Monday, 7 January 2019



സിനിമയിലെ തൊഴിലിടങ്ങൾ...
ഇല്ലാതാകുന്ന കുലത്തൊഴിലുകൾ


തോട്ടങ്ങളിലും പാറമടകളിലും പാടത്തും ചന്തകളിലും പണിയെടുക്കുന്ന അടിസ്ഥാനവർഗ മനുഷ്യരെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതൽക്ക് മലയാള സിനിമ അടയാളപ്പെടുത്തി പോരുന്നുണ്ട്. കാലഗണനയ്ക്കനുസരിച്ച് കേരളീയ തൊഴിൽ പരിസരങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ അതാത് കാലത്ത് കലകളിലും സിനിമയിലും സ്വാഭാവികമായി വന്നുചേരുന്നതായി കാണാം. ഭൂപരിഷ്‌കരണത്തിനു ശേഷം കൃഷിയിടങ്ങൾ കർഷകർക്ക് സ്വന്തമായതോടെ സ്വന്തം മണ്ണിൽ അഭിമാനത്തോടെ പണിയെടുക്കുന്ന മനുഷ്യനെയും, ജോലിക്ക് മാന്യമായ കൂലിയെന്ന അവകാശത്തിനുവേണ്ടി ട്രേഡ് യൂണിയനുകളുണ്ടാക്കി തൊഴിലിടങ്ങളിൽ ശബ്ദമുയർത്തിയ തൊഴിലാളികളെയും വെള്ളിത്തിരയിൽ കാണാനായി.
    കേരളത്തിന്റെ വൈവിദ്ധ്യമാർന്ന തൊഴിൽ ഭൂതകാലത്തിന്റെയും ജാതി, കുലം, ഭാഷ, സ്വത്വം എന്നിവയുടെ അടയാളപ്പെടുത്തലും കൂടിയാണ് അതതു കാലത്തെ ചലച്ചിത്രകലയുടെ ആഖ്യാനങ്ങൾ. കടലാസിൽ പകർത്തിവച്ച തൊഴിലിടങ്ങളെയും തൊഴിലാളികളെയും ലിംഗകർതൃത്വങ്ങളെയും ഒന്നുകൂടി പ്രബലമായി അടയാളപ്പെടുത്താൻ ചലനചിത്രം കൊണ്ടായി. സിനിമയിലെ തൊഴിലിടങ്ങളിലെ മാറ്റം കേരള സമൂഹത്തിലെ തൊഴിൽ പരിവർത്തനങ്ങളുടെ ചരിത്രം കൂടിയാണ്.


പാരമ്പര്യത്തൊഴിലുകളും സിനിമയിലെ മനുഷ്യരും


വിവിധ കുലത്തൊഴിലുകളിൽ ഏർപ്പെട്ടു വന്നിരുന്ന ജനവിഭാഗങ്ങളെയാണ് ആദ്യകാലം മുതൽക്ക് മലയാള സിനിമ പ്രതിനിധാനം ചെയ്തിരുന്നത്. കൃഷിപ്പണിക്കാരെയും കയറു പിരിക്കുന്നവരെയും തോട്ടം തൊഴിലാളികളെയും പാറമട തൊഴിലാളികളെയും ആദ്യകാല സിനിമകൾ പ്രധാന കഥാപാത്രങ്ങളാക്കിയപ്പോൾ പിന്നീടത് ഉപകഥാപാത്രങ്ങളിലേക്ക് മാറി. ഈഴവ/തീയ, ആശാരി, മൂശാരി, കരിവാൻ, തട്ടാൻ, പറയ, പുലയ, ചെട്ടി തുടങ്ങി ജാതിയുമായി ബന്ധപ്പെട്ട കുലത്തൊഴിലുകൾ ചെയ്തുപോരുന്ന വിഭാഗങ്ങളെല്ലാം വെള്ളിത്തിരയിലെ തൊഴിലിടങ്ങളിൽ കഥാപാത്രങ്ങളായി. സിനിമയിൽ ജാതി പ്രകടമാകാതിരിക്കുമ്പോൾ തന്നെ കേന്ദ്രപ്രമേയത്തോടു ചേർന്ന് ഒരു നാടിന്റെ പരിച്ഛേദങ്ങളും മുഖങ്ങളുമായ വ്യത്യസ്ത കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന മനുഷ്യർ അവയിൽ കഥാപാത്രങ്ങളായി മാറുകയായിരുന്നു. ഇങ്ങനെ മലയാള സിനിമയുടെ തിരക്കഥയിലേക്കും പിന്നീട് കാണികളുടെ മുൻപിലെ സ്‌ക്രീനിലേക്കും ആശാരിയും മൂശാരിയും കരിവാനും തട്ടാനും കള്ളുചെത്ത് തൊഴിലാളിയും കടന്നുവന്നു.
   
      ചക്കാട്ടുന്ന തൊഴിലെടുക്കുന്ന ആശാരിമാരെയാണ് പത്മരാജൻ പെരുവഴിയമ്പലത്തിൽ അടയാളപ്പെടുത്തുന്നത്. ആശാരിക്കുഞ്ചുവിന്റെ മകൻ രാമൻ എന്ന തൊഴിൽ, ജാതി പരിസരത്തിലൂടെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, അയാൾ മറ്റുള്ളവർക്ക് സ്വയം പരിചയപ്പെടുത്തുന്നതും. ഗ്രാമദേശങ്ങളിൽ മനസ്സിൽ ജാതിബോധം സൂക്ഷിക്കാതെ ഇത്തരത്തിൽ ജാതിചേർത്തുള്ള പേരുവിളികൾ സാധാരണമായിരുന്നു. അതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് പെരുവഴിയമ്പലത്തിലെ ആശാരിക്കുഞ്ചുവിന്റെ മകൻ രാമൻ. പെരുവഴിയമ്പലത്തിൽ തൊഴിലിൽ നിലകൊണ്ട് മനുഷ്യമനസ്സിന്റെ അപഥസഞ്ചാരത്തിലേക്കും പ്രാണഭയത്തിലേക്കും അതിജീവനത്തിലുമാണ് പത്മരാജൻ ക്യാമറ ചലിപ്പിക്കുന്നതെങ്കിൽ പനങ്കള്ള് ചെത്തും കരിപ്പട്ടിയുണ്ടാക്കലും കുലത്തൊഴിലാക്കിയ പ്രാദേശിക വിഭാഗത്തെയാണ് ഐ.വി ശശി കരിമ്പനയിൽ സൃഷ്ടിക്കുന്നത്. തൊഴിലിനെയും കുലദൈവങ്ങളിലുമുള്ള വിശ്വാസത്തെയും ഉപജീവിച്ച് മുന്നോട്ടുപോകുന്ന ഏറ്റവും സാധാരണരായ മനുഷ്യരാണ് കരിമ്പനയിലുള്ളത്. ജയൻ അവതരിപ്പിക്കുന്ന മുത്തനും ബാലൻ കെ. നായരുടെ ചെല്ലയ്യനുമടക്കമുള്ള ഊരിലെ ആണുങ്ങളെല്ലാം പാരമ്പര്യ തൊഴിൽ ചെയ്യുന്നവരാണ്. ജീവിതം രണ്ടറ്റം മുട്ടിക്കാൻ പാടുപെടുമ്പോഴും അന്നം തരുന്ന കരിമ്പനകളിൽ വിശ്വസിച്ച് മാരിയമ്മനെന്ന കുലദൈവം തങ്ങൾക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുമെന്ന് വിശ്വസിക്കുന്ന പച്ചമനുഷ്യർ. രവിമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രമാകട്ടെ സർക്കാർ ജോലി ലക്ഷ്യംവച്ച് പഠിക്കുകയും നിരന്തരം പരീക്ഷയെഴുതുകയും ഒടുവിൽ നിരാശനായി കുലത്തൊഴിലിലേക്ക് തിരിച്ചുവരികയും ചെയ്യുന്നയാളാണ്. പാരമ്പര്യ തൊഴിലിലേക്ക് തിരിച്ചെത്തുന്ന ഒരു കഥാപാത്രത്തെ നാൽപ്പതു വർഷങ്ങൾക്കിപ്പുറം ഇന്ന് സൃഷ്ടിക്കുന്നത് ചിന്തിക്കാനാവില്ല.
   
     സ്വർണ്ണപ്പണിക്കാരനായ നായക കഥാപാത്രമാണ് സത്യൻ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവിലുള്ളത്. രഘുനാഥ് പലേരിയുടെ രചനയിൽ 1988ൽ പുറത്തുവന്ന ചിത്രത്തിന് 'പൊന്മുട്ടയിടുന്ന തട്ടാൻ'എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന പേര്. തട്ടാൻ സമുദായക്കാരുടെ എതിർപ്പ് വന്നതോടെ സിനിമയുടെ പേര് മാറ്റേണ്ടിവന്നു. തട്ടാൻ ഭാസ്‌കരന്റെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കഥപറഞ്ഞ ആ സിനിമയ്ക്കു ശേഷം ഈ സമുദായത്തിന്റെ തൊഴിലിടം പ്രത്യക്ഷമാകുന്ന സിനിമകൾ ഉണ്ടായില്ല. തൊണ്ണൂറുകൾക്ക് ശേഷം ഉത്തരേന്ത്യയിൽ നിന്ന് വൻതോതിൽ സ്വർണാഭരങ്ങൾ ജ്വല്ലറികളിലേക്ക് എത്തുകയും മെഷീനുകൾ ആഭരണനിർമാണ മേഖല കീഴടക്കുകയും ചെയ്തതോടെ കേരളത്തിലെ പരമ്പരാഗത സ്വർണപ്പണിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവർ മറ്റു പല ജോലികളിലേക്ക് തിരിയുകയും ചെയ്തു. ഈ യന്ത്രവത്കരണം പിന്നീട് എല്ലാ കുലത്തൊഴിലുകളെയും ബാധിക്കുകയുണ്ടായി.
    സല്ലാപം, രസതന്ത്രം പോലുള്ള സിനിമകളിൽ മരയാശാരികൾ മുഖ്യകഥാപാത്രങ്ങളായി വരുമ്പോൾ തന്നെയും അത് കഥാപാത്രങ്ങളുടെ തൊഴിൽ എന്ന നിലയിലേക്ക് മാത്രം ഒതുങ്ങുകയും സിനിമയുടെ മുഖ്യപ്രമേയം മറ്റൊന്നായി മാറുകയുമാണ് ചെയ്യുന്നത്. കുടുംബം പോറ്റാൻ കുലത്തൊഴിൽ എടുക്കുന്ന സല്ലാപത്തിലെ നായക കഥാപാത്രത്തിന് ആ തൊഴിൽ കൊണ്ട് അരപ്പട്ടിണി മാത്രമാണ് സമ്പാദ്യമാകുന്നതെന്ന യാഥാർഥ്യവും അയാളുടെ നിസ്സഹായതയും സിനിമ കാണിക്കുന്നുണ്ട്. അതേസമയം രസതന്ത്രത്തിലാകട്ടെ ലോകത്തിലെ സർവ്വകാര്യങ്ങളിലും ജ്ഞാനമുള്ള നായകന് ആശാരിപ്പണി കുലത്തൊഴിൽ പോലുമല്ല. ആ ജോലി ഉന്നതകുലജാതനായ അയാൾക്ക് വേറെ ചില കാര്യങ്ങളിൽ നിന്ന് രക്ഷനേടാനുള്ള താത്കാലിക അഭയസ്ഥാനം മാത്രവുമാണ്.
   
       ഭരതന്റെ വെങ്കലത്തിലാകട്ടെ ഓട്ടുപാത്രങ്ങളുണ്ടാക്കുന്ന മൂശാരി വിഭാഗത്തെ ഏറെ സത്യസന്ധമായാണ് അവതരിപ്പിക്കുന്നത്. തൊഴിലിനോടുള്ള കൂറും സമുദായം ശീലിച്ചുപോന്ന ആചാരാനുഷ്ടാനങ്ങളോടും ചിട്ടവട്ടങ്ങളോടുള്ള പരുവപ്പെടൽ ഈ സിനിമയിൽ കാണാനാകും. ലോഹിതദാസിന്റെ കന്മദവും ഭദ്രന്റെ വെള്ളിത്തിരയും അനിൽബാബുവിന്റെ വാൽക്കണ്ണാടിയും പോലുള്ള സിനിമകളിൽ കരിവാന്റെ ആല ഏറെ സത്യസന്ധമായ ഒരു കഥാപാത്രം തന്നെയായി മാറുന്നു. തങ്ങൾക്ക് അന്നം തരുന്ന ആലയിലും ലോഹത്തിലും സത്യവും വിശ്വാസവും പുലർത്തിപ്പോരുന്നവരാണ് കാരിരുമ്പു പോലെ മനസ്സുള്ള ഇതിലെ അധ്വാനികളായ മനുഷ്യർ. കലാഭവൻ മണിയുടെ കറുത്ത ശരീരത്തെയാണ് വാൽക്കണ്ണാടിയിലും വെള്ളിത്തിരയിലും കരിവാനായി പ്രതിഷ്ഠിക്കുന്നത്. തൊഴിലിനെ ജാതിയും നിറവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ സിനിമ കാണിക്കുന്ന ഇത്തരം അബദ്ധധാരണകൾ കാണിയുടെ മധ്യവർഗ ബോധത്തെ കൂടി അപകടകരമായി വിഷലിപ്തമാക്കുന്നുണ്ട്. കള്ള് ചെത്തുകാരനായും കരിവാനായും പാടത്തെ പണിക്കാരനായും തെരുവു ഗായകനായും പട്ടിപിടിത്തക്കാരനായും കലാഭവൻ മണിക്ക് മലയാള സിനിമ നൽകിപ്പോന്ന കഥാപാത്രങ്ങൾ ഈ പിന്നാക്ക ജാതി ശരീര ചിന്തകളെ ശരിവയ്ക്കുന്നതാണ്. സമകാലിക മലയാള സിനിമയിൽ ചെമ്പൻവിനോദിനും വിനായകനും നൽകുന്ന കഥാപാത്രങ്ങളും അവയ്ക്കു നൽകുന്ന പേരുകളും ഇതിന്റെ തുടർച്ചയാണെന്നും കാണാം.
    കുലത്തൊഴിലുകൾ ചെയ്തുപോരുകയും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്ന പപ്പടച്ചെട്ടികളെയും വളച്ചെട്ടികളെയും എം.സുകുമാരന്റെ പാദമുദ്രയിലും സുന്ദർദാസിന്റെ കുടമാറ്റത്തിലും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്.
   

