വിട്ടുപോകാത്ത ഇഴയടുപ്പങ്ങൾ
വീടകങ്ങളിലേക്ക് മടങ്ങിപ്പോകുകയും ഊഷ്മളമായ ബന്ധങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സിനിമകൾ യൂറോപ്യൻ സിനിമകളിൽ സമൃദ്ധമാണ്. യൂറോപ്യൻ കുടുംബങ്ങളുടെയും സാമൂഹിക ജീവിതാവസ്ഥയുടെയും നേരാവിഷ്‌കാരേെന്നാണമുള്ള ഈ സിനിമകൾ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിലേക്കും ബന്ധങ്ങളിലേക്കുമാണ് ക്യാമറ തിരിച്ചുവയ്ക്കുന്നത്. ഒന്നോ രണ്ടോ അല്ലെങ്കിൽ നാലോ അഞ്ചോ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഈ സിനിമകൾക്ക് ലോകൈകമായ തലം കൈവരുന്നത് ഇവ മൂല്യങ്ങൾക്കും ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾക്കും നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടാണ്.
ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്, ജർമനി, പോളണ്ട്, സ്വീഡൻ തുടങ്ങി യൂറോപ്പിൽ സിനിമ നിർമ്മിക്കുന്ന പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെല്ലാം ഇത്തരത്തിൽ ആക്ഷൻ ഓറിയന്റഡ് എന്നതിനെക്കാൾ ഡ്രമാറ്റിക്, ഇമോഷണൽ സങ്കേതങ്ങൾ ഉപയോഗിച്ചുള്ളവയാണ്. അങ്ങനെ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തു നിന്ന് സംഭവിക്കുന്ന ഈ സിനിമകൾ ഇവിടെ മറ്റൊരു വൻകരയിലിരിക്കുന്ന നമ്മുടെ ദിവസ ജീവിതത്തിലെ അനുഭവം കൂടിയായി മാറുന്നു.
ലോകത്തെ എല്ലാത്തരം മനുഷ്യനെയും പ്രതിനിധാനം ചെയ്യുമ്പോഴാണ് ഒരു സിനിമ ലോകസിനിമയായി മാറുന്നതും ആ തരത്തിൽ അടയാളപ്പെടുത്തുന്നതും. സ്വാഭാവികമായും അതിസാധാരണ മാനുഷിക വികാരങ്ങളുമായി ഇഴചേർത്ത് അവതരിപ്പിക്കുമ്പോഴായിരിക്കും ഇങ്ങനെ സംഭവിക്കാൻ കൂടുതൽ സാധ്യത കൈവരിക. വലിയ പ്രശ്നങ്ങളിലേക്ക് കയറിച്ചെല്ലുകയും അതിലിടപെട്ട് സംഘർഷങ്ങളും സങ്കീർണതകളും സൃഷ്ടിക്കുകയും ചെയ്യാതെ കേവല പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം സിനിമകൾ ഇറാൻ, പലസ്തീൻ, തുർക്കി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരന്തരം സംഭവിക്കുന്നുണ്ട്.
മനുഷ്യർക്കിടയിലെ വിട്ടുപോകാത്ത ഇഴയടുപ്പങ്ങളെക്കാൾ അവർക്കിടയിലെ സംഘർഷങ്ങളും കേവല ഉപഭോഗ വസ്തുക്കൾക്കായുള്ള തർക്കങ്ങളും വിഷയമാക്കാനാണ് മലയാള സിനിമ മിക്കപ്പൊഴും ശ്രമിച്ചിട്ടുള്ളത്. തീവ്രമായ ബന്ധങ്ങൾ പറയുന്ന സിനിമകൾ ഉണ്ടായിട്ടില്ലെന്നല്ല, കുടുംബ പ്രശ്നങ്ങളും സ്വത്തുതർക്കങ്ങളും വിഷയമാക്കാനാണ് അതിന്റെ പോപ്പുലർ കൾച്ചർ എപ്പൊഴും ഒരുമ്പെട്ടിട്ടുള്ളതെന്ന് കാണാനാകും. അടുത്ത കാലത്ത് സംഭവിച്ച രാജീവ് രവിയുടെ അന്നയും റസൂലും, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, സൗബിൻ ഷാഹിറിന്റെ പറവ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ബി.അജിത്കുമാറിന്റെ ഈട തുടങ്ങിയ സിനിമകളിലെല്ലാം മാനുഷികാടുപ്പങ്ങളുടെ വ്യത്യസ്ത ശ്രേണിയിലുള്ള ഇഴചേർച്ചകൾ അനുഭവിക്കാനാകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഈ സിനിമകൾക്കെല്ലാം വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലും ഭാഷയ്ക്കതീതമായ ആസ്വാദനതലവും അവകാശപ്പെടാനാകുന്നുണ്ട്.
