Saturday, 11 March 2017

ഒരാള്‍ക്ക് എത്ര മണ്ണുവേണം?
ചോദ്യം ആവര്‍ത്തിച്ച് ആറടി 


വീട്ടില്‍നിന്ന് പുറത്താക്കിയ അമ്മയ്ക്ക് അന്ത്യവിശ്രമത്തിന് ആറടി നല്‍കാതെ മകന്‍. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ ഹരിപ്പാട്ടെ കുടുംബവീട്ടില്‍ത്തന്നെ അമ്മയുടെ സംസ്‌കാരം നടന്നു. 
അമ്മയില്‍നിന്ന് പത്തുസെന്റ് സ്ഥലം എഴുതിവാങ്ങിയശേഷം മകനും മരുമകളും ചേര്‍ന്ന് എണ്‍പത്തിരണ്ടുകാരിയായ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഈ അമ്മയെ ഏറ്റെടുത്തു. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അമ്മ മരിച്ചു. മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുവന്നെങ്കിലും മകന്‍ അവിടെ സംസ്‌കാരത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. പോലീസ് സംരക്ഷണത്തില്‍ സംസ്‌കാരം നടത്താനുള്ള നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് ആര്‍.ഡി.ഒ. നിര്‍ദേശം നല്‍കി. വൈകാതെ പോലീസ് സംരക്ഷണത്തില്‍ കുടുംബവീട്ടില്‍ത്തന്നെ സംസ്‌കാരം നടന്നു.
-'പെറ്റമ്മയ്ക്ക് ആറടി മണ്ണ് നല്‍കാതെ മകന്‍; പോലീസ് കാവലില്‍ ചിതയൊരുങ്ങി' എന്ന തലക്കെട്ടില്‍ അടുത്തിടെ വന്ന പത്രവാര്‍ത്തയുടെ ചുരുക്കരൂപമാണിത്. ഈ വാര്‍ത്ത കേരളത്തില്‍നിന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് തെല്ലു ഭീതിയില്‍ ഇതിനെ സമീപിക്കേണ്ടിവരുന്നതും.
ഭൂമിയിലെ വാസം പൂര്‍ത്തിയാക്കി മനുഷ്യന്റെ മടക്കം ആറടി മണ്ണിലേക്കാണ്. ഉള്ളവനും ഇല്ലാത്തവനുമെല്ലാം ഇതില്‍ സമന്മാര്‍ തന്നെ. എന്നാല്‍ ഇല്ലാത്തവന് ഈ ആറടിയും അത്ര സുരക്ഷിതമല്ലെന്നുവേണം കരുതാന്‍. ജീവിതനിലവാരവും അതിന്റെ ഗതിവേഗവും ഏറെ വര്‍ധിച്ചെങ്കിലും ആറടി സ്വന്തമായില്ലാത്തവന്റെ അരക്ഷിതാവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. ചുറ്റുപാടിലെ വികസനത്തള്ളിച്ചയില്‍ ഭൂമിയില്ലാതായവനും കുടിയൊഴിപ്പിക്കപ്പെട്ടവനും ഒരു മനുഷ്യായുസ്സില്‍ ഇത്തിരിയോളം ഭൂമി സ്വന്തമാക്കാന്‍ കഴിയാത്തവനുമെല്ലാം ആറടിയുടെ ഭീതിയില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരായിരിക്കും.
കഥാകൃത്ത് ഇ.സന്തോഷ്‌കുമാര്‍ 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന കഥയിലൂടെ ഉന്നയിക്കുന്ന ചോദ്യവും മറ്റൊന്നല്ല. ഇതിനെ അവലംബമാക്കി പ്രശാന്ത്.സി. തിരക്കഥയെഴുതി സജി പാലമേല്‍ ഒരുക്കിയ ചിത്രമാണ് 'ആറടി'. ഏതുകാലത്തും ഏതുലോകത്തും പ്രസക്തമായ ആറടിമണ്ണിനുവേണ്ടി അതില്ലാത്തവന്‍ നടത്തുന്ന നെട്ടോട്ടം കേരളത്തിന്റെ സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥയില്‍ പറയുകയാണ് ആറടിയില്‍.
സംസ്‌കൃത പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ദളിതനായ കുഞ്ഞിക്കോരന്‍മാഷ് മരിച്ചപ്പോള്‍ പൊതുദര്‍ശനത്തിനുവയ്ക്കാന്‍ പോലും ആരും ഒരിടം നല്‍കിയില്ല. പൊതുശ്മശാനമില്ലാത്തിനാല്‍ ഒരു ദിവസം മുഴുവന്‍ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് അലയേണ്ടിവരുന്നു. ഒടുവില്‍ പാതയോരത്തെ ഒറ്റമുറിവീടിന്റെ അടുക്കളയുടെ തറ പൊളിച്ച് സംസ്‌കാരം നടത്തുന്നു. ഈ സംഭവത്തില്‍ ഒരുപക്ഷേ നമുക്കത്ര പുതുമ തോന്നിയേക്കില്ല. കേരളത്തിലെ ആദിവാസി ഊരുകളിലും പിന്നോക്ക പ്രദേശങ്ങളിലും ഇത്തരം ശവസംസ്‌കാരങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഈ സ്ഥിതിക്കും ദളിതനോടുള്ള മനോഭാവത്തിനും ഇനിയും മാറ്റം വന്നിട്ടില്ലെന്ന് ആറടി പറഞ്ഞുവെയ്ക്കുന്നു.
മരിച്ചയാളുടെ കൊച്ചുമകനെ രാഷ്ട്രീയപ്രവര്‍ത്തകനും ദളിത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇവിടെ സ്വന്തം പാര്‍ട്ടിയില്‍പെട്ടവരുടെ ജാതിബോധം മറനീക്കി പുറത്തുവരുന്നുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കാന്‍ പാര്‍ട്ടി ഓഫീസില്‍ അനുമതി ലഭിക്കുന്നില്ല. പാര്‍ട്ടിയില്‍ അത്തരമൊരു കീഴ്‌വഴക്കമില്ലെന്നു പറഞ്ഞാണ് ഒഴിവാക്കപ്പെടുന്നത്. നാട്ടിലെ വിദ്യാലയത്തിലോ പുഴക്കരയിലോ പോലും ഇടപെടലുകള്‍ കാരണം സ്വാതന്ത്ര്യസമര സേനാനിയുടെ മൃതദേഹം തള്ളപ്പെടുന്നു. 
റോഡ് വികസനത്തിനായി ഉണ്ടായിരുന്ന മുറ്റവും വിട്ടുകൊടുക്കേണ്ടിവന്നവരാണ് കുഞ്ഞിക്കോരന്‍ മാഷിന്റെ വീട്ടുകാര്‍. ഒടുവില്‍ മൃതദേഹം വീടിനകത്ത് അടക്കംചെയ്തശേഷം പാതിരാത്രി കൊച്ചുമകന്‍ നോക്കിനില്‍ക്കുന്നത് വികസനത്തിന്റെ പ്രതീകമായ വീതികൂട്ടിയ പാതയിലേക്കും അതില്‍ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലും കണ്ണില്‍ തുളച്ചുകയറുന്ന ഇരുട്ടിലേക്കുമാണ്. ഇരുട്ട് ഇവിടെ ദളിതവസ്ഥയുടെ മാറാത്ത പ്രതീകം തന്നെയാകുന്നു. ചുറ്റിലും മാറ്റം വരുമ്പൊഴും ഓരം ചേര്‍ക്കപ്പെട്ടവന്റെ ദൈന്യത ഇന്നും അതേപടി തുടരുന്നുവെന്ന് സിനിമ പറയുന്നു. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടത് അവര്‍ തന്നെയാണ്. ഭൂരിപക്ഷ ശബ്ദങ്ങള്‍ക്കുമുമ്പില്‍ അത് നേര്‍ത്തില്ലാതാകുന്നതായാണ് നമ്മുടെ അനുഭവപരിസരത്തെ കാഴ്ച വ്യക്തമാക്കിത്തരുന്നത്. 
ഏറെ സാമൂഹികപ്രസക്തമായ ഒരു വിഷയം പറഞ്ഞ് ആദ്യസിനിമയിലൂടെ സജി പാലമേല്‍ മലയാളത്തിലെ നവാഗത സംവിധായകരുടെ കൂട്ടത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പല വിഷയങ്ങളിലേക്ക് വ്യതിചലിക്കാതെ പറയാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന രീതിയാണ് ആറടിയില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്തോട് നീതിപുലര്‍ത്തുന്ന സിനിമ സാമൂഹിക, രാഷ്ട്രീയ, മത, ജാതി ചിന്താഗതിയില്‍ കേരളീയസമൂഹത്തിന് ഉണ്ടായിരിക്കുന്ന മാറ്റങ്ങളെയും തൊട്ടുപോകുന്നുണ്ട്. 

താരസമ്പന്നമോ പണക്കൊഴുപ്പോ ഇല്ലാത്ത ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നവരെയെല്ലാം ദിവസജീവിതത്തില്‍ കണ്ടുമുട്ടുന്നവരായി തോന്നും. ഇത്തരമൊരു സിനിമയ്ക്കു വേണ്ടതും അതുതന്നെ. 
മലയാള സിനിമ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത്തരം ചെറിയ സിനിമകള്‍ക്കായി ഒരിടം തുറന്നുവച്ചിട്ടുണ്ട്. കെ.ആര്‍.മനോജ്, മനോജ് കാന, സുദേവന്‍, സനല്‍കുമാര്‍ ശശിധരന്‍, പി.എസ്.മനു, സജിന്‍ബാബു, ഷാനവാസ് നരണിപ്പുഴ തുടങ്ങി ഒട്ടേറെ സംവിധായകര്‍ ഈ വഴി സഞ്ചരിച്ച് വിജയം കണ്ടവരാണ്. 
വേറിട്ട ആഖ്യാനവും സാമൂഹികബോധവും വിഷയവൈവിധ്യവും നേരിട്ടുള്ള പറച്ചില്‍ശൈലിയുമെല്ലാം ഈ സമാന്തരപാതയെ പുതിയൊരു പൊതുബോധത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. തീയേറ്റര്‍ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നവയല്ല ഇവരുടെ സിനിമകള്‍. എന്നാല്‍ക്കൂടി വ്യക്തമായ ധാരണയും ഉറച്ച ലക്ഷ്യബോധവും ഇവര്‍ക്കുണ്ട്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പുതിയ പേരാണ് ആറടിയുടെ സംവിധായകന്റെത്. സാമ്പത്തികപിന്തുണയോ വിതരണക്കാരോ നിര്‍മാതാക്കളോ പോലുമില്ലാതെ ഇവര്‍ കഷ്ടപ്പെട്ട് സിനിമയെടുക്കാന്‍ തയ്യാറാകുന്നത് കലയോടുള്ള അര്‍പ്പണബോധം കൊണ്ടുതന്നെയാണ്. ഈ ആത്മാര്‍ഥതയില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന രചനകളാണ് മലയാളത്തില്‍നിന്ന് പുതിയകാലത്ത് ലോകസിനിമാ കാഴ്ചക്കാരിലേക്ക് അഭിമാനത്തോടെ സമര്‍പ്പിക്കാനാകുന്നതും.

സ്ത്രീശബ്ദം, മാര്‍ച്ച്, 2017

Sunday, 5 March 2017

എല്ലാവരിലുമുണ്ട് ഒരു ശശി

അടുത്ത കാലത്ത് ഏറ്റവുമധികം ബ്രാന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു പേരാണ് ശശി. ഈ പേരുകേട്ടാല്‍ മലയാളി ചിരിക്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. ശശിയാകുക, ശശിയായി തുടങ്ങിയ പ്രയോഗങ്ങളും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നു.
അങ്ങനെ സിനിമയിലും ശശി എത്തുകയാണ്. സജിന്‍ബാബുവിന്റെ പുതിയ ചിത്രമായ 'അയാള്‍ ശശി'യില്‍ ശശിയാകുന്നത് ശ്രീനിവാസനാണ്. 
ശശി നമ്മളിലൊരാളാണ്. എങ്ങനെയെല്ലാം ജീവിക്കാമെന്നും ഏതെല്ലാം തരത്തില്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാമെന്നും ചിന്തിച്ച് അതിനായി ശ്രമിക്കുന്ന ഒരാള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായും പലിശക്കാരനായും ചിത്രകാരനായും സമൂഹത്തിലെ വിവിധ തുറയില്‍പെട്ടവരുമായി സഹവസിക്കുന്നയാളുമായെല്ലാം ശശി പരിണമിക്കുന്നുണ്ട്. സുഹൃത്തുക്കളാണ് അയാളുടെ ശക്തി. ഒടുക്കം തന്റെ മരണം എങ്ങനെ ആഘോഷമാക്കാം എന്നുവരെ അയാള്‍ ചിന്തിക്കുന്നു. ഇതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. 
മലയാളത്തില്‍ ഇതുവരെ ആരും പറയാത്ത ഒരു പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന സംവിധായകന്‍ അതിന്റെ പുതുമ എല്ലാത്തരം പ്രേക്ഷകരോടും സംവദിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. നിത്യജീവിതത്തില്‍ നമ്മള്‍ ഇടപെടുന്ന സുഹൃത്തുക്കളും സ്ഥലങ്ങളും പരിചിതമായ ചിരികളും ചിന്തകളുമാണ് 'അയാള്‍ ശശി'യിലുള്ളത്. അത് അത്രമേല്‍ സ്വാഭാവികതയോടെ പകര്‍ത്തിവയ്ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ശശി. ശ്രീനിവാസനെന്ന നടനെ പൂര്‍ണമായി മാറ്റിനിര്‍ത്തി അദ്ദേഹം ശശിയെന്ന മനുഷ്യനായി മാറുന്നുണ്ട്. തന്റെ സ്വാഭാവികമായ അഭിനയശൈലികൊണ്ട് ചിരിയും ചിന്തയും പടര്‍ത്താന്‍ അദ്ദേഹത്തിനാകുന്നു. ഈ കഥാപാത്രത്തിനായി അദ്ദേഹം ശരീരഭാരം 15 കിലോയിലേറെ കുറച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കും ഇതേ സ്വാഭാവികത നിലനിര്‍ത്താനാകുന്നത് ചിത്രത്തിന്റെ ആസ്വാദ്യതയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. 
അസ്തമയം വരെ എന്ന ആദ്യചിത്രത്തിലൂടെ 2014ലെ കേരള രാജ്യാന്തര ചലച്ചിത്രമേള ഉള്‍പ്പടെ ഒട്ടേറെ മേളകളില്‍ പുരസ്‌കാരത്തിന് അര്‍ഹനായ സംവിധായകനാണ് സജിന്‍ബാബു. ആദ്യചിത്രം സമാന്തരപാതയിലൂടെ സഞ്ചരിക്കുന്നതായിരുന്നെങ്കില്‍ ഇത്തവണ എല്ലാത്തരം പ്രേക്ഷകരെയുമാണ് ലക്ഷ്യമിടുന്നത്.


