Friday, 3 March 2017

കേരള രാജ്യാന്തര ചലച്ചിത്രമേള;

പത്ത് സിനിമകള്‍, പല കാഴ്ചകള്‍

ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പുകൊണ്ടാണ് ശ്രദ്ധേയമായത്. ഒട്ടേറെ മികച്ച സിനിമകള്‍ കാണാനായി എന്ന സംതൃപ്തി മേളയ്‌ക്കെത്തിയ ഓരോ ഡെലിഗേറ്റിനുമുണ്ടാക്കാനായി എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. ഇത്തവണ ചലച്ചിത്രമേള തുടങ്ങുന്നതിനുമുമ്പുതന്നെ സിനിമകളുടെ തെരഞ്ഞെടുപ്പ് മികച്ചതാണെന്ന ആത്മവിശ്വാസം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാപോള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാക്കുകള്‍ അര്‍ഥവത്തായെന്ന് മേള അവസാനിക്കുമ്പോള്‍ പ്രതിനിധികള്‍ക്കും തോന്നിയിരിക്കാം. 
വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച 184 ചിത്രങ്ങളില്‍ ഭൂരിഭാഗവും ആസ്വാദകരില്‍ മികച്ച അഭിപ്രായമുണ്ടാക്കാന്‍ പോന്നതായിരുന്നു. പ്രതിനിധികള്‍ക്ക് മികച്ച തെരഞ്ഞെടുപ്പ് സാധ്യമാക്കിയ ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിലെ സിനിമകളായിരുന്നു വൈവിധ്യത്തില്‍ മുന്നിലെത്തിയത്. 81 സിനിമകളാണ് ഈ വിഭാഗത്തില്‍ മാത്രമായി പ്രദര്‍ശിപ്പിച്ചത്.
മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരവിഭാഗത്തില്‍ ജനപ്രിയതയില്‍ ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലാന്‍ഡറും ഈജിപ്തില്‍നിന്നുള്ള ക്ലാഷും മുന്നിലെത്തി. സുവര്‍ണചകോരത്തിന് മത്സരിച്ച മറ്റു ചിത്രങ്ങളായ സിങ്ക്, വെയര്‍ഹൗസ്ഡ്, ഡൈ ബ്യൂട്ടിഫുള്‍, വേര്‍ ആര്‍ മൈ ഷൂസ്, കാടുപൂക്കുന്ന നേരം, മാന്‍ഹോള്‍ എന്നിവയും മികച്ച പ്രതികരണമുണ്ടാക്കി. ലോകസിനിമാ വിഭാഗത്തില്‍ ഡോട്ടര്‍, ഇന്‍ഡിവിസിബിള്‍, ഏഞ്ജല്‍, സുവോളജി, മിനിസ്ട്രി ഓഫ് ലൗ, നെരൂദ, ദ നെറ്റ്, ഓര്‍ഡിനറി പീപ്പിള്‍, നവാരാ, പാര്‍ട്ടിങ്, ദ ഡ്രീമര്‍ദ വാള്‍ട്ടിങ്, രാരാ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയില്‍ മുമ്പിലെത്തി.
രാജ്യത്തെ സമകാലിക ജീവിതാവസ്ഥ അടയാളപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെഇന്ത്യന്‍ സിനിമ സജീവസാന്നിധ്യമറിയിച്ച മേള കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു. പല വിഭാഗങ്ങളിലായി മേളയില്‍ ഏറ്റവുമധികം േ്രപക്ഷകശ്രദ്ധയാകര്‍ഷിക്കുകയും സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നതുമായ പത്തു ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. 



