92-ാമത് ഓസ്‌കർ പുരസ്‌കാര അവലോകനം
ലോകത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങായ ഓസ്‌കർ ഇക്കുറിയും അതിന്റെ മഹനീയതയും പ്രൗഢിയും കാത്തുസൂക്ഷിച്ച് ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലെ സമ്പന്നമായ വേദിയിൽ അരങ്ങേറി. ചലച്ചിത്ര മേഖലയിലെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരം ഇക്കുറി ഹോളിവുഡിന്റെ മേധാവിത്വം മറികടന്ന് ഏഷ്യൻ വൻകര അഭിമാന നേട്ടം കൊയ്ത കാഴ്ചയ്ക്കു കൂടിയാണ് വേദിയായത്. ഹോളിവുഡ് ചിത്രങ്ങളുടെ ശക്തമായ പോരാട്ടത്തെ മറികടന്ന് ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റ് ആണ് ഓസ്‌കറിലെ ഏഷ്യൻ സാന്നിദ്ധ്യമായി മാറിയത്.
സമൂഹത്തിലെ ക്ലാസ് വിഭജനത്തിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബോംഗ് ജൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച സിനിമ, സംവിധായകൻ, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നീ നാല് പ്രധാന പുരസ്‌കാരങ്ങളാണ് നേടിയത്. 92 വർഷത്തെ ഓസ്‌കർ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്‌കർ വേദിയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായാണ് ഒരു കൊറിയൻ ചിത്രം നാല് ഓസ്‌കറുകൾ നേടുന്നത്. ഒരു ദക്ഷിണ കൊറിയൻ സംവിധായകൻ ഓസ്‌കർ നേടുന്നതും ഇതാദ്യമായിട്ടാണ്. മാർട്ടിൻ സ്‌കോർസിസി, ടോഡ് ഫിലിപ്സ്, സാം മെൻഡസ്, ക്വിന്റിൻ ടരന്റീനോ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് കൊറിയൻ സംവിധായകന്റെ ഓസ്‌കർ നേട്ടം.
ദക്ഷിണ കൊറിയയിൽ മനുഷ്യർക്കിടയിലെ സാമ്പത്തിക, സാമൂഹിക അന്തരത്തെ രണ്ടു കുടുംബങ്ങളിലൂടെ അവതരിപ്പിച്ച് ചിത്രത്തിന് സാർവലോക മാനം നൽകാൻ കഴിഞ്ഞതിലൂടെയാണ് ബോംഗ് ജൂൺ ഹോയുടെ പാരസൈറ്റ് ഓസ്‌കറിൽ അംഗീകരിക്കപ്പെട്ടത്. ബോംഗ് ജൂൺ ഹോയും ഹാൻ ജിൻ വണും ചേർന്നാണ് പാരസൈറ്റിന് തിരക്കഥയൊരുക്കിയത്. ചിത്രം കാനിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിരുന്നു.
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിലെ ആർതർ ഫ്‌ളെക് എന്ന സ്റ്റാൻഡപ് കൊമേഡിയനായി ഉള്ളുലയ്ക്കുന്ന അഭിനയപ്പകർച്ച നടത്തിയതിലൂടെ അമേരിക്കൻ നടൻ വാക്വിൻ ഫിനിക്സ് മികച്ച നടനുള്ള ഓസ്‌കർ നേടി. നാലുതവണ മികച്ച നടനുള്ള ഓസ്‌കർ നോമിനേഷൻ നേടിയിട്ടുള്ള വാക്വിൻ ഫിനിക്സിന് ഇത്തവണത്തെ പുരസ്‌കാര നേട്ടം അർഹതയ്ക്കുള്ള അംഗീകാരമായി. ലിയനാർഡോ ഡികാപ്രിയോയെയും ആദം ഡ്രൈവറെയും മറികടന്നാണ് വാക്വിൻ ഫീനിക്സ് മികച്ച നടനായത്.
മികച്ച നടിക്കുള്ള പുരസ്‌കാരം അമേരിക്കൻ നടിയായ റെനെ സെൽവെഗറിനു ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് റെനയെത്തേടി അക്കാദമി പുരസ്‌കാരം എത്തുന്നത്.
ബ്രാഡ് പിറ്റാണ് മികച്ച സഹനടൻ. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്‌കാരം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്‌കർ പുരസ്‌കാരമാണിത്. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, ജോ പെസ്‌കി, അൽ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരവും വൺസ് അപ്പോൺ ടൈം ഇൻ ഹോളിവുഡ് നേടി. മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേൺ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
ടോയ് സ്റ്റോറി 4 ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയർ ലവ് നേടി. കേറേൻ റൂപ്പെർട്ട് ടോളിവാറാണ് ഹെയർ ലവിന്റെ സംവിധാനം നിർവഹിച്ചത്. കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരം ലിറ്റിൽ വിമനിലൂടെ ജാക്വിലിൻ ഡ്യൂറൻ നേടി. മേക്കപ്പിനും ഹെയർ െ്രസ്രലിംഗിനുമുള്ള പുരസ്‌കാരം ബോംബ് ഷെല്ലിനാണ്. മാർഷൽ ക്യൂറി ഒരുക്കിയ ദി നെയ്‌ബേർസ് വിഡോക്ക്, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ പുരസ്‌കാരം നേടി.