ചിത്രഭൂമി, മാര്‍ച്ച് 4, 2017

Friday, 3 March 2017

മുദ്രാവാക്യങ്ങള്‍ ചേര്‍ത്തെഴുതിയാല്‍ തിരക്കഥയാകില്ല; സിനിമയും


ഒരു മെക്‌സിക്കന്‍ അപാരത ഒരു രാഷ്ട്രീയസിനിമയല്ല. ഇതൊരു രാഷ്ട്രീയസിനിമയായി കണ്ടു തെറ്റിദ്ധരിക്കുന്നുവെങ്കില്‍ നമ്മുടെ രാഷ്ട്രീയചിന്ത എത്തിനില്‍ക്കുന്ന അവസ്ഥയോര്‍ത്ത് നെടുവീര്‍പ്പിടുക മാത്രമേ വഴിയുള്ളൂ. ട്രെയിലറിലെയും പാട്ടുകളിലെയും ആവേശം തന്നെയാണ് ഈ സിനിമ മുഴുവനും തുടരുന്നത്. അതിലപ്പുറവും ഇപ്പുറവും ഒന്നുമില്ല.
എന്തെല്ലാം എഴുതിയാല്‍ ഇത്തരമൊരു സിനിമയുടെ കാഴ്ചക്കാര്‍ കയ്യടിക്കും? ഏതെല്ലാം ഷോട്ടുകള്‍ അള്‍ട്രാ മോഷനിലാകാമെന്നും ആ ഫ്രെയിമില്‍ ആവേശം തുടുപ്പിക്കാന്‍ എന്തെല്ലാം ബിംബങ്ങള്‍ കാണിക്കാമെന്നും വ്യക്തമായി തീരുമാനിച്ചുറപ്പിച്ച് അതിനനുസരിച്ച് പടച്ചുവിട്ടിരിക്കുന്ന ഒരു പാര്‍ട്ടി കാമ്പയിന്‍ മാത്രമാണിത്. മോശം പറയരുതല്ലോ, ഇത് ആവേശക്കമ്മിറ്റിക്കാര്‍ക്ക് ഗംഭീരമായി രുചിച്ചിട്ടുണ്ടെന്ന് തീയേറ്ററിലെ പ്രതികരണത്തില്‍നിന്നു മനസ്സിലായി. ചെവിതല കേള്‍പ്പിക്കാത്ത ആവേശവും മുദ്രാവാക്യം വിളിയും. സിനിമയ്ക്കുമുമ്പും സിനിമയ്ക്കിടയിലും സിനിമയ്ക്കുശേഷവും ഒരുപോലെ; തീയേറ്ററിനകത്തും പുറത്തും. പല ഡയലോഗുകളും കേള്‍ക്കാന്‍ സാധിച്ചില്ല. അത് നമുക്കൂഹിക്കാന്‍ സാധിക്കും; എന്താണവിടെ പറഞ്ഞിരിക്കുകയെന്ന്. അതിനപ്പുറത്തെ സംഭാഷണവൈഭവമോ വഴിത്തിരിവുകളോ ഒന്നും ഇത്തരമൊരു സിനിമയില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
സര്‍ഗാത്മകത എന്നേ വിട്ടുപോയ കലാലയ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്നത് തെല്ല്
അവേശവും ചോരത്തിളപ്പും മാത്രമാണ്. അതിന്റെ തിരത്തള്ളലാണ് മെക്‌സിക്കന്‍ അപാരതയെന്ന പേരില്‍ സിനിമയാക്കിയിരിക്കുന്നത്. സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്ന കാലത്തുണ്ടായിരുന്ന രാഷ്ട്രീയത്തോടുപോലും നീതി കാണിച്ചില്ല.
ജനാധിപത്യ, മതേതര മൂല്യങ്ങളിലൂന്നി സ്വതന്ത്ര അഭിപ്രായപ്രകടനത്തിനും സര്‍ഗാത്മകതയ്ക്കുമുള്ള വേദിയെന്ന നിലയില്‍ കലാലയങ്ങള്‍ക്ക് സമൂഹത്തില്‍ ഏറെ പ്രസക്തിയുണ്ട്. സാമൂഹികജീവിയെന്ന നിലയ്ക്ക് മനുഷ്യനെ വാര്‍ത്തെടുക്കുന്നതും കലാലയം തന്നെ. എന്നാല്‍ ഇത്തരം സിനിമകള്‍ ഒരു യുവാവിനെ രാഷ്ട്രീയത്തോടോ മൂല്യങ്ങളോടോ അടുപ്പിക്കില്ലെന്നു മാത്രമല്ല; ഭീകരമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യും. സംഘടനാ പ്രവര്‍ത്തനം മറ്റൊരു സംഘടനയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടോ ചോര വീഴ്ത്തിക്കൊണ്ടോ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടോ ആകരുതെന്നല്ലേ. അതൊന്നും ഈ സിനിമ യുവാക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നില്ലെന്നു മാത്രമല്ല ആവേശഞരമ്പിലേക്ക് പല ഉദ്ദീപനങ്ങളും ആഞ്ഞുകുത്തി നല്‍കുന്നുമുണ്ട്. ആവേശം ദ്യേതിപ്പിച്ച് ചലച്ചിത്രകാരന്‍ അതിവിദഗ്ധമായി കടന്നുപോകുന്നു.
ഒരു കബനീനദിയോ മീനമാസത്തിലെ സൂര്യനോ പഞ്ചവടിപ്പാലമോ പിറവിയോ ലാല്‍സലാമോ ആകണമെന്നു പറയുന്നില്ല. പക്ഷേ പടച്ചുവിടുമ്പോള്‍ കേവലലാഭത്തിനപ്പുറം അതിന്റെ പ്രത്യാഘാതങ്ങളും ചിന്തിക്കണം. യുവാക്കളിലെ ആവേശവിപ്ലവത്തെ ഗംഭീരമായി മാര്‍ക്കറ്റിങ് ചെയ്‌തെടുത്ത ഈ സിനിമയ്ക്ക് ആദ്യദിനത്തിലെ റെക്കോര്‍ഡ് കളക്ഷനും വരുംദിവസങ്ങളിലെ ആവേശവും കഴിഞ്ഞാല്‍ മലയാള സിനിമയുടെ ചരിത്രമെഴുത്തില്‍ യാതൊരിടവുമുണ്ടാകില്ല. സ്റ്റാര്‍ വാല്യുവിലേക്കുള്ള ടൊവിനോയുടെ വളര്‍ച്ച, നീരജ് മാധവിന്റെ മികച്ച പ്രകടനം ഇതൊക്കെ ആ നടന്മാര്‍ക്കു മാത്രം ഗുണം ചെയ്യും.
സൂത്രശാലിയായ തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തീ, സംവിധായകന്‍ കൂടിയായ നിര്‍മാതാവേ, ആവര്‍ത്തിക്കട്ടെ. നിങ്ങള്‍ ഊറിച്ചിരിക്കുകയായിരിക്കും. നിങ്ങളുടെ ഉദ്ദേശ്യം വലിയ തോതില്‍ വിജയം കണ്ടിരിക്കുന്നു. എന്നാല്‍ മുദ്രാവാക്യങ്ങളുടെയോ പാര്‍ട്ടി പ്രഘോഷണങ്ങളുടെയോ ചേര്‍ത്തെഴുത്തല്ല സിനിമ.
ഇന്ത്യന്‍ സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോള്‍

സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കല വ്യവസ്ഥിതികളോട് കലഹിക്കുന്നതെങ്ങനെയെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. ജനപ്രിയ കലാരൂപമെന്ന നിലയില്‍ സിനിമയുടെ രാഷ്ട്രീയവും ചിന്തകളും അടയാളപ്പെടുത്തലുകളും വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്കും സ്വാധിനത്തിനും വഴിതെളിക്കും.
ദളിതവസ്ഥ, ജാതിരാഷ്ട്രീയം, ജനാധിപത്യ രാജ്യത്തില്‍ വ്യക്തിയുടെ പ്രസക്തി, പൗരനുമേല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍, കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയും ഇടപെടലും, ആഗോളീകരണകാലത്തെ കലയുടെ സാധ്യത, പരിസ്ഥിതി, സ്ത്രീ, വിദ്യാഭ്യാസം തുടങ്ങി രാജ്യത്ത് നിരന്തരം ചര്‍ച്ചയാകുന്ന വിഷയങ്ങളെ സിനിമയ്ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡിലുള്‍ച്ചേര്‍ന്ന വിനോദസങ്കല്‍പം എന്ന രീതി നിലനില്‍ക്കെത്തന്നെ സാമൂഹികപ്രശ്‌നങ്ങളും ജനങ്ങളുടെ അതിജീവനവും കൂടി പറയേണ്ട ഉത്തരവാദിത്തം കലയ്ക്കുണ്ടെന്ന ചിന്തയില്‍നിന്നാണ് സമാന്തര സിനിമകളുടെ പ്രസക്തി വര്‍ധിച്ചത്. രാജ്യത്ത് അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് ഇത്തരം വിഷയങ്ങള്‍ അടയാളപ്പെടുത്തുന്ന ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ബോളിവുഡ് മസാലകള്‍ക്കും ഗിമ്മിക്കുകള്‍ക്കുമിടയില്‍ ചെറുശബ്ദമായി ഒതുക്കപ്പെടുന്നുണ്ടെങ്കിലും അവ ചെറുത്തുനില്‍പ്പിന്റെ ശക്തമായ െൈകകള്‍ അവശേഷിപ്പിക്കുന്നു. ഇതിന്റെ തെളിവെന്നോണമാണ് മറാത്തി ഭാഷയില്‍നിന്നുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയുടെ നേരവസ്ഥയായി ശക്തമായ ഭാഷയില്‍ പുതിയ ദശകത്തില്‍ ഉയിര്‍ക്കൊണ്ടുവന്നത്.

തമിഴ് സിനിമയില്‍ രണ്ടായിരത്തിന്റെ അവസാന പകുതിയില്‍ ഉയിര്‍ക്കൊള്ളുകയും മറ്റു ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ഒഡീഷ, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം സിനിമകള്‍ കൂടുതലായി നിര്‍മിക്കപ്പെട്ടത്. തീയേറ്ററുകള്‍ അവഗണിക്കുന്ന ഇത്തരം ചിത്രങ്ങളുടെ ആശ്രയം ചലച്ചിത്ര മേളകളാണ്. ഫാന്‍ട്രി, ഡിസംബര്‍ ഒന്ന്, കോര്‍ട്ട്, ഊംഗ, പാപ്പിലിയോ ബുദ്ധ, ഐ.ഡി, കരി, അമീബ, വലിയ ചിറകുകുള്ള പക്ഷികള്‍, വിസാരണൈ, സ്റ്റാന്‍ലി കാ ഡബ്ബാ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഈ ധാരയില്‍ പുറത്തുവന്നു.
സമകാലിക ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളും നവചിന്താധാരകളും അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെ ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ ഐക്യദാര്‍ഢ്യം കൂടിയാണ് പ്രഖ്യാപിക്കുകയാണ്. ഒരുപക്ഷേ ഇത്തവണ ലോകസിനിമകളെക്കാള്‍ രാഷ്ട്രീയം സംസാരിച്ചത് ഇന്ത്യന്‍ സിനിമകളായിരിക്കും.
ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഗര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും അതിജീവനവും സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ഉയര്‍ന്നുകേട്ടു.

ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് സമൂഹം, മാധ്യമങ്ങള്‍, ഭരണകൂടം, കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്ന് രാജ്യത്ത് അരങ്ങേറിയ അനേകം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രദീപ് കുര്‍ബായുടെ ഒനാത്ത എന്ന ചിത്രം. സ്ത്രീകള്‍ക്കുനേരെ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടുള്ള പ്രതികരണവും ഓര്‍മപ്പെടുത്തലുമാകുന്നു ഒനാത്ത.
തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ച് ഗ്രാമീണരെത്തന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചുവെന്നതാണ് ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ സവിശേഷത.
ബംഗാളി ചിത്രം ചിത്രകോര്‍ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കുന്നത്.
മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളും തീവ്രരാഷ്ട്രീയം പറയുന്നുവെന്നത് ശ്രദ്ധേയമാണ്. ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയിസവും അധികാരവുമാണ് ചര്‍ച്ചചെയ്യുന്നത്. കുറ്റകൃത്യം, ശരിതെറ്റുകള്‍, ഭരണകൂടം, സമാന്തര അധികാര സഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള സംസാരത്തിലൂടെ ചിത്രത്തില്‍ കടന്നുവരുന്നു.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലി ഇന്ത്യയില്‍ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് സുരക്ഷയോ അപകടത്തില്‍പെടുമ്പോള്‍ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതൊട്ട് ഈ ജോലിയില്‍ ഏര്‍പ്പെട്ടുവന്ന ജാതി വിഭാഗമാകട്ടെ ഒരു സംവരണത്തിലും ഉള്‍പ്പെടാതെ തീര്‍ത്തും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി എഴുപതു വര്‍ഷത്തിനുശേഷവും തുടരുന്നു.

മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച കെ.എം.കമാലിന്റെ ഐ.ഡി പൗരന്റെ വ്യക്തിത്വം തേടിയുള്ള അന്വേഷണമാണ്. വ്യക്തമായ മേല്‍വിലാസമോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ ജീവിക്കുന്ന ആയിരക്കണക്കിനുവരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയാകുന്നു ഇതിലെ പേരില്ലാത്ത കൂലിവേലക്കാരന്‍. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമായ പാര്‍ച്ച്ഡ് രാജ്യത്ത് നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യാഥാസ്ഥിതിക മതചുറ്റുപാടിന്റെ ഇരയാകേണ്ടി വരുന്ന പ്രണയികളുടെ കഥപറഞ്ഞ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, ദളിതരും തൊഴിലാളികളുമായ മനുഷ്യര്‍ മുഖ്യധാരയില്‍നിന്ന് എങ്ങനെ പുറന്തള്ളപ്പെടുന്നുവെന്ന് കാണിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര ജീവിതത്തിനും മേലുള്ള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടന്നുകയറ്റം പറഞ്ഞ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്, ആഗോളീകരണ കാലത്തിനു മുമ്പും ശേഷവുമുള്ള കാലം വ്യക്തിജീവിതത്തിലെ ഇടപെടുന്നതാണ് ഷെറി ഗോവിന്ദനും ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കിയ ഗോഡ്‌സേ എന്നിവ  മലയാള സിനിമയുടെ ശക്തമായ ഇടപെടലായി മാറുന്നു.