മലയാളിയുടെ ഗൾഫ് സ്വപ്നം


തൊള്ളായിരത്തി എൺപതുകളിലാണ് കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റം ശക്തമായത്. കുലത്തൊഴിൽ എന്ന സാമ്പ്രദായിക ജാതിഘടന വിട്ട് എല്ലാ ജാതി,മത വിഭാഗത്തിൽ പെട്ടവരും ഗൾഫ് എന്ന ഒറ്റലക്ഷ്യത്തിലേക്കു മാറാൻ നിർബന്ധിതരായി. കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ നിന്നുള്ള മാറ്റവും ജീവിതം മെച്ചപ്പെടുത്തുവാനും പെട്ടെന്ന് സമ്പന്നരാകുവാനുമുള്ള മനസ്ഥിതിയും എല്ലാവരെയും മദിച്ചു. പാരമ്പര്യമായി ചെയ്തുപോന്ന ജോലി ഗൾഫ് രാജ്യങ്ങളിൽ കിട്ടില്ലെന്നുറപ്പാണ്. എങ്കിലും ഗൾഫ് എന്നത് എല്ലാവരുടെയും, പ്രത്യേകിച്ച് യുവാക്കളുടെ സ്പ്നഭൂമിയായി. എന്തു ജോലി ചെയ്യുന്നുവെന്നല്ല, എങ്ങനെയും ഗൾഫിൽ പോയി ഗൾഫ് പണം സമ്പാദിക്കുകയെന്നതു മാത്രമായിരുന്നു ചിന്ത. അങ്ങനെ ഗൾഫിൽ പോയി ജോലി നോക്കിയവരിലൂടെ ഗൾഫ് പണം മലയാളി ജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്തു. കേരള സമൂഹത്തിൽ തൊഴിൽ ഘടനയിൽ ഉണ്ടായ ഈ പരിവർത്തനത്തെ സാധൂകരിക്കുന്നവയാണ് എൺപതുകളിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.
   
       ജീവിതം മെച്ചപ്പെടുത്താൻ ഒരേയൊരു മാർഗം എന്ന നിലയിൽ ഗൾഫിൽ പോകാൻ നിർബന്ധിതരാകുന്ന കഥാപാത്രങ്ങളെ ഐ.വി ശശിയുടെ 'ഈ നാട്' മുതൽ സത്യൻ അന്തിക്കാടിന്റെ 'നാടോടിക്കാറ്റ് 'വരെയുള്ള ഈ കാലയളവിലെ ഒട്ടനവധി സിനിമകളിൽ കാണാം. ഗമയിൽ ചമഞ്ഞൊരുങ്ങി വരുന്ന അബുദാബിക്കാരൻ പുതുമണവാളനെ അന്നത്തെ പാട്ടുകളിൽ പോലും കാണാം. ഗൾഫുകാരൻ നാട്ടിലും ബന്ധുക്കളിലും കല്യാണാലോചനയിലും അങ്ങനെ പ്രബലസാന്നിദ്ധ്യമായി. ഗൾഫുകാരന്റെ ഈ മാർക്കറ്റ് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ രണ്ട് പതിറ്റാണ്ടോളം നിലനിൽക്കുകയുണ്ടായി.
    1990ലെ ഗൾഫ് യുദ്ധം തൊഴിൽ തേടിയുള്ള കുടിയേറ്റത്തിന് തെല്ലൊരയവ് വരുത്തിയെങ്കിലും യുദ്ധാനന്തരം സമാധാനം പുലർന്നതിനു പിന്നാലെ കുടിയേറ്റം പഴയ മട്ടിലായി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയവർ പിന്നിട് പാരമ്പര്യ തൊഴിലിലേക്ക് തിരിച്ചുപോവുകയുണ്ടായില്ല. ഗൾഫിൽ നിന്ന് പണം സമ്പാദിച്ച് നാട്ടിലെത്തി ശിഷ്ടകാലം നാട്ടിൽ ബിസിനസ് ചെയ്ത് കഴിയാമെന്ന് ചിന്തിക്കുന്ന നായകനെ സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്ന് 'വരവേൽപ്പി'ൽ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ബസ് വാങ്ങുകയും അതിന് 'ഗൾഫ് മോട്ടോഴ്സ്' എന്ന തനിക്ക് എല്ലാ ഐശ്വര്യങ്ങളും തന്ന നാടിന്റെ പേരിടുകയും പിന്നീട് നാട്ടിൽ ബസ് മുതലാളിയായി വിജയിക്കുന്ന വലിയ സ്വപ്നങ്ങളും അയാൾ കാണുന്നു. എന്നാൽ നാട്ടിൽ പച്ചപ്പ് കണ്ടെത്താനാകാതെ അയാൾ വീണ്ടും ഗൾഫിലേക്ക് തന്നെ മടങ്ങുകയാണ്.
    ഉദാരവത്കരണനയത്തെ തുടർന്ന് തുറന്ന വിപണി പ്രാപ്യമായതോടെയാണ് ഗൾഫിൽ നിന്ന് പണം സമ്പാദിച്ച് എത്തിയവർ ഇവിടെ ചെറുകിട ബിസിനസുകാരും പിന്നീട് വൻകിട ബിസിനസുകാരുമായി മാറിയത്. ഭൂമിക്കച്ചവടവും വാഹനക്കച്ചവടവും ലാഭം നേടുന്ന പുതിയ ബിസിനസ് രംഗങ്ങളായി മാറുകയും, പഴയ തൊഴിൽ സംസ്‌കാരത്തെയും ശീലിച്ചുപോന്ന തൊഴിൽശീലങ്ങങ്ങളെയും പാടേ തിരുത്തി പുതിയ തൊഴിൽ മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാൻ ഈ പുതുപണക്കാർ നിർബന്ധിതരാകുകയും ചെയ്തു.


തൊഴിലിടങ്ങൾ അപ്രത്യക്ഷമാകുന്ന തൊണ്ണൂറുകൾ


പരമ്പരാഗത തൊഴിലിടങ്ങൾ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തൊണ്ണൂറുകളിലാണ്. അതുവരെ പല വിധേനയുള്ള കുലത്തൊഴിലുകളിൽ ഏർപ്പെട്ടു വന്നിരുന്ന ജനവിഭാഗങ്ങളെയാണ് സിനിമ പ്രതിനിധാനം ചെയ്തിരുന്നത്. പാരമ്പര്യവുമായി ബന്ധപ്പെട്ട് നിലനിന്നുപോന്ന ജാതി, തൊഴിൽ വ്യവസ്ഥാപിത രീതികൾ പാടേ പിറകോട്ടു മാറുകയും ഏതു തൊഴിലും ആർക്കും ചെയ്യാമെന്ന തുറന്ന സമീപനം ഈ കാലയളവിലുണ്ടായി. പരമ്പരാഗത തൊഴിൽ മേഖലയിലേക്ക് യന്ത്രവത്കരണം കടന്നുവരികയും ആഗോളീകരണ, ഉദാരവത്കരണ കാലം തൊണ്ണൂറുകളുടെ തുടക്കത്തിൽ സൃഷ്ടിച്ചുകൊടുത്ത വിപണി, കച്ചവട സാദ്ധ്യത പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സ്വകാര്യ, സർവസ് മേഖലകളിലെ തൊഴിലവസരങ്ങളും സർക്കാർ ജോലിയെന്ന പരമലക്ഷ്യവും ഈ കാലയളവിൽ ചെറുപ്പക്കാരെ ആകർഷിച്ചു. പാരലൽ കോളേജുകളിൽ പഠിപ്പിക്കുന്ന ചെറുപ്പക്കാരായ അദ്ധ്യാപകരെ എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും സിനിമയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ സർക്കാർ ജോലിയിലും സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ശമ്പളമുള്ള ജോലികളിലും ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെയാണ് തൊണ്ണൂറുകളുടെ ആദ്യപകുതി പുരോഗമിക്കുമ്പോൾ മലയാള സിനിമ അടയാളപ്പെടുത്തുന്നത്.
 
       ജോലി കിട്ടാതെ വരുമ്പോൾ ജീവിതം രക്ഷപ്പെടാൻ പെട്ടെന്ന് പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ സൂത്രപ്പണികളും തട്ടിപ്പും നടത്തുന്ന യുവാക്കളെയും ഈ കാലയളവിൽ സിനിമയിൽ കണ്ടു. അല്ലറചില്ലറ തട്ടിപ്പും തരികിടയുമായി നടക്കുന്ന യുവാക്കളും അവർ ചെന്നുപെടുന്ന അബദ്ധങ്ങളും തമാശ ചേർത്ത് അവതരിപ്പിക്കുന്ന സിനിമകൾ തൊണ്ണൂറുകളിലെ ട്രെൻഡായി മാറി. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ, തൊഴിലിനെക്കുറിച്ച് ആവലാതി പ്രകടിപ്പിക്കുക പോലും ചെയ്യാതെ, ഒന്നിച്ച് ഒരിടത്ത് താമസിക്കുകയും പണമുണ്ടാക്കി രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നവരായിരുന്നു ഈ സിനിമകളിലെ ചെറുപ്പക്കാരെല്ലാം. മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ, ബൈജു, മഹേഷ് തുടങ്ങിയവർ തൊണ്ണൂറുകളുടെ ആദ്യപകുതിയിലും പ്രേംകുമാർ, അബി, ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവർ രണ്ടാം പകുതിയിലും ഇത്തരം ഹാസ്യ സിനിമകളുടെ പതാകവാഹകരായി. മാന്ത്രികച്ചെപ്പ്, നീലക്കുറുക്കൻ, ഡോളർ, പോസ്റ്റ് ബോക്സ് നമ്പർ 27, മൂന്നുകോടിയും മുന്നൂറും പവനും, ഞാൻ കോടീശ്വരൻ തുടങ്ങി തൊണ്ണൂറുകളിലെ തമാശപ്പടങ്ങളുടെ പേരുകളിൽ പോലും പെട്ടെന്ന് വന്നുചേരുന്ന ഇത്തരം ഭാഗ്യങ്ങളുടെ സൂചനകളുള്ളതായി കാണാം. ഈ തമാശക്കളികൾക്കും കോടീശ്വരൻ, ഗുണ്ടപാവപ്പെട്ടവൻ ദ്വന്ദ്വങ്ങളിൽ നിന്നും മോചനം നേടാൻ മലയാള സിനിമ ഒന്നര ദശാബ്ദത്തോളമെടുത്തു.
    അതേസമയം സവർണ ജാതി സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന ഫ്യൂഡൽ ജന്മി കഥാപാത്രങ്ങളുടെ പുനസൃഷ്ടിയും മനകളുടെയും കൊട്ടാരങ്ങളുടെയും തമ്പുരാക്കന്മാരുടെയും ഉത്സവപ്പറമ്പുകളുടെയും വീണ്ടെടുക്കൽ കൂടിയായിരുന്നു മലയാള സിനിമയ്ക്ക് തൊണ്ണൂറുകൾ. സ്ത്രീയുടെയും തന്നെ ആശ്രയിക്കുന്നവരുടെയും ദേശത്തിന്റെയാകെയും രക്ഷകനായി അവതരിക്കുന്ന ഈ തമ്പുരാൻ കഥാപാത്രങ്ങൾ പാരമ്പര്യമായി കൈവന്ന ഭൂസ്വത്ത് അനുഭവിക്കുന്നവരും പ്രത്യേകിച്ച് ഒരു തൊഴിലുമെടുക്കാതെ ദേശരക്ഷ ജീവിതവ്രതമാക്കിയവരുമാണ്. ഐ.വി ശശിരഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ദേവാസുരത്തിൽ തുടങ്ങി രൺജി പണിക്കരിലൂടെയും ഷാജി കൈലാസിലൂടെയും തുടർച്ച കണ്ടെത്തുന്ന ഈ കഥാപാത്രങ്ങളിൽ നായകന്മാരുടെ മുഖം ഇടയ്ക്കു മാറുമെങ്കിലും ചെയ്തുപോരുന്ന അമാനുഷിക പ്രവൃത്തികളിൽ മാറ്റമുണ്ടാകാറില്ല. സവർണ നായക കർതൃത്വത്തെ നിരന്തരം രക്ഷകവേഷം കെട്ടിച്ചതിലൂടെ വിസ്മൃതിയിലായിക്കൊണ്ടിരുന്ന മേലാളകീഴാള ബോധങ്ങളുടെ ഓർമപ്പെടുത്തലിനെ പുനസൃഷ്ടിച്ചുവെന്നതാണ് ഇത്തരം സിനിമകൾ ചെയ്ത വലിയ അപകടം.




പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടുന്നു

താഴ്ന്ന ജാതിക്കാർ കുലത്തൊഴിലുകളും സവർണ ജാതികൾക്ക് വേണ്ടി വേല ചെയ്യേണ്ടവരുമാണെന്ന ചിന്ത മാറുന്നതോടെയാണ് ജാതിബോധത്തിന്റെ പ്രാഥമിക ചിന്തകൾ ഇല്ലാതെയാകുന്നത്. ജന്മികുടിയാൻ കാലഘട്ടത്തിൽ കേരള സമൂഹത്തിൽ പ്രബലമായിരുന്ന ജാതിഘടന നവകേരള രൂപീകരണത്തിന് ശേഷവും ജാതിവേർതിരിവായി തുടർന്നുപോന്നതിന് ജാതികൾക്ക് മേൽ നിശ്ചയിച്ചുകൊടുത്ത തൊഴിലുകൾ കൂടിയാണ് കാരണം. ചില തൊഴിലുകൾക്ക് സമൂഹം മേന്മ കൽപ്പിച്ചു കൊടുത്തിരുന്നെങ്കിലും ജാതീയമായ തിരിച്ചറിവുകളും മേൽജാതി, കീഴ്ജാതി ബോധവും വളർത്താനേ ഇത് ഇടയാക്കിയുള്ളൂ. കുലത്തൊഴിലുകൾ കീഴ്ജാതിക്കാർക്ക് സമ്മാനിച്ചത് സാമ്പത്തികമോ സാമൂഹികമോ ആയ ഉയർച്ചയല്ല. ചില്ലറ വരുമാനം കൊണ്ട് എന്നും ഇല്ലായ്മയിൽ കഴിയേണ്ടി വന്ന കുലത്തൊഴിലുകാർ സ്വാഭാവികമായും പുതിയ തൊഴിൽ മേഖലയെപ്പറ്റി ചിന്തിച്ചു.
   
