Friday, 3 March 2017

കേരളത്തിന്റെ സിനിമാമേളയ്ക്ക് കൊടിയേറ്റം


ഡിസംബറിന്റെ ആദ്യ ആഴ്ചകള്‍ തിരുവനന്തപുരത്തിന് സിനിമയുടേതാണ്. വിവിധ ദേശങ്ങളില്‍നിന്നായി സിനിമയെന്ന ഒറ്റവികാരത്തിനുമുന്നില്‍ ഒരുമിക്കാനായി എത്തിച്ചേരുന്നവര്‍. ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച് സിനിമയില്‍ ജീവിച്ച് കടന്നുപോകുന്ന പകലിരവുകള്‍. ഒരു ദിവസത്തെ അഞ്ചു പ്രദര്‍ശനവും കാണുവാനായി തീയേറ്ററുകളില്‍നിന്ന് തീയേറ്ററുകളിലേക്കുള്ള ഓട്ടം. എങ്ങും ഉയര്‍ന്നുകേള്‍ക്കുക സിനിമാചര്‍ച്ചകളും ആരവങ്ങളും. രണ്ടു പതിറ്റാണ്ടോളമായുള്ള തലസ്ഥാനനഗരത്തിന്റെ ഈ പതിവിന് വെള്ളിയാഴ്ച തുടക്കമായി.  
കനകക്കുന്ന് നിശാഗന്ധി ഓപ്പണ്‍ തീയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടച്ചടങ്ങോടെ 21-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. ചടങ്ങിനുശേഷം അഫ്ഗാന്‍ ചിത്രം 'പാര്‍ട്ടിങ്' മേളയുടെ ആരംഭചിത്രമായി പ്രദര്‍ശിപ്പിച്ചു. 
62 രാജ്യങ്ങളില്‍നിന്നുള്ള 185 സിനിമകളാണ് ഇത്തവണ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ 15ഉം ലോകസിനിമാ വിഭാഗത്തില്‍ 81ഉം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍  ഇത്തവണ കസാഖിസ്ഥാനില്‍നിന്നുള്ള സിനിമകളാണ്. അഭയാര്‍ഥി, കുടിയേറ്റ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വം വിഷയമാക്കുന്ന ജെന്‍ഡര്‍ ബൈന്‍ഡര്‍ വിഭാഗവുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. 
പ്രതിനിധികളടക്കം 13000 പേര്‍ സിനിമ കാണാനെത്തും. ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ വേദിയായ 2500 പേര്‍ക്കിരിക്കാവുന്ന നിശാഗന്ധി ഉള്‍പ്പടെ 13 തീയേറ്ററുകളിലാണ് പ്രദര്‍ശനം. ടാഗോര്‍, കൈരളി കോംപ്ലക്‌സ്, കലാഭവന്‍, ന്യൂ, ശ്രീപദ്മനാഭ, അജന്ത, ധന്യ, രമ്യ എന്നിവയാണ് മറ്റു തീയേറ്ററുകള്‍. ഒരേസമയം 9000 പേര്‍ക്ക് സിനിമ കാണാനാകും.