മാതൃഭൂമി, ഡിസംബര്‍ 15, 2016
വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

വിവിധ രാജ്യങ്ങളില്‍ വിഭിന്ന സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യര്‍. നമുക്ക് അപരിചിതമായ അവരുടെ ജീവിതം പലപ്പൊഴും കെട്ടുകഥകളാണെന്നു തോന്നും. ഇത്തരം ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് ക്യാമറക്കണ്ണ് തുറന്നുചെല്ലുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഒരേസമയം അത് പുതുമയും അനുഭവവവുമായി മാറുന്നു. നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പുലര്‍ത്തുന്നെങ്കിലും മാനസികവ്യാപാരങ്ങളിലും കുടുംബ ബന്ധങ്ങളിലുമെല്ലാം സമാനതകള്‍ ഏറെയാണ്. ഇതര രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ കാണുമ്പോള്‍ ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെയും സമാന മനസ്സിലൂടെയുമായിരിക്കും കാഴ്ചക്കാരന് സഞ്ചരിക്കാനാകുക.
യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും വിഷയമാക്കുന്ന സിനിമകളെക്കാള്‍ വ്യക്തിബന്ധങ്ങളിലേക്കും മനുഷ്യമനസ്സിലേക്കുമാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഭൂരിഭാഗം ചിത്രങ്ങളും കടന്നുചെന്നത്. 62 രാജ്യങ്ങളില്‍നിന്നായി 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുക്കാല്‍ പങ്കും ഇത്തരം പ്രമേയങ്ങളാണെന്നു കാണാം.
ലോകസിനിമാ വിഭാഗത്തില്‍ മാത്രമായി 81 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യക്തി, കുടുംബം, മൂല്യങ്ങള്‍, മാനസികവികാരങ്ങള്‍, ശരിതെറ്റുകള്‍ തുടങ്ങി മനുഷ്യജീവിതവുമായി അടുത്തുനില്‍ക്കുന്ന സമസ്യകളിലേക്കാണ് സിനിമകളുടെ പ്രമേയം കേന്ദ്രീകരിക്കുന്നത്. മത്സരവിഭാഗത്തിലെ 15 സിനിമകളില്‍ പകുതിയും വീട്ടകത്തിലേക്ക് ക്യാമറയുടെ മിഴി തുറന്നുവെയ്ക്കുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങള്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, അതിജീവനസമരങ്ങള്‍, ജനജീവിതത്തില്‍ ആഭ്യന്തര കലാപങ്ങളുടെ ഇടപെടല്‍, യുദ്ധം പ്രഹരമേല്‍പ്പിച്ച ജനത തുടങ്ങിയ പ്രമേയപരിസരങ്ങളിലൂടെ കടന്നുപോകുന്ന സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും അതിന്റെ എണ്ണം തുലോം കുറവാണ്.

പറഞ്ഞുതീരാത്തത്രയും കഥകളാല്‍ സമ്പന്നമാണ് മനുഷ്യജീവിതം. ഈ സ്ഥിതിക്ക് ഒരു കാലത്തും മാറ്റമില്ല. മാനുഷിക വികാരങ്ങളും തൃഷ്ണയും, ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും, ശരികേടുകളും കാമനകളും, വ്യക്തിയും സമൂഹവും തൊഴിലിടവുമായുള്ള ഇടപെടല്‍ എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പട്ടുനില്‍ക്കുന്ന നൂറായിരം കാര്യങ്ങള്‍ സ്വാഭാവിക പരിണതിയെന്നോണം സിനിമയിലേക്കും കടന്നുവരുന്നു. ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രത എല്ലായിടങ്ങളിലും ഒരുപോലെയാണെന്ന് ഈ സിനിമകള്‍ പറഞ്ഞുവെയ്ക്കുന്നു. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും അതിരുകള്‍ക്കപ്പുറം ജീവിതത്തിന്റെ ഭാഷ ഒന്നാണെന്ന് അവ നമ്മളോട് ഏറ്റവും അടുത്തുനിന്ന് സംവദിക്കുന്നു.
മേളയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ 'ഡോട്ടര്‍' പരമ്പരാഗത കുടുംബ സങ്കല്‍പത്തില്‍നിന്നുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹികാവസ്ഥകളെയും ചോദ്യംചെയ്യുകയാണ്. കുടുംബം വ്യക്തിക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് സാമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനമെന്ന് ബന്ധങ്ങളിലെ ആഴത്തില്‍നിന്നുകൊണ്ടാണ് ഈ ഇറാനിയന്‍ ചിത്രം സംസാരിക്കുന്നത്.
കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയെങ്കിലും പുതിയൊരു ജീവിതം പ്രത്യാശിക്കുന്ന യുവതിയെ കൊറിയന്‍ ചിത്രമായ എ ബ്ലൂ മൗത്ത്ഡ് ഫേസില്‍ കാണാം. വ്യക്തിജീവിതത്തില്‍ വ്യവസ്ഥിതി ഇടപെടുമ്പോള്‍ അശരണരായിപ്പോകുന്ന കുടുംബത്തെയാണ് കിം കി ഡുക്ക് തന്റെ പുതിയ ചിത്രമായ നെറ്റിലൂടെ പരിചയപ്പെടുത്തുന്നത്. ജപ്പാന്‍ ചിത്രം ആഫ്റ്റര്‍ ദ സ്റ്റോം നാലു വ്യക്തികളിലൂടെ സഞ്ചരിച്ച് കുടുംബ ബന്ധത്തിന്റെ തീവ്രതയും പ്രണയനഷ്ടവും ഇതിവൃത്തമാക്കുന്നു. സ്പാനിഷ് സംവിധായിക അനാ ക്രിസ്റ്റീനയുടെ 'അല്‍ബ' ചര്‍ച്ച കടന്നുചെല്ലുന്നതും മനുഷ്യമനസ്സിലേക്കും ബന്ധങ്ങളിലേക്കുമാണ്. ബീയിങ് സെവന്റീന്‍ എന്ന ഫ്രഞ്ച് ചിത്രം കൗമാരകാലത്തെ നിഷ്‌കളങ്കമായ സ്‌നേഹബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓര്‍മകളും ഭൂതകാലവും പ്രമേയമാക്കുന്ന പേര്‍ഷ്യന്‍ ചിത്രം ഡ്യൂയറ്റ് ത്രികോണ ബന്ധത്തെ പരിചയപ്പെടുത്തുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇന്‍ഡാപ്റ്റബിളും സമാനതയുള്ള വിഷയത്തിലൂടെ കടന്നുപോകുന്നു. അസര്‍ബൈജാനില്‍നിന്നുള്ള ഇന്നര്‍സിറ്റി ബന്ധത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ കഥ പറയുമ്പോള്‍ ഫ്രഞ്ച് ചിത്രം ഇറ്റ്‌സ് ഓണ്‍ലി എന്റ് ഓഫ് ദ വേള്‍ഡ് എഴുത്തുകാരന്റെ ഒറ്റപ്പെടലും കുടുംബത്തിലെ അസ്വീകാര്യതയുമാണ് വിഷയമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയിലേക്കും വിചിത്ര സഞ്ചാരത്തിലേക്കുമാണ് അക്വാറിയസ് (പോര്‍ച്ചുഗീസ്), ഏയ്ജല്‍, എല്ലേ, എന്‍ഡ്‌ലസ് പോയട്രി (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങള്‍ എത്തുന്നത്. അലോയ്‌സ് (ജര്‍മന്‍), അമാ സിന്‍ (ജപ്പാന്‍), ഇന്‍ഡിവിസിബിള്‍ (ഇറ്റലി), ഗ്രാജ്വേഷന്‍, ഇല്ലെജിറ്റിമേറ്റ് (റൊമാനിയ), ഓഗ്രസ് (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങളെല്ലാം മനുഷ്യമനസ്സിലേക്കും കുടുംബബന്ധങ്ങളിലേക്കുമാണ് സഞ്ചരിക്കുന്നത്.
ക്ലെയര്‍ ഒബ്‌സ്‌ക്വര്‍, കോല്‍ഡ് ഓഫ് കലാന്‍ഡര്‍ (തുര്‍ക്കി) ഡെയ് ബ്യൂട്ടിഫുള്‍ (പിലിപ്പിന്‍സ്), നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്ര്ടിങ്, (ചൈന), മാജ് രാതി കേതകി (ഇന്ത്യ), സിങ്ക് (ദക്ഷിണാഫ്രിക്ക),ദ കഴ്‌സ്ഡ് വണ്‍സ് (ഘാന), വേര്‍ ഈസ് മൈ ഷൂസ് (ഇറാന്‍) എന്നീ മത്സരവിഭാഗം ചിത്രങ്ങളിലും ഇത്തരം പ്രമേയങ്ങള്‍ കടന്നുവരുന്നു.

മാതൃഭൂമി, ഡിസംബര്‍ 14, 2016
ഹാസ്യമാണ് ഹൃദയത്തിലേക്കുള്ള എളുപ്പവഴി


കലാജീവിതത്തിലെ പരിവര്‍ത്തന ഘട്ടത്തിലാണ് മുകേഷ്. വെള്ളിത്തിരയില്‍ മൂന്നര ദശകം പിന്നിടുമ്പോഴും മുകേഷിന്റെ ഇടം മലയാള സിനിമയില്‍ സുഭദ്രമാണ്. അല്ലെങ്കില്‍ മുകേഷിനെ ഇപ്പൊഴും മലയാള സിനിമയ്ക്ക് ആവശ്യമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകിട കഥാപാത്രങ്ങളും അതില്‍നിന്ന് തമാശ  കൈകാര്യം ചെയ്യുന്ന ഉപനായകനായും സ്വഭാവനടനായും നായകനായുമെല്ലാം ഒരുപോലെ തിളങ്ങി. അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നില്ല. വിജയങ്ങളോളം പരാജയങ്ങളുമുണ്ട്. പരാജയ സിനിമകളിലും മുകേഷ് അദ്ദേഹത്തിന്റെതായ ഒരു കൈയ്യൊപ്പോ ചിരിയോ ബാക്കി വെച്ചിട്ടുണ്ടാകും. അതിനാല്‍ അദ്ദേഹം ഒരു കാലത്തും ഫീല്‍ഡ് ഔട്ടായില്ല. തികഞ്ഞ സ്വാതന്ത്ര്യത്തോടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. 
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജോമോന്റെ സുവിശേഷങ്ങളി'ലൂടെ ഇതുവരെയുള്ള ഇമേജിനെയെല്ലാം മറികടന്ന പ്രകടനവുമായാണ് മുകേഷ് പ്രേക്ഷകനു മുന്നില്‍ എത്തിയിരിക്കുന്നത്. ജോമോനിലെ വിന്‍സെന്റ് മുതലാളിയെന്ന കേന്ദ്ര കഥാപാത്രം മുകേഷിന് വെല്ലുവിളിയായിരുന്നില്ല. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് അനായാസം സാധിക്കുന്ന പരകായപ്രവേശമായിരുന്നു അദ്ദേഹം നടത്തിയത്.
മുകേഷ് എന്നു പറയുമ്പോള്‍ മലയാളിയുടെ ചുണ്ടില്‍ വരിക ഒരു ചിരിയാണ്. പ്രേക്ഷകരുടെ ഈ അംഗീകാരം വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ നടന്‍ നേടിയെടുത്തതാണ്. ഗൗരവമേറിയ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകാംഗീകാരം നേടിയെടുത്ത് അഭിനയജീവിതത്തിലെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും മുകേഷില്‍ ആ ചിരി തുടരുകയാണ്. ചിരിയില്ലാതെ മുകേഷിനെ മലയാളിക്ക് സങ്കല്‍പിക്കാന്‍ വയ്യ. സത്യന്‍ അന്തിക്കാടിനും ഇക്ബാല്‍ കുറ്റിപ്പുറത്തിനും ഇത് നന്നായി അറിയാമെന്നതാണ് ജോമോനിലൂടെ അവര്‍ തെളിയിച്ചത്. 
ജോമോനിലെ വിന്‍സെന്റ് മുതലാളി കഠിനപാതയിലൂടെ സഞ്ചരിക്കേണ്ടിവരുന്നയാളാണ്. എന്നാല്‍ തകര്‍ച്ചയിലും അയാള്‍ ആത്മവിശ്വാസവും ചിരിയും നിലനിര്‍ത്തുന്നു. ഹാസ്യത്തില്‍നിന്ന് വൈകാരികതയിലേക്കും തിരിച്ചുമുള്ള സഞ്ചാരമാണ് ഈ കഥാപാത്രത്തിന് ജീവനേകുന്നത്. മുകേഷിലെ നടന്റെ പരിവര്‍ത്തനത്തിന്റെ വിജയവും ഇത്തരം സീനുകളിലാണ്. അത്രമേല്‍ അനായാസമായാണ് അദ്ദേഹം ഈ രണ്ടു വികാരവും ഉള്‍ക്കൊണ്ട് നാലു മുതിര്‍ന്ന മക്കളുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 
ജോമോന്റെ വിശേഷങ്ങളും ഒപ്പം മറ്റു സിനിമാവിശേഷങ്ങളും ഓര്‍മകളും പങ്കുവെയ്ക്കുകയാണ് ജനപ്രതിനിധി കൂടിയായ മലയാളത്തിന്റെ പ്രിയനടന്‍.

? . ജോമോന്റെ സുവിശേഷങ്ങള്‍ക്ക് തീയേറ്ററില്‍നിന്ന് മികച്ച പ്രതികരണമാണ്. യുവപ്രേക്ഷകരും കുടുംബങ്ങളും ചിത്രത്തെ ഒരുപോലെ ഏറ്റെടുത്തുകഴിഞ്ഞു. എങ്ങനെയായിരുന്നു ജോമോന്റെ സുവിശേഷങ്ങളിലേക്ക് എത്തിയത്? 

