Saturday, 16 November 2019

ജല്ലിക്കട്ട് ആൻ ആർട്ട് ഓഫ് ലിജോ ജോസ് പെല്ലിശ്ശേരി സ്‌കൂൾ


കെ.ജി ജോർജിനു ശേഷം തുടർച്ചയായി പരീക്ഷണ സിനിമകളുടെ ധാര തീർക്കുന്ന ഒരു സ്‌കൂൾ മലയാളത്തിന് അന്യമായിരുന്നു. നിലനിൽക്കുന്ന സേഫ് സോൺ മാതൃകകളിൽ നിന്നു മാറി പരീക്ഷണം നടത്തുന്ന സിനിമകൾ എല്ലാക്കാലവും ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒന്നുകിൽ സമാന്തര സിനിമകളുടെ സ്വഭാവം അപ്പടി ഉൾക്കൊണ്ട് ഭൂരിഭാഗം കാണികളിൽ നിന്ന് അകന്നു നിൽക്കുന്നവയോ അതല്ലെങ്കിൽ ജനപ്രിയ സാധ്യതകളുടെ അനാവശ്യ ഉപയോഗപ്പെടുത്തലുകളാൽ കൈവിട്ടു പോകുന്ന പട്ടമാവുകയുമാണ് പതിവ്. സമാന്തര, പരീക്ഷണ സിനിമകളെ സാമാന്യ ജനത്തോട് കറേക്കൂടി അടുപ്പിക്കുന്നവയും അവരുടെ ജീവൽപ്രശ്നങ്ങളെ മാനസികമായി അപഗ്രഥിക്കുകയും ചെയ്യുന്നവയായിരുന്നു കെ.ജി ജോർജ് സിനിമകൾ. അതുകൊണ്ടുതന്നെ അവ കാലത്തെ അതിജീവിച്ച് നിലകൊള്ളുകയും ഒരു നിശ്ചിത സ്വഭാവം പുലർത്തുന്ന കാണിവിഭാഗത്തിനെ മാത്രം പ്രതിനിധീകരിക്കാതെ വലിയ വിതാനത്തിലേക്ക് ഉയരുകയും ചെയ്തു. കെ.ജി ജോർജ് സിനിമാഖ്യാന രീതിക്ക് ഇന്നുമുള്ള പ്രസക്തിയും തുടരാഖ്യാന, പഠന സാദ്ധ്യതയും ഇതു തന്നെ.
         മലയാള സിനിമയുടെ നടപ്പുകാലത്ത് കെ.ജി ജോർജിനെ പോലെ ചലച്ചിത്ര കലയിൽ പുതുതായി തനിക്ക് എന്തു ചെയ്യാനാകും എന്ന് നിരന്തര അന്വേഷണം നടത്തുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അയാൾ പൂർവ്വ മാതൃകകളെയും ശീലങ്ങളേയും പാടേ തള്ളിക്കളഞ്ഞ് തന്റേതു മാത്രമായ പുതിയൊരു ശൈലിക്ക് രൂപം കൊടുക്കാനാണ് പരിശ്രമിക്കുന്നത്. ഇത്തരം പരീക്ഷണമാണ് ഒരു പതിറ്റാണ്ടായി ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയിൽ ചെയ്തു പോരുന്നത്. അയാളുടെ പരീക്ഷണങ്ങൾക്ക് ആദ്യകാലത്ത് കാണികൾ അത്രകണ്ട് ശ്രദ്ധ കൊടുത്തില്ല. ആ പരീക്ഷണങ്ങളുടെ തലത്തിലായിരുന്നില്ല അന്നത്തെ മലയാള സിനിമയും കാണികളും സഞ്ചരിച്ചിരുന്നത് എന്നതായിരുന്നു ഈ ശ്രദ്ധക്കുറവിനു കാരണം. എന്നാൽ വളരെ വേഗത്തിൽ ഇതു മാറുകയും അയാൾ ചെയ്യുന്നതിൽ എന്തോ പ്രത്യേകതയുണ്ടെന്ന് കാണികൾക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതേ കാലത്താണ് താരകേന്ദ്രീകരണ സ്വഭാവത്തിനൊപ്പം ഒരു നിര പുതുസംവിധായകരുടെ പേരുകളും മലയാള സിനിമ ശ്രദ്ധിച്ചു തുടങ്ങിയത്.
    
         സിനിമയെന്നത് സംവിധായകന്റെ കലയാണെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ള മറ്റെല്ലാം സംവിധായകന്റെ റോ മെറ്റീരിയൽസ് ആണെന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മതം. നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡിലും ഡബിൾ ബാരലിലും ആമേനിലും അങ്കമാലി ഡയറീസിലും ഈ.മ.യൗവിലും തുടരുന്ന ലിജോ മേക്കിംഗ് സ്‌കൂളിന്റെ അൾട്ടിമേറ്റ് ആയി ജല്ലിക്കട്ടിനെ കാണാം. കാണികൾക്ക് ഏറ്റവും പുതിയ സിനിമ നൽകുന്നതിൽ സദാ ശ്രദ്ധാലുവാണയാൾ. പൂർവ്വ മാതൃകകളൊന്നും അയാളെ ബാധിക്കന്നേയില്ല. നിലനിൽക്കുന്ന സിനിമയെ മറികടന്ന് പുതിയതായി എന്തെങ്കിലും ചെയ്യുകയെന്ന ചിന്തയിൽ സേഫ്‌സോൺ മേക്കിംഗ് രീതികളെ അപ്പാടെ മറികടന്ന് നൂതന പരീക്ഷണങ്ങൾക്ക് മുതിരാൻ ലിജോ ശ്രമിക്കുന്നു. ഇത്തരം പരീക്ഷണങ്ങളാണ് അയാളുടെ ഓരോ സിനിമയും. ഡബിൾ ബാരൽ പോലുള്ള സിനിമകളിൽ ലിജോ പരീക്ഷിച്ച ഇത്തരം ചിന്തകൾക്കൊപ്പം വളരാൻ അന്ന് മലയാളി ആസ്വാദകർ പരിശീലിക്കാതിരുന്നത് ആ സിനിമയുടെ വാണിജ്യ പരാജയമായി ഭവിച്ചെങ്കിൽ ആമേനും അങ്കമാലി ഡയറീസും എത്തിയപ്പോഴേക്കും കാണികൾ ലിജോയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഈ.മ.യൗവിൽ കറേക്കൂടി ഉയരത്തിൽ കാണികൾ ഈ സംവിധായകനെ പ്രതിഷ്ഠിച്ചു. ജല്ലിക്കട്ടിലെ പരീക്ഷണം കണ്ട് കാണികൾ അന്താളിക്കാത്തതും അതിനെ ലോക നിലവാരത്തിൽ പ്രതിഷ്ഠിക്കുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനിലെ പരീക്ഷണങ്ങളെ തിരിച്ചറിയുന്നൊരു വിഭാഗം കാണികൾ കാലുറപ്പിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്.
       സിനിമയേക്കാൾ ഉയരത്തിൽ സംവിധായകൻ എത്തിനിൽക്കുന്നതും നായക സ്ഥാനത്ത് കാണികൾ സംവിധായകനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ജല്ലിക്കട്ടിന്റെ തിയേറ്റർ റിലീസ് വേളയിൽ കണ്ടത്. സിനിമയുടെ പരസ്യത്തിനായി തയ്യാറാക്കിയ പോസ്റ്ററുകളിൽ ഒരിടത്തും നടീനടൻമാരുടെ ചിത്രം ഉപയോഗിച്ചിരുന്നില്ല. പോത്തിന്റെ ചിത്രമാണ് പകരം ഉപയോഗിച്ചിരുന്നത്. സിനിമയുടെ മാർക്കറ്റിംഗിനെക്കുറിച്ച് ആവലാതിയില്ലാത്ത, സംവിധായകനിൽ പരിപൂർണ വിശ്വാസമുള്ള നിർമ്മാതാവ് അടക്കമുള്ള ജല്ലിക്കട്ടിന്റെ അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം കൂടിയാണിത് കാണിക്കുന്നത്. ഇങ്ങനെയാണ് ജല്ലിക്കട്ട് പൂർണമായും സംവിധായകന്റെ മാത്രം സിനിമയായി മാറുന്നത്.
   
         കശാപ്പും പോത്തിറച്ചിയും ജീവിതത്തിന്റെ ഭാഗമായ ഒരു മലയോര കുടിയേറ്റ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിലെ പ്രധാന അറവു ദിനമായ ഞായറാഴ്ച പുലർകാലേ കശാപ്പിനിടെ ഇറങ്ങിയോടുന്ന അറവു ജീവിയെ പിടിക്കാനുള്ള ഗ്രാമവാസികളുടെ നെട്ടോട്ടമാണ് നേർക്കാഴ്ചയിൽ ജല്ലിക്കട്ട് എന്ന സിനിമ. എന്നാൽ സിനിമയെന്ന ആർട്ട് ഫോമിന്റെ സാദ്ധ്യതകളും വിതാനവും വലുതാക്കാൻ തന്റെ സിനിമ ഉപയോഗിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന കണ്ടംപററി മാസ്റ്റർ ജല്ലിക്കട്ടിലൂടെ തരുന്നത് വേറൊരു തരം ഉൾക്കാഴ്ചയാണ്. എത്ര പരിഷ്‌കൃതനെന്ന് അവകാശപ്പെടുമ്പൊഴും ആദിമ മനുഷ്യന്റെ കീഴടക്കൽ ത്വര ഉള്ളിൽ സൂക്ഷിക്കുന്നവനാണ് ആധുനിക മനുഷ്യൻ. ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള ഔത്സുക്യവും കീഴ്‌പെടുത്തലിൽ അനുഭവിക്കുന്ന അതിയായ ആനന്ദവും, ആരാര് ശക്തനെന്ന സംശയത്തിൽ അതിശക്തന്റെ അതിജീവിക്കലുമെല്ലാം ശിലായുഗ കാലത്തും ഇന്നും ഒരു പോലെയാണെന്ന് ജല്ലിക്കട്ട് പറഞ്ഞുവയ്ക്കുന്നു.
         മലയാള സിനിമയിൽ ലോക സിനിമ കണ്ടെത്തുന്ന സംവിധായകൻ ജല്ലിക്കട്ട് പോലെയൊരു സിനിമയിലൂടെ പുതിയൊരു കാഴ്ച സംസ്‌കാരത്തിലേക്ക് മലയാളി സിനിമാസ്വാദകരെ ക്ഷണിക്കുന്നു. അത് മലയാളി കണ്ടുശീലിച്ചിട്ടുള്ളൊരു സിനിമാസ്വാദനമേ അല്ല. ജല്ലിക്കട്ട് പോലെയുള്ള സിനിമകൾ സംഭവിക്കുന്നത് മലയാളത്തിന്റെ ഭാഗ്യമാണ്. വേറൊരു തരം ആസ്വാദന ശീലം സാധ്യമാകുന്നതിനൊപ്പം വരാനിരിക്കുന്ന സിനിമകളുടെ വിതാനം തന്നെ മാറ്റപ്പെടാനും സിനിമയുടെ കഥതേടലിനെ മുതൽ രൂപഘടനയും ആഖ്യാനത്തെയും മാറ്റിമറിക്കാനും ഇത്തരമൊരു സിനിമ നിമിത്തമായേക്കും.

സ്ത്രീശബ്ദം, 2019 നവംബർ

അഭിമുഖം സമൂഹത്തോട് പറയാനുള്ളതെല്ലാം എഴുത്തിലുണ്ട് വി.ജെ.ജയിംസ്/എൻ.പി.മുരളീകൃഷ്ണൻ



കുറച്ച് നോവലുകളും കഥകളും എഴുതിയതിന്റെ പേരിൽ ഒരു ദിവസം സാംസ്‌കാരിക നായകൻ എന്നു വിളിക്കുന്നതിൽ എന്തോ പിശകുണ്ടെന്നാണ് എന്റെ തോന്നൽ. എനിക്കതിന് എന്ത് അർഹതയാണുള്ളത്. കഥകളും നോവലുകളും എഴുതുന്നത് സാഹിത്യത്തോടുള്ള ഇഷ്ടവും സമർപ്പണവും കൊണ്ടാണ്. അതിനപ്പുറം ഒരു നായകനാകേണ്ട യാതൊന്നും ഞാൻ അവിടെ ചെയ്യുന്നില്ല. എന്നെ സംബന്ധിച്ച് ഞാൻ സാംസ്‌കാരിക നായകനേയല്ല. അതെന്റെ പരിമിതിയായിരിക്കാം. ഞാൻ അത് അംഗീകരിക്കാൻ തയ്യാറാണ്. അഥവാ ഇതുപോലുള്ള കാഴ്ചപ്പാടുകൾ തെറ്റാണെങ്കിൽ അതുകൂടി ചേർന്നതാണ് വി.ജെ.ജയിംസ്.
എഴുത്തുകാരന്റെ യഥാർത്ഥ പ്രതികരണങ്ങൾ നടക്കുന്നത് അയാളുടെ കൃതികളിലാണ്. അയാൾക്ക് സമൂഹത്തോട് പറയാനുള്ളതൊക്കെ അതിലുണ്ടാകും. ഉത്തമ കൃതിക്ക് സമൂഹത്തെ നവീകരിക്കാനും പ്രശ്നങ്ങളുടെ മൂലവേരറുക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാനും കഴിയുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അത്തരം കൃതികൾ കാലത്തെ അതിവർത്തിച്ച് നിലകൊള്ളുകയും മനസ്സിനെയും സമൂഹത്തെയും വിമലീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഒരു വ്യക്തി എല്ലാ കാലത്തും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയായിരിക്കും ഒരു നല്ല സാഹിത്യകാരൻ കൃതിയിലാക്കാൻ ആഗ്രഹിക്കുക. എന്റെ അഭിപ്രായത്തിൽ സാഹിത്യകാരന്റെ പ്രധാന ആക്ടിവിസം എഴുത്തു തന്നെയാണ്. അതിലാണ് അയാൾ സ്വയം സമർപ്പണം നടത്തേണ്ടത്. ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് വി.ജെ.ജയിംസ് തന്റെ എഴുത്തുലോകത്തെക്കുറിച്ച് സംസാരിക്കുന്നു.


നിശബ്ദനായി ഇരുന്ന് എഴുതുന്നയാളാണ് വി.ജെ.ജയിംസ്. അയാളെ ബഹളങ്ങളിലോ വാദമുഖങ്ങളിലോ കാണാറില്ല. എങ്ങനെയാണ് എഴുത്തിൽ ഇത്തരമൊരു ധ്യാനാവസ്ഥ നിലനിർത്തിക്കൊണ്ടു പോരുന്നത്?


       അക്ഷരത്തോടുള്ള സമർപ്പണമായിട്ടാണ് എഴുത്തിനെ കാണുന്നത്. നമ്മൾ നിശബ്ദമായിരുന്ന് നമ്മുടെ ജോലി ചെയ്യുക. മറ്റൊന്നിലും ശ്രദ്ധിക്കേണ്ട. അതിന്റെ വരുംവരായ്കകളോ ഫലത്തെപ്പറ്റിയോ ഒന്നും വ്യാകുലപ്പെടേണ്ടതില്ല. നമ്മളായിട്ട് ഒന്നും കണ്ടെത്തേണ്ട, അക്ഷരം സ്വയം അതിന്റെ വഴി കണ്ടെത്തിക്കോളും. എന്താണോ തേടി വരാനുള്ളത് അത് തേടി വന്നിരിക്കും. ഇപ്പോൾ തന്നെ വയലാർ അവാർഡ് നോക്കൂ. അത് തേടി വന്നു. അല്ലാതെ നമ്മൾ അവാർഡിനെ തേടിച്ചെല്ലുകയല്ല. അതാണ് സംഭവിക്കുന്നത്. അതിന് ഒരു സ്വാഭാവികതയുണ്ട്. ആ സ്വാഭാവിക താളത്തിൽ പോകുക എന്നതാണ് എന്റെ ആഗ്രഹം.


എഴുത്തിന്റെ തുടക്കകാലം എങ്ങനെയായിരുന്നു?

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻജിനീയറിംഗിന് പഠിക്കുമ്പോൾ 'സാഹിത്യ' എന്ന സംഘടനയുടെ ഉദ്ഘാടനത്തിന് വായിക്കാൻ വേണ്ടി ആദ്യകഥ എഴുതി. 'സംഘം ചേർന്നവരുടെ സങ്കീർത്തനം' എന്നായിരുന്നു ആ കഥയുടെ പേര്. ആ കഥയാണ് പിന്നീട് ദത്താപഹാരം എന്ന നോവൽ ആയി മാറ്റി എഴുതുന്നത്. ആ കഥ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷേ ആ പ്രമേയത്തിന് ഒരു സാദ്ധ്യത ഉണ്ടെന്ന് തോന്നിയതുകൊണ്ട് മാറ്റിയെഴുതി. അന്ന് കഥ അച്ചടിക്കുക എന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. പഠനത്തിലായിരുന്നു ശ്രദ്ധ. 'ദത്താപഹാര'ത്തിൽ ഉപയോഗിച്ചിരിക്കുന്നത് അത്തനേഷ്യസ് കോളേജിന്റെ പശ്ചാത്തലമാണ്.
എൺപതുകളിൽ വി.എസ്.എസ്.സിയിൽ ജോലി കിട്ടിയതിനു ശേഷമാണ് പിന്നീട് കഥകളെഴുതാൻ തുടങ്ങിയത്. കഥ മാസികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വരുന്നത്. പിന്നെ കുങ്കുമത്തിൽ 'ഞങ്ങൾ ഉല്ലാസ യാത്രയിലാണ്', 'കൂടാരം'എന്നീ കഥകൾ വന്നു. പ്രധാന സാഹിത്യ പ്രസിദ്ധീകരണങ്ങളിലൊക്കെ അന്ന് കഥകൾ അയച്ചിട്ടുണ്ടെങ്കിലും അതൊന്നും അച്ചടിച്ചു വന്നില്ല. പിന്നെയാണ് നോവലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകം ഡി.സി രജത ജൂബിലി പുരസ്‌കാരം നേടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ മുമ്പ് അയച്ചുകൊടുത്ത് പ്രസിദ്ധീകരിക്കാതിരുന്ന കഥ അതേ പ്രസിദ്ധീകരണം തന്നെ അച്ചടിച്ച രസകരമായ അനുഭവവും ഉണ്ട്.


