ലായിടത്തും വലിയ രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുമായി. അതുവരെ കഥകളില്‍ കേട്ടും നാടകങ്ങളില്‍ കണ്ടും മാത്രം അറിഞ്ഞിരുന്ന പുരാണ കഥാപാത്രങ്ങളെ സിനിമയുടെ വിശാലതയില്‍ കാണാനായി പ്രേക്ഷകര്‍ കൂട്ടമായി കൊട്ടകകളിലേക്ക് എത്താന്‍ തുടങ്ങി. അങ്ങനെ പുരാണ കഥകള്‍ പറഞ്ഞ സിനിമകളെല്ലാം കാണികളുടെ മനസ്സില്‍ ഭക്തിയും ആനന്ദവും നിറച്ച് വലിയ വാണിജ്യ വിജയങ്ങളായി.
മലയാളത്തില്‍ വര്‍ഷത്തില്‍ പത്തില്‍ താഴെ മാത്രം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന കാലത്താണ് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച പുരാണ ചിത്രമായ സീത റിലീസ് ചെയ്യുന്നത്. 1943 ല്‍ പുറത്തിറങ്ങിയ രാമരാജ്യം എന്ന ഹിന്ദി ചിത്രത്തെ ആധാരമാക്കിയായിരുന്നു ജെ.ശശികുമാര്‍ സീത എഴുതിയത്. 1960 സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററിലെത്തിയ സീത നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും കുഞ്ചാക്കോയാണ്. ഉത്തര രാമായണ കഥ പ്രമേയമാക്കിയ സിനിമയില്‍ പ്രേംനസീര്‍ ശ്രീരാമനും കുശലകുമാരി സീതയുമായി. വാത്മീകി മഹര്‍ഷിയുടെ വേഷമായിരുന്നു അന്നത്തെ സൂപ്പര്‍ താരമായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക്.
യുദ്ധത്തിനു ശേഷം ശ്രീരാമന്‍ അശ്വമേധ യാഗം നടത്താനൊരുങ്ങുന്നതും സീത മക്കളുമൊത്ത് കാട്ടില്‍ വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വസിക്കുന്നതും സീതയുടെ അന്തര്‍ദ്ധാനവുമടങ്ങുന്ന ഉത്തരകാണ്ഡമായിരുന്നു സിനിമയില്‍ ചിത്രീകരിച്ചത്. തിയേറ്റര്‍ സ്‌ക്രീനിന്റെ വെളളിവെളിച്ചത്തില്‍ കാണികള്‍ ഏറെ കൗതുകത്തോടെ രാമായണം കഥ കണ്ടു. വി.ദക്ഷിണാമൂര്‍ത്തി ഈണമിട്ട 13 പാട്ടുകളാണ് സിനിമയിലുണ്ടായിരുന്നത്. അതില്‍ പി.സുശീല ആലപിച്ച 'പാട്ടു പാടിയുറക്കാം' എന്ന ഗാനം കേരളം ഏറ്റു പാടി.
കണ്ടവര്‍ പറഞ്ഞുകേട്ടും സിനിമയിലെ ഇമ്പമാര്‍ന്ന പാട്ടുകള്‍ കേട്ടും ആളുകള്‍ സീത കാണാന്‍ കൂട്ടത്തോടെ തിയേറ്ററിലെത്തി. അതിനു മുന്‍പ് 1951 ല്‍ പുറത്തിറങ്ങിയ ജീവിതനൗകയും 1954 ല്‍ റിലീസായ നീലക്കുയിലും കാണാനാണ് കേരളത്തില്‍ ഇത്രയധികം ജനങ്ങള്‍ തിയേറ്ററിലെത്തിയത്. പ്രധാന കേന്ദ്രങ്ങളിലും പിന്നീട് ഗ്രാമപ്രദേശത്തെ ഓലക്കൊട്ടകകളിലും സീത ദിവസങ്ങളോളം പ്രദര്‍ശിപ്പിച്ചു. 40 ലക്ഷം രൂപ കളക്ഷനാണ് സീത തിയേറ്ററില്‍ നിന്നു നേടിയത്. ഇന്നത്തെ 50 കോടിക്കുമേല്‍ മൂല്യം കണക്കാക്കാവുന്ന വിജയമാണ് സീത ബോക്‌സ് ഓഫീസില്‍ നേടിയത്. പിന്നീട് 1963ല്‍ എന്‍.എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രമാണ് സീതയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തത്.
സീതയുടെ വന്‍ വിജയത്തോടെ ഒട്ടേറെ പുരാണ, ചരിത്ര സിനിമകളാണ് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. അതില്‍ ഭൂരിഭാഗവും ഉദയാ സ്റ്റുഡിയോയില്‍ നിന്നായിരുന്നു. അന്നത്തെ പ്രമുഖ താരങ്ങളെല്ലാം പുരാണ കഥാപാത്രങ്ങളുടെ വേഷത്തില്‍ അഭിനയിക്കുകയും അതെല്ലാം കരിയറില്‍ വഴിത്തിരിവാകുകയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുകയും ചെയ്തു.
ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, ആഗസ്റ്റ് 23
No comments:
Post a Comment