Saturday, 16 November 2019

ആണവ ദുരന്തത്തിന്റെ ഭയാനകതയും നിഗൂഡതയും നിറച്ച് 'ചെർണോബിൽ'

റഷ്യയിലെ ചെർണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറിയുടെ ഭയാനകതയും ദുരന്തത്തിന്റെ ഉള്ളുകള്ളികളും ചർച്ച ചെയ്യുന്ന 'ചെർണോബിൽ' വെബ് സീരീസ് ഗൗരവമുള്ള കാഴ്ചയുടെ വിതാനമാണ് ഒരുക്കുന്നത്. സോവിയറ്റ് യൂണിയനിലെ ഉക്രൈന്റെ ഭാഗമായിരുന്ന ചേർണോബിൽ ആണവനിലയത്തിലെ പൊട്ടിത്തെറിയും, അത് പുറംലോകം അറിയാതിരിക്കാൻ അന്നത്തെ സോവിയറ്റ് ഭരണകൂടം നടത്തിയ നിഗൂഡ നീക്കങ്ങളുമാന് ചെർണോബിൽ പങ്കുവയ്ക്കുന്നത്. ആണവ ചോർച്ചയെത്തുടർന്ന് റേഡിയേഷനേറ്റ് പിടഞ്ഞുവീഴുന്ന മനുഷ്യന്റെ നിസ്സഹായതയും ദുരന്തത്തിന്റെ കെടുതി കാലങ്ങളോളം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജന്തുജാലങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാകുന്നു ഈ വെബ് സീരീസ്.
യഥാർഥ സംഭവത്തെ നാടകീയവത്കരിക്കാതെയും ഗൗരവം ചോർന്നു പോകാതെയും അവതരിപ്പിച്ചിരിക്കുന്ന ചെർണോബിലിന് മനുഷ്യന്റെ കൈകൾ കൊണ്ടുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ ഭീകരത മുഴുവൻ കാഴ്ചക്കാരിൽ എത്തിക്കാനാകുന്നുണ്ട്. അവതരണത്തിലെയും അഭിനേതാക്കളുടെ പ്രകടനത്തിലെയും മികവു കൊണ്ട് വളരെ ഗംഭീരമെന്ന അഭിപ്രായം കേൾപ്പിച്ച ചെർണോബിൽ ഇന്റർനാഷണൽ മൂവി ഡാറ്റാ ബേസിന്റെ(ഐ.എം.ഡി.ബി) ടോപ്പ് റേറ്റഡ് ടി.വി ഷോയും ഇന്ത്യയിലെ ടോപ്പ് ട്രെൻഡിംഗ് ഷോയും ആയി മാറി.
അഞ്ച് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത ചെർണോബിലിന്റെ ആദ്യ എപ്പിസോഡ് ഇക്കഴിഞ്ഞ മേയ് ആറിനാണ് ഇറങ്ങിയത്. സംപ്രേഷണം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് 'ചെർണോബിൽ' ഐ.എം.ഡി.ബി റേറ്റിംഗിൽ ഒന്നാമതെത്തിയത്. ഗെയിം ഓഫ് ത്രോൺസിനെയും ബ്രേക്കിംഗ് ബാഡിനെയുമൊക്കെ പിന്തള്ളിയാണ് 9.6 റേറ്റിംഗോടെ ഈ നേട്ടം. ക്രെയ്ഗ് മസിൻ എഴുതി ജോൺ റെൻകാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
1986 ഏപ്രിൽ 26 നാണ് ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തം ഉണ്ടായത്. ഈ സംഭവങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് വെബ് സീരീസ്.



