പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും അതിസമ്പന്ന പാരമ്പര്യം നമുക്ക് സ്വന്തമാണ്. ഇത്തരം കഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലവുമാണ് നമ്മുടേത്. ഏറ്റവും പുതിയ തലമുറയ്ക്ക് അത് എത്രമാത്രം പ്രാപ്യമാകുന്നുവോ എന്നൊരു സന്ദേഹം ബാക്കിയുണ്ട്. ഇതില്‍ താത്പര്യം വച്ചുപുലര്‍ത്തുന്നുവെങ്കില്‍ പുസ്തകത്താളുകളോ വിക്കി താളുകളോ മറിച്ചാല്‍ കഥകളുടെ അമൂല്യശേഖരത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായേക്കും. എല്ലാം രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കിലും രേഖപ്പെടുത്തിയവ അത്ര വിശാലമാണ്. താളിയോലകളുടെയും അതിനെ പരിവര്‍ത്തനപ്പെടുത്തിയ അക്ഷരങ്ങളുടെയും ഈ അക്ഷയഖനി നമ്മുടെ ജനപ്രിയ ദൃശ്യകല വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും പോലുള്ള കഥാപാത്ര സാധ്യതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും മലയാള സിനിമയുടെ ഭീതിയുടെ ഭൂമികയില്‍ പരിചിതമല്ലാത്ത മിത്തുകളും കഥാപാത്രങ്ങളുമാണ് ഏറെയും.
നമ്മുടെ ഭ്രമാത്മക/ഹൊറര്‍ സിനിമകളില്‍ ഏറിയ പങ്കും ബാധാവേശവും അതിന്റെ ഒഴിപ്പിക്കല്‍ കര്‍മ്മങ്ങളിലും ഒതുങ്ങിനിന്നുപോരുന്നതായിട്ടാണ് കാണുന്നത്. അതിനപ്പുറമുള്ള ചരിത്രാന്വേഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സിനിമ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അതിസമ്പന്നമായ ഈ ഭൂതകാലം തൊട്ടുണര്‍ത്തപ്പെടാതെ നിലവറയിലാണ്ടു കിടക്കുകയാണ്. മലയാൡകളില്‍ ഭീതി ഉണര്‍ത്തിയ വിഖ്യാത സിനിമകളായ ഭാര്‍ഗവീനിലയവും യക്ഷിയും മണിച്ചിത്രത്താഴും അടുത്തകാലത്ത് പുറത്തുവന്ന ഭൂതകാലവുമടക്കം മനസ്സിന്റെ വിഭ്രാത്മകതയിലേക്കും അടരുകളിലേക്കുമാണ് സഞ്ചരിക്കുന്നത്. മനുഷ്യമനസ്സിലെ ഭീതിയുടെ മാനസികാപഗ്രഥനം സാധ്യമാക്കുക വഴിയാണ് ഈ സിനിമകള്‍ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നത്. അതിനപ്പുറം ഒരു ശ്രീകൃഷ്ണപ്പരുന്തോ അഥര്‍വമോ ഒക്കെ മാത്രമാണ് ആഭിചാര ക്രിയകളും മിത്തുകളും അല്‍പ്പമെങ്കിലും പ്രയോജനപ്പെടുത്തിയിട്ടുള്ളവ. എന്ന് സ്വന്തം ജാനകിക്കുട്ടി, അനന്തഭദ്രം പോലെയുള്ള സിനിമകള്‍ ഒരു മുത്തശ്ശിക്കഥയുടെ കൗതുകം ജനിപ്പിക്കുന്നവയും. മിത്തുകളുടെ സങ്കലനം വേണ്ടുംവിധം ആവാഹിച്ചിട്ടുള്ള കലാനിലയത്തിന്റെ അതിപ്രശസ്ത നാടകമായ രക്തരക്ഷസ്സിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനും പ്രേക്ഷകരില്‍ വേണ്ടത്ര ഭീതിയുടെ അനുഭവം സൃഷ്ടിക്കാനായില്ല.
