അടിച്ചേല്‍പ്പിക്കാത്ത ദേശീയതയ്ക്കുമുന്നില്‍ എഴുന്നേറ്റു നില്‍ക്കുന്നവര്‍
ആരും നിര്‍ദേശിക്കാതെയും സ്‌ക്രീനില്‍ ആഹ്വാനവാചകം എഴുതിക്കാണിക്കാതെയും ആളുകള്‍ സ്വയമേവ എഴുന്നേറ്റു നില്‍ക്കുകയാണ്. മറ്റെവിടെയുമല്ല സിനിമാ തീയേറ്ററില്‍ തന്നെ. നിതേശ് തിവാരിയുടെ 'ദംഗല്‍' ക്ലൈമാക്സിനോടടുക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഗീതാ ഫോഗട്ട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടുന്നിടത്താണ് ഈ ഹൈലൈറ്റ്. ഗീതയ്ക്ക് സ്വര്‍ണമെഡല്‍ സമ്മാനിക്കുമ്പോള്‍ പിന്നണിയില്‍നിന്ന് ഉയരുന്ന ദേശീയഗാനത്തിനൊപ്പമാണ് ആളുകള്‍ മൗനികളായി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കുന്നത്. ഇതൊരു സിനിമയുടെ ഭാഗമാണെന്നറിഞ്ഞിട്ടുകൂടി, ആ സിനിമയും കാണിയും തമ്മിലുള്ള നൂലിഴ അത്രമേല്‍ നേര്‍ത്തില്ലാതെയാകുന്ന അപാരമായ മാനസിക അടുപ്പം കൊണ്ടായിരിക്കണം ആളുകള്‍ ഇങ്ങനെ ചെയ്തുപോകുന്നത്.
........
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീശാക്തീകരണ സിനിമകളിലൊന്നാണ് ദംഗല്‍. ഇക്കൂട്ടത്തില്‍ ദംഗല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നും ഒട്ടും അതിശയോക്തി കൂടാതെ പറയാം. ഹരിയാനയിലെ ഗ്രാമാന്തരീക്ഷത്തിലാണ് ദംഗലിന്റെ കഥ അല്ലെങ്കില്‍ ജീവിതം നടക്കുന്നത്. സ്ത്രീകള്‍ക്ക് നാവില്ലാത്ത സമൂഹത്തില്‍നിന്ന് അവരുടെ പ്രതിനിധികളായി ഉയര്‍ന്നുവന്നതാണ് ഗീതാ ഫോഗട്ട്, ബബിതാകുമാരി ഫോഗട്ട് എന്നീ പേരുകള്‍. പരമ്പരാഗത ചട്ടക്കൂടില്‍നിന്ന് മാറിച്ചിന്തിക്കാത്ത ഖാപ് പഞ്ചായത്തുകളുടെ പുരുഷ കേന്ദ്രീകൃതഭരണം ഹരിയാനയില്‍ ഇന്നും തുടര്‍ന്നുപോരുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍നിന്നാണ് മഹാവീര്‍ ഫോഗട്ട് എന്ന മനുഷ്യന്‍ തന്റെ പെണ്‍മക്കളുടെ കൈയ്യും പിടിച്ച് വഴിമാറിനടക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ഇത് സിനിമയ്ക്കു വേണ്ടി പടച്ച കഥയല്ല ജീവിതം തന്നെയാണെന്ന് അറിയുമ്പോഴാണ് മഹാവീറിന്റെയും മക്കളുടെയും ഇച്ഛാശക്തി കൂടുതല്‍ വെളിവാകുന്നത്.
തനിക്ക് സാധിക്കാത്തത് മക്കളിലൂടെ നേടുകയെന്ന രക്ഷാകര്‍തൃ കേന്ദ്രീകൃതമായ ആഗ്രഹവും പിടിവാശിയും തന്നെയാണ് മഹാവീറിനെയും ഭരിക്കുന്നത്. ഇവിടെയും പിതാവ് മക്കളുടെ ആഗ്രഹത്തിന് വിലനല്‍കുന്നില്ല. എന്നാല്‍ അച്ഛന്റെ ശരികള്‍ തങ്ങളുടെ കൂടി ശരിയായിരുന്നുവെന്ന് മക്കള്‍ മനസ്സിലാക്കുന്നിടത്താണ് ദംഗലിന്റെ കഥയും ജീവിതവും വ്യത്യസ്തമാകുന്നത്.
ദംഗല്‍ എന്ന വാക്കിന് ഗുസ്തിമത്സരം എന്നാണര്‍ഥം. ആണ്‍കുഞ്ഞുണ്ടാകണമെന്നും തന്റെ ഗുസ്തിപാരമ്പര്യം അവനു പകര്‍ന്നുനല്‍കണമെന്നും ആഗ്രഹിക്കുകയാണ് മഹാവീര്‍ സിംഗ് ഫോഗട്ട്. എന്നാല്‍ ഫോഗട്ടിന് ഉണ്ടാകുന്നതെല്ലാം പെണ്‍കുട്ടികളാണ്. തനിക്ക് സാധിക്കാതെ പോയ കായിക ഔന്നത്യങ്ങളിലേക്ക് എത്താന്‍ തന്റെ പെണ്‍മക്കളിലൂടെ നിരന്തരപരിശ്രമങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്യുന്ന പിതാവാണ് അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന മഹാവീര്‍ ഫോഗട്ട്.
