Monday, 7 January 2019



സിനിമയിലെ തൊഴിലിടങ്ങൾ...
ഇല്ലാതാകുന്ന കുലത്തൊഴിലുകൾ


തോട്ടങ്ങളിലും പാറമടകളിലും പാടത്തും ചന്തകളിലും പണിയെടുക്കുന്ന അടിസ്ഥാനവർഗ മനുഷ്യരെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതൽക്ക് മലയാള സിനിമ അടയാളപ്പെടുത്തി പോരുന്നുണ്ട്. കാലഗണനയ്ക്കനുസരിച്ച് കേരളീയ തൊഴിൽ പരിസരങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ അതാത് കാലത്ത് കലകളിലും സിനിമയിലും സ്വാഭാവികമായി വന്നുചേരുന്നതായി കാണാം. ഭൂപരിഷ്‌കരണത്തിനു ശേഷം കൃഷിയിടങ്ങൾ കർഷകർക്ക് സ്വന്തമായതോടെ സ്വന്തം മണ്ണിൽ അഭിമാനത്തോടെ പണിയെടുക്കുന്ന മനുഷ്യനെയും, ജോലിക്ക് മാന്യമായ കൂലിയെന്ന അവകാശത്തിനുവേണ്ടി ട്രേഡ് യൂണിയനുകളുണ്ടാക്കി തൊഴിലിടങ്ങളിൽ ശബ്ദമുയർത്തിയ തൊഴിലാളികളെയും വെള്ളിത്തിരയിൽ കാണാനായി.
    കേരളത്തിന്റെ വൈവിദ്ധ്യമാർന്ന തൊഴിൽ ഭൂതകാലത്തിന്റെയും ജാതി, കുലം, ഭാഷ, സ്വത്വം എന്നിവയുടെ അടയാളപ്പെടുത്തലും കൂടിയാണ് അതതു കാലത്തെ ചലച്ചിത്രകലയുടെ ആഖ്യാനങ്ങൾ. കടലാസിൽ പകർത്തിവച്ച തൊഴിലിടങ്ങളെയും തൊഴിലാളികളെയും ലിംഗകർതൃത്വങ്ങളെയും ഒന്നുകൂടി പ്രബലമായി അടയാളപ്പെടുത്താൻ ചലനചിത്രം കൊണ്ടായി. സിനിമയിലെ തൊഴിലിടങ്ങളിലെ മാറ്റം കേരള സമൂഹത്തിലെ തൊഴിൽ പരിവർത്തനങ്ങളുടെ ചരിത്രം കൂടിയാണ്.


പാരമ്പര്യത്തൊഴിലുകളും സിനിമയിലെ മനുഷ്യരും


വിവിധ കുലത്തൊഴിലുകളിൽ ഏർപ്പെട്ടു വന്നിരുന്ന ജനവിഭാഗങ്ങളെയാണ് ആദ്യകാലം മുതൽക്ക് മലയാള സിനിമ പ്രതിനിധാനം ചെയ്തിരുന്നത്. കൃഷിപ്പണിക്കാരെയും കയറു പിരിക്കുന്നവരെയും തോട്ടം തൊഴിലാളികളെയും പാറമട തൊഴിലാളികളെയും ആദ്യകാല സിനിമകൾ പ്രധാന കഥാപാത്രങ്ങളാക്കിയപ്പോൾ പിന്നീടത് ഉപകഥാപാത്രങ്ങളിലേക്ക് മാറി. ഈഴവ/തീയ, ആശാരി, മൂശാരി, കരിവാൻ, തട്ടാൻ, പറയ, പുലയ, ചെട്ടി തുടങ്ങി ജാതിയുമായി ബന്ധപ്പെട്ട കുലത്തൊഴിലുകൾ ചെയ്തുപോരുന്ന വിഭാഗങ്ങളെല്ലാം വെള്ളിത്തിരയിലെ തൊഴിലിടങ്ങളിൽ കഥാപാത്രങ്ങളായി. സിനിമയിൽ ജാതി പ്രകടമാകാതിരിക്കുമ്പോൾ തന്നെ കേന്ദ്രപ്രമേയത്തോടു ചേർന്ന് ഒരു നാടിന്റെ പരിച്ഛേദങ്ങളും മുഖങ്ങളുമായ വ്യത്യസ്ത കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന മനുഷ്യർ അവയിൽ കഥാപാത്രങ്ങളായി മാറുകയായിരുന്നു. ഇങ്ങനെ മലയാള സിനിമയുടെ തിരക്കഥയിലേക്കും പിന്നീട് കാണികളുടെ മുൻപിലെ സ്‌ക്രീനിലേക്കും ആശാരിയും മൂശാരിയും കരിവാനും തട്ടാനും കള്ളുചെത്ത് തൊഴിലാളിയും കടന്നുവന്നു.
   
