Saturday, 13 December 2014

ഐ എഫ് എഫ് കെ-2014
അഭിപ്രായം നേടിയെടുത്ത് ഉദ്ഘാടന ചിത്രവും നായകനും
മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി മികച്ച അഭിപ്രായം നേടിയെടുത്ത് ഉദ്ഘാടനചിത്രം. ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിക്‌സ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ഇസ്രയേലിനുള്ളില്‍ തന്റേതായ ഇടം തേടുന്ന യുവാവിന്റെ കഥപറയുന്നു. എന്നും പ്രസക്തമായ ഇടം തേടലും സ്വത്വാവിഷ്‌ക്കാരവും വിഷയമാക്കുന്ന ചിത്രം മേളയെ ശുഭപ്രതീക്ഷയോടെ കാണാന്‍ പ്രേക്ഷകന് അവസരം നല്‍കി. സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ ശക്തമായ വിലയിരുത്തലായി മാറിയ 'ഡാന്‍സിങ് അറബ്‌സ്' ഗൗരവമുള്ള പ്രമേയങ്ങളെ ഉറ്റുനോക്കുന്ന കാഴ്ചക്കാരനെ തൃപ്തിപ്പെടുത്തുന്നുണ്ട്. 1980-90 കളിലെ ഇസ്രയേലാണ് സിനിമയുടെ പശ്ചാത്തലം. 105 മിനിട്ടാണ്  ദൈര്‍ഘ്യമുള്ള ചിത്രം ഇത്തവണ ജറുസലേം ഫിലിം ഫെസ്റ്റിവലിലും ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു.

സെയ്ദ് കശുവായുടെ ഡാന്‍സിംഗ് അറബ്‌സ്  എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ഇയാദിനെ അവതരിപ്പിച്ച യുവനടന്‍ തൗഫിക് ബാറോമിന്റെ സാന്നിധ്യവും നിശാഗന്ധിയിലെ ആദ്യ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി. ഉദ്ഘാടന ചടങ്ങിന് പങ്കെടുത്ത തൗഫീക്ക് നമസ്‌ക്കാരം എന്നു മലയാളത്തില്‍ പറഞ്ഞ് കൈയടി നേടിയിരുന്നു. സിനിമയിലെ മികച്ച പ്രകടനം തൗഫീക്കിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി. ഒഫീര്‍ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്.

വീക്ഷണം, ഡിസംബര്‍ 13

ഐ എഫ് എഫ് കെ-2014

ഹൗസ്‌ബോട്ടും താജ്മഹലും ഇന്ത്യയിലേക്കെത്തിച്ചു: ഷീ ഫെ

ആഗ്രയിലെ താജ്മഹലും കേരളത്തിലെ ഹൗസ്‌ബോട്ടുമാണ് തന്നെ ഇന്ത്യയിലേക്കെത്തിച്ചതെന്ന് ഷീഫെ പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് നിശാഗന്ധി അതേറ്റെടുത്തത്. ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാനും ചൈനയിലെ മുന്‍നിര സംവിധായകനും ചലച്ചിത്രാധ്യാപകനുമായ ഷീ ഫേ ഇത് രണ്ടാംതവണയാണ് ഇന്ത്യയിലെത്തുന്നത്. ആദ്യത്തേത് നാടുകാണാനായിരുന്നെങ്കില്‍ രണ്ടാമത്തെത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിനിമകള്‍ വിലയിരുത്തുക എന്ന വലിയ ദൗത്യമായിട്ടാണ്. ചൈനയ്ക്ക് പുറത്ത് ഇതാദ്യമായാണ് ഷീ ഫെ ജൂറി ചെയര്‍മാനാകുന്നത്.

