സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായക പ്രതിഭയാണ് അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസ്. നാടകവും സംഗീതവും നിയമവും പഠിച്ച സൊളാനസ് 1968ൽ ലാറ്റിനമേരിക്കയിലെ നവ കൊളോണിയലിസത്തെയും അക്രമത്തെയും പ്രതിപാദിച്ച് 'ലാ ഹോറ ഡി ലോസ് ഹോർനോസ്' എന്ന തന്റെ ആദ്യ ചലച്ചിത്രം രഹസ്യമായി നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഇതോടെയാണ് സൊളാനസ് ഹോളിവുഡിനെയും യൂറോപ്യൻ സിനിമയേയും എതിർക്കുന്ന 'മൂന്നാംലോക സിനിമ' എന്ന വിപ്ലവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പിന്നീട് ഈ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാകുകയും ചെയ്തു. 1970കളിൽ അർജന്റീനിയൻ സിനിമയെ ഇളക്കിമറിച്ച ഗ്രൂപോ സിനി ലിബറേഷ്യൻ കൂട്ടായ്മയുടെ മുൻനിരയിൽ സോളനാസ് ഉണ്ടായിരുന്നു.
ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തുന്ന 'ദ അവർ ഒഫ് ദ ഫർണസസ്',അർജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന 'സോഷ്യൽ ജെനോസൈഡ്' തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ലോകസിനിമയിലെ അതികായനായി മാറി.
2009ൽ പുറത്തിറങ്ങിയ 'ലാ ടിയറ സുബ്ലെവാഡ'യാണ് ഒടുവിലത്തെ ചിത്രം. 1990കൾ മുതൽ അർജന്റീനിയൻ രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്. നിലവിൽ ബ്യൂണസ് അയേഴ്സ് സിറ്റി ഡെപ്യൂട്ടിയാണ് 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കുന്ന ഈ എൺപത്തിമൂന്നുകാരൻ.
കേരളകൗമുദി, ഡിസംബർ 6
No comments:
Post a Comment