Saturday, 30 March 2024

മായാക്കാഴ്ചകള്‍- മേള


1978 ല്‍ അരവിന്ദന്റെ തമ്പിലൂടെയാണ് സര്‍ക്കസും സര്‍ക്കസ് കലാകാരന്‍മാരുടെ ജീവിതവും മലയാള സിനിമയുടെ വെള്ളിത്തിരയില്‍ എത്തുന്നത്. വിനോദത്തിന് അധികം ഉപാധികളില്ലാത്ത ഒരു ഗ്രാമത്തിന്റെ ജീവിതത്തിലേക്കാണ് സര്‍ക്കസ് എന്ന കൗതുകക്കാഴ്ചയുമായി തമ്പിലെ കലാകാരന്‍മാര്‍ വരുന്നത്. കാണികള്‍ക്കു മുന്നില്‍ നിറമുള്ള വേഷങ്ങളും കടും ചായങ്ങളും അണിഞ്ഞ് എത്തുന്ന മുഖങ്ങള്‍ക്കപ്പുറം കൂടാരത്തിലെ ദൈന്യതകളും ഇല്ലായ്മകളുമാണ് തമ്പ് പ്രമേയമാക്കിയത്. തമ്പിന് രണ്ടു വര്‍ഷത്തിനു ശേഷമാണ് കെ.ജി ജോര്‍ജ് മേളയുമായി എത്തുന്നത്.

തമ്പില്‍ സര്‍ക്കസ് കൂടാരത്തിന്റെയാകെ അവസ്ഥകളെ ചിത്രീകരിക്കുമ്പോള്‍ മേളയില്‍ സര്‍ക്കസിലെ കലാകാരനായ കോമാളിയുടെ ജീവിതത്തിലേക്കാണ് കടന്നു ചെല്ലുന്നത്. ഭിന്നശേഷിക്കാരെയും ഉയരം കുറഞ്ഞ മനുഷ്യരെയും കോമാളിത്തരം കാണിക്കാന്‍ വേണ്ടി മാത്രമാണ് സിനിമകളില്‍ ഉപയോഗിച്ചിരുന്നത്. കേന്ദ്ര പ്രമേയവുമായി ബന്ധമില്ലാതെ സിനിമയില്‍ അപ്രധാന കഥാപാത്രങ്ങളായി എത്തി ഹാസ്യം സൃഷ്ടിക്കാനും പ്രധാന കഥാപാത്രങ്ങള്‍ക്ക് തല്ലാനും കളിയാക്കാനുമായി ചേര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇക്കൂട്ടര്‍. അതില്‍നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ ജി ജോര്‍ജ് മേളയില്‍ തന്റെ കുള്ളനായ സര്‍ക്കസ് കോമാളി കഥാപാത്രത്തെ സൃഷ്ടിച്ചത്. ഇത്തരമൊരു പാത്രസൃഷ്ടി മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടായിരുന്നു. ഭിന്നശേഷിക്കാരനും കുള്ളനും കോമാളിയുമെല്ലാം മറ്റുള്ളവരുടേതിനു സമാനമായ ജീവിതം സ്വപ്‌നം കാണുന്നവരാണെന്നും സമാന വികാര വിചാരങ്ങള്‍ ഉള്ളവരാണെന്നുമുള്ള ചിന്ത കെ ജി ജോര്‍ജ് മേളയിലൂടെ പങ്കുവച്ചു.


സര്‍ക്കസിലെ കോമാളിയാണ് ഗോവിന്ദന്‍കുട്ടി. നാടു വിട്ടു പോയി പന്ത്രണ്‍ു കൊല്ലത്തിനു ശേഷമാണ് അയാള്‍ തിരിച്ചു വരുന്നത്. നാണിയമ്മയുടെ മകന്‍ ഗോവിന്ദന്‍കുട്ടി സര്‍ക്കസിലാണെന്ന് നാട്ടില്‍ ആര്‍ക്കൊക്കെയോ അറിയാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കസില്‍ തന്നെയാണെന്നോ എവിടെയാണെന്നോ എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്‍ു തന്നെ നാണിയമ്മയ്ക്കുള്ള ടെലിഗ്രാമുമായി പോസ്റ്റ്മാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പായിരുന്നു. കമ്പിയുണ്‍് എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും അപകടം പറ്റി എന്നായിരുന്നു എന്നതായിരുന്നു പൊതുധാരണ. എന്തായാലും ഗോവിന്ദന്‍ കുട്ടി നാട്ടിലേക്ക് വരുന്ന വിവരത്തിനായിരുന്നു നാണിയമ്മയ്ക്കുള്ള ആ കമ്പി എന്നത് നാട്ടുകാരെ ആശ്വാസത്തിലാക്കി.

അങ്ങനെ കോട്ടു സൂട്ടും പത്രാസുമായി ഗോവിന്ദന്‍കുട്ടി നാട്ടിലെത്തി. അത്തരം പത്രാസുകള്‍ ആ കുഗ്രാമത്തിന് പുതുമയുള്ള കാഴ്ചയായിരുന്നു. മുന്തിയ ഇനം സിഗററ്റും ലൈറ്ററും കൈയില്‍ ടേപ്പ് റെക്കോര്‍ഡറുമെല്ലാമായി സമ്പന്നതയുടെ പ്രതീകമായാണ് ഗോവിന്ദന്‍കുട്ടിയുടെ രംഗപ്രവേശം. നാട്ടില്‍ ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചും വിശേഷം ചോദിച്ചും ആവശ്യക്കാരെ സഹായിച്ചുമെല്ലാം ഗോവിന്ദന്‍കുട്ടി പെട്ടെന്ന് അവരിലൊരാളായി. പണക്കാരനായതു കൊണ്‍ു തന്നെ ഗോവിന്ദന്‍കുട്ടിയെ എല്ലാവരും ബഹുമാനിച്ചു. കടയില്‍ അയാള്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി. വിശേഷ സദസ്സുകളിലെല്ലാം ബഹുമാനം ലഭിച്ചു. സര്‍ക്കസിലെ മാജിക്കുകള്‍ പലതും നാട്ടിലെ സഭകളില്‍ കാണിച്ച് ഗോവിന്ദന്‍കുട്ടി ആളുകളെ വിസ്മയിപ്പിച്ചു. മൊത്തത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ തിരിച്ചുവരവ് ആ ഗ്രാമത്തില്‍ ഒരു അല സൃഷ്ടിക്കാന്‍ പോന്നതായിരുന്നു.


ഗോവിന്ദന്‍കുട്ടിയുടെ ആഢംബരവും സമ്പത്തും പെരുമാറ്റവുമെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്നുണ്‍െങ്കിലും അയാളുടെ രൂപം പരിഹാസത്തിനുള്ള വകയാണ് നല്‍കുന്നത്. സ്ത്രീകള്‍ പ്രത്യേകിച്ച് യുവതികള്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്‍്. 'അയാളുടെ നടത്തം നോക്കിയേടി' എന്ന് ഗോവിന്ദന്‍കുട്ടി നടന്നു പോകുന്നതു കണ്‍് പുഴയില്‍ കുളിച്ചുകൊണ്‍ിരുന്ന പെണ്ണുങ്ങള്‍ ചിരിച്ചുകൊണ്‍് പറയുന്നു. തന്റെ ഉയരക്കുറവും രൂപവും പരിഹാസത്തിനുള്ള ഉപാധിയാണെന്ന് മറ്റാരേക്കാളും ഗോവിന്ദന്‍കുട്ടി തിരിച്ചറിയുന്നുമുണ്‍്.

ജോലിയും ആവശ്യത്തിന് സമ്പാദ്യവുമൊക്കെയുള്ള തന്റെ മകന്‍ ഒരു പെണ്ണു കെട്ടി കാണാന്‍ നാണിയമ്മ ആഗ്രഹിച്ചു. ഇത് അവര്‍ മകനോട് തുറന്നു പറയുകയും ചെയ്തു. എന്നെയൊക്കെ ഏതെങ്കിലും പെണ്ണിന് ഇഷ്ടമാകുമോ എന്നായിരുന്നു ഗോവിന്ദന്‍കുട്ടിയുടെ മറുചോദ്യം. അതൊക്കെ ആകും എന്ന് പറഞ്ഞ് അമ്മ പെണ്ണന്വേഷണം തുടങ്ങി. ഗോവിന്ദന്‍കുട്ടിക്ക് നാട്ടില്‍ ശാരദയെന്ന യുവതിയെ കണ്‍തു മുതല്‍ ഇഷ്ടമുണ്‍്. ഈ ഇഷ്ടം പ്രകടിപ്പിക്കാന്‍ അയാള്‍ പലവഴി ശ്രമിക്കുന്നുമുണ്‍്. എന്നാല്‍ ശാരദയ്ക്ക് കുള്ളനായ ഗോവിന്ദന്‍കുട്ടിയോട് പ്രണയം തോന്നുന്നില്ല. നാണിയമ്മ ഗോവിന്ദന്‍കുട്ടിക്ക് കല്യാണം ആലോചിച്ചത് മറ്റൊരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. ശാരദയോടുള്ള ഇഷ്ടത്തെക്കുറിച്ച് ഗോവിന്ദന്‍കുട്ടി അമ്മയോട് തുറന്നു പറയുന്നു.


സര്‍ക്കസില്‍ ഭേദപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളുമുണ്‍ായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ മെച്ചപ്പെട്ട ജീവിതാവസ്ഥ കണ്‍് ശാരദ കല്യാണത്തിന് സമ്മതിക്കുന്നു. ഒരു സാധാരണ ചെറുപ്പക്കാരനെ പോലെ സന്തോഷവും സമാധാനവുമുള്ള വിവാഹജീവിതം സ്വപ്നം കണ്‍യാളായിരുന്നു ഗോവിന്ദന്‍കുട്ടി. ആ രീതിയിലാണ് അയാള്‍ പെരുമാറുന്നതും. എന്നാല്‍ സമൂഹം കുള്ളനെയും ഭിന്നശേഷിക്കാനെയും കാണുന്നത് മറ്റൊരു അളവുകോലിലൂടെയാണ്. സ്വാഭാവികമായും സമൂഹത്തിന്റെ നോട്ടവും വിചാരണയും ഗോവിന്ദന്‍കുട്ടിക്കും നേരിടേണ്‍ി വന്നു.

വിവാഹ ശേഷം ഭാര്യയെയും കൊണ്‍് നഗരത്തിലേക്കും സര്‍ക്കസ് കൂടാരത്തിലേക്കും ഗോവിന്ദന്‍കുട്ടി തിരിച്ചെത്തുന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സാധാരണ പോലെ ഭാര്യയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ ഗോവിന്ദന്‍കുട്ടിക്ക് പക്ഷേ മറ്റുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റമല്ല ലഭിച്ചത്. കുള്ളനും സര്‍ക്കസിലെ കോമാളിയുമായ ഗോവിന്ദന്‍കുട്ടിക്ക് ഇത്ര സുന്ദരിയായ പെണ്ണിനെ എങ്ങനെ ഭാര്യയായി കിട്ടി എന്നതായിരുന്നു പലരുടെയും ചിന്ത. ചിലര്‍ ഇത് ഇതു പരസ്പരം പങ്കുവച്ചു. മറ്റു ചിലര്‍ ശാരദയെ ഉപദ്രവിക്കാന്‍ നോക്കി. ശാരദയുടെ മുന്നില്‍ വച്ച് ഗോവിന്ദന്‍കുട്ടിയെ അപഹസിച്ചു. ഇരുവരും ഇത് അവഗണിച്ചു. ചിലപ്പോഴൊക്കെ ശാരദയെ ഇത് വലിയ രീതിയില്‍ വേട്ടയാടി. സര്‍ക്കസില്‍ കോമാളിയുടെ സ്ഥാനം എന്നും അവഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണെന്നു തിരിച്ചറിയുന്ന ശാരദയ്ക്കത് വലിയ നിരാശയാണ് ഉണ്‍ാക്കുന്നത്. ഒരിക്കല്‍ അവള്‍ അത് തുറന്നു പറയുകയും ചെയ്യുന്നുണ്‍്. മറ്റ് ആര് കളിയാക്കിയാലും താനത് സഹിക്കും. പക്ഷേ ശാരദ അങ്ങനെ ചെയ്യുന്നത് താങ്ങാനാകില്ലെന്ന് ഗോവിന്ദന്‍കുട്ടി അതിയായ വിഷമത്തോടെ പറയുന്നു. 


അതിനിടയില്‍ സര്‍ക്കസിലെ സാഹസിക ബൈക്ക് അഭ്യാസിയായ വിജയന്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതം ഒന്നുകൂടി കലങ്ങി മറിയുന്നു. സുന്ദരനായ വിജയനുമായി ശാരദയ്ക്ക് ബന്ധമുണ്‍െന്ന് ഗോവിന്ദന്‍കുട്ടി തെറ്റിദ്ധരിക്കുന്നു. ഇത് അയാള്‍ക്ക് വലിയ നിരാശയാണുണ്‍ാക്കുന്നത്. ഒടുവില്‍ ശാരീരികമായി കുറവുകളുള്ളവര്‍ക്കും ചെറുത്തു നില്‍ക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും ഈ ലോകത്ത് ഒരിക്കലും സ്വസ്ഥമായി ജീവിക്കാനാകില്ലെന്ന തിരിച്ചറിവില്‍ സ്വയം ജീവനൊടുക്കുകയാണ് ഗോവിന്ദന്‍കുട്ടി. 

ശ്രീധരന്‍ ചമ്പാടിന്റെ സര്‍ക്കസ് അനുഭവങ്ങളില്‍ നിന്നാണ് മേള എന്ന സിനിമയുടെ പിറവി. ശ്രീധരന്‍ ചമ്പാടിന്റെ കഥയ്ക്ക് കെ ജി ജോര്‍ജും ചമ്പാടും ചേര്‍ന്നാണ് മേളയുടെ തിരക്കഥ തയ്യാറാക്കിയത്. വേറിട്ട സിനിമകളുടെ സ്രഷ്ടാവെന്ന് അതിനോടകം തന്നെ പേരെടുത്ത ജോര്‍ജിന്റെ തീര്‍ത്തും വ്യത്യസ്തമായ സൃഷ്ടിയായിരുന്നു മേള.


1980 ഡിസംബര്‍ അഞ്ചിന് മേളയുടെ റിലീസ് ദിവസം പത്രങ്ങളില്‍ വന്ന പരസ്യവാചകം ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്.

