Saturday, 16 November 2019

അതിമധുരമാർന്ന തണ്ണീർമത്തൻ ദിനങ്ങൾ




തണ്ണീർമത്തൻ എന്ന പേരിൽ തന്നെയുണ്ട് പ്രായത്തിന്റെ രസങ്ങളുടെയും മധുരത്തിന്റെയും സൂചന. പതിനാറ്, പതിനേഴ് വയസ്സുകാരുടെ ചിന്തയും പ്രവൃത്തികളും തിരിച്ചറിഞ്ഞുള്ള എഴുത്താണ് തണ്ണീർമത്തൻ ദിനങ്ങളുടെ ഭംഗി. ഈ തിരിച്ചറിവ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന സംഭാഷണങ്ങളിലും നോട്ടത്തിലും മൂളലിലും വരെയുണ്ട്. സൂക്ഷ്മവും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതുമാണ് സ്‌കൂൾ ജീവിതത്തിലേക്കും വിദ്യാർഥിയുടെ ചുറ്റുപാടിലേക്കുമുള്ള തണ്ണീർമത്തന്റെ എഴുത്തുകാരന്റെ നോട്ടം. ഇപ്രകാരം തയ്യാറാക്കിയ തിരക്കഥയിൽ ഒരു വാക്ക് പോലും പാഴാകുന്നില്ല. അവതരണത്തിൽ രസച്ചരടിന്റെ ഒരിഴ പോലും പൊട്ടുന്നുമില്ല. ഒരു നവാഗത സംവിധായകൻ തന്റെ സിനിമയിൽ മുഴുവൻ സമയവും കാണികളെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ പൂർണമായി വിജയിച്ചിരിക്കുന്നു. സാറ്റലൈറ്റ് മൂല്യമുള്ള മുൻനിര നായകന്മാരില്ലാതെ ഒരു വാണിജ്യ സിനിമയെടുത്ത് വിജയിപ്പിച്ച് സിനിമയിലേക്ക് കടന്നു വരുന്നവർക്കാകെ ആത്മവിശ്വാസമേകാനും അയാൾക്കാകുന്നു.
      കണ്ടവർ കൈമാറിയ അഭിപ്രായങ്ങളിൽ പിടിച്ചു കയറിയാണ് ഈ സിനിമ വലിയ വിജയമായത്. നിരന്തരം രസിപ്പിച്ചു കൊണ്ടേയിരിക്കുന്ന എന്തോ ഒന്ന് തണ്ണീർമത്തനിലുണ്ട്. ഈ രസമുകുളം പ്രേക്ഷകനിൽ സദാ പ്രവർത്തിക്കുന്നു. സിനിമ കണ്ടവസാനിക്കുമ്പോഴും ഇത് തീർന്നു പോയല്ലോ എന്ന ആവലാതിയാകും ബാക്കിയാകുക. അപൂർവം ചില സിനിമകൾക്കു മാമ്രേ ഇത്തരത്തിൽ കാണികൾക്ക് പൂർണ രസപ്രദായിനിയാകാൻ സാധിക്കാറുള്ളൂ. സിനിമയുടെ സാമ്പ്രദായിക ഘടനയെയോ കോപ്പി ബുക്ക് ശൈലിയെയോ പാലിക്കാൻ അത് മെനക്കെടുന്നില്ല. എക്കാലവും പഠന മാതൃകയാക്കാവുന്ന ക്ലാസിക്ക് ആവുകയല്ല, കാണികളെ ആനന്ദത്തിലാക്കുക എന്ന കേവല കലാ ധർമ്മമാണ് തണ്ണീർമത്തൻ ദിനങ്ങൾ നിർവഹിക്കുന്നത്.
     