 
ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിനു പിന്നിൽ ഏറെക്കാലത്തെ അദ്ധ്വാനമുണ്ട്. ആ നോവലിലേക്ക് എത്തിയ വഴിയിലെ സംഘർഷങ്ങൾ, അനുഭവങ്ങൾ?

      ഒരു വനവാസ കാലവും ഒരു വർഷത്തെ അജ്ഞാത വാസവുമുണ്ട് പുറപ്പാടിന്റെ പുസ്തകത്തിനു പിന്നിൽ. 1986 ലാണ് അതിന്റെ എഴുത്ത് തുടങ്ങിയത്. വെട്ടിയും തിരുത്തിയും മിനുക്കിയും എഴുതി. ഭാഷയിലും അവതരണത്തിലും പുതുമ കൊണ്ടുവരാനുള്ള ശ്രമമാണ് ആ മിനുക്കലിനു പിന്നിൽ. ക്ഷമയോടെയുള്ള തിരുത്തൽ ആ നോവലിന് ഗുണം ചെയ്തിട്ടുണ്ട്. നോവൽ പൂർത്തിയായ ശേഷം പ്രസിദ്ധീകരണങ്ങൾക്ക് അയച്ച് പിന്നെയും കാത്തിരിക്കേണ്ടി വന്നു. എം.ടിക്ക് ഒരു കത്തെഴുതി. അദ്ദേഹം പറഞ്ഞതനുസരിച്ച് മാനുസ്‌ക്ര്ര്രിപ് അയച്ചുകൊടുത്തു. പക്ഷേ ആ സമയത്താണ് എം.ടി മാതൃഭൂമിയിൽനിന്ന് രാജിവയ്ക്കുന്നത്. പിന്നീട് കലാകൗമുദിക്കു വേണ്ടി എൻ.ആർ.എസ് ബാബു സാറിനെ നേരിൽ കണ്ട് മാനുസ്‌ക്രി്ര്രപ് നൽകി. അത് പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന സമയത്താണ് മാധവിക്കുട്ടിയുടെ നോവൽ കലാകൗമുദിക്ക് കിട്ടുന്നത്. അങ്ങനെ അച്ചടി നടന്നില്ല. അങ്ങനെയിരിക്കെയാണ് ഡി.സി നോവൽ മത്സരത്തെപ്പറ്റി കേട്ടത്. കേട്ടതല്ല, ട്രെയിൻ യാത്രക്കിടെ യാദൃശ്ചികമായി കൈയിൽ കിട്ടിയ പത്രത്തിൽ നിന്നാണ് മത്സരത്തെപറ്റി അറിയുന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ അതിലേക്ക് അയച്ചുകൊടുത്തു. ഒരുപക്ഷേ അന്ന് പുരസ്‌കാരം കിട്ടിയില്ലായിരുന്നെങ്കിൽ പുറപ്പാടിന്റെ പുസ്തകവും അതിന്റെ എഴുത്തുകാരനും തന്നെ തമസ്‌കരിക്കപ്പെട്ടു പോകാനും മതി. പലപ്പോഴും പുതിയ എഴുത്തുകാർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധിയാണിത്.


പുറപ്പാടിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1999ലാണ്. പിന്നീട് താരതമ്യേന കുറഞ്ഞ കാലയളവിൽ ആറ് നോവലുകൾ കൂടി വി.ജെ ജയിംസിന്റേതായി പുറത്തുവന്നു. നോവലുകൾക്ക് പിന്നിൽ വലിയ മാനസിക അദ്ധ്വാനം വേണ്ടിവരുന്നതാണ്. എങ്ങനെയാണ് ഇത് സാധിക്കുന്നത്?


       എഴുത്തിൽ മാത്രം ശ്രദ്ധിക്കുക എന്നതാണ് എന്റെ രീതി. മറ്റു കാര്യങ്ങളിൽ അമിതമായ ഉത്കണ്ഠയോ ശ്രദ്ധയോ പുലർത്തേണ്ടതായി തോന്നിയിട്ടില്ല. നോവലുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന ആശങ്ക പോലും വെടിഞ്ഞിട്ടാണ് വീണ്ടും എഴുതുന്നത്. അക്ഷരത്തോടുള്ള ഒരു സ്‌നേഹമോ സമർപ്പമോ ഒക്കെയായി ഇതിനെ കാണാം. എഴുത്തിൽ ഒരു ധ്യാനം എന്നുമുണ്ടായിരുന്നു. ഒരുപക്ഷേ മറ്റു പലരും അനുഭവിക്കുന്ന പല സുഖങ്ങളും എഴുത്തിനുവേണ്ടി നമ്മൾ വേണ്ടെന്നു വച്ചിട്ടുണ്ടാകാം. കാരണം ഇത്രയും നോവലുകളുടെ പരിശ്രമം ആലോചിച്ചാൽ പേടി തോന്നും. പക്ഷേ അതൊന്നും ചിന്തിക്കുന്നില്ല. ആ സമയത്ത് തോന്നുന്നു, എഴുതിപ്പോകുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിരീശ്വരൻ ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് ഇയാൾ മറ്റ് ആറ് നോവലുകൾ എഴുതിയിട്ടുള്ളയാളാണ് ഞാൻ എന്ന് പലരും അറിയുന്നത്.


ഉത്തരാധുനികതയുടെ തുടക്കകാലമായ 1990കളിൽ എഴുതിത്തുടങ്ങിയ ആളാണ് വി.ജെ.ജയിംസ്. കഥാകാരൻ എന്നതിനെക്കാൾ തുടർച്ചയായി നോവലുകൾ എഴുതിയ എഴുത്തുകാരൻ എന്ന തരത്തിലാണ് ജയിംസിനെ മലയാള സാഹിത്യം അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ നോവലുകൾ രൂപപ്പെട്ട വഴി ഓർത്തെടുക്കാമോ?


       ഏറ്റവും വെല്ലുവിളിയായി തോന്നിയ കൃതി ദത്താപഹാരമാണ്. മൂന്നു വർഷത്തോളമെടുത്തു പൂർത്തിയാകാൻ. ഇതിന്റെ പ്രമേയപരിസരത്ത് സാധാരണമായി ചിന്തിക്കുന്ന ഒരാൾക്ക് എത്തിച്ചേരുക എളുപ്പമാകണമെന്നില്ല. പ്രമേയത്തെ കഥാപാത്രങ്ങളിലൂടെയും ബേസ്‌മെന്റിലൂടെയും കാലാനുഗതമായി കൊണ്ടുപോകാനുള്ള നല്ല ശ്രദ്ധ വേണ്ടിവന്നു.
ഫ്രെഡി റോബർട്ട് എന്ന വ്യക്തി സ്വയം പ്രകൃതിയായി മാറുന്ന താദാത്മ്യത്തെ വരച്ചിടാനുള്ള ശ്രമമായിരുന്നു അത്. എഴുതിത്തീർന്നപ്പോൾ നോവലെന്ന തരത്തിൽ ഞാൻ നന്നായി ആസ്വദിച്ചു. പുറപ്പാടിന്റെ പുസ്തകമാണ് കൂടുതൽ കാലമെടുത്ത് എഴുതിയതെന്ന് നേരത്തെ പറഞ്ഞല്ലോ. അപരിചിതമായ ജീവിത രീതികളും ഭാഷയും മിത്തുകളുമൊക്കെ ചേർന്ന ഒരു തുരുത്താണ് പശ്ചാത്തലം. അതിൽ കുറേ കാലഗണനയും ഒരുപാട് കഥാപാത്രങ്ങളും ചേർന്നു വരുന്ന സങ്കീർണതയുണ്ട്. അവയെ ചിതറിപ്പോകാതെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരു ജാഗ്രത ആവശ്യമുണ്ടായിരുന്നു. ഒരുപക്ഷേ എൻജിനീയറിംഗ് പഠനം ഈ ബന്ധിപ്പിച്ചു നിർത്തലിനെ സഹായിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
'ചോരശാസ്ത്രം'എനിക്ക് തന്നെ ഉണ്ടായ ഒരു സ്വകാര്യ അനുഭവത്തിൽനിന്നാണ് ഉണ്ടായത്. ഒരു രാത്രിയിൽ വീടിന്റെ മുൻവാതിൽ ആരോ കമ്പിയോ മറ്റോ ഉപയോഗിച്ച് തുറക്കുന്നതായി തോന്നുന്നു. എഴുന്നേറ്റ് ടോർച്ചടിച്ച് നോക്കുമ്പോൾ, ടോർച്ചിന്റെ വൃത്തത്തിൽ താക്കോൽപ്പഴുതാണ് കാണുന്നത്. 'നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ' എന്നതാണ് അപ്പോൾ മനസ്സിലേക്ക് വന്നു വീഴുന്നത്. ആ പാതിരാത്രിയിൽ തന്നെ ചോരശാസ്ത്രം എഴുതിത്തുടങ്ങി.
വി.എസ്.എസ്.സി ലൈബ്രറിയിൽ നിന്ന് ഒരു സയന്റിഫിക് ജേണൽ വായിച്ചിടത്തു നിന്നാണ് 'ലെയ്ക്ക' ഉരുത്തിരിഞ്ഞത്. അധിക ഗവേഷണമൊന്നും വേണ്ടി വന്നില്ല. പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ ജേണലിൽനിന്ന് ലഭിച്ചു. മറ്റ് വിവരങ്ങൾ എന്റെ ജോലിയുടെ ഭാഗമായി ലഭിച്ചതാണ്.
'നിരീശ്വരൻ' എന്ന വാക്കാണ് ആദ്യം മനസിൽ വന്നത്. ഒരു വിത്തിൽനിന്ന് ഒരു ചെടി പൊട്ടി മരമായി മാറി കായ്ഫലങ്ങൾ ഉണ്ടാകുന്നത് പോലെ ബാക്കി ഉരുത്തിരിഞ്ഞു വരികയായിരുന്നു.




നിരീശ്വരനെക്കുറിച്ച്?

       അവനവന്റെ ഉള്ളിലേക്ക് സത്യസന്ധമായി നോക്കാനുള്ള ക്ഷണമാണ് നിരീശ്വരൻ. കടമ്പ താണ്ടാനുള്ള പാലം മാത്രമാണ് ആവാഹിച്ചിരുത്തിയ കല്ലെന്ന് ഈശ്വരൻ എമ്പ്രാന്തിരിയെന്ന കഥാപാത്രം നോവലിൽ പറയുന്നുണ്ട്. മനസ്സിന്റെ സ്‌ഫോടനശക്തി അപാരമാണ്. അതിനെ കേന്ദ്രീകരിച്ച് ഒരേ ബിന്ദുവിലാക്കുവാനായി എന്തിലെങ്കിലും ഒന്ന് അർപ്പിക്കണം, അല്ലെങ്കിൽ എന്തിലെങ്കിലും ഒന്നു ചായണം സാധാരണ മനുഷ്യന്. അത് ഈശ്വര വിശ്വാസമാകാം. രാഷ്ട്രീയ വിശ്വാസം പോലുമാകാം. അവർ സർവ വിശ്വാസവും ശക്തിയും കൊണ്ടങ്ങ് സമർപ്പിക്കുമ്പോൾ മനസ്സ് തീവ്രമായി ആഗ്രഹിക്കുകയാണ്. ഇതിനിടെ വിശ്വാസത്തെയും അവിശ്വാസത്തെയും മാറിനിന്ന് നോക്കാനുള്ള ശ്രമമാണ് നിരീശ്വരൻ.


മെക്കാനിക്കൽ എൻജിനീയറിംഗ് പഠനം. വി.എസ്.എസ്.സിയിലെ ജോലി. ശാസ്ത്ര പശ്ചാത്തലം എഴുത്തിന് ഗുണകരമാണോ, അതോ സങ്കീർണമാക്കുന്നുണ്ടോ? സാങ്കേതികതയും സർഗാത്മകതയും തമ്മിൽ സംഘർഷത്തെക്കുറിച്ച്?


     എൻജിനീയറിംഗ് എഴുത്തിനെ തുണച്ചിട്ടേയുള്ളൂ. തടസ്സമായി തോന്നിയിട്ടില്ല. ജോലിയും എഴുത്തും രണ്ടായിട്ടാണ് കാണുന്നത്. ജോലി ഒരു നിശ്ചിത ടൈം ലിമിറ്റിൽ തുടങ്ങി പൂർത്തിയാകുന്നു. എന്നാൽ ഈ ജോലിയുടെ സവിശേഷ സ്വഭാവം എഴുത്തുമായി ബന്ധിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ശാസ്ത്രത്തിലൂടെയുള്ള കടന്നുപോകൽ നിരീശ്വരനും ലെയ്ക്കയും എഴുതാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പ്രത്യക്ഷമായ തലങ്ങളാണ് ലെയ്ക്കയിൽ ഉപയോഗിക്കുന്നത്. നിരീശ്വരനിൽ ശാസ്ത്രത്തിന്റെ സൂക്ഷ്മതയിലേക്ക് കടന്നുചെന്ന് ദർശനവുമായി കൂട്ടിമുട്ടിക്കാനുള്ള ശ്രമമാണുള്ളത്.


വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയം എന്താണ്?


     നേരത്തെ എഴുത്തുകാരന്റെ പ്രതികരണങ്ങളെപ്പറ്റി പറഞ്ഞപോലെ എന്റെ രാഷ്ട്രീയം കഥാപാത്രങ്ങളിൽ തന്നെ കാണാം. അരികുവത്കരിക്കപ്പെട്ടവരെ ഉൾപ്പെടെ സമഭാവനയോടെ ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണത്. ഒന്നിനെയും അകറ്റി നിർത്താനോ ഭിന്നിപ്പിക്കാനോ പ്രപഞ്ചം മുതിരുന്നില്ല. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും ചേർത്തുകൊണ്ട് എല്ലാത്തിനും ഇടം നൽകുന്ന ബഷീറിയിൻ സങ്കല്പമുണ്ടല്ലോ, അതിനോടാല്ലോ എനിക്ക് ചായ്വ്.

 
പുസ്തകങ്ങൾ വേണ്ടവിധം വായിക്കപ്പെട്ടെന്ന് തോന്നുന്നുണ്ടോ? സോഷ്യൽ മീഡിയയിലെ നിരൂപണത്തിനും ചർച്ചയ്ക്കും അഭിപ്രായ പ്രകടനങ്ങൾക്കുമുള്ള സാദ്ധ്യതകളെ എങ്ങനെ കാണുന്നു?

    വായനക്കാരൻ തന്നെ നിരൂപകനാകുന്ന വലിയൊരു സാദ്ധ്യത അവിടെയുണ്ട്. പുസ്തകങ്ങൾ ഇപ്പോൾ ധാരാളമായി വായിക്കപ്പെടുന്നുണ്ട്. ചോരശാസ്ത്രം പത്താം പതിപ്പിലെത്തി. പുറപ്പാടിന്റെ പുസ്തകവും നിരീശ്വരനുമൊക്കെ എട്ടും ഒമ്പതും പതിപ്പുകൾ പിന്നിട്ടു. മറ്റു പുസ്തകങ്ങൾക്കും നാലും അഞ്ചും പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞു. മുമ്പ് നിരൂപകരിലൂടെയായിരുന്നു പുസ്തകങ്ങൾ അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്. നിരൂപകരുടെ ശ്രദ്ധയിൽ ഒരു കൃതി പെട്ടില്ലെങ്കിൽ അത് തമസ്‌കരിക്കപ്പെട്ടു പോകാനുള്ള സാദ്ധ്യത അധികമായിരുന്നു. നിരീശ്വരൻ വരുന്നതു വരെ ഇങ്ങനെയൊരു അവസ്ഥ ഏറെക്കുറെ ഞാനും നേരിട്ടിട്ടുണ്ട്. നിരീശ്വരൻ മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റു നോവലുകൾക്കും കഥകൾക്കും പഠനങ്ങളും സോഷ്യൽ മീഡിയ വായനകളും ധാരാളമുണ്ടായി. വായനക്കാരൻ തന്നെ നിരൂപകനാകുന്ന ഈ സോഷ്യൽ മീഡിയ സാദ്ധ്യത എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഗുണം തന്നെയാണ്.