'പുതുമയും സ്വാഭാവികതയും മുഖമുദ്രയായ കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലിനു ശേഷമുള്ള അനശ്വര കലാസൃഷ്ടി. കുഗ്രാമത്തിന്റെ ശാലീനതയും നഗരത്തിന്റെ പ്രൗഢിയും സര്‍ക്കസ് കൂടാരത്തിലെ വര്‍ണപ്പൊലിമയും ഒത്തിണങ്ങിയ പുതുമ നിറഞ്ഞ ജീവിതസ്പര്‍ശിയായ ഉത്തമ കുടുംബ ചിത്രം. വലിയ മനുഷ്യരേക്കാള്‍ വിശാലഹൃദയനായ ഒരു കുള്ളന്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ വര്‍ണ ചിത്രം.'ഇതായിരുന്നു ആ പരസ്യവാചകം.

എറണാകുളം പത്മ, തിരുവനന്തപുരം അജന്ത, പാലക്കാട് അരോമ, തൃശ്ശൂര്‍ രാഗം, കോഴിക്കോട് ഡേവിസണ്‍ കണ്ണൂര്‍ സെന്‍ട്രല്‍, തലശ്ശേരി പ്രഭ, ചങ്ങനാശ്ശേരി പോപ്പുലര്‍ എന്നീ തിയേറ്ററുകളിലായിരുന്നു മേള റിലീസ് ചെയതത്. 

തിയേറ്റര്‍ വിജയം ലക്ഷ്യമിടുകയും എന്നാല്‍ കലയില്‍ വിട്ടുവീഴ്ച ചെയ്യാതെയുമുള്ള കെ ജി ജോര്‍ജിന്റെ ശൈലി തൊട്ടു മുമ്പ് ഉള്‍ക്കടല്‍ പോലുള്ള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൗ ശൈലി തന്നെയാണ് മേളയിലും ജോര്‍ജ് ആവര്‍ത്തിക്കുന്നത്. മേള തിയേറ്ററില്‍ മോശമല്ലാത്ത കളക്ഷന്‍ നേടുകയും ചെയ്തു.


മേളയിലെ സര്‍ക്കസ് കോമാളിയായ നായക കഥാപാത്രത്തെ കണ്ടെത്തുന്നത് സര്‍ക്കസ് കൂടാരത്തില്‍ നിന്നു തന്നെയാണ്. തമ്പിലെ കോമാളിയായ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഉയരം കുറഞ്ഞൊരാളെ തേടുകയായിരുന്നു കെ.ജി ജോര്‍ജ്. കോമാളിയെ തേടിയാണ് കെ.ജി ജോര്‍ജിന്റെ സിനിമാ സെറ്റില്‍ നിന്ന് നടന്‍ ശ്രീനിവാസന്‍ ഭാരത് സര്‍ക്കസിന്റെ കോഴിക്കോട്ടെ കൂടാരത്തിലേക്ക് എത്തുന്നത്. അവിടെ വച്ചാണ് ഗോവിന്ദന്‍കുട്ടിയാകാന്‍ അനുയോജ്യനായ വ്യക്തിയെ ശ്രീനിവാസന്‍ കണ്ടെത്തുന്നത്. ശശിധരന്‍ എന്നായിരുന്നു അയാളുടെ പേര്. ശ്രീനിവാസന്‍ ആവശ്യം പറഞ്ഞപ്പോള്‍ അയാള്‍ ആദ്യം നിരസിച്ചു. തന്നെ കളിയാക്കാന്‍ വേണ്ടി പറയുകയാണെന്നാണ് ശശിധരന്‍ വിചാരിച്ചത്. ശ്രീനിവാസന്‍ അന്ന് അത്ര പ്രസിദ്ധനായിരുന്നില്ല. അതുകൊണ്ടു തന്നെ കെ ജി ജോര്‍ജിന്റെ പുതിയ സിനിമയില്‍ നായക കഥാപാത്രമെന്ന വാഗ്ദാനവുമായി വന്നയാളെ ശശിധരന്‍ അത്രകണ്ട് വിശ്വാസത്തിലെടുത്തില്ല. 

നസീറും ജയനുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഹീറോയോ എന്നായിരുന്നു ശ്രീനിവാസന്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും ശശിധരന്റെ സംശയം. കളിയല്ല കാര്യമാണെന്ന് ശ്രീനിവാസന്‍ വിശ്വസിപ്പിച്ചപ്പോള്‍ മുതലാളിയോട് അനുവാദം ചോദിക്കണമെന്ന് ശശിധരന്‍ പറഞ്ഞു. ഷോകള്‍ നന്നായി നടക്കുമ്പോള്‍ ഒരു കോമാളി പോയാല്‍ സര്‍ക്കസിനെ ബാധിക്കും. ചുരുങ്ങിയത് നഷ്ടപരിഹാരമെങ്കിലും കിട്ടണം അല്ലെങ്കിലും ബുദ്ധിമുട്ടാകുമെന്ന് ഉടമ പറഞ്ഞു. ശ്രീനിവാസന്‍ സര്‍ക്കസ് ഉടമയെ കണ്ടു. ഒരു ഷോയുടെ ചെലവ് തരണമെന്നായിരുന്നു ആവശ്യം. അത് നിറവേറ്റിയ ശേഷം ശശിധരനുമായി ശ്രീനിവാസന്‍ മേളയുടെ സെറ്റിലേക്ക് എത്തി. അങ്ങനെയായിരുന്നു മലയാളത്തിലെ സുപ്രധാനമായ ഒരു സിനിമയിലെ നായക കഥാപാത്രത്തിന്റെ ജനനം. 


പാനൂരിനടുത്ത് ചെണ്ടയാട് നവോദയക്കുന്നിലായിരുന്നു മേളയുടെ ചിത്രീകരണം. പുത്തന്‍വെളി ശശിധരന്‍ എന്ന പേരാണ് കെ.ജി ജോര്‍ജ് രഘുവെന്ന് മാറ്റിയത്. മേളയുടെ കാസ്റ്റിംഗ് കാര്‍ഡില്‍ ആദ്യത്തെ പേരും രഘുവിന്റേതായിരുന്നു. നാട് വിട്ട ശേഷം സര്‍ക്കസിലെത്തി സമ്പാദിച്ച് വീട്ടിലേക്ക് തിരിച്ചെത്തുന്ന രംഗമായിരുന്നു രഘുവിന്റേതായി ആദ്യം ക്യാമറയില്‍ പകര്‍ത്തിയത്.

സിനിമയിലെത്തിയ അനുഭവത്തെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തില്‍ രഘു പറയുന്നത് ഇങ്ങനെയാണ് ''ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയപ്പോഴും വിശ്വാസം വന്നില്ല. ഇത്ര നടന്‍മാരുള്ളപ്പോള്‍ ഞാന്‍ ഹീറോയോ എന്നായിരുന്നു മനസിലെ സംശയം. കെ.ജി ജോര്‍ജ് സാര്‍ വരുന്നു. കോസ്റ്റ്യൂമര്‍ വന്ന് അളവെടുക്കുന്നു. മേക്കപ്പ്മാന്‍ വരുന്നു. ക്യാമറമാന്‍ വന്ന് സ്റ്റില്ലെടുത്തു. പിറ്റേന്നാള്‍ ആണ് ചിത്രീകരണം. കെ.ജി ജോര്‍ജ് സാര്‍ എന്നോട് പറഞ്ഞു. ഈ സിനിമയില്‍ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കുന്നത് രഘുവാണ്. രഘുവാണ് ഈ സിനിമയിലെ ഹീറോ. ഏഷ്യയില്‍ ആദ്യമായി പൊക്കം കുറഞ്ഞൊരാളെ നായകനാക്കി പടമെടുക്കുന്നത് ഞാനാണ്.'


രഘുവിനു പുറമേ മമ്മൂട്ടിയും ശ്രീനിവാസനും അഞ്ജലി നായിഡുവും ആയിരുന്നു മേളയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അന്ന് തുടക്കക്കാരായിരുന്ന മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഞ്ജലി നായിഡുവിന്റെയും അഭിനയ ജീവിതത്തിലേതു പോലെ രഘുവിനും മേള വഴിത്തിരിവായി. ആ സിനിമയുടെ പേര് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗവുമായി. സര്‍ക്കസിലെ പൊക്കം കുറഞ്ഞ കോമാളിയെ നായക കഥാപാത്രമാക്കി ഒരുക്കിയ മേള മുഖ്യധാരയിലെ നായക സങ്കല്‍പ്പങ്ങളോടുള്ള കലാപമായിരുന്നു.

മേളയിലൂടെ അരങ്ങേറിയ അഞ്ജലി നായിഡു 1980 കളില്‍ തമിഴ്, മലയാളം സിനിമകളില്‍ തിരക്കേറിയ നായികയായി മാറി. തകിലുകൊട്ടാമ്പുറം, അങ്കച്ചമയം, മൈലാഞ്ചി, ഈ നാട്, വേട്ട, ഈ തണലില്‍ ഇത്തിരി നേരം, ഇത്രയും കാലം തുടങ്ങിയവ അഞ്ജലിയുടെ ശ്രദ്ധേയ സിനിമകളാണ്.



ഗോവിന്ദന്‍കുട്ടിയാകാന്‍ ഒരുപാടു പേരെ പരിഗണിച്ച് പരാജയപ്പെട്ടപ്പോഴാണ് രഘുവിലെത്തിയതെന്ന് മേളയുടെ ഛായാഗ്രാഹകന്‍ കൂടിയായ രാമചന്ദ്രബാബു പിന്നീട് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട കഥാപാത്രമായി ബിഹേവ് ചെയ്താല്‍ മതിയെന്നായിരുന്നു ഗോവിന്ദന്‍കുട്ടിയെക്കുറിച്ച് രഘുവിനോട് കെ.ജി ജോര്‍ജ് നല്‍കിയ നിര്‍ദേശമെന്നും രാമചന്ദ്രബാബു പറയുന്നുണ്ട്.

സംവിധാനം നിര്‍വ്വഹിച്ച എല്ലാ സിനിമകളും ഒന്നിനോടൊന്ന് വ്യത്യസ്തത പുലര്‍ത്തിയ ജോര്‍ജിന്റെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് മേളയെ ചലച്ചിത്രാസ്വാദകരും നിരൂപകരും കാണുന്നത്. മധ്യവര്‍ത്തി സിനിമകളുടെ വക്താവായ ജോര്‍ജിന്റെ സിനിമകളിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. പ്രണയത്തിന്റെ മറ്റൊരു തലം അനുഭവിപ്പിച്ച ഉള്‍ക്കടലിനു ശേഷം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പാതയാണ് ജോര്‍ജ് മേളയില്‍ അവലംബിച്ചത്. ഇതായിരുന്നു കെ ജി ജോര്‍ജ് എന്ന സംവിധായകന്റെ മുഖമുദ്രയും. അദ്ദേഹത്തിന് ഒരിക്കല്‍പോലും തന്റെ മുന്‍ സിനിമകളുടെ കഥാപരിസരമോ ആഖ്യാനശൈലിയോ ബാധ്യതയാകുന്നില്ല. ഏറ്റവും പുതിയ സിനിമയാണ് ജോര്‍ജ് ഓരോ തവണയും സൃഷ്ടിച്ചിരുന്നത്.


ഗോവിന്ദന്‍കുട്ടിയുടെ ജീവിതത്തിലൂടെ വൈകല്യമുള്ളവരെ പാര്‍ശ്വവത്കരിക്കാനുള്ള സമൂഹത്തിന്റെ ത്വരയെ ആണ് ജോര്‍ജ് ആവിഷ്‌കരിക്കുന്നത്. സര്‍ക്കസ് കോമാളി കഥകള്‍ എല്ലായ്പ്പോഴും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്താറുണ്ടെങ്കിലും, പ്രാഥമികമായി ഇത്തരം കഥാപാത്രങ്ങള്‍ കഠിനമായ ജീവിത സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും വൈകാരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. മേള അവരുടെ ആന്തരിക ജീവിതത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നു. മാന്യമായ ജീവിതത്തിനായുള്ള അവരുടെ ആഗ്രഹങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ മുന്‍വിധികള്‍ക്കു മുന്നില്‍ തടസ്സപ്പെടുന്നുവെന്ന് ഈ സിനിമ വെളിപ്പെടുത്തി. 

മനുഷ്യ മനസ്സിലെയും ബന്ധങ്ങളിലെയും സംഘര്‍ഷങ്ങള്‍ കെ ജി ജോര്‍ജ് സിനിമകളുടെ പ്രമേയ പരിസരങ്ങളില്‍ വ്യത്യസ്ത തരത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പലരും എഴുതാനും ആവിഷ്‌കരിക്കാനും മടിക്കുന്ന സങ്കീര്‍ണതകള്‍ ജോര്‍ജ് തന്റെ സൃഷ്ടികളില്‍ കൊണ്ടുവന്നു. വ്യക്തികളിലും ബന്ധങ്ങളിലുമുള്ള സംഘര്‍ഷങ്ങള്‍ ജോര്‍ജിന്റെ മറ്റു പല സിനിമകളിലേയും പോൗലെ മേളയിലെ ആഖ്യാനത്തിന്റെയും കേന്ദ്രബിന്ദുവായിരുന്നു. ശരീരത്തിന്റെ കുറവുകളെയും വൈകല്യങ്ങളെയും മാനസികതലത്തില്‍ അപഗ്രഥിച്ചു എന്നതാണ് ഈ സൃഷ്ടിയെ വേറിട്ടു നിര്‍ത്തിയത്. കേവലം സഹതാപത്തിന് പകരം സ്നേഹം സമ്പാദിക്കാന്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സമൂഹത്തില്‍ എന്തുമാത്പം കഠിനമായി പരിശ്രമിക്കണമെന്ന ചിന്ത മേള മുന്നോട്ടുവച്ചു.


മനുഷ്യമനസ്സിനെ ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെ കീറിമുറിക്കുന്ന കത്രിക കെ ജി ജോര്‍ജിന്റെ കൈവശമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. മനുഷ്യ മനസ്സിന്റെ ആഴങ്ങളെയും കെട്ടുപാടുകളെയും അലച്ചിലുകളെയും വൈകാരികതയെയും അത്രമാത്രം സത്യസന്ധമായി ചികഞ്ഞെടുത്തിട്ടുള്ളവയാണ് മേളയുള്‍പ്പടെയുള്ള ജോര്‍ജ് ചിത്രങ്ങള്‍.

മുല്ലനേഴിയായിരുന്നു 'മനസ്സൊരു മാന്ത്രികക്കുതിരയായ്' എന്ന മേളയിലെ ഗാനമെഴുതിയത്. എംബി ശ്രീനിവാസന്‍ സംഗീതം പകര്‍ന്നു. മോഹം എന്ന പക്ഷി എന്ന സിനിമയില്‍ ഒഎന്‍വി എഴുതിയ പാട്ടുകളുടെ ചില വരികളും മേളയില്‍ ഉപയോഗിച്ചു.

