ഹാസ്യമാണ് ഹൃദയത്തിലേക്കുള്ള എളുപ്പവഴി
കലാജീവിതത്തിലെ പരിവര്‍ത്തന ഘട്ടത്തിലാണ് മുകേഷ്. വെള്ളിത്തിരയില്‍ മൂന്നര ദശകം പിന്നിടുമ്പോഴും മുകേഷിന്റെ ഇടം മലയാള സിനിമയില്‍ സുഭദ്രമാണ്. അല്ലെങ്കില്‍ മുകേഷിനെ ഇപ്പൊഴും മലയാള സിനിമയ്ക്ക് ആവശ്യമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകിട കഥാപാത്രങ്ങളും അതില്‍നിന്ന് തമാശ കൈകാര്യം ചെയ്യുന്ന ഉപനായകനായും സ്വഭാവനടനായും നായകനായുമെല്ലാം ഒരുപോലെ തിളങ്ങി. അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നില്ല. വിജയങ്ങളോളം പരാജയങ്ങളുമുണ്ട്. പരാജയ സിനിമകളിലും മുകേഷ് അദ്ദേഹത്തിന്റെതായ ഒരു കൈയ്യൊപ്പോ ചിരിയോ ബാക്കി വെച്ചിട്ടുണ്ടാകും. അതിനാല്‍ അദ്ദേഹം ഒരു കാലത്തും ഫീല്‍ഡ് ഔട്ടായില്ല. തികഞ്ഞ സ്വാതന്ത്ര്യത്തോടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജോമോന്റെ സുവിശേഷങ്ങളി'ലൂടെ ഇതുവരെയുള്ള ഇമേജിനെയെല്ലാം മറികടന്ന പ്രകടനവുമായാണ് മുകേഷ് പ്രേക്ഷകനു മുന്നില്‍ എത്തിയിരിക്കുന്നത്. ജോമോനിലെ വിന്‍സെന്റ് മുതലാളിയെന്ന കേന്ദ്ര കഥാപാത്രം മുകേഷിന് വെല്ലുവിളിയായിരുന്നില്ല. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് അനായാസം സാധിക്കുന്ന പരകായപ്രവേശമായിരുന്നു അദ്ദേഹം നടത്തിയത്.
മുകേഷ് എന്നു പറയുമ്പോള്‍ മലയാളിയുടെ ചുണ്ടില്‍ വരിക ഒരു ചിരിയാണ്. പ്രേക്ഷകരുടെ ഈ അംഗീകാരം വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ നടന്‍ നേടിയെടുത്തതാണ്. ഗൗരവമേറിയ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകാംഗീകാരം നേടിയെടുത്ത് അഭിനയജീവിതത്തിലെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും മുകേഷില്‍ ആ ചിരി തുടരുകയാണ്. ചിരിയില്ലാതെ മുകേഷിനെ മലയാളിക്ക് സങ്കല്‍പിക്കാന്‍ വയ്യ. സത്യന്‍ അന്തിക്കാടിനും ഇക്ബാല്‍ കുറ്റിപ്പുറത്തിനും ഇത് നന്നായി അറിയാമെന്നതാണ് ജോമോനിലൂടെ അവര്‍ തെളിയിച്ചത്.
ജോമോനിലെ വിന്‍സെന്റ് മുതലാളി കഠിനപാതയിലൂടെ സഞ്ചരിക്കേണ്ടിവരുന്നയാളാണ്. എന്നാല്‍ തകര്‍ച്ചയിലും അയാള്‍ ആത്മവിശ്വാസവും ചിരിയും നിലനിര്‍ത്തുന്നു. ഹാസ്യത്തില്‍നിന്ന് വൈകാരികതയിലേക്കും തിരിച്ചുമുള്ള സഞ്ചാരമാണ് ഈ കഥാപാത്രത്തിന് ജീവനേകുന്നത്. മുകേഷിലെ നടന്റെ പരിവര്‍ത്തനത്തിന്റെ വിജയവും ഇത്തരം സീനുകളിലാണ്. അത്രമേല്‍ അനായാസമായാണ് അദ്ദേഹം ഈ രണ്ടു വികാരവും ഉള്‍ക്കൊണ്ട് നാലു മുതിര്‍ന്ന മക്കളുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ജോമോന്റെ വിശേഷങ്ങളും ഒപ്പം മറ്റു സിനിമാവിശേഷങ്ങളും ഓര്‍മകളും പങ്കുവെയ്ക്കുകയാണ് ജനപ്രതിനിധി കൂടിയായ മലയാളത്തിന്റെ പ്രിയനടന്‍.
