Sunday, 26 July 2020

ഹാപ്പി @ ഹോം


* നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ലോക്ക് ഡൗണ്‍ കാലത്തിലൂടെ..

വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആറുപേര്‍. ഏതു തിരക്കിലും അല്പം ഇടവേള കിട്ടിയാല്‍ അവര്‍ വീട്ടില്‍ ഓടിയെത്തും. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് കൊവിഡ് ലോക്ക് ഡൗണ്‍ മറ്റു പലരെയും പോലെ വീട്ടിലിരിപ്പിന്റെ തിക്കുമുട്ടലില്ലാത്ത കാലമാണ്. ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് കൃഷ്ണകുമാറും മകള്‍ അഹാനയും മൂന്നര മാസമായി വീട്ടിലുണ്ട്. ഭാര്യ സിന്ധുവിനും മക്കള്‍ ദിയക്കും ഇഷാനിക്കും ഹന്‍സികയ്ക്കും തിരക്കില്ലാതെ താരങ്ങളെ വീട്ടില്‍ കിട്ടിയതിന്റെയും സന്തോഷം.

          നിനച്ചിരിക്കാതെ ഒരു മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍ അതിനെ ചെറുക്കാനുള്ള പ്രധാന വഴി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതു മാത്രമാണെന്ന് തിരിച്ചറിഞ്ഞ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. തിരുവനന്തപുരം മരുതംകുഴിയിലെ 'സ്ത്രീ' എന്ന വീട്ടിലെ ആറുപേരും മൂന്നര മാസമായി സ്വയം തീരുമാനിച്ച ഒരു ക്വാറന്റൈന്‍ മൂഡിലാണ്. പുറത്തുപോകാന്‍ കഴിയാത്തതില്‍ ആര്‍ക്കും പരിഭവമില്ല. ഗൃഹാന്തരീക്ഷം എല്ലാവര്‍ക്കും നല്‍കുന്നത് ഫുള്‍ മോഡ് പോസിറ്റീവ് എനര്‍ജി. എല്ലാവരും അവരവരുടെ ക്രിയേറ്റിവിറ്റികളില്‍ സന്തോഷം കണ്ടെത്തുന്നു. സമയം പോകുന്നില്ല എന്ന പരാതി ആര്‍ക്കുമില്ല. 'സമയം പോരാ' എന്നു മാത്രം ഇടയ്ക്കിടെ പറയും.


* ഷൂട്ട് മുടക്കിയ കൊവിഡ്

ലോക്ക് ഡൗണ്‍ തുടങ്ങുമ്പോള്‍ രണ്ട് സിനിമകളുടെ ഷൂട്ടിലായിരുന്നു കൃഷ്ണകുമാര്‍. രണ്ടു പടത്തിലും തന്റെ സീനുകള്‍ പൂര്‍ത്തീകരിക്കാനായതിന്റെ ആശ്വാസമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ സിനിമകളുടെ ഷൂട്ട് മുഴുവന്‍ പൂര്‍ത്തിയായില്ലെന്ന വിഷമവുമുണ്ട്. 'നാന്‍സിറാണി' എന്ന സിനിമയിലായിരുന്നു അഹാന അഭിനയിച്ചുകൊണ്ടിരുന്നത്. കോട്ടയത്തായിരുന്നു ഷൂട്ട്. ഇതിന്റെ 75 ശതമാനം ഷൂട്ട് പൂര്‍ത്തിയായി. ഇനി ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് അഹാനയുടെ പ്രത്യാശ. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയിലാണ് ഇഷാനി അഭിനയിച്ചിരുന്നത്. ഇതിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായതാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസിന്റെ നായികയായിട്ടാണ് ഇഷാനി അഭിനയിക്കുന്നത്.


* വീട്ടിലിരിക്കൂ; എല്ലാം ശരിയാകുമെന്നേ..

'ഇപ്പോള്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഒഴിവാക്കാന്‍ പറ്റാത്ത അത്യാവശ്യ ജോലിയുള്ളവര്‍ മാത്രം പുറത്തിറങ്ങട്ടെ, അല്ലാത്തവര്‍ വീട്ടിലിരിക്കണം' - കൃഷ്ണകുമാര്‍ പറയുന്നു. അച്ഛന്റെ അഭിപ്രായത്തോട് മക്കള്‍ക്കും നൂറു ശതമാനം യോജിപ്പ്. 'വര്‍ക്ക് അറ്റ് ഹോം കഴിയുന്നവരെല്ലാം അങ്ങനെ ചെയ്യട്ടെ. എല്ലാം ശരിയാകുമ്പോള്‍ നമുക്ക് പഴയ പടി പുറത്തിറങ്ങാമല്ലോ..' - ദിയയും ഇഷാനിയും കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചോടെ സിനിമയുള്‍പ്പെടെ എല്ലാ മേഖലയും പഴയതിനെക്കാള്‍ ഊര്‍ജ്ജത്തോടെ ഉണരുമെന്നാണ് കൃഷ്ണകുമാറിന്റെ കണക്കുകൂട്ടല്‍.


* വെര്‍ച്വല്‍ ലോകത്തെ പെണ്‍കുട്ടികള്‍

അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂ ട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇവരുടെ ഡാന്‍സ്, പാട്ട്, ടിക് ടോക് വീഡിയോകള്‍ക്ക് സാമാന്യം ഫോളോവേഴ്‌സുമുണ്ട്. ലോക്ക് ഡൗണില്‍ സിനിമയുടെയും പഠനത്തിന്റെയും തിരക്കൊഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുമായി. 'നാലു പേര്‍ക്കും അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുണ്ട്. അതില്‍ എങ്ങനെ ഇടപെടണമെന്ന് അവര്‍ക്ക് നമ്മളെക്കാള്‍ അറിയാം. അവരവരുടെ വെര്‍ച്വല്‍ ലോകത്ത് അവര്‍ ബിസിയാണ്. വര്‍ക്ക് അറ്റ് ഹോം അല്ലെങ്കില്‍ ജോലിക്കോ പഠിക്കാനോ പോകുന്ന ഫീല്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അവര്‍ ഫുള്‍ ടൈം എന്‍ഗേജ്ഡ് ആണ്. ഇക്കാര്യത്തില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.'- കൃഷ്ണകുമാര്‍ പറയുന്നു. ഷൂട്ട് ചെയ്ത വീഡിയോകള്‍ എഡിറ്റ് ചെയ്യുന്നതു സ്വന്തമായി തന്നെ. എഡിറ്റിംഗില്‍ താത്പര്യമുള്ള അഹാന ഇക്കാര്യത്തില്‍ അനിയത്തിമാരെ സഹായിക്കും. ഉച്ച മുതല്‍ എല്ലാവരും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്‍പിലാകും. രാത്രി ഏറെ വൈകിയാണ് ഉറക്കം. ചിലപ്പോള്‍ രണ്ടുമണിയും മൂന്നുമണിയും വരെയാകും. ഷൂട്ട് ചെയ്ത വീഡിയോ അന്നുതന്നെ എഡിറ്റു ചെയ്ത് തീര്‍ക്കും. ഉണരുമ്പോള്‍ ഏറെ വൈകും. സമയമിങ്ങനെ വേഗത്തില്‍ ഓടിപ്പോകുന്നതുകൊണ്ട് ലോക്ക് ഡൗണില്‍ ബോറടി എന്ന സംഭവമേയില്ലെന്ന് നാലുപേരും ഒറ്റക്കെട്ടായി പറയുന്നു. മൂന്നര മാസമായി വീട്ടിലിരിക്കുകയാണെന്ന് തോന്നിയിട്ടേയില്ല. ഒരു മുഷിപ്പുമില്ല. എല്ലാ ദിവസവും ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യും. അപ്പോള്‍ നേരം പോകുന്നതറിയില്ല. 'നാലുപേരും കൂടിയാലോചിച്ചാണ് വീഡിയോകളുടെ തീം ഒക്കെ കണ്ടെത്തുന്നത്. സോളോ വീഡിയോ ചെയ്യുമ്പോഴും എല്ലാവരുടെയും ആശയങ്ങള്‍ അതിലുണ്ടാകും' - ഇഷാനിയുടെ വാക്കുകള്‍. എല്ലാത്തിനും അച്ഛന്റെ സഹായവുമുണ്ട്. തന്റെ ടിക് ടോക് വീഡിയോകളില്‍ പലതിലും അച്ഛന്‍ അഭിനയിച്ചു കണ്ടിട്ടില്ലേ എന്ന് ദിയയുടെ ചോദ്യം. അഹാനയും ദിയയും ഇഷാനിയും ലോക്ക് ഡൗണിനു മുമ്പ് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞയാഴ്ചയാണ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. വൈറലായ ഈ വീഡിയോയുടെ എഡിറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം നേടിയിരുന്നു. അഭിനയത്തെ പോലെ പാഷന്‍ ആണ് തനിക്ക് എഡിറ്റിംഗുമെന്ന് അഹാന. ദിയയും ഹന്‍സികയുമാണ് ടിക് ടോക് ചെയ്യുന്നതില്‍ മുന്‍പില്‍. കൂടുതല്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതും രണ്ടുപേരും ചേര്‍ന്നു തന്നെ. കുഞ്ഞനുജത്തിയാണെങ്കിലും വീഡിയോ ചെയ്യാന്‍ ആശയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഹന്‍സികയാണ് ബാക്കിയുള്ളവര്‍ക്ക് മോഡല്‍. ഇപ്പോള്‍ ഹന്‍സികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കുമുണ്ട്. മക്കളുടെ വഴിയേ അച്ഛനും ഡിജിറ്റല്‍ ലോകത്ത് ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ തന്റെ യൂ ട്യൂബ് ചാനലിലൂടെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നത്.


* ഇനിയും യാത്ര ചെയ്യാമല്ലോ..

പുറത്തുപോകാന്‍ കഴിയാത്തതില്‍ ആര്‍ക്കും വിഷമമില്ല. അത്യാവശ്യത്തിനു മാത്രം പുറത്തുപോകുന്ന ശീലമുള്ളവരാണ് ഞങ്ങളെല്ലാവരും. വീട്ടിലിരിക്കുമ്പോള്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ കുറേക്കൂടി സമയം കിട്ടുന്നു. യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എല്ലാ വെക്കേഷനും സ്ഥിരമായി യാത്ര പോകുന്നവരൊന്നുമല്ല. എല്ലാവര്‍ക്കും സമയവും സൗകര്യവും ഒത്തുവരുമ്പോള്‍ യാത്ര ചെയ്യും. അതുകൊണ്ടുതന്നെ വേനലവധിക്കാലത്ത് യാത്ര പോയില്ലല്ലോയെന്ന നിരാശയൊന്നുമില്ല. എന്തായാലും കൊവിഡ് ഒക്കെ മാറിയാല്‍ പഴയ പോലെ ഇനിയും യാത്ര ചെയ്യാമല്ലോ. അതുവരെ സ്വസ്ഥമായി വീട്ടിലിരിക്കാം. ആരോഗ്യം ശ്രദ്ധിക്കാം.

* ഒന്നും മിസ് ചെയ്തില്ല

കൊവിഡിനെ ചെറുക്കാനായി നമുക്ക് ചെയ്യാനുള്ളത്, പുറത്തിറങ്ങാതിരിക്കുക എന്നതു മാത്രമാണ്. അത് നമ്മള്‍ കൃത്യമായി പാലിക്കുക. ഞങ്ങള്‍ ആറുപേരും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ വീട്ടിലാണ്. പച്ചക്കറിയും പലചരക്കു സാധനങ്ങളും ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങളെല്ലാം വീട്ടിലെത്തിച്ചുതരും. പരിസരത്തെ കച്ചവടക്കാര്‍ ഇങ്ങനെയൊരു സഹായം ലോക്ക് ഡൗണിന്റെ തുടക്കം മുതല്‍ ചെയ്തുതരുന്നത് വലിയ സഹായമായി. 'പിന്നെ പറഞ്ഞല്ലോ, ഞങ്ങള്‍ ആറുപേരും വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്യുന്നവര്‍. അതുകൊണ്ടുതന്നെ ഈ അടച്ചിരിപ്പ് ഒരു തരത്തിലും ബോറടിച്ചില്ല. ഒന്നും മിസ്സായതായും തോന്നുന്നില്ല. സൗഹൃദങ്ങളെല്ലാം ഫോണും സോഷ്യല്‍ മീഡിയയും വഴി തുടരുന്നു.'-കൃഷ്ണകുമാറിന്റെ വാക്കുകള്‍.