കോള്‍ഡ് ഓഫ് കലാന്‍ഡര്‍

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരും അതിജീവനത്തിനായി അവര്‍ നടത്തുന്ന പോരാട്ടവുമാണ് കോള്‍ഡ് ഓഫ് കലാന്‍ഡര്‍ എന്ന തുര്‍ക്കിചിത്രം ഇതിവൃത്തമാക്കുന്നത്. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍  യാഥാര്‍ഥ്യബോധമുള്ള ആവിഷ്‌കാരം കൊണ്ടാണ് കാഴ്ചക്കാരനെ കൈയിലെടുത്തത്. സിനിമയില്‍ പ്രകൃതി സജീവകഥാപാത്രം തന്നെയാകുന്നു. കരിങ്കടലിനുസമീപത്തെ പര്‍വതത്താഴ്വരയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ദുരിതംമാത്രം തുണയായുള്ള കുടുംബമാണ് മെഹ്മത്തിന്റേത്. കന്നുകാലി വളര്‍ത്തലും മറ്റുമായി ജീവിതം മുന്നോട്ടുപോകുമ്പോഴും എന്നെങ്കിലും ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷയില്‍ പര്‍വതപ്രദേശത്ത് ധാതുഖനി കണ്ടെത്താന്‍ അയാള്‍ പരിശ്രമം തുടരുന്നു. ജീവിതത്തിന്റെ പരുഷയാഥാര്‍ഥ്യങ്ങള്‍ മാത്രം പിന്തുടരുന്ന അയാള്‍ ചിരിക്കാന്‍ പോലും മറക്കുന്നുണ്ട്. ഒടുവില്‍ തന്റെ ലക്ഷ്യം കൈവെള്ളയില്‍ ഒതുങ്ങുമ്പോള്‍ മാത്രമാണ് അയാള്‍ക്ക് നേര്‍ത്ത ഒരു പുഞ്ചിരി മുഖത്തു വരുത്താനാകുന്നത്. മഞ്ഞുവീഴ്ചയും അപകടമേറിയ പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് ആറുവര്‍ഷത്തിലേറെയെടുത്ത് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ആവിഷ്‌കാരത്തിലെ സത്യസന്ധത പൂര്‍ണമായും കാഴ്ചക്കാരന് ലഭിക്കും. കണ്‍മുന്നിലൊരു ജീവിതം കാണുന്ന പ്രതീതിയില്‍ കാഴ്ചക്കാരനും തിരശ്ശീലയും ഒന്നാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യന്റെ അതിജീവനവും വിഷയമാക്കിയ ചിത്രം മുസ്തഫ കാരാ എന്ന സംവിധായകന്റെ പ്രയത്നത്തിന്റെ വിജയം കൂടിയാണ്. വിവിധ ഋതുക്കളില്‍ പ്രകൃതിക്ക് സംഭവിക്കുന്ന മാറ്റത്തിനായി കാത്തിരുന്ന് ചിത്രീകരിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍ മികച്ച ദൃശ്യാനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.



ക്ലാഷ്


ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭവും ജനങ്ങളുടെ ചെറുത്തുനില്‍പ്പും ഭിന്നതയും വിഷയമാക്കിയ മുഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് പൂര്‍ണമായും ഒരു രാഷ്ട്രീയ സിനിമയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചലനാത്മകതയെ ഓരോ ഫ്രെയ്മിലും ആവാഹിക്കുകയാണ് ഈ ചിത്രം. പ്രേക്ഷകരെ ലഹളയും പ്രക്ഷോഭവും അക്രമവും പൊലീസ് ലാത്തിച്ചാര്‍ജും നിത്യസംഭവമായ ഒരു രാജ്യത്തിന്റെ സംഘര്‍ഷം നിറഞ്ഞ തെരുവിലേക്കാണ് കൊണ്ടുപോകുന്നത്. സംഘര്‍ഷത്തിലേക്കു വലിച്ചെറിയപ്പെടുന്ന അനുഭവം പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നു. ഹാന്‍ഡ് ക്യാമറയില്‍ ഷൂട്ടു ചെയ്ത ക്ലാഷ് സംവിധാനത്തിലും ഛായാഗ്രഹണത്തിലും പുതുമ നിറഞ്ഞ പരീക്ഷണം.
2011-ല്‍ തുടങ്ങി രണ്ടുവര്‍ഷം നീണ്ടുനിന്ന ഈജിപ്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് ക്ലാഷിന്റെ പശ്ചാത്തലം. തെരുവില്‍ നടക്കുന്ന പ്രക്ഷോഭമധ്യത്തിലെ പോലീസ് വാന്‍ കേന്ദ്രമാകുന്ന ചിത്രം പൂര്‍ണമായും വാനിനകത്തുനിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. വാനിനുള്ളില്‍ നടക്കുന്ന സംഭവങ്ങളും വാനില്‍നിന്നു കാണാന്‍ കഴിയുന്ന സംഭവങ്ങളും മാത്രം സൃഷ്ടിക്കുന്ന സംഘര്‍ഷം തന്നെ കാണിയെ ശ്വാസം മുട്ടിക്കാന്‍ പോന്നതാണ്. 
ചലച്ചിത്ര സാങ്കേതിക വിദ്യയില്‍ പൊളിച്ചെഴുത്ത് നടത്തുന്ന ക്ലാഷ് സമകാലിക രാഷ്ട്രീയത്തോടും കാലത്തോടുമുള്ള ധാരണയും കാഴ്ചപ്പാടുകളുമുള്ള ഭാവനാശാലിയായ സംവിധായകനെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.


