Friday, 3 March 2017

വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

വിവിധ രാജ്യങ്ങളില്‍ വിഭിന്ന സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യര്‍. നമുക്ക് അപരിചിതമായ അവരുടെ ജീവിതം പലപ്പൊഴും കെട്ടുകഥകളാണെന്നു തോന്നും. ഇത്തരം ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് ക്യാമറക്കണ്ണ് തുറന്നുചെല്ലുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഒരേസമയം അത് പുതുമയും അനുഭവവവുമായി മാറുന്നു. നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പുലര്‍ത്തുന്നെങ്കിലും മാനസികവ്യാപാരങ്ങളിലും കുടുംബ ബന്ധങ്ങളിലുമെല്ലാം സമാനതകള്‍ ഏറെയാണ്. ഇതര രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ കാണുമ്പോള്‍ ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെയും സമാന മനസ്സിലൂടെയുമായിരിക്കും കാഴ്ചക്കാരന് സഞ്ചരിക്കാനാകുക.
യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും വിഷയമാക്കുന്ന സിനിമകളെക്കാള്‍ വ്യക്തിബന്ധങ്ങളിലേക്കും മനുഷ്യമനസ്സിലേക്കുമാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഭൂരിഭാഗം ചിത്രങ്ങളും കടന്നുചെന്നത്. 62 രാജ്യങ്ങളില്‍നിന്നായി 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുക്കാല്‍ പങ്കും ഇത്തരം പ്രമേയങ്ങളാണെന്നു കാണാം.
ലോകസിനിമാ വിഭാഗത്തില്‍ മാത്രമായി 81 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യക്തി, കുടുംബം, മൂല്യങ്ങള്‍, മാനസികവികാരങ്ങള്‍, ശരിതെറ്റുകള്‍ തുടങ്ങി മനുഷ്യജീവിതവുമായി അടുത്തുനില്‍ക്കുന്ന സമസ്യകളിലേക്കാണ് സിനിമകളുടെ പ്രമേയം കേന്ദ്രീകരിക്കുന്നത്. മത്സരവിഭാഗത്തിലെ 15 സിനിമകളില്‍ പകുതിയും വീട്ടകത്തിലേക്ക് ക്യാമറയുടെ മിഴി തുറന്നുവെയ്ക്കുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങള്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, അതിജീവനസമരങ്ങള്‍, ജനജീവിതത്തില്‍ ആഭ്യന്തര കലാപങ്ങളുടെ ഇടപെടല്‍, യുദ്ധം പ്രഹരമേല്‍പ്പിച്ച ജനത തുടങ്ങിയ പ്രമേയപരിസരങ്ങളിലൂടെ കടന്നുപോകുന്ന സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും അതിന്റെ എണ്ണം തുലോം കുറവാണ്.