* വര്‍ക്കൗട്ടും കൃഷിത്തോട്ടവും

നഗരപരിധിയിലാണ് മരുതംകുഴിയിലെ വീട്. അതുകൊണ്ടു തന്നെ ഒരുപാട് സ്ഥലമൊന്നുമില്ല. വീടിനു പിറകിലെ അല്പം സ്ഥലത്ത് വലിയ മരങ്ങളാണുള്ളത്. കൂടെ കുറച്ച് പച്ചക്കറി കൃഷിയും. ചെടികളുടെ പരിപാലനത്തില്‍ ഗൃഹനാഥനാണ് താത്പര്യം കാട്ടാറ്. കുറേ സമയം അങ്ങനെ തന്നെ പോകുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ട് കൃഷ്ണകുമാറിന്. ഷൂട്ടിംഗ് തിരക്കൊഴിഞ്ഞ ലോക്ക് ഡൗണില്‍ ഉറങ്ങാന്‍ ധാരാളം സമയം കിട്ടി. വര്‍ക്കൗട്ടും മുടക്കാറില്ല. ബാല്‍ക്കണിയിലാണ് വര്‍ക്കൗട്ടിനുള്ള സ്‌പേസ് അഹാനയും കണ്ടെത്തുന്നത്. റെസിഡന്‍ഷ്യല്‍ ലൈനിലെ റോഡില്‍ രാവിലെയോ വൈകിട്ടോ നടക്കാന്‍ പോകുന്നതാണ് സിന്ധു കൃഷ്ണകുമാറിന്റെ വ്യായാമരീതി. ചിലപ്പോള്‍ മക്കളാരെങ്കിലും കൂടെക്കൂടും. ലോക്ക് ഡൗണില്‍ ആള്‍ക്കാരുടെയും വാഹനങ്ങളുടെയും തിരക്കു കുറവാണ്. മ്യൂസിയത്തിലേതു പോലെ തണല്‍മരങ്ങളുമുണ്ട്. ഭക്ഷണകാര്യത്തില്‍ ആര്‍ക്കും പ്രത്യേക നിഷ്‌കര്‍ഷകളൊന്നുമില്ലെന്ന് സിന്ധു പറയുന്നു. 'രാത്രി ഏറെ വൈകി കിടക്കുന്നതാണ് മക്കളുടെ രീതി. എണീക്കാന്‍ വൈകുന്നതു കൊണ്ട് പലപ്പോഴും ഉച്ചയ്ക്കായിരിക്കും ഭക്ഷണം കഴിക്കുക. ലോക്ക് ഡൗണായതോടെ പുറത്തു പോകേണ്ടാത്തതിനാല്‍ ഇത് ശീലമായി. എന്നാലും ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാന്‍ അവര്‍ മടികാണിക്കില്ല. അതൊരു ആശ്വാസമാണ്.'


* സിനിമ മാറും

വെബ് സീരീസുകള്‍ സ്ഥിരമായി കാണുന്നയാളാണ് അഹാന. താനുള്‍പ്പെടെ വലിയൊരു പങ്ക് ചെറുപ്പക്കാരും വെബ് സീരീസുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നു. വരുംകാല സിനിമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണെന്ന കാര്യത്തില്‍ കൃഷ്ണകുമാറിനും സംശയമില്ല. എങ്കിലും വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ തുടരുമെന്നും രണ്ടു മീഡിയവും ഒരുപോലെ നിലനില്‍ക്കുമെന്നും കൊവിഡിനു ശേഷമുള്ള സിനിമയുടെ ഭാവിയെപ്പറ്റി രണ്ടുപേരും പറയുന്നു. ഡിജിറ്റല്‍ സിനിമ വ്യാപിക്കുന്നതോടെ ചെറിയ സിനിമകള്‍ക്ക് അസാമാന്യമായ സാധ്യത വരുമെന്നും സിനിമാ കുടുംബത്തിന്റെ വിലയിരുത്തല്‍.


* കൊവിഡ് എന്തു പഠിപ്പിച്ചു?

വൃത്തിയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് ഈ കുടുംബത്തിന്റെ സാക്ഷ്യപ്പെടുത്തല്‍. നമ്മള്‍ വ്യക്തിശുചിത്വം സൂക്ഷിക്കുന്നവരാണെങ്കിലും പഴയതിനെക്കാള്‍ 50 ശതമാനമെങ്കിലും മാറ്റം വന്നിട്ടുണ്ട്. പുറത്തുപോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് കുളിക്കുന്നതിനെപ്പറ്റിയാകും ഇനി ആദ്യം ആലോചിക്കുക. ഷേക്ക് ഹാന്‍ഡും കെട്ടിപ്പിടിത്തവും ആളുകളെ ശത്രുക്കളാക്കിയേക്കാം. ആരും ഒന്നും ചെയ്യേണ്ടിവന്നില്ല. പ്രകൃതി തന്നെ സ്വയം ഒരു ശുചീകരണ പ്രക്രിയ നടത്തിയതായിട്ടാണ തോന്നുന്നത്. നമ്മള്‍ സ്വയം മാറണമെന്നും പ്രകൃതി പഠിപ്പിച്ചു.

മാധ്യമം കുടുംബം, 2020 ജൂലൈ 

Friday, 19 June 2020

കണ്ടമ്പററി ഹിറ്റ്മേക്കർ

ഒന്നര ദശാബ്ദത്തിനിടെ മലയാള സിനിമയിൽ ഏറ്റവുമധികം ഹിറ്റുകൾ തീർത്ത തിരക്കഥാകൃത്താണ് സച്ചി. സേതുവുമായി ചേർന്നെഴുതിയതും തനിച്ചെഴുതിയതും സംവിധാനം ചെയ്തതു മായ സിനിമകളെല്ലാം ഹിറ്റുകൾ. അതുകൊണ്ടുതന്നെ സച്ചിയെ കണ്ടമ്പററി ഹിറ്റ്മേക്കർ എന്നു വിളിക്കുന്നതിൽ തെറ്റില്ല.

     സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള  തിരക്കഥാകൃത്തായിരുന്നു സച്ചി. സംവിധാന രംഗത്തേക്ക് കടന്നപ്പോൾ സച്ചിയുടെ മികവ് പിന്നെയും ഏറുകയായിരുന്നു. സംവിധായകൻ്റെ ക്രാഫ്റ്റ് ഉള്ളിലുള്ള സച്ചിയുടെ തിരക്കഥകൾ മറ്റു സംവിധായകർക്ക്  മിനിമം ഗാരൻ്റി ഉറപ്പുനൽകി.

       2007 ൽ ഷാഫിയുടെ ചോക്ലേറ്റിന് സച്ചിയുമൊത്ത് തിരക്കഥ നിർവ്വഹിച്ചുകൊണ്ടാണ് അഭിഭാഷകനായിരുന്ന സച്ചി സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ക്ലാസ്മേറ്റ്സിൻ്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് തിയറ്ററുകളിലെത്തിയ കാമ്പസ് ചിത്രമായ ചോക്ലേറ്റും വൻ വിജയം നേടി. പൃഥ്വിരാജിനെക്കൊണ്ട് ഹ്യൂമർ ചെയ്യിച്ച് വിജയിക്കാനും സച്ചി -സേതു - ഷാഫി കൂട്ടുകെട്ടിനായി. പൃഥ്വിരാജിൻ്റ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായും ചോക്ലേറ്റ് മാറി.

    

ചോക്ലേറ്റിൻ്റെ വൻവിജയത്തിനു പിന്നാലെയാണ് മുതിർന്ന സംവിധായകൻ ജോഷിക്കൊപ്പം സച്ചിയും സേതുവും ചേരുന്നത്. എ.ടി.എം മെഷിനിൽ നിന്നും പണം തട്ടുന്ന കള്ളൻ്റെ കഥ പറഞ്ഞ റോബിൻഹുഡ് പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വേഗം കൊണ്ടും തിയറ്ററുകളിൽ തരംഗമായി. പൃഥ്വിരാജിന് മറ്റൊരു വിജയം കൂടി. ഇതോടെ സച്ചി -സേതു കൂട്ടുകെട്ടിൻ്റെ വിജയം യാദൃശ്ചികമല്ലെന്ന് ഉറപ്പായി.

     വലിയ ഹിറ്റുകളില്ലാതെ നിന്ന ജയറാമിന് മേക്കപ്പ് മാനിലൂടെ ആശ്വാസ വിജയം നേടിക്കൊടുക്കാനും സച്ചിക്കും സേതുവിനുമായി. ചോക്ലേറ്റിനു ശേഷം ഷാഫി വീണ്ടും വിജയ തിരക്കഥാകൃത്തുക്കളിൽ വിശ്വാസമർപ്പിച്ചപ്പോൾ മേക്കപ്പ് മാൻ തിയറ്റർ വിജയമായി. വൈശാഖിനൊപ്പം ചേർന്ന സീനിയേഴ്സ് സച്ചി -സേതു കൂട്ടുകെട്ടിൽ തുവരെ ഉണ്ടായതിൽ വലിയ വിജയമായി. ഹ്യൂറും ഡ്രാമയും ചേർന്ന സീനിയേഴ്സിൻ്റെ പുതുമയുള്ള സ്ക്രിപ്റ്റിംഗും അഭിനന്ദനം നേടി. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ.ജയൻ എന്നിവരുടെ കോമ്പോയും ഏറെ ശ്രദ്ധ നേടി. തുടർച്ചയായ നാലു വിജയങ്ങളോടെ സച്ചി -സേതു കൂട്ടുകെട്ട് ഇൻഡസ്ട്രിയുടെ ഹിറ്റ് സമവാക്യമായി. ഇവരുടെ തിരക്കഥയ്ക്കായി സംവിധായകരും കാത്തിരിക്കാൻ തുടങ്ങി.

     തുടർന്ന് കരിയറിലെ വലിയ പ്രൊജക്ട്. മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡബിൾസ്. പക്ഷേ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയിൽ നിന്ന് ഹിറ്റ് തിരക്കഥാകൃത്തുക്കൾക്ക് ആദ്യ പരാജയം രുചിക്കേണ്ടിവന്നു. നദിയാ മൊയ്തുവിൻ്റെ തിരിച്ചുവരവും മമ്മൂട്ടി- നദിയാ മൊയ്തു വിൻ്റേജ് ജോഡിയെ സ്ക്രീനിൽ കാണുന്നതിലെ കൗതുകവും വിജയത്തിലെത്തിയില്ല. ഇതോടെ ഇരട്ട തിരക്കഥാകൃത്തുക്കൾ സോളോ റൈറ്റേഴ്സ് ആകാൻ തീരുമാനിച്ചു.

   

റൺ ബേബി റൺ എന്ന 2012 ലെ വലിയ ക്രൗഡ് പുള്ളർ ഒരുക്കിക്കൊണ്ടായിരുന്നു സച്ചിയുടെ ഒറ്റയ്ക്കുള്ള രംഗപ്രവേശം. ജോഷിയുടെ പുതുമയുള്ള ട്രീറ്റ്മെൻറും സച്ചിയുടെ പഴുതടച്ച സ്ക്രിപ്റ്റിംഗും ചേർന്നപ്പോൾ മോഹൻലാൽ ചിത്രം തിയറ്ററിൽ തരംഗമായി. ഹാസ്യവും ത്രില്ലറും ഡ്രാമയും കൈകാര്യം ചെയ്ത മുൻ സ്ക്രിപ്റ്റുകളിൽ നിന്നു വ്യത്യസ്തമായി മീഡിയ പൊളിറ്റിക്സിൽ കൈവച്ച സച്ചിയിൽ ഈ ജോണറും ഭദ്രമെന്ന് റൺ ബേബി റൺ തെളിയിച്ചു.

      വീണ്ടും ഹ്യൂമറിലേക്ക് പോയ സച്ചിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ചേട്ടായീസും ഹിറ്റായി. മുൻ തിരക്കഥകളുടെ കെട്ടുറപ്പില്ലായിരുന്നെങ്കിൽ പോലും എഴുത്തിലെ സച്ചിയുടെ പരിചയവും ആത്മവിശ്വാസവും ചേട്ടായീസിനെ വിജയത്തിലെത്തിച്ചു.

      നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നതിനു ശേഷം ദിലീപിന് ഇൻഡസ്ട്രിയിലേക്കുള്ള തിരിച്ചുവരവ് ഒരുക്കിയതും സച്ചിയായിരുന്നു. രാമലീലയെന്ന ഈ അരുൺ ഗോപി ചിത്രത്തിൻ്റെ വൻവിജയത്തിനു പിന്നിൽ സച്ചിയിലെ പ്രേക്ഷകൻ്റെ പൾസറിയുന്ന തിരക്കഥാകൃത്തായിരുന്നു. കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട തിരക്കഥയൊരുക്കുന്നതിൽ സച്ചിയുടെ മിടുക്ക് ഒരിക്കൽകൂടി വിജയിച്ചതോടെ ദിലീപിന് തിരിച്ചു വരവായി. രാമലീല തിയറ്ററിൽ കോടികൾ കൊയ്തു. ബിജുമേനോനെ നായകനാക്കിയ ഷെർലക്ക് ഹോംസും പൃഥിരാജ് -സുരാജ് നായക - പ്രതിനായക കോമ്പോയിൽ ആവേശം കൊള്ളിച്ച ഡ്രൈവിംഗ് ലൈസൻസും തിയറ്ററിൽ വിജയം നേടി.

   

ഇതിനിടെ സംവിധാന വേഷത്തിലേക്കുംടന്ന സച്ചിയുടെ അനാർക്കലി സുന്ദരമായ പ്രണയകാവ്യമായി പ്രേക്ഷകർ ഹൃദയത്തോടു ചേർത്തു. സംവിധായകൻ്റെയും താരങ്ങളുടെയും മനസ്സും കഴിവുമറിഞ്ഞ് തിരക്കഥയൊരുക്കുന്നതിൽ മിടുക്കനായിരുന്ന സച്ചി സംവിധായകനായപ്പോൾ അതുവരെ പരീക്ഷിക്കാതിരുന്ന പ്രമേയമാണ് സ്വീകരിച്ചത്. ലക്ഷദ്വീപിൻ്റെ പശ്ചാത്തലത്തിൽ സുന്ദരമായൊരു പ്രണയകഥ. സച്ചിയുടെ തിരക്കഥയിൽ വീണ്ടും പൃഥ്വിരാജ് നായകൻ. സച്ചിയുടെ സിനിമകളിലെ ഹ്യൂമറും ഡ്രാമയും ത്രില്ലിംഗ് എക്സ്പീരിയൻസും തിരിച്ചറിഞ്ഞിരുന്ന കാണികൾക്ക് അനാർക്കലി സുഖമുള്ളൊരു നോവായി അനുഭവപ്പെട്ടു. സച്ചിയിൽ തികഞ്ഞ ഒരു ക്രാഫ്റ്റ്മാൻ ഉണ്ടെന്നും പ്രേക്ഷകർ തിരിച്ചറിഞ്ഞു. സച്ചിയുടെ ക്രാഫ്റ്റ് പൂർണമായി തിരിച്ചറിയുന്ന സിനിമ പിന്നീടാണ് വന്നത്. അയ്യപ്പനും കോശിയും. ഡ്രൈവിംഗ് ലൈസൻസിൻ്റെ തുടർച്ച പോലെ രണ്ടു മനുഷ്യരുടെ ഈഗോയുടെയും അവർക്കിടയിലെ സംഘർഷവും വിഷയമാക്കിയ സിനിമ 2020 ലെ ആദ്യ സൂപ്പർ ഹിറ്റായി. നായക - പ്രതിനായക സംഘർഷത്തിനപ്പുറത്ത് തികഞ്ഞ സാമൂഹികമാനം കൂടി സൂക്ഷിച്ച അയ്യപ്പനും കോശിയും എല്ലാം തികഞ്ഞ എൻ്റർടെയ്നറർ എന്ന നിലയ്ക്കാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

      

തിരക്കഥയിൽ മാന്ത്രികത കാണിച്ച സച്ചി സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള ഫിലിം മേക്കർ എന്ന നിലയിലേക്കു കൂടി ഉയരുന്നതിനിടെയായാരുന്നു അപ്രതീക്ഷിതമായ അന്ത്യം. വെറും 13 വർഷം മാത്രം സിനിമയിലുണ്ടായിരുന്ന മനുഷ്യൻ ആ കാലം കൊണ്ട് സൃഷ്ടിച്ചത് അധികമാർക്കും കഴിയാതിരുന്ന അത്ഭുത വിജയങ്ങളാണ്. അതു തന്നെയാണ് സച്ചിയെന്ന ചലച്ചിത്രകാരൻ്റെ വലുപ്പവും മൂല്യവും ഏറ്റുന്നതും.

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 19

മഹാമാരി പ്രവചിച്ച ഫ്ലൂവും കണ്ടേജിയനും

* കോവിഡ് പശ്ചാത്തലത്തിൽ ഫ്ലൂ, കണ്ടേ ജിയൻ എന്നീ സിനിമകളിലൂടെയുള്ള അന്വേഷണം


ണ്ടേജിയ എന്ന ഹോളിവുഡ് സിനിമ ഒരു പതിറ്റാണ്ട് മുമ്പുണ്ടായ പ്രവചനമാണ്. ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കെടുതികളും ആശങ്കകളും അതേപടി പങ്കുവയ്ക്കുന്ന ഈ സിനിമ തെല്ല് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. കണ്ടേജിയനു പിന്നിലെ ക്രാന്തദർശിയായ എഴുത്തുകാരനും സംവിധായകനും അത്രമേൽ സുവ്യക്തമായാണ് വൈറസ് വ്യാപനവും രോഗത്തിൻ്റെ കെടുതികളും പ്രവചിച്ചിരിക്കുന്നത്. 

      2011 ലാണ് സ്റ്റീവൻ സോഡൻബർഗിൻ്റെ ഈ ചിത്രം പുറത്തിറങ്ങുന്നത്. പത്തു വർഷത്തിനിപ്പുറം കണ്ടേജിയൻ കാണുന്നൊരാൾക്ക് ഒരു വേള കോവിഡ് വ്യാപനത്തിൻ്റെ നേർക്കാഴ്ച തന്നെയല്ലേ ഇതെന്നു തോന്നിയേക്കാം. നിലവിൽ വൈറസ് വ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിൽ ലോകരാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുൻകരുതൽ നടപടികളെല്ലാം സ്കോട്ട് ബേൺസ് എന്ന തിരക്കഥാകാരൻ കണ്ടേജിയനിൽ എഴുതിയിരിക്കുന്നുവെന്നത് അതിശയകരമായി മാത്രമേ കാണാനാകൂ. 

       രോഗവ്യാപനത്തിൻ്റെ ഭീതിദമോ ഭീകരമോ ആയ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ടോ അമാനുഷിക ചെയ്തികൾ കൊണ്ടോ അല്ല ഈ സർവൈവൽ ത്രില്ലർ ശ്രദ്ധേയമാകുന്നത്. ദിനംപ്രതി നിരവധി രാജ്യങ്ങളിലേക്ക് പടരുകയും ജീവനെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈറസിൻ്റെ മൂലകേന്ദ്രമെന്തെന്നും എവിടെയെന്നും എങ്ങനെ രോഗവ്യാപനം തടയാമെന്നുമുള്ള ആവലാതിയുടെയും ഭയത്തിൻ്റെയും ഗൗരവമാർന്ന അന്വേഷണമാണ് കണ്ടേജിയൻ.

    

  കോവിഡിൻ്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ നഗരമായിരുന്നുവെങ്കിൽ കണ്ടേജിയനിൽ വൈറസിൻ്റെ ഉത്ഭവം ചൈനീസ് അധിനിവേശ പ്രദേശമായ ഹോങ്കോങ് ആണ്. തുടർന്ന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വൈറസ് പ്രസരണം സംഭവിക്കുന്നു. വൈറസ് ബാധയേൽക്കുന്നവരുടെയും മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണം ദിവസവും കൂടുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്ന വൈദ്യശാസ്ത്ര ഗവേഷക സംഘം വൈറസ് വ്യാപനം തടയാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ്. ഗവേഷണ ഫലമായി വൈറസിനെ ചെറുക്കാനുള്ള മെഡിസിൻ കണ്ടെത്തുകയും പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെങ്കിലും തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിച്ചില്ലെങ്കിൽ ഇത്തരമൊരു മഹാമാരിയെ അതിജീവിക്കുക പ്രയാസകരമാണെന്നൊരു ഓർമപ്പെടുത്തൽ കൂടി കണ്ടേജിയൻ നൽകുന്നുണ്ട്. ഈ ഓർമപ്പെടുത്തൽ തന്നെയാണ് കോവിഡ് കാലത്ത് കണ്ടേജിയൻ എന്ന ഹോളിവുഡ് സിനിമ നൽകുന്ന വലിയ സന്ദേശവും.

      റിലീസ് വേളയിൽ ലോകമറിയുന്ന തരത്തിൽ വൻ വിജയമായില്ലെങ്കിലും നിരൂപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രലോകത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കണ്ടേ ജിയൻ. സിനിമയ്ക്കു വേണ്ടിയുള്ള മെഡിക്കൽ ഡാറ്റാ കളക്ഷനും ആരോഗ്യ വിശകലനങ്ങളും ഗൗരവമാർന്ന ഗവേഷണങ്ങളും ആരോഗ്യവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിനന്ദനം നേടി. യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, സ്ഥിരം ഹോളിവുഡ് സർവൈവൽ ത്രില്ലർ ക്ലിഷേകൾ ഒഴിഞ്ഞുപോയ ഗൗരവതരമായ ട്രീറ്റ്മെൻറ് എന്നാണ് ആരോഗ്യവിദഗ്ധർ കണ്ടേജിയനെ വിശേഷിപ്പിച്ചത്.

      കോവിഡ് മഹാമാരി ഉടലെടുത്ത ശേഷം ലോകം എറ്റവുമധികം തിരയുകയും കാണുകയും ചെയ്ത സിനിമയായി കണ്ടേജിയൻ മാറിയെന്ന് എച്ച്.ബി.ഒ, വാർണർ ബ്രോസ്, ഐ ടൂൺസ് തുടങ്ങിയവയുടെ റേറ്റിംഗും കാറ്റലോഗും വെളിപ്പെടുത്തുന്നു.

    

   കിം സംഗ് സുവിന്റെ കൊറിയൻ ചിത്രമായ 'ദി ഫ്ലൂ' വൈറസ് വ്യാപനവും മനുഷ്യൻ്റെ അതിജീവനവുമാണ് പ്രമേയമാക്കുന്നതെങ്കിലും കണ്ടേജിയനിൽ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെൻ്റാണ്. വൈറസ് വ്യാപനത്തിനിടെയുള്ള വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കുറേക്കൂടി വൈകാരികപരമായാണ് കിം സംഗ് സു സിനിമയെ സമീപിച്ചിട്ടുള്ളത്. ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനവും കാണികളെ ആകർഷിക്കും. വലിയ തോതിൽ ലോകം കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് 2013 ൽ തിയേറ്ററിലെത്തിയ ഫ്ലൂ. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സിനിമയെപ്പറ്റി പറഞ്ഞുകേട്ട് കാണാത്തവർ വീണ്ടും ഫ്ലൂ തേടിപ്പിടിച്ച് കണ്ടുതുടങ്ങി. ഇതോടെ സിനിമയുടെ ജനപ്രീതി വീണ്ടും കൂടിയിരിക്കുകയാണ്.

      അനധികൃതമായി ഷിപ്പിംഗ് കണ്ടെയ്നറിലാക്കി ദക്ഷിണ കൊറിയയിലേക്ക് കടത്തപ്പെട്ട ആളുകൾ സിയോളിൽ എത്തുന്നതോടെയാണ് വൈറസ് വ്യാപനം ആരംഭിക്കുന്നത്. രണ്ടു പേരിൽ നിന്ന് പകർന്ന് ഒരു നഗരമാകെ ചുമച്ചും ഛർദ്ദിച്ചും വീഴുന്നു. വൈറസിന് പ്രതിവിധിയില്ലെന്നും ബാധിക്കുന്നവർ 36 മണിക്കൂറിനുള്ളിൽ മരണപ്പെടുമെന്നും മെഡിക്കൽ റിപ്പോർട്ട് വരുന്നതോടെ അതിജീവനത്തിനായുള്ള സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമങ്ങളാണ് പിന്നീട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതിനു സമാനമായി നഗരം ക്വാറന്റൈന് വിധേയമാക്കുന്നു. രോഗബാധിതരെ പട്ടാളക്കാർ കൊന്നുതീർക്കുകയാണെന്ന് പരാതി ഉയരുന്നതോടെ ക്വാറൻ്റെെൻ കേന്ദ്രങ്ങളും തെരുവും കലാപബാധിതമാകുന്നു. 

      

  കണ്ടേജിയനെക്കാൾ ചലനാത്മകമാണ് ഫ്ലൂ. എന്നാൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാറ്റിക് ഘടകങ്ങൾ മാറ്റിവച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിൻ്റെതിനു സമാനമായ രോഗാതുരമായ അന്തരീക്ഷവും രാജ്യങ്ങൾ ലോക്ക് ഡൗൺ ആകുന്നതിൻ്റെ ഭീതിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഫ്ലൂവിലേതിനെക്കാൾ സാമ്യപ്പെടുത്താനാകുക കണ്ടേജിയനിലാണ്. 