      ചക്കാട്ടുന്ന തൊഴിലെടുക്കുന്ന ആശാരിമാരെയാണ് പത്മരാജൻ പെരുവഴിയമ്പലത്തിൽ അടയാളപ്പെടുത്തുന്നത്. ആശാരിക്കുഞ്ചുവിന്റെ മകൻ രാമൻ എന്ന തൊഴിൽ, ജാതി പരിസരത്തിലൂടെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, അയാൾ മറ്റുള്ളവർക്ക് സ്വയം പരിചയപ്പെടുത്തുന്നതും. ഗ്രാമദേശങ്ങളിൽ മനസ്സിൽ ജാതിബോധം സൂക്ഷിക്കാതെ ഇത്തരത്തിൽ ജാതിചേർത്തുള്ള പേരുവിളികൾ സാധാരണമായിരുന്നു. അതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് പെരുവഴിയമ്പലത്തിലെ ആശാരിക്കുഞ്ചുവിന്റെ മകൻ രാമൻ. പെരുവഴിയമ്പലത്തിൽ തൊഴിലിൽ നിലകൊണ്ട് മനുഷ്യമനസ്സിന്റെ അപഥസഞ്ചാരത്തിലേക്കും പ്രാണഭയത്തിലേക്കും അതിജീവനത്തിലുമാണ് പത്മരാജൻ ക്യാമറ ചലിപ്പിക്കുന്നതെങ്കിൽ പനങ്കള്ള് ചെത്തും കരിപ്പട്ടിയുണ്ടാക്കലും കുലത്തൊഴിലാക്കിയ പ്രാദേശിക വിഭാഗത്തെയാണ് ഐ.വി ശശി കരിമ്പനയിൽ സൃഷ്ടിക്കുന്നത്. തൊഴിലിനെയും കുലദൈവങ്ങളിലുമുള്ള വിശ്വാസത്തെയും ഉപജീവിച്ച് മുന്നോട്ടുപോകുന്ന ഏറ്റവും സാധാരണരായ മനുഷ്യരാണ് കരിമ്പനയിലുള്ളത്. ജയൻ അവതരിപ്പിക്കുന്ന മുത്തനും ബാലൻ കെ. നായരുടെ ചെല്ലയ്യനുമടക്കമുള്ള ഊരിലെ ആണുങ്ങളെല്ലാം പാരമ്പര്യ തൊഴിൽ ചെയ്യുന്നവരാണ്. ജീവിതം രണ്ടറ്റം മുട്ടിക്കാൻ പാടുപെടുമ്പോഴും അന്നം തരുന്ന കരിമ്പനകളിൽ വിശ്വസിച്ച് മാരിയമ്മനെന്ന കുലദൈവം തങ്ങൾക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുമെന്ന് വിശ്വസിക്കുന്ന പച്ചമനുഷ്യർ. രവിമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രമാകട്ടെ സർക്കാർ ജോലി ലക്ഷ്യംവച്ച് പഠിക്കുകയും നിരന്തരം പരീക്ഷയെഴുതുകയും ഒടുവിൽ നിരാശനായി കുലത്തൊഴിലിലേക്ക് തിരിച്ചുവരികയും ചെയ്യുന്നയാളാണ്. പാരമ്പര്യ തൊഴിലിലേക്ക് തിരിച്ചെത്തുന്ന ഒരു കഥാപാത്രത്തെ നാൽപ്പതു വർഷങ്ങൾക്കിപ്പുറം ഇന്ന് സൃഷ്ടിക്കുന്നത് ചിന്തിക്കാനാവില്ല.
   