ദി നെറ്റ്
കിം കി ഡുക്കിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട 'ദ നെറ്റ' വെനീസ്, ടൊറോന്റോ മേളകളില്‍ മികച്ച അഭിപ്രായം കേള്‍പ്പിച്ചാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയത്. ഉത്തര, ദക്ഷിണ കൊറിയകളുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന നെറ്റ് കിം കി ഡുക്കിന്റെ ശൈലിമാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. കിം കി ഡുക്കിന്റെതായി അഞ്ചുവര്‍ഷത്തിനിടെ പുറത്തുവന്ന ചിത്രങ്ങളില്‍ വയലന്‍സിന്റെ ആധിക്യമുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. സംവിധായകന്റെ ചിന്താഗതിയിലുണ്ടായ മാറ്റം ശൈലിയിലും സമാനത കണ്ടെത്തിയതാകാം. എന്നാല്‍ താന്‍ സിനിമയിലാവിഷ്‌ക്കരിക്കുന്ന വയലന്‍സിലും സര്‍ഗാത്മകതയുണ്ടെന്നാണ് കിമ്മിന്റെ അഭിപ്രായം. എന്തുതന്നെയായാലും 2015ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് എന്ന ചിത്രത്തോടെ ഈ രീതിക്ക് തെല്ല് മാറ്റം സംഭവിച്ചു. ദി നെറ്റ് എന്ന ഏറ്റവും പുതിയ ചിത്രത്തിലെത്തുമ്പോള്‍ കിം തന്റെ സംവിധാന ശൈലിയിലെ സവിശേഷ വ്യതിയാനമാണ് കൊണ്ടുവരുന്നത്. ഏറെ ധൈര്യത്തോടെ തീവ്രരാഷ്ട്രീയം പറയാന്‍ തയ്യാറായ കിം ഹാസ്യവും പരുഷമായ യാഥാര്‍ഥ്യവും മാനുഷിക, കുടുംബ ബന്ധങ്ങളും ഇഴചേര്‍ത്ത് കഥ പറഞ്ഞിരിക്കുന്നു. വ്യവസ്ഥിതി വ്യക്തിക്കുമേല്‍ എങ്ങനെ ഇടപെടുന്നെന്ന് കാട്ടിത്തരുന്ന ചിത്രം ഉത്തര, ദക്ഷിണ കൊറിയകളുടെ സമകാലിക സാമൂഹികാവസ്ഥയിലേക്കുള്ള നേര്‍നോട്ടമാണ്. എവിടെയും ആത്യന്തികമായി ഇരയാക്കപ്പെടുന്നത് പൗരനാണെന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള ആവിഷ്‌ക്കരണത്തിലൂടെയാണ് കിം തന്റെ പുതിയ ചിത്രം ആസ്വാദകന്റെ നെഞ്ചിലേക്ക് തറയ്ക്കുന്നതാക്കി മാറ്റുന്നത്. 


