Monday, 7 January 2019

 
ആ കാക്ക എന്നും വരും
പ്രഭാവതിയമ്മ വാതോരാതെ വർത്തമാനം പറയും



അഭിമുഖം: പ്രഭാവതിയമ്മ/എൻ.പി.മുരളീകൃഷ്ണൻ



'ഇനിയൊരമ്മയ്ക്കും എന്റേതുപോലൊരു അനുഭവം ഉണ്ടാകരുത്. ഞാൻ ഒരുപാട് കരഞ്ഞു. എന്റെ കുഞ്ഞിന് വന്ന വിധിയോർത്ത് കരയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. നീതിക്കായി ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. കൊല്ലം 13 കഴിഞ്ഞു. ഇപ്പോൾ എനിക്ക് നീതി കിട്ടി. ഇത് ഒരു പാഠമാകണം. ഒരു മക്കൾക്കും ഇനിയീ ഗതി വരരുത്. ഒരമ്മയും ഇതുപോലെ കരയരുത്. അതിനു വേണ്ടിയാണ് ഞാൻ കോടതി കയറിയിറങ്ങിയത്.'കണ്ണീരുണങ്ങിയ മുഖവുമായി പ്രഭാവതിയമ്മ പറയുകയാണ്.
    ഫോർട്ട് പൊലിസ് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലിസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇക്കഴിഞ്ഞ ജൂലൈ 25ന് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചതോടെ 13 വർഷമായി നീതിതേടിയുള്ള ഒരമ്മയുടെ അലച്ചിലിന് അവസാനമാകുകയായിരുന്നു. കോടതി വാദം കേൾക്കുന്ന ദിവസവും വിധി പ്രഖ്യാപിക്കുന്ന ദിവസവും മുഴുവൻ നേരവും പ്രഭാവതിയും സഹോദരൻ മോഹനനും വഞ്ചിയൂർ കോടതി വളപ്പിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12ഓടെ പ്രഭാവതിയമ്മയ്ക്ക് ഏറെ ആശ്വാസമായ ആ വിധി വന്നു. ഒന്നും രണ്ടും പ്രതികളായ കെ.ജിതകുമാർ, എസ്.വി ശ്രീകുമാർ എന്നിവർക്ക് വധശിക്ഷ. മറ്റു പ്രതികളായ മൂന്നൂ പൊലിസുകാർക്ക് മൂന്നു വർഷം തടവും കോടതി വിധിച്ചു. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്.
    13 വർഷം ഒരു സാധാരണക്കാരിയായ വയോധിക നടത്തിയ നിയമ പോരാട്ടത്തിന് അനുകൂല വിധി. നീതി തേടുന്ന എല്ലാ സാധാരണക്കാർക്കും ആത്മവിശ്വാസമാകുന്ന പോരാട്ടവും വിധിയും. നീതി കിട്ടിയ ആശ്വാസത്തിൽ പ്രഭാവതിയമ്മ തിരുവനന്തപുരം കരമന നെടുങ്കാട്ടെ മകനുറങ്ങുന്ന വീട്ടിലെത്തി. വീട്ടുവളപ്പിൽ മകന്റെ കുഴിമാടത്തിനരികെ ഇരുന്ന് അവനോട് വിവരങ്ങളെല്ലാം പറഞ്ഞ് കരഞ്ഞു. കുറേ വർഷങ്ങളായി ഈ കരച്ചിൽ പ്രഭാവതിയമ്മയ്ക്ക് പതിവില്ല. കരഞ്ഞുകരഞ്ഞ് കണ്ണീരു വറ്റിപ്പോയതാണ്. വിധി വന്ന ദിവസം അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി. പ്രഭാവതിയമ്മയുടെ ജീവിതത്തിൽ മകൻ ഇല്ലാതായിട്ട് 13 വർഷമായി. പ്രഭാവതിയമ്മ മകനെക്കുറിച്ചും തന്റെ നിയമ പോരാട്ടത്തെയും ഓർമ്മിക്കുന്നു.
    നീതികിട്ടിയിട്ടേ മരിക്കൂ എന്ന നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമായിരുന്നു പ്രഭാവതിയെന്ന നാട്ടിൻപുറത്തുകാരി നടത്തിയത്. 'എനിക്കു നീതി കിട്ടിയിട്ട് എന്റെ മകന്റെ കൂടെ പോയാൽ മതിയെന്നാണ് ഞാൻ എന്നും പ്രാർത്ഥിച്ചിരുന്നത്. എന്റെ മകനെ കൊന്നവർക്ക് ശിക്ഷ കിട്ടിയിട്ടേ അമ്പലത്തിൽ പോലും പോകുകയുള്ളൂ എന്നും തീരുമാനിച്ചിരുന്നു. ഒരു ധൈര്യവുമില്ലാത്തവളായിരുന്നു ഞാൻ. എന്തിനാ ഇവിടെ നിൽക്കുന്നെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ തിരിഞ്ഞുനോക്കാതെ ഓടുമായിരുന്നു. ഇപ്പോ തിരിഞ്ഞുനിന്ന് എന്താന്നു ചോദിച്ചിട്ടേപോകൂ. ഈ 13 വർഷംകൊണ്ട് ഉണ്ടായ മനോധൈര്യമാണത്.'പ്രഭാവതിയമ്മ പറയുന്നു.