     സ്വർണ്ണപ്പണിക്കാരനായ നായക കഥാപാത്രമാണ് സത്യൻ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവിലുള്ളത്. രഘുനാഥ് പലേരിയുടെ രചനയിൽ 1988ൽ പുറത്തുവന്ന ചിത്രത്തിന് 'പൊന്മുട്ടയിടുന്ന തട്ടാൻ'എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന പേര്. തട്ടാൻ സമുദായക്കാരുടെ എതിർപ്പ് വന്നതോടെ സിനിമയുടെ പേര് മാറ്റേണ്ടിവന്നു. തട്ടാൻ ഭാസ്‌കരന്റെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കഥപറഞ്ഞ ആ സിനിമയ്ക്കു ശേഷം ഈ സമുദായത്തിന്റെ തൊഴിലിടം പ്രത്യക്ഷമാകുന്ന സിനിമകൾ ഉണ്ടായില്ല. തൊണ്ണൂറുകൾക്ക് ശേഷം ഉത്തരേന്ത്യയിൽ നിന്ന് വൻതോതിൽ സ്വർണാഭരങ്ങൾ ജ്വല്ലറികളിലേക്ക് എത്തുകയും മെഷീനുകൾ ആഭരണനിർമാണ മേഖല കീഴടക്കുകയും ചെയ്തതോടെ കേരളത്തിലെ പരമ്പരാഗത സ്വർണപ്പണിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവർ മറ്റു പല ജോലികളിലേക്ക് തിരിയുകയും ചെയ്തു. ഈ യന്ത്രവത്കരണം പിന്നീട് എല്ലാ കുലത്തൊഴിലുകളെയും ബാധിക്കുകയുണ്ടായി.
    സല്ലാപം, രസതന്ത്രം പോലുള്ള സിനിമകളിൽ മരയാശാരികൾ മുഖ്യകഥാപാത്രങ്ങളായി വരുമ്പോൾ തന്നെയും അത് കഥാപാത്രങ്ങളുടെ തൊഴിൽ എന്ന നിലയിലേക്ക് മാത്രം ഒതുങ്ങുകയും സിനിമയുടെ മുഖ്യപ്രമേയം മറ്റൊന്നായി മാറുകയുമാണ് ചെയ്യുന്നത്. കുടുംബം പോറ്റാൻ കുലത്തൊഴിൽ എടുക്കുന്ന സല്ലാപത്തിലെ നായക കഥാപാത്രത്തിന് ആ തൊഴിൽ കൊണ്ട് അരപ്പട്ടിണി മാത്രമാണ് സമ്പാദ്യമാകുന്നതെന്ന യാഥാർഥ്യവും അയാളുടെ നിസ്സഹായതയും സിനിമ കാണിക്കുന്നുണ്ട്. അതേസമയം രസതന്ത്രത്തിലാകട്ടെ ലോകത്തിലെ സർവ്വകാര്യങ്ങളിലും ജ്ഞാനമുള്ള നായകന് ആശാരിപ്പണി കുലത്തൊഴിൽ പോലുമല്ല. ആ ജോലി ഉന്നതകുലജാതനായ അയാൾക്ക് വേറെ ചില കാര്യങ്ങളിൽ നിന്ന് രക്ഷനേടാനുള്ള താത്കാലിക അഭയസ്ഥാനം മാത്രവുമാണ്.
   