ഡോട്ടര്‍

ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണചകോരം നേടിയ  റേസാ മിര്‍കാരിമിയുടെ ഇറാനിയന്‍ ചിത്രം ഡോട്ടര്‍ വിഷയത്തിന്റെ സാമൂഹികതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ചിത്രം സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉറച്ച നിലവിളിയായി മാറുന്നു. 
ഇറാനിലെ യാഥാസ്ഥിതിക കുടുംബ സങ്കല്‍പ്പങ്ങളും അതില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയും ചിത്രത്തില്‍ കടന്നുവരുന്നു. ദക്ഷിണ ഇറാനിലെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിലാണ് 'ഡോട്ടര്‍' കടന്നുപോകുന്നത്. സേറ എന്ന പെണ്‍കുട്ടിക്കും അവളുടെ കര്‍ക്കശക്കാരനായ അച്ഛനും ഇടയിലുള്ള അസ്വാരസ്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇറാന്‍ വിടുന്ന സുഹൃത്തിനെ യാത്രയാക്കാന്‍ ടെഹ്റാനിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണ് സേറ. എന്നാല്‍ സ്വന്തം സഹോദരിയുടെ വിവാഹം അതേ സമയത്തു നടക്കുന്നതിനാല്‍ ടെഹ്റാനിലേക്ക് പോകുന്നതിന് വിലക്കു കല്‍പ്പിച്ച് പിതാവ് രംഗത്തെത്തുന്നു. സേറയുടെ യാത്രയും തുടര്‍ന്നുണ്ടാകുന്ന പിന്നീടുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 
പാരമ്പര്യത്തിന്റെ കെട്ടുപൊട്ടിച്ചെറിയാന്‍ വെമ്പുന്ന സ്ത്രീകളെ അപൂര്‍വ്വമെങ്കിലും ഡോട്ടറില്‍ കാണാം. പ്രധാന കഥാപാത്രമായ സേറയും അവളുടെ കൂട്ടുകാരികളും ഇതിന്റെ പ്രതിനിധികളാണ്. വാക്കാലുള്ള ശക്തമായ പ്രതികരണത്തെക്കാള്‍ ആവിഷ്‌ക്കാരമികവുകൊണ്ടാണ് ചിത്രത്തില്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സേറയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നതാണ് പിതാവിന്റെ വേഷം ചെയ്ത ഫര്‍ഹാദ് അസ്ലാനിയുടെ കഥാപാത്രം. അനായാസമായ അഭിനയം കൊണ്ട് കഥാപാത്രത്തിന്റെ വൈകാരികതലങ്ങള്‍ അവിസ്മരണീയമായി അസ്ലാനി അവതരിപ്പിച്ചിരിക്കുന്നു.


മാന്‍ഹോള്‍

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ചിത്രം പറഞ്ഞിരിക്കുന്ന വിഷയംകൊണ്ടും സാമൂഹികപ്രതിബദ്ധത കൊണ്ടും മേളയില്‍ മലയാളത്തിന്റെ അഭിമാനചിത്രമായി മാറി.  മാന്‍ഹോള്‍ വൃത്തിയാക്കുന്ന ജോലി ഇന്ത്യയില്‍ നിയമം മൂലം നിര്‍ത്തലാക്കിയെങ്കിലും ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവര്‍ക്ക് സുരക്ഷയോ അപകടത്തില്‍പെടുമ്പോള്‍ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതൊട്ട് ഈ ജോലിയില്‍ ഏര്‍പ്പെട്ടുവന്ന ജാതി വിഭാഗമാകട്ടെ ഒരു സംവരണത്തിലും ഉള്‍പ്പെടാതെ തീര്‍ത്തും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി എഴുപതു വര്‍ഷത്തിനുശേഷവും തുടരുന്നു. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ മാന്‍ഹോള്‍ അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ഇപ്പൊഴും നടപ്പിലാകുന്നില്ലെന്ന സത്യത്തിലേക്ക് ചിത്രം വിരല്‍ ചൂണ്ടുന്നു.
നമ്മുടെ രാജ്യവും ഭരണകൂടവും താഴേക്കിടയിലുള്ള ജനതയോട് എങ്ങനെയാണ് ഇടപെടുന്നതെന്നും എത്രമാത്രം അരക്ഷിതാവസ്ഥവയിലാണ് ജനം കഴിഞ്ഞുകൂടുന്നതെന്നും മാന്‍ഹോള്‍ ചര്‍ച്ചചെയ്യുന്നു. പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന ചിത്രം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ വ്യക്തമായി അടയാളപ്പെടുത്തന്നതോടൊപ്പം വ്യവസ്ഥിയെ നിശിതമായി ചോദ്യംചെയ്യുന്നുമുണ്ട്. ആദ്യചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത വിധു വിന്‍സെന്റ് സാമൂഹികപ്രതിബദ്ധതയുള്ള വിഷയം സ്വീകരിച്ചതിലൂടെ കൂടുതല്‍ അഭിനന്ദനത്തിനര്‍ഹയാകുന്നു.