സിദ്ധാര്‍ഥന്‍, സൈദ് മുഹമ്മദ്, പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് മേള നിര്‍മ്മിച്ചത്. ചിത്രത്തിലെ സര്‍ക്കസ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസ് ഉടമ പി.കെ മദന്‍ഗോപാല്‍ ആണ് മേളയുടെ അണിയറക്കാരെ സഹായിച്ചത്.

പില്‍ക്കാലത്ത് മലയാളത്തിലെ സൂപ്പര്‍താരമായി മാറിയ മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങളിലൊന്നായിരുന്നു മേള. അപ്രധാനമായ ചെറു വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന മമ്മൂട്ടിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു മേളയില്‍ ലഭിച്ചത്. സര്‍ക്കസ്സിലെ മോട്ടോര്‍ ബൈക്ക് അഭ്യാസിയായ വിജയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഗോവിന്ദന്‍കുട്ടിയുടെയും ശാരദയുടെയും ജീവിതത്തില്‍ വിശേഷ സാന്നിധ്യമാകുന്ന വേഷമായിരുന്നു അത്. മോട്ടോര്‍ ബൈക്ക് അഭ്യാസവും അടിതടയുമെല്ലാമുള്ള കഥാപാത്രം മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായി. 


മേളയ്ക്കു മുമ്പ് സ്റ്റണ്ട് സീനുകള്‍ അധികം ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നു മമ്മൂട്ടിക്ക്. അതുകൊണ്ടുതന്നെ സ്റ്റണ്ട് അധികം വശവുമില്ലായിരുന്നു. മേളയുടെ സെറ്റില്‍ കെ ജി ജോര്‍ജിന്റെ ശിക്ഷണത്തിലാണ് മമ്മൂട്ടി സ്റ്റണ്ട് പഠിച്ചത്. അതിനെ കുറിച്ച് മമ്മൂട്ടി ഓര്‍ക്കുന്നതെങ്ങനെ.

'മേളയില്‍ ഒരു ചെറിയ ആക്ഷന്‍ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നുമില്ല. സംവിധായകന്‍ തന്നെയാണ് സ്റ്റണ്ട് മാസ്റ്റര്‍. എനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി  എന്നോട് ഓപ്പോസിറ്റ് സൈഡില്‍ നിന്നും ചവിട്ടാന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. ഡയറക്ടറെ ചവിട്ടിയാണ് ഞാന്‍ സ്റ്റണ്ട് പഠിച്ചത്.'

നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച രഘുവെന്ന അനശ്വര കലാകാരന് പക്ഷേ മലയാള സിനിമ പിന്നീട് വേണ്ടത്ര പരിഗണന നല്‍കിയില്ല.


മേളയിലെ ഗോവിന്ദന്‍കുട്ടിയെ പോലെ ജീവിതത്തിലും നിര്‍ഭാഗ്യവാനായ ഒരാളായിരുന്നു രഘു. മേളയ്ക്ക് ശേഷം അവസരം ലഭിക്കാത്തതു കൊണ്ട് സര്‍ക്കസിലേക്ക് തന്നെ മടങ്ങി. പിന്നീട് കെപിഎസിയുടെ 'ഇന്നലെകളിലെ ആകാശം' എന്ന നാടകത്തില്‍ അഭിനയിച്ചു. അപൂര്‍വ്വ സഹോദരങ്ങളില്‍ കമലഹാസനോടൊപ്പം വേഷമിടാനായതാണ് രഘുവിന്റെ സിനിമാ കരിയറിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന്. 1980 കളില്‍ സഞ്ചാരി, കാക്കോത്തികാവിലെ അപ്പൂപ്പന്‍താടികള്‍, 1990 കളില്‍ മുഖചിത്രം, കാവടിയാട്ടം, ഓഫാബി, 2000 നു ശേഷം അത്ഭുതദ്വീപ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവയാണ് രഘുവിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജീത്തു ജോസഫിന്റെ ദൃശ്യം ആണ് രഘുവിനെ തേടിയെത്തിയ വേഷം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമയും.

മേളയ്ക്കു ശേഷവും സര്‍ക്കസ് കലാകാരന്‍മാരുടെ ജീവിതം പ്രമേയമാക്കി പല മലയാള സിനിമകളും വന്നെങ്കിലും ലോഹിതദാസിന്റെ ജോക്കര്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ കുള്ളന്‍മാരെ തമാശയ്ക്കുള്ള ഉപാധിയാക്കാനാണ് ശ്രമിച്ചത്. സര്‍ക്കസ് കലാകാരന്‍മാരുടെ സങ്കടങ്ങള്‍ പലകുറി ആവിഷ്‌കരിക്കപ്പെട്ടെങ്കിലും കുള്ളനായ നായകനും അയാളുടെ മാനസിക സംഘര്‍ഷങ്ങളും വ്യഥകളും കെ ജി ജോര്‍ജിന്റെ മേളയില്‍ ഒതുങ്ങി നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലെ അമല്‍ നീരദിന്റെ 'കുള്ളന്റെ ഭാര്യ' എന്ന ചെറു സിനിമയാണ് ഇതിന് ഒരു അപവാദമായി സൃഷ്ടിക്കപ്പെട്ടത്.

ആകാശവാണി, മായാക്കാഴ്ചകള്‍, 2023 ഒക്ടോബര്‍ 10

Wednesday, 27 March 2024

അച്ചാണി രവി; മലയാള സിനിമയെ ലോക ഭൂപടത്തിലെത്തിച്ച നിര്‍മ്മാതാവ്


ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ പെരുമ ഉയര്‍ത്തിയ നിര്‍മ്മാതാവാണ് അച്ചാണി രവി എന്ന കെ. രവീന്ദ്രന്‍ നായര്‍. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന മികച്ച സിനിമകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ രംഗത്തേക്കു കടന്നുവന്ന രവീന്ദ്രന്‍ നായരെ സര്‍വോത്തമനായ നിര്‍മ്മാതാവ് എന്ന നിലയിലാണ് മലയാള സിനിമ ആദരിച്ചത്. ലാഭേച്ഛയില്ലാതെ സിനിമകള്‍ നിര്‍മ്മിച്ചതു കൊണ്ടു മാത്രമല്ല, നിര്‍മ്മാതാവെന്ന നിലയില്‍ സ്വന്തം കര്‍മ്മവും ധര്‍മ്മവും അദ്ദേഹം വ്യക്തമായി നിര്‍ണയിച്ചെടുത്തിരുന്നു എന്നതിനു കൂടിയാണ് ഈ അംഗീകാരം.

കൊല്ലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്ന രവീന്ദ്രന്‍ നായര്‍ കശുവണ്ടി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിനിമയിലും സാഹിത്യത്തിലും വലിയ താത്പര്യമുണ്ടായിരുന്ന ആളായിരുന്നു. ഈ താത്പര്യമാണ് സിനിമാ നിര്‍മ്മാണ കമ്പനിയായ ജനറല്‍ പിക്‌ചേഴ്‌സിന്റെയും വിതരണ കമ്പനിയായ പ്രതാപ് ഫിലിംസിന്റെയും രൂപീകരണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 


1967 ല്‍ പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന നോവലിന് അതേ പേരില്‍ ഒരുക്കിയ ചലച്ചിത്ര ഭാഷ്യമാണ് രവീന്ദ്രന്‍ നായരുടെ ആദ്യത്തെ നിര്‍മ്മാണ സംരംഭം. മദ്രാസില്‍ വാടകക്കെട്ടിടത്തിലാണ് ജനറല്‍ പിക്‌ചേഴ്‌സിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പി. ഭാസ്‌ക്കരനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചു. കെ. ആര്‍. വിജയയും സത്യനുമായിരുന്നു പ്രധാന താരങ്ങള്‍. അങ്ങനെ ജനറല്‍ പിക്‌ചേഴ്‌സ്, രവി എന്നീ പേരുകള്‍ ആദ്യമായി മലയാള സിനിമയുടെ വെള്ളിത്തിരയില്‍ തെളിഞ്ഞു. തുടര്‍ന്നും തന്റെ എല്ലാ സിനിമകളുടെയും ടൈറ്റില്‍ കാര്‍ഡില്‍ രവി എന്നാണ് നിര്‍മ്മാതാവിന് പേര് നല്‍കിയത്. ആദ്യചിത്രം റിലീസായതോടെ രവി, രവി മുതലാളി, രവീന്ദ്രന്‍ നായര്‍ എന്നീ വിളിപ്പേരുകള്‍ക്കു പുറമേ ജനറല്‍ പിക്‌ചേഴ്‌സ് രവി എന്ന പുതിയൊരു വിശേഷണം കൂടി അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 'അന്വേഷിച്ചു കണ്ടെത്തിയില്ല' മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനു പിന്നാലെ രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളുടെ സംവിധാനവും പി. ഭാസ്‌ക്കരന്‍ ആയിരുന്നു. 1968 ല്‍ ലക്ഷപ്രഭുവും 1969 ല്‍ കാട്ടുകുരങ്ങും. ലക്ഷപ്രഭുവില്‍ പ്രേംനസീറും ഷീലയും കാട്ടുകുരങ്ങില്‍ സത്യനും ശാരദയും പ്രധാന താരങ്ങളായി.


1973 ലാണ് എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ അച്ചാണി പുറത്തിറങ്ങുന്നത്. മദ്രാസില്‍ വച്ച് കണ്ട, തന്നെ വൈയക്തികമായി ഏറെ സ്വാധീനിച്ച നാടകമായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് രവീന്ദ്രന്‍ നായരെ നയിച്ചത്. കാരൈക്കുടി നാരായണന്റെ തമിഴ് നാടകത്തെ ആധാരമാക്കി തോപ്പില്‍ ഭാസി തിരക്കഥയും എ. വിന്‍സെന്റ് സംവിധാനവും നിര്‍വഹിച്ച ഈ ചിത്രമായിരുന്നു രവീന്ദ്രന്‍ നായര്‍ എന്ന നിര്‍മ്മാതാവിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ വിജയം. ഈ ചിത്രത്തിന്റെ ലാഭം കൊണ്ടാണ് അദ്ദേഹം കൊല്ലം പബ്ലിക്ക് ലൈബ്രറി കെട്ടിടം സ്ഥാപിക്കുന്നത്. ഈ ചിത്രത്തിന്റെ വന്‍വിജയത്തോടെയാണ് അച്ചാണി രവി എന്ന ഏറെ പ്രസിദ്ധമായ വിളിപ്പേരും രവീന്ദ്രന്‍ നായര്‍ക്ക് സ്വന്തമായി.

1977 ല്‍ കാഞ്ചനസീതയിലൂടെയാണ് അരവിന്ദനുമൊത്തുള്ള രവീന്ദ്രന്‍ നായരുടെ കൂട്ടുകെട്ടിന്റെ തുടക്കം. ഈ ചിത്രം തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അരവിന്ദനെ തേടിയെത്തിയതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടി. തിയേറ്ററില്‍ വന്‍വിജയം നേടിയ അച്ചാണിയുടെ നിര്‍മ്മാതാവ് എന്ന തിളക്കത്തില്‍ നില്‍ക്കവേ കാഞ്ചനസീത പോലെ ഒരു പരീക്ഷണ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറായതിലൂടെയാണ് രവീന്ദ്രന്‍ നായര്‍ മലയാള സിനിമാ മേഖലയില്‍ വ്യത്യസ്തനായത്. അരവിന്ദനെ പോലെ ഗൗരവതരമായ സിനിമകളെടുക്കുന്ന സംവിധായകര്‍ക്ക് നിര്‍മ്മാതാക്കളെ കണ്ടെത്തല്‍ പ്രയാസകരമായിരുന്ന സാഹചര്യത്തിലാണ് രവീന്ദ്രന്‍ നായര്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്. തുടര്‍ന്ന് തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍ എന്നീ അരവിന്ദന്‍ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ഈ ചിത്രങ്ങളൊന്നും വാണിജ്യവിജയം ലക്ഷ്യമിട്ടല്ല രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇവയെല്ലാം സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ നേടുകയും അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പതിറ്റാണ്ടുകള്‍ക്കു ശേഷവും ആസ്വാദകരെ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് കലാഭിനിവേശവും ദീര്‍ഘദര്‍ശിത്വവുമുള്ള രവീന്ദ്രന്‍ നായരിലെ നിര്‍മ്മാതാവിന്റെ മഹത്വമേറുന്നത്. നൂതന ശബ്ദ, സാങ്കേതിക സഹായത്തോടെ കുമ്മാട്ടിയുടെ നവീകരിച്ച 4 കെ പതിപ്പ് കഴിഞ്ഞ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെയും വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിനന്ദനം നേടുകയും ചെയ്തിരുന്നു.


1981 ല്‍ എലിപ്പത്തായത്തിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണനൊപ്പം രവീന്ദ്രന്‍ നായര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഈ കൂട്ടുകെട്ടിലെ ആദ്യസിനിമ തന്നെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതുള്‍പ്പെടെ അന്തര്‍ദേശീയ, ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. സ്വയംവരം, കൊടിയേറ്റം എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടും നിര്‍മ്മാതാവിനെ കണ്ടെത്തല്‍ എളുപ്പമല്ലാതിരുന്ന ഘട്ടത്തിലാണ് അടൂരിന് രവീന്ദ്രന്‍ നായര്‍ ആശ്വാസമാകുന്നത്. തുടര്‍ന്ന് മുഖാമുഖം, അനന്തരം, വിധേയന്‍ എന്നീ അടൂര്‍ ചിത്രങ്ങളും രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചു. 'ഞാനേറ്റവും സര്‍ഗസ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടാണ് അവയോരോന്നും സൃഷ്ടിച്ചത്. ഒരിക്കല്‍പോലും മുതല്‍മുടക്കിന്റെ പരിമിതിയെപ്പറ്റിയോ ലാഭമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ അദ്ദേഹത്തില്‍ നിന്ന് ഒരു വാക്കും ഉണ്ടായിട്ടില്ല.' എന്നാണ് തന്റെ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രവീന്ദ്രന്‍ നായരെ അടൂര്‍ സ്മരിക്കുന്നത്. ലാഭേച്ഛയില്ലാതെ കലയെ മാത്രം സ്‌നേഹിച്ച നിര്‍മ്മാതാവ് അര്‍ഹിക്കുന്ന ആദരമാണ് വിഖ്യാത സംവിധായകന്റെ ഇൗ വാക്കുകള്‍.