      പട്ടണം, ഗ്രാമം എന്ന വേർതിരിവില്ലാതെ ആധുനിക സൗകര്യങ്ങളും വിവര സാങ്കേതിക വിദ്യയും എല്ലായിടത്തുമെത്തി യന്ത്രവത്കരണവും നഗരവത്കരണവും സജീവമായ പുതിയ നൂറ്റാണ്ടിൽ ഒറ്റ രൂപഘടനയുള്ള ഗ്രാമമായി കേരളം മാറിയതോടെയാണ് കുലത്തൊഴിലുകളിൽ നിന്ന് മോചനം നേടുന്നത്. എല്ലാ ജാതി വിഭാഗങ്ങളും എല്ലാ മേഖലയിലേക്കും കടന്നെത്തുകയും തൊഴിൽ സമ്പാദിക്കുകയും ചെയ്തതോടെ തൊഴിൽകൊണ്ട് പുറമേയ്ക്ക് പ്രകടമായിരുന്ന ജാതി കേരളം തൂത്തെറിഞ്ഞു. പകരം ഉള്ളിൽ ജാതി സൂക്ഷിക്കാനും ജാതിയേതെന്നറിയാനുള്ള ത്വര കൂടുകയും ചെയ്തു.
    ഈ സാമൂഹിക മാറ്റത്തിന്റെ പ്രകടരൂപമായിട്ടാണ് പുതുതലമുറ സിനിമകളിൽ ഐ.ടി അധിഷ്ടിത തൊഴിൽ മേഖല കടന്നുവരുന്നത്. ശ്യാമപ്രസാദിന്റെ 'ഋതു' ആണ് ന്യൂജൻ തൊഴിലിടങ്ങൾ മലയാള സിനിമയിൽ വളരെ പ്രഖ്യാപിതമായി അടയാളപ്പെടുത്തിയത്. ഈ സിനിമ മുന്നോട്ടുവച്ച പുതുതലമുറ ജീവിതവും തൊഴിലിടവും തങ്ങളെത്തന്നെ സ്‌ക്രീനിൽ കാണാൻ പുതുതലമുറ തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കുമായി. ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിലും ഇതിന്റെ തുടർച്ച കാണാം. പുതിയ തൊഴിൽ സംസ്‌കാരവും ഭാഷ, വസ്ത്രധാരണം, അഭിസംബോധനാ രീതികൾ, ചേഷ്ടകൾ തുടങ്ങി അടിമുടി പുതിയൊരു തൊഴിലിടമാണ് ആഗോള ഐ.ടി കമ്പനികൾ കേരളത്തിൽ തൊഴിൽദാതാക്കളായി വന്നതോടെ ഉണ്ടായത്. അവർ ശീലിപ്പിച്ച ടെക് കൾച്ചറിലേക്ക് അതിവേഗം ഇവിടത്തെ യുവ തൊഴിലന്വേഷകർ മാറുകയും ചെയ്തു. നാലു ലക്ഷത്തിലേറെ പേർ ജോലിചെയ്യുന്ന വലിയ തൊഴിൽമേഖലയായി ഐ.ടി സ്വകാര്യ മേഖല മാറിയതോടെ കേരളത്തിന്റെ തൊഴിലിടങ്ങളിൽ അവഗണിക്കാൻ പറ്റാത്ത വിഭാഗമായി ടെക്കികൾ. പിന്നീട് അനിൽ രാധാകൃഷ്ണൻ മേനോന്റെ നോർത്ത് 24 കാതം, ജീത്തു ജോസഫിന്റെ മൈ ബോസ്, അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ്, സമീർ താഹിറിന്റെ കലി തുടങ്ങി ഒട്ടേറെ സിനിമകൾ ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്നവരെ പ്രധാന കഥാപാത്രങ്ങളാക്കാൻ തയ്യാറായി.
    മലയാള സിനിമയിൽ അഭിനയ, സാങ്കേതിക മേഖലയിലേക്ക് ഒട്ടേറെ ചെറുപ്പക്കാർ കടന്നുവരികയും തലമുറ കൈമാറ്റം സാദ്ധ്യമാകുകയും ചെയ്തതോടെ പ്രമേയപരിസരങ്ങളിലും സിനിമയിലെ തൊഴിലിടങ്ങളിലും മാറ്റം പ്രകടമാണ്. ബിൽഡിംഗ് കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ആഡ് ഫിലിം മേക്കിംഗ്, വീഡിയോ ഗെയിം മേക്കിംഗ്, ഈവന്റ് മാനേജ്‌മെന്റ്, സ്റ്റാർട്ടപ് തുടങ്ങി ന്യൂജൻ തൊഴിലുകൾ ചെയ്യുന്ന കഥാപാത്രങ്ങളെ കോക്‌ടെയിൽ (വി.കെ പ്രകാശ്), പട്ടം പോലെ (അളകപ്പൻ), അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ (രോഹിത് വി.എസ്), ചാപ്പാകുരിശ്, കലി (സമീർ താഹിർ) തുടങ്ങിയ സിനിമകളിൽ അവതരിപ്പിക്കുന്നുണ്ട്.

പ്രസാധകൻ, 2018 ഓഗസ്റ്റ്‌
 
അത്രയെളുപ്പം പിടിതരില്ല ചരിത്രസിനിമകൾ

161 ദിവസത്തെ ഷൂട്ട്. ചരിത്രത്തെ വലിയ കാൻവാസിൽ സാധ്യമാക്കാൻ ഗോകുലം ഗോപാലൻ മുടക്കിയത് 45 കോടി. സെറ്റിനു മാത്രം 12 കോടി. റോഷൻ ആൻഡ്രൂസും ബോബിയും സഞ്ജയും നിവിനും സഹതാരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പരമാവധി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ എത്ര വെട്ടിച്ചുരുക്കിയിട്ടും 168 മിനിറ്റലേക്ക് നീണ്ടപോയ കായംകുളം കൊച്ചുണ്ണിയെന്ന ചരിത്രാഖ്യായിക കാണിയിലേക്ക് യാതൊരു വികാരവും പകരാതെയാണ് തുടങ്ങിയൊടുങ്ങുന്നത്. സ്‌ക്രീനിൽ നടക്കുന്നത് ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു. അതിൽകവിഞ്ഞ് അവരുടെ ഉള്ളലേക്കെത്താനോ ഏതെങ്കിലും തരത്തിലുള്ള വികാരം സൃഷ്ടിക്കാനോ മലയാളത്തിലെ ഏറ്റവും വലിയ സിനിമക്കാകുന്നില്ല.
           ഐതിഹ്യമാലയിൽ നിന്ന് കടംകൊണ്ട് ചിലയിടങ്ങളിലൊക്കെ തിരക്കഥയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, ചരിത്രകഥ അതേപടി പറഞ്ഞപോകുന്നതിനുള്ള സൗകര്യത്തിനായി ക്രമത്തിൽ ചേർത്തുവച്ചിട്ടുള്ള കറേ സീനുകൾ മാത്രമായിട്ടാണ് റോഷന്റെ കായംകുളം കൊച്ചുണ്ണി അനുഭവപ്പെടുന്നത്. സംവിധായകന്റെ സ്വാതന്ത്ര്യമോ പ്രതിഭയോ മാജിക്കോ എവിടെയും കണ്ടുകിട്ടുന്നില്ല. ഉദയനാണ് താരം മുതൽക്കിങ്ങോട്ട് ക്രാ്ര്രഫിൽ വ്യത്യസ്തതയുള്ള ഒട്ടേറെ കൊമേഴ്സ്യൽ സിനിമകൾ ചെയ്തു വിജയിപ്പിച്ചിട്ടുള്ള സംവിധായകൻ ചരിത്രകഥയെന്ന വെല്ലുവിളി എങ്ങനെയായിരിക്കും സ്‌ക്രീനിൽ കൊണ്ടുവന്ന് യാഥാർത്ഥ്യമാക്കുകയെന്ന കൗതുകമായിരുന്നു കൊച്ചുണ്ണി കാണുന്നതിന് മുമ്പ് പ്രേക്ഷകനിലുണ്ടാകുക. പക്ഷേ ഫലം പൂർണനിരാശ. അപൂർവ്വം ചില സീനുകളിലെ മിഴിവും ക്ലൈമാക്സ് സംഘട്ടന ചിത്രീകരണവുമൊഴിച്ചാൽ ബാക്കിയൊന്നിലും ഒരു കൈയൊപ്പ് ഇല്ലാത്തതപോലെ. ആത്മാവ് പൂർണമായി നഷ്ടമായ കലാസൃഷ്ടിയെന്ന് ചുരുക്കിപ്പറയാം. കഥാപശ്ചാത്തലമായൊരുക്കിയിട്ടുള്ള ചന്തയും പ്രധാന അങ്ങാടിയുമുൾപ്പടെയുള്ള സെറ്റുകളിലും ഗ്രാഫിക്സിലുമെല്ലാം കൃത്രിമം മറനീക്കി പുറത്തുകാണുന്നു. നിവിന്റെതടക്കമുള്ള പല കഥാപാത്രങ്ങളുമിതു പോലെ തന്നെ. അമിതാഭിനയവും നാടകീയതയുമെല്ലാം ആവശ്യത്തിനുണ്ട്.  
  
     പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടാക്കാതെ ആദ്യപകുതി സ്‌ക്രീനിലങ്ങനെ തീരുന്ന വേളയിൽ ഇത്തിക്കര പക്കിയായുള്ള മോഹൻലാലിന്റെ രംഗപ്രവേശം സിനിമയ്ക്ക് തെല്ല് ആവേശം തീർക്കുമെങ്കിലും ഈ കഥയിൽ പക്കിക്ക് വലിയ റോളൊന്നുമില്ല. ഉള്ളതു തന്നെ മോഹൻലാലിന്റെ സാന്നിധ്യം കൊണ്ട് സിനിമ രക്ഷപ്പെടുത്താനായുള്ള തിരക്കഥയിലെ വലിച്ചുനീട്ടലാണെന്നു അദ്ദേഹത്തിനു കൊടുത്ത സംഭാഷണങ്ങളിലൂടെ വ്യക്തമാകും.
    എഴുതിച്ചേർക്കുകയും തിരുത്തുകയും വീണ്ടും എഴുതുകയും ചെയ്യമ്പോൾ തിരക്കഥയ്ക്ക് ചിലപ്പോൾ ബലം കൈവരാറുണ്ട്. പക്ഷേ കൊച്ചുണ്ണിയ്ക്കായി ബോബിയും സഞ്ജയും ഒരുക്കിയ സ്വതവേ ദുർബലമായ തിരക്കഥയിൽ കുട്ടച്ചേർത്തതും ഒഴിവാക്കിയതുമെല്ലാം ഒരപോലെ മുഴച്ചു നിന്നു. ഐതിഹ്യമായും കഥയായും നാടകമായും സിനിമയായും സീരിയലായും പലകുറി കേട്ടു കണ്ട് കൈമാറിയ സോഷ്യലിസം പുലരണമെന്നും ജന്മിത്തം തുലയണമെന്നും പട്ടിണി ഇല്ലാതാകണമെന്നും സ്വപ്നം കണ്ട് പാവങ്ങൾക്കായി ജീവിച്ച ജനകീയ കള്ളനെ കറേക്കൂടി മിഴവോടെയും വീരരൂപമായും പ്രതിഷ്ഠിക്കാനുള്ള അവസരമാണ് കൊച്ചുണ്ണിയുടെ പുതിയ വരവിൽ ഇല്ലാതാക്കിയത്.
          ജാതീയതയെയും സവർണ മേധാവിത്വത്തെയും ചോദ്യം ചെയ്യുന്ന ചില രംഗങ്ങളും കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്നത് ആശ്വാസമാണ്. കായംകുളം കൊച്ചുണ്ണിയെന്ന സോഷ്യലിസ്റ്റും ഡമോക്രാറ്റിക്കുമായ കള്ളന്റെ കഥ പറയമ്പോൾ സ്വാഭാവികമായും ഇത്തരം ചോദ്യം ചെയ്യലുകൾ കടന്നുവരും. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായും ശബരിമലയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും മറനീക്കിയെത്തുന്ന സവർണ ജാതി ചിന്തകളുടെ പശ്ചാത്തലത്തിൽ ഈ ചോദ്യംചെയ്യലുകൾക്ക് പ്രസക്തിയേറെയാണ്.
  
      ക്ലാസിക്കുകൾ ഒരിക്കലേ സംഭവിക്കാറുള്ളൂവെന്ന് പറയാറുണ്ട്. സംവിധായകൻ ഹരിഹരന്റെ കരിയറിൽ ഒരു വടക്കൻ വീരഗാഥയുടെ രൂപത്തിൽ അത് സംഭവിപ്പിച്ചതിനു പിന്നിൽ വടക്കൻ പാട്ടിൽ അതുവരെ കൂട്ടത്തിൽ ഒരു ചേകവൻ മാത്രമായിരുന്ന ചന്തുവിനെ കണ്ടെടുത്ത് വീരപരവേഷം കൊടുത്ത എം.ടിയുടെ മാന്ത്രിക വിരലുകളായിരുന്നു. അതപോലെ അത്ഭുതം സൃഷ്ടിക്കാൻ ശേഷിയുള്ള വിരലുകൾ ഇത്തരമൊരു ചരിത്രകഥ പറയമ്പോൾ റോഷന് കിട്ടിയില്ലെന്നതാണ് വാസ്തവം. ചരിത്രകഥകൾ പറയാൻ സാമാന്യ ജീവിത കഥകൾ എഴുതുന്ന കൈകളും കണ്ണുകളും ബുദ്ധിയും പോരാ. ആരൊക്കെയോ എഴുതിവച്ച കെട്ടുകഥകളിൽ നിന്ന് നമ്മുടെ യുക്തിക്കനുസരിച്ച് പിന്തിരിഞ്ഞനോക്കി ചികഞ്ഞു വേർതിരിക്കാനുള്ള അനിതരസാധാരണമായ സവശേഷ വിചാരമുണ്ടായിരിക്കണം. അതാകട്ടെ അപൂർവമായി സാധിക്കുന്നതും. വടക്കൻ വീരഗാഥയിൽ സാധിച്ച മിഴിവ് എം.ടിക്കും ഹരിഹരനും പഴശ്ശിരാജയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നതും നമ്മൾ  കണ്ടു. എങ്കിലും പഴശ്ശിരാജ കൊച്ചുണ്ണിയുടെ എത്രയോ പടി മുകളിൽ നിൽക്കുന്ന സിനിമയാണ്. മലയാളത്തിലെ എക്കാലത്തെയും മാസ്റ്ററായ കെ.ജി ജോർജ് 'ഇലവങ്കോട് ദേശ'മെന്ന ചരിത്ര സിനിമയോടെയാണ് തന്റെ ഡയറക്ടോറിയൽ കരിയറിനു വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. 'കുലം' എടുത്തപ്പോൾ ലെനിൻ രാജേന്ദ്രനും 'ഉറുമി'യിൽ സന്തോഷ് ശിവനും ഇതത്ര എളുപ്പം പിടിതരുന്ന ജോണറല്ലെന്ന് മനസ്സിലാക്കിയിരുന്നു.
         കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും പഴശ്ശിരാജയും കുഞ്ഞാലി മരയ്ക്കാരും മാർത്താണ്ഡവർമ്മയും തുടങ്ങി എണ്ണമറ്റ ചരിത്ര സിനിമകൾ ഗ്രാഫിക്സും കളർ ടോൺ സാധ്യതകളുമില്ലാത്ത ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോ യുഗത്തിൽ മലയാളത്തിൽ നിർമ്മിക്കപ്പെടുകയുണ്ടായി. സിനിമയുടെ മേക്കിംഗ് പ്രൊസസിലും കാഴ്ചശീലത്തിലും അഭിരുചിയിലും പരിമിതികൾ ഏറെയുണ്ടായിരുന്ന അക്കാലത്തു നിന്ന് തീർത്തും വ്യത്യസ്തമാണ് പുതിയകാല സിനിമയും കാണികളും. ചരിത്രകഥകളിൽ രസച്ചരടു പൊട്ടുന്നത് എളുപ്പത്തിൽ മനസ്സിലാകുന്നവരാണ് പുതിയ കാണികൾ. അവരുടെയിടയിലേക്കാണ് നിങ്ങൾ ചരിത്ര സിനിമയുമായി എത്തുന്നത്. അവരെയാണ് നിങ്ങൾക്ക് തൃപ്തിപ്പെടത്തേണ്ടതും മറികടക്കേണ്ടതും.