വാരാന്ത്യകൗമുദി, 2019 ഒക്ടോബർ 13

അഭിമുഖം മുഖത്ത് നോക്കി സംസാരിക്കാനുള്ള ഇടങ്ങൾ വീണ്ടെടുക്കണം ഇന്ദ്രൻസ്/എൻ.പി.മുരളീകൃഷ്ണൻ

ആളുകൾക്ക് കൂടിയിരിക്കാനുള്ള ഇടങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു. വായനശാലകളും ചായക്കടകളുമൊക്കെ പണ്ട് അതിനുള്ള വേദികളായിരുന്നെങ്കിൽ ഇന്ന് അവനവനിലേക്ക് ചുരുങ്ങാനുള്ള അവസരം കൂടുതലാണ്. ഇഷ്ടവും അനിഷ്ടവും മുഖത്തു നോക്കി സംസാരിച്ചിരുന്നു പണ്ട്. വിരുദ്ധാശയങ്ങൾ മുഖാമുഖം നിന്ന് രൂക്ഷമായ തർക്കങ്ങളിലേർപ്പെട്ടു കൊണ്ടിരുന്നു. എല്ലാ എതിരഭിപ്രായങ്ങളെയും മാനിച്ചു പോന്നു. അതൊന്നും കൈയാങ്കളിയിലെത്തിയിരുന്നില്ല. 
ഇപ്പോഴാരും മുഖത്ത് നോക്കി സംസാരിക്കുന്നില്ല. എവിടെയെങ്കിലും വച്ച് കണ്ടുമുട്ടമ്പോൾ സുഖമല്ലേ എന്ന് ഫോണിൽ നിന്ന് മുഖമുയർത്താതെ കുശലമന്വേഷിച്ചു പോകുന്നവരായി മാറിയിരിക്കുന്നു നമ്മൾ. ആശയ സംവാദത്തിനുള്ള ഇടങ്ങൾ വീണ്ടെടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു നടൻ ഇന്ദ്രൻസ്. ഒരുപാട് നേരവും പരിശ്രമവും വേണ്ടിവരുന്ന ഏർപ്പാടാണത്. കാരണം അത്രയധികം പിറകോട്ടു പോയിരിക്കുന്നു. സാംസ്‌കാരികോത്സവങ്ങളുടെ വേദികൾ അതിനുള്ള ഇടമായി മാറണം. ഒരു പുസ്തകോത്സവത്തിന്റെയോ സാംസ്‌കാരികോത്സവത്തിന്റെയോ വേദി അല്ലെങ്കിൽ നമുക്ക് അനുവദിച്ചു തരുന്ന ഒരു സെഷൻ ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കാനുള്ള അവസരമായിട്ടാണ് താൻ കരുതുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു.
കുട്ടികളുടെ മുഖത്ത് പോലും കുസൃതി കാണുന്നില്ല. അവർ സദാ ഗൗരവക്കാരാണ്. പലപ്പോഴും ഈ അനുഭവമുണ്ടായിട്ടുണ്ട്. പിറകിൽ പോയി നമ്മൾ ഒരു കുട്ടിയെ തട്ടിവിളിക്കമ്പോൾ പ്രതീക്ഷിക്കുന്നത് ഒരു നിറഞ്ഞ ചിരിയാണ്, പക്ഷേ വലിയ ഗൗരവത്തിലായിരിക്കും അവൻ/അവൾ തിരിഞ്ഞനോക്കുക. അതോടെ നമുക്ക് പിന്നൊന്നും പറയാനുണ്ടാകില്ല. ആ മുഖം മുതിർന്ന ആളടേതു തന്നെയാണ്. ഈ കുട്ടികൾ വളർന്നു വലുതാകമ്പോൾ നമുക്ക് എന്താണ് അവരിൽ നിന്ന് പ്രതീക്ഷിക്കാനാകുക? 
സിനിമാക്കാര്യങ്ങളെപ്പോലെത്തന്നെ താനുൾപ്പെടുന്ന സമൂഹത്തിന്റെ മന്നോട്ടപോക്കിനെക്കുറിച്ചും നടപ്പുരീതികളെക്കുറിച്ചും സദാ ജാഗ്രയുളള കലാകാരനാണ് ഇന്ദ്രൻസ്. തികഞ്ഞ രാഷ്ട്രീയബോധവും അഭിപ്രായങ്ങളും സ്വന്തം നിലപാടുകളുമുള്ള ഈ മനുഷ്യൻ സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സംസാരിക്കുന്നു.


മുമ്പ് ഇന്ദ്രൻസ് സ്ഥിരമായി ഹാസ്യ വേഷങ്ങൾ മാത്രം ചെയ്യുന്ന ഒരു നടൻ മാത്രമായിരുന്നു. പിന്നീട് സ്റ്റേറ്റ് അവാർഡ്, ഷാങ്ഹായി ഫെസ്റ്റിവെലിലെ ആദരം, പത്തു വർഷത്തിലേറെയായി നിരന്തരം ഗൗരവമുള്ള വേഷങ്ങൾ ചെയ്യുന്നു, പലതും അവാർഡിന്റെ പരിഗണനയോളമെത്തുന്ന വേഷങ്ങൾ. സമാന്തര സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യം. ഇത്തരം നേട്ടങ്ങൾക്കു ശേഷം ഇൻഡസ്ട്രിക്ക് ഇന്ദ്രൻസ് എന്ന നടനോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നതായി തോന്നുന്നണ്ടോ? അല്ലെങ്കിൽ കൂടുതൽ ബഹുമാനം തരുന്നുണ്ടോ?



ആദ്യം മുതലേ എന്നോട് ടെക്നീഷ്യൻമാർക്കൊക്കെ വലിയ ഇഷ്ടമാണ്. അവരോട് എനിക്കും പ്രത്യേക സ്‌നേഹമാണ്. കൂടുതലും ഞാനവരോടാണ് അടുക്കാറുമുണ്ടായിരുന്നത്. കാരണം ഞാൻ ചെറുതിലേ ജോലി തുടങ്ങിയത് അവരുടെ കൂടെയാണ്. മനസ്സുകൊണ്ട് അവിടയൊണ് ഞാൻ. അത് മറ്റുള്ളവരോടൊന്നും സ്‌നേഹക്കുറവുണ്ടായിട്ടല്ല, കൂടുതൽ അവരോടൊപ്പമാണ് ജോലി ചെയ്തത്. അതുകൊണ്ട് എന്തോ അടുപ്പക്കൂടുതൽ. അവരോടൊപ്പം നിൽക്കമ്പോൾ ആ അടുപ്പം പെട്ടെന്ന് കിട്ടും. അതിൽ നിന്ന് എന്റെ മനസ്സും വളർന്നിട്ടില്ല. അറിവും കാര്യങ്ങളുമൊക്കെ അവരോട് യോജിച്ചു പോകുന്നതാണ്. ഒരു സെറ്റിൽ ഡയറക്ടറും ആർട്ടിസ്റ്റുകളും വരുന്നതിനു മുമ്പ് ടെക്നീഷ്യന്മാരും യൂണിറ്റുമൊക്കെ എത്തും. അങ്ങനെ നമ്മളൊക്കെ ഒത്തുകൂടി ചില്ലറ കളിയും ചിരിയും കാര്യങ്ങളുമൊക്കെ പറഞ്ഞിരിക്കമ്പോഴായിരിക്കും ഓരോരുത്തരായി വരുന്നത്. അങ്ങനെയൊരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അല്ലാതെ ആരുമായും എനിക്ക് ഇഷ്ടക്കേടില്ല. ഇനി ഞാനറിയാതെ ആരെങ്കിലും അകലുന്നുണ്ടെങ്കിലേ ഉള്ളൂ.


കഴിവും പരിശ്രമവുമുള്ള ആർക്കും കടന്നു വരാവുന്ന മേഖലയായി മലയാള സിനിമ മാറിയിട്ടുണ്ടെന്ന് തോന്നന്നോ?


സിനിമ ഒരാളെ മോഹിപ്പിക്കുന്നുണ്ടെങ്കിൽ, ബാക്കി സൗകര്യങ്ങളും ഒത്തു വരികയാണെങ്കിൽ ചെയ്യാവുന്നതേയുള്ളൂ. അതിനു വേണ്ടി പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ ആർക്കു വേണമെങ്കിലും കടന്നു വരാം. ആരും തടയില്ല. മനസ്സിൽ സിനിമയും കഥയുമുണ്ടെങ്കിൽ അതനുസരിച്ച് സ്വന്തം കഴിവും വച്ച് സിനിമ നന്നാക്കാം. ആർക്കും തടസ്സമില്ല. ഇപ്പോൾ മൊബൈലിൽ തന്നെ എല്ലാ സൗകര്യവുമുണ്ട്. അതിൽ പഠിച്ച്, കറേ കഴിഞ്ഞാൽ ഇതു തന്നെയാണ് അതുമെന്ന് മനസ്സിലാകും.

 

സിനിമയിൽ ആരുടെയെങ്കിലും അവസരം ബോധപൂർവ്വം നിഷേധിക്കുന്നതായി തോന്നിയിട്ടുണ്ടോ?

നിഷേധിക്കേണ്ട കാര്യമില്ല.  നിങ്ങൾ ഒരു സിനിമ എടുക്കുകയാണെങ്കിൽ ഇഷ്ടമുള്ളവരെ വച്ച് ചെയ്യാം. വേറെ ആര് കയറി ഇടപെടാനാണ്? പണം മുടക്കുന്നയാൾക്ക് ഇഷ്ടമുള്ളയാളെ വച്ച് സിനിമ ചെയ്യാം. അല്ലാതെ ആരെയെങ്കിലും സ്ഥിരമായി തടയാനോ അവസരം നിഷേധിക്കാനോ ആർക്കുമാകില്ല. അങ്ങനെയൊരു സമ്പ്രദായം ഇവിടെയില്ലല്ലോ.


 
വിമൻ കളക്ടീവിന് മലയാള സിനിമ എത്രമാത്രം മാന്യത കല്പിക്കുന്നുണ്ട്?

         പണ്ടു കാലം മുതൽക്കേ സിനിമയിൽ സ്‌ക്രീകൾക്ക് ബഹുമാനം കിട്ടിപ്പോന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്നവർ തന്നെയാണ് സിനിമാക്കാർ. സെറ്റിൽ ചെന്നാൽ തന്നെ വിളികളിലൂടെ അതറിയാം. അമ്മ, ചേച്ചീ എന്നൊക്കെ തന്നെയാണ് എല്ലാവരും മുതിർന്ന നടിമാരെ വിളിക്കുന്നത്. അങ്ങനെയാരു മര്യാദ സൂക്ഷിക്കുന്നുണ്ട്. അതപോലെ ചെറുപ്പക്കാരായ നടിമാർക്കും സ്ത്രീയെന്ന തരത്തിലുള്ള മര്യാദ നൽകുന്നതിൽ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. മര്യാദ ഒരിടത്തും ഉടഞ്ഞതായി തോന്നിയിട്ടില്ല. പിന്നെ കറേക്കൂടി സൗകര്യങ്ങളൊക്കെ വരമ്പോൾ, കാലം മാറിയപ്പോൾ സ്ത്രീകൾ സംഘടിക്കുന്നതാണ്. അത് നല്ല കാര്യമല്ലേ.



ആണുങ്ങളാണ് സിനിമാ ഇൻഡസ്ട്രി നിയന്ത്രിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ?


      കാശ് കൈകാര്യം ചെയ്യുന്നത് കൂടുതലും ആണുങ്ങളാണ്. അതുകൊണ്ടായിരിക്കും കൂടുതൽ ആണുങ്ങൾ സിനിമയെടുക്കാനുമൊക്കെയായി ഇറങ്ങിത്തിരിക്കുന്നത്. പെണ്ണുങ്ങൾ അങ്ങനെ അധികം ഇറങ്ങുന്നത് കാണാറില്ല. സിനിമയുടെ എല്ലാ മേഖലയിലും വളരെ കുറച്ചു സ്ത്രീകളല്ലേ ഇൻഡസ്ട്രിയിൽ ഒള്ളൂ. എങ്കിലും ഇപ്പോൾ കൂടുതൽ സ്ത്രീകൾ വരുന്നുണ്ട്.


അമ്മയുടെ പ്രധാന ഭാരവാഹികളെല്ലാം ആണുങ്ങളാണ്? അതിനൊരു മാറ്റം വേണ്ടേ?


     കൊള്ളാവുന്നവരുണ്ടെങ്കിൽ വരും. വരണമെന്നു തന്നെയാണ് അഭിപ്രായം. അമ്മയിൽ ഇപ്പോൾ നിങ്ങൾക്ക് പരിശോധിച്ചാൽ അറിയാം, ഏതാണ്ട് ഈക്വലാണ് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും എണ്ണം.  ഇതൊന്നും സംവരണമൊന്നും നോക്കി ചെയ്യുന്നതല്ലല്ലോ. എപ്പോ വേണമെങ്കിലും പൊളിച്ചു കളയാവുന്നതേയുള്ളൂ ഈ സംഘടനയൊക്കെ. അതിന് അങ്ങനെയൊരു തൊഴിൽ സംഘടനയുടെ സ്വഭാവമൊന്നുമില്ല. ഒരു ചാരിറ്റി മാത്രമാണ്. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതേയുള്ളൂ.



ഇന്ന് ഷൂട്ടുണ്ട് എന്ന് പറഞ്ഞ് ലൊക്കേഷനിൽ വിളിച്ചു വരുത്തി വെറതേയിരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടോ?

      അത് ഉണ്ടാകും. അത് കാലാവസ്ഥയും മറ്റു പ്രശ്നങ്ങളും കാരണം സംഭവിക്കുന്നതാണ്. എല്ലാവർക്കും ആ ബുദ്ധിമുട്ട് വരും. ഷോട്ടെടുക്കാൻ എല്ലാം റെഡി ആയിരിക്കമ്പോൾ കോമ്പിനേഷനിൽ ഉള്ള ആർക്കെങ്കിലും ഒരാൾക്ക് പെട്ടെന്ന് അസുഖം വന്നാൽ തീർന്നില്ലേ. ഷൂട്ട് മുടങ്ങും. എല്ലാവരേയും ബാധിക്കും. അല്ലാതെ വിളിച്ചിട്ട് ബോധപൂർവ്വം ഷോട്ടില്ലാത്ത അവസ്ഥയൊന്നുമുണ്ടായിട്ടില്ല.


കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയരുന്നുവെന്ന് തോന്നിയിട്ടുണ്ട്? സെൻസറിംഗ്, ഷൂട്ട് പല കാര്യങ്ങളും എഡിറ്റ് ചെയ്ത് കളയേണ്ട അവസ്ഥ ഇതിനെയൊക്കെ എങ്ങനെ കാണുന്നു?


       കലാകാരന്മാരെ തടയുന്നത് ശരിയല്ല. യഥാർഥ കലാകാരൻ കലയുടെ പൂർണതയ്ക്കു വേണ്ടി ചെയ്യുന്നത് സത്യസന്ധമായിട്ടായിരിക്കും. അതിനെ തടയരുത്. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തോന്ന്യാസം കാണിക്കുന്നവരുമുണ്ട്. അവർ കലാകാരന്മാരിൽ പെടുന്നുമില്ല. പലപ്പൊഴും പ്രമാദമായ ഒരു വിഷയം പറയമ്പോൾ അതിന്റെ പൂർണതയ്ക്കായി കാണിക്കേണ്ട കാര്യങ്ങൾ കാണിക്കണം. പക്ഷേ അതിന്റെ മറവിൽ മുക്കാൽ പങ്കും വരുന്നത് വ്യാജമായിരിക്കും. അവരും പറയും ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്. അപ്പോൾ നിയന്ത്രിക്കാതിരിക്കാനും നിവൃത്തിയില്ല. ഇത് ഒന്നായി കൂടിയിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്.


ഭഗവദ് ഗീതയും കുറെ മുലകളും എന്ന് പുസ്തകത്തിന് തലക്കെട്ടിടാനും നിർമാല്യത്തിന്റെ ക്ലൈമാക്സ് പോലൊന്ന് ഇപ്പോൾ എഴുതാനും കലാകാരന് പേടിയില്ലേ?


