Tuesday, 19 March 2024

മലയാള സിനിമ ഗ്രാമങ്ങളെ വീണ്ടെടുക്കുമ്പോള്‍


മലയാള സിനിമ നഗരകേന്ദ്രീകൃത ജീവിതാന്തരീക്ഷവും പുതിയ ജീവിതശൈലിയും ഉള്‍ക്കൊണ്ട് അതിലേക്ക് ചുവടു മാറുന്നത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. സിനിമ കൊച്ചി പോലുള്ള നഗരത്തില്‍ കേന്ദ്രീകരിച്ചതോടെ പ്രമേയപശ്ചാത്തലവും ഏറിയ പങ്ക് അവിടത്തേതായി മാറുകയുണ്ടായി. ശ്യാമപ്രസാദിന്റെ ഋതു പോലുള്ള സിനിമകള്‍ തുടക്കമിടുകയും ട്രാഫിക്ക്, ചാപ്പാകുരിശ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണീബി, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകളിലൂടെ തുടര്‍ന്നുപോരുകയും ചെയ്ത ഈ പ്രവണതയിലൂടെ ഭൂരിഭാഗം സിനിമകളും കൊച്ചി അല്ലെങ്കില്‍ സമാന മാതൃകയില്‍ നഗര കേന്ദ്രീകൃത ജീവിതം പിന്തുടരുന്നവയായി മാറി. 

2010 ല്‍ തുടങ്ങുന്ന പതിറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വിജയിച്ച ഈ ശൈലി വളരെ പെട്ടന്ന് പിന്മാറ്റപ്പെടുന്നതും സിനിമ നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നതും കണ്ടു. നഗര കേന്ദ്രീകൃതവും ന്യൂജന്‍ ജീവിതശൈലിയും ആവര്‍ത്തിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ നിന്നുള്ള വിടുതല്‍ കാണികളും ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാന്‍. എബ്രിഡ് ഷൈനിന്റെ 1983, ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന പോലുള്ള സിനിമകളുടെ വിജയം ഗ്രാമദേശത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണവുമായി. രമേശന്‍ എന്ന ക്രിക്കറ്റ് പ്രേമിയായ സാധാരണക്കാരന്റെ ജീവിതത്തിന്റെ വിവിധ കാലത്തിലൂടെ കടന്നുപോയ 1983  നഗരകേന്ദ്രീകൃത സിനിമകളില്‍ നിന്നുള്ള മാറ്റത്തെയും ലളിതമായ ഗ്രാമീണ കഥകളെക്കുറിച്ചുള്ള അന്വേഷണങ്ങളെയും കുറിച്ച് ചിന്തിച്ച ചലച്ചിത്രപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. 


ഏറെക്കുറെ ഒറ്റഗ്രാമമെന്ന വിശേഷണത്തിലേക്ക് മാറിയെങ്കിലും ഉള്ളില്‍ സ്വന്തം ഗ്രാമത്തേയും ഗ്രാമീണ സങ്കല്‍പ്പങ്ങളേയും ഗൃഹാതുരതയോടെ സൂക്ഷിക്കുന്നവരാണ് കേരളീയര്‍. സിനിമയില്‍ കഥപറയാന്‍ പശ്ചാത്തലമാക്കുന്ന ഗ്രാമങ്ങളെ ഈ വൈകാരികതയുടെ പിന്‍ബലത്തിലാണ് മലയാളി കാണുന്നത്. സിനിമയിലെ നഗരകേന്ദ്രീകൃത പശ്ചാത്തലങ്ങളേക്കാള്‍ ഗ്രാമങ്ങളോട് തെല്ല് താത്പര്യക്കൂടുതല്‍ പ്രകടിപ്പിക്കുന്നതിനു പിന്നിലും ഗ്രാമങ്ങളില്‍ ഉണ്ടെന്ന് ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന നന്മകളെ പുല്‍കാനുള്ള വെമ്പലാണ്. കഥപറഞ്ഞുപോകാനുള്ള പശ്ചാത്തലം മാത്രമായിട്ടാണ് പലപ്പോഴും സിനിമ അതിലെ പ്രദേശങ്ങളെ ഉപയോഗിക്കുന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാകും സിനിമയില്‍ കൂടുതല്‍ പ്രാമുഖ്യം. ഇതു രണ്ടിനോടും ഇടപഴകും വിധം പ്രദേശത്തെ കൂടി പരിഗണിക്കുമ്പോഴാണ് ഒരു പ്രധാന കഥാപാത്രത്തോടു തോന്നുന്ന അതേ ഇഴയടുപ്പം കാണിക്ക് ദേശത്തോടും തോന്നുന്നത്. 1983 യിലെ ബ്രഹ്മമംഗലം കവലയോടും ഈ മാതൃകയില്‍ തുടര്‍ന്നുവരുന്ന അനേകം സിനിമകളിലെ ഗ്രാമീണ ദേശങ്ങളോടും കാണികള്‍ക്കുള്ളത് ഈ ഇഴയടുപ്പമാണ്.

നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ഹൈറേഞ്ചിലെ പ്രശാന്തതയും സാധാരണത്വവും തേടി കഴിഞ്ഞ ദശകത്തില്‍ മലയാള സിനിമ സഞ്ചരിക്കുന്നത് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം പോലെയുള്ള സിനിമകളിലാണ്. ഇടുക്കിയില്‍ ഗ്രാമങ്ങളെ സിറ്റി എന്നു ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട്. ആളുകളുടെ പേരുകള്‍ക്കൊപ്പമാണ് പല സ്ഥലങ്ങളിലും സിറ്റി ചേര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ഇത് പ്രകാശ് സിറ്റിയാണ്. സ്വഭാവികമായ ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളുമാണ് പ്രകാശ് സിറ്റിയിലുള്ളത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. ആരും അതിമാനുഷരല്ല. സാധാരണ ജോലിയെടുത്ത് ഏറ്റവും സാധാരണീയരായി ജീവിക്കുന്നു. ഈ സാധാരണീയരാണ് പ്രകാശ് സിറ്റിയെന്ന ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് തങ്ങളുടെ നാട്ടിലെ ഒരു ചെറുകവലയോ പ്രദേശമോ ആയും ഭാവനാ സ്റ്റുഡിയോയും ബേബി ആര്‍ട്‌സുമെല്ലാം തങ്ങളുടെ നാട്ടിലെ ചെറുസ്ഥാപനങ്ങളുമായും തോന്നിപ്പിക്കുന്നതിനു പിന്നിലെ രസതന്ത്രം മെനയുന്നത്. 


ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ ഇത്തരത്തില്‍ ഒരു മലയോര ഗ്രാമ കവലയ്ക്കും സാധാരണീയ ജീവിതത്തിനും ചിരപ്രതിഷ്ഠ നല്‍കിയ സിനിമയാണ്. ഒരു ഗ്രാമീണ ദേശത്തെ മനുഷ്യര്‍ എല്ലാ ദിവസവും പരസ്പരം കാണുന്നവരും തമ്മില്‍ അറിയുന്നവരുമാണ്. അവര്‍ക്കിടയിലെ ദൈനംദിന സംസാരങ്ങളുടെയും ചര്‍ച്ചകളുടെയും വിഷയങ്ങള്‍ പ്രതീക്ഷിതമായ കാര്യങ്ങള്‍ തന്നെയായിരിക്കും. വ്യത്യസ്ത കക്ഷിരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ പോലും അവരുടെ ചര്‍ച്ചായിടം ആ കവലയിലെ ഒരു ചായക്കടയോ ബസ്‌റ്റോപ്പോ ഒക്കെയായിരിക്കും. ഈയൊരു ഗ്രാമീണ നിഷ്‌കളങ്ക സൗഹൃദം വെള്ളിമൂങ്ങയിലെ കഥാപാത്രങ്ങളിലുടനീളം കാണാനാകും.