മഹാവീര്‍ സിംഗ് ഫോഗട്ട് ഒരു യഥാര്‍ഥ വ്യക്തിത്വമാണ്. ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സില്‍ പങ്കെടുത്ത ഗീത ഫോഗട്ടിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ബബിതാ കുമാരിയുടെയും അച്ഛനാണ് മഹാവീര്‍ സിംഗ്. അവരുടെ ജീവിതമാണ് നിതേശ് തിവാരി സിനിമയാക്കിയിട്ടുള്ളത്.
ദംഗല്‍ ഇന്ത്യ കണ്ട മികച്ച സ്‌പോര്‍ട്‌സ് സിനിമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഗുസ്തിയുടെ നിയമാവലികള്‍ അറിയാത്തവര്‍ക്കുപോലും ആവേശമുണ്ടാക്കുന്ന തരത്തിലാണ് ദംഗലിലെ ഗുസ്തിമത്സരങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. മത്സരത്തിന്റെ ആവേശം തെല്ലും ചോര്‍ന്നുപോകാത്ത തരത്തിലുള്ള പശ്ചാത്തലസംഗീതവും നിശബ്ദതയും കാഴ്ചക്കാരനില്‍ ആകാംക്ഷയും ആവേശവുമായി എത്തിക്കുന്നതില്‍ ചിത്രം പൂര്‍ണമായി വിജയിച്ചിരിക്കുന്നു.
കഥാപാത്രങ്ങളായി എത്തുന്നവരുടെ മികവാണ് ദംഗലിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു സംഗതി. ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ഖാന്റെ അഭിനയത്തികവ് ദംഗലിലും പരിപൂര്‍ണതയിലെത്തുന്നു. കഥാപാത്രത്തിന്റെ മികവിനായി ഏതറ്റവും വരെ പോകുന്ന ഈ ഗുണം അമീറിന്റെ സിനിമകളിലെല്ലാം കാണാം. മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങള്‍ക്കായി ശരീരം ഉറപ്പിച്ചും അയച്ചും അമീര്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു. വിവിധ പ്രായങ്ങളിലെത്തുമ്പോള്‍ അതിന്റെ വ്യത്യാസം മുഖത്തെ പേശികളിലും കണ്ണുകളിലും വരെ ആവാഹിക്കുന്നതു കാണാം.
ഗീത ഫോഗട്ടിന്റെയും ബബിതാ ഫോഗട്ടിന്റെയും കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്ന താരങ്ങള്‍ ദംഗലിന്റെ കാഴ്ചമൂല്യത്തിന് മുതല്‍ക്കൂട്ടാണ്. അഭിനയക്കാര്യത്തില്‍ ഇത്രയേറെ സ്വാഭാവികത കാട്ടിയ ബാലതാരങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. പലപ്പൊഴും അമീര്‍ഖാനെ സ്‌ക്രീനില്‍നിന്ന് അപ്രസക്തനാക്കി സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ സൈറ വസിം, സുഹാനി ഭട്‌നഗര്‍ എന്നീ കുട്ടിത്താരങ്ങള്ക്കാകുന്നുണ് ട്.
ദംഗല്‍ കേവല കാഴ്ചയ്ക്കപ്പുറം അനുഭവിച്ചറിയേണ്ട വികാരമായി അവശേഷിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടത്തിലേക്ക് എത്തിയ സിനിമ പതിവ് ബോളിവുഡ് കില്ലാഡി, മാസ് മസാല ക്ലിഷേ ഗണത്തിലുള്ള ഒന്നല്ലെന്നതാണ് ഏറ്റവും വലിയ സന്തോഷം. തന്റെ സിനിമകള്‍ താരങ്ങളെക്കാള്‍ കഥപറച്ചിലിലും കഥാപാത്രങ്ങളിലും മുന്നിട്ടുനില്‍ക്കണമെന്ന നിഷ്‌കര്‍ഷയുള്ള സൂപ്പര്‍താരമാണ് അമീര്‍ഖാന്‍. അദ്ദേഹം എപ്പൊഴും മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം സിനിമയുടെ ആകെത്തുകയുടെ ഒരു ഭാഗം മാത്രമാകാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിലെ നടന്റെയും നിര്‍മാതാവിന്റെയും കലാകാരന്റെയും മികവ് വേറിട്ടുനില്‍ക്കുകയും ചെയ്യും. തുടര്‍ച്ചയായി ഇത്തരം സിനിമകളുടെ ഭാഗമാകുന്നുവെന്നതു തന്നെയാണ് അമീര്‍ഖാന്‍ എന്ന സൂപ്പര്‍താരം ഇന്ത്യന്‍ സിനിമയിലെ മറ്റുവിലപിടിപ്പുള്ള താരങ്ങളില്‍നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നുവെന്നതിന്റെ ഉത്തരവും.
സത്രീശബ്ദം, ഫെബ്രുവരി, 2017
No comments:
Post a Comment