അരവിന്ദന്‍, അടൂര്‍ ചിത്രങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതിലൂടെ കേരളത്തിനും രാജ്യത്തിനും പുറത്തേക്ക് മലയാള സിനിമയ്ക്ക് മുഖം നല്‍കുകയെന്ന മഹത്തായ പ്രവൃത്തിയാണ് രവീന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചത്. രവീന്ദ്രന്‍ നായര്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ ഒരു ഘട്ടത്തില്‍ മലയാള സിനിമയുടെ കലാപരമായ മുന്നോട്ടുപോക്ക് സാധ്യമാകില്ലായിരുന്നു. മലയാള സിനിമ നിലവാരമില്ലാത്ത വാണിജ്യ വാര്‍പ്പുമാതൃകാ പ്രമേയ പരിസരത്ത് പെട്ട് ഉഴലുന്ന ഘട്ടത്തിലാണ് രവീന്ദ്രന്‍ നായര്‍ നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരവിന്ദനും അടൂരുമടക്കമുള്ള പ്രതിഭാധനര്‍ക്ക് രവീന്ദ്രന്‍ നായരുടെ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. വാണിജ്യ വിജയം മാത്രം ലക്ഷ്യമിട്ട് മറ്റ് നിര്‍മ്മാതാക്കള്‍ സിനിമകള്‍ തെരഞ്ഞെടുത്തപ്പോള്‍ രവീന്ദ്രന്‍ നായര്‍ അതില്‍നിന്ന് വഴി മാറി നടന്നു. ഇത് മലയാള സിനിമയുടെ തലവര തന്നെ മാറ്റി. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന സിനിമകളാണ് അതുവഴി സൃഷ്ടിക്കപ്പെട്ടത്. ആകെ 14 സിനിമകളാണ് രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചത്. ഇവയില്‍ വാണിജ്യ വിജയം നേടിയവ ചുരുക്കമാണ്. ആദ്യം നിര്‍മ്മിച്ച നാല് സിനിമകള്‍ ഒഴികെ ബാക്കിയെല്ലാം മുഖ്യധാരാ വിപണി സമവാക്യങ്ങള്‍ വിട്ട് സമാന്തര വഴി സഞ്ചരിച്ചവയാണ്. ഇവയ്‌ക്കെല്ലാം തന്നെ അന്താരാഷ്ട്ര മേളകളില്‍ ഉള്‍പ്പെടെ ആദരവും അംഗീകാരവും നേടാന്‍ കഴിഞ്ഞു.


എം.ടി വാസുദേവന്‍ നായരുടെ ഏറെ ശ്രദ്ധേയമായ മഞ്ഞ് എന്ന നോവലിന് അദ്ദേഹം തന്നെ ചലച്ചിത്രാവിഷ്‌കാരം നല്‍കിയപ്പോള്‍ അത് മലയാളത്തിലും ഹിന്ദിയിലും നിര്‍മ്മിച്ചത് രവീന്ദ്രന്‍ നായരായിരുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകതയും മഞ്ഞിന് ഉണ്ടായിരുന്നു. 'ശരത് സന്ധ്യ' എന്നായിരുന്നു ഹിന്ദിയില്‍ ഈ സിനിമയുടെ പേര്.

സംവിധായകരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതെ, ലാഭം പ്രതീക്ഷിക്കാതെ നല്ല ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന സമീപനമാണ് സിനിമാ മേഖലയില്‍ രവീന്ദ്രന്‍ നായരിലെ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തിയത്. സംവിധായകന്റെ പ്രവൃത്തിയില്‍ ഇടപെടുകയോ ഭിന്നാഭിപ്രായം പറയുകയോ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹത്തിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. സിനിമ നിര്‍മ്മിച്ച് വാണിജ്യതലത്തിലോ പുരസ്‌ക്കാര വേദികളിലോ നേട്ടം കൊയ്യുമ്പോള്‍ അതിന്റെ പേരില്‍ ആഘോഷിക്കുന്നതിലും രവീന്ദ്രന്‍ നായര്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. 

സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ  ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രന്‍ നായര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി ജനിച്ച രവീന്ദ്രന്‍ നായര്‍ വ്യവസായ പ്രമുഖന്‍ എന്ന നിലയിലും പേരെടുത്തയാളാണ്. ഒരേസമയം പതിന്നാലോളം ഫാക്ടറികളുടെ ചുമതല വഹിച്ച രവീന്ദ്രന്‍ നായര്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും കലാസാംസ്‌കാരിക മേഖലയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് ചെലവഴിച്ചത്. സിനിമയിലും വ്യവസായ രംഗത്തും പ്രവര്‍ത്തിച്ച രവീന്ദ്രന്‍ നായര്‍ക്ക് ഇരുമേഖലകളിലും വലിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനായി. എഴുത്തുകാരും ചിത്രകാരന്മാരും കലാകാരന്മാരുമായിരുന്നു അതില്‍ വലിയൊരു പങ്കും.

https://www.youtube.com/watch?v=wNMJdAF24lA

ആകാശവാണി, വാര്‍ത്താവീക്ഷണം 2023 ജൂലായ് 12

Monday, 25 March 2024

മാമുക്കോയ.. നിറഞ്ഞ ചിരിയുടെ കോഴിക്കോടന്‍ തനിമ


നിറഞ്ഞ ചിരിയും കോഴിക്കോടന്‍ ഭാഷയുടെ നാട്ടുവഴക്കവും കൊണ്ട് നാലു പതിറ്റാണ്ടു കാലം മലയാള സിനിമയെ പ്രകാശിപ്പിച്ച മാമുക്കോയ വെള്ളിത്തിരയ്ക്ക് പിറകിലേക്ക് മാഞ്ഞു. മലയാള സിനിമയെ സ്വാഭാവികാഭിനയത്താല്‍ സമ്പന്നമാക്കിയ ഒരു കാലഘട്ടത്തിന്റെ അവസാന പേരുകാരില്‍ ഒരാള്‍ കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. ഒരു അഭിനേതാവിന് ക്യാമറയ്ക്കു മുന്നില്‍ ഇത്ര സ്വാഭാവികമായി അഭിനയിക്കാനാകുമോ എന്ന സംശയം ജനിപ്പിക്കും വിധം ലളിതമായിരുന്നു മാമുക്കോയയുടെ ശൈലി. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത വിധം അനായാസമായ അഭിനയ, സംഭാഷണ ശൈലി കൊണ്ട് അഞ്ഞൂറോളം കഥാപാത്രങ്ങളെയാണ് മാമുക്കോയ അനശ്വരമാക്കിയത്.


തിക്കോടിയനും കെ.ടി മുഹമ്മദും വാസു പ്രദീപുമടങ്ങുന്ന പ്രതിഭാധനന്മാരുടെ ശിക്ഷണത്തില്‍ കോഴിക്കോടന്‍ നാടകക്കളരിയില്‍ നിന്ന് അഭിനയ പാഠങ്ങള്‍ പരിശീലിച്ചതിന്റെ അനുഭവക്കരുത്തുമായാണ് മാമുക്കോയ സിനിമയിലെത്തുന്നത്. സിനിമാ നടനാകാന്‍ ആകാരസൗഷ്ടവം വേണമെന്ന ചിന്ത പ്രബലമായിരുന്ന കാലത്ത് അതിനെ തകിടം മറിച്ചുകൊണ്ടാണ് മാമു തൊണ്ടിക്കാട് എന്ന മാമുക്കോയ മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ മാമുക്കോയയുടെ രൂപം കണ്ട് ഇയാള്‍ ശരിയാകുമോ എന്ന് സന്ദേഹിച്ചതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്. എന്നാല്‍ രൂപം കണ്ട് ആളുകളെ വിലയിരുത്തരുത് എന്ന ശ്രീനിവാസന്റെ അഭിപ്രായമാണ് മാമുക്കോയയ്ക്ക് ആ സിനിമയില്‍ അവസരം നല്‍കാന്‍ സത്യന്‍ അന്തിക്കാടിനെ പ്രേരിപ്പിച്ചത്. ക്യാമറയ്ക്കു മുന്നില്‍ ആദ്യ ഷോട്ടില്‍ തന്നെ അതിശയിപ്പിച്ചതോടെ മാമുക്കോയയ്ക്ക് ആ സിനിമയില്‍ കൂടുതല്‍ സീനുകളും സംഭാഷണങ്ങളും നല്‍കാന്‍ സത്യന്‍ അന്തിക്കാട് തയ്യാറായി. മാമുക്കോയയിലെ സ്വാഭാവിക നടന്റെ ജൈത്രയാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിനെ തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ഒട്ടുമിക്ക സിനിമകളിലും മാമുക്കോയ ഭാഗമായി. 1986 ല്‍ പുറത്തിറങ്ങിയ സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ മാമു എന്ന അറബി മാഷിന്റെ കഥാപാത്രമാണ് മാമുക്കോയയിലെ ശരീരഭാഷയും സംഭാഷണ ശൈലിയും അടയാളപ്പെടുത്തിയ ആദ്യകാല ചിത്രങ്ങളിലൊന്ന്. 


1979 ല്‍ നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെ അരങ്ങേറിയ മാമുക്കോയയ്ക്ക് 1980 കളുടെ രണ്ടാം പകുതിയോടെ മലയാളത്തില്‍ രൂപപ്പെട്ട ഗ്രാമീണത്തനിമയുള്ള സിനിമകളാണ് കരിയറില്‍ ഗുണം ചെയ്തത്. നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ജീവിതം പറഞ്ഞ ഈ സിനിമകളിലെല്ലാം മാമുക്കോയയ്ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ചായക്കടക്കാരന്‍, ബ്രോക്കര്‍, സഹായി, കാര്യസ്ഥന്‍, കള്ളന്‍, രാഷ്ട്രീയക്കാരന്‍, കേഡി തുടങ്ങി ഏതു കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. തനി നാട്ടിന്‍പുറത്തുകാരന്റെ പ്രതിനിധികളായ ഈ കഥാപാത്രങ്ങളെല്ലാം തന്നെ അതിവേഗം ജനപ്രിയങ്ങളുമായി. ഏതു കഥാപാത്രത്തിലും തനത് കോഴിക്കോടന്‍ ഭാഷാവഴക്കത്തിലാണ് മാമുക്കോയ സംസാരിച്ചത്. കുതിരവട്ടം പപ്പുവിനു ശേഷം കോഴിക്കോടന്‍ ഭാഷയുടെ മറ്റൊരു ശൈലി ജനകീയമാക്കിയ നടന്‍ കൂടിയാണ് മാമുക്കോയ. 


'സംസാരിക്കുന്ന ഭാഷയാണ് ഞാന്‍' എന്ന് മാമുക്കോയ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ അഭിനയത്തിനു കൂടി പാകപ്പെടുന്ന വാചകമാണ്. സവിശേഷമായ ഗ്രാമ്യ ഭാഷാശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് മാമുക്കോയ. തന്റെ ആദ്യ സിനിമ തൊട്ട് നാലു പതിറ്റാണ്ടു കാലവും ഈ ശൈലിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിച്ചത്. കഥ നടക്കുന്ന പശ്ചാത്തലം എവിടെയാണെങ്കിലും, പുരാണ, ചരിത്ര, ഉന്നതകുല കഥാപാത്രങ്ങളാണെങ്കിലും മാമുക്കോയ കോഴിക്കോടന്‍ ഭാഷാ വഴക്കം തന്നെ പ്രയോഗിച്ചു പോന്നു. ഇത് അപൂര്‍വ്വം അഭിനേതാക്കള്‍ക്കു മാത്രം മലയാള സിനിമ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ മാമുക്കോയയെന്നാല്‍ മലയാളിക്ക് നിറഞ്ഞ ചിരിക്കൊപ്പം നാട്ടുഭാഷയുടെ നിറവ് കൂടിയാണ്.


താരശരീരത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അവകാശപ്പെടാനില്ലാതെ, നമ്മുടെ തൊട്ടയല്‍പക്കത്ത് നിരന്തരം കാണുന്ന മനുഷ്യരുടെ പ്രതിനിധികളായ കുറേ നടീനടന്മാര്‍ 1980 കളിലെ നാട്ടിന്‍പുറ സിനിമയുടെ ഭാഗമായിരുന്നു. പറവൂര്‍ ഭരതന്‍, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, മീന, കെ പി എ സി ലളിത, കൃഷ്ണന്‍കുട്ടി നായര്‍, ഇന്നസെന്റ് തുടങ്ങി ഈ ഗണത്തില്‍ വരുന്ന അഭിനേതാക്കള്‍ക്കിടയിലായിരുന്നു മാമുക്കോയയുടെയും സ്ഥാനം. മാമുക്കോയയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും രൂപപ്പെടുന്നത് ഈ കാലത്താണ്. സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, സിദ്ധിഖ് ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമകളിലെല്ലാം മാമുക്കോയ സ്ഥിര സാന്നിധ്യമായി. 


മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍, നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, റാംജിറാവ് സ്പീക്കിങ്ങിലെ ഹംസക്കോയ, പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍, സന്ദേശത്തിലെ കെ ജി പൊതുവാള്‍, വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫര്‍, കണ്‍കെട്ടിലെ കീലേരി അച്ചു, ആമിനാ ടെയ്‌ലേഴ്‌സിലെ മലപ്പുറം മൊയ്തീന്‍, പ്രവാചകനിലെ ജാഫര്‍ ഷെരീഫ്, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പി സി പെരുവണ്ണാപുരം, വരവേല്‍പ്പിലെ ഹംസ, ഗജകേസരിയോഗത്തിലെ രാഘവന്‍ നായര്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മന്ത്രമോതിരത്തിലെ അബ്ദു, ചന്ദ്രലേഖയിലെ ബീരാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മാമുക്കോയയുടെ ജനപ്രീതി ഏറെ വര്‍ധിപ്പിച്ചവയാണ്. ഇക്കൂട്ടത്തില്‍ മഴവില്‍ക്കാവടി, തലയണമന്ത്രം, റാംജിറാവ് സ്പീക്കിങ്, നാടോടിക്കാറ്റ്, സന്ദേശം, കണ്‍കെട്ട്, വടക്കുനോക്കിയന്ത്രം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ തലമുറകള്‍ ആഘോഷിച്ചു പോരുന്നവയാണ്. ഈ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പലതും മലയാളികള്‍ നിത്യജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയ കാലത്തെ മീമുകളിലെ ജനപ്രിയ മുഖങ്ങളാണ് ഈ കഥാപാത്രങ്ങളില്‍ മിക്കതും. 