സ്ത്രീശബ്ദം, 2018 നവംബർ

സദാചാരക്കണ്ണുകളിലേക്ക് കാഞ്ചിവലിച്ച് വരത്തൻ


ആഖ്യാനത്തിലെ പുതുമ കൊണ്ട് മുൻചിത്രങ്ങളിൽ നിന്ന് അമൽ നീരദ് സ്വന്തം ഗ്രാഫ് ഉയർത്തുന്ന സിനിമയാണ് വരത്തൻ. സൗന്ദര്യമുള്ള പതിഞ്ഞ താളത്തിൽ മുന്നോട്ടുപോയി മുറുകുന്ന ശൈലി വരത്തനെ പാകപ്പെട്ട ഒരു സിനിമയാക്കി മാറ്റുന്നു. ചെറുതുള്ളികൾ ചേർന്ന് ഒരു ജലപ്പരപ്പ് രൂപപ്പെടുന്നതു പോലെയാണ് വരത്തന്റെ ആഖ്യാനം. ഈ ചെറുതുള്ളികളാണ് ജലപ്പരപ്പിലെ ആകെ ഓളത്തള്ളലിന് ശക്തി പകരുന്നത്.
      വരത്തന്റെ തുടക്കത്തിൽ ഭാര്യാഭർത്താക്കന്മാരായ നായികയും നായകനും ദുബായ് നഗരത്തിലൂടെ പെയ്ഡ് ടാക്സിയിൽ യാത്ര ചെയ്യുന്നൊരു സീനുണ്ട്. അതിൽ ഡ്രൈവറുടെ ശ്രദ്ധ സ്റ്റിയറിംഗിലും തനിക്കു മുന്നിലെ റോഡിലും മാത്രമാണ്. ആ സീൻ കട്ട് ചെയ്ത് ക്യാമറ കേരളത്തിലേക്ക് തിരിച്ചുവയ്ക്കുമ്പോൾ നായകനും നായികയും കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം അതുപോലൊരു പ്രൈവറ്റ് ടാക്സിയിൽ യാത്ര ചെയ്യുകയാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയതിന്റെയും വീട്ടുകാരെ കാണുന്നതിന്റെയും സന്തോഷം കണ്ണുകളിൽ. അവൾ ഭർത്താവിനോട് ചേർന്നിരുന്ന് കൈവിരലുകൾ കോർത്തുപിടിക്കുന്നു. ഡ്രൈവർ കണ്ണാടി പിൻസീറ്റിലെ കാഴ്ചയിലേക്ക് അഡ്ജസ്റ്റ് ചെയ്തു വച്ച് വണ്ടിയോടിക്കുന്നു. കേരളത്തിലാകമാനം നഗര, നാട്ടിൻപുറ, കവല, ചായക്കട വ്യത്യാസമില്ലാതെ ഫിറ്റ് ചെയ്തു വച്ചിട്ടുള്ള ഇതുപോലുള്ള നിരീക്ഷണ ക്യാമറകളുടെ കണ്ണുകളിലേക്കാണ് തന്റെ ഇരട്ടക്കുഴൽ തോക്കു നീട്ടി അമൽ നീരദ് കാഞ്ചി വലിക്കുന്നത്.
    കേരളത്തിന്റെ കപട സദാചാരത്തിലേക്കും പെൺനോട്ടങ്ങളിലേക്കും വരത്തന്റെ ക്യാമറ സദാ കടന്നുചെല്ലുന്നു. ദുബായ് നഗരത്തിൽ ഏറെ സുരക്ഷിതമായും സ്വാതന്ത്ര്യ ബോധത്തോടെയും ജീവിച്ചിരുന്ന എബിനും പ്രിയയും കേരളത്തിലേക്ക് എത്തുന്നതോടെയാണ് കാര്യങ്ങൾ നേരെ തിരിയുന്നത്. കേരളത്തിന്റെ നാട്ടിൻപുറങ്ങൾ നന്മകളെക്കാൾ കപട സദാചാരക്കാരും ഒളിഞ്ഞുനോട്ടക്കാരും നിറഞ്ഞതാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. സ്വച്ഛജീവിതം പ്രതീക്ഷിച്ചെത്തിയ ദമ്പതികൾക്ക് ഇതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിക്കേണ്ടി വരുന്നു.
   
     എബിൻ അല്പം തണുപ്പൻ മട്ടിലുള്ള ശുദ്ധഗതിക്കാരനായ ആളാണ്. പൊതുവെ ഉൾവലിഞ്ഞ പ്രകൃതവും കാപട്യം തിരിച്ചറിയാൻ കഴിവില്ലാത്തയാളുമായ എബിന് ഇവിടത്തെ മനുഷ്യരുടെ അതിബുദ്ധിയും ഉള്ളിൽ ചിലത് ഒളിപ്പിച്ച് പുറമേയ്ക്ക് മറ്റൊന്ന് നടിച്ചുകൊണ്ടുള്ള പെരുമാറ്റവും മനസ്സിലാകുന്നേയില്ല. ഒളിഞ്ഞുനോട്ടങ്ങൾ തങ്ങളുടെ സൈ്വര്യജീവിതത്തിനാകെ ഭീഷണിയായിട്ടും ഭാര്യക്ക് അപകടം പിണഞ്ഞിട്ടും അയാൾക്ക് വളരെ സമയമെടുത്താണ് കാര്യങ്ങൾ ബോധ്യപ്പെടുന്നതും ചുറ്റും നടക്കുന്ന കാപട്യങ്ങൾ തിരിച്ചറിയുന്നതും. ആ സമയത്ത് ഒറ്റയ്ക്കുനിന്ന് അയാൾ പൊട്ടിക്കരയുന്നുണ്ട്. സ്വാഭാവികമായി ഒരു മനുഷ്യന്റെ ഉള്ളിൽ നിന്നു വരുന്നതാണ് ഈ പൊട്ടിക്കരച്ചിൽ. പിന്നീടയാൾ ചെയ്യുന്നതാകട്ടെ അസ്വാഭാവികമായ പ്രതികാരവുമാണ്. സിനിമയുടെ അവസാന അര മണിക്കൂറിലെ അമാനുഷിക ചെയ്തികളിലേക്ക് നയിക്കുന്നത് നായക കഥാപാത്രത്തിന് സംഭവിക്കുന്ന ഈ പരിവർത്തനമാണ്.
    കഥാപാത്രങ്ങളുടെ മാനസിക വ്യപാരങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ആഖ്യാന ശൈലിയാണ് വരത്തന്റെ കരുത്ത്. സംഭവങ്ങളെക്കാളും സംഭാഷണങ്ങളെക്കാളും മൗനത്തിനും ചെറുസംസാരങ്ങൾക്കും ഇമേജുകൾക്കും സിനിമ പ്രാധാന്യം നൽകുന്നു. സിനിമയുടെ തുടക്കത്തിൽ ഒരിടത്ത് പാറ്റയെ എന്തിനാണ് കൊന്നതെന്ന് ചോദിക്കുന്ന നായകനെയും പിന്നീട് പാറ്റയെ ബൂട്ടിനടിയിൽ ഞെരിക്കുന്ന നായകനെയും കാണാം. ഇത് അയാളിലെ ഹിംസാത്മകതയെ സൂചിപ്പിക്കുന്നതിനെക്കാളേറെ വ്യക്തിയിൽ സമൂഹം ഉണ്ടാക്കുന്ന മാനസിക പരിവർത്തനത്തെ കാണിക്കാനാണ് സംവിധായകൻ ഉപയോഗിക്കുന്നത്.
    ഫഹദിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കഥാപാത്രങ്ങളിൽ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന സിനിമ പ്രതിനായക സ്വഭാവമുള്ള ഷറഫുദ്ദീന്റെയും വിജിലേഷിന്റെയും കഥാപാത്രങ്ങളുടെ ശരീരഭാഷ അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം മികവ് കാട്ടുകയും ചെയ്യുന്നു. അല്പസ്വല്പം പറമ്പിലെ പണിയും നാട്ടുകാര്യവും പൊടി രാഷ്ട്രീയവും അതിലുപരി സദാചാര സംരക്ഷകനുമായ നാട്ടിൻപുറത്തുകാരനായി ദിലീഷ് പോത്തന്റെ പ്രകടനവും കഥാപാത്ര സൃഷ്ടിയുടെ മികവാണ്.
   
      പശ്ചാത്തല സംഗീതത്തിന്റെയും സൗണ്ട് ഡിസൈനിംഗിന്റെയും സാധ്യത പൂർണമായി ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്നത് വരത്തന്റെ മേക്കിംഗ് സവിശേഷതകളിൽ പ്രധാനമാണ്. ആദ്യപകുതിയിൽ മലയാളത്തിന് അത്ര പരിചിതമല്ലാത്ത ആഖ്യാനത്തിനൊപ്പവും അവസാന അര മണിക്കൂറിൽ അമൽ നീരദ് സിഗ്‌നേച്ചർ ഷോട്ടുകളോടു ചേർന്നുമാണിത്. വരത്തനെ കംപ്ലീറ്റ് തിയേറ്റർ എക്സ്പീരിയൻസ് ആക്കി മാറ്റുന്നതും ശബ്ദത്തിന്റെ ഉപയോഗത്തിലെ ഈ സവിശേഷതയാണ്.
     പറവയ്ക്കും കൂടെയ്ക്കും ശേഷം ലിറ്റിൽ സ്വയമ്പിന്റെ ക്യാമറ ഒരിക്കൽകൂടി മിഴിവുറ്റ കാഴ്ചാനുഭവമായി മാറുകയാണ്. കൂടെയിലും ഹൈറേഞ്ച് ആയിരുന്നു പശ്ചാത്തലമെങ്കിലും വരത്തനിലെ കുടിയേറ്റ മലയോര ഗ്രാമത്തിലും എസ്റ്റേറ്റുകളിലും ചുരത്തിലും ക്യാമറ വയ്ക്കുന്നത് സ്വയമ്പിന്റെ മറ്റൊരു കണ്ണാണെന്നു തോന്നും. ആളുകളുടെ നോട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ക്യാമറയുടെ സഞ്ചാരത്തിനൊപ്പം കാഴ്ചക്കാരനും പോകേണ്ടിവരുന്നു. ഈ സിനിമോട്ടോഗ്രാഫറുടെ ക്യാമറയിലെ വലിയ അത്ഭുതങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന് തീർച്ച.
     അമൽ നീരദ് സിനിമകളിലെ പതിവു മാൻലി ഹീറോയെ വരത്തനിൽ കാണാനാവുക ക്ലൈമാക്സിലാണ്. ഭീതിയും ചോരയും നിറഞ്ഞ രാത്രിയിൽ അടച്ചിട്ട വീട്ടിൽ ഫഹദിന് ഹീറോയിസത്തിനായി തുറന്നിട്ടു കൊടുക്കുന്ന അര മണിക്കൂർ നേരം. സിനിമ കാഴ്ചക്കാരിലേക്ക് മുറുകിക്കയറുന്നതും ഈ നേരം തന്നെ.
      ഐശ്വര്യ ലക്ഷ്മി വാഗ്ദാനമാണ്.  മായാനദിയിലെ അപ്പുവിനെ പോലെ നായകനു മുന്നിൽ നിൽക്കുന്ന ആഴവും ധൈര്യവുമുള്ള നായിക. പെൺ കഥാപാത്രങ്ങളെ പരിഗണിക്കുന്ന പുതുതലമുറ എഴുത്തുകാർക്കും സവിധായകർക്കുമാണ് ഇതിന്റെ ക്രെഡിറ്റ്.


