കുറച്ച് നോവലുകളും കഥകളും എഴുതിയതിന്റെ പേരിൽ ഒരു ദിവസം സാംസ്‌കാരിക നായകൻ എന്നു വിളിക്കുന്നതിൽ എന്തോ പിശകുണ്ടെന്നാണ് എന്റെ തോന്നൽ. എനിക്കതിന് എന്ത് അർഹതയാണുള്ളത്. കഥകളും നോവലുകളും എഴുതുന്നത് സാഹിത്യത്തോടുള്ള ഇഷ്ടവും സമർപ്പണവും കൊണ്ടാണ്. അതിനപ്പുറം ഒരു നായകനാകേണ്ട യാതൊന്നും ഞാൻ അവിടെ ചെയ്യുന്നില്ല. എന്നെ സംബന്ധിച്ച് ഞാൻ സാംസ്‌കാരിക നായകനേയല്ല. അതെന്റെ പരിമിതിയായിരിക്കാം. ഞാൻ അത് അംഗീകരിക്കാൻ തയ്യാറാണ്. അഥവാ ഇതുപോലുള്ള കാഴ്ചപ്പാടുകൾ തെറ്റാണെങ്കിൽ അതുകൂടി ചേർന്നതാണ് വി.ജെ.ജയിംസ്.
എഴുത്തുകാരന്റെ യഥാർത്ഥ പ്രതികരണങ്ങൾ നടക്കുന്നത് അയാളുടെ കൃതികളിലാണ്. അയാൾക്ക് സമൂഹത്തോട് പറയാനുള്ളതൊക്കെ അതിലുണ്ടാകും. ഉത്തമ കൃതിക്ക് സമൂഹത്തെ നവീകരിക്കാനും പ്രശ്നങ്ങളുടെ മൂലവേരറുക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാനും കഴിയുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അത്തരം കൃതികൾ കാലത്തെ അതിവർത്തിച്ച് നിലകൊള്ളുകയും മനസ്സിനെയും സമൂഹത്തെയും വിമലീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഒരു വ്യക്തി എല്ലാ കാലത്തും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയായിരിക്കും ഒരു നല്ല സാഹിത്യകാരൻ കൃതിയിലാക്കാൻ ആഗ്രഹിക്കുക. എന്റെ അഭിപ്രായത്തിൽ സാഹിത്യകാരന്റെ പ്രധാന ആക്ടിവിസം എഴുത്തു തന്നെയാണ്. അതിലാണ് അയാൾ സ്വയം സമർപ്പണം നടത്തേണ്ടത്. ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് വി.ജെ.ജയിംസ് തന്റെ എഴുത്തുലോകത്തെക്കുറിച്ച് സംസാരിക്കുന്നു.
നിശബ്ദനായി ഇരുന്ന് എഴുതുന്നയാളാണ് വി.ജെ.ജയിംസ്. അയാളെ ബഹളങ്ങളിലോ വാദമുഖങ്ങളിലോ കാണാറില്ല. എങ്ങനെയാണ് എഴുത്തിൽ ഇത്തരമൊരു ധ്യാനാവസ്ഥ നിലനിർത്തിക്കൊണ്ടു പോരുന്നത്?
അക്ഷരത്തോടുള്ള സമർപ്പണമായിട്ടാണ് എഴുത്തിനെ കാണുന്നത്. നമ്മൾ നിശബ്ദമായിരുന്ന് നമ്മുടെ ജോലി ചെയ്യുക. മറ്റൊന്നിലും ശ്രദ്ധിക്കേണ്ട. അതിന്റെ വരുംവരായ്കകളോ ഫലത്തെപ്പറ്റിയോ ഒന്നും വ്യാകുലപ്പെടേണ്ടതില്ല. നമ്മളായിട്ട് ഒന്നും കണ്ടെത്തേണ്ട, അക്ഷരം സ്വയം അതിന്റെ വഴി കണ്ടെത്തിക്കോളും. എന്താണോ തേടി വരാനുള്ളത് അത് തേടി വന്നിരിക്കും. ഇപ്പോൾ തന്നെ വയലാർ അവാർഡ് നോക്കൂ. അത് തേടി വന്നു. അല്ലാതെ നമ്മൾ അവാർഡിനെ തേടിച്ചെല്ലുകയല്ല. അതാണ് സംഭവിക്കുന്നത്. അതിന് ഒരു സ്വാഭാവികതയുണ്ട്. ആ സ്വാഭാവിക താളത്തിൽ പോകുക എന്നതാണ് എന്റെ ആഗ്രഹം.
