ഒരു പ്രണയകഥയല്ല എന്നതായിരുന്നു ഇഷ്‌കിന് അതിന്റെ അണിയറ പ്രവർത്തകർ നൽകിയ ടാഗ് ലൈൻ. ഇഷ്‌ക് കണ്ടു കഴിയുമ്പോൾ ഇത് കേവലമൊരു പ്രണയകഥയല്ലെന്ന് നമുക്കും ബോധ്യപ്പെടും. ഇഷ്‌കിൽ പേരു പോലെ നിറയെ പ്രണയമുണ്ട്. വസുധയുടെയും സച്ചിയുടെയും പ്രണയം. പ്രണയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും വാക്കുകളും ശരീരവുമാണ് അവർക്കുള്ളത്. പ്രണയത്തിന്റെ ആവേശവും അമ്പരപ്പും ആർദ്രതയും സദാ പുണരുന്ന ചെറുപ്പം. രണ്ടു പേർ ചുംബിക്കുമ്പോൾ അവരിലേക്ക് മാത്രമായി ഒതുങ്ങുന്ന സുന്ദരമായൊരു ലോകമുണ്ട്. രണ്ടു പേരുടെ ചുംബനത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത മൂന്നാമനിൽ അത് അസ്വാരസ്യമുണ്ടാക്കുന്നുണ്ടെങ്കിലാണ് അത് സദാചാരം എന്ന പ്രശ്നത്തിലേക്ക് എത്തുന്നത്. സദാചാരം സംരക്ഷിക്കാൻ സമൂഹം ഒരു കാലത്തും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ തന്നെ അത് ആരെങ്കിലും സംരക്ഷിക്കേണ്ടതായ ഒരു പ്രശ്നമായിട്ട് സമൂഹത്തിന് തോന്നിയിട്ടുമില്ല. എന്നാൽ കൂടി ചിലർ അത് സ്വയം ഏറ്റെടുക്കുമ്പോഴാണ് സദാചാര സംരക്ഷകർ എന്ന ഒരു വിഭാഗം തന്നെ ഉടലെടുക്കുന്നത്. പുറം മോടിക്കപ്പുറത്ത് അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കേരളത്തിന്റെ ഈ സദാചാര മനസ്സിനെ തുറന്നു കാട്ടുകയാണ് പുതുമുഖ സംവിധായകൻ അനുരാജ് മനോഹർ ഇഷ്‌കിലൂടെ.
വസുധയുടേയും സച്ചിയുടേയും പ്രണയത്തിലേക്ക് ഒരു കാരണവുമില്ലാതെ എത്തിനോക്കുകയും ഇടപെടുകയും ചെയ്യുന്ന ആൽബിക്ക് നമ്മൾ നിരന്തരം കേൾക്കുന്ന സദാചാര സംരക്ഷണ ഇടപെടലുകളിലെ മുഖ്യ പുരുഷന്റെ മുഖമാണ്. സമൂഹത്തിന്റെ നല്ല നടപ്പിന് വേണ്ടി എന്ന പ്രതീതി സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന ആൽബിമാർ യഥാർഥത്തിൽ എല്ലാ കൊള്ളരുതായ്മകളുടേയും മൊത്തക്കച്ചവടക്കാരായിരിക്കും. ഇഷ്‌കിൽ ഷൈൻ ടോം ചാക്കോ അസാധാരണമായി അഭിനയിച്ചു ഫലിപ്പിച്ച ആൽബിയെ ഇത്തരം നൂറു ചീത്ത പ്രവൃത്തികളുടെ സഹചാരിയായിട്ടു തന്നെയാണ് അവതരിപ്പിക്കുന്നത്. ഇത്തരക്കാർ പുറമേയ്ക്ക് അലക്കിത്തേച്ച ഉടുപ്പുകളണിഞ്ഞ്, വെളുക്കെ ചിരിച്ച്, ശരീരം കൊണ്ടും വാക്കുകൊണ്ടും ചുറ്റിലും വിശ്വാസം സൃഷ്ടിച്ച് നിലകൊള്ളുന്നവരായിരിക്കും. അകമെയോ, എല്ലാ വൃത്തികേടുകളുടെയും സങ്കുചിത മനസ്ഥിതിയുടെയും കൂട്ടിരിപ്പുകാരും. തനിക്ക് സാധ്യമാകാത്തതിനോടൊക്കെ അയാളിൽ ഒരു തരം ചൊരുക്ക് പ്രകടമായിക്കും. അതാണ് അവസരം ഒരുങ്ങുമ്പോൾ സദാചാര സംരക്ഷകന്റെ രൂപത്തിൽ പുറത്തുവരിക.
സദാചാര ഭീഷണിയും ഗുണ്ടായിസവുമായി നിരവധി സംഭവങ്ങളാണ് അടുത്തിടെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഇടപെടലിൽ മനം മടുത്ത് ആത്മഹത്യ ചെയ്തവരിൽ ആണും പെണ്ണുമുണ്ട്. ഇത്തരമൊരു സാമൂഹിക സാഹചര്യം നിലനിൽക്കുന്നയിടത്തേക്കാണ് ഈ വിഷയം കേന്ദ്ര പ്രമേയമാക്കി ഇഷ്‌ക് വരുന്നത്. അതുകൊണ്ടുതന്നെ ഇഷ്‌ക് ഒരു പ്രണയകഥയല്ല എന്ന് അണിയറ പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന ടാഗ് ലൈനിന് പ്രസക്തി ഏറുകയാണ്.