ഒരു സന്തോഷവുമറിയാത്തൊരു സ്ത്രീ

ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച പ്രഭാവതിക്ക് സഹായത്തിന് സഹോദരൻ മോഹനൻ ആയിരുന്നു ഏക ആശ്രയം. തിരുവനന്തപുരം തമിഴ്നാട് അതിർത്തി ഗ്രാമത്തിലായിരുന്നു വീട്. ചെറുപ്പത്തിലേ കേരളത്തിലേക്ക് പോന്നതുകൊണ്ട് ആ നാട് ഏതെന്നു പോലും പ്രഭാവതിക്ക് കൃത്യമായി ഓർമ്മയില്ല. അച്ഛനുമമ്മയും മരിച്ച ശേഷം അടുത്ത ബന്ധുക്കളായിരുന്നു പ്രഭാവതിയെ നോക്കിയത്. വിദ്യാഭ്യാസമൊന്നും നേരെ നടന്നില്ല. 19 വയസ്സിൽ കല്യാണം കഴിഞ്ഞു. മൂന്ന് വർഷമാണ് ഭർത്താവിനൊപ്പം താമസിച്ചത്. അയാൾ ഉപേക്ഷിച്ചുപോകുകയായിരുന്നു. 'ബന്ധുക്കൾ കൊണ്ടുവന്ന ആലോചനയാണ്. കല്യാണത്തിന് ശേഷമാണ് ചതി മനസ്സിലാക്കിയത്. അയാൾക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. രണ്ടരമൂന്ന് കൊല്ലം മാത്രമേ ഒന്നിച്ച് ഉണ്ടായുള്ളൂ. അപ്പോഴേക്ക് അയാൾ ഇട്ടിട്ട് പോയി. മകന് ഒരു വയസ്സാണ് അപ്പോൾ. അവന് ഒരു ട്രൗസറോ ഷർട്ടോ പോലും വാങ്ങിക്കൊടുത്തിട്ടില്ല.'
    ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷം സഹോദരൻ മോഹനൻ മാത്രമായിരുന്നു പ്രഭാവതിക്ക് സഹായത്തിന്. വീട്ടുജോലിക്കു പോയാണ് പിന്നീട് പ്രഭാവതി മകനെ വളർത്തിയത്. ജോലിക്കു പോകുന്നിടത്തൊക്കെ മകനെയും കൊണ്ടുപോകും. അവനില്ലാത്ത ഒരു ലോകം തനിക്കില്ലായിരുന്നുവെന്ന് പ്രഭാവതി നെടുവീർപ്പോടെ ഓർക്കുന്നു.
'നാലാം ക്ലാസ്സുവരെയെ അവൻ പഠിച്ചിട്ടുള്ളൂ. പലയിടത്തായി വാടകവീടുകൾ മാറിയതുകൊണ്ടാണ് പഠിത്തമെല്ലാം പോയത്. ഇരുപതു വയസ്സായപ്പോ അവൻ ജോലിക്കുപോകാൻ തുടങ്ങി. ആദ്യം വർക്ക്‌ഷോപ്പിൽ പോയി. പിന്നീടാണ് ആക്രിക്കടയിൽ ജോലിക്കു കയറിയത്. പൈസയൊന്നും പാഴാക്കിക്കളയില്ല. ദിവസം 100 രൂപയെങ്കിലും എന്റെ കൈയ്യിൽ കൊണ്ടുതരുമായിരുന്നു. എന്റെ സഹോദരനും ഞാനും കൂടെയാ മോനെ വളർത്തിയത്. എന്റെ മോൻ ഒരു വഴക്കിനും പോകില്ല. സംസാരിക്കുന്നതു പോലും വെളിയിൽ കേൾക്കില്ല. അത്രയ്ക്ക് പാവമായിരുന്നു. അങ്ങനെയുള്ള എന്റെ മകനെയാ അവര് കൊന്നുകളഞ്ഞത്. 26 വയസ്സായിരുന്നു അപ്പോഴവന്. 26 വയസ്സുവരെ ഒരു ദിവസം പോലും ഞാനവനെ കാണാതിരുന്നിട്ടില്ല. ഇപ്പൊ 13 വർഷമായി ഞാനവനെ കണ്ടിട്ട്' ഇതെല്ലാം ഓർത്തുപറയമ്പോൾ ഇപ്പോൾ പ്രഭാവതിയമ്മ കരയാറില്ലെങ്കിലും കേട്ടിരിക്കുന്ന നമ്മുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാകും.