       ഭരതന്റെ വെങ്കലത്തിലാകട്ടെ ഓട്ടുപാത്രങ്ങളുണ്ടാക്കുന്ന മൂശാരി വിഭാഗത്തെ ഏറെ സത്യസന്ധമായാണ് അവതരിപ്പിക്കുന്നത്. തൊഴിലിനോടുള്ള കൂറും സമുദായം ശീലിച്ചുപോന്ന ആചാരാനുഷ്ടാനങ്ങളോടും ചിട്ടവട്ടങ്ങളോടുള്ള പരുവപ്പെടൽ ഈ സിനിമയിൽ കാണാനാകും. ലോഹിതദാസിന്റെ കന്മദവും ഭദ്രന്റെ വെള്ളിത്തിരയും അനിൽബാബുവിന്റെ വാൽക്കണ്ണാടിയും പോലുള്ള സിനിമകളിൽ കരിവാന്റെ ആല ഏറെ സത്യസന്ധമായ ഒരു കഥാപാത്രം തന്നെയായി മാറുന്നു. തങ്ങൾക്ക് അന്നം തരുന്ന ആലയിലും ലോഹത്തിലും സത്യവും വിശ്വാസവും പുലർത്തിപ്പോരുന്നവരാണ് കാരിരുമ്പു പോലെ മനസ്സുള്ള ഇതിലെ അധ്വാനികളായ മനുഷ്യർ. കലാഭവൻ മണിയുടെ കറുത്ത ശരീരത്തെയാണ് വാൽക്കണ്ണാടിയിലും വെള്ളിത്തിരയിലും കരിവാനായി പ്രതിഷ്ഠിക്കുന്നത്. തൊഴിലിനെ ജാതിയും നിറവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ സിനിമ കാണിക്കുന്ന ഇത്തരം അബദ്ധധാരണകൾ കാണിയുടെ മധ്യവർഗ ബോധത്തെ കൂടി അപകടകരമായി വിഷലിപ്തമാക്കുന്നുണ്ട്. കള്ള് ചെത്തുകാരനായും കരിവാനായും പാടത്തെ പണിക്കാരനായും തെരുവു ഗായകനായും പട്ടിപിടിത്തക്കാരനായും കലാഭവൻ മണിക്ക് മലയാള സിനിമ നൽകിപ്പോന്ന കഥാപാത്രങ്ങൾ ഈ പിന്നാക്ക ജാതി ശരീര ചിന്തകളെ ശരിവയ്ക്കുന്നതാണ്. സമകാലിക മലയാള സിനിമയിൽ ചെമ്പൻവിനോദിനും വിനായകനും നൽകുന്ന കഥാപാത്രങ്ങളും അവയ്ക്കു നൽകുന്ന പേരുകളും ഇതിന്റെ തുടർച്ചയാണെന്നും കാണാം.
    കുലത്തൊഴിലുകൾ ചെയ്തുപോരുകയും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്ന പപ്പടച്ചെട്ടികളെയും വളച്ചെട്ടികളെയും എം.സുകുമാരന്റെ പാദമുദ്രയിലും സുന്ദർദാസിന്റെ കുടമാറ്റത്തിലും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്.
   

മലയാളിയുടെ ഗൾഫ് സ്വപ്നം


തൊള്ളായിരത്തി എൺപതുകളിലാണ് കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റം ശക്തമായത്. കുലത്തൊഴിൽ എന്ന സാമ്പ്രദായിക ജാതിഘടന വിട്ട് എല്ലാ ജാതി,മത വിഭാഗത്തിൽ പെട്ടവരും ഗൾഫ് എന്ന ഒറ്റലക്ഷ്യത്തിലേക്കു മാറാൻ നിർബന്ധിതരായി. കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ നിന്നുള്ള മാറ്റവും ജീവിതം മെച്ചപ്പെടുത്തുവാനും പെട്ടെന്ന് സമ്പന്നരാകുവാനുമുള്ള മനസ്ഥിതിയും എല്ലാവരെയും മദിച്ചു. പാരമ്പര്യമായി ചെയ്തുപോന്ന ജോലി ഗൾഫ് രാജ്യങ്ങളിൽ കിട്ടില്ലെന്നുറപ്പാണ്. എങ്കിലും ഗൾഫ് എന്നത് എല്ലാവരുടെയും, പ്രത്യേകിച്ച് യുവാക്കളുടെ സ്പ്നഭൂമിയായി. എന്തു ജോലി ചെയ്യുന്നുവെന്നല്ല, എങ്ങനെയും ഗൾഫിൽ പോയി ഗൾഫ് പണം സമ്പാദിക്കുകയെന്നതു മാത്രമായിരുന്നു ചിന്ത. അങ്ങനെ ഗൾഫിൽ പോയി ജോലി നോക്കിയവരിലൂടെ ഗൾഫ് പണം മലയാളി ജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്തു. കേരള സമൂഹത്തിൽ തൊഴിൽ ഘടനയിൽ ഉണ്ടായ ഈ പരിവർത്തനത്തെ സാധൂകരിക്കുന്നവയാണ് എൺപതുകളിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ.
   
