Monday, 25 March 2024

ഇന്നസെന്റ് എന്ന നിറഞ്ഞ ചിരി


ഇന്നസെന്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളിയില്‍ ഉടലെടുക്കുന്ന വികാരം ഒരു നിറഞ്ഞ ചിരിയാണ്. മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഇന്നസെന്റ് എന്ന നടന്‍ പതിറ്റാണ്ടുകളോളം തീര്‍ത്ത ചിരിയലയില്‍ നിന്നാണ് ഈ പേര് മലയാളിയുടെ ചിരിയുടെ പര്യായമായി മാറിയത്. അര നൂറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ സ്വയം സൃഷ്ടിച്ചെടുത്ത സവിശേഷ ശൈലിയില്‍ നിരവധി കഥാപാത്രങ്ങളാണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. ഹാസ്യനടന്‍ എന്ന വിശേഷണത്തില്‍ ഒതുങ്ങാതെ കാമ്പുള്ള സ്വാഭാവികാഭിനയം കൊണ്ടു കൂടിയാണ് ഇന്നസെന്റ് മലയാളിയുടെ സിനിമാസ്വാദനത്തെ സമ്പന്നമാക്കിയത്. എഴുന്നൂറോളം ചിത്രങ്ങളിലെ ജീവസ്സുറ്റ സാന്നിധ്യമായാണ് ഈ അനശ്വരനടന്‍ വെള്ളിത്തിരയ്ക്കു പിറകിലേക്കു മായുന്നത്. അതോടെ മലയാള സിനിമയുടെ സുവര്‍ണകാലത്തെ സുപ്രധാനമായ ഒരു കണ്ണി കൂടി വേര്‍പെടുന്നു.


1972 ല്‍ എ.ബി. രാജിന്റെ നൃത്തശാല എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇന്നസെന്റിന് അഭിനയ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ചെറുതും അപ്രധാനവുമായ വേഷങ്ങളില്‍ ഒതുങ്ങിനില്‍ക്കേണ്ടി വന്നു. ഇക്കാലയളവില്‍ വിട പറയും മുമ്പേ, ഓര്‍മ്മയ്ക്കായി തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച് ഇന്നസെന്റ് മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ചു. 1980 കളുടെ രണ്ടാം പകുതിയില്‍ ശുദ്ധമായ ഗ്രാമീണ പ്രമേയങ്ങള്‍ക്കും ഹാസ്യത്തിനും മലയാള സിനിമ പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെയാണ് ഇന്നസെന്റിലെ നടന് വഴിത്തിരിവായത്. കലാപരമായും വാണിജ്യപരമായും മലയാള സിനിമയുടെ സുവര്‍ണകാലമായ 1980 കളില്‍ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു കൂട്ടം നടീനടന്മാര്‍ മലയാള സിനിമയുടെ അഭിനയ പാരമ്പര്യത്തെ സമ്പന്നമാക്കിയിരുന്നു. മധ്യവയസ്‌കരും തനി നാട്ടിന്‍പുറത്തുകാരും സാധാരണ മനുഷ്യരെ പോലെ പെരുമാറുന്നവരുമായ ഇക്കൂട്ടര്‍ ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന വിധം സ്വാഭാവികമായി പെരുമാറുന്നവരായിരുന്നു. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, സുകുമാരി, മീന, കെപിഎസി ലളിത, കൃഷ്ണന്‍കുട്ടി നായര്‍, പറവൂര്‍ ഭരതന്‍, മാമുക്കോയ തുടങ്ങി ഒട്ടേറെ പേര്‍ ഈ നിരയിലുണ്ട്. സ്വാഭാവികതയ്‌ക്കൊപ്പം അസാധാരണമായി ഹാസ്യാഭിനയ മികവും പുലര്‍ത്തുന്നവരായിരുന്നു ഇവരെല്ലാം. ഈ നിരയിലാണ് ഇന്നസെന്റും പ്രതിഷ്ഠിക്കപ്പെട്ടത്.


ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി സിനിമകളില്‍ ഈ നടീനടന്മാര്‍ക്കൊപ്പം ഇന്നസെന്റിന്റെ സ്വാഭാവികാഭിനയ മികവ് മലയാളിക്ക് അനുഭവിക്കാനായി. അമ്മാവന്‍, അച്ഛന്‍, സഹായി, കാര്യസ്ഥന്‍, മധ്യവയസ്‌കനായ കുടുംബസ്ഥന്‍, പൊതുപ്രവര്‍ത്തകന്‍, അധ്യാപകന്‍, ഡ്രൈവര്‍ തുടങ്ങി ഏതു വേഷത്തിലും തന്റേതായ അഭിനയ, സംഭാഷണ ശൈലി കൊണ്ട് വേറിട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്നസെന്റിനായി. തൃശ്ശൂര്‍ ഗ്രാമ്യഭാഷയുടെ സൗന്ദര്യം അദ്ദേഹം സമര്‍ഥമായി കഥാപാത്രങ്ങളില്‍ ഉപയോഗപ്പെടുത്തി. മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഡോ.പശുപതി, വരവേല്‍പ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം, തൂവല്‍സ്പര്‍ശം, ഗജകേസരിയോഗം, സസ്‌നേഹം, കോട്ടയം കുഞ്ഞച്ചന്‍, മിമിക്‌സ് പരേഡ് തുടങ്ങിയ സിനിമകളിലെല്ലാം ഇന്നസെന്റ് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും അനായാസവും ലളിതവുമായ ശൈലികൊണ്ട് അതിശയിപ്പിക്കുകയും ചെയ്തു. മഴവില്‍ക്കാവടിയിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍, സിദ്ധിഖ്‌ലാല്‍ തുടങ്ങിയ സംവിധായകര്‍ ഇന്നസെന്റിന് ഏറ്റവും ജനപ്രിയ വേഷങ്ങള്‍ സമ്മാനിച്ചവരാണ്.


മലയാളത്തിലെ ഹാസ്യ സിനിമകള്‍ക്ക് വേറിട്ട മുഖം നല്‍കിയ റാംജിറാവ് സ്പീക്കിങ്ങിലെ മത്തായിച്ചന്‍ ഇന്നസെന്റിന്റെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിലൊന്നായി. ഇതിന്റെ തുടര്‍ച്ചയായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലും ഇതേ ജനപ്രിയത കാത്തുസൂക്ഷിക്കാന്‍ ഇന്നസെന്റിനായി. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍, നമ്പര്‍ 20 മദ്രാസ് മെയിലിലെ ടിടിഇ, കിലുക്കത്തിലെ കിട്ടുണ്ണ്യേട്ടന്‍, സന്ദേശത്തിലെ യശ്വന്ത് സഹായ്, മിഥുനത്തിലെ കുറുപ്പ്, ഗോഡ്ഫാദറിലെ സ്വാമിനാഥന്‍, വിയറ്റ്‌നാം കോളനിയിലെ കെ കെ ജോസഫ്, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍, കാബൂളിവാലയിലെ കന്നാസ്, അഴകിയ രാവണനിലെ പഞ്ചായത്ത് പ്രസിഡന്റ്, ആറാം തമ്പുരാനിലെ ഭരതന്‍ എസ് ഐ, കല്യാണരാമനിലെ പോഞ്ഞിക്കര, മനസ്സിനക്കരെയിലെ ചാക്കോ മാപ്പിള തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളിക്ക് എക്കാലവും ഓര്‍ത്തിരിക്കാനും രസിക്കാനും വകനല്‍കുന്ന ഇന്നസെന്റ് കഥാപാത്രങ്ങളാണ്.


തുടര്‍ച്ചയായി ഹാസ്യപ്രധാനമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കേയാണ് ഇന്നസെന്റ് ദേവാസുരത്തിലെ വാര്യരാകുന്നത്. അസാധാരണമായ മെയ്‌വഴക്കത്തോടെ ഈ കഥാപാത്രം അദ്ദേഹം അനശ്വരമാക്കി. ദേവാസുരത്തിന്റെ തുടര്‍ച്ചയായ രാവണപ്രഭുവില്‍ വാര്യരുടെ കുറേക്കൂടി പ്രായം ചെന്ന വേഷപ്പകര്‍ച്ചയുടെ മികവിനും പ്രേക്ഷകര്‍ സാക്ഷിയായി. ഹാസ്യനടന്‍ എന്ന പേരെടുത്തു നില്‍ക്കുമ്പോള്‍ തന്നെ കാതോട് കാതോരം, കേളി തുടങ്ങിയ ചിത്രങ്ങളില്‍ പ്രതിനായക വേഷങ്ങളിലും ശ്രദ്ധിക്കപ്പെടാന്‍ ഇന്നസെന്റിനായി. ഹിറ്റ്‌ലര്‍, വല്ല്യേട്ടന്‍, വേഷം, പത്താംനിലയിലെ തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗൗരവതരമായ കഥാപാത്രങ്ങളിലും വേറിട്ട അഭിനയത്തിലൂടെ ഇന്നസെന്റ് മികവു കാട്ടി. കെപിഎസി ലളിതയുമൊത്തുള്ള ഇന്നസെന്റിന്റെ താരജോഡിയും ഏറെ ജനപ്രിയമാണ്. പൊന്മുട്ടയിടുന്ന താറാവ്, ഗജകേസരിയോഗം, ഗോഡ്ഫാദര്‍, മൈഡിയര്‍ മുത്തച്ഛന്‍, മണിച്ചിത്രത്താഴ്, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചു.


കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, ചിരിക്കു പിന്നില്‍, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ പുസ്തകങ്ങളിലൂടെ സാഹിത്യലോകത്തും ഇന്നസെന്റ് സാന്നിധ്യമറിയിച്ചു. പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലും നര്‍മ്മരസത്തോടെ സംസാരിച്ചിരുന്ന ഇന്നസെന്റ് തന്റെ പുസ്തകങ്ങളിലും നിറഞ്ഞ ചിരി നിലനിര്‍ത്താന്‍ മറന്നില്ല. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാന്നിധ്യമറിയിച്ചു.

https://www.youtube.com/watch?v=OBzv2jxGThY

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 മാര്‍ച്ച് 29

Tuesday, 19 March 2024

മലയാള സിനിമ ഗ്രാമങ്ങളെ വീണ്ടെടുക്കുമ്പോള്‍


മലയാള സിനിമ നഗരകേന്ദ്രീകൃത ജീവിതാന്തരീക്ഷവും പുതിയ ജീവിതശൈലിയും ഉള്‍ക്കൊണ്ട് അതിലേക്ക് ചുവടു മാറുന്നത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. സിനിമ കൊച്ചി പോലുള്ള നഗരത്തില്‍ കേന്ദ്രീകരിച്ചതോടെ പ്രമേയപശ്ചാത്തലവും ഏറിയ പങ്ക് അവിടത്തേതായി മാറുകയുണ്ടായി. ശ്യാമപ്രസാദിന്റെ ഋതു പോലുള്ള സിനിമകള്‍ തുടക്കമിടുകയും ട്രാഫിക്ക്, ചാപ്പാകുരിശ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണീബി, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകളിലൂടെ തുടര്‍ന്നുപോരുകയും ചെയ്ത ഈ പ്രവണതയിലൂടെ ഭൂരിഭാഗം സിനിമകളും കൊച്ചി അല്ലെങ്കില്‍ സമാന മാതൃകയില്‍ നഗര കേന്ദ്രീകൃത ജീവിതം പിന്തുടരുന്നവയായി മാറി. 

2010 ല്‍ തുടങ്ങുന്ന പതിറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വിജയിച്ച ഈ ശൈലി വളരെ പെട്ടന്ന് പിന്മാറ്റപ്പെടുന്നതും സിനിമ നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നതും കണ്ടു. നഗര കേന്ദ്രീകൃതവും ന്യൂജന്‍ ജീവിതശൈലിയും ആവര്‍ത്തിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ നിന്നുള്ള വിടുതല്‍ കാണികളും ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാന്‍. എബ്രിഡ് ഷൈനിന്റെ 1983, ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന പോലുള്ള സിനിമകളുടെ വിജയം ഗ്രാമദേശത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണവുമായി. രമേശന്‍ എന്ന ക്രിക്കറ്റ് പ്രേമിയായ സാധാരണക്കാരന്റെ ജീവിതത്തിന്റെ വിവിധ കാലത്തിലൂടെ കടന്നുപോയ 1983  നഗരകേന്ദ്രീകൃത സിനിമകളില്‍ നിന്നുള്ള മാറ്റത്തെയും ലളിതമായ ഗ്രാമീണ കഥകളെക്കുറിച്ചുള്ള അന്വേഷണങ്ങളെയും കുറിച്ച് ചിന്തിച്ച ചലച്ചിത്രപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. 


ഏറെക്കുറെ ഒറ്റഗ്രാമമെന്ന വിശേഷണത്തിലേക്ക് മാറിയെങ്കിലും ഉള്ളില്‍ സ്വന്തം ഗ്രാമത്തേയും ഗ്രാമീണ സങ്കല്‍പ്പങ്ങളേയും ഗൃഹാതുരതയോടെ സൂക്ഷിക്കുന്നവരാണ് കേരളീയര്‍. സിനിമയില്‍ കഥപറയാന്‍ പശ്ചാത്തലമാക്കുന്ന ഗ്രാമങ്ങളെ ഈ വൈകാരികതയുടെ പിന്‍ബലത്തിലാണ് മലയാളി കാണുന്നത്. സിനിമയിലെ നഗരകേന്ദ്രീകൃത പശ്ചാത്തലങ്ങളേക്കാള്‍ ഗ്രാമങ്ങളോട് തെല്ല് താത്പര്യക്കൂടുതല്‍ പ്രകടിപ്പിക്കുന്നതിനു പിന്നിലും ഗ്രാമങ്ങളില്‍ ഉണ്ടെന്ന് ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന നന്മകളെ പുല്‍കാനുള്ള വെമ്പലാണ്. കഥപറഞ്ഞുപോകാനുള്ള പശ്ചാത്തലം മാത്രമായിട്ടാണ് പലപ്പോഴും സിനിമ അതിലെ പ്രദേശങ്ങളെ ഉപയോഗിക്കുന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാകും സിനിമയില്‍ കൂടുതല്‍ പ്രാമുഖ്യം. ഇതു രണ്ടിനോടും ഇടപഴകും വിധം പ്രദേശത്തെ കൂടി പരിഗണിക്കുമ്പോഴാണ് ഒരു പ്രധാന കഥാപാത്രത്തോടു തോന്നുന്ന അതേ ഇഴയടുപ്പം കാണിക്ക് ദേശത്തോടും തോന്നുന്നത്. 1983 യിലെ ബ്രഹ്മമംഗലം കവലയോടും ഈ മാതൃകയില്‍ തുടര്‍ന്നുവരുന്ന അനേകം സിനിമകളിലെ ഗ്രാമീണ ദേശങ്ങളോടും കാണികള്‍ക്കുള്ളത് ഈ ഇഴയടുപ്പമാണ്.

നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ഹൈറേഞ്ചിലെ പ്രശാന്തതയും സാധാരണത്വവും തേടി കഴിഞ്ഞ ദശകത്തില്‍ മലയാള സിനിമ സഞ്ചരിക്കുന്നത് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം പോലെയുള്ള സിനിമകളിലാണ്. ഇടുക്കിയില്‍ ഗ്രാമങ്ങളെ സിറ്റി എന്നു ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട്. ആളുകളുടെ പേരുകള്‍ക്കൊപ്പമാണ് പല സ്ഥലങ്ങളിലും സിറ്റി ചേര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ഇത് പ്രകാശ് സിറ്റിയാണ്. സ്വഭാവികമായ ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളുമാണ് പ്രകാശ് സിറ്റിയിലുള്ളത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. ആരും അതിമാനുഷരല്ല. സാധാരണ ജോലിയെടുത്ത് ഏറ്റവും സാധാരണീയരായി ജീവിക്കുന്നു. ഈ സാധാരണീയരാണ് പ്രകാശ് സിറ്റിയെന്ന ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് തങ്ങളുടെ നാട്ടിലെ ഒരു ചെറുകവലയോ പ്രദേശമോ ആയും ഭാവനാ സ്റ്റുഡിയോയും ബേബി ആര്‍ട്‌സുമെല്ലാം തങ്ങളുടെ നാട്ടിലെ ചെറുസ്ഥാപനങ്ങളുമായും തോന്നിപ്പിക്കുന്നതിനു പിന്നിലെ രസതന്ത്രം മെനയുന്നത്. 


ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ ഇത്തരത്തില്‍ ഒരു മലയോര ഗ്രാമ കവലയ്ക്കും സാധാരണീയ ജീവിതത്തിനും ചിരപ്രതിഷ്ഠ നല്‍കിയ സിനിമയാണ്. ഒരു ഗ്രാമീണ ദേശത്തെ മനുഷ്യര്‍ എല്ലാ ദിവസവും പരസ്പരം കാണുന്നവരും തമ്മില്‍ അറിയുന്നവരുമാണ്. അവര്‍ക്കിടയിലെ ദൈനംദിന സംസാരങ്ങളുടെയും ചര്‍ച്ചകളുടെയും വിഷയങ്ങള്‍ പ്രതീക്ഷിതമായ കാര്യങ്ങള്‍ തന്നെയായിരിക്കും. വ്യത്യസ്ത കക്ഷിരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ പോലും അവരുടെ ചര്‍ച്ചായിടം ആ കവലയിലെ ഒരു ചായക്കടയോ ബസ്‌റ്റോപ്പോ ഒക്കെയായിരിക്കും. ഈയൊരു ഗ്രാമീണ നിഷ്‌കളങ്ക സൗഹൃദം വെള്ളിമൂങ്ങയിലെ കഥാപാത്രങ്ങളിലുടനീളം കാണാനാകും.

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി, കായല്‍തീരത്തെ ഷാപ്പ്, വെള്ളവസ്ത്രങ്ങളുടുത്ത മനുഷ്യര്‍. ഇതെല്ലാമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് വൈവിധ്യമേറ്റിയത്. പള്ളിയും ആരാധനയും കുശുമ്പും കുന്നായ്മയും പ്രണയവും പകയും വെല്ലുവിളിയും മത്സരവീര്യവുമെല്ലാമുള്ള സാധാരണ മനുഷ്യരുടേതാണെങ്കിലും ഫാന്റസിയോടും മാജിക്കല്‍ റിയലിസത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ് കുമരങ്കരിയെന്ന ദേശവും അവിടത്തെ മനുഷ്യരും. പൊടുന്നനെ ദിവ്യത്വം കൈവരുന്ന ഷാപ്പിലെ എടുത്തുകൊടുപ്പുകാരിയും ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെയാണോ എന്നു തോന്നിയേക്കാവുന്ന പാത്രസൃഷ്ടിയും പള്ളിയങ്കണത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന കുമരങ്കരിക്ക് ഫാന്റസിയോടാണ് തെല്ല് ആഭിമുഖ്യക്കൂടുതല്‍.


ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി ഇത്തരത്തിലൊരു ദേശത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് മിന്നല്‍മുരളിയുടെ കഥ നടക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ദേശത്തേയും ഒരു കഥാപാത്രമായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ മിന്നല്‍മുരളി വിജയിക്കുന്നു. ഏതൊരു ഗ്രാമത്തിലേയും പോലെ സാധാരണ ജീവിതവൃത്തികളുമായി കഴിഞ്ഞുപോരുന്നവരാണ് കുറുക്കന്‍മൂലയിലെ മനുഷ്യരും. ഈ ദേശത്തെ രണ്ടുപേര്‍ക്ക് മിന്നലേറ്റ് അമാനുഷികശക്തി കൈവരുന്നതിലൂടെയാണ് സാധാരണത്വം വിട്ട് കുറുക്കന്‍മൂലയ്ക്ക് ദിവ്യത്വം കൈവരുന്നത്. ഷിബുവിനും ജെയ്‌സനും അമാനുഷികത കൈവരുന്നതിനും ഷിബുവിന്റേയും ഉഷയുടേയും പ്രണയത്തിനും സാക്ഷിയാകുന്നതും കുറുക്കന്‍മൂലയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറുക്കന്‍മൂലയെന്ന ദേശത്തിന്റെ പശ്ചാത്തലത്തിന് വലിയ പ്രാധാന്യം കൈവരുന്നതായി കാണാം. കുറുക്കന്‍മൂലയിലെ മനുഷ്യര്‍, വീടുകള്‍, തയ്യല്‍ക്കട, ചായക്കട, പുഴ, കുങ്ഫു പഠനകേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ക്രിസ്മസ് കാരോള്‍ എന്നിവയെല്ലാം ആ ദേശത്തിനോട് ചെറുതല്ലാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്.  

കുറുക്കന്‍മൂലയില്‍ നിന്ന് ദേശം എന്ന സ്ഥലത്തേക്ക് ബസ് റൂട്ട് ഉള്ളതായി മിന്നല്‍ മുരളിയില്‍ കാണിക്കുന്നുണ്ട്. ദേശം എന്നത് ബേസില്‍ ജോസഫിന്റെ തന്നെ കുഞ്ഞിരാമായണത്തിലെ ഗ്രാമമാണ്. ഇത് ദേശം എന്ന ഗ്രാമത്തിന്റെയും അവിടത്തുകാരുടേയും കഥയാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിരാമായണം ആരംഭിക്കുന്നത്. സവിശേഷമായ സ്വഭാവവിശേഷങ്ങളും സ്വാഭാവികമായ നിഷ്‌കളങ്കതയും സ്ഥായിയായ മണ്ടത്തരങ്ങളുമെല്ലാമുള്ള തനിനാടന്‍ മനുഷ്യരാണ് കുഞ്ഞിരാമായണത്തിലേത്. അങ്ങനെയുള്ള ദേശവും കുറുക്കന്‍മൂലയും ഒരു ഗ്രാമീണ ബസ റൂട്ട് തുടങ്ങിയവസാനിക്കുന്ന രണ്ട് ചെറിയ ദൂരങ്ങളാണെന്ന് ഈ രണ്ട് സിനിമകളിലെയും സൂചനകളില്‍ നിന്ന് അനുമാനിക്കാം. കുറുക്കന്‍മൂലയില്‍നിന്നുള്ള ബസ് കണ്ണാടിക്കല്‍ വഴിയാണ് ദേശത്തേക്കു പോകുന്നതെന്ന് ബോര്‍ഡില്‍ കാണാം. കണ്ണാടിക്കല്‍ ബേസിലിന്റെ ഗോദ എന്ന സിനിമയിലെ ഗ്രാമമാണ്. കണ്ണാടിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ബസ്സും കുഞ്ഞിരാമായണത്തിലെ ദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗോദയില്‍ ബസ്സിലെ ക്ലീനര്‍ വിളിച്ചുപറയുന്നത് 'ദേശം ദേശം' എന്നാണ്. ബേസിലിന്റെ മൂന്ന് സിനിമകളിലേയും ഗ്രാമങ്ങള്‍ പരസ്പരബന്ധിതമാണ്. 


മലയാള സിനിമ സ്റ്റുഡിയോ ഫ്‌ളോര്‍ വിട്ട് പൂര്‍ണമായും തെരുവിലേക്കിറങ്ങിയ 1980 കളിലാണ് ഗ്രാമ ദേശങ്ങളും കവലകളും ഫ്രെയിമുകളില്‍ സജീവ സാന്നിധ്യമറിയിക്കുന്നത്. അക്കാലത്തെ സിനിമകളിലെ പേരുകളില്‍ പോലും ഇവ്വണ്ണം ദേശത്തിന്റെയും തെരുവുകളുടെയും സൂചനകളുണ്ട്. ഇടക്കാലത്തിനു ശേഷം ഗ്രാമങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ചായക്കടയും ഇടത്തരം കച്ചവട സ്ഥാപനങ്ങളുമുള്ള കവലകള്‍ വീണ്ടും സക്രീനിലെ സാന്നിധ്യങ്ങളായി. 

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞനന്തന്റെ കട, കോഹിനൂര്‍, കവി ഉദ്ദേശിച്ചത്, ഒരു വടക്കന്‍ സെല്‍ഫി, തീവണ്ടി, ഒടിയന്‍ തുടങ്ങി മുന്‍ പതിറ്റാണ്ടിലെ പല സിനിമകളിലും ഗ്രാമങ്ങളും അവിടത്തെ കവലകളും നിര്‍ണായക സാന്നിധ്യമാകുന്നുണ്ട്. ഇവയിലെല്ലാം പഴയകാല കവലകള്‍ പുന:സൃഷ്ടിക്കുന്നതിനു പകരം പുതിയ കാലത്തെ സൗകര്യങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന അങ്ങാടികളെയാണ് ചിത്രീകരിക്കുന്നതെന്നത് സത്യസന്ധത നല്‍കുന്നു. 1983 പോലെ വ്യത്യസ്ത കാലങ്ങള്‍ പരാമര്‍ശവിധേയമാകുന്ന ഒരു സിനിമയില്‍ പല കാലങ്ങളില്‍ കവലകളിലും കച്ചവട സ്ഥാപനങ്ങളിലും വരുന്ന മാറ്റം ആവിഷ്‌കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വര്‍ഷം പലതു കഴിയുമ്പോഴും ചില മനുഷ്യരും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അതേപടിയോ തീരെച്ചെറിയ മാറ്റങ്ങളെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ടോ നിലനില്‍ക്കുന്നതും 1983യിലെ കവലയില്‍ കാണാം. 


അന്‍വര്‍ സാദിക്കിന്റെ 'മനോഹര'ത്തില്‍ ചിറ്റിലഞ്ചേരി എന്ന തനി പാലക്കാടന്‍ ഗ്രാമത്തെയും കവലയെയുമാണ് പുനരാവിഷ്‌കരിക്കുന്നത്. മനോഹരന്റെയും വര്‍ഗീസേട്ടന്റെയുമെല്ലാം ഉപജീവനത്തിനും ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കും ചിറ്റിലഞ്ചേരി അങ്ങാടി സാക്ഷിയാകുന്നു. ഗ്രാമദേശത്തെ ആളുകളുടെ ബന്ധത്തിലെ ഇഴയടുപ്പവും ആഘോഷങ്ങളും സംഘര്‍ഷങ്ങളും ആവലാതികളും പ്രമേയമാക്കുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, അര്‍ച്ചന 31 നോട്ടൗട്ട്, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, മലയന്‍കുഞ്ഞ്, തല്ലുമാല, സുലൈഖാ മന്‍സില്‍, കഠിന കഠോരമീ അണ്ഡകടാഹം പോലുള്ള സിനിമകള്‍. 

വെള്ളിമൂങ്ങ പോലുള്ള സിനിമകളുടെ വിജയ പശ്ചാത്തലത്തിലാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, വെള്ളരിപട്ടണം, ഒരു താത്വിക അവലോകനം, ന്നാ താന്‍ കേസ് കൊട്, മദനോത്സവം പോലെയുള്ള പ്രാദേശികതയും രാഷ്ട്രീയവും സാധാരണക്കാരന്റെ ജീവിതവും ഇഴചേര്‍ത്തുള്ള ഗ്രാമീണ സിനിമകളുടെ രൂപപ്പെടലിലേക്ക് എത്തിക്കുന്നത്.


മലയാള സിനിമ കുറേക്കൂടി റിയലസ്റ്റിക്ക് പരിസരം പ്രയോജനപ്പെടുത്താന്‍ ശീലമാക്കിയതോടെയാണ് അതത് പ്രദേശത്തിനും പ്രാദേശിക ഭാഷയ്ക്കും തൊഴിലിനും സവിശേഷ പ്രാധാന്യം കൈവരുന്നത്. സെന്ന ഹെഗ്‌ഡേയുടെ തിങ്കളാഴ്ച നിശ്ചയം ഇത്തരം പ്രാദേശികതയ്ക്ക് സവിശേഷപ്രാധാന്യമുണ്ടാക്കിയ സിനിമയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകള്‍ വടക്കന്‍ മലബാറിന്റെ സവിശേഷ ഗ്രാമീണ പശ്ചാത്തലവും മനുഷ്യരെയും ഭാഷയെയും അടയാളപ്പെടുത്തുന്നു.

ഒരു തെക്കന്‍ തല്ലുകേസ്, പ്രണയവിലാസം, പൂക്കാലം, ജയജയജയ ജയഹേ, ജോ ആന്‍ഡ് ജോ, നെയ്മര്‍, പ്രകാശന്‍ പറക്കട്ടെ, മധുര മനോഹര മോഹം, പാല്‍ തു ജാന്‍വര്‍, ജേണി ഓഫ് ലൗ 18 പ്ലസ്, പദ്മിനി, ഫാലിമി, പുലിമട തുടങ്ങി വിഭിന്ന പ്രമേയ പരിസരം പുലര്‍ത്തി അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം ഗ്രാമീണ പശ്ചാത്തലവും സാധാരണക്കാരന്റെ ജീവിത പരിസരം ഉള്‍ക്കൊള്ളുന്നവയുമാണ്.


വികസനം വരുമ്പോള്‍ ഇല്ലാതെയാകുന്ന നാട്ടിന്‍പുറങ്ങളേയും അവിടത്തെ കളിസ്ഥലങ്ങളേയുമാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവില്‍ ഓര്‍മ്മിപ്പിക്കുന്നത്. കൂടിയിരിക്കുകയും വര്‍ത്തമാനം പറയുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നതിലൂടെയാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതും വളരുന്നതും. ഇത് നഷ്ടപ്പെടരുതെന്നാണ് രക്ഷാധികാരി ബൈജുവിലെ ഗ്രാമവും കൂടിയിരിപ്പിടവും ഓര്‍മ്മപ്പെടുത്തുന്നത്. ഗ്രാമത്തേയും ദേശത്തേയും ഉള്ളില്‍ മുറുകെപ്പിടിക്കുന്ന മലയാളിക്ക് ഈ സിനിമ നോവായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെ.

ഡബ്ല്യുടിപി ലൈവ്, 2024 ഫെബ്രുവരി 29

Wednesday, 13 March 2024

മഞ്ഞുമ്മലിലെ കണ്‍മണി അന്‍പോട്, പ്രേമലുവിലെ യയയാ യാദവാ, ഓസ്‌ലറിലെ പൂമാലനമേ.. ഗൃഹാതുര ഗാനങ്ങളില്‍ പുതുതലമുറ കൈയൊപ്പ് ചാര്‍ത്തുമ്പോള്‍


1991 ലെ ദീപാവലി നാളില്‍ ആയിരുന്നു സന്താന ഭാരതിയുടെ കമല്‍ഹാസന്‍ ചിത്രം ഗുണാ പുറത്തിറങ്ങിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ചിത്രം ഇന്നും ഓര്‍മ്മിക്കുന്നത് 'കണ്‍മണി അന്‍പോട് കാതലന്‍'എന്ന ഗാനത്തിലൂടെയാണ്. ഗുണായുടെ ഒപ്പമിറങ്ങിയ ദളപതിയാണ് ദീപാവലിക്ക് വന്‍ വിജയമായത്. പക്ഷേ ഉദാത്ത പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്ന ഗുണായിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മുപ്പതാണ്ടിനിപ്പുറവും പുതുമ ചോരാതെ ആളുകള്‍ കേട്ടു കൊണ്ടേയിരിക്കുന്നു.