അവൻ ഇപ്പൊഴും എന്റെ കൂടെയുണ്ട്

ഉദയൻ ഇപ്പൊഴും ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് പ്രഭാവതിയമ്മയ്ക്കിഷ്ടം. അവന്റെ സാന്നിദ്ധ്യം എപ്പൊഴും കൂടെയുണ്ടെന്ന് അവർ പറയുന്നു. മിക്ക ദിവസങ്ങളിലും സ്വപ്നത്തിൽ വരും. പക്ഷേ സ്വന്തം രൂപത്തിലായിരിക്കില്ല. എന്നോട് കുറേ സംസാരിക്കും. 'മോൻ പോയതിൽ പിന്നെ ഒരു കാക്ക എപ്പോഴും വീട്ടിൽ വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന നെടുങ്കാട്ടെ വീട്ടിലാണ് ആദ്യം വന്നത്. ആ വീട് ഇപ്പോഴില്ല. അത് പൊളിഞ്ഞുപോയി. അവിടെയാണ് സർക്കാർ പുതിയ വീട് കെട്ടിത്തന്നത്. ഇപ്പോൾ അതേ കാക്ക പുതിയ വീട്ടിലും വരും. അതിനു ഞാൻ ഭക്ഷണം കൊടുക്കും. എന്നെ കണ്ടില്ലെങ്കിൽ പുറത്തുനിന്ന് ശബ്ദമുണ്ടാക്കും. കഴുത്തുചെരിച്ച് വീട്ടിനകത്തേക്ക് നോക്കും. ആ നോട്ടം എന്റെ മകന്റേതു പോലെയാണ്. കഴുത്തുചെരിച്ച് അവനും ഇതുപോലെ നോക്കാറുണ്ട്. ഞാൻ അതിനോട് സങ്കടം പറയും. അതെല്ലാം കേട്ടിരിക്കും. ഞാനതിന് ബിസ്‌കറ്റ് ഒക്കെ കൊടുക്കും. അവന് ബിസ്‌കറ്റ് നല്ല ഇഷ്ടമായിരുന്നു. വീടുവിട്ട് എവിടേയും പോകാൻ എനിക്ക് തോന്നാറില്ല. ഞാൻ വിചാരിക്കും എവിടെയെങ്കിലും പോയാൽ ആ സമയത്ത് മോനെങ്ങാനും വന്നാലോ എന്ന്.'നെടുങ്കാട്ടെ വീട്ടിൽ തനിച്ചാകുന്ന രാപകലുകളിൽ ഉദയകുമാറിന്റെ മരിക്കാത്ത ഓർമ്മകളാണ് പ്രഭാവതിയമ്മയ്ക്ക് ഇപ്പോൾ കൂട്ട്. ഉദയന് നീതികിട്ടിയ വൈകുന്നേരത്തിനു ശേഷമുള്ള പകലിലും കാക്ക വീട്ടിൽ വന്നിരുന്നുവെന്ന് പ്രഭാവതിയമ്മ ഓർക്കുന്നു. 'ഞാനതിനോട് കോടതിയിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. രണ്ടു പകൽ മുഴുവൻ കോടതിയിൽ പോയതും ജഡ്ജി അവർക്ക് ശിക്ഷ വിധിച്ചതുമെല്ലാം പറഞ്ഞു. എല്ലാ അതിങ്ങനെ കേട്ടിരിക്കും. 'കാ കാ' എന്നു മറുപടി പറയും. എനിക്കത് 'അമ്മാ' എന്നതു പോലെ തോന്നും.'