എഴുത്തിന്റെ തുടക്കകാലം എങ്ങനെയായിരുന്നു?
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻജിനീയറിംഗിന് പഠിക്കുമ്പോൾ 'സാഹിത്യ' എന്ന സംഘടനയുടെ ഉദ്ഘാടനത്തിന് വായിക്കാൻ വേണ്ടി ആദ്യകഥ എഴുതി. 'സംഘം ചേർന്നവരുടെ സങ്കീർത്തനം' എന്നായിരുന്നു ആ കഥയുടെ പേര്. ആ കഥയാണ് പിന്നീട് ദത്താപഹാരം എന്ന നോവൽ ആയി മാറ്റി എഴുതുന്നത്. ആ കഥ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷേ ആ പ്രമേയത്തിന് ഒരു സാദ്ധ്യത ഉണ്ടെന്ന് തോന്നിയതുകൊണ്ട് മാറ്റിയെഴുതി. അന്ന് കഥ അച്ചടിക്കുക എന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. പഠനത്തിലായിരുന്നു ശ്രദ്ധ. 'ദത്താപഹാര'ത്തിൽ ഉപയോഗിച്ചിരിക്കുന്നത് അത്തനേഷ്യസ് കോളേജിന്റെ പശ്ചാത്തലമാണ്.
എൺപതുകളിൽ വി.എസ്.എസ്.സിയിൽ ജോലി കിട്ടിയതിനു ശേഷമാണ് പിന്നീട് കഥകളെഴുതാൻ തുടങ്ങിയത്. കഥ മാസികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വരുന്നത്. പിന്നെ കുങ്കുമത്തിൽ 'ഞങ്ങൾ ഉല്ലാസ യാത്രയിലാണ്', 'കൂടാരം'എന്നീ കഥകൾ വന്നു. പ്രധാന സാഹിത്യ പ്രസിദ്ധീകരണങ്ങളിലൊക്കെ അന്ന് കഥകൾ അയച്ചിട്ടുണ്ടെങ്കിലും അതൊന്നും അച്ചടിച്ചു വന്നില്ല. പിന്നെയാണ് നോവലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകം ഡി.സി രജത ജൂബിലി പുരസ്‌കാരം നേടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ മുമ്പ് അയച്ചുകൊടുത്ത് പ്രസിദ്ധീകരിക്കാതിരുന്ന കഥ അതേ പ്രസിദ്ധീകരണം തന്നെ അച്ചടിച്ച രസകരമായ അനുഭവവും ഉണ്ട്.
ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിനു പിന്നിൽ ഏറെക്കാലത്തെ അദ്ധ്വാനമുണ്ട്. ആ നോവലിലേക്ക് എത്തിയ വഴിയിലെ സംഘർഷങ്ങൾ, അനുഭവങ്ങൾ?