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 17

Monday, 15 June 2020

ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് മുപ്പത്

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഡ്രാമ ത്രില്ലര്‍


ആക്ഷന്‍ സിനിമകള്‍ക്ക് സംഗീതവും സംഗീത സിനിമകള്‍ക്ക് ആക്ഷനും വര്‍ജ്ജ്യമായിരുന്ന കാലത്താണ് 30 വര്‍ഷം മുമ്പ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ പിറവി കൊണ്ടത്. സിബിമലയില്‍ -ലോഹിതദാസ് കൂട്ടുകെട്ടില്‍ ഉരുവംകൊണ്ട ഹിസ് ഹൈനസ് അബ്ദുള്ള മുഖ്യധാരാ സിനിമയില്‍ അതുവരെ നിലനിന്ന കഥപറച്ചില്‍ രീതികളെ പാടേ മാറ്റിമറിക്കുകയായിരുന്നു. ബോംബെ അധോലോകവും കേരളത്തിലെ ഒരു രാജകുടുംബവും പശ്ചാത്തലമായ സിനിമയില്‍ മോഹന്‍ലാലിന്റെ ഇരട്ടമുഖമുള്ള നായകവേഷം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഹിസ് ഹൈനസ് അബ്ദുള്ള മാറി. 1990 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയുമായി. വേനലവധിയും വിഷുവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത സിനിമ മേജര്‍ സെന്ററുകളിലെല്ലാം 100 ദിവസം പിന്നിട്ടു. ബി, സി ക്ലാസുകളിലായി ആ വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടരാനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കായി.
      ഒരേസമയം സംഗീതത്തിനും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ക്കും ഡ്രാമയ്ക്കും പ്രാധാന്യം നല്‍കിയ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാനായി. സിനിമയുടെ പേരില്‍ തൊട്ടു തുടങ്ങിയ കൗതുകം ഉടനീളം കാത്തുസൂക്ഷിക്കാനായി. കഥപറച്ചിലിലെ പുതുമയും കെട്ടുറപ്പുമായിരുന്നു അബ്ദുള്ളയിലേക്ക് കാണികളെ ആകര്‍ഷിച്ചത്. ഇരുപതാം നൂറ്റാണ്ടും രാജാവിന്റെ മകനും ആര്യനും മൂന്നാം മുറയും നാടുവാഴികളുമടക്കമുള്ള മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ കണ്ടുശീലിച്ച കാണികള്‍ക്ക് അബ്ദുള്ള തീര്‍ത്തും പുതിയ അനുഭവമായി. 1980കളുടെ അവസാനത്തോടെ ബോംബെ പശ്ചാത്തലമായ ഒട്ടേറെ ആക്ഷന്‍ - ഡ്രാമ സിനിമകള്‍ മലയാളത്തിലുണ്ടായി. ഇതില്‍ നിന്ന് അബ്ദുള്ളയെ വേറിട്ടു നിര്‍ത്തിയത് നായക കഥാപാത്രത്തിന്റെ ഇരട്ട മുഖവും സിനിമ സംഗീതത്തിന് നല്‍കിയ പ്രാധാന്യവുമായിരുന്നു.
       ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ പാട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. അതുകൊണ്ടുതന്നെ അനാവശ്യമായ ഏച്ചുകെട്ടലുകളോ രസംകൊല്ലികളോ ആയില്ല ഈ പാട്ടുകള്‍. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി.
        ബോംബെ നഗരത്തില്‍ നിന്ന് വാടകക്കൊലയാളിയായ അബ്ദുള്ള കേരളത്തിലെ ഒരു രാജകുടുംബാംഗത്തെ വധിക്കാന്‍ എത്തുന്നതും കൊലയാളി രക്ഷകനായി മാറുന്നതുമായിരുന്നു സിനിമയുടെ കേന്ദ്ര പ്രമേയം. അബ്ദുള്ളയും അനന്തന്‍ നമ്പൂതിരിയുമായി മോഹന്‍ലാല്‍ സിനിമയിലുടനീളം നിറഞ്ഞുനിന്നപ്പോള്‍ തുല്യപ്രാധാന്യമുള്ള ഉദയവര്‍മ്മ എന്ന രാജകുടുംബാംഗത്തിന്റെ വേഷത്തില്‍ നെടുമുടി വേണുവും തിളക്കമാര്‍ന്ന പ്രകടനം നടത്തി. നെടുമുടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. തമിഴില്‍ മുന്‍നിര നായികയായി നിറഞ്ഞുനിന്ന ഗൗതമിയുടെ ആദ്യ മലയാള ചിത്രവുമായിരുന്നു ഇത്.
           മഹാഭാരതത്തിലെ ശകുനിയുടെ മാതൃക സ്വീകരിച്ചായിരുന്നു ചിത്രത്തില്‍ തിക്കുറിശ്ശിയുടെ മതിലകത്ത് ചെറിയച്ഛന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. മലയാളത്തിലെ ഏറെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണിത്. വലിയ പ്ലോട്ടില്‍ ഒട്ടേറെ കഥാപാത്രങ്ങളുമായി ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. പിന്നീട് ഏറെ വെട്ടിയൊരുക്കലിന് ശേഷമാണ് 156 മിനിറ്റിലേക്ക് ഒതുക്കിയത്.  
        'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' തുടങ്ങി സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
          പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു അബ്ദുള്ള. ചിത്രത്തിന്റെ വന്‍വിജയത്തോടെ സിബിമലയില്‍ - ലോഹിതദാസ് -മോഹന്‍ലാല്‍ - പ്രണവം ആര്‍ട്സ് കൂട്ടുകെട്ടില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു മ്യൂസിക്കല്‍ ഡ്രാമ കൂടി പുറത്തുവന്നു, ഭരതം. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1992 ല്‍ കമലദളം വരുന്നത്. മലയാളത്തിന്റെ മ്യൂസിക്കല്‍ ട്രിലെജി എന്ന് പില്‍ക്കാലത്ത് ഈ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു.
            ഹിസ് ഹൈനസ് അബ്ദുള്ളയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഇതേ കഥാപശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകളാണ് ഉണ്ടായത്. മോഹന്‍ലാലിന്റെ തന്നെ ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങിയ സിനിമകള്‍ക്ക് അബ്ദുള്ളയെന്ന കഥാപാത്രം പ്രചോദകമായി. തമിഴില്‍ മേട്ടുക്കുടി, ആദവന്‍, കന്നടയില്‍ രാജ രാജേന്ദ്ര, ബംഗാളിയില്‍ ശിക്കാരി എന്നിവ അബ്ദുള്ളയുടെ പ്രമേയം കടംകൊണ്ട് പുറത്തിറങ്ങിയവയാണ്. ടെലിവിഷന്‍ സ്‌ക്രീനിംഗ് വഴിയും മറ്റും മലയാളി ആവര്‍ത്തിച്ചു കാണുന്ന സിനിമകളിലൊന്നായി നിലനില്‍ക്കുന്നുവെന്നതാണ് മുപ്പതു വര്‍ഷത്തിനു ശേഷവും അബ്ദുള്ളയുടെ കലാമൂല്യം ഏറ്റുന്നത്.


ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ജൂണ്‍ 11

Saturday, 18 April 2020

ആളുകൾ മരിക്കുമ്പോൾ എങ്ങനെ സമാധാനിക്കാനാകും

"ഏറെക്കാലം കൂടിയാണ് ഇങ്ങനെ വീട്ടിലിരിക്കുന്നത്. തിരക്കുപിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളുകളില്ല, യാത്രകളില്ല. സ്വസ്ഥം. എന്നാലും ഒരു സന്തോഷം കിട്ടുന്നില്ല. ഇതൊരു അവധിക്കാലമായൊന്നും തോന്നുന്നില്ല. ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. ഒട്ടനവധി ആളുകൾ മരിച്ചു. ഇപ്പോഴും രോഗഭീതി വിട്ടൊഴിഞ്ഞിട്ടില്ല. പിന്നെങ്ങനെ സമാധാനിക്കാനാകും?" തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലിരുന്ന് ഇന്ദ്രൻസ് കൊവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചുള്ള തൻ്റെ ആശങ്ക പങ്കുവയ്ക്കുന്നു.
    ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് അട്ടപ്പാടിയിൽ ഷൂട്ടിംഗിലായിരുന്നു ഇന്ദ്രൻസ്. അപ്പോൾ തന്നെ കേരളത്തിൽ കൊവിഡ് ആശങ്കകൾ കേട്ടു തുടങ്ങിയിരുന്നു. അട്ടപ്പാടിയിലെ ഷൂട്ടിംഗ് തീർത്ത് തൊടുപുഴയിൽ മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തു. അപ്പോഴേക്ക് കൊവിഡ് വ്യാപനം തുടങ്ങി. അതോടെ ഷൂട്ടിംഗ് പെട്ടെന്ന് നിർത്തി. അങ്ങനെ ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു മുമ്പു തന്നെ ഇന്ദ്രൻസും വീട്ടിലെത്തി. പിന്നെ കഴിഞ്ഞ ഒരു മാസത്തോളമായി ഭാര്യക്കും മകനും മരുമകൾക്കുമൊപ്പം വീട്ടിൽ.

ആധി വിട്ടുപോകുന്നില്ല

ലോകം മുഴുവൻ കീഴടക്കുന്ന ഒരു മഹാവ്യാധി. കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായതുകൊണ്ട് എന്താകും, എവിടെ ചെന്നവസാനിക്കും എന്നെല്ലാം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാം കീഴടക്കാമെന്നുള്ള മനുഷ്യൻ്റെ അഹങ്കാരം ഇത്തരമൊരു രോഗത്തിനു മുന്നിൽ തകർന്നടിയുകയാണ്. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി പോകുന്നു. അതുകൊണ്ടു തന്നെ വീണുകിട്ടിയ വിശ്രമവേളയിൽ പോലും ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കാനോ സന്തോഷം കണ്ടെത്താനോ ആകുന്നില്ല. അവധി ദിവസങ്ങൾ എങ്ങനെ ആഘോഷിക്കുന്നു എന്നൊക്കെ പലരും ചോദിച്ചു കേൾക്കാറുണ്ട്. ആഘോഷമെന്നൊക്കെ ഈ സമയത്തെ വിളിക്കാമോ? എനിക്കങ്ങനെ ചിന്തിക്കാനേ ആകുന്നില്ല. ഒരു തരം നിസ്സംഗത വന്നു കൂടിയിട്ടുണ്ട്.

വായനയുണ്ട് ; പഴയ തയ്യൽ മെഷീൻ നേരെയാക്കി

വായന തന്നെയാണ് പ്രധാന നേരംപോക്ക്. രാവിലെ പത്രം വായിക്കും. പിന്നെ മറ്റു പുസ്തകങ്ങൾ. ഗുരുസാഗരം ഒന്നുകൂടി വായിച്ചു. എം.എൻ വിജയൻ മാഷിൻ്റെ ലേഖന സമാഹാരങ്ങൾ, അഴീക്കോട് മാഷിൻ്റെ തത്വമസി എന്നിവയുടെയും പുനർവായന കഴിഞ്ഞു. അജയ് പി. മങ്ങാട്ടിൻ്റെ സൂസന്നയുടെ ഗ്രന്ഥപ്പുരയാണ് ഒടുവിൽ വായിച്ചത്. നല്ല പുസ്തകമാണ്. പുതുമയുള്ള ആഖ്യാനം. ഇപ്പോൾ വായിക്കുന്നത് ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന പുസ്തകമാണ്. കണ്ണൂർ ഭാഷയായതുകൊണ്ട് ചില വാക്കുകളൊക്കെ വായിച്ചു മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. പക്ഷേ നല്ല രസമാണ്. ഒഴുക്കോടെ വായിച്ചുപോകാം.
       വീട്ടിൽ പഴയ രണ്ടു തയ്യൽ മെഷീൻ ഉണ്ടായിരുന്നു. കുറേക്കാലമായി ഉപയോഗിച്ചിട്ട്. തുരുമ്പ് വന്നു. എണ്ണയിട്ട് ശരിയാക്കി. ഇപ്പോൾ അതിൽ ഇരുന്ന് അല്ലനേരം തയ്ക്കും. മാസ്ക്കാണ് തയ്ക്കുന്നത്. കൊവിഡ് വിട്ടുപോയാലും ഇനി ചിലപ്പോൾ നമ്മൾ മാസ്ക്ക് ഉപയോഗിക്കുമായിരിക്കും. തയ്ക്കുന്നത് സ്കൂൾ കുട്ടികൾക്കോ മറ്റ് ആവശ്യക്കാർക്കോ കൊടുക്കാം.
    പിന്നെ അല്പം കൃഷിയുണ്ട്. കൃഷിഭവനിൽ നിന്ന് കിട്ടിയ വെണ്ടയും പച്ചമുളകും തക്കാളിയുമൊക്കെ വളർന്നിട്ടുണ്ട്. കുറേ സമയം ചെടികൾക്കൊപ്പം പോകും.
        പാചകം ഇല്ല. വലിയ ഭക്ഷണത്തോട് വലിയ താത്പര്യമില്ലാത്തതു കൊണ്ട് പാചക പരീക്ഷണങ്ങളും ഇല്ല.
       ടീവിയിൽ സിനിമ കാണുന്നതിൽ വലിയ താത്പര്യമില്ല. തിയേറ്ററിൽ പോയി സിനിമ കാണുന്നതാണ് ഇഷ്ടം. ടീവിയിൽ വാർത്ത കാണും.

കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം

കൊവിഡ് നിവാരണ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയാണ്. നമ്മുടെ സാമൂഹിക, ആരോഗ്യപ്രവർത്തകരോട് നന്ദി പറയണം. അത്രയും ക്ഷമയോടെയും കരുണയോടെയുമാണ് അവർ രോഗികളെ പരിചരിച്ചത്. നമ്മൾ കാത്തുസൂക്ഷിക്കുന്നൊരു മൂല്യമുണ്ട്. അതാണ് ആരോഗ്യപ്രവർത്തകർ അവരുടെ കർമ്മ മേഖലയിൽ പാലിച്ചത്. നമ്മളെല്ലാം ഇങ്ങനെ സുരക്ഷിതരായി ഇരിക്കുന്നതിനു പിന്നിൽ ആരോഗ്യ വകുപ്പിൻ്റെയും സർക്കാരിൻ്റെയും വലിയ ജാഗ്രതയുണ്ട്. വലിയൊരു പരിധി വരെ ജനങ്ങളും സർക്കാരിനോട് സഹകരിച്ചു. കേരളത്തിൽ ജീവിക്കാനായതിൽ ഈ സമയത്ത് നമ്മൾ അഭിമാനിക്കണം.

സിനിമാ ഇൻഡസ്ട്രിയെപ്പറ്റി ആശങ്കയുണ്ട്

കോടികൾ മുടക്കിയ ഒരുപാട് സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഷൂട്ടിംഗ് മുടങ്ങിയതും അതുപോലെ. മരയ്ക്കാർ -അറബിക്കടലിൻ്റെ സിംഹം, മാലിക്ക് പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ റിലീസ് മുടങ്ങിയത് ഇൻഡസ്ട്രിയെ ശരിക്ക് ബാധിക്കും. വേറെയും കുറേ സിനിമകൾ. ഈ സിനിമകളെല്ലാം എന്ന് പുറത്തിറങ്ങും, എന്നു തൊട്ട് പഴയ പോലെ ആളുകൾ തിയേറ്ററിലെത്തി തുടങ്ങും എന്നൊന്നും ഇപ്പോൾ പറയാനാവില്ലല്ലോ. സിനിമാ മേഖല പഴയ പടിയാകാൻ ശരിക്കും സമയമെടുക്കും. ഒരുപാടാളുകൾ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
       മാലിക്ക്, ഹിഗ്വിറ്റ, മെമ്പർ ഗണേശൻ, പടവെട്ട്, അനുഗ്രഹീതൻ ആൻറണി, ജാക്ക് ആൻഡ് ജിൽ, കൊച്ചാൾ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള എൻ്റെ സിനിമകൾ.

എല്ലാവരും വീട്ടിലിരിക്കൂ..

വീട്ടിലിരിക്കുക എന്നതു തന്നെയാണ് ഇപ്പോൾ നമുക്ക് സമൂഹത്തോട് ചെയ്യാനുള്ള എറ്റവും വലിയ സഹായം. നമുക്കും, മറ്റാർക്കും അസുഖം വരാതിരിക്കാൻ അതുകൊണ്ടാകും. ആരോഗ്യപ്രവർത്തകരെയും പൊലിസിനെയും അനുസരിക്കാം.

       ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും സമയമില്ലെന്നായിരുന്നല്ലോ നമ്മുടെ വലിയ പരാതി. ഇപ്പോൾ എല്ലാവർക്കും അതെല്ലാം സാധിക്കുന്നുണ്ട്. അതെല്ലാം നല്ലതിനാകും. കുറേക്കൂടി ദൃഢമായ ബന്ധങ്ങൾ ഉണ്ടാകാനും കൂടെയുള്ളവർക്ക് പരിഗണന നൽകാനും ഈ ദിവസങ്ങൾ ഉപകരിച്ചേക്കും.


വാരാന്ത്യകൗമുദി, 2020 ഏപ്രിൽ 19

സ്ത്രീവിമോചന പോരാട്ടത്തിന്റെ മുഖമായി 'മെയ്ഡ് ഇൻ ബംഗ്ലാദേശ് '


തൊഴിൽരംഗത്തെ മാനേജ്‌മെന്റ് ചൂഷണവും നീതിക്കു വേണ്ടിയുള്ള പോരാട്ടവും പ്രമേയമാകുന്ന ബംഗ്ലാദേശി ചിത്രമാണ് 'മെയ്ഡ് ഇൻ ബംഗ്ലാദേശ്  '. തൊഴിൽമേഖലയിലെ ചൂഷണം തിരിച്ചറിയാതെയും, തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതെയും ഒതുങ്ങിക്കൂടുന്നവരാണ് ഒട്ടുമിക്ക തൊഴിലാളികളും. മെയ്ഡ് ഇൻ ബംഗ്ലാദേശിലെ പ്രധാന കഥാപാത്രങ്ങളായ നെയ്ത്തു തൊഴിലാളി സ്ത്രീകളും അങ്ങനെയുള്ളവരാണ്. തൊഴിലിടത്തിലെ തിക്താനുഭവങ്ങൾ അവരെയും സംഘടിതരാക്കുകയാണ്. ലോകത്തെവിടെയും ഏതു കാലത്തും പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നതിലൂടെയാണ് ബംഗ്ലാദേശി യുവ സംവിധായിക റുബായത്ത് ഹുസൈൻ്റെ ചിത്രത്തിന് ആഗോളമുഖം കൈവരുന്നത്.
      ധാക്ക നഗരത്തിലെ ഒരു തുണിനെയ്ത്ത് സ്ഥാപനവും അവിടത്തെ വനിതാ തൊഴിലാളികളുമാണ് ചിത്രത്തിലെ കേന്ദ്രം. നഗരപ്രാന്തത്തിലെ ചേരിപ്രദേശത്തുള്ളവരാണ് ഈ തൊഴിലാളികളെല്ലാം. തൊഴിലിടത്തിൽ ശമ്പളകാര്യത്തിലും കൂടുതൽ സമയം ജോലി ചെയ്യിച്ചും അതിനുള്ള വേതനം നൽകാതെയും സ്ത്രീകളെന്ന പരിഗണന നൽകാതെയും തൊഴിലെടുപ്പിക്കുകയാണ് മാനേജ്‌മെന്റ്. സഹികെട്ട് ഇതിനെതിരെ പ്രതികരിക്കുകയും യൂണിയൻ രൂപീകരിക്കുകയും ചെയ്യുകയാണ് സ്ത്രീകൾ. തൊഴിലിന്റെ മഹത്വവും ചൂഷണത്തിനെതിരെ തൊഴിലാളികൾ സംഘടിക്കേണ്ട ആവശ്യകതയും ചർച്ചചെയ്യുന്ന സിനിമ സ്ത്രീശക്തിയുടെയും അവകാശ പോരാട്ടത്തിന്റെയും വിളംബരം കൂടിയാണ്. കുടുംബത്തിൽ തളച്ചിടേണ്ടവരല്ല തങ്ങളെന്നുള്ള ബംഗ്ലാദേശി മുസ്ലീം സ്ത്രീകളുടെ പ്രഖ്യാപനം കൂടിയാണ് സിനിമ നടത്തുന്നത്. ലളിതമായ ആഖ്യാനത്തിലൂടെ നഗര ചേരീപ്രദേശത്തിന്റെ നിറമില്ലാത്ത ജീവിത ചിത്രങ്ങൾ സിനിമയിലുടനീളം വിളക്കിച്ചേർത്തിടുന്നതിലും കാണികൾക്ക് അത് അനുഭവവേദ്യമാക്കുന്നതിലും സംവിധായിക വിജയിക്കുന്നു.


ബംഗ്ലാദേശിന്റെ  വിശ്വ ചലച്ചിത്രകാരി

2011 മുതൽക്കുള്ള ഒമ്പതു വർഷത്തിനിടെ മൂന്ന് സിനിമകളാണ് റുബായത് ഹുസൈൻ സംവിധാനം ചെയ്തിട്ടുള്ളത്. ജീവിച്ചിരിക്കുന്ന സമൂഹത്തോടുള്ള തന്റെ പ്രതികരണമാണ് റുബായത്തിന്റെ സിനിമകളുടെ ഉള്ളടക്കം. ആദ്യചിത്രമായ മെഹർജാൻ ബംഗാളി യുവതിയും പാക് സൈനികനും തമ്മിലുള്ള പ്രണയമാണ് വിഷയമാക്കിയത്. റിലീസ് വേളയിൽ തന്നെ വിവാദമായ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററിൽനിന്ന് പിൻവലിക്കേണ്ടിവന്നു. രണ്ടാമത്തെ ചിത്രമായ 'അണ്ടർ കൺസ്ട്രക്ഷൻ' മധ്യവർത്തി കുടുംബത്തിലെ അസംതൃപ്തയായ വീട്ടമ്മയെ അടയാളപ്പെടുത്തുന്നതായിരുന്നു. നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടിയ ഈ ചിത്രത്തിനു ശേഷമാണ് മെയ്ഡ് ഇൻ ബംഗ്ലാദേശ് എന്ന സ്ത്രീശാക്തീകരണ ചിത്രവുമായി റുബായത്തിന്റെ വരവ്. ഈ മൂന്നു ചിത്രങ്ങളോടെ ബംഗ്ലാദേശ് അഭിമാനത്തോടെ ലോകത്തിനു മുന്നിൽ എടുത്തുയർത്തിയ ചലച്ചിത്രകാരിയായി റുബായത് മാറിക്കഴിഞ്ഞു. ടൊറോന്റോ അന്താരാഷ്ട ചലച്ചിത്രമേളയിൽ മെയ്ഡ് ഇൻ ബംഗ്ലാദേശ് പുരസ്‌കാരം നേടിയതോടെ  സംവിധായികയെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ തിരിച്ചറിഞ്ഞുകഴിഞ്ഞു.

കേരളകൗമുദി, 2019 ഡിസംബർ 11

ഗുഹയ്ക്കുള്ളിൽ അകപ്പെടുന്ന 104 മിനിറ്റുകൾ



ഒന്നര വർഷം മുമ്പ് ലോകം മുഴുവൻ ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ഉറ്റുനോക്കിയ പതിനാറ് ദിവസങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് തായ്ലാന്റ് സംവിധായകനായ ടോം വാലറും സംഘവും. കഴിഞ്ഞ വർഷം ജൂണിൽ ഉത്തര തായ്ലാന്റിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകരെയും പുറത്തെത്തിച്ച അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ സിനിമാവിഷ്‌കാരമാണ് തായ് സിനിമയായ 'ദി കേവ്'.  പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യർ ധീരമായി എടുക്കുന്ന തീരുമാനങ്ങളെയും മനുഷ്യജീവന്റെ മഹത്വത്തെയും ഓർമ്മപ്പെടുത്തുന്നു.
       ആധുനിക കാലത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം എന്നു വിശേഷിപ്പിക്കപ്പെട്ട തായ് സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഉദ്യോഗസ്ഥരും സൈനികരും ഡൈവർമാരും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ അനുഭവത്തിന്റെ തീവ്രത നൽകാൻ സിനിമയ്ക്കാകുന്നു. ഗുഹയ്ക്കകത്ത് പെട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിന്റെ ചലച്ചിത്രഭാഷ്യത്തിന് 104 മിനിറ്റാണ് ദൈർഘ്യം. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ സംഭവ വികാസങ്ങളിലേക്കും ഈ സമയം കൊണ്ട് എത്തിപ്പെടാൻ സിനിമയ്ക്കാകുന്നു. മാത്രമല്ല, രക്ഷാപ്രവർത്തനത്തിന്റെ നിമിഷങ്ങളിലെ സകല വികാരങ്ങളെയും കാണികൾക്കു കൂടി അനുഭവവേദ്യമാക്കുന്നതിലും ടോം വാലറും സംഘവും വിജയിക്കുന്നു. ഗുഹയ്ക്കകത്തുവച്ച് ഇരുട്ടിലും വെള്ളത്തിലുമുള്ള സാഹസികമായ ചിത്രീകരണം അല്പം പോലും കൃത്രിമത്വം തോന്നാത്ത വിധം പകർത്തിയിരിക്കുന്നത് വേഡ് മുള്ളറാണ്.
     