 
കോടതിമുറ്റത്തെ രണ്ട് പകലുകൾ

നിറം മങ്ങിത്തുടങ്ങിയ വെള്ളസാരിയുടുത്ത് കൈയിലൊരു കുടയുമായി സഹോദരൻ മോഹനന്റെ കൈപിടിച്ചാണ് ഉദയകുമാർ കേസിലെ വിധി നടക്കുന്ന രണ്ടു ദിവസവും പ്രഭാവതിയമ്മ വഞ്ചിയൂർ കോടതിയിലെത്തിയത്. മഴ പെയ്ത് നനഞ്ഞ കോടതിമുറ്റത്തെ മണ്ണിലൂടെ കൂടപ്പിറപ്പിനൊപ്പം നടന്നുനീങ്ങിയ പ്രഭാവതിയമ്മയുടെ കാൽവെയ്പിന് പ്രായത്തെ തോൽപ്പിക്കുന്ന ചുവടുറപ്പുണ്ടായിരുന്നു. മകന്റെ കൊലപാതകത്തിൽ നീതിക്കായി 13 വർഷം സർക്കാർ ഓഫീസുകളും കോടതി വരാന്തയിലും അലഞ്ഞ കാലുകൾ ഏതു ദുർഘട സാഹചര്യത്തെയും മറികടക്കാൻ ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു.
    കേസിൽ ജൂലൈ 24ന് വിധിയുണ്ടാകുമെന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. വാദം തുടർന്നതോടെ വിധി പിറ്റേ ദിവസത്തേക്കു മാറ്റി. കേസിന്റെ വാദം നടന്ന ചൊവ്വാഴ്ച രാവിലെ തന്നെ സഹോദരനും പൊതുപ്രവർത്തകൻ പി.കെ രാജുവിനും ഒപ്പം സി.ബി.ഐ കോടതിയിൽ എത്തിയ പ്രഭാവതിയമ്മ കോടതി മുറിക്കുള്ളിൽ കയറിയില്ല. വൈകിട്ടു വരെ കോടതി വരാന്തയിലെ കൈവരിയിൽ ചാരിനിന്ന് അകത്തേക്കു തന്നെ നോക്കിനിന്നു. കോടതിയിൽ നിന്നുള്ള വിവരങ്ങൾ ഇടയ്ക്ക് രാജുവും മോഹനനും പ്രഭാവതിയമ്മയോട് വന്നു പറഞ്ഞുകൊണ്ടിരുന്നു. കേസിലെ പ്രതികളായ പൊലിസുകാർ കുറ്റക്കാരാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടെന്നും ശിക്ഷാനടപടി ഉണ്ടാകുമെന്നുമുള്ള വിവരം കൂടെയുണ്ടായിരുന്നവർ പ്രഭാവതിയമ്മയെ അറിയിച്ചതോടെ വർഷങ്ങളായുള്ള തന്റെ അലച്ചിലിന് നീതി കിട്ടിയതിന്റെ ആശ്വാസം അവരുടെ മുഖത്ത് പ്രതിഫലിച്ചു. കേസിലെ വിധി പ്രഖ്യാപിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിവച്ചതായി കോടതി അറിയിച്ചതോടെ വീട്ടിലേക്കു പോകാനായി ഇറങ്ങി.