- ഒരു വര്‍ഷം മുന്‍പ് ഒരു യാത്രയ്ക്കിടയിലാണ് ഫോണില്‍ വിളിച്ച് സത്യന്‍ അന്തിക്കാട് ഈ സിനിമയെപ്പറ്റി പറയുന്നത്. 'ഞാനും ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. അതിലെ പ്രധാന കഥാപാത്രം മുകേഷ് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.'-ഇങ്ങനെയാണ് സത്യന്‍ അന്നു പറഞ്ഞത്. 'നല്ല കാര്യം, വളരെ സന്തോഷം. നിങ്ങളുടെ കൂടെ ഒരു സിനിമ ചെയ്യാനാകുമല്ലോ' എന്നു മറുപടിയും കൊടുത്തു. പിന്നെ കൂടുതല്‍ സംസാരിച്ചില്ല. അന്ന് കഥ മുഴുവനായിട്ടില്ല. പിന്നീടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊക്കെ തീരുമാനിക്കുന്നത്. കഥ പറയാനായി ഇക്ബാലും സത്യനും പലതവണ വിളിക്കുകയും തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നീണ്ടുപോകുകയും ചെയ്തു. അതും ഇതും കുഴയുമോ, തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.എല്‍.എ. ആയാല്‍ അഭിനയിക്കുമോ എന്നെല്ലാം സത്യന് ആശങ്കയുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് ഞാന്‍ ബോധ്യപ്പെടുത്തി. പിന്നീട് ഒരു കല്യാണത്തിനിടയില്‍ സമയം കിട്ടിയപ്പോഴാണ് കഥ പറയുന്നത്. എന്റെ തിരഞ്ഞെടുപ്പ് തിരക്കെല്ലാം കഴിഞ്ഞാണ് പിന്നീട് ഷൂട്ടിങ് പ്ലാന്‍ ചെയ്തത്.


?ജോമോന്റെ സുവിശേഷങ്ങളിലെ വിന്‍സെന്റ് മുതലാളിയെന്ന കഥാപാത്രം മുകേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരിക്കും. എങ്ങനെ വിലയിരുത്തുന്നു സ്വന്തം കഥാപാത്രത്തെ? 

 ഇതെന്റെ കലാജീവിതത്തിലെ രണ്ടാംഘട്ടമാണ്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ ഇമേജ് ഒരു പ്രശ്‌നമല്ല. ഞാനൊരു അച്ഛന്‍ വേഷം ചെയ്യുമോ, അതും ദുല്‍ഖറിന്റെ അച്ഛന്‍ വേഷം ചെയ്യുമോ എന്നൊക്കെ സത്യന് സംശയമുണ്ടായിരുന്നു. പക്ഷെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, 'അഭിനയം ഇഷ്ടപ്പെടുന്ന ആരും ഇത് വേണ്ട എന്നു പറയില്ല. ഏതൊരു നടനും സ്വപ്നം കാണുന്ന കഥാപാത്രം. നാടകത്തിലെപ്പോലെയല്ല, സിനിമയില്‍ ഇമേജ് പ്രശ്‌നമാണ്. പ്രായമായ റോളൊക്കെ ചെയ്താല്‍ നമ്മളെ പിന്നെ സ്ഥിരം വൃദ്ധനാക്കും. പക്ഷേ നല്ല വേഷമാണേല്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചോളും. ജോമോനിലെ കഥാപാത്രത്തെപ്പറ്റി അങ്ങനെയൊരു പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു.'
സത്യന്‍ ദുല്‍ഖറിനോട് കഥ പറഞ്ഞുതുടങ്ങിയത് ആരാണ് അച്ഛന്‍വേഷം ചെയ്യുന്നത് എന്നു പറയാതെയാണ്. 20 സീന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു, 'ആരാണ് അച്ഛന്‍വേഷം ചെയ്യുന്നത്?'. മുകേഷാണെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞുവത്രെ, 'മുകേഷ് അങ്കിള്‍ സമ്മതിച്ചോ, എന്നാല്‍ എനിക്കിനി കഥ കേള്‍ക്കണ്ട' എന്ന്. 
വികാരാധീനനാകുകയും പെട്ടെന്ന് തമാശയിലേക്ക് മാറുകയും ചെയ്യുന്നുണ്ട് പല സീനുകളിലും വിന്‍സെന്റ് എന്ന കഥാപാത്രം. 'സെന്റിമെന്‍സ് മാത്രമായിപ്പോയാല്‍ വലിയ പ്രശ്‌നമാണ്. അതിനിടയില്‍ പെട്ടെന്ന് കയറിവരുന്ന ഹാസ്യം ആളുകള്‍ ഇഷ്ടപ്പെടും. തിരിച്ചും അങ്ങനെ തന്നെ. ജോമോനില്‍ ഇതാണ് വിജയിച്ചത്.' 
സത്യന്‍ മാത്രമല്ല സിദ്ധിഖും പ്രിയദര്‍ശനുമൊക്കെ ഹാസ്യത്തിലൂടെയാണ് സെന്റിമെന്‍സ് പറഞ്ഞിട്ടുള്ളത്. തമാശയാണ് ഹൃദയത്തിലേക്കുള്ള എളുപ്പവഴിയെന്ന് ഇവര്‍ക്കെല്ലാം അറിയാം.



? സംവിധായകന്‍ സിദ്ധിഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് ഹാസ്യനടന്മാരുണ്ട്. നായകനടന്മാരുണ്ട്. എന്നാല്‍ ഏറ്റവുമെളുപ്പം ഹാസ്യംചെയ്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു നായകനടനെ ഓര്‍ത്താല്‍, ആദ്യം പറയുന്ന പേര് മുകേഷിന്റെതാണെന്ന്. എങ്ങനെയായിരിക്കും മുകേഷ് ഹാസ്യത്തില്‍ ഇത്രയേറെ വിജയിച്ചത്?

- എന്റെ ആദ്യസിനിമയിലെ കഥാപാത്രമൊന്നും തമാശ പറയുന്നയാളല്ല. തുടക്കകാലത്ത് ചെയ്ത തമാശ റോളുകളാണ് മറ്റു വേഷങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്. അപ്പോള്‍ 'ഇവന്‍ തമാശ പറഞ്ഞാല്‍ കൊളളാമായിരിക്കും' എന്നൊരു തോന്നല്‍ സംവിധായകരിലും ഉണ്ടായിക്കാണണം. പിന്നീട് അത്തരം റോളുകളാണ് തുടര്‍ച്ചയായി വന്നത്. നായകന്‍ തന്നെ ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുക എന്നൊരു പുതുമ അങ്ങനെ മലയാളസിനിമയില്‍ ഉണ്ടായി. 
ചിരിപ്പിക്കാനാണ് പ്രയാസം. ടൈമിങ് പ്രധാനമാണ്. റിഹേഴ്‌സലിലൊക്കെ ചില സാധനങ്ങള്‍ പെട്ടെന്ന് നമ്മുടെ കൈയ്യില്‍നിന്ന് അറിയാതെ വരും. അതപ്പോള്‍ വരുന്നതാണ്. ഒരുപക്ഷേ ടേക്ക് എടുക്കുമ്പോള്‍ ആ ടൈമിങ് കിട്ടണമെന്നില്ല. 'ക്രോണിക്ക് ബാച്ചിലറി'ന്റെ ഷൂട്ടിങ്ങിനിടയില്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഞാനും മമ്മൂട്ടിയും ചേര്‍ന്നുള്ള സീനാണ് റിഹേഴ്‌സല്‍ എടുക്കുന്നത്. ഒരു ടെലിഫോണ്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവിടത്തെ പെണ്‍കുട്ടി എന്നോട് ചോദിക്കും. കൂടെയുള്ളത് ആരാ? 'കസിനാണ്' എന്റെ മറുപടി. ഓ..'ഹി ഈസ് ഹാന്‍സം' -പെണ്‍കുട്ടിയുടെ മറുപടി. ഉടന്‍ ഞാന്‍ പറഞ്ഞതിങ്ങനെയാണ്.' ഓ എന്തുചെയ്യാന്‍ എറിയാന്‍ അറിയുന്നവന്റെ കൈയ്യില്‍ വടികൊടുക്കില്ലല്ലോ, എവിടാ വീട്? '. ഇതു പറഞ്ഞു നിര്‍ത്തിയതും സെറ്റില്‍ കൈയ്യടിയും ചിരിയും. സിദ്ധിഖിനൊക്കെ നന്നായി രസിച്ചു. ഈ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതാണ്. റിഹേഴ്‌സല്‍ ആയതുകാരണം അത് ഷൂട്ട് ചെയ്തിരുന്നില്ല. പിന്നീട് ക്യാമറയുടെ മുമ്പില്‍ ഈ ടൈമിങ്ങില്‍ അത് വന്നതുമില്ല. സിനിമയിലും അതില്ല. ഇത് ഹാസ്യത്തിനു മാത്രമുള്ള പ്രത്യേകതയാണ്. സെന്റിമെന്‍സ് നമുക്ക് പഠിച്ച് അഭിനയിക്കാം. പക്ഷേ തമാശ അങ്ങനെ സാധിക്കില്ല.


?വിന്‍സെന്റ് മുതലാളിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെ? 

- സിനിമ കണ്ട് ഒരുപാടുപേര്‍ വിളിച്ചു. പെട്ടെന്ന് ഓര്‍മ വരുന്ന പേര് സംവിധായകന്‍ ജോണി ആന്റണിയുടെതാണ്. ജോണി സിനിമ കണ്ട് ഇറങ്ങിയശേഷം വിളിച്ച് 'അഭിനന്ദനം. ഒന്നും കളയാനില്ല. കൂടിയോ കുറഞ്ഞോ ഇരിക്കുന്നില്ല' എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സീന്‍ ബൈ സീനുകളിലുള്ള പ്രത്യേകതകള്‍ ജോണി എടുത്തുപറഞ്ഞു. അതിനുശേഷം ജോണിയുടെ ഭാര്യയും മകളും സിനിമയെയും കഥാപാത്രത്തെയും അഭിനന്ദിച്ചു സംസാരിച്ചു. കഥാകൃത്ത് എബ്രഹാം മാത്യു ചോദിച്ചത് 'ജോമോനെയും വിന്‍സെന്റിനെയും പോലെ മുകേഷും അച്ഛനുമായി ഇത്തരമൊരു അടുപ്പമുണ്ടായിരുന്നോ, അതാണോ ഈ കഥാപാത്രം ഇത്രയധികം ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ സാധിച്ചത്' എന്നായിരുന്നു. ഞാനും അച്ഛനും തമ്മില്‍ ഇങ്ങനെയൊരു അടുപ്പമല്ലായിരുന്നു. ബഹുമാനം കലര്‍ന്ന ഭയത്തോടെയായിരുന്നു അച്ഛനെ കണ്ടിരുന്നത്. പക്ഷേ ഞാനും എന്റെ മക്കളും തമ്മില്‍ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന തരത്തിലുള്ള അടുപ്പമാണ്. ജോമോനെയും വിന്‍സെന്റിനെയും എന്നോടും മക്കളോടുമാണ് കൂടുതല്‍ സാമ്യപ്പെടുത്താനാകുക. ആ ബന്ധം സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്.
സിനിമ കണ്ട ഒരു പ്രേക്ഷകന്‍ വിളിച്ചുപറഞ്ഞത് 'എന്റെ അച്ഛനെ എനിക്ക് ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ജോമോനെയും വിന്‍സെന്റിനെയും പോലെയുള്ള അപ്പനും മകനുമാകാന്‍ കഴിയുക വലിയ പുണ്യമാണ്' എന്നാണ്.
ഇതുപോലെ വേറെയും ഒരുപാടുപേര്‍ അവരുടെ അനുഭവമായിക്കണ്ടും ബന്ധങ്ങളിലെ തീവ്രത അനുഭവിച്ചറിഞ്ഞും വിളിക്കുന്നുണ്ട്. സിനിമ തീയേറ്ററില്‍ പോയി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദുബായ് റിലീസിനുമുമ്പ് ഒരു പ്രിവ്യു വെച്ചിട്ടുണ്ട്. സത്യനും ഇക്ബാലും ദുല്‍ഖറിനുമൊപ്പം അന്നു സിനിമ കാണും.


?ദുല്‍ഖറുമൊത്തുള്ള കോമ്പിനേഷന്‍ വളരെയധികം അഭിനന്ദനം നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിനിടയിലെ അനുഭവം എങ്ങനെയായിരുന്നു?

- അച്ഛന്‍ കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ദുല്‍ഖര്‍ തൃപ്തനായിരുന്നു. ആ ഒരു സന്തോഷം ഷൂട്ടില്‍ ഉടനീളം പോസിറ്റീവായി പ്രതിഫലിച്ചു. അതാണ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കും പകര്‍ന്നുകിട്ടുന്നത്. പല സീനുകളിലും ഞങ്ങള്‍ ആ സമയത്ത് തോന്നിയ ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പലതും സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. പലപ്പൊഴും ദുല്‍ഖറില്‍നിന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുണ്ടായിട്ടുണ്ട്. അപ്പനും മകനുമൊത്തുള്ള ചില സെന്റിമെന്‍സ് സീനുകളിലൊക്കെ അത് നന്നായി വര്‍ക്ക് ഔട്ട് ചെയ്തു. സ്വാഭാവികമായ അഭിനയ ശേഷിയുള്ള നടനാണ് ദുല്‍ഖര്‍.


? നടന്‍, അവതാരകന്‍, എം.എല്‍.എ. ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍, തിരക്ക്. സിനിമയില്‍ ഇനി സെലക്ടീവ് ആകുമോ? 

- ഇപ്പോള്‍ എം.എല്‍.എ. എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം. ആ തിരക്കുകള്‍ മാറ്റിവയ്ക്കാനാവില്ല. ഇപ്പോള്‍ സിനിമകള്‍ വാരിവലിച്ച് ചെയ്യുന്നില്ല. നേരത്തെ തൊഴില്‍ എന്ന നിലയ്ക്ക് ഒന്നും നോക്കാതെ ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയത് സാധിക്കില്ല. സമയവും പ്രശ്‌നമാണ്. രണ്ടു പുതിയ സിനിമകളുടെ കരാര്‍ മാത്രമാണ് ഇപ്പോള്‍ ഏറ്റിട്ടുള്ളത്. ദിലീപ് നായകനായ രാമലീല, നിവിന്‍പോളി-ശ്യാമപ്രസാദ് ചിത്രം. പോലീസ് ഓഫീസറുടെ വേഷമാണ് രാമലീലയില്‍. എന്റെ സൗകര്യത്തിനുവേണ്ടി ഷൂട്ടിങ് സമയത്തില്‍ അവര്‍ ഒരുപാട് വിട്ടുവീഴ്ച ചെയ്തുതരുന്നുണ്ട്. ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛന്‍ വേഷമാണ്. നേരത്തെപ്പറഞ്ഞ പോലെ ടൈപ്പ് ചെയ്യുമെന്ന് ഒട്ടും ആശങ്കയില്ലാത്തതുകൊണ്ടാണ് ഈ വേഷം ഏറ്റത്. ജോമോനിലെ പോലെ മികച്ച കഥാപാത്രമായിരിക്കും ഇതും. ചാനല്‍ അവതാരകന്റെ ജോലി നമ്മുടെ സമയത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഷൂട്ട് ചെയ്യാമെന്ന ഒരു ആനുകൂല്യമുണ്ട്. ഈ തിരക്കുകള്‍ക്കിടയിലാണ് മുകേഷ് കഥകള്‍ വീണ്ടും എന്ന പുസ്തകം എഴുതിയത്. സിനിമാ ജീവിതത്തിലെയും ലൊക്കേഷനിലെയും രസകരമായ അനുഭവങ്ങളാണ് ഇതില്‍ കൂടുതലായി വരുന്നത്.