ഒരു വനവാസ കാലവും ഒരു വർഷത്തെ അജ്ഞാത വാസവുമുണ്ട് പുറപ്പാടിന്റെ പുസ്തകത്തിനു പിന്നിൽ. 1986 ലാണ് അതിന്റെ എഴുത്ത് തുടങ്ങിയത്. വെട്ടിയും തിരുത്തിയും മിനുക്കിയും എഴുതി. ഭാഷയിലും അവതരണത്തിലും പുതുമ കൊണ്ടുവരാനുള്ള ശ്രമമാണ് ആ മിനുക്കലിനു പിന്നിൽ. ക്ഷമയോടെയുള്ള തിരുത്തൽ ആ നോവലിന് ഗുണം ചെയ്തിട്ടുണ്ട്. നോവൽ പൂർത്തിയായ ശേഷം പ്രസിദ്ധീകരണങ്ങൾക്ക് അയച്ച് പിന്നെയും കാത്തിരിക്കേണ്ടി വന്നു. എം.ടിക്ക് ഒരു കത്തെഴുതി. അദ്ദേഹം പറഞ്ഞതനുസരിച്ച് മാനുസ്‌ക്ര്ര്രിപ് അയച്ചുകൊടുത്തു. പക്ഷേ ആ സമയത്താണ് എം.ടി മാതൃഭൂമിയിൽനിന്ന് രാജിവയ്ക്കുന്നത്. പിന്നീട് കലാകൗമുദിക്കു വേണ്ടി എൻ.ആർ.എസ് ബാബു സാറിനെ നേരിൽ കണ്ട് മാനുസ്‌ക്രി്ര്രപ് നൽകി. അത് പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന സമയത്താണ് മാധവിക്കുട്ടിയുടെ നോവൽ കലാകൗമുദിക്ക് കിട്ടുന്നത്. അങ്ങനെ അച്ചടി നടന്നില്ല. അങ്ങനെയിരിക്കെയാണ് ഡി.സി നോവൽ മത്സരത്തെപ്പറ്റി കേട്ടത്. കേട്ടതല്ല, ട്രെയിൻ യാത്രക്കിടെ യാദൃശ്ചികമായി കൈയിൽ കിട്ടിയ പത്രത്തിൽ നിന്നാണ് മത്സരത്തെപറ്റി അറിയുന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ അതിലേക്ക് അയച്ചുകൊടുത്തു. ഒരുപക്ഷേ അന്ന് പുരസ്‌കാരം കിട്ടിയില്ലായിരുന്നെങ്കിൽ പുറപ്പാടിന്റെ പുസ്തകവും അതിന്റെ എഴുത്തുകാരനും തന്നെ തമസ്‌കരിക്കപ്പെട്ടു പോകാനും മതി. പലപ്പോഴും പുതിയ എഴുത്തുകാർക്ക് നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധിയാണിത്.
പുറപ്പാടിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1999ലാണ്. പിന്നീട് താരതമ്യേന കുറഞ്ഞ കാലയളവിൽ ആറ് നോവലുകൾ കൂടി വി.ജെ ജയിംസിന്റേതായി പുറത്തുവന്നു. നോവലുകൾക്ക് പിന്നിൽ വലിയ മാനസിക അദ്ധ്വാനം വേണ്ടിവരുന്നതാണ്. എങ്ങനെയാണ് ഇത് സാധിക്കുന്നത്?
എഴുത്തിൽ മാത്രം ശ്രദ്ധിക്കുക എന്നതാണ് എന്റെ രീതി. മറ്റു കാര്യങ്ങളിൽ അമിതമായ ഉത്കണ്ഠയോ ശ്രദ്ധയോ പുലർത്തേണ്ടതായി തോന്നിയിട്ടില്ല. നോവലുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന ആശങ്ക പോലും വെടിഞ്ഞിട്ടാണ് വീണ്ടും എഴുതുന്നത്. അക്ഷരത്തോടുള്ള ഒരു സ്‌നേഹമോ സമർപ്പമോ ഒക്കെയായി ഇതിനെ കാണാം. എഴുത്തിൽ ഒരു ധ്യാനം എന്നുമുണ്ടായിരുന്നു. ഒരുപക്ഷേ മറ്റു പലരും അനുഭവിക്കുന്ന പല സുഖങ്ങളും എഴുത്തിനുവേണ്ടി നമ്മൾ വേണ്ടെന്നു വച്ചിട്ടുണ്ടാകാം. കാരണം ഇത്രയും നോവലുകളുടെ പരിശ്രമം ആലോചിച്ചാൽ പേടി തോന്നും. പക്ഷേ അതൊന്നും ചിന്തിക്കുന്നില്ല. ആ സമയത്ത് തോന്നുന്നു, എഴുതിപ്പോകുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിരീശ്വരൻ ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് ഇയാൾ മറ്റ് ആറ് നോവലുകൾ എഴുതിയിട്ടുള്ളയാളാണ് ഞാൻ എന്ന് പലരും അറിയുന്നത്.