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി, കായല്‍തീരത്തെ ഷാപ്പ്, വെള്ളവസ്ത്രങ്ങളുടുത്ത മനുഷ്യര്‍. ഇതെല്ലാമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് വൈവിധ്യമേറ്റിയത്. പള്ളിയും ആരാധനയും കുശുമ്പും കുന്നായ്മയും പ്രണയവും പകയും വെല്ലുവിളിയും മത്സരവീര്യവുമെല്ലാമുള്ള സാധാരണ മനുഷ്യരുടേതാണെങ്കിലും ഫാന്റസിയോടും മാജിക്കല്‍ റിയലിസത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ് കുമരങ്കരിയെന്ന ദേശവും അവിടത്തെ മനുഷ്യരും. പൊടുന്നനെ ദിവ്യത്വം കൈവരുന്ന ഷാപ്പിലെ എടുത്തുകൊടുപ്പുകാരിയും ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെയാണോ എന്നു തോന്നിയേക്കാവുന്ന പാത്രസൃഷ്ടിയും പള്ളിയങ്കണത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന കുമരങ്കരിക്ക് ഫാന്റസിയോടാണ് തെല്ല് ആഭിമുഖ്യക്കൂടുതല്‍.


ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി ഇത്തരത്തിലൊരു ദേശത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് മിന്നല്‍മുരളിയുടെ കഥ നടക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ദേശത്തേയും ഒരു കഥാപാത്രമായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ മിന്നല്‍മുരളി വിജയിക്കുന്നു. ഏതൊരു ഗ്രാമത്തിലേയും പോലെ സാധാരണ ജീവിതവൃത്തികളുമായി കഴിഞ്ഞുപോരുന്നവരാണ് കുറുക്കന്‍മൂലയിലെ മനുഷ്യരും. ഈ ദേശത്തെ രണ്ടുപേര്‍ക്ക് മിന്നലേറ്റ് അമാനുഷികശക്തി കൈവരുന്നതിലൂടെയാണ് സാധാരണത്വം വിട്ട് കുറുക്കന്‍മൂലയ്ക്ക് ദിവ്യത്വം കൈവരുന്നത്. ഷിബുവിനും ജെയ്‌സനും അമാനുഷികത കൈവരുന്നതിനും ഷിബുവിന്റേയും ഉഷയുടേയും പ്രണയത്തിനും സാക്ഷിയാകുന്നതും കുറുക്കന്‍മൂലയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറുക്കന്‍മൂലയെന്ന ദേശത്തിന്റെ പശ്ചാത്തലത്തിന് വലിയ പ്രാധാന്യം കൈവരുന്നതായി കാണാം. കുറുക്കന്‍മൂലയിലെ മനുഷ്യര്‍, വീടുകള്‍, തയ്യല്‍ക്കട, ചായക്കട, പുഴ, കുങ്ഫു പഠനകേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ക്രിസ്മസ് കാരോള്‍ എന്നിവയെല്ലാം ആ ദേശത്തിനോട് ചെറുതല്ലാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്.  

കുറുക്കന്‍മൂലയില്‍ നിന്ന് ദേശം എന്ന സ്ഥലത്തേക്ക് ബസ് റൂട്ട് ഉള്ളതായി മിന്നല്‍ മുരളിയില്‍ കാണിക്കുന്നുണ്ട്. ദേശം എന്നത് ബേസില്‍ ജോസഫിന്റെ തന്നെ കുഞ്ഞിരാമായണത്തിലെ ഗ്രാമമാണ്. ഇത് ദേശം എന്ന ഗ്രാമത്തിന്റെയും അവിടത്തുകാരുടേയും കഥയാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിരാമായണം ആരംഭിക്കുന്നത്. സവിശേഷമായ സ്വഭാവവിശേഷങ്ങളും സ്വാഭാവികമായ നിഷ്‌കളങ്കതയും സ്ഥായിയായ മണ്ടത്തരങ്ങളുമെല്ലാമുള്ള തനിനാടന്‍ മനുഷ്യരാണ് കുഞ്ഞിരാമായണത്തിലേത്. അങ്ങനെയുള്ള ദേശവും കുറുക്കന്‍മൂലയും ഒരു ഗ്രാമീണ ബസ റൂട്ട് തുടങ്ങിയവസാനിക്കുന്ന രണ്ട് ചെറിയ ദൂരങ്ങളാണെന്ന് ഈ രണ്ട് സിനിമകളിലെയും സൂചനകളില്‍ നിന്ന് അനുമാനിക്കാം. കുറുക്കന്‍മൂലയില്‍നിന്നുള്ള ബസ് കണ്ണാടിക്കല്‍ വഴിയാണ് ദേശത്തേക്കു പോകുന്നതെന്ന് ബോര്‍ഡില്‍ കാണാം. കണ്ണാടിക്കല്‍ ബേസിലിന്റെ ഗോദ എന്ന സിനിമയിലെ ഗ്രാമമാണ്. കണ്ണാടിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ബസ്സും കുഞ്ഞിരാമായണത്തിലെ ദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗോദയില്‍ ബസ്സിലെ ക്ലീനര്‍ വിളിച്ചുപറയുന്നത് 'ദേശം ദേശം' എന്നാണ്. ബേസിലിന്റെ മൂന്ന് സിനിമകളിലേയും ഗ്രാമങ്ങള്‍ പരസ്പരബന്ധിതമാണ്. 