  തായ്ലാന്റ് സംഭവത്തെ അധികരിച്ച് ആദ്യമായി പുറത്തിറങ്ങിയ സിനിമയാണ് 'ദി കേവ്. ബുസാൻ, വാൻകുവർ, ബി.എഫ്.ഐ ലണ്ടൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നവംബർ 21ന് തായ്ലാന്റിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

............

'കേവി'ന്റെ ഷൂട്ട് വെല്ലുവിളി നിറഞ്ഞത്: ടോം വാലർ

ലോകം ഇമയടയ്ക്കാതെ വീക്ഷിച്ച ഒരു സംഭവത്തിന് ദൃശ്യാവിഷ്‌കാരം നൽകുന്നതിന്റെ വെല്ലുവിളി 'ദി കേവി'ന്റെ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ടോം വാലർ കേരളകൗമുദിയോട് പറഞ്ഞു. മേളയിൽ ലോകസിനിമ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള 'ദി കേവി'ന്റെ പ്രദർശനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് എത്തിയതായിരുന്നു വാലർ.

യഥാർത്ഥ സംഭവം ആവിഷ്‌കരിക്കുന്നതിലെ വെല്ലുവിളി എത്രത്തോളമുണ്ടായിരുന്നു?
       യഥാർത്ഥ സംഭവം എന്നതിനേക്കാൾ രക്ഷാപ്രവർത്തനം സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. കാരണം ഇതിന്റെ ഓരോ ഘട്ടവും പുരോഗതിയും ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. ആയിരത്തിലേറെ രക്ഷാപ്രവർത്തകരും വിവിധ രാജ്യങ്ങളും ഏജൻസികളും ഉൾപ്പെട്ട സംഭവമാണ്. പല സീനുകളും ഷൂട്ട് ചെയ്തത് തായ്ലാന്റിലെ മറ്റ് പല ഗുഹകളിൽ വച്ചാണ്.

തിരക്കഥ രൂപപ്പെടുത്തൽ എളുപ്പമായിരുന്നോ?

        സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നതിലെ സാദ്ധ്യതകൾ ഉപയോഗിച്ചതല്ലാതെ യാതൊന്നും പുതുതായി കൂട്ടിച്ചേർത്തിട്ടില്ല. രക്ഷാപ്രവർത്തനം കഴിഞ്ഞ ഉടൻ തന്നെ തായ്ലാന്റ് സംഭവം സിനിമയാക്കാൻ പലരും മുന്നോട്ടുവന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി അവകാശം സ്വന്തമാക്കിയപ്പോൾ തന്നെ കൃത്രിമമായി യാതൊന്നും തിരക്കഥയിൽ ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിച്ചിരുന്നു. കത്രീന ഗ്രോസും ഡോൺ ലിൻഡറും ഇതനുസരിച്ചാണ് എനിക്കൊപ്പം എഴുത്തുജോലികൾ പൂർത്തിയാക്കിയത്. രണ്ടു മാസമാണ് തിരക്കഥയ്ക്കായി ഞങ്ങൾ ചെലവിട്ടത്.

അഭിനേതാക്കൾ പലരും തായ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ തന്നെയാണ്?
       അങ്ങനെ സംഭവിച്ചത് ഏറ്റവും നന്നായി എന്നാണ് തോന്നുന്നത്. ഒരു പക്ഷേ യഥാർത്ഥ അഭിനേതാക്കൾക്ക് ഇത്രയും സ്വാഭാവികമായി രക്ഷാപ്രവർത്തനമടക്കമുള്ള രംഗങ്ങളിൽ അഭിനയിക്കാനായേക്കില്ല. ഡൈവർമാരും സൈനികരുമടക്കമുള്ള രക്ഷാപ്രവർത്തകർ ഒരിക്കൽകൂടി ആ സംഭവം വീണ്ടും സൃഷ്ടിച്ചതായി തോന്നി. അവരില്ലായിരുന്നെങ്കിൽ സിനിമയ്ക്ക് ഇത്ര സ്വാഭാവികത അനുഭവപ്പെടില്ല.

'ദി കേവി'ന് അംഗീകാരങ്ങൾക്കൊപ്പംവിമർശനമുണ്ടായി?
         ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വിമർശനങ്ങളാണത്. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തിയില്ലെന്നും ചില വിഭാഗങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവെന്നുമായിരുന്നു പ്രധാന വിമർശനം. ഒരു വെബ് സീരിസായി പ്ലാൻ ചെയ്‌തെങ്കിൽ എല്ലാം ഉൾപ്പെടുത്താമായിരുന്നു. ഇത് 104 മിനിറ്റുള്ള സിനിമയല്ലേ, പരിമിതിയുണ്ട്.

കേരളകൗമുദി, 2019 ഡിസംബർ 8

ഇറാനിയൻ മിസ്റ്റിക് സിനിമകളെ ഓർമ്മിപ്പിക്കുന്ന ഡീപ് വെൽ

മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇറാനിൽ നിന്നും എൺപതുകളിൽ ഉണ്ടായ മിസ്റ്റിക് സിനിമകളുടെ ശൈലിയെ ഓർമ്മപ്പെടുത്തുന്ന സിനിമയാണ് ഷനാബെക് ഷെറ്റിറോവിന്റെ ഡീപ് വെൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ജീവിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്ന മനുഷ്യജീവിതത്തിന്റെ ചാക്രിക സസഞ്ചാരമാണ് നാടോടികളുടെ ജീവിതത്തിലൂടെ ഈ കസാഖ് ചിത്രം പറയുന്നത്.
       കസാഖ് എഴുത്തുകാരനായ അഭിഷ് കകിൽബയേവിന്റെ ഡീപ് വെൽ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. ഒരിടത്തും സ്ഥിരതാമസമാക്കാതെ താത്കാലിക കൂടാരങ്ങൾ കെട്ടി ജീവിക്കുന്ന സവിശേഷ ജീവിത ശൈലിക്കുടമകളായ കസാഖിസ്ഥാനിലെ ഒരു വിഭാഗം ഗ്രാമീണ മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. കസാഖിസ്ഥാൻ സമതല, തീരദേശ മേഖലകളാണ് പശ്ചാത്തലം. യെൺസെപ് എന്ന ഗ്രാമീണ കിണറുവെട്ടുകാരനെ കേന്ദ്രീകരിച്ചാണ് ഡീപ് വെലിന്റെ സഞ്ചാരം.
   
  പ്രകൃതിയുമായി ഇഴചേർന്നു ജീവിക്കുന്ന മനുഷ്യരാണ് സിനിമയിലുള്ളത്. ആധുനിക ലോകവുമായി അവർക്ക് യാതൊരു കെട്ടുപാടുകളുമില്ല. വാഹനങ്ങളോ മറ്റ് ആധുനിക സൗകര്യങ്ങളോ ഇല്ല. സിനിമ കണ്ടിരിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ലോകത്തെ മറക്കുകയും മറ്റൊരു മിസ്റ്റിക് ലോകത്ത് എത്തിപ്പെട്ട അനുഭവം കൈവരുകയും ചെയ്യുന്നു. യെൺസേപിന്റെ സംസാരം പോലും പ്രകൃതിയുമായി ഇണക്കിച്ചേർത്താണ്. അത്തരം സ്വഗതാഖ്യാനങ്ങൾക്ക് സിനിമ ഏറെ പ്രാധാന്യം നൽകുന്നുമുണ്ട്. മണ്ണിൽ ചെവി ചേർത്താൽ യെൺസേപിന് ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഉറവയുടെ ഒഴുക്ക് കേൾക്കാം, ആ നനവ് അയാൾക്ക് പകർന്നുകിട്ടും. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അയാൾ പ്രകൃതിയോട് കൂടുതൽ അടുക്കുന്നു. ഒടുവിൽ ആഴങ്ങളിൽ തന്നെ അയാൾ ഇല്ലാതാകുകയും ചെയ്യുന്നു. പ്രകൃതിയിൽ നിന്നുടലെടുത്ത് പ്രകൃതിയിലേക്കു മടങ്ങുന്നുവെന്ന ആദിവചനമാണ് സിനിമയ്ക്ക് കാതലാകുന്നത്.
       മദ്ധ്യേഷ്യൻ ഭൂപ്രകൃതിയെ വരച്ചിടുന്ന ഛായാഗ്രാഹണ മികവാണ് ഡീപ് വെലിന്റെ കരുത്ത്. മിഴിവുറ്റതും സൂക്ഷ്മവുമാണ് പ്രകൃതിയിലൂടെയുള്ള കാമറയുടെ സഞ്ചാരം. കഥാപശ്ചാത്തലവുമായി കാണികളെ അടുപ്പിക്കുന്നതും റിഫ്കാത്ത് ഇബ്രാഖിമോവിന്റെ കാമറാ മികവ് തന്നെ. കഥയുമായി ഇണക്കിച്ചേർത്തുകൊണ്ടാണ് ആഴക്കിണർ, കടൽ പരിസരം, കുതിരകളുടെ സഞ്ചാരം, മണ്ണിനടിയിലെ പ്രാർത്ഥനാകേന്ദ്രം, താമസ സ്ഥലം എന്നിവ സിനിമയിൽ അടയാളപ്പെടുത്തുന്നത്. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച കാമറയ്ക്കുള്ള പുരസ്‌കാരം ഡീപ് വെൽ നേടിയിരുന്നു.


കേരളകൗമുദി, 2019 ഡിസംബർ 7

പാദങ്ങളിൽ ദൈവസ്പർശമുള്ള 'ഡീഗോ മറഡോണ'



ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഫുട്ബാൾ ജീനിയസായ ഡീഗോ മറഡോണയുടെ ഫുട്ബാൾ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ഡോക്യുമെന്ററിയാണ് 'ഡീഗോ മറഡോണ'. കളിമികവിനൊപ്പം വിവാദങ്ങളും കൂടപ്പിറപ്പായ മറഡോണയുടെ കളിജീവിതത്തിലേക്കുള്ള അന്വേഷണമാണിത്. നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയയാണ് ഈ ഡോക്യുമെന്ററിക്കു പിന്നിൽ.
     ഫുട്‌ബോൾ ക്ലബ്ബായ ബാഴ്സലോണയിൽ നിന്ന് നാപോളിയിലേക്ക് റെക്കാഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും, യുവേഫ കപ്പ് വിജയത്തിന്റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. വിജയമില്ലാതെ ഉഴറിയിരുന്ന എസ്.എസ്.സി നാപോളിയെ പ്രതിഭ കൊണ്ട് മറഡോണ വിജയത്തിന്റെ പാതയിലേക്ക് നയിച്ചു. നൂറ്റാണ്ടിന്റെ ഗോൾകൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്ബാൾ ഇതിഹാസത്തിന്റെ വളർച്ചയാണ് ചിത്രത്തിന്റെ പ്രമേയം.

കേരളകൗമുദി, 2019 ഡിസംബർ 7

സൊളാനസ് മൂന്നാംലോക സിനിമയുടെ മുന്നണിപ്പോരാളി



സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായക പ്രതിഭയാണ് അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസ്. നാടകവും സംഗീതവും നിയമവും പഠിച്ച സൊളാനസ് 1968ൽ ലാറ്റിനമേരിക്കയിലെ നവ കൊളോണിയലിസത്തെയും അക്രമത്തെയും പ്രതിപാദിച്ച് 'ലാ ഹോറ ഡി ലോസ് ഹോർനോസ്' എന്ന തന്റെ ആദ്യ ചലച്ചിത്രം രഹസ്യമായി നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഇതോടെയാണ് സൊളാനസ് ഹോളിവുഡിനെയും യൂറോപ്യൻ സിനിമയേയും എതിർക്കുന്ന 'മൂന്നാംലോക സിനിമ' എന്ന വിപ്ലവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പിന്നീട് ഈ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാകുകയും ചെയ്തു. 1970കളിൽ അർജന്റീനിയൻ സിനിമയെ ഇളക്കിമറിച്ച ഗ്രൂപോ സിനി ലിബറേഷ്യൻ കൂട്ടായ്മയുടെ മുൻനിരയിൽ സോളനാസ് ഉണ്ടായിരുന്നു.
    ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തുന്ന 'ദ അവർ ഒഫ് ദ ഫർണസസ്',അർജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന 'സോഷ്യൽ ജെനോസൈഡ്' തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ലോകസിനിമയിലെ അതികായനായി മാറി.
     2009ൽ പുറത്തിറങ്ങിയ 'ലാ ടിയറ സുബ്ലെവാഡ'യാണ് ഒടുവിലത്തെ ചിത്രം. 1990കൾ മുതൽ അർജന്റീനിയൻ രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്. നിലവിൽ ബ്യൂണസ് അയേഴ്സ് സിറ്റി ഡെപ്യൂട്ടിയാണ് 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കുന്ന ഈ എൺപത്തിമൂന്നുകാരൻ.