തിക്കോടിയന്‍, കെ ടി മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ മഹാരഥന്മാരോടുള്ള അടുപ്പം മാമുക്കോയയിലെ നടനൊപ്പം മനുഷ്യനെ കൂടി രൂപപ്പെടുത്താന്‍ സഹായിച്ചു. ലളിതമായ അഭിനയ ശൈലി പോലെ ലാളിത്യമാര്‍ന്ന പെരുമാറ്റമുള്ള മനുഷ്യന്‍ കൂടിയായിരുന്നു മാമുക്കോയ. ക്യാമറയ്ക്കു മുന്നിലെ അതേ സ്വാഭാവികതയോടെ മനുഷ്യരോട് ഇടപഴകാനുള്ള കഴിവ് നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കുമൊപ്പവും വലിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ജീവിതത്തിലൂടെ മാമുക്കോയ ആര്‍ജ്ജിച്ചു. അറിയപ്പെടുന്ന നടനായിരിക്കുമ്പോഴും ഏറ്റവും സാധാരണക്കാരനായി ജീവിക്കാനും ചുറ്റുപാടിലെ എല്ലാ മനുഷ്യരോടും ഒരുപോലെ ഇടപഴകാനും അദ്ദേഹത്തിനായി. തൊട്ടയല്‍പക്കത്തുള്ള ഒരാള്‍ എന്ന നിലയിലാണ് മാമുക്കോയയെ മലയാളികള്‍ കണ്ടത്. തികഞ്ഞ മനുഷ്യസ്‌നേഹിയാകുകയും മതേതര നിലപാട് പുലര്‍ത്തുകയും ചെയ്ത മാമുക്കോയ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിച്ചില്ല. ആരെയും പിണക്കാതെ ആരോടും പരിഭവമില്ലാതെ എന്നാല്‍ എതിര്‍ക്കപ്പെടേണ്ട പ്രവണതകളോട് ശക്തമായി വിയോജിച്ചും അദ്ദേഹം കലാകാരന്മാര്‍ക്കിടയില്‍ വേറിട്ടുനിന്നു.


ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ ജീവിതം അധികം മുന്നോട്ടു കൊണ്ടുപോകാനാകാതെ കൗമാര പ്രായത്തില്‍ തന്നെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ തൊഴിലാളിയാകേണ്ടി വന്ന മാമുക്കോയ നാടകത്തിലൂടെ അഭിനയ മോഹം കൈമോശം വരാതെ സൂക്ഷിച്ചു. ജീവിതാനുഭവങ്ങളും നിരീക്ഷണ പാടവവും അദ്ദേഹത്തിലെ നടനെ പരുവപ്പെടുത്തി. കോഴിക്കോട്ടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായതോടെ ആഴത്തിലുള്ള വായനാശീലം കൂടി മാമുക്കോയയ്ക്ക് പകര്‍ന്നു കിട്ടി. ഇത് ജീവിതം മുഴുവന്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. സിനിമയിലെ തിരക്കിനിടയിലും പുസ്തകവായന ഒരു ശീലമായി നിലനിര്‍ത്തിയിരുന്നു മാമുക്കോയ. കഥാപാത്രങ്ങള്‍ക്ക് ഉള്‍ക്കനം നല്‍കാന്‍ ഈ വായന മാമുക്കോയയെ സഹായിച്ചിട്ടുണ്ട്.


ഹാസ്യ നടന്‍ എന്ന മേല്‍വിലാസത്തിലാണ് അഭിനയ ജീവിതത്തിലുടനീളം അറിയപ്പെട്ടതെങ്കിലും ഗൗരവതരമായ വേഷങ്ങളിലുള്ള കൈയൊതുക്കത്തിലേക്ക് എളുപ്പത്തില്‍ മാറാന്‍ മാമുക്കോയയ്ക്ക് സാധിച്ചിരുന്നു. കമലിന്റെ പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രം ഇത്തരത്തില്‍ ഏറെ പ്രശംസ നേടിയ ഒന്നാണ്. മാമുക്കോയയുടെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ കഥാപാത്രത്തിനായിരുന്നു. ബ്യാരി, ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍, സൂഫിയും സുജാതയും, എന്റെ ഉമ്മാന്റെ പേര്, കുരുതി, തീര്‍പ്പ് തുടങ്ങി നിരവധി സിനിമകളില്‍ ഹാസ്യനടനല്ലാത്ത മാമുക്കോയയെ പ്രേക്ഷകര്‍ കണ്ടു. ഈ കഥാപാത്രങ്ങളിലെല്ലാം തഴക്കം ചെന്ന അഭിനേതാവിലെ സ്വാഭാവികത കൊണ്ടാണ് മാമുക്കോയ വിസ്മയിപ്പിക്കുന്നത്.


മാമുക്കോയയുടെ വിടവാങ്ങലിലൂടെ ചിരിയും സ്വാഭാവികതയും ഇടകലര്‍ന്ന അഭിനയ ശൈലിയിലെ പ്രബലമായ ഒരു കണ്ണി കൂടിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. നീണ്ട കാലം മലയാളത്തിന്റെ വെള്ളിത്തിരയെ ആസ്വാദ്യകരമാക്കിയ അനശ്വര കലാകാരന് ആകാശവാണിയുടെ പ്രണാമം.

https://www.youtube.com/watch?v=qwBfBtw64gM&t=127s

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഏപ്രില്‍ 28

ഇന്നസെന്റ് എന്ന നിറഞ്ഞ ചിരി


ഇന്നസെന്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളിയില്‍ ഉടലെടുക്കുന്ന വികാരം ഒരു നിറഞ്ഞ ചിരിയാണ്. മലയാള സിനിമയുടെ വെള്ളിത്തിരയില്‍ ഇന്നസെന്റ് എന്ന നടന്‍ പതിറ്റാണ്ടുകളോളം തീര്‍ത്ത ചിരിയലയില്‍ നിന്നാണ് ഈ പേര് മലയാളിയുടെ ചിരിയുടെ പര്യായമായി മാറിയത്. അര നൂറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ സ്വയം സൃഷ്ടിച്ചെടുത്ത സവിശേഷ ശൈലിയില്‍ നിരവധി കഥാപാത്രങ്ങളാണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. ഹാസ്യനടന്‍ എന്ന വിശേഷണത്തില്‍ ഒതുങ്ങാതെ കാമ്പുള്ള സ്വാഭാവികാഭിനയം കൊണ്ടു കൂടിയാണ് ഇന്നസെന്റ് മലയാളിയുടെ സിനിമാസ്വാദനത്തെ സമ്പന്നമാക്കിയത്. എഴുന്നൂറോളം ചിത്രങ്ങളിലെ ജീവസ്സുറ്റ സാന്നിധ്യമായാണ് ഈ അനശ്വരനടന്‍ വെള്ളിത്തിരയ്ക്കു പിറകിലേക്കു മായുന്നത്. അതോടെ മലയാള സിനിമയുടെ സുവര്‍ണകാലത്തെ സുപ്രധാനമായ ഒരു കണ്ണി കൂടി വേര്‍പെടുന്നു.


1972 ല്‍ എ.ബി. രാജിന്റെ നൃത്തശാല എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഇന്നസെന്റിന് അഭിനയ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ചെറുതും അപ്രധാനവുമായ വേഷങ്ങളില്‍ ഒതുങ്ങിനില്‍ക്കേണ്ടി വന്നു. ഇക്കാലയളവില്‍ വിട പറയും മുമ്പേ, ഓര്‍മ്മയ്ക്കായി തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച് ഇന്നസെന്റ് മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ചു. 1980 കളുടെ രണ്ടാം പകുതിയില്‍ ശുദ്ധമായ ഗ്രാമീണ പ്രമേയങ്ങള്‍ക്കും ഹാസ്യത്തിനും മലയാള സിനിമ പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെയാണ് ഇന്നസെന്റിലെ നടന് വഴിത്തിരിവായത്. കലാപരമായും വാണിജ്യപരമായും മലയാള സിനിമയുടെ സുവര്‍ണകാലമായ 1980 കളില്‍ സ്വാഭാവികാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു കൂട്ടം നടീനടന്മാര്‍ മലയാള സിനിമയുടെ അഭിനയ പാരമ്പര്യത്തെ സമ്പന്നമാക്കിയിരുന്നു. മധ്യവയസ്‌കരും തനി നാട്ടിന്‍പുറത്തുകാരും സാധാരണ മനുഷ്യരെ പോലെ പെരുമാറുന്നവരുമായ ഇക്കൂട്ടര്‍ ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന വിധം സ്വാഭാവികമായി പെരുമാറുന്നവരായിരുന്നു. ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, സുകുമാരി, മീന, കെപിഎസി ലളിത, കൃഷ്ണന്‍കുട്ടി നായര്‍, പറവൂര്‍ ഭരതന്‍, മാമുക്കോയ തുടങ്ങി ഒട്ടേറെ പേര്‍ ഈ നിരയിലുണ്ട്. സ്വാഭാവികതയ്‌ക്കൊപ്പം അസാധാരണമായി ഹാസ്യാഭിനയ മികവും പുലര്‍ത്തുന്നവരായിരുന്നു ഇവരെല്ലാം. ഈ നിരയിലാണ് ഇന്നസെന്റും പ്രതിഷ്ഠിക്കപ്പെട്ടത്.


ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി സിനിമകളില്‍ ഈ നടീനടന്മാര്‍ക്കൊപ്പം ഇന്നസെന്റിന്റെ സ്വാഭാവികാഭിനയ മികവ് മലയാളിക്ക് അനുഭവിക്കാനായി. അമ്മാവന്‍, അച്ഛന്‍, സഹായി, കാര്യസ്ഥന്‍, മധ്യവയസ്‌കനായ കുടുംബസ്ഥന്‍, പൊതുപ്രവര്‍ത്തകന്‍, അധ്യാപകന്‍, ഡ്രൈവര്‍ തുടങ്ങി ഏതു വേഷത്തിലും തന്റേതായ അഭിനയ, സംഭാഷണ ശൈലി കൊണ്ട് വേറിട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്നസെന്റിനായി. തൃശ്ശൂര്‍ ഗ്രാമ്യഭാഷയുടെ സൗന്ദര്യം അദ്ദേഹം സമര്‍ഥമായി കഥാപാത്രങ്ങളില്‍ ഉപയോഗപ്പെടുത്തി. മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഡോ.പശുപതി, വരവേല്‍പ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം, തൂവല്‍സ്പര്‍ശം, ഗജകേസരിയോഗം, സസ്‌നേഹം, കോട്ടയം കുഞ്ഞച്ചന്‍, മിമിക്‌സ് പരേഡ് തുടങ്ങിയ സിനിമകളിലെല്ലാം ഇന്നസെന്റ് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും അനായാസവും ലളിതവുമായ ശൈലികൊണ്ട് അതിശയിപ്പിക്കുകയും ചെയ്തു. മഴവില്‍ക്കാവടിയിലെ പ്രകടനത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഫാസില്‍, സിദ്ധിഖ്‌ലാല്‍ തുടങ്ങിയ സംവിധായകര്‍ ഇന്നസെന്റിന് ഏറ്റവും ജനപ്രിയ വേഷങ്ങള്‍ സമ്മാനിച്ചവരാണ്.


മലയാളത്തിലെ ഹാസ്യ സിനിമകള്‍ക്ക് വേറിട്ട മുഖം നല്‍കിയ റാംജിറാവ് സ്പീക്കിങ്ങിലെ മത്തായിച്ചന്‍ ഇന്നസെന്റിന്റെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിലൊന്നായി. ഇതിന്റെ തുടര്‍ച്ചയായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലും ഇതേ ജനപ്രിയത കാത്തുസൂക്ഷിക്കാന്‍ ഇന്നസെന്റിനായി. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍, നമ്പര്‍ 20 മദ്രാസ് മെയിലിലെ ടിടിഇ, കിലുക്കത്തിലെ കിട്ടുണ്ണ്യേട്ടന്‍, സന്ദേശത്തിലെ യശ്വന്ത് സഹായ്, മിഥുനത്തിലെ കുറുപ്പ്, ഗോഡ്ഫാദറിലെ സ്വാമിനാഥന്‍, വിയറ്റ്‌നാം കോളനിയിലെ കെ കെ ജോസഫ്, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍, കാബൂളിവാലയിലെ കന്നാസ്, അഴകിയ രാവണനിലെ പഞ്ചായത്ത് പ്രസിഡന്റ്, ആറാം തമ്പുരാനിലെ ഭരതന്‍ എസ് ഐ, കല്യാണരാമനിലെ പോഞ്ഞിക്കര, മനസ്സിനക്കരെയിലെ ചാക്കോ മാപ്പിള തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളിക്ക് എക്കാലവും ഓര്‍ത്തിരിക്കാനും രസിക്കാനും വകനല്‍കുന്ന ഇന്നസെന്റ് കഥാപാത്രങ്ങളാണ്.


തുടര്‍ച്ചയായി ഹാസ്യപ്രധാനമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കേയാണ് ഇന്നസെന്റ് ദേവാസുരത്തിലെ വാര്യരാകുന്നത്. അസാധാരണമായ മെയ്‌വഴക്കത്തോടെ ഈ കഥാപാത്രം അദ്ദേഹം അനശ്വരമാക്കി. ദേവാസുരത്തിന്റെ തുടര്‍ച്ചയായ രാവണപ്രഭുവില്‍ വാര്യരുടെ കുറേക്കൂടി പ്രായം ചെന്ന വേഷപ്പകര്‍ച്ചയുടെ മികവിനും പ്രേക്ഷകര്‍ സാക്ഷിയായി. ഹാസ്യനടന്‍ എന്ന പേരെടുത്തു നില്‍ക്കുമ്പോള്‍ തന്നെ കാതോട് കാതോരം, കേളി തുടങ്ങിയ ചിത്രങ്ങളില്‍ പ്രതിനായക വേഷങ്ങളിലും ശ്രദ്ധിക്കപ്പെടാന്‍ ഇന്നസെന്റിനായി. ഹിറ്റ്‌ലര്‍, വല്ല്യേട്ടന്‍, വേഷം, പത്താംനിലയിലെ തീവണ്ടി തുടങ്ങിയ സിനിമകളിലെ ഗൗരവതരമായ കഥാപാത്രങ്ങളിലും വേറിട്ട അഭിനയത്തിലൂടെ ഇന്നസെന്റ് മികവു കാട്ടി. കെപിഎസി ലളിതയുമൊത്തുള്ള ഇന്നസെന്റിന്റെ താരജോഡിയും ഏറെ ജനപ്രിയമാണ്. പൊന്മുട്ടയിടുന്ന താറാവ്, ഗജകേസരിയോഗം, ഗോഡ്ഫാദര്‍, മൈഡിയര്‍ മുത്തച്ഛന്‍, മണിച്ചിത്രത്താഴ്, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചു.


കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, ചിരിക്കു പിന്നില്‍, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ പുസ്തകങ്ങളിലൂടെ സാഹിത്യലോകത്തും ഇന്നസെന്റ് സാന്നിധ്യമറിയിച്ചു. പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലും നര്‍മ്മരസത്തോടെ സംസാരിച്ചിരുന്ന ഇന്നസെന്റ് തന്റെ പുസ്തകങ്ങളിലും നിറഞ്ഞ ചിരി നിലനിര്‍ത്താന്‍ മറന്നില്ല. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാന്നിധ്യമറിയിച്ചു.

https://www.youtube.com/watch?v=OBzv2jxGThY

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 മാര്‍ച്ച് 29

Tuesday, 19 March 2024

മലയാള സിനിമ ഗ്രാമങ്ങളെ വീണ്ടെടുക്കുമ്പോള്‍


മലയാള സിനിമ നഗരകേന്ദ്രീകൃത ജീവിതാന്തരീക്ഷവും പുതിയ ജീവിതശൈലിയും ഉള്‍ക്കൊണ്ട് അതിലേക്ക് ചുവടു മാറുന്നത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. സിനിമ കൊച്ചി പോലുള്ള നഗരത്തില്‍ കേന്ദ്രീകരിച്ചതോടെ പ്രമേയപശ്ചാത്തലവും ഏറിയ പങ്ക് അവിടത്തേതായി മാറുകയുണ്ടായി. ശ്യാമപ്രസാദിന്റെ ഋതു പോലുള്ള സിനിമകള്‍ തുടക്കമിടുകയും ട്രാഫിക്ക്, ചാപ്പാകുരിശ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണീബി, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകളിലൂടെ തുടര്‍ന്നുപോരുകയും ചെയ്ത ഈ പ്രവണതയിലൂടെ ഭൂരിഭാഗം സിനിമകളും കൊച്ചി അല്ലെങ്കില്‍ സമാന മാതൃകയില്‍ നഗര കേന്ദ്രീകൃത ജീവിതം പിന്തുടരുന്നവയായി മാറി. 

2010 ല്‍ തുടങ്ങുന്ന പതിറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വിജയിച്ച ഈ ശൈലി വളരെ പെട്ടന്ന് പിന്മാറ്റപ്പെടുന്നതും സിനിമ നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നതും കണ്ടു. നഗര കേന്ദ്രീകൃതവും ന്യൂജന്‍ ജീവിതശൈലിയും ആവര്‍ത്തിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ നിന്നുള്ള വിടുതല്‍ കാണികളും ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാന്‍. എബ്രിഡ് ഷൈനിന്റെ 1983, ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന പോലുള്ള സിനിമകളുടെ വിജയം ഗ്രാമദേശത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണവുമായി. രമേശന്‍ എന്ന ക്രിക്കറ്റ് പ്രേമിയായ സാധാരണക്കാരന്റെ ജീവിതത്തിന്റെ വിവിധ കാലത്തിലൂടെ കടന്നുപോയ 1983  നഗരകേന്ദ്രീകൃത സിനിമകളില്‍ നിന്നുള്ള മാറ്റത്തെയും ലളിതമായ ഗ്രാമീണ കഥകളെക്കുറിച്ചുള്ള അന്വേഷണങ്ങളെയും കുറിച്ച് ചിന്തിച്ച ചലച്ചിത്രപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. 


ഏറെക്കുറെ ഒറ്റഗ്രാമമെന്ന വിശേഷണത്തിലേക്ക് മാറിയെങ്കിലും ഉള്ളില്‍ സ്വന്തം ഗ്രാമത്തേയും ഗ്രാമീണ സങ്കല്‍പ്പങ്ങളേയും ഗൃഹാതുരതയോടെ സൂക്ഷിക്കുന്നവരാണ് കേരളീയര്‍. സിനിമയില്‍ കഥപറയാന്‍ പശ്ചാത്തലമാക്കുന്ന ഗ്രാമങ്ങളെ ഈ വൈകാരികതയുടെ പിന്‍ബലത്തിലാണ് മലയാളി കാണുന്നത്. സിനിമയിലെ നഗരകേന്ദ്രീകൃത പശ്ചാത്തലങ്ങളേക്കാള്‍ ഗ്രാമങ്ങളോട് തെല്ല് താത്പര്യക്കൂടുതല്‍ പ്രകടിപ്പിക്കുന്നതിനു പിന്നിലും ഗ്രാമങ്ങളില്‍ ഉണ്ടെന്ന് ഉള്ളില്‍ സൂക്ഷിച്ചുപോരുന്ന നന്മകളെ പുല്‍കാനുള്ള വെമ്പലാണ്. കഥപറഞ്ഞുപോകാനുള്ള പശ്ചാത്തലം മാത്രമായിട്ടാണ് പലപ്പോഴും സിനിമ അതിലെ പ്രദേശങ്ങളെ ഉപയോഗിക്കുന്നത്. കഥാപാത്രങ്ങള്‍ക്കും കഥയ്ക്കുമാകും സിനിമയില്‍ കൂടുതല്‍ പ്രാമുഖ്യം. ഇതു രണ്ടിനോടും ഇടപഴകും വിധം പ്രദേശത്തെ കൂടി പരിഗണിക്കുമ്പോഴാണ് ഒരു പ്രധാന കഥാപാത്രത്തോടു തോന്നുന്ന അതേ ഇഴയടുപ്പം കാണിക്ക് ദേശത്തോടും തോന്നുന്നത്. 1983 യിലെ ബ്രഹ്മമംഗലം കവലയോടും ഈ മാതൃകയില്‍ തുടര്‍ന്നുവരുന്ന അനേകം സിനിമകളിലെ ഗ്രാമീണ ദേശങ്ങളോടും കാണികള്‍ക്കുള്ളത് ഈ ഇഴയടുപ്പമാണ്.

നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ഹൈറേഞ്ചിലെ പ്രശാന്തതയും സാധാരണത്വവും തേടി കഴിഞ്ഞ ദശകത്തില്‍ മലയാള സിനിമ സഞ്ചരിക്കുന്നത് ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം പോലെയുള്ള സിനിമകളിലാണ്. ഇടുക്കിയില്‍ ഗ്രാമങ്ങളെ സിറ്റി എന്നു ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട്. ആളുകളുടെ പേരുകള്‍ക്കൊപ്പമാണ് പല സ്ഥലങ്ങളിലും സിറ്റി ചേര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ ഇത് പ്രകാശ് സിറ്റിയാണ്. സ്വഭാവികമായ ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളുമാണ് പ്രകാശ് സിറ്റിയിലുള്ളത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. ആരും അതിമാനുഷരല്ല. സാധാരണ ജോലിയെടുത്ത് ഏറ്റവും സാധാരണീയരായി ജീവിക്കുന്നു. ഈ സാധാരണീയരാണ് പ്രകാശ് സിറ്റിയെന്ന ഗ്രാമത്തെ പ്രേക്ഷകര്‍ക്ക് തങ്ങളുടെ നാട്ടിലെ ഒരു ചെറുകവലയോ പ്രദേശമോ ആയും ഭാവനാ സ്റ്റുഡിയോയും ബേബി ആര്‍ട്‌സുമെല്ലാം തങ്ങളുടെ നാട്ടിലെ ചെറുസ്ഥാപനങ്ങളുമായും തോന്നിപ്പിക്കുന്നതിനു പിന്നിലെ രസതന്ത്രം മെനയുന്നത്. 


ജിബു ജേക്കബ്ബിന്റെ വെള്ളിമൂങ്ങ ഇത്തരത്തില്‍ ഒരു മലയോര ഗ്രാമ കവലയ്ക്കും സാധാരണീയ ജീവിതത്തിനും ചിരപ്രതിഷ്ഠ നല്‍കിയ സിനിമയാണ്. ഒരു ഗ്രാമീണ ദേശത്തെ മനുഷ്യര്‍ എല്ലാ ദിവസവും പരസ്പരം കാണുന്നവരും തമ്മില്‍ അറിയുന്നവരുമാണ്. അവര്‍ക്കിടയിലെ ദൈനംദിന സംസാരങ്ങളുടെയും ചര്‍ച്ചകളുടെയും വിഷയങ്ങള്‍ പ്രതീക്ഷിതമായ കാര്യങ്ങള്‍ തന്നെയായിരിക്കും. വ്യത്യസ്ത കക്ഷിരാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ പോലും അവരുടെ ചര്‍ച്ചായിടം ആ കവലയിലെ ഒരു ചായക്കടയോ ബസ്‌റ്റോപ്പോ ഒക്കെയായിരിക്കും. ഈയൊരു ഗ്രാമീണ നിഷ്‌കളങ്ക സൗഹൃദം വെള്ളിമൂങ്ങയിലെ കഥാപാത്രങ്ങളിലുടനീളം കാണാനാകും.

വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി, കായല്‍തീരത്തെ ഷാപ്പ്, വെള്ളവസ്ത്രങ്ങളുടുത്ത മനുഷ്യര്‍. ഇതെല്ലാമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് വൈവിധ്യമേറ്റിയത്. പള്ളിയും ആരാധനയും കുശുമ്പും കുന്നായ്മയും പ്രണയവും പകയും വെല്ലുവിളിയും മത്സരവീര്യവുമെല്ലാമുള്ള സാധാരണ മനുഷ്യരുടേതാണെങ്കിലും ഫാന്റസിയോടും മാജിക്കല്‍ റിയലിസത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണ് കുമരങ്കരിയെന്ന ദേശവും അവിടത്തെ മനുഷ്യരും. പൊടുന്നനെ ദിവ്യത്വം കൈവരുന്ന ഷാപ്പിലെ എടുത്തുകൊടുപ്പുകാരിയും ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെയാണോ എന്നു തോന്നിയേക്കാവുന്ന പാത്രസൃഷ്ടിയും പള്ളിയങ്കണത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന കുമരങ്കരിക്ക് ഫാന്റസിയോടാണ് തെല്ല് ആഭിമുഖ്യക്കൂടുതല്‍.


ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി ഇത്തരത്തിലൊരു ദേശത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് മിന്നല്‍മുരളിയുടെ കഥ നടക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ദേശത്തേയും ഒരു കഥാപാത്രമായിത്തന്നെ അടയാളപ്പെടുത്തുന്നതില്‍ മിന്നല്‍മുരളി വിജയിക്കുന്നു. ഏതൊരു ഗ്രാമത്തിലേയും പോലെ സാധാരണ ജീവിതവൃത്തികളുമായി കഴിഞ്ഞുപോരുന്നവരാണ് കുറുക്കന്‍മൂലയിലെ മനുഷ്യരും. ഈ ദേശത്തെ രണ്ടുപേര്‍ക്ക് മിന്നലേറ്റ് അമാനുഷികശക്തി കൈവരുന്നതിലൂടെയാണ് സാധാരണത്വം വിട്ട് കുറുക്കന്‍മൂലയ്ക്ക് ദിവ്യത്വം കൈവരുന്നത്. ഷിബുവിനും ജെയ്‌സനും അമാനുഷികത കൈവരുന്നതിനും ഷിബുവിന്റേയും ഉഷയുടേയും പ്രണയത്തിനും സാക്ഷിയാകുന്നതും കുറുക്കന്‍മൂലയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം കുറുക്കന്‍മൂലയെന്ന ദേശത്തിന്റെ പശ്ചാത്തലത്തിന് വലിയ പ്രാധാന്യം കൈവരുന്നതായി കാണാം. കുറുക്കന്‍മൂലയിലെ മനുഷ്യര്‍, വീടുകള്‍, തയ്യല്‍ക്കട, ചായക്കട, പുഴ, കുങ്ഫു പഠനകേന്ദ്രം, പോലീസ് സ്‌റ്റേഷന്‍, ക്രിസ്മസ് കാരോള്‍ എന്നിവയെല്ലാം ആ ദേശത്തിനോട് ചെറുതല്ലാത്ത വിധം ഇഴചേര്‍ന്നുനില്‍ക്കുന്നവയാണ്.  

കുറുക്കന്‍മൂലയില്‍ നിന്ന് ദേശം എന്ന സ്ഥലത്തേക്ക് ബസ് റൂട്ട് ഉള്ളതായി മിന്നല്‍ മുരളിയില്‍ കാണിക്കുന്നുണ്ട്. ദേശം എന്നത് ബേസില്‍ ജോസഫിന്റെ തന്നെ കുഞ്ഞിരാമായണത്തിലെ ഗ്രാമമാണ്. ഇത് ദേശം എന്ന ഗ്രാമത്തിന്റെയും അവിടത്തുകാരുടേയും കഥയാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിരാമായണം ആരംഭിക്കുന്നത്. സവിശേഷമായ സ്വഭാവവിശേഷങ്ങളും സ്വാഭാവികമായ നിഷ്‌കളങ്കതയും സ്ഥായിയായ മണ്ടത്തരങ്ങളുമെല്ലാമുള്ള തനിനാടന്‍ മനുഷ്യരാണ് കുഞ്ഞിരാമായണത്തിലേത്. അങ്ങനെയുള്ള ദേശവും കുറുക്കന്‍മൂലയും ഒരു ഗ്രാമീണ ബസ റൂട്ട് തുടങ്ങിയവസാനിക്കുന്ന രണ്ട് ചെറിയ ദൂരങ്ങളാണെന്ന് ഈ രണ്ട് സിനിമകളിലെയും സൂചനകളില്‍ നിന്ന് അനുമാനിക്കാം. കുറുക്കന്‍മൂലയില്‍നിന്നുള്ള ബസ് കണ്ണാടിക്കല്‍ വഴിയാണ് ദേശത്തേക്കു പോകുന്നതെന്ന് ബോര്‍ഡില്‍ കാണാം. കണ്ണാടിക്കല്‍ ബേസിലിന്റെ ഗോദ എന്ന സിനിമയിലെ ഗ്രാമമാണ്. കണ്ണാടിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ബസ്സും കുഞ്ഞിരാമായണത്തിലെ ദേശത്തിലൂടെ കടന്നുപോകുന്നുണ്ട്. ഗോദയില്‍ ബസ്സിലെ ക്ലീനര്‍ വിളിച്ചുപറയുന്നത് 'ദേശം ദേശം' എന്നാണ്. ബേസിലിന്റെ മൂന്ന് സിനിമകളിലേയും ഗ്രാമങ്ങള്‍ പരസ്പരബന്ധിതമാണ്. 


മലയാള സിനിമ സ്റ്റുഡിയോ ഫ്‌ളോര്‍ വിട്ട് പൂര്‍ണമായും തെരുവിലേക്കിറങ്ങിയ 1980 കളിലാണ് ഗ്രാമ ദേശങ്ങളും കവലകളും ഫ്രെയിമുകളില്‍ സജീവ സാന്നിധ്യമറിയിക്കുന്നത്. അക്കാലത്തെ സിനിമകളിലെ പേരുകളില്‍ പോലും ഇവ്വണ്ണം ദേശത്തിന്റെയും തെരുവുകളുടെയും സൂചനകളുണ്ട്. ഇടക്കാലത്തിനു ശേഷം ഗ്രാമങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ചായക്കടയും ഇടത്തരം കച്ചവട സ്ഥാപനങ്ങളുമുള്ള കവലകള്‍ വീണ്ടും സക്രീനിലെ സാന്നിധ്യങ്ങളായി. 

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കുഞ്ഞനന്തന്റെ കട, കോഹിനൂര്‍, കവി ഉദ്ദേശിച്ചത്, ഒരു വടക്കന്‍ സെല്‍ഫി, തീവണ്ടി, ഒടിയന്‍ തുടങ്ങി മുന്‍ പതിറ്റാണ്ടിലെ പല സിനിമകളിലും ഗ്രാമങ്ങളും അവിടത്തെ കവലകളും നിര്‍ണായക സാന്നിധ്യമാകുന്നുണ്ട്. ഇവയിലെല്ലാം പഴയകാല കവലകള്‍ പുന:സൃഷ്ടിക്കുന്നതിനു പകരം പുതിയ കാലത്തെ സൗകര്യങ്ങളും മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന അങ്ങാടികളെയാണ് ചിത്രീകരിക്കുന്നതെന്നത് സത്യസന്ധത നല്‍കുന്നു. 1983 പോലെ വ്യത്യസ്ത കാലങ്ങള്‍ പരാമര്‍ശവിധേയമാകുന്ന ഒരു സിനിമയില്‍ പല കാലങ്ങളില്‍ കവലകളിലും കച്ചവട സ്ഥാപനങ്ങളിലും വരുന്ന മാറ്റം ആവിഷ്‌കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വര്‍ഷം പലതു കഴിയുമ്പോഴും ചില മനുഷ്യരും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അതേപടിയോ തീരെച്ചെറിയ മാറ്റങ്ങളെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ടോ നിലനില്‍ക്കുന്നതും 1983യിലെ കവലയില്‍ കാണാം. 


അന്‍വര്‍ സാദിക്കിന്റെ 'മനോഹര'ത്തില്‍ ചിറ്റിലഞ്ചേരി എന്ന തനി പാലക്കാടന്‍ ഗ്രാമത്തെയും കവലയെയുമാണ് പുനരാവിഷ്‌കരിക്കുന്നത്. മനോഹരന്റെയും വര്‍ഗീസേട്ടന്റെയുമെല്ലാം ഉപജീവനത്തിനും ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കും ചിറ്റിലഞ്ചേരി അങ്ങാടി സാക്ഷിയാകുന്നു. ഗ്രാമദേശത്തെ ആളുകളുടെ ബന്ധത്തിലെ ഇഴയടുപ്പവും ആഘോഷങ്ങളും സംഘര്‍ഷങ്ങളും ആവലാതികളും പ്രമേയമാക്കുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, അര്‍ച്ചന 31 നോട്ടൗട്ട്, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, മലയന്‍കുഞ്ഞ്, തല്ലുമാല, സുലൈഖാ മന്‍സില്‍, കഠിന കഠോരമീ അണ്ഡകടാഹം പോലുള്ള സിനിമകള്‍. 

വെള്ളിമൂങ്ങ പോലുള്ള സിനിമകളുടെ വിജയ പശ്ചാത്തലത്തിലാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, വെള്ളരിപട്ടണം, ഒരു താത്വിക അവലോകനം, ന്നാ താന്‍ കേസ് കൊട്, മദനോത്സവം പോലെയുള്ള പ്രാദേശികതയും രാഷ്ട്രീയവും സാധാരണക്കാരന്റെ ജീവിതവും ഇഴചേര്‍ത്തുള്ള ഗ്രാമീണ സിനിമകളുടെ രൂപപ്പെടലിലേക്ക് എത്തിക്കുന്നത്.


മലയാള സിനിമ കുറേക്കൂടി റിയലസ്റ്റിക്ക് പരിസരം പ്രയോജനപ്പെടുത്താന്‍ ശീലമാക്കിയതോടെയാണ് അതത് പ്രദേശത്തിനും പ്രാദേശിക ഭാഷയ്ക്കും തൊഴിലിനും സവിശേഷ പ്രാധാന്യം കൈവരുന്നത്. സെന്ന ഹെഗ്‌ഡേയുടെ തിങ്കളാഴ്ച നിശ്ചയം ഇത്തരം പ്രാദേശികതയ്ക്ക് സവിശേഷപ്രാധാന്യമുണ്ടാക്കിയ സിനിമയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകള്‍ വടക്കന്‍ മലബാറിന്റെ സവിശേഷ ഗ്രാമീണ പശ്ചാത്തലവും മനുഷ്യരെയും ഭാഷയെയും അടയാളപ്പെടുത്തുന്നു.

ഒരു തെക്കന്‍ തല്ലുകേസ്, പ്രണയവിലാസം, പൂക്കാലം, ജയജയജയ ജയഹേ, ജോ ആന്‍ഡ് ജോ, നെയ്മര്‍, പ്രകാശന്‍ പറക്കട്ടെ, മധുര മനോഹര മോഹം, പാല്‍ തു ജാന്‍വര്‍, ജേണി ഓഫ് ലൗ 18 പ്ലസ്, പദ്മിനി, ഫാലിമി, പുലിമട തുടങ്ങി വിഭിന്ന പ്രമേയ പരിസരം പുലര്‍ത്തി അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം ഗ്രാമീണ പശ്ചാത്തലവും സാധാരണക്കാരന്റെ ജീവിത പരിസരം ഉള്‍ക്കൊള്ളുന്നവയുമാണ്.


വികസനം വരുമ്പോള്‍ ഇല്ലാതെയാകുന്ന നാട്ടിന്‍പുറങ്ങളേയും അവിടത്തെ കളിസ്ഥലങ്ങളേയുമാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവില്‍ ഓര്‍മ്മിപ്പിക്കുന്നത്. കൂടിയിരിക്കുകയും വര്‍ത്തമാനം പറയുകയും ഒരുമിച്ച് കളിക്കുകയും ചെയ്യുന്നതിലൂടെയാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതും വളരുന്നതും. ഇത് നഷ്ടപ്പെടരുതെന്നാണ് രക്ഷാധികാരി ബൈജുവിലെ ഗ്രാമവും കൂടിയിരിപ്പിടവും ഓര്‍മ്മപ്പെടുത്തുന്നത്. ഗ്രാമത്തേയും ദേശത്തേയും ഉള്ളില്‍ മുറുകെപ്പിടിക്കുന്ന മലയാളിക്ക് ഈ സിനിമ നോവായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെ.

ഡബ്ല്യുടിപി ലൈവ്, 2024 ഫെബ്രുവരി 29

Wednesday, 13 March 2024

മഞ്ഞുമ്മലിലെ കണ്‍മണി അന്‍പോട്, പ്രേമലുവിലെ യയയാ യാദവാ, ഓസ്‌ലറിലെ പൂമാലനമേ.. ഗൃഹാതുര ഗാനങ്ങളില്‍ പുതുതലമുറ കൈയൊപ്പ് ചാര്‍ത്തുമ്പോള്‍


1991 ലെ ദീപാവലി നാളില്‍ ആയിരുന്നു സന്താന ഭാരതിയുടെ കമല്‍ഹാസന്‍ ചിത്രം ഗുണാ പുറത്തിറങ്ങിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ചിത്രം ഇന്നും ഓര്‍മ്മിക്കുന്നത് 'കണ്‍മണി അന്‍പോട് കാതലന്‍'എന്ന ഗാനത്തിലൂടെയാണ്. ഗുണായുടെ ഒപ്പമിറങ്ങിയ ദളപതിയാണ് ദീപാവലിക്ക് വന്‍ വിജയമായത്. പക്ഷേ ഉദാത്ത പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്ന ഗുണായിലെ കണ്‍മണി അന്‍പോട് എന്ന ഗാനം മുപ്പതാണ്ടിനിപ്പുറവും പുതുമ ചോരാതെ ആളുകള്‍ കേട്ടു കൊണ്ടേയിരിക്കുന്നു.

ഏതു ദുര്‍ഘട വേളയില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഉളവായേക്കാവുന്ന അപാരമായ ഇഴയടുപ്പത്തെ അടയാളപ്പെടുത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമാ വിപണിയിലെ ഏറ്റവും പുതിയ സെന്‍സേഷണല്‍ ഹിറ്റില്‍ ഗുണായിലെ ഈ ഗാനം അതിമനോഹരമായി ചേര്‍ത്തുവച്ചിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ കാണികളോട് അടുപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഈ പാട്ടാണ്. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങുന്നു ഈ പാട്ടിനോടുള്ള മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആത്മബന്ധം. കഥാപുരോഗതിയില്‍ കൊടൈക്കനാലിലേക്കുള്ള യാത്രാവേളയില്‍ കൂട്ടുകാര്‍ക്കിടയിലും ഈ പാട്ട് തുടരുന്നുണ്ട്. ക്ലൈമാക്‌സിലെ അതിനിര്‍ണായക സീക്വന്‍സിലാണ് കണ്‍മണി അന്‍പോട് വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നത്. അത്തരമൊരു സവിശേഷ അവസരത്തില്‍ മറ്റേതൊരു സംഭാഷണത്തെക്കാളും പശ്ചാത്തല സംഗീതത്തെക്കാളും ഈ പാട്ടിലെ വരികള്‍ കാണികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അങ്ങനെ സിനിമയുടെ സംവേദനം കുറേക്കൂടി കാണിയുടെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നതാകുന്നു. 'ഇത് മനിത കാതലല്ലൈ' എന്ന് പ്രേക്ഷകര്‍ അറിയാതെ കണ്‍നിറഞ്ഞ് ഉരുവിട്ടു പോകുന്നു.
കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന ദുര്‍ഘടമായ ഗുഹാമുഖത്ത് ചിത്രികരിച്ചുവെന്നതായിരുന്നു ഗുണാ സിനിമയെ അക്കാലത്ത് ശ്രദ്ധേയമാക്കിയത്. അതിനു ശേഷം ആ പ്രദേശത്തിന് പേര് ഗുണാ കേവ്‌സ് എന്നായി. മഞ്ഞുമ്മല്‍ ബോയ്‌സിലെ കൂട്ടുകാര്‍ ഗുണാ കേവ്‌സിലേക്ക് യാത്ര പോകുമ്പോള്‍ 'കണ്‍മണി അന്‍പോട്' പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വരികളും പാട്ടിനിടയിലെ കമല്‍ഹാസന്റെ സംഭാഷണങ്ങളും അതീവ ഹൃദ്യമായി കഥാപാത്രങ്ങളില്‍ വന്നുപോകുന്നുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടുകളെ ഗൃഹാതുരമായി കാണുന്ന ഒരു തലമുറയുടെ പ്രതിനിധികളാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലെയും ആസ്വാദകരിലെയും വലിയൊരു പങ്കും. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടിക്കാലത്തോടും കൗമാരത്തോടും യൗവനത്തോടും ഇഴചേര്‍ന്നു കിടക്കുന്ന ആ കാലത്തെ പാട്ടുകള്‍ പുതുകാല സിനിമയില്‍ ആവര്‍ത്തിക്കുന്നതായി കാണാം. അവരുടെ സിനിമകളിലെ സവിശേഷ സന്ദര്‍ഭങ്ങളില്‍ പൊയ്‌പോയ ആ കാലത്തിന്റെ ഓര്‍മ്മകളും സിനിമാ സന്ദര്‍ഭങ്ങളും പാട്ടുകളും സംഭാഷണങ്ങളും കടന്നുവരുന്നു. ഏറ്റവുമൊടുവില്‍ സെന്‍സേഷണല്‍ ഹിറ്റുകളായ മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കണ്‍മണി അന്‍പോട് കാതലനി'ലും പ്രേമലുവിലെ 'യയയാ യാദവാ എനിക്കറിയാം' എന്നീ പാട്ടുകള്‍ കഥാപശ്ചാത്തലവുമായി ഇണക്കിച്ചേര്‍ത്ത് ഉപയോഗിച്ചതില്‍ എത്തിനില്‍ക്കുന്നു പാട്ടിലെ ഈ ജനപ്രിയതയും ഗൃഹാതുരതയും.

സിനിമയുടെ കേന്ദ്രപ്രമേയവുമായി ചേര്‍ത്തും അല്ലാതെയും ഇത്തരത്തില്‍ പാട്ടുകള്‍ ഉപയോഗിക്കുന്നതായി കാണാം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കൗതുകം ചോരാതെ നിലനില്‍ക്കുന്ന അതതു കാലത്തെ ജനപ്രിയ ഗാനങ്ങളാണ് സിനിമ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ ചില ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ ജനപ്രിയത പ്രാപിക്കുകയും മറ്റൊരു തലമുറയുടെ കൂടി പ്രിയപ്പെട്ട ഗാനമായി മാറുകയും ചെയ്യാറുണ്ട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഭരതന്റെ കാതോട് കാതോരത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ലഭിച്ച ജനപ്രിയത ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഈ സിനിമയുടെ റിലീസ് വേളയില്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം ഈ ഗാനം ആയിരുന്നു. റിലീസിനു മുമ്പു തന്നെ ഈ പാട്ടും അതിന്റെ വിഷ്വല്‍സും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. കാതോട് കാതോരത്തില്‍ പള്ളിയിലെ ആഘോഷ പരിപാടിയില്‍ ക്വയര്‍ സംഘം പാടുന്നതായിട്ടാണ് ഗാനം ചിത്രീകരിച്ചതെങ്കില്‍ ഗാനമേള വേദിയിലാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ 'ദേവദൂതര്‍' ഉപയോഗപ്പെടുത്തിയത്. ഉത്സവത്തിലെ ഗാനമേളാ സദസ്സില്‍ പാട്ടിനൊപ്പമുള്ള നാടന്‍ ചുവടുകളിലൂടെ കുഞ്ചാക്കോ ബോബന്‍ അതിശയപ്പെടുത്തിയതും മറ്റൊരു തരംഗമായി മാറി. ഈ സിനിമയുടെ റിലീസിനെ തുടര്‍ന്ന് ഉത്സവപ്പറമ്പുകളിലെയും ആഘോഷ പരിപാടികളിലെയും ഗാനമേള വേദികളില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കാതോട്  കാതോരത്തിലെ പാട്ട് വീണ്ടും ആവര്‍ത്തിച്ച് ആലപിക്കപ്പെട്ടു.
    