ഏതു ദുര്‍ഘട വേളയില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഉളവായേക്കാവുന്ന അപാരമായ ഇഴയടുപ്പത്തെ അടയാളപ്പെടുത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമാ വിപണിയിലെ ഏറ്റവും പുതിയ സെന്‍സേഷണല്‍ ഹിറ്റില്‍ ഗുണായിലെ ഈ ഗാനം അതിമനോഹരമായി ചേര്‍ത്തുവച്ചിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ കാണികളോട് അടുപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഈ പാട്ടാണ്. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങുന്നു ഈ പാട്ടിനോടുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആത്മബന്ധം. കഥാപുരോഗതിയില്‍ കൊടൈക്കനാലിലേക്കുള്ള യാത്രാവേളയില്‍ കൂട്ടുകാര്‍ക്കിടയിലും ഈ പാട്ട് തുടരുന്നുണ്ട്. ക്ലൈമാക്‌സിലെ അതിനിര്‍ണായക സീക്വന്‍സിലാണ് കണ്‍മണി അന്‍പോട് വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരമൊരു സവിശേഷ അവസരത്തില്‍ മറ്റേതൊരു സംഭാഷണത്തെക്കാളും പശ്ചാത്തല സംഗീതത്തെക്കാളും ഈ പാട്ടിലെ വരികള്‍ കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അങ്ങനെ സിനിമയുടെ സംവേദനം കുറേക്കൂടി കാണിയുടെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നതാകുന്നു. 'ഇത് മനിത കാതലല്ലൈ' എന്ന് പ്രേക്ഷകര്‍ അറിയാതെ കണ്‍നിറഞ്ഞ് ഉരുവിട്ടു പോകുന്നു.
കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന ദുര്‍ഘടമായ ഗുഹാമുഖത്ത് ചിത്രികരിച്ചുവെന്നതായിരുന്നു ഗുണാ സിനിമയെ അക്കാലത്ത് ശ്രദ്ധേയമാക്കിയത്. അതിനു ശേഷം ആ പ്രദേശത്തിന് പേര് ഗുണാ കേവ്‌സ് എന്നായി. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ ഗുണാ കേവ്‌സിലേക്ക് യാത്ര പോകുമ്പോള്‍ 'കണ്‍മണി അന്‍പോട്' പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വരികളും പാട്ടിനിടയിലെ കമല്‍ഹാസന്റെ സംഭാഷണങ്ങളും അതീവ ഹൃദ്യമായി കഥാപാത്രങ്ങളില്‍ വന്നുപോകുന്നുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടുകളെ ഗൃഹാതുരമായി കാണുന്ന ഒരു തലമുറയുടെ പ്രതിനിധികളാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലെയും ആസ്വാദകരിലെയും വലിയൊരു പങ്കും. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടിക്കാലത്തോടും കൗമാരത്തോടും യൗവനത്തോടും ഇഴചേര്‍ന്നു കിടക്കുന്ന ആ കാലത്തെ പാട്ടുകള്‍ പുതുകാല സിനിമയില്‍ ആവര്‍ത്തിക്കുന്നതായി കാണാം. അവരുടെ സിനിമകളിലെ സവിശേഷ സന്ദര്‍ഭങ്ങളില്‍ പൊയ്‌പോയ ആ കാലത്തിന്റെ ഓര്‍മ്മകളും സിനിമാ സന്ദര്‍ഭങ്ങളും പാട്ടുകളും സംഭാഷണങ്ങളും കടന്നുവരുന്നു. ഏറ്റവുമൊടുവില്‍ സെന്‍സേഷണല്‍ ഹിറ്റുകളായ മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കണ്‍മണി അന്‍പോട് കാതലനി'ലും പ്രേമലുവിലെ 'യയയാ യാദവാ എനിക്കറിയാം' എന്നീ പാട്ടുകള്‍ കഥാപശ്ചാത്തലവുമായി ഇണക്കിച്ചേര്‍ത്ത് ഉപയോഗിച്ചതില്‍ എത്തിനില്‍ക്കുന്നു പാട്ടിലെ ഈ ജനപ്രിയതയും ഗൃഹാതുരതയും.

സിനിമയുടെ കേന്ദ്രപ്രമേയവുമായി ചേര്‍ത്തും അല്ലാതെയും ഇത്തരത്തില്‍ പാട്ടുകള്‍ ഉപയോഗിക്കുന്നതായി കാണാം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കൗതുകം ചോരാതെ നിലനില്‍ക്കുന്ന അതതു കാലത്തെ ജനപ്രിയ ഗാനങ്ങളാണ് സിനിമ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ ചില ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ ജനപ്രിയത പ്രാപിക്കുകയും മറ്റൊരു തലമുറയുടെ കൂടി പ്രിയപ്പെട്ട ഗാനമായി മാറുകയും ചെയ്യാറുണ്ട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഭരതന്റെ കാതോട് കാതോരത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ലഭിച്ച ജനപ്രിയത ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഈ സിനിമയുടെ റിലീസ് വേളയില്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം ഈ ഗാനം ആയിരുന്നു. റിലീസിനു മുമ്പു തന്നെ ഈ പാട്ടും അതിന്റെ വിഷ്വല്‍സും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. കാതോട് കാതോരത്തില്‍ പള്ളിയിലെ ആഘോഷ പരിപാടിയില്‍ ക്വയര്‍ സംഘം പാടുന്നതായിട്ടാണ് ഗാനം ചിത്രീകരിച്ചതെങ്കില്‍ ഗാനമേള വേദിയിലാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ 'ദേവദൂതര്‍' ഉപയോഗപ്പെടുത്തിയത്. ഉത്സവത്തിലെ ഗാനമേളാ സദസ്സില്‍ പാട്ടിനൊപ്പമുള്ള നാടന്‍ ചുവടുകളിലൂടെ കുഞ്ചാക്കോ ബോബന്‍ അതിശയപ്പെടുത്തിയതും മറ്റൊരു തരംഗമായി മാറി. ഈ സിനിമയുടെ റിലീസിനെ തുടര്‍ന്ന് ഉത്സവപ്പറമ്പുകളിലെയും ആഘോഷ പരിപാടികളിലെയും ഗാനമേള വേദികളില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കാതോട്  കാതോരത്തിലെ പാട്ട് വീണ്ടും ആവര്‍ത്തിച്ച് ആലപിക്കപ്പെട്ടു.
    

ഈ വര്‍ഷത്തെ ആദ്യത്തെ തിയേറ്റര്‍ വിജയമായ മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എബ്രഹാം ഓസ്‌ലറില്‍ ഉപയോഗിച്ച നിറക്കൂട്ടിലെ 'പൂമാനമേ' ഇതുപോലെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മറ്റൊരു ഹിറ്റായി. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ എണ്‍പതുകളിലെ കോളേജ് കാലത്തെ ഫ്‌ളാഷ് ബാക്ക് വേളയിലാണ് പൂമാനമേ ഉപയോഗിച്ചത്. 1980 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ നിറക്കൂട്ടും നിത്യഹരിത ഗാനമായ പൂമാനമേ'യും വിന്റേജ് മമ്മൂട്ടിയെയും മറ്റൊരു തരത്തില്‍ വീണ്ടെടുക്കാന്‍ ഓസ്ലറിലൂടെ ഇത് പ്രയോജനം ചെയ്തു. കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് വിശദീകരണത്തില്‍ പുതിയതായി ചിട്ടപ്പെടുത്തുന്ന ഒരു പാട്ടിന് ഇത്രമാത്രം നൂലിഴ ചേര്‍ക്കപ്പെടുമോയെന്ന് ചിന്തിക്കാനിട നല്‍കാനാകാത്തത്രയും കോര്‍ത്തിണക്കപ്പെട്ടു 'പൂമാനമേ'യും അതിന്റെ പശ്ചാത്തലവും. 'ഓസ്‌ലര്‍ നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ' എന്ന അലക്‌സാണ്ടറിന്റെ ചോദ്യവും പശ്ചാത്തലത്തില്‍ ഉയരുന്ന പാട്ടിന്റെ വരികളും ആ രംഗത്തെ സിനിമയിലെ ട്രെന്‍ഡിംഗ് സീക്വന്‍സുകളിലൊന്നാക്കി മാറ്റി. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന ഗാനം നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും കാണികളെ എളുപ്പത്തില്‍ എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മറ്റൊരു നടന്‍ അവതരിപ്പിച്ചിരുെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് ഓസ്‌ലറിന്റെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഭരതന്റെ ദേവരാഗത്തില്‍ ശ്രീദേവിയും അരവിന്ദ് സ്വാമിയും പശ്ചാത്തലത്തിലെത്തുന്ന 'യയയാ യാദവാ' എന്ന ഗാനം മലയാളിയുടെ പ്രണായാതുരമായ ഓര്‍മ്മകളിലൊന്നാണ്. ഈ സിനിമ ഇറങ്ങി വര്‍ഷങ്ങളോളം നൃത്തവേദികളില്‍ ആവര്‍ത്തിക്കപ്പെടാന്‍ ഈ പാട്ടിനായി. ഏറെക്കാലത്തിനു ശേഷം ഈ പാട്ടിന് അതേ മാതൃകയിലുള്ള ദൃശ്യാവിഷ്‌കാരം നല്‍കുകയാണ് പ്രേമലുവില്‍. വിവാഹ വേദിയിലെ രാധാ-കൃഷ്ണ നൃത്തമായിട്ടാണ് ഗാനം പ്രേമലുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേവരാഗം 2.0 എന്ന പേരിലാണ് പ്രേമലുവിലെ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് ഇത് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്തു.

ഒരു കാലം, അന്നത്തെ സിനിമകള്‍, സംഗീത സംവിധായകര്‍, ഗായകരുടെ ആലാപന ശൈലി, അനശ്വരമായ ഈണങ്ങള്‍ എന്നിവയൊക്കെ പൊടിതട്ടിയെടുക്കാനും ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുവാനുമുള്ള പ്രേരണയാണ് ഇത്തരം പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. പോയ കാലത്തെയും ഓര്‍മ്മകളെയും പുല്‍കുവാന്‍ മനുഷ്യരിലുള്ള ഈ ചോദനയെ തന്നെയാണ് തങ്ങളുടെ സിനിമകളിലൂടെ ചലച്ചിത്രകാരന്മാര്‍ പ്രയോജനപ്പെടുത്തുന്നതും.

മലയാളികളുടെ ഗൃഹാതുരതയെ പൊടിതട്ടിയെടുക്കും വിധമുള്ള പാട്ടുകള്‍ 2010 ല്‍ ആരംഭിക്കുന്ന ദശകം തൊട്ടുള്ള സിനിമകളാണ് ഏറെ പ്രയോജനപ്പെടുത്തിയതെന്നു കാണാനാകും. ജിസ് ജോയിയുടെ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയില്‍ കെപിഎസി ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പാട്ട് പാടിക്കൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആസിഫ് അലിയുടെ ചാക്കോ നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്ന നിത്യഹരിത ഗാനമാണ് പാടുന്നത്. നോക്കത്താ ദൂരത്ത് കണ്ണും നട്ടില്‍ കൊച്ചുമകളെ കാത്തിരിക്കുന്നതുമായുള്ള സമാന പ്രമേയ പശ്ചാത്തലത്തിലാണ് ഈ സിനിമയിലും ആയിരം കണ്ണുമായ് എന്ന പാട്ട് ഉപയോഗിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ സുരേശന്റെയും സുമലതയുടെയും പ്രണയത്തിന് പശ്ചാത്തലമാകുന്നതും 'ആയിരം കണ്ണുമായ്' തന്നെ. ഇങ്ങനെയൊരു നിത്യഹരിത ഗാനം പുതിയൊരു സിനിമയുടെ പശ്ചാത്തലമാകുമ്പോള്‍ സിനിമയുടെ ആകെ കാഴ്ചവിതാനത്തെ തന്നെ തെല്ല് നേരം അത് മാറ്റിമറിക്കുകയും മറ്റൊരു അനുഗുണമായ തലത്തിലേക്ക് എത്തിക്കുകയും ചെയ്യും.
സന്ദര്‍ഭങ്ങള്‍ക്കു ചേരുന്ന മെലഡി ഗാനങ്ങളാണ് പുതിയ സിനിമകള്‍ കൂടുതലും ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. പ്രേക്ഷകര്‍ പതിറ്റാണ്ടുകളായി താലോലിക്കുന്നവയും അവരുടെ ദിവസജീവിതത്തില്‍ കേള്‍വിയായും മൂളിപ്പാട്ടിന്റെ രൂപത്തിലും നിരന്തരം കടന്നുവരുന്നവയുമായിരിക്കും ഈ ഗാനങ്ങള്‍. അതുകൊണ്ടു തന്നെ ഇവ ആവര്‍ത്തിച്ചു കേള്‍ക്കാനും സിനിമയില്‍ അതിനു യോജിക്കുന്ന പശ്ചാത്തലമൊരുങ്ങി കാണാനും പ്രേക്ഷകര്‍ താത്പര്യപ്പെടുന്നു. വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്തിലും 'ആയിരം കണ്ണുമായ്' ഉപയോഗിക്കുന്നുണ്ട്. തട്ടത്തിന്‍ മറയത്തില്‍ വിനോദ് അയിഷയോട് ഇഷ്ടം തുറന്നു പറയാന്‍ ഒരുങ്ങുന്ന വേളയിലാണ് ആയിരം കണ്ണുമായ് ഉള്‍ച്ചേര്‍ക്കുന്നത്. ആ വരികളില്‍ വിനോദിന്റെയുള്ളില്‍ ആയിഷയോടുള്ള അപാരമായ പ്രണയവും അത് തുറന്നു പറയാനുള്ള കാത്തിരിപ്പും അവളെ കാണാനുള്ള കൗതുകവുമെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ജിസ് ജോയ് സിനിമയില്‍ 'മനസ്സിന്‍ മടിയിലെ മാന്തളിരില്‍' എന്ന മാനത്തെ വെള്ളിത്തേരിലെ പാട്ടാണ് ചിത്രയുടെ ശബ്ദ സാന്നിധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ പാട്ടുകള്‍ പാടിയ ഗായകരുടെ അതേ ശബ്ദത്തിലും അതല്ലാതെ കവര്‍ വേര്‍ഷനായിട്ടും പാട്ടുകള്‍ സിനിമ പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടിലും പുതുമയും കൗതുകവും അവശേഷിപ്പിക്കാനാകുമെന്നതാണ് ഇതിലെ സവിശേഷത.
ഞാന്‍ ഏകനാണ് (1982) എന്ന സിനിമയിലെ ഓ മൃദുലേ എന്ന ഗാനം ദീപന്റെ ഡോള്‍ഫിന്‍സില്‍ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമായി കോര്‍ണിണക്കി അവതരിപ്പിക്കുമ്പോള്‍ വികെ പ്രകാശിന്റെ ബ്യൂട്ടിഫുളില്‍ തൂവാനത്തുമ്പികളിലെ അതിപ്രശസ്തമായ പശ്ചാത്തല സംഗിതം നായികയുടെ ഇന്‍ട്രോ സീനില്‍ ഉപയോഗിച്ചാണ് കാണികളെ ആകര്‍ഷിക്കുന്നത്. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ചില പാട്ടുകള്‍ അവരുടെ ഫേവറിറ്റ് ലിസ്റ്റിലേക്ക് മാറുന്നതിനും ഇത്തരം റഫറന്‍സുകളിലൂടെ സാധിക്കാറുണ്ട്. തൂവാനത്തുമ്പികളിലെ പശ്ചാത്തല സംഗീതം പുതിയ തലമുറയിലേക്ക് എത്തിച്ചതില്‍ ഹിറ്റ് ചിത്രമായിരുന്ന ബ്യൂട്ടിഫുളിനു കൂടി പങ്കുണ്ട്. ലോകേഷ് കനകരാജിന്റെ കൈദിയുടെ ക്ലൈമാക്‌സില്‍ പോലീസ് സ്‌റ്റേഷനിലെ ഒരു അതിസംഘര്‍ഷ വേളയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് ബാലു മഹേന്ദ്രയുടെ മറുപടിയും (1993) എന്ന ചിത്രത്തിലെ 'ആസൈ അധികം വച്ച്' എന്ന എസ്. ജാനകിയുടെ ശബ്ദത്തിലുള്ള ഗാനമാണ്. കൈദിയുടെ റിലീസിനും വന്‍ ജനപ്രീതിക്കും ശേഷം ഈ ഗാനം ഏതെന്ന് അന്വേഷിച്ച് യു ട്യൂബില്‍ തിരഞ്ഞ വലിയൊരു വിഭാഗം ആളുകളുണ്ട്. അതോടെ ഈ ഗാനത്തിന്റെ വാച്ച്‌ലിസ്റ്റ് നമ്പര്‍ അതിവേഗമാണ് കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത് ഏറെ ശ്രദ്ധേയമായ മാസ്റ്റര്‍പീസ് എന്ന വെബ് സീരീസില്‍ ശാന്തീകൃഷ്ണയുടെ കഥാപാത്രം ഗായികയാകാന്‍ കൊതിച്ച് അടുക്കളയില്‍ മാത്രം ഒതുക്കപ്പെടുന്ന സ്ത്രീയുടേതാണ്. ആ കഥാപാത്രം സംസാരിക്കുന്നതു പോലും പാട്ടുകളിലൂടെയാണെന്നു കാണാം. അവരുടെ സംസാരത്തില്‍ കടന്നുവരുന്ന പാട്ടുകളെല്ലാം തന്നെ മലയാളിയുടെ ചുണ്ടിലുള്ള നിത്യഹരിത ഗാനങ്ങളാണെന്നും കാണാം. കുടുംബകലഹം അതിന്റെ ഔന്നത്യത്തില്‍ എത്തുന്ന ഒരവസരത്തില്‍ മിനുട്ടുകളോളം ഈ ബഹള പരിസരത്തുനിന്ന് മനസ്സകന്ന് ചുവരിനപ്പുറം ബ്ലൂ ടൂത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന യാത്ര സിനിമയിലെ 'യമുനേ നിന്നുടെ നെഞ്ചില്‍' എന്ന പാട്ടില്‍ ലയിക്കുകയും താളം പിടിക്കുകയും ചെയ്യുന്നു ഈ കഥാപാത്രം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പാട്ടും മലയാളിയുടെ നിത്യഹരിത പട്ടികയിലുള്ളതു തന്നെ.