വേര്‍ ആര്‍ മൈ ഷൂസ്

മേളയിലെ മത്സരവിഭാഗത്തിലെ ഇറാന്‍ സാന്നിധ്യമായിരുന്നു ക്യുമാഴ്‌സ് പുറാമദ് സംവിധാനം ചെയ്ത വേര്‍ ആര്‍ മൈ ഷൂസ്. രോഗത്തിന്റെയും ഏകാന്തതയുടെയും പശ്ഛാത്തലത്തില്‍ ബന്ധങ്ങളെ വിശകലനം ചെയ്യുകയും വിചാരണ ചെയ്യുകയുമാണ് ചിത്രം.
അല്‍ഷിമേഴ്‌സ് രോഗമാണു ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം. ഫാക്ടറി ഉടമസ്ഥാന്‍ കൂടിയായ ഹബീബ് കവേ എന്ന വയോധികനാണ് പ്രധാന കഥാപാത്രം. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഹബീബ് ജീവിതസായാഹ്നത്തിലേക്കു പ്രവേശിക്കുന്നു. ഓര്‍മ ഉള്‍പ്പെടെ ഒരു വ്യക്തിയെ മനുഷ്യനാക്കി നിലനിര്‍ത്തുന്ന കഴിവുകള്‍ ഓരോന്നായി അദ്ദേഹത്തിനു നഷ്ടപ്പെടുന്നു. ഏകാന്തതയില്‍ രോഗത്തിന്റെ സങ്കീര്‍ണത കൂടിവരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മകള്‍ ഹബീബിനെ കാണാന്‍ ജന്‍മനാടായ ഇറാനിലേക്കു മടങ്ങിവരുന്നതും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റങ്ങളുണ്ടാകുന്നതുമാണ് തുടര്‍പ്രമേയം. 
റേസ കിയാനിയന്‍ ഹബീബ് എന്ന വയോധികന്റെ വേഷം അതിതീവ്രമായി അവതരിപ്പിക്കുന്നു. കുടുംബന്ധങ്ങളുടെ ആഴം രോഗത്തിന്റെ പശ്ഛാത്തലത്തില്‍ വിശകലനം ചെയ്യുന്ന ചിത്രം പ്രണയത്തെയും പ്രതീക്ഷയേയും വിചാരണ ചെയ്യുന്നു. വാര്‍ധക്യത്തിന്റെ യാതനകളും ഏകാന്തതയുടെ അസഹനീയതയും അനുഭവവേദ്യമാക്കുന്നുണ്ട് ചിത്രം. അമേരിക്കന്‍ എഴുത്തുകാരി ലിസാ ജെനോവയുടെ 'സ്റ്റില്‍ ആലീസ്' എന്ന നോവലാണു ചിത്രത്തിന് ആധാരം. 



ഡൈ ബ്യൂട്ടിഫുള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന 21-ാമത് മേളയുടെ ആശയത്തോട് ഏറെ യോജിച്ചു നില്‍ക്കുന്ന സിനിമയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് സിനിമയായ 'ഡൈ ബ്യൂട്ടിഫുള്‍'. തൃഷ എന്ന ഫിലിപ്പിനി ട്രാന്‍സ്ജന്‍ഡറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
തൃഷ ജീവിതത്തില്‍ ആഗ്രഹിച്ച സൗന്ദര്യറാണി പട്ടം നേടുന്ന വേദിയില്‍ വെച്ച് തന്നെ മരണപ്പെടുന്നു. തൃഷയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ തൃഷയുടെ കൂട്ടുകാരിയായ ബാര്‍ബയും മറ്റു കൂട്ടാളികളും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ഗൗരവമേറിയ പ്രമേയം ഹാസ്യം കലര്‍ത്തിപ്പറയാന്‍ സംവിധായകനായ ജൂണ്‍ റോബിള്‍സ് ലാന ശ്രദ്ധിച്ചിട്ടുണ്ട്. ട്രാന്‍സ്ജന്‍ഡറുകളെ കുറിച്ച് ചിത്രം വളരെ ആധികാരികമായി സംസാരിക്കുന്നു. തൃഷ ഒരു ആണ്‍കുട്ടിയുടെ ശരീരത്തില്‍ തന്റെ പെണ്‍ സ്വത്വത്തെ ഉള്‍കൊള്ളാന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ചിത്രം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഒരു ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലും കുടുംബത്തിലും അനുഭവിക്കേണ്ടിവരുന്ന വേദനകളും ആണിന്റെ ഉടലില്‍ ജനിച്ച പെണ്‍മനസിന്റെ സംഘര്‍ഷങ്ങള്‍ ചിത്രം പ്രതിപാദിക്കുന്ന രീതിയും പ്രശംസ അര്‍ഹിക്കുന്നു. പോലോ ബാലസ്റ്റെറോസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണു ഡൈ ബ്യൂട്ടിഫുളിലേത്. 



