കെ.ജി ജോർജിനു ശേഷം തുടർച്ചയായി പരീക്ഷണ സിനിമകളുടെ ധാര തീർക്കുന്ന ഒരു സ്‌കൂൾ മലയാളത്തിന് അന്യമായിരുന്നു. നിലനിൽക്കുന്ന സേഫ് സോൺ മാതൃകകളിൽ നിന്നു മാറി പരീക്ഷണം നടത്തുന്ന സിനിമകൾ എല്ലാക്കാലവും ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒന്നുകിൽ സമാന്തര സിനിമകളുടെ സ്വഭാവം അപ്പടി ഉൾക്കൊണ്ട് ഭൂരിഭാഗം കാണികളിൽ നിന്ന് അകന്നു നിൽക്കുന്നവയോ അതല്ലെങ്കിൽ ജനപ്രിയ സാധ്യതകളുടെ അനാവശ്യ ഉപയോഗപ്പെടുത്തലുകളാൽ കൈവിട്ടു പോകുന്ന പട്ടമാവുകയുമാണ് പതിവ്. സമാന്തര, പരീക്ഷണ സിനിമകളെ സാമാന്യ ജനത്തോട് കറേക്കൂടി അടുപ്പിക്കുന്നവയും അവരുടെ ജീവൽപ്രശ്നങ്ങളെ മാനസികമായി അപഗ്രഥിക്കുകയും ചെയ്യുന്നവയായിരുന്നു കെ.ജി ജോർജ് സിനിമകൾ. അതുകൊണ്ടുതന്നെ അവ കാലത്തെ അതിജീവിച്ച് നിലകൊള്ളുകയും ഒരു നിശ്ചിത സ്വഭാവം പുലർത്തുന്ന കാണിവിഭാഗത്തിനെ മാത്രം പ്രതിനിധീകരിക്കാതെ വലിയ വിതാനത്തിലേക്ക് ഉയരുകയും ചെയ്തു. കെ.ജി ജോർജ് സിനിമാഖ്യാന രീതിക്ക് ഇന്നുമുള്ള പ്രസക്തിയും തുടരാഖ്യാന, പഠന സാദ്ധ്യതയും ഇതു തന്നെ.
മലയാള സിനിമയുടെ നടപ്പുകാലത്ത് കെ.ജി ജോർജിനെ പോലെ ചലച്ചിത്ര കലയിൽ പുതുതായി തനിക്ക് എന്തു ചെയ്യാനാകും എന്ന് നിരന്തര അന്വേഷണം നടത്തുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അയാൾ പൂർവ്വ മാതൃകകളെയും ശീലങ്ങളേയും പാടേ തള്ളിക്കളഞ്ഞ് തന്റേതു മാത്രമായ പുതിയൊരു ശൈലിക്ക് രൂപം കൊടുക്കാനാണ് പരിശ്രമിക്കുന്നത്. ഇത്തരം പരീക്ഷണമാണ് ഒരു പതിറ്റാണ്ടായി ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയിൽ ചെയ്തു പോരുന്നത്. അയാളുടെ പരീക്ഷണങ്ങൾക്ക് ആദ്യകാലത്ത് കാണികൾ അത്രകണ്ട് ശ്രദ്ധ കൊടുത്തില്ല. ആ പരീക്ഷണങ്ങളുടെ തലത്തിലായിരുന്നില്ല അന്നത്തെ മലയാള സിനിമയും കാണികളും സഞ്ചരിച്ചിരുന്നത് എന്നതായിരുന്നു ഈ ശ്രദ്ധക്കുറവിനു കാരണം. എന്നാൽ വളരെ വേഗത്തിൽ ഇതു മാറുകയും അയാൾ ചെയ്യുന്നതിൽ എന്തോ പ്രത്യേകതയുണ്ടെന്ന് കാണികൾക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതേ കാലത്താണ് താരകേന്ദ്രീകരണ സ്വഭാവത്തിനൊപ്പം ഒരു നിര പുതുസംവിധായകരുടെ പേരുകളും മലയാള സിനിമ ശ്രദ്ധിച്ചു തുടങ്ങിയത്.
സിനിമയെന്നത് സംവിധായകന്റെ കലയാണെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ള മറ്റെല്ലാം സംവിധായകന്റെ റോ മെറ്റീരിയൽസ് ആണെന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മതം. നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡിലും ഡബിൾ ബാരലിലും ആമേനിലും അങ്കമാലി ഡയറീസിലും ഈ.മ.യൗവിലും തുടരുന്ന ലിജോ മേക്കിംഗ് സ്‌കൂളിന്റെ അൾട്ടിമേറ്റ് ആയി ജല്ലിക്കട്ടിനെ കാണാം. കാണികൾക്ക് ഏറ്റവും പുതിയ സിനിമ നൽകുന്നതിൽ സദാ ശ്രദ്ധാലുവാണയാൾ. പൂർവ്വ മാതൃകകളൊന്നും അയാളെ ബാധിക്കന്നേയില്ല. നിലനിൽക്കുന്ന സിനിമയെ മറികടന്ന് പുതിയതായി എന്തെങ്കിലും ചെയ്യുകയെന്ന ചിന്തയിൽ സേഫ്‌സോൺ മേക്കിംഗ് രീതികളെ അപ്പാടെ മറികടന്ന് നൂതന പരീക്ഷണങ്ങൾക്ക് മുതിരാൻ ലിജോ ശ്രമിക്കുന്നു. ഇത്തരം പരീക്ഷണങ്ങളാണ് അയാളുടെ ഓരോ സിനിമയും. ഡബിൾ ബാരൽ പോലുള്ള സിനിമകളിൽ ലിജോ പരീക്ഷിച്ച ഇത്തരം ചിന്തകൾക്കൊപ്പം വളരാൻ അന്ന് മലയാളി ആസ്വാദകർ പരിശീലിക്കാതിരുന്നത് ആ സിനിമയുടെ വാണിജ്യ പരാജയമായി ഭവിച്ചെങ്കിൽ ആമേനും അങ്കമാലി ഡയറീസും എത്തിയപ്പോഴേക്കും കാണികൾ ലിജോയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഈ.മ.യൗവിൽ കറേക്കൂടി ഉയരത്തിൽ കാണികൾ ഈ സംവിധായകനെ പ്രതിഷ്ഠിച്ചു. ജല്ലിക്കട്ടിലെ പരീക്ഷണം കണ്ട് കാണികൾ അന്താളിക്കാത്തതും അതിനെ ലോക നിലവാരത്തിൽ പ്രതിഷ്ഠിക്കുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനിലെ പരീക്ഷണങ്ങളെ തിരിച്ചറിയുന്നൊരു വിഭാഗം കാണികൾ കാലുറപ്പിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്.