? ചാനല്‍ അവതാരകന്‍ എന്ന നിലയില്‍ മുകേഷിന്റെ ജനകീയത വര്‍ധിച്ചിട്ടുണ്ട്? 

- തീര്‍ച്ചയായും. തിരഞ്ഞെടുപ്പ് പ്രചരണത്തിനൊക്കെ പോകുമ്പോള്‍ അത് വ്യക്തമായിട്ടുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന പരിപാടികളിലൂടെ നടന്‍ എന്ന ഇമേജിനെക്കാള്‍ മുകേഷ് എന്ന മനുഷ്യനെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സിനിമയിലൂടെ നമുക്ക് സാധിക്കാത്ത ചില കാര്യങ്ങള്‍ അവതാരകന്‍ എന്ന റോളിലൂടെ സാധിക്കും. നമ്മുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു വേദി കൂടിയാണത്. പിന്നെ മറ്റൊരു കാര്യം. അതിലും ഹാസ്യമുണ്ട്. അതാണ് ആ പരിപാടി ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നത്.


? സിനിമാനടന്‍ എം.എല്‍.എ. ആയപ്പോള്‍?

-അത് രസകരമാണ്. എന്റെ മണ്ഡലത്തിനു പുറത്തുള്ളവരാണ് എന്നെ കൂടുതലായി വിളിക്കുന്നത്. കാസര്‍ഗോട്ടെ അതിര്‍ത്തിത്തര്‍ക്കത്തിന് കൊല്ലം എം.എല്‍.എയെ വിളിക്കുന്ന അനുഭവം വരെയുണ്ടായി. അവര്‍ക്കൊക്കെ ഒരു വിശ്വാസം കൊണ്ടാണ് വിളിക്കുന്നത്. മുകേഷ് പറഞ്ഞാല്‍ കാര്യം നടക്കും. മുകേഷ് എം.എല്‍.എ. മാത്രമല്ലല്ലോ നടന്‍ കൂടിയല്ലേ. എല്ലാവരും അറിയും. പറഞ്ഞാല്‍ കേള്‍ക്കും. അങ്ങനെയൊരു വിശ്വാസം. ആരെയും നിരാശപ്പെടുത്താറില്ല. കലാകാരനല്ലേ. അയാള്‍ കേരളത്തിനു മുഴുവന്‍ അവകാശപ്പെട്ടതല്ലേ. അപ്പോള്‍ അതൊരു സന്തോഷവും അംഗീകാരവുമായി കണ്ട് സാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടും. നിയമസഭയിലുമുണ്ട് ഈ കൗതുകം. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എം.എല്‍.എമാരും അവരവരുടെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് വിളിക്കാറുണ്ട്. ഇതെല്ലാം സിനിമാനടനായതുകൊണ്ടു മാത്രം കിട്ടുന്ന അംഗീകാരമാണ്.



? മലയാള സിനിമയ്ക്ക് പൊതുവെ ഒരു ഉണര്‍വ്വുണ്ട്. പുതുതലമുറ സിനിമയിലേക്ക് കടന്നുവരുന്നു. അഭിനയത്തിലും സാങ്കേതിക മേഖലയിലുമെല്ലാം ഒട്ടേറെ പുതിയ ആളുകള്‍. എങ്ങനെ കാണുന്നു ഈ മാറ്റം? 

-വളരെ പോസിറ്റീവായ മാറ്റമാണ്. കഴിവുള്ള ഒരുപാടുപേര്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല മത്സരവുമുണ്ട്. അത് അഭിനേതാക്കളുടെ കാര്യത്തിലായാലും അണിയറപ്രവര്‍ത്തകരുടെ കാര്യത്തിലായാലും. സിനിമയ്ക്കും ഇതിന്റെ ഗുണം കിട്ടിത്തുടങ്ങിയിട്ടുണ്ട്. മികച്ച സിനിമകളുണ്ടാകുന്നുണ്ട്. കുറേക്കൂടി പ്രൊഫഷണലായിട്ടുണ്ട് നമ്മുടെ സിനിമ.

ചിത്രഭൂമി, ജനുവരി 28, 2017
കേരളത്തിന്റെ സിനിമാമേളയ്ക്ക് കൊടിയേറ്റം


ഡിസംബറിന്റെ ആദ്യ ആഴ്ചകള്‍ തിരുവനന്തപുരത്തിന് സിനിമയുടേതാണ്. വിവിധ ദേശങ്ങളില്‍നിന്നായി സിനിമയെന്ന ഒറ്റവികാരത്തിനുമുന്നില്‍ ഒരുമിക്കാനായി എത്തിച്ചേരുന്നവര്‍. ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച് സിനിമയില്‍ ജീവിച്ച് കടന്നുപോകുന്ന പകലിരവുകള്‍. ഒരു ദിവസത്തെ അഞ്ചു പ്രദര്‍ശനവും കാണുവാനായി തീയേറ്ററുകളില്‍നിന്ന് തീയേറ്ററുകളിലേക്കുള്ള ഓട്ടം. എങ്ങും ഉയര്‍ന്നുകേള്‍ക്കുക സിനിമാചര്‍ച്ചകളും ആരവങ്ങളും. രണ്ടു പതിറ്റാണ്ടോളമായുള്ള തലസ്ഥാനനഗരത്തിന്റെ ഈ പതിവിന് വെള്ളിയാഴ്ച തുടക്കമായി.  
കനകക്കുന്ന് നിശാഗന്ധി ഓപ്പണ്‍ തീയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടച്ചടങ്ങോടെ 21-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. ചടങ്ങിനുശേഷം അഫ്ഗാന്‍ ചിത്രം 'പാര്‍ട്ടിങ്' മേളയുടെ ആരംഭചിത്രമായി പ്രദര്‍ശിപ്പിച്ചു. 
62 രാജ്യങ്ങളില്‍നിന്നുള്ള 185 സിനിമകളാണ് ഇത്തവണ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ 15ഉം ലോകസിനിമാ വിഭാഗത്തില്‍ 81ഉം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍  ഇത്തവണ കസാഖിസ്ഥാനില്‍നിന്നുള്ള സിനിമകളാണ്. അഭയാര്‍ഥി, കുടിയേറ്റ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വം വിഷയമാക്കുന്ന ജെന്‍ഡര്‍ ബൈന്‍ഡര്‍ വിഭാഗവുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. 
പ്രതിനിധികളടക്കം 13000 പേര്‍ സിനിമ കാണാനെത്തും. ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ വേദിയായ 2500 പേര്‍ക്കിരിക്കാവുന്ന നിശാഗന്ധി ഉള്‍പ്പടെ 13 തീയേറ്ററുകളിലാണ് പ്രദര്‍ശനം. ടാഗോര്‍, കൈരളി കോംപ്ലക്‌സ്, കലാഭവന്‍, ന്യൂ, ശ്രീപദ്മനാഭ, അജന്ത, ധന്യ, രമ്യ എന്നിവയാണ് മറ്റു തീയേറ്ററുകള്‍. ഒരേസമയം 9000 പേര്‍ക്ക് സിനിമ കാണാനാകും.


ലോകസിനിമകള്‍ 81, മത്സരിക്കാന്‍ 15

മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള രണ്ടു വിഭാഗങ്ങളാണ് ലോകസിനിമയും മത്സരവിഭാഗവും. ലോകസിനിമയിലെ മാറ്റങ്ങളും പുതിയ പ്രവണതകളും തിരിച്ചറിയാനാകുന്ന ഈ പാക്കേജുകളില്‍ അതതു രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പുതിയ സിനിമകളാണ് പ്രേക്ഷകനു മുന്നിലെത്തുക.
ലോകസിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐ.എഫ്.എഫ്.കെയിലെ ജനപ്രിയ സംവിധായകരിലൊരാളായ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ 'നെറ്റും' ഇത്തവണ ലോകവിഭാഗത്തിലുണ്ട്. ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത 'എ ഡെത്ത് ഇന്‍ ദ ഗുഞ്ച്', ലീനാ യാദവിന്റെ 'പാര്‍ച്ച്ഡ്', ഗുര്‍വിന്ദര്‍ സിംങിന്റെ 'ചൗത്തി കൂട്ട്' എന്നിവയാണ് ലോകവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.
എട്ട് ഇറാനിയന്‍ സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസ്ഗാര്‍ ഫര്‍ഹാദിയുടെ 'ദി സെയില്‍സ്മാന്‍' ഇതില്‍ ഉള്‍പ്പെടും. 2016ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ജാപ്പനീസ് ചിത്രം 'ആഫ്റ്റര്‍ ദി സ്റ്റോം' (ഹിരോകാസു കൊരീദ), ഫ്രഞ്ച് സംവിധായകന്‍ പോള്‍ വെര്‍ഹോവന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'എല്ലി', ചിലിയന്‍ സംവിധായകന്‍ അലെഹാന്‍ന്ത്രോ ഹൊദോറോവ്സ്‌കിയുടെ 'എന്‍ഡ്ലെസ് പോയട്രി', ടര്‍ക്കിഷ് സംവിധായകന്‍ ഫാതിഹ് അകിന്‍ സംവിധാനം ചെയ്ത 'ഗുഡ്ബൈ ബെര്‍ലിന്‍' എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിലെ പ്രധാനപ്പെട്ടവയാണ്.
സുവര്‍ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ കന്നിചിത്രമായ 'മാന്‍ഹോള്‍' ആണ് മേളയില്‍ ചരിത്രം കുറിക്കുന്നത്. ഡോ. ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' എന്ന ചിത്രം പുരോഗമന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയെ അന്വേഷിച്ച് കൊടുംകാട്ടിലെത്തി അവിടെ കുടുങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്. മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍, ഗോവന്‍ ചലച്ചിത്രമേള എന്നിവ ഉള്‍പ്പെടെ ആറോളം മേളകളിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സായ്ബല്‍ മിത്ര സംവിധാനം ചെയ്ത 'ദ ലാസ്റ്റ് മ്യൂറല്‍' എന്ന ബംഗാളി ചിത്രവും സാന്ത്വാന ബര്‍ദലോയുടെ 'മാജ് രാതി കേതകി' എന്ന അസമി ചിത്രവുമാണ് മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍. 
യെസിം ഉസ്തോഗ്ലു സംവിധാനം ചെയ്ത 'ക്ലെയര്‍ ഒബ്സ്‌ക്യോര്‍', മൊഹമ്മദ് ദിയാബിന്റെ 'ക്ലാഷ്', മുസ്തഫ കാരയുടെ 'കോള്‍ഡ് ഓഫ് കലണ്ടര്‍', ജൂ റോബിള്‍സ് ലാനയുടെ 'ഡൈ ബ്യൂട്ടിഫുള്‍', വാങ് സ്യൂബുവിന്റെ 'നൈറ്റ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍', ബ്രേറ്റ് മൈക്കിള്‍ ഇനീസിന്റെ 'സിങ്ക്', ഴാങ് യാങ്ങിന്റെ 'സോള്‍ ഓണ്‍ എ സ്ട്രിംഗ്', നാനാ ഒബിരി യേബോ-മാക്സിമിലിയന്‍ ക്ലോസന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ദ കഴ്സ്ഡ് വണ്‍സ്', ഗ്രീന്‍ സെങിന്റെ 'ദ റിട്ടേണ്‍' , ജാക്ക് സാഗയുടെ 'വെയര്‍ഹൗസ്ഡ്', കിയോമാഴ്സ് പൗരാമദിന്റെ 'വെയര്‍ ആര്‍ മൈ ഷൂസ്' എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, ജൂറി വിഭാഗം, ഹോമേജ്, റെട്രോ, കണ്ടംപററി മാസ്റ്റര്‍, ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്‌സ്, നൈറ്റ് ക്ലാസിക്‌സ്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍, അടൂര്‍-50വര്‍ഷം തുടങ്ങിയ വിഭാഗങ്ങളിലായി മറ്റു പ്രദര്‍ശനങ്ങള്‍ നടക്കും.



