ഇന്നസെന്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളിയില്‍ ഉടലെടുക്കുന്ന വികാരം ഒരു നിറഞ്ഞ ചിരിയാണ്. മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഇന്നസെന്റ് എന്ന നടന്‍ പതിറ്റാണ്ടുകളോളം തീര്‍ത്ത ചിരിയലയില്‍ നിന്നാണ് ഈ പേര് മലയാളിയുടെ ചിരിയുടെ പര്യായമായി മാറിയത്. അര നൂറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ സ്വയം സൃഷ്ടിച്ചെടുത്ത സവിശേഷ ശൈലിയില്‍ നിരവധി കഥാപാത്രങ്ങളാണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. ഹാസ്യനടന്‍ എന്ന വിശേഷണത്തില്‍ ഒതുങ്ങാതെ കാമ്പുള്ള സ്വാഭാവികാഭിനയം കൊണ്ടു കൂടിയാണ് ഇന്നസെന്റ് മലയാളിയുടെ സിനിമാസ്വാദനത്തെ സമ്പന്നമാക്കിയത്. എഴുന്നൂറോളം ചിത്രങ്ങളിലെ ജീവസ്സുറ്റ സാന്നിധ്യമായാണ് ഈ അനശ്വരനടന്‍ വെള്ളിത്തിരയ്ക്കു പിറകിലേക്കു മായുന്നത്. അതോടെ മലയാള സിനിമയുടെ സുവര്‍ണകാലത്തെ സുപ്രധാനമായ ഒരു കണ്ണി കൂടി വേര്‍പെടുന്നു.
1972 ല്‍ എ.ബി. രാജിന്റെ നൃത്തശാല എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇന്നസെന്റിന് അഭിനയ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ചെറുതും അപ്രധാനവുമായ വേഷങ്ങളില്‍ ഒതുങ്ങിനില്‍ക്കേണ്ടി വന്നു. ഇക്കാലയളവില്‍ വിട പറയും മുമ്പേ, ഓര്‍മ്മയ്ക്കായി തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച് ഇന്നസെന്റ് മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ചു. 1980 കളുടെ രണ്ടാം പകുതിയില്‍ ശുദ്ധമായ ഗ്രാമീണ പ്രമേയങ്ങള്‍ക്കും ഹാസ്യത്തിനും മലയാള സിനിമ പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെയാണ് ഇന്നസെന്റിലെ നടന് വഴിത്തിരിവായത്. കലാപരമായും വാണിജ്യപരമായും മലയാള സിനിമയുടെ സുവര്‍ണകാലമായ 1980 കളില്‍ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു കൂട്ടം നടീനടന്മാര്‍ മലയാള സിനിമയുടെ അഭിനയ പാരമ്പര്യത്തെ സമ്പന്നമാക്കിയിരുന്നു. മധ്യവയസ്‌കരും തനി നാട്ടിന്‍പുറത്തുകാരും സാധാരണ മനുഷ്യരെ പോലെ പെരുമാറുന്നവരുമായ ഇക്കൂട്ടര്‍ ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന വിധം സ്വാഭാവികമായി പെരുമാറുന്നവരായിരുന്നു. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, സുകുമാരി, മീന, കെപിഎസി ലളിത, കൃഷ്ണന്‍കുട്ടി നായര്‍, പറവൂര്‍ ഭരതന്‍, മാമുക്കോയ തുടങ്ങി ഒട്ടേറെ പേര്‍ ഈ നിരയിലുണ്ട്. സ്വാഭാവികതയ്‌ക്കൊപ്പം അസാധാരണമായി ഹാസ്യാഭിനയ മികവും പുലര്‍ത്തുന്നവരായിരുന്നു ഇവരെല്ലാം. ഈ നിരയിലാണ് ഇന്നസെന്റും പ്രതിഷ്ഠിക്കപ്പെട്ടത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി സിനിമകളില്‍ ഈ നടീനടന്മാര്‍ക്കൊപ്പം ഇന്നസെന്റിന്റെ സ്വാഭാവികാഭിനയ മികവ് മലയാളിക്ക് അനുഭവിക്കാനായി. അമ്മാവന്‍, അച്ഛന്‍, സഹായി, കാര്യസ്ഥന്‍, മധ്യവയസ്‌കനായ കുടുംബസ്ഥന്‍, പൊതുപ്രവര്‍ത്തകന്‍, അധ്യാപകന്‍, ഡ്രൈവര്‍ തുടങ്ങി ഏതു വേഷത്തിലും തന്റേതായ അഭിനയ, സംഭാഷണ ശൈലി കൊണ്ട് വേറിട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്നസെന്റിനായി. തൃശ്ശൂര്‍ ഗ്രാമ്യഭാഷയുടെ സൗന്ദര്യം അദ്ദേഹം സമര്‍ഥമായി കഥാപാത്രങ്ങളില്‍ ഉപയോഗപ്പെടുത്തി. മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഡോ.പശുപതി, വരവേല്‍പ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം, തൂവല്‍സ്പര്‍ശം, ഗജകേസരിയോഗം, സസ്‌നേഹം, കോട്ടയം കുഞ്ഞച്ചന്‍, മിമിക്‌സ് പരേഡ് തുടങ്ങിയ സിനിമകളിലെല്ലാം ഇന്നസെന്റ് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും അനായാസവും ലളിതവുമായ ശൈലികൊണ്ട് അതിശയിപ്പിക്കുകയും ചെയ്തു. മഴവില്‍ക്കാവടിയിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍, സിദ്ധിഖ്‌ലാല്‍ തുടങ്ങിയ സംവിധായകര്‍ ഇന്നസെന്റിന് ഏറ്റവും ജനപ്രിയ വേഷങ്ങള്‍ സമ്മാനിച്ചവരാണ്.