ഐ ഡാനിയേല്‍ ബ്ലാക്ക്


മുതലാളിത്ത ഭരണകൂടങ്ങളളെയും നിലനില്‍ക്കുന്ന വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുകയാണ് ഐ ഡാനിയല്‍ ബ്ലേക്ക് എന്ന ചിത്രം. മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കുനേരെ കണ്ണുതുറക്കാത്ത ഉദ്യേഗസ്ഥര്‍, നിരാലംബരായ മനുഷ്യര്‍, വ്യക്തിക്കുമേല്‍ ദുഷിച്ച വ്യവസ്ഥിതിയുടെ കടന്നുകയറ്റം എന്നിവയെല്ലാം വിഷയമാക്കുന്ന ചിത്രം വികസിത, ഇവികസിത രാജ്യങ്ങളിലെല്ലാം ഈ സ്ഥിതി ഒരുപോലെയാണെന്നും പറഞ്ഞുവെയ്ക്കുന്നു.
നീതി തേടിവരുന്ന സാധാരണക്കാരന്റെ വല്ലായ്മകള്‍ കണ്ടില്ലെന്നുനടിക്കുന്ന ഉദ്യോഗസ്ഥരെയും നവീന ഓണ്‍ലൈന്‍ സംവിധാനങ്ങളെയും പരിഹസിക്കുന്ന ചിത്രം വികസിത രാജ്യങ്ങളെന്ന് മേനി നടിക്കുന്നവയുടെ അപരിഷ്‌കൃതമുഖവും തുറന്നുകാട്ടുന്നു.  ഇതിനെതിരെ കനത്ത പ്രതിഷേധവും ഡാനിയേല്‍ ബ്ലാക്ക് ഉയര്‍ത്തുന്നുണ്ട്. 
ബ്രിട്ടനില്‍ ഹൃദയാഘാതം വന്ന് ജോലിയില്‍ തുടരാനാകാതെ വന്ന ഡാനിയല്‍ ബ്ലേക്കെന്ന ആശാരിയുടെ ജീവിതമാണ് കേന്ദ്രപ്രമേയമാകുന്നത്. പരിഹാസത്തിലും ഹാസ്യത്തിലും പൊതിഞ്ഞ വാക്കുകള്‍ ശക്തമായ ആയുധമായി ഉപയോഗിച്ചിരിക്കുന്നു. ഹൃദയാഘാതം വന്ന് ജോലിയില്‍ തുടരാനാകാതെ വന്ന ഡാനിയേല്‍, ഉദ്യോഗസ്ഥര്‍ നടത്തുന്ന അവശതാ പരീക്ഷയില്‍ തോല്‍ക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന വിവിധ ഓഫീസ് അനുഭവങ്ങളും ചൂഷണങ്ങളുമാണ് സിനിമയുടെ പ്രമേയം. ഡേവ് ജോണ്‍സും ഹെയ്ലി സ്‌കൈ്വര്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കാന്‍ ഫെസ്റ്റിവെലില്‍ പാം ദി ഓര്‍ പുരസ്‌ക്കാരത്തിന് ചിത്രം അര്‍ഹമായിരുന്നു.