മേളയുടെ കേന്ദ്രവിഷയങ്ങള്‍ കുടിയേറ്റവും ലിംഗസമത്വവും 

മേളയുടെ കേന്ദ്രവിഷയമായി മുന്നോട്ടുവച്ചിട്ടുള്ള പലായനവും കുടിയേറ്റവും ലിഗസമത്വവും പ്രമേയമാക്കുന്ന 14 ചിത്രങ്ങളാണ് എട്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. സമകാലിക ലോകത്തെ ജീവിതയാഥാര്‍ഥ്യങ്ങളും ജനതയുടെ സമത്വവും ഈ ചിത്രങ്ങള്‍ ചര്‍ച്ചചെയ്യും. 
ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ തെരഞ്ഞെടുത്ത എട്ട് ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രങ്ങളാണ് മൈഗ്രേഷന്‍ വിഭാഗത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ദൈന്യതയും ദുരിതങ്ങളും അവര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വിവിധ ദേശങ്ങളില്‍ വിവിധ രൂപങ്ങളില്‍ കുടിയേറാന്‍ വിധിക്കപ്പെട്ടവരോടുള്ള അനുഭാവം പ്രഖ്യാപിക്കല്‍ കൂടിയാകും മൈഗ്രേഷന്‍ പാക്കേജ്.
താമിര്‍ എല്‍ സെയിദിന്റെ 'ഇന്‍ ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ സിറ്റി', ജിയന്‍ ഫ്രാന്‍കോ റോസിയുടെ 'ഫയര്‍ അറ്റ് സീ', കെ.എം. കമലിന്റെ 'ഐഡി', ജോനാസ് കാര്‍പിഗ് നാനോയുടെ 'മെഡിറ്ററേനിയ', സാച്ച വൂള്‍ഫിന്റെ 'മെഴ്സീനെയര്‍', റാഫി പിറ്റ്സിന്റെ 'സോയ് നീറോ', മിഡി സെഡിന്റെ 'ദി റോഡ് ടു മണ്ഡാലേ', ക്യാരി ജോജി ഫുക്കുനാഗയുടെ 'സിന്‍ നെമ്പ്രേ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഈജിപ്ഷ്യന്‍ സംവിധായകനായ താമിര്‍ എല്‍സെയിദിന്റെ ആദ്യ ഫിക്ഷന്‍ ചിത്രമാണ് 'ഇന്‍ ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ സിറ്റി'. 2016 ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കാലിഗിരി ഫിലിം പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. യൂറോപ്പിലെ കുടിയേറ്റക്കാരുടെ പ്രതിസന്ധി സമയത്ത് ലമ്പേഡുസയിലെ സിസിലിയന്‍ ദ്വീപില്‍ ചിത്രീകരിച്ച ജിയന്‍ഫ്രാന്‍കോ റോസി ചിത്രമാണ് 'ഫയര്‍ അറ്റ് സീ'. 
മൈഗ്രേഷന്‍ ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കെ.എം. കമല്‍ സംവിധാനം ചെയ്ത 'ഐ.ഡി'. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഇറ്റലിയില്‍ അനുഭവിക്കുന്ന ദുരിതം പ്രമേയമാക്കി 2015 ല്‍ പുറത്തിറങ്ങിയ 'മെഡിറ്ററേനിയ' എന്ന ഇറ്റാലിയന്‍ ചിത്രവും മേളയിലുണ്ട്. 
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 'ജെന്‍ഡര്‍ ബെന്‍ഡര്‍' എന്ന വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. 
റേ യുങ് സംവിധാനം ചെയ്ത 'ഫ്രണ്ട് കവര്‍' (യു.എസ്.എ), സുധാന്‍ഷു സരിയയുടെ  'എല്‍.ഒ.ഇ.വി', (ഇന്ത്യ), എഡ്വാര്‍ഡോ ഡബ്ല്യു റോയ് ജൂനിയറിന്റെ 'ക്വിക്ക് ചേയ്ഞ്ച്' (ഫിലിപ്പൈന്‍സ്), പെപ്പ സന്‍ മാര്‍ട്ടിന്റെ 'രാരാ' ( ചിലി, അര്‍ജന്റീന), ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്സ്മാര്‍ക്കിന്റെ 'സംതിങ് മസ്റ്റ് ബ്രേക്ക്' (സ്വീഡന്‍), അലന്തേ കവൈതേയുടെ 'ദി സമ്മര്‍ ഓഫ് സാങ്ഐന്‍' (ലിതുവാനിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്) എന്നിവയാണ് 'ജെന്‍ഡര്‍ ബെന്‍ഡര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍. 
ജെന്‍ഡര്‍ ബെന്റര്‍ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ് സുധാന്‍ഷു സരിയ സംവിധാനം ചെയ്ത എല്‍.ഒ. ഇ.വി. പ്രണയത്തിന്റെ രാഷ്ട്രീയത്തിലൂടെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ചിത്രം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗികളായ മൂന്ന് യുവാക്കളുടെ വൈകാരികമായ യാത്രയുടെ കഥയാണ് പറയുന്നത്.


മലയാളത്തിനും ആദരം

മലയാളത്തിലെ മണ്‍മറഞ്ഞ കലാകാരന്മാര്‍ക്കും ജീവിച്ചിരിക്കുന്ന പ്രതിഭകള്‍ക്കും ആദരം നല്‍കി അവരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകരായ രാജേഷ്പിള്ള (ട്രാഫിക്), ശശിശങ്കര്‍ (നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ.റസാഖ് (പെരുമഴക്കാലം), ആലപ്പി ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പ്പന (തനിച്ചല്ല ഞാന്‍) നടന്‍ കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 
സ്മൃതിപരമ്പര വിഭാഗത്തില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജന്മം, മറുപക്കം, അടൂര്‍ 50 വര്‍ഷം എന്ന വിഭാഗത്തില്‍ 'പിന്നെയും' , മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കിസ്മത്ത്, കമ്മട്ടിപ്പാടം, ആറടി, ഗോഡ്‌സേ, കാ ബോഡിസ്‌കാപ്‌സ്, മഹേഷിന്റെ പ്രതികാരം, മോഹവലയം എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും.

ചിത്രഭൂമി, ഡിസംബര്‍ 10, 2016
അടിച്ചേല്‍പ്പിക്കാത്ത ദേശീയതയ്ക്കുമുന്നില്‍ എഴുന്നേറ്റു നില്‍ക്കുന്നവര്‍

ആരും നിര്‍ദേശിക്കാതെയും സ്‌ക്രീനില്‍ ആഹ്വാനവാചകം എഴുതിക്കാണിക്കാതെയും ആളുകള്‍ സ്വയമേവ എഴുന്നേറ്റു നില്‍ക്കുകയാണ്. മറ്റെവിടെയുമല്ല സിനിമാ തീയേറ്ററില്‍ തന്നെ. നിതേശ് തിവാരിയുടെ 'ദംഗല്‍' ക്ലൈമാക്സിനോടടുക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഗീതാ ഫോഗട്ട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടുന്നിടത്താണ് ഈ ഹൈലൈറ്റ്. ഗീതയ്ക്ക് സ്വര്‍ണമെഡല്‍ സമ്മാനിക്കുമ്പോള്‍ പിന്നണിയില്‍നിന്ന് ഉയരുന്ന ദേശീയഗാനത്തിനൊപ്പമാണ് ആളുകള്‍ മൗനികളായി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കുന്നത്. ഇതൊരു സിനിമയുടെ ഭാഗമാണെന്നറിഞ്ഞിട്ടുകൂടി, ആ സിനിമയും കാണിയും തമ്മിലുള്ള നൂലിഴ അത്രമേല്‍ നേര്‍ത്തില്ലാതെയാകുന്ന അപാരമായ മാനസിക അടുപ്പം കൊണ്ടായിരിക്കണം ആളുകള്‍ ഇങ്ങനെ ചെയ്തുപോകുന്നത്.

........

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീശാക്തീകരണ സിനിമകളിലൊന്നാണ് ദംഗല്‍. ഇക്കൂട്ടത്തില്‍ ദംഗല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നും ഒട്ടും അതിശയോക്തി കൂടാതെ പറയാം. ഹരിയാനയിലെ ഗ്രാമാന്തരീക്ഷത്തിലാണ് ദംഗലിന്റെ കഥ അല്ലെങ്കില്‍ ജീവിതം നടക്കുന്നത്. സ്ത്രീകള്‍ക്ക് നാവില്ലാത്ത സമൂഹത്തില്‍നിന്ന് അവരുടെ പ്രതിനിധികളായി ഉയര്‍ന്നുവന്നതാണ് ഗീതാ ഫോഗട്ട്, ബബിതാകുമാരി ഫോഗട്ട് എന്നീ പേരുകള്‍. പരമ്പരാഗത ചട്ടക്കൂടില്‍നിന്ന് മാറിച്ചിന്തിക്കാത്ത ഖാപ് പഞ്ചായത്തുകളുടെ പുരുഷ കേന്ദ്രീകൃതഭരണം ഹരിയാനയില്‍ ഇന്നും തുടര്‍ന്നുപോരുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍നിന്നാണ് മഹാവീര്‍ ഫോഗട്ട് എന്ന മനുഷ്യന്‍ തന്റെ പെണ്‍മക്കളുടെ കൈയ്യും പിടിച്ച് വഴിമാറിനടക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ഇത് സിനിമയ്ക്കു വേണ്ടി പടച്ച കഥയല്ല ജീവിതം തന്നെയാണെന്ന് അറിയുമ്പോഴാണ് മഹാവീറിന്റെയും മക്കളുടെയും ഇച്ഛാശക്തി കൂടുതല്‍ വെളിവാകുന്നത്. 
തനിക്ക് സാധിക്കാത്തത് മക്കളിലൂടെ നേടുകയെന്ന രക്ഷാകര്‍തൃ കേന്ദ്രീകൃതമായ ആഗ്രഹവും പിടിവാശിയും തന്നെയാണ് മഹാവീറിനെയും ഭരിക്കുന്നത്. ഇവിടെയും പിതാവ് മക്കളുടെ ആഗ്രഹത്തിന് വിലനല്‍കുന്നില്ല. എന്നാല്‍ അച്ഛന്റെ ശരികള്‍ തങ്ങളുടെ കൂടി ശരിയായിരുന്നുവെന്ന് മക്കള്‍ മനസ്സിലാക്കുന്നിടത്താണ് ദംഗലിന്റെ കഥയും ജീവിതവും വ്യത്യസ്തമാകുന്നത്.
ദംഗല്‍ എന്ന വാക്കിന് ഗുസ്തിമത്സരം എന്നാണര്‍ഥം. ആണ്‍കുഞ്ഞുണ്ടാകണമെന്നും തന്റെ ഗുസ്തിപാരമ്പര്യം അവനു പകര്‍ന്നുനല്‍കണമെന്നും ആഗ്രഹിക്കുകയാണ് മഹാവീര്‍ സിംഗ് ഫോഗട്ട്. എന്നാല്‍ ഫോഗട്ടിന് ഉണ്ടാകുന്നതെല്ലാം പെണ്‍കുട്ടികളാണ്. തനിക്ക് സാധിക്കാതെ പോയ കായിക ഔന്നത്യങ്ങളിലേക്ക് എത്താന്‍ തന്റെ പെണ്‍മക്കളിലൂടെ നിരന്തരപരിശ്രമങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്യുന്ന പിതാവാണ് അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന മഹാവീര്‍ ഫോഗട്ട്.
മഹാവീര്‍ സിംഗ് ഫോഗട്ട് ഒരു യഥാര്‍ഥ വ്യക്തിത്വമാണ്. ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സില്‍ പങ്കെടുത്ത ഗീത ഫോഗട്ടിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ബബിതാ കുമാരിയുടെയും അച്ഛനാണ് മഹാവീര്‍ സിംഗ്. അവരുടെ ജീവിതമാണ് നിതേശ്  തിവാരി സിനിമയാക്കിയിട്ടുള്ളത്. 
ദംഗല്‍ ഇന്ത്യ കണ്ട മികച്ച സ്‌പോര്‍ട്‌സ് സിനിമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഗുസ്തിയുടെ നിയമാവലികള്‍ അറിയാത്തവര്‍ക്കുപോലും ആവേശമുണ്ടാക്കുന്ന തരത്തിലാണ് ദംഗലിലെ ഗുസ്തിമത്സരങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. മത്സരത്തിന്റെ ആവേശം തെല്ലും ചോര്‍ന്നുപോകാത്ത തരത്തിലുള്ള പശ്ചാത്തലസംഗീതവും നിശബ്ദതയും കാഴ്ചക്കാരനില്‍ ആകാംക്ഷയും ആവേശവുമായി എത്തിക്കുന്നതില്‍ ചിത്രം പൂര്‍ണമായി വിജയിച്ചിരിക്കുന്നു.  
കഥാപാത്രങ്ങളായി എത്തുന്നവരുടെ മികവാണ് ദംഗലിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു സംഗതി. ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ഖാന്റെ അഭിനയത്തികവ് ദംഗലിലും പരിപൂര്‍ണതയിലെത്തുന്നു. കഥാപാത്രത്തിന്റെ മികവിനായി ഏതറ്റവും വരെ പോകുന്ന ഈ ഗുണം അമീറിന്റെ സിനിമകളിലെല്ലാം കാണാം. മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങള്‍ക്കായി ശരീരം ഉറപ്പിച്ചും അയച്ചും അമീര്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു. വിവിധ പ്രായങ്ങളിലെത്തുമ്പോള്‍ അതിന്റെ വ്യത്യാസം മുഖത്തെ പേശികളിലും കണ്ണുകളിലും വരെ ആവാഹിക്കുന്നതു കാണാം.
ഗീത ഫോഗട്ടിന്റെയും ബബിതാ ഫോഗട്ടിന്റെയും കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്ന താരങ്ങള്‍ ദംഗലിന്റെ കാഴ്ചമൂല്യത്തിന് മുതല്‍ക്കൂട്ടാണ്. അഭിനയക്കാര്യത്തില്‍ ഇത്രയേറെ സ്വാഭാവികത കാട്ടിയ ബാലതാരങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. പലപ്പൊഴും അമീര്‍ഖാനെ സ്‌ക്രീനില്‍നിന്ന് അപ്രസക്തനാക്കി സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ സൈറ വസിം, സുഹാനി ഭട്‌നഗര്‍ എന്നീ കുട്ടിത്താരങ്ങള്‍ക്കാകുന്നുണ്ട്.
ദംഗല്‍ കേവല കാഴ്ചയ്ക്കപ്പുറം അനുഭവിച്ചറിയേണ്ട വികാരമായി അവശേഷിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടത്തിലേക്ക് എത്തിയ സിനിമ പതിവ് ബോളിവുഡ് കില്ലാഡി, മാസ് മസാല ക്ലിഷേ ഗണത്തിലുള്ള ഒന്നല്ലെന്നതാണ് ഏറ്റവും വലിയ സന്തോഷം. തന്റെ സിനിമകള്‍ താരങ്ങളെക്കാള്‍ കഥപറച്ചിലിലും കഥാപാത്രങ്ങളിലും മുന്നിട്ടുനില്‍ക്കണമെന്ന നിഷ്‌കര്‍ഷയുള്ള സൂപ്പര്‍താരമാണ് അമീര്‍ഖാന്‍. അദ്ദേഹം എപ്പൊഴും മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം സിനിമയുടെ ആകെത്തുകയുടെ ഒരു ഭാഗം മാത്രമാകാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിലെ നടന്റെയും നിര്‍മാതാവിന്റെയും കലാകാരന്റെയും മികവ് വേറിട്ടുനില്‍ക്കുകയും ചെയ്യും. തുടര്‍ച്ചയായി ഇത്തരം സിനിമകളുടെ ഭാഗമാകുന്നുവെന്നതു തന്നെയാണ് അമീര്‍ഖാന്‍ എന്ന സൂപ്പര്‍താരം ഇന്ത്യന്‍ സിനിമയിലെ മറ്റുവിലപിടിപ്പുള്ള താരങ്ങളില്‍നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നുവെന്നതിന്റെ ഉത്തരവും.