ഉത്തരാധുനികതയുടെ തുടക്കകാലമായ 1990കളിൽ എഴുതിത്തുടങ്ങിയ ആളാണ് വി.ജെ.ജയിംസ്. കഥാകാരൻ എന്നതിനെക്കാൾ തുടർച്ചയായി നോവലുകൾ എഴുതിയ എഴുത്തുകാരൻ എന്ന തരത്തിലാണ് ജയിംസിനെ മലയാള സാഹിത്യം അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ നോവലുകൾ രൂപപ്പെട്ട വഴി ഓർത്തെടുക്കാമോ?
ഏറ്റവും വെല്ലുവിളിയായി തോന്നിയ കൃതി ദത്താപഹാരമാണ്. മൂന്നു വർഷത്തോളമെടുത്തു പൂർത്തിയാകാൻ. ഇതിന്റെ പ്രമേയപരിസരത്ത് സാധാരണമായി ചിന്തിക്കുന്ന ഒരാൾക്ക് എത്തിച്ചേരുക എളുപ്പമാകണമെന്നില്ല. പ്രമേയത്തെ കഥാപാത്രങ്ങളിലൂടെയും ബേസ്‌മെന്റിലൂടെയും കാലാനുഗതമായി കൊണ്ടുപോകാനുള്ള നല്ല ശ്രദ്ധ വേണ്ടിവന്നു.
ഫ്രെഡി റോബർട്ട് എന്ന വ്യക്തി സ്വയം പ്രകൃതിയായി മാറുന്ന താദാത്മ്യത്തെ വരച്ചിടാനുള്ള ശ്രമമായിരുന്നു അത്. എഴുതിത്തീർന്നപ്പോൾ നോവലെന്ന തരത്തിൽ ഞാൻ നന്നായി ആസ്വദിച്ചു. പുറപ്പാടിന്റെ പുസ്തകമാണ് കൂടുതൽ കാലമെടുത്ത് എഴുതിയതെന്ന് നേരത്തെ പറഞ്ഞല്ലോ. അപരിചിതമായ ജീവിത രീതികളും ഭാഷയും മിത്തുകളുമൊക്കെ ചേർന്ന ഒരു തുരുത്താണ് പശ്ചാത്തലം. അതിൽ കുറേ കാലഗണനയും ഒരുപാട് കഥാപാത്രങ്ങളും ചേർന്നു വരുന്ന സങ്കീർണതയുണ്ട്. അവയെ ചിതറിപ്പോകാതെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരു ജാഗ്രത ആവശ്യമുണ്ടായിരുന്നു. ഒരുപക്ഷേ എൻജിനീയറിംഗ് പഠനം ഈ ബന്ധിപ്പിച്ചു നിർത്തലിനെ സഹായിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
'ചോരശാസ്ത്രം'എനിക്ക് തന്നെ ഉണ്ടായ ഒരു സ്വകാര്യ അനുഭവത്തിൽനിന്നാണ് ഉണ്ടായത്. ഒരു രാത്രിയിൽ വീടിന്റെ മുൻവാതിൽ ആരോ കമ്പിയോ മറ്റോ ഉപയോഗിച്ച് തുറക്കുന്നതായി തോന്നുന്നു. എഴുന്നേറ്റ് ടോർച്ചടിച്ച് നോക്കുമ്പോൾ, ടോർച്ചിന്റെ വൃത്തത്തിൽ താക്കോൽപ്പഴുതാണ് കാണുന്നത്. 'നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ' എന്നതാണ് അപ്പോൾ മനസ്സിലേക്ക് വന്നു വീഴുന്നത്. ആ പാതിരാത്രിയിൽ തന്നെ ചോരശാസ്ത്രം എഴുതിത്തുടങ്ങി.