വിട്ടുപോകാത്ത ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ മാന്ത്രികതയോടെ സ്‌ക്രീനിൽ വരച്ചിടുകയാണ് അഞ്ജലിേേനാൻ തന്റെ പുതിയ സിനിമയായ 'കൂടെ'യിൽ. കേരള കഫെയിലെ 'ബ്രിഡ്ജ്' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അഞ്ജലിേേനാൻ എന്ന സംവിധായികയുടെയും എഴുത്തുകാരിയുടെയും തുടക്കം. മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമുള്ള ഈ ലഘുസിനിമ അമ്മമകൻ, ഭാര്യഭർത്താവ്, അമ്മായിയമ്മമരുമകൾ ത്രികോണ ബന്ധത്തിൽ നിന്നുകൊണ്ട് മൂന്നു മുഷ്യർക്കിടയിലെ പൊരുത്തവും നിസ്സഹായതയും തീവ്രാടുപ്പവുമാണ് പറഞ്ഞത്. ഒരു പൊട്ടിക്കരച്ചിലും ശൂന്യതയും നിസ്സഹായതയോടെയുള്ള ഞെട്ടലും കോരിത്തരിപ്പും കാണിയിൽ ബാക്കിയാക്കി അവസാനിക്കുന്ന ബ്രിഡ്ജ് മലയാളത്തിന് ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന ഒരു പുതുസംവിധായികയെ നൽകുകയായിരുന്നു.
അഞ്ജലിയുടെ ആദ്യ മുഴുനീള ഫീച്ചർ ഫിലിമെന്ന നിലയിൽ 'മഞ്ചാടിക്കുരു' കുറേക്കൂടി ലാളിത്യവും ഗൃഹാതുരതയും ഗ്രാമീണതയും കൊരുത്ത ബന്ധങ്ങളുടേതായിരുന്നു. കുട്ടിത്തവും നാട്ടുനന്മയും നിറഞ്ഞ അഖ്യാനശൈലിയാണ് മഞ്ചാടിക്കുരു പ്രേക്ഷകനെ ഇതിലേക്ക് അടുപ്പിച്ചതെങ്കിൽ, ഉപ്പൂപ്പയും ചെറുമകനുമിടയിലുള്ള സാധാരണമെന്നു തോന്നിപ്പിക്കാവുന്ന അസാധാരണ അടുപ്പമാണ് 'ഉസ്താദ് ഹോട്ടല'ിന്റെ വൈകാരിക തലം. 'ബാംഗ്ലൂർ ഡേയ്സി'ൽ എത്തുമ്പോൾ ഭൂമിക പിന്നെയും മാറുന്നുണ്ടെങ്കിലും മാനുഷികാടുപ്പങ്ങളുടെ അടിസ്ഥാന പ്രമേയസാധ്യത വിട്ടുകളയാൻ അഞ്ജലി തയ്യാറാകുന്നില്ല.
'കൂടെ'യിൽ തന്റെ മുൻസിനിമകളെക്കാൾ വൈകാരികമായി കുറേക്കൂടി ആൾപ്പൊക്കത്തിലാണ് അഞ്ജലിയിലെ എഴുത്തുകാരിയും സംവിധായികയും എത്തിനിൽക്കുന്നത്. തുടക്കത്തിൽ പറഞ്ഞതുപോലെ അതിവൈകാരികമായ യൂറോപ്യൻ സിനിമകളുടെ പ്രമേയ സ്വീകാര്യതാ രീതിയാണ് കൂടെയിൽ കാണാനാകുക. ഇത്രയും വൈകാരികാടുപ്പങ്ങളുടെ ചിത്രീകരണ സാധ്യത മലയാളി പ്രേക്ഷകന് അത്രകണ്ട് പരിചിതമല്ല.
