Saturday, 16 November 2019

അപരന്റെ സ്വപ്നങ്ങളെ ചേർത്തു പിടിക്കുമ്പോൾ

വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറി വീണ് നൊമ്പരമായി മാറിയ ഷൈനി ഷൈലസ് എന്ന സൈക്ലിസ്റ്റിനുള്ള സമർപ്പണവും അവരുടെ ഓർമകളിലേക്കു കാണികളെ മടക്കിക്കൊണ്ടു പോവുകയുമാണ് പി.ആർ അരുണിന്റെ ഫൈനൽസ്. ഷൈനിയുടെ കഥ പറയുകയല്ല ഫൈനൽസ്. വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രക്കിടെ അവിചാരിതമായി തളർന്നുവീഴുന്ന ഒരാളുടെ സ്വപ്നം പൂർത്തീകരിക്കാനുള്ള അപരന്റെ വലിയ മനസ്സും അതിനായുള്ള പരിശ്രമവുമാണ് ഈ സിനിമയുടെ പ്രമേയ പരിസരമാകുന്നത്. മറ്റൊരാളുടെ സ്വപ്നം ലക്ഷ്യത്തിലെത്തിക്കുന്നതിനു വേണ്ടി സ്വന്തം സ്വപ്നമെന്നതു പോലെ പരിശ്രമിക്കുകയും അത് സാക്ഷാത്കരിക്കുകയും ചെയ്യമ്പോൾ മനുഷ്യൻ എന്ന ജീവിയുടെ സഹാനുഭൂതിക്കും പരിഗണനയ്ക്കും വലിയ അർഥം കൈവരുന്നു.
      ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ നിന്നുമുള്ള ആലീസ് എന്ന പെൺകുട്ടിയാണ് ഫൈനൽസിലെ കേന്ദ്രം. 2020ലെ ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ട് സൈക്ലിംഗ് പരിശീലിക്കുകയാണവൾ. സൈക്ലിംഗിൽ ആലീസ് കാണിച്ച മികവ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ അത്ലറ്റിക് കോച്ച് കൂടിയായ അച്ഛൻ വർഗീസാണ് അവളുടെ പ്രോത്സാഹനം. ഒളിമ്പിക്സിലെ മെഡൽ എന്ന ലക്ഷ്യത്തിലേക്കുള്ള മകളുടെ യാത്രയിലെ വലിയ പ്രചോദനവും അയാൾ തന്നെ. മകൾ ഒളിമ്പിക്സിൽ സ്വർണം നേടുന്ന ദിവസത്തിനായിട്ടാണ് അയാൾ കാത്തിരിക്കുന്നത്. ജീവിതത്തിലെയും കളിക്കളത്തിലെയും പല തിരിച്ചടികൾക്കു പിറകെയുള്ള അയാളുടെ ഏക പ്രതീക്ഷയാണ് മകളുടെ കരിയർ. ആ മഹത്തായ ലക്ഷ്യത്തിലേക്ക് ഓരോ പടി ചവിട്ടിയടുക്കമ്പോഴും അവരുടെ ആത്മവിശ്വാസം വാനോളമുയരുന്നു. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് ചില വേളകളിൽ ജീവിതം അവിചാരിതമായ വഴിത്തിരിവുകൾ കാത്തുവച്ചിട്ടുണ്ടാകും. അത് നല്ലതോ ചീത്തതോ ആകാം. ആലീസിന്റെ ജീവിതത്തിലും അതാണ് സംഭവിക്കുന്നത്.
      ഒരു സ്‌പോർട്സ് ഡ്രാമ എന്നതിനെക്കാൾ മാനുഷിക ബന്ധങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്ന സിനിമ എന്നിടത്താണ് ഫൈനൽസിന്റെ സ്ഥാനം. സ്‌പോർട്സ് സിനിമയുടെ വേഗം സൂക്ഷിക്കുന്നതിനൊപ്പം ബന്ധങ്ങളിലെ ഇഴയടുപ്പത്തിന്റെ തീവ്രാനുഭവത്തിനു കൂടി സിനിമ പ്രാധാന്യം നൽകുന്നു. നവാഗതനായ പി.ആർ അരുൺ തിരക്കഥയിൽ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മികവും ആഖ്യാനത്തിലും കാണിക്കുന്നിടത്താണ് ഫൈനൽസ് വിരസമല്ലാത്ത കാഴ്ചയായി മാറുന്നത്. ഓരോ സീക്വൻസിലും അപ്രവചനീയത ഒളിപ്പിച്ചു വയ്ക്കാനും കാണികളെ ഉദ്വേഗത്തിലാക്കാനും ശേഷിയുള്ളതാണ് കഥപറച്ചിൽ ശൈലി.
