Monday, 7 January 2019

ഇബിലീസ്
ഫാന്റസിയിൽ വിരിയുന്ന പ്രണയവും മരണവും



നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് പാടേ മാറി ഒരു സാങ്കൽപ്പിക ഗ്രാമവും അവിടത്തെ മനുഷ്യരും അവർ പുലർത്തിപ്പോരുന്ന സവിശേഷമായ വിശ്വാസങ്ങളും ഇഴചേർത്ത് തയ്യാറാക്കിയുള്ള ഫാന്റസി പരീക്ഷണ ചിത്രമാണ് രോഹിത് വി.എസിന്റെ ഇബിലീസ്. ഏതു കാലത്ത് നടക്കുന്ന കഥയാണെന്നോ ഏതു നാടാണ് ഇതിൽ പറഞ്ഞിരിക്കുന്നേെന്നാ എന്നതിലൊന്നും പ്രസക്തിയില്ല. നമുക്ക് സങ്കൽപ്പിക്കാൻ മാത്രം സാധിക്കുന്ന ഒരു ലോകത്തിലേക്കു കടന്നുചെന്ന് അവിടത്തെ മനുഷ്യരുടെ ജീവിതവും പ്രണയവും മരണവും മരണാന്തര ജീവിതവും മാജിക്കൽ റിയലിസ ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ.
    പുറംലോകത്തുനിന്ന് അകലം പാലിക്കുന്ന പൂർണമായ ഒരു സാങ്കൽപ്പിക ഗ്രാമമാണ് ആണ് സിനിമയ്ക്കായി സംവിധായകൻ സൃഷ്ടിച്ചിട്ടുള്ളത്. ഈ നാടിനും നാട്ടുകാർക്കും അവരുടെ ജീവിതരീതിക്കും വിശ്വാസങ്ങൾക്കും നമ്മുടെ ചുറ്റുപാടുമായി അത്രകണ്ട് ബന്ധമില്ല. പക്ഷേ മനുഷ്യർ തമ്മിൽ കുറേക്കൂടി ഐക്യപ്പെടലും ഇഴച്ചേർച്ചയും അവിടെ ഉണ്ടെന്നു കാണാം. അവിടത്തെ മനുഷ്യർ സദാസമയം സന്തോഷവാന്മാരാണ്. മരണം പോലും അവർക്ക് കരച്ചിലിന്റേതല്ല. എഴുത്തോ വായനയോ പള്ളിക്കൂടമോ ഇല്ല. അത്തരം ആവലാതികൾ അവരെ വേട്ടയാടുന്നുമില്ല. തങ്ങളുടെ നാടിനു പുറത്ത് തിരക്കേറിയ ഒരു ലോകമുണ്ടെന്ന് അവർക്കറിയാം. പക്ഷേ അവിടവുമായി ബന്ധപ്പെടാൻ ഗ്രാമനിവാസികൾക്ക് താത്പര്യമില്ല. അവർ സ്വന്തം ലോകത്തിൽ തൃപ്തരാണ്. ഈ നാട്ടിൽ ആളുകൾ കാരണമൊന്നും കൂടാതെ പെട്ടെന്ന് മരിച്ചുപോകാറുണ്ട്. അത് ഏതോ ഇബിലീസിന്റെ ശാപമാണെന്നാണ് അവർ വിശ്വസിക്കുന്നത്. പക്ഷേ മരണത്തിൽ അവർക്ക് ദു:ഖമില്ല, മറിച്ച് അവർക്കത് ഒത്തുകൂടലിന്റെയും കളിചിരികളുടെയും അവസരം കൂടിയാണ്.
    ഈ നാട്ടിലെ പരോപകാരിയും പാവത്താനുമായ ചെറുപ്പക്കാരനാണ് വൈശാഖൻ. മരണവീട്ടിൽ കോളാമ്പി വച്ച് പാട്ടു വയ്ക്കുന്നതാണ് അവന്റെ ജോലി. ഫിദ എന്ന മുസ്ലിം പെൺകുട്ടിയോട് അവന് വലിയ ഇഷ്ടവുമുണ്ട്. മതവും ജാതിയും തമ്മിൽത്തല്ലുമില്ലാത്ത ഗ്രാമത്തിൽ ഈ നിഷ്‌കളങ്ക സ്‌നേഹം ആരെയും അലോസരപ്പെടുത്തുകയുണ്ടായില്ല. പക്ഷേ അവിചാരിതമായി വൈശാഖൻ മരണപ്പെടുമ്പോഴാണ് അവനോട് തനിക്കുണ്ടായിരുന്ന പ്രണയം പരിപൂർണമായി ഫിദ തിരിച്ചറിയുന്നത്. പിന്നീട് അവനിലേക്കെത്താനുള്ള ഫിദയുടെ ആഗ്രഹവും, ജീവിച്ചിരിക്കുമ്പോൾ ആസ്വദിക്കാൻ പറ്റാതെ പോയ പ്രണയം മരണശേഷം അവളോടൊത്ത് പങ്കിടാനുള്ള വൈശാഖന്റെ കാത്തിരിപ്പും പരിശ്രമങ്ങളിലേക്കുമാണ് ഇബിലീസ് സഞ്ചരിക്കുന്നത്.
   