മരിച്ചുപോയ അനിയത്തിയും ചേട്ടനും തമ്മിൽ ഉടലെടുക്കുന്ന അസാധാരണ ബന്ധമാണ് കൂടെയുടെ കേന്ദ്രപ്രമേയം. ചിലരുടെ സാന്നിധ്യം നമുക്ക് അത്രമേൽ പ്രിയപ്പെട്ടതാകും. ഒരുപക്ഷേ അപരൻ തിരിച്ചറിയാതെ പോലും അത് സാധ്യമാകും. കൂടെയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രം ചെറുപ്പം മുതൽ വീടിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ടവനാണ്. ചെറുപ്രായത്തിലേ അതിനായി വിദേശത്ത് പോകേണ്ടിവരുന്നു. വീട്ടിലേക്ക് പണമയക്കുകയും അവിടത്തെ ആവശ്യങ്ങൾ നടന്നുപോകുകയും ചെയ്യുന്നുണ്ട്. പക്ഷേ വീട്ടിലേക്ക് പണം കൊണ്ടുവരുന്ന യന്ത്രം എന്ന നിലയിലല്ലാതെ അയാൾക്ക് സ്വന്തം ഐഡന്റിറ്റിയില്ല. അതയാൾ തിരിച്ചറിയുകയും ചിലപ്പൊഴൊക്കെ തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്. അയാൾക്ക് വീട്ടുകാരുമായോ സുഹൃത്തുകളുമായോ അടുപ്പമില്ല. ഏക സഹോദരി ജെന്നി മരിക്കുമ്പോഴാണ് നാട്ടിൽ വരുന്നത്. അനിയത്തിയുടെ മരണശേഷമാണ് അവൾക്ക് തന്നോടും തിരിച്ചുമുണ്ടായിരുന്ന സ്‌നേഹം അയാൾ തിരിച്ചറിയുന്നത്. പ്രിയപ്പെട്ട ഒരാളുടെ സാന്നിധ്യം മരണശേഷവും തിരിച്ചറിയാനാകുമെന്ന സാധ്യതയിലേക്കാണ് ജോഷ്വയുടെയും ജെന്നിയുടെയും ബന്ധത്തിന്റെ തീവ്രതയിലൂടെ 'കൂടെ' സഞ്ചരിക്കുന്നത്. ഈ സാന്നിധ്യം രണ്ടുപേർക്കും ആശ്വാസവും ആവശ്യവുമായി മാറുകയും അതില്ലാതെയാകുമ്പോഴുള്ള ശൂന്യതയും കൂടെയെ വിട്ടുപോകാത്ത ഇഴയടുപ്പങ്ങളുടെതാക്കി മാറ്റുന്നു.
സങ്കീർണത നിറഞ്ഞ വലിയ കഥകളും കെട്ടുപിരിഞ്ഞു കിടക്കുന്ന ഉപകഥകളും സിനിമയ്ക്കാവശ്യമില്ലെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് കൂടെയിലൂടെ അഞ്ജലിേേനാൻ. മനുഷ്യനെ മുന്നോട്ടുനയിക്കാൻ പോന്ന ചില ബന്ധങ്ങളുടെ ഓർമ്മപ്പെടുത്തലും അത് വ്യക്തിയിലുണ്ടാക്കുന്ന ദൃഢതയും അഞ്ജലി ഓർമ്മപ്പെടുത്തുന്നു. കുറേക്കൂടി പക്വത പ്രാപിച്ച ഒരു സംവിധായികയെയാണ് കൂടെയിൽ കാണാനാകുക. മലയാളത്തിൽ പൂർവ്വ മാതൃകകൾ ഇല്ലാത്തതും സ്വയം സഷ്ടിച്ചെടുത്തതുമായ ശൈലിയാണ് അഞ്ജലിയിലെ സംവിധായികയുടെ കരുത്ത്. സ്വന്തം സിനിമയിൽ പൂർണമായ നിയന്ത്രണം വച്ചുപുലർത്താൻ അവർക്കാകുന്നുണ്ട്.
പൂർണമായി സംവിധായികയുടെ സിനിമയാകുമ്പോൾ തന്നെ ലിറ്റിൽ സ്വയമ്പ് എന്ന സിനിമോട്ടോഗ്രാഫറുടെ കൂടിയാണ് ഈ സിനിമ. സ്വയമ്പിന്റെ ക്യാമറ 'കൂടെ'യുടെ കാഴ്ചയ്ക്ക് ഉടനീളം നൽകുന്ന മിഴിവും ഉണർവും വലുതാണ്. ഊട്ടിയിലെ തണുത്ത പ്രകൃതിയും മനുഷ്യരുടെ ഇഴയടുപ്പവും സ്വയമ്പിന്റെ ക്യാമറയിൽ പതിയുമ്പോൾ സ്‌ക്രീന് സ്‌പേസും കാണിയുടെ കണ്ണും തമ്മിലുള്ള അകലം അടുത്തില്ലാതാകുന്നു.
അന്തർമുഖനും നിസ്സഹായനും ഉൾവലിഞ്ഞവനുമായ ചെറുപ്പക്കാരന്റെ ശരീരഭാഷ പൃഥ്വിരാജിൽ ഭദ്രമാണ്. കഥാപാത്രമായി മാറാൻ ഈ നടൻ ശരീരത്തിലും ശബ്ദത്തിലും കൊണ്ടുവരുന്ന മോഡുലേഷനും അഭിനന്ദനാർഹം. തിരിച്ചുവരവിലും പഴയ ഊർജം നിലനിർത്തുന്ന നസ്റിയയും സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള, കുടുംബ വ്യവസ്ഥിതികളെയും ആൺ കാർക്കശ്യങ്ങളെയും എതിർക്കാൻ പ്രാപ്തി നേടിയ പാർവതിയുടെ സോഫിയും 'കൂടെ'യുടെ കരുത്താണ്.
സ്ത്രീശബ്ദം, 2018 ഓഗസ്റ്റ്-സെപ്തംബർ
No comments:
Post a Comment