വീക്ഷണം, ഡിസംബര്‍ 13

ഐ എഫ് എഫ് കെ-2014

റിസര്‍വ്വേഷന്‍ ദിവസം മൂന്ന് മാത്രം;
ഡെലിഗേറ്റുകളുടെ പരാതിക്ക് അടൂരിന്റെ മറുപടി 

റിസര്‍വ്വേഷന്‍ പരമാവധി മൂന്നെണ്ണമാക്കിയത് എല്ലാവര്‍ക്കും സിനിമ കാണാനുള്ള സൗകര്യത്തിനാണെന്ന് ചലച്ചിത്രമേളയുടെ മുഖ്യ ഉപദേശകന്‍ കൂടിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡെലിഗേറ്റുകളുടെ ആവശ്യമായ അഞ്ച് റിസര്‍വ്വേഷന്‍ സാധ്യമാക്കിയാല്‍ കുറേപ്പേര്‍ക്ക് സിനിമ കാണാനാകില്ല. എല്ലാവരും സിനിമ കാണാനാണ് മേളയില്‍ എത്തിയിട്ടുള്ളത്. ആരെയും നിരാശരാക്കാന്‍ അക്കാദമിക്ക് ഉദ്ദേശ്യമില്ല.
മേളയ്ക്കിടയില്‍ ഉണ്ടാകുന്ന പരാതികളും ബുദ്ധിമുട്ടുകളും അറിയിക്കണം. പരിഹരിക്കാന്‍ കഴിയുന്നത് അപ്പപ്പോള്‍ തന്നെ പരിഹരിച്ച് നമുക്ക് മുന്നോട്ടുപോകാം. ചെറിയ കാര്യങ്ങള്‍ക്ക് പ്രതിഷേധം വേണ്ട. ഇത് എല്ലാവരുടെയും മേളയാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ബലത്തില്‍ നല്ല രീതിയില്‍ മേള നടത്താമെന്ന് ഉത്തമബോധ്യമുണ്ടെന്ന് അടൂര്‍ പറഞ്ഞു.
രാവിലെ ഒമ്പതുമുതല്‍ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സാധ്യമാണെന്ന് അക്കാദമി അറിയിച്ചിരുന്നെങ്കിലും യന്ത്രത്തകരാറുകാരണം മൂലം വൈകി. ഇത് ചെറിയ പ്രതിഷേധത്തിനിടയാക്കിയെങ്കിലും പെട്ടെന്നുതന്നെ പരിഹരിച്ചു. ഓണ്‍ലൈന്‍ തകരാറിലായതോടെ തീയറ്ററുകളുടെ മുമ്പില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാനുള്ള ക്യൂവില്‍ ആളുകൂടി. ചലച്ചിത്രമേളയുടെ പ്രദര്‍ശനമുള്ള അഞ്ചു തീയറ്ററുകളിലും റിസര്‍വ്വേഷന്‍ സൗകര്യമൊരുക്കിയിരുന്നെങ്കിലും കൈരളി, കലാഭവന്‍ തീയറ്ററുകളിലായിരുന്നു കൂടുതല്‍ പേര്‍ എത്തിയത്.

വീക്ഷണം, ഡിസംബര്‍ 13

ഐ എഫ് എഫ് കെ-2014
കൈരളിപ്പടവുകള്‍ സജീവം
ആദ്യദിവസം സിനിമയില്ലായിരുന്നെങ്കിലും കൈരളിമുറ്റം രാവിലെത്തന്നെ നിറഞ്ഞു. പല ദേശങ്ങളില്‍ നിന്നായി എത്തിയ ഡെലിഗേറ്റുകള്‍ ഇന്നലെ രാവിലെ മുതല്‍ കൈരളിമുറ്റത്ത് എത്തിത്തുടങ്ങി. ചലച്ചിത്രമേളയ്ക്ക് എത്തിയാല്‍ ആദ്യം എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ വര്‍ഷങ്ങളായി വരുന്നവര്‍ക്കും പുതിയവര്‍ക്കും സംശയമില്ലാത്തതിന്റെ തെളിവായിരുന്നു ഇത്. മേള തുടങ്ങിയെന്ന് ആദ്യം തോന്നിപ്പിക്കുന്നത് കൈരളിമുറ്റത്തെ ഈ ആള്‍ക്കൂട്ടമാണ്. ചെറുചെറു കൂട്ടങ്ങളും കൂടിയിരിപ്പുകളും ചര്‍ച്ചയും ബഹളങ്ങളുമായി കൂടിച്ചേരുമ്പോള്‍ അകത്തെ സിനിമയെപ്പറ്റിപ്പോലും മറന്നുപോകുന്ന സജീവത.
ഇന്നലെ കൈരളിയില്‍ എത്തിച്ചേര്‍ന്ന ഡെലിഗേറ്റുകള്‍ സൗഹദം പുതുക്കലും കൂടിച്ചേരലുമായി നേരം പോക്കി. ഒപ്പം രാവിലെ മുതല്‍ റിസര്‍വ്വേഷനുവേണ്ടിയുള്ള നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ഇടയ്ക്ക് ചെറിയ മഴ അലോസരമുണ്ടാക്കിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ കുറവൊന്നുമുണ്ടായില്ല.
കൈരളിപ്പടുകളിലെ ഇരുത്തത്തിന് തീരാത്ത ഒരു പുതുമയുണ്ട്. അതുകൊണ്ടായിരിക്കണം ഇത്തവണയും ആദ്യദിവസം മുതല്‍ക്കെ ആ പതിവ് തെറ്റാത്തത്. അടുത്ത വര്‍ഷം കാണാമെന്ന് പറയുന്നത് ഈ മുറ്റത്തുവെച്ചാണ്. പുതിയ വര്‍ഷം കണ്ടുപുതുക്കുന്നതും ഇവിടെവച്ചുതന്നെ. എത്ര സൗഹൃദങ്ങള്‍, കവിതകള്‍, ചര്‍ച്ചകള്‍, പ്രതിഷേധങ്ങള്‍, വിപ്ലവങ്ങള്‍ പൂത്തതാണീ പടവുകളില്‍. വിരിയട്ടെ പുതുനാമ്പുകള്‍, ഉണരട്ടെ കൈരളിപ്പടവുകള്‍..

