സദാചാരക്കണ്ണുകളിലേക്ക് കാഞ്ചിവലിച്ച് വരത്തൻ
ആഖ്യാനത്തിലെ പുതുമ കൊണ്ട് മുൻചിത്രങ്ങളിൽ നിന്ന് അമൽ നീരദ് സ്വന്തം ഗ്രാഫ് ഉയർത്തുന്ന സിനിമയാണ് വരത്തൻ. സൗന്ദര്യമുള്ള പതിഞ്ഞ താളത്തിൽ മുന്നോട്ടുപോയി മുറുകുന്ന ശൈലി വരത്തനെ പാകപ്പെട്ട ഒരു സിനിമയാക്കി മാറ്റുന്നു. ചെറുതുള്ളികൾ ചേർന്ന് ഒരു ജലപ്പരപ്പ് രൂപപ്പെടുന്നതു പോലെയാണ് വരത്തന്റെ ആഖ്യാനം. ഈ ചെറുതുള്ളികളാണ് ജലപ്പരപ്പിലെ ആകെ ഓളത്തള്ളലിന് ശക്തി പകരുന്നത്.
വരത്തന്റെ തുടക്കത്തിൽ ഭാര്യാഭർത്താക്കന്മാരായ നായികയും നായകനും ദുബായ് നഗരത്തിലൂടെ പെയ്ഡ് ടാക്സിയിൽ യാത്ര ചെയ്യുന്നൊരു സീനുണ്ട്. അതിൽ ഡ്രൈവറുടെ ശ്രദ്ധ സ്റ്റിയറിംഗിലും തനിക്കു മുന്നിലെ റോഡിലും മാത്രമാണ്. ആ സീൻ കട്ട് ചെയ്ത് ക്യാമറ കേരളത്തിലേക്ക് തിരിച്ചുവയ്ക്കുമ്പോൾ നായകനും നായികയും കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം അതുപോലൊരു പ്രൈവറ്റ് ടാക്സിയിൽ യാത്ര ചെയ്യുകയാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെത്തിയതിന്റെയും വീട്ടുകാരെ കാണുന്നതിന്റെയും സന്തോഷം കണ്ണുകളിൽ. അവൾ ഭർത്താവിനോട് ചേർന്നിരുന്ന് കൈവിരലുകൾ കോർത്തുപിടിക്കുന്നു. ഡ്രൈവർ കണ്ണാടി പിൻസീറ്റിലെ കാഴ്ചയിലേക്ക് അഡ്ജസ്റ്റ് ചെയ്തു വച്ച് വണ്ടിയോടിക്കുന്നു. കേരളത്തിലാകമാനം നഗര, നാട്ടിൻപുറ, കവല, ചായക്കട വ്യത്യാസമില്ലാതെ ഫിറ്റ് ചെയ്തു വച്ചിട്ടുള്ള ഇതുപോലുള്ള നിരീക്ഷണ ക്യാമറകളുടെ കണ്ണുകളിലേക്കാണ് തന്റെ ഇരട്ടക്കുഴൽ തോക്കു നീട്ടി അമൽ നീരദ് കാഞ്ചി വലിക്കുന്നത്.
കേരളത്തിന്റെ കപട സദാചാരത്തിലേക്കും പെൺനോട്ടങ്ങളിലേക്കും വരത്തന്റെ ക്യാമറ സദാ കടന്നുചെല്ലുന്നു. ദുബായ് നഗരത്തിൽ ഏറെ സുരക്ഷിതമായും സ്വാതന്ത്ര്യ ബോധത്തോടെയും ജീവിച്ചിരുന്ന എബിനും പ്രിയയും കേരളത്തിലേക്ക് എത്തുന്നതോടെയാണ് കാര്യങ്ങൾ നേരെ തിരിയുന്നത്. കേരളത്തിന്റെ നാട്ടിൻപുറങ്ങൾ നന്മകളെക്കാൾ കപട സദാചാരക്കാരും ഒളിഞ്ഞുനോട്ടക്കാരും നിറഞ്ഞതാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. സ്വച്ഛജീവിതം പ്രതീക്ഷിച്ചെത്തിയ ദമ്പതികൾക്ക് ഇതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിക്കേണ്ടി വരുന്നു.