      അതെ അങ്ങനെ എഴുതാൻ ഇപ്പോൾ മടിക്കും. അത് എല്ലാവരടേയും മനസ്സ് അത്രയും മലിനമായിപ്പോയതു കൊണ്ടാണ്. ആരും ചിന്തിക്കാൻ തയ്യാറല്ല. അങ്ങനെ ഒരു സൃഷ്ടി ഉണ്ടായാൽ അതിന്റെ യഥാർഥ വസ്തുതയെ ഉൾക്കൊള്ളാൻ ആരും തയ്യാറല്ല ഇപ്പോൾ. അത് മനസ്സിലാക്കാനുള്ള ക്ഷമ ആരും കാണിക്കില്ല. ആരും മുഖത്ത് നോക്കി സംസാരിക്കുന്നില്ലല്ലോ ഇപ്പോൾ. ഇഷ്ടമുള്ളത് പറയൽ, സ്തുതി പറയൽ മാത്രമല്ലേയുള്ളൂ. പണ്ടൊക്കെ ഒരു ചായക്കടയോ വായനശാലയോ ഒക്കെ ഉണ്ടാകും. അവിടെ വളരെ നിശബ്ദമായി ആൾക്കാർ ഇരുന്ന് പത്രം വായിക്കും. അതു കഴിഞ്ഞാൽ അവര് തമ്മിൽ പല കാര്യങ്ങളിൽ ചർച്ച നടക്കും. അത് പലപ്പൊഴും മുഖത്ത് നോക്കി ദേഷ്യം വരുന്ന കാര്യങ്ങളായിരിക്കും പറയുക. പക്ഷേ അത് വ്യക്തിഹത്യയായി തോന്നുകയോ തിരിച്ച് ആക്രമിക്കുകയോ ചെയ്യുന്നില്ല. ഇപ്പോൾ അതു വല്ലതും നടക്കമോ. വെട്ടിക്കളയില്ലേ. ഇപ്പോൾ അങ്ങനെയൊരു ചർച്ച നടക്കുന്നില്ല. എന്റെ അഭിപ്രായം നിങ്ങളോട് പറയാനോ, നിങ്ങളുടെ അഭിപ്രായം എനിക്ക് കേൾക്കാനുള്ള ക്ഷമയും സമാധാനവും ഇല്ലാതെ വരമ്പോഴുള്ള മാറ്റമാണിത്. മറ്റൊന്നുമില്ല. ഫോണിനപ്പുറത്തേക്ക് ഒരു വ്യക്തിയെ ആരും ഫേയ്സ് ചെയ്യുന്നില്ല.

 
സിനിമാക്കാർക്കിടയിൽ ഇത്തരം ചർച്ചയൊക്കെ നടക്കുന്നുണ്ടോ, ഇത്തരം ചർച്ചകൾക്ക് സിനിമയിൽ സ്‌പേസ് ഉണ്ടോ?​

       സിനിമയ്ക്ക് അങ്ങനെ ചർച്ച ചെയ്യാനും ആശങ്ക പങ്കുവയ്ക്കാനുമുള്ള ഒരു പൊതു ഇടമൊന്നുമില്ല.  അവരവരിലേക്ക് ചുരുങ്ങലാണ് ഇപ്പോൾ എല്ലാം. പിന്നെ ചർച്ചകൾ ഉണ്ട്. അത് ചില കൂട്ടുകാർ തമ്മിലുള്ള മനപ്പൊരുത്തമാണ്. നിങ്ങൾ നിങ്ങളുടെ നല്ല കൂട്ടുകാരുമായല്ലേ ഇത്തരം വിഷയങ്ങളൊക്കെ ചർച്ച ചെയ്യുകയും കൂടിയിരിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള ചർച്ചകൾ സിനിമയിലും നടക്കുന്നുണ്ട്. അതിന്റെ ഗുണം അവരുടെ സിനിമയിലും കാണും.


അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അത്തരമൊരു ചർച്ചയ്ക്ക് സാദ്ധ്യതയുണ്ടോ?

     സാദ്ധ്യത ഉണ്ടാകാം. പക്ഷേ അത്തരമൊരു ചർച്ചയൊന്നും നടക്കാറില്ല. അമ്മ അത്തരമൊരു പൊതവേദിയല്ല. കാരണം ഞാൻ പറഞ്ഞില്ലേ, എല്ലാവരും അവരവരിലേക്ക് ചുരുങ്ങുകയാണ്. എല്ലാവരും തമ്മിൽ സൗഹൃദമൊക്കെയുണ്ട്. ഒരു മീറ്റിംഗ് വരമ്പോൾ കൂടും. സൗഹൃദം പുതുക്കും എന്നല്ലാതെ ചർച്ചയുടെ തലത്തിലേക്കൊന്നും വളരാറില്ല. അങ്ങനെയൊരു കൂട്ടായ്മ ഉണ്ടെങ്കിൽ ഐ.എഫ്.എഫ്.കെ പോലെ വർഷാവർഷം സർക്കാർ നടത്തുന്ന മേളയിലൊക്കെ എല്ലാവരും വരേണ്ടതാണ്. അതാണ് ഇത്തരം ചർച്ചകൾക്ക് പറ്റിയ വേദി. പക്ഷേ അവിടെ എത്ര സിനിമാക്കാർ വരുന്നുണ്ട്? സിനിമയ്ക്കായി മാത്രമുള്ള ഒരു മേളയാണ്. നമുക്ക് പോകണം, നമുക്കൊന്നു കൂടിയേക്കാം, അല്ലെങ്കിൽ ആരൊക്കെ പോകുന്നുണ്ട് എന്നൊക്കെ അന്വേഷിക്കാം. അതൊന്നും ഇല്ലല്ലോ. സിനിമയുമായി ബന്ധപ്പെട്ട് നമ്മുടെ ചില ആനുകൂല്യങ്ങൾ, സിനിമ റിലീസ് ചെയ്യമ്പോൾ തിയേറ്റർ കിട്ടണം അങ്ങനെയൊക്കെ ചില ബഹളമൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും ഇങ്ങനെ സാംസ്‌കാരികമായി ചിന്തിക്കാനും അങ്ങനൊയൊരു കൂട്ടായ്മയും ചേർച്ചയുമൊന്നും നടക്കുന്നതായി തോന്നുന്നില്ല


ഐ.എഫ്.എഫ്.കെ മലയാള സിനിമയെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്?​


       എന്റെയൊരു കുഞ്ഞറിവിൽ വളരെ മഹത്തായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം എന്റെയും ശ്രദ്ധ ഒരുപാട് അങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്. ഒരുപാട് ചെറുപ്പക്കാർ സിനിമയുമായി കടന്നു വരുന്നുണ്ട. നമ്മളീ പറയുന്ന ബുദ്ധിയുള്ള സിനിമകൾ ചെയ്യാനുള്ള വിത്ത് വിതയ്ക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. വളരെ വലുതായിട്ടാണ് എനിക്ക് തോന്നുന്നത്. ഇപ്പോ നമ്മള് ഗോവ മേളയൊക്കെ കാണുന്നുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ മേളയാണ്. പക്ഷേ അതിന്റെക്കാളും മുകളിലല്ല, എന്നാൽ ഒട്ടും താഴത്തുമല്ലാത്ത രീതിയിൽ നമ്മള് മേള സംഘടിപ്പിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.


ഐ.എഫ്.എഫ്.കെയിൽ എത്രകാലമായി പോകുന്നുണ്ട്?


      കുറേക്കാലമായി പോകുന്നുണ്ട്. ആദ്യമൊക്കെ കറങ്ങി നടന്നിട്ടേയുള്ളൂ. പാസ് ഒക്കെ എടുക്കും. അതിന്റെ ചിട്ടവട്ടമൊന്നും അറിയില്ലെങ്കിലും ആ ആൾക്കൂട്ടത്തിലൊക്കെ പോയി എല്ലാം ശ്രദ്ധിക്കും. പിന്നീട് സിനിമ കാണാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകൾ ഫെസ്റ്റിവെലിൽ കാണിക്കുന്നതിനു മമ്പേ ഞാൻ ഫെസ്റ്റിവെലിന്റെ കാഴ്ചക്കാരനായിരുന്നു.


സിനിമാറ്റിക്കല്ല പുതിയ മലയാള സിനിമകൾ. നാടകീയതയും കുറവാണ്. നമ്മൾ സംസാരിക്കുന്നതു പോലെത്തന്നെയാണ് സിനിമയും സംസാരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് അടക്കമുള്ള സിനിമകൾ അങ്ങനെയുള്ളവയാണ്. ഇത്തരം സിനിമകളുടെ സാധ്യതയും ഭാവിയും എങ്ങനെയാണ്? 


       അങ്ങനെയുള്ള സിനിമകൾക്ക് സാധ്യതക്കുറവൊന്നും ഇല്ല. പക്ഷേ അവരു ചെയ്യുമ്പോഴും കറേയൊക്കെ സിനിമാറ്റിക് ആകും. എല്ലാം അങ്ങനെ സ്വാഭാവികമാക്കാൻ പറ്റത്തില്ലല്ലോ. ചില കഥയ്ക്ക് അങ്ങനെ ചേരും. അത് അങ്ങനെ പാകം ചെയ്യുന്നതാണ്. സിനിമ ശരിക്കും റിയലല്ല. സിനിമ, സിനിമ തന്നെയാണ്. സിനിമ റിയലെന്ന് തോന്നിക്കാനല്ലേ പറ്റൂ. ചില വിഷയങ്ങൾ ട്രീറ്റ് ചെയ്യമ്പോൾ അങ്ങനെ ചെയ്യാൻ പറ്റും എന്നാണ് തോന്നുന്നത്. അത് എല്ലാക്കാലത്തും അങ്ങനെയാണ്. പെരുവഴിയമ്പലവും ഫയൽവാനുമൊക്കെ വന്നപ്പോഴും സിനിമ അങ്ങനെ മാറി. അതിനു ശേഷവും സിനിമാറ്റിക്കും ഡ്രാമയുമെല്ലാം ഉണ്ടാകുകയും ചെയ്തു. അതങ്ങനെ മാറിയും മറിഞ്ഞും സംഭവിച്ചു കൊണ്ടിരിക്കും.

പെരുവഴിയമ്പലവും ഒരിടത്ത് ഒരു ഫയൽവാനുമൊക്കെ സംഭവിച്ച കാലത്തിൽ നിന്ന് സിനിമ വളർന്നോ, അതോ താഴേക്കു പോയോ, എന്താണ് തോന്നുന്നത്?
 
      ടെക്നിക്കലായി സിനിമ വളർന്നിട്ടുണ്ട്. എന്നാൽ സാങ്കേതികമായ വളർച്ചയ്‌ക്കൊത്ത വിധം നമ്മുടെ സിനിമ വളർന്നിട്ടില്ല. പുതിയ സിനിമകളെയും സംവിധായകരെയും നിരന്തരമായി നിരീക്ഷിച്ചാലേ ഈ മാറ്റം വിലയിരുത്താനാകൂ. അതിന് അവർ കൂടുതൽ സിനിമകൾ ചെയ്യണം. എല്ലാത്തരം മാറ്റങ്ങളെയും ഉൾക്കൊണ്ട് സിനിമ ചെയ്യണം. ഒന്നോ രണ്ടോ സിനിമ കൊണ്ട് നിന്നു പോകരുത്. തുടരണം. ഇക്കാര്യത്തിൽ ജോഷി സാറാണ് മാതൃക. എത്ര കാലമായി അദ്ദേഹം സിനിമ ചെയ്യുന്നു. ക്ലാസിക്ക് സിനിമകളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷേ സിനിമാറ്റിക്കായി ഞെട്ടിച്ച ആളാണ്. ഇപ്പോഴും പുതിയ ആൾക്കാരെക്കാളും മിടക്കോടെ അദ്ദേഹത്തിന് സിനിമ ചെയ്യാനാകുന്നുണ്ട്. ഓരോ തലമുറയുടെയും മാറ്റത്തെയും വളർച്ചയെയും കണ്ടു മനസ്സിലാക്കിയതു കൊണ്ടാണത്.

 
ഗൗരവമുള്ള വേഷങ്ങൾ നിരന്തരം ചെയ്തതോടെ ഇന്ദ്രൻസ് എന്ന നടനെ ആർട്ട് സിനിമയുടെ ഭാഗമാണെന്ന് തോന്നുന്നണ്ടോ? അങ്ങനെയാണോ ഇപ്പോൾ സിനിമാക്കാർ കാണുന്നത്?

       അങ്ങനെയില്ല. എല്ലാത്തരം സിനിമകളും ചെയ്യുന്നുണ്ട്. ആർട്ട് സിനിമകളിൽ അഭിനയിച്ചാൽ അത്രയും കാശ് കിട്ടില്ല, കറേയധികം ആളുകൾ കാണില്ല എന്നൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് അഭിനയിക്കുന്നത്. പക്ഷേ ഇത്തരം സിനിമകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കറേപ്പേരുണ്ട്. കൂടുതലും മേളയിലാണ് ഈ സിനിമകൾ കാണിക്കുന്നത്. ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതും ഇതിനോട് ഇഷ്ടമുള്ളവർ തന്നെയാണ്. കാശ് പോയാലും നല്ല സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ. ഇത്തരം സിനിമകൾ ഇഷ്ടമുള്ളതു കൊണ്ടാണ് ഞാനും ചെയ്യുന്നത്. അത് സാമ്പത്തികം നോക്കിയിട്ടല്ല.


കഴിഞ്ഞ പത്തു വർഷത്തിനിടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു. അവയിൽ ഏറ്റവുമധികം ഇഷ്ടം തോന്നിയ കഥാപാത്രങ്ങൾ ഏതൊക്കെയാണ്?


         ഏറ്റവുമിഷ്ടമുള്ളത് രാമാനത്തിലെ കഥാപാത്രം. ജീവനുള്ള ഒരു സിനിമയായിട്ട് തോന്നി അത്. സുകുമാരൻ സാർ സിനിമ ചെയ്യുന്നതിന് ഒരു താളമുണ്ട്. ആ ശൈലി കൊണ്ടാണ് രാമാനം ഇഷ്ടമായത്. ഒട്ടും കൂടിപ്പോകുകയുമില്ല, കുറഞ്ഞു പോകുകയുമില്ല. പറയുന്ന വിഷയത്തിന്റെ മൂർച്ച വലുതായിരിക്കും. ആ സിനിമയിൽ എന്റേത് ഒരു ചെറിയ കഥാപാത്രമായിരുന്നു. അത് നന്നാക്കുന്ന രീതിയിൽ ചെയ്യിക്കാൻ സാറിനറിയാം. സാറിന് തൃപ്തി വരുന്നത്രയും സമയമെടുത്ത് ചെയ്യിക്കും. വളരെ ശ്രദ്ധിച്ചാണ് ചെയ്യുക. അതിനനുസരിച്ച് കഥാപാത്രമായി നിന്നുകൊടുക്കാൻ തന്നെ ഒരു സുഖമാണ്. ചെയ്തു വരമ്പോൾ നമ്മളെക്കൊണ്ട് ഇത്രയുമൊക്കെ സാധിക്കമോ എന്ന് അത്ഭുതം തോന്നും.
നന്നായി ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞ കഥാപാത്രമാണ് മൺറോതുരുത്തിലേത്. നല്ല ആഴമുള്ളതാണ്. നമ്മുടെ സൗകര്യത്തിന് വേണ്ടി ആ ഡയറക്ടർ ഓരോ സീനും കണ്ടിന്യൂറ്റി നോക്കിയാണ് ചെയ്തത്. സിനിമയ്ക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല. ലൊക്കേഷനൊക്കെ മാറി ആദ്യത്തെ സീനും അവസാനത്തെ സീനുമൊക്കെ സൗകര്യത്തിനനുസരിച്ച് എടക്കേണ്ടി വരും. പക്ഷേ ഇത് തുടർച്ചയായി ചെയ്തതു കാരണം ആ ഒഴുക്കിനനുസരിച്ച് പോകാനായി.
ചന്ദ്രൻ നരിക്കോടിന്റെ പാതിയിലെ കഥാപാത്രം നല്ലതായിരുന്നു. കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു. അത് എന്നെക്കൊണ്ട് പറ്റമോ എന്നും ആവലാതിയുണ്ടായിരുന്നു. വലിയ ഗൗരവമുളള വേഷമാണ്. ഞാനീ കോമാളിത്തരമൊക്കെ ചെയ്തു നടക്കുന്ന ആളായതുകൊണ്ട് ആളുകൾ ആ ഗൗരവത്തിൽ എടുക്കമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. സിനിമ എന്ന നിലയ്ക്ക് പാതിക്ക് കുറച്ച് ന്യൂനതകളൊക്കെ സംഭവിച്ചു. കറേക്കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചന്ദ്രൻ വലിയ ഹൈറ്റിൽ വിലയിരുത്തപ്പെടുന്ന ഡയറക്ടറാകുമായിരുന്നു.
ആളൊരുക്കം തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. തിരക്കഥയിലെ മികവ് സിനിമയിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു. സിനിമ പകുതി പിന്നിട്ടാൽ കഥാപാത്രമായ പപ്പു പിഷാരടിക്ക് മിണ്ടാട്ടമില്ലെന്ന് ഓർക്കണം. അതൊരു വെല്ലുവിളിയായിരുന്നു.


 പല കഥാപാത്രങ്ങളും ചെയ്യാൻ ചെറിയ ശരീരം പരിമിതിയായിട്ടു തോന്നിയിട്ടുണ്ടോ? ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ, അങ്ങനെയുണ്ടോ?


       നമ്മൾ ആഗ്രഹിച്ചാലും ചില കഥാപാത്രങ്ങൾ ചെയ്യാനാവില്ലല്ലോ. പല കഥാപാത്രങ്ങൾക്കും വലിയ ശരീരം വേണം. അതൊരു വാസ്തവമനാണ്. അതാണ് ശരിയും. ഇതിഹാസ കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്ന് ആഗ്രഹിച്ചാലും നമ്മളെക്കൊണ്ട് സാധിക്കമോ? സാധിക്കും. ചിലപ്പോൾ കചേലന്റെ വേഷമൊക്കെയായിരിക്കും കിട്ടുക. എങ്കിലും മനസ്സുകൊണ്ട് ശക്തമായ കഥാപാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് എപ്പോഴും. മൺറോതുരുത്തിലെ അപ്പൂപ്പൻ കഥാപാത്രത്തിന് എന്റെ ശരീരം പോരാ എന്ന് പറഞ്ഞവരുണ്ട്. വലിയൊരു തറവാട്ടിലെ കാരണവർ എന്നു പറഞ്ഞാൽ വലിയ ശരീരമുള്ള ആളു വേണമെന്നും ഞാൻ അഭിനയിച്ചാൽ നന്നാകില്ല എന്നും ചിലർ് പറഞ്ഞു. ഇത് ഒരു ശീലത്തിന്റെ ഭാഗമാണ്.