    ശിക്ഷ വിധിക്കുന്നത് കേൾക്കാൻ 25ന് രാവിലെ 10 മണിയോടെ പ്രഭാവതിയമ്മ വീണ്ടും കോടതിയിൽ എത്തി. കഴിഞ്ഞ 13 വർഷത്തേതു പോലെ വിധിപ്രഖ്യാപന ദിവസവും അവരെ അനുനയിക്കാൻ കൂടുതലാരും ഉണ്ടായിരുന്നില്ല. സഹോദരൻ മോഹനനും ഉദയകുമാർ കൊല്ലപ്പെട്ടതു മുതൽ കേസ് നടത്തിപ്പടക്കം എല്ലാ കാര്യത്തിനും കൂടെ നിന്ന പി.കെ രാജുവും മാത്രം. അല്പനേരം കഴിഞ്ഞപ്പോൾ പ്രഭാവതിയമ്മയ്ക്ക് കരുത്ത് പകർന്ന് തുടക്കം മുതൽ കൂടെ നിന്നിരുന്ന മുൻ എം.എൽ.എ ശോഭനാ ജോർജും എത്തി. സി.ബി.ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിനായുള്ള നടപടിക്രമങ്ങളിൽ സഹായിക്കുകയും ചെയ്തത് ശോഭനാ ജോർജാണ്.
    ഉച്ചയ്ക്ക് 12 മണിയോടെ പ്രഭാവതിയമ്മയ്ക്ക് ആശ്വാസം പകരുന്ന ആ വിധി എത്തി. തന്റെ മകന്റെ കൊലയാളികൾക്ക് പരമാവധി ശിക്ഷ തന്നെ വിധിച്ച കോടതി നടപടിയിൽ അമ്മ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ ഏറെ സമാധാനത്തോടെ വരാന്തയിൽ നിന്ന് പടിക്കെട്ടുകളിറങ്ങി കോടതിക്കു പുറത്തെത്തി. പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രഭാവതിയമ്മ ആശ്വാസത്തോടെ മനസ്ലുതുറന്നു. 'ഞാൻ വിളിച്ചത് ദൈവം കേട്ടു. നീതിക്കായി ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. കൊല്ലം 13 കഴിഞ്ഞു. ഇപ്പോൾ എനിക്ക് നീതി കിട്ടി. ഇത് ഒരു പാഠമാകണം. ഒരു പൊലിസുകാരനും ഇനി ഒരാളോടും ഇങ്ങനെ ചെയ്യരുത്. ഒരു മക്കൾക്കും ഇനിയീ ഗതി വരരുത്. അതിനു വേണ്ടിയാണ് ഞാൻ കോടതി കയറിയിറങ്ങിയത്.'
    സാധാരണക്കാരിയായ ഒരു വീട്ടമ്മ 13 വർഷം തനിച്ച് നടത്തിയ പോരാട്ടമാണ് ആ ദിവസം സഫലമായത്. ഉന്നതർ പ്രതികളായ കേസുകൾ തേഞ്ഞുമാഞ്ഞു പോകുന്നത് സ്ഥിരസംഭവമാകമ്പോൾ പ്രഭാവതിയമ്മയെന്ന നാട്ടിൻപുറത്തുകാരി വയോധികയുടെ നിയമ പോരാട്ടവും അതിന് ലഭിച്ച അനുകൂല വിധിയും നീതി തേടുന്ന എല്ലാ സാധാരണക്കാർക്കും ഏറെ ആശ്വാസമാകുന്നതായി. നീതി തേടുന്ന എല്ലാ അമ്മമാർക്കും വേണ്ടിയാണ് താൻ പോരാടിയതെന്നും ഒരു മകനും ഇനിയീ ഗതി വരരുതെന്നുമുള്ള പ്രഭാവതിയമ്മയുടെ വാക്കുകൾ തന്നെ ഇതിന് തെളിവാണ്.