1931 ലാണ് ബ്രാം സ്റ്റോക്കറുടെ വിഖ്യാത നോവല്‍ ഡ്രാക്കുളയെ ആധാരമാക്കി ആദ്യത്തെ ഹോളിവുഡ് സിനിമ പുറത്തിറങ്ങുന്നത്. ടോഡ് ബ്രൗണിങ്ങിന്റെ ഈ സിനിമയെ തുടര്‍ന്ന് നൂറുകണക്കിന് ഡ്രാക്കുള സിനിമകളാണ് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയത്. ഐറിഷ് നാടോടിക്കഥകളുടെ രൂപത്തില്‍ പ്രചാരത്തിലുള്ളതും കൈമാറിപ്പോന്ന മുത്തശ്ശിക്കഥകളിലുമുണ്ടായിരുന്ന രക്തം കുടിച്ച് ശക്തി പ്രാപിക്കുകയും അമര്‍ത്യരായി തുടരുകയും ചെയ്യുന്ന രൂപങ്ങളെയും രക്തദാഹികളായ കടവാവലുകളെയും കുറിച്ച് കേട്ട കഥകളാണ് ഡ്രാക്കുളയുടെ സൃഷ്ടിക്കായി ബ്രാം സ്റ്റാക്കറിന് പ്രേരകങ്ങളായത്. ആദ്യം ഹോളിവുഡും പിന്നീട് ബ്രിട്ടീഷ് സിനിമയും തുടര്‍ന്ന് ലോകമെമ്പാടും ഈ ഐറിഷ് മിത്തോളജി സിനിമയില്‍ പ്രയോജനപ്പെടുത്തി. ഹോളിവുഡും മറ്റ് പ്രധാന യൂറോപ്യന്‍ സിനിമാ വിപണികളും എക്കാലവും അവരുടെ ദേശത്ത് പ്രചാരത്തിലുള്ള ഐതിഹ്യങ്ങളും മിത്തും ഭീതിയോടും സാങ്കല്‍പ്പികതയോടും ചേര്‍ത്തു കൊണ്ടുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധ വച്ചിട്ടുള്ളതായി കാണാം. ഇത്തരം കഥകളോടും അതിന്റെ ദൃശ്യാവിഷ്‌കാരത്തോടും ആളുകള്‍ക്കുള്ള കൗതുകം തന്നെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ഡ്രാക്കുളയില്‍ തുടങ്ങി ഒരു നൂറ്റാണ്ടോളം ചെല്ലുമ്പോഴും ലോര്‍ഡ് ഓഫ് ദ റിങ്‌സിലൂടെയും ഹോബിറ്റിലൂടെയും ഹാരി പോര്‍ട്ടറിലൂടെയും ഭ്രമാത്മകതയുടെയും ഭീതിയുടെയും കഥകള്‍ ഹോളിവുഡില്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഹൊറര്‍ സിനിമകള്‍ മിക്ക ഇന്ത്യന്‍ ഭാഷകളിലും തുടര്‍ച്ചയായി പുറത്തിറങ്ങുന്നുണ്ടെങ്കിലും ശബ്ദ, ദൃശ്യ, ഭീതീരൂപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാണിയില്‍ ഭയം ജനിപ്പിക്കുക എന്ന കേവല പ്രമാണത്തിനപ്പുറത്തേക്ക് ഇത്തരം സിനിമകള്‍ ഐതിഹ്യങ്ങളോ മിത്തുകളോ പ്രമേയ പശ്ചാത്തലത്തില്‍ ഉപയോഗപ്പെടുത്തി വളര്‍ച്ച പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ കേവല ഭയം ജനിപ്പിച്ചിക്കുന്ന ഇത്തരം സിനിമകളെ പിന്നീട് കാണികള്‍ ഓര്‍ത്തിരിക്കാറുമില്ല. അതേസമയം മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ തന്നെ മനസ്സിന്റെ തോന്നലുകളെ വ്യക്തമായി വരച്ചിടുന്ന നിഴലനക്കങ്ങളെ കാണികള്‍ ഏറ്റെടുക്കുന്നതായും കാണാം. പിസയും സ്ത്രീയും വെല്‍ക്കം ഹോമും ചോരിയും ഉള്‍പ്പെടെയുള്ളവ ഈ ഗണത്തില്‍ അടുത്ത കാലത്ത് പ്രേക്ഷകര്‍ ശ്രദ്ധിച്ച സിനിമകളാണ്.