സമകാലിക രാഷ്ട്രീയ രംഗത്തെ എങ്ങനെ വിലയിരുത്തുന്നു?  രാഷ്ട്രീയ മൂല്യങ്ങളിൽ അപചയം സംഭവിച്ചതായി തോന്നുന്നുണ്ടോ?


രാഷ്ട്രീയ രംഗം പൊതുവിൽ മത്സരത്തിന്റേതായി മാറിയിട്ടുണ്ട്. ആരെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ അത് പരമാവധി പുറത്തു വരാതിരിക്കാനാണ് മറ്റുള്ളവരുടെ പരിശ്രമം. എല്ലാ രംഗത്തും സംഭവിച്ചിട്ടുള്ള ഒരു മൂല്യത്തകർച്ച രാഷ്ട്രീയത്തിലും സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു ഐക്യമുള്ളതാണ് ആൾക്കാർക്ക് താത്പര്യം. അവരെ അങ്ങനെ കാണാനാണ് ജനത്തിന് ഇഷ്ടം. കോൺഗ്രസോ കമ്മ്യൂണിസ്‌റ്റോ ബി.ജെ.പിയോ ഒക്കെ ആവട്ടെ, നല്ല കാര്യങ്ങൾ ആരു ചെയ്താലും പരസ്പരം അംഗീകരിക്കണം. ജനങ്ങൾക്കും അത് സന്തോഷമാണ്. നേതാക്കളുടെ പ്രവൃത്തികളൊക്കെ ജനം സദാ നിരീക്ഷിക്കുന്നുണ്ട്. ആശയപരമായ മത്സരം നല്ലതാണ്. പക്ഷേ അത് ഒരു കൊമ്പകോർക്കലിലേക്ക് എത്തുന്നതാണ് ജനങ്ങളെ മടുപ്പിക്കുന്നത്.
മനസ്സുകൊണ്ട് ഇടതുപക്ഷം എന്ന ആശയത്തിലാണ് അന്നും ഇന്നും വിശ്വാസം. അതുകൊണ്ടു തന്നെ ഇടതുപക്ഷ മൂല്യങ്ങളൊക്കെ എന്നും നിലനിൽക്കട്ടെ എന്നു തന്നെയാണ് ആഗ്രഹിക്കുന്നതും.

അക്ഷരകൈരളി, 2019 ഒക്ടോബർ



അതിമധുരമാർന്ന തണ്ണീർമത്തൻ ദിനങ്ങൾ




തണ്ണീർമത്തൻ എന്ന പേരിൽ തന്നെയുണ്ട് പ്രായത്തിന്റെ രസങ്ങളുടെയും മധുരത്തിന്റെയും സൂചന. പതിനാറ്, പതിനേഴ് വയസ്സുകാരുടെ ചിന്തയും പ്രവൃത്തികളും തിരിച്ചറിഞ്ഞുള്ള എഴുത്താണ് തണ്ണീർമത്തൻ ദിനങ്ങളുടെ ഭംഗി. ഈ തിരിച്ചറിവ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന സംഭാഷണങ്ങളിലും നോട്ടത്തിലും മൂളലിലും വരെയുണ്ട്. സൂക്ഷ്മവും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതുമാണ് സ്‌കൂൾ ജീവിതത്തിലേക്കും വിദ്യാർഥിയുടെ ചുറ്റുപാടിലേക്കുമുള്ള തണ്ണീർമത്തന്റെ എഴുത്തുകാരന്റെ നോട്ടം. ഇപ്രകാരം തയ്യാറാക്കിയ തിരക്കഥയിൽ ഒരു വാക്ക് പോലും പാഴാകുന്നില്ല. അവതരണത്തിൽ രസച്ചരടിന്റെ ഒരിഴ പോലും പൊട്ടുന്നുമില്ല. ഒരു നവാഗത സംവിധായകൻ തന്റെ സിനിമയിൽ മുഴുവൻ സമയവും കാണികളെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ പൂർണമായി വിജയിച്ചിരിക്കുന്നു. സാറ്റലൈറ്റ് മൂല്യമുള്ള മുൻനിര നായകന്മാരില്ലാതെ ഒരു വാണിജ്യ സിനിമയെടുത്ത് വിജയിപ്പിച്ച് സിനിമയിലേക്ക് കടന്നു വരുന്നവർക്കാകെ ആത്മവിശ്വാസമേകാനും അയാൾക്കാകുന്നു.
      കണ്ടവർ കൈമാറിയ അഭിപ്രായങ്ങളിൽ പിടിച്ചു കയറിയാണ് ഈ സിനിമ വലിയ വിജയമായത്. നിരന്തരം രസിപ്പിച്ചു കൊണ്ടേയിരിക്കുന്ന എന്തോ ഒന്ന് തണ്ണീർമത്തനിലുണ്ട്. ഈ രസമുകുളം പ്രേക്ഷകനിൽ സദാ പ്രവർത്തിക്കുന്നു. സിനിമ കണ്ടവസാനിക്കുമ്പോഴും ഇത് തീർന്നു പോയല്ലോ എന്ന ആവലാതിയാകും ബാക്കിയാകുക. അപൂർവം ചില സിനിമകൾക്കു മാമ്രേ ഇത്തരത്തിൽ കാണികൾക്ക് പൂർണ രസപ്രദായിനിയാകാൻ സാധിക്കാറുള്ളൂ. സിനിമയുടെ സാമ്പ്രദായിക ഘടനയെയോ കോപ്പി ബുക്ക് ശൈലിയെയോ പാലിക്കാൻ അത് മെനക്കെടുന്നില്ല. എക്കാലവും പഠന മാതൃകയാക്കാവുന്ന ക്ലാസിക്ക് ആവുകയല്ല, കാണികളെ ആനന്ദത്തിലാക്കുക എന്ന കേവല കലാ ധർമ്മമാണ് തണ്ണീർമത്തൻ ദിനങ്ങൾ നിർവഹിക്കുന്നത്.
     
  മുതിർന്നവരുടെ ലോകത്തെ കഥകളും സംഘർഷങ്ങളും ആവിഷ്‌കരിക്കുക എന്നതാണ് മലയാള സിനിമ പതിവായി പുലർത്തിപ്പോരുന്ന കഥന രീതി. ഈ കഥാകഥന ലോകത്തിൽ അത്രകണ്ട് പരിഗണന കിട്ടാത്ത ഒരു ആൾക്കൂട്ട വിഭാഗം മാത്രമാണ് കുട്ടികൾ. ഈ പതിവിനു കൂടിയാണ് തണ്ണീർമത്തൻ മാറ്റം വരുത്തുന്നത്. വിദ്യാർഥികളുടെ അതിമധുരതരമായ ലോകമാണ് തണ്ണീർമത്തനിലാകെ. ഈ ലോകത്തേക്ക് അതിരിനു പുറമേ നിന്ന് നോക്കുന്നവരാണ് കഥാപാത്രങ്ങളാകുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന മുതിർന്നവർ.
       സമീപകാലത്ത് ടീനേജ് ലൈഫ് പറഞ്ഞ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ട്രീറ്റ്‌മെന്റിൽ അവയ്‌ക്കൊന്നും തരാനാകാത്ത ഫ്രഷ്‌നെസ് പകരാനാകുന്നിടത്താണ് തണ്ണീർമത്തന്റെ വിജയം. പ്ലസ് ടു പഠിതാക്കൾക്കിടയിലെ രസങ്ങളും ഇഷ്ടങ്ങളും ചെറു നൊമ്പരങ്ങളും പ്രമേയമാകുന്ന സിനിമ ഒരു പ്ലസ് ടു കാമ്പസിന് അഭിമുഖമായി വച്ച നിരീക്ഷണ ക്യാമറയിൽ പതിയുന്നത്രയും സൂക്ഷ്മവും വ്യക്തവുമായിട്ടാണ് സ്‌കൂൾ ജീവിതം പകർത്തി വച്ചിട്ടുള്ളത്. കഥാപാത്രങ്ങളായ കുട്ടികൾ ഓരോരുത്തരും ജീവസ്സുറ്റ പ്രകടനത്തിലൂടെ കാണികളെ ഗതകാല തരളിതരാക്കി മാറ്റുന്നു. അങ്ങനെ മുതിർന്ന കാണികൾക്ക് തിരിച്ചു കിട്ടാത്ത ഒരു പ്രായത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു തണ്ണീർമത്തൻ ദിനങ്ങൾ.
     ആദ്യന്തം നിലനിർത്തുന്ന ഫൺ മൂഡാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ചിരിപ്പിക്കാനായി യാതൊന്നും പറയുന്നില്ല. പക്ഷേ സംസാരത്തിൽ പരസ്പരം പറയുന്ന കൗണ്ടറുകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ തിരക്കഥ തീർക്കുന്നത് ടോട്ടലി ഫ്രഷ് ഫൺ ആണ്. ഇത് സിനിമാസ്വാദന വേളയിൽ ആസ്വദിച്ചും സിനിമ തീർന്നതിനു ശേഷം പങ്കുവച്ചും ഓർമ്മിച്ചും ചിരിക്കാൻ വക നൽകുന്നു. കഥാപാത്രങ്ങളുടെ ഈ നർമ്മഭാഷണങ്ങൾ ഭാവിയിലെ ട്രോളുകളും മീമുകളുമാകുമെന്ന് തീർച്ച.
    
    ജയ്സൺ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാത്യു തോമസിന്റെ പ്രകടനം സിനിമയുടെ ഹൈലൈറ്റാണ്. ക്യാമറയ്ക്കു മുന്നിലാണെന്ന് ഒരു വേള അതിശയിപ്പിക്കുന്ന തരത്തിലുള്ള അസാധാരണമായ പ്രകടനം കൊണ്ട് ഈ പതിനേഴുകാരൻ ഭാവിയിലെ മികച്ച നടനാകുവാനുള്ള അടിത്തറ ഉറപ്പിക്കുന്നു. നേരത്തെ കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മാത്യു തോമസ് മികവ് ആവർത്തിക്കുമ്പോൾ ഭാവിയിൽ ഈ നടനു വേണ്ടി മാത്രം കഥകൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്നു ചിന്തിക്കാതെ വയ്യ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി അരങ്ങേറിയ അനശ്വര രാജൻ കീർത്തിയെന്ന പ്ലസ് ടുക്കാരി നായികയായി മാത്യു തോമസിനൊപ്പം തണ്ണീർമത്തനിലെ സുന്ദരമായ സാന്നിധ്യമാകുന്നു. ജെയ്സന്റെയും കീർത്തിയുടെയും ടീനേജ് പ്രണയത്തിന്റെ നിഷ്‌കളങ്കതയും  സൗന്ദര്യവും തീർക്കുന്ന രസതന്ത്രം അനുഭവമാണ്. സിനിമ ഇറങ്ങുന്നതിനു മുമ്പേ ഹിറ്റ് ചാർട്ടിൽ ഇടം കണ്ട 'ജാതിക്കാത്തോട്ടം' എന്ന പാട്ടിൽ തന്നെ ഈ കെമിസ്ട്രി നിറഞ്ഞു കാണാം. വിനീത് ശ്രീനിവാസന്റെ രവി പദ്മനാഭൻ എന്ന അധ്യാപക കഥാപാത്രമാണ് തണ്ണീർമത്തന്റെ മറ്റൊരു ഊർജ സ്രോതസ്.
       വിശുദ്ധ ആംബ്രോസേ, മൂക്കുത്തി എന്നീ ഷോർട്ട് ഫിലിമുകളിലൂടെ അവതരണ മികവിന് പ്രശംസ നേടിയിട്ടുള്ള ഗിരീഷ് എ.ഡിയുടെ ആദ്യ ഫീച്ചർ ഫിലിം ആസ്വാദന തലത്തിൽ അവയ്ക്കുമപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ഇങ്ങനെ ചെറിയ സിനിമകൾ തീർക്കുന്ന വലിയ ആകാശങ്ങൾ തന്നെയാണ് ഒരു സംവിധായകന് പ്രേക്ഷകർക്കിടയിലും സിനിമാ മേഖലയിലും പ്രത്യേക ഇടം നൽകുന്നത്.


അക്ഷരകൈരളി, 2019 സെപ്റ്റംബർ

ആണവ ദുരന്തത്തിന്റെ ഭയാനകതയും നിഗൂഡതയും നിറച്ച് 'ചെർണോബിൽ'

റഷ്യയിലെ ചെർണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ ഭയാനകതയും ദുരന്തത്തിന്റെ ഉള്ളുകള്ളികളും ചർച്ച ചെയ്യുന്ന 'ചെർണോബിൽ' വെബ് സീരീസ് ഗൗരവമുള്ള കാഴ്ചയുടെ വിതാനമാണ് ഒരുക്കുന്നത്. സോവിയറ്റ് യൂണിയനിലെ ഉക്രൈന്റെ ഭാഗമായിരുന്ന ചേർണോബിൽ ആണവനിലയത്തിലെ പൊട്ടിത്തെറിയും, അത് പുറംലോകം അറിയാതിരിക്കാൻ അന്നത്തെ സോവിയറ്റ് ഭരണകൂടം നടത്തിയ നിഗൂഡ നീക്കങ്ങളുമാന് ചെർണോബിൽ പങ്കുവയ്ക്കുന്നത്. ആണവ ചോർച്ചയെത്തുടർന്ന് റേഡിയേഷനേറ്റ് പിടഞ്ഞുവീഴുന്ന മനുഷ്യന്റെ നിസ്സഹായതയും ദുരന്തത്തിന്റെ കെടുതി കാലങ്ങളോളം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജന്തുജാലങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാകുന്നു ഈ വെബ് സീരീസ്.
യഥാർഥ സംഭവത്തെ നാടകീയവത്കരിക്കാതെയും ഗൗരവം ചോർന്നു പോകാതെയും അവതരിപ്പിച്ചിരിക്കുന്ന ചെർണോബിലിന് മനുഷ്യന്റെ കൈകൾ കൊണ്ടുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ ഭീകരത മുഴുവൻ കാഴ്ചക്കാരിൽ എത്തിക്കാനാകുന്നുണ്ട്. അവതരണത്തിലെയും അഭിനേതാക്കളുടെ പ്രകടനത്തിലെയും മികവു കൊണ്ട് വളരെ ഗംഭീരമെന്ന അഭിപ്രായം കേൾപ്പിച്ച ചെർണോബിൽ ഇന്റർനാഷണൽ മൂവി ഡാറ്റാ ബേസിന്റെ(ഐ.എം.ഡി.ബി) ടോപ്പ് റേറ്റഡ് ടി.വി ഷോയും ഇന്ത്യയിലെ ടോപ്പ് ട്രെൻഡിംഗ് ഷോയും ആയി മാറി.
അഞ്ച് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത ചെർണോബിലിന്റെ ആദ്യ എപ്പിസോഡ് ഇക്കഴിഞ്ഞ മേയ് ആറിനാണ് ഇറങ്ങിയത്. സംപ്രേഷണം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് 'ചെർണോബിൽ' ഐ.എം.ഡി.ബി റേറ്റിംഗിൽ ഒന്നാമതെത്തിയത്. ഗെയിം ഓഫ് ത്രോൺസിനെയും ബ്രേക്കിംഗ് ബാഡിനെയുമൊക്കെ പിന്തള്ളിയാണ് 9.6 റേറ്റിംഗോടെ ഈ നേട്ടം. ക്രെയ്ഗ് മസിൻ എഴുതി ജോൺ റെൻകാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
1986 ഏപ്രിൽ 26 നാണ് ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തം ഉണ്ടായത്. ഈ സംഭവങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് വെബ് സീരീസ്.



ചെർണോബിൽ അപകടത്തെക്കുറിച്ച്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ്ജ അപകടമാണ് ചെർണോബിലിൽ ഉണ്ടായത്. വടക്കൻ ഉക്രൈയിനിലെ പ്രിപ്യാത് എന്ന സ്ഥലത്തായിരുന്നു ചെർണോബിൽ ന്യൂക്ലിയാർ പവർ പ്ലാന്റ് സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഈ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചത്. ചെർണോബിൽ പ്ലാന്റിൽ നാല് സോവിയറ്റ് നിർമ്മിത റിയാക്ടറുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ ന്യൂക്ലിയാർ റിയാക്ടറിന്റെ കോർ മൂടിയിരുന്ന 1000 ടൺ പ്ലെയിറ്റ് കവറിംഗ് അടക്കം പൊട്ടിപ്പോയി. മിനിറ്റുകൾക്കകം രണ്ടാമത്തെ സ്‌ഫോടനവും നടന്നു. ഇത് ആദ്യത്തെ സ്‌ഫോടനത്തെക്കാൾ ശക്തി കൂടിയതായിരുന്നു. കത്തിക്കൊണ്ടിരുന്ന ഗ്രാഫൈറ്റ് ചിതറി പ്ലാന്റിൽ പതിച്ചു. അപകടം സംഭവിച്ച റിയാക്ടർ നിന്നിരുന്ന കെട്ടിടം കത്തിച്ചാമ്പലായി. ആണവ റിയാക്ടർ പൊട്ടിത്തെറിച്ച സമയത്ത് ബെലാറസ്, റഷ്യ, ഉക്രൈൻ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങൾ വരെ റേഡിയോ ആക്ടീവ് കണങ്ങൾ എത്തിയിരുന്നു. ദുരന്തം നടന്ന് 33 വർഷത്തിനു ശേഷവും സംഭവ സ്ഥലവും പ്രിപ്യാത് നഗരവും ഇപ്പോഴും മനുഷ്യവാസയോഗ്യമല്ല. ഇനിയും ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരും ഇവിടം പഴയപടിയാകാൻ എന്നാണ് പഠനങ്ങൾ പറയുന്നത്.