  മുതിർന്നവരുടെ ലോകത്തെ കഥകളും സംഘർഷങ്ങളും ആവിഷ്‌കരിക്കുക എന്നതാണ് മലയാള സിനിമ പതിവായി പുലർത്തിപ്പോരുന്ന കഥന രീതി. ഈ കഥാകഥന ലോകത്തിൽ അത്രകണ്ട് പരിഗണന കിട്ടാത്ത ഒരു ആൾക്കൂട്ട വിഭാഗം മാത്രമാണ് കുട്ടികൾ. ഈ പതിവിനു കൂടിയാണ് തണ്ണീർമത്തൻ മാറ്റം വരുത്തുന്നത്. വിദ്യാർഥികളുടെ അതിമധുരതരമായ ലോകമാണ് തണ്ണീർമത്തനിലാകെ. ഈ ലോകത്തേക്ക് അതിരിനു പുറമേ നിന്ന് നോക്കുന്നവരാണ് കഥാപാത്രങ്ങളാകുന്ന അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന മുതിർന്നവർ.
       സമീപകാലത്ത് ടീനേജ് ലൈഫ് പറഞ്ഞ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ട്രീറ്റ്‌മെന്റിൽ അവയ്‌ക്കൊന്നും തരാനാകാത്ത ഫ്രഷ്‌നെസ് പകരാനാകുന്നിടത്താണ് തണ്ണീർമത്തന്റെ വിജയം. പ്ലസ് ടു പഠിതാക്കൾക്കിടയിലെ രസങ്ങളും ഇഷ്ടങ്ങളും ചെറു നൊമ്പരങ്ങളും പ്രമേയമാകുന്ന സിനിമ ഒരു പ്ലസ് ടു കാമ്പസിന് അഭിമുഖമായി വച്ച നിരീക്ഷണ ക്യാമറയിൽ പതിയുന്നത്രയും സൂക്ഷ്മവും വ്യക്തവുമായിട്ടാണ് സ്‌കൂൾ ജീവിതം പകർത്തി വച്ചിട്ടുള്ളത്. കഥാപാത്രങ്ങളായ കുട്ടികൾ ഓരോരുത്തരും ജീവസ്സുറ്റ പ്രകടനത്തിലൂടെ കാണികളെ ഗതകാല തരളിതരാക്കി മാറ്റുന്നു. അങ്ങനെ മുതിർന്ന കാണികൾക്ക് തിരിച്ചു കിട്ടാത്ത ഒരു പ്രായത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു തണ്ണീർമത്തൻ ദിനങ്ങൾ.
     ആദ്യന്തം നിലനിർത്തുന്ന ഫൺ മൂഡാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ചിരിപ്പിക്കാനായി യാതൊന്നും പറയുന്നില്ല. പക്ഷേ സംസാരത്തിൽ പരസ്പരം പറയുന്ന കൗണ്ടറുകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ തിരക്കഥ തീർക്കുന്നത് ടോട്ടലി ഫ്രഷ് ഫൺ ആണ്. ഇത് സിനിമാസ്വാദന വേളയിൽ ആസ്വദിച്ചും സിനിമ തീർന്നതിനു ശേഷം പങ്കുവച്ചും ഓർമ്മിച്ചും ചിരിക്കാൻ വക നൽകുന്നു. കഥാപാത്രങ്ങളുടെ ഈ നർമ്മഭാഷണങ്ങൾ ഭാവിയിലെ ട്രോളുകളും മീമുകളുമാകുമെന്ന് തീർച്ച.
    
    ജയ്സൺ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാത്യു തോമസിന്റെ പ്രകടനം സിനിമയുടെ ഹൈലൈറ്റാണ്. ക്യാമറയ്ക്കു മുന്നിലാണെന്ന് ഒരു വേള അതിശയിപ്പിക്കുന്ന തരത്തിലുള്ള അസാധാരണമായ പ്രകടനം കൊണ്ട് ഈ പതിനേഴുകാരൻ ഭാവിയിലെ മികച്ച നടനാകുവാനുള്ള അടിത്തറ ഉറപ്പിക്കുന്നു. നേരത്തെ കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മാത്യു തോമസ് മികവ് ആവർത്തിക്കുമ്പോൾ ഭാവിയിൽ ഈ നടനു വേണ്ടി മാത്രം കഥകൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്നു ചിന്തിക്കാതെ വയ്യ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി അരങ്ങേറിയ അനശ്വര രാജൻ കീർത്തിയെന്ന പ്ലസ് ടുക്കാരി നായികയായി മാത്യു തോമസിനൊപ്പം തണ്ണീർമത്തനിലെ സുന്ദരമായ സാന്നിധ്യമാകുന്നു. ജെയ്സന്റെയും കീർത്തിയുടെയും ടീനേജ് പ്രണയത്തിന്റെ നിഷ്‌കളങ്കതയും  സൗന്ദര്യവും തീർക്കുന്ന രസതന്ത്രം അനുഭവമാണ്. സിനിമ ഇറങ്ങുന്നതിനു മുമ്പേ ഹിറ്റ് ചാർട്ടിൽ ഇടം കണ്ട 'ജാതിക്കാത്തോട്ടം' എന്ന പാട്ടിൽ തന്നെ ഈ കെമിസ്ട്രി നിറഞ്ഞു കാണാം. വിനീത് ശ്രീനിവാസന്റെ രവി പദ്മനാഭൻ എന്ന അധ്യാപക കഥാപാത്രമാണ് തണ്ണീർമത്തന്റെ മറ്റൊരു ഊർജ സ്രോതസ്.
       വിശുദ്ധ ആംബ്രോസേ, മൂക്കുത്തി എന്നീ ഷോർട്ട് ഫിലിമുകളിലൂടെ അവതരണ മികവിന് പ്രശംസ നേടിയിട്ടുള്ള ഗിരീഷ് എ.ഡിയുടെ ആദ്യ ഫീച്ചർ ഫിലിം ആസ്വാദന തലത്തിൽ അവയ്ക്കുമപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ഇങ്ങനെ ചെറിയ സിനിമകൾ തീർക്കുന്ന വലിയ ആകാശങ്ങൾ തന്നെയാണ് ഒരു സംവിധായകന് പ്രേക്ഷകർക്കിടയിലും സിനിമാ മേഖലയിലും പ്രത്യേക ഇടം നൽകുന്നത്.


അക്ഷരകൈരളി, 2019 സെപ്റ്റംബർ

No comments:

Post a Comment