പൂക്കളവും സദ്യയുമില്ലാത്ത ഒരോണം കൂടി


ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പത്തെ ഒരോണക്കാലത്താണ് പ്രഭാവതിയമ്മയുടെ ജീവിതത്തിൽ നിനച്ചിരിക്കാതെ ആ ദുരന്തം വന്നത്. ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് കൂട്ടിവച്ച പണം കൊണ്ട് അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാൻ പോയതായിരുന്നു ഉദയകുമാർ. കൈയിൽ പൈസ കിട്ടമ്പോൾ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ഉദയന് വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് നഗരത്തിൽ ഓണക്കോടി വാങ്ങാൻ പുറപ്പെട്ടത്. 2005 സെപ്തംബർ 27ന്. ആ യാത്രയിൽ ശ്രീകണ്‌ഠേശ്വരം പാർക്കിൽ വച്ച് മോഷണക്കുറ്റം ആരോപിച്ച് പൊലിസുകാർ ഉദയകുമാറിനെ പിടിച്ചു കൊണ്ടുപോകമ്പോൾ ഇതൊന്നുമറിയാതെ മകൻ ഓണക്കോടിയുമായി തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു അമ്മ. അന്ന് വൈകിട്ട് മകൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന് ആശുപത്രി മോർച്ചറിയിൽ ചെന്നു കാണുന്നത് മകന്റെ ചേതനയറ്റ ശരീരം. 'ഒരു ഓണത്തിനാണ് എന്റെ മകനെ അവർ പിടിച്ചു കൊണ്ടപോയത്. മറ്റൊരു ഓണത്തിന് മുമ്പ് അവർക്ക് ശിക്ഷയും ലഭിച്ചു.'
    മകൻ ഇല്ലാത്ത പതിനാലാമത്തെ ഓണമാണ് പ്രഭാവതിയമ്മയ്ക്കിത്. മകൻ മരിച്ച ശേഷം അവർ ഓണം ആഘോഷിച്ചിട്ടില്ല. സദ്യയൊരുക്കലും പൂക്കളമിടലുമൊന്നുമില്ല. എങ്ങോട്ടും പോകാതെ തനിച്ച് വീട്ടിൽ തന്നെ ഇരിക്കും. ഇത്തവണയും അങ്ങനെ തന്നെ. എന്നാൽ വർഷങ്ങളുടെ അലച്ചിലിനൊടുവിൽ കേസിൽ നീതി ലഭിച്ചതിന്റെ ആശ്വാസം ഇത്തവണയുണ്ട്. മകന്റെ മരിക്കാത്ത ഓർമ്മകളുമായുള്ള ജീവിതമാണ് പ്രഭാവതിയമ്മയുടെ ഇനിയുള്ള ഓരോ ഓണക്കാലവും.