പലവട്ടം പറഞ്ഞ സബ്ജക്ടിനെ തനിക്ക് പറയാനുള്ള വഴിയിൽ ഫോക്കസ് ചെയ്ത് പുതുമ കണ്ടെത്തുകയും കാണികളെ എൻഗേജ് ചെയ്യിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇഷ്‌കിന്റെ സംവിധായകൻ അഭിനന്ദനമർഹിക്കുന്നത്. പ്രണയവും സദാചാര പോലീസിംഗുമായി മുന്നോട്ടു പോകുന്ന ആദ്യ പകുതിയിൽ തിരക്കഥയിൽ വലിയ പുതുമകളൊന്നും കാണാനാവില്ല. നായകനും നായികയും അനുഭവിക്കുന്ന വീർപ്പുമുട്ടൽ കാണികളിലും എത്തിക്കുന്ന സംവിധായക മികവിലാണ് ഈ ഭാഗത്തിന്റെ ജീവൻ നിലനിൽക്കുന്നത്. എന്നാൽ രണ്ടാം പകുതിയാകട്ടെ, സദാചാര പോലീസിംഗിന് നായകൻ നൽകുന്ന മറുപടിയിലാണ് ഇഷ്‌കിന്റെ മർമ്മമിരിക്കുന്നത്. ഒട്ടും അമാനുഷികമായല്ല അയാളെക്കൊണ്ട് സിനിമ പ്രതികാരം ചെയ്യിക്കുന്നത്. ശരീരത്തിലേൽപ്പിക്കുന്ന മുറിവിനേക്കാൾ ആഴത്തിൽ തൊടുന്ന മാനസിക പീഡകളാണ് സദാചാര സംരക്ഷകനായ പ്രതിനായകന് കാത്തുവച്ചിട്ടുള്ളത്. ഇതാണ് ഇഷ്‌കിനെ ക്ലിഷേ പ്രമേയ പരിസരത്തിൽ നിന്ന് ഉയർത്തി പുതുമ നൽകുന്നത്.
നായകനിൽ / എല്ലാ ആണിലുമുള്ള പ്രതിനായകത്വത്തെ കാണിക്കാനും മറക്കുന്നില്ല എന്നിടത്ത് ഇഷ്‌ക് നയികയ്ക്ക്/ പെണ്ണിന് ഒപ്പം ചേരുകയാണ്. സിനിമയുടെ ടേയ്ൽ എൻഡിൽ നായകനു നേരെ നീളുന്ന നായികയുടെ നടുവിരൽ പുരുഷന്റെ അപ്രമാദിത്വത്തിനെയും വ്യക്തിത്വത്തിനെയുമാകെ ചോദ്യം ചെയ്തു കൊണ്ടുള്ളതാണ്. ഇവിടെയാണ് ഇഷ്‌ക് അതിന്റെ യഥാർഥ രാഷ്ട്രീയം തുറന്നു പ്രഖ്യാപിക്കുന്നതും പ്രണയ സിനിമയല്ലാതായി മാറുന്നതും.
ജീവസ്സുറ്റ ദൃശ്യപരിചരണം, അതിൽ ഏറെയും രാത്രി യാത്രയിലെ ഫ്രെയിമുകൾ, നമ്മളെപ്പോലുള്ള മനുഷ്യർ, അവരുടെ സംസാരങ്ങൾ. ഇതെല്ലാം ഇഷ്‌കിന്റെ മികവുകളാണ്. ചുറ്റുപാടിൽ നിന്ന് ഒട്ടും അകലെയല്ലാത്ത സുന്ദരമായൊരു ചെറിയ സിനിമ.
ഫഹദിനു ശേഷം പുതിയ തലമുറയിൽ ഒരു നടനെ കണ്ടിരിക്കാനുള്ള കൗതുകം തോന്നിയിട്ടുള്ളത്
ഷെയ്ൻ നിഗത്തിനെയാണ്. ഈ തോന്നൽ ഇരട്ടിപ്പിക്കാനും അയാളുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കാൻ തോന്നിപ്പിക്കാനും ഇഷ്‌കിനാകുന്നുണ്ട്. എത്ര ലാളിത്യത്തോടെയാണ് ഷെയ്ൻ കഥാപാത്രമായി മാറുന്നത്, എന്തൊരു ചിരിയാണ് അയാളുടെ കണ്ണുകളിൽ, പ്രതികാരം ചെയ്യുന്നതു പോലും എത്ര സൗമ്യനായി.
പ്രണയം നിറഞ്ഞ കണ്ണുകളുള്ള കാമുകിയും, പിന്നീട് നിസ്സഹായയായ പെൺകുട്ടിയുടെ മാനസികാവസ്ഥയും, ഒടുക്കം ഉറച്ച നിലപാടുള്ള പെണ്ണിന്റെ ശരീരഭാഷയും ചേർത്തുവയ്ക്കുന്ന ആൻ ശീതളിന്റെ ഫ്രഷ് ഫേയ്സ് മലയാള സിനിമയ്ക്ക് അത്രയെളുപ്പം വിട്ടുകളയാനാവില്ലെന്നു തോന്നുന്നു.
സ്ത്രീശബ്ദം, 2019 ജൂൺ
No comments:
Post a Comment