       ജീവിതം മെച്ചപ്പെടുത്താൻ ഒരേയൊരു മാർഗം എന്ന നിലയിൽ ഗൾഫിൽ പോകാൻ നിർബന്ധിതരാകുന്ന കഥാപാത്രങ്ങളെ ഐ.വി ശശിയുടെ 'ഈ നാട്' മുതൽ സത്യൻ അന്തിക്കാടിന്റെ 'നാടോടിക്കാറ്റ് 'വരെയുള്ള ഈ കാലയളവിലെ ഒട്ടനവധി സിനിമകളിൽ കാണാം. ഗമയിൽ ചമഞ്ഞൊരുങ്ങി വരുന്ന അബുദാബിക്കാരൻ പുതുമണവാളനെ അന്നത്തെ പാട്ടുകളിൽ പോലും കാണാം. ഗൾഫുകാരൻ നാട്ടിലും ബന്ധുക്കളിലും കല്യാണാലോചനയിലും അങ്ങനെ പ്രബലസാന്നിദ്ധ്യമായി. ഗൾഫുകാരന്റെ ഈ മാർക്കറ്റ് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ രണ്ട് പതിറ്റാണ്ടോളം നിലനിൽക്കുകയുണ്ടായി.
    1990ലെ ഗൾഫ് യുദ്ധം തൊഴിൽ തേടിയുള്ള കുടിയേറ്റത്തിന് തെല്ലൊരയവ് വരുത്തിയെങ്കിലും യുദ്ധാനന്തരം സമാധാനം പുലർന്നതിനു പിന്നാലെ കുടിയേറ്റം പഴയ മട്ടിലായി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയവർ പിന്നിട് പാരമ്പര്യ തൊഴിലിലേക്ക് തിരിച്ചുപോവുകയുണ്ടായില്ല. ഗൾഫിൽ നിന്ന് പണം സമ്പാദിച്ച് നാട്ടിലെത്തി ശിഷ്ടകാലം നാട്ടിൽ ബിസിനസ് ചെയ്ത് കഴിയാമെന്ന് ചിന്തിക്കുന്ന നായകനെ സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്ന് 'വരവേൽപ്പി'ൽ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ബസ് വാങ്ങുകയും അതിന് 'ഗൾഫ് മോട്ടോഴ്സ്' എന്ന തനിക്ക് എല്ലാ ഐശ്വര്യങ്ങളും തന്ന നാടിന്റെ പേരിടുകയും പിന്നീട് നാട്ടിൽ ബസ് മുതലാളിയായി വിജയിക്കുന്ന വലിയ സ്വപ്നങ്ങളും അയാൾ കാണുന്നു. എന്നാൽ നാട്ടിൽ പച്ചപ്പ് കണ്ടെത്താനാകാതെ അയാൾ വീണ്ടും ഗൾഫിലേക്ക് തന്നെ മടങ്ങുകയാണ്.
    ഉദാരവത്കരണനയത്തെ തുടർന്ന് തുറന്ന വിപണി പ്രാപ്യമായതോടെയാണ് ഗൾഫിൽ നിന്ന് പണം സമ്പാദിച്ച് എത്തിയവർ ഇവിടെ ചെറുകിട ബിസിനസുകാരും പിന്നീട് വൻകിട ബിസിനസുകാരുമായി മാറിയത്. ഭൂമിക്കച്ചവടവും വാഹനക്കച്ചവടവും ലാഭം നേടുന്ന പുതിയ ബിസിനസ് രംഗങ്ങളായി മാറുകയും, പഴയ തൊഴിൽ സംസ്‌കാരത്തെയും ശീലിച്ചുപോന്ന തൊഴിൽശീലങ്ങങ്ങളെയും പാടേ തിരുത്തി പുതിയ തൊഴിൽ മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാൻ ഈ പുതുപണക്കാർ നിർബന്ധിതരാകുകയും ചെയ്തു.