പറഞ്ഞുതീരാത്തത്രയും കഥകളാല്‍ സമ്പന്നമാണ് മനുഷ്യജീവിതം. ഈ സ്ഥിതിക്ക് ഒരു കാലത്തും മാറ്റമില്ല. മാനുഷിക വികാരങ്ങളും തൃഷ്ണയും, ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്‍ച്ചയും, ശരികേടുകളും കാമനകളും, വ്യക്തിയും സമൂഹവും തൊഴിലിടവുമായുള്ള ഇടപെടല്‍ എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പട്ടുനില്‍ക്കുന്ന നൂറായിരം കാര്യങ്ങള്‍ സ്വാഭാവിക പരിണതിയെന്നോണം സിനിമയിലേക്കും കടന്നുവരുന്നു. ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രത എല്ലായിടങ്ങളിലും ഒരുപോലെയാണെന്ന് ഈ സിനിമകള്‍ പറഞ്ഞുവെയ്ക്കുന്നു. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും അതിരുകള്‍ക്കപ്പുറം ജീവിതത്തിന്റെ ഭാഷ ഒന്നാണെന്ന് അവ നമ്മളോട് ഏറ്റവും അടുത്തുനിന്ന് സംവദിക്കുന്നു.
മേളയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായ 'ഡോട്ടര്‍' പരമ്പരാഗത കുടുംബ സങ്കല്‍പത്തില്‍നിന്നുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹികാവസ്ഥകളെയും ചോദ്യംചെയ്യുകയാണ്. കുടുംബം വ്യക്തിക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് സാമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനമെന്ന് ബന്ധങ്ങളിലെ ആഴത്തില്‍നിന്നുകൊണ്ടാണ് ഈ ഇറാനിയന്‍ ചിത്രം സംസാരിക്കുന്നത്.
കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയെങ്കിലും പുതിയൊരു ജീവിതം പ്രത്യാശിക്കുന്ന യുവതിയെ കൊറിയന്‍ ചിത്രമായ എ ബ്ലൂ മൗത്ത്ഡ് ഫേസില്‍ കാണാം. വ്യക്തിജീവിതത്തില്‍ വ്യവസ്ഥിതി ഇടപെടുമ്പോള്‍ അശരണരായിപ്പോകുന്ന കുടുംബത്തെയാണ് കിം കി ഡുക്ക് തന്റെ പുതിയ ചിത്രമായ നെറ്റിലൂടെ പരിചയപ്പെടുത്തുന്നത്. ജപ്പാന്‍ ചിത്രം ആഫ്റ്റര്‍ ദ സ്റ്റോം നാലു വ്യക്തികളിലൂടെ സഞ്ചരിച്ച് കുടുംബ ബന്ധത്തിന്റെ തീവ്രതയും പ്രണയനഷ്ടവും ഇതിവൃത്തമാക്കുന്നു. സ്പാനിഷ് സംവിധായിക അനാ ക്രിസ്റ്റീനയുടെ 'അല്‍ബ' ചര്‍ച്ച കടന്നുചെല്ലുന്നതും മനുഷ്യമനസ്സിലേക്കും ബന്ധങ്ങളിലേക്കുമാണ്. ബീയിങ് സെവന്റീന്‍ എന്ന ഫ്രഞ്ച് ചിത്രം കൗമാരകാലത്തെ നിഷ്‌കളങ്കമായ സ്‌നേഹബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓര്‍മകളും ഭൂതകാലവും പ്രമേയമാക്കുന്ന പേര്‍ഷ്യന്‍ ചിത്രം ഡ്യൂയറ്റ് ത്രികോണ ബന്ധത്തെ പരിചയപ്പെടുത്തുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇന്‍ഡാപ്റ്റബിളും സമാനതയുള്ള വിഷയത്തിലൂടെ കടന്നുപോകുന്നു. അസര്‍ബൈജാനില്‍നിന്നുള്ള ഇന്നര്‍സിറ്റി ബന്ധത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ കഥ പറയുമ്പോള്‍ ഫ്രഞ്ച് ചിത്രം ഇറ്റ്‌സ് ഓണ്‍ലി എന്റ് ഓഫ് ദ വേള്‍ഡ് എഴുത്തുകാരന്റെ ഒറ്റപ്പെടലും കുടുംബത്തിലെ അസ്വീകാര്യതയുമാണ് വിഷയമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയിലേക്കും വിചിത്ര സഞ്ചാരത്തിലേക്കുമാണ് അക്വാറിയസ് (പോര്‍ച്ചുഗീസ്), ഏയ്ജല്‍, എല്ലേ, എന്‍ഡ്‌ലസ് പോയട്രി (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങള്‍ എത്തുന്നത്. അലോയ്‌സ് (ജര്‍മന്‍), അമാ സിന്‍ (ജപ്പാന്‍), ഇന്‍ഡിവിസിബിള്‍ (ഇറ്റലി), ഗ്രാജ്വേഷന്‍, ഇല്ലെജിറ്റിമേറ്റ് (റൊമാനിയ), ഓഗ്രസ് (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങളെല്ലാം മനുഷ്യമനസ്സിലേക്കും കുടുംബബന്ധങ്ങളിലേക്കുമാണ് സഞ്ചരിക്കുന്നത്.
ക്ലെയര്‍ ഒബ്‌സ്‌ക്വര്‍, കോല്‍ഡ് ഓഫ് കലാന്‍ഡര്‍ (തുര്‍ക്കി) ഡെയ് ബ്യൂട്ടിഫുള്‍ (പിലിപ്പിന്‍സ്), നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്ര്ടിങ്, (ചൈന), മാജ് രാതി കേതകി (ഇന്ത്യ), സിങ്ക് (ദക്ഷിണാഫ്രിക്ക),ദ കഴ്‌സ്ഡ് വണ്‍സ് (ഘാന), വേര്‍ ഈസ് മൈ ഷൂസ് (ഇറാന്‍) എന്നീ മത്സരവിഭാഗം ചിത്രങ്ങളിലും ഇത്തരം പ്രമേയങ്ങള്‍ കടന്നുവരുന്നു.

മാതൃഭൂമി, ഡിസംബര്‍ 14, 2016

No comments:

Post a Comment