മെര്‍ക്കു തൊടര്‍ച്ചി മലൈ


തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ച് ഗ്രാമീണരെത്തന്നെ ക്യാമറയ്ക്കു മുന്നിലെത്തിച്ചുവെന്നതാണ് മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തെ പ്രതിനിധീകരിച്ച് പ്രദര്‍ശിപ്പിച്ച ലെനിന്‍ ഭാരതിയുടെ ചിത്രത്തിന്റെ സവിശേഷത. 
സഹ്യപര്‍വത താഴ്‌വരയിലെ ജനജീവിതം പ്രമേയമാക്കിയ 'മെര്‍ക്കു തൊടര്‍ച്ചി മലൈ'(സഹ്യപര്‍വതം) യാഥാര്‍ഥ്യബോധമുള്ള ആവിഷ്‌കാരംകൊണ്ടാണ് അഭിനന്ദനമര്‍ഹിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. ചായങ്ങളൊന്നും തേയ്ക്കാതെ ഗ്രാമീണരെ നേരിട്ട് ക്യാമറയ്ക്കു മുന്നിലെത്തിച്ചാണ് ലെനിന്‍ ഭാരതി ചിത്രം ഒരുക്കിയത്. 
ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട് അതിര്‍ത്തിഗ്രാമത്തിലെ താട്ടംതൊഴിലാളികള്‍ നേരിടുന്ന ദുരിതവും മുതലാളിമാരുടെ ചൂഷണവും അതിലവര്‍ നിസ്സഹായരായിപ്പോകുന്നതും ചിത്രം ചര്‍ച്ചചെയ്യുന്നു. പരമ്പരാഗത തൊഴിലുകളും കൃഷിയുമായി കഴിഞ്ഞുപോന്നിരുന്ന ജനത കണ്‍മുന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ആശങ്കാകുലരാകുന്നു. പുതിയ സംരംഭകരും മുതലാളിമാരും കടന്നു
വരുന്നതോടെ കൃഷിയിടങ്ങള്‍ നഷ്ടപ്പെടുകയും ലാഭകരമായ പുതിയ തൊഴിലുകളും സ്ഥാപനങ്ങളും വരികയും ചെയ്യുന്നു. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ തുടക്കത്തിലേ ഇല്ലാതാക്കുന്നതോടെ സ്വാഭാവികമായും ഗ്രാമീണര്‍ അതിന്റെ ഭാഗമായി മാറുകയാണ്. ഇന്ത്യന്‍ ഗ്രാമീണജീവിതത്തിനുമേല്‍ മുതലാളിത്തത്തിന്റെ കൈകടത്തല്‍ എങ്ങനെ തുടരുന്നുവെന്ന് ചര്‍ച്ചചെയ്യാന്‍ പ്രേക്ഷകന് അവസരം നല്‍കിക്കൊണ്ടാണ് മെര്‍ക്കു തൊടര്‍ച്ചി മലൈ അവസാനിക്കുന്നത്.



കാ ബോഡിസ്‌കേപ്പ്

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്പ്' കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലാണ്  ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. സ്വവര്‍ഗാനുരാഗികളുടെ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മതമൗലികവാദവും പിന്തിരിപ്പന്‍ നയങ്ങളും ചിത്രം വിമര്‍ശിക്കുന്നുണ്ട്.കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിലാണ് 'കാ ബോഡിസ്‌കേപ്പ്' ഒരുക്കിയിരിക്കുന്നത്. 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കോഴിക്കോട്ട് ജീവിക്കുന്ന മൂന്നു യുവസുഹൃത്തുക്കളാണ്. കബഡി കളിക്കാരനായ വിഷ്ണു, സ്വവര്‍ഗാനുരാഗിയായ ചിത്രകാരന്‍ ഹാരിസ്, മുസ്ലിം യുവതി സിയ. കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും സ്വതന്ത്രജീവിതം നയിക്കാനുള്ള അവകാശത്തിനും വേണ്ടി ഇവര്‍ പൊരുതുന്നു. അടിച്ചേല്‍പ്പിക്കുന്ന സദാചാരത്തിനും പരമ്പരാഗത വ്യവസ്ഥിതിക്കുമെതിരെയാണ് ഇവരുടെ ചെറുത്തുനില്‍പ്പ്. ഹാരിസിന്റെ ചിത്രപ്രദര്‍ശനത്തിന്റെ പേരാണ് 'കാ ബോഡിസ്‌കേപ്പ്'.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചത്. ഗേ പരാമര്‍ശവും സ്വവര്‍ഗലൈംഗികതയെ എടുത്തുകാണിക്കുന്ന പോസ്റ്ററുകളും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്. ഇതിനെതിരെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദളിത് രാഷ്ട്രീയം ഇന്ത്യയുടെ സമകാലിക സാഹചര്യത്തിനൊപ്പം പറയാന്‍ ശ്രമിച്ച 'പപ്പിലിയോ ബുദ്ധ' എന്ന ചിത്രത്തിനുശേഷം ജയന്‍ ചെറിയാന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'കാ ബോഡിസ്‌കേപ്പ്'.

സത്രീശബ്ദം, ജനുവരി, 2017

No comments:

Post a Comment