? . ജോമോന്റെ സുവിശേഷങ്ങള്‍ക്ക് തീയേറ്ററില്‍നിന്ന് മികച്ച പ്രതികരണമാണ്. യുവപ്രേക്ഷകരും കുടുംബങ്ങളും ചിത്രത്തെ ഒരുപോലെ ഏറ്റെടുത്തുകഴിഞ്ഞു. എങ്ങനെയായിരുന്നു ജോമോന്റെ സുവിശേഷങ്ങളിലേക്ക് എത്തിയത്?
- ഒരു വര്‍ഷം മുന്‍പ് ഒരു യാത്രയ്ക്കിടയിലാണ് ഫോണില്‍ വിളിച്ച് സത്യന്‍ അന്തിക്കാട് ഈ സിനിമയെപ്പറ്റി പറയുന്നത്. 'ഞാനും ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. അതിലെ പ്രധാന കഥാപാത്രം മുകേഷ് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.'-ഇങ്ങനെയാണ് സത്യന്‍ അന്നു പറഞ്ഞത്. 'നല്ല കാര്യം, വളരെ സന്തോഷം. നിങ്ങളുടെ കൂടെ ഒരു സിനിമ ചെയ്യാനാകുമല്ലോ' എന്നു മറുപടിയും കൊടുത്തു. പിന്നെ കൂടുതല്‍ സംസാരിച്ചില്ല. അന്ന് കഥ മുഴുവനായിട്ടില്ല. പിന്നീടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊക്കെ തീരുമാനിക്കുന്നത്. കഥ പറയാനായി ഇക്ബാലും സത്യനും പലതവണ വിളിക്കുകയും തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നീണ്ടുപോകുകയും ചെയ്തു. അതും ഇതും കുഴയുമോ, തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.എല്‍.എ. ആയാല്‍ അഭിനയിക്കുമോ എന്നെല്ലാം സത്യന് ആശങ്കയുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് ഞാന്‍ ബോധ്യപ്പെടുത്തി. പിന്നീട് ഒരു കല്യാണത്തിനിടയില്‍ സമയം കിട്ടിയപ്പോഴാണ് കഥ പറയുന്നത്. എന്റെ തിരഞ്ഞെടുപ്പ് തിരക്കെല്ലാം കഴിഞ്ഞാണ് പിന്നീട് ഷൂട്ടിങ് പ്ലാന്‍ ചെയ്തത്.
?ജോമോന്റെ സുവിശേഷങ്ങളിലെ വിന്‍സെന്റ് മുതലാളിയെന്ന കഥാപാത്രം മുകേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരിക്കും. എങ്ങനെ വിലയിരുത്തുന്നു സ്വന്തം കഥാപാത്രത്തെ?
ഇതെന്റെ കലാജീവിതത്തിലെ രണ്ടാംഘട്ടമാണ്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ ഇമേജ് ഒരു പ്രശ്‌നമല്ല. ഞാനൊരു അച്ഛന്‍ വേഷം ചെയ്യുമോ, അതും ദുല്‍ഖറിന്റെ അച്ഛന്‍ വേഷം ചെയ്യുമോ എന്നൊക്കെ സത്യന് സംശയമുണ്ടായിരുന്നു. പക്ഷെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, 'അഭിനയം ഇഷ്ടപ്പെടുന്ന ആരും ഇത് വേണ്ട എന്നു പറയില്ല. ഏതൊരു നടനും സ്വപ്നം കാണുന്ന കഥാപാത്രം. നാടകത്തിലെപ്പോലെയല്ല, സിനിമയില്‍ ഇമേജ് പ്രശ്‌നമാണ്. പ്രായമായ റോളൊക്കെ ചെയ്താല്‍ നമ്മളെ പിന്നെ സ്ഥിരം വൃദ്ധനാക്കും. പക്ഷേ നല്ല വേഷമാണേല്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചോളും. ജോമോനിലെ കഥാപാത്രത്തെപ്പറ്റി അങ്ങനെയൊരു പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു.'
