മുമ്പെങ്ങുമില്ലാത്ത വിധം ഭയവും അരക്ഷിതാവസ്ഥയും പിടികൂടിയിരിക്കുകയാണ് ഇന്ത്യൻ സമൂഹത്തെ. നടപ്പു ദശാബ്ദത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും ഈ ആശങ്കയാണ്. ഭരണകൂടവും മതവും ഭക്ഷണ സ്വാതന്ത്ര്യത്തിൽ പോലും ഇടപെടുന്ന കാലത്തെ ആശങ്കകൾ ഏറെ വലുതാണ്. വംശത്തെയും ഭക്ഷണത്തെയും ചൊല്ലിയുള്ള ആൾക്കൂട്ട അക്രമങ്ങൾ നിരന്തരം വാർത്തയായതോടെ ലോകരാജ്യങ്ങളും ഇന്ത്യയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ ബാദ്ധ്യതയുള്ള കലാകാരന്മാരും ഈ ആശങ്കകൾ അവരുടെ കലാസൃഷ്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. പലതും സെൻസർ കത്രികയ്ക്കു മുന്നിൽ വികൃതരൂപങ്ങളായി. ചിലതെല്ലാം അതിജീവിച്ചു.
2019 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളായ 'ആനി മാനി'യും 'അക്‌സോണു'മാണ് ഇന്ത്യയിലെ കറുത്ത യാഥാർത്ഥ്യങ്ങൾ കാണികൾക്കു മുമ്പിലെത്തിക്കാൻ തയ്യാറായത്. രണ്ടു സിനിമകൾക്കും വിഷയമാകുന്നത് ഭക്ഷണമാണ്. തങ്ങൾക്ക് താത്പര്യമില്ലാത്ത ഭക്ഷണം രാജ്യത്ത് മറ്റാരും കഴിക്കേണ്ടന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം പ്രബലമാകുമ്പോൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിന് പുതിയ മാനം കൈവരുന്നു.
ബീഫ് ഒരു രാഷ്ട്രീയ വിഷയമായ വർത്തമാന കാലത്തെയാണ് ഫർഹാൻ ഇർഷാദ് 'ആനി മാനി'യിലൂടെ അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ മുസ്ലിം കുടുംബാംഗമായ ഭൂട്ടോ ഇറച്ചിക്കച്ചവടക്കാരനാണ്. രാജ്യത്ത് ബീഫ് നിരോധനം വന്നതോടെ അയാളുടെ ജീവിതമാർഗവും സന്തോഷവും നഷ്ടമാകുന്നു. ബീഫ് കൈയിൽ വച്ചെന്ന ചെയ്യാത്ത തെറ്റിന് ഭൂട്ടോ അറസ്റ്റിലാകുന്നതോടെ കുടുംബം വേട്ടയാടപ്പെടുന്നു. മതത്തെക്കാൾ വലുത് മനുഷ്യനാണെന്ന ഉദാത്ത സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഈ സിനിമ സമകാലിക ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് തുറന്നുവച്ച കണ്ണാടിയാണ്.
ഭയമാണ് ഇന്ത്യൻ ജനതയെ പിടികൂടിയിരിക്കുന്ന അടിസ്ഥാന വികാരമെന്ന് ആനി മാനിയും അക്‌സോണും പറഞ്ഞുവയ്ക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ആൾക്കൂട്ടം നീതി നടപ്പിലാക്കുകയും നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സിനിമകൾ ധൈര്യസമേതം കാമറ തുറന്നു വയ്ക്കുന്നത്.
കേരളകൗമുദി, 2019 ഡിസംബർ 10
No comments:
Post a Comment