1991 ലെ ദീപാവലി നാളില്‍ ആയിരുന്നു സന്താന ഭാരതിയുടെ കമല്‍ഹാസന്‍ ചിത്രം ഗുണാ പുറത്തിറങ്ങിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ചിത്രം ഇന്നും ഓര്‍മ്മിക്കുന്നത് 'കണ്‍മണി അന്‍പോട് കാതലന്‍'എന്ന ഗാനത്തിലൂടെയാണ്. ഗുണായുടെ ഒപ്പമിറങ്ങിയ ദളപതിയാണ് ദീപാവലിക്ക് വന്‍ വിജയമായത്. പക്ഷേ ഉദാത്ത പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്ന ഗുണായിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മുപ്പതാണ്ടിനിപ്പുറവും പുതുമ ചോരാതെ ആളുകള്‍ കേട്ടു കൊണ്ടേയിരിക്കുന്നു.ഏതു ദുര്‍ഘട വേളയില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഉളവായേക്കാവുന്ന അപാരമായ ഇഴയടുപ്പത്തെ അടയാളപ്പെടുത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമാ വിപണിയിലെ ഏറ്റവും പുതിയ സെന്‍സേഷണല്‍ ഹിറ്റില്‍ ഗുണായിലെ ഈ ഗാനം അതിമനോഹരമായി ചേര്‍ത്തുവച്ചിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ കാണികളോട് അടുപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഈ പാട്ടാണ്. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങുന്നു ഈ പാട്ടിനോടുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആത്മബന്ധം. കഥാപുരോഗതിയില്‍ കൊടൈക്കനാലിലേക്കുള്ള യാത്രാവേളയില്‍ കൂട്ടുകാര്‍ക്കിടയിലും ഈ പാട്ട് തുടരുന്നുണ്ട്. ക്ലൈമാക്‌സിലെ അതിനിര്‍ണായക സീക്വന്‍സിലാണ് കണ്‍മണി അന്‍പോട് വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരമൊരു സവിശേഷ അവസരത്തില്‍ മറ്റേതൊരു സംഭാഷണത്തെക്കാളും പശ്ചാത്തല സംഗീതത്തെക്കാളും ഈ പാട്ടിലെ വരികള്‍ കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അങ്ങനെ സിനിമയുടെ സംവേദനം കുറേക്കൂടി കാണിയുടെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നതാകുന്നു. 'ഇത് മനിത കാതലല്ലൈ' എന്ന് പ്രേക്ഷകര്‍ അറിയാതെ കണ്‍നിറഞ്ഞ് ഉരുവിട്ടു പോകുന്നു.
കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന ദുര്‍ഘടമായ ഗുഹാമുഖത്ത് ചിത്രികരിച്ചുവെന്നതായിരുന്നു ഗുണാ സിനിമയെ അക്കാലത്ത് ശ്രദ്ധേയമാക്കിയത്. അതിനു ശേഷം ആ പ്രദേശത്തിന് പേര് ഗുണാ കേവ്‌സ് എന്നായി. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ ഗുണാ കേവ്‌സിലേക്ക് യാത്ര പോകുമ്പോള്‍ 'കണ്‍മണി അന്‍പോട്' പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വരികളും പാട്ടിനിടയിലെ കമല്‍ഹാസന്റെ സംഭാഷണങ്ങളും അതീവ ഹൃദ്യമായി കഥാപാത്രങ്ങളില്‍ വന്നുപോകുന്നുണ്ട്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടുകളെ ഗൃഹാതുരമായി കാണുന്ന ഒരു തലമുറയുടെ പ്രതിനിധികളാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലെയും ആസ്വാദകരിലെയും വലിയൊരു പങ്കും. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടിക്കാലത്തോടും കൗമാരത്തോടും യൗവനത്തോടും ഇഴചേര്‍ന്നു കിടക്കുന്ന ആ കാലത്തെ പാട്ടുകള്‍ പുതുകാല സിനിമയില്‍ ആവര്‍ത്തിക്കുന്നതായി കാണാം. അവരുടെ സിനിമകളിലെ സവിശേഷ സന്ദര്‍ഭങ്ങളില്‍ പൊയ്‌പോയ ആ കാലത്തിന്റെ ഓര്‍മ്മകളും സിനിമാ സന്ദര്‍ഭങ്ങളും പാട്ടുകളും സംഭാഷണങ്ങളും കടന്നുവരുന്നു. ഏറ്റവുമൊടുവില്‍ സെന്‍സേഷണല്‍ ഹിറ്റുകളായ മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കണ്‍മണി അന്‍പോട് കാതലനി'ലും പ്രേമലുവിലെ 'യയയാ യാദവാ എനിക്കറിയാം' എന്നീ പാട്ടുകള്‍ കഥാപശ്ചാത്തലവുമായി ഇണക്കിച്ചേര്‍ത്ത് ഉപയോഗിച്ചതില്‍ എത്തിനില്‍ക്കുന്നു പാട്ടിലെ ഈ ജനപ്രിയതയും ഗൃഹാതുരതയും.
