Monday, 1 February 2021

ഹരിഹര്‍ നഗറിലെ പ്രായമാകാത്ത കൂട്ടുകാര്‍


മഹാദേവനും അപ്പുകുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ് കുട്ടിയും. മലയാളികള്‍ക്ക് മുഖവുര വേണ്ടാത്ത കൂട്ടുകാര്‍. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇവര്‍ക്കെന്നും നിറയൗവനമാണ്. ഹരിഹര്‍ നഗറിലെ ഈ കൂട്ടുകാര്‍ കേരളത്തിലെ പ്രദര്‍ശന ശാലകളിലേക്കും കാണികളുടെ ഹൃദയത്തിലേക്കും ചിറകടിച്ചെത്തിയിട്ട് 30 വര്‍ഷമാകുന്നു.

      മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ സിനിമയായിരുന്നു സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടില്‍ നിന്നും 1990 ല്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗര്‍. മികച്ച സാമ്പത്തിക വിജയം നേടിയ ഹരിഹര്‍ നഗര്‍ സിദ്ധിഖ് ലാലിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ്ങിന്റെ വിജയം പുതുമുഖ സംവിധായകരുടെ കേവല ഭാഗ്യം മാത്രമല്ലായിരുന്നുവെന്ന് ഇന്‍ ഹരിഹര്‍ നഗര്‍ തെളിയിച്ചു. ഇതോടെ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ പുതിയ കോമഡി ഡ്രാമ എന്റര്‍ടെയ്‌നര്‍ ട്രെന്‍ഡിനു തുടക്കമിട്ടു.

        പുതുമയുള്ള കോമഡിയായിരുന്നു ഇന്‍ പരിഹര്‍ നഗറിന്റെ നട്ടെല്ല്. അതുവരെ കേട്ടിട്ടില്ലാത്ത തമാശകളും കൗണ്ടര്‍ ഡയലോഗുകളും പ്രേക്ഷകരെ ശരിക്ക് രസിപ്പിച്ചു. ആ ഡയലോഗുകള്‍ അവര്‍ ഏറ്റെടുത്തു. നാലു നായകന്മാര്‍. നാലു പേരും കോമഡി പറയുന്നു. കോമഡിക്കായി സിനിമയില്‍ ഹാസ്യ നടന്മാര്‍ തന്നെ വേണമെന്ന കീഴ്വഴക്കത്തിന് ഇന്‍ ഹരിഹര്‍ നഗര്‍ മാറ്റം വരുത്തി.

       30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗുകള്‍ മലയാളികളുടെ നര്‍മ്മ സംഭാഷണങ്ങള്‍ക്കിടെ ആവര്‍ത്തിക്കപ്പെടുന്നു എന്നതു തന്നെയാണ് സിദ്ധിക്ക് ലാല്‍ ടീമിന്റെ സ്‌ക്രിപ്റ്റിങ്ങിന്റെ മികവ്. മലയാളികള്‍ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള സിനിമകളിലൊന്നായ ഇന്‍ ഹരിഹര്‍ നഗറിന് പുതിയ തലമുറയിലും ആരാധകര്‍ ഏറെയാണ്. ടെലിവിഷന്‍ ചാനല്‍ സ്‌ക്രീനിംഗില്‍ വാച്ചിംഗ് റേറ്റിംഗില്‍ മുന്‍പന്തിയിലുള്ള സിനിമകളിലൊന്നുമാണിത്.

     


 രണ്ടാം നിര താരങ്ങളെ വച്ച് ഒരു സാധാരണ കോമഡി ചിത്രം എന്ന ലേബലില്‍ വന്ന സിനിമ 1990ലെ വന്‍ വിജയങ്ങളിലൊന്നായി. ആ വര്‍ഷമിറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും ബോക്‌സോഫീസ് കളക്ഷനില്‍ ഇന്‍ ഹരിഹര്‍ നഗറിനു പിന്നിലായി. പ്രധാന കേന്ദ്രങ്ങളില്‍ 100 ദിവസം തികച്ച ചിത്രം കോമഡി ട്രാക്ക് സിനിമകള്‍ക്ക് മലയാളത്തില്‍ മികച്ച മാര്‍ക്കറ്റ് ഉണ്ടെന്ന തിരിച്ചറിവ് കൂടി ഇന്‍ഡസ്ട്രിക്ക് നല്‍കി. ഇന്‍ ഹരിഹര്‍ നഗറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, പുതുമുഖ നായിക ഗീത വിജയന്‍ എന്നിവര്‍ക്കെല്ലാം ഈ സിനിമ വഴിത്തിരിവായി. ഇവരെല്ലാം തൊണ്ണൂറുകളിലെ തിരക്കേറിയ താരങ്ങളാകുകയും ചെയ്തു. റാംജിറാവുവിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍ കൂടി വന്‍ ഹിറ്റായതോടെ മുകേഷിന്റെ താരമൂല്യം വര്‍ധിച്ചു. ജഗദീഷും സിദ്ധിഖും നായക നിരയിലേക്ക് ഉയര്‍ന്നു. ലോ ബജറ്റ് കോമഡി, ഫാമിലി സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ ജഗദീഷിന് ജനകീയ നായകന്‍ എന്ന വിശേഷണവും ലഭിച്ചു.