പുതുതലമുറ സംവിധായകരില്‍ നിന്ന് മുന്‍ തലമുറയിലേക്ക് പോകുമ്പോള്‍ അവരുടെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം ഗൃഹാതുര ഗാനങ്ങളിലും കാലപ്പഴക്കം വരുന്നതായി കാണാം. ജയരാജിന്റെ ലൗഡ് സ്പീക്കറില്‍ മമ്മൂട്ടിയുടെ മൈക്കും ശശികുമാറിന്റെ മേനോനും 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന പിഎന്‍ മേനോന്റെ റോസിയിലെ (1965) ഗാനത്തിലൂടെയാണ് അവരുടെ കൗമാരത്തെ ഓര്‍മ്മിക്കുന്നത്. ഷാഫിയുടെ വെനീസിലെ വ്യാപാരിയില്‍ 1980 കളില്‍ നടക്കുന്ന കഥാപശ്ചാത്തലത്തില്‍ അങ്ങാടിയിലെ 'കണ്ണും കണ്ണും' ആണ് പ്രണയഗാനമായി ഉപയോഗിക്കുന്നത്. ഹിന്ദി ചിത്രമായ സുജാത (1959) യിലെ 'ജല്‍തെ ഹെ ജിസ്‌കേ' എന്ന ഗാനം രഞ്ജിത്തിന്റെ കൈയൊപ്പിലും കഭി കഭി(1975)യിലെ 'കഭി കഭി മേരേ ദില്‍ മേ' എന്ന അനശ്വരഗാനം സിബി മലയിലിന്റെ മായാമയൂരത്തിലും വരുന്നുണ്ട്.

ശശികുമാറിന്റെ സിന്ധു(1975)വിലെ ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന ഗാനം ഛോട്ടാ മുംബൈയിലും രാമു കാര്യാട്ടിന്റെ നെല്ലി(1974)ലെ 'കല്യാണ പ്രായത്തില്‍' ബഡാ ദോസ്തിലും ഐവി ശശിയുടെ കാണാമറയത്തിലെ (1984) 'ഒരു മധുരക്കിനാവിന്‍' തേജാഭായ് ആന്‍ഡ് ഫാമിലിയിലും റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ക്രോസ്‌ബെല്‍റ്റ് മണിയുടെ മിടുമിടുക്കി(1968)യിലെ 'അകലെയകലെ നീലാകാശം' ആദ്യത്തെ കണ്‍മണിയില്‍ ഗാനമേളാ വേദിയില്‍ നായികാനായകന്മാര്‍ പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 മാര്‍ച്ച് 10, ഷോ റീല്‍-51

Sunday, 10 March 2024

പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും അതിസമ്പന്ന ദേശം; ഇനിയും സാധ്യമാണ് ഭ്രമയുഗങ്ങള്‍


പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും അതിസമ്പന്ന പാരമ്പര്യം നമുക്ക് സ്വന്തമാണ്. ഇത്തരം കഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലവുമാണ് നമ്മുടേത്. ഏറ്റവും പുതിയ തലമുറയ്ക്ക് അത് എത്രമാത്രം പ്രാപ്യമാകുന്നുവോ എന്നൊരു സന്ദേഹം ബാക്കിയുണ്ട്. ഇതില്‍ താത്പര്യം വച്ചുപുലര്‍ത്തുന്നുവെങ്കില്‍ പുസ്തകത്താളുകളോ വിക്കി താളുകളോ മറിച്ചാല്‍ കഥകളുടെ അമൂല്യശേഖരത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായേക്കും. എല്ലാം രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കിലും രേഖപ്പെടുത്തിയവ അത്ര വിശാലമാണ്. താളിയോലകളുടെയും അതിനെ പരിവര്‍ത്തനപ്പെടുത്തിയ അക്ഷരങ്ങളുടെയും ഈ അക്ഷയഖനി നമ്മുടെ ജനപ്രിയ ദൃശ്യകല വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും പോലുള്ള കഥാപാത്ര സാധ്യതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമയുടെ ഭീതിയുടെ ഭൂമികയില്‍ പരിചിതമല്ലാത്ത മിത്തുകളും കഥാപാത്രങ്ങളുമാണ് ഏറെയും. 

നമ്മുടെ ഭ്രമാത്മക/ഹൊറര്‍ സിനിമകളില്‍ ഏറിയ പങ്കും ബാധാവേശവും അതിന്റെ ഒഴിപ്പിക്കല്‍ കര്‍മ്മങ്ങളിലും ഒതുങ്ങിനിന്നുപോരുന്നതായിട്ടാണ് കാണുന്നത്. അതിനപ്പുറമുള്ള ചരിത്രാന്വേഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സിനിമ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അതിസമ്പന്നമായ ഈ ഭൂതകാലം തൊട്ടുണര്‍ത്തപ്പെടാതെ നിലവറയിലാണ്ടു കിടക്കുകയാണ്. മലയാൡകളില്‍ ഭീതി ഉണര്‍ത്തിയ വിഖ്യാത സിനിമകളായ ഭാര്‍ഗവീനിലയവും യക്ഷിയും മണിച്ചിത്രത്താഴും അടുത്തകാലത്ത് പുറത്തുവന്ന ഭൂതകാലവുമടക്കം മനസ്സിന്റെ വിഭ്രാത്മകതയിലേക്കും അടരുകളിലേക്കുമാണ് സഞ്ചരിക്കുന്നത്. മനുഷ്യമനസ്സിലെ ഭീതിയുടെ മാനസികാപഗ്രഥനം സാധ്യമാക്കുക വഴിയാണ് ഈ സിനിമകള്‍ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നത്. അതിനപ്പുറം ഒരു ശ്രീകൃഷ്ണപ്പരുന്തോ അഥര്‍വമോ ഒക്കെ മാത്രമാണ് ആഭിചാര ക്രിയകളും മിത്തുകളും അല്‍പ്പമെങ്കിലും പ്രയോജനപ്പെടുത്തിയിട്ടുള്ളവ. എന്ന് സ്വന്തം ജാനകിക്കുട്ടി, അനന്തഭദ്രം പോലെയുള്ള സിനിമകള്‍ ഒരു മുത്തശ്ശിക്കഥയുടെ കൗതുകം ജനിപ്പിക്കുന്നവയും. മിത്തുകളുടെ സങ്കലനം വേണ്ടുംവിധം ആവാഹിച്ചിട്ടുള്ള കലാനിലയത്തിന്റെ അതിപ്രശസ്ത നാടകമായ രക്തരക്ഷസ്സിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനും പ്രേക്ഷകരില്‍ വേണ്ടത്ര ഭീതിയുടെ അനുഭവം സൃഷ്ടിക്കാനായില്ല.


1931 ലാണ് ബ്രാം സ്റ്റോക്കറുടെ വിഖ്യാത നോവല്‍ ഡ്രാക്കുളയെ ആധാരമാക്കി ആദ്യത്തെ ഹോളിവുഡ് സിനിമ പുറത്തിറങ്ങുന്നത്. ടോഡ് ബ്രൗണിങ്ങിന്റെ ഈ സിനിമയെ തുടര്‍ന്ന് നൂറുകണക്കിന് ഡ്രാക്കുള സിനിമകളാണ് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയത്. ഐറിഷ് നാടോടിക്കഥകളുടെ രൂപത്തില്‍ പ്രചാരത്തിലുള്ളതും കൈമാറിപ്പോന്ന മുത്തശ്ശിക്കഥകളിലുമുണ്ടായിരുന്ന രക്തം കുടിച്ച് ശക്തി പ്രാപിക്കുകയും അമര്‍ത്യരായി തുടരുകയും ചെയ്യുന്ന രൂപങ്ങളെയും രക്തദാഹികളായ കടവാവലുകളെയും കുറിച്ച് കേട്ട കഥകളാണ് ഡ്രാക്കുളയുടെ സൃഷ്ടിക്കായി ബ്രാം സ്റ്റാക്കറിന് പ്രേരകങ്ങളായത്. ആദ്യം ഹോളിവുഡും പിന്നീട് ബ്രിട്ടീഷ് സിനിമയും തുടര്‍ന്ന് ലോകമെമ്പാടും ഈ ഐറിഷ് മിത്തോളജി സിനിമയില്‍ പ്രയോജനപ്പെടുത്തി. ഹോളിവുഡും മറ്റ് പ്രധാന യൂറോപ്യന്‍ സിനിമാ വിപണികളും എക്കാലവും അവരുടെ ദേശത്ത് പ്രചാരത്തിലുള്ള ഐതിഹ്യങ്ങളും മിത്തും ഭീതിയോടും സാങ്കല്‍പ്പികതയോടും ചേര്‍ത്തു കൊണ്ടുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധ വച്ചിട്ടുള്ളതായി കാണാം. ഇത്തരം കഥകളോടും അതിന്റെ ദൃശ്യാവിഷ്‌കാരത്തോടും ആളുകള്‍ക്കുള്ള കൗതുകം തന്നെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ഡ്രാക്കുളയില്‍ തുടങ്ങി ഒരു നൂറ്റാണ്ടോളം ചെല്ലുമ്പോഴും ലോര്‍ഡ് ഓഫ് ദ റിങ്‌സിലൂടെയും ഹോബിറ്റിലൂടെയും ഹാരി പോര്‍ട്ടറിലൂടെയും ഭ്രമാത്മകതയുടെയും ഭീതിയുടെയും കഥകള്‍ ഹോളിവുഡില്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ഹൊറര്‍ സിനിമകള്‍ മിക്ക ഇന്ത്യന്‍ ഭാഷകളിലും തുടര്‍ച്ചയായി പുറത്തിറങ്ങുന്നുണ്ടെങ്കിലും ശബ്ദ, ദൃശ്യ, ഭീതീരൂപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാണിയില്‍ ഭയം ജനിപ്പിക്കുക എന്ന കേവല പ്രമാണത്തിനപ്പുറത്തേക്ക് ഇത്തരം സിനിമകള്‍ ഐതിഹ്യങ്ങളോ മിത്തുകളോ പ്രമേയ പശ്ചാത്തലത്തില്‍ ഉപയോഗപ്പെടുത്തി വളര്‍ച്ച പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ കേവല ഭയം ജനിപ്പിച്ചിക്കുന്ന ഇത്തരം സിനിമകളെ പിന്നീട് കാണികള്‍ ഓര്‍ത്തിരിക്കാറുമില്ല. അതേസമയം മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ തന്നെ മനസ്സിന്റെ തോന്നലുകളെ വ്യക്തമായി വരച്ചിടുന്ന നിഴലനക്കങ്ങളെ കാണികള്‍ ഏറ്റെടുക്കുന്നതായും കാണാം. പിസയും സ്ത്രീയും വെല്‍ക്കം ഹോമും ചോരിയും ഉള്‍പ്പെടെയുള്ളവ ഈ ഗണത്തില്‍ അടുത്ത കാലത്ത് പ്രേക്ഷകര്‍ ശ്രദ്ധിച്ച സിനിമകളാണ്.


ഹൊറര്‍/ഫാന്റസി ജോണറില്‍ നിര്‍മ്മിക്കപ്പെടുന്ന ഭൂരിഭാഗം ഇന്ത്യന്‍ സിനിമകളും ഹോളിവുഡ്/യൂറോപ്യന്‍ സിനിമകളുടെ മിസ്റ്ററി പ്രമേയം ഇവിടത്തെ പശ്ചാത്തലത്തിലേക്ക് പകര്‍ത്തിയവയാണെന്നു കാണാം. അതീവ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളാലും ഐതിഹ്യങ്ങളാലും മിത്തുകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സംസ്‌കാരവും കഥകളും ഇതോടെ നിരാകരിക്കപ്പെടുന്നു. അതിവിഭിന്നമായ ഭൂഭാഗങ്ങളും ജീവിത രീതികളും ആചാരവിശേഷങ്ങളും പിന്തുടര്‍ന്നുപോരുന്ന ഇന്ത്യന്‍ ഭൂമിക ഇത്തരം കഥകളുടെ ഖനിയാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനെ നിരാകരിച്ച് ഉപരിപ്ലവമായ ഫാന്റസി നിര്‍മ്മിതികള്‍ മാത്രമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മറിച്ച് അടുത്ത കാലത്ത് നിര്‍മ്മിക്കപ്പെടുന്ന പുരാണേതിഹാസ, ചരിത്ര വീരാപദാന കഥകളാകട്ടെ കൂടുതല്‍ അന്ധവിശ്വാസ നിര്‍മ്മിതകളുടേതാണെന്ന ദയനീയ ചിത്രണവുമുണ്ട്. ഇത്തരം ചലച്ചിത്ര നിര്‍മ്മിതികള്‍ അന്ധവിശ്വാസത്തില്‍ അകപ്പെട്ടു പോകുന്ന ജനതയെ കൂടുതല്‍ മൂഢസ്വര്‍ഗ്ഗത്തിലെത്തിക്കാനേ ഉപകരിക്കുകയുള്ളൂ.