സിനിമയുടെ കേന്ദ്രപ്രമേയവുമായി ചേര്‍ത്തും അല്ലാതെയും ഇത്തരത്തില്‍ പാട്ടുകള്‍ ഉപയോഗിക്കുന്നതായി കാണാം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കൗതുകം ചോരാതെ നിലനില്‍ക്കുന്ന അതതു കാലത്തെ ജനപ്രിയ ഗാനങ്ങളാണ് സിനിമ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ ചില ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ ജനപ്രിയത പ്രാപിക്കുകയും മറ്റൊരു തലമുറയുടെ കൂടി പ്രിയപ്പെട്ട ഗാനമായി മാറുകയും ചെയ്യാറുണ്ട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഭരതന്റെ കാതോട് കാതോരത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ലഭിച്ച ജനപ്രിയത ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഈ സിനിമയുടെ റിലീസ് വേളയില്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം ഈ ഗാനം ആയിരുന്നു. റിലീസിനു മുമ്പു തന്നെ ഈ പാട്ടും അതിന്റെ വിഷ്വല്‍സും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. കാതോട് കാതോരത്തില്‍ പള്ളിയിലെ ആഘോഷ പരിപാടിയില്‍ ക്വയര്‍ സംഘം പാടുന്നതായിട്ടാണ് ഗാനം ചിത്രീകരിച്ചതെങ്കില്‍ ഗാനമേള വേദിയിലാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ 'ദേവദൂതര്‍' ഉപയോഗപ്പെടുത്തിയത്. ഉത്സവത്തിലെ ഗാനമേളാ സദസ്സില്‍ പാട്ടിനൊപ്പമുള്ള നാടന്‍ ചുവടുകളിലൂടെ കുഞ്ചാക്കോ ബോബന്‍ അതിശയപ്പെടുത്തിയതും മറ്റൊരു തരംഗമായി മാറി. ഈ സിനിമയുടെ റിലീസിനെ തുടര്‍ന്ന് ഉത്സവപ്പറമ്പുകളിലെയും ആഘോഷ പരിപാടികളിലെയും ഗാനമേള വേദികളില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കാതോട് കാതോരത്തിലെ പാട്ട് വീണ്ടും ആവര്‍ത്തിച്ച് ആലപിക്കപ്പെട്ടു.
ഈ വര്‍ഷത്തെ ആദ്യത്തെ തിയേറ്റര്‍ വിജയമായ മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എബ്രഹാം ഓസ്‌ലറില്‍ ഉപയോഗിച്ച നിറക്കൂട്ടിലെ 'പൂമാനമേ' ഇതുപോലെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മറ്റൊരു ഹിറ്റായി. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ എണ്‍പതുകളിലെ കോളേജ് കാലത്തെ ഫ്‌ളാഷ് ബാക്ക് വേളയിലാണ് പൂമാനമേ ഉപയോഗിച്ചത്. 1980 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ നിറക്കൂട്ടും നിത്യഹരിത ഗാനമായ പൂമാനമേ'യും വിന്റേജ് മമ്മൂട്ടിയെയും മറ്റൊരു തരത്തില്‍ വീണ്ടെടുക്കാന്‍ ഓസ്ലറിലൂടെ ഇത് പ്രയോജനം ചെയ്തു. കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് വിശദീകരണത്തില്‍ പുതിയതായി ചിട്ടപ്പെടുത്തുന്ന ഒരു പാട്ടിന് ഇത്രമാത്രം നൂലിഴ ചേര്‍ക്കപ്പെടുമോയെന്ന് ചിന്തിക്കാനിട നല്‍കാനാകാത്തത്രയും കോര്‍ത്തിണക്കപ്പെട്ടു 'പൂമാനമേ'യും അതിന്റെ പശ്ചാത്തലവും. 'ഓസ്‌ലര്‍ നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ' എന്ന അലക്‌സാണ്ടറിന്റെ ചോദ്യവും പശ്ചാത്തലത്തില്‍ ഉയരുന്ന പാട്ടിന്റെ വരികളും ആ രംഗത്തെ സിനിമയിലെ ട്രെന്‍ഡിംഗ് സീക്വന്‍സുകളിലൊന്നാക്കി മാറ്റി. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന ഗാനം നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും കാണികളെ എളുപ്പത്തില്‍ എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മറ്റൊരു നടന്‍ അവതരിപ്പിച്ചിരുെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് ഓസ്‌ലറിന്റെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.