സ്ത്രീശബ്ദം, 2018 ഒക്ടോബർ

വിട്ടുപോകാത്ത ഇഴയടുപ്പങ്ങൾ

വീടകങ്ങളിലേക്ക് മടങ്ങിപ്പോകുകയും ഊഷ്മളമായ ബന്ധങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സിനിമകൾ യൂറോപ്യൻ സിനിമകളിൽ സമൃദ്ധമാണ്. യൂറോപ്യൻ കുടുംബങ്ങളുടെയും സാമൂഹിക ജീവിതാവസ്ഥയുടെയും നേരാവിഷ്‌കാരേെന്നാണമുള്ള ഈ സിനിമകൾ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിലേക്കും ബന്ധങ്ങളിലേക്കുമാണ് ക്യാമറ തിരിച്ചുവയ്ക്കുന്നത്. ഒന്നോ രണ്ടോ അല്ലെങ്കിൽ നാലോ അഞ്ചോ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഈ സിനിമകൾക്ക് ലോകൈകമായ തലം കൈവരുന്നത് ഇവ മൂല്യങ്ങൾക്കും ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾക്കും നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടാണ്.
    ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്, ജർമനി, പോളണ്ട്, സ്വീഡൻ തുടങ്ങി യൂറോപ്പിൽ സിനിമ നിർമ്മിക്കുന്ന പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെല്ലാം ഇത്തരത്തിൽ ആക്ഷൻ ഓറിയന്റഡ് എന്നതിനെക്കാൾ ഡ്രമാറ്റിക്, ഇമോഷണൽ സങ്കേതങ്ങൾ ഉപയോഗിച്ചുള്ളവയാണ്. അങ്ങനെ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തു നിന്ന് സംഭവിക്കുന്ന ഈ സിനിമകൾ ഇവിടെ മറ്റൊരു വൻകരയിലിരിക്കുന്ന നമ്മുടെ ദിവസ ജീവിതത്തിലെ അനുഭവം കൂടിയായി മാറുന്നു.
    ലോകത്തെ എല്ലാത്തരം മനുഷ്യനെയും പ്രതിനിധാനം ചെയ്യുമ്പോഴാണ് ഒരു സിനിമ ലോകസിനിമയായി മാറുന്നതും ആ തരത്തിൽ അടയാളപ്പെടുത്തുന്നതും. സ്വാഭാവികമായും അതിസാധാരണ മാനുഷിക വികാരങ്ങളുമായി ഇഴചേർത്ത് അവതരിപ്പിക്കുമ്പോഴായിരിക്കും ഇങ്ങനെ സംഭവിക്കാൻ കൂടുതൽ സാധ്യത കൈവരിക. വലിയ പ്രശ്നങ്ങളിലേക്ക് കയറിച്ചെല്ലുകയും അതിലിടപെട്ട് സംഘർഷങ്ങളും സങ്കീർണതകളും സൃഷ്ടിക്കുകയും ചെയ്യാതെ കേവല പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം സിനിമകൾ ഇറാൻ, പലസ്തീൻ, തുർക്കി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരന്തരം സംഭവിക്കുന്നുണ്ട്.
    മനുഷ്യർക്കിടയിലെ വിട്ടുപോകാത്ത ഇഴയടുപ്പങ്ങളെക്കാൾ അവർക്കിടയിലെ സംഘർഷങ്ങളും കേവല ഉപഭോഗ വസ്തുക്കൾക്കായുള്ള തർക്കങ്ങളും വിഷയമാക്കാനാണ് മലയാള സിനിമ മിക്കപ്പൊഴും ശ്രമിച്ചിട്ടുള്ളത്. തീവ്രമായ ബന്ധങ്ങൾ പറയുന്ന സിനിമകൾ ഉണ്ടായിട്ടില്ലെന്നല്ല, കുടുംബ പ്രശ്നങ്ങളും സ്വത്തുതർക്കങ്ങളും വിഷയമാക്കാനാണ് അതിന്റെ പോപ്പുലർ കൾച്ചർ എപ്പൊഴും ഒരുമ്പെട്ടിട്ടുള്ളതെന്ന് കാണാനാകും. അടുത്ത കാലത്ത് സംഭവിച്ച രാജീവ് രവിയുടെ അന്നയും റസൂലും, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, സൗബിൻ ഷാഹിറിന്റെ പറവ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ബി.അജിത്കുമാറിന്റെ ഈട തുടങ്ങിയ സിനിമകളിലെല്ലാം മാനുഷികാടുപ്പങ്ങളുടെ വ്യത്യസ്ത ശ്രേണിയിലുള്ള ഇഴചേർച്ചകൾ അനുഭവിക്കാനാകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഈ സിനിമകൾക്കെല്ലാം വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലും ഭാഷയ്ക്കതീതമായ ആസ്വാദനതലവും അവകാശപ്പെടാനാകുന്നുണ്ട്.
  
 വിട്ടുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ മാന്ത്രികതയോടെ സ്‌ക്രീനിൽ വരച്ചിടുകയാണ് അഞ്ജലിേേനാൻ തന്റെ പുതിയ സിനിമയായ 'കൂടെ'യിൽ. കേരള കഫെയിലെ 'ബ്രിഡ്ജ്' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അഞ്ജലിേേനാൻ എന്ന സംവിധായികയുടെയും എഴുത്തുകാരിയുടെയും തുടക്കം. മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമുള്ള ഈ ലഘുസിനിമ അമ്മമകൻ, ഭാര്യഭർത്താവ്, അമ്മായിയമ്മമരുമകൾ ത്രികോണ ബന്ധത്തിൽ നിന്നുകൊണ്ട് മൂന്നു മുഷ്യർക്കിടയിലെ പൊരുത്തവും നിസ്സഹായതയും തീവ്രാടുപ്പവുമാണ് പറഞ്ഞത്. ഒരു പൊട്ടിക്കരച്ചിലും ശൂന്യതയും നിസ്സഹായതയോടെയുള്ള ഞെട്ടലും കോരിത്തരിപ്പും കാണിയിൽ ബാക്കിയാക്കി അവസാനിക്കുന്ന ബ്രിഡ്ജ് മലയാളത്തിന് ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന ഒരു പുതുസംവിധായികയെ നൽകുകയായിരുന്നു.
      അഞ്ജലിയുടെ ആദ്യ മുഴുനീള ഫീച്ചർ ഫിലിമെന്ന നിലയിൽ 'മഞ്ചാടിക്കുരു' കുറേക്കൂടി ലാളിത്യവും ഗൃഹാതുരതയും ഗ്രാമീണതയും കൊരുത്ത ബന്ധങ്ങളുടേതായിരുന്നു. കുട്ടിത്തവും നാട്ടുനന്മയും നിറഞ്ഞ അഖ്യാനശൈലിയാണ് മഞ്ചാടിക്കുരു പ്രേക്ഷകനെ ഇതിലേക്ക് അടുപ്പിച്ചതെങ്കിൽ, ഉപ്പൂപ്പയും ചെറുമകനുമിടയിലുള്ള സാധാരണമെന്നു തോന്നിപ്പിക്കാവുന്ന അസാധാരണ അടുപ്പമാണ് 'ഉസ്താദ് ഹോട്ടല'ിന്റെ വൈകാരിക തലം. 'ബാംഗ്ലൂർ ഡേയ്സി'ൽ എത്തുമ്പോൾ ഭൂമിക പിന്നെയും മാറുന്നുണ്ടെങ്കിലും മാനുഷികാടുപ്പങ്ങളുടെ അടിസ്ഥാന പ്രമേയസാധ്യത വിട്ടുകളയാൻ അഞ്ജലി തയ്യാറാകുന്നില്ല.
    'കൂടെ'യിൽ തന്റെ മുൻസിനിമകളെക്കാൾ വൈകാരികമായി കുറേക്കൂടി ആൾപ്പൊക്കത്തിലാണ് അഞ്ജലിയിലെ എഴുത്തുകാരിയും സംവിധായികയും എത്തിനിൽക്കുന്നത്. തുടക്കത്തിൽ പറഞ്ഞതുപോലെ അതിവൈകാരികമായ യൂറോപ്യൻ സിനിമകളുടെ പ്രമേയ സ്വീകാര്യതാ രീതിയാണ് കൂടെയിൽ കാണാനാകുക. ഇത്രയും വൈകാരികാടുപ്പങ്ങളുടെ ചിത്രീകരണ സാധ്യത മലയാളി പ്രേക്ഷകന് അത്രകണ്ട് പരിചിതമല്ല.
   
      മരിച്ചുപോയ അനിയത്തിയും ചേട്ടനും തമ്മിൽ ഉടലെടുക്കുന്ന അസാധാരണ ബന്ധമാണ് കൂടെയുടെ കേന്ദ്രപ്രമേയം. ചിലരുടെ സാന്നിധ്യം നമുക്ക് അത്രമേൽ പ്രിയപ്പെട്ടതാകും. ഒരുപക്ഷേ അപരൻ തിരിച്ചറിയാതെ പോലും അത് സാധ്യമാകും. കൂടെയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രം ചെറുപ്പം മുതൽ വീടിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ടവനാണ്. ചെറുപ്രായത്തിലേ അതിനായി വിദേശത്ത് പോകേണ്ടിവരുന്നു. വീട്ടിലേക്ക് പണമയക്കുകയും അവിടത്തെ ആവശ്യങ്ങൾ നടന്നുപോകുകയും ചെയ്യുന്നുണ്ട്. പക്ഷേ വീട്ടിലേക്ക് പണം കൊണ്ടുവരുന്ന യന്ത്രം എന്ന നിലയിലല്ലാതെ അയാൾക്ക് സ്വന്തം ഐഡന്റിറ്റിയില്ല. അതയാൾ തിരിച്ചറിയുകയും ചിലപ്പൊഴൊക്കെ തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്. അയാൾക്ക് വീട്ടുകാരുമായോ സുഹൃത്തുകളുമായോ അടുപ്പമില്ല. ഏക സഹോദരി ജെന്നി മരിക്കുമ്പോഴാണ് നാട്ടിൽ വരുന്നത്. അനിയത്തിയുടെ മരണശേഷമാണ് അവൾക്ക് തന്നോടും തിരിച്ചുമുണ്ടായിരുന്ന സ്‌നേഹം അയാൾ തിരിച്ചറിയുന്നത്. പ്രിയപ്പെട്ട ഒരാളുടെ സാന്നിധ്യം മരണശേഷവും തിരിച്ചറിയാനാകുമെന്ന സാധ്യതയിലേക്കാണ് ജോഷ്വയുടെയും ജെന്നിയുടെയും ബന്ധത്തിന്റെ തീവ്രതയിലൂടെ 'കൂടെ' സഞ്ചരിക്കുന്നത്. ഈ സാന്നിധ്യം രണ്ടുപേർക്കും ആശ്വാസവും ആവശ്യവുമായി മാറുകയും അതില്ലാതെയാകുമ്പോഴുള്ള ശൂന്യതയും കൂടെയെ വിട്ടുപോകാത്ത ഇഴയടുപ്പങ്ങളുടെതാക്കി മാറ്റുന്നു.
      സങ്കീർണത നിറഞ്ഞ വലിയ കഥകളും കെട്ടുപിരിഞ്ഞു കിടക്കുന്ന ഉപകഥകളും സിനിമയ്ക്കാവശ്യമില്ലെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് കൂടെയിലൂടെ അഞ്ജലിേേനാൻ. മനുഷ്യനെ മുന്നോട്ടുനയിക്കാൻ പോന്ന ചില ബന്ധങ്ങളുടെ ഓർമ്മപ്പെടുത്തലും അത് വ്യക്തിയിലുണ്ടാക്കുന്ന ദൃഢതയും അഞ്ജലി ഓർമ്മപ്പെടുത്തുന്നു. കുറേക്കൂടി പക്വത പ്രാപിച്ച ഒരു സംവിധായികയെയാണ് കൂടെയിൽ കാണാനാകുക. മലയാളത്തിൽ പൂർവ്വ മാതൃകകൾ ഇല്ലാത്തതും സ്വയം സഷ്ടിച്ചെടുത്തതുമായ ശൈലിയാണ് അഞ്ജലിയിലെ സംവിധായികയുടെ കരുത്ത്. സ്വന്തം സിനിമയിൽ പൂർണമായ നിയന്ത്രണം വച്ചുപുലർത്താൻ അവർക്കാകുന്നുണ്ട്.
      പൂർണമായി സംവിധായികയുടെ സിനിമയാകുമ്പോൾ തന്നെ ലിറ്റിൽ സ്വയമ്പ് എന്ന സിനിമോട്ടോഗ്രാഫറുടെ കൂടിയാണ് ഈ സിനിമ. സ്വയമ്പിന്റെ ക്യാമറ 'കൂടെ'യുടെ കാഴ്ചയ്ക്ക് ഉടനീളം നൽകുന്ന മിഴിവും ഉണർവും വലുതാണ്. ഊട്ടിയിലെ തണുത്ത പ്രകൃതിയും മനുഷ്യരുടെ ഇഴയടുപ്പവും സ്വയമ്പിന്റെ ക്യാമറയിൽ പതിയുമ്പോൾ സ്‌ക്രീന് സ്‌പേസും കാണിയുടെ കണ്ണും തമ്മിലുള്ള അകലം അടുത്തില്ലാതാകുന്നു.
      അന്തർമുഖനും നിസ്സഹായനും ഉൾവലിഞ്ഞവനുമായ ചെറുപ്പക്കാരന്റെ ശരീരഭാഷ പൃഥ്വിരാജിൽ ഭദ്രമാണ്. കഥാപാത്രമായി മാറാൻ ഈ നടൻ ശരീരത്തിലും ശബ്ദത്തിലും കൊണ്ടുവരുന്ന മോഡുലേഷനും അഭിനന്ദനാർഹം. തിരിച്ചുവരവിലും പഴയ ഊർജം നിലനിർത്തുന്ന നസ്റിയയും സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള, കുടുംബ വ്യവസ്ഥിതികളെയും ആൺ കാർക്കശ്യങ്ങളെയും എതിർക്കാൻ പ്രാപ്തി നേടിയ പാർവതിയുടെ സോഫിയും 'കൂടെ'യുടെ കരുത്താണ്.