ലോകസിനിമകള്‍ 81, മത്സരിക്കാന്‍ 15

മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള രണ്ടു വിഭാഗങ്ങളാണ് ലോകസിനിമയും മത്സരവിഭാഗവും. ലോകസിനിമയിലെ മാറ്റങ്ങളും പുതിയ പ്രവണതകളും തിരിച്ചറിയാനാകുന്ന ഈ പാക്കേജുകളില്‍ അതതു രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പുതിയ സിനിമകളാണ് പ്രേക്ഷകനു മുന്നിലെത്തുക.
ലോകസിനിമാ വിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐ.എഫ്.എഫ്.കെയിലെ ജനപ്രിയ സംവിധായകരിലൊരാളായ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ 'നെറ്റും' ഇത്തവണ ലോകവിഭാഗത്തിലുണ്ട്. ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത 'എ ഡെത്ത് ഇന്‍ ദ ഗുഞ്ച്', ലീനാ യാദവിന്റെ 'പാര്‍ച്ച്ഡ്', ഗുര്‍വിന്ദര്‍ സിംങിന്റെ 'ചൗത്തി കൂട്ട്' എന്നിവയാണ് ലോകവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.
എട്ട് ഇറാനിയന്‍ സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസ്ഗാര്‍ ഫര്‍ഹാദിയുടെ 'ദി സെയില്‍സ്മാന്‍' ഇതില്‍ ഉള്‍പ്പെടും. 2016ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ജാപ്പനീസ് ചിത്രം 'ആഫ്റ്റര്‍ ദി സ്റ്റോം' (ഹിരോകാസു കൊരീദ), ഫ്രഞ്ച് സംവിധായകന്‍ പോള്‍ വെര്‍ഹോവന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'എല്ലി', ചിലിയന്‍ സംവിധായകന്‍ അലെഹാന്‍ന്ത്രോ ഹൊദോറോവ്സ്‌കിയുടെ 'എന്‍ഡ്ലെസ് പോയട്രി', ടര്‍ക്കിഷ് സംവിധായകന്‍ ഫാതിഹ് അകിന്‍ സംവിധാനം ചെയ്ത 'ഗുഡ്ബൈ ബെര്‍ലിന്‍' എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിലെ പ്രധാനപ്പെട്ടവയാണ്.
സുവര്‍ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ കന്നിചിത്രമായ 'മാന്‍ഹോള്‍' ആണ് മേളയില്‍ ചരിത്രം കുറിക്കുന്നത്. ഡോ. ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' എന്ന ചിത്രം പുരോഗമന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയെ അന്വേഷിച്ച് കൊടുംകാട്ടിലെത്തി അവിടെ കുടുങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്. മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍, ഗോവന്‍ ചലച്ചിത്രമേള എന്നിവ ഉള്‍പ്പെടെ ആറോളം മേളകളിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സായ്ബല്‍ മിത്ര സംവിധാനം ചെയ്ത 'ദ ലാസ്റ്റ് മ്യൂറല്‍' എന്ന ബംഗാളി ചിത്രവും സാന്ത്വാന ബര്‍ദലോയുടെ 'മാജ് രാതി കേതകി' എന്ന അസമി ചിത്രവുമാണ് മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍. 
യെസിം ഉസ്തോഗ്ലു സംവിധാനം ചെയ്ത 'ക്ലെയര്‍ ഒബ്സ്‌ക്യോര്‍', മൊഹമ്മദ് ദിയാബിന്റെ 'ക്ലാഷ്', മുസ്തഫ കാരയുടെ 'കോള്‍ഡ് ഓഫ് കലണ്ടര്‍', ജൂ റോബിള്‍സ് ലാനയുടെ 'ഡൈ ബ്യൂട്ടിഫുള്‍', വാങ് സ്യൂബുവിന്റെ 'നൈറ്റ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍', ബ്രേറ്റ് മൈക്കിള്‍ ഇനീസിന്റെ 'സിങ്ക്', ഴാങ് യാങ്ങിന്റെ 'സോള്‍ ഓണ്‍ എ സ്ട്രിംഗ്', നാനാ ഒബിരി യേബോ-മാക്സിമിലിയന്‍ ക്ലോസന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ദ കഴ്സ്ഡ് വണ്‍സ്', ഗ്രീന്‍ സെങിന്റെ 'ദ റിട്ടേണ്‍' , ജാക്ക് സാഗയുടെ 'വെയര്‍ഹൗസ്ഡ്', കിയോമാഴ്സ് പൗരാമദിന്റെ 'വെയര്‍ ആര്‍ മൈ ഷൂസ്' എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, ജൂറി വിഭാഗം, ഹോമേജ്, റെട്രോ, കണ്ടംപററി മാസ്റ്റര്‍, ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്‌സ്, നൈറ്റ് ക്ലാസിക്‌സ്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍, അടൂര്‍-50വര്‍ഷം തുടങ്ങിയ വിഭാഗങ്ങളിലായി മറ്റു പ്രദര്‍ശനങ്ങള്‍ നടക്കും.