മലയാള സിനിമ സ്റ്റുഡിയോ ഫ്‌ളോര്‍ വിട്ട് പൂര്‍ണമായും തെരുവിലേക്കിറങ്ങിയ 1980 കളിലാണ് ഗ്രാമ ദേശങ്ങളും കവലകളും ഫ്രെയിമുകളില്‍ സജീവ സാന്നിധ്യമറിയിക്കുന്നത്. അക്കാലത്തെ സിനിമകളിലെ പേരുകളില്‍ പോലും ഇവ്വണ്ണം ദേശത്തിന്റെയും തെരുവുകളുടെയും സൂചനകളുണ്ട്. ഇടക്കാലത്തിനു ശേഷം ഗ്രാമങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ചായക്കടയും ഇടത്തരം കച്ചവട സ്ഥാപനങ്ങളുമുള്ള കവലകള്‍ വീണ്ടും സക്രീനിലെ സാന്നിധ്യങ്ങളായി. 

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞനന്തന്റെ കട, കോഹിനൂര്‍, കവി ഉദ്ദേശിച്ചത്, ഒരു വടക്കന്‍ സെല്‍ഫി, തീവണ്ടി, ഒടിയന്‍ തുടങ്ങി മുന്‍ പതിറ്റാണ്ടിലെ പല സിനിമകളിലും ഗ്രാമങ്ങളും അവിടത്തെ കവലകളും നിര്‍ണായക സാന്നിധ്യമാകുന്നുണ്ട്. ഇവയിലെല്ലാം പഴയകാല കവലകള്‍ പുന:സൃഷ്ടിക്കുന്നതിനു പകരം പുതിയ കാലത്തെ സൗകര്യങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന അങ്ങാടികളെയാണ് ചിത്രീകരിക്കുന്നതെന്നത് സത്യസന്ധത നല്‍കുന്നു. 1983 പോലെ വ്യത്യസ്ത കാലങ്ങള്‍ പരാമര്‍ശവിധേയമാകുന്ന ഒരു സിനിമയില്‍ പല കാലങ്ങളില്‍ കവലകളിലും കച്ചവട സ്ഥാപനങ്ങളിലും വരുന്ന മാറ്റം ആവിഷ്‌കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വര്‍ഷം പലതു കഴിയുമ്പോഴും ചില മനുഷ്യരും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അതേപടിയോ തീരെച്ചെറിയ മാറ്റങ്ങളെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ടോ നിലനില്‍ക്കുന്നതും 1983യിലെ കവലയില്‍ കാണാം. 


അന്‍വര്‍ സാദിക്കിന്റെ 'മനോഹര'ത്തില്‍ ചിറ്റിലഞ്ചേരി എന്ന തനി പാലക്കാടന്‍ ഗ്രാമത്തെയും കവലയെയുമാണ് പുനരാവിഷ്‌കരിക്കുന്നത്. മനോഹരന്റെയും വര്‍ഗീസേട്ടന്റെയുമെല്ലാം ഉപജീവനത്തിനും ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കും ചിറ്റിലഞ്ചേരി അങ്ങാടി സാക്ഷിയാകുന്നു. ഗ്രാമദേശത്തെ ആളുകളുടെ ബന്ധത്തിലെ ഇഴയടുപ്പവും ആഘോഷങ്ങളും സംഘര്‍ഷങ്ങളും ആവലാതികളും പ്രമേയമാക്കുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, അര്‍ച്ചന 31 നോട്ടൗട്ട്, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, മലയന്‍കുഞ്ഞ്, തല്ലുമാല, സുലൈഖാ മന്‍സില്‍, കഠിന കഠോരമീ അണ്ഡകടാഹം പോലുള്ള സിനിമകള്‍. 