സത്യന്‍ ദുല്‍ഖറിനോട് കഥ പറഞ്ഞുതുടങ്ങിയത് ആരാണ് അച്ഛന്‍വേഷം ചെയ്യുന്നത് എന്നു പറയാതെയാണ്. 20 സീന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു, 'ആരാണ് അച്ഛന്‍വേഷം ചെയ്യുന്നത്?'. മുകേഷാണെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞുവത്രെ, 'മുകേഷ് അങ്കിള്‍ സമ്മതിച്ചോ, എന്നാല്‍ എനിക്കിനി കഥ കേള്‍ക്കണ്ട' എന്ന്.
വികാരാധീനനാകുകയും പെട്ടെന്ന് തമാശയിലേക്ക് മാറുകയും ചെയ്യുന്നുണ്ട് പല സീനുകളിലും വിന്‍സെന്റ് എന്ന കഥാപാത്രം. 'സെന്റിമെന്‍സ് മാത്രമായിപ്പോയാല്‍ വലിയ പ്രശ്‌നമാണ്. അതിനിടയില്‍ പെട്ടെന്ന് കയറിവരുന്ന ഹാസ്യം ആളുകള്‍ ഇഷ്ടപ്പെടും. തിരിച്ചും അങ്ങനെ തന്നെ. ജോമോനില്‍ ഇതാണ് വിജയിച്ചത്.'
സത്യന്‍ മാത്രമല്ല സിദ്ധിഖും പ്രിയദര്‍ശനുമൊക്കെ ഹാസ്യത്തിലൂടെയാണ് സെന്റിമെന്‍സ് പറഞ്ഞിട്ടുള്ളത്. തമാശയാണ് ഹൃദയത്തിലേക്കുള്ള എളുപ്പവഴിയെന്ന് ഇവര്‍ക്കെല്ലാം അറിയാം.
? സംവിധായകന്‍ സിദ്ധിഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് ഹാസ്യനടന്മാരുണ്ട്. നായകനടന്മാരുണ്ട്. എന്നാല്‍ ഏറ്റവുമെളുപ്പം ഹാസ്യംചെയ്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു നായകനടനെ ഓര്‍ത്താല്‍, ആദ്യം പറയുന്ന പേര് മുകേഷിന്റെതാണെന്ന്. എങ്ങനെയായിരിക്കും മുകേഷ് ഹാസ്യത്തില്‍ ഇത്രയേറെ വിജയിച്ചത്?
- എന്റെ ആദ്യസിനിമയിലെ കഥാപാത്രമൊന്നും തമാശ പറയുന്നയാളല്ല. തുടക്കകാലത്ത് ചെയ്ത തമാശ റോളുകളാണ് മറ്റു വേഷങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്. അപ്പോള്‍ 'ഇവന്‍ തമാശ പറഞ്ഞാല്‍ കൊളളാമായിരിക്കും' എന്നൊരു തോന്നല്‍ സംവിധായകരിലും ഉണ്ടായിക്കാണണം. പിന്നീട് അത്തരം റോളുകളാണ് തുടര്‍ച്ചയായി വന്നത്. നായകന്‍ തന്നെ ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുക എന്നൊരു പുതുമ അങ്ങനെ മലയാളസിനിമയില്‍ ഉണ്ടായി.