വെബ് സീരിസിലെ ചെർണോബിൽ


ആകെ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള വെബ് സീരീസിന് ഓരോ മണിക്കൂർ വീതമുള്ള അഞ്ച് ഭാഗങ്ങളാണുള്ളത്. തുടർ ഭാഗങ്ങൾ കാണാൻ ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ഓരോ ഭാഗവും അവസാനിക്കുന്നത്. ദുരന്തമുഖത്ത് പെട്ടുപോകുന്ന മനുഷ്യരുടെ ഭീതിയും ഇനി രക്ഷപ്പെടാനാകില്ലെന്ന തിരിച്ചറിവും മനുഷ്യന്റെ കൈയബദ്ധം നൂറായിരം വർഷത്തേക്ക് പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നും ചെർണോബിൽ ഓർമ്മിപ്പിക്കുന്നു. രണ്ടോ രണ്ടരയോ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒതുക്കി പറയാമെങ്കിലും സംഭവങ്ങളുടെ ഡീറ്റെയിലിംഗിന് പ്രാധാന്യം കൊടുക്കുതോടെയാണ് വെബ് സീരീസിന്റെ നിർമ്മാണം ഫലപ്രാപ്തിയിലെത്തുന്നത്.
       
 വാലറി ലെഗാസോവ് എന്ന കെമിസ്റ്റിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ചെർണോബിൽ അപകടം പഠിക്കാനും പരിഹരിക്കാനുമുള്ള കമ്മീഷന്റെ ചീഫ് ആയിരുന്നു ലെഗാസോവ്. ചെർണോബിൽ അപകടത്തിന്റെ യാഥാർഥ്യമെന്ത്, എങ്ങനെയാണ് അപകടത്തെ പറ്റിയുള്ള കള്ളങ്ങൾ അപകടത്തെക്കാൾ ദോഷമാകുന്നത് എന്ന് അജ്ഞാതനായ ഒരാൾക്ക് കാസറ്റിൽ റെക്കോർഡ് ചെയ്ത് വയ്ക്കുകയാണ് ലെഗാസോവ്. എത്ര മൂടിവച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്ന ഉപദേശം നൽകിയിട്ട് ആത്മഹത്യ ചെയ്യുകയാണ് ലെഗാസോവ്. ചെർണോബിൽ ദുരന്തം നടന്ന് രണ്ടു വർഷത്തിനു ശേഷമുള്ള ഈ സംഭവം സൂചിപ്പിച്ച ശേഷം 1986 ഏപ്രിൽ 26 ലെ ദുരന്ത ദിവസത്തിലേക്കാണ് ക്യാമറ കടന്നു ചെല്ലുന്നത്. പാതിരാത്രി ഒന്നര മണി, പ്രിപ്യാത് നഗരത്തെ നടുക്കികൊണ്ട് കേട്ട വലിയൊരു സ്‌ഫോടന ശബ്ദമാണ് ഉറങ്ങിക്കിടന്ന മനുഷ്യരെ ഉണർത്തിയത്. അഗ്നിശമന സേനാംഗമായ വസീലിക്ക് സ്‌ഫോടനം നടന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ തീയണക്കാൻ പെട്ടെന്ന് ചെല്ലണമെന്ന ഫോൺകോൾ വരുന്നു. പേടിച്ച് നിന്ന ഭാര്യ ലുഡ്മിലയെ ആശ്വസിപ്പിച്ച് വസീലി ചെർണോബിൽ പ്ലാന്റിലേക്ക് പോകുന്നു. തുടർന്ന് ആണവ ദുരന്തത്തിന്റെ ഭീതിതമായ കാഴ്ചകളിലേക്കും  രക്ഷാപ്രവർത്തനത്തിലേക്കും നയതന്ത്ര ചർച്ചകളിലേക്കുമാണ് വെബ് സീരീസ് കൊണ്ടുപോകുന്നത്.
        
ആണവ ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിൽ റഷ്യയിലെയും പ്രത്യേകിച്ച് പ്രിപ്യാത് നഗരത്തിലെയും ആണവ നിലയത്തിലെയും സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചാണ് സീരീസ് പുരോഗമിക്കുന്നത്. മാനുഷിക വികാരങ്ങളിലേക്കും ബന്ധങ്ങളിലേക്കും കൂടി കടന്നു ചെല്ലുന്ന തരത്തിലുള്ളതാണ് ആഖ്യാനം. പലതരം മാനുഷിക വികാരങ്ങളും സർക്കാരിന്റെ നയതന്ത്ര കുശലതയുമെല്ലാം അനാവശ്യ വ്യാഖ്യാനങ്ങളൊന്നുമില്ലാതെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. എല്ലാ ദുരന്തമുഖത്തെയും പോലെ അപകടത്തിന്റെ തീവ്രത തിരിച്ചറിയുന്നവരും അതിനെ നിഷേധിക്കുന്നവരെയും ചെർണോബിലിലും കാണാം. ചെറിയ പൊട്ടിത്തെറി എന്നതിൽ ചിലർ ഉറച്ചു നിൽക്കുമ്പോൾ ദുരന്തത്തിന്റെ ആഗാധം മൈലുകൾക്കപ്പുറത്തെ പരിസ്ഥിതിയെയും ജീവജാലങ്ങളെയും തലമുറകളെയും വരെ വേട്ടയാടുമെന്നു തിരിച്ചറിഞ്ഞ് വ്യാകുലപ്പെടുന്ന യഥാർഥ മാനവിക മുഖവും ദുരന്ത മുഖത്തുണ്ട്.
       യഥാതഥമായ ആവിഷ്‌കരണവും സാങ്കേതിക മികവും ചെർണോബിൽ വെബ് സീരീസിനെ മികവുറ്റതാക്കുന്നു. ഒരു വേള ചെർണോബിൽ ആണവ നിലയത്തിലെ യഥാർഥ ദുരന്ത കാഴ്ചകൾ തന്നെയാണോ സ്‌ക്രീനിൽ കാണുന്നതെന്ന് സംശയിക്കും. ദുരന്തം നടന്ന ആണവ നിലയത്തിലൂടെ സഞ്ചരിക്കുന്ന ക്യാമറ അത്രമാത്രം യഥാർഥ സംഭവങ്ങളോട് അടുത്തു നിൽക്കുന്നു. കഥപറച്ചിലും കഥാപാത്രങ്ങളും അതേ മികവ് പ്രകടിപ്പിക്കുമ്പോൾ വെബ് സീരീസ് ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ മികച്ച തിരക്കാഴ്ചാനുഭവമായി മാറുന്നു.


അക്ഷരകൈരളി, 2019 ആഗസ്റ്റ്‌


കാഴ്ചയുടെ വൈവിധ്യം നിറയ്ക്കുന്ന സിനിമകൾ



ചതുരവടിവിലുള്ള ഒറ്റക്കാഴ്ച പ്രദാനം ചെയ്യുന്നതിൽ നിന്ന് പല വിതാനത്തിലേക്കും ജോണറിലേക്കും മാറുമ്പോഴാണ് ഒരു ഇൻഡസ്ട്രി വ്യത്യസ്തത പുലർത്തുന്നുവെന്ന് പറയാനാകുക. മലയാള സിനിമ അത്തരമൊരു വഴിയിലേക്കുള്ള സഞ്ചാരത്തിലാണെന്ന് തോന്നുന്നു. അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സിനിമകൾ, തൊട്ടപ്പൻ, വൈറസ്, തമാശ, ഇവ പ്രമേയ പരിസരത്തിലെയും  ആഖ്യാനത്തിലെയും വ്യത്യസ്തത കൊണ്ട് സൃഷ്ടിക്കുന്ന അകലം ശ്രദ്ധേയമാണ്. കാണികളുടെ പ്രശംസയ്‌ക്കൊപ്പം സമൂഹ മാധ്യമ ചർച്ചകളിലടക്കം സജീവമായ ഇടം കണ്ടെത്താനും ഈ സിനിമകൾക്കായി.


വൈറസ്  അതിജീവന കാലത്തിന്റെ ഓർമ്മപ്പെടുത്തൽ



ഒരു വർഷം മുമ്പ് ഇതേ കാലത്താണ് നിപാ വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയത്. നമ്മൾ കൂട്ടായി നേരിട്ട ആ ഭയത്തിന്റെ നാളുകളുടെ ഓർമ്മപ്പെടുത്തലും അതിജീവനത്തിന്റെ ആശ്വാസവുമാണ് ആഷിഖ് അബുവിന്റെ വൈറസ് എന്ന സിനിമ. സംസ്ഥാനത്തെ മുഴുവൻ മനുഷ്യരും വായിച്ചും കേട്ടുമറിഞ്ഞു കഴിഞ്ഞ സംഭവത്തെ സിനിമാറ്റിക്കായ ഭാവനയോ അതിഭാവുകത്വമോ വരുത്താതെ നേരെ പകർത്തിവയ്ക്കുകയാണ് ടീം വൈറസ് ചെയ്തിട്ടുള്ളത്. എന്നാൽ ഒരു സർവൈവൽ ത്രില്ലറിന്റെ മൂഡ് നിലനിർത്തുന്നുമുണ്ട്.
       നിപാ ബാധിതരിലേക്കും അവരുടെ പ്രിയപ്പെട്ടവരുടെ വേദനയിലേക്കും രക്ഷയ്ക്കായുള്ള മെഡിക്കൽ ടീമിന്റെയും അതോറിറ്റിയുടേയും പരിശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നതാണ് സിനിമയുടെ ആദ്യപകുതി. കാഴ്ചക്കാരന്റെ തൊണ്ടയിൽ അയാളറിയാതെ തന്നെ വേദന കലർന്ന ഉമിനീര് കിനിഞ്ഞിറങ്ങുകയും കണ്ണുകൾ നനഞ്ഞു പോകുന്നതുമാണ് ഈ സെഗ്മെന്റ്. സിനിമ കൂടുതൽ എൻഗേജ്ഡ് ആകുന്നതും തിയേറ്റർ പൂർണ നിശബ്ദതയിലേക്ക് മാറി കാണികൾ അവരവരിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്യുന്നുണ്ട് ഈ ആദ്യ പകുതിയിൽ. 17 പേരെ മരണത്തിലേക്ക് എത്തിച്ച നിപാ വൈറസിന്റെ ഉറവിടമന്വേഷിക്കുന്ന രണ്ടാം പകുതി ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ളതും ഇത്തരമൊരു മെഡിക്കൽ സർവൈവൽ ത്രില്ലറിന്റെ ഗൗരവവും വേഗക്കുറവും സൂക്ഷിക്കുന്നതുമാണ്. ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയും ആത്മവിശ്വാസം കെടാതെയും മറികടന്ന വൻദുരന്തത്തെ ആരോഗ്യ മന്ത്രിയുടെ പ്രസംഗത്തിലെ ആശ്വാസവും പ്രതീക്ഷയും കലർന്ന വാക്കുകളിലൂടെ അവതരിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.
      മേക്കിംഗിലെ കൈയടക്കം കൊണ്ട് ആഷിഖ് അബുവിലെ സംവിധായകൻ ഒരു പടി കൂടി മുന്നോട്ടു പോകുന്ന സിനിമയാണ് വൈറസ്. അയാളുടെ ഓരോ സിനിമയും പുതിയ സിനിമയാണെന്ന് ഒന്നുകൂടി പറഞ്ഞു വയ്ക്കുന്നു. രാജീവ് രവിയും ഷൈജു ഖാലിദും ക്യാമറ കൊണ്ടും സുശീൽ ശ്യാം പശ്ചാത്തല സംഗീതം കൊണ്ടും വൈറസിന്റെ കാഴ്ചയിൽ പ്രകടമായ സാന്നിധ്യമാകുമ്പോൾ ഈ സിനിമയുടെ കാസ്റ്റിംഗിന് അതിഗംഭീരമായൊരു കൈയടി നൽകേണ്ടതുണ്ട്. വിപണി മൂല്യമുള്ള ഒന്നിലധികം താരങ്ങൾ സിനിമയുടെ ഭാഗമാകുമ്പോൾ അവർക്കു വേണ്ടി തിരക്കഥയിൽ വെട്ടും തിരുത്തും കൂട്ടിച്ചേർപ്പും വരുത്തുന്നതാല്ലോ പതിവ് കച്ചവട സമവാക്യം. എന്നാൽ വൈറസിന്റെ തിരക്കഥയിൽ ഇതിന് പ്രസക്തിയേ ഇല്ല. സമൂഹത്തിന്റെ പരിച്ഛേദമായ മനുഷ്യരായി കടന്നു വരുന്നവർ മാത്രമാണ് താരങ്ങൾ ഈ സിനിമയിൽ. എന്നാൽ എല്ലാവരേയും ഓർത്തുവയ്ക്കാൻ മാത്രം എന്തെങ്കിലുമൊന്ന് സിനിമ നൽകുന്നുമുണ്ട്. അഭിനേതാക്കളെ തിരിച്ചറിഞ്ഞ് ഉപയോഗിച്ചിരിക്കുന്നതിലെ മികവ് തന്നെയാണ് ഇതിനു കാരണം. എല്ലാവരും മികവു കാണിക്കുമ്പോഴും ശ്രീനാഥ് ഭാസിയും പാർവതിയും സൗബിനും പ്രകടനം കൊണ്ട് ഒരു പടി മുന്നിൽ നിൽക്കുന്നുണ്ടെന്നു പറയാതെ വയ്യ.
      സ്വന്തം ഭാഷയിൽ ഒരു മെഡിക്കൽ സർവൈവ് ത്രില്ലർ കണ്ടു പരിചയമില്ലാത്തവരാണ് നമ്മൾ. വൈറസിനെ ആ ഗൗരവത്തോടെ തന്നെ കാണണമെന്നാണ് തോന്നുന്നത്.

 

നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കുന്ന 'തമാശ'

അടുത്തിടെ നടൻ അനൂപ് ചന്ദ്രന്റെ കല്യാണ നിശ്ചയത്തിന്റെ വാർത്തയും ഫോട്ടോയും ഓൺലൈൻ പോർട്ടലുകളുടെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിനു താഴെ വന്ന ഇമോജികളിലേറെയും കളിയാക്കിക്കൊണ്ടുള്ള ചിരിയുടേതായിരുന്നു. കമന്റുകളും അപ്രകാരമുള്ളവ തന്നെ. പ്രശ്നം അനൂപ് ചന്ദ്രന്റെ തടിച്ച ശരീരവും രൂപവുമാണ്. പെൺകുട്ടിയുടെ രൂപവും പലർക്കുമിഷ്ടപ്പെട്ടില്ല. അതോടെ തുടങ്ങി ബോഡി ഷെയ്മിംഗ്. ഇതാണ് നമ്മുടെയൊരു ശീലം. തടിയോട്, മെലിച്ചിലിനോട്, കറുപ്പിനോട്, പൊക്കക്കുറവിനോട് എല്ലാം നമുക്ക് വലിയ അസഹിഷ്ണുതയാണ്. അപരന്റെ ജീവിതത്തിൽ ഇതെല്ലാം വലിയ കുറവായിക്കണ്ട് അവനെ സദാ കളിയാക്കുകയും തരം കിട്ടിയാൽ ഉപദേശിക്കുകയും മറ്റുള്ളവരോട് അടക്കം പറയുകയും ചെയ്തുകൊണ്ടിരിക്കണം നമുക്ക്. തടിച്ചവർ, മെലിഞ്ഞവർ, കറുത്തവർ.. ഇവരെല്ലാം ലോകത്തോട് എന്തോ വലിയ തെറ്റ് ചെയ്തവരാണെന്ന പോലെ സദാ സൂക്ഷിച്ചു നോക്കിയും നിരീക്ഷിച്ചും അവരെ അകലെ മാറ്റി നിർത്തും.
      ശരീരത്തിലെ ഈ വക കാര്യങ്ങൾ വ്യക്തികൾക്ക് ഒരു കുറവായി തോന്നിയില്ലെങ്കിൽ പോലും ഇതു വലിയൊരു പ്രശ്നമാണെന്ന തരത്തിൽ ചിത്രീകരിച്ച് അവരിൽ അപകർഷത നിറയ്ക്കാൻ വല്ലാത്തൊരു വ്യഗ്രതയാണ് സമൂഹത്തിന്. ഏതു കാലത്തും അത് ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ നവ മാധ്യമ കാലത്ത് ഈ ഷെയ്മിംഗ് കുറേക്കൂടി മറനീക്കി പ്രകടമാക്കാനും അവസരമുണ്ടായിരിക്കുന്നു.
      അഷ്രഫ് ഹംസയുടെ 'തമാശ' എന്ന ചിത്രം സമൂഹം വ്യക്തികൾക്കു മേൽ നിർബാധം തുടർന്നുപോരുന്ന ബോഡി ഷെയ്മിംഗ് എന്ന പ്രശ്നത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ശ്രീനിവാസൻ മാഷും ചിന്നുവുമാണ് 'തമാശ'യിൽ സമൂഹത്തിന്റെ കണ്ണിലെ കുറവുകളുടെ പ്രതിനിധികൾ. മുടിയില്ലാത്ത ആണും തടിക്കൂടുതലുള്ള പെണ്ണും. ചുറ്റുപാടിനെ നേരിടാൻ ആദ്യമൊന്ന് അങ്കലാപ്പിലാകുന്ന ചിന്നുവും ശ്രീനിവാസനും പിന്നീട് ഒരു കേക്ക് തിന്നുന്ന ലാഘവത്തോടെയും മധുരത്തോടെയുമാണ് അവസ്ഥയെ മറികടക്കുന്നത്. കഥാപാത്രങ്ങളിങ്ങനെ ശുഭകരമായ ചിന്ത തന്ന് അവസാനിക്കുമ്പോഴും സമൂഹത്തിലെ 'പെർഫെക്ട്' ആയ മനുഷ്യർക്ക് ചിന്നുമാരും ശ്രീനിവാസന്മാരും എപ്പോഴും വലിയ തമാശകളാണ്. ഇതു തന്നെയാണ് തമാശയെന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ഗൗരവമായ ചിന്തയും.
        ബഹളങ്ങളൊന്നുമില്ലാത്ത, മുഷിപ്പിക്കാത്ത, എന്നാൽ രസകരമായ ഒരു ചെറിയ സിനിമ. നിരന്തരം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ തന്നെ ജീവിതമല്ലാതെ മറ്റൊന്നുമില്ലിതിൽ.