മാർക്ക് റഫല്ലോ സംവിധാനം ചെയ്ത അമേരിക്കൻ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചർ. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിനു ലഭിച്ചു. സൗണ്ട് എഡിറ്റിംഗിനുള്ള പുരസ്‌കാരം ഫോർഡ് വേഴ്സസ് ഫെറാരി നേടി. സൗണ്ട് മിക്സിംഗിനും വിഷ്വൽ എഫ്കട്സിനുമുള്ള അവാർഡ് 1917 നേടി. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥപറഞ്ഞ 1917 ലൂടെ ഛായാഗ്രഹണത്തിന് റോജർ ഡീക്കൻസ് പുരസ്‌കാരം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനിന് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡും റോക്കറ്റ് മാനിലെ 'ലവ് മി എഗെയ്ൻ' മികച്ച ഗാനത്തിനും ഓസ്‌കർ നേടി.
ജോക്കർ, ദി ഐറിഷ് മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്. 1917 എന്നീ സിനിമകളാണ് ഇക്കുറി കൂടുതൽ നോമിനേഷനുകൾ നേടിയത്. മികച്ച ചിത്രത്തിനടക്കം 11 നോമിനേഷനുകൾ ജോക്കർ നേടിയപ്പോൾ മറ്റുളളവ 10 നോമിനേഷനുകളാണ് ലഭിച്ചത്. ജോക്കറിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിനും വൺസ് എ അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ പ്രകടനത്തിന് ലിയനാർഡോ ഡിക്രാപ്രിയോയ്ക്കും നോമിനേഷനുകളുണ്ടായിരുന്നു. ബ്രാഡ് പിറ്റ് മികച്ച സഹനടനുളള നോമിനേഷൻ നേടിയപ്പോൾ സ്‌കാർലറ്റ് ജോഹാൻസൺ, സവെയ്സ റൊനാൻ എന്നിവരാണ് മികച്ച നടിമാർക്കുളള നോമിനേഷൻ നേടിയത്.
മികച്ച സിനിമയ്ക്കുളള നോമിനേഷൻ ജോക്കറിനൊപ്പം ജോജോ റാബിറ്റ്, ദി ഐറിഷ് മെൻ, പാരസൈറ്റ്, മാര്യേജ് സ്‌റ്റോറി, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ലിറ്റിൽ വുമെൺ, ഫോർഡ് വി ഫെരാരി, 1917 എന്നീ സിനിമകൾക്കാണ് ലഭിച്ചത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട പാരസൈറ്റിന് 15 മില്യൺ ഡോളർ സമ്മാനതുകയാണ് ലഭിച്ചത്. മികച്ച സിനിമയ്ക്കുളള നോമിനേഷനുകളിൽ പാരസൈറ്റായിരുന്നു എറ്റവും കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം. 11 മില്യൺ ആണ് പാരസൈറ്റിന്റെ ബഡ്ജറ്റ്.
ഇത്തവണത്തെ ഓസ്‌കർ അവാർഡ് ചടങ്ങ് സംഘടിപ്പിക്കാനായി 44 മില്യൺ ഡോളറാണ് മുടക്കിയത്. മുൻവർഷങ്ങളിലേക്കാൾ കൂടിയ ബഡ്ജറ്റിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണേഴ്സ് അവാർഡുകൾ, ഗവർണേഴ്സ് ബോൾ, ഭക്ഷണം എന്നിവയുൾപ്പെടെ ഒന്നിലധികം ഇവന്റുകൾ ഉൾക്കൊള്ളുന്നതായിരുന്നു അവാർഡ് നിശ. 900 മണിക്കൂറുകൾ കൊണ്ട് 18 പേർ ചേർന്നാണ് ഓസ്‌കറിന്റെ റെഡ് കാർപ്പറ്റ് ഒരുക്കിയത്. 24,700 ഡോളർ മുടക്കിയാണ് റെഡ് കാർപെറ്റ് വിരിച്ചത്. 225 രാജ്യങ്ങളിൽ ഇത്തവണ ഓസ്‌കർ അവാർഡ് ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്തു. കഴിഞ്ഞ വർഷത്തെ മാതൃകയിൽ അവതാരകൻ ഇല്ലാതെയായിരുന്നു ഇക്കുറിയും ഓസ്‌കർ പുരസ്‌കാര വിതരണം നടന്നത്.
ആകാശവാണി, വാർത്താവീക്ഷണം, 2020 ഫെബ്രുവരി 17
No comments:
Post a Comment