ചിരിപ്പിക്കാനാണ് പ്രയാസം. ടൈമിങ് പ്രധാനമാണ്. റിഹേഴ്‌സലിലൊക്കെ ചില സാധനങ്ങള്‍ പെട്ടെന്ന് നമ്മുടെ കൈയ്യില്‍നിന്ന് അറിയാതെ വരും. അതപ്പോള്‍ വരുന്നതാണ്. ഒരുപക്ഷേ ടേക്ക് എടുക്കുമ്പോള്‍ ആ ടൈമിങ് കിട്ടണമെന്നില്ല. 'ക്രോണിക്ക് ബാച്ചിലറി'ന്റെ ഷൂട്ടിങ്ങിനിടയില്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഞാനും മമ്മൂട്ടിയും ചേര്‍ന്നുള്ള സീനാണ് റിഹേഴ്‌സല്‍ എടുക്കുന്നത്. ഒരു ടെലിഫോണ്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവിടത്തെ പെണ്‍കുട്ടി എന്നോട് ചോദിക്കും. കൂടെയുള്ളത് ആരാ? 'കസിനാണ്' എന്റെ മറുപടി. ഓ..'ഹി ഈസ് ഹാന്‍സം' -പെണ്‍കുട്ടിയുടെ മറുപടി. ഉടന്‍ ഞാന്‍ പറഞ്ഞതിങ്ങനെയാണ്.' ഓ എന്തുചെയ്യാന്‍ എറിയാന്‍ അറിയുന്നവന്റെ കൈയ്യില്‍ വടികൊടുക്കില്ലല്ലോ, എവിടാ വീട്? '. ഇതു പറഞ്ഞു നിര്‍ത്തിയതും സെറ്റില്‍ കൈയ്യടിയും ചിരിയും. സിദ്ധിഖിനൊക്കെ നന്നായി രസിച്ചു. ഈ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതാണ്. റിഹേഴ്‌സല്‍ ആയതുകാരണം അത് ഷൂട്ട് ചെയ്തിരുന്നില്ല. പിന്നീട് ക്യാമറയുടെ മുമ്പില്‍ ഈ ടൈമിങ്ങില്‍ അത് വന്നതുമില്ല. സിനിമയിലും അതില്ല. ഇത് ഹാസ്യത്തിനു മാത്രമുള്ള പ്രത്യേകതയാണ്. സെന്റിമെന്‍സ് നമുക്ക് പഠിച്ച് അഭിനയിക്കാം. പക്ഷേ തമാശ അങ്ങനെ സാധിക്കില്ല.
?വിന്‍സെന്റ് മുതലാളിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെ?
- സിനിമ കണ്ട് ഒരുപാടുപേര്‍ വിളിച്ചു. പെട്ടെന്ന് ഓര്‍മ വരുന്ന പേര് സംവിധായകന്‍ ജോണി ആന്റണിയുടെതാണ്. ജോണി സിനിമ കണ്ട് ഇറങ്ങിയശേഷം വിളിച്ച് 'അഭിനന്ദനം. ഒന്നും കളയാനില്ല. കൂടിയോ കുറഞ്ഞോ ഇരിക്കുന്നില്ല' എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സീന്‍ ബൈ സീനുകളിലുള്ള പ്രത്യേകതകള്‍ ജോണി എടുത്തുപറഞ്ഞു. അതിനുശേഷം ജോണിയുടെ ഭാര്യയും മകളും സിനിമയെയും കഥാപാത്രത്തെയും അഭിനന്ദിച്ചു സംസാരിച്ചു. കഥാകൃത്ത് എബ്രഹാം മാത്യു ചോദിച്ചത് 'ജോമോനെയും വിന്‍സെന്റിനെയും പോലെ മുകേഷും അച്ഛനുമായി ഇത്തരമൊരു അടുപ്പമുണ്ടായിരുന്നോ, അതാണോ ഈ കഥാപാത്രം ഇത്രയധികം ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ സാധിച്ചത്' എന്നായിരുന്നു. ഞാനും അച്ഛനും തമ്മില്‍ ഇങ്ങനെയൊരു അടുപ്പമല്ലായിരുന്നു. ബഹുമാനം കലര്‍ന്ന ഭയത്തോടെയായിരുന്നു അച്ഛനെ കണ്ടിരുന്നത്. പക്ഷേ ഞാനും എന്റെ മക്കളും തമ്മില്‍ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന തരത്തിലുള്ള അടുപ്പമാണ്. ജോമോനെയും വിന്‍സെന്റിനെയും എന്നോടും മക്കളോടുമാണ് കൂടുതല്‍ സാമ്യപ്പെടുത്താനാകുക. ആ ബന്ധം സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്.
സിനിമ കണ്ട ഒരു പ്രേക്ഷകന്‍ വിളിച്ചുപറഞ്ഞത് 'എന്റെ അച്ഛനെ എനിക്ക് ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ജോമോനെയും വിന്‍സെന്റിനെയും പോലെയുള്ള അപ്പനും മകനുമാകാന്‍ കഴിയുക വലിയ പുണ്യമാണ്' എന്നാണ്.