ഈ വര്‍ഷത്തെ ആദ്യത്തെ തിയേറ്റര്‍ വിജയമായ മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എബ്രഹാം ഓസ്‌ലറില്‍ ഉപയോഗിച്ച നിറക്കൂട്ടിലെ 'പൂമാനമേ' ഇതുപോലെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മറ്റൊരു ഹിറ്റായി. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ എണ്‍പതുകളിലെ കോളേജ് കാലത്തെ ഫ്‌ളാഷ് ബാക്ക് വേളയിലാണ് പൂമാനമേ ഉപയോഗിച്ചത്. 1980 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ നിറക്കൂട്ടും നിത്യഹരിത ഗാനമായ പൂമാനമേ'യും വിന്റേജ് മമ്മൂട്ടിയെയും മറ്റൊരു തരത്തില്‍ വീണ്ടെടുക്കാന്‍ ഓസ്ലറിലൂടെ ഇത് പ്രയോജനം ചെയ്തു. കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് വിശദീകരണത്തില്‍ പുതിയതായി ചിട്ടപ്പെടുത്തുന്ന ഒരു പാട്ടിന് ഇത്രമാത്രം നൂലിഴ ചേര്‍ക്കപ്പെടുമോയെന്ന് ചിന്തിക്കാനിട നല്‍കാനാകാത്തത്രയും കോര്‍ത്തിണക്കപ്പെട്ടു 'പൂമാനമേ'യും അതിന്റെ പശ്ചാത്തലവും. 'ഓസ്‌ലര്‍ നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ' എന്ന അലക്‌സാണ്ടറിന്റെ ചോദ്യവും പശ്ചാത്തലത്തില്‍ ഉയരുന്ന പാട്ടിന്റെ വരികളും ആ രംഗത്തെ സിനിമയിലെ ട്രെന്‍ഡിംഗ് സീക്വന്‍സുകളിലൊന്നാക്കി മാറ്റി. അലക്‌സാണ്ടറിന്റെ ചെറുപ്പകാലത്തിലേക്ക് പോകുമ്പോള്‍ പശ്ചാത്തലമായി വരുന്ന ഗാനം നിറക്കൂട്ട് എന്ന സിനിമയിലേക്കും വിന്റേജ് മമ്മൂട്ടിയിലേക്കും കാണികളെ എളുപ്പത്തില്‍ എത്തിച്ചേക്കും. അതുകൊണ്ടുതന്നെ മറ്റൊരു നടന്‍ അവതരിപ്പിച്ചിരുെങ്കില്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന് ഇത്രയും ശ്രദ്ധ ലഭിക്കില്ലായിരുന്നു. ഇത് ഓസ്‌ലറിന്റെ വിപണിമൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഭരതന്റെ ദേവരാഗത്തില്‍ ശ്രീദേവിയും അരവിന്ദ് സ്വാമിയും പശ്ചാത്തലത്തിലെത്തുന്ന 'യയയാ യാദവാ' എന്ന ഗാനം മലയാളിയുടെ പ്രണായാതുരമായ ഓര്‍മ്മകളിലൊന്നാണ്. ഈ സിനിമ ഇറങ്ങി വര്‍ഷങ്ങളോളം നൃത്തവേദികളില്‍ ആവര്‍ത്തിക്കപ്പെടാന്‍ ഈ പാട്ടിനായി. ഏറെക്കാലത്തിനു ശേഷം ഈ പാട്ടിന് അതേ മാതൃകയിലുള്ള ദൃശ്യാവിഷ്‌കാരം നല്‍കുകയാണ് പ്രേമലുവില്‍. വിവാഹ വേദിയിലെ രാധാ-കൃഷ്ണ നൃത്തമായിട്ടാണ് ഗാനം പ്രേമലുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേവരാഗം 2.0 എന്ന പേരിലാണ് പ്രേമലുവിലെ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് ഇത് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്തു.

ഒരു കാലം, അന്നത്തെ സിനിമകള്‍, സംഗീത സംവിധായകര്‍, ഗായകരുടെ ആലാപന ശൈലി, അനശ്വരമായ ഈണങ്ങള്‍ എന്നിവയൊക്കെ പൊടിതട്ടിയെടുക്കാനും ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോകുവാനുമുള്ള പ്രേരണയാണ് ഇത്തരം പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. പോയ കാലത്തെയും ഓര്‍മ്മകളെയും പുല്‍കുവാന്‍ മനുഷ്യരിലുള്ള ഈ ചോദനയെ തന്നെയാണ് തങ്ങളുടെ സിനിമകളിലൂടെ ചലച്ചിത്രകാരന്മാര്‍ പ്രയോജനപ്പെടുത്തുന്നതും.

മലയാളികളുടെ ഗൃഹാതുരതയെ പൊടിതട്ടിയെടുക്കും വിധമുള്ള പാട്ടുകള്‍ 2010 ല്‍ ആരംഭിക്കുന്ന ദശകം തൊട്ടുള്ള സിനിമകളാണ് ഏറെ പ്രയോജനപ്പെടുത്തിയതെന്നു കാണാനാകും. ജിസ് ജോയിയുടെ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയില്‍ കെപിഎസി ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു പാട്ട് പാടിക്കൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആസിഫ് അലിയുടെ ചാക്കോ നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ് എന്ന നിത്യഹരിത ഗാനമാണ് പാടുന്നത്. നോക്കത്താ ദൂരത്ത് കണ്ണും നട്ടില്‍ കൊച്ചുമകളെ കാത്തിരിക്കുന്നതുമായുള്ള സമാന പ്രമേയ പശ്ചാത്തലത്തിലാണ് ഈ സിനിമയിലും ആയിരം കണ്ണുമായ് എന്ന പാട്ട് ഉപയോഗിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ സുരേശന്റെയും സുമലതയുടെയും പ്രണയത്തിന് പശ്ചാത്തലമാകുന്നതും 'ആയിരം കണ്ണുമായ്' തന്നെ. ഇങ്ങനെയൊരു നിത്യഹരിത ഗാനം പുതിയൊരു സിനിമയുടെ പശ്ചാത്തലമാകുമ്പോള്‍ സിനിമയുടെ ആകെ കാഴ്ചവിതാനത്തെ തന്നെ തെല്ല് നേരം അത് മാറ്റിമറിക്കുകയും മറ്റൊരു അനുഗുണമായ തലത്തിലേക്ക് എത്തിക്കുകയും ചെയ്യും.
സന്ദര്‍ഭങ്ങള്‍ക്കു ചേരുന്ന മെലഡി ഗാനങ്ങളാണ് പുതിയ സിനിമകള്‍ കൂടുതലും ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. പ്രേക്ഷകര്‍ പതിറ്റാണ്ടുകളായി താലോലിക്കുന്നവയും അവരുടെ ദിവസജീവിതത്തില്‍ കേള്‍വിയായും മൂളിപ്പാട്ടിന്റെ രൂപത്തിലും നിരന്തരം കടന്നുവരുന്നവയുമായിരിക്കും ഈ ഗാനങ്ങള്‍. അതുകൊണ്ടു തന്നെ ഇവ ആവര്‍ത്തിച്ചു കേള്‍ക്കാനും സിനിമയില്‍ അതിനു യോജിക്കുന്ന പശ്ചാത്തലമൊരുങ്ങി കാണാനും പ്രേക്ഷകര്‍ താത്പര്യപ്പെടുന്നു. വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്തിലും 'ആയിരം കണ്ണുമായ്' ഉപയോഗിക്കുന്നുണ്ട്. തട്ടത്തിന്‍ മറയത്തില്‍ വിനോദ് അയിഷയോട് ഇഷ്ടം തുറന്നു പറയാന്‍ ഒരുങ്ങുന്ന വേളയിലാണ് ആയിരം കണ്ണുമായ് ഉള്‍ച്ചേര്‍ക്കുന്നത്. ആ വരികളില്‍ വിനോദിന്റെയുള്ളില്‍ ആയിഷയോടുള്ള അപാരമായ പ്രണയവും അത് തുറന്നു പറയാനുള്ള കാത്തിരിപ്പും അവളെ കാണാനുള്ള കൗതുകവുമെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ജിസ് ജോയ് സിനിമയില്‍ 'മനസ്സിന്‍ മടിയിലെ മാന്തളിരില്‍' എന്ന മാനത്തെ വെള്ളിത്തേരിലെ പാട്ടാണ് ചിത്രയുടെ ശബ്ദ സാന്നിധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ പാട്ടുകള്‍ പാടിയ ഗായകരുടെ അതേ ശബ്ദത്തിലും അതല്ലാതെ കവര്‍ വേര്‍ഷനായിട്ടും പാട്ടുകള്‍ സിനിമ പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടിലും പുതുമയും കൗതുകവും അവശേഷിപ്പിക്കാനാകുമെന്നതാണ് ഇതിലെ സവിശേഷത.
ഞാന്‍ ഏകനാണ് (1982) എന്ന സിനിമയിലെ ഓ മൃദുലേ എന്ന ഗാനം ദീപന്റെ ഡോള്‍ഫിന്‍സില്‍ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമായി കോര്‍ണിണക്കി അവതരിപ്പിക്കുമ്പോള്‍ വികെ പ്രകാശിന്റെ ബ്യൂട്ടിഫുളില്‍ തൂവാനത്തുമ്പികളിലെ അതിപ്രശസ്തമായ പശ്ചാത്തല സംഗിതം നായികയുടെ ഇന്‍ട്രോ സീനില്‍ ഉപയോഗിച്ചാണ് കാണികളെ ആകര്‍ഷിക്കുന്നത്. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ചില പാട്ടുകള്‍ അവരുടെ ഫേവറിറ്റ് ലിസ്റ്റിലേക്ക് മാറുന്നതിനും ഇത്തരം റഫറന്‍സുകളിലൂടെ സാധിക്കാറുണ്ട്. തൂവാനത്തുമ്പികളിലെ പശ്ചാത്തല സംഗീതം പുതിയ തലമുറയിലേക്ക് എത്തിച്ചതില്‍ ഹിറ്റ് ചിത്രമായിരുന്ന ബ്യൂട്ടിഫുളിനു കൂടി പങ്കുണ്ട്. ലോകേഷ് കനകരാജിന്റെ കൈദിയുടെ ക്ലൈമാക്‌സില്‍ പോലീസ് സ്‌റ്റേഷനിലെ ഒരു അതിസംഘര്‍ഷ വേളയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് ബാലു മഹേന്ദ്രയുടെ മറുപടിയും (1993) എന്ന ചിത്രത്തിലെ 'ആസൈ അധികം വച്ച്' എന്ന എസ്. ജാനകിയുടെ ശബ്ദത്തിലുള്ള ഗാനമാണ്. കൈദിയുടെ റിലീസിനും വന്‍ ജനപ്രീതിക്കും ശേഷം ഈ ഗാനം ഏതെന്ന് അന്വേഷിച്ച് യു ട്യൂബില്‍ തിരഞ്ഞ വലിയൊരു വിഭാഗം ആളുകളുണ്ട്. അതോടെ ഈ ഗാനത്തിന്റെ വാച്ച്‌ലിസ്റ്റ് നമ്പര്‍ അതിവേഗമാണ് കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത് ഏറെ ശ്രദ്ധേയമായ മാസ്റ്റര്‍പീസ് എന്ന വെബ് സീരീസില്‍ ശാന്തീകൃഷ്ണയുടെ കഥാപാത്രം ഗായികയാകാന്‍ കൊതിച്ച് അടുക്കളയില്‍ മാത്രം ഒതുക്കപ്പെടുന്ന സ്ത്രീയുടേതാണ്. ആ കഥാപാത്രം സംസാരിക്കുന്നതു പോലും പാട്ടുകളിലൂടെയാണെന്നു കാണാം. അവരുടെ സംസാരത്തില്‍ കടന്നുവരുന്ന പാട്ടുകളെല്ലാം തന്നെ മലയാളിയുടെ ചുണ്ടിലുള്ള നിത്യഹരിത ഗാനങ്ങളാണെന്നും കാണാം. കുടുംബകലഹം അതിന്റെ ഔന്നത്യത്തില്‍ എത്തുന്ന ഒരവസരത്തില്‍ മിനുട്ടുകളോളം ഈ ബഹള പരിസരത്തുനിന്ന് മനസ്സകന്ന് ചുവരിനപ്പുറം ബ്ലൂ ടൂത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന യാത്ര സിനിമയിലെ 'യമുനേ നിന്നുടെ നെഞ്ചില്‍' എന്ന പാട്ടില്‍ ലയിക്കുകയും താളം പിടിക്കുകയും ചെയ്യുന്നു ഈ കഥാപാത്രം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പാട്ടും മലയാളിയുടെ നിത്യഹരിത പട്ടികയിലുള്ളതു തന്നെ.

പുതുതലമുറ സംവിധായകരില്‍ നിന്ന് മുന്‍ തലമുറയിലേക്ക് പോകുമ്പോള്‍ അവരുടെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം ഗൃഹാതുര ഗാനങ്ങളിലും കാലപ്പഴക്കം വരുന്നതായി കാണാം. ജയരാജിന്റെ ലൗഡ് സ്പീക്കറില്‍ മമ്മൂട്ടിയുടെ മൈക്കും ശശികുമാറിന്റെ മേനോനും 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന പിഎന്‍ മേനോന്റെ റോസിയിലെ (1965) ഗാനത്തിലൂടെയാണ് അവരുടെ കൗമാരത്തെ ഓര്‍മ്മിക്കുന്നത്. ഷാഫിയുടെ വെനീസിലെ വ്യാപാരിയില്‍ 1980 കളില്‍ നടക്കുന്ന കഥാപശ്ചാത്തലത്തില്‍ അങ്ങാടിയിലെ 'കണ്ണും കണ്ണും' ആണ് പ്രണയഗാനമായി ഉപയോഗിക്കുന്നത്. ഹിന്ദി ചിത്രമായ സുജാത (1959) യിലെ 'ജല്‍തെ ഹെ ജിസ്‌കേ' എന്ന ഗാനം രഞ്ജിത്തിന്റെ കൈയൊപ്പിലും കഭി കഭി(1975)യിലെ 'കഭി കഭി മേരേ ദില്‍ മേ' എന്ന അനശ്വരഗാനം സിബി മലയിലിന്റെ മായാമയൂരത്തിലും വരുന്നുണ്ട്.

ശശികുമാറിന്റെ സിന്ധു(1975)വിലെ ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന ഗാനം ഛോട്ടാ മുംബൈയിലും രാമു കാര്യാട്ടിന്റെ നെല്ലി(1974)ലെ 'കല്യാണ പ്രായത്തില്‍' ബഡാ ദോസ്തിലും ഐവി ശശിയുടെ കാണാമറയത്തിലെ (1984) 'ഒരു മധുരക്കിനാവിന്‍' തേജാഭായ് ആന്‍ഡ് ഫാമിലിയിലും റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ക്രോസ്‌ബെല്‍റ്റ് മണിയുടെ മിടുമിടുക്കി(1968)യിലെ 'അകലെയകലെ നീലാകാശം' ആദ്യത്തെ കണ്‍മണിയില്‍ ഗാനമേളാ വേദിയില്‍ നായികാനായകന്മാര്‍ പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 മാര്‍ച്ച് 10, ഷോ റീല്‍-51