2018 ല്‍ പുറത്തിറങ്ങിയ റാഹി അനില്‍ ബാര്‍വെയുടെ തുമ്പാദ് ആണ് ഇന്ത്യന്‍ മിത്തോളജിയെ അടിസ്ഥാനമാക്കി ഐതിഹ്യകഥകളോട് ചേര്‍ന്നുനില്‍ക്കുന്നതായുള്ള ഒരു ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് പുറത്തുവന്നത്. 'ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ആവശ്യങ്ങള്‍ക്കുതകുന്ന വിഭവങ്ങള്‍ പ്രകൃതിയിലുണ്ട്. എന്നാല്‍ അനാവശ്യവും അമിതവുമായ ഉപയോഗം ആരും അര്‍ഹിക്കുന്നില്ല' എന്ന അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു വാചകമാണ് ഈ സിനിമയുടെ കാതല്‍. ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും പ്രതീകമായ ദേവതയെ കുറിച്ചുള്ള ഐതിഹ്യകഥകളും ദേവതയുടെ മകനായ ഹസ്തറിനെക്കുറിച്ചുമാണ് മഹാരാഷ്ട്രയില്‍ പ്രചാരത്തിലുള്ള ഈ കഥയില്‍ പറയുന്നത്. 


കാലത്തെ കീഴ്‌മേല്‍ മറിച്ച് മനുഷ്യന്റെ തീരാത്ത ദുര തലമുറകളിലേക്ക് വ്യാപിക്കുന്നുവെന്ന് മുത്തശ്ശിക്കഥയിലൂടെ പറഞ്ഞുതന്ന തുമ്പാദില്‍ നിന്ന് രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്ന മലയാള സിനിമയിലേക്ക് എത്തുമ്പോള്‍ അധികാരം ആരുടെ കൈയിലിരുന്നാലും അത് ദുഷിക്കും എന്ന അര്‍ഥവ്യാപ്തിയിലേക്കാണ് അതിന്റെ സഞ്ചാരം. മുഷിഞ്ഞ മുണ്ടും ഇടതുതോളില്‍ മേല്‍മുണ്ടും കഴുത്തില്‍ നീളന്‍ മണിമാലയും മെതിയടിയും ഊന്നുവടിയുമായി മുറുക്കാന്‍കറ പുരണ്ട പല്ലു കാട്ടി ക്രൂരമായി ചിരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്ന കൊടുമണ്‍ പോറ്റി അധികാരത്തിന്റെ പ്രതീകമാണ്. എന്തിന്റെയും ആദ്യത്തെയും അവസാനത്തെയും വാക്ക് അയാളാണ്. മറ്റുള്ളവര്‍ അനുസരിക്കാന്‍ വിധേയപ്പെട്ടവരും. അത് മനയ്ക്കലേക്ക് പുതിയതായി ഒരു അതിഥി വന്നെത്തിയാലും അങ്ങനെ തന്നെ. ഒരിക്കല്‍ വന്നുപെട്ടാല്‍ ഒരിക്കലും പുറത്തുകടക്കാന്‍ സാധിക്കാത്ത ഒരു തുരുത്താണ് ആ മന. അങ്ങനെയാരും അവിടെ വരാറില്ല. വന്നവര്‍ പുറത്തു പോകാറുമില്ല എന്ന് കൊടുമണ്‍ പോറ്റി തന്നെ പറയുന്നുമുണ്ട്. അധികാര ദുര്‍വിനിയോഗത്തിന്റെ ഈ സ്ഥിതിയെ രാജാധിപത്യത്തോടോ നടപ്പു ജനാധിപത്യ വ്യവസ്ഥയോടോ ചേര്‍ത്തുവായിക്കാനുള്ള വിടവുകള്‍ സിനിമ നല്‍കുന്നുമുണ്ട്.

ഇങ്ങനെയൊരു പ്രമേയസാധുത പങ്കുവയ്ക്കാന്‍ ഭ്രമയുഗം പ്രയോജനപ്പെടുത്തുന്നത് പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറിന്റെ പശ്ചാത്തലമാണ്. മനയും കാവും കുളവും മാടനും ചാത്തനും മറുതയും കുട്ടിച്ചാത്തനും രക്ഷസ്സും യഥേഷ്ടം വിഹരിച്ചുപോരുകയും ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സമാകുമ്പോള്‍ അവയുടെ ബാധാവേശവും പോക്കുവരവും ഒഴിപ്പിക്കാന്‍ മന്ത്ര, തന്ത്രവിദ്യകള്‍ സ്വായത്തമാക്കിയ മഹാമാന്ത്രികന്മാര്‍ രക്ഷയ്‌ക്കെത്താറുമുള്ള കഥകള്‍ക്ക് ഈ പ്രദേശത്ത് ഏറെ പ്രചാരമുണ്ട്. ഇത്തരം കഥകള്‍ ഐതിഹ്യമാലയിലുള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളിലും അതല്ലാതെ മിത്തായും തലമുറകള്‍ കൈമാറിപ്പോരുന്നവയായും പ്രചാരത്തിലുണ്ട്. അങ്ങനെയുള്ള ഒരു മാന്ത്രികനാണ് കൊടുമണ്‍ പോറ്റി. അയാളുടെ പൂര്‍വ്വികരും പിന്തുടര്‍ച്ചക്കാരും ഇല്ലം മുടിപ്പിക്കുന്ന കുട്ടിച്ചാത്തനെ ഒഴിപ്പിക്കാനും കുടിയിരിപ്പുകാരെ സംരക്ഷിക്കാനുമായി കച്ചകെട്ടിയിറങ്ങുന്നവരാണ്. ഓരോരുത്തരെയും വകവരുത്തി കൂടുതല്‍ ശക്തനായി മാറി മനയുടെയാകെ ഏകാവകാശിയായി മാറുന്നു കുട്ടിച്ചാത്തന്‍. പോറ്റിയുടെ ശരീരത്തിന്റെ രൂപത്തില്‍ അധികാര ഗര്‍വ്വ് കാണിക്കുന്നതും കുട്ടിച്ചാത്തന്‍ തന്നെ. ആ ഹിംസാത്മക രൂപത്തെ വകവരുത്തി പെട്ടകത്തിലടച്ച് അതിന്റെ ചെയ്തികളില്‍ നിന്ന് ആളുകളെയും മനയെയും രക്ഷപ്പെടുത്തുന്നതിലൂടെ നന്മയുടെ വിജയം തന്നെയാണ് ഘോഷിക്കപ്പെടുന്നത്.


അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിട്ടുള്ള ഭ്രമയുഗം കാണുന്ന മറ്റൊരു ദേശക്കാരന് കൈവരിക കേരളത്തിലെ ഐതിഹ്യങ്ങളോടും മിത്തുകളോടുമുള്ള കൗതുകമാണ്. പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാര്‍ എന്ന കാലഗണന തൊട്ട് കാടുകയറി അങ്ങിങ്ങ് ഇടിഞ്ഞുപൊളിഞ്ഞ് ആള്‍പ്പാര്‍പ്പില്ലെന്ന് തോന്നിപ്പിക്കുന്ന മനയും അവിടത്തെ ചാത്തനും അതിനെ ഒഴിപ്പിക്കാനെത്തുന്ന മാന്ത്രികരുടെ തലമുറയും ചുറ്റുമുള്ള കാടും യക്ഷിയുമെല്ലാം ചേര്‍ന്ന് ഈ ദേശത്തെ കഥകളോട് അവര്‍ക്ക് തോന്നിയേക്കാവുന്ന ഒരു ആഭിമുഖ്യമുണ്ട്. അതു തന്നെയാണ് ഒരു ദേശത്തിന്റെ പുരാവൃത്ത വിജ്ഞാനവുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതയും. ഇതര ദേശ ഐതിഹ്യ കഥകള്‍ കണ്ട് കൗതുകമൂറിയിരുന്ന നമുക്ക് കേരളത്തിന്റെ പുരാവൃത്ത പാരമ്പര്യത്തെ അവര്‍ക്കു മുന്നില്‍ വലിയ വിതാനത്തില്‍ അവതരിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ മാതൃകയില്‍ പുരാവൃത്തവുമായി ബന്ധമുള്ള നിരവധി കഥാസാധ്യതകളാണ് ഇനിയും പ്രയോജനപ്പെടുത്താനുള്ളത്. കേരളത്തിന്റെ ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള അനവധിയായ ഐതിഹ്യങ്ങളുണ്ട്. ഇവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സൃഷ്ടികള്‍ക്ക് ദൃശ്യാഖ്യാനം നല്‍കുമ്പോള്‍ മലയാള സിനിമയുടെ വിതാനം മറ്റൊരു തലത്തിലെത്തിക്കാനായേക്കും. ഇതാണ് ഭ്രമയുഗം അവശേഷിപ്പിച്ചുപോകുന്ന സാധ്യത.

വടക്കന്‍ മലബാറിലെ തെയ്യം പോലുള്ള അനുഷ്ഠാന കലകളെ കലാകാരന്മാരുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുള്ള നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പുരാവൃത്തത്തിലേക്ക് അധികം കടന്നു ചെല്ലാനായിട്ടില്ല. പുലിയായി മാറിയ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന പുരാവൃത്തവുമായി കോര്‍ത്തുകെട്ടുന്ന പ്രിയനന്ദനന്റെ പുലിജന്മം പോലുള്ള സിനിമകള്‍ ഇതിന് അപവാദമാണ്. എന്നാല്‍ കാന്താര പോലുള്ള തെയ്യക്കോലത്തോടു ചേര്‍ന്നുളള ഐതിഹ്യ പശ്ചാത്തലത്തിലുള്ള സിനിമകള്‍ നമ്മുടെ അതിരു പങ്കിടുന്ന പ്രദേശത്തു നിന്നുണ്ടാകുകയും അത് പാന്‍ ഇന്ത്യന്‍ വിതാനത്തിലേക്ക് വളരുകയും ചെയ്യുമ്പോഴാണ് നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പുരാവൃത്തത്തിന് ആഴമേറുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ഫെബ്രുവരി 21, ഷോ റീല്‍-50

Thursday, 7 March 2024

ജോസഫ് അലക്‌സാണ്ടര്‍, നിരഞ്ജന്‍, നരേന്ദ്രന്‍.. വെറുതേ വന്നുപോകുന്ന അതിഥികളല്ലാത്തവര്‍


ജയറാം ടൈറ്റില്‍ കഥാപാത്രമായ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയായ എബ്രഹാം ഓസ്‌ലറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമാണ്. അഞ്ചാം പാതിരയ്ക്കു ശേഷമുള്ള മിഥുവന്‍ മാനുവലിന്റെ ത്രില്ലര്‍, ജയറാമിന്റേ മേക്ക് ഓവര്‍ കഥാപാത്രം എന്നിവയ്‌ക്കൊപ്പം ഈ സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാകാന്‍ സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന മമ്മൂട്ടിയുടെ ഈ അതിഥി വേഷത്തിനാകുന്നു. ഇത് സിനിമയുടെ ആകെ കാഴ്ചയെ തന്നെ മറ്റൊരു വിതാനത്തിലെത്തിക്കുകയും ചെയ്യുന്നുണ്ട്. 

സിനിമയിലെ 'കാമിയോ അപ്പിയറന്‍സുകള്‍' കേവലം വന്നുപോകുന്നവരും കേന്ദ്ര പ്രമേയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുന്നവരുമുണ്ട്. രണ്ടും ഒരു സിനിമയുടെ കേവലാസ്വാദനത്തിനപ്പുറത്തേക്ക് പ്രേക്ഷകന് അധിക ആസ്വാദനതലം നല്‍കാന്‍ പോന്നവയാണ്. സിനിമകള്‍ ഇങ്ങനെ സര്‍പ്രൈസ് കാമിയോകളെ അവതരിപ്പിക്കുന്നത് മിക്കവാറും അതത് ഇന്‍ഡസ്ട്രിയിലെ ഫാന്‍ബേസ് ഉള്ള താരങ്ങളുടെ ജനപ്രിയത മുന്നില്‍ കണ്ടുകൊണ്ടാണ്. 1980 കളുടെ തുടക്കത്തില്‍ ശങ്കര്‍ താരപദവിയില്‍ വിരാജിക്കവേ മറ്റ് താരങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സര്‍പ്രൈസ് കാമിയോ വേഷത്തില്‍ രക്ഷകനായും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. പിന്നീട് നാല് പതിറ്റാണ്ടായി താരപദവിയില്‍ തുടരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇൗ മാതൃകയില്‍ പോപ്പുലര്‍ കാമിയോ വേഷങ്ങളില്‍ ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ എത്തിയതിനു ശേഷം കാമിയോ വേഷങ്ങളിലാണ് അധികവും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണുന്നത്. സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് ആരാധകരില്‍ ഉളവാക്കുന്ന ആവേശം കണക്കിലെടുത്താണ് ഇത്തരം സീക്വന്‍സുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്. 


സൂപ്പര്‍താര പദവി കൈവന്ന ശേഷം ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ഡെന്നിസ് ജോസഫിന്റെ മനു അങ്കിളില്‍ ആണ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍' ആയി തന്നെയാണ് ഒരു സവിശേഷ ഘട്ടത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ നായക കഥാപാത്രമായ മമ്മൂട്ടിയുമായി മോഹന്‍ലാല്‍ കണ്ടുമുട്ടുന്നില്ല എന്നതും മനു അങ്കിളിലെ പ്രത്യേകതയാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ജോഷി സിനിമയില്‍ മമ്മൂട്ടി സിനിമാനടന്‍ തന്നെയായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടോണി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി കൂട്ടുകൂടുന്നത്. സിനിമാ നടന്‍ മമ്മൂട്ടി എന്ന കൗതുകം ഉടനീളം ചേര്‍ത്തുവച്ചാണ് മമ്മൂട്ടിയുടെ ഈ പാത്രസൃഷ്ടി ഡെന്നിസ് ജോസഫും ജോഷിയും ചേര്‍ന്ന് നമ്പര്‍ 20 മദ്രാസ് മെയിലില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. 

ഷാജി കൈലാസിന്റെ ദി കിംഗില്‍ തന്നെ സൂപ്പര്‍താരമാക്കിയ ഏകലവ്യനിലെ മാധവന്‍ എന്ന ഐപിഎസ് ഓഫീസര്‍ ആയിട്ടാണ് സുരേഷ് ഗോപിയുടെ കാമിയോ വേഷം ഒരു ഘട്ടത്തില്‍ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് എത്തുന്നത്. കമ്മീഷണറിലൂടെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച വേളയിലാണ് സുനിലിന്റെ മാനത്തെ കൊട്ടാരം പോലുള്ള സിനികളില്‍ സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ താരപദവി ഈ ചെറിയ സിനിമയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നരസിംഹത്തിനു ശേഷം സൂപ്പര്‍താര പദവിയുടെ മറ്റൊരു ഔന്നത്യത്തില്‍ എത്തിയ മോഹന്‍ലാലിന്റെ അമാനുഷിക നായക പരിവേഷമാണ് ഉന്നതങ്ങളില്‍, അച്ഛനെയാണെനിക്കിഷ്ടം പോലുള്ള സിനിമകളിലെ അതിഥി വേഷങ്ങളില്‍ പ്രയോജനപ്പെടുത്തുന്നത്. 


