Sunday, 5 March 2017

എല്ലാവരിലുമുണ്ട് ഒരു ശശി

അടുത്ത കാലത്ത് ഏറ്റവുമധികം ബ്രാന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു പേരാണ് ശശി. ഈ പേരുകേട്ടാല്‍ മലയാളി ചിരിക്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. ശശിയാകുക, ശശിയായി തുടങ്ങിയ പ്രയോഗങ്ങളും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നു.
അങ്ങനെ സിനിമയിലും ശശി എത്തുകയാണ്. സജിന്‍ബാബുവിന്റെ പുതിയ ചിത്രമായ 'അയാള്‍ ശശി'യില്‍ ശശിയാകുന്നത് ശ്രീനിവാസനാണ്. 
ശശി നമ്മളിലൊരാളാണ്. എങ്ങനെയെല്ലാം ജീവിക്കാമെന്നും ഏതെല്ലാം തരത്തില്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാമെന്നും ചിന്തിച്ച് അതിനായി ശ്രമിക്കുന്ന ഒരാള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായും പലിശക്കാരനായും ചിത്രകാരനായും സമൂഹത്തിലെ വിവിധ തുറയില്‍പെട്ടവരുമായി സഹവസിക്കുന്നയാളുമായെല്ലാം ശശി പരിണമിക്കുന്നുണ്ട്. സുഹൃത്തുക്കളാണ് അയാളുടെ ശക്തി. ഒടുക്കം തന്റെ മരണം എങ്ങനെ ആഘോഷമാക്കാം എന്നുവരെ അയാള്‍ ചിന്തിക്കുന്നു. ഇതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. 
മലയാളത്തില്‍ ഇതുവരെ ആരും പറയാത്ത ഒരു പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന സംവിധായകന്‍ അതിന്റെ പുതുമ എല്ലാത്തരം പ്രേക്ഷകരോടും സംവദിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. നിത്യജീവിതത്തില്‍ നമ്മള്‍ ഇടപെടുന്ന സുഹൃത്തുക്കളും സ്ഥലങ്ങളും പരിചിതമായ ചിരികളും ചിന്തകളുമാണ് 'അയാള്‍ ശശി'യിലുള്ളത്. അത് അത്രമേല്‍ സ്വാഭാവികതയോടെ പകര്‍ത്തിവയ്ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ശശി. ശ്രീനിവാസനെന്ന നടനെ പൂര്‍ണമായി മാറ്റിനിര്‍ത്തി അദ്ദേഹം ശശിയെന്ന മനുഷ്യനായി മാറുന്നുണ്ട്. തന്റെ സ്വാഭാവികമായ അഭിനയശൈലികൊണ്ട് ചിരിയും ചിന്തയും പടര്‍ത്താന്‍ അദ്ദേഹത്തിനാകുന്നു. ഈ കഥാപാത്രത്തിനായി അദ്ദേഹം ശരീരഭാരം 15 കിലോയിലേറെ കുറച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കും ഇതേ സ്വാഭാവികത നിലനിര്‍ത്താനാകുന്നത് ചിത്രത്തിന്റെ ആസ്വാദ്യതയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. 
അസ്തമയം വരെ എന്ന ആദ്യചിത്രത്തിലൂടെ 2014ലെ കേരള രാജ്യാന്തര ചലച്ചിത്രമേള ഉള്‍പ്പടെ ഒട്ടേറെ മേളകളില്‍ പുരസ്‌കാരത്തിന് അര്‍ഹനായ സംവിധായകനാണ് സജിന്‍ബാബു. ആദ്യചിത്രം സമാന്തരപാതയിലൂടെ സഞ്ചരിക്കുന്നതായിരുന്നെങ്കില്‍ ഇത്തവണ എല്ലാത്തരം പ്രേക്ഷകരെയുമാണ് ലക്ഷ്യമിടുന്നത്.


ചിത്രഭൂമി, മാര്‍ച്ച് 4, 2017

No comments:

Post a Comment