ചതുരവടിവിലുള്ള ഒറ്റക്കാഴ്ച പ്രദാനം ചെയ്യുന്നതിൽ നിന്ന് പല വിതാനത്തിലേക്കും ജോണറിലേക്കും മാറുമ്പോഴാണ് ഒരു ഇൻഡസ്ട്രി വ്യത്യസ്തത പുലർത്തുന്നുവെന്ന് പറയാനാകുക. മലയാള സിനിമ അത്തരമൊരു വഴിയിലേക്കുള്ള സഞ്ചാരത്തിലാണെന്ന് തോന്നുന്നു. അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സിനിമകൾ, തൊട്ടപ്പൻ, വൈറസ്, തമാശ, ഇവ പ്രമേയ പരിസരത്തിലെയും ആഖ്യാനത്തിലെയും വ്യത്യസ്തത കൊണ്ട് സൃഷ്ടിക്കുന്ന അകലം ശ്രദ്ധേയമാണ്. കാണികളുടെ പ്രശംസയ്‌ക്കൊപ്പം സമൂഹ മാധ്യമ ചർച്ചകളിലടക്കം സജീവമായ ഇടം കണ്ടെത്താനും ഈ സിനിമകൾക്കായി.
വൈറസ് അതിജീവന കാലത്തിന്റെ ഓർമ്മപ്പെടുത്തൽ
ഒരു വർഷം മുമ്പ് ഇതേ കാലത്താണ് നിപാ വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയത്. നമ്മൾ കൂട്ടായി നേരിട്ട ആ ഭയത്തിന്റെ നാളുകളുടെ ഓർമ്മപ്പെടുത്തലും അതിജീവനത്തിന്റെ ആശ്വാസവുമാണ് ആഷിഖ് അബുവിന്റെ വൈറസ് എന്ന സിനിമ. സംസ്ഥാനത്തെ മുഴുവൻ മനുഷ്യരും വായിച്ചും കേട്ടുമറിഞ്ഞു കഴിഞ്ഞ സംഭവത്തെ സിനിമാറ്റിക്കായ ഭാവനയോ അതിഭാവുകത്വമോ വരുത്താതെ നേരെ പകർത്തിവയ്ക്കുകയാണ് ടീം വൈറസ് ചെയ്തിട്ടുള്ളത്. എന്നാൽ ഒരു സർവൈവൽ ത്രില്ലറിന്റെ മൂഡ് നിലനിർത്തുന്നുമുണ്ട്.
നിപാ ബാധിതരിലേക്കും അവരുടെ പ്രിയപ്പെട്ടവരുടെ വേദനയിലേക്കും രക്ഷയ്ക്കായുള്ള മെഡിക്കൽ ടീമിന്റെയും അതോറിറ്റിയുടേയും പരിശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നതാണ് സിനിമയുടെ ആദ്യപകുതി. കാഴ്ചക്കാരന്റെ തൊണ്ടയിൽ അയാളറിയാതെ തന്നെ വേദന കലർന്ന ഉമിനീര് കിനിഞ്ഞിറങ്ങുകയും കണ്ണുകൾ നനഞ്ഞു പോകുന്നതുമാണ് ഈ സെഗ്മെന്റ്. സിനിമ കൂടുതൽ എൻഗേജ്ഡ് ആകുന്നതും തിയേറ്റർ പൂർണ നിശബ്ദതയിലേക്ക് മാറി കാണികൾ അവരവരിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്യുന്നുണ്ട് ഈ ആദ്യ പകുതിയിൽ. 17 പേരെ മരണത്തിലേക്ക് എത്തിച്ച നിപാ വൈറസിന്റെ ഉറവിടമന്വേഷിക്കുന്ന രണ്ടാം പകുതി ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ളതും ഇത്തരമൊരു മെഡിക്കൽ സർവൈവൽ ത്രില്ലറിന്റെ ഗൗരവവും വേഗക്കുറവും സൂക്ഷിക്കുന്നതുമാണ്. ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെയും ആത്മവിശ്വാസം കെടാതെയും മറികടന്ന വൻദുരന്തത്തെ ആരോഗ്യ മന്ത്രിയുടെ പ്രസംഗത്തിലെ ആശ്വാസവും പ്രതീക്ഷയും കലർന്ന വാക്കുകളിലൂടെ അവതരിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.