തൊഴിലിടങ്ങൾ അപ്രത്യക്ഷമാകുന്ന തൊണ്ണൂറുകൾ


പരമ്പരാഗത തൊഴിലിടങ്ങൾ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തൊണ്ണൂറുകളിലാണ്. അതുവരെ പല വിധേനയുള്ള കുലത്തൊഴിലുകളിൽ ഏർപ്പെട്ടു വന്നിരുന്ന ജനവിഭാഗങ്ങളെയാണ് സിനിമ പ്രതിനിധാനം ചെയ്തിരുന്നത്. പാരമ്പര്യവുമായി ബന്ധപ്പെട്ട് നിലനിന്നുപോന്ന ജാതി, തൊഴിൽ വ്യവസ്ഥാപിത രീതികൾ പാടേ പിറകോട്ടു മാറുകയും ഏതു തൊഴിലും ആർക്കും ചെയ്യാമെന്ന തുറന്ന സമീപനം ഈ കാലയളവിലുണ്ടായി. പരമ്പരാഗത തൊഴിൽ മേഖലയിലേക്ക് യന്ത്രവത്കരണം കടന്നുവരികയും ആഗോളീകരണ, ഉദാരവത്കരണ കാലം തൊണ്ണൂറുകളുടെ തുടക്കത്തിൽ സൃഷ്ടിച്ചുകൊടുത്ത വിപണി, കച്ചവട സാദ്ധ്യത പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സ്വകാര്യ, സർവസ് മേഖലകളിലെ തൊഴിലവസരങ്ങളും സർക്കാർ ജോലിയെന്ന പരമലക്ഷ്യവും ഈ കാലയളവിൽ ചെറുപ്പക്കാരെ ആകർഷിച്ചു. പാരലൽ കോളേജുകളിൽ പഠിപ്പിക്കുന്ന ചെറുപ്പക്കാരായ അദ്ധ്യാപകരെ എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും സിനിമയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ സർക്കാർ ജോലിയിലും സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ശമ്പളമുള്ള ജോലികളിലും ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെയാണ് തൊണ്ണൂറുകളുടെ ആദ്യപകുതി പുരോഗമിക്കുമ്പോൾ മലയാള സിനിമ അടയാളപ്പെടുത്തുന്നത്.
 
       ജോലി കിട്ടാതെ വരുമ്പോൾ ജീവിതം രക്ഷപ്പെടാൻ പെട്ടെന്ന് പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ സൂത്രപ്പണികളും തട്ടിപ്പും നടത്തുന്ന യുവാക്കളെയും ഈ കാലയളവിൽ സിനിമയിൽ കണ്ടു. അല്ലറചില്ലറ തട്ടിപ്പും തരികിടയുമായി നടക്കുന്ന യുവാക്കളും അവർ ചെന്നുപെടുന്ന അബദ്ധങ്ങളും തമാശ ചേർത്ത് അവതരിപ്പിക്കുന്ന സിനിമകൾ തൊണ്ണൂറുകളിലെ ട്രെൻഡായി മാറി. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ, തൊഴിലിനെക്കുറിച്ച് ആവലാതി പ്രകടിപ്പിക്കുക പോലും ചെയ്യാതെ, ഒന്നിച്ച് ഒരിടത്ത് താമസിക്കുകയും പണമുണ്ടാക്കി രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നവരായിരുന്നു ഈ സിനിമകളിലെ ചെറുപ്പക്കാരെല്ലാം. മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ, ബൈജു, മഹേഷ് തുടങ്ങിയവർ തൊണ്ണൂറുകളുടെ ആദ്യപകുതിയിലും പ്രേംകുമാർ, അബി, ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവർ രണ്ടാം പകുതിയിലും ഇത്തരം ഹാസ്യ സിനിമകളുടെ പതാകവാഹകരായി. മാന്ത്രികച്ചെപ്പ്, നീലക്കുറുക്കൻ, ഡോളർ, പോസ്റ്റ് ബോക്സ് നമ്പർ 27, മൂന്നുകോടിയും മുന്നൂറും പവനും, ഞാൻ കോടീശ്വരൻ തുടങ്ങി തൊണ്ണൂറുകളിലെ തമാശപ്പടങ്ങളുടെ പേരുകളിൽ പോലും പെട്ടെന്ന് വന്നുചേരുന്ന ഇത്തരം ഭാഗ്യങ്ങളുടെ സൂചനകളുള്ളതായി കാണാം. ഈ തമാശക്കളികൾക്കും കോടീശ്വരൻ, ഗുണ്ടപാവപ്പെട്ടവൻ ദ്വന്ദ്വങ്ങളിൽ നിന്നും മോചനം നേടാൻ മലയാള സിനിമ ഒന്നര ദശാബ്ദത്തോളമെടുത്തു.
    അതേസമയം സവർണ ജാതി സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന ഫ്യൂഡൽ ജന്മി കഥാപാത്രങ്ങളുടെ പുനസൃഷ്ടിയും മനകളുടെയും കൊട്ടാരങ്ങളുടെയും തമ്പുരാക്കന്മാരുടെയും ഉത്സവപ്പറമ്പുകളുടെയും വീണ്ടെടുക്കൽ കൂടിയായിരുന്നു മലയാള സിനിമയ്ക്ക് തൊണ്ണൂറുകൾ. സ്ത്രീയുടെയും തന്നെ ആശ്രയിക്കുന്നവരുടെയും ദേശത്തിന്റെയാകെയും രക്ഷകനായി അവതരിക്കുന്ന ഈ തമ്പുരാൻ കഥാപാത്രങ്ങൾ പാരമ്പര്യമായി കൈവന്ന ഭൂസ്വത്ത് അനുഭവിക്കുന്നവരും പ്രത്യേകിച്ച് ഒരു തൊഴിലുമെടുക്കാതെ ദേശരക്ഷ ജീവിതവ്രതമാക്കിയവരുമാണ്. ഐ.വി ശശിരഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ദേവാസുരത്തിൽ തുടങ്ങി രൺജി പണിക്കരിലൂടെയും ഷാജി കൈലാസിലൂടെയും തുടർച്ച കണ്ടെത്തുന്ന ഈ കഥാപാത്രങ്ങളിൽ നായകന്മാരുടെ മുഖം ഇടയ്ക്കു മാറുമെങ്കിലും ചെയ്തുപോരുന്ന അമാനുഷിക പ്രവൃത്തികളിൽ മാറ്റമുണ്ടാകാറില്ല. സവർണ നായക കർതൃത്വത്തെ നിരന്തരം രക്ഷകവേഷം കെട്ടിച്ചതിലൂടെ വിസ്മൃതിയിലായിക്കൊണ്ടിരുന്ന മേലാളകീഴാള ബോധങ്ങളുടെ ഓർമപ്പെടുത്തലിനെ പുനസൃഷ്ടിച്ചുവെന്നതാണ് ഇത്തരം സിനിമകൾ ചെയ്ത വലിയ അപകടം.