വീക്ഷണം, ഡിസംബര്‍ 13

Friday, 12 December 2014

ഐ എഫ് എഫ് കെ-2014


നിശാഗന്ധിയില്‍ വിളിച്ചുനിര്‍ത്തിയ ശംഖനാദത്തില്‍നിന്നും തുടങ്ങാം
കഴിഞ്ഞ ഡിസംബര്‍13ന് വൈകുന്നേരം നിശാഗന്ധിയില്‍ വിളിച്ചുനിര്‍ത്തിയ ശംഖനാദത്തില്‍നിന്നും നമുക്ക് തുടങ്ങാം. സിനിമയെ ജീവന്റെ ഭാഗമായിത്തന്നെ കണ്ട്, ആവോളം സ്‌നേഹിച്ച്, കുടിക്കുന്നതിലും കഴിക്കുന്നതിലും ശ്വസിക്കുന്നതിലും സിനിമ തന്നെയായി ജീവിക്കുന്ന ഒരുപാടു പേരുടെ കൂടിയിരിപ്പിടം. അതാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. അവിടെ സിനിമാക്കാരുണ്ട്, സിനിമാ എഴുത്തുകാരും പഠിതാക്കളുമുണ്ട്, സാധാരണ കാഴ്ചക്കാരുണ്ട്. എല്ലാവരെയും കോര്‍ത്തിണക്കുന്ന കണ്ണിക്ക് ഒറ്റപ്പേര്. സിനിമ. എന്തുകൊണ്ടായിരിക്കും ഇത്രയധികം പേര്‍ ഒരാഴ്ചക്കാലം മറ്റൊന്നും ചിന്തിക്കാതെ സിനിമ മാത്രമായിട്ടങ്ങനെ നേരം കഴിച്ചുകൂട്ടുന്നത്. ഉത്തരം കാണേണ്ടതില്ല. അതുതന്നെയായിരിക്കണം സിനിമയുടെ മാന്ത്രികത.

സിനിമയുടെ ഉത്സവം ഇന്നുതുടങ്ങുകയാണ്. ഇനി ഏഴു നാളുകള്‍ രാവും പകലും ഒരുപോലെയാകുന്ന നഗരത്തില്‍ സിനിമ പതഞ്ഞുപൊങ്ങും. ലോകസിനിമയിലെ കാഴ്ചകളും മാറ്റങ്ങളും പുതിയ പ്രവണതകളും നമ്മുടെ തൊട്ടരികത്തെ തിരശ്ശീലയില്‍ അനുഭവവേദ്യമാകും. നമുക്ക് ഇറങ്ങിനടക്കാം. തീയറ്ററുകളില്‍നിന്ന് തീയറ്ററുകളിലേക്ക്...