കേരളകൗമുദി, ഡിസംബർ 6

ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുന്ന ആനിമാനിയും അക്സോണും


മുമ്പെങ്ങുമില്ലാത്ത വിധം ഭയവും അരക്ഷിതാവസ്ഥയും പിടികൂടിയിരിക്കുകയാണ് ഇന്ത്യൻ സമൂഹത്തെ. നടപ്പു ദശാബ്ദത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും ഈ ആശങ്കയാണ്. ഭരണകൂടവും മതവും ഭക്ഷണ സ്വാതന്ത്ര്യത്തിൽ പോലും ഇടപെടുന്ന കാലത്തെ ആശങ്കകൾ ഏറെ വലുതാണ്. വംശത്തെയും ഭക്ഷണത്തെയും ചൊല്ലിയുള്ള ആൾക്കൂട്ട അക്രമങ്ങൾ നിരന്തരം വാർത്തയായതോടെ ലോകരാജ്യങ്ങളും ഇന്ത്യയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ ബാദ്ധ്യതയുള്ള കലാകാരന്മാരും ഈ ആശങ്കകൾ അവരുടെ കലാസൃഷ്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. പലതും സെൻസർ കത്രികയ്ക്കു മുന്നിൽ വികൃതരൂപങ്ങളായി. ചിലതെല്ലാം അതിജീവിച്ചു.
    2019പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളായ 'ആനി മാനി'യും 'അക്‌സോണു'മാണ് ഇന്ത്യയിലെ കറുത്ത യാഥാർത്ഥ്യങ്ങൾ കാണികൾക്കു മുമ്പിലെത്തിക്കാൻ തയ്യാറായത്. രണ്ടു സിനിമകൾക്കും വിഷയമാകുന്നത് ഭക്ഷണമാണ്. തങ്ങൾക്ക് താത്പര്യമില്ലാത്ത ഭക്ഷണം രാജ്യത്ത് മറ്റാരും കഴിക്കേണ്ടന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം പ്രബലമാകുമ്പോൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന് പുതിയ മാനം കൈവരുന്നു.
       ബീഫ് ഒരു രാഷ്ട്രീയ വിഷയമായ വർത്തമാന കാലത്തെയാണ് ഫർഹാൻ ഇർഷാദ് 'ആനി മാനി'യിലൂടെ അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ മുസ്ലിം കുടുംബാംഗമായ ഭൂട്ടോ ഇറച്ചിക്കച്ചവടക്കാരനാണ്. രാജ്യത്ത് ബീഫ് നിരോധനം വന്നതോടെ അയാളുടെ ജീവിതമാർഗവും സന്തോഷവും നഷ്ടമാകുന്നു. ബീഫ് കൈയിൽ വച്ചെന്ന ചെയ്യാത്ത തെറ്റിന് ഭൂട്ടോ അറസ്റ്റിലാകുന്നതോടെ കുടുംബം വേട്ടയാടപ്പെടുന്നു. മതത്തെക്കാൾ വലുത് മനുഷ്യനാണെന്ന ഉദാത്ത സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഈ സിനിമ സമകാലിക ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് തുറന്നുവച്ച കണ്ണാടിയാണ്.

    ഫർഹാൻ ഇർഷാദിന്റെ സിനിമയിൽ ബീഫാണ് വിഷയമെങ്കിൽ നിക്കോളാസ് കർകോംഗറിന്റെ 'അക്‌സോണി'ൽ പന്നിയിറച്ചിയാണ് മനുഷ്യനെ വേട്ടയാടുന്നത്. ഇന്ത്യൻ ജനതയിൽ അന്തർലീനമായിരിക്കുന്ന വംശീയതയുടെ സമകാലിക മുഖങ്ങളെ പരുഷരൂപത്തിൽ വിമർശിക്കുന്നതിനു പകരം കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ് കളിയാക്കാനാണ് അക്‌സോൺ മുതിരുന്നത്. ഒരു കല്യാണാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഒരു ഫ്ളാറ്റിൽ രണ്ടു പെൺകുട്ടികൾ പന്നിയിറച്ചി പാകം ചെയ്യുകയാണ്. ഇറച്ചി വേവുന്ന മണം അലോസരപ്പെടുത്തുന്നതോടെ അയൽക്കാർ പെൺകുട്ടികളുടെ പാചകം തടയുന്നു. എന്നാൽ ലക്ഷ്യം പൂർത്തീകരിക്കാൻ പെൺകുട്ടികൾ പല വഴികളിലൂടെ ശ്രമിക്കുകയാണ്. തമാശ രൂപേണയാണ് കഥപറച്ചിലെങ്കിലും ഇന്ത്യയിലെ ഭക്ഷണത്തിന്റെ രാഷ്ട്രീയം അതിതീവ്രമായി അടയാളപ്പെടുത്തുകയാണ് 'അക്‌സോൺ'.
       ഭയമാണ് ഇന്ത്യൻ ജനതയെ പിടികൂടിയിരിക്കുന്ന അടിസ്ഥാന വികാരമെന്ന് ആനി മാനിയും അക്‌സോണും പറഞ്ഞുവയ്ക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ആൾക്കൂട്ടം നീതി നടപ്പിലാക്കുകയും നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സിനിമകൾ ധൈര്യസമേതം കാമറ തുറന്നു വയ്ക്കുന്നത്.

കേരളകൗമുദി, 2019 ഡിസംബർ 10

അയാം മുഹമ്മദ്, നോട്ട് മാർക്കോ

* അഭയാർഥി പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഡെസ്പൈറ്റ് ദി ഫോഗ്

ആഭ്യന്തര, വംശീയ കലാപങ്ങളാൽ കലുഷിതമായ പ്രദേശങ്ങളിൽനിന്ന് സുരക്ഷയും മെച്ചപ്പെട്ട ജീവിതവും തേടി കാലങ്ങളായി മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പലായനത്തിന് ഇനിയും അറുതിയായിട്ടില്ല. സ്ഥിരം പ്രശ്നബാധിതദേശങ്ങളായ അറബ്, മദ്ധ്യേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളലേക്കാണ് നിലവിൽ ഏറ്റവുമധികം അഭയാർത്ഥി പ്രവാഹമുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾക്കുപോലും പിടികൊടുക്കാത്ത വിധത്തിലുള്ള ആഗോളപ്രശ്നമായി ഇതു മാറിക്കഴിഞ്ഞു.
       അഭയാർത്ഥി, പൗരത്വവിഷയങ്ങൾ ചർച്ചചെയ്യുന്ന നിരവധി സിനിമകൾക്കാണ് പ്രശ്നബാധിത ദേശങ്ങളിലെ ചലച്ചിത്രകാരന്മാർ കഴിഞ്ഞ ദശാബ്ദത്തിൽ രൂപം നൽകിയത്. അടുത്തിടെ ആഗോള ശ്രദ്ധ നേടിയ നദീൻ ലെബാക്കിയുടെ ലെബനീസ് ചിത്രം കാപർനോം ഈ നീറുന്ന പ്രശ്നമാണ് ചർച്ചചെയ്തത്. യുദ്ധത്തിന്റെയെന്ന പോലെ പലായനത്തിന്റെയും ഏറ്റവും വലിയ ഇര കുട്ടികളാണെന്ന് കാപർനോം പറഞ്ഞുവച്ച അതേ വിഷയമാണ് ഗൊരാൻ പാസ്‌ജെവികിന്റെ ഇറ്റാലിയൻ സിനിമയായ ഡെസ്‌പൈറ്റ് ദി ഫോഗ് ചർച്ചചെയ്യുന്നത്.
     
മെച്ചപ്പെട്ട ജീവിതം തേടി ഇറ്റാലിയൻ തീരത്തേക്ക് റബർ ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ അലി മൂസ സർഹാൻ എന്ന എട്ടു വയസുകാരന്റെ മാതാപിതാക്കൾ മരിച്ചുപോകുന്നു. തെരുവിൽ അകപ്പെടുന്ന അലിയെ ഇറ്റാലിയൻ ദമ്പതികൾ എടുത്തുവളർത്തുന്നതിനെ തുടർന്നുള്ള വംശീയവും മതപരവും പൗരത്വത്തെ ചൊല്ലിയുമുള്ള പ്രശ്നങ്ങളുമാണ് ഡെസ്‌പൈറ്റ് ദി ഫോഗിന്റെ ഉള്ളടക്കം. ഐഡന്റിറ്റി ക്രൈസിസ് എന്ന 'പുകമഞ്ഞു'പോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നത്തിന് പ്രസക്തമായ ഉത്തരം നൽകാനാകാതെയും അനേകം ചിന്തകൾ അവശേഷിപ്പിച്ചുമാണ് സിനിമ അവസാനിക്കുന്നത്. സിനിമയിൽ അലി ആവർത്തിച്ചു പറയുന്ന 'അയാം മുഹമ്മദ്, നോട്ട് മാർക്കോ 'എന്ന വാചകത്തിലാണ് സിനിമയുടെ അന്തസത്ത അടങ്ങിയിരിക്കുന്നത്. അതിസങ്കീർണമായൊരു വിഷയത്തിന് ഏറ്റവും ലളിതമായ ചലച്ചിത്രഭാഷ്യം നൽകുന്നിടത്താണ് പാസ്‌ജെവികിന്റെ സിനിമയ്ക്ക് ആഗോളമുഖം കൈവരുന്നത്.
     അലിയെപ്പോലെ ആയിരക്കണക്കിന് കുട്ടികൾ തെരുവിലുണ്ടെന്നും അവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നുമുള്ള യാഥാർത്ഥ്യം ഓർമ്മപ്പെടുത്തുന്നതാണ് ഡെസ്‌പൈറ്റ് ദി ഫോഗിന്റെ ടെയ്ൽ എൻഡ് ഷോട്ട്. ആ ദൃശ്യത്തലേക്ക് ശ്രദ്ധയൂന്നുമ്പോൾ ഇത് കേവലമൊരു സിനിമാക്കഥയല്ലെന്നുള്ള ഞെട്ടലായിരിക്കും കാണികൾക്കുണ്ടാകുക. സമാധാനത്തിന്റെ ഇടം തേടിക്കൊണ്ടുള്ള അഭയാർത്ഥി പ്രവാഹം ഓരോ ദിവസവും ഓരോ നേരവും സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാപർനോമും ഡെസ്‌പൈറ്റ് ദി ഫോഗും പ്രശ്നങ്ങളലേക്ക് വിരൽചൂണ്ടുന്ന അവസാന സിനിമകളാകുകയുമില്ല.