ഹൊറര്‍/ഫാന്റസി ജോണറില്‍ നിര്‍മ്മിക്കപ്പെടുന്ന ഭൂരിഭാഗം ഇന്ത്യന്‍ സിനിമകളും ഹോളിവുഡ്/യൂറോപ്യന്‍ സിനിമകളുടെ മിസ്റ്ററി പ്രമേയം ഇവിടത്തെ പശ്ചാത്തലത്തിലേക്ക് പകര്‍ത്തിയവയാണെന്നു കാണാം. അതീവ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളാലും ഐതിഹ്യങ്ങളാലും മിത്തുകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സംസ്‌കാരവും കഥകളും ഇതോടെ നിരാകരിക്കപ്പെടുന്നു. അതിവിഭിന്നമായ ഭൂഭാഗങ്ങളും ജീവിത രീതികളും ആചാരവിശേഷങ്ങളും പിന്തുടര്‍ന്നുപോരുന്ന ഇന്ത്യന്‍ ഭൂമിക ഇത്തരം കഥകളുടെ ഖനിയാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനെ നിരാകരിച്ച് ഉപരിപ്ലവമായ ഫാന്റസി നിര്‍മ്മിതികള്‍ മാത്രമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മറിച്ച് അടുത്ത കാലത്ത് നിര്‍മ്മിക്കപ്പെടുന്ന പുരാണേതിഹാസ, ചരിത്ര വീരാപദാന കഥകളാകട്ടെ കൂടുതല്‍ അന്ധവിശ്വാസ നിര്‍മ്മിതകളുടേതാണെന്ന ദയനീയ ചിത്രണവുമുണ്ട്. ഇത്തരം ചലച്ചിത്ര നിര്‍മ്മിതികള്‍ അന്ധവിശ്വാസത്തില്‍ അകപ്പെട്ടു പോകുന്ന ജനതയെ കൂടുതല്‍ മൂഢസ്വര്‍ഗ്ഗത്തിലെത്തിക്കാനേ ഉപകരിക്കുകയുള്ളൂ.
2018 ല്‍ പുറത്തിറങ്ങിയ റാഹി അനില്‍ ബാര്‍വെയുടെ തുമ്പാദ് ആണ് ഇന്ത്യന്‍ മിത്തോളജിയെ അടിസ്ഥാനമാക്കി ഐതിഹ്യകഥകളോട് ചേര്‍ന്നുനില്‍ക്കുന്നതായുള്ള ഒരു ഇന്ത്യന്‍ സിനിമ അടുത്തകാലത്ത് പുറത്തുവന്നത്. 'ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ആവശ്യങ്ങള്‍ക്കുതകുന്ന വിഭവങ്ങള്‍ പ്രകൃതിയിലുണ്ട്. എന്നാല്‍ അനാവശ്യവും അമിതവുമായ ഉപയോഗം ആരും അര്‍ഹിക്കുന്നില്ല' എന്ന അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു വാചകമാണ് ഈ സിനിമയുടെ കാതല്‍. ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും പ്രതീകമായ ദേവതയെ കുറിച്ചുള്ള ഐതിഹ്യകഥകളും ദേവതയുടെ മകനായ ഹസ്തറിനെക്കുറിച്ചുമാണ് മഹാരാഷ്ട്രയില്‍ പ്രചാരത്തിലുള്ള ഈ കഥയില്‍ പറയുന്നത്.