സ്ത്രീശബ്ദം, 2018 ഓഗസ്റ്റ്-സെപ്തംബർ
 
ആ കാക്ക എന്നും വരും
പ്രഭാവതിയമ്മ വാതോരാതെ വർത്തമാനം പറയും



അഭിമുഖം: പ്രഭാവതിയമ്മ/എൻ.പി.മുരളീകൃഷ്ണൻ



'ഇനിയൊരമ്മയ്ക്കും എന്റേതുപോലൊരു അനുഭവം ഉണ്ടാകരുത്. ഞാൻ ഒരുപാട് കരഞ്ഞു. എന്റെ കുഞ്ഞിന് വന്ന വിധിയോർത്ത് കരയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. നീതിക്കായി ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. കൊല്ലം 13 കഴിഞ്ഞു. ഇപ്പോൾ എനിക്ക് നീതി കിട്ടി. ഇത് ഒരു പാഠമാകണം. ഒരു മക്കൾക്കും ഇനിയീ ഗതി വരരുത്. ഒരമ്മയും ഇതുപോലെ കരയരുത്. അതിനു വേണ്ടിയാണ് ഞാൻ കോടതി കയറിയിറങ്ങിയത്.'കണ്ണീരുണങ്ങിയ മുഖവുമായി പ്രഭാവതിയമ്മ പറയുകയാണ്.
    ഫോർട്ട് പൊലിസ് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലിസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇക്കഴിഞ്ഞ ജൂലൈ 25ന് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചതോടെ 13 വർഷമായി നീതിതേടിയുള്ള ഒരമ്മയുടെ അലച്ചിലിന് അവസാനമാകുകയായിരുന്നു. കോടതി വാദം കേൾക്കുന്ന ദിവസവും വിധി പ്രഖ്യാപിക്കുന്ന ദിവസവും മുഴുവൻ നേരവും പ്രഭാവതിയും സഹോദരൻ മോഹനനും വഞ്ചിയൂർ കോടതി വളപ്പിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12ഓടെ പ്രഭാവതിയമ്മയ്ക്ക് ഏറെ ആശ്വാസമായ ആ വിധി വന്നു. ഒന്നും രണ്ടും പ്രതികളായ കെ.ജിതകുമാർ, എസ്.വി ശ്രീകുമാർ എന്നിവർക്ക് വധശിക്ഷ. മറ്റു പ്രതികളായ മൂന്നൂ പൊലിസുകാർക്ക് മൂന്നു വർഷം തടവും കോടതി വിധിച്ചു. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്.
    13 വർഷം ഒരു സാധാരണക്കാരിയായ വയോധിക നടത്തിയ നിയമ പോരാട്ടത്തിന് അനുകൂല വിധി. നീതി തേടുന്ന എല്ലാ സാധാരണക്കാർക്കും ആത്മവിശ്വാസമാകുന്ന പോരാട്ടവും വിധിയും. നീതി കിട്ടിയ ആശ്വാസത്തിൽ പ്രഭാവതിയമ്മ തിരുവനന്തപുരം കരമന നെടുങ്കാട്ടെ മകനുറങ്ങുന്ന വീട്ടിലെത്തി. വീട്ടുവളപ്പിൽ മകന്റെ കുഴിമാടത്തിനരികെ ഇരുന്ന് അവനോട് വിവരങ്ങളെല്ലാം പറഞ്ഞ് കരഞ്ഞു. കുറേ വർഷങ്ങളായി ഈ കരച്ചിൽ പ്രഭാവതിയമ്മയ്ക്ക് പതിവില്ല. കരഞ്ഞുകരഞ്ഞ് കണ്ണീരു വറ്റിപ്പോയതാണ്. വിധി വന്ന ദിവസം അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി. പ്രഭാവതിയമ്മയുടെ ജീവിതത്തിൽ മകൻ ഇല്ലാതായിട്ട് 13 വർഷമായി. പ്രഭാവതിയമ്മ മകനെക്കുറിച്ചും തന്റെ നിയമ പോരാട്ടത്തെയും ഓർമ്മിക്കുന്നു.
    നീതികിട്ടിയിട്ടേ മരിക്കൂ എന്ന നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമായിരുന്നു പ്രഭാവതിയെന്ന നാട്ടിൻപുറത്തുകാരി നടത്തിയത്. 'എനിക്കു നീതി കിട്ടിയിട്ട് എന്റെ മകന്റെ കൂടെ പോയാൽ മതിയെന്നാണ് ഞാൻ എന്നും പ്രാർത്ഥിച്ചിരുന്നത്. എന്റെ മകനെ കൊന്നവർക്ക് ശിക്ഷ കിട്ടിയിട്ടേ അമ്പലത്തിൽ പോലും പോകുകയുള്ളൂ എന്നും തീരുമാനിച്ചിരുന്നു. ഒരു ധൈര്യവുമില്ലാത്തവളായിരുന്നു ഞാൻ. എന്തിനാ ഇവിടെ നിൽക്കുന്നെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ തിരിഞ്ഞുനോക്കാതെ ഓടുമായിരുന്നു. ഇപ്പോ തിരിഞ്ഞുനിന്ന് എന്താന്നു ചോദിച്ചിട്ടേപോകൂ. ഈ 13 വർഷംകൊണ്ട് ഉണ്ടായ മനോധൈര്യമാണത്.'പ്രഭാവതിയമ്മ പറയുന്നു.


ഒരു സന്തോഷവുമറിയാത്തൊരു സ്ത്രീ

ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച പ്രഭാവതിക്ക് സഹായത്തിന് സഹോദരൻ മോഹനൻ ആയിരുന്നു ഏക ആശ്രയം. തിരുവനന്തപുരം തമിഴ്നാട് അതിർത്തി ഗ്രാമത്തിലായിരുന്നു വീട്. ചെറുപ്പത്തിലേ കേരളത്തിലേക്ക് പോന്നതുകൊണ്ട് ആ നാട് ഏതെന്നു പോലും പ്രഭാവതിക്ക് കൃത്യമായി ഓർമ്മയില്ല. അച്ഛനുമമ്മയും മരിച്ച ശേഷം അടുത്ത ബന്ധുക്കളായിരുന്നു പ്രഭാവതിയെ നോക്കിയത്. വിദ്യാഭ്യാസമൊന്നും നേരെ നടന്നില്ല. 19 വയസ്സിൽ കല്യാണം കഴിഞ്ഞു. മൂന്ന് വർഷമാണ് ഭർത്താവിനൊപ്പം താമസിച്ചത്. അയാൾ ഉപേക്ഷിച്ചുപോകുകയായിരുന്നു. 'ബന്ധുക്കൾ കൊണ്ടുവന്ന ആലോചനയാണ്. കല്യാണത്തിന് ശേഷമാണ് ചതി മനസ്സിലാക്കിയത്. അയാൾക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. രണ്ടരമൂന്ന് കൊല്ലം മാത്രമേ ഒന്നിച്ച് ഉണ്ടായുള്ളൂ. അപ്പോഴേക്ക് അയാൾ ഇട്ടിട്ട് പോയി. മകന് ഒരു വയസ്സാണ് അപ്പോൾ. അവന് ഒരു ട്രൗസറോ ഷർട്ടോ പോലും വാങ്ങിക്കൊടുത്തിട്ടില്ല.'
    ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷം സഹോദരൻ മോഹനൻ മാത്രമായിരുന്നു പ്രഭാവതിക്ക് സഹായത്തിന്. വീട്ടുജോലിക്കു പോയാണ് പിന്നീട് പ്രഭാവതി മകനെ വളർത്തിയത്. ജോലിക്കു പോകുന്നിടത്തൊക്കെ മകനെയും കൊണ്ടുപോകും. അവനില്ലാത്ത ഒരു ലോകം തനിക്കില്ലായിരുന്നുവെന്ന് പ്രഭാവതി നെടുവീർപ്പോടെ ഓർക്കുന്നു.
'നാലാം ക്ലാസ്സുവരെയെ അവൻ പഠിച്ചിട്ടുള്ളൂ. പലയിടത്തായി വാടകവീടുകൾ മാറിയതുകൊണ്ടാണ് പഠിത്തമെല്ലാം പോയത്. ഇരുപതു വയസ്സായപ്പോ അവൻ ജോലിക്കുപോകാൻ തുടങ്ങി. ആദ്യം വർക്ക്‌ഷോപ്പിൽ പോയി. പിന്നീടാണ് ആക്രിക്കടയിൽ ജോലിക്കു കയറിയത്. പൈസയൊന്നും പാഴാക്കിക്കളയില്ല. ദിവസം 100 രൂപയെങ്കിലും എന്റെ കൈയ്യിൽ കൊണ്ടുതരുമായിരുന്നു. എന്റെ സഹോദരനും ഞാനും കൂടെയാ മോനെ വളർത്തിയത്. എന്റെ മോൻ ഒരു വഴക്കിനും പോകില്ല. സംസാരിക്കുന്നതു പോലും വെളിയിൽ കേൾക്കില്ല. അത്രയ്ക്ക് പാവമായിരുന്നു. അങ്ങനെയുള്ള എന്റെ മകനെയാ അവര് കൊന്നുകളഞ്ഞത്. 26 വയസ്സായിരുന്നു അപ്പോഴവന്. 26 വയസ്സുവരെ ഒരു ദിവസം പോലും ഞാനവനെ കാണാതിരുന്നിട്ടില്ല. ഇപ്പൊ 13 വർഷമായി ഞാനവനെ കണ്ടിട്ട്' ഇതെല്ലാം ഓർത്തുപറയമ്പോൾ ഇപ്പോൾ പ്രഭാവതിയമ്മ കരയാറില്ലെങ്കിലും കേട്ടിരിക്കുന്ന നമ്മുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാകും.


അവൻ ഇപ്പൊഴും എന്റെ കൂടെയുണ്ട്

ഉദയൻ ഇപ്പൊഴും ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് പ്രഭാവതിയമ്മയ്ക്കിഷ്ടം. അവന്റെ സാന്നിദ്ധ്യം എപ്പൊഴും കൂടെയുണ്ടെന്ന് അവർ പറയുന്നു. മിക്ക ദിവസങ്ങളിലും സ്വപ്നത്തിൽ വരും. പക്ഷേ സ്വന്തം രൂപത്തിലായിരിക്കില്ല. എന്നോട് കുറേ സംസാരിക്കും. 'മോൻ പോയതിൽ പിന്നെ ഒരു കാക്ക എപ്പോഴും വീട്ടിൽ വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന നെടുങ്കാട്ടെ വീട്ടിലാണ് ആദ്യം വന്നത്. ആ വീട് ഇപ്പോഴില്ല. അത് പൊളിഞ്ഞുപോയി. അവിടെയാണ് സർക്കാർ പുതിയ വീട് കെട്ടിത്തന്നത്. ഇപ്പോൾ അതേ കാക്ക പുതിയ വീട്ടിലും വരും. അതിനു ഞാൻ ഭക്ഷണം കൊടുക്കും. എന്നെ കണ്ടില്ലെങ്കിൽ പുറത്തുനിന്ന് ശബ്ദമുണ്ടാക്കും. കഴുത്തുചെരിച്ച് വീട്ടിനകത്തേക്ക് നോക്കും. ആ നോട്ടം എന്റെ മകന്റേതു പോലെയാണ്. കഴുത്തുചെരിച്ച് അവനും ഇതുപോലെ നോക്കാറുണ്ട്. ഞാൻ അതിനോട് സങ്കടം പറയും. അതെല്ലാം കേട്ടിരിക്കും. ഞാനതിന് ബിസ്‌കറ്റ് ഒക്കെ കൊടുക്കും. അവന് ബിസ്‌കറ്റ് നല്ല ഇഷ്ടമായിരുന്നു. വീടുവിട്ട് എവിടേയും പോകാൻ എനിക്ക് തോന്നാറില്ല. ഞാൻ വിചാരിക്കും എവിടെയെങ്കിലും പോയാൽ ആ സമയത്ത് മോനെങ്ങാനും വന്നാലോ എന്ന്.'നെടുങ്കാട്ടെ വീട്ടിൽ തനിച്ചാകുന്ന രാപകലുകളിൽ ഉദയകുമാറിന്റെ മരിക്കാത്ത ഓർമ്മകളാണ് പ്രഭാവതിയമ്മയ്ക്ക് ഇപ്പോൾ കൂട്ട്. ഉദയന് നീതികിട്ടിയ വൈകുന്നേരത്തിനു ശേഷമുള്ള പകലിലും കാക്ക വീട്ടിൽ വന്നിരുന്നുവെന്ന് പ്രഭാവതിയമ്മ ഓർക്കുന്നു. 'ഞാനതിനോട് കോടതിയിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. രണ്ടു പകൽ മുഴുവൻ കോടതിയിൽ പോയതും ജഡ്ജി അവർക്ക് ശിക്ഷ വിധിച്ചതുമെല്ലാം പറഞ്ഞു. എല്ലാ അതിങ്ങനെ കേട്ടിരിക്കും. 'കാ കാ' എന്നു മറുപടി പറയും. എനിക്കത് 'അമ്മാ' എന്നതു പോലെ തോന്നും.'