സത്രീശബ്ദം, ഫെബ്രുവരി, 2017
കേരള രാജ്യാന്തര ചലച്ചിത്രമേള;

പത്ത് സിനിമകള്‍, പല കാഴ്ചകള്‍

ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പുകൊണ്ടാണ് ശ്രദ്ധേയമായത്. ഒട്ടേറെ മികച്ച സിനിമകള്‍ കാണാനായി എന്ന സംതൃപ്തി മേളയ്‌ക്കെത്തിയ ഓരോ ഡെലിഗേറ്റിനുമുണ്ടാക്കാനായി എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. ഇത്തവണ ചലച്ചിത്രമേള തുടങ്ങുന്നതിനുമുമ്പുതന്നെ സിനിമകളുടെ തെരഞ്ഞെടുപ്പ് മികച്ചതാണെന്ന ആത്മവിശ്വാസം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാപോള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാക്കുകള്‍ അര്‍ഥവത്തായെന്ന് മേള അവസാനിക്കുമ്പോള്‍ പ്രതിനിധികള്‍ക്കും തോന്നിയിരിക്കാം. 
വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച 184 ചിത്രങ്ങളില്‍ ഭൂരിഭാഗവും ആസ്വാദകരില്‍ മികച്ച അഭിപ്രായമുണ്ടാക്കാന്‍ പോന്നതായിരുന്നു. പ്രതിനിധികള്‍ക്ക് മികച്ച തെരഞ്ഞെടുപ്പ് സാധ്യമാക്കിയ ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിലെ സിനിമകളായിരുന്നു വൈവിധ്യത്തില്‍ മുന്നിലെത്തിയത്. 81 സിനിമകളാണ് ഈ വിഭാഗത്തില്‍ മാത്രമായി പ്രദര്‍ശിപ്പിച്ചത്.
മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരവിഭാഗത്തില്‍ ജനപ്രിയതയില്‍ ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലാന്‍ഡറും ഈജിപ്തില്‍നിന്നുള്ള ക്ലാഷും മുന്നിലെത്തി. സുവര്‍ണചകോരത്തിന് മത്സരിച്ച മറ്റു ചിത്രങ്ങളായ സിങ്ക്, വെയര്‍ഹൗസ്ഡ്, ഡൈ ബ്യൂട്ടിഫുള്‍, വേര്‍ ആര്‍ മൈ ഷൂസ്, കാടുപൂക്കുന്ന നേരം, മാന്‍ഹോള്‍ എന്നിവയും മികച്ച പ്രതികരണമുണ്ടാക്കി. ലോകസിനിമാ വിഭാഗത്തില്‍ ഡോട്ടര്‍, ഇന്‍ഡിവിസിബിള്‍, ഏഞ്ജല്‍, സുവോളജി, മിനിസ്ട്രി ഓഫ് ലൗ, നെരൂദ, ദ നെറ്റ്, ഓര്‍ഡിനറി പീപ്പിള്‍, നവാരാ, പാര്‍ട്ടിങ്, ദ ഡ്രീമര്‍ദ വാള്‍ട്ടിങ്, രാരാ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയില്‍ മുമ്പിലെത്തി.
രാജ്യത്തെ സമകാലിക ജീവിതാവസ്ഥ അടയാളപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെഇന്ത്യന്‍ സിനിമ സജീവസാന്നിധ്യമറിയിച്ച മേള കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു. പല വിഭാഗങ്ങളിലായി മേളയില്‍ ഏറ്റവുമധികം േ്രപക്ഷകശ്രദ്ധയാകര്‍ഷിക്കുകയും സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നതുമായ പത്തു ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. 



കോള്‍ഡ് ഓഫ് കലാന്‍ഡര്‍

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരും അതിജീവനത്തിനായി അവര്‍ നടത്തുന്ന പോരാട്ടവുമാണ് കോള്‍ഡ് ഓഫ് കലാന്‍ഡര്‍ എന്ന തുര്‍ക്കിചിത്രം ഇതിവൃത്തമാക്കുന്നത്. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍  യാഥാര്‍ഥ്യബോധമുള്ള ആവിഷ്‌കാരം കൊണ്ടാണ് കാഴ്ചക്കാരനെ കൈയിലെടുത്തത്. സിനിമയില്‍ പ്രകൃതി സജീവകഥാപാത്രം തന്നെയാകുന്നു. കരിങ്കടലിനുസമീപത്തെ പര്‍വതത്താഴ്വരയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ദുരിതംമാത്രം തുണയായുള്ള കുടുംബമാണ് മെഹ്മത്തിന്റേത്. കന്നുകാലി വളര്‍ത്തലും മറ്റുമായി ജീവിതം മുന്നോട്ടുപോകുമ്പോഴും എന്നെങ്കിലും ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷയില്‍ പര്‍വതപ്രദേശത്ത് ധാതുഖനി കണ്ടെത്താന്‍ അയാള്‍ പരിശ്രമം തുടരുന്നു. ജീവിതത്തിന്റെ പരുഷയാഥാര്‍ഥ്യങ്ങള്‍ മാത്രം പിന്തുടരുന്ന അയാള്‍ ചിരിക്കാന്‍ പോലും മറക്കുന്നുണ്ട്. ഒടുവില്‍ തന്റെ ലക്ഷ്യം കൈവെള്ളയില്‍ ഒതുങ്ങുമ്പോള്‍ മാത്രമാണ് അയാള്‍ക്ക് നേര്‍ത്ത ഒരു പുഞ്ചിരി മുഖത്തു വരുത്താനാകുന്നത്. മഞ്ഞുവീഴ്ചയും അപകടമേറിയ പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് ആറുവര്‍ഷത്തിലേറെയെടുത്ത് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ആവിഷ്‌കാരത്തിലെ സത്യസന്ധത പൂര്‍ണമായും കാഴ്ചക്കാരന് ലഭിക്കും. കണ്‍മുന്നിലൊരു ജീവിതം കാണുന്ന പ്രതീതിയില്‍ കാഴ്ചക്കാരനും തിരശ്ശീലയും ഒന്നാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യന്റെ അതിജീവനവും വിഷയമാക്കിയ ചിത്രം മുസ്തഫ കാരാ എന്ന സംവിധായകന്റെ പ്രയത്നത്തിന്റെ വിജയം കൂടിയാണ്. വിവിധ ഋതുക്കളില്‍ പ്രകൃതിക്ക് സംഭവിക്കുന്ന മാറ്റത്തിനായി കാത്തിരുന്ന് ചിത്രീകരിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍ മികച്ച ദൃശ്യാനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.



ക്ലാഷ്


ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭവും ജനങ്ങളുടെ ചെറുത്തുനില്‍പ്പും ഭിന്നതയും വിഷയമാക്കിയ മുഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് പൂര്‍ണമായും ഒരു രാഷ്ട്രീയ സിനിമയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചലനാത്മകതയെ ഓരോ ഫ്രെയ്മിലും ആവാഹിക്കുകയാണ് ഈ ചിത്രം. പ്രേക്ഷകരെ ലഹളയും പ്രക്ഷോഭവും അക്രമവും പൊലീസ് ലാത്തിച്ചാര്‍ജും നിത്യസംഭവമായ ഒരു രാജ്യത്തിന്റെ സംഘര്‍ഷം നിറഞ്ഞ തെരുവിലേക്കാണ് കൊണ്ടുപോകുന്നത്. സംഘര്‍ഷത്തിലേക്കു വലിച്ചെറിയപ്പെടുന്ന അനുഭവം പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നു. ഹാന്‍ഡ് ക്യാമറയില്‍ ഷൂട്ടു ചെയ്ത ക്ലാഷ് സംവിധാനത്തിലും ഛായാഗ്രഹണത്തിലും പുതുമ നിറഞ്ഞ പരീക്ഷണം.
2011-ല്‍ തുടങ്ങി രണ്ടുവര്‍ഷം നീണ്ടുനിന്ന ഈജിപ്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് ക്ലാഷിന്റെ പശ്ചാത്തലം. തെരുവില്‍ നടക്കുന്ന പ്രക്ഷോഭമധ്യത്തിലെ പോലീസ് വാന്‍ കേന്ദ്രമാകുന്ന ചിത്രം പൂര്‍ണമായും വാനിനകത്തുനിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. വാനിനുള്ളില്‍ നടക്കുന്ന സംഭവങ്ങളും വാനില്‍നിന്നു കാണാന്‍ കഴിയുന്ന സംഭവങ്ങളും മാത്രം സൃഷ്ടിക്കുന്ന സംഘര്‍ഷം തന്നെ കാണിയെ ശ്വാസം മുട്ടിക്കാന്‍ പോന്നതാണ്. 
ചലച്ചിത്ര സാങ്കേതിക വിദ്യയില്‍ പൊളിച്ചെഴുത്ത് നടത്തുന്ന ക്ലാഷ് സമകാലിക രാഷ്ട്രീയത്തോടും കാലത്തോടുമുള്ള ധാരണയും കാഴ്ചപ്പാടുകളുമുള്ള ഭാവനാശാലിയായ സംവിധായകനെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.


ദി നെറ്റ്
കിം കി ഡുക്കിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട 'ദ നെറ്റ' വെനീസ്, ടൊറോന്റോ മേളകളില്‍ മികച്ച അഭിപ്രായം കേള്‍പ്പിച്ചാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയത്. ഉത്തര, ദക്ഷിണ കൊറിയകളുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന നെറ്റ് കിം കി ഡുക്കിന്റെ ശൈലിമാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. കിം കി ഡുക്കിന്റെതായി അഞ്ചുവര്‍ഷത്തിനിടെ പുറത്തുവന്ന ചിത്രങ്ങളില്‍ വയലന്‍സിന്റെ ആധിക്യമുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. സംവിധായകന്റെ ചിന്താഗതിയിലുണ്ടായ മാറ്റം ശൈലിയിലും സമാനത കണ്ടെത്തിയതാകാം. എന്നാല്‍ താന്‍ സിനിമയിലാവിഷ്‌ക്കരിക്കുന്ന വയലന്‍സിലും സര്‍ഗാത്മകതയുണ്ടെന്നാണ് കിമ്മിന്റെ അഭിപ്രായം. എന്തുതന്നെയായാലും 2015ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് എന്ന ചിത്രത്തോടെ ഈ രീതിക്ക് തെല്ല് മാറ്റം സംഭവിച്ചു. ദി നെറ്റ് എന്ന ഏറ്റവും പുതിയ ചിത്രത്തിലെത്തുമ്പോള്‍ കിം തന്റെ സംവിധാന ശൈലിയിലെ സവിശേഷ വ്യതിയാനമാണ് കൊണ്ടുവരുന്നത്. ഏറെ ധൈര്യത്തോടെ തീവ്രരാഷ്ട്രീയം പറയാന്‍ തയ്യാറായ കിം ഹാസ്യവും പരുഷമായ യാഥാര്‍ഥ്യവും മാനുഷിക, കുടുംബ ബന്ധങ്ങളും ഇഴചേര്‍ത്ത് കഥ പറഞ്ഞിരിക്കുന്നു. വ്യവസ്ഥിതി വ്യക്തിക്കുമേല്‍ എങ്ങനെ ഇടപെടുന്നെന്ന് കാട്ടിത്തരുന്ന ചിത്രം ഉത്തര, ദക്ഷിണ കൊറിയകളുടെ സമകാലിക സാമൂഹികാവസ്ഥയിലേക്കുള്ള നേര്‍നോട്ടമാണ്. എവിടെയും ആത്യന്തികമായി ഇരയാക്കപ്പെടുന്നത് പൗരനാണെന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള ആവിഷ്‌ക്കരണത്തിലൂടെയാണ് കിം തന്റെ പുതിയ ചിത്രം ആസ്വാദകന്റെ നെഞ്ചിലേക്ക് തറയ്ക്കുന്നതാക്കി മാറ്റുന്നത്. 


ഡോട്ടര്‍

ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണചകോരം നേടിയ  റേസാ മിര്‍കാരിമിയുടെ ഇറാനിയന്‍ ചിത്രം ഡോട്ടര്‍ വിഷയത്തിന്റെ സാമൂഹികതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ചിത്രം സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉറച്ച നിലവിളിയായി മാറുന്നു. 
ഇറാനിലെ യാഥാസ്ഥിതിക കുടുംബ സങ്കല്‍പ്പങ്ങളും അതില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയും ചിത്രത്തില്‍ കടന്നുവരുന്നു. ദക്ഷിണ ഇറാനിലെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിലാണ് 'ഡോട്ടര്‍' കടന്നുപോകുന്നത്. സേറ എന്ന പെണ്‍കുട്ടിക്കും അവളുടെ കര്‍ക്കശക്കാരനായ അച്ഛനും ഇടയിലുള്ള അസ്വാരസ്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇറാന്‍ വിടുന്ന സുഹൃത്തിനെ യാത്രയാക്കാന്‍ ടെഹ്റാനിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണ് സേറ. എന്നാല്‍ സ്വന്തം സഹോദരിയുടെ വിവാഹം അതേ സമയത്തു നടക്കുന്നതിനാല്‍ ടെഹ്റാനിലേക്ക് പോകുന്നതിന് വിലക്കു കല്‍പ്പിച്ച് പിതാവ് രംഗത്തെത്തുന്നു. സേറയുടെ യാത്രയും തുടര്‍ന്നുണ്ടാകുന്ന പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 
പാരമ്പര്യത്തിന്റെ കെട്ടുപൊട്ടിച്ചെറിയാന്‍ വെമ്പുന്ന സ്ത്രീകളെ അപൂര്‍വ്വമെങ്കിലും ഡോട്ടറില്‍ കാണാം. പ്രധാന കഥാപാത്രമായ സേറയും അവളുടെ കൂട്ടുകാരികളും ഇതിന്റെ പ്രതിനിധികളാണ്. വാക്കാലുള്ള ശക്തമായ പ്രതികരണത്തെക്കാള്‍ ആവിഷ്‌ക്കാരമികവുകൊണ്ടാണ് ചിത്രത്തില്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സേറയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നതാണ് പിതാവിന്റെ വേഷം ചെയ്ത ഫര്‍ഹാദ് അസ്ലാനിയുടെ കഥാപാത്രം. അനായാസമായ അഭിനയം കൊണ്ട് കഥാപാത്രത്തിന്റെ വൈകാരികതലങ്ങള്‍ അവിസ്മരണീയമായി അസ്ലാനി അവതരിപ്പിച്ചിരിക്കുന്നു.