പുതിയ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടുന്നു

താഴ്ന്ന ജാതിക്കാർ കുലത്തൊഴിലുകളും സവർണ ജാതികൾക്ക് വേണ്ടി വേല ചെയ്യേണ്ടവരുമാണെന്ന ചിന്ത മാറുന്നതോടെയാണ് ജാതിബോധത്തിന്റെ പ്രാഥമിക ചിന്തകൾ ഇല്ലാതെയാകുന്നത്. ജന്മികുടിയാൻ കാലഘട്ടത്തിൽ കേരള സമൂഹത്തിൽ പ്രബലമായിരുന്ന ജാതിഘടന നവകേരള രൂപീകരണത്തിന് ശേഷവും ജാതിവേർതിരിവായി തുടർന്നുപോന്നതിന് ജാതികൾക്ക് മേൽ നിശ്ചയിച്ചുകൊടുത്ത തൊഴിലുകൾ കൂടിയാണ് കാരണം. ചില തൊഴിലുകൾക്ക് സമൂഹം മേന്മ കൽപ്പിച്ചു കൊടുത്തിരുന്നെങ്കിലും ജാതീയമായ തിരിച്ചറിവുകളും മേൽജാതി, കീഴ്ജാതി ബോധവും വളർത്താനേ ഇത് ഇടയാക്കിയുള്ളൂ. കുലത്തൊഴിലുകൾ കീഴ്ജാതിക്കാർക്ക് സമ്മാനിച്ചത് സാമ്പത്തികമോ സാമൂഹികമോ ആയ ഉയർച്ചയല്ല. ചില്ലറ വരുമാനം കൊണ്ട് എന്നും ഇല്ലായ്മയിൽ കഴിയേണ്ടി വന്ന കുലത്തൊഴിലുകാർ സ്വാഭാവികമായും പുതിയ തൊഴിൽ മേഖലയെപ്പറ്റി ചിന്തിച്ചു.
   