മേക്കിംഗിലെ കൈയടക്കം കൊണ്ട് ആഷിഖ് അബുവിലെ സംവിധായകൻ ഒരു പടി കൂടി മുന്നോട്ടു പോകുന്ന സിനിമയാണ് വൈറസ്. അയാളുടെ ഓരോ സിനിമയും പുതിയ സിനിമയാണെന്ന് ഒന്നുകൂടി പറഞ്ഞു വയ്ക്കുന്നു. രാജീവ് രവിയും ഷൈജു ഖാലിദും ക്യാമറ കൊണ്ടും സുശീൽ ശ്യാം പശ്ചാത്തല സംഗീതം കൊണ്ടും വൈറസിന്റെ കാഴ്ചയിൽ പ്രകടമായ സാന്നിധ്യമാകുമ്പോൾ ഈ സിനിമയുടെ കാസ്റ്റിംഗിന് അതിഗംഭീരമായൊരു കൈയടി നൽകേണ്ടതുണ്ട്. വിപണി മൂല്യമുള്ള ഒന്നിലധികം താരങ്ങൾ സിനിമയുടെ ഭാഗമാകുമ്പോൾ അവർക്കു വേണ്ടി തിരക്കഥയിൽ വെട്ടും തിരുത്തും കൂട്ടിച്ചേർപ്പും വരുത്തുന്നതാല്ലോ പതിവ് കച്ചവട സമവാക്യം. എന്നാൽ വൈറസിന്റെ തിരക്കഥയിൽ ഇതിന് പ്രസക്തിയേ ഇല്ല. സമൂഹത്തിന്റെ പരിച്ഛേദമായ മനുഷ്യരായി കടന്നു വരുന്നവർ മാത്രമാണ് താരങ്ങൾ ഈ സിനിമയിൽ. എന്നാൽ എല്ലാവരേയും ഓർത്തുവയ്ക്കാൻ മാത്രം എന്തെങ്കിലുമൊന്ന് സിനിമ നൽകുന്നുമുണ്ട്. അഭിനേതാക്കളെ തിരിച്ചറിഞ്ഞ് ഉപയോഗിച്ചിരിക്കുന്നതിലെ മികവ് തന്നെയാണ് ഇതിനു കാരണം. എല്ലാവരും മികവു കാണിക്കുമ്പോഴും ശ്രീനാഥ് ഭാസിയും പാർവതിയും സൗബിനും പ്രകടനം കൊണ്ട് ഒരു പടി മുന്നിൽ നിൽക്കുന്നുണ്ടെന്നു പറയാതെ വയ്യ.
സ്വന്തം ഭാഷയിൽ ഒരു മെഡിക്കൽ സർവൈവ് ത്രില്ലർ കണ്ടു പരിചയമില്ലാത്തവരാണ് നമ്മൾ. വൈറസിനെ ആ ഗൗരവത്തോടെ തന്നെ കാണണമെന്നാണ് തോന്നുന്നത്.
നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കുന്ന 'തമാശ'
അടുത്തിടെ നടൻ അനൂപ് ചന്ദ്രന്റെ കല്യാണ നിശ്ചയത്തിന്റെ വാർത്തയും ഫോട്ടോയും ഓൺലൈൻ പോർട്ടലുകളുടെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിനു താഴെ വന്ന ഇമോജികളിലേറെയും കളിയാക്കിക്കൊണ്ടുള്ള ചിരിയുടേതായിരുന്നു. കമന്റുകളും അപ്രകാരമുള്ളവ തന്നെ. പ്രശ്നം അനൂപ് ചന്ദ്രന്റെ തടിച്ച ശരീരവും രൂപവുമാണ്. പെൺകുട്ടിയുടെ രൂപവും പലർക്കുമിഷ്ടപ്പെട്ടില്ല. അതോടെ തുടങ്ങി ബോഡി ഷെയ്മിംഗ്. ഇതാണ് നമ്മുടെയൊരു ശീലം. തടിയോട്, മെലിച്ചിലിനോട്, കറുപ്പിനോട്, പൊക്കക്കുറവിനോട് എല്ലാം നമുക്ക് വലിയ അസഹിഷ്ണുതയാണ്. അപരന്റെ ജീവിതത്തിൽ ഇതെല്ലാം വലിയ കുറവായിക്കണ്ട് അവനെ സദാ കളിയാക്കുകയും തരം കിട്ടിയാൽ ഉപദേശിക്കുകയും മറ്റുള്ളവരോട് അടക്കം പറയുകയും ചെയ്തുകൊണ്ടിരിക്കണം നമുക്ക്. തടിച്ചവർ, മെലിഞ്ഞവർ, കറുത്തവർ.. ഇവരെല്ലാം ലോകത്തോട് എന്തോ വലിയ തെറ്റ് ചെയ്തവരാണെന്ന പോലെ സദാ സൂക്ഷിച്ചു നോക്കിയും നിരീക്ഷിച്ചും അവരെ അകലെ മാറ്റി നിർത്തും.
ശരീരത്തിലെ ഈ വക കാര്യങ്ങൾ വ്യക്തികൾക്ക് ഒരു കുറവായി തോന്നിയില്ലെങ്കിൽ പോലും ഇതു വലിയൊരു പ്രശ്നമാണെന്ന തരത്തിൽ ചിത്രീകരിച്ച് അവരിൽ അപകർഷത നിറയ്ക്കാൻ വല്ലാത്തൊരു വ്യഗ്രതയാണ് സമൂഹത്തിന്. ഏതു കാലത്തും അത് ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ നവ മാധ്യമ കാലത്ത് ഈ ഷെയ്മിംഗ് കുറേക്കൂടി മറനീക്കി പ്രകടമാക്കാനും അവസരമുണ്ടായിരിക്കുന്നു.
അഷ്രഫ് ഹംസയുടെ 'തമാശ' എന്ന ചിത്രം സമൂഹം വ്യക്തികൾക്കു മേൽ നിർബാധം തുടർന്നുപോരുന്ന ബോഡി ഷെയ്മിംഗ് എന്ന പ്രശ്നത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ശ്രീനിവാസൻ മാഷും ചിന്നുവുമാണ് 'തമാശ'യിൽ സമൂഹത്തിന്റെ കണ്ണിലെ കുറവുകളുടെ പ്രതിനിധികൾ. മുടിയില്ലാത്ത ആണും തടിക്കൂടുതലുള്ള പെണ്ണും. ചുറ്റുപാടിനെ നേരിടാൻ ആദ്യമൊന്ന് അങ്കലാപ്പിലാകുന്ന ചിന്നുവും ശ്രീനിവാസനും പിന്നീട് ഒരു കേക്ക് തിന്നുന്ന ലാഘവത്തോടെയും മധുരത്തോടെയുമാണ് അവസ്ഥയെ മറികടക്കുന്നത്. കഥാപാത്രങ്ങളിങ്ങനെ ശുഭകരമായ ചിന്ത തന്ന് അവസാനിക്കുമ്പോഴും സമൂഹത്തിലെ 'പെർഫെക്ട്' ആയ മനുഷ്യർക്ക് ചിന്നുമാരും ശ്രീനിവാസന്മാരും എപ്പോഴും വലിയ തമാശകളാണ്. ഇതു തന്നെയാണ് തമാശയെന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ഗൗരവമായ ചിന്തയും.
ബഹളങ്ങളൊന്നുമില്ലാത്ത, മുഷിപ്പിക്കാത്ത, എന്നാൽ രസകരമായ ഒരു ചെറിയ സിനിമ. നിരന്തരം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ തന്നെ ജീവിതമല്ലാതെ മറ്റൊന്നുമില്ലിതിൽ.