വീക്ഷണം, ഡിസംബര്‍ 12

Wednesday, 10 December 2014

ഇയ്യോബിന്റെ പുസ്തകം
മറിച്ചുനോക്കേണ്ട പുസ്തകം


നിയമങ്ങളില്ലാത്ത കാലത്ത് അക്രമമാണ് ഏറ്റവും വലിയ പ്രതിരോധം- ഇയോബിലെ നായകന്‍ പറയുന്ന ഈ വാചകമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ അടിക്കുറിപ്പ്. നിയമങ്ങള്‍ ഇല്ലാതാകുകയും വ്യക്തികള്‍ തീരുമാനിക്കുന്ന നിയമങ്ങള്‍ അനുസരിക്കപ്പെടുകയും ചെയ്യുന്നിടത്ത് അടിമത്തത്തിനൊപ്പം വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നു. എന്നും എവിടെയും ഏതുകാലത്തും പ്രസക്തമായ ഈ അടിമത്തത്തിനും വിപ്ലവത്തിനും കോളനിവത്ക്കരണകാലത്തോളം പഴക്കവും നടപ്പുകാല സ്വേച്ഛാധിപത്യ രാഷ്ട്രീയ രീതികളോളം പുതുക്കവും അവകാശപ്പെടാനാകും.
ഏതുകാലത്തും എവിടെയും പ്രസക്തമായ പ്രതികരിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയായി ഉയര്‍ന്നുവരുന്ന വിപ്ലവകാരികളുടെ വേറിട്ട ശബ്ദത്തിന്റെ പ്രതിനിധിയാണ് അലോഷി. കുടുംബത്തിനകത്തോ പ്രസ്ഥാനത്തിനോ നാടിനുവേണ്ടിത്തന്നെയോ വിപ്ലവം നടത്താതെ ഇക്കൂട്ടര്‍ക്ക് സൈ്വര്യമായി ഇരിക്കാനാവില്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയും കൊളളരുതായ്മകളും ഇവരുടെ വെല്ലുവിളിക്കു മുമ്പില്‍ വഴിമാറിക്കൊടുക്കുന്നു. അങ്ങനെ പുതിയ സ്വാതന്ത്ര്യവും ആകാശവും സാധ്യമാകുന്നു. അതുതന്നെയായിരിക്കണം അവരുടെ കര്‍മ്മവും.

കോളനിവാഴ്ചക്കാലത്തിനുശേഷമുള്ള മൂന്നാറാണ് ഇയോബിന്റെ പുസ്തകത്തിലെ ഭൂമിക. മൂന്നാറിന്റെ കൊടുംശൈത്യത്തെയും മറികടക്കുന്ന പ്രതികാരവും പ്രണയവും വിപ്ലവവും ഇയോബില്‍ അനാവൃതമാകുന്നു. സിനിമയിലെ തന്നെ വാചകം കടമെടുത്താല്‍-മൂന്നാറിലെ പുല്‍നാമ്പുകള്‍ക്കുപോലും അരിവാളിന്റെ മൂര്‍ച്ചയുള്ള കാലം-യഥാര്‍ഥ സായിപ്പന്മാര്‍ കപ്പല്‍ കയറിയതിനുശേഷം നാടന്‍ സായ്പ്പന്മാര്‍ എന്ന പുതിയൊരു വിഭാഗം ഉദയം കൊള്ളുകയും വെളളക്കാരന്റെ അതേ രീതികള്‍ അനുകരിച്ചുപോരികയും ചെയ്യുന്നു. ഇതിന് പിന്തുടര്‍ച്ചകളും അനന്തരാവകാശികളും ഉണ്ടാകുമ്പോള്‍ തടയിടേണ്ടത് കാലത്തിന്റെ ആവശ്യമായിമാറുന്നു. അവിടെയാണ് പ്രതികരണശേഷിയുള്ള അലോഷിമാരുടെ ഉദയവും പ്രസക്തിയുമേറുന്നത്. അതാണ് ഇയോബില്‍ സംഭവിക്കുന്നതും.
സിനിമയെ കേവല ആസ്വാദനതലത്തില്‍ നോക്കിക്കാണുന്നവര്‍ക്ക് രുചിക്കുന്ന ചേരുവകള്‍ സമം ചേര്‍ക്കുന്ന സൃഷ്ടി ഇയോബിന് ബാധകമല്ല. ഗൗരവത്തിന്റെ മുഖപടം പാടേ എടുത്തണിയുന്നതിനെക്കാളും ലളിതവും പക്വവുമായുള്ള പ്രതിപാദനരീതി എന്നതാകും ഇയോബിന്റെ പുസ്തകത്തിലെ അവതരണരീതിക്ക് ചേരുക. മൂന്നാറിലെ തണുപ്പുപോലും അനുഭവിപ്പിക്കും വിധം കാലത്തെയും സ്ഥലത്തെയും പകര്‍ത്തിയെടുത്തിരിക്കുന്ന ക്യാമറയും അതിന് ഇഴചേരുന്ന പശ്ചാത്തലസംഗീതവും ഇയോബിനെ മികച്ച അനുഭവമാക്കി മാറ്റുന്നു.

ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്ന ചിത്രങ്ങളില്‍നിന്നും ശൈലികളില്‍നിന്നും ഷോട്ടുകളില്‍നിന്നുപോലുമുള്ള മോചനം കൂടിയാകുന്നു അമല്‍ നീരദിന് ഇയോബ്. സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു കൂട്ടം പേരുടെ പിന്തുണയും ഈ ചിത്രത്തോടെ അമലിന് സ്വന്തമാക്കാനാകുന്നു. അമല്‍ നീരദിനെ അടയാളപ്പെടുത്തിയ നാലു മുന്‍സിനിമകളില്‍നിന്നും വ്യത്യസ്തവും വളര്‍ച്ച പ്രാപിക്കുന്ന ചലച്ചിത്രകാരനെയുമാണ് ഇയോബിന്റെ പുസ്തകത്തില്‍ എത്തുമ്പോള്‍ കാണാന്‍ സാധിക്കുക. ചരിത്രം സംസാരിക്കുന്ന സിനിമകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അമല്‍ സമര്‍ഥമായി മറികടന്നിരിക്കുന്നു. കാലവും ഭൂമികയും കഥാപാത്രങ്ങളും വസ്്ത്രവും സാധനസാമഗ്രികളുമെല്ലാം ഒരുക്കിയിരിക്കുന്നത് അഭിനന്ദനമര്‍ഹിക്കും വിധമാണ്. കാസ്റ്റിംഗിലെ മികവ് പ്രത്യേകിച്ച് എടുത്തുപറയേണ്ടതുണ്ട്.