ഭരതന്റെ ദേവരാഗത്തില്‍ ശ്രീദേവിയും അരവിന്ദ് സ്വാമിയും പശ്ചാത്തലത്തിലെത്തുന്ന 'യയയാ യാദവാ' എന്ന ഗാനം മലയാളിയുടെ പ്രണായാതുരമായ ഓര്‍മ്മകളിലൊന്നാണ്. ഈ സിനിമ ഇറങ്ങി വര്‍ഷങ്ങളോളം നൃത്തവേദികളില്‍ ആവര്‍ത്തിക്കപ്പെടാന്‍ ഈ പാട്ടിനായി. ഏറെക്കാലത്തിനു ശേഷം ഈ പാട്ടിന് അതേ മാതൃകയിലുള്ള ദൃശ്യാവിഷ്‌കാരം നല്‍കുകയാണ് പ്രേമലുവില്‍. വിവാഹ വേദിയിലെ രാധാ-കൃഷ്ണ നൃത്തമായിട്ടാണ് ഗാനം പ്രേമലുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേവരാഗം 2.0 എന്ന പേരിലാണ് പ്രേമലുവിലെ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് ഇത് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്തു.
ഒരു കാലം, അന്നത്തെ സിനിമകള്‍, സംഗീത സംവിധായകര്‍, ഗായകരുടെ ആലാപന ശൈലി, അനശ്വരമായ ഈണങ്ങള്‍ എന്നിവയൊക്കെ പൊടിതട്ടിയെടുക്കാനും ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുവാനുമുള്ള പ്രേരണയാണ് ഇത്തരം പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. പോയ കാലത്തെയും ഓര്‍മ്മകളെയും പുല്‍കുവാന്‍ മനുഷ്യരിലുള്ള ഈ ചോദനയെ തന്നെയാണ് തങ്ങളുടെ സിനിമകളിലൂടെ ചലച്ചിത്രകാരന്മാര്‍ പ്രയോജനപ്പെടുത്തുന്നതും.
മലയാളികളുടെ ഗൃഹാതുരതയെ പൊടിതട്ടിയെടുക്കും വിധമുള്ള പാട്ടുകള്‍ 2010 ല്‍ ആരംഭിക്കുന്ന ദശകം തൊട്ടുള്ള സിനിമകളാണ് ഏറെ പ്രയോജനപ്പെടുത്തിയതെന്നു കാണാനാകും. ജിസ് ജോയിയുടെ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയില്‍ കെപിഎസി ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പാട്ട് പാടിക്കൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആസിഫ് അലിയുടെ ചാക്കോ നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്ന നിത്യഹരിത ഗാനമാണ് പാടുന്നത്. നോക്കത്താ ദൂരത്ത് കണ്ണും നട്ടില്‍ കൊച്ചുമകളെ കാത്തിരിക്കുന്നതുമായുള്ള സമാന പ്രമേയ പശ്ചാത്തലത്തിലാണ് ഈ സിനിമയിലും ആയിരം കണ്ണുമായ് എന്ന പാട്ട് ഉപയോഗിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ സുരേശന്റെയും സുമലതയുടെയും പ്രണയത്തിന് പശ്ചാത്തലമാകുന്നതും 'ആയിരം കണ്ണുമായ്' തന്നെ. ഇങ്ങനെയൊരു നിത്യഹരിത ഗാനം പുതിയൊരു സിനിമയുടെ പശ്ചാത്തലമാകുമ്പോള്‍ സിനിമയുടെ ആകെ കാഴ്ചവിതാനത്തെ തന്നെ തെല്ല് നേരം അത് മാറ്റിമറിക്കുകയും മറ്റൊരു അനുഗുണമായ തലത്തിലേക്ക് എത്തിക്കുകയും ചെയ്യും.