തൊട്ടപ്പനെന്ന അലിവിന്റെ വറ്റാത്ത ഉറവ



ഫ്രാൻസിസ് നൊറോണയുടെ കഥ, വിനായകൻ ടൈറ്റിൽ റോൾ ചെയ്യുന്നു. ഇതു രണ്ടുമായിരുന്നു തൊട്ടപ്പന്റെ ആകർഷണങ്ങൾ. നൊറോണയുടെ തൊട്ടപ്പനിൽ നിന്ന് പി.എസ് റഫീഖിന്റെ തൊട്ടപ്പനെഴുത്തിലേക്ക് നല്ല ദൂരമുണ്ട്. ഭ്രമാത്മകതയും ഫാന്റസിയും ജൈവികതയും ചേർന്ന ഒന്നാന്തരം വായനാനുഭവമായിരുന്നു നൊറോണയുടെ കഥ. മൂലകഥ മാത്രം കടമെടുത്ത് സ്വതന്ത്രാഖ്യാനമൊരുക്കുകയാണ് റഫീഖും ഷാനവാസ് കെ.ബാവക്കുട്ടിയും ചെയ്തിരിക്കുന്നത്. ഈ മാറ്റത്തിലും സിനിമ ആകർഷകമാണ്.
       ഏറ്റവും സാധാരണരായ മനുഷ്യരും അവരുടെ ലോകവുമാണ് തൊട്ടപ്പനിലാകെ. മലയാള സിനിമയിങ്ങനെ തുരുത്തിലേക്കും പച്ചമനുഷ്യന്റെ ചിരിയിലേക്കും മഹാ സങ്കടങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു എന്നതു തന്നെയാണ് ശുഭകരമായ മാറ്റം. കടമക്കുടിയിലെ കായൽപരപ്പും നടവഴിയും കണ്ടൽക്കാടുമെല്ലാം തൊട്ടപ്പനിൽ കഥാപാത്രങ്ങൾക്കും മീതേ നിൽക്കുന്ന സാന്നിധ്യങ്ങളാണ്. ഇവയെ കൂടുതൽ ഉളളിൽ തൊടീക്കുന്ന ക്യാമറയാണ് തൊട്ടപ്പന്റെ പ്ലസുകളിൽ മുന്നിൽ. പിന്നെ തൊട്ടപ്പന്റെ സംഗീതവും.
     പരുക്കനും ഉളളിൽ അലിവിന്റെ വറ്റാത്ത ഉറവയുമുള്ള തൊട്ടപ്പനായി വിനായകൻ സ്‌ക്രീനിൽ വരുമ്പോൾ നാട്യമില്ലാത്ത സ്വാഭാവികാഭിനയത്തിന്റെ പൂർണത ഒരിക്കൽകൂടി നമ്മൾ അനുഭവിക്കുന്നു. തുരുത്തിലൂടെ നടന്നുപോകുന്ന, കളള് ഷാപ്പിൽ ഇരിക്കുന്ന, അടിയുണ്ടാക്കുന്ന, വലിഞ്ഞു മുറുകിയ മുഖവുമായി ബീഡി വലിക്കുന്ന ഈ മനുഷ്യൻ ക്യാമറയ്ക്കു മുന്നിലായിരുന്നോ എന്ന് ഒരു നേരം നമ്മൾ സംശയിക്കും. വിനായകനിലെ നടനിൽ ഇനിയുമേറെ അത്ഭുതങ്ങൾ ബാക്കിയുണ്ട്. വിനായകൻ മലയാളത്തിലെ മറ്റു അഭിനേതാക്കളുടെ മുന്നിൽ വയ്ക്കുന്ന വെല്ലുവിളിയും ഈ സ്വാഭാവികതയെ മറികടക്കുക എന്നതാണ്.
       കഥയിൽ തൊട്ടപ്പനേക്കാളും സിനിമയിൽ തൊട്ടപ്പന്റയത്രയും പ്രധാന്യമുള്ള സാറയെ പൂർണതയിലെത്തിച്ച പ്രിയംവദയും ഈ സിനിമയുടെ കണ്ടെത്തലാണ്.

അക്ഷരകൈരളി, 2019 ജൂലൈ


അപരന്റെ സ്വപ്നങ്ങളെ ചേർത്തു പിടിക്കുമ്പോൾ

വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറി വീണ് നൊമ്പരമായി മാറിയ ഷൈനി ഷൈലസ് എന്ന സൈക്ലിസ്റ്റിനുള്ള സമർപ്പണവും അവരുടെ ഓർമകളിലേക്കു കാണികളെ മടക്കിക്കൊണ്ടു പോവുകയുമാണ് പി.ആർ അരുണിന്റെ ഫൈനൽസ്. ഷൈനിയുടെ കഥ പറയുകയല്ല ഫൈനൽസ്. വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രക്കിടെ അവിചാരിതമായി തളർന്നുവീഴുന്ന ഒരാളുടെ സ്വപ്നം പൂർത്തീകരിക്കാനുള്ള അപരന്റെ വലിയ മനസ്സും അതിനായുള്ള പരിശ്രമവുമാണ് ഈ സിനിമയുടെ പ്രമേയ പരിസരമാകുന്നത്. മറ്റൊരാളുടെ സ്വപ്നം ലക്ഷ്യത്തിലെത്തിക്കുന്നതിനു വേണ്ടി സ്വന്തം സ്വപ്നമെന്നതു പോലെ പരിശ്രമിക്കുകയും അത് സാക്ഷാത്കരിക്കുകയും ചെയ്യമ്പോൾ മനുഷ്യൻ എന്ന ജീവിയുടെ സഹാനുഭൂതിക്കും പരിഗണനയ്ക്കും വലിയ അർഥം കൈവരുന്നു.
      ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നിന്നുമുള്ള ആലീസ് എന്ന പെൺകുട്ടിയാണ് ഫൈനൽസിലെ കേന്ദ്രം. 2020ലെ ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ട് സൈക്ലിംഗ് പരിശീലിക്കുകയാണവൾ. സൈക്ലിംഗിൽ ആലീസ് കാണിച്ച മികവ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ അത്ലറ്റിക് കോച്ച് കൂടിയായ അച്ഛൻ വർഗീസാണ് അവളുടെ പ്രോത്സാഹനം. ഒളിമ്പിക്സിലെ മെഡൽ എന്ന ലക്ഷ്യത്തിലേക്കുള്ള മകളുടെ യാത്രയിലെ വലിയ പ്രചോദനവും അയാൾ തന്നെ. മകൾ ഒളിമ്പിക്സിൽ സ്വർണം നേടുന്ന ദിവസത്തിനായിട്ടാണ് അയാൾ കാത്തിരിക്കുന്നത്. ജീവിതത്തിലെയും കളിക്കളത്തിലെയും പല തിരിച്ചടികൾക്കു പിറകെയുള്ള അയാളുടെ ഏക പ്രതീക്ഷയാണ് മകളുടെ കരിയർ. ആ മഹത്തായ ലക്ഷ്യത്തിലേക്ക് ഓരോ പടി ചവിട്ടിയടുക്കമ്പോഴും അവരുടെ ആത്മവിശ്വാസം വാനോളമുയരുന്നു. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് ചില വേളകളിൽ ജീവിതം അവിചാരിതമായ വഴിത്തിരിവുകൾ കാത്തുവച്ചിട്ടുണ്ടാകും. അത് നല്ലതോ ചീത്തതോ ആകാം. ആലീസിന്റെ ജീവിതത്തിലും അതാണ് സംഭവിക്കുന്നത്.
      ഒരു സ്‌പോർട്സ് ഡ്രാമ എന്നതിനെക്കാൾ മാനുഷിക ബന്ധങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്ന സിനിമ എന്നിടത്താണ് ഫൈനൽസിന്റെ സ്ഥാനം. സ്‌പോർട്സ് സിനിമയുടെ വേഗം സൂക്ഷിക്കുന്നതിനൊപ്പം ബന്ധങ്ങളിലെ ഇഴയടുപ്പത്തിന്റെ തീവ്രാനുഭവത്തിനു കൂടി സിനിമ പ്രാധാന്യം നൽകുന്നു. നവാഗതനായ പി.ആർ അരുൺ തിരക്കഥയിൽ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മികവും ആഖ്യാനത്തിലും കാണിക്കുന്നിടത്താണ് ഫൈനൽസ് വിരസമല്ലാത്ത കാഴ്ചയായി മാറുന്നത്. ഓരോ സീക്വൻസിലും അപ്രവചനീയത ഒളിപ്പിച്ചു വയ്ക്കാനും കാണികളെ ഉദ്വേഗത്തിലാക്കാനും ശേഷിയുള്ളതാണ് കഥപറച്ചിൽ ശൈലി.
      കേരളത്തിലെ സ്‌പോർട്സ്, അത്ലറ്റിക് അസാസിയേഷനിലെ ഉള്ളറക്കളികളിലേക്കും ഫൈനൽസ് കടന്നു ചെല്ലുന്നുണ്ട്. അസോസിയേഷനിലെ രാഷ്ട്രീയ ഇടപെടലും പ്രതിഭകളായ കായിക താരങ്ങളുടെ അവസരം നിഷേധിക്കപ്പെടുന്നതും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതും സിനിമ തുറന്നു കാട്ടുകയും  ചോദ്യം ചെയ്യുകയും ചെയ്യുന്നു. മത്സര വേളകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ നമ്മുടെ കായിക താരങ്ങൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വരാറുള്ള അവഗണനയയും ചോദ്യം ചെയ്ത് സിനിമ അതിന്റെ സാമൂഹിക നിലപാട് തുറന്നു പ്രഖ്യാപിക്കുന്നു.
      സ്‌പോർട്സ് അസോസിയേഷന്റെ കണ്ണിലെ കരടാണ് സുരാജ് അവതരിപ്പിക്കുന്ന കോച്ച് കഥാപാത്രം. സുരാജിലെ നടന്റെ റേഞ്ച് ഒന്നുകൂടി വ്യക്തമാക്കുന്ന സിനിമയാണിത്.
മകളുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അച്ഛനായും കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാത്ത കായിക പ്രേമിയായ കോച്ചായും സുരാജ് പ്രകടനമികവ് പുറത്തെടുക്കുന്നു. നോട്ടത്തിലും മൂളലിലും വരെ തന്നിലെ മികച്ച അഭിനേതാവിനെ പുറത്തെടുക്കാൻ ഫൈനൽസിലെ വർഗീസ് എന്ന കഥാപാത്രം സുരാജിന് അവസരം നൽകുന്നു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ രജിഷ കാണിക്കുന്ന മിടുക്കിനെയും അഭിനന്ദിക്കേണ്ടതുണ്ട്. സൈക്ലിസ്റ്റിന്റെ ശരീരഭാഷയും വഴക്കവും പ്രകടിപ്പിക്കമ്പോൾ തന്നെ പാതിവഴിയിൽ തകർന്നപോകുന്ന സ്വപ്നവുമായി ജീവിക്കേണ്ടി വരുന്ന ആലീസിന്റ ദുരവസ്ഥയും രജിഷ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. പ്രകടന മികവ് കൊണ്ട് ഫൈനൽസിൽ എടുത്തു പറയേണ്ട മറ്റൊരു പേര് നിരഞ്ജൻ രാജുവിന്റേതാണ്.
      സൈക്ലിംഗ് സീനുകളിലെയും മലയോര പ്രദേശത്തെ മാരത്തോണിന്റെയും വേഗവും മത്സരവീര്യവും അനുഭവിപ്പിക്കുന്നതാണ് സുദീപ് ഇളമണിന്റെ ക്യാമറ. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത സ്‌പോർട്സ് ജോണർ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചതിലൂടെ ഫൈനൽസ് സുദീപിന്റെ കരിയർ ഗ്രാഫ് ഉയർത്തുമെന്ന് തീർച്ച. കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതവും സ്‌പോർട്സ് ഡ്രാമയുടെ ഒഴുക്കിനും വേഗത്തിനോടും ഇഴചേർന്നു നിൽക്കുന്നതു തന്നെ.
       രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഒരുപാട് കായിക താരങ്ങൾക്കുള്ള ആദരവാണ് ഈ ചിത്രം. ഒപ്പം പ്രതിസന്ധികളിൽ വീണു തീരാതെ വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന അപര സ്‌നേഹത്തിന്റെ ഉദാത്തമായ ജീവിത ചിത്രവും.

സ്ത്രീശബ്ദം, 2019 ഒക്ടോബർ
മുഖ്യധാരാ സിനിമ രാഷ്ട്രീയം പറയുമ്പോൾ


കേവല കലാസ്വാദന തലത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയം മന്നോട്ടു വയ്ക്കുകയും സാമൂഹിക ബോധം പുലർത്തുകയും ചെയ്യുന്ന തലത്തിലേക്ക് മലയാളത്തിന്റെ മുഖ്യധാരാ സിനിമകൾ മാറിയിരിക്കുവെന്നത് സമീപകാലത്തു സംഭവിച്ച ശ്രദ്ധേയമായ വസ്തുതയാണ്. രാഷ്ട്രീയ ബോധം വച്ചു പുലർത്തുകയെന്നത് സമാന്തര സിനിമയുടെ മാത്രം ഉത്തരവാദിത്തമായിട്ടാണ് നടന്നു പോന്നിരുന്നത്. ഈ നടപ്പുരീതിയെ പൊളിച്ചു കളയുന്ന രണ്ടു സിനിമകളാണ് അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട'യും, അഷ്രഫ് ഹംസയുടെ 'തമാശ'യും. സൂപ്പർ താരം നായകനായ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഉണ്ടയ്ക്ക്.
     