കേരളകൗമുദി, 2019 ഡിസംബർ 12

Friday, 17 April 2020

സ്ത്രീശക്തിയുടെ ഉയിർത്തെഴുന്നേൽപ്പായി ഹെല്ലാരോ


പോയ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ഈ വർഷം തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുകയും ചെയ്ത ഗുജറാത്തി ചിത്രമായ ഹെല്ലാരോയ്ക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ കൈയടി. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ച 12 നടിമാർക്കും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചുവെന്ന സവിശേഷമായ അംഗീകാരത്തിനാണ് സ്ത്രീശാക്തീകരണം പ്രമേയമായിട്ടുള്ള ഹെല്ലാരോ അർഹമായത്. 24ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണികൾ ഏറ്റവും സജീവമായി ഇടപെട്ടു കണ്ട സിനിമ എന്ന സവിശേഷതയിലാണ് 'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിച്ച ഹെല്ലാരോ ശ്രദ്ധേയമായത്. അടിമത്തം വിട്ടുണരുന്ന സ്ത്രീമുന്നേറ്റത്തെ നിലയ്ക്കാത്ത ഹർഷാരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്.
      പീരീഡ് സിനിമ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഹെല്ലാരോയുടെ പ്രമേയം സ്ത്രീകൾ പൂർണമായും സ്വാതന്ത്ര്യം നേടിയിട്ടില്ലാത്ത ഇക്കാലത്തും ഏറെ പ്രസക്തമാണ്. 1975ലെ ഗുജറാത്ത് ആണ് പശ്ചാത്തലം. റാൻ ഒഫ് കച്ചിലെ ഗ്രാമപ്രദേശത്തേക്ക് മഞ്ജരിയെന്ന പെൺകുട്ടി വിവാഹം കഴിച്ചയക്കപ്പെടുന്നു. പുരുഷാധിപത്യത്തിന് പേരു കേട്ടതാണ് ഈ ഗ്രാമം. വെള്ളമെടുക്കാനായി ദൂരെയുള്ള ഒരു സ്ഥലത്തേക്ക് എന്നും രാവിലെ പോകുമ്പോൾ മാത്രമാണ് ഗ്രാമത്തിലെ സ്ത്രീകൾക്ക് നിയന്ത്രണമില്ലാത്തത്. അല്ലാത്തപ്പോൾ വീടിനു പുറത്ത് ആണുങ്ങളുടെ കൂടെ പ്രത്യക്ഷപ്പെടാനോ പരമ്പരാഗത ഉത്സവ, നൃത്താഘോഷങ്ങളിൽ പങ്കെടുക്കാനോ സ്വാതന്ത്ര്യമില്ല. ഒടുവിൽ നൃത്തം ചവിട്ടിത്തന്നെ സ്ത്രീകൾ അവരുടെ ശക്തി തെളിയിക്കുകയും അടിമത്തത്തിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നിടത്താണ് സംഭവകഥയായ സിനിമ അവസാനിക്കുന്നത്.
ഗുജറാത്തിലെ പരമ്പരാഗത നൃത്തമായ ഗർഭയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരു നാടോടിക്കഥയുടെ ലാളിത്യത്തോടെ ഈ ചിത്രം അഭിഷേക് ഷാ അവതരിപ്പിച്ചിരിക്കുന്നത്. അഭിഷേക് ഷായും പ്രതീക് ഗുപ്തയും ചേർന്നാണ് ഗുജറാത്തി നാടോടി ഗാനത്തിന് കടപ്പാട് രേഖപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
       
 സ്ത്രീകൾക്ക് നൃത്തം ചെയ്യാനോ ആഘോഷങ്ങളിൽ പങ്കെടുക്കാനോ സ്വാതന്ത്ര്യമില്ലാത്ത സാമൂഹികാവസ്ഥ തൊള്ളായിരത്തി എൺപതുകൾ വരെ പല ഗുജറാത്തി ഗ്രാമങ്ങളിലും നിലനിന്നിരുന്നുവെന്നും ഈ സ്ഥിതി ഇപ്പോൾ പൂർണമായി മാറിയെന്നും ഹെല്ലാരോയുടെ പ്രദർശനത്തിനുശേഷം സംസാരിച്ച ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശിഷ് പട്ടേലും അഭിഷേക് ഷായും പറഞ്ഞു.

കേരളകൗമുദി, 2019 ഡിസംബർ 12

Wednesday, 15 April 2020

എഷ്യയുടെ അഭിമാനമുയർത്തിയ ഓസ്‌കർ


92-ാമത് ഓസ്‌കർ പുരസ്‌കാര അവലോകനം


ലോകത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങായ ഓസ്‌കർ ഇക്കുറിയും അതിന്റെ മഹനീയതയും പ്രൗഢിയും കാത്തുസൂക്ഷിച്ച് ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലെ സമ്പന്നമായ വേദിയിൽ അരങ്ങേറി. ചലച്ചിത്ര മേഖലയിലെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരം ഇക്കുറി ഹോളിവുഡിന്റെ മേധാവിത്വം മറികടന്ന് ഏഷ്യൻ വൻകര അഭിമാന നേട്ടം കൊയ്ത കാഴ്ചയ്ക്കു കൂടിയാണ് വേദിയായത്. ഹോളിവുഡ് ചിത്രങ്ങളുടെ ശക്തമായ പോരാട്ടത്തെ മറികടന്ന് ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റ് ആണ് ഓസ്‌കറിലെ ഏഷ്യൻ സാന്നിദ്ധ്യമായി മാറിയത്.
       സമൂഹത്തിലെ ക്ലാസ് വിഭജനത്തിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബോംഗ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച സിനിമ, സംവിധായകൻ, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നീ നാല് പ്രധാന പുരസ്‌കാരങ്ങളാണ് നേടിയത്. 92 വർഷത്തെ ഓസ്‌കർ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്‌കർ വേദിയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായാണ് ഒരു കൊറിയൻ ചിത്രം നാല് ഓസ്‌കറുകൾ നേടുന്നത്. ഒരു ദക്ഷിണ കൊറിയൻ സംവിധായകൻ ഓസ്‌കർ നേടുന്നതും ഇതാദ്യമായിട്ടാണ്. മാർട്ടിൻ സ്‌കോർസിസി, ടോഡ് ഫിലിപ്സ്, സാം മെൻഡസ്, ക്വിന്റിൻ ടരന്റീനോ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് കൊറിയൻ സംവിധായകന്റെ ഓസ്‌കർ നേട്ടം.
      ദക്ഷിണ കൊറിയയിൽ മനുഷ്യർക്കിടയിലെ സാമ്പത്തിക, സാമൂഹിക അന്തരത്തെ രണ്ടു കുടുംബങ്ങളിലൂടെ അവതരിപ്പിച്ച് ചിത്രത്തിന് സാർവലോക മാനം നൽകാൻ കഴിഞ്ഞതിലൂടെയാണ് ബോംഗ് ജൂൺ ഹോയുടെ പാരസൈറ്റ് ഓസ്‌കറിൽ അംഗീകരിക്കപ്പെട്ടത്. ബോംഗ് ജൂൺ ഹോയും ഹാൻ ജിൻ വണും ചേർന്നാണ് പാരസൈറ്റിന് തിരക്കഥയൊരുക്കിയത്. ചിത്രം കാനിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിരുന്നു.
   
       ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിലെ ആർതർ ഫ്‌ളെക് എന്ന സ്റ്റാൻഡപ് കൊമേഡിയനായി ഉള്ളുലയ്ക്കുന്ന അഭിനയപ്പകർച്ച നടത്തിയതിലൂടെ അമേരിക്കൻ നടൻ വാക്വിൻ ഫിനിക്സ് മികച്ച നടനുള്ള ഓസ്‌കർ നേടി. നാലുതവണ മികച്ച നടനുള്ള ഓസ്‌കർ നോമിനേഷൻ നേടിയിട്ടുള്ള വാക്വിൻ ഫിനിക്സിന് ഇത്തവണത്തെ പുരസ്‌കാര നേട്ടം അർഹതയ്ക്കുള്ള അംഗീകാരമായി. ലിയനാർഡോ ഡികാപ്രിയോയെയും ആദം ഡ്രൈവറെയും മറികടന്നാണ് വാക്വിൻ ഫീനിക്സ് മികച്ച നടനായത്.
      മികച്ച നടിക്കുള്ള പുരസ്‌കാരം അമേരിക്കൻ നടിയായ റെനെ സെൽവെഗറിനു ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് റെനയെത്തേടി അക്കാദമി പുരസ്‌കാരം എത്തുന്നത്.
   
         ബ്രാഡ് പിറ്റാണ് മികച്ച സഹനടൻ. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്‌കാരം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്‌കർ പുരസ്‌കാരമാണിത്. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, ജോ പെസ്‌കി, അൽ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരവും വൺസ് അപ്പോൺ ടൈം ഇൻ ഹോളിവുഡ് നേടി. മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേൺ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
    ടോയ് സ്റ്റോറി 4 ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയർ ലവ് നേടി. കേറേൻ റൂപ്പെർട്ട് ടോളിവാറാണ് ഹെയർ ലവിന്റെ സംവിധാനം നിർവഹിച്ചത്. കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരം ലിറ്റിൽ വിമനിലൂടെ ജാക്വിലിൻ ഡ്യൂറൻ നേടി. മേക്കപ്പിനും ഹെയർ െ്രസ്രലിംഗിനുമുള്ള പുരസ്‌കാരം ബോംബ് ഷെല്ലിനാണ്. മാർഷൽ ക്യൂറി ഒരുക്കിയ ദി നെയ്‌ബേർസ് വിഡോക്ക്, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ പുരസ്‌കാരം നേടി.

       മാർക്ക് റഫല്ലോ സംവിധാനം ചെയ്ത അമേരിക്കൻ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചർ. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിനു ലഭിച്ചു. സൗണ്ട് എഡിറ്റിംഗിനുള്ള പുരസ്‌കാരം ഫോർഡ് വേഴ്സസ് ഫെറാരി നേടി. സൗണ്ട് മിക്സിംഗിനും വിഷ്വൽ എഫ്കട്സിനുമുള്ള അവാർഡ് 1917 നേടി. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥപറഞ്ഞ 1917 ലൂടെ ഛായാഗ്രഹണത്തിന് റോജർ ഡീക്കൻസ് പുരസ്‌കാരം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനിന് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും റോക്കറ്റ് മാനിലെ 'ലവ് മി എഗെയ്ൻ' മികച്ച ഗാനത്തിനും ഓസ്‌കർ നേടി.
    ജോക്കർ, ദി ഐറിഷ് മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്. 1917 എന്നീ സിനിമകളാണ് ഇക്കുറി കൂടുതൽ നോമിനേഷനുകൾ നേടിയത്. മികച്ച ചിത്രത്തിനടക്കം 11 നോമിനേഷനുകൾ ജോക്കർ നേടിയപ്പോൾ മറ്റുളളവ 10 നോമിനേഷനുകളാണ് ലഭിച്ചത്. ജോക്കറിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിനും വൺസ് എ അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ പ്രകടനത്തിന് ലിയനാർഡോ ഡിക്രാപ്രിയോയ്ക്കും നോമിനേഷനുകളുണ്ടായിരുന്നു. ബ്രാഡ് പിറ്റ് മികച്ച സഹനടനുളള നോമിനേഷൻ നേടിയപ്പോൾ സ്‌കാർലറ്റ് ജോഹാൻസൺ, സവെയ്സ റൊനാൻ എന്നിവരാണ് മികച്ച നടിമാർക്കുളള നോമിനേഷൻ നേടിയത്.
    മികച്ച സിനിമയ്ക്കുളള നോമിനേഷൻ ജോക്കറിനൊപ്പം ജോജോ റാബിറ്റ്, ദി ഐറിഷ് മെൻ, പാരസൈറ്റ്, മാര്യേജ് സ്‌റ്റോറി, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ലിറ്റിൽ വുമെൺ, ഫോർഡ് വി ഫെരാരി, 1917 എന്നീ സിനിമകൾക്കാണ് ലഭിച്ചത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട പാരസൈറ്റിന് 15 മില്യൺ ഡോളർ സമ്മാനതുകയാണ് ലഭിച്ചത്. മികച്ച സിനിമയ്ക്കുളള നോമിനേഷനുകളിൽ പാരസൈറ്റായിരുന്നു എറ്റവും കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം. 11 മില്യൺ ആണ് പാരസൈറ്റിന്റെ ബഡ്ജറ്റ്.
   
        ഇത്തവണത്തെ ഓസ്‌കർ അവാർഡ് ചടങ്ങ് സംഘടിപ്പിക്കാനായി 44 മില്യൺ ഡോളറാണ് മുടക്കിയത്. മുൻവർഷങ്ങളിലേക്കാൾ കൂടിയ ബഡ്ജറ്റിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണേഴ്സ് അവാർഡുകൾ, ഗവർണേഴ്സ് ബോൾ, ഭക്ഷണം എന്നിവയുൾപ്പെടെ ഒന്നിലധികം ഇവന്റുകൾ ഉൾക്കൊള്ളുന്നതായിരുന്നു അവാർഡ് നിശ. 900 മണിക്കൂറുകൾ കൊണ്ട് 18 പേർ ചേർന്നാണ് ഓസ്‌കറിന്റെ റെഡ് കാർപ്പറ്റ് ഒരുക്കിയത്. 24,700 ഡോളർ മുടക്കിയാണ് റെഡ് കാർപെറ്റ് വിരിച്ചത്. 225 രാജ്യങ്ങളിൽ ഇത്തവണ ഓസ്‌കർ അവാർഡ് ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്തു. കഴിഞ്ഞ വർഷത്തെ മാതൃകയിൽ അവതാരകൻ ഇല്ലാതെയായിരുന്നു ഇക്കുറിയും ഓസ്‌കർ പുരസ്‌കാര വിതരണം നടന്നത്.


ആകാശവാണി, വാർത്താവീക്ഷണം, 2020 ഫെബ്രുവരി 17