       ഇന്‍ ഹരിഹര്‍ നഗറിന്റെ പ്രമേയത്തെ ചുവടുപിടിച്ച്  ചെറുപ്പക്കാരെ കേന്ദ്രമാക്കി നിരവധി ചിത്രങ്ങളാണ് തൊണ്ണൂറുകളില്‍ വന്നത്. സുന്ദരികാക്ക, എഴുന്നള്ളത്ത്, ഇരിക്കൂ എം.ഡി അകത്തുണ്ട്, മാന്ത്രികച്ചെപ്പ്, നീലക്കുറുക്കന്‍, ഡോളര്‍, കണ്‍ഗ്രാഞ്ജുലേഷന്‍സ് മിസ് അനിതാ മേനോന്‍, മാന്യന്മാര്‍, ചെപ്പു കിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ലോ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രങ്ങളില്‍ മിക്കതും സാമ്പത്തിക വിജയം നേടി. എന്നാല്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡി ഫ്രഷ്‌നെസ് തുടര്‍ന്നുവന്ന സിനിമകളില്‍ കാണികള്‍ക്ക് അനുഭവിക്കാനായില്ല.

     ഇന്‍ ഹരിഹര്‍ നഗര്‍, എം.ജി.ആര്‍ നഗറില്‍ എന്ന പേരില്‍ 1991 ല്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഹിന്ദിയില്‍ പര്‍ദാ ഹെ പര്‍ദാ, ഡോല്‍ എന്നീ രണ്ട് റീമേക്കുകള്‍ ഇന്‍ ഹരിഹര്‍ നഗറിനുണ്ടായി. കന്നടയില്‍ നഗരദല്ലി നായകരു, തെലുങ്കില്‍ മധുര നഗരിലോ എന്നീ പേരുകളിലും ഈ സിദ്ധിഖ് ലാല്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

     


 ഇന്‍ ഹരിഹര്‍ നഗര്‍ പുതിയ തലമുറയുടെയും പ്രിയപ്പെട്ട സിനിമയാണെന്ന് മനസ്സിലാക്കിയ ലാല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2009 ഏപ്രില്‍ 1 ന് ടു ഹരിഹര്‍ നഗര്‍ എന്ന പേരില്‍ പുറത്തിറക്കി. ആദ്യഭാഗത്തെ പോലെ ഈ ചിത്രവും നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്തു. 19 വര്‍ഷം മുമ്പ് മഹാദേവനും അപ്പുകുട്ടനും ഗോവിന്ദന്‍ കുട്ടിക്കും തോമസ് കുട്ടിക്കും തിയേറ്ററില്‍ കിട്ടിയ സ്വീകരണം അതേപടി വീണ്ടും കാണികള്‍ നല്‍കി. ഈ കൂട്ടുകെട്ട് വീണ്ടും കാണികളെ ചിരിപ്പിച്ച് കൈയിലെടുത്തു. അതിന്റെ ആത്മവിശ്വാസത്തില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗം 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' എന്ന പേരില്‍ 2010 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഇതും സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

      മഹാദേവനെയും അപ്പുകുട്ടനെയും ഗോവിന്ദന്‍ കുട്ടിയെയും തോമസ് കുട്ടിയെയും ഓര്‍ത്താല്‍ തന്നെ മലയാളികളുടെ ചുണ്ടില്‍ ഒരു ചിരി വരും. പിന്നെ അതൊരു പൊട്ടിച്ചിരിയാകും. മുപ്പതു വര്‍ഷം മുമ്പ് ഹരിഹര്‍ നഗറില്‍ തുടങ്ങിയ ചിരിയുടെ അമിട്ട് ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. ഇനിയൊരു നാലാം ഭാഗമോ പിന്നെ അതിന് വീണ്ടും തുടര്‍ച്ചകളും വന്നാലും മലയാളി സ്വീകരിക്കും. കാരണം ഹരിഹര്‍ നഗറിലെ നാലംഗ സംഘം അത്രമാത്രം അവരുടെ ഉള്ളിലിടം കണ്ടെത്തിയിട്ടുണ്ട്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 27

No comments:

Post a Comment