 'ഉണ്ട'യിലെ അരികു ജീവിതങ്ങൾ

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പോലീസ് സിനിമ എന്ന ലേബൽ ഒട്ടിച്ചു വന്ന ഉണ്ടയുടെ പ്രധാന ആകർഷണം മമ്മൂട്ടി പോലീസാകുന്നു എന്നതു തന്നെയായിരുന്നു. നായകന്റെ പേരും ഇൻട്രോ സീനുമടക്കം അടിയിടി വെടിച്ചില്ല് പ്രയോഗങ്ങളുടെ തിരയേറ്റം പ്രതീക്ഷിച്ചിരുന്ന താരാരാധകർക്കിടയിലേക്ക് 'ഉണ്ടയുമില്ല, അണ്ടിയുമില്ല, നമുക്ക് നമ്മളേ ഒള്ളൂ' എന്ന ദൈന്യത കലർന്ന വാക്കുകളുമായി വന്നു ചേരുന്ന എസ്.ഐ മണികണ്ഠനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇതു തന്നെയാണ് ഉണ്ട എന്ന സിനിമ മന്നോട്ടുവയ്ക്കുന്ന വലിയ ധൈര്യവും. മലയാളത്തിലെ നടപ്പ് സൂപ്പർ താര രീതിക്ക് ചേരാത്ത മണിയെന്ന പേരും നൽകി കൂട്ടത്തിലൊരു പോലീസുകാരൻ മാത്രമാക്കി നിർത്തി അവരിലൂടെ തനിക്ക് സമൂഹത്തോടു പറയാനുള്ള കാര്യങ്ങൾ വ്യക്തമായ തിരഭാഷ നൽകുകയാണ് ഖാലിദ് റഹ്മാൻ.
       ചത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന പോലിസുകാരുടെ കഥ പറയുന്ന ഉണ്ടയുടെ പ്രമേയം മലയാളം ഇതുവരെ പരീക്ഷിക്കാത്തതാണ്. ഡോ.ബിജുവിന്റെ 'കാടു പൂക്കുന്ന നേര'ത്തിൽ മാവോയിസ്റ്റ് മേഖലയിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന പോലിസ് ബറ്റാലിയൻ തന്നെയാണ് കേന്ദ്രം. എന്നാൽ ഇരു സിനിമകളടേയും പ്രമേയത്തിൽ സമാനതയില്ല.
      പോലീസ് സിനിമയായിട്ടു കൂടി സൂപ്പർ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരടക്കം ഉണ്ടയിൽ ഒന്നും അമാനുഷികമല്ലെന്നതാണ് ഈ സിനിമ നൽകുന്ന വലിയ സന്തോഷം. ജീവിതം അത്രമാത്രം സാധാരണമാണ്. ചുറ്റുപാടിലെ ഏറ്റവും മാനസിക സമ്മർദ്ദമുള്ള തൊഴിലുകളിലൊന്നിൽ ഏർപ്പെടുന്ന പോലീസുകാർ ആരും അമാനുഷികരല്ല. ഉണ്ടയിൽ പോലിസുകാരന്റെ ജീവിതവും സൗഹൃദവും നിസ്സഹായതയും ആത്മധൈര്യവുമെല്ലാം കടന്നുവരുന്നുണ്ട്. ജീവിതത്തോട് അടുത്തുനിൽക്കുന്ന സിനിമ തികഞ്ഞ രാഷ്ട്രീയ ബോധം പുലർത്തുന്നു. ജനിച്ച മണ്ണിൽ നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്ന ആദിവാസി ജീവിതം, മാവോയിസ്റ്റ് ചാപ്പ കുത്തൽ, രാജ്യത്തെ ഇലക്ടറൽ സിസ്റ്റത്തിലെ പാകപ്പിഴകൾ, ജാതീയത, വർഗാധിക്ഷേപം.. തുടങ്ങി ഉണ്ട സംസാരിക്കുന്ന രാഷ്ടീയം തീവ്രമാണ്.
        'എനിക്ക് ഞാനായാൽ മതി' ബിജു എന്ന ഗോത്രവർഗക്കാരനായ പോലീസുകാരന്റെ ഈ നിസ്സഹായത അത്രയെളുപ്പം കാഴ്ചക്കാരനിൽ നിന്ന് പിടിവിടില്ല. 'ഈ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിൽ എത്തിയാൽ പിന്നെ ഞാനീ സർവീസിൽ ഉണ്ടാകില്ല. മതിയായി. എല്ലാവരും ഒരുപാട് കളിയാക്കിയിട്ടുണ്ട്. എനിക്കു വേദനിക്കും. എനിക്കു ഞാനായാൽ മതി' ബിജുവിനെക്കൊണ്ട് സമൂഹം പറയിപ്പിക്കുന്നതാണിത്.
     ആദിവാസി എന്നും കാട്ടുവാസി എന്നും കളിയാക്കി നിർദോഷമെന്നു കരുതി പറയുന്ന പലതും ആ മനുഷ്യരിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഉണ്ടയിലെ ബിജുകുമാർ എന്ന പോലിസുകാരൻ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുകയാണത്.
      


 
ബോഡി ഷെയ്മിംഗ് അത്ര 'തമാശ'യല്ല

തടിയോട്, മെലിച്ചിലിനോട്, കറുപ്പിനോട്, പൊക്കക്കുറവിനോട് എല്ലാം നമുക്ക് വലിയ അസഹിഷ്ണുതയാണ്. അപരന്റെ ജീവിതത്തിൽ ഇതെല്ലാം വലിയ കുറവായിക്കണ്ട് അവനെ സദാ കളിയാക്കുകയും തരം കിട്ടിയാൽ ഉപദേശിക്കുകയും മറ്റുള്ളവരോട് അടക്കം പറയുകയും ചെയ്തുകൊണ്ടിരിക്കണം നമുക്ക്. തടിച്ചവർ, മെലിഞ്ഞവർ, കറുത്തവർ.. ഇവരെല്ലാം ലോകത്തോട് എന്തോ വലിയ തെറ്റ് ചെയ്തവരാണെന്ന പോലെ സദാ സൂക്ഷിച്ചു നോക്കിയും നിരീക്ഷിച്ചും അവരെ അകലെ മാറ്റി നിർത്തും.
      ശരീരത്തിലെ ഈ വക കാര്യങ്ങൾ വ്യക്തികൾക്ക് ഒരു കുറവായി തോന്നിയില്ലെങ്കിൽ പോലും ഇതു വലിയൊരു പ്രശ്നമാണെന്ന തരത്തിൽ ചിത്രീകരിക്കാൻ വല്ലാത്തൊരു വ്യഗ്രതയാണ് സമൂഹത്തിന്. ഏതു കാലത്തും അത് ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ നവ മാധ്യമ കാലത്ത് ഈ ഷെയ്മിംഗ് കറേക്കൂടി മറനീക്കി പ്രകടമാക്കാനും അവസരമുണ്ടായിരിക്കുന്നു.
         സമൂഹം തുടർന്നപോരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുകയാണ് നവാഗത സംവിധായകൻ അഷ്രഫ് ഹംസയുടെ 'തമാശ'. ശ്രീനിവാസൻ മാഷും ചിന്നുവുമാണ് 'തമാശ'യിൽ സമൂഹത്തിന്റെ കണ്ണിലെ കുറവുകളുടെ പ്രതിനിധികൾ. മുടിയില്ലാത്ത ആണും തടിക്കൂടുതലുള്ള പെണ്ണും. ചുറ്റുപാടിനെ നേരിടാൻ ആദ്യമൊന്ന് അങ്കലാപ്പിലാകുന്ന ചിന്നുവും ശ്രീനിവാസനും പിന്നീട് ഒരു കേക്ക് തിന്നുന്ന ലാഘവത്തോടെയും മധുരത്തോടെയുമാണ് അവസ്ഥയെ മറികടക്കുന്നത്. കഥാപാത്രങ്ങളിങ്ങനെ ശുഭകരമായ ചിന്ത തന്ന് അവസാനിക്കമ്പോഴും സമൂഹത്തിലെ 'പെർഫെക്ട്' ആയ മനുഷ്യർക്ക് ചിന്നുമാരും ശ്രീനിവാസന്മാരും എപ്പോഴും വലിയ തമാശകളാണ്. ഇതു തന്നെയാണ് തമാശയെന്ന സിനിമ മന്നോട്ടുവയ്ക്കുന്ന ഗൗരവമായ ചിന്തയും.

സ്ത്രീശബ്ദം, 2019 ജൂലൈ

ഇഷ്‌ക് പ്രണയമല്ല, പറയുന്നത് രാഷ്ട്രീയം തന്നെ

ഒരു പ്രണയകഥയല്ല എന്നതായിരുന്നു ഇഷ്‌കിന് അതിന്റെ അണിയറ പ്രവർത്തകർ നൽകിയ ടാഗ് ലൈൻ. ഇഷ്‌ക് കണ്ടു കഴിയുമ്പോൾ ഇത് കേവലമൊരു പ്രണയകഥയല്ലെന്ന് നമുക്കും ബോധ്യപ്പെടും. ഇഷ്‌കിൽ പേരു പോലെ നിറയെ പ്രണയമുണ്ട്. വസുധയുടെയും സച്ചിയുടെയും പ്രണയം. പ്രണയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും വാക്കുകളും ശരീരവുമാണ് അവർക്കുള്ളത്. പ്രണയത്തിന്റെ ആവേശവും അമ്പരപ്പും ആർദ്രതയും സദാ പുണരുന്ന ചെറുപ്പം. രണ്ടു പേർ ചുംബിക്കുമ്പോൾ അവരിലേക്ക് മാത്രമായി ഒതുങ്ങുന്ന സുന്ദരമായൊരു ലോകമുണ്ട്. രണ്ടു പേരുടെ ചുംബനത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത മൂന്നാമനിൽ അത് അസ്വാരസ്യമുണ്ടാക്കുന്നുണ്ടെങ്കിലാണ് അത് സദാചാരം എന്ന പ്രശ്നത്തിലേക്ക് എത്തുന്നത്. സദാചാരം സംരക്ഷിക്കാൻ സമൂഹം ഒരു കാലത്തും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ തന്നെ അത് ആരെങ്കിലും സംരക്ഷിക്കേണ്ടതായ ഒരു പ്രശ്നമായിട്ട് സമൂഹത്തിന് തോന്നിയിട്ടുമില്ല. എന്നാൽ കൂടി ചിലർ അത് സ്വയം ഏറ്റെടുക്കുമ്പോഴാണ് സദാചാര സംരക്ഷകർ എന്ന ഒരു വിഭാഗം തന്നെ ഉടലെടുക്കുന്നത്. പുറം മോടിക്കപ്പുറത്ത് അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കേരളത്തിന്റെ ഈ സദാചാര മനസ്സിനെ തുറന്നു കാട്ടുകയാണ് പുതുമുഖ സംവിധായകൻ അനുരാജ് മനോഹർ ഇഷ്‌കിലൂടെ.
       വസുധയുടേയും സച്ചിയുടേയും  പ്രണയത്തിലേക്ക് ഒരു കാരണവുമില്ലാതെ എത്തിനോക്കുകയും ഇടപെടുകയും ചെയ്യുന്ന ആൽബിക്ക് നമ്മൾ നിരന്തരം കേൾക്കുന്ന സദാചാര സംരക്ഷണ ഇടപെടലുകളിലെ മുഖ്യ പുരുഷന്റെ മുഖമാണ്. സമൂഹത്തിന്റെ നല്ല നടപ്പിന് വേണ്ടി എന്ന പ്രതീതി സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന ആൽബിമാർ യഥാർഥത്തിൽ എല്ലാ കൊള്ളരുതായ്മകളുടേയും  മൊത്തക്കച്ചവടക്കാരായിരിക്കും. ഇഷ്‌കിൽ ഷൈൻ ടോം ചാക്കോ അസാധാരണമായി അഭിനയിച്ചു ഫലിപ്പിച്ച ആൽബിയെ ഇത്തരം നൂറു ചീത്ത പ്രവൃത്തികളുടെ സഹചാരിയായിട്ടു തന്നെയാണ് അവതരിപ്പിക്കുന്നത്. ഇത്തരക്കാർ പുറമേയ്ക്ക് അലക്കിത്തേച്ച ഉടുപ്പുകളണിഞ്ഞ്, വെളുക്കെ ചിരിച്ച്, ശരീരം കൊണ്ടും വാക്കുകൊണ്ടും ചുറ്റിലും വിശ്വാസം സൃഷ്ടിച്ച് നിലകൊള്ളുന്നവരായിരിക്കും. അകമെയോ, എല്ലാ വൃത്തികേടുകളുടെയും സങ്കുചിത മനസ്ഥിതിയുടെയും കൂട്ടിരിപ്പുകാരും. തനിക്ക് സാധ്യമാകാത്തതിനോടൊക്കെ അയാളിൽ ഒരു തരം ചൊരുക്ക് പ്രകടമായിക്കും. അതാണ് അവസരം ഒരുങ്ങുമ്പോൾ സദാചാര സംരക്ഷകന്റെ രൂപത്തിൽ പുറത്തുവരിക.
      
      സദാചാര ഭീഷണിയും  ഗുണ്ടായിസവുമായി നിരവധി സംഭവങ്ങളാണ് അടുത്തിടെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഇടപെടലിൽ മനം മടുത്ത് ആത്മഹത്യ ചെയ്തവരിൽ ആണും പെണ്ണുമുണ്ട്. ഇത്തരമൊരു സാമൂഹിക സാഹചര്യം നിലനിൽക്കുന്നയിടത്തേക്കാണ് ഈ വിഷയം കേന്ദ്ര പ്രമേയമാക്കി ഇഷ്‌ക് വരുന്നത്. അതുകൊണ്ടുതന്നെ ഇഷ്‌ക് ഒരു പ്രണയകഥയല്ല എന്ന് അണിയറ പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന ടാഗ് ലൈനിന് പ്രസക്തി ഏറുകയാണ്.
       പലവട്ടം പറഞ്ഞ സബ്ജക്ടിനെ തനിക്ക് പറയാനുള്ള വഴിയിൽ ഫോക്കസ് ചെയ്ത് പുതുമ കണ്ടെത്തുകയും കാണികളെ എൻഗേജ് ചെയ്യിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇഷ്‌കിന്റെ സംവിധായകൻ അഭിനന്ദനമർഹിക്കുന്നത്. പ്രണയവും സദാചാര പോലീസിംഗുമായി മുന്നോട്ടു പോകുന്ന ആദ്യ പകുതിയിൽ തിരക്കഥയിൽ വലിയ പുതുമകളൊന്നും കാണാനാവില്ല. നായകനും നായികയും അനുഭവിക്കുന്ന വീർപ്പുമുട്ടൽ കാണികളിലും എത്തിക്കുന്ന സംവിധായക മികവിലാണ് ഈ ഭാഗത്തിന്റെ ജീവൻ നിലനിൽക്കുന്നത്. എന്നാൽ രണ്ടാം പകുതിയാകട്ടെ, സദാചാര പോലീസിംഗിന് നായകൻ നൽകുന്ന മറുപടിയിലാണ് ഇഷ്‌കിന്റെ മർമ്മമിരിക്കുന്നത്. ഒട്ടും അമാനുഷികമായല്ല അയാളെക്കൊണ്ട് സിനിമ പ്രതികാരം ചെയ്യിക്കുന്നത്. ശരീരത്തിലേൽപ്പിക്കുന്ന മുറിവിനേക്കാൾ ആഴത്തിൽ തൊടുന്ന മാനസിക പീഡകളാണ് സദാചാര സംരക്ഷകനായ പ്രതിനായകന് കാത്തുവച്ചിട്ടുള്ളത്. ഇതാണ് ഇഷ്‌കിനെ ക്ലിഷേ പ്രമേയ പരിസരത്തിൽ നിന്ന് ഉയർത്തി പുതുമ നൽകുന്നത്.
       നായകനിൽ / എല്ലാ ആണിലുമുള്ള പ്രതിനായകത്വത്തെ കാണിക്കാനും മറക്കുന്നില്ല എന്നിടത്ത് ഇഷ്‌ക് നയികയ്ക്ക്/ പെണ്ണിന് ഒപ്പം ചേരുകയാണ്. സിനിമയുടെ ടേയ്ൽ എൻഡിൽ നായകനു നേരെ നീളുന്ന നായികയുടെ നടുവിരൽ പുരുഷന്റെ അപ്രമാദിത്വത്തിനെയും വ്യക്തിത്വത്തിനെയുമാകെ ചോദ്യം ചെയ്തു കൊണ്ടുള്ളതാണ്. ഇവിടെയാണ് ഇഷ്‌ക് അതിന്റെ യഥാർഥ രാഷ്ട്രീയം തുറന്നു പ്രഖ്യാപിക്കുന്നതും പ്രണയ സിനിമയല്ലാതായി മാറുന്നതും.
         ജീവസ്സുറ്റ ദൃശ്യപരിചരണം, അതിൽ ഏറെയും രാത്രി യാത്രയിലെ ഫ്രെയിമുകൾ, നമ്മളെപ്പോലുള്ള മനുഷ്യർ, അവരുടെ സംസാരങ്ങൾ. ഇതെല്ലാം ഇഷ്‌കിന്റെ മികവുകളാണ്. ചുറ്റുപാടിൽ നിന്ന് ഒട്ടും അകലെയല്ലാത്ത സുന്ദരമായൊരു ചെറിയ സിനിമ.
      ഫഹദിനു ശേഷം പുതിയ തലമുറയിൽ ഒരു നടനെ കണ്ടിരിക്കാനുള്ള കൗതുകം തോന്നിയിട്ടുള്ളത്
ഷെയ്ൻ നിഗത്തിനെയാണ്. ഈ തോന്നൽ ഇരട്ടിപ്പിക്കാനും അയാളുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കാൻ തോന്നിപ്പിക്കാനും ഇഷ്‌കിനാകുന്നുണ്ട്. എത്ര ലാളിത്യത്തോടെയാണ് ഷെയ്ൻ കഥാപാത്രമായി മാറുന്നത്, എന്തൊരു ചിരിയാണ് അയാളുടെ കണ്ണുകളിൽ, പ്രതികാരം ചെയ്യുന്നതു പോലും എത്ര സൗമ്യനായി.
      പ്രണയം നിറഞ്ഞ കണ്ണുകളുള്ള കാമുകിയും, പിന്നീട് നിസ്സഹായയായ പെൺകുട്ടിയുടെ മാനസികാവസ്ഥയും, ഒടുക്കം ഉറച്ച നിലപാടുള്ള പെണ്ണിന്റെ ശരീരഭാഷയും ചേർത്തുവയ്ക്കുന്ന ആൻ ശീതളിന്റെ ഫ്രഷ് ഫേയ്സ് മലയാള സിനിമയ്ക്ക് അത്രയെളുപ്പം വിട്ടുകളയാനാവില്ലെന്നു തോന്നുന്നു.

സ്ത്രീശബ്ദം, 2019 ജൂൺ