മലയാളത്തിലെ ഹാസ്യ സിനിമകള്‍ക്ക് വേറിട്ട മുഖം നല്‍കിയ റാംജിറാവ് സ്പീക്കിങ്ങിലെ മത്തായിച്ചന്‍ ഇന്നസെന്റിന്റെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിലൊന്നായി. ഇതിന്റെ തുടര്‍ച്ചയായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലും ഇതേ ജനപ്രിയത കാത്തുസൂക്ഷിക്കാന്‍ ഇന്നസെന്റിനായി. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍, നമ്പര്‍ 20 മദ്രാസ് മെയിലിലെ ടിടിഇ, കിലുക്കത്തിലെ കിട്ടുണ്ണ്യേട്ടന്‍, സന്ദേശത്തിലെ യശ്വന്ത് സഹായ്, മിഥുനത്തിലെ കുറുപ്പ്, ഗോഡ്ഫാദറിലെ സ്വാമിനാഥന്‍, വിയറ്റ്‌നാം കോളനിയിലെ കെ കെ ജോസഫ്, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍, കാബൂളിവാലയിലെ കന്നാസ്, അഴകിയ രാവണനിലെ പഞ്ചായത്ത് പ്രസിഡന്റ്, ആറാം തമ്പുരാനിലെ ഭരതന്‍ എസ് ഐ, കല്യാണരാമനിലെ പോഞ്ഞിക്കര, മനസ്സിനക്കരെയിലെ ചാക്കോ മാപ്പിള തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളിക്ക് എക്കാലവും ഓര്‍ത്തിരിക്കാനും രസിക്കാനും വകനല്‍കുന്ന ഇന്നസെന്റ് കഥാപാത്രങ്ങളാണ്.
തുടര്‍ച്ചയായി ഹാസ്യപ്രധാനമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കേയാണ് ഇന്നസെന്റ് ദേവാസുരത്തിലെ വാര്യരാകുന്നത്. അസാധാരണമായ മെയ്‌വഴക്കത്തോടെ ഈ കഥാപാത്രം അദ്ദേഹം അനശ്വരമാക്കി. ദേവാസുരത്തിന്റെ തുടര്‍ച്ചയായ രാവണപ്രഭുവില്‍ വാര്യരുടെ കുറേക്കൂടി പ്രായം ചെന്ന വേഷപ്പകര്‍ച്ചയുടെ മികവിനും പ്രേക്ഷകര്‍ സാക്ഷിയായി. ഹാസ്യനടന്‍ എന്ന പേരെടുത്തു നില്‍ക്കുമ്പോള്‍ തന്നെ കാതോട് കാതോരം, കേളി തുടങ്ങിയ ചിത്രങ്ങളില്‍ പ്രതിനായക വേഷങ്ങളിലും ശ്രദ്ധിക്കപ്പെടാന്‍ ഇന്നസെന്റിനായി. ഹിറ്റ്‌ലര്‍, വല്ല്യേട്ടന്‍, വേഷം, പത്താംനിലയിലെ തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗൗരവതരമായ കഥാപാത്രങ്ങളിലും വേറിട്ട അഭിനയത്തിലൂടെ ഇന്നസെന്റ് മികവു കാട്ടി. കെപിഎസി ലളിതയുമൊത്തുള്ള ഇന്നസെന്റിന്റെ താരജോഡിയും ഏറെ ജനപ്രിയമാണ്. പൊന്മുട്ടയിടുന്ന താറാവ്, ഗജകേസരിയോഗം, ഗോഡ്ഫാദര്‍, മൈഡിയര്‍ മുത്തച്ഛന്‍, മണിച്ചിത്രത്താഴ്, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചു.
കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, ചിരിക്കു പിന്നില്‍, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ പുസ്തകങ്ങളിലൂടെ സാഹിത്യലോകത്തും ഇന്നസെന്റ് സാന്നിധ്യമറിയിച്ചു. പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലും നര്‍മ്മരസത്തോടെ സംസാരിച്ചിരുന്ന ഇന്നസെന്റ് തന്റെ പുസ്തകങ്ങളിലും നിറഞ്ഞ ചിരി നിലനിര്‍ത്താന്‍ മറന്നില്ല. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാന്നിധ്യമറിയിച്ചു.
https://www.youtube.com/watch?v=OBzv2jxGThY
ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 മാര്‍ച്ച് 29
No comments:
Post a Comment