ഒരു മുന്‍നിര നായകന്റെ സിനിമയില്‍ മറ്റൊരു പ്രമുഖ നായകന്‍ അതിഥി വേഷത്തിലെത്തുമ്പോള്‍ അയാളുടെ കരിസ്മയാണ് പ്രയോജനപ്പെടുത്തുന്നത്. കേവലമൊരു ആകര്‍ഷണം എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം പലപ്പോഴും ഈ കാമിയോ പ്രത്യക്ഷപ്പെടലുകള്‍ക്ക് ഉണ്ടാകാറില്ല. നിര്‍ണായകമായൊരു രംഗത്ത് പ്രത്യക്ഷപ്പെട്ട് അയാളുടെ സൂപ്പര്‍താര കരിസ്മ ഒന്നോ രണ്ടോ സീക്വന്‍സുകളില്‍ നിറച്ച് അപ്രത്യക്ഷമാകുന്നതാണ് ഈ അതിഥി വേഷങ്ങളിലെ പതിവ്. എന്നാല്‍ അപൂര്‍വ്വം അവസരങ്ങളില്‍ ഈ ചെറു പ്രത്യക്ഷപ്പെടല്‍ സിനിമയുടെ കേന്ദ്രപ്രമേയവുമായി ഇഴചേരുന്നതും കാണികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതുമായി മാറാറുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇത്തരത്തിലൊന്നാണ്. ഈ പ്രത്യക്ഷപ്പെടലിന് ദൈര്‍ഘ്യം കുറവാണെങ്കിലും കഥാപാത്രത്തിന്റെ ആഴവും അതിലുപരി അതുണ്ടാക്കുന്ന സ്വാധീനവും വലുതാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം നിരഞ്ജനെ ഒരു നോവോടെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നു.

പത്മരാജന്റെ 'ഇന്നലെ'യിലെ ക്ലൈമാക്‌സില്‍ എത്തുന്ന സുരേഷ് ഗോപിയുടെ നരേന്ദ്രന്‍ നിരഞ്ജനും മുമ്പേ മലയാളിയുടെ ഉള്ളുലച്ച കഥാപാത്രമാണ്. മായയുടെയും ശരത്തിന്റെയും ജീവിതം സന്തോഷകരമായ ഒരു തുരുത്തിലേക്ക് എത്തവേയാണ് അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായുള്ള നരേന്ദ്രന്റെ വരവ്. ഗൗരി തന്നെ തിരിച്ചറിയാതെ വരുമ്പോഴത്തെ നിസ്സഹായതയും അതുണ്ടാക്കുന്ന തിക്കുമുട്ടലും ഇനിയൊരിക്കലും അവള്‍ തനിക്ക് സ്വന്തമല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുമായി നരേന്ദ്രന്‍ തിരിച്ചിറങ്ങുമ്പോഴത്തെ നഷ്ടബോധം അയാള്‍ക്കൊപ്പം പ്രേക്ഷകനിലും കനത്ത ശൂന്യത നിറയ്ക്കുകയായിരുന്നു. ഹൈറേഞ്ച് ഇറങ്ങി അകന്നുപോകുന്ന നരേന്ദ്രന്റെ കാറിന്റെ പശ്ചാത്തലത്തിലാണ് പത്മരാജന്റെ ഇന്നലെ അവസാനിക്കുന്നത്. ഒരു സിനിമ കണ്ടുതീര്‍ന്നിട്ടും എഴുന്നേല്‍ക്കാനാകാതെ നമ്മളെയത് കെട്ടിവരിഞ്ഞിടുന്ന അവസ്ഥയാണ് ഇന്നലെ കാഴ്ചക്കാരനില്‍ ഉളവാക്കുക. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ കാണിക്കുമ്പോള്‍ അതില്‍ ഒന്നിലെങ്കിലും ഗൗരി തന്നെ ഓര്‍മ്മിച്ചിരുന്നെങ്കിലെന്ന നരേന്ദ്രന്റെ പ്രതീക്ഷയും അതു പരാജയപ്പെടുമ്പോഴത്തെ നഷ്ടബോധവും അത്രയെളുപ്പം കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകില്ല. എല്ലാ പ്രതീക്ഷകളും അവസാനിച്ച് തനിച്ചായിപ്പോകുന്ന നരേന്ദ്രനെ നമ്മള്‍ പിന്തുടരും. അയാളുടെ തീരാവേദനയെ ഇടയ്ക്കിടെ അയവിറക്കും. എന്നെങ്കിലും ഗൗരിയിലേക്ക് ഓര്‍മ്മയുടെ നനുത്ത നൂലിഴകള്‍ തിരിച്ചെത്തുമെന്നും ആ വേളയില്‍ അവള്‍ ഉറപ്പായും ആദ്യം ഓര്‍മ്മിക്കുക നരേന്ദ്രനെ തന്നെയായിരിക്കുമെന്നും വെറുതെയെങ്കിലും കാണികള്‍ പ്രതീക്ഷ വയ്ക്കും.


നരസിംഹത്തിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍ വേഷം നിര്‍ണായക വേളയില്‍ നായകനു വേണ്ടി എത്തുന്നയാളാണ്. മറ്റാര്‍ക്കെങ്കിലും ചെയ്യാവുന്ന വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കരിസ്മ ഈ കഥാപാത്രത്തെ മറ്റൊരു വിതാനത്തിലെത്തിക്കാന്‍ പോന്നതാകുന്നു. ഇതേ കരിസ്മ തന്നെയാണ് രജനീകാന്തിന്റെ ജയിലറില്‍ മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നീ സൂപ്പര്‍താരങ്ങളെ നിര്‍ണായക ഘട്ടങ്ങളില്‍ നായകന് സഹായവുമായി എത്തുന്ന സുഹൃദ് കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിനു പിന്നിലും. ഈ കഥാപാത്രങ്ങളെല്ലാം നായക കഥാപാത്രവുമായി സവിശേഷമായ അടുപ്പം സൂക്ഷിക്കുന്നവരായിട്ടാണ് കാണിക്കുന്നത്. അത്ര താരപ്പകിട്ടില്ലാത്ത ഒരു നടന് ചെയ്യാവുന്ന കഥാപാത്രങ്ങളിലേക്ക് സൂപ്പര്‍താരങ്ങളെ പരിഗണിക്കുന്നത് സിനിമയുടെ വിപണിസാധ്യത കൂടി ലക്ഷ്യം വച്ചാണ്. മോഹന്‍ലാല്‍, ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ ഹിന്ദി, കന്നട, മലയാളം വിപണികളിലെ കാണികളെ കൂടിയാണ് പരിഗണിക്കുന്നത്. 

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകളില്‍ ഈ മാതൃകയില്‍ പരസ്പരബന്ധിതമായ സൂപ്പര്‍താര കഥാപാത്രങ്ങള്‍ നിര്‍ണായക ഘട്ടങ്ങളിലും ടെയ്ല്‍ എന്‍ഡ് സീക്വന്‍സുകളിലും കടന്നുവരുന്നതും തുടര്‍ സിനിമകളിലെ പ്രധാന സാന്നിധ്യമാണെന്ന സൂചനകള്‍ അവശേഷിപ്പിക്കുന്നതായും കാണാം. കാര്‍ത്തി നായകനായ കൈദി, വിജയിന്റെ ലിയോ, കമല്‍ഹാസന്റെ വിക്രം എന്നീ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകള്‍ സൂപ്പര്‍താര കഥാപാത്രങ്ങളുടെ സൂചനകള്‍ പരാമര്‍ശ വിധേയമാക്കിയാണ് അവസാനിക്കുന്നത്. വിക്രത്തില്‍ സൂര്യയുടെ റോളക്‌സ്, കാര്‍ത്തിയുടെ ദില്ലി, ലിയോയില്‍ കമല്‍ഹാസന്റെ ഏജന്റ് വിക്രം എന്നീ കഥാപാത്രങ്ങള്‍ കടന്നുവരുന്നു. ദില്ലി കേവലം ഒരു സാധാരണ തടവുപുള്ളി മാത്രമല്ലെന്ന സൂചനയാണ് യൂണിവേഴ്‌സിലെ ആദ്യ സിനിമയായ കൈദിയുടെ ടെയ്ല്‍ എന്‍ഡിലുള്ളത്. 


ഓസ്‌ലറില്‍ ജയറാമിന്റെ ടൈറ്റില്‍ കഥാപാത്രം അന്വേഷിക്കുന്ന കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സൂപ്പര്‍താര പദവിയില്ലാത്ത മറ്റൊരു നടന് ചെയ്യാവുന്ന കഥാപാത്രമാണിത്. മമ്മൂട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കഥാപാത്രവുമല്ല അലക്‌സാണ്ടറിന്റേത്. എന്നാല്‍ മമ്മൂട്ടിയുടെ അപാരമായ കരിസ്മയും സാന്നിധ്യവും സിനിമയുടെ മുന്നോട്ടുപോക്കിനാകെ ഗുണം ചെയ്യുന്നു. ഓസ്‌ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തിലും അയാളുടെ ഗാര്‍ഹിക, തൊഴില്‍ ചുറ്റുപാടുകളുമായും ചുറ്റപ്പെട്ട് മുന്നോട്ടുപോയിരുന്ന കഥാഗതിക്ക് പെട്ടെന്ന് വഴിമാറ്റം സംഭവിക്കുന്നത് അലക്‌സാണ്ടറിന്റെ വരവോടെയാണ്. ആര്‍ക്കും ചെയ്യാവുന്ന ഒരു കഥാപാത്രം മമ്മൂട്ടിയെ പോലെയൊരു സൂപ്പര്‍താരം ഏറ്റെടുക്കുന്നതോടെ ആഖ്യാനഗതിയില്‍ തന്നെ മാറ്റം വരുന്നതായി കാണാം. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന 'പൂമാനമേ' എന്ന ഗാനം പോലും കാണികളുടെ ചിന്തയെ നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മുന്‍നിരയിലല്ലാത്ത മറ്റൊരു നടന്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് സിനിമയുടെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഓസ്‌ലറിലെ അതിഥി വേഷം സ്വീകരിച്ചതിനെക്കുറിച്ച് കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറയുന്നുണ്ട്. ' ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത് കഥാപാത്രം തന്നെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ. ഓരോരുത്തര്‍ക്കും അവരവരുടെ താത്പര്യം ഇല്ലേ. ഞാന്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്നുണ്ട്. ആ ആഗ്രഹം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല എന്നേ ഉള്ളൂ. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല.' മമ്മൂട്ടിയുടെ വാക്കുകളിലുണ്ട് ഈ കാമിയോ കഥാപാത്രത്തിന്റെ ഉള്‍ക്കനം.


സിദ്ധാര്‍ഥ് ആനന്ദിന്റെ പത്താനില്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും റോ ഏജന്റ് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ?, അല്ല മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരെ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍ മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്. സിനിമയില്‍ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഷാരൂഖ് ഖാന്റെ നായക കഥാപാത്രത്തിന് സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന അവിനാഷ് ടൈഗര്‍ സിംഗ് റാത്തോറിനെ രക്ഷകനായി അവതരിപ്പിക്കുന്നത്. ഒരു സൂപ്പര്‍താരം തന്നെ രക്ഷകനായി അവതരിക്കുന്നതും രണ്ട് സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നുള്ള തുടര്‍ സീക്വന്‍സുകളും പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു.

നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രം ചിത്രത്തിന്റെ വിപണിമൂല്യം ഏറെ വലുതാക്കി. നായകനേക്കാളും അതിഥി കഥാപാത്രത്തിന് സ്വീകാര്യത കൈവരുന്ന അപൂര്‍വ്വ സാഹചര്യത്തിനാണ് ഇത്തിക്കര പക്കിയെന്ന കഥാപാത്രം നിമിത്തമായത്. സജി സുരേന്ദ്രന്റെ ഫോര്‍ ഫ്രണ്ട്‌സില്‍ കമല്‍ഹാസന്റെ കാമിയോ വേഷം ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.


പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹന്‍ലാലിന്റെ അച്യുതക്കുറുപ്പ്, കുഞ്ഞിരാമായണത്തിലെ ബിജുമേനോന്റെ മനോഹരന്‍, ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ പവിത്രന്‍, മുന്നറിയിപ്പിലെ പൃഥ്വിരാജിന്റെ ചാക്കോ, മനു അങ്കിളിലെ സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപന്‍ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന അതിഥി കഥാപാത്രങ്ങളാണ്. നായക നിരയിലേക്ക് ഉയര്‍ന്നതിനു ശേഷം അതിഥി വേഷങ്ങളില്‍ ഏറ്റവുമധികമെത്തിയ നടന്‍മാരിലൊരള്‍ ആസിഫ് അലി ആണ്. ഡോക്ടര്‍ ലൗ, ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍, മല്ലുസിങ്, വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ഉണ്ട, മോഹന്‍കുമാര്‍ ഫാന്‍സ്, റോഷാക്ക് തുടങ്ങിയ സിനിമകളില്‍ ആസിഫ് കാമിയോ വേഷങ്ങളിലെത്തി. ഇതില്‍ ഉസ്താദ് ഹോട്ടലിലും മോഹന്‍കുമാര്‍ ഫാന്‍സിലും സിനിമാതാരം ആയി തന്നെയാണ് എത്തുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജനുവരി 22, ഷോ റീല്‍-49

Monday, 4 March 2024

മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവര്‍ഗ്രീന്‍. എന്താവും മണിച്ചിത്രത്താഴിന്റെ അത്ഭുത രസക്കൂട്ട്?


'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല' ഇത് മണിച്ചിത്രത്താഴ് എന്ന സിനിമയുടെ വലിയ പ്രദര്‍ശനവിജയത്തെ സൂചിപ്പിക്കുന്ന നിരവധി പോസ്റ്ററുകളിലൊന്നില്‍ വന്ന പരസ്യവാചകമായിരുന്നു. പ്രേക്ഷകരെ തങ്ങളുടെ സിനിമയിലേക്ക് അടുപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരസ്യവാചകങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത് പതിവാണ്. സിനിമയുടെ റിലീസിന് മുമ്പും തിയേറ്റര്‍ വിജയം നേടുമ്പോഴും തിയേറ്ററില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുമ്പോള്‍ കാണികളെ തിയേറ്ററിലെത്തിക്കാനും ഇത്തരം പരസ്യവാചകങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. റിലീസിനു മുമ്പ് സിനിമയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി വലിയ വാചകശകലങ്ങളോടെ മുഴുവന്‍ പേജ് പത്രപ്പരസ്യങ്ങള്‍ നല്‍കുന്ന പതിവ് മലയാളസിനിമയുടെ പ്രാരംഭ ദശകങ്ങളിലുണ്ടായിരുന്നു. എന്തു തന്നെയായിരുന്നാലും ഈ പരസ്യവാചകങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം പരമാവധി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുക എന്നതു തന്നെയായിരുന്നു. എന്നാല്‍ ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ 'എല്ലാവരും ഒരേ സ്വരത്തില്‍ ഇത്രത്തോളം മനസ്സറിഞ്ഞു പുകഴ്ത്തിയ ഒരു സിനിമ....' എന്നു തുടങ്ങുന്ന വാചകം കേവലമൊരു പരസ്യാകര്‍ഷണ തന്ത്രത്തിനപ്പുറത്തെ വാസ്തവമായിരുന്നു. അത്യപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ് മണിച്ചിത്രത്താഴ് എന്ന അത്ഭുതസൃഷ്ടിക്കു പിന്നില്‍ സംഭവിച്ചത്. കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞ് വിസ്മയമായിത്തീര്‍ന്ന ഈ സിനിമ പിറവിയുടെ മൂന്ന് പതിറ്റാണ്ടിലെത്തുമ്പോഴും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്നു.