ഒരേസമയം നടനും ഹീറോയുമാകാനുള്ള ഫഹദിന്റെ കഴിവിന് അടിവരയിടുന്നു ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി. അമല്‍ നീരദിന്റെ നായകന്മാരില്‍ കാണുന്ന 'മാന്‍ലി ഇമേജി'ന് ഇയോബിലും മാറ്റമില്ല. ഫഹദില്‍ ഇതുവരെ കാണാത്ത രൂപമാറ്റവും പൗരുഷവുമൊത്തുചേരുന്നു ഈ ചിത്രത്തില്‍. ആക്ഷന്‍ രംഗങ്ങളിലെ ഫഹദിന്റെ മികവ് വന്നുചേരാവുന്ന വലിയ കഥാപാത്രങ്ങള്‍ക്കുള്ള മുന്നൊരുക്കം കൂടിയാകുമെന്നു തീര്‍ച്ച. ജയസൂര്യയുടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം-ചിരിക്കുന്ന, കൂര്‍മ്മബുദ്ധിയുള്ള, നടപ്പിലും നോട്ടത്തിലും വരെ കച്ചവടക്കാരനായ അംഗൂര്‍ റാവുത്തറെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ അദ്ദേഹത്തിനാകുന്നു. ചെമ്പന്‍ വിനോദിന്റെ ദിമിത്രി ശരീരഭാഷയിലും ചലനങ്ങളിലും പ്രകടിപ്പിക്കുന്ന മിതത്വവും സാധ്യതയും, വേഷത്തിലും അഭിനയ ശൈലിയും ഷേക്‌സപീരിയന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ജിനു ജോസഫിന്റെ ഐവാന്‍ (ആ ഹെയര്‍ സ്റ്റൈല്‍ പോലും നമുക്ക് പുതിയതാണ്),
മലയാളത്തിന് അത്രയൊന്നും പരിചിതമല്ലാത്തതും ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതുമായ പാത്രസൃഷ്ടികള്‍ ഇനിയുമുണ്ട് ചിത്രത്തില്‍. ഇഷാ ഷെര്‍വാണിയുടെ മാര്‍ത്തയാണ് അക്കൂട്ടത്തിലൊന്ന്. വേറിട്ടതും എണ്ണപ്പെട്ടതുമായ നായികാ സൃഷ്ടികളില്‍ ഉള്‍പ്പെടുമിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലെനയുടെ കഴലിയാണ് ഇത്തരത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊന്ന്്. ശ്രീജിത്ത് രവിയുടെ സഖാവ്.. ഒരുപാടൊന്നും സംസാരിക്കാതെ തന്നെ ഇയാള്‍ വലിയ നാവും സാന്നിധ്യവുമാകുന്നു, ലാലിന്റെ ടൈറ്റില്‍ കഥാപാത്രം, വിനായകന്റെ ചെമ്പന്‍, ആഷിഖ് അബുവിന്റെ പി ജെ ആന്റണി, സരിതയുടെ ചീരു.. അങ്ങനെ ഓരോരുത്തരും...പക്ഷേ ഇവരെയെല്ലാം ഓര്‍ത്ത്, എല്ലാവരുടെയും മുഖം ഒന്നുകൂടി മിന്നിമായ്ച്ചുപോയാലും ഒരു മുഖം അത്ര എളുപ്പമൊന്നും പിടിവിടില്ല. അത് റാഹേലാണ്. ആദ്യം തോന്നും, ഇവള്‍ക്കെന്താണ് ജോലി, ഭക്ഷണമൊരുക്കലും പുസ്തകവായനയും കിടക്കയൊരുക്കലും!. അതല്ല റാഹേലെന്ന് തോക്കിന്‍കുഴല്‍ കഴുത്തില്‍ചേര്‍ത്ത് കാഞ്ചിമുന കാല്‍വിരലാല്‍ അമര്‍ത്തി ചുവരില്‍ ചോരയായി തെറിച്ചുപടരുന്ന റാഹേല്‍ വിട്ടുപോകാന്‍ മടിച്ച് വേട്ടയാടിക്കൊണ്ടേയിരിക്കും. പദ്മപ്രിയയുടെ കരിയറില്‍ ഓര്‍ത്തുവയ്ക്കാവുന്ന മികച്ച കഥാപാത്രം. കാസ്റ്റിംഗിലെ ഈ മികവ് ചിത്രത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളായി കണ്ടെത്തിയവര്‍ക്കൊക്കെ മികച്ച മേക്ക് ഓവര്‍ നല്‍കുവാന്‍ ചിത്രത്തിന് കഴിഞ്ഞു.

രാജീവ് രവിയുടെ അന്നയും റസൂലും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍, ഇപ്പോള്‍ അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം.. ഇത്തരം ചിത്രങ്ങള്‍ സംഭവിക്കുമ്പോഴാണ് മാസ്‌റ്റേഴ്‌സ് എന്ന് മലയാളം വിളിച്ചിരുന്ന സംവിധായകര്‍ ഉണ്ടാക്കിവെച്ചുപോയ വിടവുകളെ ഇടയ്‌ക്കെങ്കിലും സമര്‍ഥമായി വിളക്കിച്ചേര്‍ക്കാനോ മറികടക്കാനോ സാധിക്കുന്നത്. അമല്‍നീരദിനെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ, മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി സമ്മാനിച്ചതിന്.