സിനിമയേക്കാൾ ഉയരത്തിൽ സംവിധായകൻ എത്തിനിൽക്കുന്നതും നായക സ്ഥാനത്ത് കാണികൾ സംവിധായകനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ജല്ലിക്കട്ടിന്റെ തിയേറ്റർ റിലീസ് വേളയിൽ കണ്ടത്. സിനിമയുടെ പരസ്യത്തിനായി തയ്യാറാക്കിയ പോസ്റ്ററുകളിൽ ഒരിടത്തും നടീനടൻമാരുടെ ചിത്രം ഉപയോഗിച്ചിരുന്നില്ല. പോത്തിന്റെ ചിത്രമാണ് പകരം ഉപയോഗിച്ചിരുന്നത്. സിനിമയുടെ മാർക്കറ്റിംഗിനെക്കുറിച്ച് ആവലാതിയില്ലാത്ത, സംവിധായകനിൽ പരിപൂർണ വിശ്വാസമുള്ള നിർമ്മാതാവ് അടക്കമുള്ള ജല്ലിക്കട്ടിന്റെ അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം കൂടിയാണിത് കാണിക്കുന്നത്. ഇങ്ങനെയാണ് ജല്ലിക്കട്ട് പൂർണമായും സംവിധായകന്റെ മാത്രം സിനിമയായി മാറുന്നത്.
കശാപ്പും പോത്തിറച്ചിയും ജീവിതത്തിന്റെ ഭാഗമായ ഒരു മലയോര കുടിയേറ്റ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിലെ പ്രധാന അറവു ദിനമായ ഞായറാഴ്ച പുലർകാലേ കശാപ്പിനിടെ ഇറങ്ങിയോടുന്ന അറവു ജീവിയെ പിടിക്കാനുള്ള ഗ്രാമവാസികളുടെ നെട്ടോട്ടമാണ് നേർക്കാഴ്ചയിൽ ജല്ലിക്കട്ട് എന്ന സിനിമ. എന്നാൽ സിനിമയെന്ന ആർട്ട് ഫോമിന്റെ സാദ്ധ്യതകളും വിതാനവും വലുതാക്കാൻ തന്റെ സിനിമ ഉപയോഗിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന കണ്ടംപററി മാസ്റ്റർ ജല്ലിക്കട്ടിലൂടെ തരുന്നത് വേറൊരു തരം ഉൾക്കാഴ്ചയാണ്. എത്ര പരിഷ്‌കൃതനെന്ന് അവകാശപ്പെടുമ്പൊഴും ആദിമ മനുഷ്യന്റെ കീഴടക്കൽ ത്വര ഉള്ളിൽ സൂക്ഷിക്കുന്നവനാണ് ആധുനിക മനുഷ്യൻ. ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള ഔത്സുക്യവും കീഴ്‌പെടുത്തലിൽ അനുഭവിക്കുന്ന അതിയായ ആനന്ദവും, ആരാര് ശക്തനെന്ന സംശയത്തിൽ അതിശക്തന്റെ അതിജീവിക്കലുമെല്ലാം ശിലായുഗ കാലത്തും ഇന്നും ഒരു പോലെയാണെന്ന് ജല്ലിക്കട്ട് പറഞ്ഞുവയ്ക്കുന്നു.
മലയാള സിനിമയിൽ ലോക സിനിമ കണ്ടെത്തുന്ന സംവിധായകൻ ജല്ലിക്കട്ട് പോലെയൊരു സിനിമയിലൂടെ പുതിയൊരു കാഴ്ച സംസ്‌കാരത്തിലേക്ക് മലയാളി സിനിമാസ്വാദകരെ ക്ഷണിക്കുന്നു. അത് മലയാളി കണ്ടുശീലിച്ചിട്ടുള്ളൊരു സിനിമാസ്വാദനമേ അല്ല. ജല്ലിക്കട്ട് പോലെയുള്ള സിനിമകൾ സംഭവിക്കുന്നത് മലയാളത്തിന്റെ ഭാഗ്യമാണ്. വേറൊരു തരം ആസ്വാദന ശീലം സാധ്യമാകുന്നതിനൊപ്പം വരാനിരിക്കുന്ന സിനിമകളുടെ വിതാനം തന്നെ മാറ്റപ്പെടാനും സിനിമയുടെ കഥതേടലിനെ മുതൽ രൂപഘടനയും ആഖ്യാനത്തെയും മാറ്റിമറിക്കാനും ഇത്തരമൊരു സിനിമ നിമിത്തമായേക്കും.
സ്ത്രീശബ്ദം, 2019 നവംബർ
No comments:
Post a Comment