      തീർത്തും ഫാന്റസി ശൈലിയിലുള്ള മേക്കിംഗാണ് രോഹിത് ഇബിലീസിൽ നടത്തുന്നത്. ഇത്തരത്തിൽ ഒരു സാങ്കൽപ്പിക ഭൂമികയും അവിടത്തെ മനുഷ്യരെയും സൃഷ്ടിക്കാൻ കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും ക്യാമറയിലും കളർ ടോണിലും ഏറെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. രോഹിതിന്റെ ആദ്യ സിനിമയായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ അതേ ക്രൂ തന്നെയാണ് ഇബിലീസിന്റെ അണിയറയിലുമുള്ളത്.
    സാങ്കൽപ്പിക കഥാപാത്രങ്ങളും ഭൂമികയും മരണാനന്തര ജീവിതവുമെല്ലാം പശ്ചാത്തലമാകുന്ന സിനിമ സാധാരണ ഒരു സിനിമ കാണുന്നതിന്റെ അതേ ലാഘവത്തിൽ കണ്ടിരിക്കാനായേക്കില്ല. എന്നാൽ ഇത്തരമൊരു വിഷയത്തിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകൾ മറികടക്കാനും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ രീതിയിൽ ലളിതമായ ആഖ്യാന ശൈലിയിൽ പറയാനുമാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. മാജിക്കൽ റിയലിസവും കോമഡിയും ഇഴചേർന്നു പോകുന്ന ശൈലി. സംഗീതത്തിനും പ്രാധാന്യമുണ്ട്. കഥയുടെ ഒഴുക്കിനോട് ചേർന്നുപോകുന്ന പാട്ടുകളാണ് സിനിമയിലുള്ളത്.
    ജീവിക്കുന്ന കാലം നന്നായി ചിരിച്ചും സന്തോഷിച്ചും ജീവിച്ചുകൂടെയെന്നും എന്തിനാണിങ്ങനെ വീർപ്പുമുട്ടിയും ശ്വാസംപിടിച്ചും ജീവിക്കുന്നതെന്നും ചോദിച്ച് അത്തരത്തിൽ ഒരു ചിന്ത അവശേഷിപ്പിച്ചാണ് ഇബിലീസ് അവസാനിക്കുന്നത്. ഈ ലോകത്തുള്ളവരെക്കാൾ സന്തോഷവാന്മാരാണ് പരലോകത്തുള്ളതെന്നു പറയുന്ന സിനിമ, പരലോകമെന്നാൽ ഈ ലോകം തന്നെയാണെന്നും മരിച്ചുപോയവർ നമുക്ക് കാഴ്ച തരാതെ നമുക്ക് ചുറ്റിൽ തന്നെയുണ്ടെന്ന സങ്കൽപ്പവും പങ്കുവയ്ക്കുന്നു.
    പാലക്കാട് കൊല്ലങ്കോട്ടെ ഗ്രാമപ്രദേശമാണ് ഇബിലീസിലെ സാങ്കൽപ്പിക ഗ്രാമമായി മാറിയത്. ആസിഫ് അലി അവതരിപ്പിക്കുന്ന വൈശാഖനും മഡോണയുടെ ഫിദയ്ക്കും പുറമെ ലാലിന്റെ മുത്തച്ഛൻ കഥാപാത്രവും ബാലതാരമായ ആദിശുമാണ് ഇബ്ലീസിൽ കൂടുതൽ സ്‌ക്രീൻ സ്‌പേസ് എടുക്കുന്നത്.
    അന്യഭാഷകളിലെ പരീക്ഷണ സിനിമകൾ സ്വീകരിക്കാറുള്ള മലയാളി പ്രേക്ഷകർ ഇവിടത്തെ പരീക്ഷണങ്ങളെ എത്രകണ്ട് ഏറ്റെടുക്കുമെന്ന ആകാംക്ഷയാണ് ഇബിലീസ് കണ്ടുതീരുമ്പോൾ ബാക്കിയാകുന്നത്.

2018 ഓഗസ്റ്റ് 3, കേരളകൗമുദി ഓൺലൈൻ

No comments:

Post a Comment