ചെർണോബിൽ അപകടത്തെക്കുറിച്ച്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ്ജ അപകടമാണ് ചെർണോബിലിൽ ഉണ്ടായത്. വടക്കൻ ഉക്രൈയിനിലെ പ്രിപ്യാത് എന്ന സ്ഥലത്തായിരുന്നു ചെർണോബിൽ ന്യൂക്ലിയാർ പവർ പ്ലാന്റ് സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഈ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചത്. ചെർണോബിൽ പ്ലാന്റിൽ നാല് സോവിയറ്റ് നിർമ്മിത റിയാക്ടറുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ ന്യൂക്ലിയാർ റിയാക്ടറിന്റെ കോർ മൂടിയിരുന്ന 1000 ടൺ പ്ലെയിറ്റ് കവറിംഗ് അടക്കം പൊട്ടിപ്പോയി. മിനിറ്റുകൾക്കകം രണ്ടാമത്തെ സ്‌ഫോടനവും നടന്നു. ഇത് ആദ്യത്തെ സ്‌ഫോടനത്തെക്കാൾ ശക്തി കൂടിയതായിരുന്നു. കത്തിക്കൊണ്ടിരുന്ന ഗ്രാഫൈറ്റ് ചിതറി പ്ലാന്റിൽ പതിച്ചു. അപകടം സംഭവിച്ച റിയാക്ടർ നിന്നിരുന്ന കെട്ടിടം കത്തിച്ചാമ്പലായി. ആണവ റിയാക്ടർ പൊട്ടിത്തെറിച്ച സമയത്ത് ബെലാറസ്, റഷ്യ, ഉക്രൈൻ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങൾ വരെ റേഡിയോ ആക്ടീവ് കണങ്ങൾ എത്തിയിരുന്നു. ദുരന്തം നടന്ന് 33 വർഷത്തിനു ശേഷവും സംഭവ സ്ഥലവും പ്രിപ്യാത് നഗരവും ഇപ്പോഴും മനുഷ്യവാസയോഗ്യമല്ല. ഇനിയും ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരും ഇവിടം പഴയപടിയാകാൻ എന്നാണ് പഠനങ്ങൾ പറയുന്നത്.


വെബ് സീരിസിലെ ചെർണോബിൽ


ആകെ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള വെബ് സീരീസിന് ഓരോ മണിക്കൂർ വീതമുള്ള അഞ്ച് ഭാഗങ്ങളാണുള്ളത്. തുടർ ഭാഗങ്ങൾ കാണാൻ ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ഓരോ ഭാഗവും അവസാനിക്കുന്നത്. ദുരന്തമുഖത്ത് പെട്ടുപോകുന്ന മനുഷ്യരുടെ ഭീതിയും ഇനി രക്ഷപ്പെടാനാകില്ലെന്ന തിരിച്ചറിവും മനുഷ്യന്റെ കൈയബദ്ധം നൂറായിരം വർഷത്തേക്ക് പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നും ചെർണോബിൽ ഓർമ്മിപ്പിക്കുന്നു. രണ്ടോ രണ്ടരയോ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒതുക്കി പറയാമെങ്കിലും സംഭവങ്ങളുടെ ഡീറ്റെയിലിംഗിന് പ്രാധാന്യം കൊടുക്കുതോടെയാണ് വെബ് സീരീസിന്റെ നിർമ്മാണം ഫലപ്രാപ്തിയിലെത്തുന്നത്.
       
 വാലറി ലെഗാസോവ് എന്ന കെമിസ്റ്റിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ചെർണോബിൽ അപകടം പഠിക്കാനും പരിഹരിക്കാനുമുള്ള കമ്മീഷന്റെ ചീഫ് ആയിരുന്നു ലെഗാസോവ്. ചെർണോബിൽ അപകടത്തിന്റെ യാഥാർഥ്യമെന്ത്, എങ്ങനെയാണ് അപകടത്തെ പറ്റിയുള്ള കള്ളങ്ങൾ അപകടത്തെക്കാൾ ദോഷമാകുന്നത് എന്ന് അജ്ഞാതനായ ഒരാൾക്ക് കാസറ്റിൽ റെക്കോർഡ് ചെയ്ത് വയ്ക്കുകയാണ് ലെഗാസോവ്. എത്ര മൂടിവച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്ന ഉപദേശം നൽകിയിട്ട് ആത്മഹത്യ ചെയ്യുകയാണ് ലെഗാസോവ്. ചെർണോബിൽ ദുരന്തം നടന്ന് രണ്ടു വർഷത്തിനു ശേഷമുള്ള ഈ സംഭവം സൂചിപ്പിച്ച ശേഷം 1986 ഏപ്രിൽ 26 ലെ ദുരന്ത ദിവസത്തിലേക്കാണ് ക്യാമറ കടന്നു ചെല്ലുന്നത്. പാതിരാത്രി ഒന്നര മണി, പ്രിപ്യാത് നഗരത്തെ നടുക്കികൊണ്ട് കേട്ട വലിയൊരു സ്‌ഫോടന ശബ്ദമാണ് ഉറങ്ങിക്കിടന്ന മനുഷ്യരെ ഉണർത്തിയത്. അഗ്നിശമന സേനാംഗമായ വസീലിക്ക് സ്‌ഫോടനം നടന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ തീയണക്കാൻ പെട്ടെന്ന് ചെല്ലണമെന്ന ഫോൺകോൾ വരുന്നു. പേടിച്ച് നിന്ന ഭാര്യ ലുഡ്മിലയെ ആശ്വസിപ്പിച്ച് വസീലി ചെർണോബിൽ പ്ലാന്റിലേക്ക് പോകുന്നു. തുടർന്ന് ആണവ ദുരന്തത്തിന്റെ ഭീതിതമായ കാഴ്ചകളിലേക്കും  രക്ഷാപ്രവർത്തനത്തിലേക്കും നയതന്ത്ര ചർച്ചകളിലേക്കുമാണ് വെബ് സീരീസ് കൊണ്ടുപോകുന്നത്.
        