ഇതുപോലെ വേറെയും ഒരുപാടുപേര്‍ അവരുടെ അനുഭവമായിക്കണ്ടും ബന്ധങ്ങളിലെ തീവ്രത അനുഭവിച്ചറിഞ്ഞും വിളിക്കുന്നുണ്ട്. സിനിമ തീയേറ്ററില്‍ പോയി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദുബായ് റിലീസിനുമുമ്പ് ഒരു പ്രിവ്യു വെച്ചിട്ടുണ്ട്. സത്യനും ഇക്ബാലും ദുല്‍ഖറിനുമൊപ്പം അന്നു സിനിമ കാണും.
?ദുല്‍ഖറുമൊത്തുള്ള കോമ്പിനേഷന്‍ വളരെയധികം അഭിനന്ദനം നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിനിടയിലെ അനുഭവം എങ്ങനെയായിരുന്നു?
- അച്ഛന്‍ കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ദുല്‍ഖര്‍ തൃപ്തനായിരുന്നു. ആ ഒരു സന്തോഷം ഷൂട്ടില്‍ ഉടനീളം പോസിറ്റീവായി പ്രതിഫലിച്ചു. അതാണ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കും പകര്‍ന്നുകിട്ടുന്നത്. പല സീനുകളിലും ഞങ്ങള്‍ ആ സമയത്ത് തോന്നിയ ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പലതും സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. പലപ്പൊഴും ദുല്‍ഖറില്‍നിന്ന് അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുണ്ടായിട്ടുണ്ട്. അപ്പനും മകനുമൊത്തുള്ള ചില സെന്റിമെന്‍സ് സീനുകളിലൊക്കെ അത് നന്നായി വര്‍ക്ക് ഔട്ട് ചെയ്തു. സ്വാഭാവികമായ അഭിനയ ശേഷിയുള്ള നടനാണ് ദുല്‍ഖര്‍.
? നടന്‍, അവതാരകന്‍, എം.എല്‍.എ. ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍, തിരക്ക്. സിനിമയില്‍ ഇനി സെലക്ടീവ് ആകുമോ?
- ഇപ്പോള്‍ എം.എല്‍.എ. എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം. ആ തിരക്കുകള്‍ മാറ്റിവയ്ക്കാനാവില്ല. ഇപ്പോള്‍ സിനിമകള്‍ വാരിവലിച്ച് ചെയ്യുന്നില്ല. നേരത്തെ തൊഴില്‍ എന്ന നിലയ്ക്ക് ഒന്നും നോക്കാതെ ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയത് സാധിക്കില്ല. സമയവും പ്രശ്‌നമാണ്. രണ്ടു പുതിയ സിനിമകളുടെ കരാര്‍ മാത്രമാണ് ഇപ്പോള്‍ ഏറ്റിട്ടുള്ളത്. ദിലീപ് നായകനായ രാമലീല, നിവിന്‍പോളി-ശ്യാമപ്രസാദ് ചിത്രം. പോലീസ് ഓഫീസറുടെ വേഷമാണ് രാമലീലയില്‍. എന്റെ സൗകര്യത്തിനുവേണ്ടി ഷൂട്ടിങ് സമയത്തില്‍ അവര്‍ ഒരുപാട് വിട്ടുവീഴ്ച ചെയ്തുതരുന്നുണ്ട്. ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛന്‍ വേഷമാണ്. നേരത്തെപ്പറഞ്ഞ പോലെ ടൈപ്പ് ചെയ്യുമെന്ന് ഒട്ടും ആശങ്കയില്ലാത്തതുകൊണ്ടാണ് ഈ വേഷം ഏറ്റത്. ജോമോനിലെ പോലെ മികച്ച കഥാപാത്രമായിരിക്കും ഇതും. ചാനല്‍ അവതാരകന്റെ ജോലി നമ്മുടെ സമയത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഷൂട്ട് ചെയ്യാമെന്ന ഒരു ആനുകൂല്യമുണ്ട്. ഈ തിരക്കുകള്‍ക്കിടയിലാണ് മുകേഷ് കഥകള്‍ വീണ്ടും എന്ന പുസ്തകം എഴുതിയത്. സിനിമാ ജീവിതത്തിലെയും ലൊക്കേഷനിലെയും രസകരമായ അനുഭവങ്ങളാണ് ഇതില്‍ കൂടുതലായി വരുന്നത്.