      കേരളത്തിലെ സ്‌പോർട്സ്, അത്ലറ്റിക് അസാസിയേഷനിലെ ഉള്ളറക്കളികളിലേക്കും ഫൈനൽസ് കടന്നു ചെല്ലുന്നുണ്ട്. അസോസിയേഷനിലെ രാഷ്ട്രീയ ഇടപെടലും പ്രതിഭകളായ കായിക താരങ്ങളുടെ അവസരം നിഷേധിക്കപ്പെടുന്നതും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതും സിനിമ തുറന്നു കാട്ടുകയും  ചോദ്യം ചെയ്യുകയും ചെയ്യുന്നു. മത്സര വേളകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ നമ്മുടെ കായിക താരങ്ങൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വരാറുള്ള അവഗണനയയും ചോദ്യം ചെയ്ത് സിനിമ അതിന്റെ സാമൂഹിക നിലപാട് തുറന്നു പ്രഖ്യാപിക്കുന്നു.
      സ്‌പോർട്സ് അസോസിയേഷന്റെ കണ്ണിലെ കരടാണ് സുരാജ് അവതരിപ്പിക്കുന്ന കോച്ച് കഥാപാത്രം. സുരാജിലെ നടന്റെ റേഞ്ച് ഒന്നുകൂടി വ്യക്തമാക്കുന്ന സിനിമയാണിത്.
മകളുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അച്ഛനായും കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാത്ത കായിക പ്രേമിയായ കോച്ചായും സുരാജ് പ്രകടനമികവ് പുറത്തെടുക്കുന്നു. നോട്ടത്തിലും മൂളലിലും വരെ തന്നിലെ മികച്ച അഭിനേതാവിനെ പുറത്തെടുക്കാൻ ഫൈനൽസിലെ വർഗീസ് എന്ന കഥാപാത്രം സുരാജിന് അവസരം നൽകുന്നു. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ രജിഷ കാണിക്കുന്ന മിടുക്കിനെയും അഭിനന്ദിക്കേണ്ടതുണ്ട്. സൈക്ലിസ്റ്റിന്റെ ശരീരഭാഷയും വഴക്കവും പ്രകടിപ്പിക്കമ്പോൾ തന്നെ പാതിവഴിയിൽ തകർന്നപോകുന്ന സ്വപ്നവുമായി ജീവിക്കേണ്ടി വരുന്ന ആലീസിന്റ ദുരവസ്ഥയും രജിഷ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു. പ്രകടന മികവ് കൊണ്ട് ഫൈനൽസിൽ എടുത്തു പറയേണ്ട മറ്റൊരു പേര് നിരഞ്ജൻ രാജുവിന്റേതാണ്.
      സൈക്ലിംഗ് സീനുകളിലെയും മലയോര പ്രദേശത്തെ മാരത്തോണിന്റെയും വേഗവും മത്സരവീര്യവും അനുഭവിപ്പിക്കുന്നതാണ് സുദീപ് ഇളമണിന്റെ ക്യാമറ. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത സ്‌പോർട്സ് ജോണർ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചതിലൂടെ ഫൈനൽസ് സുദീപിന്റെ കരിയർ ഗ്രാഫ് ഉയർത്തുമെന്ന് തീർച്ച. കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതവും സ്‌പോർട്സ് ഡ്രാമയുടെ ഒഴുക്കിനും വേഗത്തിനോടും ഇഴചേർന്നു നിൽക്കുന്നതു തന്നെ.
       രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഒരുപാട് കായിക താരങ്ങൾക്കുള്ള ആദരവാണ് ഈ ചിത്രം. ഒപ്പം പ്രതിസന്ധികളിൽ വീണു തീരാതെ വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന അപര സ്‌നേഹത്തിന്റെ ഉദാത്തമായ ജീവിത ചിത്രവും.

സ്ത്രീശബ്ദം, 2019 ഒക്ടോബർ

No comments:

Post a Comment