ആണവ ദുരന്തത്തെ തുടർന്നുള്ള ദിവസങ്ങളിൽ റഷ്യയിലെയും പ്രത്യേകിച്ച് പ്രിപ്യാത് നഗരത്തിലെയും ആണവ നിലയത്തിലെയും സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചാണ് സീരീസ് പുരോഗമിക്കുന്നത്. മാനുഷിക വികാരങ്ങളിലേക്കും ബന്ധങ്ങളിലേക്കും കൂടി കടന്നു ചെല്ലുന്ന തരത്തിലുള്ളതാണ് ആഖ്യാനം. പലതരം മാനുഷിക വികാരങ്ങളും സർക്കാരിന്റെ നയതന്ത്ര കുശലതയുമെല്ലാം അനാവശ്യ വ്യാഖ്യാനങ്ങളൊന്നുമില്ലാതെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. എല്ലാ ദുരന്തമുഖത്തെയും പോലെ അപകടത്തിന്റെ തീവ്രത തിരിച്ചറിയുന്നവരും അതിനെ നിഷേധിക്കുന്നവരെയും ചെർണോബിലിലും കാണാം. ചെറിയ പൊട്ടിത്തെറി എന്നതിൽ ചിലർ ഉറച്ചു നിൽക്കുമ്പോൾ ദുരന്തത്തിന്റെ ആഗാധം മൈലുകൾക്കപ്പുറത്തെ പരിസ്ഥിതിയെയും ജീവജാലങ്ങളെയും തലമുറകളെയും വരെ വേട്ടയാടുമെന്നു തിരിച്ചറിഞ്ഞ് വ്യാകുലപ്പെടുന്ന യഥാർഥ മാനവിക മുഖവും ദുരന്ത മുഖത്തുണ്ട്.
       യഥാതഥമായ ആവിഷ്‌കരണവും സാങ്കേതിക മികവും ചെർണോബിൽ വെബ് സീരീസിനെ മികവുറ്റതാക്കുന്നു. ഒരു വേള ചെർണോബിൽ ആണവ നിലയത്തിലെ യഥാർഥ ദുരന്ത കാഴ്ചകൾ തന്നെയാണോ സ്‌ക്രീനിൽ കാണുന്നതെന്ന് സംശയിക്കും. ദുരന്തം നടന്ന ആണവ നിലയത്തിലൂടെ സഞ്ചരിക്കുന്ന ക്യാമറ അത്രമാത്രം യഥാർഥ സംഭവങ്ങളോട് അടുത്തു നിൽക്കുന്നു. കഥപറച്ചിലും കഥാപാത്രങ്ങളും അതേ മികവ് പ്രകടിപ്പിക്കുമ്പോൾ വെബ് സീരീസ് ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ മികച്ച തിരക്കാഴ്ചാനുഭവമായി മാറുന്നു.


അക്ഷരകൈരളി, 2019 ആഗസ്റ്റ്‌


No comments:

Post a Comment