തൊട്ടപ്പനെന്ന അലിവിന്റെ വറ്റാത്ത ഉറവ
ഫ്രാൻസിസ് നൊറോണയുടെ കഥ, വിനായകൻ ടൈറ്റിൽ റോൾ ചെയ്യുന്നു. ഇതു രണ്ടുമായിരുന്നു തൊട്ടപ്പന്റെ ആകർഷണങ്ങൾ. നൊറോണയുടെ തൊട്ടപ്പനിൽ നിന്ന് പി.എസ് റഫീഖിന്റെ തൊട്ടപ്പനെഴുത്തിലേക്ക് നല്ല ദൂരമുണ്ട്. ഭ്രമാത്മകതയും ഫാന്റസിയും ജൈവികതയും ചേർന്ന ഒന്നാന്തരം വായനാനുഭവമായിരുന്നു നൊറോണയുടെ കഥ. മൂലകഥ മാത്രം കടമെടുത്ത് സ്വതന്ത്രാഖ്യാനമൊരുക്കുകയാണ് റഫീഖും ഷാനവാസ് കെ.ബാവക്കുട്ടിയും ചെയ്തിരിക്കുന്നത്. ഈ മാറ്റത്തിലും സിനിമ ആകർഷകമാണ്.
ഏറ്റവും സാധാരണരായ മനുഷ്യരും അവരുടെ ലോകവുമാണ് തൊട്ടപ്പനിലാകെ. മലയാള സിനിമയിങ്ങനെ തുരുത്തിലേക്കും പച്ചമനുഷ്യന്റെ ചിരിയിലേക്കും മഹാ സങ്കടങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു എന്നതു തന്നെയാണ് ശുഭകരമായ മാറ്റം. കടമക്കുടിയിലെ കായൽപരപ്പും നടവഴിയും കണ്ടൽക്കാടുമെല്ലാം തൊട്ടപ്പനിൽ കഥാപാത്രങ്ങൾക്കും മീതേ നിൽക്കുന്ന സാന്നിധ്യങ്ങളാണ്. ഇവയെ കൂടുതൽ ഉളളിൽ തൊടീക്കുന്ന ക്യാമറയാണ് തൊട്ടപ്പന്റെ പ്ലസുകളിൽ മുന്നിൽ. പിന്നെ തൊട്ടപ്പന്റെ സംഗീതവും.
പരുക്കനും ഉളളിൽ അലിവിന്റെ വറ്റാത്ത ഉറവയുമുള്ള തൊട്ടപ്പനായി വിനായകൻ സ്‌ക്രീനിൽ വരുമ്പോൾ നാട്യമില്ലാത്ത സ്വാഭാവികാഭിനയത്തിന്റെ പൂർണത ഒരിക്കൽകൂടി നമ്മൾ അനുഭവിക്കുന്നു. തുരുത്തിലൂടെ നടന്നുപോകുന്ന, കളള് ഷാപ്പിൽ ഇരിക്കുന്ന, അടിയുണ്ടാക്കുന്ന, വലിഞ്ഞു മുറുകിയ മുഖവുമായി ബീഡി വലിക്കുന്ന ഈ മനുഷ്യൻ ക്യാമറയ്ക്കു മുന്നിലായിരുന്നോ എന്ന് ഒരു നേരം നമ്മൾ സംശയിക്കും. വിനായകനിലെ നടനിൽ ഇനിയുമേറെ അത്ഭുതങ്ങൾ ബാക്കിയുണ്ട്. വിനായകൻ മലയാളത്തിലെ മറ്റു അഭിനേതാക്കളുടെ മുന്നിൽ വയ്ക്കുന്ന വെല്ലുവിളിയും ഈ സ്വാഭാവികതയെ മറികടക്കുക എന്നതാണ്.
കഥയിൽ തൊട്ടപ്പനേക്കാളും സിനിമയിൽ തൊട്ടപ്പന്റയത്രയും പ്രധാന്യമുള്ള സാറയെ പൂർണതയിലെത്തിച്ച പ്രിയംവദയും ഈ സിനിമയുടെ കണ്ടെത്തലാണ്.
അക്ഷരകൈരളി, 2019 ജൂലൈ
No comments:
Post a Comment