സന്ദര്‍ഭങ്ങള്‍ക്കു ചേരുന്ന മെലഡി ഗാനങ്ങളാണ് പുതിയ സിനിമകള്‍ കൂടുതലും ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. പ്രേക്ഷകര്‍ പതിറ്റാണ്ടുകളായി താലോലിക്കുന്നവയും അവരുടെ ദിവസജീവിതത്തില്‍ കേള്‍വിയായും മൂളിപ്പാട്ടിന്റെ രൂപത്തിലും നിരന്തരം കടന്നുവരുന്നവയുമായിരിക്കും ഈ ഗാനങ്ങള്‍. അതുകൊണ്ടു തന്നെ ഇവ ആവര്‍ത്തിച്ചു കേള്‍ക്കാനും സിനിമയില്‍ അതിനു യോജിക്കുന്ന പശ്ചാത്തലമൊരുങ്ങി കാണാനും പ്രേക്ഷകര്‍ താത്പര്യപ്പെടുന്നു. വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്തിലും 'ആയിരം കണ്ണുമായ്' ഉപയോഗിക്കുന്നുണ്ട്. തട്ടത്തിന്‍ മറയത്തില്‍ വിനോദ് അയിഷയോട് ഇഷ്ടം തുറന്നു പറയാന്‍ ഒരുങ്ങുന്ന വേളയിലാണ് ആയിരം കണ്ണുമായ് ഉള്‍ച്ചേര്‍ക്കുന്നത്. ആ വരികളില്‍ വിനോദിന്റെയുള്ളില്‍ ആയിഷയോടുള്ള അപാരമായ പ്രണയവും അത് തുറന്നു പറയാനുള്ള കാത്തിരിപ്പും അവളെ കാണാനുള്ള കൗതുകവുമെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ജിസ് ജോയ് സിനിമയില്‍ 'മനസ്സിന്‍ മടിയിലെ മാന്തളിരില്‍' എന്ന മാനത്തെ വെള്ളിത്തേരിലെ പാട്ടാണ് ചിത്രയുടെ ശബ്ദ സാന്നിധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ പാട്ടുകള്‍ പാടിയ ഗായകരുടെ അതേ ശബ്ദത്തിലും അതല്ലാതെ കവര്‍ വേര്‍ഷനായിട്ടും പാട്ടുകള്‍ സിനിമ പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടിലും പുതുമയും കൗതുകവും അവശേഷിപ്പിക്കാനാകുമെന്നതാണ് ഇതിലെ സവിശേഷത.
ഞാന്‍ ഏകനാണ് (1982) എന്ന സിനിമയിലെ ഓ മൃദുലേ എന്ന ഗാനം ദീപന്റെ ഡോള്‍ഫിന്‍സില്‍ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമായി കോര്‍ണിണക്കി അവതരിപ്പിക്കുമ്പോള്‍ വികെ പ്രകാശിന്റെ ബ്യൂട്ടിഫുളില്‍ തൂവാനത്തുമ്പികളിലെ അതിപ്രശസ്തമായ പശ്ചാത്തല സംഗിതം നായികയുടെ ഇന്‍ട്രോ സീനില്‍ ഉപയോഗിച്ചാണ് കാണികളെ ആകര്‍ഷിക്കുന്നത്. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ചില പാട്ടുകള്‍ അവരുടെ ഫേവറിറ്റ് ലിസ്റ്റിലേക്ക് മാറുന്നതിനും ഇത്തരം റഫറന്‍സുകളിലൂടെ സാധിക്കാറുണ്ട്. തൂവാനത്തുമ്പികളിലെ പശ്ചാത്തല സംഗീതം പുതിയ തലമുറയിലേക്ക് എത്തിച്ചതില്‍ ഹിറ്റ് ചിത്രമായിരുന്ന ബ്യൂട്ടിഫുളിനു കൂടി പങ്കുണ്ട്. ലോകേഷ് കനകരാജിന്റെ കൈദിയുടെ ക്ലൈമാക്‌സില്‍ പോലീസ് സ്‌റ്റേഷനിലെ ഒരു അതിസംഘര്‍ഷ വേളയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് ബാലു മഹേന്ദ്രയുടെ മറുപടിയും (1993) എന്ന ചിത്രത്തിലെ 'ആസൈ അധികം വച്ച്' എന്ന എസ്. ജാനകിയുടെ ശബ്ദത്തിലുള്ള ഗാനമാണ്. കൈദിയുടെ റിലീസിനും വന്‍ ജനപ്രീതിക്കും ശേഷം ഈ ഗാനം ഏതെന്ന് അന്വേഷിച്ച് യു ട്യൂബില്‍ തിരഞ്ഞ വലിയൊരു വിഭാഗം ആളുകളുണ്ട്. അതോടെ ഈ ഗാനത്തിന്റെ വാച്ച്‌ലിസ്റ്റ് നമ്പര്‍ അതിവേഗമാണ് കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത് ഏറെ ശ്രദ്ധേയമായ മാസ്റ്റര്‍പീസ് എന്ന വെബ് സീരീസില്‍ ശാന്തീകൃഷ്ണയുടെ കഥാപാത്രം ഗായികയാകാന്‍ കൊതിച്ച് അടുക്കളയില്‍ മാത്രം ഒതുക്കപ്പെടുന്ന സ്ത്രീയുടേതാണ്. ആ കഥാപാത്രം സംസാരിക്കുന്നതു പോലും പാട്ടുകളിലൂടെയാണെന്നു കാണാം. അവരുടെ സംസാരത്തില്‍ കടന്നുവരുന്ന പാട്ടുകളെല്ലാം തന്നെ മലയാളിയുടെ ചുണ്ടിലുള്ള നിത്യഹരിത ഗാനങ്ങളാണെന്നും കാണാം. കുടുംബകലഹം അതിന്റെ ഔന്നത്യത്തില്‍ എത്തുന്ന ഒരവസരത്തില്‍ മിനുട്ടുകളോളം ഈ ബഹള പരിസരത്തുനിന്ന് മനസ്സകന്ന് ചുവരിനപ്പുറം ബ്ലൂ ടൂത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന യാത്ര സിനിമയിലെ 'യമുനേ നിന്നുടെ നെഞ്ചില്‍' എന്ന പാട്ടില്‍ ലയിക്കുകയും താളം പിടിക്കുകയും ചെയ്യുന്നു ഈ കഥാപാത്രം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പാട്ടും മലയാളിയുടെ നിത്യഹരിത പട്ടികയിലുള്ളതു തന്നെ.
പുതുതലമുറ സംവിധായകരില്‍ നിന്ന് മുന്‍ തലമുറയിലേക്ക് പോകുമ്പോള്‍ അവരുടെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം ഗൃഹാതുര ഗാനങ്ങളിലും കാലപ്പഴക്കം വരുന്നതായി കാണാം. ജയരാജിന്റെ ലൗഡ് സ്പീക്കറില്‍ മമ്മൂട്ടിയുടെ മൈക്കും ശശികുമാറിന്റെ മേനോനും 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന പിഎന്‍ മേനോന്റെ റോസിയിലെ (1965) ഗാനത്തിലൂടെയാണ് അവരുടെ കൗമാരത്തെ ഓര്‍മ്മിക്കുന്നത്. ഷാഫിയുടെ വെനീസിലെ വ്യാപാരിയില്‍ 1980 കളില്‍ നടക്കുന്ന കഥാപശ്ചാത്തലത്തില്‍ അങ്ങാടിയിലെ 'കണ്ണും കണ്ണും' ആണ് പ്രണയഗാനമായി ഉപയോഗിക്കുന്നത്. ഹിന്ദി ചിത്രമായ സുജാത (1959) യിലെ 'ജല്‍തെ ഹെ ജിസ്‌കേ' എന്ന ഗാനം രഞ്ജിത്തിന്റെ കൈയൊപ്പിലും കഭി കഭി(1975)യിലെ 'കഭി കഭി മേരേ ദില്‍ മേ' എന്ന അനശ്വരഗാനം സിബി മലയിലിന്റെ മായാമയൂരത്തിലും വരുന്നുണ്ട്.
ശശികുമാറിന്റെ സിന്ധു(1975)വിലെ ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന ഗാനം ഛോട്ടാ മുംബൈയിലും രാമു കാര്യാട്ടിന്റെ നെല്ലി(1974)ലെ 'കല്യാണ പ്രായത്തില്‍' ബഡാ ദോസ്തിലും ഐവി ശശിയുടെ കാണാമറയത്തിലെ (1984) 'ഒരു മധുരക്കിനാവിന്‍' തേജാഭായ് ആന്‍ഡ് ഫാമിലിയിലും റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ക്രോസ്‌ബെല്‍റ്റ് മണിയുടെ മിടുമിടുക്കി(1968)യിലെ 'അകലെയകലെ നീലാകാശം' ആദ്യത്തെ കണ്‍മണിയില്‍ ഗാനമേളാ വേദിയില്‍ നായികാനായകന്മാര്‍ പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2024 മാര്‍ച്ച് 10, ഷോ റീല്‍-51
No comments:
Post a Comment