എബിൻ അല്പം തണുപ്പൻ മട്ടിലുള്ള ശുദ്ധഗതിക്കാരനായ ആളാണ്. പൊതുവെ ഉൾവലിഞ്ഞ പ്രകൃതവും കാപട്യം തിരിച്ചറിയാൻ കഴിവില്ലാത്തയാളുമായ എബിന് ഇവിടത്തെ മനുഷ്യരുടെ അതിബുദ്ധിയും ഉള്ളിൽ ചിലത് ഒളിപ്പിച്ച് പുറമേയ്ക്ക് മറ്റൊന്ന് നടിച്ചുകൊണ്ടുള്ള പെരുമാറ്റവും മനസ്സിലാകുന്നേയില്ല. ഒളിഞ്ഞുനോട്ടങ്ങൾ തങ്ങളുടെ സൈ്വര്യജീവിതത്തിനാകെ ഭീഷണിയായിട്ടും ഭാര്യക്ക് അപകടം പിണഞ്ഞിട്ടും അയാൾക്ക് വളരെ സമയമെടുത്താണ് കാര്യങ്ങൾ ബോധ്യപ്പെടുന്നതും ചുറ്റും നടക്കുന്ന കാപട്യങ്ങൾ തിരിച്ചറിയുന്നതും. ആ സമയത്ത് ഒറ്റയ്ക്കുനിന്ന് അയാൾ പൊട്ടിക്കരയുന്നുണ്ട്. സ്വാഭാവികമായി ഒരു മനുഷ്യന്റെ ഉള്ളിൽ നിന്നു വരുന്നതാണ് ഈ പൊട്ടിക്കരച്ചിൽ. പിന്നീടയാൾ ചെയ്യുന്നതാകട്ടെ അസ്വാഭാവികമായ പ്രതികാരവുമാണ്. സിനിമയുടെ അവസാന അര മണിക്കൂറിലെ അമാനുഷിക ചെയ്തികളിലേക്ക് നയിക്കുന്നത് നായക കഥാപാത്രത്തിന് സംഭവിക്കുന്ന ഈ പരിവർത്തനമാണ്.
കഥാപാത്രങ്ങളുടെ മാനസിക വ്യപാരങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ആഖ്യാന ശൈലിയാണ് വരത്തന്റെ കരുത്ത്. സംഭവങ്ങളെക്കാളും സംഭാഷണങ്ങളെക്കാളും മൗനത്തിനും ചെറുസംസാരങ്ങൾക്കും ഇമേജുകൾക്കും സിനിമ പ്രാധാന്യം നൽകുന്നു. സിനിമയുടെ തുടക്കത്തിൽ ഒരിടത്ത് പാറ്റയെ എന്തിനാണ് കൊന്നതെന്ന് ചോദിക്കുന്ന നായകനെയും പിന്നീട് പാറ്റയെ ബൂട്ടിനടിയിൽ ഞെരിക്കുന്ന നായകനെയും കാണാം. ഇത് അയാളിലെ ഹിംസാത്മകതയെ സൂചിപ്പിക്കുന്നതിനെക്കാളേറെ വ്യക്തിയിൽ സമൂഹം ഉണ്ടാക്കുന്ന മാനസിക പരിവർത്തനത്തെ കാണിക്കാനാണ് സംവിധായകൻ ഉപയോഗിക്കുന്നത്.
ഫഹദിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കഥാപാത്രങ്ങളിൽ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന സിനിമ പ്രതിനായക സ്വഭാവമുള്ള ഷറഫുദ്ദീന്റെയും വിജിലേഷിന്റെയും കഥാപാത്രങ്ങളുടെ ശരീരഭാഷ അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം മികവ് കാട്ടുകയും ചെയ്യുന്നു. അല്പസ്വല്പം പറമ്പിലെ പണിയും നാട്ടുകാര്യവും പൊടി രാഷ്ട്രീയവും അതിലുപരി സദാചാര സംരക്ഷകനുമായ നാട്ടിൻപുറത്തുകാരനായി ദിലീഷ് പോത്തന്റെ പ്രകടനവും കഥാപാത്ര സൃഷ്ടിയുടെ മികവാണ്.
പശ്ചാത്തല സംഗീതത്തിന്റെയും സൗണ്ട് ഡിസൈനിംഗിന്റെയും സാധ്യത പൂർണമായി ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്നത് വരത്തന്റെ മേക്കിംഗ് സവിശേഷതകളിൽ പ്രധാനമാണ്. ആദ്യപകുതിയിൽ മലയാളത്തിന് അത്ര പരിചിതമല്ലാത്ത ആഖ്യാനത്തിനൊപ്പവും അവസാന അര മണിക്കൂറിൽ അമൽ നീരദ് സിഗ്‌നേച്ചർ ഷോട്ടുകളോടു ചേർന്നുമാണിത്. വരത്തനെ കംപ്ലീറ്റ് തിയേറ്റർ എക്സ്പീരിയൻസ് ആക്കി മാറ്റുന്നതും ശബ്ദത്തിന്റെ ഉപയോഗത്തിലെ ഈ സവിശേഷതയാണ്.
പറവയ്ക്കും കൂടെയ്ക്കും ശേഷം ലിറ്റിൽ സ്വയമ്പിന്റെ ക്യാമറ ഒരിക്കൽകൂടി മിഴിവുറ്റ കാഴ്ചാനുഭവമായി മാറുകയാണ്. കൂടെയിലും ഹൈറേഞ്ച് ആയിരുന്നു പശ്ചാത്തലമെങ്കിലും വരത്തനിലെ കുടിയേറ്റ മലയോര ഗ്രാമത്തിലും എസ്റ്റേറ്റുകളിലും ചുരത്തിലും ക്യാമറ വയ്ക്കുന്നത് സ്വയമ്പിന്റെ മറ്റൊരു കണ്ണാണെന്നു തോന്നും. ആളുകളുടെ നോട്ടത്തിനൊപ്പം സഞ്ചരിക്കുന്ന ക്യാമറയുടെ സഞ്ചാരത്തിനൊപ്പം കാഴ്ചക്കാരനും പോകേണ്ടിവരുന്നു. ഈ സിനിമോട്ടോഗ്രാഫറുടെ ക്യാമറയിലെ വലിയ അത്ഭുതങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന് തീർച്ച.
അമൽ നീരദ് സിനിമകളിലെ പതിവു മാൻലി ഹീറോയെ വരത്തനിൽ കാണാനാവുക ക്ലൈമാക്സിലാണ്. ഭീതിയും ചോരയും നിറഞ്ഞ രാത്രിയിൽ അടച്ചിട്ട വീട്ടിൽ ഫഹദിന് ഹീറോയിസത്തിനായി തുറന്നിട്ടു കൊടുക്കുന്ന അര മണിക്കൂർ നേരം. സിനിമ കാഴ്ചക്കാരിലേക്ക് മുറുകിക്കയറുന്നതും ഈ നേരം തന്നെ.
ഐശ്വര്യ ലക്ഷ്മി വാഗ്ദാനമാണ്. മായാനദിയിലെ അപ്പുവിനെ പോലെ നായകനു മുന്നിൽ നിൽക്കുന്ന ആഴവും ധൈര്യവുമുള്ള നായിക. പെൺ കഥാപാത്രങ്ങളെ പരിഗണിക്കുന്ന പുതുതലമുറ എഴുത്തുകാർക്കും സവിധായകർക്കുമാണ് ഇതിന്റെ ക്രെഡിറ്റ്.
സ്ത്രീശബ്ദം, 2018 ഒക്ടോബർ
No comments:
Post a Comment