      പട്ടണം, ഗ്രാമം എന്ന വേർതിരിവില്ലാതെ ആധുനിക സൗകര്യങ്ങളും വിവര സാങ്കേതിക വിദ്യയും എല്ലായിടത്തുമെത്തി യന്ത്രവത്കരണവും നഗരവത്കരണവും സജീവമായ പുതിയ നൂറ്റാണ്ടിൽ ഒറ്റ രൂപഘടനയുള്ള ഗ്രാമമായി കേരളം മാറിയതോടെയാണ് കുലത്തൊഴിലുകളിൽ നിന്ന് മോചനം നേടുന്നത്. എല്ലാ ജാതി വിഭാഗങ്ങളും എല്ലാ മേഖലയിലേക്കും കടന്നെത്തുകയും തൊഴിൽ സമ്പാദിക്കുകയും ചെയ്തതോടെ തൊഴിൽകൊണ്ട് പുറമേയ്ക്ക് പ്രകടമായിരുന്ന ജാതി കേരളം തൂത്തെറിഞ്ഞു. പകരം ഉള്ളിൽ ജാതി സൂക്ഷിക്കാനും ജാതിയേതെന്നറിയാനുള്ള ത്വര കൂടുകയും ചെയ്തു.
    ഈ സാമൂഹിക മാറ്റത്തിന്റെ പ്രകടരൂപമായിട്ടാണ് പുതുതലമുറ സിനിമകളിൽ ഐ.ടി അധിഷ്ടിത തൊഴിൽ മേഖല കടന്നുവരുന്നത്. ശ്യാമപ്രസാദിന്റെ 'ഋതു' ആണ് ന്യൂജൻ തൊഴിലിടങ്ങൾ മലയാള സിനിമയിൽ വളരെ പ്രഖ്യാപിതമായി അടയാളപ്പെടുത്തിയത്. ഈ സിനിമ മുന്നോട്ടുവച്ച പുതുതലമുറ ജീവിതവും തൊഴിലിടവും തങ്ങളെത്തന്നെ സ്‌ക്രീനിൽ കാണാൻ പുതുതലമുറ തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കുമായി. ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിലും ഇതിന്റെ തുടർച്ച കാണാം. പുതിയ തൊഴിൽ സംസ്‌കാരവും ഭാഷ, വസ്ത്രധാരണം, അഭിസംബോധനാ രീതികൾ, ചേഷ്ടകൾ തുടങ്ങി അടിമുടി പുതിയൊരു തൊഴിലിടമാണ് ആഗോള ഐ.ടി കമ്പനികൾ കേരളത്തിൽ തൊഴിൽദാതാക്കളായി വന്നതോടെ ഉണ്ടായത്. അവർ ശീലിപ്പിച്ച ടെക് കൾച്ചറിലേക്ക് അതിവേഗം ഇവിടത്തെ യുവ തൊഴിലന്വേഷകർ മാറുകയും ചെയ്തു. നാലു ലക്ഷത്തിലേറെ പേർ ജോലിചെയ്യുന്ന വലിയ തൊഴിൽമേഖലയായി ഐ.ടി സ്വകാര്യ മേഖല മാറിയതോടെ കേരളത്തിന്റെ തൊഴിലിടങ്ങളിൽ അവഗണിക്കാൻ പറ്റാത്ത വിഭാഗമായി ടെക്കികൾ. പിന്നീട് അനിൽ രാധാകൃഷ്ണൻ മേനോന്റെ നോർത്ത് 24 കാതം, ജീത്തു ജോസഫിന്റെ മൈ ബോസ്, അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ്, സമീർ താഹിറിന്റെ കലി തുടങ്ങി ഒട്ടേറെ സിനിമകൾ ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്നവരെ പ്രധാന കഥാപാത്രങ്ങളാക്കാൻ തയ്യാറായി.
    മലയാള സിനിമയിൽ അഭിനയ, സാങ്കേതിക മേഖലയിലേക്ക് ഒട്ടേറെ ചെറുപ്പക്കാർ കടന്നുവരികയും തലമുറ കൈമാറ്റം സാദ്ധ്യമാകുകയും ചെയ്തതോടെ പ്രമേയപരിസരങ്ങളിലും സിനിമയിലെ തൊഴിലിടങ്ങളിലും മാറ്റം പ്രകടമാണ്. ബിൽഡിംഗ് കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ആഡ് ഫിലിം മേക്കിംഗ്, വീഡിയോ ഗെയിം മേക്കിംഗ്, ഈവന്റ് മാനേജ്‌മെന്റ്, സ്റ്റാർട്ടപ് തുടങ്ങി ന്യൂജൻ തൊഴിലുകൾ ചെയ്യുന്ന കഥാപാത്രങ്ങളെ കോക്‌ടെയിൽ (വി.കെ പ്രകാശ്), പട്ടം പോലെ (അളകപ്പൻ), അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ (രോഹിത് വി.എസ്), ചാപ്പാകുരിശ്, കലി (സമീർ താഹിർ) തുടങ്ങിയ സിനിമകളിൽ അവതരിപ്പിക്കുന്നുണ്ട്.

പ്രസാധകൻ, 2018 ഓഗസ്റ്റ്‌

No comments:

Post a Comment