 
കോടതിമുറ്റത്തെ രണ്ട് പകലുകൾ

നിറം മങ്ങിത്തുടങ്ങിയ വെള്ളസാരിയുടുത്ത് കൈയിലൊരു കുടയുമായി സഹോദരൻ മോഹനന്റെ കൈപിടിച്ചാണ് ഉദയകുമാർ കേസിലെ വിധി നടക്കുന്ന രണ്ടു ദിവസവും പ്രഭാവതിയമ്മ വഞ്ചിയൂർ കോടതിയിലെത്തിയത്. മഴ പെയ്ത് നനഞ്ഞ കോടതിമുറ്റത്തെ മണ്ണിലൂടെ കൂടപ്പിറപ്പിനൊപ്പം നടന്നുനീങ്ങിയ പ്രഭാവതിയമ്മയുടെ കാൽവെയ്പിന് പ്രായത്തെ തോൽപ്പിക്കുന്ന ചുവടുറപ്പുണ്ടായിരുന്നു. മകന്റെ കൊലപാതകത്തിൽ നീതിക്കായി 13 വർഷം സർക്കാർ ഓഫീസുകളും കോടതി വരാന്തയിലും അലഞ്ഞ കാലുകൾ ഏതു ദുർഘട സാഹചര്യത്തെയും മറികടക്കാൻ ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു.
    കേസിൽ ജൂലൈ 24ന് വിധിയുണ്ടാകുമെന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. വാദം തുടർന്നതോടെ വിധി പിറ്റേ ദിവസത്തേക്കു മാറ്റി. കേസിന്റെ വാദം നടന്ന ചൊവ്വാഴ്ച രാവിലെ തന്നെ സഹോദരനും പൊതുപ്രവർത്തകൻ പി.കെ രാജുവിനും ഒപ്പം സി.ബി.ഐ കോടതിയിൽ എത്തിയ പ്രഭാവതിയമ്മ കോടതി മുറിക്കുള്ളിൽ കയറിയില്ല. വൈകിട്ടു വരെ കോടതി വരാന്തയിലെ കൈവരിയിൽ ചാരിനിന്ന് അകത്തേക്കു തന്നെ നോക്കിനിന്നു. കോടതിയിൽ നിന്നുള്ള വിവരങ്ങൾ ഇടയ്ക്ക് രാജുവും മോഹനനും പ്രഭാവതിയമ്മയോട് വന്നു പറഞ്ഞുകൊണ്ടിരുന്നു. കേസിലെ പ്രതികളായ പൊലിസുകാർ കുറ്റക്കാരാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടെന്നും ശിക്ഷാനടപടി ഉണ്ടാകുമെന്നുമുള്ള വിവരം കൂടെയുണ്ടായിരുന്നവർ പ്രഭാവതിയമ്മയെ അറിയിച്ചതോടെ വർഷങ്ങളായുള്ള തന്റെ അലച്ചിലിന് നീതി കിട്ടിയതിന്റെ ആശ്വാസം അവരുടെ മുഖത്ത് പ്രതിഫലിച്ചു. കേസിലെ വിധി പ്രഖ്യാപിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിവച്ചതായി കോടതി അറിയിച്ചതോടെ വീട്ടിലേക്കു പോകാനായി ഇറങ്ങി.
    ശിക്ഷ വിധിക്കുന്നത് കേൾക്കാൻ 25ന് രാവിലെ 10 മണിയോടെ പ്രഭാവതിയമ്മ വീണ്ടും കോടതിയിൽ എത്തി. കഴിഞ്ഞ 13 വർഷത്തേതു പോലെ വിധിപ്രഖ്യാപന ദിവസവും അവരെ അനുനയിക്കാൻ കൂടുതലാരും ഉണ്ടായിരുന്നില്ല. സഹോദരൻ മോഹനനും ഉദയകുമാർ കൊല്ലപ്പെട്ടതു മുതൽ കേസ് നടത്തിപ്പടക്കം എല്ലാ കാര്യത്തിനും കൂടെ നിന്ന പി.കെ രാജുവും മാത്രം. അല്പനേരം കഴിഞ്ഞപ്പോൾ പ്രഭാവതിയമ്മയ്ക്ക് കരുത്ത് പകർന്ന് തുടക്കം മുതൽ കൂടെ നിന്നിരുന്ന മുൻ എം.എൽ.എ ശോഭനാ ജോർജും എത്തി. സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിനായുള്ള നടപടിക്രമങ്ങളിൽ സഹായിക്കുകയും ചെയ്തത് ശോഭനാ ജോർജാണ്.
    ഉച്ചയ്ക്ക് 12 മണിയോടെ പ്രഭാവതിയമ്മയ്ക്ക് ആശ്വാസം പകരുന്ന ആ വിധി എത്തി. തന്റെ മകന്റെ കൊലയാളികൾക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ച കോടതി നടപടിയിൽ അമ്മ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ ഏറെ സമാധാനത്തോടെ വരാന്തയിൽ നിന്ന് പടിക്കെട്ടുകളിറങ്ങി കോടതിക്കു പുറത്തെത്തി. പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രഭാവതിയമ്മ ആശ്വാസത്തോടെ മനസ്ലുതുറന്നു. 'ഞാൻ വിളിച്ചത് ദൈവം കേട്ടു. നീതിക്കായി ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. കൊല്ലം 13 കഴിഞ്ഞു. ഇപ്പോൾ എനിക്ക് നീതി കിട്ടി. ഇത് ഒരു പാഠമാകണം. ഒരു പൊലിസുകാരനും ഇനി ഒരാളോടും ഇങ്ങനെ ചെയ്യരുത്. ഒരു മക്കൾക്കും ഇനിയീ ഗതി വരരുത്. അതിനു വേണ്ടിയാണ് ഞാൻ കോടതി കയറിയിറങ്ങിയത്.'
    സാധാരണക്കാരിയായ ഒരു വീട്ടമ്മ 13 വർഷം തനിച്ച് നടത്തിയ പോരാട്ടമാണ് ആ ദിവസം സഫലമായത്. ഉന്നതർ പ്രതികളായ കേസുകൾ തേഞ്ഞുമാഞ്ഞു പോകുന്നത് സ്ഥിരസംഭവമാകമ്പോൾ പ്രഭാവതിയമ്മയെന്ന നാട്ടിൻപുറത്തുകാരി വയോധികയുടെ നിയമ പോരാട്ടവും അതിന് ലഭിച്ച അനുകൂല വിധിയും നീതി തേടുന്ന എല്ലാ സാധാരണക്കാർക്കും ഏറെ ആശ്വാസമാകുന്നതായി. നീതി തേടുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് താൻ പോരാടിയതെന്നും ഒരു മകനും ഇനിയീ ഗതി വരരുതെന്നുമുള്ള പ്രഭാവതിയമ്മയുടെ വാക്കുകൾ തന്നെ ഇതിന് തെളിവാണ്.



പൂക്കളവും സദ്യയുമില്ലാത്ത ഒരോണം കൂടി


ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പത്തെ ഒരോണക്കാലത്താണ് പ്രഭാവതിയമ്മയുടെ ജീവിതത്തിൽ നിനച്ചിരിക്കാതെ ആ ദുരന്തം വന്നത്. ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് കൂട്ടിവച്ച പണം കൊണ്ട് അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാൻ പോയതായിരുന്നു ഉദയകുമാർ. കൈയിൽ പൈസ കിട്ടമ്പോൾ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ഉദയന് വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് നഗരത്തിൽ ഓണക്കോടി വാങ്ങാൻ പുറപ്പെട്ടത്. 2005 സെപ്തംബർ 27ന്. ആ യാത്രയിൽ ശ്രീകണ്‌ഠേശ്വരം പാർക്കിൽ വച്ച് മോഷണക്കുറ്റം ആരോപിച്ച് പൊലിസുകാർ ഉദയകുമാറിനെ പിടിച്ചു കൊണ്ടുപോകമ്പോൾ ഇതൊന്നുമറിയാതെ മകൻ ഓണക്കോടിയുമായി തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു അമ്മ. അന്ന് വൈകിട്ട് മകൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന് ആശുപത്രി മോർച്ചറിയിൽ ചെന്നു കാണുന്നത് മകന്റെ ചേതനയറ്റ ശരീരം. 'ഒരു ഓണത്തിനാണ് എന്റെ മകനെ അവർ പിടിച്ചു കൊണ്ടപോയത്. മറ്റൊരു ഓണത്തിന് മുമ്പ് അവർക്ക് ശിക്ഷയും ലഭിച്ചു.'
    മകൻ ഇല്ലാത്ത പതിനാലാമത്തെ ഓണമാണ് പ്രഭാവതിയമ്മയ്ക്കിത്. മകൻ മരിച്ച ശേഷം അവർ ഓണം ആഘോഷിച്ചിട്ടില്ല. സദ്യയൊരുക്കലും പൂക്കളമിടലുമൊന്നുമില്ല. എങ്ങോട്ടും പോകാതെ തനിച്ച് വീട്ടിൽ തന്നെ ഇരിക്കും. ഇത്തവണയും അങ്ങനെ തന്നെ. എന്നാൽ വർഷങ്ങളുടെ അലച്ചിലിനൊടുവിൽ കേസിൽ നീതി ലഭിച്ചതിന്റെ ആശ്വാസം ഇത്തവണയുണ്ട്. മകന്റെ മരിക്കാത്ത ഓർമ്മകളുമായുള്ള ജീവിതമാണ് പ്രഭാവതിയമ്മയുടെ ഇനിയുള്ള ഓരോ ഓണക്കാലവും.


ഉദയകുമാറിന് സംഭവിച്ചത്

മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27ന് പകൽ രണ്ടിനാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
    ആക്രിക്കടയിൽ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാർ ചേർന്നാണ് ഉദയകുമാറിനുമേൽ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേർന്ന് ജി.ഐ പൈപ്പുകൊണ്ട് തുടയിൽ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാർ മരിച്ചു.
    തുടർന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാർജ് ചെയ്യുകയായിരുന്നു. കൈകൾ കെട്ടാൻ ഉപയോഗിച്ച തോർത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയിൽ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രൻനായരും ഹെഡ് കോൺസ്റ്റബിൾ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി. പ്രതികൾ തയ്യാറാക്കിയ കരട് എഫ്.ഐ.ആർ രവീന്ദ്രനായർക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാർജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റർ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാർഡും തയ്യാറാക്കി.
    രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ് കോൺസ്റ്റബിൾമാരായ തങ്കമണി, എൻ രാമചന്ദ്രൻ, ഷീജാകുമാരി, സജിത എന്നിവരെ പ്രതികൾ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനിൽ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോൾ പറഞ്ഞത് വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നത് കണ്ടു എന്നാണ്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിലാണ് മർദ്ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികൾ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായത്.


 
പോരാട്ടത്തിന്റെ നാൾവഴികൾ
 
തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ഒരു കൊലപാതക കേസിന് ജീവൻ വയ്പിച്ചത് പൊതുസമൂഹത്തിന്റെയും പൊതുപ്രവർത്തകരുടെയും സജീവമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. പൊലിസുകാർ പ്രതികളായതു കൊണ്ടുതന്നെ അന്നത്തെ യു.ഡിഎഫ് സർക്കാറും പൊലിസും കേസ് തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമിച്ചത്. അതിസാധാരണക്കാരിയായ ഒരമ്മയ്ക്ക് തന്റെ മകന്റെ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമ പോരാട്ടം ഒറ്റയ്ക്ക് നയിക്കുന്നതിന് പരിമിതികൾ ഏറെ ഉണ്ടായിരുന്നു. അന്ന് പൊതുജനങ്ങളും ഇടതുപക്ഷ സംഘടനകളും വിഷയത്തിൽ സജീവമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നു. അവരാണ് തനിക്ക് മുന്നോട്ടുപോകാൻ ധൈര്യം തന്നതെന്ന് പ്രഭാവതിയമ്മ ഓർമ്മിക്കുന്നു.
    അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാമിനെ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകർ ഉപരോധിച്ചു. പോസ്റ്റ് മോർട്ടം നടത്താൻ ആർ.ഡി.ഒ വന്ന് ഇൻക്വസ്റ്റ് തയ്യാറാക്കാതെ പോസ്റ്റ് മോർട്ടം നടത്തില്ലെന്ന് പറഞ്ഞ് പ്രവർത്തകർ പൊലിസിനെ തടഞ്ഞു. ലാത്തിച്ചാർജും വലിയ സംഘർഷങ്ങളുമായി. അതോടെ കേസിന്റെ അന്തിമവിധി വരുന്നതു വരെ പ്രഭാവതിയമ്മയ്‌ക്കൊപ്പം നിൽക്കാൻ തന്നെ പ്രവർത്തകർ തീരുമാനിച്ചു.
 'എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന സമയമായിരുന്നു. ഏത് ഓഫീസിൽ പോകണം, ആരെ കാണണം എന്നൊന്നും അറിയില്ലായിരുന്നു. പി.കെ രാജുവിനെപ്പോലെ ചിലർ എപ്പൊഴും കൂടെ നിന്നു. അവർ കേസുമായി മുന്നോട്ടു പോകാൻ പറഞ്ഞു. വേണ്ട പേപ്പറുകളും പരാതികളുമൊക്കെ എഴുതിത്തന്ന് എന്നെ ഓഫീസിലും വക്കീലിനെ കാണാനുമൊക്കെ കൊണ്ടുപോയി.'പ്രഭാവതിയമ്മ പറയുന്നു.
    പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും റവന്യുമന്ത്രി കെ.പി രാജേന്ദ്രനും മുൻകൈയെടുത്ത് ഉദയകുമാറിന്റെ അമ്മയ്ക്ക് വീടുവച്ച് നൽകിയത്. അവരുടെ പേരിൽ മൂന്ന് ലക്ഷം രൂപയും സർക്കാർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
    കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ടു പോയെങ്കിലും അതത്ര ഫലപ്രദമായില്ല. ക്രൈം ബ്രാഞ്ചിന് വിട്ടപ്പോൾ അന്വേഷണത്തിനു ശേഷം 300 പേജുള്ള കുറ്റപത്രം നൽകി.  പ്രധാന സാക്ഷിയായ സുരേഷ് കുമാർ പിടിയിലാകുന്നതും ഈ സമയത്താണ്. കേസ് അട്ടിമറിക്കപ്പെടുമെന്ന് തോന്നിയ സമയത്ത് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രഭാവതിയമ്മയ്‌ക്കൊപ്പം ഓഫീസുകൾ കയറിയിറങ്ങാനും പൊതുപ്രവർത്തകർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണൻ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിർദേശം നൽകി. ഒടുവിൽ 2007 ഒക്ടോബർ 17ന് സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് കേസിൽ അന്വേഷണ പുരോഗതിയും നിർണായക വെളിപ്പെടുത്തലുകളുമുണ്ടായത്.'എത്ര വർഷം അലഞ്ഞാലും കേസിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പൊലിസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതിരുന്ന ചില ഘട്ടങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളോളം അന്വേഷണത്തെപ്പറ്റി ഒരറിവും നമുക്ക് കിട്ടിയില്ല. ഇടയ്ക്കിടയ്ക്ക് പോയി ചോദിക്കും. അപ്പോൾ അവർ നോക്കുന്നുണ്ടെന്ന് പറയും.'കേസിനെപ്പറ്റിയോ അതിന്റെ നടപടിക്രമങ്ങളെ പറ്റിയോ യാതൊന്നും അറിയാതിരുന്ന തനിക്ക് സർക്കാർ ഓഫീസിലും പൊലിസ് സ്റ്റേഷനിലും കോടതി വരാന്തയിലും കയറിയിറങ്ങി പിന്നീട് ഒരു ധൈര്യമൊക്കെ വന്നെന്ന് പ്രഭാവതിയമ്മ പറയുന്നു. ഇതിനിടയ്ക്ക് ചിലർ വന്ന് കേസ് നടത്തിപ്പ് നിർത്തണമെന്നും പണം തരാമെന്നെല്ലാം പറഞ്ഞു വന്നെന്നും പ്രഭാവതിയമ്മ ഓർക്കുന്നു.
    ഏഴു വർഷത്തെ അന്വേഷണത്തിനു ശേഷം 2014 മെയ് സി.ബി.ഐ കുറ്റപത്രം നൽകിയെങ്കിലും തൊട്ടുപിന്നാലെ കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിന്നീട് രണ്ടു വർഷത്തിനു ശേഷമാണ് വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി ഉത്തരവ് വന്നത്. ഇതിനിടയിൽ പ്രധാന സാക്ഷിയും മുൻ പൊലിസ് ഉദ്യോഗസ്ഥനും മാപ്പുസാക്ഷിയും കൂറു മാറി. രഹസ്യമൊഴി കാണാതായതും തെളിവ് നശിപ്പിക്കലും ഉദ്യോഗസ്ഥർ വിചാരണയ്ക്ക് എത്താതിരുന്നതും കോടതിയുടെ വിമർശനത്തിന് ഇടയാക്കി. 2018 ഏപ്രിൽ 25ന് സാക്ഷി വിസ്താരം പൂർത്തിയായി. ജൂലൈ 20ന് സി.ബി.ഐ കോടതിയിൽ വാദം പൂർത്തിയാകുകയും 24ന് പ്രതികളായ അഞ്ച് പൊലിസുകാരും കുറ്റക്കാരെന്നു കോടതി കണ്ടെത്തുകയും 25ന് സുപ്രധാനമായ വിധി വരികയും ചെയ്തു.