ഉദയകുമാറിന് സംഭവിച്ചത്

മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27ന് പകൽ രണ്ടിനാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
    ആക്രിക്കടയിൽ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാർ ചേർന്നാണ് ഉദയകുമാറിനുമേൽ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേർന്ന് ജി.ഐ പൈപ്പുകൊണ്ട് തുടയിൽ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാർ മരിച്ചു.
    തുടർന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാർജ് ചെയ്യുകയായിരുന്നു. കൈകൾ കെട്ടാൻ ഉപയോഗിച്ച തോർത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയിൽ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രൻനായരും ഹെഡ് കോൺസ്റ്റബിൾ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി. പ്രതികൾ തയ്യാറാക്കിയ കരട് എഫ്.ഐ.ആർ രവീന്ദ്രനായർക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാർജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റർ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാർഡും തയ്യാറാക്കി.
    രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ് കോൺസ്റ്റബിൾമാരായ തങ്കമണി, എൻ രാമചന്ദ്രൻ, ഷീജാകുമാരി, സജിത എന്നിവരെ പ്രതികൾ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനിൽ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോൾ പറഞ്ഞത് വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നത് കണ്ടു എന്നാണ്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിലാണ് മർദ്ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികൾ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായത്.


 
പോരാട്ടത്തിന്റെ നാൾവഴികൾ
 
തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ഒരു കൊലപാതക കേസിന് ജീവൻ വയ്പിച്ചത് പൊതുസമൂഹത്തിന്റെയും പൊതുപ്രവർത്തകരുടെയും സജീവമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ്. പൊലിസുകാർ പ്രതികളായതു കൊണ്ടുതന്നെ അന്നത്തെ യു.ഡിഎഫ് സർക്കാറും പൊലിസും കേസ് തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമിച്ചത്. അതിസാധാരണക്കാരിയായ ഒരമ്മയ്ക്ക് തന്റെ മകന്റെ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമ പോരാട്ടം ഒറ്റയ്ക്ക് നയിക്കുന്നതിന് പരിമിതികൾ ഏറെ ഉണ്ടായിരുന്നു. അന്ന് പൊതുജനങ്ങളും ഇടതുപക്ഷ സംഘടനകളും വിഷയത്തിൽ സജീവമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നു. അവരാണ് തനിക്ക് മുന്നോട്ടുപോകാൻ ധൈര്യം തന്നതെന്ന് പ്രഭാവതിയമ്മ ഓർമ്മിക്കുന്നു.
    അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാമിനെ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകർ ഉപരോധിച്ചു. പോസ്റ്റ് മോർട്ടം നടത്താൻ ആർ.ഡി.ഒ വന്ന് ഇൻക്വസ്റ്റ് തയ്യാറാക്കാതെ പോസ്റ്റ് മോർട്ടം നടത്തില്ലെന്ന് പറഞ്ഞ് പ്രവർത്തകർ പൊലിസിനെ തടഞ്ഞു. ലാത്തിച്ചാർജും വലിയ സംഘർഷങ്ങളുമായി. അതോടെ കേസിന്റെ അന്തിമവിധി വരുന്നതു വരെ പ്രഭാവതിയമ്മയ്‌ക്കൊപ്പം നിൽക്കാൻ തന്നെ പ്രവർത്തകർ തീരുമാനിച്ചു.
 'എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന സമയമായിരുന്നു. ഏത് ഓഫീസിൽ പോകണം, ആരെ കാണണം എന്നൊന്നും അറിയില്ലായിരുന്നു. പി.കെ രാജുവിനെപ്പോലെ ചിലർ എപ്പൊഴും കൂടെ നിന്നു. അവർ കേസുമായി മുന്നോട്ടു പോകാൻ പറഞ്ഞു. വേണ്ട പേപ്പറുകളും പരാതികളുമൊക്കെ എഴുതിത്തന്ന് എന്നെ ഓഫീസിലും വക്കീലിനെ കാണാനുമൊക്കെ കൊണ്ടുപോയി.'പ്രഭാവതിയമ്മ പറയുന്നു.
    പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും റവന്യുമന്ത്രി കെ.പി രാജേന്ദ്രനും മുൻകൈയെടുത്ത് ഉദയകുമാറിന്റെ അമ്മയ്ക്ക് വീടുവച്ച് നൽകിയത്. അവരുടെ പേരിൽ മൂന്ന് ലക്ഷം രൂപയും സർക്കാർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
    കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ടു പോയെങ്കിലും അതത്ര ഫലപ്രദമായില്ല. ക്രൈം ബ്രാഞ്ചിന് വിട്ടപ്പോൾ അന്വേഷണത്തിനു ശേഷം 300 പേജുള്ള കുറ്റപത്രം നൽകി.  പ്രധാന സാക്ഷിയായ സുരേഷ് കുമാർ പിടിയിലാകുന്നതും ഈ സമയത്താണ്. കേസ് അട്ടിമറിക്കപ്പെടുമെന്ന് തോന്നിയ സമയത്ത് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രഭാവതിയമ്മയ്‌ക്കൊപ്പം ഓഫീസുകൾ കയറിയിറങ്ങാനും പൊതുപ്രവർത്തകർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണൻ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നിർദേശം നൽകി. ഒടുവിൽ 2007 ഒക്ടോബർ 17ന് സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് കേസിൽ അന്വേഷണ പുരോഗതിയും നിർണായക വെളിപ്പെടുത്തലുകളുമുണ്ടായത്.'എത്ര വർഷം അലഞ്ഞാലും കേസിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പൊലിസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതിരുന്ന ചില ഘട്ടങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളോളം അന്വേഷണത്തെപ്പറ്റി ഒരറിവും നമുക്ക് കിട്ടിയില്ല. ഇടയ്ക്കിടയ്ക്ക് പോയി ചോദിക്കും. അപ്പോൾ അവർ നോക്കുന്നുണ്ടെന്ന് പറയും.'കേസിനെപ്പറ്റിയോ അതിന്റെ നടപടിക്രമങ്ങളെ പറ്റിയോ യാതൊന്നും അറിയാതിരുന്ന തനിക്ക് സർക്കാർ ഓഫീസിലും പൊലിസ് സ്റ്റേഷനിലും കോടതി വരാന്തയിലും കയറിയിറങ്ങി പിന്നീട് ഒരു ധൈര്യമൊക്കെ വന്നെന്ന് പ്രഭാവതിയമ്മ പറയുന്നു. ഇതിനിടയ്ക്ക് ചിലർ വന്ന് കേസ് നടത്തിപ്പ് നിർത്തണമെന്നും പണം തരാമെന്നെല്ലാം പറഞ്ഞു വന്നെന്നും പ്രഭാവതിയമ്മ ഓർക്കുന്നു.
    ഏഴു വർഷത്തെ അന്വേഷണത്തിനു ശേഷം 2014 മെയ് സി.ബി.ഐ കുറ്റപത്രം നൽകിയെങ്കിലും തൊട്ടുപിന്നാലെ കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിന്നീട് രണ്ടു വർഷത്തിനു ശേഷമാണ് വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി ഉത്തരവ് വന്നത്. ഇതിനിടയിൽ പ്രധാന സാക്ഷിയും മുൻ പൊലിസ് ഉദ്യോഗസ്ഥനും മാപ്പുസാക്ഷിയും കൂറു മാറി. രഹസ്യമൊഴി കാണാതായതും തെളിവ് നശിപ്പിക്കലും ഉദ്യോഗസ്ഥർ വിചാരണയ്ക്ക് എത്താതിരുന്നതും കോടതിയുടെ വിമർശനത്തിന് ഇടയാക്കി. 2018 ഏപ്രിൽ 25ന് സാക്ഷി വിസ്താരം പൂർത്തിയായി. ജൂലൈ 20ന് സി.ബി.ഐ കോടതിയിൽ വാദം പൂർത്തിയാകുകയും 24ന് പ്രതികളായ അഞ്ച് പൊലിസുകാരും കുറ്റക്കാരെന്നു കോടതി കണ്ടെത്തുകയും 25ന് സുപ്രധാനമായ വിധി വരികയും ചെയ്തു.

സ്ത്രീശബ്ദം ഓണപ്പതിപ്പ്, 2018

No comments:

Post a Comment