സ്ത്രീശബ്ദം, ഡിസംബര്‍

Sunday, 16 November 2014

നിര്‍മ്മാണം ഭാര്യ
സംവിധാനം ഭര്‍ത്താവ്
സിനിമയെ ജീവനോളം സ്‌നേഹിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് തിരുവനന്തപുരത്ത്. നന്ദകുമാറും ആശപ്രഭയും. ഊണിലും ഉറക്കത്തിലും എന്നു പറയും പോലെത്തന്നെയാണ് ഇവരുടെ സിനിമാപ്രേമം. സിനിമയോട് ഇഷ്ടം മൂത്ത് വിവാഹമോതിരം വരെ പണയം വച്ച ചരിത്രവും ഇവര്‍ക്കു സ്വന്തം. എന്നാലതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ലെന്നതിലാണ് കാര്യം. നന്ദകുമാര്‍ സംവിധാന മേഖലയില്‍ ശ്രദ്ധ വെയ്ക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് ആശപ്രഭ. പുതിയ സിനിമയായ യു ക്യാന്‍ ഡു തീയറ്ററുകളിലെത്തുന്ന സന്തോഷത്തിലാണ് ഇരുവരും.
വിവാഹത്തിനുമുമ്പേ സിനിമ പ്രൊഫഷന്‍ ആക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ആശപ്രഭ. സിനിമാക്കാരനെ തന്നെ ഭര്‍ത്താവായി കിട്ടിയതോടെ ആശപ്രഭയ്ക്കു മുന്നില്‍ സിനിമയുടെ ലോകം തുറന്നുകിട്ടി. സിനിമയല്ലാതെ മറ്റൊന്നുമില്ല എന്ന നന്ദകുമാറിന്റെ ആഗ്രഹത്തെ അംഗീകരിക്കാനും അതോടെ ആശയ്ക്ക് കഴിഞ്ഞു. അങ്ങനെ ഇരുവരും ഒരുമിച്ചായി സിനിമാ പ്രവര്‍ത്തനം. പതിനഞ്ചു വര്‍ഷത്തിനിടെ മൂന്നു മലയാള സിനിമകള്‍ ഈ ദമ്പതികളില്‍ നിന്നും പുറത്തുവന്നു. പുതിയ ചിത്രമായ യു ക്യാന്‍ ഡു നവംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും. നന്ദകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആദി കമ്പയിന്‍സിന്റെ ബാനറില്‍ ആശപ്രഭ നിര്‍മ്മിക്കുന്നു.

ചലച്ചിത്ര, മാധ്യമ പഠന കേന്ദ്രങ്ങളിലെ അധ്യാപകരായി മുഴുവന്‍ സമയമല്ലെങ്കിലും ഇരുവരും ജോലിനോക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മേഖലയായതുകൊണ്ടാണ് ഈ ജോലിയിലെ താത്പര്യമെന്ന് ആശപ്രഭ പ്രത്യേകം പറയുന്നു.
അധ്യാപന ജീവിതത്തില്‍ ഇവര്‍ക്ക് ലഭിച്ച സ്വകാര്യാനുഭവങ്ങളാണ് യു ക്യാന്‍ ഡുവില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം ആത്മനിഷ്ഠവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ചെറുപ്പക്കാര്‍ സിനിമ ഏറ്റെടുക്കുമെന്നു തന്നെയാണ് വിശ്വാസം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനകാലത്തു ചെയ്ത ആഗ്നേയം എന്ന ഹ്രസ്വചിത്രത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെയാണ് നന്ദകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. മഴനൂല്‍ക്കനവുകള്‍, അവന്‍, ഏറനാടിന്റെ പോരാളി എന്നിവയാണ് നന്ദകുമാര്‍ കാവിലിന്റെ മുന്‍സിനിമകള്‍. സൂസന്ന, നെയ്ത്തുകാരന്‍, കാറ്റുവന്നു വിളിച്ചപ്പോള്‍ തുടങ്ങി ഗൗരവമുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളുടെ തിരക്കഥാരചനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതിനൊപ്പം തന്റെ സര്‍വ്വകലാശാല ഭര്‍ത്താവാണെന്നുകൂടി പറയാന്‍ ആശപ്രഭ ഇഷ്ടപ്പെടുന്നു.

കോഴിക്കാട് ഗോവിന്ദാപുരമാണ് നന്ദകുമാറിന്റെ ജന്മനാട്. ആശപ്രഭ വൈക്കംകാരിയും. വഴുതക്കാട് ശിശുവിഹാറിലെ വിദ്യാര്‍ഥികളായ ആദിത്യനും ആദിനാഥനുമാണ് മക്കള്‍. രണ്ടുപേരും സിനിമാക്കമ്പക്കാര്‍. മലയാളത്തേക്കാള്‍ ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ അച്ഛന്റെയും അമ്മയുടെയും മികച്ച നിരൂപകര്‍ കൂടിയാണ്. തിരുവനന്തപുരം മരുതംകുഴിയിലാണ് നന്ദകുമാറും ആശപ്രഭയും ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.

വീക്ഷണം വാരാന്തം, നവംബര്‍ 16