കാലത്തെ കീഴ്‌മേല്‍ മറിച്ച് മനുഷ്യന്റെ തീരാത്ത ദുര തലമുറകളിലേക്ക് വ്യാപിക്കുന്നുവെന്ന് മുത്തശ്ശിക്കഥയിലൂടെ പറഞ്ഞുതന്ന തുമ്പാദില്‍ നിന്ന് രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്ന മലയാള സിനിമയിലേക്ക് എത്തുമ്പോള്‍ അധികാരം ആരുടെ കൈയിലിരുന്നാലും അത് ദുഷിക്കും എന്ന അര്‍ഥവ്യാപ്തിയിലേക്കാണ് അതിന്റെ സഞ്ചാരം. മുഷിഞ്ഞ മുണ്ടും ഇടതുതോളില്‍ മേല്‍മുണ്ടും കഴുത്തില്‍ നീളന്‍ മണിമാലയും മെതിയടിയും ഊന്നുവടിയുമായി മുറുക്കാന്‍കറ പുരണ്ട പല്ലു കാട്ടി ക്രൂരമായി ചിരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്ന കൊടുമണ്‍ പോറ്റി അധികാരത്തിന്റെ പ്രതീകമാണ്. എന്തിന്റെയും ആദ്യത്തെയും അവസാനത്തെയും വാക്ക് അയാളാണ്. മറ്റുള്ളവര്‍ അനുസരിക്കാന്‍ വിധേയപ്പെട്ടവരും. അത് മനയ്ക്കലേക്ക് പുതിയതായി ഒരു അതിഥി വന്നെത്തിയാലും അങ്ങനെ തന്നെ. ഒരിക്കല്‍ വന്നുപെട്ടാല്‍ ഒരിക്കലും പുറത്തുകടക്കാന്‍ സാധിക്കാത്ത ഒരു തുരുത്താണ് ആ മന. അങ്ങനെയാരും അവിടെ വരാറില്ല. വന്നവര്‍ പുറത്തു പോകാറുമില്ല എന്ന് കൊടുമണ്‍ പോറ്റി തന്നെ പറയുന്നുമുണ്ട്. അധികാര ദുര്‍വിനിയോഗത്തിന്റെ ഈ സ്ഥിതിയെ രാജാധിപത്യത്തോടോ നടപ്പു ജനാധിപത്യ വ്യവസ്ഥയോടോ ചേര്‍ത്തുവായിക്കാനുള്ള വിടവുകള്‍ സിനിമ നല്‍കുന്നുമുണ്ട്.
ഇങ്ങനെയൊരു പ്രമേയസാധുത പങ്കുവയ്ക്കാന്‍ ഭ്രമയുഗം പ്രയോജനപ്പെടുത്തുന്നത് പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറിന്റെ പശ്ചാത്തലമാണ്. മനയും കാവും കുളവും മാടനും ചാത്തനും മറുതയും കുട്ടിച്ചാത്തനും രക്ഷസ്സും യഥേഷ്ടം വിഹരിച്ചുപോരുകയും ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സമാകുമ്പോള്‍ അവയുടെ ബാധാവേശവും പോക്കുവരവും ഒഴിപ്പിക്കാന്‍ മന്ത്ര, തന്ത്രവിദ്യകള്‍ സ്വായത്തമാക്കിയ മഹാമാന്ത്രികന്മാര്‍ രക്ഷയ്‌ക്കെത്താറുമുള്ള കഥകള്‍ക്ക് ഈ പ്രദേശത്ത് ഏറെ പ്രചാരമുണ്ട്. ഇത്തരം കഥകള്‍ ഐതിഹ്യമാലയിലുള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളിലും അതല്ലാതെ മിത്തായും തലമുറകള്‍ കൈമാറിപ്പോരുന്നവയായും പ്രചാരത്തിലുണ്ട്. അങ്ങനെയുള്ള ഒരു മാന്ത്രികനാണ് കൊടുമണ്‍ പോറ്റി. അയാളുടെ പൂര്‍വ്വികരും പിന്തുടര്‍ച്ചക്കാരും ഇല്ലം മുടിപ്പിക്കുന്ന കുട്ടിച്ചാത്തനെ ഒഴിപ്പിക്കാനും കുടിയിരിപ്പുകാരെ സംരക്ഷിക്കാനുമായി കച്ചകെട്ടിയിറങ്ങുന്നവരാണ്. ഓരോരുത്തരെയും വകവരുത്തി കൂടുതല്‍ ശക്തനായി മാറി മനയുടെയാകെ ഏകാവകാശിയായി മാറുന്നു കുട്ടിച്ചാത്തന്‍. പോറ്റിയുടെ ശരീരത്തിന്റെ രൂപത്തില്‍ അധികാര ഗര്‍വ്വ് കാണിക്കുന്നതും കുട്ടിച്ചാത്തന്‍ തന്നെ. ആ ഹിംസാത്മക രൂപത്തെ വകവരുത്തി പെട്ടകത്തിലടച്ച് അതിന്റെ ചെയ്തികളില്‍ നിന്ന് ആളുകളെയും മനയെയും രക്ഷപ്പെടുത്തുന്നതിലൂടെ നന്മയുടെ വിജയം തന്നെയാണ് ഘോഷിക്കപ്പെടുന്നത്.
അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിട്ടുള്ള ഭ്രമയുഗം കാണുന്ന മറ്റൊരു ദേശക്കാരന് കൈവരിക കേരളത്തിലെ ഐതിഹ്യങ്ങളോടും മിത്തുകളോടുമുള്ള കൗതുകമാണ്. പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാര്‍ എന്ന കാലഗണന തൊട്ട് കാടുകയറി അങ്ങിങ്ങ് ഇടിഞ്ഞുപൊളിഞ്ഞ് ആള്‍പ്പാര്‍പ്പില്ലെന്ന് തോന്നിപ്പിക്കുന്ന മനയും അവിടത്തെ ചാത്തനും അതിനെ ഒഴിപ്പിക്കാനെത്തുന്ന മാന്ത്രികരുടെ തലമുറയും ചുറ്റുമുള്ള കാടും യക്ഷിയുമെല്ലാം ചേര്‍ന്ന് ഈ ദേശത്തെ കഥകളോട് അവര്‍ക്ക് തോന്നിയേക്കാവുന്ന ഒരു ആഭിമുഖ്യമുണ്ട്. അതു തന്നെയാണ് ഒരു ദേശത്തിന്റെ പുരാവൃത്ത വിജ്ഞാനവുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതയും. ഇതര ദേശ ഐതിഹ്യ കഥകള്‍ കണ്ട് കൗതുകമൂറിയിരുന്ന നമുക്ക് കേരളത്തിന്റെ പുരാവൃത്ത പാരമ്പര്യത്തെ അവര്‍ക്കു മുന്നില്‍ വലിയ വിതാനത്തില്‍ അവതരിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ മാതൃകയില്‍ പുരാവൃത്തവുമായി ബന്ധമുള്ള നിരവധി കഥാസാധ്യതകളാണ് ഇനിയും പ്രയോജനപ്പെടുത്താനുള്ളത്. കേരളത്തിന്റെ ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള അനവധിയായ ഐതിഹ്യങ്ങളുണ്ട്. ഇവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സൃഷ്ടികള്‍ക്ക് ദൃശ്യാഖ്യാനം നല്‍കുമ്പോള്‍ മലയാള സിനിമയുടെ വിതാനം മറ്റൊരു തലത്തിലെത്തിക്കാനായേക്കും. ഇതാണ് ഭ്രമയുഗം അവശേഷിപ്പിച്ചുപോകുന്ന സാധ്യത.
വടക്കന്‍ മലബാറിലെ തെയ്യം പോലുള്ള അനുഷ്ഠാന കലകളെ കലാകാരന്മാരുടെ ജീവിതവുമായി ഇണക്കിച്ചേര്‍ത്തിട്ടുള്ള നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പുരാവൃത്തത്തിലേക്ക് അധികം കടന്നു ചെല്ലാനായിട്ടില്ല. പുലിയായി മാറിയ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന പുരാവൃത്തവുമായി കോര്‍ത്തുകെട്ടുന്ന പ്രിയനന്ദനന്റെ പുലിജന്മം പോലുള്ള സിനിമകള്‍ ഇതിന് അപവാദമാണ്. എന്നാല്‍ കാന്താര പോലുള്ള തെയ്യക്കോലത്തോടു ചേര്‍ന്നുളള ഐതിഹ്യ പശ്ചാത്തലത്തിലുള്ള സിനിമകള്‍ നമ്മുടെ അതിരു പങ്കിടുന്ന പ്രദേശത്തു നിന്നുണ്ടാകുകയും അത് പാന്‍ ഇന്ത്യന്‍ വിതാനത്തിലേക്ക് വളരുകയും ചെയ്യുമ്പോഴാണ് നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പുരാവൃത്തത്തിന് ആഴമേറുന്നത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2024 ഫെബ്രുവരി 21, ഷോ റീല്‍-50
No comments:
Post a Comment