മേല്‍സൂചിപ്പിച്ച പോലെ ആരും കുറ്റം പറയാത്ത ഈ സിനിമ പണിക്കുറ തീര്‍ന്ന ശില്‍പ്പം എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന സൃഷ്ടിയാണ്. ഒരു സിനിമയുടെ എല്ലാ യൂണിറ്റും ഒരുപോലെ വിജയിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭം മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിക്കുകയും അതേ ഉള്‍ക്കാമ്പോടെ കാണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായും ഈ സിനിമയെ കാണാം. ഇങ്ങനെയൊരു സിനിമ പിന്നീട് ആവര്‍ത്തിക്കാനിടയില്ല. അതിന്റെ അണിയറശില്‍പ്പികള്‍ക്കു പോലെ ഈ സിനിമയെ ഇതുപോലെ പുന:സൃഷ്ടിക്കാനുമായേക്കില്ല. മലയാളി സിനിമാസ്വാദന ശീലത്തിലും അഭിരുചിയിലും മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടാക്കിയ സ്വാധീനം അത്രകണ്ട് വലുതാണ്. 


മൂന്ന് പതിറ്റാണ്ട് കുറച്ചിലില്ലാതെ ഏറ്റം മാത്രം ശീലമാക്കിയ അപൂര്‍വ്വമായ ഒരു ആസ്വാദനാനുഭവമാണ് മണിച്ചിത്രത്താഴ് മലയാളി ചലച്ചിത്രാസ്വാദകര്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ കണ്ട അതേ പുതുമയോടെ പ്രേക്ഷകര്‍ ഇപ്പോഴും ഈ സിനിമ കാണുന്നു. 1993 ല്‍ ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുട്ടികളായിരുന്നവര്‍ ഇപ്പോള്‍ മറ്റൊരു തലമുറയുടെ രക്ഷകര്‍തൃത്വമേറ്റവരായി മാറി. ആ പുതിയ തലമുറയും ഏറ്റവും പുതുമയോടെ മണിച്ചിത്രത്താഴ് കണ്ടാസ്വദിക്കുന്നുവെന്നതാണ് ഇതിലെ സവിശേഷത. പ്രായഭേദമന്യേ എല്ലാവരിലേക്കുമെത്തുന്ന ആസ്വാദനത്തിന്റെ ഒരു രസച്ചരട് മണിച്ചിത്രത്താഴിലുടനീളം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ കണ്ടുതീര്‍ന്നാല്‍ വീണ്ടും കാണാന്‍ തോന്നുന്നത്ര അടുപ്പമാണ് ഈ സിനിമയോട് കാണികള്‍ക്കുള്ളത്. പലതവണ കണ്ട് ഇതിലെ ഓരോ രംഗങ്ങളും കാണാപാഠമാണ് മലയാളിക്ക്. അടുത്ത രംഗം എന്തെന്ന് അറിയാമെങ്കിലും ആകാംക്ഷ കുറയ്ക്കാതെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന മാന്ത്രികത മണിച്ചിത്രത്താഴ് മുപ്പതു വര്‍ഷത്തിനിപ്പുറവും അവശേഷിപ്പിക്കുന്നു. 

1993 ലെ ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച മണിച്ചിത്രത്താഴിന്റെ ആസ്വാദനം പിന്നീടുള്ള ഓരോ പതിറ്റാണ്ടിലും നിലയ്ക്കാതെ തുടര്‍ന്നുപോന്നു. ഒരു വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടര്‍ന്ന ആസ്വാദനം പിന്നീട് ടെലിവിഷന്‍ സ്‌ക്രീനിനു വഴിമാറി. തിയേറ്ററില്‍ മണിച്ചിത്രത്താഴ് ഓടിയ ഒരു വര്‍ഷക്കാലം കൊണ്ട് ഒട്ടുമിക്ക മലയാളികളും ഈ സിനിമ കണ്ടു. എ ക്ലാസിലെ എല്ലാ തിയേറ്ററുകളിലും 100, 150 ദിവസങ്ങള്‍. ചിലയിടങ്ങളില്‍ അത് 200 ഉം 300 ഉം ദിവസങ്ങള്‍ മറികടന്നു. തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒരു വര്‍ഷം പ്രദര്‍ശിപ്പിച്ചാണ് മണിച്ചിത്രത്താഴ് റെക്കോര്‍ഡിട്ടത്. എ ക്ലാസിലെ ഓട്ടം കഴിഞ്ഞ് ബി ക്ലാസിലെ 75- 100 ദിവസങ്ങളിലേക്കും സി ക്ലാസിലെ 50- 60 ദിവസങ്ങളിലേക്കും മണിച്ചിത്രത്താഴിന്റെ സഞ്ചാരം തുടര്‍ന്നു. പ്രദര്‍ശനം അവസാനിപ്പിച്ച തിയേറ്ററുകളില്‍ പ്രേക്ഷകാഭ്യാര്‍ഥന മാനിച്ച് വീണ്ടും റിലീസ് ചെയ്യുന്നതും കണ്ടു. ഈ റീ റിലീസിംഗിലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്കായി. മലയാള സിനിമയില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മണിച്ചിത്രത്താഴ് തകര്‍ത്തു. സി ക്ലാസിലും ഓടിത്തീര്‍ന്ന് സിയുടെ അവാന്തര വിഭാഗമെന്നോ വേണമെങ്കില്‍ ഡി ക്ലാസെന്നോ വിളിക്കാവുന്ന ഗ്രാമപ്രദേശത്തെ ഓലക്കൊട്ടകകളില്‍ ഒരു വര്‍ഷത്തിനു ശേഷമാണ് മണിച്ചിത്രത്താഴിന്റെ പ്രദര്‍ശനത്തിന് അവസരം ലഭിച്ചതെന്നത് ഈ സിനിമയുണ്ടാക്കിയ ജനപ്രിയതയുടെ ആഴം വെളിവാക്കുന്നു. 


മണിച്ചിത്രത്താഴ് ആദ്യമായി ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമെത്തിയ ദിവസം ഒരു പുതിയ സിനിമയുടെ തിയേറ്റര്‍ റിലീസിനോളം തന്നെ കൗതുകം കാണികളില്‍ അവശേഷിപ്പിക്കാനായിരുന്നു. തിയേറ്ററില്‍ കാണാന്‍ അവസരം ലഭിക്കാത്ത കാണികളും ആവര്‍ത്തനകാഴ്ച ആഗ്രഹിച്ച കാണികളും ചേര്‍ന്ന് ഈ ടെലിവിഷന്‍ പ്രീമിയറിനെ ഉത്സവമാക്കി. മലയാളികള്‍ ഇത്രത്തോളം തുടര്‍ച്ചയായി ഏറ്റെടുത്ത മറ്റൊരു സിനിമാകാഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ടെലിവിഷനിലെ ഈ ആദ്യപ്രദര്‍ശനങ്ങള്‍ക്കു ശേഷം മണിച്ചിത്രത്താഴിന്റെ പിന്നീടുള്ള ഓരോ പുന:സംപ്രേഷണവും തീര്‍ക്കുന്നത് ആദ്യമായി കാണുന്നുവെന്ന അനുഭവം തന്നെയാണ്. ഈ ജനപ്രീതി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ മൂന്നു പതിറ്റാണ്ടിലെത്തുമ്പോഴും ഈ സിനിമയുടെ സംപ്രേഷണാവകാശമുള്ള ഏഷ്യാനെറ്റ് വൈകുന്നേരത്തെ പ്രൈം ടൈം സ്‌ക്രീനിംഗ് ഷെഡ്യൂള്‍ മണിച്ചിത്രത്താഴിനു വേണ്ടി മാറ്റിവയ്ക്കുന്നു. നിശ്ചിത മാസങ്ങളുടെ ഇടവേളകളില്‍ ഈ സിനിമ സംപ്രേഷണം ചെയ്യുമ്പോഴത്തെ വ്യൂവര്‍ഷിപ്പ് ചാനല്‍ പരിശോധിക്കാറുണ്ട്. അത് ഒരു പുതിയ ഹിറ്റ് സിനിമയുടെ ടെലിവിഷന്‍ പ്രീമിയറിനെ മറികടക്കുന്നതാണെന്നതാണ് ആസ്വാദനത്തിലെ ജനപ്രിയതയുടെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തല്‍. വര്‍ഷത്തില്‍ 10-12 തവണയെങ്കിലും ചാനലില്‍ മണിച്ചിത്രത്താഴ് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളി ആസ്വാദനശീലത്തില്‍ ഈ സിനിമ ഉണ്ടാക്കിയ ജനകീയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ മാസം കേരളീയം പരിപാടിയിലെ ചലച്ചിത്രമേളയില്‍ മണിച്ചിത്രത്താഴിന്റെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങള്‍. ഒരു സിനിമയ്ക്ക് ഒറ്റ സ്‌ക്രീനിംഗ് മാത്രം അനുവദിച്ചിരുന്ന ഈ ചലച്ചിത്ര മേളയില്‍ കാണികളുടെ ബാഹുല്യം നിമിത്തം തുടര്‍ച്ചയായി മൂന്ന് പ്രദര്‍ശനമാണ് മണിച്ചിത്രത്താഴിനായി സംഘടിപ്പിക്കേണ്ടി വന്നത്. 

വിവിധ ഘടകങ്ങളുടെ സങ്കല്‍പ്പനമായ സിനിമയുടെ എല്ലാ യൂണിറ്റുകളും ഒരുപോലെ ഒത്തിണങ്ങുമ്പോള്‍ അത് ആ സിനിമയ്ക്കാകെ ഗുണം ചെയ്യുന്നു. ഇതാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചത്. അതുവരെ ഏതെങ്കിലും ഒരു സിനിമ വാണിജ്യ, കലാമൂല്യങ്ങള്‍ ഇത്രയും പരിപൂര്‍ണമായി ഒത്തിണങ്ങി എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കും വിധം ചിട്ടപ്പെടുത്തിയതായി മലയാളത്തില്‍ പുറത്തു വന്നിട്ടില്ലെന്നു പറയാം. പുതുമയുള്ള മികച്ച തിരക്കഥ, കഥപറച്ചില്‍ രീതി, സംവിധാന മികവ്, അഭിനേതാക്കളുടെ പ്രകടനം, ഗാനങ്ങള്‍ എന്നിവയെല്ലാം മണിച്ചിത്രത്താഴിനെ മികവുറ്റ സൃഷ്ടിയാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി.


ദ്വന്ദ്വവ്യക്തിത്വം എന്ന അന്നത്തെ മലയാളം സിനിമയ്ക്ക് പുതുമയുള്ള ആശയം പ്രമേയമായി ഉപയോഗിച്ചുവെന്നതായിരുന്നു മണിച്ചിത്രത്താഴിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സങ്കീര്‍ണമായ പ്രമേയത്തിന് രസകരവും എന്നാല്‍ പിരിമുറുക്കം നിലനിര്‍ത്തിയുമുള്ള അന്തരീക്ഷവും വേറിട്ട ആഖ്യാനത്തിന്റെയും മികവുറ്റ അഭിനയപ്രകടനങ്ങളുടെയും പിന്‍ബലവും നല്‍കി സങ്കീര്‍ണതയെ ലളിതമായി ചുരുളഴിക്കുകയാണ് ഫാസില്‍ മണിച്ചിത്രത്താഴില്‍ പ്രയോജനപ്പെടുത്തിയ ശൈലി. പ്രേതസിനിമ, യക്ഷിപ്പടം എന്നിങ്ങനെയുള്ള പേരുകള്‍ പറഞ്ഞുശീലിച്ച സാധാരണ മലയാളി പ്രേക്ഷകരിലേക്ക് ഭയത്തിന്റെ മാനസികാപഗ്രഥന ശൈലിയുടെ പുതിയ മാനം സന്നിവേശിപ്പിക്കുകയായിരുന്നു ഈ ചിത്രം. അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ആഖ്യാനവും കേട്ടുശീലിച്ചിട്ടില്ലാത്ത ദ്വന്ദ്വവ്യക്തിത്വം എന്ന പ്രയോഗതലത്തിന്റെ സാധ്യതയും കാണികള്‍ക്ക് പുതുമയാര്‍ന്നതായി അനുഭവപ്പെട്ടു. അതിനപ്പുറം അവരുടെ സകല ആസ്വാദന വികാരങ്ങളെയും സദാ പരിഗണിച്ചുകൊണ്ട് എഴുന്നേല്‍പ്പിക്കാതെ ഇരിപ്പിടത്തില്‍ പിടിച്ചിരുത്തുന്ന ഏതോ കാന്തികശേഷി ഈ സിനിമയ്ക്കുണ്ടായിരുന്നു. ഈ കാന്തികബലം തന്നെയാണ് മൂന്നു പതിറ്റാണ്ടായിട്ടും വിട്ടുപോകാതെ ഓരോ പ്രേക്ഷകനെയും പിന്തുടരുന്നതും.

ചാത്തനേറിനെ കുറിച്ചൊരു പടം ചെയ്യാമെന്നാണ് മധു മുട്ടം ഫാസിലുമായി ആദ്യം സംസാരിക്കുന്നത്. ഇത്തരം അന്ധവിശ്വാസം പരത്തുന്ന കഥകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്നായിരുന്നു ഫാസിലിന്റെ പ്രതികരണം. എന്നാല്‍ പല നാടുകളില്‍ പല പേരുകളില്‍ പ്രചാരത്തിലുള്ള ചാത്തനേറ് പോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ് ഇതിന്റെ വലിയ പ്രചാരകരുമാകുന്നതെന്നതാണ് ഇതിലെ സവിശേഷതയെന്നും ഇത് ഒരു തരത്തിലുള്ള ദ്വന്ദ്വവ്യക്തിത്വമാണെന്നും മധു മുട്ടം പറഞ്ഞപ്പോഴാണ് ഇതിലെ സിനിമാസാധ്യത ഫാസിലിന് ബോധ്യപ്പെടുന്നത്. അതുവഴി മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മലയാളത്തിന് വ്യത്യസ്തമായ വിഷയം എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന കഥാന്തരീക്ഷത്തിലേക്ക് പറിച്ചുനടുകയായിരുന്നു ഈ സിനിമ ചെയ്തത്. 'മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും' എന്ന തന്റെ പുസ്തകത്തില്‍ ഈ സിനിമ രൂപപ്പെട്ട വഴികളെക്കുറിച്ച് ഫാസില്‍ വിശദമാക്കുന്നുണ്ട്.