മാന്‍ഹോള്‍

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ചിത്രം പറഞ്ഞിരിക്കുന്ന വിഷയംകൊണ്ടും സാമൂഹികപ്രതിബദ്ധത കൊണ്ടും മേളയില്‍ മലയാളത്തിന്റെ അഭിമാനചിത്രമായി മാറി.  മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലി ഇന്ത്യയില്‍ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് സുരക്ഷയോ അപകടത്തില്‍പെടുമ്പോള്‍ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതൊട്ട് ഈ ജോലിയില്‍ ഏര്‍പ്പെട്ടുവന്ന ജാതി വിഭാഗമാകട്ടെ ഒരു സംവരണത്തിലും ഉള്‍പ്പെടാതെ തീര്‍ത്തും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി എഴുപതു വര്‍ഷത്തിനുശേഷവും തുടരുന്നു. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ മാന്‍ഹോള്‍ അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പൊഴും നടപ്പിലാകുന്നില്ലെന്ന സത്യത്തിലേക്ക് ചിത്രം വിരല്‍ ചൂണ്ടുന്നു.
നമ്മുടെ രാജ്യവും ഭരണകൂടവും താഴേക്കിടയിലുള്ള ജനതയോട് എങ്ങനെയാണ് ഇടപെടുന്നതെന്നും എത്രമാത്രം അരക്ഷിതാവസ്ഥവയിലാണ് ജനം കഴിഞ്ഞുകൂടുന്നതെന്നും മാന്‍ഹോള്‍ ചര്‍ച്ചചെയ്യുന്നു. പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന ചിത്രം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ വ്യക്തമായി അടയാളപ്പെടുത്തന്നതോടൊപ്പം വ്യവസ്ഥിയെ നിശിതമായി ചോദ്യംചെയ്യുന്നുമുണ്ട്. ആദ്യചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത വിധു വിന്‍സെന്റ് സാമൂഹികപ്രതിബദ്ധതയുള്ള വിഷയം സ്വീകരിച്ചതിലൂടെ കൂടുതല്‍ അഭിനന്ദനത്തിനര്‍ഹയാകുന്നു.


വേര്‍ ആര്‍ മൈ ഷൂസ്

മേളയിലെ മത്സരവിഭാഗത്തിലെ ഇറാന്‍ സാന്നിധ്യമായിരുന്നു ക്യുമാഴ്‌സ് പുറാമദ് സംവിധാനം ചെയ്ത വേര്‍ ആര്‍ മൈ ഷൂസ്. രോഗത്തിന്റെയും ഏകാന്തതയുടെയും പശ്ഛാത്തലത്തില്‍ ബന്ധങ്ങളെ വിശകലനം ചെയ്യുകയും വിചാരണ ചെയ്യുകയുമാണ് ചിത്രം.
അല്‍ഷിമേഴ്‌സ് രോഗമാണു ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം. ഫാക്ടറി ഉടമസ്ഥാന്‍ കൂടിയായ ഹബീബ് കവേ എന്ന വയോധികനാണ് പ്രധാന കഥാപാത്രം. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഹബീബ് ജീവിതസായാഹ്നത്തിലേക്കു പ്രവേശിക്കുന്നു. ഓര്‍മ ഉള്‍പ്പെടെ ഒരു വ്യക്തിയെ മനുഷ്യനാക്കി നിലനിര്‍ത്തുന്ന കഴിവുകള്‍ ഓരോന്നായി അദ്ദേഹത്തിനു നഷ്ടപ്പെടുന്നു. ഏകാന്തതയില്‍ രോഗത്തിന്റെ സങ്കീര്‍ണത കൂടിവരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മകള്‍ ഹബീബിനെ കാണാന്‍ ജന്‍മനാടായ ഇറാനിലേക്കു മടങ്ങിവരുന്നതും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റങ്ങളുണ്ടാകുന്നതുമാണ് തുടര്‍പ്രമേയം. 
റേസ കിയാനിയന്‍ ഹബീബ് എന്ന വയോധികന്റെ വേഷം അതിതീവ്രമായി അവതരിപ്പിക്കുന്നു. കുടുംബന്ധങ്ങളുടെ ആഴം രോഗത്തിന്റെ പശ്ഛാത്തലത്തില്‍ വിശകലനം ചെയ്യുന്ന ചിത്രം പ്രണയത്തെയും പ്രതീക്ഷയേയും വിചാരണ ചെയ്യുന്നു. വാര്‍ധക്യത്തിന്റെ യാതനകളും ഏകാന്തതയുടെ അസഹനീയതയും അനുഭവവേദ്യമാക്കുന്നുണ്ട് ചിത്രം. അമേരിക്കന്‍ എഴുത്തുകാരി ലിസാ ജെനോവയുടെ 'സ്റ്റില്‍ ആലീസ്' എന്ന നോവലാണു ചിത്രത്തിന് ആധാരം. 



ഡൈ ബ്യൂട്ടിഫുള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന 21-ാമത് മേളയുടെ ആശയത്തോട് ഏറെ യോജിച്ചു നില്‍ക്കുന്ന സിനിമയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് സിനിമയായ 'ഡൈ ബ്യൂട്ടിഫുള്‍'. തൃഷ എന്ന ഫിലിപ്പിനി ട്രാന്‍സ്ജന്‍ഡറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
തൃഷ ജീവിതത്തില്‍ ആഗ്രഹിച്ച സൗന്ദര്യറാണി പട്ടം നേടുന്ന വേദിയില്‍ വെച്ച് തന്നെ മരണപ്പെടുന്നു. തൃഷയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ തൃഷയുടെ കൂട്ടുകാരിയായ ബാര്‍ബയും മറ്റു കൂട്ടാളികളും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ഗൗരവമേറിയ പ്രമേയം ഹാസ്യം കലര്‍ത്തിപ്പറയാന്‍ സംവിധായകനായ ജൂണ്‍ റോബിള്‍സ് ലാന ശ്രദ്ധിച്ചിട്ടുണ്ട്. ട്രാന്‍സ്ജന്‍ഡറുകളെ കുറിച്ച് ചിത്രം വളരെ ആധികാരികമായി സംസാരിക്കുന്നു. തൃഷ ഒരു ആണ്‍കുട്ടിയുടെ ശരീരത്തില്‍ തന്റെ പെണ്‍ സ്വത്വത്തെ ഉള്‍കൊള്ളാന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ചിത്രം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഒരു ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലും കുടുംബത്തിലും അനുഭവിക്കേണ്ടിവരുന്ന വേദനകളും ആണിന്റെ ഉടലില്‍ ജനിച്ച പെണ്‍മനസിന്റെ സംഘര്‍ഷങ്ങള്‍ ചിത്രം പ്രതിപാദിക്കുന്ന രീതിയും പ്രശംസ അര്‍ഹിക്കുന്നു. പോലോ ബാലസ്റ്റെറോസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണു ഡൈ ബ്യൂട്ടിഫുളിലേത്. 



ഐ ഡാനിയേല്‍ ബ്ലാക്ക്


മുതലാളിത്ത ഭരണകൂടങ്ങളളെയും നിലനില്‍ക്കുന്ന വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയാണ് ഐ ഡാനിയല്‍ ബ്ലേക്ക് എന്ന ചിത്രം. മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കുനേരെ കണ്ണുതുറക്കാത്ത ഉദ്യേഗസ്ഥര്‍, നിരാലംബരായ മനുഷ്യര്‍, വ്യക്തിക്കുമേല്‍ ദുഷിച്ച വ്യവസ്ഥിതിയുടെ കടന്നുകയറ്റം എന്നിവയെല്ലാം വിഷയമാക്കുന്ന ചിത്രം വികസിത, ഇവികസിത രാജ്യങ്ങളിലെല്ലാം ഈ സ്ഥിതി ഒരുപോലെയാണെന്നും പറഞ്ഞുവെയ്ക്കുന്നു.
നീതി തേടിവരുന്ന സാധാരണക്കാരന്റെ വല്ലായ്മകള്‍ കണ്ടില്ലെന്നുനടിക്കുന്ന ഉദ്യോഗസ്ഥരെയും നവീന ഓണ്‍ലൈന്‍ സംവിധാനങ്ങളെയും പരിഹസിക്കുന്ന ചിത്രം വികസിത രാജ്യങ്ങളെന്ന് മേനി നടിക്കുന്നവയുടെ അപരിഷ്‌കൃതമുഖവും തുറന്നുകാട്ടുന്നു.  ഇതിനെതിരെ കനത്ത പ്രതിഷേധവും ഡാനിയേല്‍ ബ്ലാക്ക് ഉയര്‍ത്തുന്നുണ്ട്. 
ബ്രിട്ടനില്‍ ഹൃദയാഘാതം വന്ന് ജോലിയില്‍ തുടരാനാകാതെ വന്ന ഡാനിയല്‍ ബ്ലേക്കെന്ന ആശാരിയുടെ ജീവിതമാണ് കേന്ദ്രപ്രമേയമാകുന്നത്. പരിഹാസത്തിലും ഹാസ്യത്തിലും പൊതിഞ്ഞ വാക്കുകള്‍ ശക്തമായ ആയുധമായി ഉപയോഗിച്ചിരിക്കുന്നു. ഹൃദയാഘാതം വന്ന് ജോലിയില്‍ തുടരാനാകാതെ വന്ന ഡാനിയേല്‍, ഉദ്യോഗസ്ഥര്‍ നടത്തുന്ന അവശതാ പരീക്ഷയില്‍ തോല്‍ക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന വിവിധ ഓഫീസ് അനുഭവങ്ങളും ചൂഷണങ്ങളുമാണ് സിനിമയുടെ പ്രമേയം. ഡേവ് ജോണ്‍സും ഹെയ്ലി സ്‌കൈ്വര്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കാന്‍ ഫെസ്റ്റിവെലില്‍ പാം ദി ഓര്‍ പുരസ്‌ക്കാരത്തിന് ചിത്രം അര്‍ഹമായിരുന്നു.


മെര്‍ക്കു തൊടര്‍ച്ചി മലൈ


തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ച് ഗ്രാമീണരെത്തന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചുവെന്നതാണ് മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തെ പ്രതിനിധീകരിച്ച് പ്രദര്‍ശിപ്പിച്ച ലെനിന്‍ ഭാരതിയുടെ ചിത്രത്തിന്റെ സവിശേഷത. 
സഹ്യപര്‍വത താഴ്‌വരയിലെ ജനജീവിതം പ്രമേയമാക്കിയ 'മെര്‍ക്കു തൊടര്‍ച്ചി മലൈ'(സഹ്യപര്‍വതം) യാഥാര്‍ഥ്യബോധമുള്ള ആവിഷ്‌കാരംകൊണ്ടാണ് അഭിനന്ദനമര്‍ഹിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. ചായങ്ങളൊന്നും തേയ്ക്കാതെ ഗ്രാമീണരെ നേരിട്ട് ക്യാമറയ്ക്കു മുന്നിലെത്തിച്ചാണ് ലെനിന്‍ ഭാരതി ചിത്രം ഒരുക്കിയത്. 
ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട് അതിര്‍ത്തിഗ്രാമത്തിലെ താട്ടംതൊഴിലാളികള്‍ നേരിടുന്ന ദുരിതവും മുതലാളിമാരുടെ ചൂഷണവും അതിലവര്‍ നിസ്സഹായരായിപ്പോകുന്നതും ചിത്രം ചര്‍ച്ചചെയ്യുന്നു. പരമ്പരാഗത തൊഴിലുകളും കൃഷിയുമായി കഴിഞ്ഞുപോന്നിരുന്ന ജനത കണ്‍മുന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ആശങ്കാകുലരാകുന്നു. പുതിയ സംരംഭകരും മുതലാളിമാരും കടന്നു
വരുന്നതോടെ കൃഷിയിടങ്ങള്‍ നഷ്ടപ്പെടുകയും ലാഭകരമായ പുതിയ തൊഴിലുകളും സ്ഥാപനങ്ങളും വരികയും ചെയ്യുന്നു. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ തുടക്കത്തിലേ ഇല്ലാതാക്കുന്നതോടെ സ്വാഭാവികമായും ഗ്രാമീണര്‍ അതിന്റെ ഭാഗമായി മാറുകയാണ്. ഇന്ത്യന്‍ ഗ്രാമീണജീവിതത്തിനുമേല്‍ മുതലാളിത്തത്തിന്റെ കൈകടത്തല്‍ എങ്ങനെ തുടരുന്നുവെന്ന് ചര്‍ച്ചചെയ്യാന്‍ പ്രേക്ഷകന് അവസരം നല്‍കിക്കൊണ്ടാണ് മെര്‍ക്കു തൊടര്‍ച്ചി മലൈ അവസാനിക്കുന്നത്.



കാ ബോഡിസ്‌കേപ്പ്

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്പ്' കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലാണ്  ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. സ്വവര്‍ഗാനുരാഗികളുടെ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മതമൗലികവാദവും പിന്തിരിപ്പന്‍ നയങ്ങളും ചിത്രം വിമര്‍ശിക്കുന്നുണ്ട്.കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിലാണ് 'കാ ബോഡിസ്‌കേപ്പ്' ഒരുക്കിയിരിക്കുന്നത്. 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കോഴിക്കോട്ട് ജീവിക്കുന്ന മൂന്നു യുവസുഹൃത്തുക്കളാണ്. കബഡി കളിക്കാരനായ വിഷ്ണു, സ്വവര്‍ഗാനുരാഗിയായ ചിത്രകാരന്‍ ഹാരിസ്, മുസ്ലിം യുവതി സിയ. കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രജീവിതം നയിക്കാനുള്ള അവകാശത്തിനും വേണ്ടി ഇവര്‍ പൊരുതുന്നു. അടിച്ചേല്‍പ്പിക്കുന്ന സദാചാരത്തിനും പരമ്പരാഗത വ്യവസ്ഥിതിക്കുമെതിരെയാണ് ഇവരുടെ ചെറുത്തുനില്‍പ്പ്. ഹാരിസിന്റെ ചിത്രപ്രദര്‍ശനത്തിന്റെ പേരാണ് 'കാ ബോഡിസ്‌കേപ്പ്'.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചത്. ഗേ പരാമര്‍ശവും സ്വവര്‍ഗലൈംഗികതയെ എടുത്തുകാണിക്കുന്ന പോസ്റ്ററുകളും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്. ഇതിനെതിരെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദളിത് രാഷ്ട്രീയം ഇന്ത്യയുടെ സമകാലിക സാഹചര്യത്തിനൊപ്പം പറയാന്‍ ശ്രമിച്ച 'പപ്പിലിയോ ബുദ്ധ' എന്ന ചിത്രത്തിനുശേഷം ജയന്‍ ചെറിയാന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'കാ ബോഡിസ്‌കേപ്പ്'.

സത്രീശബ്ദം, ജനുവരി, 2017