വെള്ളിമൂങ്ങ പോലുള്ള സിനിമകളുടെ വിജയ പശ്ചാത്തലത്തിലാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, വെള്ളരിപട്ടണം, ഒരു താത്വിക അവലോകനം, ന്നാ താന്‍ കേസ് കൊട്, മദനോത്സവം പോലെയുള്ള പ്രാദേശികതയും രാഷ്ട്രീയവും സാധാരണക്കാരന്റെ ജീവിതവും ഇഴചേര്‍ത്തുള്ള ഗ്രാമീണ സിനിമകളുടെ രൂപപ്പെടലിലേക്ക് എത്തിക്കുന്നത്.


മലയാള സിനിമ കുറേക്കൂടി റിയലസ്റ്റിക്ക് പരിസരം പ്രയോജനപ്പെടുത്താന്‍ ശീലമാക്കിയതോടെയാണ് അതത് പ്രദേശത്തിനും പ്രാദേശിക ഭാഷയ്ക്കും തൊഴിലിനും സവിശേഷ പ്രാധാന്യം കൈവരുന്നത്. സെന്ന ഹെഗ്‌ഡേയുടെ തിങ്കളാഴ്ച നിശ്ചയം ഇത്തരം പ്രാദേശികതയ്ക്ക് സവിശേഷപ്രാധാന്യമുണ്ടാക്കിയ സിനിമയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകള്‍ വടക്കന്‍ മലബാറിന്റെ സവിശേഷ ഗ്രാമീണ പശ്ചാത്തലവും മനുഷ്യരെയും ഭാഷയെയും അടയാളപ്പെടുത്തുന്നു.

ഒരു തെക്കന്‍ തല്ലുകേസ്, പ്രണയവിലാസം, പൂക്കാലം, ജയജയജയ ജയഹേ, ജോ ആന്‍ഡ് ജോ, നെയ്മര്‍, പ്രകാശന്‍ പറക്കട്ടെ, മധുര മനോഹര മോഹം, പാല്‍ തു ജാന്‍വര്‍, ജേണി ഓഫ് ലൗ 18 പ്ലസ്, പദ്മിനി, ഫാലിമി, പുലിമട തുടങ്ങി വിഭിന്ന പ്രമേയ പരിസരം പുലര്‍ത്തി അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം ഗ്രാമീണ പശ്ചാത്തലവും സാധാരണക്കാരന്റെ ജീവിത പരിസരം ഉള്‍ക്കൊള്ളുന്നവയുമാണ്.


വികസനം വരുമ്പോള്‍ ഇല്ലാതെയാകുന്ന നാട്ടിന്‍പുറങ്ങളേയും അവിടത്തെ കളിസ്ഥലങ്ങളേയുമാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവില്‍ ഓര്‍മ്മിപ്പിക്കുന്നത്. കൂടിയിരിക്കുകയും വര്‍ത്തമാനം പറയുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നതിലൂടെയാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതും വളരുന്നതും. ഇത് നഷ്ടപ്പെടരുതെന്നാണ് രക്ഷാധികാരി ബൈജുവിലെ ഗ്രാമവും കൂടിയിരിപ്പിടവും ഓര്‍മ്മപ്പെടുത്തുന്നത്. ഗ്രാമത്തേയും ദേശത്തേയും ഉള്ളില്‍ മുറുകെപ്പിടിക്കുന്ന മലയാളിക്ക് ഈ സിനിമ നോവായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെ.

ഡബ്ല്യുടിപി ലൈവ്, 2024 ഫെബ്രുവരി 29

No comments:

Post a Comment