ബാധ കയറല്‍, ചാത്തനേറ്, ദണ്ണെളക്കം, തുള്ളിപ്പറയല്‍, ഭഗവതി ആവേശിക്കല്‍, തെയ്യക്കോലം എന്നിങ്ങനെ കേരളത്തിലെ ഭിന്ന ഗ്രാമദേശങ്ങളില്‍ പ്രാദേശികമായി വിവിധ പേരുകളില്‍ പ്രചാരമുള്ള ദ്വന്ദ്വവ്യക്തിത്വാവാഹനങ്ങളുണ്ട്. കോലങ്ങള്‍ കെട്ടുന്നവരിലേക്ക് ദൈവം ആവേശിക്കുന്നത് ഒരു തരത്തില്‍ കുറച്ച് നേരത്തേക്കെങ്കിലുമുള്ള ദ്വന്ദ്വവ്യക്തിത്വാവേശം തന്നെയാകുന്നു. 


മൂന്നര വര്‍ഷത്തെ ആലോചനകളും ചര്‍ച്ചകളുമാണ് മണിച്ചിത്രത്താഴിനു വേണ്ടി മധു മുട്ടവും ഫാസിലും നടത്തിയത്. ചാത്തനേറ് എന്ന ഒറ്റവാക്കില്‍ മുളപൊട്ടിയ കഥാംശം പതിയെ പതിയെ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഗംഗയിലേക്കും നകുലനിലേക്കും എത്തി. മാസങ്ങള്‍ പിന്നിട്ടാണ് കാരണവരിലേക്കും തഞ്ചാവൂരില്‍ നിന്ന് വന്ന നര്‍ത്തകിയായ നാഗവല്ലിയിലേക്കും കാമുകന്‍ രാമനാഥനിലേക്കുമെല്ലാം മധു മുട്ടം എന്ന കഥാകൃത്ത് എത്തിച്ചേരുന്നത്. മധു മുട്ടത്തിന്റെ തിരക്കഥാ സ്വാംശീകരണ വേളയില്‍ ഫാസില്‍ എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് എന്നീ സിനിമകളും ചെയ്തു. വിശാലമായ കാന്‍വാസില്‍ സംഗീതം, നൃത്തം, ആര്‍ട്ട്, ഡ്രാമ, പെയിന്റിംഗ് എന്നിവയെല്ലാം വരുന്ന ഹാസ്യവും ഉദ്വേഗവുമടക്കമുള്ള സിനിമാറ്റിക് എലമെന്റുകള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന സിനിമയായിരുന്നു ഇരുവരുടെയും മനസ്സില്‍. ഇത്ര വലിയ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫാസില്‍ പിന്‍വാങ്ങിയില്ല. അദ്ദേഹം മണിച്ചിത്രത്താഴുമായി മുന്നോട്ടുപോയി. 

ഗംഗയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ ആദ്യം സൃഷ്ടിച്ചത്. മാനസിക തകര്‍ച്ച നേരിട്ട മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ള കഥാപാത്രം. ഗംഗയുടെ കഥാപാത്രത്തെ പൂര്‍ത്തീകരിക്കാനായാണ് നാഗവല്ലിയെ സൃഷ്ടിച്ചത്. സമാനമായി ഗംഗയുടെ പൂര്‍വ്വകഥയും പറഞ്ഞു. ഈ പൂര്‍വ്വകാലത്തിലാണ് യക്ഷിത്തറയും പുള്ളുവന്‍പാട്ടും ദൈവക്കോലങ്ങളുമെല്ലാമുള്ള ഗംഗയുടെ ബാല്യ, കൗമാരങ്ങളെ അടയാളപ്പെടുത്തുന്നത്. ഈ ഭൂതകാലാവേശങ്ങള്‍ മാടമ്പള്ളിയിലെ വാസകാലത്തെ അനുകൂല സാഹചര്യത്തില്‍ പൊടിതട്ടിയെടുക്കുകയായിരുന്നു ഗംഗ. വ്യക്തിയുടെ ഭൂതകാലത്തിലേക്കുള്ള ഈ അന്വേഷണം പിന്നീട് പല സിനിമകളിലും ആവര്‍ത്തിക്കുന്നതായി കാണാം. ഗംഗയുടെ മലയാളം ഡബ്ബിംഗ് ഭാഗ്യലക്ഷ്മി നിര്‍വ്വഹിച്ചപ്പോള്‍ നാഗവല്ലിക്ക് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് ശബ്ദം നല്‍കിയത്.


ഡോ.സണ്ണിയായി ആദ്യം മമ്മൂട്ടിയെ പരിഗണിക്കുകയും ഹാസ്യരംഗങ്ങള്‍ ഫലിപ്പിക്കാനാകുമോ എന്ന സംശയം മോഹന്‍ലാലിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് പിന്നീട് മോഹന്‍ലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായി മാറിയെന്നത് ചരിത്രം. ഈ കഥാപാത്രത്തെ പിന്നീട് പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന സിനിമയില്‍ പുന:സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഡോ.സണ്ണിക്ക് മണിച്ചിത്രത്താഴില്‍ പുറത്തെടുക്കാനായ കരിസ്മ ഗീതാഞ്ജലിയില്‍ ആവര്‍ത്തിക്കാനായില്ല.

ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യ കഥാപാത്രങ്ങളാകുന്നുവെങ്കിലും ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും കാണികള്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു. നെടുമുടി വേണു, തിലകന്‍, പപ്പു, കെപിഎസി ലളിത, വിനയപ്രസാദ്, ഇന്നസെന്റ്, ശ്രീധര്‍, ഗണേഷ്, സുധീഷ് തുടങ്ങി ഓരോ അഭിനേതാക്കളുടെയും കരിയറിലെ പ്രധാന കഥാപാത്രമായി ഇതിലെ വേഷം മാറി.

നിരവധി സവിശേഷതകളാണ് മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു ആന്തോളജി സിനിമ അല്ലെങ്കില്‍ കൂടി ഈയൊരു സിനിമ പല ഭാഗങ്ങളായി വ്യത്യസ്ത സംവിധായകര്‍ ഒരു സംവിധായകന്റെ നേതൃത്വത്തില്‍ ഷൂട്ട് ചെയ്തുവെന്നത് മലയാള സിനിമയെ സംബന്ധിച്ച് വലിയ പുതുമയായി. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധിഖ്, ലാല്‍ എന്നിവരായിരുന്നു മണിച്ചിത്രത്താഴില്‍ ഫാസിലിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍. നാല് യൂണിറ്റുകളായി ഷൂട്ടിംഗ്. എടുക്കേണ്ട ഷോട്ടുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഫാസില്‍ നല്‍കും. സ്‌ക്രിപ്റ്റും വിഭജിച്ചു നല്‍കും. നാല് സംവിധായകര്‍ക്ക് നാല് അസിസ്റ്റന്റുമാരും ഉണ്ടായിരുന്നു. 


മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ രൂപപ്പെട്ട ആശയക്കുഴപ്പം സുരേഷ് ഗോപിയുടെ ഒറ്റ നിര്‍ദേശത്തിലാണ് ഒത്തുതീര്‍പ്പാകുന്നത്. നകുലന്‍ ജീവിക്കുകയും വേണം, കാരണവരെ കൊന്ന് നാഗവല്ലിക്ക് പക തീര്‍ക്കുകയും വേണം. രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് സുരേഷ് ഗോപി. സാങ്കേതികവിദ്യയും ഗ്രാഫിക്‌സുമൊന്നും മലയാള സിനിമയില്‍ അത്രകണ്ട് സാധാരണമല്ലാത്ത കാലത്ത് ഇത് എങ്ങനെ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കണമെന്നതില്‍ മധു മുട്ടത്തിനും ഫാസിലിനും സംശയമുണ്ടായിരുന്നു. തിരക്കഥാകാരന്റെയും സംവിധായകന്റെയും ഈ തലപുകയ്ക്കലിന് ''ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാല്‍ പോരെ?'' എന്ന സുരേഷ് ഗോപിയുടെ ചോദ്യമാണ് ആ വലിയ സംശയത്തിന് ഉത്തരമായത്. ആ ക്ലൈമാക്‌സ് ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നതും.

തൃപ്പൂണിത്തുറ ഹില്‍ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്‌നാട്ടിലെ വാസന്‍ ഹൗസും മണിച്ചിത്രത്താഴിനു പശ്ചാത്തലങ്ങളായി. സിനിമയില്‍ കാണുന്ന മാടമ്പള്ളി തറവാടിന്റെ പല ഭാഗങ്ങള്‍ ഈ മൂന്നു കെട്ടിടവും ചേര്‍ന്നതാണ്. സിനിമയുടെ തുടക്ക രംഗങ്ങളിലൊന്നില്‍ ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം തൃപ്പൂണിത്തുറ ഹില്‍പാലസും ക്ലൈമാക്‌സില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസന്‍ ഹൗസുമാണ്. 


മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ് എക്കാലത്തെയും ക്ലാസിക്ക് സൃഷ്ടികളിലൊന്നായ ഈ സിനിമ. മൂന്ന് പതിറ്റാണ്ടായി ഒട്ടനവധി മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ പേര് മണിച്ചിത്രത്താഴ് എന്നാണ്. ഓരോ രംഗവും സംഭാഷണവും കാണാപാഠം എന്നതുപോലെ ഒരു രംഗവും സംഭാഷണവും പാഴായിപ്പോകുന്നില്ലെന്നതും മണിച്ചിത്രത്താഴിന്റെ തിരക്കഥയുടെയും സംവിധാന മികവിന്റെയും ദൃഷ്ടാന്തമാണ്. ഗംഗ നാഗവല്ലിയായി മാറുന്നത് നകുലന്‍ കാണുന്നത്, ഗംഗ തെക്കിനിയില്‍ പ്രവേശിക്കുന്നത്, തെക്കിനിയുടെ വാതിലിനപ്പുറമിപ്പുറം നിന്ന് നാഗവല്ലിയും ഡോ. സണ്ണിയും സംസാരിക്കുന്നത്, മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗി ആരാണെന്ന് സണ്ണി വിശദമാക്കുന്നത്, ആല്‍ത്തറയിലെ അക്ഷരശ്ലോകം, സണ്ണിയും പുല്ലാറ്റുമഠം ബ്രഹ്മദത്തന്‍ നമ്പൂതിരിയും കാണുന്നത്, കാട്ടുപറമ്പന്‍ ബാധയൊഴിപ്പിക്കാനെത്തുന്നത്, ശ്രീദേവിയും ഉണ്ണിത്താനും ഭാസുരയും കാട്ടുപറമ്പനും ചന്തുവുമായുള്ള ഡോ. സണ്ണിയുടെ സംഭാഷണങ്ങള്‍ എന്നിവയെല്ലാം ആവര്‍ത്തിച്ചുള്ള കാഴ്ചയിലും കാണികളുടെ പ്രിയം കൂട്ടുന്ന സീക്വന്‍സുകളാണ്.

ഒരു സിനിമയില്‍ പാട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നതിലെ പാടവവും മണിച്ചിത്രത്താഴിന്റെ മികവേറ്റുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്. ഏറ്റവും ആവശ്യമായ വേളകളിലാണ് ഈ സിനിമയില്‍ പാട്ടുകള്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. 'പഴംതമിഴ് പാട്ടിഴയും' എന്ന പാട്ട് തന്നെയാണ് ഇതിലെ ഏറ്റവും മികച്ച ഉദാഹരണം. മാടമ്പള്ളിയിലെ അവസ്ഥ അത്യധികം സങ്കീര്‍ണമാകുകയും ശ്രീദേവിയെ മനോരോഗിയാണെന്ന് കാണിച്ച് മുറിയിലടയ്ക്കുകയും എന്നാല്‍ യഥാര്‍ഥ മനോരോഗി മറ്റൊരാളാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുകയും ചെയ്യുന്ന അത്യന്തം പിരിമുറുക്കമുള്ള പശ്ചാത്തലത്തെ സംഭാഷണങ്ങള്‍ക്കു പകരം പാട്ടിലൂടെ അതീവഹൃദ്യമായി ആവിഷ്‌കരിക്കുകയായിരുന്നു. പാട്ടിനു പകരം സംഭാഷണങ്ങളായിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ അവസ്ഥയെ ഇത്രമാത്രം നീതീകരിക്കാനായേക്കില്ല. ഓരോരുത്തരും അനുഭവിക്കുന്ന മാനസികസംഘര്‍ഷം സുവ്യക്തമായി ഈ ഗാനരംഗത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നു. കല്‍ക്കട്ടയിലെ തിരക്കുകളില്‍ നിന്നു വിട്ടു മാറി മാടമ്പള്ളിയിലെ തറവാട്ടില്‍ ദിവസങ്ങള്‍ ചെലവിടുന്ന ഗംഗയുടെ ഏകാന്ത വേളകളെയും ചിന്തകളെയും പൂര്‍വ്വകാല സ്മൃതികളെയും 'വരുവാനില്ലാരുമി' എന്ന ഗാനത്തിലൂടെ സുവ്യക്തമാകുമ്പോള്‍ നാഗവല്ലിയായുള്ള ഗംഗയുടെ പകര്‍ന്നാട്ടത്തിന്റെ മൂര്‍ത്തിമത് ഭാവവും നാഗവല്ലിയില്‍ നിന്നുള്ള ഗംഗയുടെ വിടുതലിനും സിനിമയുടെ ക്ലൈമാക്‌സിലെ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന ഗാനം വഴിയൊരുക്കുന്നു. ഇത്തരത്തില്‍ ഒരു സിനിമയിലെ പാട്ടുകള്‍ കേന്ദ്ര കഥാംശത്തോട് ഇഴുകിച്ചേരുന്ന അവസരം തുലോം തുച്ഛമാകു


ന്നു.

മണിച്ചിത്രത്താഴിനു വേണ്ടി ജോണ്‍സണ്‍ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ പശ്ചാത്തല സംഗീതം പില്‍ക്കാലത്ത് നിരവധി സിനിമകളിലാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കാണികള്‍ക്ക് അത്രയേറെ പരിചിതം എന്നതുകൊണ്ടുതന്നെ ഈ പശ്ചാത്തല സംഗീതത്തിന് ലഭിക്കുന്ന കൈയടിയും സ്വീകാര്യതയും ഏറെ വലുതാണ്. ഈ ജനപ്രിയ പശ്ചാത്തലസംഗീതവും സംഭാഷണവും ഉപയോഗപ്പെടുത്തുന്ന ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയിലെ രംഗം ഇതിലെ ഒരു ഉദാഹരണമാണ്. ഭൂല്‍ ഭുലയ്യ (ഹിന്ദി), ആപ്തമിത്ര (കന്നട), രാജ്‌മൊഹല്‍ (ബംഗാളി), ചന്ദ്രമുഖി (തമിഴ്) എന്നീ റീമേക്കുകളിലൂടെ മലയാള സിനിമകളുടെ റീമേക്കിന് വലിയ സാധ്യതയുണ്ടെന്ന് ഇതരഭാഷാ ചലച്ചിത്രകാരന്മാരില്‍ ബോധ്യമുണ്ടാക്കാനും മണിച്ചിത്രത്താഴിനായി.

ഇന്ത്യന്‍ സിനിമ 100 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 2013 ല്‍ ഐബിഎന്‍ ലൈവ് നടത്തിയ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ രണ്ടാമതായി മണിച്ചിത്രത്താഴിനെ പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. ഇത് കേരളത്തിനു പുറത്ത് മണിച്ചിത്രത്താഴ് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ ജനപ്രിയതയുടെ തെളിവായി കണക്കാക്കാവുന്നതാണ്. ഈ വോട്ടെടുപ്പില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 100 സിനിമകളുടെ പട്ടികയാണ് ഉണ്ടായിരുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഡിസംബര്‍ 24, ഷോ റീല്‍-48