വി.എസ്.എസ്.സി ലൈബ്രറിയിൽ നിന്ന് ഒരു സയന്റിഫിക് ജേണൽ വായിച്ചിടത്തു നിന്നാണ് 'ലെയ്ക്ക' ഉരുത്തിരിഞ്ഞത്. അധിക ഗവേഷണമൊന്നും വേണ്ടി വന്നില്ല. പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ ജേണലിൽനിന്ന് ലഭിച്ചു. മറ്റ് വിവരങ്ങൾ എന്റെ ജോലിയുടെ ഭാഗമായി ലഭിച്ചതാണ്.
'നിരീശ്വരൻ' എന്ന വാക്കാണ് ആദ്യം മനസിൽ വന്നത്. ഒരു വിത്തിൽനിന്ന് ഒരു ചെടി പൊട്ടി മരമായി മാറി കായ്ഫലങ്ങൾ ഉണ്ടാകുന്നത് പോലെ ബാക്കി ഉരുത്തിരിഞ്ഞു വരികയായിരുന്നു.
അവനവന്റെ ഉള്ളിലേക്ക് സത്യസന്ധമായി നോക്കാനുള്ള ക്ഷണമാണ് നിരീശ്വരൻ. കടമ്പ താണ്ടാനുള്ള പാലം മാത്രമാണ് ആവാഹിച്ചിരുത്തിയ കല്ലെന്ന് ഈശ്വരൻ എമ്പ്രാന്തിരിയെന്ന കഥാപാത്രം നോവലിൽ പറയുന്നുണ്ട്. മനസ്സിന്റെ സ്‌ഫോടനശക്തി അപാരമാണ്. അതിനെ കേന്ദ്രീകരിച്ച് ഒരേ ബിന്ദുവിലാക്കുവാനായി എന്തിലെങ്കിലും ഒന്ന് അർപ്പിക്കണം, അല്ലെങ്കിൽ എന്തിലെങ്കിലും ഒന്നു ചായണം സാധാരണ മനുഷ്യന്. അത് ഈശ്വര വിശ്വാസമാകാം. രാഷ്ട്രീയ വിശ്വാസം പോലുമാകാം. അവർ സർവ വിശ്വാസവും ശക്തിയും കൊണ്ടങ്ങ് സമർപ്പിക്കുമ്പോൾ മനസ്സ് തീവ്രമായി ആഗ്രഹിക്കുകയാണ്. ഇതിനിടെ വിശ്വാസത്തെയും അവിശ്വാസത്തെയും മാറിനിന്ന് നോക്കാനുള്ള ശ്രമമാണ് നിരീശ്വരൻ.
മെക്കാനിക്കൽ എൻജിനീയറിംഗ് പഠനം. വി.എസ്.എസ്.സിയിലെ ജോലി. ശാസ്ത്ര പശ്ചാത്തലം എഴുത്തിന് ഗുണകരമാണോ, അതോ സങ്കീർണമാക്കുന്നുണ്ടോ? സാങ്കേതികതയും സർഗാത്മകതയും തമ്മിൽ സംഘർഷത്തെക്കുറിച്ച്?