? ചാനല്‍ അവതാരകന്‍ എന്ന നിലയില്‍ മുകേഷിന്റെ ജനകീയത വര്‍ധിച്ചിട്ടുണ്ട്?
- തീര്‍ച്ചയായും. തിരഞ്ഞെടുപ്പ് പ്രചരണത്തിനൊക്കെ പോകുമ്പോള്‍ അത് വ്യക്തമായിട്ടുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന പരിപാടികളിലൂടെ നടന്‍ എന്ന ഇമേജിനെക്കാള്‍ മുകേഷ് എന്ന മനുഷ്യനെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സിനിമയിലൂടെ നമുക്ക് സാധിക്കാത്ത ചില കാര്യങ്ങള്‍ അവതാരകന്‍ എന്ന റോളിലൂടെ സാധിക്കും. നമ്മുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു വേദി കൂടിയാണത്. പിന്നെ മറ്റൊരു കാര്യം. അതിലും ഹാസ്യമുണ്ട്. അതാണ് ആ പരിപാടി ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നത്.
? സിനിമാനടന്‍ എം.എല്‍.എ. ആയപ്പോള്‍?
-അത് രസകരമാണ്. എന്റെ മണ്ഡലത്തിനു പുറത്തുള്ളവരാണ് എന്നെ കൂടുതലായി വിളിക്കുന്നത്. കാസര്‍ഗോട്ടെ അതിര്‍ത്തിത്തര്‍ക്കത്തിന് കൊല്ലം എം.എല്‍.എയെ വിളിക്കുന്ന അനുഭവം വരെയുണ്ടായി. അവര്‍ക്കൊക്കെ ഒരു വിശ്വാസം കൊണ്ടാണ് വിളിക്കുന്നത്. മുകേഷ് പറഞ്ഞാല്‍ കാര്യം നടക്കും. മുകേഷ് എം.എല്‍.എ. മാത്രമല്ലല്ലോ നടന്‍ കൂടിയല്ലേ. എല്ലാവരും അറിയും. പറഞ്ഞാല്‍ കേള്‍ക്കും. അങ്ങനെയൊരു വിശ്വാസം. ആരെയും നിരാശപ്പെടുത്താറില്ല. കലാകാരനല്ലേ. അയാള്‍ കേരളത്തിനു മുഴുവന്‍ അവകാശപ്പെട്ടതല്ലേ. അപ്പോള്‍ അതൊരു സന്തോഷവും അംഗീകാരവുമായി കണ്ട് സാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടും. നിയമസഭയിലുമുണ്ട് ഈ കൗതുകം. ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എം.എല്‍.എമാരും അവരവരുടെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് വിളിക്കാറുണ്ട്. ഇതെല്ലാം സിനിമാനടനായതുകൊണ്ടു മാത്രം കിട്ടുന്ന അംഗീകാരമാണ്.
? മലയാള സിനിമയ്ക്ക് പൊതുവെ ഒരു ഉണര്‍വ്വുണ്ട്. പുതുതലമുറ സിനിമയിലേക്ക് കടന്നുവരുന്നു. അഭിനയത്തിലും സാങ്കേതിക മേഖലയിലുമെല്ലാം ഒട്ടേറെ പുതിയ ആളുകള്‍. എങ്ങനെ കാണുന്നു ഈ മാറ്റം?
-വളരെ പോസിറ്റീവായ മാറ്റമാണ്. കഴിവുള്ള ഒരുപാടുപേര്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല മത്സരവുമുണ്ട്. അത് അഭിനേതാക്കളുടെ കാര്യത്തിലായാലും അണിയറപ്രവര്‍ത്തകരുടെ കാര്യത്തിലായാലും. സിനിമയ്ക്കും ഇതിന്റെ ഗുണം കിട്ടിത്തുടങ്ങിയിട്ടുണ്ട്. മികച്ച സിനിമകളുണ്ടാകുന്നുണ്ട്. കുറേക്കൂടി പ്രൊഫഷണലായിട്ടുണ്ട് നമ്മുടെ സിനിമ.
ചിത്രഭൂമി, ജനുവരി 28, 2017
No comments:
Post a Comment