സ്ത്രീശബ്ദം ഓണപ്പതിപ്പ്, 2018
ലില്ലി

പെണ്ണിന്റെ പോരാട്ട വീര്യത്തിന്റെ കാഴ്ച


തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്താ മേനോൻ മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ലില്ലി. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ്   ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ട്രെയ്ലറിലൂടെ ഉണ്ടാക്കിയെടുത്ത സസ്‌പെൻസും ത്രില്ലിംഗ് അനുഭവവും ഉടനീളം നിലനിർത്താനാകുന്നുവെന്നതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലില്ലിയുടെ കരുത്ത്.
       ഗർഭിണിയായ ഒരു യുവതിയെ  പ്രത്യേക ലക്ഷ്യത്തിനായി മൂന്നു പേർ ചേർന്ന് തട്ടി കൊണ്ടപോവുന്നതും അവരിൽ നിന്നും രക്ഷപ്പെടുന്നതിനായി അവൾ നടത്തുന്ന പരിശ്രമവും     പോരാട്ടവുമാണ് ചിത്രം പറയുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രം ഈ എലമെന്റ് ഒരു ഘട്ടത്തിലും വിട്ടുകളയുന്നില്ലെന്നതാണ് പ്ലസ് പോയിന്റ്. ഇക്കാര്യത്തിൽ നവാഗതനായ പ്രശോഭ് തന്റെ ക്രാഫ്റ്റ് തെളിയിക്കുന്നുണ്ട്.
       സംയുക്ത മേനോന് പ്രകടനമികവിന് ഏറെ സാധ്യത കൊടുത്തു കൊണ്ടുള്ളതാണ് ലില്ലിയുടെ സ്‌ക്രി്ര്രപിംഗ്.  ഒട്ടു മിക്ക സീനുകളിലും സംയുക്തയുടെ സാന്നിധ്യമുണ്ട്. സിനിമയിൽ ഉടനീളം ഗർഭിണിയായി ശരീരഭാഷയിൽ മിതത്വം സൂക്ഷിക്കാൻ സംയുക്ത ക്കാവുന്നു. ആണുങ്ങൾക്കു മുമ്പിൽ നിസ്സഹായയായി ഒതുങ്ങിപ്പോകാതെ ചെറുത്തു നിന്ന് അതിജീവനത്തിലേക്കുള്ള വഴി കണ്ടെത്തി സ്വതന്ത്രയാവുന്ന പെണ്ണാണ് ലില്ലി.
       സനൽകുമാർ ശശിധരന്റെ എസ് ദുർഗയിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. നെഗറ്റീവ് ഷേയ്ഡുള്ള ലീഡിംഗ് കഥാപാത്രത്തിലൂടെ കണ്ണന് മികവു പുറത്തെടുക്കാനുള്ള സ്‌പേസ് സംവിധായകൻ നൽകുന്നുണ്ട്.
    
       ഒരു റിവഞ്ച് ത്രില്ലർ എന്ന നിലയിൽ ഒരുപാട് വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രത്തിലുണ്ട്. എന്നാൽ  സമൂഹത്തിൽ നടക്കാവുന്ന  പ്രമേയമെന്ന നിലയിലാണ് ലില്ലിയിൽ വയലൻസ്  കൈകാര്യം ചെയ്യുന്നത്. യഥാർഥത്തിൽ മൃഗീയത എന്ന വാക്ക് മനുഷ്യനോടാണ് കൂടുതൽ ചേർന്നു നിൽക്കുന്നതെന്നും മൃഗങ്ങൾ ഭക്ഷണത്തിനായി മാത്രമാണ് ഇര തേടുന്നതെന്നും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ലില്ലി സ്വതന്ത്രയായി പോകുമ്പൊഴും വേട്ടനായ്ക്കൾ അവളെ വിടാതെ പിന്തുടരുന്നുണ്ടെന്ന സൂചന നൽകിയാണ് സിനിമ അവസാനിക്കുന്നത്.
        ആര്യൻ കൃഷ്ണമേനോൻ,ധനേഷ് ആനന്ദ്, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
       ഡാർക്ക് ഷെയ്ഡ്കളർ ടോണുകളും ലൈറ്റിംഗും പ്രകൃതി ബിംബങ്ങളിലൂടെയുള്ള സൂചനകളും ആഖ്യാനത്തിന് ഉൾക്കരുത്ത് നൽകുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ക്യാമറ. പാട്ടുകളില്ലാത്ത ലില്ലിയുടെ പശ്ചാത്തല സംഗീതം വരത്തനിലൂടെ പ്രശംസ നേടിയ സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.
        'ഇ ഫോർ എന്റർടെയ്ൻമെന്റ്' ഇപ്പോൾ പരീക്ഷണ ചിത്രങ്ങൾക്കായി  ലോഞ്ച് ചെയ്തിട്ടുള്ള 'ഇ ഫോർ എക്സ്‌പെരിമെന്റ്സ്' എന്ന ബാനറാണ് ലില്ലിയുടെ നിർമ്മാണവും വിതരണവും.

2018 സെപ്തംബർ 28, കേരളകൗമുദി ഓൺലൈൻ
ഇബിലീസ്
ഫാന്റസിയിൽ വിരിയുന്ന പ്രണയവും മരണവും



നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് പാടേ മാറി ഒരു സാങ്കൽപ്പിക ഗ്രാമവും അവിടത്തെ മനുഷ്യരും അവർ പുലർത്തിപ്പോരുന്ന സവിശേഷമായ വിശ്വാസങ്ങളും ഇഴചേർത്ത് തയ്യാറാക്കിയുള്ള ഫാന്റസി പരീക്ഷണ ചിത്രമാണ് രോഹിത് വി.എസിന്റെ ഇബിലീസ്. ഏതു കാലത്ത് നടക്കുന്ന കഥയാണെന്നോ ഏതു നാടാണ് ഇതിൽ പറഞ്ഞിരിക്കുന്നേെന്നാ എന്നതിലൊന്നും പ്രസക്തിയില്ല. നമുക്ക് സങ്കൽപ്പിക്കാൻ മാത്രം സാധിക്കുന്ന ഒരു ലോകത്തിലേക്കു കടന്നുചെന്ന് അവിടത്തെ മനുഷ്യരുടെ ജീവിതവും പ്രണയവും മരണവും മരണാന്തര ജീവിതവും മാജിക്കൽ റിയലിസ ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ.
    പുറംലോകത്തുനിന്ന് അകലം പാലിക്കുന്ന പൂർണമായ ഒരു സാങ്കൽപ്പിക ഗ്രാമമാണ് ആണ് സിനിമയ്ക്കായി സംവിധായകൻ സൃഷ്ടിച്ചിട്ടുള്ളത്. ഈ നാടിനും നാട്ടുകാർക്കും അവരുടെ ജീവിതരീതിക്കും വിശ്വാസങ്ങൾക്കും നമ്മുടെ ചുറ്റുപാടുമായി അത്രകണ്ട് ബന്ധമില്ല. പക്ഷേ മനുഷ്യർ തമ്മിൽ കുറേക്കൂടി ഐക്യപ്പെടലും ഇഴച്ചേർച്ചയും അവിടെ ഉണ്ടെന്നു കാണാം. അവിടത്തെ മനുഷ്യർ സദാസമയം സന്തോഷവാന്മാരാണ്. മരണം പോലും അവർക്ക് കരച്ചിലിന്റേതല്ല. എഴുത്തോ വായനയോ പള്ളിക്കൂടമോ ഇല്ല. അത്തരം ആവലാതികൾ അവരെ വേട്ടയാടുന്നുമില്ല. തങ്ങളുടെ നാടിനു പുറത്ത് തിരക്കേറിയ ഒരു ലോകമുണ്ടെന്ന് അവർക്കറിയാം. പക്ഷേ അവിടവുമായി ബന്ധപ്പെടാൻ ഗ്രാമനിവാസികൾക്ക് താത്പര്യമില്ല. അവർ സ്വന്തം ലോകത്തിൽ തൃപ്തരാണ്. ഈ നാട്ടിൽ ആളുകൾ കാരണമൊന്നും കൂടാതെ പെട്ടെന്ന് മരിച്ചുപോകാറുണ്ട്. അത് ഏതോ ഇബിലീസിന്റെ ശാപമാണെന്നാണ് അവർ വിശ്വസിക്കുന്നത്. പക്ഷേ മരണത്തിൽ അവർക്ക് ദു:ഖമില്ല, മറിച്ച് അവർക്കത് ഒത്തുകൂടലിന്റെയും കളിചിരികളുടെയും അവസരം കൂടിയാണ്.
    ഈ നാട്ടിലെ പരോപകാരിയും പാവത്താനുമായ ചെറുപ്പക്കാരനാണ് വൈശാഖൻ. മരണവീട്ടിൽ കോളാമ്പി വച്ച് പാട്ടു വയ്ക്കുന്നതാണ് അവന്റെ ജോലി. ഫിദ എന്ന മുസ്ലിം പെൺകുട്ടിയോട് അവന് വലിയ ഇഷ്ടവുമുണ്ട്. മതവും ജാതിയും തമ്മിൽത്തല്ലുമില്ലാത്ത ഗ്രാമത്തിൽ ഈ നിഷ്‌കളങ്ക സ്‌നേഹം ആരെയും അലോസരപ്പെടുത്തുകയുണ്ടായില്ല. പക്ഷേ അവിചാരിതമായി വൈശാഖൻ മരണപ്പെടുമ്പോഴാണ് അവനോട് തനിക്കുണ്ടായിരുന്ന പ്രണയം പരിപൂർണമായി ഫിദ തിരിച്ചറിയുന്നത്. പിന്നീട് അവനിലേക്കെത്താനുള്ള ഫിദയുടെ ആഗ്രഹവും, ജീവിച്ചിരിക്കുമ്പോൾ ആസ്വദിക്കാൻ പറ്റാതെ പോയ പ്രണയം മരണശേഷം അവളോടൊത്ത് പങ്കിടാനുള്ള വൈശാഖന്റെ കാത്തിരിപ്പും പരിശ്രമങ്ങളിലേക്കുമാണ് ഇബിലീസ് സഞ്ചരിക്കുന്നത്.
   
      തീർത്തും ഫാന്റസി ശൈലിയിലുള്ള മേക്കിംഗാണ് രോഹിത് ഇബിലീസിൽ നടത്തുന്നത്. ഇത്തരത്തിൽ ഒരു സാങ്കൽപ്പിക ഭൂമികയും അവിടത്തെ മനുഷ്യരെയും സൃഷ്ടിക്കാൻ കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും ക്യാമറയിലും കളർ ടോണിലും ഏറെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. രോഹിതിന്റെ ആദ്യ സിനിമയായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ അതേ ക്രൂ തന്നെയാണ് ഇബിലീസിന്റെ അണിയറയിലുമുള്ളത്.
    സാങ്കൽപ്പിക കഥാപാത്രങ്ങളും ഭൂമികയും മരണാനന്തര ജീവിതവുമെല്ലാം പശ്ചാത്തലമാകുന്ന സിനിമ സാധാരണ ഒരു സിനിമ കാണുന്നതിന്റെ അതേ ലാഘവത്തിൽ കണ്ടിരിക്കാനായേക്കില്ല. എന്നാൽ ഇത്തരമൊരു വിഷയത്തിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകൾ മറികടക്കാനും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ രീതിയിൽ ലളിതമായ ആഖ്യാന ശൈലിയിൽ പറയാനുമാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. മാജിക്കൽ റിയലിസവും കോമഡിയും ഇഴചേർന്നു പോകുന്ന ശൈലി. സംഗീതത്തിനും പ്രാധാന്യമുണ്ട്. കഥയുടെ ഒഴുക്കിനോട് ചേർന്നുപോകുന്ന പാട്ടുകളാണ് സിനിമയിലുള്ളത്.
    ജീവിക്കുന്ന കാലം നന്നായി ചിരിച്ചും സന്തോഷിച്ചും ജീവിച്ചുകൂടെയെന്നും എന്തിനാണിങ്ങനെ വീർപ്പുമുട്ടിയും ശ്വാസംപിടിച്ചും ജീവിക്കുന്നതെന്നും ചോദിച്ച് അത്തരത്തിൽ ഒരു ചിന്ത അവശേഷിപ്പിച്ചാണ് ഇബിലീസ് അവസാനിക്കുന്നത്. ഈ ലോകത്തുള്ളവരെക്കാൾ സന്തോഷവാന്മാരാണ് പരലോകത്തുള്ളതെന്നു പറയുന്ന സിനിമ, പരലോകമെന്നാൽ ഈ ലോകം തന്നെയാണെന്നും മരിച്ചുപോയവർ നമുക്ക് കാഴ്ച തരാതെ നമുക്ക് ചുറ്റിൽ തന്നെയുണ്ടെന്ന സങ്കൽപ്പവും പങ്കുവയ്ക്കുന്നു.
    പാലക്കാട് കൊല്ലങ്കോട്ടെ ഗ്രാമപ്രദേശമാണ് ഇബിലീസിലെ സാങ്കൽപ്പിക ഗ്രാമമായി മാറിയത്. ആസിഫ് അലി അവതരിപ്പിക്കുന്ന വൈശാഖനും മഡോണയുടെ ഫിദയ്ക്കും പുറമെ ലാലിന്റെ മുത്തച്ഛൻ കഥാപാത്രവും ബാലതാരമായ ആദിശുമാണ് ഇബ്ലീസിൽ കൂടുതൽ സ്‌ക്രീൻ സ്‌പേസ് എടുക്കുന്നത്.
    അന്യഭാഷകളിലെ പരീക്ഷണ സിനിമകൾ സ്വീകരിക്കാറുള്ള മലയാളി പ്രേക്ഷകർ ഇവിടത്തെ പരീക്ഷണങ്ങളെ എത്രകണ്ട് ഏറ്റെടുക്കുമെന്ന ആകാംക്ഷയാണ് ഇബിലീസ് കണ്ടുതീരുമ്പോൾ ബാക്കിയാകുന്നത്.

2018 ഓഗസ്റ്റ് 3, കേരളകൗമുദി ഓൺലൈൻ