എൻജിനീയറിംഗ് എഴുത്തിനെ തുണച്ചിട്ടേയുള്ളൂ. തടസ്സമായി തോന്നിയിട്ടില്ല. ജോലിയും എഴുത്തും രണ്ടായിട്ടാണ് കാണുന്നത്. ജോലി ഒരു നിശ്ചിത ടൈം ലിമിറ്റിൽ തുടങ്ങി പൂർത്തിയാകുന്നു. എന്നാൽ ഈ ജോലിയുടെ സവിശേഷ സ്വഭാവം എഴുത്തുമായി ബന്ധിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ശാസ്ത്രത്തിലൂടെയുള്ള കടന്നുപോകൽ നിരീശ്വരനും ലെയ്ക്കയും എഴുതാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പ്രത്യക്ഷമായ തലങ്ങളാണ് ലെയ്ക്കയിൽ ഉപയോഗിക്കുന്നത്. നിരീശ്വരനിൽ ശാസ്ത്രത്തിന്റെ സൂക്ഷ്മതയിലേക്ക് കടന്നുചെന്ന് ദർശനവുമായി കൂട്ടിമുട്ടിക്കാനുള്ള ശ്രമമാണുള്ളത്.
വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയം എന്താണ്?
നേരത്തെ എഴുത്തുകാരന്റെ പ്രതികരണങ്ങളെപ്പറ്റി പറഞ്ഞപോലെ എന്റെ രാഷ്ട്രീയം കഥാപാത്രങ്ങളിൽ തന്നെ കാണാം. അരികുവത്കരിക്കപ്പെട്ടവരെ ഉൾപ്പെടെ സമഭാവനയോടെ ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണത്. ഒന്നിനെയും അകറ്റി നിർത്താനോ ഭിന്നിപ്പിക്കാനോ പ്രപഞ്ചം മുതിരുന്നില്ല. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും ചേർത്തുകൊണ്ട് എല്ലാത്തിനും ഇടം നൽകുന്ന ബഷീറിയിൻ സങ്കല്പമുണ്ടല്ലോ, അതിനോടാല്ലോ എനിക്ക് ചായ്വ്.
പുസ്തകങ്ങൾ വേണ്ടവിധം വായിക്കപ്പെട്ടെന്ന് തോന്നുന്നുണ്ടോ? സോഷ്യൽ മീഡിയയിലെ നിരൂപണത്തിനും ചർച്ചയ്ക്കും അഭിപ്രായ പ്രകടനങ്ങൾക്കുമുള്ള സാദ്ധ്യതകളെ എങ്ങനെ കാണുന്നു?
വായനക്കാരൻ തന്നെ നിരൂപകനാകുന്ന വലിയൊരു സാദ്ധ്യത അവിടെയുണ്ട്. പുസ്തകങ്ങൾ ഇപ്പോൾ ധാരാളമായി വായിക്കപ്പെടുന്നുണ്ട്. ചോരശാസ്ത്രം പത്താം പതിപ്പിലെത്തി. പുറപ്പാടിന്റെ പുസ്തകവും നിരീശ്വരനുമൊക്കെ എട്ടും ഒമ്പതും പതിപ്പുകൾ പിന്നിട്ടു. മറ്റു പുസ്തകങ്ങൾക്കും നാലും അഞ്ചും പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞു. മുമ്പ് നിരൂപകരിലൂടെയായിരുന്നു പുസ്തകങ്ങൾ അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്. നിരൂപകരുടെ ശ്രദ്ധയിൽ ഒരു കൃതി പെട്ടില്ലെങ്കിൽ അത് തമസ്‌കരിക്കപ്പെട്ടു പോകാനുള്ള സാദ്ധ്യത അധികമായിരുന്നു. നിരീശ്വരൻ വരുന്നതു വരെ ഇങ്ങനെയൊരു അവസ്ഥ ഏറെക്കുറെ ഞാനും നേരിട്ടിട്ടുണ്ട്. നിരീശ്വരൻ മാതൃഭൂമിയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റു നോവലുകൾക്കും കഥകൾക്കും പഠനങ്ങളും സോഷ്യൽ മീഡിയ വായനകളും ധാരാളമുണ്ടായി. വായനക്കാരൻ തന്നെ നിരൂപകനാകുന്ന ഈ സോഷ്യൽ മീഡിയ സാദ്ധ്യത എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഗുണം തന്നെയാണ്.
വാരാന്ത്യകൗമുദി, 2019 ഒക്ടോബർ 13
No comments:
Post a Comment