മേളയുടെ കേന്ദ്രവിഷയങ്ങള്‍ കുടിയേറ്റവും ലിംഗസമത്വവും 

മേളയുടെ കേന്ദ്രവിഷയമായി മുന്നോട്ടുവച്ചിട്ടുള്ള പലായനവും കുടിയേറ്റവും ലിഗസമത്വവും പ്രമേയമാക്കുന്ന 14 ചിത്രങ്ങളാണ് എട്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. സമകാലിക ലോകത്തെ ജീവിതയാഥാര്‍ഥ്യങ്ങളും ജനതയുടെ സമത്വവും ഈ ചിത്രങ്ങള്‍ ചര്‍ച്ചചെയ്യും. 
ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ തെരഞ്ഞെടുത്ത എട്ട് ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രങ്ങളാണ് മൈഗ്രേഷന്‍ വിഭാഗത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ദൈന്യതയും ദുരിതങ്ങളും അവര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വിവിധ ദേശങ്ങളില്‍ വിവിധ രൂപങ്ങളില്‍ കുടിയേറാന്‍ വിധിക്കപ്പെട്ടവരോടുള്ള അനുഭാവം പ്രഖ്യാപിക്കല്‍ കൂടിയാകും മൈഗ്രേഷന്‍ പാക്കേജ്.
താമിര്‍ എല്‍ സെയിദിന്റെ 'ഇന്‍ ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ സിറ്റി', ജിയന്‍ ഫ്രാന്‍കോ റോസിയുടെ 'ഫയര്‍ അറ്റ് സീ', കെ.എം. കമലിന്റെ 'ഐഡി', ജോനാസ് കാര്‍പിഗ് നാനോയുടെ 'മെഡിറ്ററേനിയ', സാച്ച വൂള്‍ഫിന്റെ 'മെഴ്സീനെയര്‍', റാഫി പിറ്റ്സിന്റെ 'സോയ് നീറോ', മിഡി സെഡിന്റെ 'ദി റോഡ് ടു മണ്ഡാലേ', ക്യാരി ജോജി ഫുക്കുനാഗയുടെ 'സിന്‍ നെമ്പ്രേ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ഈജിപ്ഷ്യന്‍ സംവിധായകനായ താമിര്‍ എല്‍സെയിദിന്റെ ആദ്യ ഫിക്ഷന്‍ ചിത്രമാണ് 'ഇന്‍ ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ സിറ്റി'. 2016 ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കാലിഗിരി ഫിലിം പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. യൂറോപ്പിലെ കുടിയേറ്റക്കാരുടെ പ്രതിസന്ധി സമയത്ത് ലമ്പേഡുസയിലെ സിസിലിയന്‍ ദ്വീപില്‍ ചിത്രീകരിച്ച ജിയന്‍ഫ്രാന്‍കോ റോസി ചിത്രമാണ് 'ഫയര്‍ അറ്റ് സീ'. 
മൈഗ്രേഷന്‍ ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കെ.എം. കമല്‍ സംവിധാനം ചെയ്ത 'ഐ.ഡി'. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഇറ്റലിയില്‍ അനുഭവിക്കുന്ന ദുരിതം പ്രമേയമാക്കി 2015 ല്‍ പുറത്തിറങ്ങിയ 'മെഡിറ്ററേനിയ' എന്ന ഇറ്റാലിയന്‍ ചിത്രവും മേളയിലുണ്ട്. 
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 'ജെന്‍ഡര്‍ ബെന്‍ഡര്‍' എന്ന വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. 
റേ യുങ് സംവിധാനം ചെയ്ത 'ഫ്രണ്ട് കവര്‍' (യു.എസ്.എ), സുധാന്‍ഷു സരിയയുടെ  'എല്‍.ഒ.ഇ.വി', (ഇന്ത്യ), എഡ്വാര്‍ഡോ ഡബ്ല്യു റോയ് ജൂനിയറിന്റെ 'ക്വിക്ക് ചേയ്ഞ്ച്' (ഫിലിപ്പൈന്‍സ്), പെപ്പ സന്‍ മാര്‍ട്ടിന്റെ 'രാരാ' ( ചിലി, അര്‍ജന്റീന), ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്സ്മാര്‍ക്കിന്റെ 'സംതിങ് മസ്റ്റ് ബ്രേക്ക്' (സ്വീഡന്‍), അലന്തേ കവൈതേയുടെ 'ദി സമ്മര്‍ ഓഫ് സാങ്ഐന്‍' (ലിതുവാനിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്) എന്നിവയാണ് 'ജെന്‍ഡര്‍ ബെന്‍ഡര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍. 
ജെന്‍ഡര്‍ ബെന്റര്‍ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ് സുധാന്‍ഷു സരിയ സംവിധാനം ചെയ്ത എല്‍.ഒ. ഇ.വി. പ്രണയത്തിന്റെ രാഷ്ട്രീയത്തിലൂടെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ചിത്രം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗികളായ മൂന്ന് യുവാക്കളുടെ വൈകാരികമായ യാത്രയുടെ കഥയാണ് പറയുന്നത്.


മലയാളത്തിനും ആദരം

മലയാളത്തിലെ മണ്‍മറഞ്ഞ കലാകാരന്മാര്‍ക്കും ജീവിച്ചിരിക്കുന്ന പ്രതിഭകള്‍ക്കും ആദരം നല്‍കി അവരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകരായ രാജേഷ്പിള്ള (ട്രാഫിക്), ശശിശങ്കര്‍ (നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ.റസാഖ് (പെരുമഴക്കാലം), ആലപ്പി ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്‍പ്പന (തനിച്ചല്ല ഞാന്‍) നടന്‍ കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 
സ്മൃതിപരമ്പര വിഭാഗത്തില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജന്മം, മറുപക്കം, അടൂര്‍ 50 വര്‍ഷം എന്ന വിഭാഗത്തില്‍ 'പിന്നെയും' , മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കിസ്മത്ത്, കമ്മട്ടിപ്പാടം, ആറടി, ഗോഡ്‌സേ, കാ ബോഡിസ്‌കാപ്‌സ്, മഹേഷിന്റെ പ്രതികാരം, മോഹവലയം എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും.

ചിത്രഭൂമി, ഡിസംബര്‍ 10, 2016

No comments:

Post a Comment